ഇതു എന്റെ ശരീരം എന്റെ രക്തം

 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല”

 

കർത്താവിന്റെ അത്താഴത്തിന്റെ ആത്മീയ അർത്ഥം വ്യക്തമായി മനസ്സിലാക്കുക ക്രിസ്തീയ ജീവിതത്തിൽ വളരെ പ്രധാനമാണ്. അതിൽ ആഴിയെക്കാൾ അഗാധമായ മർമ്മങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധ വീക്ഷണ കോണുകളിൽ നിന്നും നമുക്ക് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. എങ്കിലും, അതിന്റെയെല്ലാം സാരം യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം ആണ്.  

 

യഹൂദന്മാരുടെ പെസഹ അത്താഴത്തിന്റെ ആചരണം ആരംഭിച്ചിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കർത്താവിന്റെ മേശയുടെ ആചരണം സ്ഥാപിക്കപ്പെടുന്നത്. യേശുക്രിസ്തു അവന്റെ ശുശ്രൂഷ കാലത്ത് മൂന്നോ, നാലോ പ്രാവശ്യം ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചിട്ടുണ്ട്. അതിലെ അവസാനത്തെ പെസഹ ആചരിച്ചുകൊണ്ടിരിക്കെ, അതിലെ രണ്ട് ഘടങ്ങളെ എടുത്തു, അതിനെ പുനർ നിർവചനം ചെയ്താണ്, യേശു കർത്താവിന്റെ അത്താഴം സ്ഥാപിച്ചത്.

 

എന്നാൽ യേശുക്രിസ്തു കൽപ്പിച്ചു സ്ഥാപിച്ച കർത്താവിന്റെ അത്താഴം, നൂറ്റാണ്ടുകൾക്ക് മുമ്പ് മിസ്രയീമിൽ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ഓർമ്മയല്ല, അത് യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ ഓർമ്മയാണ്. ഇത് പഴയതിൽ നിന്നുകൊണ്ടു സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയുടെ ആചാരം ആണ്. കർത്താവിന്റെ അത്താഴം, മിസ്രയീമിൽ വച്ച് യിസ്രായേല്യർ ആചരിച്ച പെസഹായിലേക്ക് പിന്നോട്ട് നോക്കുകയും, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന, കുഞ്ഞാടിന്റെ കല്യാണ സദ്യയിലേക്ക് മുന്നോട്ട് നോക്കുകയും ചെയ്യുന്നു (വെളിപ്പാടു 19:7). എന്നാൽ കർത്താവിന്റെ അത്താഴം യഹൂദന്റെ പെസഹയുടെ പിന്തുടർച്ച അല്ല. അത് കർത്താവ് സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ അത്താഴം ആണ്. അത് കർത്താവിന്റെ ക്രൂശ് മരണത്തിന്റെ ഓർമ്മയാണ്. (ലൂക്കോസ് 22:19-20)

 

പെസഹ ആചരിച്ച ഓരോ യഹൂദനും മിസ്രയീമിലെ അടിമത്തത്തിൽ നിന്നുള്ള വിടുതലിലേക്ക് പുറകോട്ടു നോക്കുകയും, അവരുടെ വീണ്ടെടുപ്പിന്റെ സമ്പൂർണ്ണതയ്ക്കായായി മശിഹായുടെ വരവിലേക്ക്, ഭാവിയിലേക്ക് നോക്കുകയും ചെയ്യുന്നു. കർത്താവിന്റെ മേശയിൽ പങ്കെടുക്കുന്ന ഓരോ ക്രൈസ്തവ വിശ്വാസിയും യേശുക്രിസ്തുവിന്റെ ക്രൂശ് മരണം ഓർക്കുകയും, അവന്റെ രണ്ടാമത്തെ വരവിലേക്ക്, ഭാവിയിലേക്ക്, നോക്കുകയും ചെയ്യുന്നു.

 

വിവരണം

 

കർത്താവിന്റെ മേശയെക്കുറിച്ചുള്ള വിവരണം, മത്തായി 26:26-29, മർക്കോസ് 14:17-25, ലൂക്കോസ് 22:17-20, യോഹന്നാൻ 13:21-30, 1 കൊരിന്ത്യർ 11:23-32, എന്നീ വേദഭാഗങ്ങളിൽ നമുക്ക് വായിക്കാം. 1 കൊരിന്ത്യർ 11:27-32 വരെയുള്ള വാക്യങ്ങൾ, പൌലൊസ് വെളിപ്പാടിനാൽ പ്രാപിച്ചതും, എന്നാൽ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതും ആയ ആത്മീയ മർമ്മങ്ങൾ ആണ്. ഇതിൽ സുവിശേഷങ്ങളിൽ പറഞ്ഞിട്ടില്ലാത്ത, തിരുവത്താഴത്തിൽ പങ്കെടുക്കുന്നവരുടെ യോഗ്യതയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഇത് സുവിശേഷങ്ങളിൽ പറയുന്നില്ല. യേശുക്രിസ്തു ക്രൂശിൽ നമുക്ക് വേണ്ടി ചെയ്ത മഹാ ത്യാഗത്തെ ഗൌരവമായും ശരിയായും ഒർക്കാതെ ഇരിക്കുന്നതു അയോഗ്യതയാണ്. കർത്താവിന്റെ മേശയെ ഒരു ആചാരമെന്നവണ്ണം മാത്രം അനുഷ്ഠിക്കുന്നത് അയോഗ്യതയും ശിക്ഷാവിധിക്ക് കാരണവും ആയിത്തീരാം. യേശുക്രിസ്തു നമ്മളുടെ പാപമോചനത്തിനായി നല്കിയ അതുല്യമായ വില ഓർത്തു, നമ്മളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു ദൈവത്തോടും മനുഷ്യരോടും നിരപ്പ് പ്രാപിച്ചുകൊണ്ടു വേണം കർത്താവിന്റെ മേശയിൽ പങ്കെടുക്കുവാൻ. അതിനാൽ ആണ്, “മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.” എന്നു പൌലൊസ് പറയുന്നത്.

 

സുവിശേഷങ്ങളിൽ പറയാത്ത മറ്റൊരു വാചകം കൂടി പൌലൊസ് രേഖപ്പെടുത്തിയിട്ടുണ്ട്. “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” “കർത്താവു വരുവോളം” എന്നത് തിരുവത്താഴം ആചരിക്കുന്ന കാലത്തിന്റെ അന്തിമത്വം (finality) ആണ്. കർത്താവിന്റെ വരവിങ്കൽ തിരുവത്താഴത്തിന്റെ ആത്മീയ മർമ്മം സമ്പൂർണ്ണമാകുന്നു. അതായത്, ഈ ആത്മീയ ആചാരം ക്രമീകരിക്കുന്നതിന് ഒരു കാല പരിധി ഉണ്ട്. അത് കർത്താവിന്റെ രണ്ടാമത്തെ വരവ് വരെയേ ആചരിക്കുക ഉള്ളൂ. കർത്താവിന്റെ രണ്ടാമത്തെ വരവ്, കർത്താവിന്റെ മേശ ആചരിക്കുന്നതിന്റെ അന്തിമത്വം ആണ്.

 

“കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” എന്ന കാല സമ്പൂർണ്ണത സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും, “എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു യേശു പറഞ്ഞതായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാക്കുകൾ യേശുക്രിസ്തുവിന്റെ വാക്കുകൾ ഭാവിയിലെ ഒരു മഹാ സംഭവത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

 

കർത്താവിന്റെ മേശ, യേശുക്രിസ്തു സ്ഥാപിച്ചപ്പോൾ, ഒരു പ്രത്യേക സ്ഥലം, വർഷം, മാസം, സമയം, ജനം, എന്നിവയിൽ നടന്ന ഒരു സംഭവത്തിന്റെ ഓർമ്മയിൽ നിന്നും, സ്ഥലം, വർഷം, മാസം, സമയം, ജനം, എന്നിവയാൽ ബന്ധിതമല്ലാത്ത ഒരു ആത്മീയ മർമ്മത്തിലേക്ക് യേശു ശിഷ്യന്മാരെയും, നമ്മളെയും നയിക്കുക ആയിരുന്നു. ആദ്യത്തെ പെസഹ നടന്നത്, യിസ്രായേൽ ജനം, മിസ്രയീമിൽ ആയിരിക്കുമ്പോൾ, യിസ്രായേല്യരുടെ ഒന്നാമത്തെ മാസമായ നീസാൻ മാസം 14 ആം തീയതി സൂര്യൻ അസ്തമിച്ചതിന് ശേഷവും, 15 ആം തീയതി ആരംഭത്തിലും ആണ്. കർത്താവിന്റെ മേശ ആചരിക്കുന്നതിന് വർണ്ണ, വർഗ്ഗ, വ്യത്യാസമില്ലാതെ, ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവകാശമുണ്ട്. അത് ഒരു പ്രത്യേക ദിവസമോ, സമയത്തോ, സ്ഥലത്തോ ആചരിക്കേണം എന്നില്ല.

 

“എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ” എന്നു യേശു കൽപ്പിച്ചപ്പോൾ, യേശു സ്ഥാപിച്ച ആചാരം, കാലങ്ങൾക്കും, ദേശത്തിനും, മനുഷ്യ വർഗ്ഗ വ്യത്യാസങ്ങൾക്കും അതീതമായി ആവർത്തിക്കപ്പെടേണ്ടതാണ് എന്നാണ് അവൻ ഉദ്ദേശിച്ചത്. കർത്താവിന്റെ മേശ, യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെ നമ്മൾക്ക് എന്ത് ലഭിച്ചു എന്നതിന്റെ ഓർമ്മയാണ്.

 

യഹൂദന്മാരുടെ പെസഹ ആചാരത്തിൽ ഉപയോഗിച്ചിരുന്ന, “മാറ്റ്സ” എന്ന മാറ്റിവയ്ക്കപ്പെട്ട പെസഹ അപ്പം ആണ് യേശു നുറുക്കിയത്. അത് പുളിപ്പില്ലാത്ത അപ്പം ആയിരുന്നു. അതിൽ കുഞ്ഞാടിന്റെ അസ്ഥി ഇല്ലായിരുന്നു. ഇതൊരു പ്രവചന നിവർത്തിയാണ്. യേശുവിന്റെ മാംസം മാത്രമേ ക്രൂശീകരണത്തിൽ തകർക്കപ്പെട്ടുള്ളൂ. അവന്റെ അസ്ഥികൾ തകർക്കപ്പെട്ടില്ല.

 

യേശുക്രിസ്തുവിന്റെ അസ്ഥികൾ ഒന്നും ഓടിഞ്ഞുപോയില്ല എന്നത്, പെസഹ ആചാരവുമായി ബന്ധപ്പെട്ട ദൈവീക പ്രമാണത്തിന്റെ നിവർത്തി ആയിരുന്നു. യിസ്രായേൽ ജനം മിസ്രയീമിൽ വച്ചു പെസഹ ആചാരിച്ചപ്പോൾ കൊല്ലപ്പെട്ട കുഞ്ഞാടിന്റെ അസ്ഥികൾ ഒന്നും ഒടിച്ചിരുന്നില്ല. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം”. അതിൽ അവന്റെ അസ്ഥി ഇല്ല, മാംസം മാത്രമേയുള്ളൂ.



(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

വ്യത്യസ്തങ്ങൾ ആയ കാഴ്ചപ്പാടുകൾ

 

എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും കർത്താവിന്റെ അത്താഴം ആചരിക്കാറുണ്ട് എങ്കിലും, അതിനെക്കുറിച്ച് ഏക കാഴ്ചപ്പാട് അവർക്കിടയിൽ ഇല്ല. അതിന് ക്രിസ്തുവിന്റെ ക്രൂശ് മരണത്തോട് ആണ് ബന്ധം എന്നതിൽ തർക്കമില്ല എങ്കിലും, അതിന്റെ ആചാരങ്ങളുടെ രീതിയിലും, അർത്ഥത്തിലും, സഭ വിഭാഗങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരാണ്. ഈ അർത്ഥത്തിൽ, തിരുവത്താഴം സഭാ വിഭാഗങ്ങളെ ഒരുമിച്ചും, വിഭിന്നമായും നിറുത്തുന്നു. 

 

റോമൻ കത്തോലിക്കാ സഭയും, മാർട്ടിൻ ലൂഥർ ഉം, ജോൺ കാൽവിനും, തിരുവത്താഴത്തിൽ യേശുക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ട് എന്നു വിശ്വസിക്കുന്നു. എന്നാൽ അത് ഏത് രൂപത്തിലും, അളവിലും ആണ് എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. അത് ഭൌതീകമായ സാന്നിധ്യമാണോ, സഹവർത്തിത്വം ആണോ, ആത്മീയമായ യഥാർത്ഥ സാന്നിധ്യമാണോ, എന്നിവയിൽ ആണ് അവർക്കിടയിൽ ഉള്ള തർക്കം.

 

കർത്താവിന്റെ അത്താഴത്തേക്കുറിച്ച് പ്രധാനമായും നാല് വ്യത്യസ്തങ്ങൾ ആയ കാഴ്ചപ്പാടുകൾ ആണ് ഉള്ളത്. അവ, പദാർത്ഥാന്തരീകരണം (transubstantiation), സഹവർത്തിത്വം (consubstantiation), ആത്മീയമായ/മർമ്മികമായ യഥാർത്ഥ സാന്നിധ്യം (spiritual/ mystical real presence), ഓർമ്മയ്ക്കായി (memorialism), എന്നിവയാണ്.

 

പദാർത്ഥാന്തരീകരണം (transubstantiation)

 

പദാർത്ഥാന്തരീകരണം (transubstantiation) എന്നത് റോമൻ കത്തോലിക്കാ സഭയുടെയും, ചില പൌരസ്ത്യ ഓർത്തഡോക്സ് സഭകളുടെയും, ഉപദേശമാണ്. ഇതിനെ സത്താപരിവർത്തനം, പദാർത്ഥഭേദം, വസ്തു മാറ്റം, എന്നിങ്ങനെയും വിശേഷിപ്പിക്കാറുണ്ട്. ഈ ഉപദേശം അനുസരിച്ചു, വിശുദ്ധ കുർബ്ബാനയിൽ സമർപ്പിക്കപ്പെടുന്ന അപ്പത്തിന്റെയും, വീഞ്ഞിന്റേയും പദാർത്ഥങ്ങൾക്ക്, പുരോഹിതൻ പറയുന്ന കൂദാശാവചനങ്ങളുടെ അവസരത്തിൽ, യേശുവിന്റെ യഥാർത്ഥമായ ശരീര-രക്തങ്ങളുടെ പദാർത്ഥങ്ങളുടെ അവസ്ഥയിലേയ്ക്ക് മാറ്റം സംഭവിക്കുന്നു. അതായത്,

 

ഒരു പുരോഹിതൻ കുർബാന സമയത്ത് അപ്പത്തെയും വീഞ്ഞിനെയും അനുഗ്രഹിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞാൽ, അവയ്ക്ക് വസ്തുമാറ്റം ഉണ്ടായി, അവ യേശുവിന്റെ യഥാർത്ഥ ശരീരവും, രക്തവുമായി പദാർത്ഥാന്തരീകരണം സംഭവിക്കുന്നു. എന്നാൽ, ഈ മാറ്റത്തിനു ശേഷവും മനുഷ്യേന്ദ്രിയങ്ങൾക്ക് അപ്പവും വീഞ്ഞും അവയുടെ പൂർവ-സാദൃശ്യങ്ങൾ നിലനിർത്തുന്നു. (appearances). അതായത്, അവയുടെ പ്രത്യക്ഷമായ രൂപത്തിനോ, രുചിയ്ക്കൊ, ഗന്ധത്തിനോ യാതൊരു മാറ്റവും ദൃശ്യമല്ല.

 

എങ്കിലും, കത്തോലിക്കാ സഭയുടെ തിരുവത്താഴ കൂദാശയിൽ പങ്കെടുക്കുന്നവർ ഭക്ഷിക്കുകയും, പാനം ചെയ്യുകയും ചെയ്യുന്നത്, യഥാർത്ഥമായ ക്രിസ്തുവിന്റെ ശരീരവും, രക്തവും ആണ്. അതിലൂടെ ദൈവ കൃപ, അതിൽ പങ്കെടുക്കുന്നവരിലേക്ക് വ്യാപരിക്കുന്നു എന്നും അവർ പഠിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ചു, ആരാധന മദ്ധ്യേയുള്ള തിരുബലി സമർപ്പണ വേളയിൽ, ക്രിസ്തുവിന്റെ ക്രൂശിലെ യാഗം, കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്നവർക്കായി  ആവർത്തിക്കപ്പെടുന്നു. അല്ലെങ്കിൽ, ആവർത്തിച്ചു സമർപ്പിക്കപ്പെടുകയാണ്. ഇതിനായി നിയമിക്കപ്പെട്ട ഒരു പുരോഹിതന് മാത്രമേ ഈ കൂദാശ ചെയ്യുവാൻ അവകാശമുള്ളൂ.

 

തിരുബലിയുടെ സമയത്ത്, അപ്പത്തിനും വീഞ്ഞിനും ഉണ്ടാകുന്ന വസ്തു മാറ്റം, മനുഷ്യ ദൃഷ്ടികൾക്ക് അഗോചരം ആണ്. എന്നാൽ, മനുഷ്യരുടെ ദൃഷ്ടികൾക്ക് മറഞ്ഞിരിക്കുന്ന അതിന്റെ ഉള്ളിലെ സാരാംശത്തിന് മാറ്റം ഉണ്ടാകുന്നു എന്നാണ് റോമൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഗ്രീക് ദാർശനികൻ ആയിരുന്ന അരിസ്റ്റോട്ടിലിന്റെ തത്വം അനുസരിച്ചു, ഒരു പദർത്ഥത്തിന്റെ ഉള്ളിലെ സാരാംശം ആണ് അതിന്റെ യഥാർഥ വസ്തു. അതിനാൽ യഥാർത്ഥ വസ്തുവിന് മാറ്റം സംഭവിക്കുന്നു. ദൃഷ്ടീ ഗോചരമായ ബാഹ്യമായത് മാറ്റമില്ലാതെ ഇരിക്കുന്നു.    

 

അതിനാൽ ഒരുവൻ തിരുവത്താഴത്തിലെ അപ്പവും വീഞ്ഞും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോൾ, അവൻ യേശുക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും, രക്തവുമാണ് ഭക്ഷിക്കുകയും, പാനം ചെയ്യുകയും ചെയ്യുന്നത്. അതിലൂടെ അവന് ദൈവ കൃപ ലഭിക്കുന്നു. തിരുബലി നിരസിക്കുന്നവർ ദൈവ കൃപയെ ആണ് നിരസിക്കുന്നത്. ഇതെല്ലാം ആണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്ന “പദാർത്ഥാന്തരീകരണം” ന്റെ വിവരണങ്ങൾ.    

 

സഹവർത്തിത്വം (consubstantiation)

 

നവീകരണ മുന്നേറ്റത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന, മാർട്ടിൻ ലൂഥർ ന്റെ, തിരുവത്താഴത്തേക്കുറിച്ചുള്ള കാഴ്ചപ്പാട്, കത്തോലിക്കാ സഭയുടെ ഉപദേശത്തിൽ നിന്നും വ്യത്യസ്തം ആയിരുന്നു. കർത്താവിന്റെ അത്താഴത്തിൽ അപ്പവും വീഞ്ഞും, യേശുക്രിസ്തുവിന്റെ യഥാർത്ഥ മാംസവും രക്തവും ആയി മാറുന്നില്ല എന്നും, എന്നാൽ യേശുക്രിസ്തുവിന്റെ ഭൌതീകമായ സാന്നിദ്ധ്യം അപ്പത്തോടും വീഞ്ഞിനൊടും ഉണ്ട് എന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെയാണ് “സഹവർത്തിത്വം” എന്നു വിളിക്കുന്നത് (consubstantiation).

 

ക്രിസ്തുവിൻ്റെ ശരീരവും രക്തവും, സമർപ്പിതമായ അപ്പവും വീഞ്ഞുമായി സാരാംശത്തിൽ സഹവർത്തിത്വമുണ്ട് (coexists) എന്ന ഉപദേശമാണ് “സഹവർത്തിത്വം”. അപ്പത്തിന്റെയും വീഞ്ഞിന്റെയും പദാർത്ഥത്തിന് ഭേദം വരുന്നില്ല എങ്കിലും, അവ വിശുദ്ധ കൂട്ടായ്മ”യുടെ ശുശ്രൂഷയിൽ, ക്രിസ്തുവിന്റെ ശരീരത്തോടും രക്തത്തോടും ചേർന്ന് നിലകൊള്ളുന്നു. ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിദ്ധ്യം ശുശ്രൂഷയിൽ ഉണ്ട് എന്നും അദ്ദേഹം പഠിപ്പിച്ചു.

 

തിരുവത്താഴത്തിന് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും, പുരോഹിതൻ പ്രാർത്ഥിച്ചതിന് ശേഷവും, വസ്തുമാറ്റം സംഭവിക്കാതെ അപ്പവും, വീഞ്ഞും ആയി ഇരിക്കുന്നു എന്നും, എന്നാൽ അതിൽ യേശുക്രിസ്തുവിന്റെ ആത്മീയമായ സഹവർത്തിത്വം ഉണ്ട് എന്നും, അതിനാൽ അപ്പവും വീഞ്ഞും ആത്മീയമായി യേശുക്രിസ്തുവിന്റെ ശരീരവും, രക്തവും ആയി തീരുന്നു എന്നുമുള്ള വിശ്വാസമാണ് “സഹവർത്തിത്വം”. ഇത് കത്തോലിക്കാ സഭയുടെ വിശ്വാസമായ “പദാർത്ഥാന്തരീകരണം” ന്റെ മറ്റൊരു രൂപം ആണ്. കത്തോലിക്കാ സഭ, അപ്പവും, വീഞ്ഞും, യാഥാർത്ഥമായും യേശുവിന്റെ ശരീരവും, രക്തവും ആയി മാറുന്നു എന്നു പഠിപ്പിക്കുമ്പോൾ, “സഹവർത്തിത്വം” ആത്മീയമായി അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും, രക്തവും ആയി മാറുന്നു എന്നു പഠിപ്പിക്കുന്നു. “സഹവർത്തിത്വം”, വിശുദ്ധ കൂട്ടായ്മയിൽ ഉപയോഗിക്കുന്ന അപ്പം, വീഞ്ഞു, എന്നിവയിൽ, “അതിനോടൊപ്പം, അതിനുള്ളിൽ, അതിനുകീഴെ” യേശുവിന്റെ ആത്മീയമായ സഹവർത്തിത്വം ഉണ്ട് എന്നു പഠിപ്പിക്കുന്നു (with, in, under). അതായത് മുഴുവൻ പദർത്ഥത്തിലും യേശുക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം ഉണ്ട്. ഇത് വിശദീകരിക്കുവാനായി വെള്ളത്തിൽ മുങ്ങിയ ഒരു കഷണം സ്പോഞ്ചിനെ  ഉദാഹരണം ആയി കാണിക്കാറുണ്ട് (sponge). സ്പോഞ്ച് വെള്ളമല്ല, വെള്ളം സ്പോഞ്ച് അല്ല. എന്നാൽ സ്പോഞ്ച് ൽ നിറയെ വെള്ളം ഉണ്ട്. അവ രണ്ടും ഒരുമിച്ച് സഹവർത്തിക്കുന്നു. 

 

ക്രിസ്തുവിന്റെ ക്രൂശിലെ യാഗം, തിരുവത്താഴത്തിൽ ആവർത്തിക്കപ്പെടുന്നില്ല എന്നു ലൂഥർ വിശ്വസിച്ചു. നിത്യജീവന്റെ ശ്രോതസ്സ് ദൈവത്തിന്റെ വചനം ആണ്. അത് ഒരു കൂദാശയിലൂടെ ലഭിക്കുന്നത് അല്ല. എന്നാൽ, “ഇതു എന്റെ ശരീരം”, “എന്റെ രക്തം” എന്നീ യേശുക്രിസ്തുവിന്റെ വാക്കുകളെ അക്ഷരാർത്ഥത്തിൽ തന്നെ മനസ്സിലാക്കേണ്ടത് ആണ് (മത്തായി 26:26-29). തിരുവത്താഴത്തിൽ പങ്കെടുക്കുന്നവരിലേക്ക് ദൈവ കൃപ വ്യാപരിക്കുന്നു എന്ന റോമൻ കത്തോലിക്കാ ഉപദേശത്തോട് അദ്ദേഹത്തിന് യോജിപ്പായിരുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടും മാർട്ടിൻ ലൂഥറിന്റെ കാഴ്ചപ്പാടും തമ്മിൽ വലിയ അന്തരം ഉണ്ട് എന്നു അദ്ദേഹം വാദിച്ചു.

 

മാർട്ടിൻ ലൂഥർ സ്ഥാപിച്ച മെത്തേഡിസ്റ്റ് സഭ “സഹവർത്തിത്വം” എന്ന ഉപദേശം പിന്തുടരുന്നു. ചില പൌരസ്ത്യ ഓർത്തഡോക്സ് സഭകളും“സഹവർത്തിത്വം” ൽ വിശ്വസിക്കുന്നു. എന്നാൽ എല്ലാ പ്രൊട്ടസ്റ്റന്റ് സഭകളും ഈ ഉപദേശത്തെ സ്വീകരിച്ചിട്ടില്ല.

 

ആത്മീയ യഥാർത്ഥ സാന്നിദ്ധ്യം (spiritual/real presence)

 

കർത്താവിന്റെ മേശയിലെ അപ്പവും വീഞ്ഞും ആലങ്കാരികമായും, പ്രതീകങ്ങളായും മാത്രമേ യേശുവിന്റെ ശരീരവും രക്തവും ആകുന്നുള്ളൂ എന്നതായിരുന്നു ജോൺ കാൽവിൻ ന്റെ അഭിപ്രായം. തിരുവത്താഴം, യേശുക്രിസ്തു കൽപ്പിച്ചു സ്ഥാപിച്ചപ്പോൾ, അവൻ ആലങ്കാരികവും സൂചകവും ആയ ഭാഷയാണ് ഉപയോഗിച്ചത്. ഈ കാഴ്ചപ്പാട് കത്തോലിക്കാ വിശ്വാസത്തിൽ നിന്നും, മാർട്ടിൻ ലൂഥറിനെക്കാൾ കൂടുതൽ അകലം പാലിക്കുന്നു. അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീരമായോ, രക്തമായോ, യഥാർത്ഥത്തിലോ, സഹവർത്തിത്വത്തിലോ മാറ്റപ്പെടുന്നില്ല എന്നു കാൽവിൻ വിശ്വസിച്ചു. എന്നാൽ തിരുവത്താഴത്തിൽ യേശുക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം ഉണ്ട്. കർത്താവിന്റെ മേശയിൽ പങ്കെടുക്കുന്നവർക്ക് ദൈവ കൃപ പകർന്നു ലഭിക്കുന്നു എന്ന കത്തോലിക്കാ സഭയുടെ ഉപദേശം ജോൺ കാൽവിനും സ്വീകരിച്ചു.

 

“ആത്മീയ സാന്നിദ്ധ്യം” അല്ലെങ്കിൽ “യഥാർത്ഥ സാന്നിദ്ധ്യം” എന്ന വ്യാഖ്യാനമാണ് കാൽവിൻ മുന്നോട്ട് വച്ചത്. കർത്താവിന്റെ അത്താഴം ഒരു ഓർമ്മ മാത്രം അല്ല എന്നും, അപ്പവും വീഞ്ഞും വെറും പ്രതീകങ്ങൾ മാത്രം അല്ല എന്നും അദ്ദേഹം വിശ്വസിച്ചു. അവയിൽ യേശുക്രിസ്തുവിന്റെ യഥാർത്ഥ ആത്മീയ സാന്നിദ്ധ്യം ഉണ്ട്. പങ്കെടുക്കുന്നവർക്ക് ക്രിസ്തുവിന്റെ ആത്മീയ സാന്നിധ്യത്തിന്റെ ഗുണങ്ങൾ ലഭിക്കും.

 

യഹൂദന്മാരുടെ പെസഹ ആചരിക്കുന്ന അവസരത്തിൽ ആണ്  യേശുക്രിസ്തു അപ്പത്തെക്കുറിച്ച്, “എന്റെ ശരീരം” എന്നും, വീഞ്ഞിനെക്കുറിച്ച്, “ എന്റെ രക്തം” എന്നും പറഞ്ഞത്. പെസഹയിലെ ഓരോ ചടങ്ങിനും, ഭക്ഷണത്തിനും, ഓരോ കപ്പ് വീഞ്ഞിനും, പ്രത്യേകമായ അർത്ഥം ഉണ്ട്. അവയെല്ലാം മറ്റൊരു സംഭവത്തിന്റെയോ, ദൈവീക വാഗദത്തിന്റെയോ സൂചനകൾ ആണ്. യേശുക്രിസ്തു അപ്പത്തെയും, വീഞ്ഞിനെയും അവന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകമായി പുനർ വ്യാഖ്യാനിച്ചു. യേശു ക്രിസ്തു അപ്പോൾ ക്രൂശിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ, അവന്റെ വാക്കുകൾക്ക് ദൃഷ്ടാന്തമായ ഒരു അർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

ക്രിസ്തുവിന്റെ സാന്നിദ്ധ്യം സാധ്യമാക്കുന്നത് പരിശുദ്ധാത്മാവ് ആണ്. പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ആത്മാവ് ആണ്. അതിനാൽ അപ്പവും വീഞ്ഞും ഭക്ഷിക്കുകയും, പാനം ചെയ്യുകയും ചെയ്യുന്നവർ, ക്രിസ്തുവിന്റെ തകർക്കപ്പെട്ട ശരീരത്തിന്റെയും, ക്രൂശിൽ ചൊരിഞ്ഞ രക്തത്തിന്റെയും ഗുണങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്നു. 

 

തിരുവത്താഴ ശുശ്രൂഷയക്കായി കൂടിവരുന്ന ജനങ്ങളുടെ ഇടയിൽ യേശുക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം ഉണ്ട് എന്നത് ശരിയായ ഉപദേശം ആണ്. അപ്പത്തിനും, വീഞ്ഞിനും, വസ്തു മാറ്റം ഉണ്ടാകുന്നില്ല, അത് യേശുക്രിസ്തുവിന്റെ ക്രൂശികരണത്തിന്റെ ഓർമ്മയ്ക്കായി ചെയ്യുന്ന ആചാരം ആണ്. എന്നാൽ, രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ ഒരുമിച്ച്, ഒരുമനസ്സോടെ, അവനെ ആരാധിക്കുവാനായി, കൂടിവരുന്ന ഇടത്തെല്ലാം, അവന്റെ ആത്മീയ സാന്നിദ്ധ്യം ഉണ്ട്. ഈ മനസ്സിലാക്കൽ പ്രധാനമാണ്.

 

ഓർമ്മയ്ക്കായി (memorialism)

 

സ്വിറ്റ്സര്‍ലാന്‍ഡ് ലെ സൂറിച്ചില്‍ ജീവിച്ചിരുന്ന ഒരു നവീകരണ മുന്നേറ്റ പോരാളി ആയിരുന്നു, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി. മര്‍ട്ടിന്‍ ലൂഥറും, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലിയും തമ്മില്‍ ഉപദേശങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിരുന്നു. വിശ്വാസത്താല്‍ നീതീകരണം എന്നതില്‍ ഇരുവരും യോജിച്ചപ്പോള്‍ തിരുവത്താഴ ശുശ്രൂഷയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. വസ്തുമാറ്റം എന്ന കത്തോലിക്ക വിശ്വാസത്തെ ലൂഥർ തള്ളിപ്പറഞ്ഞു എങ്കിലും, ക്രിസ്തു സര്‍വ്വവ്യാപി ആയതിനാല്‍ തിരുവത്താഴത്തിലെ അപ്പത്തിലും വീഞ്ഞിലും അവന്റെ സഹവർത്തിത്വം ഉണ്ട് എന്നു ലൂഥർ വിശ്വസിച്ചു. അപ്പവും വീഞ്ഞും പ്രതീകങ്ങള്‍ മാത്രമാണ് എന്നും ശുശ്രൂഷ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന്‍റെയും ക്രൂശ് മരണത്തിന്റെയും ഓര്‍മ്മയ്ക്കായി ചെയ്യുന്നതാണ് എന്നും സ്വീങ്ഗ്ലി വിശ്വസിച്ചു.

 

സ്വീങ്ഗ്ലി, തിരുവത്താഴത്തെ ക്രിസ്തുവിന്റെ ക്രൂശ് മരണത്തിന്റെ ഓർമ്മയായി മാത്രം കണ്ടു. അപ്പത്തിലും വീഞ്ഞിലും, യേശുക്രിസ്തുവിന്റെ ശരീരമോ, രക്തമോ, യാഥാർത്ഥത്തിലോ, സഹവർത്തിത്വത്തിലോ ഇല്ല എന്ന കാൽവിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചു. എന്നാൽ കാൽവിന്റെ ചിന്തയിൽ നിന്നും വ്യത്യസ്തമായി, കർത്താവിന്റെ അത്താഴം യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിന്റെ ഓർമ്മയ്ക്കായി ആചരിക്കപ്പെടുന്നു എന്നു സ്വീങ്ഗ്ലി വിശ്വസിച്ചു. യേശുക്രിസ്തു, “എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ” എന്നാണ് പറഞ്ഞത്. അതിനാൽ കർത്താവിന്റെ മേശ, യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിന്റെ ഓർമ്മയ്ക്കായി ചെയ്യുന്ന ഒരു ആചാരമാണ്. അപ്പവും വീഞ്ഞും, ക്രൂശിൽ തകർക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരത്തിന്റെയും, അവിടെ ചൊരിഞ്ഞ അവന്റെ രക്തത്തിന്റെയും പ്രതീകങ്ങൾ ആണ്. ഇതിൽ പങ്കെടുക്കുന്ന ഒരു വിശ്വാസിയുടെ ഭക്തിപൂർവ്വമായ ഒരു പ്രവർത്തിയാണ് കർത്താവിന്റെ അത്താഴം.

 

വിശ്വാസികൾ യേശുക്രിസ്തുന്റെ ശരീരമോ, രക്തമോ, യാതൊരു രീതിയും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്യുന്നില്ല. യേശുക്രിസ്തു ഈ ശുശ്രൂഷയിൽ ഭൌതീക തലത്തിൽ സന്നിഹിതൻ അല്ല. മത്തായി 26:26-28 വരെയുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾ, ആലങ്കാരികവും, ദൃഷ്ടാന്തപരവുമാണ്. അവന്റെ ക്രൂശ് മരണത്തിൽ സംഭവിക്കുന്നത് ഓർക്കേണം എന്നാണ് യേശു ശിഷ്യന്മാരോടു പറഞ്ഞത്.

 

1 കൊരിന്ത്യർ 11:24-25 വാക്യങ്ങളിൽ, രണ്ട് പ്രാവശ്യം, “എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ” എന്നു യേശുക്രിസ്തു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. 26 ആം വാക്യത്തിൽ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.എന്നു പൌലൊസ് എഴുതിയിരിക്കുന്നു. അതായത് കർത്താവിന്റെ മേശയുടെ ആചരണം, ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്നത് ആണ്. അത് അവന്റെ രണ്ടാമത്തെ വരവ് വരെ ആവർത്തിച്ചു ചെയ്യേണ്ടതാണ്. ഇതിന് മറ്റ് യാതൊരു അർത്ഥവും, വ്യഖ്യാനവും ഇല്ല.

 

ഈ ഉപദേശ പ്രകാരം, അപ്പത്തിനോ, വീഞ്ഞിനൊ, യേശുവിന്റെ മാംസം, രക്തം എന്നിവയുമായി, ഭൌതീകമായോ, ആത്മീയമായോ, മർമ്മികമായോ, യാതൊരു ബന്ധവും ഇല്ല. ഇവയ്ക്ക് മർമ്മികമായ അർത്ഥം ഉണ്ട്, എന്നാൽ ബന്ധം ഇല്ല. സ്വീങ്ഗ്ലി മുന്നോട്ട് വച്ച വ്യാഖ്യാനം ആണ്, കർത്താവിന്റെ അത്താഴം “ഓർമ്മയ്ക്കായി” ആചരിക്കുന്നവരുടെ ഉപദേശം.


 എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ

 

യേശുക്രിസ്തു തിരുവത്താഴ ശുശ്രൂഷ കൽപ്പിച്ചാക്കിയപ്പോൾ, അവൻ അതിന്റെ ആത്മീയ തലത്തേക്കുറിച്ചാണ് സംസാരിച്ചത്. ഒരു ക്രൈസ്ത വിശ്വാസിക്കു യേശുവുമായുള്ള ആത്മീയ ബന്ധത്തെയാണ് അപ്പവും വീഞ്ഞും പ്രതിനിധാനം ചെയ്യുന്നത്. എവിടെ, എപ്പോൾ, എങ്ങനെ, ഈ ശുശ്രൂഷ ക്രമീകരിക്കേണം എന്നു യേശുക്രിസ്തു പറഞ്ഞില്ല. ശിഷ്യന്മാർ ആരും അവനോടു ചോദിച്ചുമില്ല. അതിനാൽ യേശുവോ, അപ്പൊസ്തലന്മാരോ, ഉപദേശിക്കാത്ത കാര്യങ്ങൾ നിർബന്ധമായി പാലിക്കേണ്ടത് അല്ല.

 

യേശുക്രിസ്തു അവനെക്കുറിച്ചു ആലങ്കാരികമായി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അവൻ പറഞ്ഞ, “ഞാൻ ആകുന്നു” പ്രസ്താവനകൾ അതിന് ഉദാഹരണങ്ങൾ ആണ്. ഉദാഹരണത്തിന്: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു”, “ഞാൻ വാതിൽ ആകുന്നു”, “ഞാൻ നല്ല ഇടയൻ ആകുന്നു”, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു”, “ഞാന്‍ സാക്ഷാല്‍ മുന്തിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു.” ഈ പ്രസ്താവനകൾ എല്ലാം ആലങ്കാരികമായി രൂപകങ്ങൾ ആണ്. ഇതു പോലെ തന്നെ, അന്ത്യ അത്താഴ സമയത്ത് അവൻ പറഞ്ഞ വാക്കുകളും ആലങ്കാരികം ആണ്. അതിലെ അപ്പവും വീഞ്ഞും അവന്റെ ശരീരത്തിന്റെയും, രക്തത്തിന്റെയും പ്രതീകങ്ങൾ ആണ് എന്ന ആശയമാണ് യേശു വിനിമയം ചെയ്യുവാൻ ഉദ്ദേശിച്ചത്.

 

പ്രൊട്ടസ്റ്റന്റ് സഭകൾ പൊതുവേ, കർത്താവിന്റെ അത്താഴം  സ്ഥാപിക്കുന്ന സമയത്ത് യേശു പറഞ്ഞ വാക്കുകൾ ആലങ്കാരികവും, സാദൃശ്യവും ആണ് എന്നാണ് വിശ്വസിക്കുന്നത്. അപ്പവും, വീഞ്ഞും, യേശുവിന്റെ മാംസത്തിന്റെയും രക്തത്തിന്റെയും സൂചകങ്ങൾ മാത്രമാണ്. ഇതിലൂടെ, ക്രിസ്തുവുമായുള്ള ബന്ധം വിശ്വാസത്താൽ സ്ഥാപിക്കപ്പെടേണ്ടത് ആണ്.

 

ദൈവ വചനം പറയുന്നത് അനുസരിച്ചു തിരുവത്താഴ ശുശ്രൂഷ ക്രമീകരിക്കപ്പെടുന്നത് യേശുക്രിസ്തുവിന്റെ ഓർമ്മയ്ക്കായി ആണ്. അത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണവും, പുതിയ ഉടമ്പടിയുടെ പ്രഖ്യാപനവും ഓർക്കുന്നു.

 

എന്നാൽ, കർത്താവിന്റെ അത്താഴം, യാതൊരു ആത്മീയ പോഷണവും ഇല്ലാത്ത, ബൌദ്ധിക തലത്തിലെ ഓർമ്മപ്പെടുത്തലൊ, യാന്ത്രികമായ ഒരു ആചാരം മാത്രമോ അല്ല. ഇതിൽ ക്രിസ്തുവിനോടുകൂടെയുള്ള ആത്മീയമായ ഒരു കൂട്ടായ്മ ഉണ്ട്. അത്താഴ സമയത്ത് യേശുക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം, ശുശ്രൂഷയിലും, അതിൽ പങ്കെടുക്കുന്നവരുടെ ഇടയിലും ഉണ്ട്. അതിനാൽ തിരുവത്താഴം, അതിൽ പങ്കെടുക്കുന്നവരുടെ ആത്മീയ നന്മയ്ക്കായി ഉപകരിക്കപ്പെടും.

 

തിരുവത്താഴത്തിലെ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ആത്മീയം ആണ്. അവന്റെ ആത്മീയ സാന്നിധ്യം വിശ്വാസത്താൽ വിനിമയം ചെയ്യപ്പെടുന്നു. ഇതാണ് നവീകരണ ദൈവ ശാസ്ത്രം പഠിപ്പിക്കുന്നത്. യേശു ക്രിസ്തുവിന്റെ സാന്നിദ്ധ്യം യഥാർത്ഥമാണ്. ഇതിനെ “മാർമ്മികമായ യഥാർത്ഥ സാന്നിദ്ധ്യം” എന്നും “ആത്മീയ യഥാർത്ഥ സാന്നിദ്ധ്യം” എന്നും വിശേഷിപ്പിക്കുന്നു. അപ്പം വീഞ്ഞ് എന്നിവ വിശ്വാസത്തോടെ ഭക്ഷിക്കുകയും, പാനം ചെയ്യുകയും ചെയുവർ, ക്രിസ്തുവിന്റെ ശരീരത്തോടും, രക്തത്തോടും പങ്ക് ചേരുകയാണ്. ഇത് ഒരുവനെ ആത്മീയമായി പരിപോഷിപ്പിക്കുന്നു.   

 

യേശുക്രിസ്തുവിന്റെ ക്രൂശ് മരണം സമയ ബന്ധിതം ആയിരുന്നു. എന്നാൽ ക്രൂശ് മരണത്തിന്റെ ഫലം സമയാധീതം ആണ്. ക്രൂശിലെ യാഗത്തിന്റെ ഫലം നിത്യമാണ്. അതിനാൽ സമയബന്ധിതമായി സംഭവിച്ച ക്രൂശീകരണത്തിൽ, നൂറ്റാണ്ടുകൾക്ക് ശേഷം ഒരുവന് ഭൌതീക തലത്തിൽ പങ്കുചേരുവാൻ സാദ്ധ്യമല്ല. എന്നാൽ ആത്മീയതലത്തിൽ, ക്രൂശീകരണത്തിന്റെ ഓർമ്മയിൽ അവന് പങ്ക് ചേരുവാൻ കഴിയും.

 

എന്റെ ശരീരം

 

ലോകത്തിൽ ജീവിച്ചിരുന്ന ശ്രേഷ്ഠന്മാരായ മനുഷ്യരുടെ ഓർമ്മയ്ക്കായി, പലവിധത്തിലുള്ള നിർമ്മിതികൾ ഉണ്ടാക്കാറുണ്ട്. എന്നാൽ യേശുക്രിസ്തു അവന്റെ ഓർമ്മയ്ക്കായി അപ്പവും വീഞ്ഞും ഉപയോഗിച്ചു ഒരു ആചാരം, അത്താഴമായി കൽപ്പിച്ചാക്കി. അവന്റെ ഓർമ്മയ്ക്കായി ലോകപ്രകാരമുള്ള യാതൊരു നിർമ്മിതികളും ആവശ്യമില്ല. കാരണം അവന്റെ ക്രൂശിലെ യാഗത്തെ ഓർക്കുവാൻ, ലോകത്തിലെ നിർമ്മിതികൾക്ക് സാദ്ധ്യമല്ല. അപ്പം ക്രൂശിൽ തകർക്കപ്പെട്ട അവന്റെ ശരീരത്തിന്റെ ഓർമ്മയാണ്. യേശു ശിഷ്യന്മാര്ക്ക് നുറുക്കി കൊടുത്ത പെസഹ അപ്പം പുളിപ്പില്ലാത്തത് ആയിരുന്നതുപോലെ, അവന്റെ ശരീരവും പാപം ഇല്ലാത്തത് ആയിരുന്നു. പെസഹ അപ്പം വേഗം പൊടിയുന്നത് ആയിരുന്നതുപോലെ, അവന്റെ ശരീരവും തകർക്കപ്പെട്ടു. അവന്റെ രക്തത്തിൽ, അനേകം മനുഷ്യരുടെ വീണ്ടെടുപ്പിന് മറുവിലയായി നല്കുന്ന ജീവൻ ഉണ്ടായിരുന്നു. ഇതാണ് തിരുവത്താഴം നമ്മളെ ഓർമ്മിപ്പിക്കുന്നതും, നമ്മൾ ഓർക്കുന്നതും. 

 

1 കൊരിന്ത്യർ 11:24 ആം വാക്യത്തിൽ, ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരംഎന്നത്, “ഇത് നിങ്ങൾക്ക് വേണ്ടി തകർക്കപ്പെട്ട എന്റെ ശരീരം” എന്നാണ് കിങ് ജെയിംസ് വേർഷൻ, ന്യൂ കിങ് ജെയിംസ് വേർഷൻ, വേൾഡ് ഇംഗ്ലീഷ് ബൈബിൾ എന്നിങ്ങനെയുള്ള ചില പരിഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇവിടെ “തകർക്കപ്പെട്ട” (broken) എന്നൊരു വാക്ക് കൂടുതലായുണ്ട്. എന്നാൽ എല്ലാ പരിഭാഷകളിലും ഈ വാക്ക് ഇല്ല. വേദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ചില പഴയ പതിപ്പുകളിൽ “തകർക്കപ്പെട്ട” എന്ന വാക്ക് ഉണ്ട് എങ്കിലും, ഏറ്റവും പഴക്കം ചെന്ന മൂല ഗ്രന്ഥങ്ങളിൽ ഈ വാക്ക് കാണുന്നില്ല. അതിനാൽ, “തകർക്കപ്പെട്ട” എന്ന വാക്ക് പിന്നീട് ഏതോ പകർത്തെഴുത്തുകാരൻ കൂട്ടിച്ചേർത്തത് ആയിരിക്കാം. എങ്കിലും ഈ വാക്ക് യേശുവിന്റെ തകർക്കപ്പെട്ട ശരീരത്തിന്റെ ഓർമ്മയ്ക്കായി ആണ്, കർത്താവിന്റെ അത്താഴത്തിലെ അപ്പം ഭക്ഷിക്കുന്നത് എന്ന ആശയം വിനിമയം ചെയ്യുന്നു.

 

എന്റെ രക്തത്തിലെ പുതിയ നിയമം

 

യേശുക്രിസ്തു പ്രഖ്യാപിച്ച പുതിയ ഉടമ്പടി, പഴയ ഉടമ്പടിയുമായി പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പഴയ ഉടമ്പടി മോശെയിലൂടെ നല്കപ്പെട്ടതും, നിബന്ധനകൾക്ക് വിധേയവും ആയിരുന്നു. അത് യായിസ്രായേൽ ജനത്തെ മറ്റ് ജന വിഭാഗങ്ങളിൽ നിന്നും വേർത്തിരിച്ച് നിറുത്തി. അതിൽ പാപത്തേക്കുറിച്ചും, വേർപാടിനെക്കുറിച്ചും, വിശുദ്ധിയെക്കുറിച്ചും, വ്യത്യസ്തമായ നിർവചനങ്ങൾ ഉണ്ടായിരുന്നു. യാഗങ്ങളിലൂടെയുള്ള പാപ പരിഹാര മാർഗ്ഗം അതിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ പഴയനിയമത്തിൽ തന്നെ, യിരേമ്യാവ് പ്രവചകൻ പുതിയ ഉടമ്പടിയെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു.

 

പഴയ ഉടമ്പടിയിൽ പാപത്തിന് പരിഹാരം രക്തം ചൊരിഞ്ഞുള്ള യാഗത്തിലൂടെ മാത്രമേ സാധ്യമായിരുന്നുള്ളൂ. എന്നാൽ അതിന് ഒരിക്കലായി, എന്നന്നേക്കുമുള്ള പാപ മോചനം സാധ്യമായിരുന്നില്ല. അതിനാൽ യാഗങ്ങൾ ആവർത്തിക്കേണ്ടിയിരുന്നു. ഇതായിരുന്നു മോശെയുടെ (ഒന്നാമത്തെ) ഉടമ്പടിയുടെ ന്യൂനത.

 

അതിനാൽ യേശുക്രിസ്തു കൂടുതൽ മെച്ചമായ ഒരു ഉടമ്പടി സ്ഥാപിക്കുവാനായി വന്നു. യേശുവിന്റെ ഉടമ്പടി അവൻ രക്തത്താൽ ഉറപ്പിക്കുകയും ചെയ്തു.

 

കോറം ഡെയോ

 

ഈ പഠനം ഇവിടെ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 

പെസഹ ആചാരത്തിലെ അപ്പത്തെയും വീഞ്ഞിനെയും യേശു പുനർ വ്യാഖ്യാനിച്ചു, അവയെ പെസഹായിലെ രണ്ട് ഘടകങ്ങൾ എന്നതിനെക്കാൾ ശ്രേഷ്ഠമായതായി അവൻ നിർവചിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റേയും പുതിയ നിർവചനം യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ, പെസഹ എന്ന നിഴലിന്റെ ആത്മീയ മർമ്മമായ ഒരിക്കലായി, എന്നന്നേക്കുമുള്ള പാപ പരിഹാരം എന്നതിന്റെ സമ്പൂർണ്ണ നിവർത്തിയാക്കി. അങ്ങനെ പെസഹ വരുവാനിരുന്ന യാഗത്തിന്റെയും മോചനത്തിന്റെയും നിഴലും, ക്രിസ്തുവിന്റെ ക്രൂശ് മരണം, മോചനത്തിന്റെ വെളിപ്പെട്ട മർമ്മവും, സമ്പൂർണ്ണതയും, ആയി.

 

അപ്പത്തിന്റെയും വീഞ്ഞിന്റേയും ആത്മീയ മർമ്മം വെളിപ്പെടുത്തിയത്തിന് ശേഷം, യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”. അങ്ങനെ തിരുവത്താഴം ക്രിസ്തുവിന്റെ പാപ പരിഹാര യാഗത്തിന്റെ ഓർമ്മയ്ക്കായി ആവർത്തിക്കപ്പെടുന്ന ആചാരമായി തീർന്നു.

 



No comments:

Post a Comment