ഭൂതഗ്രസ്തന്റെ വിടുതൽ

അപ്പൊസ്തലന്മാരുടെ കാലത്ത്, ദമസ്കൊസ് എന്ന പട്ടണം, പൌലൊസിന്റെ മാനസാന്തരത്താൽ പ്രസിദ്ധമായിരുന്നു (Damascus, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9). ദമസ്കൊസിൽ ഉള്ള യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യഹൂദന്മാരെ പിടിച്ചുകെട്ടി, യെരൂശലേമിലെ കൊണ്ടുപോയി, ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവിടേക്കു പോകുന്ന വഴിയിൽ വച്ചാണ് പൌലൊസ് യേശുവിനെ കണ്ടുമുട്ടുന്നത്. മഹാപുരോഹിതന്റെ അടുക്കൽ നിന്നും ദമസ്കൊസിലെ പള്ളികൾക്ക് അധികാരപത്രം വാങ്ങിയാണ് അദ്ദേഹം പുറപ്പെട്ടത് എന്നതിൽ നിന്നും, അവിടെയുള്ള യഹൂദന്മാരെ പിടിച്ചു കെട്ടുവാനായിട്ടാണ് അവിടേക്ക് പോയത് എന്നു മനസ്സിലാക്കാം. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:1-6).

 


അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:1-2

ശൌൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.

 

ഇതിൽ നിന്നും ഈ പട്ടണത്തിൽ അനേകം യഹൂദ ക്രിസ്തീയ വിശ്വാസികൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. പൌലൊസിനെ സ്നാനപ്പെടുത്തിയ അനന്യാസ്, ദമസ്കൊസ് പട്ടണത്തിൽ താമസിച്ചിരുന്ന ഒരു യഹൂദ ക്രൈസ്തവ വിശ്വാസി ആയിരുന്നു.


അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 22:12

അവിടെ (ദമസ്കൊസിൽ) പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ (പൌലൊസ്) അടുക്കൽ വന്നുനിന്നു;  

 

ഈ സംഭവങ്ങളിൽ നിന്നും, ദമസ്കൊസിൽ, ആദ്യ കാലം മുതൽ തന്നെ ക്രിസ്തീയ വിശ്വാസികൾ ഉണ്ടായിരുന്നു എന്നു ഗ്രഹിക്കാം. പൌലൊസ് മാനസന്തരപ്പെടുന്നതിന് മുമ്പേ അവിടെ ക്രൈസ്തവർ ഉണ്ടായിരുന്നു.

 

ദമസ്കൊസിൽ ആദ്യമായി സുവിശേഷവുമായി എത്തിയത് ആരാണ് എന്നതിൽ നിശ്ചയമില്ല.  ഇവിടെ എങ്ങനെയാണ് ക്രിസ്തീയ വിശ്വാസികൾ ഉണ്ടായത് എന്നതിനെക്കുറിച്ച് പല അനുമാനങ്ങളും ഉണ്ട്. പെന്തെക്കൊസ്ത് നാളിൽ യെരൂശലേമിൽ കൂടിയിരുന്ന യഹൂദ ജനം തിരികെപോയി ഇവിടെയെല്ലാം സുവിശേഷം അറിയിച്ചു എന്നു കരുതുന്നവർ ഉണ്ട്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:1 ൽ പറയുന്ന യെരൂശലേമിലെ സഭെക്കുണ്ടായ വലിയ ഉപദ്രവം കാരണം ചിതറിപ്പോയ യഹൂദന്മാർ ആണ് സുവിശേഷം ഇവിടെ എത്തിച്ചത് എന്നു വാദിക്കുന്നവർ ഉണ്ട്. അവർ യെഹുദ്യ, ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി, എന്നെ പറയുന്നുള്ളൂ എങ്കിലും, അവർ ദമസ്കൊസിലേക്കും പോയിരിക്കാം എന്നു കരുതപ്പെടുന്നു.  

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:1

അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.

 

യെരൂശലേമും ദമസ്കൊസും തമ്മിൽ 135 മുതൽ 150 മൈൽ വരെ ദൂരം ഉണ്ടായിരുന്നു. ഇത്രയും ദൂരം യാത്ര ചെയ്താണ് പൌലൊസ് ദമസ്കൊസിലെ യഹൂദ ക്രിസ്തീയ വിശ്വാസികളെ പിടിച്ചുകെട്ടാനായി പോയത്. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:1 ൽ പറയുന്ന യെരൂശലേമിലെ സഭയ്ക്ക് ഉണ്ടായ വലിയ ഉപദ്രവത്തിൽ യഹൂദ ക്രിസ്തീയ വിശ്വാസികൾ ചിതറിപ്പോയി, ദമസ്കൊസിൽ എത്തി എങ്കിൽ, അവർ ദീർഘ ദൂരം സഞ്ചരിച്ചിട്ടുണ്ട്.   

 

എന്നാൽ ഇതൊന്നും അല്ലാത്ത ഒരു സംഭവം സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് എന്തായിരുന്നു എന്നു മനസ്സിലാക്കുവാൻ, ദമസ്കൊസ് എന്ന പട്ടണം അക്കാലത്ത് ഏത് ഭൂപ്രദേശത്ത് ആയിരുന്നു എന്നു അറിയേണം.

 

ദെക്കപ്പൊലി ദേശം (Decapolis)

 

യേശുക്രിസ്തു സുവിശേഷം അറിയിച്ചും, അത്ഭുതങ്ങൾ പ്രവർത്തിച്ചും കൊണ്ടു യാത്ര ചെയ്ത പ്രദേശങ്ങളിൽ ഒന്നാണ് ദെക്കപ്പൊലി ദേശം (Decapolis, Dekápolis). മത്തായി 4:25 ൽ “ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.” എന്നു പറയുന്നുണ്ട്. മർക്കോസ് 7 ൽ ഈ പ്രദേശത്ത് വച്ചു യേശു വിക്കനായോരു ചെകിടനെ സൌഖ്യമാക്കുന്നതിന്റെ ചരിത്രം ഉണ്ട്.    

 

മർക്കോസ് 7:31-35

അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു. (Then he returned from the region of Tyre and went through Sidon to the Sea of Galilee, in the region of the Decapolis). അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.

 

യേശുക്രിസ്തുവിന്റെ കാലത്ത്, കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന പത്ത് പട്ടണ രാജ്യങ്ങളുടെ (city states) കൂട്ടായ്മയെ ആണ് ദെക്കപ്പൊലി എന്നു വിളിച്ചിരുന്നത് (ഗ്രീക്ക് – ഡെക്കപൊലിസ്, Dekápolis). ഇതിൽ സയിക്കപൊളിസ് എന്ന ഒരു പട്ടണം ഒഴികെ (Scythopolis/Beth Shean) മറ്റ് ഒൻപത് പട്ടണങ്ങളും യോർദ്ദാൻ താഴ്വരയുടെ കിഴക്കായി സ്ഥിതിചെയ്തിരുന്നു. ദെക്കപ്പൊലി ദേശം, ഗലീല കടലിന്റെ കിഴക്കും, തെക്ക് കിഴക്കും ആയി സ്ഥിതിചെയ്തിരുന്നു. അത് ഇന്നത്തെ യോർദ്ദാൻ, യിസ്രായേൽ, സിറിയ എന്നിവയുടെ ഭാഗം ആയിരുന്നു. മത്തായി 8:28 ൽ ഗദരേനരുടെ ദേശം എന്നാണ് ഈ പട്ടണങ്ങളെ മൊത്തമായി വിളിച്ചിരിക്കുന്നത്.

 

റോമൻ സൈന്യാധിപൻ ആയിരുന്ന പോംപി, ബി. സി 65 ൽ ആണ് സിറിയ ആക്രമിച്ചു കീഴടക്കിയതു. ഈ കാലത്ത് ആയിരിക്കാം ഈ പത്ത് പട്ടണങ്ങൾ ഒരുമിച്ച് ഒരു കൂട്ട്കെട്ട് ഉണ്ടാക്കിയത് (Pompey, Pawm-pee, Syria). അവർ പോംപി യുമായി ചില ധാരണകളിൽ എത്തിയിട്ടുണ്ടാകാം. അതിന്റെ ഫലമായി, റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കെ തന്നെ, ഈ പട്ടണങ്ങളുടെ കൂട്ടായ്മ ചില സ്വതന്ത്ര്യങ്ങൾ അനുഭവിച്ചിരുന്നു. അവർക്ക് സ്വന്തമായി നാണയങ്ങൾ ഉണ്ടാക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു.  

 

ഈ പത്ത് പട്ടണങ്ങൾ ഇവയെല്ലാം ആയിരുന്നു:

1.   സയിക്കപൊളിസ് (Scythopolis)

2.     ഹിപ്പോസ് (Hippos)

3.     ഗദര (Gadara)

4.     റഫന (Raphana)

5.     ഡിയോൺ (Dion)

6.     പെല്ല (Pella)

7.     ജെറാസ/ഗെരസേന്യ (Gerasa/Gerasenes)

8.     ഫിലദെൽഫ്യയ/അമാൻ (Philadelphia/Amman)

9.     കനത (Canatha)

10.   ദമസ്കൊസ് (Damascus)


ഗദര, പെല്ല, ഫിലദെൽഫ്യയ, ദമസ്കൊസ് എന്നീ പട്ടണങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗം ആയിരുന്നു (Gadara, Pella, Philadelphia, Damascus). ഇതിൽ ദമസ്കൊസ് ഇന്നു സിറിയയുടെ തലസ്ഥാനം ആണ്.

 

പെല്ല (Pella)

 

എ. ഡി. 70 ലെ യെരൂശലേം പതനത്തിനു മുമ്പ് അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികൾ പെല്ല (Pella) എന്ന പട്ടണത്തിലെക്ക് ഓടിപ്പോയി എന്നു ചരിത്രകാരന്മാർ പറയുന്നു. എ. ഡി. 66 ൽ ആണ് ഗായുസ് സെസ്റ്റിയസ് ഗാല്ലസ് (Gaius Cestius Gallus) എന്ന റോമന്‍ സൈന്യാധിപന്‍ യെരൂശലേമിനെ ആക്രമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് പരാജയപ്പെട്ടവനായി റോമിലേക്ക് തിരികെ പോകേണ്ടി വന്നു. അതേ വർഷം വെസ്പെഷ്യന്‍ (Vespasian) ന്റെ നേതൃത്വത്തിൽ റോമൻ സൈന്യം വീണ്ടും യെരൂശലേമിനെ ആക്രമിച്ചു. ഗായുസ് ന്റെ ആക്രമണത്തിന് ശേഷം, വെസ്പെഷ്യന്‍ ആക്രമിക്കുന്നതിന് മുമ്പ്, യെരൂശലേമിൽ ഉണ്ടായിരുന്ന ക്രൈസ്തവർ പെല്ല എന്ന പട്ടണത്തിലേക്ക് ഓടിപ്പോയി രക്ഷപ്പെട്ടു എന്നു കരുതുന്നു.

 

ദെക്കപ്പൊലി ദേശം യഥാർത്ഥത്തിൽ യിസ്രായേൽ ദേശത്തിന്റെ ഒരു ഭാഗം ആയിരുന്നു. ഇത് മനശ്ശെ ഗോത്രത്തിന് അവകാശമായി ലഭിച്ച ദേശം ആണ് (Manasseh). എന്നാൽ, യേശുക്രിസ്തുവിന്റെ കാലത്ത്, ഈ പ്രദേശത്ത് ഭൂരിപക്ഷവും യവനന്മാർ ആയിരുന്നു താമസിച്ചിരുന്നത്. അവിടെ യഹൂദന്മാരും ഉണ്ടായിരുന്നു. എങ്കിലും, ഗ്രീക്ക് ഭാഷയും, സംസ്കാരവും, തത്വ ചിന്തകളും, ജീവിതരീതിയും ആയിരുന്നു പ്രചാരത്തിൽ. ഇതിനാൽ ആണ് അവിടെ ഒരു വലിയ പന്നികൂട്ടം ഉണ്ടായിരുന്നത്.

 

യേശുക്രിസ്തു പറഞ്ഞ പ്രസിദ്ധമായ ഉപമയായ, മുടിയനായ പുത്രന്റെ ഉപമയിലെ ഇളയ മകൻ, അപ്പൻ നല്കിയ സ്വത്ത് എല്ലാം വിറ്റു, യാത്രയായ പ്രദേശം ദെക്കപ്പൊലിയിലെ ഏതെങ്കിലും പട്ടണം ആയിരിക്കാം. അവിടെ ധാരാളം പന്നികൾ ഉണ്ടായിരുന്നു. എന്നാൽ യേശു ഈ ദേശത്തെ തന്നെ ആണോ ഉദ്ദേശിച്ചത് എന്നതിൽ തീർച്ചയില്ല.

 

വെളിപ്പാട് പുസ്തകത്തിലെ ഫിലദെൽഫ്യ

 

ദെക്കപ്പൊലി ദേശത്തിലെ ഫിലദെൽഫ്യയും, വെളിപ്പാട് പുസ്തകത്തിലെ ഫിലദെൽഫ്യയും ഒരു പട്ടണം അല്ല. അവ രണ്ടു വ്യത്യസ്ത പട്ടണങ്ങൾ ആണ് (Decapolis Philadelphia).

 

യേശുക്രിസ്തുവിന്റെ കാലത്ത്, ദെക്കപ്പൊലി ദേശത്തിലെ പത്ത് പട്ടണങ്ങളുടെ കൂട്ടായ്മയിലെ ഒരു പട്ടണം ആയിരുന്നു ഫിലദെൽഫ്യ. ഇത് യോർദ്ദാൻ നദിയുടെ കിഴക്കായി സ്ഥിതിചെയ്തിരുന്നു. ഇതൊരു ഗ്രീക്ക്-റോമൻ പട്ടണം ആയിരുന്നു. ഫിലദെൽഫ്യ ഇന്ന് ജോർദ്ദാൻ എന്ന രാജ്യത്തിന്റെ തലസ്ഥാനം ആണ്. അത് ഇപ്പോൾ “അമാൻ” എന്നു അറിയപ്പെടുന്നു (Amman).

 

വെളിപ്പാടു പുസ്തകത്തിലെ ഫിലദെൽഫ്യ മറ്റൊരു പട്ടണം ആയിരുന്നു. അത് ഏഷ്യ മൈനര്‍ പ്രദേശത്ത് സ്ഥിതിചെയ്തിരുന്നു. ഏഷ്യയുടെയും യൂറോപ്പിന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ ആണ് ഏഷ്യ മൈനര്‍ എന്നു അറിയപ്പെടുന്നത്. അത് ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമാണ് (Turkey). സര്‍ദ്ദീസ്, ലവൊദിക്ക്യാ, എന്നീ പട്ടണങ്ങളുടെ ഇടയിൽ ആണ്  ഫിലദെൽഫ്യ സ്ഥിതിചെയ്തിരുന്നത് (Sardis, Laodicea). അത് റോമിലെക്കുള്ള തപാല്‍ വഴിയില്‍, സര്‍ദ്ദീസില്‍ നിന്നും 45 കിലോമീറ്റര്‍ കിഴക്കുമാറി, ഒരു മലഞ്ചരുവില്‍ സ്ഥിതിചെയ്തിരുന്നു. ഈ പുരാതന പട്ടണം ഇപ്പോൾ അലാഷഹിയർ (Alaşehir, ah-lah-sheh-heer) എന്നാണ് അറിയപ്പെടുന്നത്.

 

ദെക്കപ്പൊലി ദേശത്തിലെ ഫിലദെൽഫ്യയ്ക്കും, വെളിപ്പാടു പുസ്തകത്തിലെ ഫിലദെൽഫ്യയ്ക്കും, ഒരേ പേരാണ്. എന്നാൽ ചരിത്രപരമായും, ഭൂമിശാസ്ത്രപരമായും രണ്ടു വ്യത്യസ്ത പട്ടണങ്ങൾ ആണ്. ഫിലദെൽഫ്യ എന്ന പേരിന്റെ അർത്ഥം “സഹോദര സ്നേഹം” എന്നാണ് (brotherly love).

  

ദമസ്കൊസ്

 

ദെക്കപ്പൊലി എന്ന പത്ത് പട്ടണങ്ങളുടെ കൂട്ട്കെട്ടിലെ ഒരു പട്ടണം ആയിരുന്നു ദമസ്കൊസ്. അത് മറ്റ് പട്ടണങ്ങളിൽ നിന്നും ദൂരെ മാറി വടക്ക് സ്ഥിതിചെയ്തിരുന്നു. എന്നാൽ പുരാതന ദമസ്കൊസും, ദെക്കപ്പൊലിയിലെ ഏറ്റവും അടുത്ത മറ്റ് പട്ടണങ്ങളും തമ്മിലുള്ള ദൂരം കൃത്യമായി ഇന്ന് നിശ്ചയം ഇല്ല. ഫിലിപ്പിന്റെ കൈസര്യ (Caesarea Philippi) എന്നു വിളിക്കപ്പെട്ടിരുന്ന പട്ടണത്തിൽ നിന്നും ദമസ്കൊസിലേക്ക് 35 മൈൽ ഉണ്ടായിരുന്നു. കഫർന്നഹൂമിൽ (Capernaum) നിന്നും ദമസ്കൊസിലേക്ക് യാത്ര ചെയ്യുവാൻ വിശാലമായ വീഥി ഉണ്ടായിരുന്നു. ഈ പട്ടണങ്ങൾ തമ്മിൽ ഏകദേശം 60 മൈൽ ദൂരം ഉണ്ടായിരുന്നു എങ്കിലും, ഈ വീഥി വളരെ തിരക്കുള്ള ഒരു യാത്രാ മാർഗ്ഗം ആയിരുന്നു. കച്ചവടക്കാരും, സന്ദർശകരും, സൈന്യവും, ഭരണകർത്താക്കളും ഒരു പട്ടണത്തിൽ നിന്നും മറ്റൊന്നിലേക്ക് സുഗമമായും നിരന്തരമായും യാത്ര ചെയ്തുകൊണ്ടിരുന്നു.

 

ഗദര ദേശത്തെ ഭൂതഗ്രസ്തൻ

 

ദെക്കപ്പൊലി  എന്നു അറിയപ്പെട്ടിരുന്ന പത്ത് പട്ടണ രാജ്യങ്ങളുടെ (city states) കൂട്ട്കെട്ടിലെ ഒരു പട്ടണം ആയിരുന്നു ഗദര. ലൂക്കോസ് 8:26 ൽ ഈ പട്ടണത്തെ ഗെരസേന്യ ദേശം എന്നാണ് വിളിച്ചിരിക്കുന്നത്. ഇത് “ഗലീലക്കു നേരെയുള്ള” പട്ടണം ആയിരുന്നു എന്നും ലൂക്കോസ് പറയുന്നു. അതിനാൽ ഇത് ഗലീല കടലിന്റെ അക്കരെയുള്ള, കടലിന്റെ കിഴക്ക് ഭാഗത്തുള്ള, പ്രദേശം ആയിരുന്നു എന്നു മനസ്സിലാക്കാം (മത്തായി 8:28, മർക്കോസ് 5:1).

 

ഗദര ദേശത്തെ ഭൂത ഗ്രസ്തനായ ഒരു മനുഷ്യനെ യേശുക്രിസ്തു സൌഖ്യമാക്കുന്നതിന്റെ ചരിത്രം മത്തായിയും, മർക്കോസും, ലൂക്കൊസും രേഖപ്പെടുത്തിയിട്ടുണ്ട്.

 

മത്തായി 8:28-34 വരെയുള്ള വാക്യങ്ങളിൽ ആണ് അദ്ദേഹം ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. മത്തായി 8 ആം അദ്ധ്യായം ആരംഭിക്കുന്നത്, യേശു ക്രിസ്തു ഗിരി പ്രഭാഷണത്തിന് ശേഷം “മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം യേശുക്രിസ്തു ഒരു കുഷ്ഠരോഗിയെ സൌഖ്യമാക്കി. ശേഷം അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപന്റെ ബാല്യക്കാരന്റെ പക്ഷവാതം സൌഖ്യമാക്കി. അവൻ പത്രോസിന്റെ അമ്മാവിയമ്മയെ സൌഖ്യമാക്കി. വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും വിടുവിച്ചു, സകലദീനക്കാർക്കും സൌഖ്യം വരുത്തി. ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. എന്നാൽ യേശു അവനെ നിരുൽസാഹപ്പെടുത്തി. വേറൊരുവൻ, യേശുവിനെ അനുഗമിക്കുവാൻ തയ്യാറി. എന്നാൽ ആദ്യം അവന്റെ അപ്പനെ അടക്കം ചെയ്വാൻ അനുവാദം ചോദിച്ചു. യേശു അവനോടു “നീ എന്റെ പിന്നാലെ വരിക” എന്നു കൽപ്പിച്ചു. അതിന് ശേഷം യേശു ഒരു പടകിൽ കയറി ഗെദര ദേശത്തേക്ക് പോയി.

 

മർക്കോസിന്റെ വിവരണം 5:1-20 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 4:1 മുതൽ വളരെ തിരക്കേറിയ ഒരു ദിവസത്തെ പ്രവർത്തനങ്ങളെ മർക്കോസ് വിവരിക്കുന്നു. ഒരു വലിയ ജനകൂട്ടത്തെ യേശു “ഉപമകളാൽ അവരെ പലതും ഉപദേശിച്ചു” (മർക്കോസ് 4:1-2). അവൻ വിതെക്കുന്നവന്റെ ഉപമ, കത്തിച്ചു വയ്ക്കുന്ന വിളക്കിന്റെ ഉപമ, വളരുന്ന വിത്തിന്റെ ഉപമ, കടുകുമണിയുടെ ഉപമ, “ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയും പോലെ അവരോടു വചനം പറഞ്ഞുപോന്നു.” (മർക്കോസ് 4:33). “അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ അവരോടു (ശിഷ്യന്മാരോടു) പറഞ്ഞു” (മർക്കോസ് 4:35). അക്കരെയാണ് ഗെദര ദേശം.

 

ലൂക്കോസിന്റെ വിവരണം 8:26-39 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 8 ആം അദ്ധ്യായം ആരംഭിക്കുന്നത്, “അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചും കൊണ്ടു പട്ടണം തോറും സഞ്ചരിച്ചു.” എന്നു പറഞ്ഞുകൊണ്ടാണ്.പട്ടണം തോറും സഞ്ചരിച്ചു” എന്നത് ഒന്നിലധികം പട്ടണങ്ങളിലൂടെ സഞ്ചരിച്ചു എന്നാണ് (he went on through cities and villages - ESV). ഇത് പൊതുവായ ഒരു പ്രസ്താവനയാണ്. ആ ദിവസത്തെ സംഭവങ്ങൾ അല്ല. അന്നേ ദിവസം വലിയോരു ജനകൂട്ടം യേശുവിന്റെ അടുക്കൽ ഒരുമിച്ചു കൂടി. അപ്പോൾ യേശു വിതയ്ക്കുന്നവന്റെ ഉപമ അവരോട് പറഞ്ഞു. ശേഷം തണ്ടിന്മേൽ കത്തിച്ചു വച്ച വിളക്കിന്റെ ഉപമ, ശിഷ്യന്മാരോടു പറഞ്ഞു. അന്ന്, അവന്റെ അമ്മയും സഹോദരന്മാരും അവനെ കാണുവാൻ വന്നു എങ്കിലും, ജനകൂട്ടം നിമിത്തം അവന്റെയടുക്കൽ എത്തുവാൻ കഴിഞ്ഞില്ല. 22 ആം വാക്യത്തിൽ, ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്റെ അക്കരെ പോക” എന്നു അവരോടു പറഞ്ഞു. എന്നു രേഖപ്പെടുത്തിയിരിക്കുന്നു. (ലൂക്കോസ് 8:22). “തടാകം” എന്നത് ഗലീല കടൽ ആണ്. ഇതിനെ “ഗന്നേസരെത്ത് തടാകം” എന്നും വിളിച്ചിരുന്നു (Lake Gennesaret, ലൂക്കൊസ് 5:1). “ഒരു ദിവസം” എന്നത്, അതിന് മുകളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടന്ന അതേ ദിവസം ആണോ, അതോ മറ്റൊരു ദിവസം എന്നാണോ ലൂക്കോസ് ഉദ്ദേശിച്ചത് എന്നതിൽ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. എന്നാൽ, വിതെക്കുന്നവന്റെ ഉപമ, കത്തിച്ചു വയ്ക്കുന്ന വിളക്കിന്റെ ഉപമ, എന്നിവ പറഞ്ഞ അതേ ദിവസം തന്നെയാണ് യേശു ഗെദര ദേശത്തേക്ക് പോയത് എന്നു മർക്കോസ് പറയുന്നുണ്ട്. അതിനാൽ “ഒരു ദിവസം” എന്നു ലൂക്കോസ് ഉദ്ദേശിച്ചത്, അതിന്  മുകളിൽ വിവരിച്ച സംഭവങ്ങൾ നടന്ന ദിവസം തന്നെ ആയിരിക്കേണം.

 

മൂന്ന് സുവിശേഷകരുടെയും വിവരണം അനുസരിച്ചു, അന്ന് വളരെ തിരക്കേറിയ ഒരു ദിവസം ആയിരുന്നു. യേശുക്രിസ്തുവും ശിഷ്യന്മാരും വളരെ ക്ഷീണിച്ചിരുന്നു. എങ്കിലും സന്ധ്യ ആയപ്പോൾ, അവർ അക്കരെയുള്ള ഗെദര ദേശത്തേക്കു പോകേണം എന്നു യേശു കൽപ്പിച്ചു. അതിനായി അവർ പടകിൽ കയറി യാത്ര തിരിച്ചു. പടകിൽ യാത്ര ചെയ്യവേ, യേശു ഉറങ്ങിപ്പോയി എന്നത് ആ ദിവസത്തെ തിരക്കും, അവരുടെ ക്ഷീണവും സൂചിപ്പിക്കുന്നു (മത്തായി 8:24, മർക്കോസ് 4:38, ലൂക്കോസ് 8:23). തിരക്കിട്ട ഈ യാത്രയുടെ ഉദ്ദേശ്യം യേശു ശിഷ്യന്മാരോടു പറഞ്ഞില്ല.

 

ഇത്രമാത്രം ക്ഷീണിതനായ യേശു, അവനെപ്പോലെ തന്നെ ക്ഷീണിതർ ആയിരുന്ന ശിഷ്യന്മാരെ കൂട്ടി, തിരക്ക് പിടിച്ചു, സന്ധ്യ സമയത്ത് ഗലീല കടലിന്റെ അക്കരെ പോയത് എന്തിന് വേണ്ടിയാണ്. അവന് അടുത്ത ദിവസം രാവിലെ പോയാൽ പോരായിരുന്നോ? അവന്റെ തിരക്ക് ശ്രദ്ധിച്ചാൽ നമുക്ക് തോന്നുന്ന ഒരു കാര്യം ഉണ്ട്: അവന് ഓരോ ദിവസവും ചെയ്തു തീർക്കേണ്ടുന്ന കാര്യങ്ങൾ, അന്ന് തന്നെ ചെയ്യേണ്ടതുണ്ട്. ഒന്നും നാളേക്ക് മാറ്റി വയ്ക്കുവാൻ സാദ്ധ്യമല്ല. ഗെദര ദേശത്തിലെ ഭൂതഗ്രസ്തനെ അന്നാണ് വിടുവിക്കേണ്ടത്. അത് നാളേക്ക് മാറ്റിവയ്ക്കുവാൻ സാദ്ധ്യമല്ല.

 

അതായത്, ഇന്ന് നമ്മളുടെ ജീവിതത്തിൽ ദൈവം ചെയ്തു തീർക്കേണം എന്നു നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങൾ, അവൻ ഇന്ന് തന്നെ ചെയ്യും. അത് ഒരിക്കലും നാളേക്ക് മാറ്റി വയ്ക്കുക ഇല്ല.

 

“അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മർക്കോസ് 4:35). യേശു അപ്പോൾ ഗലീല കടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കഫർന്നഹൂം പ്രദേശത്ത് ആയിരിക്കേണം ശുശ്രൂഷിച്ചുകൊണ്ടിരുന്നത് (Capernaum). അക്കരെയാണ് ഗെദര ദേശം. ഗലീല കടൽ മുറിച്ചുകടന്നു വേണം അക്കരെയെത്തുവാൻ. അവർ യാത്ര പുറപ്പെട്ട് കഴിഞ്ഞപ്പോൾ, ക്ഷീണിതനായിരുന്ന യേശുക്രിസ്തു “അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു” (മർക്കോസ് 4:38). അപ്പോൾ കടലിൽ വലിയ ചുഴലിക്കാറ്റും ഓളവും ഉണ്ടായി, “പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി” (ലൂക്കോസ് 8:24). ശിഷ്യന്മാർ ഭയപ്പെട്ടു. എന്നാൽ “അവൻ (യേശു) എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.” (ലൂക്കോസ് 8:24). അങ്ങനെ അവർ ഗെദര ദേശത്ത് സുരക്ഷിതർ ആയി എത്തി.

 

യേശുവും ശിഷ്യന്മാരും ഗെദര ദേശത്ത് എത്തിയപ്പോൾ “രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു”. (മത്തായി 8:28). മത്തായി ഇവിടെ രണ്ട് ഭൂതഗ്രസ്തർ ഉണ്ടായിരുന്നു എന്നു പറയുന്നു. 8:33 ലും “മേയക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” എന്നാണ് മത്തായി എഴുതിയിരിക്കുന്നത്. ഇവിടെയും “ഭൂതഗ്രസ്ഥരുടെ” എന്നത് ബഹുവചനം ആണ് (demon-possessed men – ESV). എന്നാൽ മർക്കോസും, ലൂക്കൊസും, ഒരു മനുഷ്യന്റെ കാര്യമേ പറയുന്നുള്ളൂ (മർക്കോസ് 5:1, ലൂക്കോസ് 8:27). എങ്കിലും ഇതിൽ ആശയക്കുഴപ്പത്തിന് വകയില്ല. അവിടെ രണ്ട് ഭൂതഗ്രസ്തർ ഉണ്ടായിരുന്നു. എന്നാൽ ഒരു മനുഷ്യന്റെ കാര്യമാണ് ഏറെ പ്രസക്തമായത്. അതിനാൽ മർക്കോസും, ലൂക്കൊസും അവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ഭൂതഗ്രസ്തരായവരെക്കുറിച്ച് സുവിശേഷ രചയിതാക്കൾ പറയുന്ന വിവരങ്ങൾ ഇതെല്ലാം ആണ്. “അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.” (മത്തായി 8:28). അവൻ “ബഹുകാലമായി ഭൂതങ്ങൾ” ബാധിച്ചവൻ ആയിരുന്നു (ലൂക്കൊസ് 8:27). അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും. (ലൂക്കോസ് 8:29). മർക്കോസ് അവന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരിക്കുന്നു (മർക്കോസ് 5:2-5).


1.       അവൻ അശുദ്ധാത്മാവ് ഉള്ള ഒരു മനുഷ്യൻ ആയിരുന്നു.

2.     അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു

3.     ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.

4.     പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു;

5.     ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.

6.     അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.

 

യേശുവും ശിഷ്യന്മാരും പടകിൽ നിന്നു ഇറങ്ങിയപ്പോൾ, ഭൂതഗ്രസ്തരായ രണ്ട് പേർ “ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു” എന്നാണ് മത്തായി പറയുന്നത്, (മത്തായി 8:28). “അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.” എന്നു മാത്രമേ മർക്കോസ് പറയുന്നുള്ളൂ (മർക്കോസ് 5:6). എന്നാൽ, അവൻ “പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു” എന്നാണ് ലൂക്കോസ് എഴുതിയിരിക്കുന്നത് (ലൂക്കോസ് 8:27). ഇതേ വാക്യത്തിൽ, “അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.” എന്നും ലൂക്കോസ് പറയുന്നു. അതായത് യേശുവും ശിഷ്യന്മാരും പടകിൽ നിന്നും ഇറങ്ങിയപ്പോൾ, ഗെദര എന്ന പട്ടണത്തിൽ നിന്നും ഭൂതഗ്രസ്തൻ അവരുടെ നേരെ വന്നു. ഈ ഭൂതഗ്രസ്തൻ, അവന്റെ വീട്ടിൽ അല്ല താമസിച്ചിരുന്നത്. അവൻ ശവകല്ലറകളിൽ ആയിരുന്നു താമസം.

 

ഭൂതഗ്രസ്തരായ മനുഷ്യർ യേശുവിനെ കണ്ടപ്പോൾ “ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.” (മത്തായി 8:29). മർക്കോസും ലൂക്കൊസും ഒരു ഭൂതഗ്രസ്തന്റെ കാര്യമേ പറയുള്ളൂ. അവൻ യേശുവിനെ കണ്ടപ്പോൾ, ഓടിച്ചെന്നു നിലവിളിച്ചു അവനെ നമസ്കരിച്ചു (മർക്കോസ് 5:6, ലൂക്കോസ് 8:28). അവൻ ഇങ്ങനെ ചെയ്യുവാൻ കാരണം എന്താണ് എന്നു മർക്കോസും ലൂക്കൊസും വിശദീകരിക്കുന്നുണ്ട്. യേശു അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. (മർക്കോസ് 5:8, ലൂക്കോസ് 8:29).

 

എന്നാൽ അതുകൊണ്ടു ഭൂതങ്ങൾ വിട്ടുപോകാതെ ഇരുന്നതുകൊണ്ടു ആകാം, യേശു അവരുടെ പേര് എന്താണ് എന്നു ചോദിച്ചു. (മർക്കോസ് 5:9, ലൂക്കോസ് 8:30). യേശു പേര് ചോദിച്ചത് ഭൂതത്തിന് ഒരു പേര് ഉള്ളത് കൊണ്ടല്ല. അത് ഏത് പേരുള്ള ഭൂതമാണ് എന്നു അറിയേണം എന്നതുകൊണ്ടും അല്ല. അന്നത്തെ ജനങ്ങളുടെ വിശ്വാസം അനുസരിച്ചു, ഭൂതങ്ങൾ പേര് പറഞ്ഞാൽ അവർ ആ മനുഷ്യനെ വിട്ടു പോകേണ്ടി വരും. പേര് പറയുന്നില്ല എങ്കിൽ, ചോദിക്കുന്നവനിൽ ഭൂതങ്ങൾ അധികാരം ഉറപ്പിക്കും. പേര് ചോദിക്കുന്നത് ഭൂതങ്ങളെ പുറത്താക്കുവാനുള്ള ഒരു മാർഗ്ഗമായി യേശുവോ, അപ്പൊസ്തലന്മാരോ എങ്ങും ഉപയോഗിക്കുകയോ, പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. അവർ ആരും പേര് ചോദിച്ചു ഒരു ഭൂതത്തെയും പുറത്താക്കിയിട്ടില്ല. യേശു പേര് ചോദിച്ചത്, ഭൂതഗ്രസ്തന്റെ വിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രം ആയിരുന്നു. ഒരു പക്ഷെ അവനിൽ എത്രമാത്രം ഭൂതങ്ങൾ ഉണ്ടായിരുന്നു എന്നു ശിഷ്യന്മാർ കണ്ടു, കേട്ട് മനസ്സിലാക്കേണം എന്നു യേശു ആഗ്രഹിച്ചു കാണും. ഭൂതങ്ങൾക്ക് യേശുവിന്റെമേൽ അധികാരമില്ല എന്നു തെളിയിക്കുവാനും ആയിരിക്കാം. ഏതായാലും, യേശു ഭൂതങ്ങളോട് അവരുടെ പേര് ചോദിച്ചത്, അവന് വേണ്ടിയല്ല, ഭൂതങ്ങളെ പുറത്താക്കുവാനുള്ള മാർഗ്ഗവും ആയിട്ടല്ല. അത് മറ്റുള്ളവരുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുവാൻ വേണ്ടി ആയിരുന്നു.

 

യേശു പേര് ചോദിച്ചതിന്റെ ഉദ്ദേശ്യം നമുക്ക് വ്യക്തമല്ല. അതിനാൽ ഭൂതം വിട്ടു പോയതും ഇല്ല. എന്നാൽ യേശുവോ, അപ്പൊസ്തലന്മാരോ, ഈ രീതിയിൽ ഭൂതങ്ങളെ പുറത്താക്കുവാൻ മറ്റൊരു അവസരത്തിലും ശ്രമിച്ചിട്ടില്ല. അവർ അങ്ങനെ ഉപദേശിച്ചിട്ടും ഇല്ല. ഭൂതങ്ങളെ എങ്ങനെ പുറത്താക്കേണം എന്നു യേശുക്രിസ്തു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അപ്പൊസ്തലന്മാർ മാതൃക കാണിച്ചിട്ടും ഉണ്ട്.

 

മർക്കോസ് 16:17

വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

 

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:18

ഇങ്ങനെ അവൾ (വെളിച്ചപ്പാടത്തിയായ ബാല്യക്കാരത്തി) പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.

 

ഭൂതഗ്രസ്തനായിരുന്ന മനുഷ്യനിൽ അനേകം ഭൂതങ്ങൾ ഉണ്ടായിരുന്നതിനാൽ, അവർ അവരുടെ പേര് “ലെഗ്യോൻ” എന്നാണ് പറഞ്ഞത്. ഇവിടെ അവരുടെ പേര് എന്താണ് എന്ന ചോദ്യത്തിന്, ഭൂതങ്ങൾ ശരിയായ മറുപടി നല്കിയില്ല. “ലെഗ്യോൻ” എന്നത് അവരുടെ പേര് അല്ല. അവരുടെ എണ്ണത്തെ സൂചിപ്പിക്കുന്ന ഒരു പദം മാത്രമാണ്. ഭൂതങ്ങൾ പേര് പറഞ്ഞില്ല എങ്കിലും അവർ ആ മനുഷ്യനെ വിട്ടു പുറത്തുപോയി. ഭൂതങ്ങൾ യേശുവിനെ ഉപദ്രവിച്ചതും ഇല്ല.

 

അവരുടെ പേര് “ലെഗ്യോൻ” എന്നാണ് എന്നു പറഞ്ഞതിന്റെ കാരണം ഭൂതങ്ങൾ തന്നെ പറയുന്നുണ്ട് “ഞങ്ങൾ പലർ ആകുന്നു” (മർക്കോസ് 5:9, ലൂക്കോസ് 8:30). ലെഗ്യോൻ (legion) എന്നത് റോമൻ പട്ടാളക്കാരുടെ ഒരു കൂട്ടം ആണ്. ഒരുമിച്ച് താമസിക്കുന്ന ഒരു ക്യാമ്പിലെ (camp) പടയാളികളുടെ എണ്ണം ആണിത്. ഇത് ഏകദേശം 6000 പടയാളികൾ വരെ ഉണ്ടാകാം. എന്നാൽ എപ്പോഴും അത്രയും പടയാളികൾ ഉണ്ടാകേണം എന്നില്ല. മർക്കോസ് 5:13 ൽ അശുദ്ധാത്മാക്കൾ പ്രവേശിച്ച പന്നികളുടെ എണ്ണം “അവ ഏകദേശം രണ്ടായിരം ആയിരുന്നു.” എന്നു പറയുന്നുണ്ട്. ഇതിൽ നിന്നും ഭൂതഗ്രസ്തനായവന്റെ ഉള്ളിൽ കുറഞ്ഞത് 2000 ഭൂതങ്ങൾ ഉണ്ടായിരുന്നു എന്നു അനുമാനിക്കാം. ഒരു മനുഷ്യനിൽ അനേകം ഭൂതങ്ങൾ ഉണ്ടായിരുന്നതുപോലെ, ഒരു പന്നിയിൽ അനേകം ഭൂതങ്ങൾ പ്രവേശിച്ചുകാണുവാനും സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് തീർച്ചയില്ല.      

 

ഭൂതങ്ങൾ ഒരു അപേക്ഷ യേശുവിന്റെ മുന്നിൽ വച്ചു: “നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.” എന്നു മർക്കോസ് പറയുന്നു (മർക്കോസ് 5:10). “പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.” (ലൂക്കോസ് 8:31). യേശു അവരെ പുറത്താക്കുന്നു എങ്കിൽ, അകലെ മലയരികെ മേഞ്ഞുകൊണ്ടിരുന്ന പന്നികൂട്ടത്തിലേക്ക് അവരെ അയക്കേണം എന്നു ഭൂതങ്ങൾ അപേക്ഷിച്ചു (മത്തായി 8:31, മർക്കോസ് 5:12, ലൂക്കോസ് 5:32). യേശു അവരുടെ അപേക്ഷ അനുവദിച്ചു. അശുദ്ധാത്മാക്കൾ ആ മനുഷ്യനെ വിട്ടു “പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.” (മത്തായി 8:32, മർക്കോസ് 5:13, ലൂക്കോസ് 8:33). ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരുന്നു. (മർക്കോസ് 5:15, ലൂക്കോസ് 8:35). ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഓടിക്കൂടി, അവർ ഭയപരവശരായി, അവരുടെ അതിര് വിട്ടു പോകേണം എന്നു യേശുവിനോടു അപേക്ഷിച്ചു. ഒരു പക്ഷെ പന്നികളുടെ നഷ്ടം ആയിരിക്കാം അവരെ ഭയപരവശരാക്കിയത്. (മത്തായി 8:34, മർക്കോസ് 5:17, ലൂക്കോസ് 8:37). മത്തായിയുടെ വിവരണം ഇവിടം കൊണ്ടു അവസാനിക്കുന്നു. എന്നാൽ മർക്കോസും, ലൂക്കൊസും മറ്റൊരു കാര്യം കൂടെ തുടർന്നു സംഭവിച്ചതായി പറയുന്നു.

 

യേശു ഉടൻ തന്നെ തിരികെപോകുവാൻ തുടങ്ങി. എന്നാൽ, യേശു പടകിലേക്ക് കയറുമ്പോൾ, ഭൂതഗ്രസ്തനായിരുന്നവരിൽ ഒരുവൻ, അവനും കൂടെ യേശുവിന്റെ കൂടെ പോരട്ടെ എന്നു അപേക്ഷിച്ചു. എന്നാൽ യേശു അവന്റെ ആവശ്യം അംഗീകരിച്ചില്ല. മാത്രവുമല്ല യേശു അവന് ഒരു പുതിയ നിയോഗവും കൊടുത്തു.

 

മർക്കോസ് 5:19

യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു.

 

ലൂക്കോസ് 8:39

അതിന്നു അവൻ: “നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക” എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

 

അവൻ എവിടെ എന്തെല്ലാം അറിയിക്കേണം എന്നു മർക്കോസും ലൂക്കൊസും കൃത്യമായി പറയുന്നു: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” (മർക്കോസ് 5:19).

ഈ വാക്യത്തിൽ ഒരു പ്രധാന വാക്ക് ഉണ്ട്: “നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക”. അതായത് അവന്റെ യാതൊരു നന്മ പ്രവർത്തിയും കാരണവും അല്ല അവൻ വിടുവിക്കപ്പെട്ടത്. അവൻ ഭൂതഗ്രസ്തൻ ആയിരുന്നു. മരിക്കുവാൻ വിധിക്കപ്പെട്ടവൻ ആയിരുന്നു. ജീവിച്ചിരിക്കെ തന്നെ കല്ലറകളിൽ താമസിക്കുന്നവൻ ആയിരുന്നു. വിടുതലിനായി ദൈവത്തോട് നിലവിളിക്കുവാൻ പോലും കഴിവില്ലാത്തവൻ ആയിരുന്നു. എന്നാൽ ദൈവത്തിന് അവനോടു കരുണ തോന്നി, അവനെ രക്ഷിച്ചു. ദൈവത്തിന് അവനോടു തോന്നിയ കരുണ ഒന്ന് മാത്രം ആണ് അവനെ രക്ഷിച്ചത്. ഇത് അനേകരോട് അറിയിക്കേണം. ദൈവത്തിന് കരുണ തോന്നുന്നവനെ വിടുവിക്കുവാനായി യേശു വന്നിരിക്കുന്നു.

 

റോമർ 9:15

“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.

 

അവന്റെ വീട്ടിൽ ചെന്നു, അവനുള്ളവരുടെ അടുക്കൽ, യേശു അവന്നുവേണ്ടി ചെയ്തത് അറിയിക്ക എന്നു മാത്രമേ അവനോടു കൽപ്പിച്ചുള്ളൂ. എന്നാൽ അവൻ അവന്റെ വീട്ടിൽ മാത്രമല്ല, ആ ദേശം മുഴുവൻ യേശു തനിക്കു ചെയ്തതൊക്കെയും ഘോഷിച്ചു.

 

മർക്കോസ് 5:20

അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

 

മർക്കോസ് 5:1 ൽ ഭൂതഗ്രസ്തന്റെ പട്ടണത്തെ, “ഗദരദേശം” എന്നാണ് വിളിച്ചിരിക്കുന്നത്. എന്നാൽ 5:20 “അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി” എന്നാണ് പറയുന്നത്. ഇവിടെ, ഗദരദേശത്ത് എന്നതിൽ നിന്നും ദെക്കപ്പൊലിനാട്ടിൽ എന്നതിലേക്ക് മാറുന്നു. ഇത് ഭൂതഗ്രസ്തൻ ആയിരുന്നവൻ, ഗെദര ദേശത്ത് മാത്രമല്ല ദെക്കപ്പൊലിനാട്ടിലെ മറ്റ് പട്ടണങ്ങളിലും യേശുവിനെ സാക്ഷിച്ചു എന്ന ആശയത്തെ വിനിമയം ചെയ്യുന്നു. അതിനാൽ അവൻ നേരിട്ടോ, അവന്റെ സാക്ഷ്യം മറ്റുള്ളവരിലൂടെയോ, ദമസ്കൊസിലും എത്തിയിട്ടുണ്ട് എന്നു ന്യായമായും അനുമാനിക്കാം. എങ്കിലും ഇതൊരു അനുമാനം മാത്രമാണ് (inference).

 

യേശു ഭൂതഗ്രസ്തനെ വിടുവിക്കുന്നത് മർക്കോസ് 5 ൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മർക്കോസ് 7:31-36 വരെയുള്ള വാക്യങ്ങളിൽ ഒരു പുരുഷാരം ഈ പ്രദേശങ്ങളിൽ നിന്നും യേശുവിനെ അനുഗമിച്ചു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും ഈ ഭൂതഗ്രസ്തന്റെ സാക്ഷ്യം ദെക്കപ്പൊലിയിലെ പട്ടണങ്ങളിൽ വളരെ സ്വാധീനം ഉണ്ടാക്കി എന്നു മനസ്സിലാക്കാം.

 

അതായത് അവൻ അവന്റെ വീട്ടിൽ മാത്രമല്ല, ഗെദര പട്ടണത്തിൽ മാത്രവുമല്ല, ദെക്കപ്പൊലിനാട്ടിലെ പത്ത് പട്ടണങ്ങളിലും യേശുവിനെക്കുറിച്ച് അറിയിച്ചു. ദമസ്കൊസ്, ദെക്കപ്പൊലി എന്നു അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു പട്ടണ രാജ്യം ആയിരുന്നു. അങ്ങനെ യേശുവിന്റെ കാലത്ത് തന്നെ, ദൈവരാജ്യത്തിന്റെ സുവിശേഷം അവിടെ എത്തി.

 

കോറം ഡെയോ

 

ഈ പഠനത്തിന്റെ അവസാന ഭാഗമായി, ഈ സംഭവത്തിലൂടെ ഒന്നുകൂടി കടന്നുപോകുവാൻ ഞാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തുവിനും ശിഷ്യന്മാർക്കും അതൊരു വളരെ തിരക്കുള്ള ദിവസം ആയിരുന്നു. പകൽ മുഴുവൻ യേശു പ്രബോധിപ്പിച്ചും, രോഗികളെ സൌഖ്യമാക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തുകൊണ്ടിരുന്നു. സന്ധ്യ ആയപ്പോഴേക്കും അവർ നല്ലതുപോലെ ക്ഷീണിച്ചിരുന്നു. അവർക്ക് അപ്പോൾ ആവശ്യം നല്ല വിശ്രമം ആയിരുന്നു. എന്നാൽ യേശു അന്ന്തന്നെ, ഗലീല കടലിന് അക്കരെയുള്ള, ജാതീയർ ഏറെ താമസിക്കുന്ന, ഗെദര ദേശത്തേക്ക് പോകുവാൻ തീരുമാനിച്ചു.

 

ഗദര ദേശത്ത് ഒരു ഭൂതഗ്രസ്തൻ ഉണ്ടായിരുന്നു. അവൻ കല്ലറകളിൽ താമസിച്ചിരുന്നു. അവൻ സ്വയം പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇടവിടാതെ അവൻ നിലവിളിക്കുമായിരുന്നു. ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. ഈ നിലവിളി ശബ്ദം യേശു കെട്ടതുകൊണ്ടായിരിക്കാം അവനെ വിടുവിക്കുവാൻ തീരുമാനിച്ചത്.

 

ഗദര ദേശത്തെ ഭൂതഗ്രസ്തനെ വിടുവിക്കുവാൻ അന്ന്തന്നെ പോകേണം എന്നില്ല. യേശുവും ശിഷ്യന്മാരും നല്ലതുപോലെ ക്ഷീണിച്ചിരുന്നു. എങ്കിലും, ഭൂതഗ്രസ്തനെ വിടുവിക്കാതെ യേശുവിന് വിശ്രമിക്കുവാൻ കഴിയില്ല. യേശുവിന് ഓരോ ദിവസവും ചെയ്തു തീർക്കേണ്ടുന്ന ദൌത്യങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നു വചനത്തിൽ പറയുന്നില്ല. എന്നാൽ അന്ന് സന്ധ്യയ്ക്ക് തന്നെ ഗദര ദേശത്തേക്ക് പോയി, ഭൂതഗ്രസ്തനെ വിടുവിക്കേണം എന്നുള്ള യേശുവിന്റെ നിർബന്ധം കണ്ടാൽ, അവന് ഓരോ ദിവസവും ചെയ്തു തീർക്കേണ്ടുന്ന ദൌത്യങ്ങൾ ഉണ്ട് എന്നു തോന്നും. അത് ഭൂതഗ്രസ്തന്റെ  വിടുതലിന്റെ ദിവസമാണ്, അത് നാളത്തേക്ക് യേശു മാറ്റി വയ്ക്കുകയില്ല.

 

ഗദര ദേശത്തിൽ ബഹുഭൂരിപക്ഷവും ജാതീയർ ആയിരുന്നു. ഭൂതഗ്രസ്തനും ഒരു ജാതീയൻ ആയിരുന്നിരിക്കാം. അവൻ കല്ലറകളിൽ താമസിച്ചിരുന്നു. അവൻ സുബോധം ഇല്ലാത്തവൻ ആയിരുന്നു. അനേകം അശുദ്ധാത്മാക്കൾ അവനെ നിയന്ത്രിച്ചിരുന്നു. യേശു വന്നത്, യഹൂദരിലും, ജാതീയരിലും ഉള്ള, സുബോധം ഇല്ലാത്ത, അശുദ്ധാത്മാക്കളാൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യരെ രക്ഷിക്കുവാനാണ്.

 

ഗെദര ദേശത്തെ ജനങ്ങൾ ജാതീയർ ആയിരുന്നതിനാൽ, പന്നികളെ വളർത്തുക ആയിരുന്നു അവരുടെ പ്രധാന വരുമാന മാർഗ്ഗം. പന്നികൾ ഒരു വൃത്തിഹീനമായ ജന്തുവാണ്. അവ യഹൂദന്മാർക്ക് നിഷിധം ആണ്.

 

ലേവ്യപുസ്തകം 11:7

പന്നി കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.        

 

പന്നികളെ കൂട്ടത്തോടെ വളർത്തുന്ന ഒരു പട്ടണം ആയതിനാൽ അത് ദുർഗന്ധം നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു. എന്നാൽ അത് യേശുവിനെ പിന്തിരിപ്പിച്ചില്ല. കാരണം, ദുർഗന്ധം വമിക്കുന്ന ജീവിതവുമായി മുന്നോട്ടു പോകുന്നവരെ രക്ഷിക്കുവാനാണ് യേശു ഭൂമിയിലേക്ക് വന്നത്.

 

ഭൂതഗ്രസ്തൻ സൌഖ്യമായി. അവൻ ദെക്കപ്പൊലി പ്രദേശത്തെ പട്ടണങ്ങളിൽ എല്ലാം ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിച്ചു. അവനാണ് ആദ്യമായി ദമസ്കൊസ് എന്ന പട്ടണത്തിൽ സുവിശേഷം അറിയിച്ചത്. പൌലൊസിന്റെ കാലം ആയപ്പോഴേക്കും അവിടെ അനേകം ക്രിസ്തീയ വിശ്വാസികൾ ഉണ്ടായിരുന്നു. അവരെ പിടിച്ചുകെട്ടി കൊല്ലുവാൻ വന്ന പൌലൊസിനെ കർത്താവ് നേരിട്ടു. അവിടെ ജീവിച്ചിരുന്ന അനന്യാസ് എന്ന ക്രിസ്തു ശിഷ്യൻ പൌലൊസിനെ സ്നാനപ്പെടുത്തി. അങ്ങനെ പൌലൊസിന്റെ മാനസാന്തരത്തിലും, ശുശ്രൂഷകളിലും, ഭൂതഗ്രസ്തനായിരുന്നവനും, ദമസ്കൊസ് പട്ടണത്തിലെ ക്രിസ്തീയ വിശ്വാസികൾക്കും ഒരു പങ്ക് ഉണ്ടായി.

 

ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്ന ഒരു യാഥാർഥ്യം ഉണ്ട്. പിശാചിനാൽ നിയന്ത്രിക്കപ്പെടുന്ന അനേകർ നമ്മളുടെ ചുറ്റിനും ഉണ്ട്. അവർ സുബോധമില്ലാതെ, മരിച്ചവരെപ്പോലെ ജീവിക്കുന്നു. അവർ നാറ്റം വച്ച അവസ്ഥയിൽ ആയിരിക്കുന്നു. അവർ നന്മയും തിന്മയും തിരിച്ചറിയുന്നില്ല. അവരിൽ ചിലർ വിടുതലിനായി നിലവിളിക്കുന്നുണ്ട്. ആ നിലവിളി ശബ്ദം നമ്മൾ കേൾക്കേണം. അവരുടെ വിടുതലിന്റെ ദിവസം ഇന്നാണ്. അവരോട് യേശുവിനെക്കുറിച്ച് അറിയിക്കുവാൻ ഇനി താമസിക്കരുത്.

 

വിടുവിക്കപ്പെടുന്ന ഓരോരുത്തരും, ഒരു വിത്താണ്. അത് നൂറു മേനിയായി ഫലം കായ്ക്കും. മറ്റ് അനേകരുടെ വിടുതലിന് അവർ മുഖാന്തിരമാകും.




No comments:

Post a Comment