സെരുബ്ബാബേലിനോടുള്ള അരുളപ്പാട്

ഇതു ഒരു ചോദ്യത്തിനുള്ള മറുപടിയാണ്. ചോദ്യം ഇതാണ്: സെഖർയ്യാവു 4:6, 7 വാക്യങ്ങളിൽ പറയുന്ന ദൈവീക അരുളപ്പാടിന് പുതിയ നിയമ വിശ്വാസിയുമായി എന്താണ് ബന്ധം?

 

നമുക്ക് ഉത്തരം, ഈ വേദഭാഗം വായിച്ചുകൊണ്ടു ആരംഭിക്കാം.  

 

സെഖർയ്യാവു 4:6-7

അവൻ (സ്വർഗ്ഗീയ ദൂതൻ) എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

 

ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കുവാൻ സെരുബ്ബാബേൽ ആരാണ് എന്നും, ഈ ദൈവീക ആലോചന, സെഖർയ്യാവു പ്രവചകൻ പറഞ്ഞ പശ്ചാത്തലം എന്താണ് എന്നും മനസ്സിലാക്കേണം (Zerubbabel).

 


സെരുബ്ബാബേൽ, യഹൂദ രാജാവായിരുന്ന ദാവീദിന്റെ വംശാവലിയിൽപ്പെട്ട ഒരു യഹൂദൻ ആയിരുന്നു. സെരുബ്ബാബേൽ എന്ന പേരിന്റെ അർത്ഥം, “ബാബേലിന്റെ വിത്ത്” അല്ലെങ്കിൽ “ബാബേലിന്റെ സന്തതി” എന്നാണ് (seed of Babylon/offspring of Babylon). ഇത് യഹൂദന്മാരുടെ ബാബേൽ പ്രവാസ കാലത്താണ് അദ്ദേഹം ജനിച്ചത് എന്നു സൂചിപ്പിക്കുന്നു. അദ്ദേഹത്തെ പേർഷ്യൻ രാജാവായ കോരെശ് യഹൂദയുടെ ഗവർണർ ആയി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് യഹൂദ ദൈവാലയം പുതുക്കി പണിതത്. ഇതിനെ രണ്ടാമത്തെ ദൈവാലയം എന്നു വിളിക്കുന്നു.

 

യഹൂദ ദൈവാലയം പുനർ നിർമ്മിക്കുവാനുള്ള സെരുബ്ബാബേലിന്റെ ശ്രമങ്ങളെ ഹഗ്ഗായി, സെഖർയ്യാവു എന്നിവർ പ്രവചന ദൂതുകളിലൂടെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഈ രണ്ട് പ്രവാചകന്മാരും സെരുബ്ബാബേലിന്റെ സമകാലീകർ ആയിരുന്നു. 

 

ഈ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം ഇങ്ങനെയാണ്:  605 BC യില്‍ ബാബിലോണ്‍ എന്ന രാജ്യം, ഈജിപ്തിനെ ആക്രമിച്ചു കീഴടക്കി. അപ്പോള്‍ യഹൂദ ഈജിപ്തിന് കപ്പം കൊടുക്കുന്ന ആശ്രയ രാജ്യം ആയിരുന്നു. അതിനാല്‍, യഹൂദ ബാബിലോണിന് കപ്പം നല്‍കുന്ന ഒരു പ്രവിശ്യയായി മാറി. ഏകദേശം, 598 BC, 587 BC എന്നീ വര്‍ഷങ്ങളില്‍ യെഹൂദയെ ബാബിലോണ്‍ ആക്രമിക്കുകയും യഹൂദന്മാരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. 586 BC ല്‍ ബാബിലോണ്‍ പൂര്‍ണ്ണമായും യഹൂദ്യയെ കീഴടക്കി. അങ്ങനെ യഹൂദ എന്ന സ്വതന്ത്ര രാജ്യം ഇല്ലാതെ ആയി.

 

എന്നാൽ, BC 538 ല്‍ ബാബിലോണിയന്‍ സാമ്രാജ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യം (പാര്‍സി സാമ്രാജ്യം), കോരെശ് രാജാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു കീഴടക്കി. അങ്ങനെ യഹൂദ്യ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി. കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നതിനാല്‍, അവന്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. അതിനാല്‍, യെരൂശലേം ദൈവാലയം പുതിക്കി പണിയുവാന്‍ യഹൂദന്‍മാര്‍ക്ക് അവന്‍ അധികാരം നല്കി. പ്രവാസത്തിലുള്ളവര്‍ക്ക്  ആലയത്തിന്റെ പണിക്കായി തിരികെ പോകുവാനും അവന്‍ സ്വാതന്ത്ര്യം നല്കി.

 

ദൈവാലയത്തിന്റെ പണികൾക്ക് നേതൃത്വം നല്കുവാൻ, കോരെശ് രാജാവ്, സെരുബ്ബാബേലിനെ യഹൂദ്യയുടെ ഗവർണർ ആയി നിയമിച്ചു എന്നു അനുമാനിക്കപ്പെടുന്നു. സെരുബ്ബാബേലിനെ ഗവർണർ ആയി നിയമിച്ചു എന്നു നേരിട്ട് പറയുന്ന വാക്യം വേദപുസ്തകത്തിൽ ഇല്ല. എന്നാൽ ഇത് സൂചിപ്പിക്കുന്ന വാക്യങ്ങൾ ഉണ്ട്.


ഹഗ്ഗായി 1:1

ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാ ദേശാധിപതിയായി (governor of Judah - ESV) ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ:

 

ഹഗ്ഗായി 2:2

നീ യെഹൂദാ ദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:

 

ഹഗ്ഗായി 2:21

നീ യെഹൂദാ ദേശാധിപതിയായ സെരുബ്ബാബേലിനോടു (governor of Judah - ESV) പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.

 

ഹഗ്ഗായി 2:23

അന്നാളിൽ-സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു-എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 

സെഖർയ്യാവു 4:9

സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.

 

സെരുബ്ബാബേലിനോടുകൂടെ ഏകദേശം അന്‍പതിനായിരത്തോളം യഹൂദന്മാര്‍ സ്വന്ത ദേശത്തേക്കു തിരികെ പോയി. അതിനു ശേഷം വീണ്ടും എസ്രാ, നഹെമ്യാവു എന്നിവരുടെ നേതൃത്വത്തിലും അനേകര്‍ തിരികെ പോയി. അവര്‍ യെരൂശലേമില്‍ എത്തി, ദൈവാലയം പുതുക്കി പണിതു. ഘട്ടം ഘട്ടമായി ആലയത്തിന്റെ പണി 515/516 BC ല്‍ പൂര്‍ത്തിയാക്കി. ഇതിനെ ആണ് രണ്ടാമത്തെ ദൈവാലയം എന്നു വിളിക്കുന്നത്.

 

ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം സെഖർയ്യാവു 4:6-7 വരെയുള്ള വാക്യങ്ങൾ വായിക്കുവാനും മനസ്സിലാക്കുവാനും.

 

യഹൂദ്യയിലേക്ക് തിരികെ വന്ന യഹൂദന്മാർ ഏകദേശം 14 മാസങ്ങൾക്ക് ശേഷം, ദൈവാലയത്തിന്റെ പണികൾ ആരംഭിച്ചു. എന്നാൽ അയൽ രാജ്യങ്ങളിൽ നിന്നുള്ളവർ ആലയത്തിന്റെ പുനർനിർമ്മാണത്തെ എതിർത്തു. ആദ്യം, ആലയം പണിയിൽ അവർകൂടെ പങ്കാളികൾ ആകാം എന്ന നിർദ്ദേശം വച്ചു (എസ്രാ 4:1). എന്നാൽ സെരുബ്ബാബേലും മഹാപുരോഹിതൻ ആയിരുന്ന യേശുവയും ശേഷം യിസ്രായേൽ പിതൃഭവനത്തലവന്മാരും ഇതിനോട് യോജിച്ചില്ല. അതിന് ശേഷം, ശത്രുക്കൾ യഹൂദ ജനത്തെ ഭയപ്പെടുത്തി. അഹശ്വേരോശ് പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജാവായപ്പോൾ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു. (എസ്രാ 4:6). അർത്ഥഹ് ശഷ്ടാ രാജാവിന്റെ കാലത്തും അവർ യഹൂദന്മാർക്ക് എതിരായി രാജാവിന് കത്ത് അയച്ചു. (എസ്രാ 4:7-16). അതിന്റെ അടിസ്ഥാനത്തിൽ ദൈവാലയവും യെരൂശലേം പട്ടണവും പുതുക്കി പണിയുന്നതു നിറുത്തി വയ്ക്കുവാൻ രാജാവ് ഉത്തരവിട്ടു. (എസ്രാ 4:21). അങ്ങനെ പേർഷ്യൻ (പാർസി) രാജാവായ ദാർയ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു. (എസ്രാ 4:24).

 

അപ്പോൾ ആലയത്തിന്റെ അടിസ്ഥാനം മാത്രമേ നിർമ്മിച്ചിരുന്നുള്ളൂ. അത് മുമ്പ് ഉണ്ടായിരുന്ന, ശലോമോൻ നിർമ്മിച്ച ആലയത്തിനെക്കാൾ ചെറുത് ആയിരുന്നു. അതിനാൽ പഴയ ആലയം കണ്ടിട്ടുള്ള വയോധികാരായവർ, പുതിയ ആലയത്തിന്റെ അടിസ്ഥാനം കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി.

 

എസ്രാ 3:12

എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.

 

ഈ സാഹചര്യത്തിൽ ആണ് ഹഗ്ഗായി, സെഖർയ്യാവു എന്നീ പ്രവാചകൻമാർ  ദൈവത്തിന്റെ ദൂത് അറിയിക്കുന്നത്.

 

ഹഗ്ഗായി 2:3-4

നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ? ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 

സെഖർയ്യാവു 4:10

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.

 

ദൈവത്തിന് ആലയത്തെക്കുറിച്ച് വലിയ പദ്ധതികൾ ഉണ്ടായിരുന്നു.

 

സെഖർയ്യാവു 4:9

സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.

അടുത്ത പതിനേഴ് വർഷങ്ങൾ ആലയത്തിന്റെ നിർമ്മണം മുടങ്ങി കിടന്നു. എന്നാൽ, പേർഷ്യൻ രാജാവായ ദാർയ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ അതിന്റെ പണി പുനർ ആരംഭിക്കുവാൻ യഹൂദന്മാർക്ക് അനുവാദം ലഭിച്ചു (എസ്രാ 4:24).

 

എസ്രാ 5:2

അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.

 

അതിനുശേഷം, മൂന്നര വർഷങ്ങൾകൊണ്ട് ആലയത്തിന്റെ ശേഷിച്ച പണികൾ പൂർത്തീകരിച്ചു. ബി. സി. 515/516 ൽ യെരൂശലേമിലെ രണ്ടാമത്തെ ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയായി.

 

ഈ ദുർഘട ഘട്ടത്തിൽ, യഹൂദന്മാരുടെ പ്രത്യാശ നഷ്ടപ്പെടാതെ, അവരോട് ദൈവത്തിന്റെ അരുളപ്പാടുകൾ അറിയിച്ചുകൊണ്ടിരുന്ന പ്രവാചകന്മാർ ആയിരുന്നു, ഹഗ്ഗായി, സെഖർയ്യാവു എന്നിവർ. സെഖർയ്യാവിന് ലഭിച്ച ഒരു സ്വർഗ്ഗീയ ദർശനത്തിൽ അദ്ദേഹം ദൈവത്തിന്റെ ദൂത് ഇങ്ങനെ അറിയിച്ചു:

 

സെഖർയ്യാവു 4:6-9

അവൻ (സ്വർഗ്ഗീയ ദൂതൻ) എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.


സെരുബ്ബാബേലിന്, അയൽ രാജ്യങ്ങളോട് എതിർത്തു നിൽക്കുവാൻ സൈനീക ശക്തി ഇല്ലായിരുന്നു. എന്നാൽ ദൈവാത്മാവിന്റെ ശക്തി ഉണ്ടായിരുന്നു. ശത്രുക്കളെ തോൽപ്പിക്കുവാൻ അത് മതി എന്നു ദൈവം അരുളിച്ചെയ്തു. ശത്രുക്കളുടെ എതിർപ്പിനെ ഇവിടെ ഒരു മഹാപർവ്വതത്തോട് ഉപമിച്ചിരിക്കുന്നു. അത് സമഭൂമിയായി തീരുന്നതുപോലെ ശത്രുക്കളുടെ എതിർപ്പുകളും തടസ്സങ്ങളും നീങ്ങിപ്പോകും. ദൈവാലയത്തിന്റെ പണിക്കായി തറക്കല്ല് ഇട്ട സെരുബ്ബാബേൽ തന്നെ അതിന്റെ നിർമ്മാണം പൂർത്തീകരിക്കും. ഇതായിരുന്നു സെഖർയ്യാവിലൂടെ ദൈവം അറിയിച്ച ദൂത്. ഇത് ബി. സി. 515/516 ൽ ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ നിവർത്തിയായി.

 

സെരുബ്ബാബേലിനോട് അരുളിചെയ്യുന്ന എല്ലാ ദൈവീക ആലോചനകളും യഹൂദ ജനത്തോട് അരുളിചെയ്യുന്ന ദൂതുകൾ ആയി കണക്കാക്കേണം.

 

സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ച രണ്ടാമത്തെ ആലയം, ശലോമോൻ നിർമ്മിച്ച ഒന്നാമത്തെ ആലയത്തെക്കാൾ, ബാഹ്യമായ രീതിയിൽ, ചെറുതായിരുന്നു. എന്നാൽ അത് ഒന്നാമത്തെ ആലയത്തെക്കാൾ കൂടുതൽ ശ്രേഷ്ഠത ഉള്ളതായി മാറി. രണ്ടാമത്തെ ആലയം അടുത്ത 500 വർഷങ്ങൾ നിലനിന്നു. ഈ ആലയം പിന്നീട് ഹെരോദ രാജാവ് പുതുക്കി പണിതു. അതിലേക്കാണ് യേശുക്രിസ്തു പ്രവേശിച്ചത്. അങ്ങനെ അത് കൈപ്പണിയായ മറ്റ് എല്ലാ ആലയങ്ങളെക്കാളും ശ്രേഷ്ഠതയുള്ളത് ആയി മാറി.

 

ഹഗ്ഗായി 2:9

ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 

ഇതെല്ലാം ആണ് ഹഗ്ഗായി, സെഖർയ്യാവു എന്നിവരുടെ പ്രവചനങ്ങളുടെ ചരിത്ര പശ്ചാത്തലം. ഈ പ്രവചനങ്ങൾ, ആലയം നിർമ്മിക്കുന്ന സെരുബ്ബാബേലിനോടും, അവന്റെ സഹപ്രവർത്തകരോടും, യഹൂദ ജനത്തോടും ഉള്ള ദൂത് ആണ്. ഇത് യഹൂദ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ആണ്. ഇതിൽ പുതിയനിയമ വിശ്വാസികൾക്ക് യാതൊരു പങ്കും, ഓഹരിയും, ദൂതും ഇല്ല. ഇത് പുതിയനിയമ വിശ്വാസികളോടുള്ള ദൈവീക അരുളപ്പാടോ, വാഗ്ദത്തമോ അല്ല. ഇതിനെ പുതിയനിയമ വിശ്വാസികളോടുള്ള അരുളപ്പാടായി വ്യാഖ്യാനിക്കുന്നത്, ചരിത്രപരവും സാന്ദർഭികവും ആയി ശരിയായ രീതി അല്ല. 

 


No comments:

Post a Comment