യേശുക്രിസ്തു, അവന്റെ പരസ്യ ശുശ്രൂഷ വേളയിൽ, ആരെയെങ്കിലും ജലത്തിൽ സ്നാനപ്പെടുത്തിയിരുന്നോ എന്നതിന് വ്യക്തമായി ഉത്തരം നല്കുവാൻ നമുക്ക് കഴിയുക ഇല്ല. ഒരു വാക്യം യേശു സ്നാനപ്പെടുത്തിയിരുന്നു എന്ന ധ്വനി നല്കുമ്പോൾ, മറ്റൊരു വാക്യം ആ ആശയത്തെ നിഷേധിക്കുന്നു. യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയതായിട്ട് വ്യക്തമായി, നേരിട്ട്, പറയുന്ന വാക്യം വേദപുസ്തകത്തിൽ ഇല്ല. യേശുക്രിസ്തു സ്നാനപ്പെടുത്തിയതായി വ്യാഖ്യാനിക്കുവാൻ കഴിയുന്ന ചില വാക്യങ്ങൾ ഉണ്ട്. എന്നാൽ, വാക്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, വ്യാഖ്യാനിക്കുമ്പോൾ, യേശു ആരെയും സ്നാനപ്പെടുത്തിയതായി തീർച്ച പറയുവാൻ സാദ്ധ്യമല്ല. എങ്കിലും, ഒറ്റപ്പെട്ട വാക്യങ്ങളിൽ ആശ്രയിക്കാതെ, തിരുവെഴുത്തുകളെ മൊത്തമായി എടുത്തു, ഈ വിഷയം പഠിച്ചാൽ, ഇതിന് ഒരു വ്യക്ത ഉണ്ടാകും.
യേശു അയക്കുന്നു
ലൂക്കോസ് 9 ആം അദ്ധ്യായത്തിൽ യേശുക്രിസ്തു
പന്ത്രണ്ട് ശിഷ്യന്മാരെയും, 10 ആം അദ്ധ്യായത്തിൽ വേറെ എഴുപതു പേരെയും ദൈവരാജ്യം
പ്രസംഗിക്കുവാനായി സമീപത്തുള്ള പട്ടണങ്ങളിലേക്ക് അയക്കുന്നതായി പറയുന്നുണ്ട്.
എന്നാൽ ഇവരോട് വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തേണം എന്ന കൽപ്പന യേശു നൽകുന്നില്ല.
സുവിശേഷ യാത്ര കഴിഞ്ഞു എഴുപതു പേർ തിരികെ വന്നു, യാത്രയുടെ വിവരണം യേശുവിനോടു പറയുമ്പോഴും,
അവർ ആരെയും സ്നാനപ്പെടുത്തിയതായി പറയുന്നില്ല.
ശുദ്ധീകരണത്തിനുള്ള സ്നാനം
യേശുക്രിസ്തുവിന്റെ ജീവിത കാലത്ത്, സ്നാപക യോഹന്നാനെപ്പോലെയുള്ള
ചില യഹൂദ റബ്ബിമാർ, അവരുടെ ശിഷ്യന്മാരെ, യഹൂദ വിശ്വാസം അനുസരിച്ചു,
ശുദ്ധീകരണത്തിനായി, വെള്ളത്തിൽ നിമഞ്ജനം ചെയ്തു സ്നാനപ്പെടുത്തുമായിരുന്നു. യോഹന്നാൻ
നല്കിയ മാനസാന്തര സ്നാനവും, യേശുക്രിസ്തുവിന്റെ ശ്രേഷ്ഠ കൽപ്പന ലഭിക്കുന്നതിന്
മുമ്പ് അപ്പൊസ്തലന്മാർ നല്കിയ സ്നാനവും, ക്രിസ്തീയ സ്നാനം അല്ല.
യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിനും, ഉയിർപ്പിനും മുമ്പ്, ക്രിസ്തീയ
സ്നാനത്തെക്കുറിച്ചുള്ള കൽപ്പന യേശു നല്കിയിരുന്നില്ല. യേശു ക്രിസ്തുവിന്റെ
മരണത്തിന് മുമ്പ് യേശുവിന്റെ ശിഷ്യന്മാർ നല്കിയ സ്നാനം യോഹന്നാനിലൂടെ തുടർന്നത്
ആയിരിക്കേണം. യോഹന്നാന്റെ സ്നാനം മാനസാന്തരത്തിന്റെ സ്നാനം ആയിരുന്നു.
അശുദ്ധിയെ കഴുകി കളയുവാനായി ശുദ്ധീകരണ കുളത്തിൽ മുങ്ങി
സ്നാനം ഏലക്കുന്ന രീതി യഹൂദന്മാർക്ക് ഉണ്ടായിരുന്നു. ഈ അർത്ഥത്തിൽ ആണ് അനന്യാസ്,
പൌലൊസിനോടു “സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്നു പറയുന്നത്. ഇതേ ആശയം
എബ്രായർ 10:22 ലും നമുക്ക് വായിക്കാം.
പുറപ്പാട് 19:14 ൽ ദൈവം കൽപ്പിച്ചത് അനുസരിച്ചു, “മോശെ
പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ
വസ്ത്രം അലക്കുകയും ചെയ്തു.” എന്നാൽ എങ്ങനെയാണ് ജനത്തെ ശുദ്ധീകരിച്ചത് എന്നു ഇവിടെ
പറയുന്നില്ല. പഴയനിയമത്തിലെ ശുദ്ധീകരണത്തിനായുള്ള കഴുകൽ ഒരു ആചാരമായി
ആരംഭിക്കുന്നത് പുറപ്പാടു 30 ൽ ദൈവം അതിനായുള്ള കൽപ്പന നല്കുന്നത് മുതൽ ആണ്.
ഈ അദ്ധ്യയത്തിൽ പറയുന്ന സമാഗമന കൂടാരത്തിലെ,
ശുദ്ധീകരണത്തിനായുള്ള താമ്രതോട്ടി, ശലോമോന്റെ ദൈവാലയത്തിൽ ഒരു വലിയ കുളമായി മാറി.
അത് താമ്രം കൊണ്ട് ഉണ്ടാക്കിയ പന്ത്രണ്ട് കാളകളുടെ മുകളിൽ സ്ഥാപിച്ചിരുന്നു. അതിൽ 90,849
ലിറ്റർ വെള്ളം കൊളളുമായിരുന്നു. അതിലേക്ക് പുരോഹിതന്മാർക്ക് കയറുവാൻ
പടികൾ ഉണ്ടായിരുന്നു. ഇതിലെ ജലത്തിൽ പുരോഹിതന്മാർ മുങ്ങി ശുദ്ധീകരണം പ്രാപിക്കും.
അതിന് ശേഷം, അവർക്കു ധരിക്കുവാൻ ശുദ്ധിയുള്ള വസ്ത്രവും അവിടെ ക്രമീകരിച്ചിരുന്നു.
ശുദ്ധീകരണത്തിന് ശേഷം മാത്രമേ അവർ ദൈവാലയത്തിൽ ശുശ്രൂഷ ചെയ്തുള്ളൂ. ജാതീയ
വിശ്വാസത്തിൽ നിന്നും യഹൂദ വിശ്വാസത്തിലേക്ക് വരുന്നവരെയും
സ്നാനപ്പെടുത്തുമായിരുന്നു. ജാതീയ ജീവിത രീതിയെ കഴുകി കളയുന്നു എന്നതായിരുന്നു
വിശ്വാസം.
ഇതിന്റെ പിന്തുടർച്ച ആണ് യോഹന്നാന്റെ മാനസാന്തര സ്നാനം. എന്നാൽ,
യോഹന്നാൻ സ്നാപകന്റെ പ്രസംഗത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം ഉണ്ടായിരുന്നു.
മനസന്തരപ്പെടേണ്ടത്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നതിനാൽ ആണ്. യോഹന്നാന്റെ ശുശ്രൂഷ
യേശുക്രിസ്തുവിന്റെ വഴി ഒരുക്കുക എന്നതായിരുന്നു. അതായത് യോഹന്നാന്റെ സ്നാനം
മാനസാന്തര സ്നാനം ആണ് എന്നു നമ്മൾ പറയുമ്പോൾ തന്നെ, അത് ദൈവരാജ്യത്തിനായുള്ള
ഒരുക്കവും ആയിരുന്നു.
ഈ സാഹചര്യത്തിൽ, റബ്ബിമാരുടെ സ്നാനവും, യേശുക്രിസ്തു
കൽപ്പിച്ച സ്നാനവും തമ്മിൽ വേർതിരിച്ച് അറിയേണ്ടതുണ്ട്. അതിനാൽ യേശുവിന്റെ
ശിഷ്യന്മാർ നല്കിയ സ്നാനത്തെ, യേശുവിന്റെ നാമത്തിലുള്ള സ്നാനം എന്നു
വിശേഷിപ്പിച്ചു. മറ്റുള്ളവ, അതതു റബ്ബിമാരുടെ പേരിൽ അറിയപ്പെട്ടു. യേശു ഈ ഭൂമിയിൽ
ജീവിച്ചിരുന്നപ്പോഴും, അവന്റെ സാന്നിധ്യത്തിൽ, അവന്റെ കൽപ്പന അനുസരിച്ചു
ശിഷ്യന്മാർ മറ്റുള്ളവരെ സ്നാനപ്പെടുത്തിയിരുന്നു. ഇത്തരം സ്നാനങ്ങൾ യേശുവിന്റെ
സ്നാനം ആയിരുന്നു.
അന്ത്യ ശ്രേഷ്ഠ ദൌത്യം
യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്, അവൻ
തന്റെ ശ്രേഷ്ഠ ദൌത്യം ശിഷ്യന്മാരെ കൽപ്പിച്ചു എൽപ്പിക്കുന്നുണ്ട്. ഇത് നമുക്ക്
മത്തായി 20:18-20 വരെയുള്ള വാക്യങ്ങളിലും, മർക്കോസ് 16:15-16 വാക്യങ്ങളിലും,
വായിക്കാം. ഇതിന് മുമ്പും ശിഷ്യന്മാർ, യേശുവിൽ വിശ്വസിച്ചവരെ
സ്നാനപ്പെടുത്തിയിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. എന്നാൽ സ്നാനം ഒരു കൽപ്പനയായി
അവർക്ക് നല്കിയിരുന്നില്ല.
യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ അനുസരിക്കേണ്ട രണ്ട്
കാര്യങ്ങൾ ആണ് അവൻ കൽപ്പിച്ചു എൽപ്പിച്ചത്. ഒന്ന്, “പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ഉള്ള സ്നാനം. രണ്ട്, തിരുവത്താഴം. സ്നാനം
യേശുക്രിസ്തുവിന്റെ മരണം, ഉയിർപ്പ് എന്നിവയ്ക്ക് ശേഷമാണ് അവൻ കൽപ്പിച്ചാക്കിയത്.
തിരുവത്താഴം അവൻ ക്രൂശിക്കപ്പെടുന്നതിന് മുമ്പും. ഈ വ്യത്യാസം നമ്മൾ
ശ്രദ്ധിക്കേണ്ടതാണ്.
യേശുക്രിസ്തുവിന്റെ അന്ത്യ, ശ്രേഷ്ഠ, കൽപ്പനയിൽ, യേശുക്രിസ്തുവിൽ
വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി ശിഷ്യന്മാർ ആക്കുവാൻ അവൻ അപ്പൊസ്തലന്മാരോട്
കൽപ്പിക്കുന്നുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നവരെ “പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനപ്പെടുത്തേണം എന്നല്ലാതെ
മറ്റൊരു വിശദീകരണവും യേശു നൽകുന്നില്ല. ഇതിൽ നിന്നും അവർക്ക് സ്നാനം എന്താണ്
എന്നും എങ്ങനെ സ്നാനപ്പെടുത്തേണം എന്നും അറിയാമായിരുന്നു എന്നു കരുതാം. അന്ന്
സ്നാനത്തെക്കുറിച്ചുള്ള അർത്ഥം എന്തായിരുന്നുവോ അതും അവർക്ക് അറിയാമായിരുന്നു.
ശ്രേഷ്ഠമായ, യേശുക്രിസ്തുവിന്റെ അന്ത്യ കൽപ്പന അനുസരിച്ചാണ്
ശിഷ്യന്മാരും, ഇന്ന് നമ്മളും, വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുന്നത്. സ്നാനത്തിന്റെ
ആത്മീയ അധികാരി യേശുക്രിസ്തു ആണ്. സ്നാനപ്പെടുന്ന വ്യക്തിയുടെമേൽ ആത്മീയ അധികാരം
ഉള്ളതും യേശുക്രിസ്തുവിന് മാത്രം ആണ്. അതിനാൽ എല്ലാ സ്നാനവും യേശുക്രിസ്തുവിന്റെ
സ്നാനമാണ്.
മത്തായി 28:19, 20 വാക്യങ്ങളിൽ, ആദ്യം പറയുന്നത് സ്നാനം
കഴിപ്പിക്കേണം എന്നും രണ്ടാമത്, അവരെ യേശുവിന്റെ കൽപ്പനകൾ പഠിപ്പിക്കേണം എന്നും,
മൂന്നാമത് ശിഷ്യന്മാർ ആക്കേണം എന്നും ആണ്. ഇത് അനന്തരഫലമായ ക്രമത്തിൽ
അനുസരിക്കേണ്ടത് അല്ല (consequential
order). അങ്ങനെ അനുസരിച്ചാൽ, ആദ്യം സ്നാനം
കഴിപ്പിക്കുകയും, പിന്നീട് സുവിശേഷം പ്രസംഗിക്കുകയും ചെയ്യേണ്ടി വരും.
മർക്കോസ് 16 ൽ മറ്റൊരു വാക്യം ഉണ്ട്.
മർക്കോസ് 16:16
വിശ്വസിക്കയും
സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും;
വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
ഈ വാക്യം പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു
വാചകം ആണ്. രക്ഷിക്കപ്പെടുവാൻ സ്നാനം എൽക്കേണം എന്ന തെറ്റായ ഉപദേശം
പഠിപ്പിക്കുന്നവർ ഈ വാക്യത്തെ ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. എന്നാൽ, രക്ഷയ്ക്ക്
യാതൊരു മനുഷ്യ പ്രവർത്തിയും, അടിസ്ഥാനമല്ല എന്നു തിരുവെഴുത്തു വ്യക്തമായി
പഠിപ്പിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ, മർക്കോസിലെ വാക്യം രക്ഷയെക്കുറിച്ചുള്ള ഈ
പ്രമാണം ലംഘിക്കുന്നില്ല. വാക്യത്തിലെ ഒന്നാമത്തെ ഭാഗം പറയുന്നത്, “വിശ്വസിക്കയും
സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നാണ്. എന്നാൽ രണ്ടാമത്തെ ഭാഗം
അതിനെ കൂടുതൽ വ്യക്തമാക്കുന്നു. “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.”
അപ്പൊസ്തലന്മാരുടെ കാലത്ത്, വിശ്വസിക്കുകയും, സ്നാനം ഏൽക്കാതിരിക്കുകയും
ചെയ്യുന്നവർ ഇല്ലായിരുന്നു. അക്കാലത്ത്, രക്ഷിക്കപ്പെട്ട സ്നാനപ്പെടാത്തവർ, എന്നും
രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടവർ, എന്നും രണ്ട് വിഭാഗങ്ങൾ ഇല്ലായിരുന്നു. അതിനാൽ ഈ
വ്യത്യാസം എടുത്തു പറയേണ്ട കാര്യം രചയിതാവിന് ഇല്ല.
ഇതിൽ ഉപരിയായി, മർക്കോസ് 16 ആം അദ്ധ്യായം, 9 മുതൽ 20
വരെയുള്ള വാക്യങ്ങൾ, മർക്കോസ് എഴുതിയത് ആണോ എന്നതിൽ വേദ
പണ്ഡിതന്മാർക്കിടയിൽ തർക്കം ഉണ്ട്. പഴയ മൂല ഗ്രന്ഥങ്ങളിൽ ഈ ഭാഗം
ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, അത് പിന്നീട് ഏതോ പകർത്തി എഴുത്തുകാരൻ
കൂട്ടിച്ചേർത്തത് ആകുവാനാണ് സാദ്ധ്യത. അതിനാൽ ഈ ഭാഗം ബ്രായ്ക്കറ്റിൽ ആണ് എല്ലാ
വേദപുസ്തകങ്ങളിലും കൊടുത്തിരിക്കുന്നത്.
വെള്ളത്തിൽ മുങ്ങി സ്നാനപ്പെടുന്നത് കൊണ്ട് ആരും
രക്ഷിക്കപ്പെടുന്നില്ല. രക്ഷിക്കപ്പെടുന്നവർ, അതിന്റെ സാക്ഷ്യവും, യേശുവിന്റെ
കൽപ്പനയോടുള്ള അനുസരണവും ആയിട്ടാണ് സ്നാനം സ്വീകരിക്കുന്നത്. സ്നാനപ്പെട്ട് ശിഷ്യൻ
ആകുകയല്ല, ശിഷ്യൻ ആകുന്നവൻ സ്നാനപ്പെടുക ആണ്.
യേശുക്രിസ്തുവിന്റെ ശിഷ്യത്വം, ഒരിക്കൽ സംഭവിക്കുന്ന ഒരു
കാര്യം അല്ല. അത് രക്ഷയെപ്പോലെ തന്നെ ഒരു തുടർ പ്രക്രിയ ആണ്. മറ്റൊരു രീതിയിൽ
പറഞ്ഞാൽ, രക്ഷയും, ശിഷ്യത്വവും ഒന്നുതന്നെയാണ്. രക്ഷിക്കപ്പെടുന്നവർ എല്ലാവരും
യേശുവിന്റെ ശിഷ്യന്മാർ ആണ്. രക്ഷിക്കപ്പെടുന്നത്, ദൈവകൃപയാൽ, യേശുക്രിസ്തുവിലുള്ള
വിശ്വാസം മൂലം മാത്രം ആണ്. അതിനാൽ രക്ഷിക്കപ്പെട്ടു, യേശുക്രിസ്തുവിന്റെ ശിഷ്യൻ
ആകുന്ന ഒരുവൻ, അവന്റെ രക്ഷയുടെയും, ശിഷ്യത്വത്തിന്റെയും യാത്ര ആരംഭിക്കുകയും,
തുടരുകയും ചെയ്യുക ആണ്. അതുകൊണ്ടാണ് യേശു കൽപ്പിച്ചത്, അവൻ കൽപ്പിച്ചത് ഒക്കെയും
പ്രമാണിപ്പാൻ തക്കവണ്ണം അവനിൽ വിശ്വസിക്കുന്നവരെ പഠിപ്പിക്കേണം (മത്തായി 28:19).
അങ്ങനെ അവർ ശിഷ്യന്മാർ എന്ന ആത്മീയ അനുഭവത്തിൽ മുന്നോട്ട് വളരും.
യേശു സ്നാനപ്പെടുത്തിയിരുന്നുവോ?
യേശുക്രിസ്തു മറ്റുള്ളവരെ സ്നാനപ്പെടുത്തിയിരുന്നു എന്നു
തോന്നിപ്പിക്കുന്ന ഒരു വാക്യം മത്തായി 3:14 ൽ ആണ് ഉള്ളത്.
ഇവിടെ യേശുക്രിസ്തു സ്നാനപ്പെടുവാനായി യോഹന്നാൻ സ്നാപകന്റെ
അടുക്കൽ വന്നപ്പോൾ, യോഹന്നാൻ അവനോടു പറഞ്ഞു: “നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു
ആവശ്യം”. എന്നാൽ ഈ വാചകം, യേശുക്രിസ്തു മറ്റുള്ളവരെ സ്നാനപ്പെടുത്തിയിരുന്നു
എന്നതിന്റെ തെളിവല്ല. യേശുക്രിസ്തു, അന്നത്തെ മത സാമൂഹിക സാഹചര്യത്തിൽ, ഒരു യഹൂദ
റബ്ബി ആയിട്ടാണ് ശുശ്രൂഷ ചെയ്തിരുന്നത്. അവൻ ശുശ്രൂഷ തുടങ്ങുന്നത്, യോഹന്നാൻ
സ്നാപകൻ തടവിൽ ആക്കപ്പെട്ടതിന് ശേഷം ആണ്.
ഒരു യഹൂദൻ, ഒരു റബ്ബി ആയി നിയോഗിക്കപ്പെടുന്നതിന് മുമ്പ്,
അപ്രകാരമുള്ള ശുശ്രൂഷ ചെയ്യുകയോ, മറ്റുള്ളവരെ സ്നാനപ്പെടുത്തുകയോ ചെയ്യുകയില്ല.
അതിനാൽ യോഹന്നാൻ സ്നാപകൻ, യേശുക്രിസ്തുവിന്റെ ശ്രേഷ്ഠതയെക്കുറിച്ചാണ് സംസാരിച്ചത്
എന്നു വ്യക്തമാണ്. ഇത് യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയിരുന്നു
എന്നതിന്റെ തെളിവ് അല്ല.
ഈ വിഷയത്തിന്റെ പഠനത്തിനായി പ്രധാനമായും ഉപയോഗിക്കുന്ന
രണ്ട് വേദഭാഗങ്ങൾ ആണ്, യോഹന്നാൻ 3:22-26 വരെയുള്ള വാക്യങ്ങളും, യോഹന്നാൻ 4:1-2
വാക്യങ്ങളും. യോഹന്നാൻ 3:22-26 വരെയുള്ള വാക്യങ്ങൾ സൂചിപ്പിക്കുന്നത്,
യേശുക്രിസ്തുവും ശിഷ്യന്മാരും യഹൂദ്യ ദേശത്ത് അനേകരെ സ്നാനപ്പെടുത്തിയിരുന്നു
എന്നാണ്.
അതിന്റെ ശേഷം
യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം
കഴിപ്പിച്ചുകൊണ്ടിരുന്നു. യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം
കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു
വാദം ഉണ്ടായി; അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ,
യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ
സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം
കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു
പറഞ്ഞു.
എന്നാൽ, യോഹന്നാൻ 4:2 അനുസരിച്ച് യേശുക്രിസ്തു ആരെയും
സ്നാനപ്പെടുത്തിയിരുന്നില്ല. എന്നാൽ അവന്റെ ശിഷ്യന്മാർ മറ്റുള്ളവരെ
സ്നാനപ്പെടുത്തിയിരുന്നു.
യോഹന്നാൻ 4:1-2
യേശു
യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു
പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ — ശിഷ്യന്മാർ അല്ലാതെ, യേശു
തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് വാദങ്ങൾ നിലവിൽ ഉണ്ട്.
ഒന്നാമത്തെ വാദം: യോഹന്നാൻ 3:22-26 വരെയുള്ള വാക്യം അനുസരിച്ചു യേശുക്രിസ്തു,
അവന്റെ ശിഷ്യന്മാരെ സ്നാനപ്പെടുത്തിയിരുന്നു. അതിന് ശേഷം, ശിഷ്യന്മാർ ആണ്
മറ്റുള്ളവരെ സ്നാനപ്പെടുത്തിയത്. ഇതാണ് യോഹന്നാൻ 4:1-2 വരെയുള്ള വാക്യങ്ങളിൽ
പറയുന്നത്.
രണ്ടാമത്തെ വാദം: യോഹന്നാൻ 3:22-26 വരെയുള്ള വാക്യം, യേശുവിന്റെ ആത്മീയ
അധികാരത്തിന് കീഴിൽ ശിഷ്യന്മാർ അനേകരെ സ്നാനപ്പെടുത്തിയതിനെക്കുറിച്ചാണ്. ഇതിൽ
യേശുവും നേരിട്ട് സ്നാനപ്പെടുത്തിയിരുന്നുവോ എന്ന ആശയക്കുഴപ്പം ഉണ്ട്. ഇത്
യോഹന്നാൻ 4:1-2 വരെയുള്ള വാക്യങ്ങൾ പരിഹരിക്കുന്നു. യേശു ആരെയും
സ്നാനപ്പെടുത്തിയിരുന്നില്ല.
യോഹന്നാൻ 3:22-26 വരെയുള്ള വാക്യങ്ങളിൽ, ഐനോൻ എന്ന
സ്ഥലത്ത് മാനസാന്തരപ്പെടുന്ന യഹൂദന്മാരെ സ്നാനപ്പെടുത്തുന്ന യോഹന്നാൻ സ്നാപകനെ
നമ്മൾ കാണുന്നു. അതേ സമയം, “യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു
അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു”, എന്നും നമ്മൾ വായിക്കുന്നു. യോഹന്നാന്റെ
ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു, യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ച്
അറിയിക്കുന്നു. അവർ പറഞ്ഞു: “നിന്നോടുകൂടെ ഇരുന്നവൻ, നീ
സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം
കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു”.
ആരെയാണ് യേശുവും ശിഷ്യന്മാരും സ്നാനം കഴിപ്പിച്ചത്? 26 ആം
വാക്യത്തിൽ, “എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു” എന്നാണ് യോഹന്നാൻ സ്നാപകന്റെ
ശിഷ്യന്മാർ അറിയിച്ചത്. “എല്ലാവരും” എന്ന വാക്ക്, യേശുവിന്റെ ശിഷ്യന്മാരെ സ്നാനം
കഴിപ്പിച്ചു എന്ന ധ്വനി അല്ല, യേശുവിന്റെ ഉപദേശം കേട്ടു മാനസന്തരപ്പെട്ടവരെ സ്നാനം
കഴിപ്പിച്ചു എന്ന ആശയാണ് വിനിമയം ചെയ്യുന്നത്. ഇത് യേശു അനേകരെ സ്നാനം കഴിപ്പിച്ചു
എന്ന ധ്വനി ഉളവാക്കുന്നു.
ഈ വാക്യത്തിൽ യേശുവും ശിഷ്യന്മാരും സ്നാനപ്പെടുത്തി എന്ന
ആശയം ഉണ്ട്. എന്നാൽ യോഹന്നാൻ 4 ആം അദ്ധ്യായത്തിൽ അദ്ദേഹം തന്നെ ഈ
ആശയക്കുഴപ്പത്തിന് ഒരു വ്യക്തത നല്കുന്നുണ്ട്.
ഇവിടെ, “യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു
സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു” എന്നു പറഞ്ഞതിന്നു ശേഷം, ആ
പ്രസ്താവനയെ വ്യക്തമാക്കുവാനായി, യോഹന്നാൻ ഒരു വാചകം കൂടി ചേർത്തു, “ശിഷ്യന്മാർ
അല്ലാതെ,
യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും”. അതായത് ശിഷ്യന്മാർ മാത്രമേ
സ്നാനം കഴിപ്പിച്ചുള്ളൂ, യേശു ആരെയും സ്നാനം കഴിപ്പിച്ചില്ല. അവർ
യേശുക്രിസ്തുവിന്റെ ആത്മീയ അധികാരത്തിന് കീഴിൽ, അവന്റെ ശുശ്രൂഷയുടെ ഭാഗമായി,
വിശ്വസിച്ചവരെ സ്നാനപ്പെടുത്തുക ആയിരുന്നു. ഇതിനെ യേശുക്രിസ്തുവിന്റെ സ്നാനം എന്നു
വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച്, മറ്റ് ചില യഹൂദ റബ്ബിമാരും,
യോഹന്നാൻ സ്നാപകനും സ്നാനം നല്കിക്കൊണ്ടിരുന്ന സാഹചര്യത്തിൽ, യേശുവിന്റെ സ്നാനത്തെ
വേർതിരിച്ച് കാണിക്കേണ്ടത് വ്യക്തതയ്ക്ക് ആവശ്യമാണ്.
യോഹന്നാൻ 4:1-2 വാക്യങ്ങൾ
ശ്രദ്ധാപൂർവ്വം വായിച്ചാൽ യേശു, ആദ്യം സ്നാനപ്പെടുത്തി, ശിഷ്യന്മാരെ ചേർക്കുക
ആയിരുന്നില്ല എന്നു മനസ്സിലാക്കാം. അവൻ ശിഷ്യന്മാരെ ചേർത്തു, അവരെ
സ്നാനപ്പെടുത്തി. ഈ ശിഷ്യന്മാർ, പന്ത്രണ്ട് ശിഷ്യ ഗണം അല്ല. ഇവിടെ പറയുന്നത്, “യേശു
യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു” എന്നാണ്. ഇവർ യേശുവിൽ വിശ്വസിച്ച്
അവനെ അനുഗമിച്ചവർ ആണ്. യേശുവിനെ അനുഗമിച്ചവരെ മൊത്തത്തിൽ ശിഷ്യന്മാർ എന്നു
വിളിക്കുന്ന മറ്റ് വേദ ഭാഗങ്ങളും ഉണ്ട്.
യോഹന്നാൻ 8:31 ൽ യേശുക്രിസ്തു, അവനിൽ വിശ്വസിച്ച
യെഹൂദന്മാരോടു, അവന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ അവർ വാസ്തവമായി അവന്റെ
ശിഷ്യന്മാരായി, എന്നാണ് പറഞ്ഞത്. ഇവിടെ സ്നാനപ്പെട്ടാൽ ശിഷ്യന്മാർ ആകും
എന്നു യേശു പറയുന്നില്ല. അതായത്, സ്നാനപ്പെട്ടിട്ടല്ല യേശുവിന്റെ ശിഷ്യൻ ആകുന്നത്,
ശിഷ്യൻ ആകുന്നവൻ ആണ് സ്നാനപ്പെടുന്നത്.
യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പലരും യോഹന്നാൻ സ്നാപകന്റെ
ശിഷ്യന്മാർ ആയിരുന്നു. ഇതിൽ രണ്ട് പേരെക്കുറിച്ച് തിരുവെഴുത്തു വ്യക്തമായി
പറയുന്നുണ്ട്. മത്തായി 4:18-20 വരെയുള്ള വാക്യങ്ങളിൽ ശിമോൻ, അവന്റെ സഹോദരനായ
അന്ത്രയാസ് എന്നിവരെ ഗലീല കടലിൽ വല വീശുന്നവരായി കണ്ടു, യേശു അവരെ, അവനെ
അനുഗമിക്കുവാനായി വിളിച്ചു എന്നു പറയുന്നു. എന്നാൽ യോഹന്നാൻ 1:35-40 വരെയുള്ള
വാക്യങ്ങളിൽ ഇവരെ യേശു ആദ്യമായി കണ്ടത് എവിടെ വച്ചാണ് എന്നു പറയുന്നു. ഈ വാക്യങ്ങൾ
പറയുന്നത് അനുസരിച്ചു, യോഹന്നാൻ സ്നാപകൻ അവന്റെ രണ്ട് ശിഷ്യന്മാരുമായി
യോർദ്ദന്നക്കാരെ ബേഥാന്യയിൽ നിൽക്കുമ്പോൾ, യേശു അതുവഴി പോയി. അപ്പോൾ യോഹന്നാൻ
സ്നാപകൻ, യേശുവിനെ നോക്കി, “ഇതാ, ദൈവത്തിന്റെ കുഞ്ഞാടു” എന്നു പറഞ്ഞു.
ഇത് കേട്ട രണ്ട് ശിഷ്യന്മാരും യേശുവിനെ അനുഗമിച്ചു. ഇവരിൽ ഒരാൾ, “ശിമോൻ
പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു” എന്നു 40 ആം വാക്യം പറയുന്നു. കൂടെ
ഉണ്ടായിരുന്ന ശിഷ്യന്റെ പേര് പറയുന്നില്ല. അതിനാൽ അത് സുവിശേഷ ഗ്രന്ഥത്തിന്റെ
എഴുത്തുകാരൻ ആയിരുന്ന അപ്പൊസ്തലനായ യോഹന്നാൻ ആയിരുന്നിരിക്കേണം. സ്വന്തം പേര്,
സ്വന്തം കൃതിയിൽ പറയാതിരിക്കുക എന്ന രീതി അദ്ദേഹം പിന്തുടർന്നത് ആയിരിക്കേണം.
ഇതിന് ശേഷം യേശു ഫിലിപ്പോസിനെ വിളിക്കുന്നതായും, ഫിലിപ്പൊസ്
നഥനയേൽ നെ വിളിച്ചുകൊണ്ട് യേശുവിന്റെ അടുക്കൽ വരുന്നതായും പറയുന്നു. നഥനയേൽ ഒരു
അത്തി വൃക്ഷത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ആണ് ഫിലിപ്പൊസ് അവനോടു
യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. അത്തി വൃക്ഷത്തിന്റെ കീഴിൽ ഇരുന്നു വചനം
പഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നത് യഹൂദ റബ്ബിമാരുടെ ശിഷ്യന്മാരുടെ പതിവ്
ആയിരുന്നു. നഥനയേലിനോട് ഫിലിപ്പൊസ് പറയുന്നത്, “ന്യായപ്രമാണത്തിൽ മോശെയും
പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ
യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ” എന്നാണ് (യോഹന്നാൻ 1:45). നഥനയേലിനെ
ആദ്യമായി കണ്ടപ്പോൾ യേശുക്രിസ്തു അവനെക്കുറിച്ചു പറയുന്ന രണ്ട് വാചകങ്ങൾ
ഇങ്ങനെയാണ്: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല” (യോഹന്നാൻ 1:47-48) “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ
നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു”. ഇതിൽ നിന്നെല്ലാം നഥനയേൽ ഒരു
യഹൂദ റബ്ബിയുടെ ശിഷ്യൻ ആയിരുന്നു എന്നു അനുമാനിക്കാം. നഥനയേൽ ന്റെ ഗുരുവായിരുന്ന റബ്ബി
അദ്ദേഹത്തെ സ്നാനപ്പെടുത്തിയിരിക്കുവാൻ സാദ്ധ്യത ഉണ്ട്. യോഹന്നാൻ സ്നാപകനെപ്പോലെ
ഒരു മാനസാന്തര സ്നാനം എല്ലാ റബ്ബിമാരും നടത്തിയിരുന്നുവോ എന്നു തീർച്ചയില്ല
എങ്കിലും, ജലത്തിൽ മുങ്ങി ശുദ്ധീകരണം പ്രാപിക്കുക എന്നത് യഹൂദ മത പ്രമാണം
ആയിരുന്നു.
ഇതേ അദ്ധ്യായത്തിൽ, 44 ആം വാക്യത്തിൽ, “ഫിലിപ്പോസോ
അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ
ആയിരുന്നു.” എന്നു പറയുന്നു. ഈ കൂട്ടത്തിൽ നമുക്ക് അപ്പൊസ്തലനായ യോഹന്നാൻ,
യാക്കോബ്, നഥനയേൽ എന്നിവരെയും ഉൾപ്പെടുത്താം. ഇവർ തമ്മിലുള്ള ആത്മീയ സൌഹൃദം
ഇവർക്ക് യോഹന്നാൻ സ്നാപകനുമായി ബന്ധം ഉണ്ടായിരുന്നു എന്ന അനുമാനത്തിൽ നമ്മളെ
എത്തിക്കുന്നു. കാരണം, സുവിശേഷ ഗ്രന്ഥകർത്താവായ യോഹന്നാനും, അന്ത്രെയാസും,
യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ ആയിരുന്നു എന്നു വ്യക്തമായി പറയുന്നുണ്ട്. ഇവർക്ക്
മറ്റുള്ളവരുമായി ഒരു ആത്മീയ ബന്ധം ഉണ്ടായിരുന്നു.
യോഹന്നാൻ സ്നാപകൻ, അവൻ പ്രസംഗിച്ച ദൈവരാജ്യത്തിന്റെ
സുവിശേഷം കെട്ട്, മാനസാന്തരപ്പെട്ട എല്ലാവരെയും വെള്ളത്തിൽ നിമഞ്ജനം ചെയ്തു സ്നാനപ്പെടുത്തിയിരുന്നു.
അതിനാൽ അവന്റെ ശിഷ്യന്മാരെയും അവൻ നിശ്ചയമായും സ്നാനപ്പെടുത്തിയിരുന്നു. അവരിൽ
ചിലർ പിന്നീട് യേശുവിന്റെ ശിഷ്യന്മാർ ആയി. യേശു അവരെ വീണ്ടും സ്നാനപ്പെടുത്തുവാൻ
സാദ്ധ്യത ഇല്ല. മാനസാന്തര സ്നാനമോ, ശുദ്ധീകരണത്തിനായുള്ള സ്നാനമോ അല്ലാതെ
മറ്റൊന്നും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് എങ്കിൽ, യേശു ചില ശിഷ്യന്മാരെ സ്നാനപ്പെടുത്തി
എന്നു ചിന്തിച്ചാൽ, ചിലരെ യേശു സ്നാനപ്പെടുത്തി, ചിലരെ അവൻ നേരിട്ട് സ്നാനപ്പെടുത്തിയില്ല
എന്നു ചിന്തിക്കേണ്ടിവരും. ഇതു അവരുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കും. എന്നാൽ ഇത്തരം
ഒരു വേർതിരിവിന്റെ നേരിയ പരാമർശം പോലും തിരുവെഴുത്തുകളിൽ ഇല്ല.
വേർതിരിവ് ഇല്ല
ഇതിനെക്കുറിച്ച് മനസ്സിലാക്കുവാൻ സഹായിക്കുന്ന ചില സംഭവങ്ങൾ
പുതിയനിയമത്തിൽ ഉണ്ട്. ഇവയിൽ, മത്തായി 20:20-23 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്ന
ഒരു സംഭവത്തെക്കുറിച്ച് ആദ്യം ചിന്തിക്കാം. യാക്കോബ്, യോഹന്നാൻ എന്നിവരുടെ മാതാവ്
യേശുക്രിസ്തുവിന്റെ അടുക്കൽ വന്നു, “ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ
ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു
അപേക്ഷിച്ചു. യേശു അതിന്, “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു
എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു
കിട്ടും” എന്നു ഉത്തരം പറഞ്ഞു.
നമ്മൾ മുമ്പ് അനുമാനിച്ചതുപോലെ, യാക്കോബും, യോഹന്നാനും,
യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ട്. അവർ യേശുവിനോടു
ഒരു പ്രത്യേക ആവശ്യം പറഞ്ഞപ്പോൾ, അതിന് പിൻബലമായി യേശു അവരെ സ്നാനപ്പെടുത്തി എന്ന
അവകാശ വാദം ഉന്നയിക്കുന്നില്ല. യേശു അവരോട് പറഞ്ഞ മറുപടിയിലും, യേശു നല്കിയതായി വ്യാഖ്യാനിക്കപ്പെടുന്ന
സ്നാനത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല.
യേശുവോ, ശിഷ്യന്മാരോ, ഒന്നാം നൂറ്റാണ്ടിലെ സഭയോ, യേശു ചിലരെ
സ്നാനപ്പെടുത്തിയിരുന്നതായി പറയുന്നില്ല. അതിന് യാതൊരു പ്രാധാന്യവും നല്കിയില്ല.
ഇത് സ്വഭാവികമോ, മനപ്പൂർവ്വമോ ആയ ഒഴിവാക്കൽ അല്ല. യേശു ആരെയും
സ്നാനപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ടാണ് അതിനെക്കുറിച്ച് ആരും പരാമർശിക്കാതെ
ഇരുന്നതു.
1 കൊരിന്ത്യര്‍ 9 ആം അദ്ധ്യായത്തിൽ അപ്പൊസ്തലനായ പൌലൊസ് ഒരു
വാദ പ്രതിവാദം നടത്തുന്നുണ്ട്. യഹൂദന്മാരും കൊരിന്തിലെ സഭയിലെ ചില വിശ്വാസികളും അദ്ദേഹത്തിന്റെ
അപ്പൊസ്തലൻ എന്ന സ്ഥാനത്തെ ചോദ്യം ചെയ്തു. അതിന് അവർ രണ്ട് കാരണങ്ങൾ ആണ് പറഞ്ഞത്.
ഒന്നാമത്തെ കാരണം, അദ്ദേഹത്തിനോടൊപ്പം കുടുംബം ഉണ്ടായിരുന്നില്ല. രണ്ടാമത്തെ
കാരണം, പൌലൊസ് സുവിശേഷ വേലകൊണ്ടു അല്ല ജീവിച്ചത്, മറിച്ച്, കൂടാരപ്പണി ചെയ്താണ് ജീവിച്ചത്. കൂടാരപ്പണിയെ കൊരിന്ത്യർ താഴ്ന്ന
വിഭാഗക്കാരുടെയും, അടിമകളുടെയും തൊഴിൽ ആയി കണ്ടിരുന്നു. സഭയുടെ സാമ്പത്തിക സഹായം
വാങ്ങാതെ ഇരിക്കുന്നത് ഒരു അപ്പോസ്തലന് യോജിച്ചതല്ല എന്നു അവർ വാദിച്ചു.
ഈ അദ്ധ്യായം ആരംഭിക്കുന്നത്, “ഞാൻ അപ്പൊസ്തലൻ അല്ലയോ?”
എന്ന ചോദ്യത്തോടെയാണ്. 3 ആം വാക്യം പറയുന്നത്, “എന്നെ വിധിക്കുന്നവരോടു ഞാൻ
പറയുന്ന പ്രതിവാദം ഇതാകുന്നു.” എന്നാണ്. അതായത് ഇവിടെ അവതരിപ്പിക്കപ്പെടുന്ന
പ്രതിവാദങ്ങൾ ഒരു അപ്പൊസ്തലന്റെ യോഗ്യത എന്താണ് എന്നു മനസ്സിലാക്കുവാൻ നമ്മളെ
സഹായിക്കും. ആദ്യ നൂറ്റാണ്ടിലെ സഭ, പൌലൊസിന്റെ അപ്പൊസ്തലത്വത്തെ പോലും, ഒന്ന്,
രണ്ട് കാരണങ്ങളാൽ ചോദ്യം ചെയ്തു എന്നത്, അവർ എത്രമാത്രം കർശനമായും പരിമിതമായും ആണ്
“അപ്പൊസ്തലൻ” എന്ന പദം ഉപയോഗിച്ചിരുന്നത് എന്നതിന് തെളിവാണ്. സഭയുടെ ഈ
കാഴ്ചപ്പാടിനെ പൌലൊസ് ഖണ്ഡിക്കുന്നില്ല. അവന് മതിയായ യോഗ്യതകൾ ഉണ്ട്, അല്ലെങ്കിൽ
അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നു വാദിക്കുകയാണ് ചെയ്യുന്നത്.
ഒരു അപ്പൊസ്തലന് എന്തെല്ലാം യോഗ്യത ഉണ്ടായിരിക്കേണം എന്നാണ് ആദ്യ നൂറ്റാണ്ടിലെ സഭ വിശ്വസിച്ചിരുന്നത്?
1.
കുടുംബം ഉണ്ടായിരിക്കുക. (1 കൊരിന്ത്യര്‍
9:5)
2.
സഭയുടെ സാമ്പത്തിക സഹായം സ്വീകരിച്ചു
ജീവിക്കുക (1 കൊരിന്ത്യര്‍ 9:6)
3.
യേശുവിനെ നേരിട്ട് കണ്ടവൻ ആയിരിക്കുക.
(അപ്പൊസ്തല പ്രവൃത്തി 22:17)
4.
അവന്റെ പ്രവർത്തനത്തിന്റെ ഫലമായി സഭ
ഉടലെടുക്കുക. (1 കൊരിന്ത്യർ 9:1)
5.
യേശുക്രിസ്തുവിൽ നിന്നും പഠിച്ചവൻ
ആയിരിക്കുക. (1 കൊരിന്ത്യർ 11:23, ഗലാത്യർ 1:11, 12)
പൌലൊസിന്റെ വാദ പ്രാതിവാദത്തിലും, മറ്റ് ചില വേദഭാഗങ്ങളിലും
സൂചിപ്പിക്കുന്ന അപ്പൊസ്തലത്വത്തിന്റെ യോഗ്യതയിൽ, ഒരു അപ്പൊസ്തലൻ,
യേശുക്രിസ്തുവിനാൽ നേരിട്ട് സ്നാനം സ്വീകരിച്ചവൻ ആയിരിക്കേണം എന്നു പറയുന്നില്ല.
പൌലൊസ് യേശുക്രിസ്തുവിൽ നിന്നും സ്നാനം സ്വീകരിച്ചവൻ അല്ല. അനന്യാസ് എന്ന ക്രിസ്തീയ
വിശ്വാസി ആണ് അവനെ സ്നാനപ്പെടുത്തിയത്. എന്നാൽ അത് അപ്പൊസ്തലത്വത്തിന് ഒരു
അയോഗ്യതയായോ, യേശു നേരിട്ട് സ്നാനപ്പെടുത്തിവർക്ക് എന്തെങ്കിലും അധിക യോഗ്യത
ഉള്ളതായൊ ആദ്യ നൂറ്റാണ്ടിലെ സഭ കണ്ടിരുന്നില്ല. യേശു ചില ശിഷ്യന്മാരെയെങ്കിലും
സ്നാനപ്പെടുത്തിയിരുന്നു എങ്കിൽ അത് അക്കാലത്ത് പരാമർശിക്കപ്പെടുമായിരുന്നു.
ഈ വിഷയത്തിൽ കൂടുതൽ വ്യക്ത ഉണ്ടാകേണ്ടതിന്, മറ്റൊരു വേദഭാഗം
കൂടി നമുക്ക് പരിശോദിക്കാം. അത് അപ്പൊസ്തല പ്രവൃത്തികൾ 1:12-26 വരെയുള്ള വാക്യങ്ങൾ
ആണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിന് ശേഷം അപ്പൊസ്തലന്മാർ പതിനൊന്നു പേരും, മറ്റ്
ശിഷ്യന്മാരും യെരൂശലേമിൽ, അവർ താമസിച്ചിരുന്ന മാളികമുറിയിൽ കൂടിയിരുന്നു,
ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു. ഇങ്ങനെ ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു
സംഘം കൂടിയിരുന്നപ്പോൾ, യൂദാ ഈസ്കര്യോത്താവിന് പകരമായി മറ്റൊരു ശിഷ്യനെ
തിരഞ്ഞെടുക്കുവാൻ അവർ തീരുമാനിച്ചു. തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ യോഗ്യത
എന്തായിരിക്കേണം എന്നു 21, 22 വാക്യങ്ങളിൽ പത്രൊസ് പറയുന്നു.
ഈ വാക്യത്തിൽ, യൂദായ്ക്ക് പകരമായി തിരഞ്ഞെടുക്കപ്പെടുന്നവൻ,
യേശുക്രിസ്തു, യോഹന്നാൻ സ്നാപകന്റെ സ്നാനം സ്വീകരിച്ചതിന് സാക്ഷി ആയിരിക്കേണം
എന്നു പത്രൊസ് പറയുന്നു. അവൻ അന്നുമുതൽ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്ത നാൾ വരെ,
യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ നടന്നവനും ആയിരിക്കേണം. ഇതിൽ നിന്നും
യേശുക്രിസ്തു, യോഹന്നാൻ സ്നാപകന്റെ കൈകീഴെ സ്നാനപ്പെട്ടപ്പോൾ, യേശുവിന്റെ ശിഷ്യന്മാർ
അതിന് സാക്ഷികളായി ഉണ്ടായിരുന്നു എന്നു അനുമാനിക്കാം. ഇത് ശിഷ്യന്മാരിൽ മിക്കവരും
യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ ആയിരുന്നു എന്ന ധ്വനി നല്കുന്നുണ്ട്. യൂദായ്ക്ക്
പകരമായി ഒരുവനെ തിരഞ്ഞെടുക്കേണ്ടതിനായി, രണ്ട് പേരെ അപ്പൊസ്തലന്മാർ മുന്നോട്ട്
നിറുത്തുന്നുണ്ട്. അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ്,
എന്നിവർ ആയിരുന്നു. അതിനാൽ ഇവർ രണ്ട് പേരും യേശുക്രിസ്തുവിന്റെ സ്നാനം മുതൽ,
അവന്റെ സ്വർഗ്ഗാരോഹണം വരെ, അവരുടെ കൂടെ നടന്നിരുന്നവർ ആയിരുന്നു എന്നും നമുക്ക്
അനുമാനിക്കാം.
ഇവിടെയും യേശുക്രിസ്തു നല്കിയതായി വ്യാഖ്യാനിക്കപ്പെടുന്ന
സ്നാനത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ല. അവൻ ആരെയെങ്കിലും നേരിട്ട് സ്നാനപ്പെടുത്തിയിരുന്നതായും
പറയുന്നില്ല. അതിനാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നു കരുതാം.
കോറം ഡെയോ
മറ്റൊരു ചോദ്യം കൂടി ചോദിച്ചുകൊണ്ടു ഈ പഠനം
അവസാനിപ്പിക്കാം. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെ ആരാണ് സ്നാനപ്പെടുത്തിയത്? യേശുക്രിസ്തുവിന്റെ
ശുശ്രൂഷാ കാലത്ത്, ശിഷ്യന്മാർ അനേകരെ സ്നാനപ്പെടുത്തിയതായി ദൈവ വചനത്തിൽ
പറയുന്നുണ്ട്. അതിനാൽ അവർ സ്നാനപ്പെട്ടിരുന്നു എന്നു ന്യായമായി അനുമാനിക്കാം. അവരെ
ആര് സ്നാനപ്പെടുത്തി എന്നു തിരുവചനത്തിൽ വ്യക്തമായി പറയുന്നില്ല. തിരുവെഴുത്തുകളുടെ
അടിസ്ഥാനത്തിൽ ചില അനുമാനങ്ങളിൽ നമുക്ക് എത്തിച്ചേരാം എന്നേയുള്ളൂ.
യേശുക്രിസ്തു അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പായി
യോഹന്നാൻ സ്നാപകന്റെ കീഴിൽ സ്നാനപ്പെട്ടു. ഒരു യഹൂദ റബ്ബിയായി ശുശ്രൂഷ
ആരംഭിക്കുന്നത് ശുദ്ധീകരണത്തിനായുള്ള സ്നാനത്തോടെ ആയിരിക്കേണം എന്ന സന്ദേശം അതിൽ
ഉണ്ട്. അതുകൊണ്ടു തീർച്ചയായും, യേശുവിന്റെ ശിഷ്യന്മാരും സ്നാനം
സ്വീകരിച്ചിരിക്കേണം. അവരിൽ രണ്ട് പേർ യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ ആയിരുന്നു
എന്നതിന്റെ വ്യക്തമായ തെളിവ് തിരുവെഴുത്തിൽ ഉണ്ട്. മറ്റുള്ള ശിഷ്യന്മാരിൽ പലരും,
യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ ആയിരുന്നു എന്നും അനുമാനിക്കാം. അതിനാൽ അവരെ
യോഹന്നാൻ ആയിരിക്കേണം സ്നാനപ്പെടുത്തിയത്. സ്നാനപ്പെട്ട ഒരു വ്യക്തിക്ക്
മറ്റൊരാളിനെ സ്നാനപ്പെടുത്തുവാൻ കഴിയും എന്നതിനാൽ ആ ശുശ്രൂഷ തുടർന്നു. സ്നാനം
സ്വീകരിച്ചവർ മറ്റുള്ളവരെ സ്നാനപ്പെടുത്തി.
യോഹന്നാന്റെ സ്നാനം ഉൾപ്പെടെ, യേശുക്രിസ്തുവിന്റെ ക്രൂശ്
മരണത്തിന് മുമ്പുള്ള എല്ലാ സ്നാനങ്ങളും, ക്രിസ്തീയ സ്നാനം അല്ല. ക്രിസ്തീയ സ്നാനം
ആരംഭിക്കുന്നത് അതിനായുള്ള യേശുക്രിസ്തുവിന്റെ കൽപ്പന മുതൽ ആണ്. അന്നുമുതൽ
ഇന്നേവരെ സ്നാനപ്പെടുത്തുന്നവർ ക്രിസ്തുവിന്റെ ആത്മീയ അധികാരത്തിൻ കീഴിൽ
സ്നാനപ്പെടുത്തുന്നു. സ്നാനപ്പെടുന്നവർ ക്രിസ്തുവിന്റെ ആത്മീയ അധികാരത്തിൻ കീഴിൽ
സ്നാനപ്പെടുന്നു.
യോഹന്നാൻ 3:22 ൽ പറയുന്ന “അതിന്റെ ശേഷം യേശു
ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം
കഴിപ്പിച്ചുകൊണ്ടിരുന്നു.” എന്ന വാക്യത്തിന്റെ അർത്ഥം യേശുക്രിസ്തുവിന്റെ ആത്മീയ
അധികാരത്തിന് കീഴിൽ ശിഷ്യന്മാർ സ്നാനം കഴിപ്പിച്ചു, എന്നാണ്. 26 ആം വാക്യത്തിൽ,
“റബ്ബീ,
യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ
സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം
കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു” എന്നു
യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ അവനോടു പറയുന്നതായി നമ്മൾ വായിക്കുന്നു. ഇവിടെയും
യേശു നേരിട്ട് സ്നാനം കഴിപ്പിച്ചു എന്നല്ലാതെ, യേശുവിന്റെ ആത്മീയ അധികാരത്തിൽ
ശിഷ്യന്മാർ സ്നാനം കഴിപ്പിച്ചു എന്നു ചിന്തിക്കാവുന്നതാണ്. “എല്ലാവരും അവന്റെ
അടുക്കൽ” ചെന്നു സ്നാനപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നു. യോഹന്നാൻ 4:1 ൽ “യേശു
യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു” എന്നു നമ്മൾ വായിക്കുന്നു.
അനേകർ യേശുവിന്റെ അടുക്കൽ വന്നു സ്നാനം സ്വീകരിച്ചു എന്നതിന്റെ തെളിവുകൾ
ആണിതെല്ലാം.
എന്നാൽ ഈ വാക്യങ്ങൾ യേശു നേരിട്ട് സ്നാനപ്പെടുത്തിയിരുന്നു
എന്നതിന്റെ തെളിവാണ് എന്നു വാദിക്കുന്നവർ ഉണ്ട്. ഈ ആശയക്കുഴപ്പത്തെയാണ് യോഹന്നാൻ
4:2 ൽ തിരുത്തുന്നത്: “ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം
കഴിപ്പിച്ചില്ലതാനും”.
യോഹന്നാൻ 3:22 ൽ പറയുന്ന “അതിന്റെ ശേഷം യേശു
ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം
കഴിപ്പിച്ചുകൊണ്ടിരുന്നു.” എന്ന വാക്യത്തിനും, 3:26 ലെ “നീ സാക്ഷീകരിച്ചുട്ടുള്ളവൻ
തന്നേ,
ഇതാ, സ്നാനം കഴിപ്പിക്കുന്നു” എന്നതിനും, 4:1
ലെ “യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു” എന്ന
വാക്യത്തിനും ഒരേ അർത്ഥമാണ് ഉള്ളത്. യേശുവിന്റെ ആത്മീയ അധികാരത്തിന് കീഴിൽ
ശിഷ്യന്മാർ അനേകരെ സ്നാനപ്പെടുത്തി. ഇതാണ് 4:2 ൽ സുവിശേഷ രചയിതാവായ യോഹന്നാൻ
വ്യക്തമാക്കുന്നത്: “ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം
കഴിപ്പിച്ചില്ലതാനും”.
യേശുക്രിസ്തു ആരെയെങ്കിലും സ്നാനപ്പെടുത്തിയിരുന്നതായി
വേദപുസ്തകത്തിൽ വ്യക്തമായ രേഖ ഇല്ല. ശിഷ്യന്മാരോ, അക്കാലത്തെ ഏതെങ്കിലും
വ്യക്തികളോ, യേശുക്രിസ്തുവിനാൽ സ്നാനം സ്വീകരിച്ചവർ ആണ് എന്നു
അവകാശപ്പെട്ടിട്ടില്ല. അനാവശ്യമായ ഒരു പക്ഷം ചേരൽ ശിഷ്യന്മാർക്കിടയിലും, അവനെ
വിശ്വസിച്ചവർക്കിടയിലും, ഉണ്ടാകേണ്ട എന്നു കരുതി യേശുക്രിസ്തു നേരിട്ട് സ്നാനം
നൽകാഞ്ഞത് ആയിരിക്കേണം. ഇത്തരം ഒരു വിഭാഗീയത കൊരിന്തിലെ സഭയിൽ ഉണ്ടായിരുന്നു.
അതിനെക്കുറിച്ച് 1 കൊരിന്ത്യർ 1:12-16 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് പറയുന്നുണ്ട്.
അദ്ദേഹം ഇത്തരം വിഭാഗീയതയെ എതിർക്കുന്നു.
“യേശുക്രിസ്തു ആരെയെങ്കിലും നേരിട്ട്
സ്നാനപ്പെടുത്തിയിരുന്നുവോ?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മൾ ചർച്ച ചെയ്തത്.
ഇത് നിങ്ങൾക്ക് അനുഗ്രഹമായിരുന്നു എന്നു കരുതുന്നു.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ.
No comments:
Post a Comment