യേശു എന്തുകൊണ്ട് സ്നാനപ്പെട്ടു?

യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ വിവരണം മത്തായി 3:13-17, മർക്കോസ് 1:9-11, ലൂക്കോസ് 3:21-22 എന്നീ വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായ വിവരണം മത്തായി ആണ് നല്കിയിട്ടുള്ളത്. യേശു എന്തുകൊണ്ടാണ് യോഹന്നാൻ സ്നാപകന്റെ കൈകീഴിൽ സ്നാനപ്പെട്ടത് എന്നു മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കുന്ന വിവരങ്ങൾ മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്.

മത്തായി 3 ആം അദ്ധ്യായം ആരംഭിക്കുന്നത്, യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയെ അവതരിപ്പിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നും, യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് നമ്മൾ മനസ്സിലാക്കുന്ന രണ്ട്  കാര്യങ്ങൾ ഇതെല്ലാം ആണ്:

 

ഒന്ന്:  മശിഹായുടെ വരവിനായി ഒരുങ്ങിയിരിക്കുവാനായി, മാനസാന്തരപ്പെട്ട ഒരു കൂട്ടം യഹൂദന്മാരെ തയ്യാറാക്കുക ആയിരുന്നു യോഹന്നാന്റെ ദൌത്യം.

 

രണ്ടാമത്: പാപങ്ങളെ ഏറ്റ് പറഞ്ഞു മനസന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്.

 

അതായത് മത്തായി ഇവിടെ യോഹന്നാന്റെ ശുശ്രൂഷ എന്തായിരുന്നു എന്നു വ്യക്തമാക്കുക ആണ്. അവൻ മശിഹായുടെ വഴി ഒരുക്കുവാൻ വന്നു. യഹൂദന്മാരുടെ മാനസാന്തരത്തിനായി പ്രസംഗിച്ചു. പാപങ്ങളെ ഉപേക്ഷിച്ചു മാനസാന്തരപ്പെട്ടവരെ അവൻ ജലത്തിൽ സ്നാനപ്പെടുത്തി. ഇതിന്റെ എല്ലാം കാരണം, മശിഹായുടെ വരവ് സമീപിച്ചിരിക്കുന്നു എന്നതായിരുന്നു.

 

യോഹന്നാൻ പ്രസംഗിച്ചത്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ്. ദൈവരാജ്യം സമീപിച്ചു എന്നു പറഞ്ഞാൽ, മശിഹായുടെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു എന്നാണ് അർത്ഥം. ഈ സത്യത്തിൽ വിശ്വസിക്കുന്നവരാണ്, മശിഹായെ സ്വീകരിക്കേണ്ടതിനായി മാനസാന്തരപ്പെടേണ്ടത്. അവർ ആണ് സ്നാനപ്പെടേണ്ടത്.  

 

മാനസാന്തരം അക്കാലത്തെ യഹൂദന്മാർക്കിടയിൽ വേറിട്ട ഒരു അനുഭവം ആയിരുന്നു. മശിഹായുടെ വരവിനായി അവർ കാത്തിരിക്കുകയാണ് എങ്കിലും, അബ്രാഹാമിന്റെ സന്തതികൾ ആയിരുന്ന യഹൂദന്മാർക്ക് മാനസാന്തരം ആവശ്യമില്ല എന്നു അവർ വിശ്വസിച്ചിരുന്നു. മശിഹായുടെ വരവിനായി ഒരുങ്ങുവാൻ ന്യായപ്രമാണം അനുസരിച്ചു ജീവിച്ചാൽ മതി എന്നു അവർ കരുതി. ഈ അവസരത്തിൽ ആണ്, മശിഹായുടെ വരവ് സമീപിച്ചിരിക്കുന്നു. അതിനാൽ, അവനെ വരവേൽക്കുവാനായി മാനസാന്തരപ്പെട്ട്, സ്നാനപ്പെട്ടു, ശുദ്ധീകരണം പ്രാപിക്കേണം, എന്ന യോഹന്നാന്റെ ദൂത് ഉണ്ടാകുന്നത്. 

 

അബ്രാഹാമിന്റെ ജഡപ്രകാരം ഉള്ള സന്തതി എന്നതിൽ രക്ഷയോ നിത്യജീവനും ഇല്ല എന്നാണ് യോഹന്നാൻ പറഞ്ഞത്. അതിനാൽ മനസന്തരപ്പെടേണം. ഇതാണ് യേശുവിന്റെ സ്നാനത്തിന്റെ ആത്മീയ പശ്ചാത്തലം.  

 

യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം നമുക്ക് തോന്നുക, അതിന്റെ അർത്ഥ ശൂന്യത ആണ്. കാരണം യോഹന്നാൻ മാനസാന്തര സ്നാനം ആണ് നല്കിയിരുന്നത്. യേശു പാപം ഇല്ലാത്തവൻ ആയിരുന്നതിനാൽ, അവന് മാനസാന്തരം ആവശ്യമില്ലായിരുന്നു. അവനിൽ അശുദ്ധി യാതൊന്നും ഇല്ലായിരുന്നു എന്നതിനാൽ ശുദ്ധീകരവും ആവശ്യമില്ല.

 

അതുകൊണ്ടാണ് യേശുക്രിസ്തു സ്നാനപ്പെടുവാനായി വന്നപ്പോൾ യോഹന്നാൻ അവനെ വിലക്കിയത്. പരീശന്മാരോടും, സദൂക്യരോടും, മറ്റുള്ള എല്ലാ യഹൂദ ജനത്തോടും മാനസാന്തപ്പെട്ട് സ്നാനം സ്വീകരിക്കുവാൻ ഉപദേശിച്ച യോഹന്നാൻ, യേശുവിനോടു, അവന് മാനസാന്തരവും, സ്നാനവും ആവശ്യമില്ല എന്നു പറയുകയാണ്. യേശു ഇതിന് ഒരു വാചകത്തിൽ മറുപടി പറഞ്ഞു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്തായി 3:15)

 

യേശു എന്തുകൊണ്ട് സ്നാനപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം, ഈ വാക്യത്തിൽ ഉണ്ട്. “സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നതുകൊണ്ടാണ് യേശു സ്നാനം സ്വീകരിച്ചത്. സ്നാനപ്പെടുന്നത് ഉചിതം ആയിരുന്നു. അത് സകല നീതിയും നിവർത്തിക്കുന്നതിന് ഉചിതം ആയിരുന്നു.

 

യേശുക്രിസ്തുവിന്റെ ജീവിതം തന്നെ എല്ലാ നീതിയും നിവർത്തിക്കുന്നത് ആയിരുന്നു. അവൻ നീതി നിർവർത്തിച്ചത് അവനിൽ അനീതി ഉണ്ടായിരുന്നത് കൊണ്ടല്ല. അത് അവന് നിത്യജീവൻ ഉണ്ടാകുവാൻ വേണ്ടിയല്ല. എല്ലാ ദൈവീക നീതിയും യേശുക്രിസ്തു നിവർത്തിച്ചത്, പാപികളായ മനുഷ്യർക്ക് വേണ്ടിയാണ്. അത്, മാനസാന്തരപ്പെട്ട് അവനിൽ വിശ്വസിക്കുന്ന, മനുഷ്യർ നീതീകരിക്കപ്പെടേണ്ടതിനും, അവർക്ക് നിത്യജീവൻ ലഭിക്കേണ്ടതിനും വേണ്ടിയാണ്.

 

ഇതിനക്കുറിച്ചാണ് യെശയ്യാവ് 53:11 ൽ പറയുന്നത്: “നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും”.  നീതിമാനായ യേശുക്രിസ്തു, അവന്റെ നീതിയാൽ അനേകരെ നീതീകരിക്കും. യേശുവിന്റെ നീതി, മനുഷ്യർക്ക്, തങ്ങളുടെ പാപങ്ങളെ ഉപേക്ഷിച്ചു മാനസാന്തരപ്പെടുന്നതിലൂടെയും, മശിഹായിൽ വിശ്വസിക്കുന്നതിലൂടെയും, ലഭിക്കും. യേശുക്രിസ്തുവിന്റെ നീതി, അബ്രാഹാമിന്റെ ജഡപ്രകാരംഉള്ള സന്തതി എന്ന അവകാശത്താൽ ലഭിക്കുകയില്ല.

 

ദൈവത്തിന് മുമ്പാകെ മനുഷ്യർ നിവർത്തിക്കേണ്ട എല്ലാ നീതിയും യേശുക്രിസ്തു, അവനിൽ വിശ്വസിക്കുന്ന അനേകർക്കുവേണ്ടി, അവന്റെ ജീവിതത്തിൽ നിവർത്തിച്ചു. അതിന്റെ ഭാഗമായി, അവൻ യോഹന്നാന്റെ കൈകീഴെ സ്നാനം എൽക്കുകയും ചെയ്തു. യേശുക്രിസ്തു മനുഷ്യർ അനുഷ്ഠിക്കേണ്ട സ്നാനം സ്വീകരിച്ചു. പാപം ഒഴികെ, സകലത്തിലും, അവൻ മനുഷ്യർക്ക് തുല്യനായി.

 

യോഹന്നാൻ യേശുവിനോടു പറഞ്ഞത്, “നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ”. മാനസാന്തരം ആവശ്യമില്ലാത്ത യേശുക്രിസ്തു ആണ് മാനസാന്തരം ആവശ്യമുള്ള യോഹന്നാനെ സ്നാനപ്പെടുത്തേണ്ടത്. എന്നാൽ യേശു അതിനെ ദൈവ നീതിയുടെ നിവർത്തിയായി കണ്ടില്ല. മാനസാന്തര സ്നാനം നൽകുവാനും, മശിഹായക്ക് വേണ്ടി വഴി ഒരുക്കുവാനും ദൈവത്താൽ നിയോഗിക്കപ്പെട്ട യോഹന്നാന്റെ ശുശ്രൂഷയെ അനുസരിക്കുന്നതാണ് നീതിയുടെ നിവർത്തി.

(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

യേശുക്രിസ്തു സ്നാനപ്പെടുന്നത് അവന്റെ ഈ ഭൂമിയിലെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പാണ്. യോഹന്നാൻ, മശിഹായുടെ മുന്നോടി ആയിരുന്നു. അവൻ മശിഹായുടെ വരവ് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കായിരുന്നു. അവൻ, മണവാളൻ വരുന്നു എന്നു പ്രഖ്യാപിക്കുന്ന തൊഴൻ ആയിരുന്നു. യെശയ്യാവ്, മലാഖി എന്നീ പഴയനിയമ പ്രവാചകന്മാരുടെ പ്രവചനം ആണ് യോഹന്നാനിൽ നിവർത്തിയാകുന്നത്. യേശു സ്നാനപ്പെടുമ്പോൾ, അത് യോഹന്നാന്റെ ശുശ്രൂഷയുടെ കാലം ആയിരുന്നു. ഇതെല്ലാം യേശുവും അംഗീകരിച്ചു.    

 

ദൈവത്തിന്റെ നീതിയിലേക്കുള്ള, മാനസാന്തരപ്പെട്ട ഒരു പാപിയുടെ പ്രവേശനത്തിന്റെ സൂചന ആയിരുന്നു യേശുക്രിസ്തുവിന്റെ സ്നാനം. അവന്റെ സ്നാനം, ന്യായപ്രമാണ പ്രകാരമുള്ള എല്ലാ നീതിയും, പാപികൾ ആയ അനേകർക്കുവേണ്ടി, നിവർത്തിക്കുന്നു. ദൈവത്തിന്റെ നീതി നിവർത്തിക്കുക, പാപത്താൽ സമ്പൂർണ്ണമായി മലിനമാക്കപ്പെട്ട മനുഷ്യന് സാധ്യമല്ല. അതിനാൽ പാപം ഇല്ലാത്ത യേശുക്രിസ്തു അത് അവനിൽ നിവർത്തിച്ചു.

 

യോഹന്നാൻ സ്നാപകൻ, പഴയനിയമത്തിലെ പുരോഹിതൻ ആയിരുന്ന അഹരോന്റെ തലമുറയിൽ, ലേവ്യ ഗോത്രത്തിൽ ജനിച്ചവൻ ആയിരുന്നു. അവന്റെ പിതാവ് ദൈവാലയത്തിലെ പുരോഹിതൻ ആയിരുന്നു. പാപ പരിഹാരത്തിനായുള്ള യാഗം കഴിക്കുക എന്നത് പുരോഹിതന്റെ ജോലി ആയിരുന്നു. യാഗ മൃഗത്തെ ഊനമില്ലാത്തതായും, അതിനെ യാഗത്തിന് യോഗ്യമായതായും പ്രഖ്യാപിക്കുക പുരോഹിതന്റെ ഉത്തരവാദിത്തമാണ്. ഇങ്ങനെ പൌരോഹിത്യ പാരമ്പര്യത്തിൽ ജനിച്ച യോഹന്നാൻ ആണ്, അനേകരുടെ പാപ പരിഹാരത്തിനായി ദൈവം ഒരുക്കിയ കുഞ്ഞാടായ യേശുക്രിസ്തുവിനെ സ്നാനം കഴിപ്പിക്കുന്നത്. സ്നാനം യാഗ മൃഗത്തെ ശുദ്ധീകരിക്കുന്ന ആചാരം ആയിരുന്നു. പൌരോഹിത്യ പാരമ്പര്യമുള്ള യോഹന്നാൻ, യേശുവിനെ, ഊനമില്ലാത്ത ദൈവത്തിന്റെ യാഗമൃഗമായി പ്രഖ്യാപിക്കുകയും ചെയ്തു.

 

യോഹന്നാന്റെ സ്നാനം ദൈവത്തിൽ നിന്നുള്ളതാണ് എന്ന സന്ദേശവും യേശുവിന്റെ സ്നാനത്തിൽ ഉണ്ട്. യേശു സ്നാനപ്പെട്ടത്തിന് ശേഷം ഉണ്ടായ സ്വർഗ്ഗീയമായ അടയാളങ്ങൾ ത്രിത്വത്തിന്റെ പ്രത്യക്ഷത ആയിരുന്നു. അത്, അവന്റെ സ്നാനത്തെ ദൈവം അംഗീകരിച്ചു എന്നതിന്റെ പ്രഖ്യാപനം ആയിരുന്നു. ഇവിടെ യേശുക്രിസ്തുവിന്റെ മേൽ പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിദ്ധ്യം ഇറങ്ങി വരുകയും, അവനിൽ എന്നും വസിക്കുകയും ചെയ്തു.

 

യോഹന്നാൻ 1:31 ൽ യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു പ്രസ്താവന ഉണ്ട്. അതിങ്ങനെയാണ്: “അവൻ (യേശുക്രിസ്തു) യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ (യോഹന്നാൻ സ്നാപകൻ) വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.”

 

യോഹന്നാൻ പറയുന്നത്, വെള്ളത്തിൽ സ്നാനം കഴിപ്പിക്കുക എന്ന അവന്റെ ദൌത്യത്തിന്റെ ലക്ഷ്യം യേശുക്രിസ്തു യിസ്രായേലിന് വെളിപ്പെടേണം എന്നതായിരുന്നു. യേശുവിന്റെ സ്നാനത്തോടെ അവനാണ് മശിഹാ എന്നു യിസ്രായേലിന് വെളിപ്പെട്ടു. അതോടെ യോഹന്നാന്റെ ദൌത്യം അവസാനിച്ചു. യേശുവിന്റെ സ്നാനത്തിന്റെ ഉദ്ദേശ്യത്തിൽ ഈ മർമ്മം കൂടി ഉൾപ്പെടുത്തേണ്ടതാണ്.

 

യേശുക്രിസ്തുവിന്റെ സ്നാനം നമ്മളോട് പറയുന്ന മൂന്ന് കാര്യങ്ങൾ ഉണ്ട്.

 

ഒന്ന്: യോഹന്നാൻ സ്നാപകൻ വരെയുള്ള എല്ലാ പ്രവാചകന്മാരിലൂടെയും ദൈവം വെളിപ്പെടുത്തിയ സകല നീതിയും യേശുക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടു.

രണ്ട്: യേശുക്രിസ്തു ആണ് യിസ്രായേൽ പ്രത്യാശയോടെ കാത്തിരുന്ന മശിഹാ. അവനാണ് പാമ്പിന്റെ തലയെ തകർക്കുന്ന സ്ത്രീയുടെ സന്തതി.

മൂന്ന്:   മശിഹായുടെ വഴി ഒരുക്കുവാനായി വന്ന യോഹന്നാന്റെ ശുശ്രൂഷ, യേശുക്രിസ്തുവിന്റെ സ്നാനത്തോടെ അവസാനിക്കുന്നു.




No comments:

Post a Comment