സംയുക്ത പദവി (Federal headship)

മനുഷ്യരാശിയുടെ എക്കാലത്തെയും മുഖ്യ പ്രശ്നം, മനുഷ്യർ വ്യക്തിപരമായി ച്ചെയ്യുന്ന പാപ പ്രവർത്തികൾ അല്ല, അവനിൽ അടങ്ങിയിരിക്കുന്ന പാപ സ്വഭാവം ആണ്. വ്യക്തിപരമായ കുറ്റകൃത്യങ്ങളെ ശിക്ഷയകൊണ്ടും ഉപദേശങ്ങൾ കൊണ്ടും നിയന്ത്രിക്കുവാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്റെ ഉള്ളിലുള്ള പാപ സ്വഭാവത്തെ മാറ്റുവാൻ യാതൊരു മാർഗ്ഗവും മനുഷ്യരുടെ പക്കൽ ഇല്ല. കാരണം വ്യക്തിപരമായ പാപ പ്രവർത്തികൾ, അവന്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പാപ പ്രകൃതിയുടെ ബാഹ്യമായ ഫലമാണ്.

 

സംയുക്ത പദവി, ഫെഡറൽ ഹെഡ്ഷിപ്പ്, ഫെഡറലിസം എന്നീ വാക്കുകളിൽ അറിയപ്പെടുന്ന ദൈവ ശാസ്ത്ര പഠന ശാഖ, മനുഷ്യന്റെ പാപ പ്രകൃതിയെ ആദാമിന്റെ പാപത്തോടു ബന്ധിപ്പിച്ചു, ഈ വിഷയത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു.

 

സംയുക്ത പദവി അഥവാ ഫെഡറലിസം എന്നത്, ഒരു ഉടമ്പടിയാൽ സംയുക്തമായി ചേർന്ന ഒരു കൂട്ടം വ്യക്തികളെ, ഒരുവൻ പ്രതിനിധീകരിക്കുന്നതാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് ആയിരിക്കുന്ന പ്രസിഡന്റ്, ആ രാജ്യത്തിലെ എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്നു. അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ആ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്.

 


ഒരു രാജ്യത്തിന്റെ സംയുക്ത ശിരസ്സ് മറ്റൊരു രാജ്യവുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തിന്റെ രാജ്യത്തിലെ എല്ലാ ജനങ്ങളും ആണ് ആ ഉടമ്പടിയിൽ ഏർപ്പെടുന്നത്. ഈ ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും, രാജ്യത്തിലെ എല്ലാ മനുഷ്യർക്കും ബാധകമാണ്. ഒരു പക്ഷെ, ഇപ്രകാരം ഒരു ഉടമ്പടിയിൽ സംയുക്ത പദവിയിൽ ഇരിക്കുന്ന വ്യക്തി ഏർപ്പെടുന്നു എന്നോ, അതിലെ വ്യവസ്ഥകളോ, എല്ലാ ജനങ്ങളും അറിയേണം എന്നില്ല.    

 

സംയുക്ത പദവി അഥവാ ഫെഡറലിസം ഒരു വ്യാഖ്യാന സങ്കേതമാണ്. അത് അങ്ങനെതന്നെ ഒരു ദൈവശാസത്രം അല്ല. സംയുക്ത പദവി എന്നോ, ഫെഡറലിസം എന്നോ ഉള്ള വാക്കുകൾ വേദപുസ്തകത്തിൽ ഇല്ല. എന്നാൽ ഈ പദങ്ങൾ വിനിമയം ചെയ്യുന്ന ആശയം വേദപുസ്തകത്തിൽ എല്ലായിടത്തും കാണാം. എബ്രായർ 7:9, 10 വാക്യങ്ങൾ ഇതിനൊരു ഉദാഹരണം ആണ്.

 

എബ്രായർ 7:9, 10

9    ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.

10   അവന്റെ പിതാവിനെ മൽക്കീസേദെൿ എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.

 

ലേവി അബ്രാഹാമിന്റെ സന്തതി പരമ്പരയിൽ പെട്ട ഒരുവൻ ആണ്. എന്നാൽ അവൻ അബ്രാഹാമിന് ജനിച്ച മകൻ അല്ല. അബ്രാഹാം മൽക്കീസേദെക്ക് ന് ദശാംശം കൊടുത്തപ്പോൾ, ലേവി ജനിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ എബ്രായർ 7:9 പറയുന്നത് അബ്രാഹാം മുഖാന്തിരം ലേവിയും മൽക്കീസേദെക്ക് ന് ദശാംശം കൊടുത്തിരുന്നു എന്നാണ്. അതായത്, അബ്രാഹാം, അവന് പിന്നീട് പരമ്പരയായി ജനിക്കുവാനിരുന്ന എല്ലാ സന്തതികളെയും പ്രതിനിധീകരിച്ചുകൊണ്ടാണ് മൽക്കീസേദെക്ക് ന് ദശാംശം കൊടുത്തത്. അതിനാൽ ലേവി മാത്രമല്ല, അബ്രാഹാമിന്റെ ജഡപ്രകാരവും, ആത്മീയവും ആയ എല്ലാ സന്തതികളും മൽക്കീസേദെക്ക് ന് ദശാംശം കൊടുത്തു. 

 

ഇതേ ചിന്ത അനുസരിച്ച്, ആദാം എല്ലാ മനുഷ്യരുടെയും സംയുക്ത ശിരസ്സും പ്രതിനിധിയും ആണ്. ആദാമിനെ ദൈവം സൃഷ്ടിച്ചപ്പോൾ, അവനിൽ എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടു. ആദാം ഏദൻ തോട്ടത്തിൽ ആയിരുന്നപ്പോൾ, അവനിൽ, സകല മനുഷ്യരും തോട്ടത്തിൽ ആയിരുന്നു. ആദാം ദൈവത്തിന്റെ കല്പ്പന ലംഘിച്ചുകൊണ്ട് പാപം ചെയ്തപ്പോൾ, അവനിൽ മനുഷ്യ വംശം മുഴുവനും പാപം ചെയ്തു. ആദാം ചെയ്തതെല്ലാം അവനിൽ ജനിക്കുവാനിരിക്കുന്ന സകല മനുഷ്യർക്കും വേണ്ടി കൂടെ ആയിരുന്നു.

 

സംയുക്ത പദവി എന്ന ആശയം, ഉടമ്പടികളുടെ അടിസ്ഥാനത്തിലുള്ള, ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കും. ദൈവം, ആദാം മുതൽ ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തിൽ, വിവിധ ഉടമ്പടികളിലൂടെയാണ് മനുഷ്യ വംശവുമായുള്ള ബന്ധത്തെ ഉറപ്പിച്ചിട്ടുള്ളത്. സംയുക്ത പദവി എന്ന ആശയം, യേശു ക്രിസ്തു എന്ന ഒരുവന്റെ പാപ പരിഹാര യാഗം, അവനിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയും പാപത്തിന് എങ്ങനെ പരിഹാരമായി എന്നും എങ്ങനെയാണ് നമ്മൾ ക്രിസ്തുവിലൂടെ നീതീകരിക്കപ്പെട്ടിരിക്കുന്നത് എന്നും മനസ്സിലാക്കുവാൻ സഹായിക്കും.

 

സംയുക്ത പദവിയും മൌലീകതയും

Federalism and Seminalism

 

ദൈവശാസ്ത്രത്തിൽ, സംയുക്ത പദവി, മൌലീകത, അല്ലെങ്കിൽ ഫെഡറലിസം, സെമിനലിസം എന്നീ പദങ്ങൾ ആദ്യപാപത്തെയും, ആദാമിന്റെ പാപം എങ്ങനെയാണ് മുഴുവൻ മനുഷ്യ വംശത്തിന്റെയും മേൽ വന്നത് എന്നും വിശദീകരിക്കുന്ന രണ്ടു ചിന്താധാര ആണ്. ഈ രണ്ടു പദങ്ങളും വേദപുസ്തകത്തിൽ കാണപ്പെടുത്തില്ല. വേദപുസ്തകം പറയുന്ന ഒരു ആശയത്തെ പരിചയപ്പെടുത്തുവാനാണ് ഈ വാക്കുകൾ ഉപയോഗിക്കുന്നത്.

 

ഈ രണ്ടു ചിന്തകളും, എല്ലാ മനുഷ്യരുടെയും ആത്മാക്കൾ സൃഷ്ടിപ്പിന്റെ ആദ്യ നാൾ മുതലോ അതിന് മുമ്പോ ഉണ്ടായിരുന്നു എന്നു പഠിപ്പിക്കുന്നില്ല. അതായത് സകല മനുഷ്യരുടെയും ആത്മാക്കൾ ആദാമിൽ ഉണ്ടായിരുന്നു എന്നു ഈ ചിന്താധാരകൾ പഠിപ്പിക്കുന്നില്ല.

 

ദൈവം ആദാമിനെ സകല മനുഷ്യ വംശത്തിന്റെയും സംയുക്ത ശിരസ്സായി കാണുന്നു എന്നാണ് സംയുക്ത പദവി അഥവാ ഫെഡറലിസം പഠിപ്പിക്കുന്നത്. അതിനാൽ ആദാമിന്റെ അനുസരണവും അനുസരണക്കേടും അവന്റെ സന്തതി പരമ്പരകളുടെമേൽ കണക്കിടപ്പെടുന്നു.

 

മൌലീകത, സെമിനലിസം, പ്രകൃത്യാ ഉള്ള പദവി, എന്നീ വാക്കുകളിൽ അറിയപ്പെടുന്ന ചിന്താധാര വാദിക്കുന്നത് മറ്റൊന്നാണ്. ആദാമിന്റെ സംയുക്ത പദവി എന്നതിനോട് അവർ യോജിക്കുന്നില്ല. സകല മനുഷ്യവംശവും ആദാമിൽ ഉണ്ടായിരുന്നു എന്നും, അതിനാൽ ആദാം പാപം ചെയ്തപ്പോൾ സകല മനുഷ്യരും പാപം ചെയ്തു എന്നും ആണ് സെമിനലിസം വാദിക്കുന്നത്.

 

സെമിനലിസം പഠിപ്പിക്കുന്നത് ഇതെല്ലാം ആണ്: സകല മനുഷ്യരും ആദാമിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ, സകലരുടെയും ആത്മാക്കൾ അവനിൽ ഉണ്ടായിരുന്നു എന്നല്ല. മനുഷ്യവർഗ്ഗം മുഴുവൻ വ്യക്തിപരമായി ആദാമിൽ ഉണ്ടായിരുന്നില്ല, അവന്റെ സാരാംശത്തിൽ വേർതിരിക്കാത്ത അവസ്ഥയിൽ മനുഷ്യവംശം മുഴുവൻ ഉണ്ടായിരുന്നു. അതിനാൽ ആദാമിന്റെ പാപം അവന്റെ വ്യക്തിപരവും അതേ സമയം അത് മനുഷ്യവംശത്തിന്റെയും ആണ്. ആദാം പാപം ചെയ്തപ്പോൾ, സകല മനുഷ്യവംശവും പാപം ചെയ്തു. അങ്ങനെ സാർവ്വലൌകീകമായി മനുഷ്യവർഗ്ഗം മുഴുവൻ പാപത്താൽ സമ്പൂർണ്ണമായി മലിനമായി. ആദാമിൽ നിന്നും ജനിച്ച ഓരോ വ്യക്തികളും പാപികളും, കുറ്റക്കാരും, സമ്പൂർണ്ണമായി മലീനമായവരും ആയിതീർന്നു.

 

ആദാം, അവന്റെ സന്തതി പരമ്പരകളെക്കാൾ, ദൈവത്തെ അനുസരിക്കുവാൻ അനുയോജ്യമായ അവസ്ഥയിൽ ആയിരുന്നു. അവന്റെ സന്തതികൾ ആർക്കും അവനെക്കാൾ മെച്ചമായ ഒരു തീരുമാനവും എടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഭാവിയിലും ഏതെങ്കിലും മനുഷ്യൻ ആദാമിനെക്കാൾ നല്ല ഒരു തിരഞ്ഞെടുപ്പ് നടത്തും എന്ന പ്രതീക്ഷയും ഇല്ല.           

 

സകല മനുഷ്യ വംശവും ജനിതകമായി ആദാമിൽ ഉണ്ടായിരുന്നു എന്നാണ് മൌലീകത അഥവാ സെമിനലിസം പഠിപ്പിക്കുന്നത്. പാപം മൂലം ആദാമിന് സംഭവിച്ച മലിനത സകല മനുഷ്യ വർഗ്ഗത്തിൻ മേലും പകർന്നു. എന്നാൽ ആദാമിന്റെ അകൃത്യം അല്ലെങ്കിൽ കുറ്റം അവന്റെ സന്തതി പരമ്പരകളിലേക്ക് പകരപ്പെടുകയോ, അത് അവരുടെമേൽ കണക്കാക്കപ്പെടുകയോ ചെയ്യുന്നില്ല. അവന്റെ സന്തതികൾ, അവരുടെ ഉള്ളിൽ ഉള്ള മലിനത കാരണം പാപം ചെയ്യുന്നു. അങ്ങനെ ആദാമിന്റെ സന്തതി പരമ്പരകൾ, ആദാമിന്റെ പാപത്തിന്റെ കുറ്റം വഹിക്കുന്നില്ല, അവരവരുടെ പാപത്തിന്റെ കുറ്റം മാത്രമേ വഹിക്കുന്നുള്ളൂ.

 

റോമർ 5:12 ഒരുവന്റെ പാപം സകല മനുഷ്യരുടെ മേലും ഗണിക്കപ്പെടും എന്നു പറയുന്നില്ല എന്നാണ് സെമിനലിസം വാദിക്കുന്നത്. ഈ വാക്യം സകലരും ആദാമിൽ പാപം ചെയ്തു എന്നു മാത്രമേ പറയുന്നുള്ളൂ. വാക്യം ഇങ്ങനെയാണ്:

 

റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

 

ഇതേ വാദത്തിനായി സെമിനലിസത്തിൽ വിശ്വസിക്കുവരും എബ്രായർ 7:9, 10 വാക്യങ്ങൾ ഉദ്ധരിക്കുന്നു.

 

 എബ്രായർ 7:9, 10

9    ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.

10   അവന്റെ പിതാവിനെ മൽക്കീസേദെൿ എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.   

 

എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ പറയുന്നത് ഇതാണ്: അബ്രാഹാം മൽക്കീസേദെൿ ന് ദശാംശം കൊടുത്തപ്പോൾ, ലേവിയും ദശാംശം കൊടുത്തു. കാരണം അബ്രഹാമിൽ ജനിതകമായി ലേവിയും ഉണ്ടായിരുന്നു.

 

അതായത് സംയുക്ത പദവി അഥവാ ഫെഡറലിസവും സെമിനലിസവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: ഫെഡറലിസത്തിൽ ആദാം സകല മനുഷ്യരുടെയും സംയുക്തമായ ശിരസ്സാണ്. ഈ രീതിയിൽ ആദാം മനുഷ്യരാശിയെ മുഴുവൻ പ്രതിനിധീകരിക്കുന്നു. അതിനാൽ ആദാമിന്റെ പാപം സകല മനുഷ്യരുടെമേലും ഗണിക്കപ്പെട്ടു. എന്നാൽ സെമിനലിസം പഠിപ്പിക്കുന്നത്, ആദാമിൽ ജനിതകമായി സകല മനുഷ്യരും ഉണ്ടായിരുന്നു എന്നതിനാൽ അവൻ പാപം ചെയ്തപ്പോൾ സകല മനുഷ്യരും പാപം ചെയ്തു. ദൈവം ആരുടെയും പാപം മറ്റൊരുവന്റെ മേൽ ഗണിക്കുന്നില്ല.

 

വേദപണ്ഡിതന്മാർക്കിടയിൽ ഒരു കൂട്ടർ ഈ രണ്ടു ചിന്താധാരയും ശരിയാണ് എന്നു കരുതുന്നു. എന്നാൽ മറ്റൊരു കൂട്ടർ സെമിനലിസം മാത്രമേ ശരിയായത് ഉള്ളൂ എന്നും വാദിക്കുന്നു.  

 

പാപ സ്വഭാവം

 

നമ്മൾ ജഡപ്രകാരം ജീവനുള്ളവരും ആത്മീയമായി മരിച്ചവരും ആയിട്ടാണ് ജനിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു  നിക്കോദേമൊസിനോട് “ പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു പറയുന്നത് (യോഹന്നാൻ 3:3). ജഡപ്രകാരമുള്ള ജനനം നമുക്ക് പാപ സ്വഭാവമുള്ള ഒരു ശരീരത്തെ നല്കുന്നു. ആത്മീയമായ വീണ്ടും ജനനം നമുക്ക് “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ” നല്കുന്നു (എഫെസ്യർ 4:24).

 

എന്നാൽ നമ്മൾ എല്ലാവരും പ്രകൃത്യയാലും, പ്രവർത്തികളാലും പാപികൾ ആണ് (sinners by nature and deed). നമ്മൾ രണ്ടു വിധത്തിൽ പാപികൾ ആണ്: ആദാമിന്റെ തിരഞ്ഞെടുപ്പിനാൽ നമ്മൾ പാപികൾ ആയതിനാൽ നമ്മൾ പാപം ചെയ്യുന്നു; നമ്മളുടെ തിരഞ്ഞെടുപ്പിനാൽ നമ്മൾ പാപം ചെയ്യുന്നതിനാൽ നമ്മൾ പാപികൾ ആകുന്നു. റോമർ 3:23 പറയുന്നു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”. നമ്മൾ പാപം ചെയ്യുവാൻ സാധ്യതയുള്ളവർ അല്ല, പാപം ചെയ്തുകൊണ്ട് ജീവിക്കുന്നവർ ആണ്.

 

യാക്കോബ് 1:14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.    

 

ഗണിക്കപ്പെടുക (കണക്കാക്കപ്പെടുക)

 

ഒരു പ്രതിനിധിയും, അവൻ പ്രതിനിധാനം ചെയ്യപ്പെടുന്ന ജനതയും തമ്മിലുള്ള വിനിമയത്തെയാണ് ദൈവ ശാസ്ത്രത്തിൽ ഗണിക്കപ്പെടുക അല്ലെങ്കിൽ കണക്കാക്കപ്പെടുക എന്നു പറയുന്നത് (Imputation). ആദാമിന്റെ പാപം അവൻ പ്രതിനിധീകരിക്കുന്നതും അവനിൽ ജനിതകമായി അടങ്ങിയിരുന്നതും ആയ സകല മനുഷ്യരുടെ മേലും ഗണിക്കപ്പെടുന്നു. ആദാം പാപത്താൽ സമ്പൂർണ്ണമായി മലിനമായപ്പോൾ, അവൻ മരണത്തിന് വിധിക്കപ്പെട്ടു. അവനിൽ സകല മനുഷ്യരും മലിനമാകുകയും മരണത്തിന് വിധിക്കപ്പെടുകയും ചെയ്തു.

 

ഇതേ രീതിയിൽ, യേശുക്രിസ്തുവിന്റെ നീതി, അവൻ പ്രതിനിധാനം ചെയ്യുന്ന, അവനിൽ വിശ്വസിക്കുന്ന എല്ലാവരുടെമേലും ഗണിക്കപ്പെടുന്നു. ഈ വിനിമയത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർ, ക്രിസ്തുവിൽ ഉള്ളവരായി, നീതീകരിക്കപ്പെടുന്നു. അവർ ചെയ്തതോ, ചെയ്തുകൊണ്ടിരിക്കുന്നതോ, ഭാവിയിൽ ചെയ്യുന്നതോ ആയ എന്തെങ്കിലും പ്രവർത്തിയാൽ അല്ല അവർ നീതീകരിക്കപ്പെടുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണത്തോളം ഉള്ള അനുസരണത്താൽ ആണ് അവർ നീതീകരിക്കപ്പെടുന്നത്. ദൈവം യേശുക്രിസ്തുവിന്റെ അനുസരണത്തെയും നീതീകരണത്തെയും അവനിൽ വിശ്വസിക്കുന്നവരിൽ കണക്കിടുന്നു. അവർ നീതീകരണം വിശ്വാസത്താൽ മാത്രം പ്രാപിക്കുന്നു.    

 

എന്താണ് സംയുക്ത പദവി അഥവാ ഫെഡറൽ ഹെഡ്ഷിപ്പ്

 

ഒരുവന്റെ പ്രവർത്തിയാൽ ഉള്ള പാപം മറ്റൊരുവന്റെമേൽ കണക്കാക്കുന്ന രീതി വിശദീകരിക്കുവാനാണ് സംയുക്ത പദവി അഥവാ ഫെഡറൽ ഹെഡ്ഷിപ്പ് എന്ന വ്യാഖ്യാന സങ്കേതം ഉപയോഗിക്കുന്നത്. ആദാമിന്റെ പാപം എങ്ങനെയാണ് സകല മനുഷ്യരുടെമേലും ഗണിക്കപ്പെടുന്നത് എന്നാണ് ഈ ചിന്താധാര വിശദീകരിക്കുന്നത്. അതേപോലെ തന്നെ യേശുക്രിസ്തുവിന്റെ നീതി, അവനിൽ വിശ്വസിക്കുന്നവരുടമേൽ എങ്ങനെയാണ് കണക്കാക്കപ്പെടുന്നത് എന്നും ഇത് വിശദീകരിക്കുന്നു.

 

ഉടമ്പടി എന്ന ആശയത്തിൽ നിന്നും ആണ് സംയുക്ത പദവി എന്ന ചിന്ത ഉടലെടുത്തത്. ദൈവം മനുഷ്യരുമായി ഉടമ്പടികളിലൂടെ ഇടപെടുന്നു. ആദാം, ദൈവവുമായി ഒരു ഉടമ്പടിയിൽ ആയിരുന്നു. ഈ ഉടമ്പടിയെ ലംഘിച്ചു എന്നതാണ് ആദാമിന്റെ പാപം. ഉടമ്പടി എന്ന വാക്ക് ഉൽപ്പത്തി 6 ആം അദ്ധ്യായത്തിൽ ആണ് ആദ്യമായി വേദപുസ്തകത്തിൽ കാണുന്നത്. എങ്കിലും ഒരു ഉടമ്പടിയുടെ എല്ലാ ലക്ഷണങ്ങളും ആദാമിനോടുള്ള ദൈവീക കൽപ്പനയിൽ ഉണ്ടായിരുന്നു. (ഉൽപ്പത്തി 1:28-30, 2:15-17; 3:22).

 

ആദാമിനോടുള്ള ദൈവീക കല്പ്പനയിൽ നമ്മൾ കാണുന്ന ഉടമ്പടിയുടെ ലക്ഷണങ്ങൾ ഇതെല്ലാം ആണ്:

 

1.       ഏദൻ തോട്ടത്തിൽ രണ്ടു കൂട്ടരെ നമ്മൾ കാണുന്നു – ദൈവവും മനുഷ്യനും.

2.     നിത്യജീവൻ എന്ന, നിയപ്രകാരം സാധുതയുള്ള ഒരു വാഗ്ദത്തം ദൈവം നല്കുന്നു.

3.     സമ്പൂർണ്ണ അനുസരണം എന്ന വ്യവസ്ഥ ദൈവം മുന്നോട്ട് വയ്ക്കുന്നു.

4.     ഉടമ്പടി ലംഘനം ഉണ്ടായാൽ ശാരീരികവും ആത്മീയവും ആയ മരണം എന്ന ശിക്ഷ അതിൽ ഉണ്ടായിരുന്നു.

 

ഉടമ്പടി ബന്ധം ജനങ്ങളെ ഒരുമിച്ച് ചേർക്കുന്നു. ഓരോ ഉടമ്പടിക്കും ഒരു കൂട്ടം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സംയുക്ത ശിരസ്സ് ഉണ്ടായിരിക്കും. ലേഖനങ്ങളിൽ പൌലൊസ് പറയുന്നതുപോലെ, ആദാം, സകല മനുഷ്യരും ദൈവവുമായുള്ള ഉടമ്പടിയുടെ സംയുക്ത ശിരസ്സ് ആയിരുന്നു.

 

സാങ്കേതികമായി ഹവ്വയാണ് ആദ്യം ദൈവത്തിന്റെ കൽപ്പന ലംഘിച്ചതിലൂടെ പാപം ചെയ്തത്. എന്നാൽ ദൈവം വെയിലാറിയപ്പോൾ അവരെ കാണുവാൻ വന്നപ്പോൾ അന്വേഷിച്ചത് ആദാമിനെയാണ്. (ഉൽപ്പത്തി 3:8, 9). അതിനർത്ഥം, ഒരു ഉടമ്പടിയുടെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ട് എന്നു തീർച്ചയാക്കേണ്ട ഉത്തരവാദിത്തം സംയുക്ത ശിരസ്സായി നിൽക്കുന്ന വ്യക്തിക്കുള്ളതാണ്. അവനിലൂടെയും, അവനിലും, അവന്റെ സകല വംശാവലിയും ഉടമ്പടി അനുസരിക്കുകയോ, ലംഘിക്കുകയോ ചെയ്യുന്നു. ഇതാണ് ഉടമ്പടിയുടെ വ്യവസ്ഥ.

 

ഉദാഹരണമായി, ഒരു ചെറിയ രാജാവ്, മറ്റൊരു ശ്രേഷ്ഠനായ രാജാവുമായുണ്ടാക്കുന്ന ഉടമ്പടി എല്ലാ ജനങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഈ ഉടമ്പടി രാജാവ് ലംഘിച്ചാൽ, അദ്ദേഹത്തിന്റെ രാജ്യത്തിലെ ജനങ്ങൾ എല്ലാവരും ലംഘിച്ചതായി കണക്കാക്കപ്പെടും.        

 

രണ്ടു ആദാമുകൾ

 

വേദപുസ്തകം സകല മനുഷ്യരെയും രണ്ടു ആദാമുകളുടെ കീഴിൽ ആയി വിഭജിക്കുന്നു.

 

1.       ഒന്നാമത്തെ ആദാം, ഏദൻ തോട്ടത്തിൽ സകല മനുഷ്യ വർഗ്ഗത്തിന്റെയും സംയുക്ത ശിരസ്സായി ജീവിച്ചിരുന്ന, ആദാം ആണ്. (ഉൽപ്പത്തി 1-2).

2.     രണ്ടാമത്തെ ആദാം, യേശുക്രിസ്തു ആണ് (1 കൊരിന്ത്യർ 15:45, 47). അദ്ദേഹം അവനിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയും സംയുക്ത ശിരസ്സാണ്. അദ്ദേഹമാണ് കൃപയുടെ ഉടമ്പടി ഉറപ്പിച്ചത്. (റോമർ 5:12-21).

 

1 കൊരിന്ത്യർ 15:45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.    

 

ഒന്നാമത്തെ ആദാം, മനുഷ്യ വർഗ്ഗത്തിന്റെ സംയുക്ത പദവിയിൽ പാപത്തെ തിരഞ്ഞെടുത്തു, അതിലൂടെ സകല മനുഷ്യരും പാപത്തിന് കുറ്റക്കാരായി. രണ്ടാമത്തെ ആദാമായ യേശുക്രിസ്തു, അവനിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സംയുക്ത പദവിയിൽ ഇരിക്കുന്നു. അവന്റെ പാപ പരിഹാര യാഗത്തിലൂടെ അവർ എല്ലാവരും പാപ പരിഹാരം പ്രാപിക്കുന്നു.

 

സംയുക്ത പദവി എന്ന ആശയം മനുഷ്യർ ആദാമിന്റെ പാപത്താൽ എങ്ങനെ സമ്പൂർണ്ണമായി മലിനമായി എന്നു വിശദീകരിക്കുന്നു. സകല മനുഷ്യരും ആദാമിന്റെ പാപത്താൽ പാപികൾ ആയി തീർന്നതിനാൽ ഒരുവനും പാപം കൂടാതെ ജനിക്കുന്നില്ല. നമ്മൾ ജനിക്കുന്നത് തന്നെ പാപികൾ ആയാണ്. “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി” എന്നാണ് സങ്കീർത്തനം 51:5 ൽ പറയുന്നത്. യേശുക്രിസ്തു ഒഴികെ എല്ലാ മനുഷ്യരും പ്രകൃത്യാ പാപികളും, അനീതിയുള്ളവരും, കുറ്റക്കാരും, അതിനാൽ മരണത്തിന് വിധിക്കപ്പെട്ടവരും ആണ്. റോമർ 3:9 പറയുന്നത്, “യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു” എന്നാണ്.

 

റോമർ 3:9-12

 9   ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

10   “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

11    ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

12   എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

 

ഇതേ ആശയം റോമർ 5 ലും പൌലൊസ് പറയുന്നുണ്ട്.

 

റോമർ 5:18, 19  

18   അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.

19   ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.

 

ഇതേ അദ്ധ്യായം 12 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ എങ്ങനെയാണ് പാപം ലോകത്തിൽ വന്നത് എന്നും എല്ലാവരും പാപികൾ ആയിതീർന്നത് എങ്ങനെയാണ് എന്നും പൌലൊസ് വിശദീകരിക്കുന്നു.

 

റോമർ 5:12-14

12   അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

13   പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.

14   എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.

 

ഈ വാക്യങ്ങളിൽ പൌലൊസ് പറയുന്നത് ഇതെല്ലാം ആണ്: ആദാം എന്ന ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. അങ്ങനെ ആദാമിൽ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. ആദാം മുതൽ മോശെ വരെ ന്യായപ്രമാണം നിലവിൽ ഉണ്ടായിരുന്നില്ല. റോമർ 4:15 ൽ പറയുന്നത് അനുസരിച്ച്, “ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.” അതായത് ന്യായപ്രമാണം ഇല്ലാതിരുന്ന കാലത്ത് മനുഷ്യരുടെ പാപത്തെ നിയമ ലംഘനമായി കരുതിയിരുന്നില്ല. എന്നിട്ടും ആദാം മുതൽ മോശെ വരെയുള്ള കാലത്തും മരണം ഉണ്ടായിരുന്നു.

 

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആദാം മുതൽ മോശെ വരെയുള്ള കാലത്തും മരണം ഉണ്ടായിരുന്നതിനാൽ, ദൈവത്തിനെതിരെയുള്ള മൽസരവും, ദൈവ നിഷേധവും, അക്കാലത്തും ഉണ്ടായിരുന്നു എന്നു വേണം കരുതുവാൻ. ഇതാണ് 13 ആം വാക്യത്തിൽ പൌലൊസ് സമ്മതിക്കുന്നത്: “പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു”. അതായത്, ദൈവവും ആദാമും തമ്മിലുള്ള ഉടമ്പടി, ആദാം മുതൽ മോശെ വരെയും അതിനുശേഷവും നിലനിൽക്കുന്നു. ആദാം സംയുക്ത പദവിയിൽ ആയിരുന്നതിനാൽ ആണ്, അവന്റെ ഉടമ്പടി ലംഘനത്താൽ ഉണ്ടായ മരണം, ആദാമിനു ശേഷവും, ന്യായപ്രമാണത്തിന് മുമ്പും, ഇന്നും നിലനിൽക്കുന്നത്. 12 ആം വാക്യത്തിൽ പൌലൊസ് ഇതാണ് പറയുന്നത്: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”

 

റോമർ 2:14, 15 വാക്യങ്ങളിൽ, മോശെയുടെ ന്യായപ്രമാണത്തിന് മുമ്പും, മനുഷ്യരുടെ ഇടയിൽ ഒരു പ്രമാണം ഉണ്ടായിരുന്നു എന്നു പറയുന്നു. അത് അവരുടെ ഹൃദയത്തിൽ രേഖപ്പെടുത്തിയത് ആയിരുന്നു.

 

റോമർ 2:14, 15

14   ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.

15   അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

    

പാപത്തിന്റെ ശമ്പളം മരണം ആയതിനാൽ, ആദാമിന്റെ ഏക അനുസരണക്കേടിനാൽ, സകല മനുഷ്യരും ശാരീരികവും ആത്മീയവും, നിത്യവും ആയ മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നു (റോമർ 6:23).

 

പാപത്തിന്റെ വേര് ഒന്നാമത്തെ ആദാമിൽ ആയതിനാൽ, രക്ഷയ്ക്കായുള്ള നമ്മളുടെ പ്രത്യാശ രണ്ടാമത്തെ ആദാമായ യേശുക്രിസ്തുവിൽ മാത്രം ആണ്.

 

റോമർ 5:17-19

17   ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.

18   അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു.

19   ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 

 

ഈ വാക്യത്തിലും പറയുന്ന ആശയം ഇതാണ്: ആദാം സകല മനുഷ്യരുടെയും സംയുക്ത ശിരസ്സ് എന്ന പദവിയിൽ ആയിരിക്കുന്നതിനാൽ അവൻ ചെയ്ത പാപ പ്രവർത്തിയിലൂടെ, സകല മനുഷ്യരിലേക്കും പാപവും, ദുഖവും, വേദനയും, മരണവും ഉണ്ടായി. യേശുക്രിസ്തു “ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു” എന്നതിനാൽ, പിതാവായ ദൈവത്തോടുള്ള അവന്റെ സമ്പൂർണ്ണ അനുസരണത്തിലൂടെ, അവനിൽ വിശ്വസിക്കുന്നവർക്ക് നീതീകരണവും, രക്ഷയും, നിത്യജീവനും ഉണ്ടായി. (ഫിലിപ്പിയർ 2:8).

 

1 കൊരിന്ത്യർ 15:21, 22

21   മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.

22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.

 

കോറം ഡെയോ

 

സംയുക്ത പദവി അഥവാ ഫെഡറലിസം എന്നത് മനുഷ്യരോടുള്ള ദൈവത്തിന്റെ കൃപയുടെ ഒരു തെളിവാണ്. നമ്മളുടെ ഒന്നാമത്തെ സംയുക്ത ശിരസ്സിലൂടെ ഭയങ്കരമായ നാശം മനുഷ്യരുടെ ഇടയിൽ ഉണ്ടായി എങ്കിലും, ദൈവം ക്രമീകരിച്ച രണ്ടാമത്തെ ആദാമിലൂടെ നമ്മൾ രക്ഷിക്കപ്പെടുന്നു. ഇത് ഗ്രഹിക്കുവാൻ എളുപ്പമുള്ള ഒരു ആത്മീയ മർമ്മം അല്ല. എങ്കിലും സകല ആത്മീയ മർമ്മങ്ങളും മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ദൈവം കൃപ നല്കും.

 

ദൈവീക ഉടമ്പടിയിൽ ഉള്ള ആദാമിന്റെ സംയുക്ത പദവിയെ അംഗീകരിക്കാത്ത ഒരുവന്, യേശുക്രിസ്തുവിന്റെ സംയുക്ത പദവിയെയും സ്വീകരിക്കുവാൻ സാധിക്കുക ഇല്ല. ആദാം സകല മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നില്ല എങ്കിൽ, യേശുക്രിസ്തുവും തിരഞ്ഞെടുക്കപ്പെട്ടവരെ പ്രതിനിധീകരിക്കുന്നില്ല എന്നു പറയേണ്ടി വരും. അത് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരസിക്കുന്നതിന് തുല്യം ആകും.    

  

No comments:

Post a Comment