വേദപുസ്തകത്തിൽ ഹൃദയം

ചോദ്യം:

കാർഡിയോളജിയിൽ പറയുന്ന ഹൃദയമെന്ന അവയവും, വേദപുസ്തകത്തിൽ പറയുന്ന ഹൃദയവും ഒന്നാണോ? വേദപുസ്തകത്തിൽ ഹൃദയം, കഠിന ഹൃദയം എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?

 

ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ തുടങ്ങേണ്ടത് കാർഡിയോളജി എന്താണ് എന്നു പറഞ്ഞുകൊണ്ടു വേണം. കാരണം ചോദ്യത്തിൽ ഈ വാക്ക് ഉണ്ട്. കർഡിയോളജി എന്ന വാക്ക് “കാർഡിഅ" (cardia) എന്ന ഗ്രീക്ക് പദത്തിൽ നിന്നും രൂപം കൊണ്ടതാണ്. ഈ പദത്തിന്റെ അർത്ഥം ഹൃദയം എന്നാണ്. “ളോജി” (logy) എന്ന പദവും ഗ്രീക്ക് ആണ്. ഇതിന്റെ അർത്ഥം പഠനം എന്നാണ്. അങ്ങനെ “കർഡിയോളജി” എന്നത് ഹൃദയത്തിന്റെ പഠനം ആകുന്നു. അത് വൈദ്യശാസ്ത്രത്തിൽ, ഹൃദയത്തിന്റെ താളപ്പിഴകളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും ഉള്ള പഠനം ആണ്. ഹൃദയവും, രക്തകുഴലുകളും ചേരുന്നതാണ് കാർഡിയോ വാസ്കുലാർ വ്യൂഹം (cardiovascular system).

 

ചോദ്യത്തിന്റെ ഉത്തരം പറയുന്നതിന് മുമ്പായി ചില കാര്യങ്ങൾ ഒരു മുഖവുരയായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവത്തിന് മനുഷ്യരെപ്പോലെ വികാരങ്ങളും, ആഗ്രഹങ്ങളും ഉണ്ട് എന്നും, മനുഷ്യ ശരീരത്തിലെ അവയവങ്ങൾ പോലെയുള്ള അവയവങ്ങൾ ഉണ്ട് എന്നും പറയാറുണ്ട്. ദൈവം ഒരു ആത്മീയ ജീവി ആയതിനാൽ, മനുഷ്യന്റേതുപോലെയുള്ള ശരീരമോ, അവയങ്ങളോ, അവന് ഉണ്ട് എന്നോ, ഇല്ല എന്നോ പറയുവാൻ ആവശ്യമായ തെളിവുകൾ നമ്മളുടെ പക്കൽ ഇല്ല. ആത്മീയ ജീവികൾക്ക് മനുഷ്യ ശരീരത്തിന് സാദൃശ്യമായ ശരീരമോ, വികാരങ്ങളോ, ആഗ്രഹങ്ങളോ ഇല്ല എന്നാണ് നമ്മളുടെ പൊതുവേയുള്ള വിശ്വാസം. കാരണം ആത്മീയ ജീവികൾ ഭൌതീക തലത്തിലോ, ഭൌതീകതയുമായി കെട്ടപ്പെട്ടോ ജീവിക്കുന്നവർ അല്ല. ദൈവം ആത്മാവാണ് എന്നു വേദപുസ്തകം പഠിപ്പിക്കുന്നു.  

 

യോഹന്നാൻ 4:24

ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

 

എന്നാൽ വേദപുസ്തകത്തിലും, മറ്റ് മത ഗ്രന്ഥങ്ങളിലും, ഐതീഹ്യ കഥകളിലും, മനുഷ്യരുടെ ശാരീരികവും, വൈകാരികവും ആയ ഘടകങ്ങൾ ദൈവത്തിനും ഉണ്ട് എന്ന രീതിയിൽ എഴുതാറുണ്ട്. ഇത് മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ, ആത്മീയ മർമ്മങ്ങൾ വിശദീകരിക്കുന്ന ഒരു രീതിയാണ്. യഥാർത്ഥത്തിൽ ആത്മീയ ജീവിയായ ദൈവം ഇങ്ങനെയെല്ലാം ഉള്ള ഒരു വ്യക്തിത്വം ആകേണമെന്നില്ല. ഇങ്ങനെ മനുഷ്യന്റെ സ്വഭാവങ്ങളും ഘടനയും, രീതികളും, ശാരീരിക അവയവങ്ങളും, ദൈവത്തിനും ഉണ്ട് എന്നു അനുമാനിക്കുന്ന രീതിയെ, “മനുഷ്യരൂപാരോപണം” (ആന്ത്രപൊമോർഫിസം, anthropomorphism) എന്നാണ് വിളിക്കുക. അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:22 ലെ വാക്യം ഒരു ഉദാഹരണം ആണ്.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 13:22

ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു.

 

ഈ വാക്യം ഇംഗ്ലീഷിൽ, “ദാവീദിനെ ഏന്റെ ഹൃദയ പ്രകാരമുള്ള പുരുഷനായി കണ്ടു.” എന്നാണ് (a man after my own heartESV). ഇവിടെ ദൈവത്തിന്, മനുഷ്യർക്ക് ഉള്ളതുപോലെ ഒരു ഹൃദയം ഉണ്ട് എന്നു അനുമാനിക്കുന്നു.

 

ഒരു സാധാരണ മനുഷ്യന്റെ അറിവിൽ, ഹൃദയം എന്നത് മനുഷ്യന്റെ ഒരു അവയവം ആണ്. അത് അവന്റെ മാറിടത്തിനുള്ളിൽ, അസ്ഥികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു കൂടിനു ഉള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന ഒരു പ്രധാന അവയവം ആണ്.

 

പുരാതന കാലത്തെ മനുഷ്യർ ഹൃദയത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നത്, ആധുനിക അറിവിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു. അവരുടെ ശാസ്ത്രീയമായ നിഗമനത്തിൽ, ഹൃദയം ശരീരത്തിലെ കേന്ദ്ര അവയവം ആണ്. ഹൃദയം ആണ് ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്നത്. അതിനാൽ, മനുഷ്യർ ആഹാരം കഴിക്കേണ്ടത് ഹൃദയത്തെ ശക്തിപ്പെടുത്തുവാൻ ആണ്. ശക്തമായ ഒരു ഹൃദയത്തിന് മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങളെ ഊർജ്ജസ്വലതയോടെ നിലനിറുത്തുവാൻ കഴിയൂ. ഇതെല്ലാം ആയിരുന്നു പുരാതന കാലത്തെ നിഗമനങ്ങൾ.

 

ഉൽപ്പത്തി 18:5 ൽ അബ്രാഹാം ദൂതന്മാരോടു പറയുന്ന വാക്കുകളിൽ ഈ ആശയം ഉണ്ട്. 

 

ഉൽപ്പത്തി 18:5

ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത് എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്ന് അവർ പറഞ്ഞു.

 

ഈ വാക്യം, കിങ് ജെയിംസ് വെർഷൻ, ന്യൂ കിങ് ജെയിംസ് വെർഷൻ എന്നിവയിൽ അൽപ്പം വ്യത്യസ്തമായിട്ടാണ് നമ്മൾ വായിക്കുന്നത്.

 

Genesis 18:5 (KJV)

And I will fetch a morsel of bread, and comfort ye your hearts; after that ye shall pass on: for therefore are ye come to your servant. And they said, So do, as thou hast said.

 

Genesis 18:5 (NKJV)

And I will bring a morsel of bread, that you may refresh your hearts. After that you may pass by, inasmuch as you have come to your servant.” They said, “Do as you have said.”

 

“വിശപ്പ് അടക്കീട്ടു നിങ്ങൾക്കു പോകാം” എന്നത് കിങ് ജെയിംസ് വെർഷൻ ൽ, “നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാം” എന്നാണ് (comfort ye your hearts). ന്യൂ കിങ് ജെയിംസ് വെർഷൻ ൽ, “നിങ്ങളുടെ ഹൃദയങ്ങളുടെ ഉന്മേഷം വീണ്ടെടുക്കാം” (you may refresh your hearts) എന്നാണ്.

 

മൂല കൃതിയുടെ ഭാഷയായ എബ്രായ ഭാഷയിൽ ഈ വാക്യത്തിൽ “സആദ്” എന്നൊരു പദം ഉപയോഗിച്ചിട്ടുണ്ട്. ഈ പദത്തിന്റെ അർത്ഥം, ആശ്വസിപ്പിക്കുക, ശക്തിപ്പെടുത്തുക, പിന്താങ്ങുക, പോഷിപ്പിക്കുക എന്നിങ്ങനെയാണ് (ʿa, saw-ad' - support, sustain, stay, establish, strengthen, comfort). ഇവിടെ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു എബ്രായ വാക്കാണ് “ലെയ് വ്” (, lave). ഈ വാക്കിന്റെ അർത്ഥം, ഉള്ളിലെ മനുഷ്യൻ, മനസ്സ്, ഇച്ഛ, ഹൃദയം എന്നിങ്ങനെയാണ് (inner man, mind, will, heart). എന്നാൽ ഈ വാക്കുകൾ മലയാളത്തിൽ ഇല്ല. ആധുനിക ശാസ്ത്രം ഹൃദയത്തിന്റെ പ്രവർത്തനത്തെ വ്യത്യസ്തമായി കാണുന്നതിനാൽ, ഈ വാക്യത്തെ അതിനനുസരിച്ചാണ് ഇപ്പോൾ പരിഭാഷപ്പെടുത്തുന്നത്. ഈ ശൈലി മലയാള പരിഭാഷയിലും ഉപയോഗിച്ചിരിക്കാം.

 

എബ്രായ ഭാഷയിൽ നിന്നും ശരിയായി പരിഭാഷപ്പെടുത്തിയാൽ ഈ വാചകം ഇങ്ങനെ ആയിരിക്കേണം:

 

ഉൽപ്പത്തി 18:5

ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാം, അതിന് ശേഷം നിങ്ങൾക്കു പോകാം;  (and comfort ye your hearts; after that ye shall pass on:)

 

ഇത് “ഹൃദയം” എന്ന അവയവത്തെക്കുറിച്ചുള്ള പുരാതന കാലത്തെ മനുഷ്യരുടെ അറിവ് എന്തായിരുന്നു എന്നു വ്യക്തമാക്കുന്നു.

 

ആധുനിക അറിവ് അനുസരിച്ചു, ജൈവശാസ്ത്രപരമായി “ഹൃദയം” എന്നത് പൊള്ളയായ, മാംസപേശികളാൽ നിർമ്മിക്കപ്പെട്ട, ജീവനുള്ള ഏകദേശം എല്ലാ ജീവികളുടെയും ശരീരത്തിനുള്ളിൽ കാണുന്ന, ഒരു അവയവം ആണ് (a hollow, muscular organ). അത് ചുരുങ്ങുകയും, വികസിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, രക്തക്കുഴലുകളിലൂടെ രക്തചംക്രമണം സാധ്യമാകുന്നത്. രക്തമാണ് ഓക്സിജനെയും, പോഷകത്തെയും, നമ്മളുടെ ശരീരത്തിലെ കോശങ്ങളിൽ എത്തിക്കുന്നത്. ഹൃദയം എന്ന അവയവം ഇല്ലാത്ത ചില ചെറിയ ജീവികൾ കടലിലും, കരയിലും ഉണ്ട്. എന്നാൽ, എല്ലാ പക്ഷികൾക്കും ഹൃദയം ഉണ്ട്.

 

നമ്മളുടെ മുന്നിലുള്ള ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കുവാൻ, ഹൃദയത്തെക്കുറിച്ചുള്ള ജൈവശാസ്ത്രപരമായ അറിവ് ഇത്രയും മതിയാകും എന്നു കരുതുന്നു. ഇനി വേദപുസ്തകത്തിൽ “ഹൃദയം” എന്ന വാക്ക് ഉപയോഗിക്കുന്നത് ഏത് അർത്ഥത്തിൽ ആണ് എന്നു നോക്കാം. വേദപുസ്തകത്തിൽ “ഹൃദയം” എന്ന വാക്ക് ഒരു ശാരീരിക അവയവത്തെ സൂചിപ്പിക്കുന്നില്ല. അതൊരു അമൂർത്തമായ ഘടകത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ നമ്മളുടെ വികാരങ്ങളും, ചിന്തകളും, ആഗ്രഹങ്ങളും, ഇച്ഛാശക്തിയും വസിക്കുന്നു.

 

വേദപുസ്തകത്തിൽ ഒരു വ്യക്തിയെക്കുറിച്ച് പരാമർശിക്കുവാൻ അവന്റെ ശരീരത്തിലെ ചില അവയവങ്ങളെ മാത്രം പ്രതീകാത്മകമായി എടുത്ത് പറയാറുണ്ട്. അത്തരം വാക്കുകൾ പ്രതീകങ്ങൾ ആയതിനാൽ, അത് ആ വ്യക്തിയെ മൊത്തമായി സൂചിപ്പിക്കുന്നു. ഹൃദയം എന്ന പദത്തെ ചില ഇടങ്ങളിൽ ആലങ്കാരികമായി, ഒരു വ്യക്തിയെക്കുറിച്ച് മൊത്തമായി പറയുവാൻ ഉപയോഗിച്ചിട്ടുണ്ട്. 

 

“ഹൃദയം” എന്ന വാക്കിന് വേദപുസ്തകം മാത്രമായി ഒരു പ്രത്യേക അർത്ഥം കൊടുക്കുന്നില്ല. നമ്മളുടെ സാധാരണ ഭാഷയിലും, സാഹിത്യങ്ങളിലും, “ഹൃദയം” എന്നത് എപ്പോഴും ഒരു അവയവം ആകണമെന്നില്ല. നമ്മളുടെ സ്വഭാവം, വ്യക്തിത്വം, വിശ്വാസം, വികാരം, എന്നിങ്ങനെയുള്ള അകമേയുള്ള മനുഷ്യനെക്കുറിച്ച് പറയുവാൻ ഹൃദയം എന്ന വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ ചിന്തകളേയും, ഇച്ഛകളേയും പരാമർശിക്കുവാനും ഹൃദയം എന്ന വാക്ക് ഉപയോഗിക്കുന്നു. ഇവിടെയെല്ലാം, ഇത്തരം കാര്യങ്ങൾ നമ്മളുടെ ശരീരത്തിലെ ഒരു അവയവത്തിനുള്ളിൽ ഇരിക്കുന്നു എന്നു ഉദ്ദേശിക്കുന്നില്ല. ഇവയുടെ തോതോ, വ്യത്യാസമോ, അനുസരിച്ചു ഓരോരുത്തരുടെയും ഹൃദയത്തിന് ശാരീരികമായും, ഘടനാപരമായും വ്യത്യാസമോ, മാറ്റങ്ങളോ ഉണ്ടാകും എന്നും ചിന്തിക്കുന്നില്ല. എന്നാൽ ഇത്തരം അമൂർത്തമായ, ഒരു മനുഷ്യന്റെ അകമേയുള്ള കാര്യങ്ങളെക്കുറിച്ച് പരാമർശിക്കുവാൻ ഹൃദയം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അതായത് നമ്മളുടെ ശരീരത്തിലെ ഒരു അവയവം എന്ന രീതിയിൽ അല്ലാതെയും ഹൃദയം എന്ന വാക്ക് നമ്മൾ സാധാരണ ഭാഷയിലും, സാഹിത്യ രചനകളിലും ഉപയോഗിക്കാറുണ്ട്.  

 

ഒരു മനുഷ്യന്റെ വൈകാരികവും, ബൌദ്ധീകവും, സാന്മാർഗ്ഗീകവും ആയ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് ഹൃദയം. ഹൃദയം മനസ്സ് എന്നിവയിൽ, നമ്മളുടെ ചിന്തകളും, ആഗ്രഹങ്ങളും, നിരാശകളും, ഉൽകണ്ഠയും, ആശയങ്ങളും, ഓർമ്മയും, സങ്കൽപ്പങ്ങളും ഉണ്ട്. നമ്മളുടെ സ്നേഹം, ആവശ്യം, അന്വേഷണം, അനുഭവങ്ങൾ, എന്നിവയെല്ലാം ഇവിടെ ഉണ്ട്. നമ്മൾ യോജിക്കുന്നുണ്ടോ, വിയോജിക്കുന്നുണ്ടോ, കീഴടങ്ങുന്നുണ്ടോ, എതിർക്കുന്നുണ്ടോ, സ്വീകരിക്കുന്നുവോ, നിരസിക്കുന്നുവോ, എന്നിങ്ങനെയുള്ളതെല്ലാം ഹൃദയത്തിൽ ഉണ്ട്. നമ്മളുടെ തീരുമാനങ്ങളിൽ നമ്മൾ ഉറച്ചു നിൽക്കുമോ എന്നതും ഹൃദയത്തിന്റെ ഇച്ഛയാണ്.

 

വേദപുസ്തകത്തിൽ, ഭൌതീക തലത്തിൽ ഹൃദയം എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന അമൂർത്തമായ കാര്യങ്ങൾ കൂടാതെ, ആത്മീയ മർമ്മങ്ങളും, ദൈവവുമായുള്ള ബന്ധവും, ദൈവത്തിലുള്ള വിശ്വാസവും ഹൃദയത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഹൃദയം, ദേഹി എന്നീ വാക്കുകളെ ചില ഇടങ്ങളിൽ മാറിമാറി ഉപയോഗിക്കാറുണ്ട് എങ്കിലും, ഇവ രണ്ടും ഒന്നല്ല.

നന്മയുടെയും, തിന്മയുടെയും ഉറവിടം, എന്ന രീതിയിലും, ദൈവത്തിന് രൂപാന്തരം വരുത്തുവാൻ കഴിയുന്ന ഒരു ഇടം എന്ന രീതിയിലും ഹൃദയം എന്ന വാക്കിനെ വേദപുസ്തകത്തിൽ ഉപയോഗിക്കുന്നു. ഹൃദയത്തെ ഒരു അവയവമായിട്ടല്ല ഇവിടെ കാണുന്നത്. അതിനാൽ, പരിശുദ്ധാത്മാവിനാൽ ഹൃദയത്തിന്നുണ്ടാകുന്ന രൂപാന്തരം, ശാരീരികമായി ഹൃദയത്തിനുണ്ടാകുന്ന മാറ്റം അല്ല.

 

വേദപുസ്തകത്തിൽ ഏകദേശം 1000 പ്രാവശ്യം ഹൃദയത്തെക്കുറിച്ച് പറയുന്നുണ്ട്. അതിൽ, ഒരു വസ്തുവിന്റെയോ, ജീവിയുടെയോ കേന്ദ്രസ്ഥാനം എന്നു പറയുവാൻ ഹൃദയം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. സർവ്വ സൃഷ്ടിയിലുമുള്ള ഒരു വസ്തുവിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ജീവന്റെയും, ഒരുവന്റെ പ്രവർത്തികളുടെയും, തീരുമാനങ്ങളുടെയും, ഉൽഭവസ്ഥാനം എന്ന അർത്ഥത്തിലും ഈ വാക്കിനെ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ശാരീരികവും, വൈകാരികവും, ബൌദ്ധീകവും, ആത്മീയവും ആയ തലങ്ങളിൽ മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ച് പറയുവാനും “ഹൃദയം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. 

 

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിന്റെ കേന്ദ്രം ഹൃദയമാണ്. ഇത് ഒരു അവയവം എന്ന അർത്ഥത്തിൽ അല്ല. ഒരുവന്റെ ചിന്തകളും, വിചാരങ്ങളും, വികാരങ്ങളും, ഇച്ഛയും, പോലെയുള്ള അമൂർത്തമായ ഘടകങ്ങൾ ആണ്. ഈ അർത്ഥത്തിൽ, ദൈവത്തിന് ഒരുവന്റെ ഹൃദയത്തെ ശോധന ചെയ്യുവാനും, തുറക്കുവാനും, രൂപാന്തരം വരുത്തുവാനും, അവന് പരിജ്ഞാനം നൽകുവാനും, കഴിയും. അതായത് ഒരുവന്റെ ഹൃദയത്തിലേക്ക് ദൈവത്തിന് എപ്പോൾ വേണമെങ്കിലും, എങ്ങനെയും ഇടപ്പെടുവാൻ കഴിയും. അങ്ങനെ ഒരുവന് ജ്ഞാനവും, നിർമ്മലതയും, നൂറുങ്ങിയ ഹൃദയവും ഉണ്ടാകുന്നു.

 

ഒരു വ്യക്തിയുടെ നന്മയും തിന്മയും ആയ പ്രവർത്തികളുടെ ഉൽഭവസ്ഥാനമായും ഹൃദയത്തെക്കുറിച്ച് പറയാറുണ്ട്. ഒരു നല്ല ഹൃദയം നന്മയുടെ പ്രവർത്തിയിലേക്കും, ദുഷ്ട ഹൃദയം തിന്മയുടെ പ്രവർത്തിയിലേക്കും നയിക്കുന്നു. അതിനാൽ ഹൃദയത്തെ സൂക്ഷിക്കേണം എന്നു ഉപദേശിക്കുന്നു. ദൈവത്തിന് പ്രസാധകരമായ ഒരു ഹൃദയം ഒരുവന് ആവശ്യമാണ്. ഇവിടെ നല്ല ഹൃദയം, ദുഷ്ട ഹൃദയം എന്നത് ശാരീരികമായ ഹൃദയം എന്ന അവയവത്തെ സംബന്ധിച്ച വാക്കുകൾ അല്ല.

 

വേദപുസ്തകത്തിൽ ഹൃദയം എന്ന വാക്ക് നമ്മളുടെ ഉള്ളിലെ മനുഷ്യനെ മൊത്തമായി സൂചിപ്പിക്കുന്നു. ഹൃദയം എന്ന ഏക കേന്ദ്രം നമ്മളെ സമ്പൂർണ്ണമായി നിയന്ത്രിക്കുന്നു.

 

സദൃശ്യവാക്യങ്ങൾ 4:23

സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു. ഹൃദയം എല്ലാ ചിന്തകളുടെയും, വികാരത്തിന്റെയും, തീരുമാനങ്ങളുടെയും ഇരിപ്പിടം ആണ്. എല്ലാം ഹൃദയം എന്ന ഏക കേന്ദ്രത്തില് നിന്നും പുറപ്പെട്ട് വരുന്നു, അത് ജീവിതത്തിലെ സകലത്തിനെയും നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ ആരാധിക്കേണം എന്നു വേദപുസ്തകം ഉപദേശിക്കുന്നത്.

 

മത്തായി 22:37

യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.

 

മനുഷ്യ ശരീരത്തിൽ ഹൃദയത്തിന്റെ സ്ഥാനം, മറഞ്ഞിരിക്കുന്നതും, അപ്രാപ്യവുമായ രീതിയിൽ ഉള്ളിൽ ആയതിനാൽ, ഇതേ ആശയം വിനിമയം ചെയ്യുവാനും ഹൃദയം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.

 

യോനാ 2:3

നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; (into the heart of the seas) പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.

 

Jonah 2:3 (ESV)

For you cast me into the deep, into the heart of the seas, and the flood surrounded me; all your waves and your billows passed over me.

 

ഹൃദയത്തെക്കുറിച്ചുള്ള വേദപുസ്തകത്തിലെ ചില വാക്യങ്ങൾ താഴെ കൊടുക്കുന്നു:

 

യേശുക്രിസ്തു, പാപത്താൽ മലിനമാക്കപ്പെട്ട നമ്മളുടെ ഹൃദയത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:

 

മർക്കോസ് 7:21-22

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

 

രക്ഷിക്കപ്പെടുവാൻ ഒരുവൻ യേശുക്രിസ്തുവിൽ ഹൃദയം കൊണ്ടു വിശ്വസിക്കുക വേണം എന്നു വേദപുസ്തകം ഉപദേശിക്കുന്നു.

 

റോമർ 10:10

ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 

രക്ഷിക്കപ്പെടുമ്പോൾ ഒരുവന്റെ ഹൃദയത്തിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുന്നു. ദൈവകൃപയാൽ, അവർക്ക് ദൈവം ഒരു പുതിയ ഹൃദയത്തെ നല്കുന്നു എന്നും വേദപുസ്തകം പറയുന്നു.

 

സങ്കീർത്തനം 51:10

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

 

യെഹേസ്കേൽ 36:26

ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.

 

യെശയ്യാവ് 57:15b  

താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.

 

ഇവിടെയൊന്നും ഹൃദയം എന്ന വാക്ക് നമ്മളുടെ ശരീരത്തിലെ ഒരു അവയവത്തെ സൂചിപ്പിക്കുന്നില്ല.

 

കഠിന ഹൃദയം

 

നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന ചോദ്യത്തിൽ “കഠിന ഹൃദയം” എന്നത് എന്താണ് എന്ന ചോദ്യവും ഉണ്ടായിരുന്നു. അതിനാൽ ഇനി അതിനെക്കുറിച്ച് കൂടി അൽപ്പം ചിന്തിക്കാം.

 

ഒരു മനുഷ്യൻ ദൈവഹിതത്തിന് വിധേയമല്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ, ഇരുണ്ട, മൽസരമുള്ള, കഠിന ഹൃദയം ഉള്ളവൻ, എന്നു പറയാറുണ്ട്. ദൈവം ഒരു മനുഷ്യന്റെ ഹൃദയത്തിൽ ആണ് രൂപാന്തരമുണ്ടാക്കുന്നത്. ദൈവം അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ മനുഷ്യൻ പ്രകൃത്യാ തന്നെ കഠിന ഹൃദയൻ ആകും. കാരണം, ആദാമിന്റെ പാപത്താൽ, മനുഷ്യർ പൂർണ്ണമായും മലിനീകരിക്കപ്പെട്ടിരിക്കുന്നു. അവനെ മലിനമാക്കുവാൻ ഇനി ദൈവം ഒന്നും ചെയ്യേണ്ടതില്ല. ഒരുവനെ വിശുദ്ധനാക്കുവാൻ വേണ്ടി മാത്രമേ എന്തെങ്കിലും ചെയ്യേണ്ടതുളളൂ. അതായത് ഒരുവന്റെ ഹൃദയത്തിൽ ദൈവം ഇടപെടുന്നില്ല എങ്കിൽ, അവൻ പ്രകൃത്യാ മലിനമായ ഹൃദയം ഉള്ളവൻ ആയിരിക്കും. അവൻ ദൈവീക ബന്ധത്തിൽ കഠിന ഹൃദയം ഉള്ളവൻ ആയിരിക്കും.

 

യെഹേസ്കേൽ 11:19

അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.   

 

ദൈവത്തിന്റെ ഇടപെടലിനോട് അനുകൂലമായി ഒരുവൻ പ്രതികരിച്ചാൽ, അവന്റെ കല്ലായുള്ള ഹൃദയം, മാംസമായുള്ള ഹൃദയം ആയി മാറും. ഈ രൂപാന്തരത്തിന്റെ ലക്ഷ്യം, ദൈവത്തിന്റെ ചട്ടങ്ങളിൽ നടന്നു അവന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു അവനെ മാറ്റിയെടുക്കുക എന്നതാണ്. അവൻ ദൈവീക ഇടപെടലുകളോട് എതിർത്തു നിന്നാൽ, അവന്റെ ഹൃദയം കല്ലായി, കഠിനമായി തുടരും.

 

അതായത് ഒരുവന്റെ ഹൃദയം രണ്ടു രീതിയിൽ കഠിനമാകാം. ഒന്ന് ദൈവത്തിന്റെ ഇടപെടലുകളോട് അവൻ മൽസരിച്ചു നിൽക്കുക. രണ്ടാമത്തേത്, അവന്റെ ഹൃദയത്തിൽ ദൈവം പ്രത്യേകിച്ച് ഇടപെടാതെ ഇരിക്കുക. ഒന്നാമത്തേത് മനുഷ്യന്റെ പ്രകൃത്യാ ഉള്ള സ്വഭാവവും, രണ്ടാമത്തേത് ദൈവ കൃപയുടെ അഭാവവും ആണ്. ഒരുവന്റെ മേൽ ദൈവ കൃപയുടെ അഭാവം ഉള്ളത്, ദൈവം എന്തെങ്കിലും ചെയ്തതുകൊണ്ടല്ല, ദൈവം അവന്റെ ജീവിതത്തിൽ യാതൊരു ഇടപെടലും നടത്താത്തതുകൊണ്ടാണ്. അത് ദൈവത്തിന്റെ ഒരു പ്രവർത്തിയല്ല, പ്രവർത്തിയുടെ അഭാവം ആണ്.

 

ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവം ഇടപ്പെടേണമോ ഇല്ലയോ എന്നത് ദൈവത്തിന്റെ സർവ്വാധികാരത്തിൽ ഉള്ള കാര്യമാണ്. ഒരുവനോട് ദൈവത്തിന് കരുണ തോന്നുന്നതിനും, മറ്റൊരുവനോട് കരുണ തോന്നാത്തതിനും, കാരണം എന്തെന്നു ദൈവം ആരോടും വിശദീകരിക്കാറില്ല. അതിന് ആരോടും ഉപദേശം ചോദിക്കാറുമില്ല. അതിനെയാണ് സവർവ്വാധികാരം എന്നു വിളിക്കുന്നത്. രക്ഷ ദൈവത്തിന്റെ സർവ്വാധികാരത്താൽ മാത്രം ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദൈവീക പ്രവർത്തിയാണ്. 

 

പുറപ്പാട് 33:19

അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.

 

റോമർ 9:15

“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.

 

പുറപ്പാടു പുസ്തകത്തിൽ പല പ്രാവശ്യം, മിസ്രയീമിലെ രാജാവായിരുന്ന ഫറവോന്റെ ഹൃദയം കഠിനമായി എന്നു പറയുന്നുണ്ട്. “ഞാൻ (യഹോവ) ഫറവോന്റെ ഹൃദയം കഠിനമാക്കും” എന്നും “അവൻ (ഫറവോൻ) തന്റെ ഹൃദയത്തെ കഠിനമാക്കി” എന്നും പറയുന്നുണ്ട്.  

 

പുറപ്പാടു 7:3

എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.

 

പുറപ്പാട് 8:15

എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

 

ഇതിനെ ഫറവോന്റെ ഹൃദയത്തെ മൃദുലമാക്കുവാൻ ദൈവം ഇടപെട്ടില്ല, അതിനാൽ അത് പ്രകൃത്യാ ദൈവീക പദ്ധതികളോട് കഠിനമായി എന്നു മനസ്സിലാക്കാം. അതുപോലെ തന്നെ, ദൈവീക ഇടപെടലുകളെ ഫറവോൻ എതിർക്കുകയും, അതിനോട് മൽസരിക്കുകയും ചെയ്തു. അങ്ങനെ അവന്റെ ഹൃദയം ദൈവത്തോട് കഠിനമായി.

 

വേദപുസ്തകത്തിൽ ഹൃദയം, കഠിന ഹൃദയം എന്നീ പദങ്ങൾ ഉപയോഗിക്കുന്നത് ഏതെല്ലാം അർത്ഥങ്ങളിൽ ആണ് എന്നതായിരുന്നു ചോദ്യം, അതിന് തൃപ്തികരമായ മറുപടി നല്കി എന്നു കരുതുന്നു. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി ആനുഗ്രഹിക്കട്ടെ. ആമേൻ! 

 

 


No comments:

Post a Comment