ചോദ്യം
1 തിമൊഥെയൊസ് 2:6 ൽ യേശുക്രിസ്തു
എല്ലാ മനുഷ്യർക്കുവേണ്ടിയും തന്നെത്താൻ മറുവില ആയി കൊടുത്തു എന്നു പറയുന്നു. ആർക്കാണ്
യേശു മറുവില കൊടുത്തത്? പിതാവായ ദൈവത്തിനോ, അതോ പിശാചിനോ? നമ്മളെ പാപത്തിന്റെ
പരിണത ഫലത്തിൽ നിന്നും രക്ഷിക്കുവാനായി ദൈവത്തിന് മറുവില കൊടുത്തതാണോ? അതോ,
മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനായി സാത്താന് മറുവില
കൊടുത്തതാണോ?
ഉത്തരം
ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് ഒരു മുഖവുര ആവശ്യമുണ്ട്. പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന, വീണ്ടെടുപ്പു, നീതീകരണം, പാപപരിഹാരം, നിരപ്പ് എന്നിങ്ങനെയുള്ള എല്ലാ വാക്കുകളും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ നിന്നും എടുത്തതാണ്. അത് ആത്മീയ മർമ്മങ്ങൾ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന പദങ്ങൾ ആണ്. ഈ വാക്കുകളിലൂടെ മനുഷ്യർ ഗ്രഹിക്കുന്ന ആശയങ്ങൾക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു. അതിനാൽ, “മറുവില” എന്ന വാക്കിനെ ഭൌതീക തലത്തിൽ മനുഷ്യർക്ക് ഇടയിലുള്ള വ്യവഹാരത്തോട് അക്ഷരാർത്ഥത്തിൽ തുലനം ചെയ്യേണ്ടതില്ല. ഈ വാക്കിലൂടെ നമ്മൾ മനസ്സിലാക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു എന്നെ ഉള്ളൂ.
1 പത്രൊസ് 1:18 ആം വാക്യം ഇതിനൊരു ഉദാഹരണം ആണ്.
1 പത്രൊസ് 1:18
വ്യർത്ഥവും
പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു
പൊന്നു,
വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ
വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
ഈ വാക്യത്തിൽ പൊന്നു, വെള്ളി എന്നീ വാക്കുകൾ
പത്രൊസ് ഉപയോഗിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ കാലത്ത് ക്രയവിക്രയത്തിനായി
ഉപയോഗിക്കുന്ന നാണയം എന്ന ആശയത്തിൽ ആണ്. അവ ഭൌതീകമായി വിലയേറിയ പൊന്നും വെള്ളിയും
ആണ് എന്നിരുന്നാലും, അതെല്ലാം അഴിഞ്ഞുപോകുന്നവയാണ്. ഈ ആശയത്തെ അദ്ദേഹം
യേശുക്രിസ്തുവിന്റെ രക്തവുമായി സാദൃശ്യപ്പെടുത്തുന്നു. യേശുവിന്റെ രക്തം,
നിർദ്ദോഷവും നിഷ്കളങ്കവുമാണ്. അത് പഴയ നിയമപ്രമാണപ്രകാരമുള്ള പാപ പരിഹാര യാഗമൃഗമായ
കുഞ്ഞാടിന്റെ രക്തത്തിന് സമം ആണ്. കുഞ്ഞാടിന്റെ രക്തം നിഴലും, യേശുവിന്റെ രക്തം
പൊരുളും ആണ്. യേശുവിന്റെ രക്തത്തിന്റെ മൂല്യം, അത് അഴിഞ്ഞുപോകുന്നില്ല എന്നതാണ്.
കാരണം യേശുവിന്റെ രക്തം
നിർദ്ദോഷവും
നിഷ്കളങ്കവുമാണ്.
ഇനി നമുക്ക് ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന വാക്യം
വായിച്ചുകൊണ്ട് ഉത്തരത്തിലേക്ക് പോകാം.
1 തിമൊഥെയൊസ്
2:5-6
ദൈവം ഒരുവനല്ലോ.
ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി
തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
മറുവില എന്നത് ഒരുവനെ കാരഗൃഹത്തിൽ നിന്നോ, ബന്ധനത്തിൽ
നിന്നോ സ്വതന്ത്രൻ ആക്കുവാനായി കൊടുക്കുന്ന വിലയാണ്. ഒരു മനുഷ്യൻ ഒരു യുദ്ധത്തിൽ
ശത്രുവിനാൽ പിടിക്കപ്പെട്ടാൽ, അവന്റെ മോചനത്തിനായി നല്കുന്ന വിലയെ ആണ് നമ്മൾ
സാധാരണയായി “മറുവില” (ransom) എന്നു പറയുന്നത്.
1 തിമൊഥെയൊസ് 2:5-6 വരെയുള്ള വാക്യങ്ങളിൽ പറയുന്നത്,
യേശുക്രിസ്തു എല്ലാ മനുഷ്യരുടെയും വിടുതലിനായി ഒരു മറുവില കൊടുത്തിരിക്കുന്നു
എന്നാണ്. അതിനാൽ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത്, എന്തിൽ നിന്നുള്ള
വിടുതലിനായിട്ടാണ് യേശു മറുവില കൊടുത്തത് എന്നാണ്. നമ്മൾ രക്ഷിക്കപ്പെടുന്നത്
ദൈവത്തിന്റെ കോപത്തിൽ നിന്നാണ്. ദൈവ കോപം പാപത്തിന്റെ പരിണത ഫലം ആണ്.
റോമർ 5:9
അവന്റെ രക്തത്താൽ
നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു
രക്ഷിക്കപ്പെടും.
യേശുക്രിസ്തു മറുവില കൊടുത്തത്, നമ്മളെ പാപം, മരണം, നരകം
എന്നിവയിൽ നിന്നും വിടുവിക്കുവാനാണ്. ഇവ പാപത്തിന്റെ പരിണത ഫലമായി മനുഷ്യരുടെ
ജീവിതത്തിൽ ഉണ്ടായതാണ്. മനുഷ്യൻ പാപത്തിന്റെയും അതിന്റെ പരിണത ഫലത്തിന്റെയും
ബന്ധനത്തിൽ ആയിരുന്നു. പാപത്തിന്റെ ഫലം മരണവും ദൈവത്തിൽ നിന്നുള്ള വേർപെടലും
ആയിരുന്നു. പാപത്തിന്റെ ഫലമായാണ് മനുഷ്യർ പിശാചിന്റെ അടിമത്തത്തിൽ ആയത്. അതിനാൽ,
ഒരുവൻ പാപത്തിൽ നിന്നും വിടുവിക്കപ്പെടുമ്പോൾ, പിശാചിന്റെ അടിമത്തത്തിൽ നിന്നും
വിടുവിക്കപ്പെടുന്നു. കൊലൊസ്സ്യർ 1:12-14, 1 പത്രൊസ് 2:9 എന്നീ വാക്യങ്ങൾ ഇത് വ്യക്തമാക്കുന്നു.
കൊലൊസ്സ്യർ 1:12-14
വിശുദ്ധന്മാർക്കു
വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും, നമ്മെ ഇരുട്ടിന്റെ
അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ
രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം
ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന
വീണ്ടെടുപ്പു ഉണ്ടു.
1 പത്രൊസ് 2:9
നിങ്ങളോ
അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ
സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും
രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
പാപിയായ മനുഷ്യന്റെ പ്രശ്നം, അവന് സ്വയം പാപത്തിന്റെ
അടിമത്തത്തിൽ നിന്നും രക്ഷ പ്രാപിക്കുവാൻ കഴിയില്ല എന്നതാണ്. അതുകൊണ്ടു, ദൈവം
മനുഷ്യരെ സ്നേഹിച്ചതിനാൽ, അവൻ തന്നെ ഒരു മറുവില ഒരുക്കി. അതാണ് യേശുക്രിസ്തുവിന്റെ
യാഗം. ഇത് ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ നിരപ്പിക്കുവാൻ വേണ്ടി
ആയിരുന്നു.
1 കൊരിന്ത്യർ
15:3
ക്രിസ്തു നമ്മുടെ
പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
യേശുക്രിസ്തു, മനുഷ്യന്റെ പാപത്തിന് പരിഹാരമായി,
ഊനമില്ലാത്ത യാഗമായി തീർന്നു. അത് ന്യായപ്രമാണത്തിൽ ദൈവം വച്ചിരുന്ന പ്രമാണങ്ങളുടെ
നിവൃത്തിയായിരുന്നു. പഴയനിയമത്തിലെ പാപ പരിഹാര യാഗം നിഴലും, യേശുക്രിസ്തുവിന്റെ
പാപ പരിഹാരയാഗം പൊരുളുമാണ്.
യേശുക്രിസ്തുവിന്റെ ഊനമില്ലാത്ത പാപ പരിഹാര യാഗത്തിലൂടെ
ദൈവത്തിന്റെ നീതി നിവൃത്തിക്കപ്പെട്ടു. യേശു മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ അവന്റെ
മേൽ വഹിച്ചു. ഈ ശിക്ഷ, രക്തം ചൊരിഞ്ഞ മരണം ആയിരുന്നു. അങ്ങനെ മനുഷ്യരെ ദൈവത്തോട്
നിരപ്പിച്ചു, ദൈവ കോപത്തെ നീക്കി ക്കളഞ്ഞു, രക്ഷ സാധ്യമാക്കി.
മർക്കോസ് 10:45 ൽ യേശു പറഞ്ഞു:
മർക്കോസ് 10:45
മനുഷ്യപുത്രൻ
ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ
ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
1 കൊരിന്ത്യർ
6:19
ദൈവത്തിന്റെ
ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം
എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും
അറിയുന്നില്ലയോ?
1 കൊരിന്ത്യർ 6:19 ൽ പറയുന്ന, “വിലെക്കു വാങ്ങിയിരിക്കയാൽ”
എന്നത് നമ്മളുടെ വീണ്ടെടുപ്പിന്റെ സുനിശ്ചിതത്വത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു മനുഷ്യനെ മരണത്തിൽ നിന്നും വിടുവിക്കേണ്ടതിന് ആർക്കാണ്
വില നൽകേണ്ടത് എന്നു വ്യക്തമാകുന്ന വാക്യം സങ്കീർത്തനങ്ങളിൽ ഉണ്ട്.
സങ്കീർത്തനം
49:7-9
സഹോദരൻ ശവക്കുഴി
കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു
വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ
പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും
സാധിക്കയില്ല.
സങ്കീർത്തനം
49:15
എങ്കിലും എന്റെ
പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും (ransom - ESV);
അവൻ എന്നെ കൈക്കൊള്ളും.
ഒരു മനുഷ്യനെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുക
എന്നത് മനുഷ്യനാൽ അസാധ്യമാണ് എന്നു ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. ഒരു “വീണ്ടെടുപ്പുവില”
എന്ന ആശയവും ഇതിൽ ഉണ്ട്. ഇത് ദൈവത്തിന് മാത്രമേ സാധ്യമാകൂ എന്നും 15 ആം വാക്യം
പറയുന്നു. ഈ ആശയങ്ങൾ ആണ് പുതിയനിയമത്തിലും ഉപയോഗിച്ചിരിക്കുന്നത്.
എല്ലാ പാപവും ദൈവത്തോടുള്ള കുറ്റം ആണ്. പാപം ദൈവത്തിന്റെ
വിശുദ്ധിയ്ക്കും, നീതിയ്ക്കും എതിരായ മനുഷ്യന്റെ അതിക്രമം ആണ്. ഇവിടെ മനുഷ്യന്റെ
കുറ്റത്താൽ മുറിവേൽക്കപ്പെടുന്ന വ്യക്തി ദൈവം ആണ്. ദൈവവുമായാണ് മനുഷ്യൻ നിരപ്പ്
പ്രാപിക്കേണ്ടത്. അതിന് ദൈവത്തിന്റെ നീതിയ്ക്ക് ഒത്തവണ്ണമുള്ള മറുവില ആവശ്യമാണ്. അതിനാൽ
പാപത്തിനുള്ള മറുവില ദൈവത്തിന് ആണ് കൊടുക്കേണ്ടത്.
മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിന് വേണ്ടി ഒരു മറുവില അഥവാ
മോചന ദ്രവ്യം യേശു നല്കിയത് അവന്റെ ജീവനും രക്തവും കൊണ്ടാണ്. ഈ വില യേശു നല്കിയത്
പിതാവായ ദൈവത്തിനാണ്. ഇത് ദൈവവും മനുഷ്യനുമായുള്ള ശത്രുത്വത്തെ ഇടിച്ചു കളഞ്ഞു ഒരു
നിരപ്പ് ഉണ്ടാക്കി. അങ്ങനെ ദൈവവുമായി മനുഷ്യർക്ക് ഉണ്ടായിരുന്ന തകർന്ന ബന്ധം,
ശരിയായ ബന്ധമായി മാറി.
കൊലൊസ്സ്യർ 1:20-22
അവൻ ക്രൂശിൽ
ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ
സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു
പ്രസാദം തോന്നി. മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും
ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും
കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ
മരണത്താൽ നിരപ്പിച്ചു.
പഴയനിയമ പ്രമാണം അനുസരിച്ചു, വീണ്ടെടുപ്പിനായി യാഗം
അർപ്പിക്കുന്നത് ദൈവത്തിനാണ്, ഒരിക്കലും പിശാചിന് അല്ല. സാത്താന്, യാഗമോ, ആരാധനയോ
അർപ്പിക്കുവാൻ യാതൊരു വ്യവസ്ഥയും പ്രമാണത്തിൽ ഇല്ല. എല്ലാ യാഗ വസ്തുക്കളെയും ദൈവം
ആദ്യം മനുഷ്യർക്ക് നല്കുകയും, പിന്നീട് മനുഷ്യർ തിരികെ ദൈവത്തിന് അർപ്പിക്കുകയും
ആണ് ചെയ്യുന്നത്. അബ്രാഹാം മോറിയാ ദേശത്തുള്ള ഒരു മലയിൽ യാഗം കഴിച്ചതു, അവൻ കൂടെ
കൊണ്ടുവന്ന ആട്ടിൻകുട്ടിയെ അല്ല, ദൈവം ക്രമീകരിച്ച യാഗമൃഗത്തെ ആണ്. മനുഷ്യന്റെ സകല
സമ്പത്തും, മൃഗങ്ങളും, സ്വർണ്ണവും, വെള്ളിയും എല്ലാം ദൈവം ആദ്യം മനുഷ്യർക്ക്
കൊടുത്തതാണ്. അതാണ് മനുഷ്യർ ദൈവത്തിന് തിരികെ അർപ്പിക്കുന്നത്.
ഇയ്യോബ് 41:11, 1 ദിനവൃത്താന്തം 29:14 എന്നീ വാക്യങ്ങൾ ഈ
മർമ്മം വ്യക്തമാക്കുന്നു.
ഇയ്യോബ് 41:11
ഞാൻ
മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ
കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
1 ദിനവൃത്താന്തം 29:14
എന്നാൽ ഞങ്ങൾ
ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ
ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
ഈ അർത്ഥത്തിൽ മറുവില ദൈവം ദൈവത്തിന്നായി ക്രമീകരിക്കുന്ന
വിലയാണ്.
യേശുക്രിസ്തുവിന്റെ മരണം സാത്താനുമായുള്ള ഒരു ക്രയവിക്രയമോ,
വിലപേശലോ അല്ല. സാത്താനുമായി ഒരു ഇടപ്പാടും ഒരിക്കലും യേശുവിന് ഇല്ല. സാത്താനുമായി
ഒരു സന്ധി സംഭാഷണത്തിലൂടെ മനുഷ്യരുടെ വിടുതൽ സാധ്യമാക്കുവാനല്ല യേശു വന്നത്.
സാത്താനുമായി അവന് ഒരു കാര്യവും ഇല്ല എന്നു യേശു തന്നെ പറഞ്ഞിട്ടുണ്ട്.
യോഹന്നാൻ 14:30
ലോകത്തിന്റെ
പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
യേശു എന്താണ് ക്രൂശിൽ ചെയ്തത് എന്നു പൌലൊസ് കൊലൊസ്സ്യർക്ക്
എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.
കൊലൊസ്സ്യർ 2:15
വാഴ്ചകളെയും
അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ
പരസ്യമായ കാഴ്ചയാക്കി.
ഇതൊരു സന്ധി സംഭാഷണമോ, വിലപേശലോ, ക്രയവിക്രയമോ അല്ല. ഇത്
സാത്താനെ യുദ്ധത്തിൽ തോൽപ്പിക്കുന്നതാണ്.
പാപ പരിഹാരത്തിനായി നൽകേണ്ടുന്ന വില പഴയനിയമത്തിൽ
ന്യായപ്രമാണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമ കാലത്ത് പാപ
പരിഹാരം സാധ്യമായിരുന്നത് മൃഗങ്ങളുടെ രക്തം ചൊരിയുന്നതിലൂടെ ആയിരുന്നു. യാഗ
മൃഗങ്ങളെ മനുഷ്യർക്ക് പകരവും പ്രതിനിധിയും ആയി സ്വീകരിച്ചിരുന്നു. എന്നാൽ ഇതൊരു
സ്ഥിരമായ ക്രമീകരണം ആയിരുന്നില്ല. എന്നന്നേക്കുമുള്ള പരിഹാരവും ആയില്ല. അതിനാൽ,
മനുഷ്യന്റെ പാപത്തിന് എന്നന്നേക്കുമായൊരു പരിഹാരമായി തീരേണ്ടതിന് യേശുക്രിസ്തു
ക്രൂശിൽ യാഗമായി തീർന്നു.
പഴയനിയമ വ്യവസ്ഥ പ്രകാരം, യാഗമൃഗത്തിന്റെ രക്തവുമായി മഹാപുരോഹിതൻ,
സമാഗമന കൂടാരത്തിലെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കേണം. അവിടെ അവൻ രക്തം
കൃപാസനത്തിൽ അർപ്പിക്കുകയാണ്. ഇങ്ങനെയാണ് പാപമോചനം സാധ്യമായിരുന്നത്. സമാനമായി
യേശുക്രിസ്തു സ്വന്ത രക്തവുമായി സ്വർഗ്ഗീയ സാക്ഷ്യകൂടാരത്തിൽ പ്രവേശിച്ചു,
നമ്മളുടെ വീണ്ടെടുപ്പ് സാധ്യമാക്കി.
എബ്രായർ 9:11-12
ക്രിസ്തുവോ
വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി
എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും
തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും
രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ
മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
എബ്രായർ 9:11-12 വാക്യങ്ങൾ പറയുന്ന കാര്യങ്ങൾ ഇതെല്ലാം ആണ്:
2. കൈപ്പണിയല്ലാത്തതായ വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽ പ്രവേശിച്ചു. ഇത് സ്വർഗ്ഗീയ സാക്ഷ്യകൂടാരത്തെ ഓർമ്മിപ്പിക്കുന്നു.
3. അവൻ അവിടെ പ്രവേശിച്ചത് സ്വന്ത രക്തവുമായാണ്.
4. അങ്ങനെ എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
ഈ വാക്യത്തിൽ നിന്നും യേശു അവന്റെ രക്തം എന്ന മറുവില
സ്വർഗ്ഗീയമായ സാക്ഷ്യകൂടാരത്തിൽ കൃപാസനത്തിൽ അർപ്പിച്ചു എന്നു മനസ്സിലാക്കാം,
അവന്റെ രക്തം എന്ന മറുവില നല്കിയാണ് നമുക്ക് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധ്യമാക്കിയത്.
മറുവിലയായി നല്കിയത് യേശുക്രിസ്തുവിന്റെ സ്വന്ത രക്തമാണ്.
അത് യേശുക്രിസ്തു എന്ന, ദൈവം ക്രമീകരിച്ച കുഞ്ഞാടിന്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ
രക്തം ആയിരുന്നു. അത് ഒരിക്കലും സാത്താന്റെ മുന്നിൽ സമർപ്പിക്കപ്പെടുകയില്ല.
1 പത്രൊസ് 1:18
വ്യർത്ഥവും
പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു
പൊന്നു,
വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ
രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
1 തിമൊഥെയൊസ് 2:5-6 വാക്യം നമുക്ക് ഒരിക്കൽ കൂടി വായിക്കാം.
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും
ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു
തന്നേ.
ഇവിടെ പറയുന്ന മൂന്ന് കാര്യങ്ങൾ ഇതെല്ലാം ആണ്:
1.
യേശു ക്രിസ്തു ആണ് ഏക മദ്ധ്യസ്ഥൻ.
2.
അവൻ ദൈവത്തിനും മനുഷ്യർക്കും ഇടയിലെ ഏക
മദ്ധ്യസ്ഥൻ ആണ്.
3.
യേശുവിന്റെ മദ്ധ്യസ്ഥതയിൽ അവൻ ദൈവത്തിന്
ആണ് മറുവില കൊടുത്തത്.
യേശുക്രിസ്തു അവന്റെ രക്തത്താൽ പാപത്തിന്റെ ബന്ധനത്തിൽ
നിന്നും മനുഷ്യരെ വിടുവിക്കുവാനായി മറുവില കൊടുത്തത് സാത്താനാണ് എന്നൊരു തെറ്റായ വാദം
ഉണ്ട്. എന്നാൽ വേദപുസ്തകം ഈ ചിന്തയെ പിന്തുണയ്ക്കുന്നില്ല. യേശുക്രിസ്തുവിന്റെ
രക്തം മറുവിലയായി നല്കപ്പെട്ടത് പിതാവായ ദൈവത്തിനാണ്. അത് ദൈവം ക്രമീകരിച്ച, ദൈവ
നീതിയ്ക്ക് വേണ്ടിയുള്ള പാപ പരിഹാര യാഗം ആയിരുന്നു.
No comments:
Post a Comment