ഉയിർപ്പിന്റെ പ്രാധാന്യം
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് ക്രിസ്തീയ
വിശ്വാസത്തിന്റെ കേന്ദ്രമാണ്. ഉയിർപ്പ് ഇല്ല എങ്കിൽ ക്രിസ്തീയ വിശ്വാസം
ഇല്ലാതെയാകും. യേശുക്രിസ്തുവിന്റെ മരണം ആണ് ഒരുവന്റെ പാപ പരിഹാരം സാദ്ധ്യമാക്കിയത്.
എന്നാൽ ഉയിർപ്പ് ഇല്ലായെങ്കിൽ മരണം എന്നത് മൂല്യമില്ലാത്ത ഒരു ആശയം ആകും. ഉയിർപ്പ് സത്യം അല്ലായെങ്കിൽ,
ക്രിസ്തീയ വിശ്വാസം ലോകത്തിലെ ഏറ്റവും വലിയ കെട്ടുകഥയായി തീരും.
യാക്കോബിന്റെ ലേഖനമാണ് പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകം. അത് AD 44-49 വർഷങ്ങളിൽ എഴുതി. പൌലൊസ് ഗലാത്യർക്ക് എഴുതിയ ലേഖനം രചിക്കുന്നത് 49-50 കളിൽ ആണ്. കൊരിന്ത്യര്ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം AD 53-55 കാലഘട്ടത്തിൽ പൌലൊസ് എഫെസൊസില് വച്ച് എഴുതിയതാണ്. കൊരിന്ത്യര്ക്കുള്ള രണ്ടാമത്തെ ലേഖനം AD 55 ലോ 56 ലോ മക്കെദോന്യയിൽ വച്ചു എഴുതി. മർക്കോസും, മത്തായിയും സുവിശേഷ ഗ്രന്ഥങ്ങൾ എഴുതുന്നതു AD 50-60 കളിലും, ലൂക്കോസ് 60-61 വർഷങ്ങളിലും ആണ്. അതായത് മത്തായി, മർക്കോസ് എന്നിവർ സുവിശേഷ ഗ്രന്ഥങ്ങൾ എഴുതിയതിനോടൊപ്പമോ, അതിന് മുമ്പോ കൊരിന്ത്യർക്കുള്ള ലേഖനങ്ങൾ എഴുതപ്പെട്ടു. അതിനാൽ യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി എഴുതുന്നതു അപ്പൊസ്തലനായ പൌലൊസ് ആണ് എന്നു ചില വേദ പണ്ഡിതന്മാർ വിശ്വസിക്കുന്നു.