“ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം

എന്താണ് “ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം. ഈ ചെറിയ ചോദ്യത്തിനുള്ള ഉത്തരം ആണ് ഇവിടെ പറയുന്നത്.

ലോകമെമ്പാടും ഉള്ള ക്രിസ്തീയ ആരാധനയിൽ ഓശാന ഞായറാഴ്ച ഉപയോഗിക്കുന്ന ഒരു സ്തുതിയുടെ പദം ആണ് “ഹോശന്നാ”. യേശുക്രിസ്തു ഒരു കഴുതപ്പുറത്തു കയറി, അവൻ മശീഹ ആണ് എന്നു വിളംബരം ചെയ്തുകൊണ്ട്, യെരൂശലേം പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോൾ, അന്ന് അവിടെ ഉണ്ടായിരുന്ന അനേകം ജനങ്ങൾ അതിനെ ഒരു ആഘോഷമാക്കി മാറ്റി. “പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.” എന്നാണ് നമ്മൾ മത്തായി 21:8 ൽ വായിക്കുന്നത്. ജനങ്ങൾ യേശുവിന്റെ യെരൂശലേം പ്രവേശനത്തെ ആവേശത്തോടെ സ്വീകരിക്കുകയാണ്. അങ്ങനെ യേശുവിനോടൊപ്പം കൂടിയ ജനം, ഉറക്കെ വിളിച്ചു പറഞ്ഞ ഒരു പദമാണ്, “ഹോശന്നാ”. ഇത് യവന ഭാഷയിൽ ഉള്ള ഒരു പദം ആണ്. മത്തായി 21:9, മർക്കോസ് 11:9, യോഹന്നാൻ 12:13 എന്നീ വാക്യങ്ങളിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.

 


മത്തായി 21:9

മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

 

യേശുക്രിസ്തു യെരൂശലേമിലേക്ക് പ്രവേശിച്ച അതേ ദിവസം, ദൈവാലയത്തിൽ വച്ചു കുട്ടികളും, അവനെ കണ്ടിട്ടു “ഹോശന്നാ” എന്നു ആർത്തുവിളിച്ചു എന്നു മത്തായി 21:15 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് യെരൂശലേമിൽ എല്ലായിടത്തും മുഴങ്ങികേട്ട ഒരു വാക്കായിരുന്നു, “ഹോശന്നാ”.  

 

മത്തായി 21:15

എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;

 

“ഹോശന്നാ” എന്ന പദത്തെ സ്തുതിയുടെ വിളംബരം ആയിട്ടാണ് സാധാരണ കാണാറുള്ളത്. എന്നാൽ ആദ്യ ഉപയോഗങ്ങളിൽ ഇതു രക്ഷയ്ക്കായുള്ള ഒരു അപേക്ഷയാണ്. ഈ വാക്കിന്റെ ഉൽപ്പത്തി എബ്രായ ഭാഷയിൽ ആണ്. സങ്കീർത്തനം 118:25 ൽ നമുക്ക് ഈ വാക്ക് കാണാം.

 

സങ്കീർത്തനം 118:25

യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

 

ഈ വാക്യം കിങ് ജെയിംസ് വെർഷൻ, ന്യൂ കിങ് ജെയിംസ് വെർഷൻ എന്നിവയിൽ, “ഞങ്ങളെ ഇപ്പോൾ രക്ഷിക്കേണമേ”, “ഇപ്പോൾ ഞങ്ങൾക്ക് ശുഭത നൽകേണമെ” എന്നിങ്ങനെയാണ്. അതായത് “രക്ഷിക്കേണമേ”, “ശുഭത” എന്നീ പദങ്ങളോട് കൂടെ “ഇപ്പോൾ” എന്ന പദവും ഉണ്ട്.   

 

Psalm 118:25 (KJV)

Save now, I beseech thee, O Lord: O Lord, I beseech thee, send now prosperity.

 

Psalm 118:25 (NKJV)

Save now, I pray, O Lord; O Lord, I pray, send now prosperity.

 

“രക്ഷിക്കേണമേ” എന്ന വാക്കിന്റെ എബ്രായ പദം, “യാഷ്യാ” എന്നാണ് (yāšaʿ, yaw-shah'). ഈ വാക്കിന്റെ അർത്ഥം, രക്ഷിക്കേണമേ, രക്ഷപ്പെടുക, വിടുവിക്കപ്പെടുക, വിജയി ആകുക എന്നിങ്ങനെയാണ് (o save, be saved, be delivered, to be saved (in battle), be victorious). ഒരു യുദ്ധത്തിൽ നിന്നോ, സമാനമായ ആപത്ത് ഘട്ടത്തിൽ നിന്നോ രക്ഷിക്കുന്നതിനെക്കുറിച്ച് പറയുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. “ഇപ്പോൾ” എന്നതിന്റെ എബ്രായ പദം “നവ്” എന്നാണ് (nā', naw). ഈ വാക്കിന്റെ അർത്ഥം, ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഇപ്പോൾ, ദയവായി, എന്നിങ്ങനെയാണ് (I/we pray, now, please). ഇതൊരു അപേക്ഷ ആയിട്ടും, പ്രബോധനം ആയിട്ടും ഉപയോഗിക്കാറുണ്ട്.

 

“യാഷ്യാ” എന്ന എബ്രായ പദത്തിന്റെ മറ്റൊരു രൂപം ആണ് “ഹോഷിഅ” എന്നത് (hō-wō-šî-‘āh, hosiāh). ഇത്, അപേക്ഷ, അനിവാര്യത എന്നിവ പ്രകടിപ്പിക്കുന്ന വാക്കാണ്. അതിനാൽ സങ്കീർത്തനം 118:25 ലെ “രക്ഷിക്കേണമേ” എന്ന വാക്കിന്റെ ശരിയായ എബ്രായ പദം “ഹോഷിഅ” ആണ് എന്നു അഭിപ്രായപ്പെടുന്ന വേദ പണ്ഡിതന്മാർ ഉണ്ട്. “ഹോഷിഅ നവ്” എന്നീ എബ്രായ പദത്തിൽ നിന്നും ആണ് അതിന്റെ ഗ്രീക്ക് രൂപമായ ഹോശന്നാ ഉണ്ടായത് (hosanna). പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഗ്രീക്ക് വാക്കായ “ഹോശന്നാ” ആണ്. അർത്ഥം “ഞങ്ങളെ ഇപ്പോൾ രക്ഷിക്കുക” എന്നാണ്.

 

“ഹോശന്നാ” എന്ന പദം രക്ഷയ്ക്കായുള്ള ഒരു അപേക്ഷയാണ് എങ്കിലും അതിനെ “ഹല്ലെലൂയ്യാ” എന്ന പദം പോലെ ദൈവത്തെ സ്തുതിക്കുന്ന ഒരു വാക്കായും ഉപയോഗിക്കാറുണ്ട്. മത്തായി 21:9 ലെ, “ദാവീദ് പുത്രന്നു ഹോശന്നാ”, “അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നീ ആർപ്പുവിളികൾ, സ്തുതിയുടെ ആഘോഷമാണ്. ദൈവാലയത്തിലെ കുട്ടികൾ “ദാവീദ് പുത്രന്നു ഹോശന്നാ” എന്നു ആർക്കുന്നതും സന്തോഷത്തിന്റെ ശബ്ദം ആണ്. അതിനാൽ ഇന്ന് ക്രിസ്തീയ സമൂഹത്തിൽ ഈ വാക്ക് കൂടുതലും സ്തുതിയുടെ ഘോഷമായിട്ടാണ് ഉപയോഗിക്കാറ്.

 

“ഹോശന്നാ” എന്ന വാക്കിന്റെ അർത്ഥം വ്യക്തമായി എന്നു കരുതുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ!




No comments:

Post a Comment