ചോദ്യം
1 തിമൊഥെയൊസ് 2:6 ൽ യേശുക്രിസ്തു
എല്ലാ മനുഷ്യർക്കുവേണ്ടിയും തന്നെത്താൻ മറുവില ആയി കൊടുത്തു എന്നു പറയുന്നു. ആർക്കാണ്
യേശു മറുവില കൊടുത്തത്? പിതാവായ ദൈവത്തിനോ, അതോ പിശാചിനോ? നമ്മളെ പാപത്തിന്റെ
പരിണത ഫലത്തിൽ നിന്നും രക്ഷിക്കുവാനായി ദൈവത്തിന് മറുവില കൊടുത്തതാണോ? അതോ,
മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനായി സാത്താന് മറുവില
കൊടുത്തതാണോ?
ഉത്തരം
ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് ഒരു മുഖവുര ആവശ്യമുണ്ട്. പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന, വീണ്ടെടുപ്പു, നീതീകരണം, പാപപരിഹാരം, നിരപ്പ് എന്നിങ്ങനെയുള്ള എല്ലാ വാക്കുകളും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ നിന്നും എടുത്തതാണ്. അത് ആത്മീയ മർമ്മങ്ങൾ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന പദങ്ങൾ ആണ്. ഈ വാക്കുകളിലൂടെ മനുഷ്യർ ഗ്രഹിക്കുന്ന ആശയങ്ങൾക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു. അതിനാൽ, “മറുവില” എന്ന വാക്കിനെ ഭൌതീക തലത്തിൽ മനുഷ്യർക്ക് ഇടയിലുള്ള വ്യവഹാരത്തോട് അക്ഷരാർത്ഥത്തിൽ തുലനം ചെയ്യേണ്ടതില്ല. ഈ വാക്കിലൂടെ നമ്മൾ മനസ്സിലാക്കുന്ന ഒരു പ്രക്രിയയ്ക്ക് സമാനമായ ഒരു ക്രമീകരണം ആത്മ മണ്ഡലത്തിൽ ഉണ്ടാകുന്നു എന്നെ ഉള്ളൂ.