ആദാം പാപം ചെയ്യുമെന്നു ദൈവത്തിന് അറിയാമായിരുന്നുവോ?

ആദാം പാപം ചെയുമെന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടി ആണ് നമ്മള്‍ ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. ചോദ്യത്തിന്റെ ഉത്തരം: ആദാമും ഹവ്വയും പാപം ചെയ്യും എന്ന് ദൈവത്തിന് മുന്‍ കൂട്ടി അറിയാമായിരുന്നു. എന്നാല്‍, നമ്മള്‍, മനുഷ്യര്‍ക്ക് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ഥമാക്കുന്നതും, ദൈവത്തിന് സകലതും മുന്‍ കൂട്ടി അറിയാം എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. നമുക്ക് ഒരു കാര്യം അത് സംഭവിക്കുന്നതിന് മുമ്പ് അറിയാം എന്ന് പറയുമ്പോള്‍, നമ്മളുടെ ഇശ്ചാ ശക്തി ഉപയോഗിച്ച് അതിനെ മാറ്റുവാനോ, അനുവദിക്കുവാനോ കഴിയുമായിരുന്നു എന്ന അര്‍ത്ഥം ഉണ്ട്. എന്നാല്‍, ദൈവത്തിന് ഒരു കാര്യം മുന്‍ കൂട്ടി അറിയാം എന്ന് പറയുമ്പോള്‍, അത് സംഭവിച്ചതില്‍ ദൈവീക ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് അര്‍ത്ഥമില്ല. ഇത് ഗ്രഹിക്കുവാന്‍ അല്പ്പം പ്രയാസമുള്ള കാര്യം ആണ്, എങ്കിലും നമുക്ക് അല്‍പ്പമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ ശ്രമിക്കാം. 

 

ആദാം പാപം ചെയ്യുമെന്നു ദൈവത്തിന് അറിയാമായിരുന്നു എന്നത്, ദൈവത്തിന്‍റെ സര്‍വ്വജ്ഞാനവുമായി ബന്ധപ്പെട്ട കാര്യം ആണ്. അതായത് ദൈവം സര്‍വ്വ വ്യാപിയും, സര്‍വ്വ ശക്തനും ആയിരിക്കുന്നതുപോലെ തന്നെ ദൈവം സര്‍വ്വ ജ്ഞാനിയും ആണ്. യെശയ്യാവു 46: 10 ല്‍ നമ്മള്‍ വായിക്കുന്നു: “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” എന്തെങ്കിലും ഒരു കാര്യം ദൈവത്തിന് മുന്‍ കൂട്ടി അറിയാത്തതായി സംഭവിച്ചാല്‍ ദൈവം സര്‍വ്വ ജ്ഞാനി അല്ലാതാകും. ഇന്ന് സംഭവിക്കുന്ന എന്തെങ്കിലും ദൈവത്തിന് ഇന്നലയെ അറിഞ്ഞുകൂടായിരുന്നു എന്നു പറഞ്ഞാലും ദൈവം സര്‍വ്വ ജ്ഞാനി അല്ലാതെ ആയിര്‍ത്തീരും.

ദൈവത്തിന്റെ സര്‍വ്വ ജ്ഞാനം, അവന്റെ ദീര്‍ഘദൃഷ്ടിയോ, ഭാവിയെക്കുറിച്ചുള്ള പ്രവചനമോ അല്ല. ഇതാണ് ദൈവത്തിന്റെ സര്‍വ്വ ജ്ഞാനത്തിനും മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനത്തിനും തമ്മിലുള്ള ഉള്ള വ്യത്യാസം. മനുഷ്യര്‍ എല്ലാവരും ജീവിക്കുന്നതു, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ ഉള്ള മൂന്നു സമയ ഘട്ടങ്ങളില്‍ ആണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വസ്തു, സ്ഥലം, സമയം എന്നിവയാല്‍ ബന്ധിതനായാണ് മനുഷ്യന്‍ ജീവിക്കുന്നതു. മനുഷ്യന്‍ ഒരു ഭൌതീക വസ്തു ആണ്. അവന്റെ ഉള്ളില്‍ ആണ് ആത്മാവ് വസിക്കുന്നത്. അതായത്, അവനെ കാണുവാനും, സ്പര്‍ശിക്കുവാനും, അവന്റെ സാന്നിധ്യം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയുവാനും കഴിയും. അവന്‍ ഒരു ഭൌതീക വസ്തു ആയതിനാല്‍ അത് ഇരിക്കുവാന്‍ ഒരു സ്ഥലം ആവശ്യമാണ്. ഒരു മനുഷ്യന്‍ ഇരിക്കുവാന്‍ എടുക്കുന്ന സ്ഥലത്തു മറ്റൊന്നും ഇരിക്കുക ഇല്ല. മനുഷ്യന്‍ കുറെ സ്ഥലം അവന്റേതായി സ്വന്തമാക്കി ഉപയോഗിക്കുന്നു. അവന്‍ സമയ ബന്ധിതനാണ്. അവന് ആരംഭവും അവസാനവും ഉണ്ട്. ഇതിനിടയിലുള്ള കാലത്തെ ആണ് സമയം എന്നു വിളിക്കുന്നത്. അതിനെ, വര്‍ഷങ്ങള്‍, മാസങ്ങള്‍, ആഴ്ചകള്‍, ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനിറ്റുകള്‍, സെക്കന്‍റുകള്‍, മൈക്രോ സെക്കന്‍റുകള്‍ എന്നിങ്ങളെ ആയി വിഭജിക്കാവുന്നതാണ്. എന്നു പറഞ്ഞാല്‍, അളക്കുവാന്‍ കഴിയുന്ന സമയത്തിനുള്ളില്‍ ആണ് മനുഷ്യന്‍ ജീവിക്കുന്നത്. വസ്തു എന്ന അവന്റെ അസ്തിത്വത്തയോ, അത് ഉപയോഗിയ്ക്കുന്ന സ്ഥലത്തെയോ, അവന്‍റെ ജീവിത കാലമാകുന്ന സമയത്തെയോ അവന് നിഷേധിക്കുവാന്‍ സാധ്യമല്ല. ഇവയെക്കുറിച്ച് അവന് ബോധ്യം ഉണ്ടായാലും ഇല്ലെങ്കിലും, ഇതെല്ലാം അവന്‍റെ അസ്തിത്വത്തിന്റെ ഭാഗമാണ്. ഇതില്‍ നിന്നും അവന് മരണം വരെ മോചനം ഇല്ല.  

എന്നാല്‍ ദൈവം ആത്മീയ ജീവി ആണ്. അവന് വസ്തുവോ, സ്ഥലമോ, സമയമോ ഇല്ല. അതായത്, ദൈവത്തിന് ഇന്നലെ, ഇന്ന്, നാളെ എന്നൊരു സമയ ക്രമം ഇല്ല. ദൈവത്തിന്റെ മുന്നില്‍ എല്ലാം വര്‍ത്തമാനകാലമാണ്, അല്ലെങ്കില്‍ ഇപ്പോള്‍ ആണ്. സംഭവിച്ചു കഴിഞ്ഞതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും, സംഭവിക്കുവാന്‍ ഇരിക്കുന്നതുമായ കാര്യങ്ങള്‍ ദൈവത്തിന് ഇല്ല. എല്ലാം ഇപ്പോള്‍ സംഭവിക്കുന്നത് ആണ്. ഈ അര്‍ത്ഥത്തില്‍ ആണ് ദൈവത്തിന്റെ സര്‍വ്വ ജ്ഞാനം നമ്മള്‍ മനസ്സിലാക്കേണ്ടത്. എന്നാല്‍ ദൈവം, പഴയതും, ഇപ്പോഴുള്ളതും, വരുവാനിരിക്കുന്നതുമായ കാര്യങ്ങള്‍ എന്ന വിഭജനത്തോടെ മനുഷ്യരോട് സംസാരിക്കാറുണ്ട്. അത് ദൈവം അരുളിചെയ്യുന്ന ആത്മീയ മര്‍മ്മങ്ങള്‍ മനുഷ്യനു മനസ്സിലാകുവാന്‍ തക്കവണ്ണം, മനുഷ്യന്റെ ഭാഷയില്‍ വിനിമയം ചെയ്യുന്നു എന്ന് മാത്രമേ ഉള്ളൂ. ദൈവത്തിന്‍റെ സമയമില്ലാത്ത അവസ്ഥയെയും, മനുഷ്യന്റെ സമയ ബന്ധിതമായ അവസ്ഥയെയും, തമ്മില്‍ സംഘര്‍ഷം ഇല്ലാതെ ക്രമീകരിച്ചുകൊണ്ടു പോകുവാന്‍ ദൈവീക പരിജ്ഞാനത്തിന് കഴിയുന്നു. ഇത്രമാത്രമേ നമുക്ക് ഇത് വിശദീകരിക്കുവാന്‍ കഴിയൂ.

ആദാം പാപം ചെയ്യും എന്നു ദൈവത്തിന് അറിയാമായിരുന്നു എന്നു പറയുമ്പോള്‍, ലോകാരാംഭത്തിന് മുമ്പേ, ആരംഭം മുതല്‍ നിത്യത വരെയുള്ള സകലതും ദൈവത്തിന് അറിയാം എന്നു നമ്മള്‍ മനസ്സിലാക്കേണം. നമ്മള്‍ പുറകോട്ടു യാത്രചെയ്താല്‍, ലോകത്തിന്റെ സൃഷ്ടിയുടെ ആരംഭത്തിനും മുമ്പ് ഉള്ള ദൈവവീക സര്‍വ്വ ജ്ഞാനത്തിലേക്ക് പോകുവാന്‍ കഴിയും. അവിടെ, മനുഷ്യരുടെ വീണ്ടെടുപ്പ് പദ്ധതിയും നിത്യതയും മുന്‍ കൂട്ടി തയ്യാറാക്കി വച്ചുകൊണ്ടാണ് ദൈവം സൃഷ്ടി ആരംഭിക്കുന്നത് എന്നു കാണാം. അതായത്, ദൈവം വലിയ പ്രതീക്ഷയോടെ മനുഷ്യനെ സൃഷ്ടിക്കുകയും, എന്നാല്‍ അപ്രതീക്ഷിതമായോ, പ്രതീക്ഷച്ചതുപോലെയോ മനുഷ്യന്‍ പാപം ചെയ്യുകയും അപ്പോള്‍ ദൈവം അവന്‍റെ വീണ്ടെടുപ്പിനുള്ള ഒരു പുതിയ പദ്ധതി അവതരിപ്പിക്കുകയും, അല്ല ചെയ്തത്. ദൈവത്തിന്റെ ആദ്യത്തെ പദ്ധതി തകര്‍ന്നപ്പോള്‍, ദൈവം കണ്ടുപിടിച്ച രണ്ടാമത്തെ പദ്ധതി അല്ല വീണ്ടെടുപ്പ്. മനുഷ്യന്റെ സൃഷ്ടിയില്‍ ദൈവത്തിന് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലോകാരംഭത്തിനും മുമ്പേ, രൂപകല്‍പ്പന ചെയ്തതും, തീരുമാനിക്കപ്പെട്ടതും, ക്രമീകരിക്കപ്പെട്ടതും, സംഭവിച്ചതും ആണ്. വസ്തു, സ്ഥലം, സമയം എന്നിവയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ലോകത്ത് അതിന്റെ വെളിപ്പെടല്‍, സൃഷ്ടിയുടെ ആരംഭ ദിവസം മുതല്‍ ക്രമമായി നടന്നുകൊണ്ടിരിക്കുന്നു എന്നേ ഉള്ളൂ. ഘട്ടം ഘട്ടമായും ഭാഗം ഭാഗമായുമുള്ള ഈ വെളിപ്പെടലില്‍ ആണ് ആദാമിന്റെ പാപ പ്രവൃത്തി സംഭവിക്കുന്നത്.

എന്നാല്‍ ദൈവത്തിന്റെ സര്‍വ്വ ജ്ഞാനത്തില്‍ നിത്യതവരെയുള്ള സംഭവങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. അതിനു ഇനി മാറ്റങ്ങള്‍ കൊണ്ടുവരുക സാധ്യമല്ല. ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളെ മാത്രമേ നമുക്ക് വ്യത്യാസപ്പെടുത്തുവാന്‍ കഴിയൂ. സംഭവിച്ചു കഴിഞ്ഞതിനെയോ, സംഭവിച്ചുകൊണ്ട് ഇരിക്കുന്നതിനെയോ, നമുക്ക് വ്യത്യാസപ്പെടുത്തുവാന്‍ കഴിയുക ഇല്ല. അടുത്ത നിമിഷം, അല്ലെങ്കില്‍ ഭാവിയില്‍, എന്നൊരു അവസ്ഥ ഇല്ലാത്ത ദൈവത്തിന്, അവന്‍റെ സര്‍വ്വ ജ്ഞാനത്താല്‍ അറിയാവുന്ന യാതൊന്നിനെയും വ്യത്യാസപ്പെടുത്തുവാന്‍ കഴിയുക ഇല്ല. സകലതും, സംഭവിച്ചു കഴിഞ്ഞതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കുവാനിരിക്കുന്നതും, ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്.

ഇത്രയും കാര്യങ്ങളോടൊപ്പം ചില കാര്യങ്ങള്‍ കൂടി നമ്മള്‍ മനസ്സിലാക്കിയാലെ ഇതിന് വ്യക്തത വരുകയുള്ളൂ. ആദാമും ഹവ്വയും പാപം ചെയ്യുമെന്നു ദൈവത്തിന് അറിയാമായിരുന്നു എന്നതിന്, പാപം ചെയ്യുവാന്‍ ദൈവം അവരെ അനുവദിച്ചു എന്നോ, ദൈവം അവരെ പരീക്ഷിച്ചു എന്നോ അര്‍ത്ഥമില്ല. ആദാമിന്റെ പാപ പ്രവൃത്തി, ദൈവം തന്നെ ക്രമീകരിച്ച ഒരു സംഭവവും അല്ല. യാക്കോബ് അപ്പോസ്തലന്‍ പറയുന്നതുപോലെ, ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1: 13).

ഇവിടെ മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തി കടന്നുവരുന്നു. ദൈവം ദൂതന്‍മാര്‍ക്കും, മനുഷ്യര്‍ക്കും, നന്മയെയോ, തിന്‍മയെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. സ്വതന്ത്ര ഇശ്ചാശക്തി എന്നത്, ദൈവത്തിന്റെ തന്നെ സ്വത്വ വിശേഷം ആയിരിക്കുവാനാണ് സാധ്യത. ദൈവത്തിന്‍റെ സൃഷ്ടികളിലേക്ക് അവന്‍റെ സത്വവിശേഷം പകരപ്പെട്ടത് ആയിരിക്കാം. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മാത്രമല്ല, അതിനുള്ള അവസരവും ദൈവം ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും നല്കി. ദൂതന്മാരില്‍ ഒരു കൂട്ടര്‍ തിന്‍മ തിരഞ്ഞെടുത്തു. എന്നു പറഞ്ഞാല്‍, അവര്‍ ദൈവത്തിന്റെ വിശുദ്ധി എന്ന സത്വത്തെ നിഷേധിച്ചു. അവരെ ആണ് നമ്മള്‍ ഇന്ന് വീണുപോയ ദൂതന്മാര്‍ എന്നും പിശാചുക്കള്‍ എന്നും വിളിക്കുന്നത്. പാപം ചെയ്ത ദൂതന്‍മാര്‍ക്ക് ഒരു വീണ്ടെപ്പ് പദ്ധതി ദൈവം അവതരിപ്പിച്ചില്ല. കാരണം അവരുടെ സൃഷ്ടിയുടെ ആരംഭത്തിങ്കല്‍, വീണുപോകുന്ന ദൂതന്മാരുടെ വീണ്ടെടുപ്പ് എന്നൊരു പദ്ധതി, ദൈവത്തിന് ഇല്ലായിരുന്നു. ഭാവി എന്നൊരു കാലം ദൈവത്തിന് ഇല്ലാത്തതുകൊണ്ടു, അവര്‍ പാപം ചെയ്തപ്പോള്‍, ഒരു വീണ്ടെടുപ്പ് പദ്ധതി പുതിയതായി അവതരിപ്പിക്കുവാന്‍ ദൈവത്തിന് കഴിയുക ഇല്ല.

മനുഷ്യനും, ദൈവം, തന്റെ സത്വവിശേഷമായ സ്വതന്ത്ര ഇശ്ചാശക്തി പകര്‍ന്ന് നല്കി. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും അതിനുള്ള അവസരവും ദൈവം നല്കി. ഈ സ്വാതത്ര്യം വിനിയോഗിക്കുന്നതില്‍ ആദാമും ഹവ്വയും, ആദ്യ നാളുകളില്‍ വിജയമായിരുന്നു. ഉല്‍പ്പത്തി 2 ആം അദ്ധ്യായവും 3 ആം അദ്ധ്യായവും തമ്മില്‍ എത്ര നാളുകളുടെ ഇടവേള ഉണ്ടായിരുന്നു എന്ന് നമുക്ക് അറിയില്ല. എന്തായാലും, ഈ ഇടവേളയില്‍, അവര്‍ ദൈവീക കല്‍പ്പനയെ നിഷേധിക്കുകയോ, തിന്മയെക്കൂടെ അറിയുവാന്‍ ശ്രമിക്കുകയോ ചെയ്തില്ല. എന്നാല്‍ പിന്നീട് സാത്താന്‍, ഏദന്‍ തോട്ടത്തില്‍ വരുകയും അവരെ വഞ്ചിക്കുകയും ചെയ്തു. അങ്ങനെ ആദാമും ഹവ്വയും ദൈവീക കല്‍പ്പനയെ നിഷേധിച്ചു, പാപം ചെയ്തു. പാപം എന്നത് ദൈവീക പദ്ധതിയുടെ ഭാഗം അല്ല. അത് മനുഷ്യന്‍റെ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ദൈവത്തിന്റെ സര്‍വ്വ ജ്ഞാനത്തില്‍ ദൈവത്തിന് ഇത് അറിയാമായിരുന്നു. എങ്കിലും, മനുഷ്യനു ദൈവം നല്കിയ സ്വതന്ത്ര ഇശ്ചാശക്തിയെ യാതൊരു വിധത്തിലും ഹനിക്കുവാന്‍ ദൈവം ശ്രമിച്ചില്ല.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മനുഷ്യന്‍റെ പാപത്തിന് ശേഷമല്ല ദൈവം ഒരു വീണ്ടെടുപ്പ് പദ്ധതി രൂപീകരിച്ചത്. ദൈവത്തിന്‍റെ ഏക പദ്ധതിയായ നിത്യതയ്ക്കായി, പാപം ചെയ്യുവാന്‍ ഇടയുള്ള മനുഷ്യരെ വീണ്ടെടുക്കുന്ന പദ്ധതി, സൃഷ്ടിയുടെ ആരംഭത്തിനും മുമ്പേ ദൈവം തയ്യാറാക്കിയതാണ്. ഈ അര്‍ഥത്തില്‍ ആണ്, വെളിപ്പാടു പുസ്തകം 13: 8 ആം വാക്യത്തില്‍, “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്” എന്ന് യേശുക്രിസ്തുവിനെ വിളിക്കുന്നത്. അതിനാല്‍ തന്നെ ആദാം പാപം ചെയ്തപ്പോള്‍, ദൈവം പരാജയപ്പെട്ടില്ല. ദൈവത്തിന്റെ പദ്ധതി ഭാഗം ഭാഗമായും ഘട്ടം ഘട്ടമായും, ഭൂമിയില്‍, മനുഷ്യന്‍റെ ജീവിതത്തില്‍ വെളിപ്പെട്ടു വന്നു എന്നെ ഉള്ളൂ. 

മുന്‍നിയമനം എന്ന ആത്മീയ മര്‍മ്മം കൂടി മനസ്സിലാക്കിയാലേ ഇത് പൂര്‍ണ്ണമാകൂ. റോമര്‍ 8: 29, 30 എന്നീ വാക്യങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” ഇവിടെ ദൈവത്തിന്‍റെ മുന്‍ അറിവിന്‍റെ അടിസ്ഥാനത്തിലുള്ള മുന്‍ നിയമനത്തെക്കുറിച്ച് നമ്മള്‍ കാണുന്നു. മുന്‍ അറിവ് എന്നാല്‍, ദൈവത്തിന്‍റെ സര്‍വ്വ ജ്ഞാനം ആണ് എന്നും നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ. 

 

ഇതിന്റെ അര്‍ത്ഥം ഇതാണ്. ദൈവീക പദ്ധതി ഒരിക്കലായി, എന്നന്നേക്കുമായി തീരുമാനിക്കപ്പെട്ടതാണ്. അത് ഏക പദ്ധതി ആണ്. അത് മനുഷ്യന്റെ നിത്യജീവിതം എന്നതാണ്. ഈ പദ്ധതിയിലെ ഒരു സംഭവം ആണ് ആദാമിന്‍റെ പാപം. ഇത് ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്നില്ല. ദൈവം സര്‍വ്വ ജ്ഞാനി ആയതിനാല്‍ നിത്യതവരെയുള്ള സകലതും അവന് അറിയാം. എന്നാല്‍ മനുഷ്യനു ദൈവം നല്കിയിട്ടുള്ള സ്വതന്ത്ര ഇശ്ചാ ശക്തിയെ ദൈവം ഒരിയ്ക്കലും ഹനിക്കുന്നില്ല. സകലതും ദൈവീക പദ്ധതി പ്രകാരം, അവന്റെ മുന്നറിവിന്റെ അടിസ്ഥാനത്തില്‍ ഉള്ള, മുന്‍ നിയമന പ്രകാരം ക്രമീകരിക്കുവാന്‍ ദൈവത്തിന് കഴിയും. അത് അവന്റെ സവിശേഷത ആണ്.

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.  അതിനു മുമ്പ്, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെയോ signal app ലൂടെയോ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 


No comments:

Post a Comment