യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ മത വിഭാഗങ്ങൾ

 ആമുഖം

യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ പ്രധാനമായും നാല്  മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യർ, പരീശന്മാർ, ശാസ്ത്രിമാർ, എസ്സെൻസ്. ഇവരെ കൂടാതെ രണ്ട് രാക്ഷ്ട്രീയ വിഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവരെ എരിവുകാർ എന്നും സിക്കാരി എന്നും വിളിച്ചിരുന്നു.  

 

വിവധ യഹൂദ മത വിഭാഗങ്ങളിൽ, സദൂക്യർ, ശാസ്ത്രിമാർ, പരീശന്മാർ എന്നിവരുമായി യേശു ഭിന്ന അഭിപ്രായത്തിൽ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു. യേശുവുമായി വാദപ്രതിവാദത്തിന് എസ്സെൻസ് വിഭാഗക്കാർ വന്നിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകൻ എസ്സെൻസ് എന്ന വിഭാഗത്തിലെ അംഗമായിരുന്നു എന്നു വേദ പണ്ഡിതന്മാർ പറയുന്നു. സദൂക്യർ, പരീശന്മാർ, എസ്സെൻസ് എന്നിവർ പ്രബലമായ മത വിഭാഗങ്ങൾ ആയി ഉദയം ചെയ്തത് ഹാസ്മോണിയൻ ഭരണകാലത്ത് ആണ്. ബി. സി. 142 മുതൽ 63 വരെ യഹൂദ്യയെ ഭരിച്ചിരുന്ന രാജവംശം ആണ് ഹാസ്മോണിയൻ വംശം. ഇവര്‍ നല് കൂട്ടർക്കും ഇടയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സദൂക്യരും പരീശന്മാരും ഹാസ്മോനിയൻ രാജവംശത്തെ അനുകൂലിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. അക്കാലത്ത് അവർ എണ്ണത്തിൽ വളരെ ചുരുക്കം ആയിരുന്നു. എന്നാൽ സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

 


സദൂക്യര്‍

 

യേശുവിന്റെ കാലത്ത്, യഹൂദന്മാരുടെ സമൂഹത്തില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു മത വിഭാഗം ആയിരുന്നു സദൂക്യര്‍. ഇവരുടെ രൂപീകരണത്തെക്കുറിച്ചോ, ആദ്യകാല ചരിത്രത്തെക്കുറിച്ചോ അധികം കാര്യങ്ങൾ നമുക്ക് അറിഞ്ഞുകൂടാ.

 

ചാവുകടൽ ചുരുളുകളിൽ സദൂക്യരെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഉണ്ട്. യഹൂദ ചരിത്രകാരനായ ഫ്ലേവിയസ് ജൊസെഫസ് ന്റെ രചനകൾ, പുതിനിയമം, AD രണ്ടാം നൂറ്റാണ്ടിലെ യഹൂദ റബ്ബിമാരുടെ കൃതികൾ എന്നിവയിൽ ഇവരെക്കുറിച്ചു പറയുന്നുണ്ട്. എന്നാൽ, ഇതെല്ലാം സദൂക്യരെ വിമർശന ബുദ്ധ്യാ കാണുന്നവയാണ്. അതിനാൽ ഇവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൃത്യത ഉള്ളത് ആയിരിക്കേണം എന്നില്ല. സദൂക്യർ എഴുതിയ യാതൊരു കൃതികളും, യെരൂശലേം ദൈവാലയത്തിന്റെ തകർച്ചയക്ക് ശേഷം, അവഷേശിക്കുന്നില്ല. അവരുടെ രചനകൾ ആലയം നശിപ്പിക്കപ്പെട്ടപ്പോൾ, കൂട്ടത്തിൽ നശിച്ചു പോയിരിക്കാം.

 

സദൂക്യർ, പഴയനിയമത്തിലെ രാജാക്കന്മാരുടെ കാലം മുതൽ ദൈവാലയത്തിലെ പുരോഹിത വർഗ്ഗം ആയിരുന്നു. “സദൂക്യർ” എന്ന പേര് ബി. സി 10 ആം നൂറ്റാണ്ടിൽ, ദാവീദ്, ശലോമോൻ എന്നീ രാജാക്കന്മാരുടെ കാലത്ത് മഹാപുരോഹിതൻ ആയിരുന്ന സാദോക് എന്ന വ്യക്തിയിൽ നിന്നും ഉളവായത് ആയിരിക്കേണം. സാദോക് ആയിരുന്നു ശലോമോന്റെ ദൈവാലയത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ആദ്യത്തെ മഹാപുരോഹിതൻ. “നീതി” എന്ന അർത്ഥമുള്ള എബ്രായ പദത്തിൽ നിന്നാണ് “സാദോക്” എന്ന പേര് ഉണ്ടായത്.

 

യേശുവിന്റെ കാലത്ത്, യഹൂദന്മാരുടെ സമൂഹത്തില്‍ സദൂക്യർക്ക് വളരെ സ്വാധീനമുണ്ടായിരുന്നു. അവര്‍ എല്ലാവരും സമ്പന്നരും, ചിലർ വ്യാപാരികളും, സമൂഹത്തിലെ കുലീനന്മാരും, യഹൂദന്മാർക്കിടയിൽ പ്രബലരും, രാക്ഷ്ട്രീയമായി സ്വാധീനം ഉള്ളവരും ആയിരുന്നു. യെരൂശലേമിലെ ന്യായാധിപ സംഘത്തിലെ മുഖ്യ പങ്കും സദൂക്യർ ആയിരുന്നു. ദൈവാലയത്തിലെ മുഖ്യപുരോഹിതന്‍ പോലെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിരുന്നതും അവര്‍ ആയിരുന്നു. അവര്‍ സാധാരണക്കാരുമായി അധികം ഇടപഴകാറില്ലായിരുന്നതിനാല്‍ സധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല.

 

യഹൂദ സമൂഹത്തിലെ കുലീനർ എന്ന നിലയിൽ, റോമൻ സാമ്രാജ്യത്തിലെ ഭരണാധികാരികളുമായി, സദൂക്യർ സൌഹൃദ ബന്ധം സൂക്ഷിച്ചിരുന്നു. അതിനാൽ അവർ ശത്രുക്കളുടെ പക്ഷം കൂടുന്നവർ ആണ് എന്ന വിമർശനം മറ്റ് വിഭാഗക്കാർ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാൽ റോമൻ ഭരണകൂടം ഒരിക്കലും ആലയത്തിലെ ആചാരങ്ങളെ മലിനമാക്കുകയോ, നിറുത്തിവയ്ക്കുകയോ ചെയ്യരുതു എന്ന നിർബന്ധം സദൂക്യർക്ക് ഉണ്ടായിരുന്നു. അതിനാവശ്യമായ രാക്ഷ്ട്രീയമായ ഇടപെടലുകൾ അവർ നടത്തിയിരുന്നു. 

 

ചില കാര്യങ്ങളിൽ സദൂക്യരും പരീശന്മാരും ഏക അഭിപ്രായം ഉള്ളവർ ആയിരുന്നു. എബ്രായ തിരുവെഴുത്തുകളിൽ വെളിപ്പെട്ടിരിക്കുന്ന അബ്രാഹാമിന്റെ ദൈവം ഏക ദൈവമാണ് എന്നും അവനാണ് സർവ്വ പ്രപഞ്ചത്തെയും, അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചത് എന്നും അവർ രണ്ട് കൂട്ടരും വിശ്വസിച്ചിരുന്നു. യിസ്രായേൽ ജനത്തെ ദൈവം സ്വന്തജനമായി തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന്റെ പ്രമാണങ്ങൾ പാലിച്ചാൽ ദൈവം അവരെ സംരക്ഷിക്കും, പ്രമാണങ്ങൾ ലംഘിച്ചാൽ സംരക്ഷണം ഇല്ലാതെയാകും.

 

എന്നാൽ പൊതുവായ ഈ വിശ്വാസങ്ങൾക്ക് വെളിയിൽ പരീശന്മാരും സദൂക്യരും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

 

മതപരമായി സദൂക്യര്‍ ഉപദേശങ്ങളില്‍ യാഥാസ്ഥിതികര്‍ ആയിരുന്നു. എന്നാൽ, പരീശന്മാർ യഹൂദ സമൂഹത്തിലേക്കുള്ള, ഗ്രീക്ക് സംസ്കാരത്തിന്റെ അധിനിവേശത്തെ എതിർത്തപ്പോൾ, സദൂക്യർ അതിനോട് മൃദു സമീപനം സ്വീകരിച്ചു. എഴുതപ്പെട്ട ദൈവ വചനം മാത്രമേ സദൂക്യർ വിശ്വാസത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരുന്നുള്ളൂ. യഹൂദന്മാരുടെ വായ്മൊഴി പാരമ്പര്യങ്ങളെ അവര്‍ വിശ്വസിച്ചിരുന്നില്ല. സദൂക്യര്‍, മോശെ എഴുതിയ, ഉല്‍പ്പത്തി മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള പുസ്തകങ്ങളുടെ ആധികാരികത കാത്ത് സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നു. അവർ എഴുതപ്പെട്ട ന്യായപ്രമാണങ്ങളുടെ അക്ഷരാർത്ഥത്തിൽ ഉള്ള വ്യാഖ്യാനത്തെ സ്വീകരിച്ചു. മനുഷ്യരുടെ ദൈനംദിന കാര്യങ്ങളില്‍ ദൈവം ഇടപെടുന്നില്ല എന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ മനുഷ്യരുടെ പുനരുത്ഥാനത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. ന്യായപ്രമാണ പുസ്തകങ്ങളിൽ പറഞ്ഞിട്ടില്ല എന്നതിനാൽ മരണാനന്തര ജീവിതത്തിലും മരണത്തിനു ശേഷം ലഭിക്കുന്ന പ്രതിഫലത്തിലോ ശിക്ഷയിലോ അവര്‍ വിശ്വസിച്ചിരുന്നില്ല. ദൂതന്മാരും ഭൂതാത്മാക്കളും ജീവിക്കുന്ന ആത്മീയ മണ്ഡലം ഉണ്ട് എന്നതിലും അവര്‍ വിശ്വസിച്ചിരുന്നില്ല. ദൈവാലയത്തിലെ ആചാരങ്ങളിൽ ആയിരുന്നു അവരുടെ മുഖ്യ ശ്രദ്ധ. മോശെയുടെ ന്യായപ്രമാണം, ദൈവാലയത്തിന്റെ യാഗങ്ങൾ എന്നിവ കർശനമായി പാലിക്കേണം എന്ന ഉപദേശം അവർക്കു ഉണ്ടായിരുന്നു. 

 

ദൈവത്തിന്റെ മുൻ നിർണ്ണയം എന്ന ആശയത്തെ അവർ നിരാകരിച്ചു. ദൈവം തിന്മ ചിന്തിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട് എന്നതിനാൽ നന്മയെയോ, തിന്മയെയോ, തിരഞ്ഞെടുക്കുവാൻ കഴിയും. അവർ മരിച്ചവരുടെ ആത്മാക്കൾ വിശ്രമിക്കുന്ന ഇടമായ “ഷെ-ഓൾ ൽ വിശ്വസിച്ചിരുന്നു എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

 

അന്താരാഷ്ട്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുക, ആഭ്യന്തര വിഷയങ്ങളിലെ ഭരണ നിർവ്വഹണം, ന്യായാധിപ സംഘത്തിൽ അംഗങ്ങൾ ആയിരിക്കുക, കരം പിരിക്കുക, സൈന്യത്തെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുക, റോമൻ സാമ്രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തെ ക്രമപ്പെടുത്തികൊണ്ടു പോകുക, ആഭ്യന്തര പരാതികൾ പരിഹരിക്കുക, എന്നിവ സദൂക്യരുടെ ഉത്തരവാദിത്തം ആയിരുന്നു. ന്യായാധിപ സംഘത്തിലെ ഭൂരിപക്ഷം പേരും സദൂക്യർ ആയിരുന്നു.

 

യഹൂദ സമൂഹത്തിലെ മറ്റ് എല്ലാ മത വിഭാഗക്കാരെയും സംശയത്തോടെ മാത്രമേ അവർ നോക്കികണ്ടുള്ളൂ. യേശുക്രിസ്തുവിന്റെ ശുശ്രൂഷയെയും അവർ എതിർത്തിരുന്നു. മറ്റ് വിഭാഗക്കാർ, ദൈവാലയത്തിലെ ആരാധനയിൽ കൈകടത്തുവാനുള്ള അവസരം റൊമാക്കാർക്ക് നല്കും എന്നു സദൂക്യർ ഭയപ്പെട്ടിരുന്നു. 

 

അവര്‍ മത കാര്യങ്ങളില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ജീവിതം മലിനം ആയിരുന്നു. “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ” എന്ന് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നുണ്ട്. അവരുടെ ദുരുപദേശങ്ങളെക്കുറിച്ചാണ് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

 

രണ്ടാമത്തെ യഹൂദ ദൈവാലയത്തിന്റെ കാലയളവിൽ, AD 70 ൽ യെരൂശലേമിലെ യഹൂദ ദൈവാലയം നശിപ്പിക്കപ്പെടുന്നത് വരെ അവർ യഹൂദ സമൂഹത്തിൽ സ്വാധീനമുള്ള ഒരു വിഭാഗമായിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ സൈന്യം ദൈവാലയം നശിപ്പിച്ചതിന് ശേഷം, സദൂക്യർ ഇല്ലാതെയായി. ആലയം ഇല്ലാത്ത അവസ്ഥയിൽ അവർക്കു പ്രസക്തി ഇല്ല. അതിനുശേഷം അവരെക്കുറിച്ചുള്ള പരമാർശങ്ങൾ പൊടുന്നനവേ ഇല്ലാതെയായി.

 

ശാസ്ത്രിമാർ

 

ഒന്നാം നൂറ്റാണ്ടിലെ യഹൂദ സമൂഹത്തിലെ രണ്ട് പ്രബലരായ വിഭാഗം ആയിരുന്നു പരീശന്മാരും, ശാസ്ത്രിമാരും. ശാസ്ത്രിമാർ അക്കാലത്തെ പണ്ഡിതഗണമായിരുന്നു. “ഗ്രമാറ്റേസ്” എന്ന ഗ്രീക്ക് പദത്തെയാണ് പുതിയനിയമത്തിൽ ശാസ്ത്രിമാർ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം, “എഴുത്തുകാരൻ” എന്നാണ്. 

 

ശാസ്ത്രിമാർ, ഉപദേഷ്ടാക്കളും, നിയമ വിദഗ്ദ്ധരും ആയിരുന്നു. പഴയനിയമ ന്യായപ്രമാണങ്ങളിലും, മറ്റ് എബ്രായ നിയമ രചനകളിലും അവർ പണ്ഡിതർ ആയിരുന്നു. വിവാഹ രേഖ, വിവാഹ മോചന രേഖ, വായ്പാ ഉടമ്പടികൾ, പിന്തുടർച്ച അവകാശം, ഭൂമിയുടെ കൈമാറ്റം, പണയപ്പെടുത്തൽ, എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള നിയമപരമായ രേഖകൾ തയ്യാറാക്കിയിരുന്നത് ശാസ്ത്രിമാർ ആയിരുന്നു. അവർ യഹൂദ നിയമങ്ങളെ വ്യാഖ്യാനിക്കുകയും, അവയ്ക്ക് വിശദീകരണങ്ങൾ എഴുതുകയും ചെയ്തു. അവരുടെ ജ്ഞാനം, സമർപ്പണം, നിയമ പാലനത്തോടുള്ള അനുസരണം, എന്നിവ കാരണം, യഹൂദ സമൂഹം അവരെ ബഹുമാനിച്ചിരുന്നു.

 

യിസ്രായേലിൽ പ്രവാചകന്മാർ ഉണ്ടായിരുന്ന പഴയനിയമ കാലത്ത്, ശാസ്ത്രിമാരുടെ ജോലി, ചരിത്രവും, നിയമങ്ങളും എഴുതി സൂക്ഷിക്കുക, തിരുവെഴുത്തുകളുടെ പകർപ്പ് എഴുതി ഉണ്ടാക്കുക, എന്നിവ ആയിരുന്നു. എന്നാൽ യഹൂദന്മാർ ബാബേൽ പ്രവാസത്തിൽ ആയിരുന്ന കാലത്ത് അവരുടെ ഇടയിൽ പ്രവാചകന്മാരുടെ എണ്ണം കുറഞ്ഞു. ഈ വിടവിൽ ശാസ്ത്രിമാർ ഉപദേശകരും, തിരുവെഴുത്തുകളുടെ വ്യാഖ്യാതാക്കലും ആയി പ്രവർത്തിച്ചു. പ്രവാസത്തിൽ ആയിരുന്ന യഹൂദന്മാരുടെ ആത്മീയ ജീവിതവും, ദൈവ വിശ്വാസവും, ദേശീയതയും കാത്തു സൂക്ഷിക്കുവാൻ ശാസ്ത്രിമാരുടെ പ്രവർത്തനങ്ങൾ വളരെ സഹായിച്ചു. മോശെയുടെ ന്യായപ്രമാണം, യഹൂദ ജനത്തിന്റെ ചരിത്രം എന്നിവ പഠിക്കുവാൻ അവർ ചെറിയ കൂട്ടങ്ങളെ ക്രമീകരിച്ചു. 

 

പ്രവാസത്തിൽ നിന്നും തിരികെ സ്വന്ത ദേശത്തേക്ക് വന്ന യഹൂദന്മാരിൽ അധികം പേർക്കും എബ്രായ ഭാഷ ആഴത്തിൽ ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. ചിലർ അരാമ്യ, കല്ദയ ഭാഷകൾ സംസാരിക്കുന്നവർ ആയി മാറിയിരുന്നു. അതിനാൽ ന്യായപ്രമാണങ്ങളെ വിശദീകരിക്കുവാൻ അവർ ശാസ്ത്രിമാരെ ആശ്രയിച്ചു. അതിനാൽ, ശാസ്ത്രിമാർ പരസ്യമായി തിരുവെഴുത്തുകൾ വായിച്ച് കേൾപ്പിക്കുകയും, ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ, അതിനെ വിശദീകരിച്ചു നല്കുകയും ചെയ്തു. ഇങ്ങനെ പ്രവാസത്തിന് ശേഷം ശാസ്ത്രിമാരുടെ പ്രാധാന്യം വർദ്ധിച്ചു. ഇതിന് ഒരു ഉദാഹരണം ആണ് പഴയനിയമത്തിലെ എസ്രാ എന്ന ശാസ്ത്രി. നെഹെമ്യാവു 8 ആം അദ്ധ്യായത്തിൽ എസ്രാ എല്ലാ യിസ്രായേൽ ജനത്തെയും ന്യായപ്രമാണ പുസ്തകം വായിച്ചു കേൾപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

 

പഴയനിയമത്തിലെ ഏറ്റവും ശ്രദ്ധേയനായ ശാസ്ത്രി എസ്രാ ആണ്. അദ്ദേഹം അഹരോന്റെ പിൻതലമുറയിൽപ്പെട്ട ഒരു പുരോഹിതൻ കൂടി ആയിരുന്നു. യഹൂദന്മാരുടെ ബാബേൽ പ്രവാസകാലത്തും, അവർ സ്വന്ത ദേശത്തേക്കു തിരികെ വന്നതിനു ശേഷവും, അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു.

 

ആദ്യകാലങ്ങളിൽ ശാസ്ത്രിമാരിൽ  ഭൂരിപക്ഷവും പുരോഹിതന്മാർ ആയിരുന്നു. എന്നാൽ ഗ്രീക്ക് സംസ്കാരത്തിന്റെ സ്വാധീനത്തിൽ, പിന്നീട്, ശാസ്ത്രിമാരുടെ കൂട്ടത്തിൽ പുരോഹിതന്മാർ അല്ലാത്തവരുടെ എണ്ണം കൂടിവന്നു. ക്രമേണ അവർ, ഉപദേഷ്ടാക്കന്മാരും, തത്വ ചിന്തകരും, പകർപ്പ് എഴുത്തുകാരും, വ്യാഖ്യാതാക്കളും, നിയമജ്ഞരും, ആയി മാറി. മക്കാബിയൻ ഭരണകാലത്ത് ശാസ്ത്രിമാർ സമൂഹത്തിൽ സ്വാധീനം ഉള്ള ഒരു കൂട്ടർ ആയി. അവർ, ജ്ഞാനമുള്ളവരും, ന്യായപ്രമാണത്തിന്റെ സൂക്ഷിപ്പുകാരും ആയിരുന്നു. അവർക്കു രാജ്യ ഭരണത്തിലും പങ്ക് ലഭിച്ചു.

 

തിരുവെഴുത്തുകൾ നഷ്ടപ്പെട്ടുപോകത്തെ സൂക്ഷിക്കുക ശാസ്ത്രിമാരുടെ കടമ ആയിരുന്നു. അവർ അത് സൂക്ഷമതയോടെ പകർത്തി എഴുതുകയും, പകർപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. പകർപ്പിന്റെ കൃത്യത ഉറപ്പ് വരുത്തുവാനായി, അക്ഷരങ്ങളും, വാക്കുകളും, വാചകങ്ങളും എണ്ണി നോക്കുക അവരുടെ രീതി ആയിരുന്നു. പകർപ്പുകളിൽ പിശകുകൾ ഇല്ലാതിരിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ന്യായപ്രമാണത്തെ അതിന്റെ ഉപദേശങ്ങളുടെയും, ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ ആഴമായി പഠിക്കുക അവരുടെ പതിവ് ആയിരുന്നു. പ്രശസ്തരായ ശാസ്ത്രിമാർക്ക് ശിഷ്യന്മാർ ഉണ്ടായിരുന്നു. ന്യായാധിപ സംഘത്തിൽ അവർ അംഗങ്ങൾ ആയിരുന്നു. അക്കാലത്ത് എല്ലാ ഗ്രാമത്തിലും ഒരു ശാസ്ത്രി എങ്കിലും ഉണ്ടായിരുന്നു.

 

ശാസ്ത്രിമാരുടെ സേവനം സൌജന്യം ആയിരുന്നു. അവരുടെ ജീവിതത്തിന് ആവശ്യമായ കാര്യങ്ങൾ അവർ തന്നെ കണ്ടെത്തേണം. തിരുവെഴുത്തുകളെ പഠിപ്പിക്കുക എന്നത് പ്രധാന തൊഴിലിന്റെ കൂട്ടത്തിൽ ചെയ്യുന്ന സൌജന്യ സേവനമായിരുന്നു.

 

ശാസ്ത്രിമാർ, പരീശന്മാരെപ്പോലെ ഒരു ക്രമീകരിക്കപ്പെട്ട കൂട്ടം ആയിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഗ്രാമങ്ങളിൽ ജീവിച്ചവർ ഉണ്ടായിരുന്നു എങ്കിലും, പ്രധാനമായും അവർ യെരൂശലേമിൽ പുരോഹിതന്മാരോടു ഒപ്പം ചേർന്ന് പ്രവർത്തിച്ചു. ന്യായപ്രമാണവും, നിയമങ്ങളും, യഹൂദ സംസ്കാരവും, നല്ലതുപോലെ അറിയാം എന്നതിനാൽ, യെരൂശലേമിലെ ന്യായാധിപ സംഘത്തിലും ശാസ്ത്രിമാർ അംഗങ്ങൾ ആയിരുന്നു. സാധാരണയായി, പുരോഹിതന്മാരോടും, മറ്റ് മത, രാക്ഷ്ട്രീയ നേതാക്കന്മാരോടും, സമ്പന്നരോടും അവർ കൂറുള്ളവർ ആയിരുന്നു.    

 

യേശുക്രിസ്തുവും ശാസ്ത്രിമാരും

 

പുതിയനിയമ കാലത്ത് മാതൃക ഇല്ലാത്ത ശാസ്ത്രിമാരും നല്ലവരായ ശാസ്ത്രിമാരും ഉണ്ടായിരുന്നു. അപ്പൊസ്തലനായ പൌലൊസിനോടൊപ്പം പ്രവർത്തിച്ച ഒരു ശാസ്ത്രീയെക്കുറിച്ച് റോമർക്ക് എഴുതിയ ലേഖനത്തിൽ പരാമർശം ഉണ്ട്.

 

ശാസ്ത്രിമാരും യേശുവും തമ്മിൽ പലപ്പോഴും സംഘർഷം ഉണ്ടായിരുന്നു. അക്ഷരങ്ങളുടെ കൃത്യതയിൽ അതീവ ശ്രദ്ധ കൊടുത്തിരുന്ന ശാസ്ത്രിമാർ, അതിന്റെ ആത്മാവിനെ മറന്നുകളഞ്ഞു, അതായിരുന്നു അവരുടെ പ്രധാന കുറവ്. അവർ ന്യായപ്രമാണത്തിന് നല്കിയ വ്യാഖ്യാനങ്ങളും, കൂട്ടിച്ചേർത്ത വിശദീകരണങ്ങളും, കാലക്രമേണ, ന്യായപ്രമാണത്തേക്കാൾ പ്രധാനപ്പെട്ടത് ആയിമാറി. ഇതാണ് യേശുവും ശാസ്ത്രിമാരും തമ്മിലുള്ള സംഘർഷത്തിന്റെ കാരണം. ശാസ്ത്രിമാരുടെ തിരുവെഴുത്തുകളുടെ വ്യാഖ്യാനങ്ങൾ, ദൈവ വചനത്തെ യാഥാർത്ഥത്തിൽ ദുർബലമാക്കി. അതിനാൽ പരീശന്മാരെയും ശാസ്ത്രിമാരെയും യേശുക്രിസ്തു എതിർത്തു സംസാരിച്ചു. ശാസ്ത്രിമാരുടെ നീതി, ദൈവരാജ്യം കൈവശമാക്കുവാൻ മതിയായത് അല്ല എന്നു യേശുക്രിസ്തു ഗിരി പ്രഭാഷണ വേളയിൽ പ്രഖ്യാപിച്ചു.

 

യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണത്തിന്റെ മുഖ്യ പങ്കും, ശാസ്ത്രിമാരുടെ വ്യാഖ്യാനങ്ങളും, ദൈവത്തിന്റെ യഥാർത്ഥ ഉദ്ദേശ്യവും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുന്നത് ആയിരുന്നു. മത്തായി 23 ൽ യേശുക്രിസ്തു ശാസ്ത്രിമാരെ പൂർണ്ണമായി തള്ളിക്കളയുന്നത് കാണാം. ശാസ്ത്രിമാർ കപട ഭക്തിക്കാർ ആയിരുന്നു എന്നായിരുന്നു യേശുക്രിസ്തുവിന്റെ ആരോപണം.

 

യേശുക്രിസ്തുവിന്റെ കാലത്ത്, പരീശന്മാരോടൊപ്പം അവരെ പലപ്പോഴും കാണപ്പെട്ടു എങ്കിലും എല്ലാ പരീശന്മാരും ശാസ്ത്രിമാർ ആയിരുന്നില്ല. ചില ശാസ്ത്രിമാർ, പരീശന്മാർ ആയിരുന്നു എങ്കിലും എല്ലാ പരീശന്മാരും ശാസ്ത്രിമാർ ആയിരുന്നില്ല. യേശുക്രിസ്തുവിൽ വിശ്വസിച്ചിരുന്നവരുടെ കൂട്ടത്തിൽ ചുരുക്കം ചില ശാസ്ത്രിമാർ ഉണ്ടായിരുന്നു എങ്കിലും, അവരിൽ ഭൂരിപക്ഷവും അവനെ എതിർത്തു.

 

യേശുവിന്റെ ക്രൂശീകരണത്തിലും, അവന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം, സഭയെ പീഡിപ്പിക്കുന്നതിലും ശാസ്ത്രിമാർക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. സ്തെഫാനൊസിന്റെ മരണത്തിലും ശാസ്ത്രിമാർക്ക് പങ്ക് ഉണ്ടായിരുന്നു.



 

പരീശന്മാര്‍

 

യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന നാല് മത വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പരീശന്മാർ ആയിരുന്നു. “പരീശൻ” എന്ന വാക്കിന്റെ അർത്ഥം “വേർതിരിക്കപ്പെട്ടവർ” എന്നാണ്. ബിസി. 515 മുതൽ എ. ഡി. 70 വരെ യുള്ള രണ്ടാം ദൈവാലയ കാലത്ത് യഹൂദന്മാരുടെ ഇടയിൽ പ്രബലരായി നിലനിന്നിരുന്ന ഒരു മത വിഭാഗം ആയിരുന്നു പരീശന്മാർ. അവരാണ് ഇന്നത്തെ യഹൂദ മതത്തിന്റെ മുൻ തലമുറ ആത്മീയ ആചാര്യന്മാർ. പരീശന്മാർ മതപരമായി യാഥാസ്ഥികര്‍ ആയിരുന്നു. സദൂക്യർ പുരോഹിതന്മാരും സമൂഹത്തിലെ കുലീനന്മാരും അടങ്ങിയ ഒരു വിഭാഗം ആയിരുന്നു എങ്കിൽ, പരീശന്മാർ സാധാരണക്കാരുടെയും, സമ്പന്നര്‍ അല്ലാത്ത പുരോഹിതന്മാരുടെയും, ശാസ്ത്രിമാരുടെയും ഒരു കൂട്ടായ്മ ആയിരുന്നു. സാധാരണക്കാര്‍ ഇവരെ അംഗീകരിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്തു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ മുഖ്യ ശത്രുക്കളില്‍ ഒരു കൂട്ടര്‍ ആയിരുന്നു പരീശന്മാര്‍.

 

ഹാസ്മോനിയൻ രാജവംശത്തിന്റെ ആരംഭം കുറിച്ച മക്കാബിയൻ കലാപത്തിന് ശേഷം ഏകദേശം 165-160 ബി. സി. ൽ ആണ് ഒരു പ്രത്യേക വിഭാഗമായി പരീശന്മാർ രൂപപ്പെടുന്നത്. ഗ്രീക്ക് സാമ്രാജ്യം ആയിരുന്ന സെലൂസിഡ് രാജവംശത്തിനെതിരെയാണ് ഹാസ്മോനിയൻ കലാപം ഉടലെടുത്തത്. ഹാസ്മോനിയൻ രാജവംശം ദാവീദിന്റെ പിന്തുടർച്ച ആയിരുന്നില്ല. അവർക്കു ശലോമോന്റെ കാലത്തെ അവസാനത്തെ മഹാപുരോഹിതൻ ആയിരുന്ന സാദോക്കിന്റെ പിന്തുടർച്ചയും ഇല്ലായിരുന്നു. ഇതാണ്, അക്കാലത്ത് യഹൂദ സമൂഹത്തിൽ പല വിഭാഗങ്ങൾ ഉണ്ടാകുവാനുള്ള കാരണം.

 

യേശുവിന്റെ കാലത്ത് ഏകദേശം, 6000 പരീശന്മാരും, 4000 എസ്സൻസുകാരും ഉണ്ടായിരുന്നു. സദൂക്യർ എണ്ണത്തിൽ പരീശന്മാരെക്കാൾ കുറവായിരുന്നു. പരീശന്മാരെ ഒരു ആത്മീയ സമൂഹം, സാഹോദര്യം, എന്നീ നിലയിൽ “ഖബൂറ” എന്നാണ് എബ്രായ ഭാഷയിൽ വിളിച്ചിരുന്നത്. ന്യായപ്രമാണത്തിലെ എല്ലാ നിയമങ്ങളും അനുസരിച്ച് ജീവിക്കാം എന്നു മൂന്ന് സാക്ഷികളുടെ മുന്നിൽ പ്രതിജ്ഞ എടുത്താണ് ഈ കൂട്ടായ്മയിൽ അംഗമാകുന്നത്. അവർ പരസപരം “സഹോദരാ” എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.

 

പരീശന്മാരിൽ ബഹുഭൂരിപക്ഷവും മദ്ധ്യവർഗ്ഗ വ്യാപാരികളും, സിനഗോഗുകളിലെ പ്രധാനികളും ആയിരുന്നു. അവർ ന്യായാധിപസംഘത്തിലും പുരോഹിതന്മാരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു എങ്കിലും, അവിടെ സദൂക്യരെക്കാൾ എണ്ണത്തിൽ കുറവായിരുന്നു. എന്നാൽ സാധാരണക്കാരുടെ ഇടയിൽ അവർക്കുള്ള സ്വാധീനം കാരണം, ന്യായാധിപ സംഘത്തിന്റെ തീരുമാനങ്ങളെ അവർ നിയന്ത്രിച്ചിരുന്നു. വിശദമായ പ്രമാണങ്ങളും വ്യാഖ്യാനങ്ങളും രൂപീകരിക്കുന്നതിൽ പരീശന്മാർ വിദഗ്ദ്ധർ ആയിരുന്നു. അവർ ആത്മീയരും ആയിരുന്നു.

 

രണ്ട് വിഭാഗങ്ങൾ

 

പരീശന്മാരുടെ ഇടയിൽ രണ്ട് വിഭാഗം ഉണ്ടായിരുന്നു. ഒന്ന്, റബ്ബി ശമ്മായി നയിച്ചതും, രണ്ടാമത്തേത്, റബ്ബി ഹില്ലേലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നതും. ന്യായപ്രമാണത്തിന്റെ അക്ഷരാർത്ഥത്തിലുള്ള കർശനമായ വ്യഖ്യാനവും, അനുസരണവും എല്ലാ വിഷയങ്ങളിലും ഉണ്ടാകേണം എന്നു ശമ്മായി പഠിപ്പിച്ചു. റോമൻ സാമ്രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അദ്ദേഹം എതിർത്തു. റോമൻ സാമ്രാജ്യത്തിനുവേണ്ടി കരം പിരിക്കുന്നവരെ അദ്ദേഹം അകറ്റി നിറുത്തി. യഹൂദന്മാരും, ജാതികളും തമ്മിൽ യാതൊരു രീതിയിലുമുള്ള ആശയ വിനിമയമോ, വ്യാപാര ഇടപാടുകളൊ പാടില്ല എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

ഹില്ലേൽന് കുറച്ചുകൂടി അയഞ്ഞ സമീപനമാണ് ഉണ്ടായിരുന്നത്. ന്യായപ്രമാണത്തിന്റെ അക്ഷരാർത്ഥത്തിലുള്ള കർശനമായ വ്യഖ്യാനവും, അനുസരണവും അദ്ദേഹം നിർബന്ധിച്ചില്ല. അതി തീവ്രമായ നിലപാട് ഒരു കാര്യത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ, ശമ്മായിയും, ഹില്ലേൽലും തമ്മിലുള്ള തർക്കങ്ങൾ അനുരജ്ഞനപ്പെട്ടില്ല. കാലക്രമേണ, അവരുടെ അനുയായികൾക്ക്, ഒരേ സിനഗോഗിൽ ഒരുമിച്ച് ആരാധനയ്ക്ക് കൂടുവാൻ കഴിയാവണ്ണം, ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു.

 

ഉപദേശങ്ങലും ജീവിതവും

 

മോശെയുടെ ന്യായപ്രമാണത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട് എന്നും അത് എഴുതപ്പെട്ട പ്രമാണങ്ങളും, വായ്മൊഴിയാലുള്ള പ്രമാണങ്ങളും ആണ് എന്നു പരീശന്മാർ വിശ്വസിച്ചു. എഴുതപ്പെട്ട തിരുവചനത്തെ അവര്‍ ദൈവ നിശ്വാസിയമായി കണ്ടു. ഒപ്പം തന്നെ യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും തുല്യമായി കണ്ടു വിശ്വസിച്ചു.

 

പരീശന്മാർ ന്യായപ്രമാണങ്ങളെ അക്ഷരാർത്ഥത്തിൽ അല്ല, അതിന്റെ ആത്മീയ ഉദ്ദേശത്തോടെ വ്യാഖ്യാനിച്ചു. മോശെയുടെ കാലത്തെ സാമൂഹിക പശ്ചാത്തലം പിന്നീട് വളരെ വ്യത്യാസപ്പെട്ടു എന്നതിനാൽ, ന്യായപ്രമാണത്തെ പ്രായോഗിക ജീവിതത്തിന് യോജ്യമായി വ്യാഖ്യാനിക്കേണം എന്നു പരീശന്മാർ വാദിച്ചു.  വ്യാഖ്യാനങ്ങളിൽ അവർക്കു യുക്തമെന്ന്  തോന്നിയവ കൂട്ടിച്ചേർത്തു. ഇത്തരം വ്യാഖ്യാന രീതി കാരണം, അവരുടെ വ്യാഖ്യാനങ്ങൾ ന്യായപ്രമാണത്തെ കലിക പ്രസക്തി, പ്രായോഗികത, ജീവൻ എന്നിവ ഉള്ളതായി നിലനിറുത്തി. എന്നാൽ ഈ വ്യാഖ്യാന രീതിയെ സദൂക്യർ അംഗീകരിച്ചില്ല.

 

എല്ലാം ദൈവത്തിന്‍റെ നിയന്ത്രണത്തില്‍ ആണ് എങ്കിലും മനുഷ്യരുടെ സ്വന്ത തീരുമാനങ്ങള്‍ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് അവര്‍ വിശ്വസിച്ചു. മരിച്ചവരുടെ പുനരുത്ഥാനത്തിലും, മരണത്തിനു ശേഷമുള്ള ജീവിതത്തിലും, അവിടെ ലഭിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലും അവര്‍ വിശ്വസിച്ചു. ദൈവദൂതന്മാരും ഭൂതങ്ങളും ജീവിക്കുന്ന ആത്മമണ്ഡലം ഉണ്ട് എന്നും അവര്‍ വിശ്വസിച്ചിരുന്നു. വരുവാനിരിക്കുന്ന മശിഹായിലും, അവനാൽ സ്ഥാപിക്കപ്പെടുന്ന ലോക സമാധാനത്തിന്റെ ഒരു യുഗത്തിലും അവർ വിശ്വസിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവ, ഏക സത്യ ദൈവം ആയതിനാൽ, ജാതീയ മതങ്ങളിൽ ഉള്ളവരെ യഹൂദ മതത്തിലേക്ക് പരിവർത്തനം ചെയ്യേണം എന്നും പരീശന്മാർ പഠിപ്പിച്ചു.

 

ന്യായപ്രമാണം യിസ്രായേൽ ജനത്തിന് ദൈവം നല്കിയതാണ്, അത് പുരോഹിതന്മാർക്കായി മാത്രം നല്കിയതല്ല എന്നും, അവകാശങ്ങളും, രാജ്യവും, പൌരോഹിത്യവും, വിശുദ്ധിയും, എല്ലാ യിസ്രായേല്യർക്കും ആയിട്ടാണ് ദൈവം നല്കിയിരിക്കുന്നത് എന്നും അവർ വാദിച്ചു. അതിനാൽ പുരോഹിതന്മാർക്ക് മാത്രമായി യാതൊരു വേർപ്പടിന്റെയും പ്രമാണങ്ങൾ ഇല്ല. എല്ലാ പ്രമാണങ്ങളും എല്ലാ യിസ്രായേൽ ജനത്തിന്നും ഒരുപോലെ ബാധകമാണ്.

 

ഒരു മശിഹാ അഥവാ ദൈവത്താല്‍ അയക്കപ്പെട്ടവന്‍, യഹൂദന്മാരുടെ വിടുതലിനും ഉദ്ധാരണത്തിനുമായി ഭാവിയിൽ പ്രത്യക്ഷമാകും എന്ന് എല്ലാ യഹൂദന്മാരെപ്പോലെ അവരും വിശ്വസിച്ചു. ദാവീദിന്‍റെ വംശാവലിയില്‍,  ഭൌമീകമായി തന്നെ ഒരു രാജാവായി മശിഹാ വരും എന്ന് അവര്‍ കാത്തിരുന്നു. മശിഹാ യിസ്രായേല്‍ ജനത്തെ സകല ശത്രുക്കളുടെയും, പ്രത്യേകിച്ച് റോമന്‍ സാമ്രാജ്യത്തിന്റെ കൈയ്യില്‍ നിന്നും വിടുവിക്കുകയും അങ്ങനെ എന്നന്നേക്കും സമാധാനം ഉണ്ടാകുകയും ചെയ്യും എന്ന് അവര്‍ പ്രത്യാശിച്ചു. അതിനാല്‍ ദൈവവുമായി ഉത്തമ ബന്ധത്തില്‍ ആയിരിക്കുവാന്‍ ദൈവപ്രമാണങ്ങള്‍ മുഴുവന്‍ പാലിക്കേണം എന്ന് അവര്‍ പഠിപ്പിച്ചു. ദൈവീക പ്രമാണങ്ങളില്‍ നിന്നും യഹൂദ ജനം അകന്നു പോയതിനാല്‍ ആണ് മശിഹാ വരുവാന്‍ താമസിക്കുന്നത് എന്നത് അവരുടെ ചിന്തയുടെ അടിസ്ഥാനം ആയിരുന്നു.

 

ന്യായപ്രമാണങ്ങളെ അനുസരിച്ചു ജീവിക്കുക എന്നതാണ് ദൈവത്തിലേക്കുള്ള വഴി എന്നു അവർ പഠിപ്പിച്ചിരുന്നതിനാൽ, ദൈവാലയത്തിലെ യാഗങ്ങളെക്കാൾ പ്രാധാന്യം പ്രമാണത്തിന്റെ അനുസരണത്തിനായി. യാഗങ്ങളെക്കാൾ പ്രവർത്തികളെ അവർ പ്രോൽസാഹിപ്പിച്ചു. അതിനാൽ എ. ഡി. 70 ൽ സംഭവിച്ച ദൈവാലയത്തിന്റെ തകർച്ചയ്ക്ക് ശേഷവും പരീശന്മാർക്ക് സമൂഹത്തിൽ നിലനിൽപ്പ് ഉണ്ടായി.

 

മരിച്ചവരുടെ പുനരുത്ഥാനം എന്ന ആത്മീയ മർമ്മത്തെ പ്രചരിപ്പിച്ച ആദ്യത്തെ മത വിഭാഗം ആണ് പരീശന്മാർ. യിസ്രായേലിന്റെ ദൈവമാണ് ഏക സത്യ ദൈവം എന്നു അവർ വിശ്വസിച്ചു. ദൈവം സർവ്വ ശക്തനും, സർവ്വ ജ്ഞാനിയും, സർവ്വവ്യാപിയും ആണ്. മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ അവന് നന്മയും തിന്മയും തിരഞ്ഞെടുക്കുവാനും, പ്രവർത്തിക്കുവാനുമുള്ള സ്വതന്ത്ര ഇച്ഛാശക്തി ദൈവം നല്കി. എന്നാൽ സകലതും ദൈവത്തിന്റെ മുൻ നിർണ്ണയപ്രകാരം സംഭവിക്കുന്നു എന്നും അവർ വിശ്വസിച്ചു. 

 

യേശുക്രിസ്തുവും പരീശന്മാരും

 

യേശു പ്രധാനമായും സാധാരണക്കാരുടെ ഇടയില്‍ ആണ് ശുശ്രൂഷ ചെയ്തത്. അതുകൊണ്ട് തന്നെ യേശുവിന് നിരന്തരം പരീശന്മാരുമായി ഏറ്റുമുട്ടേണ്ടി വന്നു. യേശുക്രിസ്തു പരീശന്മാരുടെ കപടഭക്തിയെ നിരന്തരം നിശതമായി വിമര്‍ശിച്ചു. സുവിശേഷം വായിക്കുമ്പോള്‍ പരീശന്മാര്‍ എന്ന പേര് കപടഭക്തിയുടെ പര്യായമായി നമുക്ക് തോന്നാറുണ്ട്. എഴുതപ്പെട്ടതും വായ്മൊഴിയാല്‍ ലഭിച്ചതുമായ ന്യായപ്രമാണങ്ങളെ പിന്നെയും വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ഒരു മൂല്യ വ്യവസ്ഥ പരീശന്മാര്‍ക്ക് ഉണ്ടായിരുന്നു. അവ അനുസരിക്കുന്നതിലൂടെ, പ്രവര്‍ത്തികളിലൂടെ നീതീകരണം എന്ന ഒരു വ്യവസ്ഥ അവര്‍ രൂപപ്പെടുത്തി. സ്വയം നീതീകരണം എന്ന അപകടകരമായ ആത്മീയ അവസ്ഥ ജനങ്ങളില്‍ ഉളവായി.

 

സുവിശേഷങ്ങളിൽ പരീശന്മാരെ കപട ഭക്തിക്കാർ ആയാണ് ചിത്രീകരിച്ചിട്ടുള്ളത്. അവർ നിരന്തരം യേശുക്രിസ്തുവിനെ എതിർത്തു. യേശു പ്രസംഗിച്ച ദൈവരാജ്യം, പരീശന്മാരുടെ കാഴ്ചപ്പാടിൽ ഉള്ള മശിഹാ രാജ്യത്തിൽ നിന്നും വിഭിന്നം ആയിരുന്നു. യേശുവിന്റെ രാജ്യം ആത്മീയം ആയിരുന്നു. സദൂക്യരുടെയും, ശാസ്ത്രിമാരുടെയും, പരീശന്മാരുടെയും ന്യായപ്രമാണത്തിന്റെ വ്യാഖ്യാനത്തിന് ഒരു ബദല്‍ രേഖ ആണ് യേശുവിന്‍റെ ഗിരിപ്രഭാഷണം.

 

മത്തായി 23 ആം അദ്ധ്യായത്തി പരീശന്മാരുടെ കുറവുകൾ യേശുക്രിസ്തു വിവരിക്കുന്നുണ്ട്. മത്തായി 23:3 ൽ യേശു പറയുന്നത്, “അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ” എന്നാണ്. 23 ആം വാക്യത്തിൽ അവരുടെ കുറവ് വ്യക്തമായി യേശു പറയുന്നുണ്ട്: അവർ “ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു.” 

 

പുതിയ നിയമത്തിൽ, പ്രധാനമായും സുവിശേഷങ്ങളിൽ, പരീശന്മാരെക്കുറിച്ച്, ഒരു കൂട്ടർ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും, 98 പ്രാവശ്യം പറയുന്നുണ്ട്. ഇവിടെ പറയുന്ന വിവരണങ്ങളിൽ നിന്നും അവർ അക്കാലത്തെ ഏറ്റവും ഹീനമായ ആളുകൾ ആയിരുന്നു എന്നു നമുക്ക് തോന്നും. അവരുടെ ന്യായപ്രമാണ വ്യാഖ്യാനങ്ങളും നിയമങ്ങളും കഠിനം ആയിരുന്നു. എന്നാൽ ഒരു രീതിയിൽ, അവർ അക്കാലത്തെ ഏറ്റവും നല്ല മനുഷ്യർ ആയിരുന്നു. അവർ വിശുദ്ധരായി ജീവിക്കുവാൻ ആഗ്രഹിച്ചിരുന്നവർ ആണ്. ദൈവത്തിന് പ്രസാധകരമാകും വണ്ണം ജീവിക്കുക അവരുടെ ലക്ഷ്യം ആയിരുന്നു. അവർ വളരെ ലളിതമായ ഒരു ജീവിത ശൈലി അനുവർത്തിച്ചു. പ്രായമേറിയവരോട് ബഹുമാനത്തോടെ പെരുമാറി. മറ്റുള്ളവരുമായി സത്യസന്ധമായും, സ്നേഹത്തോടെയും ഇടപെട്ടു. അവരുടെ പ്രമാണങ്ങളിലും, അതിന്റെ അനുസരണത്തിലും അവർ ആത്മാർത്ഥത കാണിച്ചു. പ്രമാണങ്ങളുടെ വ്യാഖ്യാനത്തിലും, അനുസരണത്തിലും അവർ അതി സൂക്ഷ്മതയുള്ളവർ ആയിരുന്നു.

 

പരീശന്മാർ ന്യായപ്രമാനത്തിന്റെ സൂക്ഷമ വശങ്ങളെ അനുസരിക്കുകയും എന്നാൽ അതിൽ ഘനമേറിയവയെ ത്യജിച്ചുകളയുകയും ചെയ്യുന്നു എന്നാണ് യേശു ഇവിടെ പറയുന്നത്.

 

പരീശന്മാരുടെ സംഭാവനകൾ

 

പരീശന്മാർ ഒരു രാക്ഷ്ട്രീയ വിഭാഗം ആയിരുന്നില്ല, അവർ പ്രധാനമായും പണ്ഡിതന്മാരുടെയും, പുരോഹിതന്മാരുടെയും ഒരു സമൂഹം ആയിരുന്നു. ഏകദേശം ഏകദേശം 100 ബി. സി. യോടെ, യഹൂദ മതത്തെ ദൈവാലയത്തിലെ പുരോഹിതന്മാരുടെ നിയന്ത്രണത്തിൽ നിന്നും വിടുവിച്ചു ജനകീയമാക്കുവാൻ പരീശന്മാർ ശ്രമിച്ചു. ദൈവാലയത്തിനും, യെരൂശലേമിനും വെളിയിൽ ദൈവത്തെ ആരാധിക്കുവാൻ കഴിയും എന്നു പരീശന്മാർ വാദിച്ചു. രക്തം ചൊരിഞ്ഞുള്ള ആലയത്തിലെ യാഗങ്ങൾ മാത്രമല്ല ആരാധന, പ്രാർത്ഥനയും, വചന ധ്യാനവും ആരാധനയാണ്. അതിനാൽ സിനഗോഗ് എന്ന യഹൂദ പള്ളികളെ അവർ പ്രോൽസാഹിപ്പിച്ചു. സിനഗോഗുകളെ യഹൂദ സമൂഹത്തിൽ ഉയർത്തിയതും, യഹൂദ മതത്തിന്റെ മുഖ്യ ഭാഗം ആക്കിയതും പരീശന്മാർ ആണ്.

 

സിനഗോഗുകൾ ആരംഭിക്കുന്നത് ബാബേൽ പ്രവാസ കാലത്താണ്. അവ യഹൂദ വീടുകളിലെ ചെറിയ കൂടിവരവുകൾ ആയിരുന്നു. പ്രാർത്ഥനയ്ക്കായും, തിരുവെഴുത്തുകൾ പഠിക്കുവാനും ആയിരുന്നു അവർ അപ്രകാരം കൂടി വന്നിരുന്നത്. പ്രവാസത്തിൽ നിന്നും യെരൂശലേമിലേക്ക് തിരികെ വന്ന യഹൂദന്മാരുടെ ഇടയിൽ വ്യത്യസ്തങ്ങൾ ആയ മത വിഭാഗങ്ങൾ ഉടലെടുത്തു. ഈ കാലഘട്ടത്തിൽ ആയിരിക്കാം പഴയനിയമ പുസ്തകങ്ങൾ ഏതെല്ലാം ആയിരിക്കേണം എന്നു അന്തിമമായി തീരുമാനിക്കപ്പെട്ടത്.

 

യഹൂദ മതത്തിന്റെയും ആത്മീയ ജീവിതത്തിന്റെയും കേന്ദ്രം യെരൂശലേമിലെ ദൈവാലയം ആയിരുന്നു എങ്കിലും, അതിന് വെളിയിൽ ചെറിയ ആരാധന സ്ഥലങ്ങൾ ഉയർന്നു വന്നു. അതിനാൽ, പ്രാർത്ഥനയുടെയും, വചന ധ്യാനത്തിന്റെയും ഇടം എന്ന നിലയിൽ സിനഗോഗുകൾക്ക് ഈ കാലത്ത് പ്രചാരം ലഭിച്ചു. യെരൂശലേം ദൈവാലയത്തിലേക്ക് പോകുവാൻ കഴിയാത്തവർക്ക് സിനഗോഗുകളിലെ ആരാധനയ്ക്ക് പങ്കെടുക്കുവാൻ കഴിയുമായിരുന്നു. അവിടെ രാവിലേയും, ഉച്ചയ്ക്കും, വൈകിട്ടും പ്രാർത്ഥന ക്രമീകരിക്കപ്പെട്ടു. ന്യായപ്രമാണ പുസ്തകങ്ങൾ എല്ലാവർക്കുമായി ഉറക്കെ വായിക്കുക പതിവായിരുന്നു. ഇവിടെ യഹൂദ റബ്ബിമാരുടെ നേതൃത്വത്തിൽ വചന ധ്യാനം നടത്തപ്പെട്ടു. യഹൂദ പാരമ്പര്യ വായ്മൊഴി പ്രമാണങ്ങൾക്കും പ്രാധാന്യം ഉണ്ടായിരുന്നു.     

 

പരീശ മതത്തിന്റെ അവസാനം

 

എന്നാൽ അവരുടെ തീവ്ര നിലപാടുകൾ അവരെ ശരിയായ പാതയിൽ നടത്തിയില്ല എന്നതാണ് അവരുടെ പോരായ്മ. അവരുടെ വിശ്വാസ പ്രമാണങ്ങൾ ബാഹ്യമായ വിശുദ്ധിയുടെ പ്രകടനങ്ങൾ മാത്രമായി ചുരുങ്ങി.

 

പരീശന്മാർ എ. ഡി. 2, 3 നൂറ്റാണ്ടുകൾ വരെ സജീവമായിരുന്നു. എ. ഡി. 70 ൽ യഹൂദ ദൈവാലയം തകർക്കപ്പെട്ട് കഴിഞ്ഞതിനു ശേഷം സിനഗോഗും, പരീശന്മാരുടെ ചിന്തകളും പഠിപ്പിക്കലും ആണ്, ചിതറിപ്പോയ യിസ്രായേൽ ജനത്തെ ആത്മീയമായി നയിച്ചത്. റബ്ബിമാരാൽ നയിക്കപ്പെടുന്ന, ഇന്നത്തെ യാഥാസ്ഥിതികരായ യഹൂദ സമൂഹം പരീശന്മാരുടെ പിൻതലമുറയാണ് എന്നു കരുതപ്പെടുന്നു. ഇതാണ് അവർ ബാക്കി വച്ചിരിക്കുന്ന പൈതൃകം.

 


എസ്സെൻസ്

 

യേശുക്രിസ്തുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു മത വിഭാഗം ആയിരുന്നു, “എസ്സെൻസ്”. പരീശന്മാരോടും, സദൂക്യരോടും ഉള്ള അതൃപ്തിയിൽ നിന്നാണ് എസ്സെൻസ് എന്ന നിഗൂഡ വിഭാഗം ഉണ്ടാകുന്നത്. മറ്റുള്ളവർ യെരൂശലേം പട്ടണത്തെയും, ദൈവാലയത്തെയും അശുദ്ധമാക്കി എന്നതായിരുന്നു എസ്സെൻസ് കാരുടെ വാദം. അതിനാൽ അവർ യെരൂശലേമിൽ നിന്നും പുറത്തേക്ക് പോയി, മരുഭൂമിയിൽ, ആശ്രമ ജീവിതം നയിച്ചു. ചാവുകടലിന്റെ സമീപത്തുള്ള “കുമ്രാൻ” എന്ന പ്രദേശത്താണ് പ്രധാനമായും അവർ ജീവിച്ചിരുന്നത്.

 

ബി. സി. രണ്ടാം നൂറ്റാണ്ട് മുതൽ, എ. ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ എസ്സെൻസ് എന്ന വിഭാഗം യഹൂദ സമൂഹത്തിൽ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. ഫിലോ, ജോസേഫേസ്, പ്ലീനി എന്നീ ചരിത്രകാരന്മാരിൽ നിന്നും, 1947 ൽ കണ്ടെടുത്ത ചാവുകടൽ ചുരുളുകളിൽ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്. അലെക്സാഡ്രിയയിലെ ഫിലോ, ഗ്രീക്ക് ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്ത ഒരു യഹൂദ ദാർശനികൻ ആയിരുന്നു. അദ്ദേഹം ഈജിപ്തിലെ അലെക്സാഡ്രിയയിൽ ആണ് ജീവിച്ചിരുന്നത്. ഫ്ലേവിയസ് ജോസേഫെസ്, റോമൻ സാമ്രാജ്യ കാലത്ത് ജീവിച്ചിരുന്ന ഒരു യഹൂദ ചരിത്രകാരൻ ആയിരുന്നു. പ്ലീനി ഒരു റോമൻ എഴുത്തുകാരനും, പ്രകൃതിശാസ്ത്രപണ്ഡിതനും, ദാർശനികനും, റോമൻ നാവിക സേനയുടെ കമാൻഡറും, ആയിരുന്നു.

 

1947 ൽ ആണ് പുരാവസ്തു ഗവേഷകർ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഒരു ഗുഹ കണ്ടെത്തിയത്. ഇവിടെ നിന്നും കണ്ടെത്തിയ ലിഖിതങ്ങളെയാണ് “ചാവുകടൽ ചുരുൾ” എന്നു വിളിക്കുന്നത്.

ഈ കണ്ടെത്തലോടെയാണ് “എസ്സെൻസ്” എന്ന വിഭാഗത്തെക്കുറിച്ച് ആധുനിക ലോകം ചർച്ച ചെയ്യുന്നത്. ഇത് അവരുടെ ഗ്രന്ഥശാല ആയിരുന്നു എന്നു കരുതപ്പെടുന്നു. ഇതിൽ എബ്രായ വേദപുസ്തകവും, തിരുവെഴുത്തായി അംഗീകരിക്കപ്പെടാത്ത ചില രചനകളുടെ കൈയ്യെഴുത്ത് പ്രതികളും, യുദ്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും, “ദമാസ്കസ് ലിഖിതം” എന്നു അറിയപ്പെടുന്ന അവരുടെ സമൂഹത്തിന്റെ പ്രമാണങ്ങളും, ഉണ്ട്. ഇതിൽ നിന്നെല്ലാം അവരുടെ ജീവിതം, ആചാരങ്ങൾ, ദൈവശാസ്ത്രം എന്നിവ മനസ്സിലാക്കാം. 

 

ഹാസ്മോനിയൻ ഭരണകാലത്ത് രാജ്യഭരണവും, യെരൂശലേം ദൈവാലയത്തിലെ പൌരോഹിത്യവും തമ്മിൽ ഒരു ബന്ധം ഉടലെടുത്തു. ഹാസ്മോനിയൻ രാജവംശത്തിന് ദാവീദിന്റെ തുടർച്ചയോ, ശലോമോന്റെ കാലത്തെ മഹാ പുരോഹിതൻ ആയിരുന്ന സാദോക് ന്റെ തുടർച്ചയോ, ഇല്ലായിരുന്നു. ഇതിൽ അസംതൃപ്തരായ ഒരു കൂട്ടം യഹൂദന്മാർ ആണ് പിന്നീട് എസ്സെൻസ് എന്ന വിഭാഗമായത്. ഇവർ സാദോക് എന്ന മഹാപുരോഹിതന്റെ പിൻഗാമികൾ ആണ് എന്നാണ് ഭൂരിപക്ഷം വേദ പണ്ഡിതന്മാരുടെയും അഭിപ്രായം. യഹൂദ ന്യായപ്രമാണത്തോടും, അതിന്റെ വ്യാഖ്യാനത്തോടും, അവർക്ക് യാഥാസ്ഥിതികമായ ഒരു സമീപനം ഉണ്ടായിരുന്നു. സാദോക്കിന്റെ പിൻതലമുറയെ പുരോഹിതന്മാരായി അവർ അംഗീകരിച്ചു.

 

അവർ യെശയ്യാവ് പ്രവാചകന്റെ പ്രവചന ശബ്ദ പ്രകാരം, മശിഹായുടെ വരവിനായി വഴി ഒരുക്കുവാൻ മരുഭൂമിയിലേക്ക് പോയവർ ആയിരുന്നു.

 

അവർ ഏകദേശം 4000 പേർ ഉണ്ടായിരുന്നു എന്നും അവർ യഹൂദ്യയുടെ പലഭാഗങ്ങളിലായി താമസിച്ചിരുന്നു എന്നും ആണ് ചരിത്രകാരന്മാരായ ജോസേഫെസ്, ഫിലോ, എന്നിവർ പറയുന്നത്. ചാവുകടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഏൻ-ഗെദി പ്രദേശത്താണ് അവർ താമസിച്ചിരുന്നത് എന്നാണ് പ്ലീനിയുടെ അഭിപ്രായം. ആധുനിക പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ ചാവുകടലിന്റെ സമീപത്തുള്ള യഹൂദ മരുഭൂമിയിലെ, കുമ്രാൻ എന്ന സമതലത്തിലാണ് അവർ താമസിച്ചിരുന്നത്. 

        

വിശ്വാസങ്ങളും ജീവിതവും 

 

മനുഷ്യ ചരിത്രം ദൈവത്താൽ മുൻ നിശ്ചയിക്കപ്പെട്ടതാണ്, യഹൂദ മതത്തിന്റെ ഗതി മാറികൊണ്ടിരിക്കുന്നു, ദുഷ്ടത നിറഞ്ഞ ഇപ്പോഴത്തെ ലോകം അവസാനിക്കും, അതിന് ശേഷം പുതിയ ഒരു രാജ്യം യഹൂദന്മാർക്കായി ഉണ്ടാകും എന്നിവ അവരുടെ മുഖ്യ വിശ്വാസങ്ങൾ ആയിരുന്നു. മനുഷ്യന്റെ പ്രവർത്തികൾക്ക് വരുവാനിരിക്കുന്ന നാശത്തെയോ, ദൈവത്തിന്റെ ഹിതത്തെയോ മാറ്റുവാൻ കഴിയുക ഇല്ല എന്നു അവർ വിശ്വസിച്ചു. അവരുടെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിക്കാത്ത യഹൂദന്മാർ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരും പിശാചിന്റെ സ്വാധീനത്തിൽ ആണ് എന്നു അവർ കരുതി.

 

അവർ ആശ്രമ ജീവിതം, കൂട്ടായ ഒരുമിച്ചുള്ള ജീവിതം, മത ആചാരങ്ങളിലെ വിശുദ്ധി, മിതവ്യയം, എന്നിവ പാലിച്ചിരുന്നു. എല്ലാ ദിവസവും എല്ലാവരും ആഹാരം പങ്കിട്ടു ഭക്ഷിച്ചു. അവർ ഒരേ വസ്ത്രധാരണ രീതി പിന്തുടർന്നു. ആചാരപ്രകാരമുള്ള വിശുദ്ധി, നന്മ, തിന്മ എന്നിങ്ങനെയുള്ള ദ്വൈതവാദത്തിൽ അധിഷ്ഠിതമായ ലോകത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, എന്നിവ അവരുടെ സവിശേഷതകൾ ആയിരുന്നു. വർത്തമാന കാലം തിന്മ നിറഞ്ഞതും, വരുവാനിരിക്കുന്ന മശിഹാ യുഗം നന്മയും നിറഞ്ഞതാണ് എന്നു അവർ വിശ്വസിച്ചു. അവർക്കിടയിൽ ആഹാരം കഴിക്കുന്നതിന് കർശനമായ പ്രമാണങ്ങൾ ഉണ്ടായിരുന്നു. പഴയനിയമ തിരുവെഴുത്തുകൾ അവർ പകർത്തി എഴുതുകയും, പ്രവാചകന്മാരുടെ പുസ്തകങ്ങൾക്ക് വ്യാഖ്യാനങ്ങളും, വിശദീകരണങ്ങളും എഴുതുകയും ചെയ്തു.

 

ആത്മാവിന്റെ അനശ്വരത, മരണത്തിന് ശേഷം ആത്മാവിനെ തിരികെ ലഭിക്കും, മരണത്തിന് ശേഷംഉള്ള ദൈവീക ശിക്ഷാവിധി, എന്നിവ അവരുടെ ദൈവ ശാസ്ത്രത്തിന്റെ പ്രധാന ഭാഗം ആയിരുന്നു. ശരീരത്തിന്റെ പുനരുത്ഥാനത്തിൽ അവർ വിശ്വാസിച്ചിരുന്നുവോ എന്നതിൽ വിഭിന്ന അഭിപ്രായം ഉണ്ട്. വെള്ളത്താൽ കഴുകി ശുദ്ധി പ്രാപിക്കുക എന്നത് അവരുടെ ആചാരം ആയിരുന്നു. ഇതിനായി ശുദ്ധ ജലമായി, മഴവെള്ളം പ്രത്യേകം സംഭരിക്കുമായിരുന്നു. ഇത്തരം ശുദ്ധീകരണത്തിന് മുമ്പായി മാനസാന്തരം അത്യാവശ്യം ആയിരുന്നു. പൊതു സമൂഹവുമായി ഇടകലർന്നു ജീവിക്കുവാൻ അവർ ആഗ്രഹിച്ചില്ല.

 

ഇവർക്ക് പണമോ, സമ്പത്തോ ഇല്ലായിരുന്നു എന്നും അവരിലെ പുരോഹിതന്മാർ അവിവാഹിതർ ആയിരുന്നു എന്നും പ്ലീനി പറയുന്നു. ഒരു പൊതു സമൂഹമായി അവർ ജീവിച്ചു എന്നും, ശബ്ബത്ത് പോലുള്ള പ്രമാണങ്ങൾ ആചരിക്കുന്നതിൽ വലിയ നിഷ്കർഷത ഉള്ളവർ ആയിരുന്നു എന്നും ജോസേഫെസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവർ എല്ലാ ദിവസവും ആചാരപരമായി ശുദ്ധീകരണത്തിനായി വെള്ളത്തിൽ മുങ്ങി സ്നാനപ്പെടുകയും, എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, പ്രാർത്ഥിക്കുകയും, ധർമ്മം കൊടുക്കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരോട് കോപിക്കുന്നതിനെ അവർ വിലക്കി. മുതിർന്നവരുടെ രചനകളെ ശ്രദ്ധയോടെ പഠിക്കുകയും, രഹസ്യം സൂക്ഷിക്കുകയും, ദൂതന്മാരുടെ പേരുകൾ പോലും ഉച്ചരിക്കുന്നതിൽ അതീവ സൂക്ഷ്മത പാലിക്കുകയും ചെയ്തു. 

 

ശപഥം ചെയ്യുക, അല്ലെങ്കിൽ സത്യം ചെയ്യുക എന്നതിനെ, അവർ വിലക്കി, എങ്കിലും ഒരിക്കൽ ശപഥം ചെയ്താൽ അത് ലംഘിക്കുവാൻ പാടില്ല എന്ന്  പഠിപ്പിച്ചിരുന്നു. മൃഗ ബലിയും അവർ നടത്തിയിരുന്നില്ല. കള്ളന്മാരിൽ നിന്നുള്ള സംരക്ഷണത്തിനായി മാത്രം അവർ ആയുധങ്ങൾ കൈയിൽ കരുതി. അവർ അടിമകളെ സൂക്ഷിച്ചിരുന്നില്ല, ആവശ്യങ്ങളിൽ അവർ പരസ്പരം സഹായിച്ചു. എല്ലാം പൊതു സ്വത്തായി കരുതി. വ്യാപാരം ചെയ്തിരുന്നില്ല.

 

നീതിക്കു വേണ്ടി നിലകൊള്ളുക എന്നത് എസ്സെൻസ് കാരുടെ വിശ്വാസം ആയിരുന്നു. ഇതിനായി അനീതി നിറഞ്ഞ ലോകത്തെ ഉപേക്ഷിച്ചിട്ടു അവർ മരുഭൂമിയിൽ ഒരു പ്രത്യേക സമൂഹമായി ജീവിച്ചു. മോശെയുടെ ന്യായപ്രമാണം കർശനമായി പാലിക്കുകയും, പഴയനിയമ പ്രവാചകന്മാരെ അംഗീകരിക്കുകയും ചെയ്തു. ശബ്ബത്തും, ശുദ്ധീകരണത്തിനായുള്ള സ്നാനവും ആചരിച്ചു.

 

അന്ത്യകാലത്തേക്കുറിച്ച് ഒരു കാഴ്ചപ്പാട് അവർക്കു ഉണ്ടായിരുന്നു. ഗ്രീക്ക് സാമ്രാജ്യത്തിന് കീഴിൽ ആയിരുന്ന യഹൂദ്യ ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയി. അതിനാൽ, മശിഹായുടെ വരവോടെ മാത്രമേ യഹൂദന്മാർക്കു പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ എന്നു അവർ വിശ്വസിച്ചു. മശിഹാ വരുമ്പോൾ ലോകത്ത് നീതിയും, സമാധാനവും നിത്യമായി സ്ഥാപിക്കപ്പെടും.

 

ചാവുകടൽ ചുരുളുകളിൽ, പഴയനിയമത്തിലെ “എസ്ഥേർ” എന്ന പുസ്തകത്തിന്റെ പതിപ്പ് ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അവർ ഒരു പക്ഷെ, ജാതീയരുമായുള്ള മിശ്ര വിവാഹത്തെ അംഗീകരിച്ചിരുന്നില്ല എന്നത് ആയിരിക്കാം അതിന്റെ കാരണം.          

 

എസ്സെൻസ് കർ എല്ലാവരും ബ്രഹ്മചാരികൾ ആയിരുന്നുവോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ചില വർഷങ്ങളുടെ പരിശീലനത്തിലൂടെയാണ് ഈ സമൂഹത്തിൽ ഒരാൾ അംഗമാകുന്നത്. പുരുഷന്മാർക്ക് മാത്രമേ അംഗത്വം ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇവരുടെ കൂട്ടത്തിൽ വിവാഹിതരും ഉണ്ടായിരുന്നു എന്നു ജോസെഫെസ് പറയുന്നു. എസ്സെൻസ് സമൂഹം താമസിച്ചിരുന്ന സ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. കുമ്രാൻ പോലെയുള്ള മരുഭൂമിയിൽ വേറിട്ട് താമാസിക്കാതിരുന്ന എസ്സെൻസ് വിശ്വാസികളും ഉണ്ടായിരുന്നു. വിവാഹിതരായ എസ്സെൻസ് വിശ്വാസികൾ യെരൂശലേമിൽ തന്നെ ഒരു പ്രത്യേക സമൂഹമായി ജീവിച്ചിരുന്നു.

 

ഇതിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ മൂന്ന് വർഷത്തെ പരീക്ഷാർത്ഥമായ കാലത്തിലൂടെ കടന്നുപോകേണം. അതിന് ശേഷം അവർ, ദൈവത്തോടുള്ള ഭക്തി, മനുഷ്യരോടുള്ള നീതി, നിർമ്മലമായ ജീവിതം, കുറ്റകരമായതും അസന്മാർഗ്ഗീകമായതും ആയ പ്രവർത്തികളെ ഒഴിയുക, അവരുടെ പ്രമാണങ്ങൾ മലിനതയില്ലാതെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക, അവരുടെ പുസ്തക ചുരുളുകൾ, ദൂതന്മാരുടെ പേരുകൾ എന്നിവ സംരക്ഷിക്കുക, എന്നീ പ്രമാണങ്ങൾ കർശനമായി പാലിക്കാം എന്നു പ്രതിജ്ഞ എടുക്കും.

 

പുതിയ നിയമത്തിൽ എസ്സെൻസ് എന്ന വിഭാഗക്കാരെക്കുറിച്ച് പ്രത്യേക പരമാർശങ്ങൾ ഇല്ല. സ്നാപക യോഹന്നാൻ, എസ്സെൻസ് എന്ന വിഭാഗത്തിലെ അംഗമായിരുന്നു എന്നു ചില വേദ പണ്ഡിതന്മാർ കരുതുന്നു, എങ്കിലും അത് വ്യക്തമാക്കുന്ന വാക്യങ്ങൾ ഇല്ല. എന്നാൽ അദ്ദേഹം വന്നു എന്നു പറയുന്ന സ്ഥലം, ശുശ്രൂഷ ചെയ്തിരുന്ന പ്രദേശം, മനസന്തരപ്പെട്ട് സ്നാനപ്പെടേണം എന്നുള്ള ആഹ്വാനം, എന്നിവയെല്ലാം അദ്ദേഹം ഒരു എസ്സെൻസ് വിശ്വാസി ആയിരുന്നു എന്നതിന്റെ തെളിവുകൾ ആണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് എസ്സെൻസ് എന്ന വിഭാഗവുമായി വളരെ സാമ്യം ഉണ്ട്. അതിനാൽ, അദ്ദേഹം ആ സമൂഹത്തിന്റെ ഭാഗമായിരുന്നു എന്നു കരുതപ്പെടുന്നു.

 

എസ്സെൻസ് വിഭാഗത്തിന്റെ പല ആശയങ്ങളും ക്രിസ്തീയ വിശ്വാസത്തിലേക്ക് പകർന്നിട്ടുണ്ട്. മശിഹാ വരുമ്പോൾ, അപ്പവും വീഞ്ഞും കൊണ്ട് ഒരു ആചാരം സ്ഥാപിക്കും എന്നു ചാവുകടൽ ചുരുളുകളിൽ പറയുന്നുണ്ട്. രണ്ട് കൂട്ടരും, ഇപ്പോഴത്തെ ലോകത്തിന് ഒരു ശിക്ഷാവിധി ഉണ്ട് എന്നും, അന്ത്യകാലത്തിലും, അതിന് ശേഷം ഉള്ള നിത്യമായ ഒരു ലോകത്തിലും വിശ്വസിക്കുന്നു. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയാകുക എന്നത് രണ്ട് കൂട്ടരുടെയും സവിശേഷത ആണ്. കൂട്ടമായി ചേർന്നു പ്രാർത്ഥിക്കുക, സ്വയത്തെ നിഷേധിക്കുക (self-denial), ഈ ലോകത്തിലെ ജീവിതം പാപ പങ്കിലമാണ് എന്ന കാഴ്ചപ്പാട്, എന്നിവ പൊതു വിശ്വാസം ആണ്. സ്വയം തിരഞ്ഞെടുക്കുന്ന ബ്രഹ്മചര്യം രണ്ട് കൂട്ടരിലും കാണാം. ഇവർ വിവാഹ മോചനത്തെ വിലക്കിയിരുന്നു. എസ്സെൻസ് ലെ അംഗങ്ങളും ക്രിസ്തീയ വിശ്വാസികളും, വെള്ളത്തിൽ മുഴുകി സ്നാനപ്പെടുന്നത് ആചരിക്കുന്നു. എന്നാൽ എസ്സെൻസ് കാർ എല്ലാ ദിവസവും മാനസന്തരപ്പെടുകയും, വെള്ളത്തിൽ മുങ്ങി ശുദ്ധീകരണം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ക്രിസ്തീയ വിശ്വാസികൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സ്നാനപ്പെടാറുള്ളൂ.

 

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭ പിതാക്കന്മാരിൽ ഒരുവൻ ആയിരുന്ന എപ്പിഫാനിയസ്, എസ്സെൻസ് എന്ന മത വിഭാഗത്തിൽ, “ഒസ്സിയൻസ്” എന്നും “നസറീൻസ്” എന്നും വിളിക്കപ്പെട്ടിരുന്ന രണ്ടു വിഭാഗക്കാർ ഉണ്ടായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ “നസറീൻസ്” എന്ന വിഭാഗം, മോശെയെയും, അദ്ദേഹത്തിന് ദൈവത്തിൽ നിന്നും ന്യായപ്രമാണം ലഭിച്ചു എന്നതിനെയും അംഗീകരിക്കുന്നു എങ്കിലും, യഹൂദന്മാരുടെ പക്കലുള്ള ന്യായപ്രമാണം മോശെയക്ക് ലഭിച്ച യാഥാർത്ഥ പ്രമാണം അല്ല എന്നു വിശ്വസിച്ചിരുന്നു. അതിനാൽ അവർ, ന്യായപ്രമാണത്തിലെ എല്ലാ ആചാരങ്ങളും പാലിച്ചിരുന്നു എങ്കിലും, മൃഗങ്ങളെ യാഗം കഴിച്ചിരുന്നില്ല. അവർ മൃഗങ്ങളുടെ മാസം ഭക്ഷിച്ചിരുന്നതുമില്ല. 

 

എ. ഡി. 66 മുതൽ 70 വരെ നീണ്ടുനിന്ന ഒന്നാമത്തെ യഹൂദ-റോമൻ കലാപത്തോടെ എസ്സെൻസ് എന്ന വിഭാഗം അപ്രത്യക്ഷമായി എന്നു കരുതപ്പെടുന്നു. ഈ യഹൂദ കലാപത്തെ അന്ത്യയുദ്ധമായി അവർ കരുതിയിട്ടുണ്ടാകേണം. ഇതിൽ ചില എസ്സെൻസ് വിശ്വാസികൾ പങ്കെടുത്തിരുന്നു. യഹൂദ കലാപ സൈന്യത്തിന്റെ ഗലീലയിലെ നേതാവായിരുന്ന ജോൺ ഒരു എസ്സെൻസ് കാരൻ ആയിരുന്നു. നിർഭാഗ്യവശാൽ, ഈ കലാപത്തിൽ യഹൂദന്മാർ പരാജയപ്പെടുകയും, യെരൂശലേം പട്ടണവും, ദൈവാലയവും നശിപ്പിക്കപ്പെടുകയും ചെയ്തു. യുദ്ധത്തിൽ എപ്പോഴോ, എസ്സെൻസ് കാരുടെ താമസ സ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ ഇതിന് കൃത്യമായ ചരിത്ര തെളിവുകൾ ഇല്ല.

 

എരിവുകാർ

 

റോമൻ അധിനിവേശകാലത്ത് യഹൂദ്യയിൽ ജീവിച്ചിരുന്ന ഒരു അക്രമ, രാക്ഷ്ട്രീയ, കൂട്ടായ്മ ആയിരുന്നു “എരിവുകാർ”. റോമൻ സാമ്രാജ്യത്തിൽ നിന്നും യഹൂദ്യ പ്രദേശത്തെ മൊത്തമായി മോചിപ്പിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം.

 

കുറേന്യൊസ് എന്ന റോമൻ ഗവർണർ, സിറിയയിൽ വാഴുന്ന കാലത്ത് ജനങ്ങളുടെ ഒരു കണക്കെടുപ്പ് ഉണ്ടായി. അന്ന് യഹൂദ്യ സിറിയ എന്ന പ്രവിശ്യയുടെ കീഴിൽ ആയിരുന്നു. അദ്ദേഹം വസ്തുവിന് കരം ഏർപ്പെടുത്തുകയും അത് റോമൻ നാണയത്തിൽ നൽകേണം എന്നു ഉത്തരവിറക്കുകയും ചെയ്തു. ഇത് യഹൂദന്മാരുടെ പാരമ്പര്യ വിശ്വാസത്തെ ഹനിക്കുന്നത് ആയിരുന്നു. റോമൻ നാണയങ്ങളിൽ ചക്രവർത്തിയുടെ രൂപം ആലേഖനം ചെയ്തിരുന്നു. ചക്രവർത്തിയെ ദൈവമായി കരുതി റോമാക്കാർ അക്കാലത്ത് ആരാധിച്ചിരുന്നു. അതിനാൽ, യഹോവ എന്ന ഏക ദൈവത്തിൽ മാത്രം വിശ്വസിക്കുന്ന യഹൂദന്മാർക്കു, ചക്രവർത്തിയുടെ രൂപം ആലേഖനം ചെയ്യപ്പെട്ട റോമൻ നാണയങ്ങളുടെ വിനിമയം നിഷിദ്ധമായിരുന്നു. ഈ അസംതൃപ്തിയിൽ നിന്നാണ് എരിവുകാരുടെ ഉദയം. ഗലീലയിലെ യൂദാസ്, പരീശനായ സാദോക് എന്നിവരായിരുന്നു ഈ കൂട്ടായ്മയുടെ സ്ഥാപകർ. പരീശന്മാരുടെ എല്ലാ ഉപദേശങ്ങളോടും ഇവർക്ക് യോജയിപ്പായിരുന്നു. ഇവർ സ്വതന്ത്ര്യത്തെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം മാത്രമാണ് അവരുടെ കർത്താവും രാജാവും എന്നു അവർ വിശ്വസിച്ചു. റോമൻ ചക്രവർത്തിമാരെ ദൈവമായി ആരാധിക്കുന്ന രീതി റോമാക്കാർ യഹൂദ്യയിലും ആരംഭിച്ചപ്പോൾ, എരിവുകാർ അതിനെതിരെ കലാപം ഉണ്ടാക്കി.

 

ഒന്നാമത്തെ വലിയ യഹൂദ കലാപം ആരംഭിച്ചത് എ. ഡി. 66 ൽ ആണ്. കലാപത്തിന്റെ തുടക്കത്തിൽ എരിവുകാർ യെരൂശലേം പട്ടണത്തെ പിടിച്ചെടുത്തു എങ്കിലും എ. ഡി. 70 ൽ അവർ റോമൻ സൈന്യത്തോട് പരാജയപ്പെട്ടു. റോമൻ സൈന്യം യെരൂശലേം പട്ടണവും, ദൈവാലയവും നശിപ്പിച്ചു. കലാപത്തിൽ ജീവനോടെ ശേഷിച്ച എരിവുകാർ മസദ കോട്ടയിൽ അഭയം തേടി. എന്നാല്‍ എ. ഡി. 73 ൽ റോമന്‍ സൈന്യം മസദ കോട്ടയേയും പിടിച്ചെടുത്തു. കോട്ടയ്ക്ക് അകത്തു കയറിയ റോമന്‍ സൈന്യം കണ്ടത്, സ്വയം മരിച്ചു കിടക്കുന്ന കലാപകാരികളെ ആണ്. റോമാക്കാരാല്‍ പിടിക്കപ്പെടുന്നതിനെക്കാള്‍ മരിക്കുന്നതാണ് ഏറെ നല്ലത് എന്നു അവര്‍ കരുതി. അവര്‍ പരസ്പരം കൊല്ലുകയും കോട്ടയ്ക്ക് തീവയ്ക്കുകയും ചെയ്തു. അവരുടെ രക്ഷസാക്ഷിത്വം യഹൂദ ജനത്തിന്റെ പാപങ്ങൾക്ക് പരിഹാരം ആകും എന്നു അവർ വിശ്വസിച്ചിരുന്നു.

 

യഹൂദ്യയിൽ ഉള്ള റോമൻ താവളങ്ങളെ അഗ്നിക്ക് ഇരയാക്കിയത്തിന് ശേഷം, ഗലീലയിലേക്ക് ഓടിപ്പോയി ഒളിവിൽ താമസിക്കുക ഇവരുടെ രീതി ആയിരുന്നു. ഇവരിൽ ആരംഭത്തിലെ നേതാക്കന്മാരെ റോമാക്കാർ പിടിച്ചു കൊന്നു, എങ്കിലും അവർ തുടർന്നും രഹസ്യമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതിനെക്കുറിച്ചായിരിക്കാം അപ്പൊസ്തല പ്രവൃത്തികൾ 5:37 ൽ പറയുന്നത്. ഈ വാക്യം അനുസരിച്ചു, എരിവുകാരുടെ സ്ഥാപകരിൽ ഒരാൾ ആയിരുന്ന ഗലീലയിലെ യൂദായെ റോമാക്കാർ കൊന്നു.

 

അവരുടെ ഹിംസാത്മകമായ പ്രവർത്തനങ്ങൾ കാരണം, ലോകത്തിലെ ആദ്യത്തെ ഭീകരവാദികൾ, എരിവുകാർ ആയിരുന്നു എന്നു അഭിപ്രായപ്പെടുന്നവർ ഉണ്ട്. എന്നാൽ എല്ലാ എരിവുകാരും ഭയങ്കര അക്രമകാരികൾ ആയിരുന്നില്ല.

 

യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ എരിവുകരനായ ശിമോൻ ആയിരുന്നു. ഈസ്കായ്യോർത്ത് യൂദായും ഒരു എരിവുകാരൻ ആയിരുന്നു എന്നു കരുതപ്പെടുന്നു.  

 

യേശുക്രിസ്തുവിന്റെ വിചാരണ വേളയിൽ സ്വതന്ത്രൻ ആക്കപ്പെട്ട ബറബ്ബാസും ഒരു എരിവുകരൻ ആയിരുന്നു എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്.

 

യഹൂദ ജനത്തെ, ശത്രുക്കളുടെ അധിനിവേശത്തിൽ നിന്നും വിടുവിക്കുന്ന ഒരു മശിഹായിൽ അവർ വിശ്വസിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ആയിരുന്ന ശിമോൻ, ഈസ്കായ്യോർത്ത് യൂദാ, എന്നിവർക്ക് ഇത്തരമൊരു പ്രതീക്ഷ യേശുവിനെക്കുറിച്ച് ഉണ്ടായിരുന്നുകാണും. 

 

യേശുക്രിസ്തു ഭൌതീക രാജാക്കന്മാരെ അംഗീകരിക്കുവാനും അവർക്കു ന്യായമായ കരം അടയ്ക്കുവാനുമാണ് ഉപദേശിച്ചതു. കൈസര്യരുടെ രൂപം ആലേഖനം ചെയ്ത ഒരു നാണയത്തെ കാണിച്ചുകൊണ്ടാണ് യേശു അത് പറഞ്ഞത്. യേശുവിന്റെ ഈ ഉപദേശം എരിവുകാരുടെ കാഴ്ചപ്പാടിന് നേരെ വിപരീതം ആയിരുന്നു. അവർ പ്രതീക്ഷിക്കുന്ന മശിഹാ യേശുക്രിസ്തു അല്ല എന്നു അവർക്ക് ഇതിനാൽ തീർച്ചയായി.

 

എ. ഡി. 70 ലെ കലാപത്തിന്റെ പരാജയത്തോടെ എരിവുകാർ യഹൂദ സമൂഹത്തിൽ നിന്നും അപ്രത്യക്ഷർ ആയി.

 

സിക്കാരി (സിക്കെരിഐ)

 

“എരിവുകാർ” എന്ന യഹൂദ രാക്ഷ്ട്രീയ കൂട്ടായ്മയിലെ അതി തീവ്ര വിഭാഗത്തെയാണ് “സിക്കാരി” എന്നു വിളിക്കുന്നത്. ഈ വാക്ക് ലാറ്റിൻ ഭാഷയിൽ “സിക്കാരി” എന്നും ഇംഗ്ലീഷിൽ “സിക്കെരിഐ” എന്നുമാണ് ഉച്ചരിക്കുന്നത്. ഇവിടെ തുടർന്നു ലാറ്റിൻ ഉച്ചാരണം ഉപയോഗിക്കുക ആണ്. ഇവർ എ. ഡി. ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു വിഭാഗം ആണ്.

 

സീക്കാ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു കത്തി (ചെറിയ വാൾ) അവർ എപ്പോഴും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കും. ഈ വാക്കിൽ നിന്നുമാണ് “സിക്കാരി” എന്ന പദം ഉണ്ടായത്. റോമൻ സാമ്രാജ്യത്തെ ഏത് വിധേനയും യഹൂദ്യ ദേശത്ത് നിന്നും തുരത്തുക, റോമൻ സാമ്രാജ്യത്തെ അനുകൂലിക്കുന്നവരെ ഇല്ലാതാക്കുക എന്നിവ ആയിരുന്നു അവരുടെ ലക്ഷ്യം. ശത്രുക്കളായി കരുതിയിരുന്നവരെ അവർ വസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കത്തികൊണ്ട് പിന്നിൽ നിന്നു ആക്രമിക്കും. ആക്രമണത്തിന് ശേഷം വിദഗ്ദ്ധമായി ജനകൂട്ടത്തിന്റെ ഇടയിൽ ഒളിക്കുകയും, അങ്ങനെ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

 

സിക്കാരികൾ ആദ്യം സമൂഹത്തിൽ പ്രത്യക്ഷമാകുന്നത് എ. ഡി. 57 ൽ റോമൻ ഗവർണർ ഫെലിക്സ് ന്റെ കാലത്താണ്. അവരുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട അക്രമം, മഹാപുരോഹിതൻ ആയിരുന്ന ജോനാഥൻ നെ കൊന്നതാണ്. റോമാക്കാരും, യഹൂദരും ആയിട്ടുള്ള സമൂഹത്തിലെ പ്രമുഖരെ തട്ടികൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുക, അവരുടെ മോചനത്തിന് പകരമായി തടവിലുള്ള സിക്കാരികളുടെ സ്വാതന്ത്ര്യം ആവശ്യപ്പെടുക എന്നിവ അവരുടെ പ്രവർത്തനങ്ങൾ ആയിരുന്നു. റോമൻ സൈന്യ വ്യൂഹത്തെയും, റോമൻ സാമ്രാജ്യത്തിന് വേണ്ടി കരം പിരിക്കുന്നവരെയും അവർ ആക്രമിച്ചു. കരം പിരിവുകാരിൽ യഹൂദന്മാരും ഉണ്ടായിരുന്നു. ഇവരെ തട്ടികൊണ്ട് പോയി കൊല്ലുകയും പതിവായിരുന്നു.

 

ഇവർ പ്രധാനമായും ഗലീലയിൽ ആണ് താമസിച്ചിരുന്നത്. എരിവുകാരിൽ ഭൂരിപക്ഷവും യെരൂശലേമിൽ ആണ് ശ്രദ്ധ കൊടുത്തിരുന്നത്. രണ്ട് കൂട്ടരും അന്നത്തെ പുരോഹിതന്മാരുടെ രീതികളെ എതിർത്തിരുന്നു. സിക്കാരികൾ ആരെയും രാജാവായി പ്രഖ്യാപിക്കാറില്ലായിരുന്നു.

 

എ. ഡി. 66 ൽ ആരംഭിച്ച, റോമൻ സാമ്രാജ്യത്തിന് എതിരായ, ഒന്നാമത്തെ യഹൂദ കലാപത്തിൽ ഇവർ സജീവമായി പങ്കെടുത്തിരുന്നു. കലാപത്തിന്റെ ആദ്യ നാളുകളിൽ, യെരൂശലേം പട്ടണത്തിന്റെയും, ദൈവാലയത്തിന്റെയും നിയന്ത്രണം എരിവുകാരും, സിക്കാരികളും ചേർന്ന് കൈക്കലാക്കി. എന്നാൽ ഇവരുടെ നിയന്ത്രണം ജനങ്ങൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും, അവർക്കെതിരായ എല്ലാ യഹൂദന്മാരുടെയും എതിർപ്പുകളെ, അക്രമത്തിലൂടെ അവർ നിശബ്ദമാക്കി. അവർ യെരൂശലേമിൽ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. ജനത്തെ റോമൻ സാമ്രാജ്യത്തിന് എതിരെ തിരിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അവർ പട്ടണത്തിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തെ തകർത്തു. ജനങ്ങൾ പട്ടിണി മൂലം റോമാക്കാരോട് ശത്രുക്കളായി, കലാപം ഉണ്ടാക്കേണം എന്നതായിരുന്നു ലക്ഷ്യം. റോമൻ സാമ്രാജ്യവുമായി യാതൊരു സന്ധിസംഭാഷണത്തിനും സിക്കാരികൾ തയ്യാറായിരുന്നില്ല. മെനാഹെം ബെൻ യെഹൂദ, എലിയാസർ ബെൻ യാഇർ എന്നിവർ അക്കാലത്ത് അവരുടെ നേതാക്കന്മാർ ആയിരുന്നു. അവർ റോമൻ സൈന്യത്തിനെതിരെ പല യുദ്ധങ്ങളും ചെയ്തു. മെനാഹെം ഒരു ചെറിയ കൂട്ടം സിക്കാരികളുമായി മസദ കോട്ടയിൽ ഉണ്ടായിരുന്ന റോമൻ സൈന്യത്തിലെ 700 പേരെ കൊന്നു, ആ കോട്ട അവരുടെ താവളം ആക്കി. അഗ്രിപ്പ രണ്ടാമന്റെ സൈന്യത്തെ തോൽപ്പിച്ചു, അന്റോണിയാ എന്ന മറ്റൊരു കോട്ടയും അവർ കൈവശം ആക്കി. ഈ അവസരത്തിൽ, സിക്കാരികൾ, ഏൻ-ഗെദി എന്ന സ്ഥലത്തുവച്ച് 700 യഹൂദ സ്ത്രീകളെയും കുട്ടികളെയും കൊന്നുകളഞ്ഞു എന്നു ചരിത്രകാരനായ ജൊസേഫെസ് പറയുന്നു. കലാപത്തിനിടയിൽ, ചില അഭിപ്രായ വ്യത്യാസം കാരണം, സിക്കാരി വിഭാഗത്തിലെ തന്നെ മറ്റൊരു കൂട്ടർ മെനാഹെം നെ കൊല്ലുക ആയിരുന്നു എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്.

 

എ. ഡി. 70 ൽ യഹൂദ കലാപത്തെ റോമൻ സൈന്യം പരാജയപ്പെടുത്തിയപ്പോൾ, എലിയാസർ ബെൻ യാഇർ, അദ്ദേഹത്തിന്റെ അനുയായികളുമായി മസദ കോട്ടയിൽ അഭയം പ്രാപിച്ചു. എ. ഡി. 73 വരെ അവർ റോമൻ സൈന്യത്തോട് പൊരുതി നിന്നു, എങ്കിലും അന്ത്യത്തിൽ റോമാക്കാർ കോട്ട പടിച്ചെടുത്തു. കോട്ടയിൽ പ്രവേശിച്ച റോമൻ സൈന്യം, യഹൂദ കലാപകാരികൾ സ്വയം മരിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ സിക്കാരികൾ അപ്രത്യക്ഷമായി എന്നു കരുതപ്പെടുന്നു. എന്നാൽ അവർ ചെറിയ കൂട്ടങ്ങൾ ആയി മറ്റ് രാജ്യങ്ങളിലേക്ക് ചിതറിപ്പോയി എന്നും കരുതുന്ന ചരിത്രകാരന്മാർ ഉണ്ട്. എങ്കിലും, അവരുടെ പ്രവർത്തങ്ങൾ പിന്നീട് ഉണ്ടായില്ല. 

 

അപ്പൊസ്തല പ്രവൃത്തികൾ 21:38 ൽ അപ്പൊസ്തലനായ പൌലൊസിനെ ഒരു സിക്കാരി ആയി കുറ്റം ആരോപിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

 

1989 ൽ സിക്കാരികൾ പേരിലും, അവരുടെ പിൻഗാമികൾ ആണ് എന്നു അവകാശപ്പെട്ടുകൊണ്ടും ഒരു കൂട്ടർ യിസ്രായേലിൽ ഉണ്ടായി. അവർ പലസ്തീനിൽ ചില ഭീകര ആക്രമണം നടത്തുകയും ചില യഹൂദ രാക്ഷ്ട്രീയ നേതാക്കന്മാരെയും, മാധ്യമ പ്രവർത്തകരെയും കൊല്ലുകയും ചെയ്തു. പിന്നീട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവർത്തനവും ഉണ്ടായിട്ടില്ല. അതിനാൽ ഇപ്പോൾ. യേശു ക്രിസ്തുവിന്റെ കാലത്ത് ഉണ്ടായിരുന്ന സിക്കാരികൾ ഇല്ല എന്നു പറയാം.

 




 

No comments:

Post a Comment