റോമർ 6:14 ൽ പൌലൊസ് എഴുതി, “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണം, ദൈവകൃപ എന്നിവയുടെ കർത്തൃത്വം ആണ് ഇവിടെ അദ്ദേഹത്തിന്റെ വിഷയം. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ കൽപ്പന ലംഘനം എന്ന പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. ഇതെല്ലാം ആയിരുന്നു 6 ആം അദ്ധ്യായത്തിലെ മുഖ്യ വാദങ്ങൾ.
റോമർ 7:1-6 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു. വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നവർ അവനോടൊപ്പം ക്രൂശിൽ മരിച്ചിരിക്കുന്നു. ഈ മരണം ഒരു പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കുന്നു. വിവാഹ നിയമങ്ങളെ ഉദാഹരണമായി എടുത്തുകൊണ്ട് പൌലൊസ് ഈ വാദം സമർത്ഥിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, അവനോടുള്ള ബന്ധത്തിൽ അവൾ സ്വതന്ത്രയായി. ഇതുപോലെ ക്രിസ്തുവിനോടൊപ്പം ഉള്ള മരണത്താൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.