ക്രിസ്തീയ വിശ്വാസികള്‍ ഹലാല്‍ ഭക്ഷണം കഴിക്കാമോ എന്ന ചോദ്യവും ചര്‍ച്ചയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വിശ്വാസികളുടെ ഇടയിലും സജീവമായി നടന്നുകൊണ്ടിരിക്കുക ആണല്ലോ. അതിനാല്‍ വേദശാസ്ത്രപരമായ ഒരു വിശകലനം ഈ വിഷയത്തില്‍ നല്ലതായിരിക്കും എന്നു കരുത്തുന്നു.
ഈ വീഡിയോ ആരംഭിക്കുന്നത് മുമ്പ് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നു, ഇതൊരു രാക്ഷ്ട്രീയ ചര്‍ച്ച അല്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സമാധാനത്തോടെ ജീവിക്കുന്ന ഭാരതത്തില്‍ മത സ്പര്‍ദ്ധ സൃഷ്ടിക്കുവാനും എനിക്കു ഉദ്ദേശ്യമില്ല. രണ്ട്, ഈ വീഡിയോയിലെ മുഴുവന്‍ വിവരങ്ങളും, തികച്ചും ക്രൈസ്തവ ദൈവശാത്രപരമായ ചിന്തകള്‍ ആണ്. ഇത് ക്രൈസ്തവ വിശ്വാസികളെ മാത്രം ബാധിക്കേണ്ടുന്ന കാഴ്ചപ്പാടുകള്‍ ആണ്. മൂന്നാമത്, ഭാരതം പോലെയുള്ള, വിവിധ മത വിശ്വാസികള്‍ ഇടകലര്‍ന്നു താമസിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ചിന്തകള്‍ ആണിത്. പാശ്ചാത്യ രാജ്യങ്ങളിലും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതിനെക്കുറിച്ച് യാതൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. ഹലാല്‍ ഭക്ഷണം ക്രൈസ്തവ വിശ്വാസികള്‍ ഭക്ഷിക്കാമോ എന്നു ചോദിച്ചാല്‍, ഭക്ഷിക്കാം എന്നാണ് എന്റെ മറുപടി. അതിനുള്ള വിശദീകരണങ്ങള്‍ ആണ് ഇനി പറയുന്നത്. ഇതൊരു ഹൃസ്വമായ വീഡിയോ ആണ്. അതിനാല്‍ ഇവിടെ വിശദമായ ഒരു ചര്‍ച്ച നടക്കുന്നില്ല.
യഹൂദ മതത്തിലും, വേദപുസ്തകത്തിലെ പഴയനിയമത്തില്‍ ലേവ്യപുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും ഭക്ഷണം സംബന്ധിച്ച് ചില നിയമങ്ങള്‍ നമുക്ക് കാണാം. ഈ പ്രമാണ പ്രകാരം അനുവദിക്കപ്പെട്ട ആഹാരത്തെ യഹൂദന്മാര്‍ കോഷെര്‍ (Kosher) എന്നാണ് വിളിക്കുന്നത്. ഇതും ഇസ്ലാം മതവിശ്വാസത്തിലെ ഹലാല്‍ ഭക്ഷണവും തമ്മില്‍ സാമ്യവും വ്യത്യാസവും ഉണ്ട്.
ഇനിയും നമുക്ക് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരാം. മൃഗങ്ങളെ കൊല്ലുമ്പോള്‍ ഇസ്ലാം വിശ്വാസികള്‍, അത് അവരുടെ “ദൈവത്തിന്റെ നാമത്തില്‍” എന്നു പറഞ്ഞുകൊണ്ടും അവരുടെ വിശ്വാസ പ്രകാരമുള്ള പ്രാര്‍ഥന പ്രാര്‍ത്ഥിച്ചും ആണ് കൊല്ലുന്നത് എന്നതിനാല്‍, ആ മൃഗത്തിന്റെ മാംസം അന്യദേവന്‍മാര്‍ക്ക് കാഴ്ചവെച്ചതാണ് എന്നതാണ് ചില ക്രിസ്തീയ വിശ്വാസികളുടെ വാദം. എന്നാല്‍, ഹലാല്‍ ഭക്ഷണം കഴിക്കാമോ, കഴിക്കരുത് എന്നോ ഉള്ള ഒരു പ്രമാണം പുതിയനിയമ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇല്ല.
പൊതുവേ പറഞ്ഞാല്‍, പുതിയനിയമ ക്രൈസ്തവ വിശ്വാസികള്‍ക്ക് യാതൊരു ഭക്ഷണവുമായും ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങള്‍ ഇല്ല. പുതിയനിയമത്തില്‍ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭക്ഷണമല്ല, വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ശരീരത്തിനു വെളിയിലേക്ക് പുറപ്പെട്ട് വരുന്നതാണ് പ്രധാനം. പുതിയനിയമം, ബാഹ്യമായ, നിയമങ്ങളാല്‍ നിയന്ത്രിതമായ, ജീവിത ശൈലിയില്‍ അല്ല, ആന്തരീകവും, മാനസീകവും, ആത്മീയവുമായ അടിസ്ഥാന കാര്യങ്ങളിലാണ് ഊന്നല്‍ കൊടുക്കുന്നതു. ഒരു വ്യക്തിയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാന്‍, അവന്റെ മനസ്സും ആത്മാവും ആണ് രൂപാന്തരപ്പെടേണ്ടത് എന്നാണ് പുതിയനിയമ വിശ്വസം. മനുഷ്യ ശരീര്‍ത്തിന്റെ മഹത്വവല്‍ക്കരണമല്ല, ആത്മാവിന്‍റെ മഹത്വമാണ് ക്രൈസ്തവ ദര്‍ശനം. ഈ വിശ്വസം എല്ലാ കാര്യങ്ങളിലും പൊതുനിയമമായി നമുക്ക് കണക്കാക്കാം.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഹലാല്‍ എന്ന് ലേപനം ചെയ്ത ഭക്ഷണം ക്രിസ്തീയ വിശ്വാസികള്‍ക്ക് കഴിക്കാനോ ഇല്ലയോ എന്ന് വേദപുസ്തകം നേരിട്ടു പറയുന്ന വാക്യങ്ങള്‍ ഇല്ല. എന്നാല്‍ അതിനു സമാനമായ സാഹചരങ്ങളില്‍ ലഭ്യമായ ഭക്ഷണം കഴിക്കാമോ എന്ന ചോദ്യത്തിനുള്ള മറുപടി ഉണ്ട്. മറ്റ് ദേവന്‍മാര്‍ക്ക് ആരാധനയുടെ ഭാഗമായോ, പ്രാര്‍ഥനയായോ, നന്ദി സൂചകമായോ അര്‍പ്പിച്ച ഭക്ഷണത്തിന്റെ ഒരു ഭാഗം ക്രൈസ്തവര്‍ക്ക് കഴിക്കാമോ എന്ന ചോദ്യം ആദ്യകാലത്ത് തന്നെ വ്യവസ്ഥപ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന, ഏറ്റവും പ്രശസ്തമായ വേദഭാഗം അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആണ്. ജാതീയ ദേവന്‍മാര്‍ക്ക് സമര്‍പ്പിച്ച ആഹാരം ഭക്ഷിക്കാമോ എന്നത്, കൊരിന്ത്യയിലെ വിശ്വാസികള്‍ അഭിമുഖീകരിച്ച ഒരു വലിയ പ്രശ്നമായിരുന്നു. യഹൂദ്യയ്ക്ക് വെളിയിലുള്ള, എല്ലാ സ്ഥലങ്ങളും അന്ന് ഗ്രീക്ക്, റോമന്‍, ഈജിപ്ഷ്യന്‍ മത വിശ്വാസികള്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ആയിരുന്നു. അവിടെ ക്രൈസ്തവ വിശ്വസം അന്യം ആയിരുന്നു. അവിടെ എല്ലാം, അവരുടെ ദേവന്‍മാര്‍ക്ക് സമര്‍പ്പിച്ച ഭക്ഷണവും, മാംസവും മാത്രമേ ലഭ്യമായിരുന്നുള്ളൂ.
1 കൊരിന്ത്യര്‍ 8 ആം അദ്ധായത്തില്‍ പൌലൊസ് ഈ വിഷയം വിശദമായി തന്നെ ചര്‍ച്ച ചെയ്യുക ആണ്. അതില്‍ 4 ആമത്തെ വാക്യം ഇങ്ങനെ ആണ്: “ വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.” അതായത് വിഗ്രഹാര്‍പ്പിതമായ ഭക്ഷണത്തിന് ക്രിസ്തീയ വിശ്വാസികളുടെമേല്‍ യാതൊരു അധികാരവും ഇല്ല. വിശ്വാസികളുടെമേല്‍ ഏക സത്യ ദൈവത്തിന് മാത്രമേ അധികാരം ഉള്ളൂ. അതിനാല്‍ വിഗ്രഹങ്ങളെയും അതിനു അര്‍പ്പിച്ച ഭക്ഷണത്തെയും പൌലൊസ് ഗൌരവമായി കാണുന്നില്ല. 8 ആം വാക്യത്തില്‍ പൌലൊസ് പറയുന്നു: “എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.” അതിനാല്‍ നമുക്ക് അത് കഴിക്കുവാനും കഴിക്കാതെ ഇരിക്കുവാനും സ്വാതന്ത്ര്യം ഉണ്ട്.
എന്നാല്‍ നമ്മളുടെ യാതൊരു പ്രവര്‍ത്തിയും ജീവിത ശൈലിയും വാക്കുകളും ഒരു ബലഹീന വിശ്വാസിക്ക് തടസ്സമായി തീരരുത് എന്നും പൌലൊസ് 9 ആം വാക്യത്തില്‍ പറയുന്നുണ്ട്. ബലഹീനന്‍ എന്നത്, വിശ്വാസത്തിലും ആത്മീയ കാഴ്ചപ്പാടിലും ബലഹീനന്‍ ആയവനെക്കുറിച്ചാണ്. കൊരിന്തില്‍ അന്നുണ്ടായിരുന്ന ഏകദേശം എല്ലാ ക്രൈസ്തവ വിശ്വാസികളും മുമ്പ് ജാതീയ മതവിശ്വാസികള്‍ ആയിരുന്നു. അവര്‍ക്ക് വിഗ്രഹങ്ങളേയും വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളെയും പരിചയം ഉണ്ടായിരുന്നു. ക്രിസ്തീയ വിശ്വസം നല്‍കുന്ന സ്വാതന്ത്ര്യവുമായി അവരുടെ മുന്‍ കാല ചിന്തകളെ പൊരുത്തപ്പെടുത്തുവാന്‍ അവര്‍ക്ക് പ്രയാസം നേരിട്ടു. അതിനാല്‍ അവര്‍ വിഗ്രഹാര്‍പ്പിതമായ ഭക്ഷണം കഴിക്കാതെ ഇരുന്നു. ഇവരാണ്, പൌലൊസ് ഇവിടെ പറയുന്ന ബലഹീനര്‍. അവരുടെ ഈ ചിന്തയെയും ആത്മീയ സംഘര്‍ഷത്തെയും ബഹുമാനിക്കുകയും സ്നേഹത്തോടെ കാണുകയും വേണം എന്നാണ് അപ്പോസ്തലന്‍ ഉപദേശിക്കുന്നത്. അതായത്, ബലഹീനനായ ഒരു വിശ്വാസിയുടെ സാന്നിധ്യത്തില്‍, അയാള്‍ വിശ്വാസത്തിന്നു വിരുദ്ധം എന്നു ചിന്തിക്കുന്ന ഭക്ഷണം കഴിക്കാതെ ഇരിക്കേണം.
ഇതേ ആശയം തന്നെ ആണ് പൌലൊസ് റോമര്‍ 14: 23 ലും പറയുന്നത്. “എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽനിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.” റോമര്‍ 14: 20, 21 വാക്യങ്ങളില്‍ പൌലൊസ് പറയുന്നത് ഇങ്ങനെ ആണ്: “ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.”
എന്നാല്‍, ബലഹീനനായ വിശ്വാസി സഭയുടെയോ, വിശ്വാസികളുടെയോ അടിസ്ഥാനപരമായ വിശ്വാസത്തെ നിയന്ത്രിക്കുവാനും പാടില്ല. ബലഹീനന്‍ എന്നും ബലഹീനനായി തന്നെ തുടരുക അല്ല വേണ്ടത്. അവരെ ക്രമേണ, ക്രിസ്തീയ വിശ്വാസത്തില്‍ ഉറപ്പിക്കുക എന്നതാണു സഭയും കൂട്ടുവിശ്വാസികളും ചെയ്യേണ്ടത്.
ഭക്ഷണം സംബന്ധിച്ച ഈ പ്രശ്നത്തിന് പരിഹാരമായി പൌലൊസ് ഒരു പ്രായോഗിക മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നുണ്ട്. അത് നമുക്ക് 1 കൊരിന്ത്യര്‍ 10 ആം അദ്ധ്യായം 25 മുതല്‍ 32 വരെയുള്ള വാക്യങ്ങളില്‍ വായിയ്ക്കാം. പൌലൊസ് പറയുന്നു: “അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. (25). അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. (27). എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. (28). എന്നാല്‍ എപ്പോഴും നമ്മളുടെ ക്രിസ്തുവില്‍ ഉള്ള സ്വാതന്ത്ര്യം, അന്യ മനസാക്ഷിയാല്‍ വിധിക്കപ്പെടേണ്ടതില്ല. (29). പൌലൊസ് പറഞ്ഞു നിറുത്തുന്നത് ഇങ്ങനെ ആണ്: “നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.” (30, 31).
പൌലൊസിന്റെ അഭിപ്രായം ഇതൊല്ലാം ആണ്. നമ്മളുടെ മനസാക്ഷിയില്‍ വിഗ്രാഹാര്‍പ്പിതം ഏതുമില്ല എന്നു തോന്നുന്നു എങ്കില്‍, അത് ഭക്ഷണമായി കരുതി ഭക്ഷിക്കാം. എന്നാല്‍ അത് വിഗ്രഹാര്‍പ്പിതം ആണ് എന്നു അറിയുകയും, നമ്മളുടെ മനസാക്ഷിയില്‍ അത് വിശ്വാസത്തെ ബലഹീനപ്പെടുത്തുന്നത് ആകുകയും ചെയ്താല്‍ അത് ഭക്ഷിക്കരുത്. ഒപ്പം കൂട്ടുവിശ്വാസിയുടെ മനസാക്ഷിയെകൂടെ നമ്മള്‍ പരിഗണിക്കേണം എങ്കിലും, നമ്മളുടെ ക്രിസ്തുവില്‍ ഉള്ള സ്വാതന്ത്ര്യം എപ്പോഴും കൂട്ടുവിശ്വസിക്കായി നഷ്ടപ്പെടുത്തേണ്ടതില്ല. എല്ലാം നന്ദിയോടെ, സ്തോത്രത്തോടെയും ഭക്ഷിക്കാം. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതാണ് (6). സകലതും നമ്മളുടെ കര്‍ത്താവിന്റെ പരമ അധികാരത്തിന്‍ കീഴില്‍ ആയിരിക്കുന്നു.
ഹലാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ഈ പ്രമാണങ്ങള്‍ നമുക്ക് പാലിക്കാവുന്നതാണ്. ഹലാല്‍ ഭക്ഷണം കഴിക്കുവാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിലോ, അങ്ങനെ വിശ്വസിക്കുന്ന ഒരു കൂട്ടുവിശ്വാസിയുടെ ഒപ്പമോ ആയിരിക്കുമ്പോള്‍ നമ്മള്‍ അത് ഭക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇതൊരു ദൈവീക പ്രമാണം അല്ല. സമൂഹത്തോടും കൂട്ടുവിശ്വസിയോടുമുള്ള സ്നേഹം മാത്രമാണ്.
ഭക്ഷണം ഹലാല്‍ ആയാലും അല്ലെങ്കിലും, ഇസ്ലാം മത വിശ്വാസികള്‍ പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും, അത് ഭക്ഷണത്തെ ശുദ്ധമാക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുന്നില്ല. അത് ഒരു ക്രിസ്തീയ വിശ്വാസിയെ അശുദ്ധമാക്കുന്നില്ല. ഇതാണ് ക്രിസ്തീയ കാഴ്ചപ്പാട്.
ക്രിസ്തീയ വിശ്വസം, മറ്റേതെങ്കിലും മതവിശ്വാസത്തിന്റെ അടിമയോ, മറ്റുള്ളതിനെക്കാള്‍ ബലഹീനമായതോ ആയ വിശ്വാസമല്ല. നമ്മളുടെ കര്‍ത്താവ്, സകല “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കൊലൊസ്സ്യര്‍ 2:15). അതിനാല്‍, കൊലൊസ്സ്യര്‍ 2: 16, 17 എന്നീ വാക്യങ്ങളില്‍ പൌലൊസ് പറയുന്നു: “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.” ക്രിസ്തീയ വിശ്വസം ജയത്തിന്റെ വിശ്വസം ആണ്. നമ്മള്‍ സകലത്തിന്‍മീതെയും ജയാളികള്‍ ആണ്.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും
ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment