യോഹന്നാൻ സ്നാപകൻ സ്നാനപ്പെട്ടിരുന്നു എന്നോ, അവനെ ആരാണ് സ്നാനപ്പെടുത്തിയത് എന്നോ വേദപുസ്തകം പറയുന്നില്ല. എന്നാൽ, അന്നത്തെ മത, സാമൂഹിക പശ്ചാത്തലം പഠിച്ചാൽ, അദ്ദേഹം മാനസാന്തര സ്നാനം സ്വീകരിച്ചിരുന്നു എന്നു അനുമാനിക്കുവാൻ കഴിയും.
യോഹന്നാൻ യേശുക്രിസ്തുവിന്റെ വഴി ഒരുക്കുവാനായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ
ആയിരുന്നു. (മർക്കോസ് 1:2,3). യെശയ്യാവ്, മലാഖി എന്നീ പ്രവാചകന്മാർ യോഹന്നാന്റെ
ശുശ്രൂഷയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.
മർക്കോസ് 1:2-3
"ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു.
യെശയ്യാവ് 40:3-4
കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു:
മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു
നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും
എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും
ദുർഘടങ്ങൾ സമമായും തീരേണം.
മലാഖി 3:1
എനിക്കു മുമ്പായി
വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന
കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു
വരും;
ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ
അരുളിച്ചെയ്യുന്നു.
യോഹന്നാന്റെ സ്നാനം മാനസാന്തര സ്നാനം ആയിരുന്നു. അത്
ക്രിസ്തീയ സ്നാനം ആയിരുന്നില്ല. യേശുക്രിസ്തു, ദൈവരാജ്യം വന്നിരിക്കുന്നു എന്നു
പ്രഖ്യാപിക്കുന്നതിന് മുമ്പാണ് യോഹന്നാൻ ശുശ്രൂഷ ചെയ്തിരുന്നത്. അതിനാൽ അവനെ
പഴയനിയമ പ്രവാചകരിൽ അവസാനത്തെ വ്യക്തിയായി കണക്കാക്കാം. മത്തായി 11:13 ൽ യേശു
അവനെക്കുറിച്ചു പറഞ്ഞതിങ്ങനെയാണ്: “സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ
വരെ പ്രവചിച്ചു.” അതിനാൽ പഴയനിയമ പ്രവാചകന്മാരെ ദൈവം എങ്ങനെ തിരഞ്ഞെടുത്തു
നിയമിച്ചുവോ, അപ്രകാരം ദൈവം നേരിട്ട് തിരഞ്ഞെടുത്തു നിയമിച്ച പ്രവാചകൻ ആണ്
യോഹന്നാൻ സ്നാപകൻ. അതാണ് അവന്റെ ആത്മീയ അധികാരം. ലൂക്കോസ് 3:2 ൽ പറയുന്നത്,
“യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.” എന്നാണ്. യോഹന്നാൻ
1:6 ൽ അദ്ദേഹത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ
വന്നു;
അവന്നു യോഹന്നാൻ എന്നു പേർ.”
ലൂക്കോസ് 3:2
ഇടപ്രഭൂക്കന്മാരായും
ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ
യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
യോഹന്നാൻ 1:6-8
ദൈവം അയച്ചിട്ടു
ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ
സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു
വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല;
വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
ഒരിക്കൽ, യെരൂശലേമിൽ നിന്നു ചില പുരോഹിതന്മാരും, ലേവ്യരും,
യോഹന്നാന്റെ അടുക്കൽ വന്നു, “നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു” എന്നു
ചോദിച്ചു. അതിന് ഏത് അധികാരത്താൽ അവൻ മറ്റുള്ളവരെ സ്നാനം കഴിപ്പിക്കുന്നു എന്നു
യോഹന്നാൻ വിശദീകരിച്ചില്ല. അതിന് പകരമായി അവൻ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ വെള്ളത്തിൽ
സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ
നില്ക്കുന്നുണ്ടു; എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല”. ഇത് മത്തായി 3:11 ൽ
ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ
ബലവാൻ ആകുന്നു; .... അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും
സ്നാനം ഏല്പിക്കും.”
യോഹന്നാൻ 1:25-27
എന്നാൽ നീ
ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല
എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു
യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ
നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു; എന്റെ
പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ
ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
മത്തായി 3:11
ഞാൻ നിങ്ങളെ
മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ
ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
അതായത്, യോഹന്നാൻ സ്നാപകന്റെ ദൂതുകളും, ശുശ്രൂഷകളും, ദൈവം
കൽപ്പിച്ചു അവനെ എൽപ്പിച്ചതാണ്. അതിനാൽ ദൈവം എൽപ്പിച്ച സ്നാന ശുശ്രൂഷ ചെയ്യുവാൻ
അവൻ സ്നാനപ്പെടേണ്ട ആവശ്യമില്ല.
യോഹന്നാനും എസ്സെൻസുകാരും
എന്നാൽ, യോഹന്നാൻ സ്നാനപ്പെട്ടിരുന്നില്ല എന്നു പറയുവാൻ
കഴിയുക ഇല്ല. അവൻ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പായി മാനസാന്തര സ്നാനം
സ്വീകരിച്ചിരുന്നു എന്ന അനുമാനമാണ് കൂടുതൽ ശരി. ഇത് പാപത്തിന്റെ അഴുക്കുകളെ കഴുകി
കളയുവാനായുള്ള, യഹൂദ മത പ്രകാരം ഉള്ള സ്നാനം ആയിരുന്നു. ഇത് മനസ്സിലാക്കുവാനായി
അന്നത്തെ മത, സാമൂഹിക പശ്ചാത്തലവും, യോഹന്നാൻ സ്നാപകൻ, അവന്റെ ശുശ്രൂഷ കാലത്തിന്
മുമ്പ് എവിടെ ആയിരുന്നു എന്നും അറിയേണ്ടതുണ്ട്.
യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ പ്രധാനമായും
നാല് മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു –
സദൂക്യർ,
പരീശന്മാർ, ശാസ്ത്രിമാർ, എസ്സെൻസ് (Sadducees,
Pharisees, Scribes, Essenes). എസ്സെൻസ് എന്നത് ഒരു നിഗൂഡ (mystic)
മത വിഭാഗം ആയിരുന്നു. ബി. സി. രണ്ടാം നൂറ്റാണ്ട് മുതൽ, എ. ഡി.
ഒന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ എസ്സെൻസ് എന്ന വിഭാഗം യഹൂദ സമൂഹത്തിൽ
നിലനിന്നിരുന്നു. അവർ യെരൂശലേമിന് വെളിയിൽ, മരുഭൂമിയിൽ, ആശ്രമ ജീവിതം നയിച്ചു.
ചാവുകടലിന്റെ സമീപത്തുള്ള “കുമ്രാൻ” എന്ന പ്രദേശത്താണ് പ്രധാനമായും അവർ
ജീവിച്ചിരുന്നത് (Dead Sea, Qumran).
അവർ യെശയ്യാവ് പ്രവാചകന്റെ പ്രവചന ശബ്ദ പ്രകാരം, മശിഹായുടെ
വരവിനായി വഴി ഒരുക്കുവാൻ മരുഭൂമിയിലേക്ക് പോയവർ ആയിരുന്നു.
യെശയ്യാവ് 40:3
കേട്ടോ ഒരുത്തൻ
വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു
നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
അവർ, ഒരുമിച്ചുള്ള ആശ്രമ ജീവിതം, മത ആചാരങ്ങളിലെ വിശുദ്ധി,
മിതവ്യയം, എന്നിവ പാലിച്ചിരുന്നു. എല്ലാ ദിവസവും എല്ലാവരും ആഹാരം പങ്കിട്ടു
ഭക്ഷിച്ചു. അവർ ഒരേ വസ്ത്രധാരണ രീതി പിന്തുടർന്നു. ഏതെല്ലാം ആഹാരം കഴിക്കാം
എന്നതിനെക്കുറിച്ച് അവർക്ക് കർശനമായ പ്രമാണങ്ങൾ ഉണ്ടായിരുന്നു.
ശരീരം മുഴുവൻ വെള്ളത്തിൽ കഴുകി ശുദ്ധി പ്രാപിക്കുക എന്നത്
അവരുടെ ആചാരം ആയിരുന്നു. ഇതിനായി ശുദ്ധ ജലമായി, മഴവെള്ളം പ്രത്യേകം
സംഭരിക്കുമായിരുന്നു. ഇത്തരം ശുദ്ധീകരണത്തിന് മുമ്പായി മാനസാന്തരം അത്യാവശ്യം
ആയിരുന്നു. അവർ എല്ലാ ദിവസവും ആചാരപരമായി ശുദ്ധീകരണത്തിനായി വെള്ളത്തിൽ മുങ്ങി
സ്നാനപ്പെടുകയും, എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, പ്രാർത്ഥിക്കുകയും,
ധർമ്മം കൊടുക്കുകയും ചെയ്യുമായിരുന്നു.
പുതിയ നിയമത്തിൽ എസ്സെൻസ് എന്ന വിഭാഗക്കാരെക്കുറിച്ച്
പ്രത്യേക പരമാർശങ്ങൾ ഇല്ല. എന്നാൽ, സ്നാപക യോഹന്നാൻ, എസ്സെൻസ് എന്ന വിഭാഗത്തിലെ
അംഗമായിരുന്നു എന്നു ചില വേദ പണ്ഡിതന്മാർ കരുതുന്നു, എങ്കിലും അത് വ്യക്തമാക്കുന്ന
വാക്യങ്ങൾ ഇല്ല. എന്നാൽ അദ്ദേഹം വന്നു എന്നു പറയുന്ന സ്ഥലം, ശുശ്രൂഷ ചെയ്തിരുന്ന
പ്രദേശം, മനസന്തരപ്പെട്ട് സ്നാനപ്പെടേണം എന്നുള്ള ആഹ്വാനം, അദ്ദേഹത്തിന്റെ
ആഹാരത്തെക്കുറിച്ചുള്ള പ്രത്യേക പരാമർശം, വസ്ത്രധാരണ രീതി, എന്നിവയെല്ലാം അദ്ദേഹം
ഒരു എസ്സെൻസ് വിശ്വാസി ആയിരുന്നു എന്നതിന്റെ തെളിവുകൾ ആണ്. “അവൻ യിസ്രായേലിന്നു
തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു” എന്നു ലൂക്കോസ് 1:80 ൽ
പറയുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് എസ്സെൻസ് എന്ന വിഭാഗവുമായി വളരെ സാമ്യം
ഉണ്ട്. അതിനാൽ, അദ്ദേഹം ആ സമൂഹത്തിന്റെ ഭാഗമായിരുന്നു എന്നു കരുതപ്പെടുന്നു.
മത്തായി 3:1, 4
ആകാലത്തു
യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: ....
യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു;
അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
മർക്കോസ് 1:4
യോഹന്നാൻ വന്നു
മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം
പ്രസംഗിച്ചുംകൊണ്ടിരുന്നു.
ലൂക്കോസ് 1:80
പൈതൽ വളർന്നു ആത്മാവിൽ
ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ
മരുഭൂമിയിൽ ആയിരുന്നു.
യോഹന്നാൻ സ്നാപകൻ എസ്സെൻസ് എന്ന മത വിഭാഗത്തോടൊപ്പം ആണ്
ജീവിച്ചിരുന്നത് എങ്കിൽ, അദ്ദേഹം തീർച്ചയായും സ്നാനപ്പെട്ടിരുന്നു. അത് മാനസാന്തര
സ്നാനം ആയിരുന്നു. അവർ സ്വയം വെള്ളത്തിൽ മുങ്ങി കഴുകൽ പ്രാപിക്കുക ആയിരുന്നു. ഒരാൾ
മറ്റൊരാളിനെ സ്നാനപ്പെടുത്തിയിരുന്നുവോ എന്നതിൽ നിശ്ചയമില്ല. കാരണം
അവരെക്കുറിച്ചുള്ള അധികം വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എസ്സെൻസ് വിഭാഗം പ്രത്യേക
നേതാക്കന്മാരിൽ വിശ്വസിച്ചിരുന്നില്ല. അതിനാൽ അങ്ങനെ ഒരുവന്റെ പേരിൽ യോഹന്നാന്റെ
സ്നാനം അറിയപ്പെടുന്നില്ല.
മത്തായി 3:14 ആമത്തെ വാക്യത്തെ യോഹന്നാൻ
സ്നാനപ്പെട്ടിരുന്നില്ല എന്നു വ്യാഖ്യാനിക്കുവാനായി ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ
ഈ വാക്യം യേശുവിന്റെ ശ്രേഷ്ഠതയെക്കുറിച്ചാണ് പറയുന്നത്. യോഹന്നാൻ മാനസാന്തരവും, ശുദ്ധീകരണവും
ആവശ്യമുള്ള മനുഷ്യൻ ആയിരുന്നു. എന്നാൽ യേശു പാപം ഇല്ലാത്തവൻ ആയിരുന്നു. അതിനാൽ
അവന് മാനസാന്തരം ആവശ്യം ഇല്ലായിരുന്നു. മാനസാന്തര സ്നാനവും ആവശ്യം ഇല്ലായിരുന്നു.
യേശുക്രിസ്തു, എസ്സെൻസ് വിശ്വാസികൾ കാത്തിരുന്ന മശിഹാ ആയിരുന്നു.
എസ്സെൻസ് വിഭാഗക്കാർ, എല്ലാ ദിവസവും, തങ്ങളുടെ പാപങ്ങളെ
ഏറ്റ് പറഞ്ഞു, മനസന്തരപ്പെട്ട്,
വെള്ളത്തിൽ മുങ്ങി സ്നാനപ്പെടുന്നവർ ആയിരുന്നു. യോഹന്നാനും, അവരുടെ ഇടയിൽ
ആയിരുന്നപ്പോൾ എങ്കിലും, അതേ രീതി തുടർന്നിരുന്നു എന്നു അനുമാനിക്കാം. യേശുക്രിസ്തു
നല്കുന്ന സ്നാനത്തെക്കുറിച്ച് യോഹന്നാൻ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ നിങ്ങളെ
മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ
പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ
ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ
പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്തായി 3:11).
സ്നാപക യോഹന്നാനെ ആരാണ് സ്നാനപ്പെടുത്തിയത് എന്ന
ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി എന്നു കരുതുന്നു.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.
No comments:
Post a Comment