ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭാഗ്യവാന്മാര്‍

യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന  മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്. മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം, അതേ രീതിയില്‍, മറ്റ് സുവിശേഷങ്ങളില്‍ നമ്മള്‍ കാണുന്നില്ല. ലൂക്കോസ് 6:17-49 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇതിനോട് സാദൃശ്യമുള്ള ഒരു വിവരണം വായിക്കുന്നുണ്ട്. ഇത് സമതലത്തിലെ പ്രഭാഷണം അഥവാ Sermon on the Plain എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു വിവരണവും ഒരേ സംഭവം തന്നെ എന്നും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പറഞ്ഞതാണ് എന്നുമുള്ള രണ്ടു അഭിപ്രായങ്ങള്‍ ഉണ്ട്.

 സദൂക്യരും പരീശന്മാരും

 യേശുവിന്‍റെ ഗിരി പ്രഭാഷണം നന്നായി മനസ്സിലാക്കുവാന്‍ അന്നത്തെ സാമൂഹികവും മതപരവുമായ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് ഏറെ ഗുണം ചെയ്യും. യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യരും ശാസ്ത്രിമാരും, പരീശന്മാരും. യേശു ഈ മൂന്ന് കൂട്ടരുമായും അഭിപ്രായ വ്യത്യാസത്തില്‍ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. ഇവര്‍ തമ്മിലും കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

യേശുവിന്റെ കാലത്ത്, യഹൂദന്മാരുടെ സമൂഹത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു മത വിഭാഗം ആയിരുന്നു സദൂക്യര്‍. അവര്‍ എല്ലാവരും സമ്പന്നരും ആയിരുന്നു. അവര്‍ മത കാര്യങ്ങളില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ജീവിതം മലിനം ആയിരുന്നു. പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ” എന്ന് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നുണ്ട്. അവരുടെ ദുരുപദേശങ്ങളെക്കുറിച്ചാണ് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ശാസ്ത്രിമാര്‍ അന്നത്തെ യഹൂദ സമൂഹത്തിലെ മറ്റൊരു പ്രബലമായ മത വിഭാഗം ആയിരുന്നു. അവര്‍ നിയമങ്ങളില്‍ പ്രഗല്‍ഭര്‍ ആയിരുന്നു. നിയമപരമായ ഉടമ്പടികല്‍ തയ്യാറാക്കുക അവരുടെ ഒരു പ്രധാന ജോലി ആയിരുന്നു. അന്ന് എഴുത്തിലും വായനയിലും നിപുണരായവര്‍ ചുരുക്കം ആയിരുന്നതിനാല്‍, ശാസ്ത്രിമാര്‍ ആയിരുന്നു തിരുവെഴുത്തുകളുടെ പകര്‍പ്പ് ഉണ്ടാക്കിയിരുന്നതും, രാജാക്കന്‍മാര്‍ക്ക് വേണ്ടി കത്തുകളോ മറ്റ് രേഖകളോ ഉണ്ടാക്കിയിരുന്നതും. പഴയനിയമ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയിരുന്നത് ഇവര്‍ ആയിരുന്നതിനാല്‍ തിരുവെഴുത്തുകള്‍ നല്ലതുപോലെ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ തിരുവെഴുത്തുകളുടെ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ പരാജയപ്പെട്ടു.

യേശുവിന്റെ കാലത്തെ മൂന്നാമത്തെ പ്രബലമായ മറ്റൊരു വിഭാഗം ആയിരുന്നു പരീശന്മാര്‍സാധാരണ ജനങ്ങളും സമ്പന്നര്‍ അല്ലാത്ത പുരോഹിതന്മാരും ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെയും. മതപരമായി യാഥാസ്ഥികര്‍ ആയിരുന്നു ഇവര്‍. സാധാരണക്കാര്‍ ഇവരെ അംഗീകരിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്തു. എഴുതപ്പെട്ട തിരുവചനത്തെ അവര്‍ ദൈവ നിശ്വാസിയമായി കണ്ടു. ഒപ്പം തന്നെ യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും തുല്യമായി കണ്ടു വിശ്വസിച്ചു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ മുഖ്യ ശത്രുക്കളില്‍ ഒരു കൂട്ടര്‍ ആയിരുന്നു പരീശന്മാര്‍.

യേശുക്രിസ്തു പരീശന്മാരുടെ കപടഭക്തിയെ നിരന്തരം നിശതമായി വിമര്‍ശിച്ചു. സുവിശേഷം വായിക്കുമ്പോള്‍ പരീശന്മാര്‍ എന്ന പേര് കപടഭക്തിയുടെ പര്യായമായി നമുക്ക് തോന്നാറുണ്ട്. എഴുതപ്പെട്ടതും വായ്മൊഴിയാല്‍ ലഭിച്ചതുമായ ന്യായപ്രമാണങ്ങളെ പിന്നെയും വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ഒരു മൂല്യ വ്യവസ്ഥ പരീശന്മാര്‍ക്ക് ഉണ്ടായിരുന്നു. അവ അനുസരിക്കുന്നതിലൂടെ, പ്രവര്‍ത്തികളിലൂടെ നീതീകരണം എന്ന ഒരു വ്യവസ്ഥ അവര്‍ രൂപപ്പെടുത്തി. സ്വയം നീതീകരണം എന്ന അപകടകരമായ ആത്മീയ അവസ്ഥ ജനങ്ങളില്‍ ഉളവായി.

ഒരു മശിഹാ അഥവാ ദൈവത്താല്‍ അയക്കപ്പെട്ടവന്‍, യഹൂദന്മാരുടെ വിടുതലിനും ഉദ്ദാരണത്തിനുമായി വരും എന്നു, എല്ലാ യഹൂദന്മാരെപ്പോലെയും അവരും വിശ്വസിച്ചു. ദാവീദിന്‍റെ വംശാവലിയില്‍,  ഭൌമീകമായി തന്നെ ഒരു രാജാവായി മശിഹ വരും എന്ന് അവര്‍ കാത്തിരുന്നു. മശിഹ യിസ്രായേല്‍ ജനത്തെ സകല ശത്രുക്കളുടെയും, പ്രത്യേകിച്ച് റോമന്‍ സാമ്രാജ്യത്തിന്റെയും കൈയ്യില്‍ നിന്നും വിടുവിക്കുകയും അങ്ങനെ എന്നന്നേക്കും സമാധാനം ഉണ്ടാകുകയും ചെയ്യും എന്ന് അവര്‍ പ്രത്യാശിച്ചു. അതിനാല്‍ ദൈവവുമായി ഉത്തമ ബന്ധത്തില്‍ ആയിരിക്കുവാന്‍ ദൈവപ്രമാണങ്ങള്‍ മുഴുവന്‍ പാലിക്കേണം എന്ന് അവര്‍ പഠിപ്പിച്ചു. ദൈവീക പ്രമാണങ്ങളില്‍ നിന്നും യഹൂദ ജനം അകന്നു പോയതിനാല്‍ ആണ് മശിഹ വരുവാന്‍ താമസിക്കുന്നത് എന്നത് അവരുടെ ചിന്തയുടെ അടിസ്ഥാനം ആയിരുന്നു.

എന്നാല്‍ യേശു പ്രസംഗിച്ച ദൈവരാജ്യം വിഭിന്നം ആയിരുന്നു. യേശുവിന്റെ രാജ്യം ആത്മീയം ആയിരുന്നു. സദൂക്യരുടെയും, ശാസ്ത്രിമാരുടെയും, പരീശന്മാരുടെയും ന്യായപ്രമാണത്തിന്റെ വ്യാഖ്യാനത്തിന് ഒരു ബദല്‍ രേഖ ആണ് യേശുവിന്‍റെ പ്രഭാഷണം.

അനുഗ്രഹ പ്രഭാഷണങ്ങള്‍

 മത്തായി 5 ആം അദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെ ആണ്: “അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

മത്തായി 5 ന്റ്റെ 3 ആം വാക്യം മുതല്‍ 11 ആം വാക്യം വരെയുള്ള വാക്യങ്ങളെ ആണ് നമ്മള്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ എന്നും ഇംഗ്ലീഷില്‍ Beatitudes എന്നും വിളിക്കുന്നത്.  ഇവിടെ ‘ഭാഗ്യവാന്മാര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ഒരു പട്ടിക യേശു പറയുക ആണ്. അതായത്, ദൈവരാജ്യത്തില്‍ ആരാണ് അനുഗ്രഹിക്കപ്പെട്ടവര്‍ എന്നാണ് യേശു പറഞ്ഞത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശു സ്വര്‍ഗരാജ്യത്തെ മനുഷ്യര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കുക ആണ്.

യേശു പരിചയപ്പെടുത്തുന്ന സ്വര്‍ഗ്ഗരാജ്യം, സദൂക്യരും, ശാസ്ത്രിമാരും, പരീശന്മാരും പരിചയപ്പെടുത്തുന്ന സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും വ്യത്യസ്തം ആയിരുന്നു. ഇവിടെ മനുഷ്യരുടെ നീതി പ്രവര്‍ത്തികളാല്‍ കൈവശമാക്കുന്ന സ്വര്‍ഗ്ഗരാജ്യമില്ല; ആത്മാവിന്‍റെ പുതുക്കത്താല്‍ പ്രാപിക്കുന്ന സ്വര്‍ഗ്ഗരാജ്യം മാത്രമേ ഉള്ളൂ. യേശുവിന്‍റെ സ്വര്‍ഗ്ഗരാജ്യത്തില്‍ സദൂക്യര്‍ക്കും, ശാസ്ത്രിമാര്‍ക്കും, പരീശന്മാര്‍ക്കും യാതൊരു സ്ഥാനവും ഇല്ല. എങ്കിലും, യേശു ഇവിടെ ആരെയെങ്കിലും സ്വര്‍ഗരാജ്യത്തില്‍ നിന്നും മാറ്റിനിറുത്തുക അല്ല; എല്ലാവരെയും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കുക ആണ്.

യേശുവിന്‍റെ ഗിരി പ്രഭാഷണത്തിലെ അനുഗ്രഹ പ്രഭാഷണങ്ങള്‍ വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം തുടരാം.


മത്തായി 5: 3-11

   ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 

   ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. 

   സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. 

   നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. 

   കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. 

   ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. 

   സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. 

10   നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. 

11    എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

യേശുവിനോടോപ്പമുള്ള ഒരു പുതിയ സമൂഹത്തെ ആണ് അനുഗ്രഹ പ്രഭാഷണം വിവരിക്കുന്നത്. ഈ പുതിയ സമൂഹത്തില്‍ ആത്മാവില്‍ ദരിദ്രര്‍ ആയവര്‍, ദുഃഖിക്കുന്നവർ, സൗമ്യതയുള്ളവർ, നീതിക്കു വിശന്നു ദാഹിക്കുന്നവർ, കരുണയുള്ളവര്‍, ഹൃദയശുദ്ധിയുള്ളവർ, സമാധാനം ഉണ്ടാക്കുന്നവര്‍, നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍, യേശുവിന്റെ നാമം നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ എന്നിങ്ങനെ ഉള്ള ഒരു കൂട്ടം മനുഷ്യര്‍ ഉണ്ട്. ഈ അനുഗ്രഹ പ്രഭാഷണത്തിലൂടെ യേശുക്രിസ്തു സ്വര്‍ഗരാജ്യത്തിലെ മൂല്യ വ്യവസ്ഥകളെ വിവരിക്കുക ആണ്.

ആത്മാവിൽ ദരിദ്രരായവർ

 ഈ സന്ദേശത്തില്‍ നമ്മള്‍ യേശു പറയുന്ന സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുന്ന ഭാഗ്യവാന്മാരുടെ പട്ടികയിലെ എല്ലാവരെക്കുറിച്ചും ചിന്തിക്കുന്നില്ല. ഇതില്‍ ഒന്നാമത്തെ കൂട്ടരെക്കുറിച്ച് മാത്രമേ നമ്മള്‍ ഇവിടെ ചിന്തിക്കുന്നുള്ളൂ. അവര്‍ ആത്മാവിൽ ദരിദ്രരായവർ ആണ്.

ഈ പ്രഭാഷണത്തില്‍,സ്വർഗ്ഗരാജ്യം അവർക്കുള്ളതു” എന്നു രണ്ടു ഭാഗത്ത് മാത്രമേ പറയുന്നുള്ളൂ: ഒന്ന്, “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” എന്നതും രണ്ടാമത്തേത്, “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” എന്നു മാണ്. ഇതിന്റെ അര്‍ത്ഥം, സ്വര്‍ഗ്ഗരാജ്യം മറ്റുള്ളവര്‍ക്ക് ഉള്ളതല്ല എന്നല്ല. ഈ അനുഗ്രഹ പ്രഭാഷണത്തിലെ എല്ലാ കൂട്ടര്‍ക്കും സ്വര്‍ഗ്ഗരാജ്യം അവകാശമായി ലഭിക്കും.   

ഭാഗ്യവാന്മാർ

 എന്താണ്, ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, എന്ന വാചകത്തിന്‍റെ അര്‍ത്ഥം? യേശു ഈ വാചകം പറഞ്ഞപ്പോള്‍ അത് കേട്ടുകൊണ്ടിരുന്ന യഹൂദന്‍മാര്‍ക്ക്, എന്താണ് മനസ്സിലായത്? ആരാണ് ആത്മാവില്‍ ദരിദ്രര്‍ ആയവര്‍? ആരാണ് ഭാഗ്യവാന്മാര്‍? ഇതാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്.

യേശുക്രിസ്തുവിന്‍റെ കാലത്ത്, ഭാഗ്യവാന്മാര്‍ എന്ന പദം ഭൌതീകമായി സമ്പന്നരായവരെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നു. മത്തായി സുവിശേഷം എഴുതിയത് ഗ്രീക് ഭാഷയില്‍ ആണ് എന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ എഴുത്തുന്നതിന് മുമ്പ്, അദ്ദേഹം ആരാമിക് ഭാഷയില്‍ സുവിശേഷം എഴുതിയിരുന്നു എന്നും പറയുന്നവര്‍ ഉണ്ട്. അദ്ദേഹം, യേശുവിന്റെ അനുഗ്രഹക പ്രഭാഷണത്തില്‍ ഭാഗ്യവാന്മാര്‍ എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്, മകാരിഓസ് (makarios) എന്ന ഗ്രീക്ക് പദം ആണ്. ഈ പദം ദേവന്മാരെക്കുറിച്ച് പറയുവാനാണ് പുരാതന കാലത്ത് ഉപയോഗിച്ചിരുന്നത്. ദേവന്മാര്‍ ആണ് മകാരിഓസ് അല്ലെങ്കില്‍ ഭാഗ്യവാന്മാര്‍. അല്ലലും, ഭാരവും, ഉല്‍ക്കണ്ടയും, കഷ്ടതയും, മരണവും ഇല്ലാത്ത, സാധാരണ മനുഷ്യരുടെ ലോകത്തുനിന്നും വേറിട്ട ഒരു ലോകത്ത് ജീവിക്കുന്ന, ദേവന്‍മാര്‍ ആയിരുന്നു ഭാഗ്യവാന്മാര്‍. അതിനാല്‍, മനുഷ്യര്‍ക്ക് ഭാഗ്യവാന്മാര്‍ ആകുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവര്‍ ദേവന്മാര്‍ ആകുകയോ, അല്ലെങ്കില്‍, അവരെപ്പോലെ, അല്ലലും, ഭാരവും, ഉല്‍ക്കണ്ടയും, കഷ്ടതയും ഇല്ലാത്ത അവസ്ഥയില്‍ എത്തുകയൊ വേണം.

മകാരിഓസ് എന്ന ഗ്രീക് പദത്തിന്‍റെ രണ്ടാമത്തെ അര്‍ത്ഥം, മരിച്ചവര്‍ ആയിരിക്കുക എന്നതാണ്. ദേവന്മാരുടെ ലോകത്തിലേക്ക് മരണത്തിലൂടെ എത്തിച്ചേര്‍ന്നവര്‍ ആണ് ഭാഗ്യവാന്മാര്‍. അവര്‍ ഇപ്പോള്‍ ഈ ഭൂമിയിലെ ആകുലതകളില്‍ നിന്നും മോചിതര്‍ ആണ്. ഭാഗ്യവാന്മാര്‍ ആകേണം എങ്കില്‍ മനുഷ്യര്‍ മരിച്ചവര്‍ ആകേണം. വിശുദ്ധന്മാര്‍ ആയി പ്രഖ്യാപിക്കപ്പെട്ടവരെ വണങ്ങുന്ന രീതിയുള്ള ക്രൈസ്തവ സഭകളില്‍, അവരുടെ മരണ ദിവസം ആണ്, ആ വിശുദ്ധന്‍റെ ദിവസമായി ആചരിക്കപ്പെടുന്നത്. ഈ ഭൂമിയിലെ മരണം, സ്വര്‍ഗ്ഗത്തിലെ ജീവിതത്തിലേക്കുള്ള ജനന ദിവസം ആണ്.

മൂന്നാമതായി, മകാരിഓസ് എന്ന ഗ്രീക് പദം, ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സമ്പന്നരും, പ്രമുഖരും, സ്വാധീനമുള്ളവരും ആയ ഉന്നതരെ പരാമര്‍ശിക്കുന്നു. ഭൌതീക നന്‍മകളാല്‍ അനുഗ്രഹഹിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ ആയിരുന്നു. അവര്‍ക്ക് താഴെ തട്ടിലുള്ള സാധാരനാക്കാരുടെ കഷ്ടതകള്‍ ഇല്ലായിരുന്നു. അല്ലലും, ഭാരവും, ഉല്‍ക്കണ്ടയും, കഷ്ടതയും ഇല്ലാത്ത, ദേവന്മാരുടെ അവസ്ഥയില്‍ അവര്‍ എത്തിചേര്‍ന്നിരിക്കുന്നു. അതിനാല്‍ ഭൌതീകമായി സമ്പന്നര്‍ ആയവരും അക്കാലത്ത് ഭാഗ്യവാന്മാര്‍ ആയിരുന്നു.

മകാരിഓസ് എന്ന പദം നീതിയോടെ ജീവിക്കുന്നതിന്‍റെ പ്രതിഫലമായി ലഭിക്കുന്ന ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ച് പറയുവാന്‍ പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെയും ഭൌതീക നന്മകള്‍ ലഭിച്ചവരെ ആണ് ഭാഗ്യവാന്മാര്‍ എന്ന് വിളിച്ചിരുന്നത്. ഇതായിരുന്നു യേശുവിന്റെ കാലത്തെ പരിചിതമായ അര്‍ത്ഥം. ഇങ്ങനെയുള്ള ഭാഗ്യവാന്മാര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നു.

എന്നാല്‍ മത്തായി, യേശുവിന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ മകാരിഓസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്ഥമായ അര്‍ഥത്തില്‍ ആണ്. യേശുവിന്റെ അനുഗ്രഹ പ്രഭാഷണങ്ങളുടെ അടിസ്ഥാനം ഭൌതീക ആസ്തികള്‍ അല്ല; ആത്മീയ യാഥാര്‍ത്ഥ്യങ്ങള്‍ ആണ്. യേശു ഭാഗ്യവാന്മാര്‍ എന്നു വിളിച്ചത് ഭൌതീകമായി സമ്പന്നരെയോ, കുലീനന്മാരെയോ, സമൂഹത്തിലെ ഉന്നതരെയോ അല്ല. ഇവര്‍ക്കും യേശുവിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ സ്ഥാനം ഉണ്ട് എങ്കിലും അതിന് ചില നിബന്ധനകള്‍ ഉണ്ടായിരുന്നു. അതാണ് യേശു ഈ അനുഗ്രഹ പ്രഭാഷണത്തില്‍ പറയുന്നതും.  

യേശു ഇവിടെ ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നത്,  ദരിദ്രരെയും, ദുഃഖിക്കുന്നവരെയും, ദാഹിക്കുന്നവരെയും, ഉപദ്രവിക്കപ്പെടുന്നവരെയും ഒക്കെ ആണ്. ഇവരെക്കുറിച്ച് സാധാരണ ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായ ഒരു നിര്‍വചനം യേശു പറയുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭൌതീക സമ്പത്തു ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ യേശു പറഞ്ഞ ഈ കൂട്ടത്തില്‍ ചേരാവുന്നതാണ്.

യേശു ഇവിടെ, അന്നേവരെയുള്ള സദൂക്യരുടെയും, ശാസ്ത്രിമാരുടെയും, പരീശന്മാരുടെയും പഠിപ്പിക്കലിനെ, കീഴ്മേല്‍ മറിക്കുക ആയിരുന്നു. സ്വര്‍ഗ്ഗരാജ്യത്തിലെ ഭാഗ്യവാനും, ഭൂമിയിലെ ഭാഗ്യവാനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. അവര്‍ ഇരുവരും ഇരു ദ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ ആണ്. ദൈവരാജ്യത്തിലെ ഭാഗ്യവാന്‍ ഈ ഭൂമിയിലെ ഹതഭാഗ്യവാന്മാര്‍ ആണ്. യേശുവിന്റെ അനുഗ്രഹ പ്രഭാഷണം അന്നത്തെ കാലത്ത് നിവൃത്തിയാകുന്ന കാര്യങ്ങളുടെ വിവരണം അല്ല. അത് അന്ത്യകാലത്ത് വെളിപ്പെടുവാന്‍ ഇരുന്ന ആത്മീയ മര്‍മ്മങ്ങള്‍ ആണ്.

ആത്മാവിൽ ദരിദ്രരായവർ

ഈ പ്രഭാഷണത്തിന്‍റെ ആദ്യത്തെ വാക്യം ആണല്ലോ നമ്മളുടെ ചിന്താവിഷയം. അത് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. (മത്തായി 5: 3). ലൂക്കോസ് 6:20-23 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ യേശുവിന്‍റെ അനുഗ്രഹ പ്രഭാഷണത്തിന്‍റെ മറ്റൊരു വിവരണം കാണുന്നുണ്ട് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഇവിടെ ലൂക്കോസ് രേഖപ്പെടുത്തുന്നത് ഇങ്ങനെ ആണ്: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു. (6:20). മത്തായി രേഖപ്പെടുത്തിയിരിക്കുന്ന “ആത്മാവില്‍” എന്ന വാക്ക് ലൂക്കോസ് രേഖപ്പെടുത്തിയിട്ടില്ല. യേശുവിന്‍റെ പ്രഭാഷണങ്ങള്‍ രണ്ടും രണ്ടു സന്ദര്‍ഭത്തില്‍ പറഞ്ഞതായത് കൊണ്ടായിരിക്കാം ഇങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നത്.

ഇവിടെ ആണ് നമ്മള്‍ നമ്മള്‍ മത്തായി പറയുന്ന, ആത്മാവിൽ ദരിദ്രരായവരുടെ പ്രത്യേകത ശ്രദ്ധിക്കുന്നതും. യേശു പറയുന്നതു, ഭൌതീക സമ്പത്തു ഇല്ലാത്തതിനാല്‍ ദരിദ്രര്‍ ആയവരെക്കുറിച്ചല്ല, ആത്മാവില്‍ ദരിദ്രര്‍ ആയവരെക്കുറിച്ചാണ്. ഭൌതീക ധന മാനങ്ങള്‍, നല്ലതിനായോ, മോശമായോ സ്വര്‍ഗ്ഗരാജ്യത്തില്‍ എണ്ണൂന്നില്ല. സ്വര്‍ഗ്ഗരാജ്യം ആത്മീയമായ രാജ്യം ആയതിനാല്‍, അവിടെ ഭൌതീകത പരിഗണിക്കപ്പെടുന്നില്ല. അവിടെ എല്ലാം ആത്മീയം മാത്രം ആണ്.

സ്വര്‍ഗ്ഗരാജ്യത്തില്‍ ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ മാത്രവുമല്ല, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്. അതായത്, സ്വര്‍ഗ്ഗരാജ്യത്തില്‍ ഭാഗ്യവാന്മാര്‍ ആയിരിക്കുവാനും, സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുവാനും അത്യാവശ്യമായും നമുക്ക് ഉണ്ടായിരിക്കേണ്ടുന്ന യോഗ്യതയാണ്, ആത്മീയമായി ദരിദ്രര്‍ ആയിരിക്കുക എന്നത്.

ഇത് നമുക്ക് വിശദമായി ചിന്തിക്കുകയും നമ്മളെ തന്നെ ഒന്ന് പരിശോധിക്കുവാന്‍ അല്‍പ്പ സമയം എടുക്കുകയും ചെയ്യാം.

ധനവാനായ യുവാവ്

ഒരിക്കല്‍ ഒരു ധനവാനായ യുവാവ് യേശുവിനെ കാണുവാനും നീതീകരിക്കപ്പെടുവാനും വന്നത് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. മത്തായി 19:16 മുതലുള്ള വാക്യങ്ങളില്‍ നമുക്ക് ഇത് വായിക്കാവുന്നതാണ്. “ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം” എന്നതായിരുന്നു അവന്റെ ചോദ്യം. അവനും യേശുവും തമ്മിലുള്ള സംഭാഷണം തുടര്‍ന്നു വായിച്ചാല്‍, ഈ ചോദ്യം മറ്റൊരു രീതിയില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവന്റെ ചോദ്യത്തിനുള്ള യേശുവിന്റെ ആദ്യത്തെ മറുപടി, “ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നതായിരുന്നു. യേശു ന്യായപ്രമാണത്തിന്‍റെ കല്‍പ്പനകള്‍ ചുരുക്കമായി അവനോട് പറഞ്ഞു. എന്നാല്‍ അവന്റെ മറുപടി, “ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു” എന്നായിരുന്നു. അതായത്, അവന്റെ ചോദ്യം, നമുക്ക് ഇങ്ങനെ മനസ്സിലാക്കാം, ന്യായപ്രമാണത്തിലെ എല്ലാ കല്‍പ്പനകളും ഞാന്‍ അനുസരിക്കുന്നുണ്ട്; ഇനി നിത്യജീവനെ പ്രാപിപ്പാൻ ഞാൻ കൂടുതലായി എന്തു നന്മ ചെയ്യേണം?

അവനില്‍ നിന്നും നമ്മള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. അവന്‍, നന്മ പ്രവൃത്തികളില്‍ ആശ്രയിച്ച് ദൈവരാജ്യം കൈവശമാക്കുവാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവന്‍ ആണ്. ഇനി കൂടുതല്‍ വല്ല നന്മയും ചെയ്യുവാനുണ്ടോ എന്നാണ് അവന്റെ ചോദ്യം. ന്യായപ്രമാണങ്ങള്‍ എല്ലാം പാലിക്കുന്നതിനാല്‍, ദൈവരാജ്യം അവന് ലഭിക്കും എന്ന് തീര്‍ച്ചയുണ്ട്. ഇനി കൂടുതലായി വല്ല കല്‍പ്പനയും ഉണ്ടോ, ഉണ്ടെങ്കില്‍ അതുകൂടി അനുസരിക്കാം എന്നാണ് അവന്‍റെ മനോഭാവം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശു എന്ന പുതിയ റബ്ബിയില്‍ നിന്നും അവന്‍ നീതിമാന്‍ എന്ന സാക്ഷ്യപത്രം ആഗ്രഹിക്കുന്നു. പക്ഷേ യേശു അവനെ നിരസിക്കുക ആണ്.

യേശു അവന്റെ ഹൃദയത്തിലേക്ക് നോക്കി. അവനില്‍ ഗൌരവമായ ഒരു കുറവ് കണ്ടു. യേശു അവനോടു,നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.” യേശു പറഞ്ഞത് ഇതാണ്, അവന്‍ പ്രസംഗിച്ച ദൈവരാജ്യം, പരീശന്മാര്‍ പഠിപ്പിച്ചതുപോലെ, ഭൌതീക സമ്പത്ത് ഉള്ളതിനാല്‍ ഭാഗ്യവാന്മാര്‍ ആയവര്‍ക്ക് ഉള്ളതല്ല. അത് ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ക്ക് ഉള്ളതാണ്. ഈ യുവാവ് ആത്മാവില്‍ ദരിദ്രന്‍ അല്ല. അവന്‍ ഭൌതീകതയില്‍ ബന്ധിക്കപ്പെട്ട് കിടക്കുന്നവന്‍ ആണ്.

ഈ സംഭവം ശോചനീയമായാണ് അവസാനിക്കുന്നത്. മത്തായിയുടെ വിവരണം പറയുന്നതിങ്ങനെ ആണ്, “യൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.” ഒരു പക്ഷേ, അവന്‍ നിത്യജീവനെ പ്രാപിക്കുകയില്ല എന്ന് പറയുന്ന ആദ്യത്തെ റബ്ബി ആയിരുന്നു കാണേണം യേശു. മറ്റാരും അവനോടു ഇങ്ങനെ പറഞ്ഞു കാണുക ഇല്ല. അവന്‍ നിരാശന്‍ ആയി, ഭൌതീക സമ്പത്തു ഉപേക്ഷിക്കുവാന്‍ അവന്‍ തയ്യാറായില്ല.

എന്താണ് ഈ സംഭവത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത്? ഭൌതീക സമ്പത്ത് ഉള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക ഇല്ല എന്നാണോ? ഭൌതീക സമ്പത്ത്, ആത്മാവില്‍ ദരിദ്രര്‍ ആകുവാന്‍ തടസ്സമാണോയേശു ഈ സംഭവത്തെ വിശദീകരിക്കുന്നുണ്ട്. തുടര്‍ന്നു നമ്മള്‍ വായിക്കുന്നു: “യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ഇത് കേണ്ട ശിഷ്യന്മാര്‍ ആകെ ആശക്കുഴപ്പത്തില്‍ ആയി. അവര്‍ യേശുവിനോടു ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും” യേശുവിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം”.

യേശു ഇവിടെ ഭൌതീകതയും ആത്മീയകഥയും തമ്മില്‍ ഒരു വിഭജനം ഉണ്ടാക്കുക ആണ്. സദൂക്യരും, ശാസ്ത്രിമാരും, പരീശന്മാരും ഇവ തമ്മില്‍ കൂട്ടി ബന്ധിപ്പിച്ചപ്പോള്‍, യേശു പറയുന്നു, ഭൌതീക അനുഗ്രഹങ്ങള്‍ ദൈവരാജ്യത്തിലെ നീതീകരണത്തിന്റെ തെളിവല്ല. നന്മ പ്രവര്‍ത്തികള്‍ ദൈവരാജ്യത്തില്‍ കൈവശവകാശ രേഖയും അല്ല. ആത്മാവില്‍ ആരായിരിക്കുന്നു എന്നത് മാത്രമേ ദൈവരാജ്യത്തില്‍ ഗണിക്കപ്പെടുകയുള്ളൂ. ആത്മാവില്‍, ഭൌതീക ഉപേക്ഷിക്കുന്നവരുടേതാണ് ദൈവരാജ്യം. യേശുവിനും ദൈവരാജ്യത്തിനും ആവശ്യം ആത്മാവില്‍ ദരിദ്രര്‍ ആയവരെ ആണ്.

ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭൌതീകമായി ദരിദ്രരൊ, പാപികളോ അല്ല; ഇരു കൂട്ടരും അതില്‍ ഉള്‍പ്പെടും എന്നേയുള്ളൂ. ആത്മാവില്‍ ദരിദ്രര്‍ ആയവര്‍, ദൈവരാജ്യം കൈവശമാക്കുവാന്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്‌ എന്ന് തിരിച്ചറിഞ്ഞവര്‍ ആണ്. തങ്ങളുടെ യാതൊരു പ്രവര്‍ത്തിയും നീതീകരിക്കുക ഇല്ല എന്ന സത്യം മനസ്സിലാക്കിയവര്‍ ആണത്. ആത്മാവില്‍ ദരിദ്രര്‍ ആയവര്‍, ദൈവരാജ്യത്തിനായി ദാഹത്തോടെ അന്വേഷിക്കുന്നവര്‍ ആണ്. അവരുടെ ദൈവരാജ്യത്തിന്നായുള്ള ദാഹം ആണ് ആത്മാവിലുള്ള ദാരിദ്ര്യത്തിന്‍റെ അടയാളം. സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണ്.

പരീശനും ചുങ്കക്കാരനും

യേശു പറഞ്ഞ മറ്റൊരു ഉപമ നമുക്ക് ശ്രദ്ധയോടെ വായിക്കാം. ഇത്, ഈ ഉപമ ലൂക്കോസ് 18: 9-14 വരെയുള്ള ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന, സ്വയം നീതീകരിച്ച ഒരു യഹൂദനോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ പോയ ചുങ്കക്കരനായ മനുഷ്യന്‍റെ കഥ ആണിത്.

രണ്ടു മനുഷ്യര്‍, ഒരു പരീശനും ഒരു ചുങ്കക്കാരനും ദൈവാലയത്തിലേക്കു പ്രാര്‍ത്ഥിക്കുവാന്‍ പോയി. ന്യായപ്രമാണപ്രകാരം തനിക്ക് ചെയ്യുവാന്‍ കഴിഞ്ഞ സല്‍പ്രവര്‍ത്തികള്‍ക്കായി പരീശന്‍ ദൈവത്തിന് നന്ദി പറഞ്ഞു. തന്‍ ചെയ്ത നല്ല പ്രവര്‍ത്തികളും അവന്‍ എടുത്തു പറഞ്ഞു. പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ മറ്റ് മനുഷ്യരെപ്പോലെ അല്ല എന്നു അവന്‍ ഓര്‍ത്തു. അവന്‍ ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുക്കുന്നു. തൊട്ട് സമീപത്ത് നില്‍ക്കുന്ന ചുങ്കക്കാരനെപ്പോലെ അല്ലായ്കയാൽ അവന്‍ ദൈവത്തെ വാഴ്ത്തി.  

പരീശന്‍ അവന്റെ നീതി വിവരിക്കുക ആണ്, അവന്‍ ആത്മാവില്‍ ഒന്നിനായും ദാഹിക്കുന്നില്ല. ചുങ്കക്കാരനില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുവാനുള്ള മാര്‍ഗ്ഗം എന്നും അവന്‍ കരുത്തുന്നു. നിര്‍ഭാഗ്യവശാല്‍, യേശു പ്രസംഗിച്ച സ്വര്‍ഗ്ഗരാജ്യം ഈ പരീശനെപ്പോലെ ഉള്ളവര്‍ക്ക് ഉള്ളതല്ല. അവന്‍ നീതീകരിക്കപ്പെടാതെ, തഴ്ത്തപ്പെട്ടവന്‍ ആയി ദൈവാലയം വിട്ടു പോയി.    

എന്നാല്‍ ചുങ്കക്കരാന്‍ ആത്മാവില്‍ ദരിദ്രന്‍ ആയിരുന്നു; അവന്, ദൈവ മുമ്പാകെ വെക്കുവാന്‍, ന്യായപ്രമാണപ്രകാരം ചെയ്ത നല്ല പ്രവര്‍ത്തികളുടെ പട്ടിക ഇല്ലായിരുന്നു. “ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു.” എന്നാണ് ഉപമയില്‍ പറയുന്നത്. എങ്കിലും, അവന്‍റെ ആത്മാവിന്‍റെ ദാരിദ്ര്യം അവന്‍ തിരിച്ചറിഞ്ഞു; ‘പാപിയായ എന്നോട് കരുണ ഉണ്ടാകണമേ’ എന്ന് ദൈവത്തോട് യാചിച്ചു. തന്റെ ആത്മാവിലെ ദാരിദ്ര്യത്തെ ഏറ്റുപറഞ്ഞ ചുങ്കക്കാരന്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവാനായി, ഉയര്‍ത്തപ്പെട്ടവനായി വീട്ടിലേക്കു പോയി.

ദൈവരാജ്യം കൈവശമാക്കുവാന്‍ യോഗ്യമായി എന്നില്‍ ഒന്നും ഇല്ല എന്നു തിരിച്ചറിയുന്ന ഇടത്തുനിന്നുമാണ് ആത്മാവിന്റെ ദാരിദ്ര്യം തുടങ്ങുന്നത്. ദൈവരാജ്യത്തിന് ഞാന്‍ യോഗ്യന്‍ അല്ല എന്നു തിരിച്ചറിയുന്നവര്‍ ആണ് ആത്മാവില്‍ ദരിദ്രര്‍. സ്വര്‍ഗ്ഗരാജ്യം അവര്‍ക്ക് ഉള്ളതാണ്.

മത്തായി 7: 7 ല്‍  യേശു ദൈവരാജ്യത്തിന്റെ ഒരു പ്രമാണം പറയുന്നുണ്ട്:

 

   യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 

   യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. 

ചോദിച്ചുകൊണ്ടിരിക്കുക, അന്വേഷിച്ചുകൊണ്ടിരിക്കുക, മുട്ടികൊണ്ടിരിക്കുക എന്നതാണ് ദൈവത്തില്‍ നിന്നും എന്തെങ്കിലും പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം. ഇത് ദൈവരാജ്യത്തിന്റെ പൊതുവായുള്ള ഒരു പ്രമാണം ആണ്.

ഉല്‍പ്പത്തി 6:8 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.” ഇവിടെ കൃപ ലഭിച്ചു എന്നത്, ഇംഗ്ലീഷില്‍ “found grace” എന്നാണ്, അതായത് നോഹ യഹോവയുടെ കൃപ കണ്ടെത്തി. Found അഥവാ ലഭിച്ചു എന്നത് എബ്രായ ഭാഷയില്‍ മൌറ്റ്സ (matsa' - maw-tsaw) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം, കണ്ടെത്തുക, വെളിപ്പെട്ടു വരുക, ലഭിക്കുക എന്നിങ്ങനെ ആണ്. അതായത് നോഹ ഒരേ സമയം ദൈവ കൃപയ്ക്കായി അന്വേഷിച്ചിരുന്നു, അത് അവന്‍ കണ്ടെത്തി. ദൈവ കൃപ പ്രവര്‍ത്തിയാല്‍ ലഭിക്കുന്നില്ല എങ്കിലും അത് അന്വേഷിക്കുന്നവര്‍ക്കും അതിനായി വിശക്കുന്നവര്‍ക്കും അത് ലഭിക്കുന്നു.

ഇതാണ് ആത്മാവില്‍ ദരിദ്രര്‍ ആയിരിക്കുക എന്ന യേശുവിന്റെ ഉപദേശം മനസ്സിലാക്കുവാനുള്ള താക്കോല്‍. ആത്മാവില്‍ ദരിദ്രര്‍, ചോദിച്ചുകൊണ്ടിരിക്കും, അന്വേഷിച്ചുകൊണ്ടിരിക്കും, മുട്ടികൊണ്ടിരിക്കും. അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കും.

കര്‍ത്താവിന്‍റെ പ്രാര്‍ഥന

ഗിരി പ്രഭാഷണത്തിന്‍റെ ഭാഗമായി തന്നെ ആണ് യേശു, പ്രസിദ്ധമായ, കര്‍ത്താവിന്‍റെ പ്രാര്‍ഥന പഠിപ്പിക്കുന്നത്. മത്തായി 6: 9-13 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ ഇത് വായിക്കുന്നു. ഇതില്‍ ആദ്യത്തെ വാക്യം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും, സ്വര്‍ഗ്ഗത്തിന്റെ വിശുദ്ധമായ അവസ്ഥയും പറയുക ആണ്. ഇതൊരു ആമുഖം ആണ്. ഇതിന് ശേഷം, 10 ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു:  

 

നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.

കര്‍ത്താവിന്റെ പ്രാര്‍ഥന, ആദിയോടന്തം ദൈവരാജ്യത്തെക്കുറിച്ചാണ്. ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ദൈവത്തിന്റെ പദ്ധതി ആണ്. അത് നിവൃത്തിക്കുക തന്നെ ചെയ്യും. എങ്കിലും, കര്‍ത്താവ് നമ്മളെ പഠിപ്പിക്കുന്നത്, ദൈവരാജ്യം വരുവാനായി പ്രാര്‍ത്ഥിക്കേണം എന്നാണ്. അത് നമ്മള്‍ ചെയ്യേണ്ടുന്നതാണ്, അത് നമ്മളുടെ മനോഭാവത്തെ കാണിക്കുന്നു.

അതായത്, ദൈവരാജ്യത്തിനായുള്ള ഒരു ആഗ്രഹം, ദാഹം, വിശപ്പ് നമുക്ക് ഉണ്ടായിരിക്കേണം; അതിനായി നമ്മള്‍ ചോദിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും വേണം. ഇതാണ് ആത്മാവില്‍ ദരിദ്രര്‍ ആയിരിക്കുന്ന അവസ്ഥ.

നഥനയേല്‍

ഒരു വ്യക്തിയെകൂടെ പരിചയപ്പെടുത്തികൊണ്ട് ഈ സന്ദേശം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് യേശുവിന്റെ ശിഷ്യന്‍ ആയ നഥനയേല്‍ ആണ്. നഥനയേല്‍ യേശുവിനെക്കുറിച്ച് കേള്‍ക്കുന്നതും, യേശുവിനെ മശിഹ ആയി സ്വീകരിക്കുന്നതും യോഹന്നാന്‍ 1: 45 -51 വരെയുള്ള വേദഭാഗത്ത് വിവരിക്കുന്നുണ്ട്.

യേശു ഫിലിപ്പോസിനെ കണ്ടു, അവനെ അനുഗമിക്കുവാന്‍ വിളിച്ചത്തിന് ശേഷം, ഫിലിപ്പോസ് നഥനയേലിനെ കണ്ടു. അവന്‍ നഥനയേലിനോട്  “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (45). എന്നാല്‍ നസറെത്തിൽനിന്നു മശിഹ വരുകയില്ല എന്നു നഥനയേല്‍ കരുതി. എങ്കിലും, “വന്നു കാൺക” എന്ന ഫിലിപ്പോസിന്‍റെ ക്ഷണം സ്വീകരിച്ചു നഥനയേല്‍ യേശുവിനെ കാണുവാന്‍ ചെന്നു. നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു അവനെക്കുറിച്ചു പറഞ്ഞു. (47) നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. (48). നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു. (49)

യേശു നഥനയേലിനെ അത്തിയുടെ കീഴില്‍ ഇരിക്കുന്നവനായി കണ്ടു എന്ന പ്രസ്താവന ഒരു സാധാരണ ഭംഗി വാക്കോ, യേശുവിന്‍റെ ഊഹമോ അല്ല. നഥനയേല്‍ അത്തിവൃക്ഷത്തിന്റെ കീഴില്‍ ഇരിക്കുന്നത് യേശു ആത്മാവില്‍ ഗ്രഹിച്ചുകാണും. എന്നാല്‍ ഇതൊരു പ്രവചനമായോ, ഭൂതകാലത്തിന്റെ വെളിപ്പെടുത്തല്‍ ആയോ അല്ല യേശു പറഞ്ഞത്. യേശുവിന്‍റെ വാക്കുകളില്‍ ചില ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നഥനയേലിന് വ്യക്തമായി മനസ്സിലാകുകയും ചെയ്തു. അത് യഹൂദന്മാര്‍ പ്രത്യാശ വച്ചിരുന്ന മശിഹാ ആണ് യേശു എന്നതിന്റെ തെളിവായിരുന്നു.

എന്തുകൊണ്ടാണ് നഥനയേല്‍ ഇങ്ങനെ ഒരു ചിന്തയില്‍ എത്തിച്ചേര്‍ന്നത്? യേശുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞുവന്ന ചിത്രം എന്തായിരുന്നു? യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും ജീവിത രീതികള്‍ മനസ്സിലാക്കിയാലെ, ഈ സംഭവം കൂടുതല്‍ വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയുക ഉള്ളൂ. അന്നത്തെ റബ്ബിമാരും അവരുടെ ശിഷ്യന്മാരും വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ഈ യാത്രയിലാണ്, ജീവിതം കൊണ്ടും വാക്കുകളിലൂടെയും റബ്ബിമാര്‍ ശിഷ്യന്മാരെ ആത്മീയ മര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നത്. ശിഷ്യന്മാര്‍, യഹൂദ പള്ളികളിലും അത്തിവൃക്ഷങ്ങളുടെ തണലിലും ഇരുന്നു, റബ്ബിമാരില്‍ നിന്നും കേട്ട് പഠിക്കുമായിരുന്നു. 

ഇവരുടെ ജീവിത രീതിയില്‍ മറ്റൊരു പ്രധാന സംഭവം കൂടി ഉണ്ട്. യഹൂദ റബ്ബിമാരുടെ ശിഷ്യന്മാരുടെ പ്രിയപ്പെട്ട പ്രാര്‍ഥനാ സ്ഥലം ആയിരുന്നു അത്തി വൃക്ഷത്തിന്‍റെ തണല്‍. അവിടെ, ശീതളമായ നിഴലില്‍, റബ്ബിമാരുടെ ശിഷ്യന്മാര്‍ ഏറെനേരം പ്രാര്‍ഥനയില്‍ ഇരിക്കുക പതിവായിരുന്നു. വേദപുസ്തകത്തില്‍ നേരിട്ടു പറയുന്നില്ല എങ്കിലും, നഥനയേലും ഒരു യഹൂദ റബ്ബിയുടെ ശിഷ്യന്‍ ആയിരുന്നിരിക്കേണം. അവന്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ ഇരുന്നിരുന്നത് പ്രാര്‍ഥനയ്ക്കായി ആയിരുന്നിരിക്കാം. അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആയിരിക്കാം ഫിലിപ്പ് അവനെ യേശുവിനെ കാണുവാനായി ക്ഷണിച്ചത്.

എന്തായിരിക്കാം നഥനയേല്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നത് എന്നതാണ് ഇവിടെ പ്രാധാനപ്പെട്ട വസ്തുത. യഹൂദ റബ്ബിമാരുടെ പഠിപ്പിക്കല്‍ അനുസരിച്ചു, ഒരു യഹൂദന്‍, മശിഹായുടെ വരവിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിയ്ക്കുന്നില്ല എങ്കില്‍, അവന്‍റെ പ്രാര്‍ഥനകള്‍ ഒന്നും യഥാര്‍ത്ഥ പ്രാര്‍ഥന ആകുന്നില്ല.

അതായത്, നഥനയേല്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ പ്രാര്‍ഥയില്‍ ആയിരുന്നു; അവന്‍ മശിഹായുടെ വരവിനായി പ്രത്യാശയോടെയും വിശ്വാസത്തോടെയും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഫിലിപ്പ് ചെന്നു പറഞ്ഞത്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു;” ഇതുകൊണ്ടാണ് നഥനയേലിനെക്കുറിച്ച് ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്ന് യേശു പറഞ്ഞത്. യേശു, അവനോട്, “നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു”, എന്ന് പറഞ്ഞപ്പോള്‍, നഥനയേല്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു എന്നും, അവന്‍ മശിഹായുടെ വരവിനായി പ്രാര്‍ത്ഥികുക ആയിരുന്നു എന്നും, ഇപ്പോള്‍ അതിനു നിവര്‍ത്തിയായി എന്നും ആണ് യേശു പറഞ്ഞത്.

ഈ മര്‍മ്മം വേഗത്തില്‍ ഗ്രഹിക്കുവാന്‍ നഥനയേലിന് കഴിഞ്ഞു. അവന്‍ ഉടന്‍തന്നെ യേശുവിനെ മശിഹ ആയി സ്വീകരിച്ചു. നഥനയേൽ യേശുവിനോട്: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.”

മശിഹ എന്നത് യഹൂദന്മാരുടെ പ്രത്യാശ ആയിരുന്നു. മശിഹ ദൈവത്താല്‍ അയക്കപ്പെടുന്നവന്‍ ആണ്. അവന്‍ വരുമ്പോള്‍, യഹൂദന്‍മാര്‍ക്ക് ഒരു രാജ്യം സ്ഥിരരമാക്കികൊടുക്കും എന്നു അവര്‍ വിശ്വസിച്ചു. ചില തലമുറകള്‍ ആയി അവര്‍ പ്രവാസത്തില്‍, ജാതികളുടെ കീഴില്‍ ജീവിക്കുകയാണ്. നഥനയേലിന്റെ കാലത്ത് അവര്‍ റോമര്‍ സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ ആയിപ്പോയി.

സ്വന്ത ദേശം, ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്ത ദേശം ആണ്. അത് ഓരോ യഹൂദന്റെയും പ്രത്യാശയും ആഗ്രഹവും ആണ്. മശിഹ വരുമ്പോള്‍ അവന്‍ യഹൂദന്മാരുടെ ദേശം തിരികെ പിടിക്കും എന്നും ഈ ഭൂമിയില്‍ അവര്‍ക്കായി ഒരു നിത്യമായ രാജ്യം സ്ഥാപിക്കും എന്നും, അവന്‍റെ രാജ്യത്തിന് മാറ്റം ഉണ്ടാകില്ല എന്നും യഹൂദന്മാര്‍ വിശ്വസിച്ചു. ഇതാണ് ദാവീദിന്‍റെ ഉടമ്പടി എന്ന് അവര്‍ കരുതി. അതിനാല്‍, അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാം മാശിഹയുടെ വരവിനായും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായും നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കും.

അതായത്, നഥനയേലിന് ദൈവരാജ്യത്തിന്നായുള്ള ദാഹം ഉണ്ടായിരുന്നു. അവന്‍ അതിന്റെ നിവൃത്തിയ്ക്കായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവന്‍ ദൈവരാജ്യം സംബന്ധിച്ച്, ആത്മാവില്‍ ദരിദ്രന്‍ ആയിരുന്നു.

എന്നാല്‍, യഹൂദന്മാര്‍ മനസ്സിലാക്കിയ ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും യേശു നിവൃത്തിക്കുവാന്‍ പോകുന്ന ദൈവവരാജ്യവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.  ഇത് മനസ്സിലാക്കുവാന്‍ നമുക്ക്, യേശുവിന്റെ വിചാരണ സമയത്ത്, അവന്‍ പീലാത്തോസിനോട് പറഞ്ഞ വാക്കുകള്‍ വായിയ്ക്കാം.

ഇത് “നീ യെഹൂദന്മാരുടെ രാജാവോ (33) എന്നു പീലാത്തോസ് ചോദിച്ചപ്പോള്‍ യേശു പറഞ്ഞ മറുപടി ആണ്:

 

യോഹന്നാന്‍ 18: 36 എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്‍പ്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37 ആം വാക്യത്തില്‍ യേശു തുടര്‍ന്നു പറഞ്ഞു:നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ”. 36 ആം വാക്യത്തില്‍, മലയാളത്തില്‍ ഒരു വാക്ക് വിട്ടുപോയിട്ടുണ്ട്. “എന്നാല്‍ എന്‍റെ രാജ്യം ഇപ്പോള്‍ ഐഹികമല്ല” എന്നതാണ് ശരി. “ഇപ്പോള്‍” എന്ന വാക്കിന് ദൈവരാജ്യവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യം ഉണ്ട്. യേശുവിന്റെ രാജ്യം ഇനിയും വരുവാനിരിക്കുന്ന ദൈവരാജ്യത്തിന്‍റെ സമ്പൂര്‍ണ്ണ നിവൃത്തി ആണ്. അത് അന്ത്യകാലത്ത് പ്രത്യക്ഷപ്പെടുവാന്‍ ഇരിക്കുന്നതെ ഉള്ളൂ. എങ്കിലും നമ്മള്‍, അതിനായി ദഹിക്കുന്നവര്‍ ആയിരിക്കേണം.

അതായത് യേശുവിന്റെ രാജ്യം ഭൌതീകമല്ല. അത് ഭൌതീകം അല്ലാത്തതിനാല്‍ നിത്യമാണ്. ഈ സത്യത്തിലേക്കാണ്, നഥനയേൽ നയിക്കപ്പെട്ടത്. അത് ദൈവരാജ്യത്തെക്കുറിച്ചുള്ള അവന്റെ വിശപ്പും ദാഹവും നിമിത്തമാണ്. ഇതാണ് ആത്മാവില്‍ ദരിദ്രര്‍ ആയിരിക്കുന്ന അവസ്ഥ.

ഇതേ അര്‍ഥത്തില്‍ ആണ്, റോമര്‍ 14: 17 ല്‍ പൌലൊസ് ഇങ്ങനെ പറയുന്നതു:

 

ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.”

എന്നു പറഞ്ഞാല്‍ ദൈവരാജ്യം ഒരു രാജ്യമല്ല എന്നോ അത് നീതിയും സമാധാനവും സന്തോഷവും എന്നിങ്ങനെ ഉള്ള അമൂര്‍ത്തമായ അനുഭവങ്ങള്‍ ആണന്നോ അല്ല. ദൈവരാജ്യം ഒരു രാജ്യം തന്നെ ആണ്. അതിന്റെ സവിശേഷ ഗുണങ്ങള്‍ ആണ്, “നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും”. ദൈവരാജ്യം ഭൌതീകം അല്ല.

ഒരു ചോദ്യം നമ്മളോട് തന്നെ ചോദിച്ചുകൊണ്ട്, ഈ സന്ദേശം നിറുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ് പറഞ്ഞ ഈ അളവില്‍, ദൈവരാജ്യത്തിന്നായുള്ള ഒരു വിശപ്പ് നമുക്ക് ഉണ്ടോ? ദൈവരാജ്യത്തിനായി നമ്മള്‍ അന്വേഷിച്ചുകൊണ്ടിരിക്കുക ആണോ? നമ്മള്‍, ഈ ഭൂമിയിലെ സകലത്തിനെക്കാളും “മുമ്പെ അവന്റെ രാജ്യവും നീതിയും” അന്വേഷിക്കുന്നവര്‍ ആണോ? അതേ എന്നാണ് നമ്മളുടെ ഉത്തരം എങ്കില്‍ നമ്മള്‍ ആത്മാവില്‍ ദരിദ്രര്‍ ആണ്. സ്വര്‍ഗ്ഗരാജ്യം നമുക്ക് ഉള്ളതാണ്.


ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ വീഡിയോ അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന സന്ദേശങ്ങള്‍ നഷ്ടപ്പെടാതെ കാണുവാനും കേള്‍ക്കുവാനും നിങ്ങളെ സഹായിക്കും. ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്കായി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇ-ബുക്കുകള്‍, whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.    

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക. മറ്റുള്ളവരോടുകൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

 

 

No comments:

Post a Comment