റോമർ 6:14 ൽ പൌലൊസ് എഴുതി, “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ന്യായപ്രമാണം, ദൈവകൃപ എന്നിവയുടെ കർത്തൃത്വം ആണ് ഇവിടെ അദ്ദേഹത്തിന്റെ വിഷയം. കൽപ്പന ലംഘനത്തിന് ഹേതുവായ ന്യായപ്രമാണത്തിന് ഇപ്പോൾ നമ്മളുടെ മേൽ ആധിപത്യം ഇല്ല. പ്രമാണത്തിന് അധീനർ അല്ലാത്തതിനാൽ. അതിനാൽ പാപം ചെയ്യുന്നില്ല. നമ്മൾ ഇപ്പോൾ ദൈവകൃപയ്ക്ക് അധീനർ ആണ്. അതിനാൽ കൽപ്പന ലംഘനം എന്ന പാപത്തിന് നമ്മളുടെ മേൽ ഒരു യജമാനനെപ്പോലെ അധികാരം നടത്തുവാൻ കഴിയുക ഇല്ല. ഇതെല്ലാം ആയിരുന്നു 6 ആം അദ്ധ്യായത്തിലെ മുഖ്യ വാദങ്ങൾ.
റോമർ 7:1-6 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതിൽ നിന്നും സ്വതന്ത്രർ ആയിരിക്കുന്നു എന്നു പൌലൊസ് വിശദീകരിക്കുന്നു. വിശ്വാസത്താൽ ക്രിസ്തുവിനോടു ചേർന്നവർ അവനോടൊപ്പം ക്രൂശിൽ മരിച്ചിരിക്കുന്നു. ഈ മരണം ഒരു പുതിയ ജീവിതത്തിലേക്ക് അവരെ നയിക്കുന്നു. വിവാഹ നിയമങ്ങളെ ഉദാഹരണമായി എടുത്തുകൊണ്ട് പൌലൊസ് ഈ വാദം സമർത്ഥിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, അവനോടുള്ള ബന്ധത്തിൽ അവൾ സ്വതന്ത്രയായി. ഇതുപോലെ ക്രിസ്തുവിനോടൊപ്പം ഉള്ള മരണത്താൽ ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.
ന്യായപ്രമാണത്തിൽ
നിന്നുള്ള സ്വാതന്ത്ര്യം
റോമർ 7 ആം അദ്ധ്യായം ആരംഭിക്കുന്നത്, എങ്ങനെയാണ് നമ്മൾ
ന്യായപ്രമാണത്തിൽ നിന്നും സ്വതന്ത്രർ ആയത് എന്നു വിശദീകരിച്ചുകൊണ്ടാണ്.
7:1 ൽ പൌലൊസ് സംസാരിക്കുന്നത് ന്യായപ്രമാണം അറിയാവുന്ന യഹൂദ
ക്രിസ്തീയ വിശ്വാസികളോട് ആണ്. റോമിലെ സഭയിൽ ഉണ്ടായിരുന്ന ജാതീയ പശ്ചാത്തലത്തിൽ
നിന്നും വന്ന ക്രിസ്തീയ വിശ്വാസികൾക്കും ന്യായപ്രമാണത്തെക്കുറിച്ച് അറിവ്
ഉണ്ടായിരുന്നു ശരിയായി അനുമാനിക്കാം. എന്നാൽ അദ്ദേഹം തുടർന്നു പറയുന്ന വിഷയം യഹൂദ
ക്രിസ്തീയ വിശ്വാസികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതാണ്. ക്രിസ്തുവിന്റെ
സുവിശേഷം പൂർണ്ണമായും അനുസരിച്ചാൽ അവർ ന്യായപ്രമാണത്തെ ഉപേക്ഷിക്കേണ്ടി വരുമോ
എന്നൊരു ആശങ്ക യഹൂദ ക്രൈസ്തവർക്ക് ഉണ്ടായിരുന്നു. ന്യായപ്രമാണം ഉപേക്ഷിക്കുക
എന്നാൽ ദൈവത്തോടുള്ള വിശ്വസ്തത ഉപേക്ഷിക്കുക എന്നാണ് യഹൂദന്മാർ കരുതിയിരുന്നത്. എന്നാൽ
6:14 ൽ തന്നെ പൌലൊസ് ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ
അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.” ഇതിന്റെ വിശദീകരണം
അദ്ദേഹം ആരംഭിക്കുന്നത്, “മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും
ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?” എന്നു ചോദിച്ചു കൊണ്ടാണ് (7:1). ഇതിന്റെ അർത്ഥം, ഒരു
മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്ത് മാത്രമേ ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം
ഉണ്ടായിരിക്കുക ഉള്ളൂ. അവൻ മരിച്ചാൽ അവൻ ന്യായപ്രമാണത്തിന്റെ കർത്തൃത്വത്തിൽ
നിന്നും സ്വതന്ത്രൻ ആയി. അവൻ ഇപ്പോൾ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ കർത്തൃത്വത്തിൽ
ആയിരിക്കുന്നു. അതായത് അവൻ ന്യായപ്രമാണത്തിന് മരിച്ചവൻ ആണ്. അതിനാൽ ന്യായപ്രമാണത്തിന്
ഇനി അവന്റെമേൽ കർത്തൃത്വം ഇല്ല. തുടർന്നുള്ള വാക്യങ്ങളിൽ അദ്ദേഹം ഈ വാദത്തെ
വിശദീകരിക്കുന്നു.
ഇതിനായി, 7:2-3 വാക്യങ്ങളിൽ വിവാഹം എന്ന ആശയത്തെ അദ്ദേഹം
ഉദാഹരണമായി എടുക്കുന്നു. വിവാഹ ബന്ധത്തിൽ, ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്ത് വിവാഹിതയായ
സ്ത്രീ, അവരുടെ ഭർത്താവുമായി പ്രമാണ പ്രകാരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അവനെ
ഉപേക്ഷിച്ച് മറ്റൊരുവനെ ഭർത്താവായി സ്വീകരിക്കുവാൻ പ്രമാണം അവളെ
അനുവദിക്കുന്നില്ല. അഥവാ, ഭർത്താവ് ജീവിച്ചിരിക്കെ മറ്റൊരുവനെ സ്വീകരിച്ചാൽ അവൾ
വ്യഭിചാരിണി ആകും. എന്നാൽ ഭർത്താവ് മരിച്ചാൽ അവൾ ആ ബന്ധത്തിൽ നിന്നും
സ്വതന്ത്രയായി. അവൾ വിവാഹം സംബന്ധിച്ച ന്യായപ്രമാണത്തിൽ നിന്നും സ്വതന്ത്രയായി.
അതിന് ശേഷം അവൾക്ക് മറ്റൊരുവനെ ഭർത്താവായി സ്വീകരിക്കാം.
മരണം ഒരുവന്റെ അപ്പോഴത്തെ ജീവിതത്തിന്റെയും ബന്ധങ്ങലുടെയും അന്ത്യം
ആണ്. രക്ഷിക്കപ്പെടുമ്പോൾ പാപിയായ പഴയ മനുഷ്യൻ മരിക്കുന്നു. അത് അവന്റെ അന്ത്യം
ആണ്. പാപവുമായുള്ള അവന്റെ ബന്ധവും അവസാനിക്കുന്നു. ഇനി ജീവിക്കുന്നത് ക്രിസ്തുവിൽ
പുതിയ മനുഷ്യൻ ആണ്. അതുപോലെ തന്നെ, ന്യായപ്രമാണം സംബന്ധിച്ച് മരിച്ചവർക്ക് ഇനി അതിന്റെ
അടിമത്തത്തിൽ ഉള്ള ഒരു ബന്ധമോ ജീവിതമോ ഇല്ല. അവർ സ്വതന്ത്രർ ആയി.
യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെട്ടവർ ന്യായപ്രമാണം സംബന്ധിച്ച്
മരിച്ചിരിക്കുന്നു. അവർ ക്രിസ്തുവിൽ ദൈവകൃപയ്ക്ക് ദാസൻമാർ ആയിരിക്കുന്നു. അതിനാൽ
ഇനി ന്യായപ്രമാണം അല്ല, ദൈവകൃപയാണ് അവരിൽ വാഴുന്നത്. ക്രിസ്തീയ വിശ്വാസികൾ ഇനി
മോശെയുടെ ന്യായപ്രമാണം അനുസരിക്കേണ്ടതില്ല.
ഈ ഉദാഹരണത്തിൽ, ഭർത്താവ് മരിച്ചു കഴിയുമ്പോൾ ആണ് ഭാര്യ സ്വതന്ത്ര
ആകുന്നത്. എന്നാൽ ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ അവന്റെ പഴയ മനുഷ്യൻ ആണ് മരിക്കുന്നത്.
ന്യായപ്രമാണത്തിന് അടിമ ആയിരുന്ന പാപിയായിരുന്ന പഴയ മനുഷ്യൻ മരിച്ചു. ന്യായപ്രമാണം
അവിടെതന്നെ ഉണ്ട്. എങ്കിലും, പുതിയ മനുഷ്യന് ന്യായപ്രമാണത്തോട് ബന്ധമില്ല. അവൻ
സ്വതന്ത്രൻ ആണ്.
റോമർ 7:4 ൽ വിവാഹ ബന്ധത്തിന്റെ സാദൃശ്യം അവസാനിക്കുന്നു. യേശുക്രിസ്തുവിൽ
വിശ്വസിച്ചു രക്ഷിക്കപ്പെട്ടവർ പുതിയനിയമത്തിന്റെ പ്രമാണ പ്രകാരം ക്രിസ്തുവിന് ബന്ധിക്കപ്പെട്ടിരിക്കുന്നു.
നമ്മൾ ദൈവത്തിന് ഫലം കായ്ക്കുമാറ്, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ
ക്രിസ്തുവിന് ആയിതീർന്നിരിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ശരീരം മുഖാന്തിരം
ന്യായപ്രമാണം സംബന്ധമായി മരിച്ചിരിക്കുന്നു.
റോമർ 7 ആം അദ്ധ്യായത്തിന് മുമ്പ് തന്നെ പാപം,
ന്യായപ്രമാണം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൌലൊസ് എഴുതിയിരുന്നു. റോമർ 5:20
ൽ അദ്ദേഹം എഴുതി, “എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ
ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം
വർദ്ധിച്ചു”. 7:5 ൽ അദ്ദേഹം പറയുന്നത്, “നാം ജഡത്തിലായിരുന്നപ്പോൾ
ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ
അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.”
അതായത്, നമ്മൾ ജഡത്തിൽ ആയിരുന്നപ്പോൾ ന്യായപ്രമാണത്താൽ
പാപരാഗങ്ങൾ ഉളവായിരുന്നു. അവ നമ്മളുടെ അവയവങ്ങളിൽ പ്രവർത്തിച്ചു. ഇതിന്റെ ഫലം മരണം
ആയിരുന്നു. എന്നാൽ രക്ഷിക്കപ്പെട്ടത്തിന് ശേഷം നമ്മൾ ന്യായപ്രമാണം സംബന്ധിച്ചു
മരിച്ചിരിക്കുന്നു. അങ്ങനെ ന്യായപ്രമാണത്തിൽ നിന്നു സ്വതന്ത്രർ ആയിരിക്കുന്നു. അതിനാൽ
ഇനി ന്യായപ്രമാണത്തിനോ, പാപത്തിനോ നമ്മളെ പിടിച്ചടക്കുവാൻ കഴിയുക ഇല്ല. ഇനി പഴയ
എഴുതപ്പെട്ട പ്രമാണങ്ങളുടെ രീതിയിൽ അല്ല, പരിശുദ്ധ ആത്മാവിന്റെ പുതുക്കത്തിൽ ദൈവത്തെ
സേവിക്കുവാൻ നമുക്ക് കഴിയും (7:6).
7:6 ആം വാക്യത്തിലെ “സേവിക്കേണ്ടതിന്നു” എന്നതിന്റെ
ഗ്രീക്ക് പദം “ടുലൂഒ” എന്നതാണ് (douleuō, dool-yoo'-o). ഈ വാക്കിന്റെ അർത്ഥം, ഒരു അടിമയെപ്പോലെ സേവിക്കുക, എന്നാണ് (to be
a slave, serve, do service). രക്ഷിക്കപ്പെട്ടവർ ഏഴുതപ്പെട്ട
പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അല്ല, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൽ ദൈവത്തെ ഒരു
ദാസൻ എന്നപോലെ സേവിക്കേണം. ഇവിടെ ദൈവത്തെ സേവിക്കുന്നതിന്റെ പ്രമാണം
പരിശുദ്ധാത്മാവിന്റെ പ്രമാണം ആണ്. ഇതിനായി നമ്മൾ ന്യായപ്രമാണത്തിൽ നിന്നും
സ്വതന്ത്രർ ആയി.
ന്യായപ്രമാണവും
പാപവും
7:7 ആം വാക്യം ഒരു ചോദ്യമാണ്. ഉത്തരവും ഈ വാക്യത്തിൽ
തന്നെയുണ്ട്. “ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ?
ഒരുനാളും അരുതു.” പൌലൊസിന്റെ വാദങ്ങൾ ന്യായപ്രമാണം പാപമാണ് എന്നല്ല.
ന്യായപ്രമാണം തിന്മ അല്ല എന്നു അദ്ദേഹം ഉറപ്പിച്ചു പറയുന്നു. “ഒരുനാളും അരുതു”
എന്ന വാക്കുകൾ, അങ്ങനെയാകുവാൻ യാതൊരു സാധ്യതയും ഇല്ല എന്ന ഉറപ്പ് നല്കുന്നു. ഒരിക്കലും
അല്ല, എന്ന അർത്ഥമാണ് അതിനുള്ളത് (റോമർ 3:3). എന്നാൽ മനുഷ്യൻ പാപത്തെ
തിരിച്ചറിഞ്ഞത് ന്യായപ്രമാണത്താൽ ആണ്. ന്യായപ്രമാണം പറഞ്ഞില്ലായിരുന്നു എങ്കിൽ നമ്മൾ
ഒരു പാപത്തെയും അറിയുക ഇല്ലായിരുന്നു. പാപം എന്താണ്, എന്തെല്ലാം
പാപം ആണ് എന്നു ന്യായപ്രമാണം നമ്മൾക്ക് ചൂണ്ടിക്കാണിച്ചുതന്നു. ഇത്
വിശദീകരിക്കുവാനായി പത്ത് കൽപ്പനകളിൽ അവസാനത്തെ കൽപ്പന ഉദാഹരണമായി പൌലൊസ് എടുക്കുന്നു.
“കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു. ” (പുറപ്പാടു 20:17, ആവർത്തനം 5:21).
ഈ കൽപ്പന ലഭിക്കും വരെ മോഹത്തെ പാപമായി തിരിച്ചറിഞ്ഞില്ല. കൽപ്പന ലഭിച്ചപ്പോഴോ
സകലവിധ മോഹങ്ങളും പാപമായി തീർന്നു. ഇങ്ങനെ കൽപ്പന പാപത്തിന് അവസരം കൊടുത്തു.
അതിനാൽ ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു എന്നു പറയാം (7:8). കാരണം
നിലവിൽ ഇല്ലാത്ത കൽപ്പനകൾ ആരും ലംഘിക്കുന്നില്ല. അതിനാൽ ന്യായപ്രമാണം നല്ലതാണ്.
അത് പാപം എന്താണ് എന്നു നമ്മളോട് പറയുന്നു.
ഇവിടെ സംഘർഷത്തിൽ ആകുന്ന രണ്ട് ആശയങ്ങൾ ഉണ്ട്. പാപം
ചെയ്യുവാനുള്ള ചായ് വ് മനുഷ്യരുടെ മലിനീകരിക്കപ്പെട്ട (depraved) ശരീരത്തിൽ ഉണ്ട്. പ്രമാണങ്ങളെ ലംഘിക്കുക എന്നത് അവന്റെ പ്രകൃതിയാണ്.
അതിനാൽ അവൻ പാപം ചെയ്യുന്നു. ന്യായപ്രമാണത്തിന് മുമ്പും അതെല്ലാം പാപം തന്നെ
ആയിരുന്നു. എന്നാൽ ദൈവത്തിന്റെ പ്രമാണം വന്നപ്പോൾ, പ്രമാണ ലംഘനം ഉണ്ടായി. ലംഘനങ്ങൾ
പാപമായി. മലിനമായ പ്രവർത്തികളെക്കുറിച്ച്, അത് പാപമാണ് എന്ന നിലയിൽ അവൻ മുമ്പ്
ബോധവാന്മാർ ആയിരുന്നില്ല. ഈ അർത്ഥത്തിൽ ആണ് 7:8 ആം വാക്യം പൌലൊസ് ഇങ്ങനെ എഴുതിയത്,
“ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു.” ന്യായപ്രമാണത്തിന് മുമ്പും പാപം
ഉണ്ടായിരുന്നു, എന്നാൽ മനുഷ്യർക്ക് അതിനെക്കുറിച്ച് ബോധ്യം വരാതെ, അത്
നിർജ്ജീവമായിരുന്നു. ഇത് തന്നെയാണ് 5:13 ലും അദ്ദേഹം എഴുതിയത്, “പാപമോ
ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ
ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.”
വീണ്ടും ജനനം പ്രാപിക്കുന്നതിന് മുമ്പ് മനുഷ്യർ
ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു (7:9). അവൻ പ്രമാണങ്ങളെക്കുറിച്ച് അറിവില്ലാത്തവനായി
ജീവിച്ചു. ആ കാലയളവിൽ പാപം നിർജ്ജീവമായിരുന്നു. കൽപ്പനകൾ ലഭിച്ചപ്പോൾ പാപം വീണ്ടും
ജീവിച്ചു. പാപം മനുഷ്യരെ നിയന്ത്രിക്കുവാൻ തുടങ്ങി. അതിന്റെ ഫലമായി മനുഷ്യൻ
മരിക്കുകയും ചെയ്തു. ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം ജീവൻ നല്കുക എന്നത് ആയിരുന്നു
എങ്കിലും, അത് പാപം ചെയ്തു ജീവിച്ച മനുഷ്യർക്ക് മരണ ഹേതു ആയി. എല്ലാ മനുഷ്യരും
പാപത്തിൽ ജീവിച്ചതിനാൽ എല്ലാവരും അതിനാൽ മരിച്ചു. കൽപ്പനകൾ പാപത്തിന് അവസരം നല്കി.
അതിനാൽ പാപം അവരെ ചതിക്കയും കൊല്ലുകയും ചെയ്തു (7:10-11).
11 ആം വാക്യത്തിലെ, “പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ
ചതിക്കയും കൊല്ലുകയും ചെയ്തു.” എന്ന വാക്കുകൾ സൈന്യവുമായും, യുദ്ധവുമായും
ബന്ധപ്പെട്ട ഒരു പ്രയോഗം ആണ്. “അവസരം” എന്നതിന്റെ ഗ്രീക്ക് പദം, “അഫാർമെ” എന്നാണ്
(aphormē, af-or-may'). ഒരു സൈന്യത്തിന് ശത്രുക്കളെ ആക്രമിക്കുവാനായി
തമ്പ് അടിക്കുവാൻ യോജിച്ച സ്ഥലത്തെക്കുറിച്ചാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. സൈന്യത്തിന്റെ
താവളം എന്നും അർത്ഥം പറയാം (a place from which a movement or attack is
made, a base of operations). ഇവിടെ നമ്മളുടെ ശത്രുവായ പാപത്തിന്
നമ്മളെ ആക്രമിക്കുവാൻ ന്യായപ്രമാണം ഒരു താവളം കൊടുത്തു.
പൌലൊസ് ഈ വാക്യങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ പഴയ കാലഘട്ടത്തേക്കുറിച്ചാണ്
പറയുന്നത് എന്നു ചില വേദപണ്ഡിതന്മാർ കരുതുന്നു. “ഞാൻ” എന്നത് പൌലൊസിനെ കുറിച്ചാണ്
എന്നാണ് അവരുടെ വാദം. ദൈവീക കൽപ്പനകളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം ഇല്ലാതിരുന്ന
കാലത്ത് പാപത്തെക്കുറിച്ചും തിരിച്ചറിവ് ഇല്ലായിരുന്നു. എന്നാൽ കൽപ്പനകളെ
അറിഞ്ഞപ്പോൾ പാപത്തെ തിരിച്ചറിയുകയും, അദ്ദേഹം ആത്മീയമായി മരിക്കുകയും ചെയ്തു.
അതായത് കൽപ്പനകൾ ആണ് പാപത്തേക്കുറിച്ചുള്ള ബോധ്യം പൌലൊസിന് നല്കിയത്. അങ്ങനെ ജീവനായുള്ള
കല്പന അദ്ദേഹത്തിന് മരണ ഹേതുവായിത്തീർന്നു. ആക്രമിക്കുവാൻ അവസരം കാത്ത് നിന്ന ശത്രുവിനെപ്പോലെ,
കൽപ്പനകൾ എന്ന താവളത്തിൽ നിന്നും പാപം അദ്ദേഹത്തെ ആക്രമിച്ചു. പാപം അദ്ദേഹത്തെ
ചതിക്കുകയും ആത്മീയമായി കൊല്ലുകയും ചെയ്തു.
ഇവിടെ ന്യായപ്രമാണം ഇല്ലാതിരുന്ന കാലത്ത് പാപം
ഇല്ലായിരുന്നു എന്നല്ല പൌലൊസ് പറയുന്നത്. എന്നാൽ ആ കാലയളവിൽ മനുഷ്യർ
പാപത്തേക്കുറിച്ച് ബോധവാന്മാർ ആയിരുന്നില്ല. ന്യായപ്രമാണം ദൈവത്തിൽ നിന്നും ലഭിച്ച
നല്ല ദാനമാണ്. ന്യായപ്രമാണം മുഴുവൻ അനുസരിച്ചു ജീവിക്കുന്നവൻ അത് മൂലം
നീതീകരിക്കപ്പെടും (7:12).
റോമർ 2:13
ന്യായപ്രമാണം
കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം
ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
ലേവ്യപുസ്തകം
18:5
ആകയാൽ എന്റെ
ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ
അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
ആവർത്തനം 6:25
നമ്മുടെ ദൈവമായ
യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ
തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.
എന്നാൽ മനുഷ്യർ കൽപ്പനകൾ ലംഘിക്കുന്നു എന്നതിനാൽ, ന്യായപ്രമാണത്തിലൂടെ
നീതീകരിക്കപ്പെടും എന്നില്ല. മനുഷ്യർ പാപികൾ ആണ് എന്ന ബോധ്യം അവർക്ക് ഉണ്ടാകുവാൻ ന്യായപ്രമാണം
നല്ലതാണ്. അവർ ആത്മീയമായി മരിച്ചവർ ആണ് എന്നും, കൽപ്പനകൾ പാലിച്ചുകൊണ്ട്
പ്രവർത്തിയാൽ ഒരിക്കലും മനുഷ്യർക്ക് നീതീകരണം പ്രാപിക്കുവാൻ സാദ്ധ്യമല്ല എന്നും
ന്യായപ്രമാണം നമുക്ക് ബോധ്യം വരുത്തി.
പാപം ചതിക്കുകയും കൊല്ലുകയും ചെയ്യുന്നു
7:11 ൽ പൌലൊസ് പറയുന്നത്, “പാപം അവസരം ലഭിച്ചിട്ടു
കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.” പാപം കൽപ്പനയാൽ അദ്ദേഹത്തെ
അല്ലെങ്കിൽ മനുഷ്യരെ ചതിക്കുക ആയിരുന്നു. ഈ വാക്യത്തിന് ഉൽപ്പത്തിയിലെ ഏദൻ
തോട്ടത്തിലെ സംഭവങ്ങളോട് സാമ്യം ഉണ്ട്. ദൈവം ആദ്യമായി മനുഷ്യന് കൽപ്പന കൊടുക്കുന്നത്
ഏദൻ തോട്ടത്തിൽ ആണ്. അവിടെ അവൻ ആദാമിനോട് ഇങ്ങനെ കൽപ്പിച്ചു.
ഉൽപ്പത്തി
2:16-17
യഹോവയായ ദൈവം
മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക്
ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം
തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.
ദൈവത്തിന്റെ ഈ കൽപ്പനയാണ് ആദാമും ഹവ്വയും ലംഘിച്ചത്. കൽപ്പന
ലംഘനത്താൽ പാപവും മരണവും ഭൂമിയിൽ കടന്നുവന്നു. അവർ ദൈവീക കൽപ്പന ലംഘിച്ചത് സാത്താൻ
അവരെ വഞ്ചിച്ചതിനാൽ ആണ്.
ഉൽപ്പത്തി 3:13
യഹോവയായ ദൈവം
സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ
തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
2 കൊരിന്ത്യർ
11:3
എന്നാൽ സർപ്പം
ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും
നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
1 തിമൊഥെയൊസ്
2:14
ആദാം അല്ല, സ്ത്രീ
അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.
വെളിപ്പാട് 12:9
ഭൂതലത്തെ മുഴുവൻ
തെറ്റിച്ചുകളയുന്ന (the deceiver of the whole world - ESV) പിശാചും
സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
സമാനമായി ന്യായപ്രമാണം വന്നപ്പോൾ, പാപം മനുഷ്യരെ ചതിക്കയും,
അവർ കൽപ്പന ലംഘിക്കുകയും ചെയ്തു. അങ്ങനെ അവർ ആത്മീയമായി കൊല്ലുപ്പെട്ടവർ ആയി.
ന്യായപ്രമാണം
വിശുദ്ധം
ന്യായപ്രമാണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ
7:12-13 വാക്യങ്ങളിൽ കൂടുതൽ വിശദീകരിക്കുന്നു. 7:12 ആം വാക്യത്തിൽ പൌലൊസ്,
ന്യായപ്രമാണം വിശുദ്ധവും ന്യായവും നല്ലതും തന്നെ
എന്നു പറയുന്നു (holy and righteous and good - ESV). 13 ആം വാക്യത്തിൽ നന്മയായ ന്യായപ്രമാണം അദ്ദേഹത്തിന് മരണ കാരണമായിത്തീർന്നു
എന്നോ, എന്നു ചോദിക്കുന്നു. വിശുദ്ധവും, ന്യായവും, നല്ലതും ആയ ന്യായപ്രമാണം മനുഷ്യർക്ക് മരണ ഹേതുവായി തീർന്നുവോ, എന്നതാണ്
ചോദ്യം. ഉത്തരം അദ്ദേഹം തന്നെ പറയുന്നു, “ഒരുനാളും അരുതു”. യാതൊരു വിധത്തിലും,
ന്യായപ്രമാണത്തെ മരണത്തിന് ഹേതുവായി വ്യാഖ്യാനിക്കുവാൻ സാദ്ധ്യമല്ല എന്നാണ് പൌലൊസ്
പറയുന്നത്. അതിനാൽ അങ്ങനെയുള്ള വ്യാഖ്യാനത്തിനുള്ള സാദ്ധ്യത ഇവിടെ അവസാനിക്കുന്നു.
ന്യായപ്രമാണം വിശുദ്ധവും, ന്യായവും നല്ലതും തന്നേ. അത്
വിശുദ്ധനും നീതീമാനും ആയ ദൈവമാണ് മനുഷ്യർക്ക് നല്കിയത്. അവ മനുഷ്യർ നീതീയോടെ
ജീവിക്കുവാൻ വേണ്ടി നല്കിയതാണ്. അതിനാൽ ന്യായപ്രമാണം നല്ലത് തന്നെ എന്നു പൌലൊസ്
പറയുന്നു. അത് ഒരിക്കലും മരണത്തിന് ഹേതു ആകുന്നില്ല. പാപം ആണ് മരണത്തെ
ഉളവാക്കുന്നത്. പാപം ന്യായപ്രമാണത്തെ മരണത്തിന് ഹേതുവായി ഉപയോഗിക്കുന്നു. നന്മയായി
തീരേണ്ടതിനെ അത്യധികം തിന്മയാകുവാൻ തക്കവണ്ണം പാപം അതിനെ ഉപയോഗിക്കുന്നു.
പാപം മരണമായി തീർന്നു. നന്മയായ ന്യായപ്രമാണം മൂലം മരണം
ഉളവായി. കാരണം പാപം എന്താണ് എന്നു ന്യായപ്രമാണം തെളിയിച്ചു തന്നു. കൽപ്പനകൾ
മനുഷ്യരെ അത്യന്തം പാപമുള്ളവരായി തീർത്തു. കാരണം കൽപ്പനകൾ മനുഷ്യർക്ക് പാലിക്കുവാൻ
കഴിഞ്ഞില്ല.
ന്യായപ്രമാണം പാപം ആണ് എന്നു പൌലൊസ് ഒരിക്കലും
പഠിപ്പിച്ചിട്ടില്ല. മനുഷ്യരിൽ അതിന് മുമ്പേ ഉണ്ടായിരുന്ന പാപത്തെ അവർ എങ്ങനെ
തിരിച്ചറിഞ്ഞു എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. നമ്മൾ പാപികളാണ്, പാപത്തിൽ
ആത്മീയമായി മരിച്ചവർ ആണ്, ദൈവത്തിൽ നിന്നും വേർപ്പെട്ടവർ ആണ്, എന്നീ കാര്യങ്ങൾ ന്യായപ്രമാണം
നമ്മളെ ബോധ്യപ്പെടുത്തുന്നു. നമ്മളെ നീതി ഉള്ളവരായി കാണുന്നതിന് പകരം നമ്മളുടെ
മലിനത (depravity) ന്യായപ്രമാണം വെളിപ്പെടുത്തുന്നു. നമ്മൾ പാപികൾ ആയതിനാൽ നമുക്ക് പാപ
മോചനം ആവശ്യമുണ്ട്.
അതിനാൽ, ദൈവത്തിന്റെ കൽപ്പനകൾ എല്ലാം വിശുദ്ധവും, നീതിയും, നന്മയുമാണ്
എന്നു പൌലൊസ് വ്യക്തമായി പറയുന്നു. ദൈവത്തിൽ നിന്നും യിസ്രായേൽ ജനത്തിന് ലഭിച്ച
ഏറ്റവും വലിയ ദാനം ആണ് ന്യായപ്രമാണങ്ങൾ. നീതിയോടെ ജീവിക്കുവാൻ ആവശ്യമായ പ്രമാണങ്ങൾ
ആണ് അവയെല്ലാം. ദൈവത്തിന്റെ വിശുദ്ധിയ്ക്കു ഒത്തവണ്ണമുള്ള ജീവിതം എന്താണ് എന്നു
ന്യായപ്രമാണത്തിലൂടെ ദൈവം വെളിപ്പെടുത്തി. അത് ദൈവത്തിന്റെ ഹൃദയ ചിന്തകളുടെ
വെളിപ്പെടുത്തൽ ആണ്. എന്നാൽ ആദാമിന്റെ പാപത്താൽ സമ്പൂർണ്ണമായി മലിനമാക്കപ്പെട്ട
മനുഷ്യർക്ക് ദൈവീക കൽപ്പനകൾ അനുസരിക്കുവാൻ കഴിഞ്ഞില്ല. അതിനാൽ അവർ പാപികളും, രക്ഷ
ആവശ്യമുള്ളവരും ആയി.
7:14 ൽ പൌലൊസ് പറയുന്നു, ന്യായപ്രമാണം ആത്മീയം ആണ്. അത്
ദൈവത്തിൽ നിന്നും പുറപ്പെട്ട് വന്നതാണ്. ദൈവത്തിന്റെ വിശുദ്ധിയുടെ വെളിപ്പെടുത്തൽ
ആണ്. എന്നാൽ മനുഷ്യർ ജഡീകർ ആണ്. കാരണം മനുഷ്യർ പാപത്തിന് ദാസൻമാരായി
വിൽക്കപ്പെട്ടവർ ആണ്. പൌലൊസ് ഇവിടെ ഒരേസമയം അവന്റെ സ്വന്ത അനുഭവവും, സകല
മനുഷ്യരുടെയും അവസ്ഥയും ആണ് വിവരിക്കുന്നത്.
ഇച്ഛിക്കുന്ന
നന്മ ചെയ്യുന്നില്ല
7:7 മുതലുള്ള വാക്യങ്ങളിൽ, “ഞാൻ”, “എന്നിൽ”, “എനിക്കു”,
എന്നീ വാക്കുകൾ പൌലൊസ് ഉപയോഗിക്കുന്നു. ഇത് പൌലൊസിന്റെ തന്നെ ജീവിതത്തെക്കുറിച്ച്
പറയുവാനാണോ ഉപയോഗിച്ചിരിക്കുന്നത് എന്നതിൽ തീർച്ചയില്ല. അദ്ദേഹത്തിന്റെ
മാനസാന്തരത്തിന് മുമ്പുള്ള അനുഭവങ്ങൾ ആണിത് എന്നും, അദ്ദേഹം മാനസാന്തരപ്പെട്ടതിന്
ശേഷമുള്ള ആത്മീയ സംഘർഷത്തിന്റെ സാക്ഷ്യമാണ് ഈ വിവരണങ്ങൾ എന്നും അഭിപ്രായം ഉണ്ട്.
പൌലൊസ് മനുഷ്യരുടെ ഒരു പ്രതിനിധി എന്നവണ്ണം സകലർക്കും വേണ്ടി ഇവിടെ
സംസാരിക്കുകയാണോ എന്നതിലും നിശ്ചയം ഇല്ല. ഗ്രീക്ക് വ്യാകരണത്തിന്റെ നിയമം
അനുസരിച്ചു, ഈ വാക്യങ്ങളിൽ, ഏകവചനത്തിൽ, വർത്തമാനകാലത്തിൽ “ഞാൻ” എന്നു അദ്ദേഹം
പറയുന്നു. അതിനാൽ ഈ പ്രസ്താവനകൾ, അദ്ദേഹത്തെക്കുറിച്ചും, അപ്പോഴത്തെ
അവസ്ഥയെക്കുറിച്ചും ആകാം. ഏതായാലും ഈ വാക്യങ്ങളിൽ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന
ആശയം സകല മനുഷ്യർക്കും ഒരുപോലെ ബാധകമായ അനുഭവങ്ങൾ ആണ്. 7:14 മുതലുള്ള വാക്യങ്ങൾ
വിശദീക്കുമ്പോൾ ഈ ചിന്തകൾ നമ്മളുടെ മനസ്സിൽ ഉണ്ടായിരിക്കേണം.
ന്യായപ്രമാണം ആത്മീയം എന്നു നമ്മൾക്ക് അറിയാം. എന്നാൽ
അതിന്റെ പ്രശ്നം, അത് അനുസരിച്ചു ജീവിക്കേണ്ട മനുഷ്യർ ജഡമയൻ ആണ് എന്നതാണ്. അവൻ
പാപത്തിന്റെ ദാസൻ ആണ്. ഒരു അടിമ ഒരു യജമാനന് വിൽക്കപ്പെടുന്നത് പോലെ അവൻ പാപത്തിന്
ദാസൻ ആയി വിൽക്കപ്പെട്ടിരിക്കുന്നു. അതായത് പാപത്തിന്റെ യജമാനത്വത്തിൽ ഉള്ള ഒരു
അടിമയായ ജഡീക ശരീരത്തിൽ അവൻ ജീവിക്കുന്നു.
ഈ അവസ്ഥയുടെ ഭീകര അനുഭവം 7:15-20 വരെയുള്ള
വാക്യങ്ങളിൽ പൌലൊസ് വിശദീകരിക്കുന്നു. ആദ്യമായി പൌലൊസ് പറയുന്നത്, അവൻ പാപം എന്ന
യജമാനന്റെ അടിമ ആയതിനാൽ, അവൻ പ്രവർത്തിക്കുന്നതു എന്തെന്നു അവൻ തന്നെ
അറിയുന്നില്ല. അവൻ പ്രവർത്തിക്കേണം എന്നു ആഗ്രഹിക്കുന്നതിനെ അല്ല,
പ്രവർത്തിക്കരുത് എന്നു ആഗ്രഹിക്കുന്നതിനെയാണ് പ്രവർത്തിക്കുന്നത് (7:15). അതിനാൽ,
അദ്ദേഹത്തിന്റെ മലിനമായ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്ന ന്യായപ്രമാണം നല്ലത്
എന്നു സമ്മതിക്കുന്നു. അവന്റെ പ്രവർത്തികളെ അവൻ നിയന്ത്രിക്കുന്നില്ല. അവനിൽ വസിക്കുന്ന
പാപമാണ് അതിനെ നിയന്ത്രിക്കുന്നത്. “എന്നിൽ” എന്നു വച്ചാൽ, ജഡത്തിൽ എന്നു അർത്ഥം.
ജഡത്തിൽ നന്മ വസിക്കുന്നില്ല. നന്മ ചെയ്യുവാനുള്ള താല്പര്യം ഉണ്ട്. എന്നാൽ നന്മ
പ്രവർത്തിക്കുന്നില്ല.
7:16 ലെ “ന്യായപ്രമാണം നല്ലതു” എന്നതിലെ “നല്ലത്” എന്ന
വാക്കിന്റെ ഗ്രീക്ക് പദം, “കലാസ്” എന്നാണ് (kalos, kal-os'). ഈ
വാക്കിന്റെ അർത്ഥം, മനോഹരം, സുന്ദരം, ശ്രേഷ്ടമായത്, അമൂല്യമായത്, ഉപയോഗപ്രദം,
യോജ്യം, എന്നിങ്ങനെയാണ് (beautiful, handsome, excellent, precious,
useful, suitable). അതായത് പൌലൊസ് ന്യായപ്രമാണത്തെ
വിശേഷിപ്പിക്കുന്നത് ഈ വാക്കുകൾ കൊണ്ടാണ്.
പൌലൊസ് പറയുന്നു, അദ്ദേഹം ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ല.
അതിന്റെ അർത്ഥം, ഇച്ഛിക്കാത്ത തിന്മ
പ്രവർത്തിക്കുന്നു എന്നാണ്. ഇച്ഛിക്കാത്തതിനെ പ്രവർത്തിക്കുന്നത് അദ്ദേഹം അല്ല, അദ്ദേഹത്തിൽ
വസിക്കുന്ന പാപം ആണ്. കാരണം പാപം അദ്ദേഹത്തിന്റെ പ്രവർത്തികളെ നിയന്ത്രിക്കുന്നു.
അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യേണം എന്നു തീരുമാനിക്കുകയും
ചെയ്യുന്നതിന് നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു അധികാരം അദ്ദേഹത്തിന്റെയുള്ളിൽ
ഉണ്ട് എന്നാണ് പൌലൊസ് പറയുന്നത്. അതിനാൽ അദ്ദേഹം ചെയ്യേണം എന്നു ആഗ്രഹിക്കുന്നത്
അല്ല, ചെയ്യുവാൻ വെറുക്കുന്നത് ആണ് പ്രവർത്തിക്കുന്നത്.
പൌലൊസിന്റെ ഈ അനുഭവങ്ങൾ അദ്ദേഹം മാനസന്തരപ്പെടുന്നതിന്
മുമ്പ് ഉള്ളതാണ് എന്നു വിശ്വസിക്കുന്നവർ ഉണ്ട്. അവർ ഈ വേദഭാഗത്തെ, ന്യായപ്രമാണം
എന്തുകൊണ്ട് മനുഷ്യർക്ക് പാലിക്കുവാൻ കഴിയുന്നില്ല എന്നതിന്റെ ഒരു വിശദീകരണം ആയി
കാണുന്നു. അവർക്ക് പ്രമാണം അനുസരിക്കേണം എന്നു ആഗ്രഹം ഉണ്ട് എങ്കിലും
കഴിയുന്നില്ല. അതിനുള്ള കാരണം, അവർ പാപത്തിന് അടിമയാണ്. എന്നാൽ
യേശുക്രിസ്തുവിലുള്ള വിശ്വാസം ഒരുവനെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രൻ
ആക്കും.
റോമർ 6:2
പാപസംബന്ധമായി
മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
റോമർ 6:18
പാപത്തിൽനിന്നു
സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു
സ്തോത്രം.
റോമർ 6:22
എന്നാൽ ഇപ്പോൾ
പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ
നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
എന്നാൽ പൌലൊസ് ഇവിടെ വിവരിക്കുന്നത്, മാനസാന്തരത്തിന്
ശേഷമുള്ള, അദ്ദേഹത്തിന്റെ വർത്തമാനകാല അനുഭവം ആണ് എന്നു വിശ്വസിക്കുന്ന വേദപുസ്തക
വ്യാഖ്യാതാക്കളും ഉണ്ട്. ഗ്രീക്ക് ഭാഷയിലെ വ്യാകരണം അനുസരിച്ച് വർത്തമാനകാലത്തെ സംഭവങ്ങൾ
വിവരിക്കുന്ന വാക്കുകൾ ആണ് അദ്ദേഹം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് അദ്ദേഹം ഒരു
ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ അഭിമുഖീകരിക്കുന്ന ആത്മീയ പോരാട്ടം ആണ്.
രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന്റെ അടിമത്തത്തിൽ നിന്നും മോചിക്കപ്പെട്ടു
എങ്കിലും, ഇപ്പോഴും പാപത്തിന്റെ പ്രേരണ അവന്റെമേൽ ഉണ്ട്. അതിനാൽ പൌലൊസ് വിവരിക്കുന്ന
അനുഭവത്തിലൂടെ നമ്മളും കടന്നു പോകേണ്ടിവരുന്നു. നമ്മൾ വെറുക്കുന്നതിനെ നമ്മൾ
പ്രവർത്തിക്കുന്നു. നമ്മൾ ആഗ്രഹിക്കുന്ന നന്മ പ്രവർത്തിക്കുന്നതും ഇല്ല. ഇതിനുള്ള
കാരണം നമ്മൾ ഇപ്പോഴും പാപത്തിന്റെ അടിമത്തത്തിൽ ആയിരിക്കുന്നു എന്നത് കൊണ്ടല്ല.
നമ്മളിൽ പാപത്തിന്റെ ആഗ്രഹം ഇപ്പോഴും ഉണ്ട് എന്നത് കൊണ്ടാണ്. നമ്മളുടെ
തിരഞ്ഞെടുപ്പ് മലിനമായതാണ്. അതിനാൽ നമ്മളുടെ ശരീരം എന്ന “ഈ കൂടാരത്തിൽ
ഞരങ്ങിക്കൊണ്ടു .... സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ
വാഞ്ഛിക്കുന്നു.” (2 കൊരിന്ത്യർ 5:2).
മനുഷ്യർ നന്മയും സാന്മാർഗ്ഗികവും ആയ പ്രവർത്തികൾ ചെയ്യുവാൻ
ആഗ്രഹിക്കുന്നു എങ്കിൽ, അത് ദൈവീക കൽപ്പനകൾ നല്ലതും, മഹത്വവും, നീതീയും ആയതുകൊണ്ടാണ്.
നന്മയും സാന്മാർഗ്ഗികവും ആയത് പ്രവർത്തിക്കുന്നത് ദൈവീക കൽപ്പനകളെക്കുറിച്ച് നമ്മൾക്ക്
അറിവ് ഉള്ളതുണ്ടാണ്. ഈ കൽപ്പനകൾ ആണ് ശരി എന്നും നമുക്ക് ബോധ്യം ഉണ്ട്.
പൌലൊസിന്റെ ഈ വാദങ്ങളെക്കുറിച്ച് ചില വിമർശനങ്ങൾ
ഉയർന്നിട്ടുണ്ട്. പാപ പ്രവർത്തികൾ ചെയ്യുന്നതിൽ അദ്ദേഹത്തിന് യാതൊരു
ഉത്തരവാദിത്തവും ഇല്ല എന്നാണ് പൌലൊസ് ഇവിടെ പറയുന്നത് എന്നതാണ് മുഖ്യ വിമർശനം. എന്നാൽ
അതല്ല പൌലൊസ് ഉദ്ദേശിച്ചത്. പൌലൊസ് എഴുതിയത്, “ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ
ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ
പ്രവർത്തിക്കുന്നതു”, എന്നാണ്. അതായത് നീതീ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു
എങ്കിലും പാപമാണ് പ്രവർത്തിക്കുന്നത്. ഒരു യഹൂദ പരീശനായി വളർന്നുവന്ന്, പരിശീലനം
നേടിയ പൌലൊസിന് പോലും ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാൻ കഴിഞ്ഞില്ല. ഈ വിധത്തിൽ,
അവന്റെ ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും അല്ല പാപം. അത് നല്ലത് തന്നെ. എന്നാൽ അദ്ദേഹത്തിൽ
ഉള്ള പാപം അവന്റെ നല്ല ഉദ്ദേശ്യങ്ങളെ കീഴ്പ്പെടുത്തുന്നു. അങ്ങനെ അദ്ദേഹം പ്രവർത്തിക്കുന്നത്
തിന്മയായി സംഭവിക്കുന്നു. പൌലൊസ് പറയുന്നത് ഇതാണ്: രക്ഷിക്കപ്പെട്ട ഒരുവന്റെ മേൽ
പാപത്തിന് ആധിപത്യം ഇല്ല. എന്നാൽ പാപത്തിന്റെ പ്രലോഭനം ശേഷിക്കുന്നുണ്ട്. ഈ
പ്രലോഭനം പാപത്തെ തിരഞ്ഞെടുക്കുവാൻ തക്കവണ്ണം അവനെ കീഴ്പ്പെടുത്തുന്നു.
7:21-23
അങ്ങനെ നന്മ ചെയ്‍വാൻ
ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു
ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ
പ്രമാണത്തോടു (the law of my mind - ESV) പോരാടുന്ന വേറൊരു പ്രമാണം
ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള
പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു (captive - ESV).
ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാനുള്ള അവന്റെ
കഴിവില്ലായ്മയെ കുറിച്ച് 7:21-23 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് വിവരിക്കുന്നു. 7:21
ൽ “പ്രമാണം” എന്ന വാക്ക് എല്ലാ മനുഷ്യരുടെയും പ്രകൃത്യാലുള്ള സ്വഭാവത്തെ
സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നു. തിന്മയെ അദ്ദേഹം പാപം ചെയ്യുവാനുള്ള ആഗ്രഹമായി
കാണുന്നു. നന്മ ചെയ്യുന്നത് അദ്ദേഹം ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു. എന്നാൽ
അദ്ദേഹത്തിന്റെ നല്ല ആഗ്രഹത്തെ, ഉള്ളിൽ തന്നെയുള്ള പാപം കീഴടക്കി തിന്മ
പ്രവർത്തിക്കുന്നു.
7:21-23 വരെയുള്ള വാക്യങ്ങളിൽ ഇതുവരെയുള്ള അദ്ദേഹത്തിന്റെ
വാദങ്ങളെ ഉപസംഹരിക്കുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു പ്രത്യേകം പ്രമാണം ഉണ്ട്
എന്നു അദ്ദേഹം സമ്മതിക്കുന്നു. അത് കാരണം നന്മ ചെയ്യുവാൻ അദ്ദേഹം ഇച്ഛിക്കുന്നു
എങ്കിലും തിന്മ ചെയ്യുന്നു. ആത്മാവിൽ അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു.
എന്നാൽ അദ്ദേഹത്തിന്റെ അവയവങ്ങളിൽ മറ്റൊരു പ്രമാണം ഉണ്ട്. അത് മനസ്സിന്റെ
പ്രമാണത്തോട് നിരന്തരം പോരാടുന്നു (the law of my mind - ESV). അത് അദ്ദേഹത്തെ, അവയവങ്ങളിൽ ഉള്ള പാപത്തിന്റെ പ്രമാണത്തിന് തടവുകാരൻ
ആക്കുന്നു.
മനസ്സിന്റെ പ്രമാണം, അവയവങ്ങളിൽ ഉള്ള പ്രമാണം എന്നീ രണ്ടു
പ്രമാണങ്ങളെക്കുറിച്ച് പൌലൊസ് ഇവിടെ സംസാരിക്കുന്നു. മനസ്സിന്റെ പ്രമാണം നന്മ
ചെയ്യുവാൻ ആഗ്രഹിക്കുന്നു. എന്നാൽ അവയവങ്ങളിൽ ഉള്ള പ്രമാണം പാപത്തിന്റെ ഇച്ഛയാണ്.
മനസ്സ് പരിശുദ്ധാത്മാവിനാൽ പുതുക്കം വന്ന മനുഷ്യന്റെത് ആണ്. എന്നാൽ ഇതിന് തുല്യമായ
പുതുക്കം അവയവങ്ങളിൽ ഉണ്ടാകുന്നില്ല.
7:23 ആം വാക്യത്തിൽ സൈന്യവും യുദ്ധവും ആയി ബന്ധപ്പെട്ട ഒരു
ചിത്രം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അവസ്ഥയെ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ
മനസ്സിൽ, മനുഷ്യ പ്രകൃതിയുടെ പ്രമാണവും, ദൈവത്തിന്റെ പ്രമാണവും തമ്മിൽ യുദ്ധം
നടക്കുന്നു. ഇതിൽ മനുഷ്യ പ്രകൃതിയുടെ പ്രമാണം ജയിക്കുകയും, അദ്ദേഹത്തെ പാപത്തിന്റെ
തടവുകാരൻ ആക്കുകയും ചെയ്യുന്നു. അതിനാൽ അദ്ദേഹത്തിന്റെ മനസാക്ഷിയുടെ പ്രമാണത്തെ
അനുസരിക്കുവാൻ കഴിയുന്നില്ല. എന്താണ് നന്മയും, സന്മാർഗ്ഗീകവും, ശരിയും എന്നു
അദ്ദേഹത്തിന് അറിയാം. എന്നാൽ അത് പ്രവർത്തിക്കുവാൻ കഴിയുന്നില്ല.
7:23 ആം വാക്യത്തെ അടിസ്ഥാനമാക്കി, പൌലൊസ് ഇവിടെ വിവരിക്കുന്നത്
അവൻ രക്ഷിക്കപ്പെടുന്നതിന് മുമ്പ് ഉണ്ടായിരുന്ന അനുഭവങ്ങൾ ആണ് എന്നൊരു വാദം ഉണ്ട്.
അത് ന്യായപ്രമാണത്തെ അനുസരിച്ചു ജീവിക്കുവാനുള്ള അവന്റെ ശ്രമവും, പരാജയവും ആണ്. റോമർ
6:2, 18, 22 എന്നീ വാക്യങ്ങൾ പ്രകാരം രക്ഷിക്കപ്പെട്ടവർ പാപം സംബന്ധമായി മരിച്ചവർ
ആണ്. അതിനാൽ അവർ പാപത്തിന്റെ വാഴ്ചയിൽ നിന്നും സ്വതന്ത്രർ ആണ്. അതിനാൽ ഒരു
ക്രിസ്തീയ വിശ്വാസിയെ പാപപ്രമാണത്തിന്നു ബദ്ധനാക്കുവാൻ സാദ്ധ്യമല്ല.
റോമർ 6:2
പാപസംബന്ധമായി
മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
റോമർ 6:18
പാപത്തിൽനിന്നു
സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു
സ്തോത്രം.
റോമർ 6:22
എന്നാൽ ഇപ്പോൾ
പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ
നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
എന്നാൽ, രക്ഷിക്കപ്പെട്ടതിന് ശേഷമുള്ള അവന്റെ വർത്തമാനകാല
അവസ്ഥയാണ് പൌലൊസ് ഇവിടെ, വിവരിക്കുന്നത് എന്നു വിശ്വസിക്കുന്നവർ മറ്റൊരു വാദം
മുന്നോട്ട് വയ്ക്കുന്നു. രക്ഷപ്പെടുന്നവർ തുടർന്നും പാപത്തിന്റെ അടിമത്തത്തിൽ ജീവിക്കുന്നു
എന്നല്ല പൌലൊസ് ഇവിടെ പറയുന്നത്. എന്നാൽ ക്രിസ്തീയ വിശ്വാസികൾ പലപ്പോഴും പാപത്തിൽ
വിഴാറുണ്ട്. അതിന്റെ കാരണം അദ്ദേഹം ഇവിടെ വിശദീകരിക്കുകയാണ്. പൌലൊസിന് ഇതേ
അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ
മറ്റുള്ളവരിൽ ഇത്തരം ബലഹീനത ഉണ്ടാകുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകാം. എന്നാൽ ഇത്തരം
അനുഭവങ്ങൾ പാപത്തിന്റെ ആധിപത്യം അവരുടെ മേൽ ഉണ്ട് എന്നതല്ല.
പൌലൊസ് വിവരിക്കുന്ന അവസ്ഥ ഇതിൽ ഏതെങ്കിലും ആകാം. എന്നാൽ
പ്രധാന ആശയത്തിന് വലിയ മാറ്റം ഉണ്ടാകുന്നില്ല. മനുഷ്യർ രക്ഷിക്കപ്പെടുന്നതിന്
മുമ്പും, ശേഷവും, പാപത്തോട് ബലഹീനത ഉള്ളവർ ആണ്. ദൈവ കൃപയാൽ മാത്രമേ അതിനെ ജയിക്കുവാൻ
കഴിയൂ. പാപത്തെ കീഴ്പ്പെടുത്തുവാൻ നല്ല മനസാക്ഷിയും, നല്ല ഉദ്ദേശ്യങ്ങളും മാത്രം
പോരാ. ക്രിസ്തുവിനെ കൂടാതെ ജീവിക്കുന്നവർക്ക് പാപത്തെ ജയിക്കുവാനുള്ള യാതൊരു പ്രാപ്തിയും
ഇല്ല.
ഞാൻ
അരിഷ്ടമനുഷ്യൻ
പാപത്തെ പൂർണ്ണമായും തോൽപ്പിക്കുവാൻ ആഗ്രഹിച്ചിട്ടും പരാജയപ്പെട്ട
ഒരു മനുഷ്യന്റെ നിലവിളിയാണ് 7:24 ആം വാക്യം. “അയ്യോ, ഞാൻ
അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ
ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” മനസ്സിന്റെ ആഗ്രഹത്തിന്
വിരുദ്ധമായി പാപം ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ വസിക്കുന്നു. അതിനാൽ അദ്ദേഹം ഒരു
“അരിഷ്ടമനുഷ്യൻ” ആണ് എന്നു സ്വയം തിരിച്ചറിയുന്നു. ഇപ്പോഴും പാപം അദ്ദേഹത്തിന്റെ
ശരീരത്തെ മരണത്തിന് അധിനമാക്കിയിരിക്കുന്നു. അതിനാൽ ശരീരത്തിൽ നിന്നുതന്നെ വിടുതൽ
പ്രാപിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. “എന്നെ ആർ വിടുവിക്കും” എന്ന ചോദ്യത്തിൽ,
വിടുതൽ സ്വയം സാദ്ധ്യമല്ല എന്നും അതിനായി മറ്റൊരാളിന്റെ സഹായം ആവശ്യമാണ് എന്നും
ഉള്ള ധ്വനി ഉണ്ട്. പാപത്തിന്റെ സാന്നിദ്ധ്യമില്ലാത്ത ഒരു ശരീരത്തിനായി അദ്ദേഹം
ആഗ്രഹിക്കുന്നു. ഇത് പുനരുത്ഥാനത്തിൽ രക്ഷിക്കപ്പെട്ട സകല മനുഷ്യരും പ്രാപിക്കും.
റോമർ 8:23
ആത്മാവെന്ന
ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ
പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
1 കൊരിന്ത്യർ 15:42-44
മരിച്ചവരുടെ
പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ
ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു,
ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം
വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
1 കൊരിന്ത്യർ 15:52-54
നാം എല്ലാവരും
നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു
കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ
ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ
ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ
“മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
“മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?”
എന്ന പൌലൊസിന്റെ നിലവിളിയ്ക്കുള്ള മറുപടി അദ്ദേഹം തന്നെ, അടുത്ത വാക്യത്തിൽ
പറയുന്നു. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം
ചെയ്യുന്നു.” (7:25). പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി വിടുതൽ നല്കുവാൻ ദൈവത്തിന്
മാത്രമേ കഴിയൂ. അത് അവൻ നമ്മളുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവനിൽ
വിശ്വസിക്കുന്ന എല്ലാവർക്കും നല്കുന്നു. ഈ വിടുതലിനായി പൌലൊസ് ദൈവത്തിന് സ്തോത്രം
ചെയ്യുന്നു.
ഇത്രയും എഴുതിയതിന് ശേഷം പൌലൊസ് ഒരിക്കൽ കൂടെ മുമ്പ് പറഞ്ഞ
പോരാട്ടത്തിന്റെ കഥയിലേക്ക് തിരിഞ്ഞു നോക്കുന്നു. “ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു
ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു
(7:25). അദ്ദേഹത്തിന്റെ മനസ്സ് കൊണ്ട് ദൈവ പ്രമാണത്തെ അനുസരിച്ച് ജീവിക്കേണം എന്നു
ആഗ്രഹിക്കുന്നു. എങ്കിലും പലപ്പോഴും പാപത്തിന്റെ പ്രമാണത്തെ അനുസരിക്കുന്നു.




No comments:
Post a Comment