യേശുക്രിസ്തുവും നിക്കോദേമൊസും - യോഹന്നാൻ 3:1-21

 വേദപുസ്തകത്തിൽ, പുതിയനിയമത്തിലെ നാലാമത്തെ സുവിശേഷമാണ് യോഹന്നാൻ എഴുതിയ സുവിശേഷം. ഇതിന്റെ എഴുത്തുകാരൻ യേശുക്രിസ്തുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ ആണ് എന്നു ഭൂരിപക്ഷം വേദ പണ്ഡിതന്മാരും കരുതുന്നു. ശിഷ്യനായിരുന്ന യോഹന്നാന്റെ സാക്ഷ്യവും പഠിപ്പിക്കലും ഈ സുവിശേഷ ഗ്രന്ഥത്തിൽ കാണാം. എന്നാൽ ഗ്രന്ഥകർത്താവ് ആരാണ് എന്നതിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. ഇതിന്റെ രചനാ കാലവും, സ്ഥലവും തീർച്ചയില്ല. എങ്കിലും ഇത് യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാൻ എഫെസൊസിൽ ആയിരുന്നപ്പോൾ, AD 90 നും 100 നും ഇടയിൽ രചിച്ചു എന്നു കരുതപ്പെടുന്നു.

 

ഇതിന്റെ വായനക്കാരായി എഴുത്തുകാരൻ ആരെയാണ് കണ്ടിരുന്നത് എന്നത് ഇതിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അക്കാലത്ത് റോമൻ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ താമസിച്ചിരുന്ന യഹൂദന്മാരേയും, യഹൂദ-ഇതര ക്രൈസ്തവ വിശ്വാസികളെയും ആണ് യോഹന്നാൻ വയനക്കാരായി കണ്ടിരുന്നത് എന്നു അനുമാനിക്കാം. ഇതിൽ എബ്രായ, ഗ്രീക്ക്, റോമൻ, പാരമ്പര്യമുള്ളവർ ഉണ്ട്. പലസ്തീനിലെ ഭൂപ്രകൃതിയും, ജീവിത രീതികളും എഴുത്തുകാരൻ വിശദീകരിക്കുവാൻ ശ്രമിക്കുന്നത് യഹൂദ ഇതര വംശക്കാർക്ക് വേണ്ടി ആയിരുന്നിരിക്കാം. “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. “വചനം” എന്നത് ഗ്രീക്ക് തത്വ ചിന്തയിലെ “ലോഗോസ്” ആണ്. അത് പരമ സത്യമായ ദൈവമാണ്. അതായത് ഗ്രീക്ക് ദാർശനിക ചിന്തയിലെ പരമമായ ദൈവം, യേശു ആണ് എന്നു പറഞ്ഞുകൊണ്ടാണ് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ യവന വായനക്കാരെ ഉദ്ദേശിച്ചാണ് എഴുതിയത്. എന്നാൽ, ഒപ്പം, യേശുക്രിസ്തു, യഹൂദന്മാർ കാത്തിരിക്കുന്ന മശീഹ ആണ് എന്നും എഴുത്തുകാരൻ പറയുന്നുണ്ട്. യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാൻ ആകുന്നു” പ്രസ്താവനകൾ പുറപ്പാട് പുസ്തകം 3:14 ന്റെ പ്രതിധ്വനി ആണ്. ഇവിടെ പറയുന്ന “ഞാൻ ആകുന്നു” എന്ന ദൈവവും യേശുക്രിസ്തുവും ഒരുവൻ തന്നെയാണ്.

 

പുറപ്പാട് 3:14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.

 

യോഹന്നാൻ 14:6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.        

 

യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിനും ഏകദേശം 65 മുതൽ 70 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ സുവിശേഷവും, ലേഖനങ്ങളും, വെളിപ്പാട് പുസ്തകവും, എഴുതുന്നതു. അപ്പോഴേക്കും മറ്റ് മൂന്ന് സുവിശേഷങ്ങളും, ലേഖനങ്ങളും എഴുതപ്പെട്ടിരുന്നു. യാക്കോബിന്റെ ലേഖനമാണ് ആദ്യം എഴുതപ്പെട്ട പുസ്തകം. അത് AD 44-49 വർഷങ്ങളിലും, പൌലൊസ് ഗാലാത്യർക്ക് എഴുതിയ ലേഖനം 49-50 കളിലും എഴുതപ്പെട്ടു. അതിന് ശേഷമാണ് മർക്കോസും, മത്തായിയും സുവിശേഷ ഗ്രന്ഥങ്ങൾ എഴുതുന്നതു. അവർ AD 50-60 കളിലും, ലൂക്കോസ് 60-61 വർഷങ്ങളിലും സുവിശേഷം എഴുതി. യോഹന്നാന്റെ സുവിശേഷത്തിന് മുമ്പ് എഴുതിയ അവസാനത്തെ പുസ്തകം യൂദായുടെ ലേഖനമാണ്. അത് 68-70 ൽ രചിക്കപ്പെട്ടു. യോഹന്നാൻ സുവിശേഷ ഗ്രന്ഥവും മൂന്ന് ലേഖനങ്ങളും  വെളിപ്പാട് പുസ്തകവും AD 80-100 വർഷങ്ങളിൽ എഴുതി. അതായത് വേദപുസ്തകത്തിലെ പുസ്തകങ്ങളുടെ രചയിതാക്കളിൽ അവസാനത്തെ എഴുത്തുകാരനാണ് യോഹന്നാൻ.

 

AD 70 ൽ സംഭവിച്ച യെരൂശലേം ദൈവാലത്തിന്റെയും പട്ടണത്തിന്റെയും തകർച്ചയ്ക്ക് ശേഷമാണ് യോഹന്നാൻ പുസ്തകങ്ങൾ എഴുതുന്നതു. റോമൻ ആക്രമണത്തിന്റെ ഫലമായി, യഹൂദന്മാർ ചുറ്റിനുമുള്ള പല പ്രവിശ്യകളിലേക്ക് ഓടിപ്പോയിരുന്നു. അവിടെ അവർ തദ്ദേശവാസികളുമായി ചേർന്ന് ജീവിച്ചു. ഗ്രീക്ക്, റോമൻ, ഭാഷയും സംസ്കാരവും ഒരു പരിധിവരെ പ്രവാസത്തിൽ ആയിരുന്നവരെ സ്വാധീനിച്ചു. യോഹന്നാൻ സുവിശേഷം എഴുതിയത് ഇപ്രകാരം വിവിധ പ്രവിശ്യകളിൽ കുടിയേറി താമസിക്കുന്ന യഹൂദന്മാർക്ക് വേണ്ടിയും തദ്ദേശവാസികൾക്ക് വേണ്ടിയും ആണ്.

 

മുഖ്യ വിഷയം

 

ആദ്യത്തെ മൂന്ന് സുവിശേഷങ്ങളെ “സിനോപ്റ്റിക്ക് ഗോസ്പെൽ” എന്നാണ് വിളിക്കുന്നത് (Synoptic Gospels). അവ തമ്മിൽ വളരെ സാമ്യം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. എന്നാൽ യോഹന്നാന്റെ സുവിശേഷം ഇവയിൽ നിന്നും വേറിട്ട് നിൽക്കുന്നു. അദ്ദേഹം വിവരിക്കുന്ന സംഭവങ്ങൾ നടക്കുന്നത് മറ്റൊരു കാലത്തും സ്ഥലത്തും ആണ്. യേശുക്രിസ്തു യഹൂദ്യ പ്രദേശത്ത് ജീവിച്ചിരുന്ന കാലമാണ് യോഹന്നാൻ മുഖ്യമായി വിവരിക്കുന്നത്. യോഹന്നാൻ ക്രിസ്തീയ വിശ്വാസത്തിന് ഒരു താത്വികമായ അടിത്തറ രൂപപ്പെടുത്തുവാൻ ശ്രമിച്ചു. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ദൈവശാസ്ത്രം വിപുലീകരിച്ചതും, പരിപുഷ്ടവുമാണ് (a well-developed theology). സിനോപ്റ്റിക്ക് ഗോസ്പെലിലെ കാലക്രമം യോഹന്നാൻ അനുവർത്തിക്കുന്നില്ല. അദ്ദേഹം സുദീർഘമായ സംഭാഷണങ്ങളെയും, തിരഞ്ഞെടുക്കപ്പെട്ട സംഭവങ്ങളെയും, ആശയങ്ങൾ അവതരിപ്പിക്കുവാനായി ഉപയോഗിക്കുന്നു. അദ്ദേഹം സുവിശേഷം എഴുതിയത് ഒരു പ്രത്യേക ഉദ്ദേശത്തോടെ ആയിരുന്നു. ഇതാണ് ഇതിനെ മറ്റുള്ള സുവിശേഷ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.

 

യോഹന്നാൻ 20:30, 31

30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.

31   എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

     

യേശുക്രിസ്തുവിന്റെ ജീവിത ചരിത്രം അതിലെ എല്ലാ സംഭവങ്ങളോടെയും എഴുതക ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം എന്നു യോഹന്നാൻ തുറന്നു പറയുന്നു. അദ്ദേഹത്തിന് ഒരു ഉദ്ദേശ്യം ഉണ്ട്. അതിനായി യേശുവിന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ തിരഞ്ഞെടുത്തു, അതിൽ മറഞ്ഞിരിക്കുന്ന ആത്മീയ മർമ്മങ്ങൾ വിവരിച്ചു. യേശു പറഞ്ഞ എല്ലാ വാചകങ്ങളും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല. അവിടെയും ചില തിരഞ്ഞെടുപ്പുകൾ മനപ്പൂർവ്വം നടത്തിയിട്ടുണ്ട്. ലക്ഷ്യം ഒന്നുതന്നെയാണ്. “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” ഈ വചകത്തിന് ഒരു മറുവശം കൂടി ഉണ്ട്. യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ, അവിശ്വസിച്ചിട്ടു നിങ്ങൾക്ക് നിത്യ ജീവൻ നഷ്ടപ്പെടും. നിത്യജീവൻ നഷ്ടപ്പെടുക എന്നത് യോഹന്നാന്റെ ഭാഷയിൽ, “നശിച്ചുപോകുക”, “ന്യായവിധി” ഉണ്ടാകുക എന്നതാണ് (യോഹന്നാൻ 3:16, 18). കാരണം, രക്ഷയ്ക്കും ദൈവരാജ്യത്തിനും ഉള്ള ഏക മാർഗ്ഗം യേശു മാത്രമാണ്. ഇതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം.

 

ഈ സുവിശേഷത്തിലെ എല്ലാ സംഭവങ്ങളുടെയും, സംഭാഷണങ്ങളുടെയും വിവരണത്തിൽ ഈ ആശയം നിറഞ്ഞു നിലക്കുന്നു. വിശ്വസിക്കുക, നിത്യജീവൻ പ്രാപിക്കുക; അവിശ്വസിക്കുക, നശിക്കുക. ഈ സത്യം നമ്മളെ പറഞ്ഞു മനസ്സിലാക്കുവാനാണ് അദ്ദേഹം ഈ സുവിശേഷം എഴുതിയത്.  

 

അത്ഭുതങ്ങളും വ്യാഖ്യാനങ്ങളും

 

യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷാ കാലയളവിൽ അവൻ ചെയ്ത 37 അത്ഭുതങ്ങൾ  നാല് സുവിശേഷങ്ങളിലുമായി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായി 21 ഉം, മർക്കോസ് 20 ഉം, ലൂക്കോസ് 20 ഉം, യോഹന്നാൻ 7 ഉം അത്ഭുതങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പലതും മൂന്നുപേരും ആവർത്തിച്ചു വിവരിക്കുന്നുണ്ട്. എന്നാൽ ഒരു അത്ഭുതം മാത്രമേ നാലുപേരും ഒരുപോലെ വിവരിക്കുന്നുള്ളൂ.

 

യോഹന്നാൻ വിവരിക്കുന്ന ആദ്യത്തെ അത്ഭുതം കാനാ എന്ന സ്ഥലത്തുവച്ച് നടന്നതാണ്. അവിടെ ഒരു വിവാഹ സദ്യയുടെ സമയത്ത് യേശു വെള്ളത്തെ വീഞ്ഞാക്കി മാറ്റി (യോഹന്നാൻ 2:1-11). അദ്ദേഹം വിവരിക്കുന്ന അവസാനത്തെ അത്ഭുതം, മരിച്ചുപോയ ലാസറിനെ ഉയിർപ്പിക്കുന്നതാണ്. (യോഹന്നാൻ 11:1-44). മറ്റ് സുവിശേഷ രചയിതാക്കൾ ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമായി അത്ഭുതങ്ങളെ വ്യാഖ്യാനിച്ചു. എന്നാൽ യോഹന്നാൻ, ഓരോ അത്ഭുതങ്ങൾക്കും പിന്നിലുള്ള ആത്മീയ മർമ്മത്തെ വെളിപ്പെടുത്തി. യോഹന്നാന് അത്ഭുതങ്ങൾ, യേശുക്രിസ്തു ആദിയിലെ വചനമായ ലോഗോസ്, അഥവാ പരമ സത്യമായ ദൈവമാണ് എന്നതിന്റെ അടയാളങ്ങൾ ആയിരുന്നു.

 

യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങൾ ഇവയെല്ലാമാണ്:

 

1.       കാനായിൽ ഒരു വിവാഹ സദ്യാവേളയിൽ വെള്ളത്തെ വീഞ്ഞാക്കി (യോഹന്നാൻ 2:1-11)

2.     രാജഭൃത്യന്റെ മരിക്കാറായ രോഗിയായ മകനെ സൌഖ്യമാക്കി (യോഹന്നാൻ 4:46–54)

3.     യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ കുളത്തിനരികെ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യനെ സൌഖ്യമാക്കി (യോഹന്നാൻ 5:1–16)

4.     അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് 5000 ൽ അധികം ആളുകൾക്ക് ആഹാരം കൊടുത്തു (യോഹന്നാൻ 6:1–13)

5.     ഗലീലയിൽ യേശു കടലിന് മീതെ നടന്നു (യോഹന്നാൻ 6:16–21)

6.     പിറവിയിലെ കുരുടനായോരു മനുഷ്യനെ സൌഖ്യമാക്കി (യോഹന്നാൻ 9:1–7)

7.     മരിച്ചുപോയ ലാസറിനെ നാലാം ദിവസം ഉയിർപ്പിച്ചു (യോഹന്നാൻ 11:1–44)          

 

അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് 5000 ൽ അധികം ആളുകൾക്ക് ആഹാരം കൊടുത്ത അത്ഭുതം മാത്രമേ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ സംഭവം നടക്കുന്നത് എവിടെ വച്ചാണ് എന്നു യോഹന്നാൻ കൃത്യമായി പറയുന്നില്ല. എന്നാൽ ലൂക്കോസിന്റെ വിവരണത്തിൽ നിന്നും ഇത് നടന്നത് ബേത്ത്സയിദ എന്ന സ്ഥലത്തായിരുന്നു എന്നു അനുമാനിക്കാം. ഇതിന് ശേഷം യേശുക്രിസ്തു കഫർന്നഹൂമിലേക്കു പോയി. കഫർന്നഹൂം ഗലീല തീരത്തുള്ള മറ്റൊരു സ്ഥലം ആയിരുന്നു. അത്ഭുതം കാണുകയും അനുഭവിക്കുകയും ചെയ്ത ജനം യേശുവിനെ അവിടെയും പിന്തുടർന്ന് ചെന്നു. യേശുവും അവരുമായി തുടർന്നുണ്ടായ സംഭാഷണത്തിൽ, ജനം യേശുവിനോടു ചോദിച്ചു:


യോഹന്നാൻ 6:28, 29

28 അവർ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.

29 യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.

 

“അപ്പം തിന്നു തൃപ്തരായതുകൊണ്ട്” യേശുവിനെ അനുഗമിച്ച ജനത്തിന്റെ ചിന്തകളെ പ്രവർത്തികളിൽ നിന്നും ദൈവം അയച്ചവനിൽ വിശ്വസിക്കുക എന്ന ജീവന്റെ മാർഗ്ഗത്തിലേക്ക് നയിക്കുവാൻ യേശു ഈ അവസരം ഉപയോഗിക്കുകയാണ്. ഈ സംഭാഷണം തുടരുമ്പോൾ, ജനം യേശുവിനോട് വീണ്ടും ചോദിച്ചു:

 

യോഹന്നാൻ 6:30, 31

30 അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവർത്തിക്കുന്നു?

31   നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

 

ഇവിടെ ദൈവരാജ്യത്തിന്റെ മർമ്മം അറിയിക്കുവാൻ യോജ്യമായ ഒരു അവസരം യേശുവിന് ലഭിച്ചു. അവൻ ജനത്തോട് വ്യക്തമായി പറഞ്ഞു:

 

യോഹന്നാൻ 6:35 യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.

 

ഇതാണ്, അത്ഭുതം വിവരിക്കുന്നതിലൂടെ യോഹന്നാൻ വിനിമയം ചെയ്യുവാൻ ഉദ്ദേശിച്ച ആത്മീയ മർമ്മം. മരുഭൂമിയിൽ പിതാക്കന്മാർ ഭക്ഷിച്ച മന്ന യേശുക്രിസ്തു എന്ന ജീവന്റെ അപ്പത്തിന്റെ നിഴൽ ആയിരുന്നു. അതിനാൽ യേശുവിൽ വിശ്വസിച്ചാൽ, വിശക്കയില്ല, ഒരു നാളും ദാഹിക്കയുമില്ല. അവനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കും. ഇത് പറയുവാനാണ് യോഹന്നാൻ സുവിശേഷം എഴുതിയത്.

 

അത്ഭുതങ്ങൾക്ക് പിന്നിലെ ആത്മീയ മർമ്മം വിവരിക്കുന്ന രീതി യോഹന്നാൻ രേഖപ്പെടുത്തിയ എല്ലാ അത്ഭുതങ്ങളുടെയും വിവരണത്തിൽ കാണാം. ലാസറിനെ ഉയിർപ്പിച്ച സംഭവം ഇതിന് മറ്റൊരു ഉദാഹരണമാണ്. ആത്മീയമായി മരിച്ച മനുഷ്യർ, രൂപാന്തരം വരുത്തുന്ന ദൈവത്തിന്റെ ശക്തിയോട് അനുകൂലമായി പ്രതികരിക്കുമ്പോൾ, അവന് യേശുക്രിസ്തുവിലൂടെ ജീവൻ ലഭിക്കും. ഇതാണ് യോഹന്നാൻ ഇവിടെ പറയുന്നത്.

 

യോഹന്നാൻ 11:25, 26

25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.

26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

 

ദൈവാത്മാവ് വസിക്കാത്ത എല്ലാ മനുഷ്യരുടെയും പ്രതീകമാണ് മരിച്ച ലാസർ. പുതുജീവൻ പ്രാപിക്കാത്ത എല്ലാ മനുഷ്യരും മരിച്ചവർ ആണ്. ദൈവത്തിന്റെ ആത്മാവ് ഒരുവനിൽ പ്രവേശിക്കുമ്പോൾ അവൻ ആത്മീയമായി ജീവൻ പ്രാപിക്കുന്നു. അവൻ നിത്യജീവന് അവകാശി ആയിത്തീരുന്നു. നിത്യജീവന്റെ ഉറവയുമായി കൂട്ടായ്മ ഉണ്ടാകുന്നു. യോഹന്നാൻ ഈ കൂട്ടായ്മയെ ആണ് 12 ആം അദ്ധ്യായത്തിൽ ചിത്രീകരിക്കുന്നത്.

 

യോഹന്നാൻ 12:1, 2

1     യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.

2    അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.  



 

അദ്ധ്യായം 12-21 വരെ

 

11 ആം അദ്ധ്യായത്തിലെ ലാസറിന്റെ ഉയിർപ്പോടെ അത്ഭുതങ്ങളുടെ വിവരണം യോഹന്നാൻ അവസാനിപ്പിക്കുന്നു. 12 മുതൽ 21 വരെയുള്ള അദ്ധ്യായങ്ങളിൽ യേശുക്രിസ്തുവിന്റെ ഇഹലോക ശുശ്രൂഷകളുടെ അവസാന ഘട്ടം യോഹന്നാൻ വിവരിക്കുന്നു. ഈ ഭാഗത്ത്, യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ദൈവശാസ്ത്രം വിവരിക്കുന്നതിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. യേശുക്രിസ്തു ദൈവത്തിന്റെ പുത്രനാണ്, മശീഹയാണ്, അവനിൽ നിത്യ ജീവൻ ഉണ്ട്, അവനിൽ വിശ്വസിക്കുന്നവർ നിത്യജീവൻ പ്രാപിക്കും എന്നിങ്ങനെ അദ്ദേഹം വിവരിക്കുന്നു. ഇത് സമർത്ഥിക്കുവാനായി സുദീർഘമായ സംഭാഷണങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു. എല്ലാ എഴുത്തുകളുടെയും ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കുന്നു:

 

യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

 

നിക്കോദേമോസ്

 

വേദപുസ്തകത്തിലെ ഒരു വാക്യം, അത് ഭാഗമായിരിക്കുന്ന പുസ്തകത്തിൽ നിന്നും അടർത്തിമാറ്റിയാൽ, അത് കാനോനികം ആകുകയില്ല. ഒറ്റ തിരിഞ്ഞ വാക്യങ്ങൾ അല്ല, പുസ്തകങ്ങൾ ആണ് കാനോനികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ വേദപുസ്തകത്തിലെ എല്ലാ വാക്യങ്ങളെയും, അത് ഉൾപ്പെട്ടിരിക്കുന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ വേണം വ്യാഖ്യാനിക്കുവാൻ. എല്ലാ പുസ്തകങ്ങളും വേദപുസ്തകത്തിലെ മറ്റ് പുസ്തകളുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കുവാൻ. വേദപുസ്തകം ഏക സന്ദേശമാണ് പറയുന്നത്, വ്യത്യസ്തങ്ങൾ ആയ സന്ദേശങ്ങൾ അല്ല.

 

യോഹന്നാൻ 3:1-21 വരെയുള്ള വാക്യങ്ങളിൽ, യേശുക്രിസ്തുവും നിക്കോദേമൊസും തമ്മിലുള്ള സുദീർഘമായ ഒരു സംഭാഷണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്കോദേമൊസിനെ യോഹന്നാന്റെ സുവിശേഷത്തിൽ മൂന്ന് പ്രാവശ്യം കാണുന്നുണ്ട്. (യോഹന്നാൻ 3:1–21; 7:45–53; 19:38–42).

 

ഈ സംഭാഷണത്തിന്റെ മുഖ്യ വിഷയം ദൈവരാജ്യത്തിൽ എങ്ങനെ പ്രവേശിക്കാം എന്നതും “വീണ്ടും ജനനം” വും ആണ്. ഇതുതന്നെയാണ് ഈ സുവിശേഷത്തിന്റെ പ്രധാന വിഷയം. യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിലും, യേശുവിന്റെ പ്രഭാഷണങ്ങളിലും ഈ വിഷയം ആവർത്തിച്ചു കാണുന്നു. ശമര്യക്കാരത്തി സ്ത്രീയുമായുള്ള സംഭാഷണം ഒരു ഉദാഹരണം ആണ് (യോഹന്നാൻ 4). യേശു അവളോടു, അവന് മാത്രം നല്കുവാൻ കഴിയുന്ന ജീവനുള്ള വെള്ളത്തെക്കുറിച്ച് പറഞ്ഞു. ഈ വെള്ളം കൂടിക്കുന്നവന് അത് “നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും”.

 

യോഹന്നാൻ 4:13, 14

13   യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.

14   ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.          

 

യേശുവും നിക്കോദേമോസും തമ്മിലുള്ള സംഭാഷണത്തിൽ അവർ ഇരുവരും പറഞ്ഞ എല്ലാ വാചകങ്ങളും യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല എന്നു ചിന്തിക്കുന്നത് ശരിയാണ്. യോഹന്നാൻ ഈ സംഭാഷണം കേട്ടുകൊണ്ടു നിന്നിരുന്ന ഒരു വ്യക്തി ആയിരുന്നിരിക്കാം എങ്കിലും അത് അദ്ദേഹം അപ്പോൾ തന്നെ എഴുതി വച്ചില്ല. അനേകം വർഷങ്ങൾക്ക് ശേഷം ഓർമ്മയിൽ നിന്നും എടുത്താണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന് ഒരു പ്രത്യേക ഉദ്ദേശ്യവും ഉണ്ടായിരുന്നു. അതിന് ആവശ്യമായത് മാത്രമേ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളൂ.

 

ദൈവരാജ്യത്തിന്റെ മർമ്മങ്ങൾ വിവരിക്കുവാൻ, യോഹന്നാൻ സുദീർഘമായ സംഭാഷണങ്ങൾ ഉപയോഗിക്കുന്നതിന് ചില പ്രത്യേക കാരണങ്ങൾ ഉണ്ട്. യോഹന്നാന്റെ വായനക്കാർ യവന-റോമൻ പ്രവിശ്യകളിൽ ചിതറി താമസിക്കുന്ന യഹൂദ-ജാതീയ ക്രിസ്ത്യാനികൾ ആയിരുന്നു. അതിനാൽ യവന-റോമൻ തത്വചിന്തകളുടെ സ്വാധീനം അവരിൽ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ യേശുക്രിസ്തുവിനെ, ജാതീയ തത്വചിന്തകരെക്കാൾ ഉയർന്ന ഒരു ദാർശനികനായി അദ്ദേഹം അവതരിപ്പിച്ചു. തത്വ ചിന്തകർ പൊതുവേ ദീർഘമായ സംഭാഷണങ്ങളിലൂടെയാണ് അവരുടെ ആശയങ്ങൾ മറ്റുള്ളവരുമായി പങ്ക് വച്ചിരുന്നത്. ചോദ്യങ്ങളും ഉത്തരവും എന്നത് അവരുടെ ഒരു ശൈലി ആയിരുന്നു. അവരിൽ പലരും ആ സംഭാഷണങ്ങൾ സ്വയം എഴുതി സൂക്ഷിച്ചില്ല. അവരുടെ ശിഷ്യന്മാർ ആണ് പലപ്പോഴും അതെല്ലാം എഴുതി സൂക്ഷിച്ചത്. ഇതേ ആശയ വിനിമയ മാർഗ്ഗം തന്നെയാണ് യോഹന്നാനും പിന്തുടർന്നത്. അതുവഴി, യേശുക്രിസ്തുവിനെ, മറ്റൊരു ദാർശനികനായും, യവന-റോമൻ ദർശനികരെക്കാൾ ശ്രേഷ്ഠനായ ഒരുവനായും അവതരിപ്പിക്കുവാൻ യോഹന്നാന് കഴിഞ്ഞു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ചിന്തകളാണ് യോഹന്നാൻ ഇവിടെ വിശദീകരിക്കുന്നത്. അദ്ദേഹം പറഞ്ഞതിനെക്കാൾ കൂടുതൽ ആഴമുള്ള ദൈവ ശാസ്ത്രം മറ്റാരും പറഞ്ഞിട്ടില്ല. കാരണം, അതെല്ലാം യേശു തന്നെ പറഞ്ഞതാണ്.

 

യോഹന്നാൻ 3:1

 

യോഹന്നാൻ 3:1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.

 

യേശുക്രിസ്തു യെരൂശലേമിൽ ആയിരിക്കുമ്പോഴാണ് ഒരു പ്രമാണിയായ മനുഷ്യൻ അവനെ കാണുവാനായി ഒരു രാത്രിയിൽ വന്നത്. അവനെ പരിചയപ്പെടുത്തുവനായി യോഹന്നാൻ മൂന്ന് കാര്യങ്ങൾ ആണ് പറയുന്നത്. അവൻ ഒരു പരീശൻ ആയിരുന്നു, അവന്റെ പേര് നിക്കോദേമോസ് എന്നായിരുന്നു, അവൻ യഹൂദന്മാരുടെ ഒരു പ്രമാണി ആയിരുന്നു. ഈ പരിചയപ്പെടുത്തൽ, തുടർന്നുള്ള സംഭാഷണം മനസിലാക്കുവാൻ ആവശ്യമാണ്.

 

പരീശൻ എന്നത് അവന്റെ തീവ്ര മത വിശ്വാസത്തെയും, മശീഹ സങ്കൽപ്പത്തിലും ദൈവരാജ്യത്തിലും ഉള്ള വിശ്വാസത്തെയും സൂചിപ്പിക്കുന്നു. നിക്കോദേമോസ് എന്നത് ഒരു ഗ്രീക്ക് പേരാണ്. ഇത് അവന്റെ വിദ്യാഭാസത്തേയും, അറിവിനെയും സൂചിപ്പിക്കുന്നു. യഹൂദന്മാരുടെ പ്രമാണി എന്നതുകൊണ്ട് അവന്റെ സമൂഹത്തിലെ ഉന്നത സ്ഥാനവും യോഹന്നാൻ സൂചിപ്പിക്കുന്നു. നിക്കോദേമോസ് യെരൂശലേമിലെ യഹൂദന്മാരുടെ ന്യായാധിപ സംഘത്തിലെ (Sanhedrin) അംഗം ആയിരുന്നു. ഇത് അവരുടെ പരമോന്നത കോടതി ആയിരുന്നു.

 

പരീശൻ

 

“പരീശൻ” എന്ന വാക്കിന്റെ അർത്ഥം, “വേർപ്പെട്ടവൻ” എന്നാണ് (Separated One). ഇവർ ദൈനംദിന ജീവിതത്തിലെ പല ജീവിതചര്യകളിൽ നിന്നും വേറിട്ട് ജീവിച്ചിരുന്ന യാഥാസ്ഥിതികർ ആയ ഒരു കൂട്ടം യഹൂദന്മാർ ആയിരുന്നു. പഴയനിയമത്തിലെ ന്യായപ്രമാണങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കൾ ആയിരുന്നു.

 

യേശുക്രിസ്തു പലപ്പോഴും പരീശന്മാരുടെ കപടഭക്തിയെ കഠിനമായി വിമർശിച്ചിട്ടുണ്ട് എങ്കിലും അന്നത്തെ യഹൂദ സമൂഹം അവരെ വളരെ ബഹുമാനത്തോടെ കണ്ടിരുന്നു. പരീശന്മാരിൽ കൂടുതൽ പേരും സാധാരണക്കാരായ മനുഷ്യർ ആയിരുന്നു. ഈ കൂട്ടത്തിൽ ചില പുരോഹിതന്മാർ ഉണ്ടായിരുന്നു എങ്കിലും അവർ സദൂക്യരെ പോലെ ധനികർ ആയിരുന്നില്ല. അധികാര കേന്ദ്രങ്ങളിലും പരീശന്മാർക്ക് സ്വാധീനം ഉണ്ടായിരുന്നു എങ്കിലും സദൂക്യരുടെ അത്രയും ഇല്ലായിരുന്നു.

 

രണ്ടാം യഹൂദ ദൈവാലയത്തിന്റെ തകർച്ചയുടെ നാളുകളിൽ, മൊത്തം 6000 പരീശന്മാർ മാത്രമേ അവരുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ. ഇവർ ഒരു പ്രത്യേക സാഹോദര്യ കൂട്ടായ്മയായി അറിയപ്പെട്ടിരുന്നു (brotherhood). ജീവിതകാലം മുഴുവൻ ന്യായപ്രമാണത്തെ പൂർണമായി അനുസരിക്കാം എന്നു മൂന്ന് പേരുടെ മുന്നിൽ സാക്ഷ്യം ചൊല്ലിയാണ് ഒരുവൻ പരീശ കൂട്ടായ്മയിൽ ചേരുന്നത്.

 

യഹൂദന്മാരുടെ എഴുതപ്പെട്ട ന്യായപ്രമാണങ്ങളെയും വായ്മൊഴിയാലുള്ള പാരമ്പര്യ പ്രമാണങ്ങളെയും ഒരുപോലെ ദൈവീകമായി പരീശന്മാർ കണക്കാക്കി. വായ്മൊഴി പ്രമാണങ്ങളും ദൈവം മോശെയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്തതാണ് എന്നു അവർ വിശ്വസിച്ചു. ദൈവം സീനായ് പർവ്വത മുകളിൽ വച്ച് പ്രമാണങ്ങൾ നല്കിയപ്പോൾ, പകൽ എഴുതപ്പെട്ട ന്യായപ്രമാണങ്ങളും രാത്രിയിൽ അതിന്റെ വിശദീകരണങ്ങളും നല്കി. രാത്രിയിൽ ദൈവം അരുളിച്ചെയ്തത് മോശെ എഴുതിവച്ചില്ല. അവൻ അത് യോശുവയ്ക്ക് വാമൊഴിയാൽ പകർന്നുകൊടുത്തു. യോശുവ അത് അവന്റെ പിൻഗാമികൾക്ക് വായ്മൊഴിയാൽ തന്നെ പകർന്നുകൊടുത്തു. അങ്ങനെ അതെല്ലാം വായ്മൊഴി പ്രമാണങ്ങൾ ആയി തലമുറയായി തുടർന്നു.

 

എന്നാൽ AD 66-70, 132-136 വരെയുള്ള കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തിനെതിരെ യഹൂദ കലാപങ്ങൾ ഉണ്ടായി. റോമൻ സൈന്യം അതിനെ അടിച്ചമർത്തുകയും യെരൂശലേം പട്ടണത്തെയും ദൈവാലയത്തെയും നശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം യഹൂദന്മാർ റോമൻ സാമ്രാജ്യത്തിലെ വിവിധ പ്രവിശ്യകളിലേക്ക് ചിതറി പോയി. ഈ കാലത്ത്, വായ്മൊഴി പ്രമാണങ്ങൾ നഷ്ടപ്പെട്ടു പോകുമോ എന്നൊരു ഭയം അവർക്കിടയിൽ ഉണ്ടായി. അതിനാൽ യഹൂദ പണ്ഡിതന്മാർ അതിനെ എഴുതി സൂക്ഷിക്കുവാൻ ആരംഭിച്ചു. ഏകദേശം 2 നൂറ്റാണ്ടുകളുടെ പരിശ്രമ ഫലമായി, AD 2 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയോ 3 ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെയോ ഈ പ്രമാണങ്ങൾ എഴുതി പൂർത്തീകരിച്ച്, ക്രോഡീകരിച്ചു. ഇതിന് റബ്ബി യൂദാ ഹനാസി എന്ന പണ്ഡിതൻ നേതൃത്വം നല്കി (Rabbi Judah HaNasi , Rabbi Judah the Prince/Patriarch). അദ്ദേഹം ഹിലേൽ എന്ന പ്രശസ്ത യഹൂദ റബ്ബയിയുടെ ശിഷ്യൻ ആയിരുന്നു (Rabbi Hillel). ഇതിനെയാണ് “മിഷന” എന്നു വിളിക്കുന്നത് (Mishna).

 

മരിച്ചവരുടെ പുനരുത്ഥാനത്തിലും, മരണത്തിന് ശേഷം ലഭിക്കാവുന്ന അർഹമായ പ്രതിഫലത്തിലും പരീശന്മാർ വിശ്വസിച്ചു. ആത്മമണ്ഡലം, ദൂതന്മാർ, ഭൂതങ്ങൾ എന്നിവയുടെ അസ്തിത്വത്തിലും അവർ വിശ്വസിച്ചു. സകല പ്രപഞ്ചവും ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണ് എന്നും ദൈവത്തിന് എപ്പോൾ വേണമെങ്കിലും ഈ ലോകത്തിലും മനുഷ്യരുടെ കാര്യങ്ങളിലും ഇടപ്പെടുവാൻ അധികാരവും, കഴിവും, സ്വാതന്ത്ര്യവും, ഉണ്ട് എന്നും അവർ പഠിപ്പിച്ചു. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തുവാനുള്ള മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയിലും അവർ വിശ്വസിച്ചു.

 

യഹൂദ പള്ളികൾ ആയ സിനഗോഗുകൾ പരീശന്മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു. എന്നാൽ യെരൂശലേമിലെ ദൈവാലയം സദൂക്യരുടെ അധികാരത്തിൽ ആയിരുന്നു. രാക്ഷ്ട്രീയമായി പരീശന്മാർ റോമൻ സാമ്രാജ്യത്തോട് അനുകൂലമായിരുന്നില്ല. അവർ യവന സംസ്കാരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും അമിത സ്വാധീനത്തെ എതിർത്തു. ഇവ രണ്ടും യഹൂദ മതവിശ്വാസങ്ങളെയും സംസ്കാരത്തെയും ഭാഷയേയും തകർക്കും എന്നു അവർ ഭയപ്പെട്ടു.

 

ഇവർ ന്യായപ്രമാണത്തിന് നല്കിയ, ന്യായവാദപരമായ വ്യാഖ്യാനങ്ങളെ (legalistic interpretations) യേശുക്രിസ്തു തള്ളിക്കളഞ്ഞു. അതിനാൽ അവർ യേശുക്രിസ്തുവിനെയും അവന്റെ ശുശ്രൂഷകളെയും എതിർത്തു. യഹൂദ വായ്മൊഴി പ്രമാണങ്ങളെ യേശു വ്യത്യസ്തമായി വ്യാഖ്യാനിച്ചു.

 

അതിനാൽ, ഒരു പരീശനായിരുന്ന നിക്കോദേമോസ് യേശുവിനെ കാണുവാനും സംസാരിക്കുവാനും വന്നു എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. അവൻ വന്നത് ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കുറിച്ച് യേശുവിനോട് ചോദിച്ചറിയുവാൻ ആണ്. ന്യായപ്രമാണങ്ങളെയും, ആചാരങ്ങളെയും വിശ്വാസ രീതികളെയും പഠിപ്പിക്കുന്ന ഒരു പണ്ഡിതൻ ആണ് നിക്കോദേമോസ്. പാപത്തിന്റെ പരിഹാരമായ യാഗങ്ങളെക്കുറിച്ച് അവന് അറിവ് ഉണ്ട്. ശുദ്ധീകരണത്തിനായി ചെയ്യേണ്ടത് എന്തെല്ലാമാണ് എന്നത് അവന് അറിയാം. ആത്മീയ മർമ്മങ്ങൾ വ്യാഖ്യാനിക്കുന്നതിൽ അവൻ ശ്രേഷ്ഠൻ ആണ്. എങ്കിലും, ഈ ആചാരങ്ങളും, പ്രവർത്തികളും, ദൈവരാജ്യത്തിൽ കടക്കുവാൻ സഹായിക്കുമോ എന്നതിൽ അവന് തീർച്ച പോരായിരുന്നു. അതിനാൽ ആണ് അവൻ യേശുവിനെ കാണുവാനായി വന്നത്.

 

യെഹൂദന്മാരുടെ പ്രമാണി    

 

നിക്കോദേമോസ് എന്നത് ഒരു യവന നാമമാണ്. “ജനങ്ങളെ ജയിച്ചവൻ” എന്നാണ് ഇതിന്റെ അർത്ഥം (conqueror of the people). അക്കാലത്തെ യഹൂദന്മാർ, അവർക്ക് യഹൂദ പേര് ഉള്ളപ്പോൾ തന്നെ മറ്റൊരു യവന, റോമൻ പേര് കൂടി സ്വീകരിക്കുമായിരുന്നു. ഇത് യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റ് ഭാഷകളുടെയും സംസ്കാരത്തിന്റെയും സ്വാധീനത്തിന്റെ തെളിവാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് അപ്പൊസ്തലനായ പൌലൊസിന്റെ പേര്. അദ്ദേഹത്തിന്റെ എബ്രായ പേര് ശൌൽ എന്നാണ്. പൌലൊസ് എന്നത് ഒരു റോമൻ പേരാണ്. അദ്ദേഹം റോമൻ പൌരത്വം ഉള്ള ഒരു യഹൂദനും, പരീശനും ആയിരുന്നു. നിക്കോദേമോസിന്റെ എബ്രായ പേര് എന്താണ് എന്നു നമുക്ക് അറിയുകയില്ല. യോഹന്നാൻ അദ്ദേഹത്തിന്റെ യവന നാമം ഇവിടെ പറയുന്നത് അദ്ദേഹം, യഹൂദ മതത്തിലും, യവന തത്വ ശാസ്ത്രത്തിലും പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു എന്നതിന്റെ സൂചനയാണ്.

 

നിക്കോദേമോസിന്റെ മൂന്നാമത്തെ സവിശേഷത, അദ്ദേഹം യെഹൂദന്മാരുടെ ഒരു പ്രമാണി ആയിരുന്നു എന്നതാണ്. യോഹന്നാൻ 7:50 ൽ നിന്നും അദ്ദേഹം ന്യായാധിപ സംഘത്തിലെ ഒരു അംഗമായിരുന്നു എന്നു മനസ്സിലാക്കാം. ന്യായാധിപ സംഘങ്ങൾ യഹൂദന്മാരുടെ ഇടയിൽ എല്ലാ ചെറിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന കോടതി ആയിരുന്നു. അതിൽ 70 അംഗങ്ങൾ ഉണ്ടായിരുന്നു. പരീശന്മാരും അതിൽ ഉണ്ടായിരുന്നു എങ്കിലും കൂടുതൽ പേരും സദൂക്യർ ആയിരുന്നു. പ്രാദേശികമായ ന്യായാധിപസഭകൾ (സംഘങ്ങൾ) ഒരു കീഴ് കോടതി പോലെ പ്രവർത്തിച്ചു. എന്നാൽ യെരൂശലേമിലെ ന്യായാധിപസഭ മേൽ കോടതി ആയിരുന്നു.

 

റോമൻ സാമ്രാജ്യ ഭരണകൂടം, എല്ലാ പ്രവിശ്യകളിലെയും ജനങ്ങൾക്ക് അവരവരുടെ ജീവിത രീതികളും, സംസ്കാരവും, ഭാഷയും, മതവും അനുസരിച്ച് ജീവിക്കുവാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു. എങ്കിലും യഹൂദ ന്യായാധിപ സംഘങ്ങളുടെ അധികാരം പരിമിതമായിരുന്നു. വധശിക്ഷ വിധിക്കുവാനുള്ള അവകാശം അവർക്ക് ഇല്ലായിരുന്നു. അതിനാൽ ആണ് യേശുക്രിസ്തു മതവിദ്വേഷകനാണ് എന്നും അവൻ മരിക്കേണം എന്നും ന്യായാധിപസഭ വിധിക്കുകയും, ശിക്ഷ നടപ്പിലാക്കുവാനായി റോമൻ ഭരണത്തലവനായ പീലാത്തോസിന്റെ അടുക്കൽ അവനെ കൊണ്ടുപോകുകയും ചെയ്തത്. യെരൂശലേമിലെ ന്യായാധിപസഭ, മശീഹ എന്ന അവകാശവാദവുമായി വരുന്നവരെ പരിശോധിക്കുകയും, അവരുടെ അവകാശ വാദം ശരിയാണോ, വ്യാജമാണോ എന്നു വിധിക്കുകയും ചെയ്യുമായിരുന്നു. ജനത്തെ ആരും തെറ്റിച്ച് കളയാതെയിരിക്കുവാൻ അവർ അതീവ ശ്രദ്ധയാലുക്കൽ ആയിരുന്നു.

 

നിക്കോദേമോസ് പരീശനും, ന്യായാധിപസഭയിലെ അംഗവും, പണ്ഡിതനും ആണ് എന്നതിനാൽ അദ്ദേഹത്തിന് പാപപരിഹാരത്തിനായുള്ള, മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള എല്ലാ ആചാരങ്ങളും യാഗങ്ങളും നല്ലതുപോലെ അറിയാമായിരുന്നു. ഇത് അദ്ദേഹവും യേശുക്രിസ്തുവും തമ്മിലുള്ള സംഭാഷണം ശരിയായി മനസ്സിലാക്കുവാൻ ആവശ്യമാണ്. ഈ സംഭാഷണത്തിൽ ഒരിക്കൽ യേശു അവനോടു ചോദിക്കുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 3:10 യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?   

 

ഈ ചോദ്യം യോഹന്നാൻ രേഖപ്പെടുത്തുന്നത് സംഭാഷണം അൽപ്പം മുന്നോട്ട് പോയതിന് ശേഷമാണ്. എന്നാൽ, ഈ ചോദ്യം അവരുടെ സംഭാഷണത്തിന്റെ ആരംഭം മുതൽ പ്രസക്തമാണ്. യേശുക്രിസ്തു സംസാരിച്ചത് യഹൂദ മത പ്രമാണങ്ങൾ എല്ലാം വ്യക്തമായി അറിയാമായിരുന്ന ഒരു പണ്ഡിതനോട് ആണ്. ആരാണ് യഥാർത്ഥ മശീഹ എന്നു ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരുന്ന ന്യായാധിപസഭയ്ക്ക്, യേശുക്രിസ്തു യഥാർത്ഥ മശീഹ ആണ് എന്നു തിരിച്ചറിയുവാൻ കഴിയേണ്ടതാണ്. അതിലെ അംഗങ്ങൾക്ക് ദൈവരാജ്യം എങ്ങനെ കൈവശമാക്കാം എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കേണം.

 

അതായത് യേശുവിന്റെ മുന്നിൽ നിലക്കുന്ന നിക്കോദേമോസ് എന്ന മനുഷ്യൻ, പരീശന്മാരുടെയും, ന്യായാധിപസഭയുടെയും, പണ്ഡിതന്മാരുടെയും, യഹൂദ സമൂഹത്തിന്റെയും, യഹൂദ മതത്തിന്റെയും പ്രതിനിധി ആണ്.   

 

 

യോഹന്നാൻ 3:2

 

യോഹന്നാൻ 3:2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

 

നിക്കോദേമോസ് എന്തുകൊണ്ടാണ് യേശുവിനെ കാണുവാൻ രാത്രിയിൽ വന്നത് എന്നതിനെക്കുറിച്ച് പല അനുമാനങ്ങളും ഉണ്ട്. യോഹന്നാൻ അതിനെക്കുറിച്ച് വിശദീകരണം നൽകുന്നില്ല. പകൽ യേശുക്രിസ്തു എപ്പോഴും ഒരു ജനകൂട്ടത്തിന്റെ മദ്ധ്യത്തിൽ ആയിരിക്കും. നിക്കോദേമോസ് ഒരു രഹസ്യ സന്ദർശനം ആയിരിക്കാം ആഗ്രഹിച്ചത്. സാധാരണായായി പരീശന്മാരും പണ്ഡിതന്മാരും ദൈവ വചനം പഠിക്കുവാൻ രാത്രി സമയം തിരഞ്ഞെടുക്കാറുണ്ട്. ശ്രദ്ധയെ മാറ്റിക്കളയുന്ന മറ്റ് കാര്യങ്ങൾ ഉണ്ടാകാതെ ഇരിക്കുവാൻ വേണ്ടിയാണിത്. ഇതിൽ ഏതെങ്കിലും ഒരു കാരണം കൊണ്ടായിരിക്കാം അദ്ദേഹം രാത്രിയിൽ യേശുവിനെ കാണുവാൻ വന്നത്. സമയം പ്രധാന്യമർഹിക്കുന്നില്ല എന്നതിനാൽ ആയിരിക്കാം യോഹന്നാൻ അതിനെക്കുറിച്ച് യാതൊന്നും വിശദമായി പറയാതെ ഇരുന്നത്.

 

“റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു” എന്നാണ് നിക്കോദേമോസ് യേശുവിനോടു പറഞ്ഞ ആദ്യ വാചകം. ഇതിലെ “ഞങ്ങൾ” ആരാണ് എന്നത് കൃത്യമായി നമ്മൾക്ക് അറിഞ്ഞുകൂടാ. അത് പരീശന്മാരിൽ ഒരു കൂട്ടമോ, പണ്ഡിതന്മാരിൽ ചിലരോ, ന്യായാധിപസഭയിലെ ചില വ്യക്തികളോ ആയിരിക്കാം. അവർ യേശു ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു വിശ്വസിച്ചു. എന്നാൽ ഇതും യോഹന്നാൻ വിശദീകരിക്കുന്നില്ല.

 

യഹൂദന്മാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മശീഹയാണ് യേശുക്രിസ്തു എന്നു നിക്കോദേമോസ് ഏറ്റുപറയുന്നില്ല. യേശു ദൈവം ജഡമായി തീർന്നതാണ് എന്നും അവൻ വിശ്വസിക്കുന്നുണ്ടായിരുന്നില്ല. 

 

യോഹന്നാൻ 1: 14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.


യോഹന്നാൻ പറയുന്ന ഈ സത്യം, യേശുവിനെ കാണുവാൻ വന്നപ്പോൾ നിക്കോദേമോസ് ഗ്രഹിച്ചിരുന്നില്ല. എന്നാൽ അവന്റെ വരവ്, യേശുക്രിസ്തുവിനോടുള്ള സകാരാത്മകമായ ഇച്ഛയാണ് (positive volition). യേശു ചെയ്ത അത്ഭുതങ്ങളെ മശീഹയുടെ അടയാളമായി അവൻ കണ്ടില്ല എങ്കിലും യേശുവിൽ എന്തോ ഒരു പ്രത്യേകത ഉണ്ട് എന്നു തിരിച്ചറിഞ്ഞു. ‘ദൈവം തന്നോടു കൂടെ” ഉണ്ട് എന്നത് വരെ അവന്റെ കാഴ്ചപ്പാട് മുന്നോട്ട് പോയി. മറ്റുള്ള റബ്ബിമാരിൽ വ്യത്യസ്തമായി യേശുവിന് ഒരു ആത്മീയ അധികാരം ഉണ്ടായിരുന്നു.

 

നിക്കോദേമോസിന്റെ ലക്ഷ്യം നല്ലതായിരുന്നു, എന്നാൽ അവൻ ആശയകുഴപ്പത്തിൽ വലഞ്ഞ ഒരു വേദപണ്ഡിതൻ ആയിരുന്നു. അവന്റെ കാഴ്ചപ്പാടിൽ വെളിച്ചം ലഭിക്കേണ്ടതിനായി അവൻ രാത്രിയിൽ യേശുവിനെ കാണുവാൻ വന്നു.


 

പുതുതായി ജനിക്കുക

 

യോഹന്നാൻ 3:3

 

യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.       

 

യേശുവിനെ കണ്ടപ്പോൾ നിക്കോദേമോസ് ചോദിച്ച ആദ്യത്തെ ചോദ്യം യോഹന്നാൻ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അതിന് യേശു കൊടുത്ത മറുപടി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്നും നമുക്ക് ചോദ്യം എന്തായിരുന്നു എന്നു അനുമാനിക്കാം. ചോദ്യം തീർച്ചയായും ദൈവരാജ്യത്തേക്കുറിച്ച് ആയിരിക്കേണം. അദ്ദേഹം ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നിരിക്കാം: “റബ്ബി, ഒരു മനുഷ്യന് എങ്ങനെ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയും?” ഈ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിയാണ് തുടർന്നുള്ള സുദീർഘമായ സംഭാഷണം. യേശുവിന്റെ മറുപടി ഇതായിരുന്നു, ആത്മീയമായി പുതുജനനം ഉണ്ടാകാതെ ആർക്കും ദൈവരാജ്യത്തിൽ കടക്കുവാൻ സാദ്ധ്യമല്ല.

 

എന്തുകൊണ്ടാണ് നിക്കോദേമോസ് ഈ ചോദ്യം യേശുവിനോട് ചോദിച്ചത്? ദൈവരാജ്യത്തേക്കുറിച്ചുള്ള അവന്റെ അന്നേവരെയുള്ള ധാരണകളിൽ അവന് നിശ്ചയം ഇല്ലായിരുന്നു. യേശുക്രിസ്തു വ്യത്യസ്തമായ ഒരു ഉപദേശം പഠിപ്പിക്കുന്നത് അവൻ കേട്ടു. അതിനാൽ ആർക്ക് ദൈവരാജ്യം കൈവശമാക്കുവാൻ കഴിയും എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കുവാൻ അവൻ തീരുമാനിച്ചു.

 

“പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു യേശു ഉത്തരം പറഞ്ഞപ്പോൾ അവൻ ദൈവരാജ്യം ദൂരെനിന്ന് കാണുന്നതിനെക്കുറിച്ചല്ല പറഞ്ഞത്. ഒരു പക്ഷെ, പുതിയതായി ജനിക്കുക, എന്നതാണ് ദൈവരാജ്യത്തിൽ കടക്കുവാനുള്ള കുറഞ്ഞ യോഗ്യത എന്ന ആശയമായിരിക്കാം യേശു ഉദ്ദേശിച്ചത്. 

 

യഹൂദന്മാർക്ക് ന്യായപ്രമാണവും, വായ്മൊഴി പ്രമാണങ്ങളും, അവയ്ക്കുള്ള റബ്ബിമാരുടെ വ്യാഖ്യാനങ്ങളും ഉണ്ട്. എന്നാൽ ദൈവരാജ്യത്തിൽ എങ്ങനെ കടക്കാം എന്നതിനെക്കുറിച്ച് നിശ്ചയം ഉണ്ടായിരുന്നില്ല. യേശുവിന്റെ മറുപടിയിൽ ദൈവരാജ്യത്തിൽ കടക്കുവാനുള്ള വഴി ന്യായപ്രമാണമോ, അതനുസരിച്ചുള്ള പ്രവർത്തികളോ അല്ല എന്ന ധ്വനി ഉണ്ട്. യേശു ആണ് ദൈവരാജ്യത്തിലേക്കുള്ള ഏക വഴി. ഈ വഴിയിലേക്ക് നയിക്കുവാൻ മാത്രമേ ന്യായപ്രമാണത്തിന് കഴിയൂ.

 

യോഹന്നാൻ 14:6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.          

 

സിനോപ്റ്റിക്ക് ഗൊസ്പെൽ (synoptic gospels) എന്നു അറിയപ്പെടുന്ന ആദ്യത്തെ മൂന്ന് സുവിശേഷ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെടുന്ന ഒരു ചരിത്രമാണ് സമ്പന്നനായ ഒരു യുവാവിന്റെ കഥ (മത്തായി 19:16–30, മർക്കോസ് 10:17–31, ലൂക്കോസ് 18:18–30). അവൻ യേശുവിനെ കാണുവാൻ വന്നു. “ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം” എന്നതായിരുന്നു അവന്റെ ചോദ്യം (മത്തായി 19:16). യേശു അവനോടു പറഞ്ഞു:

 

മത്തായി 19: 21 യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

 

ഈ പ്രസ്താവന കെട്ടുനിന്ന എല്ലാവർക്കും ഒരു ആശയകുഴപ്പം ഉണ്ടായി. ധനവാന്മാർക്ക് നിത്യജീവൻ പ്രാപിക്കുവാൻ കഴിയുക ഇല്ല എന്നാണോ യേശു പറയുന്നത്? ശിഷ്യന്മാർക്കും ഇത് പെട്ടന്ന് മനസ്സിലായില്ല. എന്നാൽ പത്രൊസ് യേശു പറഞ്ഞ മർമ്മം നന്നായി ഗ്രഹിച്ചു. അവൻ യേശുവിനോടു ചോദിച്ചു:

 

മത്തായി 19: 27 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.

 

പത്രൊസും മറ്റ് ശിഷ്യന്മാരും രണ്ട് കാര്യങ്ങൾ ചെയ്തു. അവർ ലോകത്തെയും, അവർക്കുണ്ടായിരുന്ന ഭൌതീക സമ്പത്തും ഉപേക്ഷിച്ചു. അവർ യേശുവിനെ അനുഗമിച്ചു. ഒരുവന് രണ്ട് യജമാന്മാരെ സേവിക്കുവാൻ സാധ്യമല്ല എന്നു അവർ മനസ്സിലാക്കി.

 

മത്തായി 6:24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

 

യാക്കോബ് 4:4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.        

 

ദൈവരാജ്യവും, നിത്യജീവനും, പ്രാപിക്കുന്നതിന്റെ രഹസ്യം ഈ ലോകത്തെയും അതിനുള്ളതിനെയും ഉപേക്ഷിക്കുക എന്നതും യേശുവിനെ അനുഗമിക്കുക എന്നതുമാണ്. പുതിയതായി ജനിക്കാത്ത ഒരുവനും ഇത് ചെയ്യുവാൻ സാദ്ധ്യമല്ല.

 

നിക്കോദേമോസിനോടുള്ള യേശുക്രിസ്തുവിന്റെ മറുപടി എല്ലാ യഹൂദ മത വിശ്വാസത്തെയും തകർക്കുന്നതായിരുന്നു. അബ്രാഹാമിന്റെ സന്തതികൾ ആയതിനാൽ അവർ ജന്മനാൽ ദൈവരാജ്യത്തിന് അവകാശികൾ ആണ് എന്ന വിശ്വാസത്തെയാണ് യേശു ഘണ്ഡിക്കുന്നത്. ഒരു മനുഷ്യന്റെ ജഡപ്രകാരമുള്ള ജനനം ദൈവരാജ്യത്തിൽ കടക്കുവാനുള്ള ഉറപ്പല്ല. ആത്മാവിൽ “വീണ്ടും ജനനം” പ്രാപിച്ചവർ മാത്രമേ ദൈവരാജ്യം കൈവശമാക്കൂ.

 

പരീശന്മാരുടെ വിശ്വാസം വ്യത്യസ്തം ആയിരുന്നു. യഹൂദന്മാർ അബ്രാഹാമിന്റെ സന്തതികൾ ആണ്. അവർ ന്യായപ്രമാണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. അതിനാൽ അവർ നിശ്ചയമായും ദൈവരാജ്യത്തിൽ കടക്കും. അവർ നല്ല പ്രവർത്തികളിലും, മത വിശ്വാസത്തിലും, ആചാരങ്ങളിലും, ശരീര ശുദ്ധീകരണത്തിലും, ഉപവാസത്തിലും, പ്രാർത്ഥനയിലും ആശ്രയിച്ചു. എന്നാൽ യേശു ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഉപദേശം പ്രസംഗിച്ചു. അവൻ പരീശന്മാരുടെ ഉപദേശങ്ങളെയും പ്രവർത്തികളെയും തള്ളിപ്പറഞ്ഞു. പരീശന്മാരുടെ ഉപവാസവും പ്രാർത്ഥനയും പൊള്ളയാണ് എന്നു പരസ്യമായി വിളിച്ചു പറഞ്ഞു. അവൻ പറഞ്ഞു, അവനാണ് ദൈവരാജ്യത്തിലേക്കുള്ള ഏക മാർഗ്ഗം. അവനിൽ വിശ്വാസിക്കുന്നതാണ് ഏക വഴി. യേശുവിന്റെ ഈ പുതിയ ഉപദേശത്തിന്റെ സാധുതയും സത്യവും നേരിട്ട് മനസ്സിലാക്കുവാനാണ് നിക്കോദേമോസ് അവനെ കാണുവാൻ വന്നത്.    

 

വീണ്ടും ജനനം

 

യോഹന്നാൻ 3:3 ൽ “പുതുതായി ജനിക്കുക” എന്നതിലെ “ജനിക്കുക” എന്ന വാക്കിന്റെ ഗ്രീക്ക് പദം “ഗെന്നാഒ” എന്നാണ് (gennao). ഇതിന്റെ അർത്ഥം, ജനിപ്പിക്കുക, ജനിക്കുക, എന്നിങ്ങനെയാണ്. ഒരുവൻ മറ്റൊരുവനെ അവന്റെ വിശ്വാസ മാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് പറയുവാനും യഹൂദന്മാർ ഈ പദം ഉപയോഗിച്ചിരുന്നു. “പുതുതായി” എന്നതിന്റെ ഗ്രീക്ക് പദം “അനോതൻ” എന്നാണ് (anothen). ഈ വാക്കിന് വീണ്ടും, പുതുതായി, ഉയരത്തിൽ നിന്നും, എന്നിങ്ങനെ അർത്ഥമുണ്ട്. അങ്ങനെയാണ് മലയാളത്തിൽ “പുതുതായി ജനിക്കുക” എന്ന പദ സമുച്ചയം നമ്മൾ ഉപയോഗിക്കുന്നത്.

 

എന്നാൽ യേശു ഉദ്ദേശിച്ച അർത്ഥം പൂർണമായി ഉൾക്കൊള്ളുവാൻ “ഉയരത്തിൽ നിന്നും വീണ്ടും ജനിക്കുക” എന്ന പരിഭാഷ ആയിരിക്കും നല്ലത്. ഇതിനെ പല വേദ പണ്ഡിതന്മാരും പിന്തുണയ്ക്കുന്നു. ഒരു മനുഷ്യന്‍ പുതിയതായി ജനിക്കുന്നതാണ് വീണ്ടും ജനനം. അത് ഉയരത്തില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ ആണ്.

 

കിങ്സ് ജയിംസ് വേർഷൻ, ഇംഗ്ലീഷ് സ്റ്റാൻഡേർഡ് വേർഷൻ, ന്യൂ ഇന്റർനാഷനൽ വേർഷൻ എന്നിവയിൽ “വീണ്ടും ജനനം” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ന്യൂ റിവൈസ്ഡ് സ്റ്റാൻഡേർഡ് വേർഷൻ, യങ്സ് ലിറ്ററൽ ട്രാൻസ്ലേഷൻ എന്നിവയിൽ “ഉയരത്തിൽ നിന്നും ജനിക്കുക” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “പുതുതായി ജനിക്കുക” എന്നൊരു അടിക്കുറിപ്പും അവർ നല്കിയിട്ടുണ്ട്. (The King James Version, the English Standard Version, and the New International Version, New Revised Standard Version, Young's Literal Translation)

 

ഇതിന്റെ അടിസ്ഥാനത്തിൽ യോഹന്നാൻ 3:3 നെ നമുക്ക് ഇങ്ങനെ പരിഭാഷപ്പെടുത്താം:

 

യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി “വീണ്ടും ഉയരത്തിൽ നിന്നും ജനിച്ചില്ല” എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.       

 

വീണ്ടും ജനനം എന്നതിന്റെ ദൈവശാസ്ത്രപ്രകാരമുള്ള മറ്റൊരു വാക്കാണ് “പുനരുജ്ജീവനം” എന്നത് (regeneration). ഇത് സന്മാർഗ്ഗീകമായോ, മതപരമായോ ഒരുവനിൽ ഉണ്ടാകുന്ന മാറ്റമല്ല. ഇത് ഒരുവനിൽ ഒരു പുതിയ ജീവൻ ഉണ്ടാകുന്നതാണ് (not a new way of living but a new life). ഇത് നിത്യമായ ജീവിതത്തിലേക്കും ദൈവരാജ്യത്തിലേക്കുമുള്ള പുതിയ ജനനം ആണ്.

 

വീണ്ടും ജനനം എന്നത് ഒരു മനുഷ്യന്റെ ആത്മീയമായ പുതുജനനം ആണ്. അത് മനുഷ്യന്റെ ആത്മാവിന്‍റെ പുനര്‍ജ്ജനനം ആണ്. വീണ്ടും ജനനം ശാരീരികമായ ജനനം അല്ല, ശാരീരികമായ പുതുക്കവും അല്ല. വീണ്ടും ജനനത്തില്‍ ഒരു മനുഷ്യന്‍റെ ആത്മാവും മനസ്സും ദൈവത്തിന്റെ ആത്മാവിനാല്‍ പുനര്‍ജ്ജനിക്കുക ആണ്. അതായത് അവന്റെ വ്യക്തിത്വവും ഇശ്ചാശക്തിയും സമ്പൂര്‍ണ്ണമായും പുതിയതായി തീരുന്നു. വീണ്ടും ജനനം പ്രാപിച്ചവന്റെ ചിന്താരീതികളും വികാരങ്ങളും തിരഞ്ഞെടുപ്പുകളും എല്ലാം ദൈവാത്മാവിനാല്‍ നിയന്ത്രിതം ആയിരിക്കും.

 

വീണ്ടും ജനനം, ഒരുവന്റെ ജീവിത ശൈലിക്ക് മാറ്റങ്ങൾ വരുത്തി എടുക്കുന്നതല്ല. പുതിയ ചില തീരുമാനങ്ങളോ, അറിവോ, പ്രവർത്തികളോ വീണ്ടും ജനനം സാധ്യമാക്കുകയില്ല. കൂടുതൽ നല്ലവരായി ജീവിക്കുവാനുള്ള പരിശീലനം നമ്മളെ പുതിയതായി ജനിച്ചവർ ആക്കുക ഇല്ല. വീണ്ടും ജനനം, ദൈവം ഒരുവനിൽ നിത്യ ജീവൻ പകരുന്ന സ്വർഗ്ഗീയ പ്രവർത്തിയാണ്. ഇതിൽ പാപത്തേക്കുറിച്ചുള്ള പശ്ചാത്താപവും, മാനസാന്തരവും, പാപക്ഷമയും ഉണ്ട്. വീണ്ടും ജനനത്തെ സാധ്യമാക്കുന്നത് ഒരുവനെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലുകൾ ആണ്.  

 

അതിനാല്‍ തന്നെ മതപരമായ ആചാരങ്ങളിലൂടെയോ, ചടങ്ങുകളിലൂടെയോ, പാരമ്പര്യ വിശ്വാസങ്ങളിലൂടെയോ ആര്‍ക്കും വീണ്ടും ജനനം പ്രാപിക്കുവാന്‍ സാധ്യമല്ല. വീണ്ടും ജനനം നമുക്ക് നമ്മളുടെ മാതാപിതാക്കന്മാരില്‍ നിന്നും പാരമ്പര്യമായി പ്രാപിക്കുവാന്‍ സാധ്യമല്ല. നമ്മളുടെ മാതാപിതാക്കന്മാര്‍ ഒരു പക്ഷെ വളരെ നല്ല ആത്മീയര്‍ ആയിരിക്കാം. പക്ഷെ അവരില്‍ നിന്നും നമുക്ക് വീണ്ടും ജനനം പാരമ്പര്യ അവകാശമായി പ്രാപിക്കുവാന്‍ കഴിയുക ഇല്ല. വീണ്ടും ജനനം തികച്ചും വ്യക്തിപരമായ ഒരു തീരുമാനവും തിരഞ്ഞെടുപ്പും ആണ്.

 

വീണ്ടും ജനനവും അതിനാലുള്ള രക്ഷയും ദൈവത്തിന്റെ ദാനമാണ്, അത് ദൈവകൃപയാല്‍ നമുക്ക് ലഭിക്കുന്നു, വിശ്വാസത്താല്‍ നമ്മള്‍ അത് പ്രാപിക്കുന്നു. മനുഷ്യന്റെ ഒരു പ്രവര്‍ത്തിക്കും രക്ഷയെ സാധ്യമാക്കുവാന്‍ കഴിയുക ഇല്ല.

 

തീത്തൊസ് 3:5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

   

യേശുവില്‍ വിശ്വസിക്കുന്ന ഒരു മനുഷ്യന് നിത്യജീവന്‍ നല്‍കുന്ന ഒരു ദൈവീക പ്രവര്‍ത്തി ആണ് വീണ്ടും ജനനം. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നല്ലവനായ ഒരു മനുഷ്യന്‍ ആയിതീരുന്നതോ, ഒരു പുതിയ തത്വശാസ്ത്ര പ്രകാരം വ്യത്യസ്തമായ ഒരു ജീവിതം ആരംഭിക്കുന്നതോ വീണ്ടും ജനനം അല്ല. നമ്മളുടെ ഏറ്റവും നല്ല പ്രവര്‍ത്തികള്‍ പോലും ദൈവ മുമ്പാകെ കറപുരണ്ട തുണിപോലെ ആണ്. (യെശയ്യാവ് 64:6). വീണ്ടും ജനനം എന്നത് ഭൌതീകമായ മാറ്റങ്ങള്‍ അല്ല, ആത്മീയമായ രൂപാന്തരം ആണ്.

 

അതായത്, നിത്യജീവൻ പ്രാപിക്കുവാനും ദൈവരാജ്യത്തിൽ കടക്കുവാനും നിക്കോദേമോസിന് ന്യായപ്രമാണത്തേക്കാൾ അധികമായി മറ്റൊന്ന് ആവശ്യമാണ്. അവൻ പുതിയതായി, ഉയരത്തിൽ നിന്നും, വീണ്ടും ജനനം പ്രാപിക്കേണം.

 

യോഹന്നാൻ 3:4

 

യോഹന്നാൻ 3:4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 

 

വീണ്ടും ജനിക്കേണം എന്ന യേശുക്രിസ്തുവിന്റെ പുതിയ ഉപദേശം ഗ്രഹിക്കുവാൻ നിക്കോദേമോസിന് പ്രയാസം തോന്നി. ശാരീരികമായ ജനനത്തെക്കുറിച്ചല്ലാതെ മറ്റൊരു ജനനത്തെക്കുറിച്ച് ചിന്തിക്കുവാൻ അവന് കഴിഞ്ഞില്ല. ഒരുവൻ ജനിച്ചു കഴിഞ്ഞാൽ, അവന് വീണ്ടും ശാരീരികമായി വീണ്ടും ജനിക്കുക സാദ്ധ്യമല്ല. അദ്ദേഹം യേശുവിന്റെ ഉപദേശത്തിൽ വല്ലാതെ ആശയക്കുഴപ്പത്തിൽ ആയി.

 

അബ്രാഹാമിന്റെ സന്തതിയായി ജഡപ്രകാരം ജനിക്കുക എന്നതാണ് ദൈവരാജ്യം കൈവശ്യമാക്കുവാനുള്ള മാർഗ്ഗം എന്നാണ് അവൻ ഇതുവരെയും വിശ്വസിച്ചിരുന്നത്. എല്ലാ യഹൂദന്മാരും ഇപ്രകാരം ജനിച്ചവർ ആണ്. അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണ്. ആത്മാവിൽ വീണ്ടും പുതുക്കം പ്രാപിക്കുക എന്നത് അവരുടെ വിശ്വാസത്തിൽ ഇല്ല. അവർ ഇപ്പോൾ കാത്തിരിക്കുന്നത് മശീഹയുടെ വരവിനെയാണ്.  അവൻ അവർക്കായി ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കും.

 

യോഹന്നാൻ 3:5-7

 

യേശുവിന്റെ പുതിയ ഉപദേശത്തിൽ സ്തബ്ദനായി നിലക്കുന്ന നിക്കോദേമോസിനോട് അതേ ആശയം യേശു വീണ്ടും പറഞ്ഞു:

 

യോഹന്നാൻ 3:5-7

5    അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6    ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

7    നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

 

ഇത് 3 ആം വാക്യത്തിൽ പറയുന്ന, “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നതിന്റെ ആവർത്തനമാണ്. ഇതൊരു വ്യത്യസ്തമായ ഉപദേശം അല്ല. എന്നാൽ “കാണ്മാൻ ആർക്കും കഴിയകയില്ല” എന്നത് ഇവിടെ “കടപ്പാൻ ആർക്കും കഴികയില്ല” എന്നു കൂടുതൽ വ്യക്തമായിട്ടുണ്ട്. ഇതിൽ ആശയത്തിന് വലിയ വ്യത്യാസമില്ല.

 

“വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല” എന്ന വാക്കുകളെക്കുറിച്ച് വേദപണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തങ്ങൾ ആയ അഭിപ്രായം ഉണ്ട്. യോഹന്നാൻ ഈ വാക്കുകളിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്നു കൃത്യമായി വിശദീകരിച്ചിട്ടില്ല. അതിനാൽ തന്നെ മുകളിൽ പറഞ്ഞ “പുതിയതായി ജനിക്കുക” എന്ന ആശയം തന്നെ ഇവിടെയും ആവർത്തിക്കുക ആയിരുന്നു എന്നു കരുതാം.

 

എങ്കിലും വ്യത്യസ്തങ്ങൾ ആയ ചിന്തകളിൽ ചിലത് നമുക്ക് ഇവിടെ പരിശോധിക്കാം. ചില പണ്ഡിതന്മാർ, വെള്ളാത്തലുള്ള ജനനം, ക്രിസ്തീയ സ്നാനം ആണ് എന്നു കരുതുന്നു. എന്നാൽ നിക്കോദേമോസിനോടുള്ള സംഭാഷണത്തിൽ ഒരിടത്തുപോലും യേശുക്രിസ്തു സ്നാനത്തെക്കുറിച്ച് പരമാർശിക്കുന്നില്ല. സ്നാനം ഇവിടെ ഒരു വിഷയമല്ല. വീണ്ടും ജനനം പ്രാപിക്കുന്നതിന് സ്നാനം ഒരു മാർഗ്ഗമാണ് എന്നു യേശുവോ അപ്പൊസ്തലന്മാരോ പ്രസംഗിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. യേശു പറഞ്ഞ വീണ്ടും ജനനം പരിശുദ്ധാത്മാവിനാൽ ഉളവാകുന്ന പുനരുജ്ജീവനം ആണ്. യേശു ഇത് പറയുമ്പോൾ ക്രിസ്തീയ സ്നാനം അതിന്റെ ശരിയായ അർത്ഥത്തിൽ ക്രമീകരിക്കപ്പെട്ടിരുന്നില്ല. യേശുക്രിസ്തുവിന്റെ മരണം, അടക്കം, ഉയിർപ്പ് എന്നിവയോടുള്ള ഏകീഭവിക്കൽ ആണ് ക്രിസ്തീയ സ്നാനം. ഇത് അവന്റെ ക്രൂശ് മരണത്തിന് ശേഷമേ നിലവിൽ വന്നുള്ളൂ.

 

വെള്ളാത്തലുള്ള ജനനം ദൈവ വചനത്താലുള്ള പുതുക്കം ആണ് എന്നു ചിലർ കരുതുന്നു.

 

എഫെസ്യര്‍ 5:26 അവൻ (ക്രിസ്തു) അവളെ (സഭയെ) വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

 

ഇവിടെ ദൈവ വചനം ശുദ്ധീകരിക്കുന്ന വെള്ളമാണ്. ഇവിടെ ജലത്താലുള്ള സ്നാനവും വചനത്താലുള്ള സ്നാനവും ഒന്നായി കാണുന്നു. അതായത് ജലത്താലുള്ള സ്നാനം ദൈവ വചനത്താലുള്ള സ്നാനത്തിന്റെ മാര്‍മ്മികമായ അടയാളം ആണ്.

 

യേശുക്രിസ്തു പലപ്പോഴും വെള്ളത്തെ, പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുവാനായി ഉപയോഗിച്ചിട്ടുണ്ട്.

 

യോഹന്നാൻ 7:37-39

37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.

38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.

39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.

 

യോഹന്നാൻ 4:14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.

 

നിക്കോദേമോസിന്റെ പഴയനിയമ ന്യായപ്രമാണങ്ങളുടെ പശ്ചാത്തലം വച്ച് മനസ്സിലാക്കിയാൽ, യേശു പറഞ്ഞ വാക്കിനെ നമുക്ക് യെഹേസ്കേൽ ന്റെ പ്രവചനത്തോട് ചേർത്ത് വായിക്കുവാൻ കഴിയും. ഇത് ഒരു പുതിയ ഉടമ്പടി ഉറപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനം ആണ്.   

 

യെഹേസ്കേൽ 36:24-28

24 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.

25 ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.

26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.

27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.

28 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.

 

നിക്കോദേമോസിന് ഈ വാക്യങ്ങൾ സുപരിചിതമാണ്. പരീശന്മാരുടെ വിശ്വാസം അനുസരിച്ച്, സ്വന്ത ദേശത്തേക്കുള്ള യഹൂദന്മാരുടെ മടങ്ങി വരവ് നിവർത്തിക്കപ്പെട്ടു കഴിഞ്ഞു. ബാബേൽ പ്രവാസത്തിൽ നിന്നും അവർക്ക് മടങ്ങി വരുവാൻ കഴിഞ്ഞു. അവരുടെ ഇടയിൽ ഒരു പുതിയ ആത്മീയ ഉണർവ്വ് ഉണ്ടായി. ന്യായപ്രമാണങ്ങളുടെ അനുസരണത്തിലേക്ക് അവർ തിരിഞ്ഞു. അതിനാൽ അവർക്ക് ദൈവത്തിന്റെ ആത്മാവിനെ ലഭിച്ചു. ഇനിയും സംഭവിക്കുവാനുള്ളത്, മശീഹയുടെ വരവും ദൈവരാജ്യത്തിന്റെ സ്ഥാപനവും മാത്രമാണ്.

 

യേശുവും നിക്കോദേമോസും തമ്മിലുള്ള സംഭാഷണം പുരോഗമിക്കുമ്പോൾ, പഴയനിയമത്തിലെ മറ്റ് ചില ദൈവവചനം യേശു വിശദീകരിക്കുന്നുണ്ട്. അവൻ നിക്കോദേമോസിനോട് ഇങ്ങനെ ചോദിക്കുന്നുമുണ്ട്:

 

യോഹന്നാൻ 3:10 യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?  

 

പഴയനിയമ പ്രവചനങ്ങളും മർമ്മികമായ വേദഭാഗങ്ങളും നല്ലതുപോലെ അറിയാവുന്ന നിക്കോദേമോസിനോട് ആണ് യേശു വെള്ളത്താലുള്ള പുതുജനനത്തെക്കുറിച്ച് പറഞ്ഞത്. അതിനാൽ യേശു പഴയനിയമ  പ്രവചനങ്ങളേയും മർമ്മങ്ങളെയും ആണ് സൂചിപ്പിച്ചത്. ഇതാണ് ചില വേദ പണ്ഡിതന്മാരുടെ അഭിപ്രായം.

 

വെള്ളാത്തലുള്ള ജനനം എന്നത് യഹൂദ മതത്തിന്റെ ആചാരമനുസരിച്ചുള്ള ശാരീരിക ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു എന്നൊരു അഭിപ്രായം ഉണ്ട്. ഇത്തരം ശുദ്ധീകരണം എപ്പോൾ, എവിടെ ചെയ്യേണം എന്നു നിക്കോദേമോസിന് അറിയാം. ഇതിന്റെ ആത്മീയ മർമ്മം എന്താണ് എന്നും അദ്ദേഹത്തിന് അറിയാം.   

 

പഴയനിയമ വ്യവസ്ഥ പ്രകാരം ഒരു യഹൂദന്‍ വിവധ കാരണങ്ങളാല്‍ അശുദ്ധന്‍ ആയി തീരും. അങ്ങനെ അശുദ്ധന്‍ ആയി തീര്‍ന്നാല്‍ അവന്‍ തന്നെത്തന്നെ വെള്ളത്താല്‍ കഴുകുകയും അവന്റെ വസ്ത്രം അലക്കി വെടിപ്പാകുകയും വേണം. സൂര്യന്‍ അസ്തമിക്കുന്നതുവരെയോ, ചില ദിവസങ്ങളോളമോ അവന്‍ സ്വന്ത ഭവനത്തില്‍ പ്രവേശിക്കാതെ കഴിയുകയും വേണം. വെള്ളത്താലുള്ള ശുദ്ധീകരണത്തിനു ശേഷം അവന്‍ ശുദ്ധന്‍ ആകും.

 

ഇത്തരം ശുദ്ധീകരണം ശരീരത്തിന് പുറത്തു ചെയ്യുന്നതാണ് എങ്കിലും അതിന്‍റെ ആത്മീയ മര്‍മ്മം ആ വ്യക്തിയുടെ ഉള്ളിലെ മനുഷ്യന്റെ ശുദ്ധീകരണം ആയിരുന്നു. ഒരിക്കല്‍ അശുദ്ധനായി തീര്‍ന്ന ഒരു മനുഷ്യന്റെ ആത്മാവിന്റെ ശുദ്ധീകരണം എന്ന മര്‍മ്മം ഇവിടെ മറഞ്ഞിരിക്കുന്നുണ്ട്. ഈ മര്‍മ്മം പരീശനായ ഒരു യഹൂദ പ്രമാണി അറിഞ്ഞിരിക്കേണ്ടതാണ്.

 

ജാതീയ വിശ്വാസത്തില്‍ ഉള്ളവര്‍ യഹൂദ വിശ്വാസം സ്വീകരിച്ച് യഹൂദന്‍ ആയി മാറുന്നത് അപൂര്‍വ്വം ആയിരുന്നു എങ്കിലും സംഭവ്യം ആയിരുന്നു. രാഹാബും, രൂത്തും, ഇങ്ങനെ യഹൂദ മതം സ്വീകരിച്ചവര്‍ ആണ്. ഇപ്രകാരം യഹൂദ മതം സ്വീകരിക്കുന്ന ജാതീയ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയും, പഴയ ജാതീയ മനുഷ്യനെ കഴുകി കളയുവാനായി വെള്ളത്തില്‍ സ്നാനപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഇവിടെയും വെള്ളത്താലുള്ള കഴുകല്‍ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ പ്രാപിക്കുന്നതിന്റെ പ്രത്യക്ഷമായ അടയാളം ആണ്. വെള്ളത്താല്‍ അവന്‍ പുതിയതായി ജനിക്കുക ആണ്. അതായത്, പഴയ മനുഷ്യന്റെ മരണവും പുതിയ മനുഷ്യന്റെ ജനനവും എന്ന ആത്മീയ മര്‍മ്മം വെള്ളത്താലുള്ള കഴുകലില്‍ മറഞ്ഞിരിക്കുന്നു.

 

പഴയനിയമം ജഡപ്രകാരമുള്ള ആചാരങ്ങളില്‍ നില്‍ക്കുമ്പോള്‍ പുതിയ നിയമവിശ്വാസം ജഡത്തിന്റെ ഉള്ളിലേക്ക് ആത്മാവിലേക്ക് ഇറങ്ങുന്നു. പഴയ നിയമ വിശ്വാസികളും, ജഡപ്രകാരമുള്ള ആചാരങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും, അതിന്റെ ആത്മീയ മര്‍മ്മം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യേണമായിരുന്നു. എന്നാല്‍ അവരില്‍ ഭൂരിപക്ഷവും അതില്‍ പരാജയപ്പെട്ടു. അതിനാല്‍ അവര്‍ക്ക് ആത്മീയമായി വീണ്ടും ജനിക്കുവാനോ, യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം ഗ്രഹിക്കുവാനോ കഴിഞ്ഞില്ല.

 

പഴയനിയമ ന്യായപ്രമാണ പ്രകാരമുള്ള ആചാരങ്ങളിലെ ആത്മീയ മർമ്മങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു യേശു പറഞ്ഞു, വീണ്ടും ജനനം പ്രാപിച്ചില്ല എങ്കിൽ ആരും ദൈവരാജ്യത്തിൽ കടക്കുകയില്ല. വീണ്ടും ജനനം പ്രാപിക്കുവാൻ ഒരുവൻ പഴയ മനുഷ്യനെ ഉപേക്ഷിക്കേണം, പുതിയ മനുഷ്യനെ സ്വീകരിക്കേണം. ഇത് പരിശുദ്ധാത്മാവിനാൽ മാത്രം സംഭവിക്കുന്ന ഒരു പുനർജ്ജനനം ആണ്. ഇതിനായി യേശുക്രിസ്തുവിൽ വിശ്വസിക്കേണം.

 

ഇതിനോട് സാമ്യമുള്ള സന്ദേശമാണ് സ്നാപക യോഹന്നാനും പ്രസംഗിച്ചത്.

 

മത്തായി 3:2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.  

 

പുനരുജ്ജീവനം സാധ്യമാക്കുന്ന മാനസന്തരത്തെക്കുറിച്ചാണ് യോഹന്നാൻ പ്രസംഗിച്ചത്. ഇപ്രകാരം പുനർജ്ജനിക്കുന്ന എല്ലാവരെയും യോഹന്നാൻ സ്നാനപ്പെടുത്തി. യോഹന്നാന്റെ പ്രസംഗവും നിക്കോദേമോസ് കേട്ടിരുന്നു. 

 

ലൂക്കോസ് 3:3 അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

 

“വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല” എന്നു യേശുക്രിസ്തു പറഞ്ഞതിന്റെ ശരിയായ വ്യാഖ്യാനം വെള്ളത്താലുള്ള ജനനവും ആത്മാവിനാൽ ജനനവും അർത്ഥത്തിലും, പൊരുളിലും, പ്രയോഗികമായും, ഒന്നുതന്നെയാണ്. വെള്ളം യേശുക്രിസ്തുവിന് ആത്മാവിന്റെയും നിത്യജീവന്റെയും അടയാളമാണ്.

 

യോഹന്നാൻ 7:38, 39

38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.

39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.  

 

വെള്ളത്താലും ആത്മാവിനാലും ഉള്ള ജനനത്തെക്കുറിച്ച് പലവിധ വ്യാഖ്യാനങ്ങൾ ഉണ്ട് എങ്കിലും, അതിന്റെ എല്ലാം അർത്ഥം ഒന്നുതന്നെയാണ്. പുതിയ ഒരു ജനനം ദൈവരാജ്യം കൈവശമാക്കുവാൻ ആവശ്യമാണ്. ഇത് പരിശുദ്ധാത്മാവിനാൽ, സ്വർഗ്ഗത്തിൽ നിന്നും സംഭവിക്കേണം. ഇത് മതാചാര പ്രകാരമുള്ള ചടങ്ങുകളിലൂടെയോ, മനുഷ്യരുടെ നല്ല പ്രവർത്തികളിലൂടെയോ പ്രാപിക്കുവാൻ സാദ്ധ്യമല്ല. ഈ ആശയം യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുടെ കേന്ദ്രമാണ്.

 

യോഹന്നാൻ 3:6, 7

6    ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

7    നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.     

 

“ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” അതിനാൽ ഒരുവനും സ്വയം വീണ്ടും ജനിക്കുവാൻ സാദ്ധ്യമല്ല. അവന് വീണ്ടും ജനിക്കുവാൻ പരിശുദ്ധാത്മാവിന്റെ പരിവർത്തനം ആവശ്യമാണ്. ഇത് അവന്റെ നിയന്ത്രണത്തിന് വെളിയിൽ സംഭവിക്കുന്ന പ്രവർത്തനമാണ്. ആചാര അനുഷ്ഠാനങ്ങൾക്ക് ഇത് സംഭവിപ്പിക്കുവാൻ സാദ്ധ്യമല്ല.

 

വീണ്ടും ജനനം എന്നത് ശാരീരികവും, ഭൌതീകവും, സന്മാർഗ്ഗീകവുമായ മാറ്റം അല്ല, അത് ന്യായപ്രമാണത്തിന്റെ അനുസരണം അല്ല. വീണ്ടും ജനനം ശാരീരികമായ ഒരു ജനനം അല്ല. അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ഒരുവനിൽ ഉണ്ടാകുന്ന സമൂലമായ മാറ്റമാണ്. ഈ മാറ്റം ഉയരത്തിൽ നിന്നും സംഭവിക്കേണം.

 

യഹൂദന്മാര്‍ അവരുടെ മശിഹയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കാലമായിരുന്നു അത്. അവരുടെ സങ്കല്‍പ്പത്തിലെ മശിഹ ഒരു പ്രവാചകനും, രാക്ഷട്രീയ നേതാവും, ഭൌതീക തലത്തില്‍ രാജാവും, ആയിരുന്നു. അദ്ദേഹത്തിനു ഭൌതീകമായ ഒരു രാജ്യം ഉണ്ടായിരിക്കും. അത് യഹൂദ ദേശത്ത്‌ സ്ഥാപിക്കപ്പെടും. യഹൂദന്മാരുടെ ശത്രുക്കളെ അദ്ദേഹം തോല്‍പ്പിച്ച്, ദൈവം അബ്രഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദത്തം ചെയ്ത ദേശമെല്ലാം പിടിച്ചടക്കും. എന്നാല്‍ യേശു അവര്‍ പ്രതീക്ഷിച്ച മശീഹ ആയിരുന്നില്ല.

 

യേശു എന്ന മശീഹയും അവൻ പ്രസംഗിച്ച ദൈവരാജ്യവും യഹൂദന്മാർ പ്രതീക്ഷിച്ചത് ആയിരുന്നില്ല. യഹൂദന്മാരുടെ സങ്കൽപ്പങ്ങളെ യേശു വ്യത്യാസപ്പെടുത്തി. അവരുടെ വ്യാഖ്യാനങ്ങളെ യേശു പുനര്‍ വ്യാഖ്യാനിച്ചു. യേശു പ്രസംഗിച്ച ദൈവരാജ്യം ഒരു ഭൌതീക രാജ്യം അല്ല, അതൊരു ആത്മീയ രാജ്യം ആണ്. അവിടെ ആത്മാവിനാൽ ജനിച്ചവർ മാത്രമേ പ്രവേശിക്കുകയുള്ളൂ. അതിനാൽ ജഡപ്രകാരമുള്ള അബ്രാഹാമിന്റെ സന്തതി എന്ന പരമ്പര്യത്താൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാദ്ധ്യമല്ല. വിശ്വാസ പ്രകാരം അബ്രാഹാമിന്റെ സന്തതിയായി തീർന്ന, വീണ്ടും ജനനം പ്രാപിച്ച, പരിശുദ്ധാത്മാവിനാൽ പുതിയതായി ജനിച്ചവർ മാത്രം ദൈവരാജ്യത്തിൽ പ്രവേശിക്കും.

 

യേശുവിന്‍റെ വാദം യുക്തിഭദ്രവും വ്യക്തവും ആണ്. എന്നാല്‍ നിക്കോദേമൊസിനെ സംബന്ധിച്ചിടത്തോളവും അത് സമൂലവും, തീവ്രവും, മത പ്രമാണങ്ങളെ ഇളക്കിമറിക്കുന്നതും ആണ്. യേശുവിന്‍റെ ഉപദേശം സ്വീകരിക്കുക എന്നത് മശീഹയെക്കുറിച്ചും ദൈവരാജ്യത്തെ കുറിച്ചും ഇന്നേവരെയുള്ള ഉള്ള അദ്ദേഹത്തിന്‍റെ എല്ലാ ചിന്തകളേയും പഠിപ്പിക്കലുകളെയും ഉപേക്ഷിക്കുക എന്നതാണ്. ഇവിടെ നിക്കോദേമൊസ് ഗൌരവമായ ഒരു പ്രതിസന്ധിയില്‍ ആണ്. അവനു യേശുവിനോടൊപ്പം നില്‍ക്കുവാന്‍ കഴിയുമോ എന്നതാണ് ചോദ്യം. ഈ പുതിയ വെളിപ്പാട് അവനു സ്വീകരിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അവനു വീണ്ടും ജനനം പ്രാപിക്കുവാന്‍ കഴിയൂ.

 

യോഹന്നാൻ 3:8

 

ഇത്രയും വിശദമായി പറഞ്ഞിട്ടും വീണ്ടും ജനനം എങ്ങനെ സംഭവിക്കും എന്ന് നിക്കോദേമൊസിന് മനസ്സിലായില്ല.ഇതു എങ്ങനെ സംഭവിക്കുംഎന്ന അദ്ദേഹത്തിന്റെ ചോദ്യം യോഹന്നാൻ 9 ആം വാക്യത്തിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ ഉത്തരമാണ് 8 ആം വാക്യത്തിൽ ഉള്ളത്.

 

നിക്കോദേമോസ് ചോദിക്കുന്നത് എങ്ങനെയാണ് പരിശുദ്ധാത്മാവ് ഒരുവന്റെ ആത്മാവിന് പുതുജീവൻ നല്കുന്നത് എന്നാണ്. വീണ്ടും ജനനം എന്ന പ്രക്രിയ ഒരുവനിൽ എങ്ങനെയാണ് സംഭവിക്കുന്നത്. എന്നാൽ പുതുജ്ജീവൻ പ്രാപിക്കുക എന്നതിന്റെ ആന്തരിക പ്രക്രിയ മാർമ്മികം ആയതിനാൽ യേശുക്രിസ്തു അത് വിശദീകരിച്ചില്ല. എങ്കിലും, വീണ്ടും ജനനം സംഭവിച്ചത്തിന്റെ അടയാളങ്ങൾ ഒരുവനിൽ ദൃശ്യമായിരിക്കും എന്നു യേശു പറഞ്ഞു. അവന്റെ ആന്തരിക പുതുക്കത്തിന് ബാഹ്യമായ ഫലങ്ങൾ ഉണ്ടാകും. ഈ മർമ്മം വിശദീകരിക്കുവാനായി യേശു, പ്രകൃതിയിൽ നിന്നും ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചു. 

 

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

 

ഇവിടെ ‘കാറ്റ്’ എന്ന് പറയുവാന്‍ യേശു ഉപയോഗിച്ച ‘ന്യൂമ’ (pneuma) എന്ന ഗ്രീക്ക് പദം തന്നെ ആണ് ‘ആത്മാവ്’ എന്ന് പറയുവാനും ഉപയോഗിക്കുന്നത്. ഒരു വ്യക്തിയിലുള്ള ആത്മാവിന്റെ പ്രവർത്തനത്തെ, നിക്കോദെമൊസിന് എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന പ്രകൃതിയിലുള്ള കാറ്റിന്റെ പ്രവർത്തനത്തോട് യേശു സാമ്യപ്പെടുത്തുകയാണ്.

 

കാറ്റ് വീശുമ്പോള്‍ അതിനെ ആര്‍ക്കും കാണുവാന്‍ കഴിയുക ഇല്ല. കാറ്റ് ഇഷ്ടമുള്ളേടത്തു ഊതുന്നു. അതിന്റെ ആരംഭവും അവസാനവും എവിടെയാണ് എന്നു നമുക്ക് തീർച്ച പറയുവാൻ സാധ്യമല്ല. അത് എങ്ങോട്ടു വീശുന്നു എന്നും നമുക്ക് പറയുവാൻ സാധ്യമല്ല. അതിനെ പിടിച്ചു നിറുത്തുവാനും കഴിയുക ഇല്ല. എന്നാല്‍ കാറ്റിനെ നമുക്ക് അനുഭവിക്കുവാന്‍ കഴിയും. അത് നമ്മളുടെ ശരീരത്തില്‍ വീശുന്നത് നമുക്ക് അറിയുവാന്‍ കഴിയും. വൃക്ഷങ്ങളുടെ ഇലകള്‍ അനങ്ങുന്നതും, ശിഖിരങ്ങള്‍ ഉലയുന്നതും നമുക്ക് കാണുവാന്‍ കഴിയുന്നു. അതിന്റെ ദിശ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും എങ്കിലും അത് എവിടെ നിന്നും പുറപ്പെട്ടു വന്നു എന്നോ അത് എവിടേക്ക് പോകുന്നു എന്നോ നമുക്ക് അറിയുവാന്‍ കഴിയുക ഇല്ല. നമുക്ക് അതിനെ അറിയുവാൻ കഴിയും എങ്കിലും അതിനെ പിടിച്ചു നിറുത്തുവാന്‍ കഴിയുക ഇല്ല. എന്നാല്‍, കാറ്റ് വീശുന്നിടത്തെല്ലാം അത് ചില മാറ്റങ്ങള്‍ വരുത്തും.

 

ഇതിന്റെ അർത്ഥം, കാറ്റിന്റെ തുടക്കവും അവസാനവും അതിന്റെ ദിശയും നമ്മൾ മനസ്സിലാക്കുന്നത് കാറ്റിൽ നിന്നല്ല, അത് നമുക്ക് ചുറ്റിനുമുള്ള വസ്തുക്കളിൽ ഉണ്ടാക്കുന്ന ചലനങ്ങളിൽ നിന്നാണ്. ആകാശത്തിലെ മേഘങ്ങളുടെ ഗതിയിൽ നിന്നോ, കാറ്റിന്റെ ഗതിയെ അളക്കുവാൻ കഴിയുന്ന ഉപകരണങ്ങൾ ഉപയോഗിച്ചോ, വൃക്ഷങ്ങളുടെ ശിഖിരങ്ങൾ ഉലയുന്നത് നോക്കിയോ, അത് നമ്മളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന അനുഭവങ്ങൾ വച്ചോ നമ്മൾ കാറ്റിനെ മനസ്സിലാക്കുന്നു.

 

അതായത് കാറ്റ് എന്ത് ചെയ്യുന്നു, എങ്ങോട്ടു പോകുന്നു, എവിടെ നിന്നും വരുന്നു, എന്നെല്ലാം നമ്മൾ മനസിലാക്കുന്നത് അത് കടന്നുപോകുന്ന മർഗ്ഗത്തിൽ ഉളവാക്കുന്ന മാറ്റങ്ങളിൽ നിന്നാണ്.

 

ഇതുപോലെയാണ് ആത്മാവിന്റെ പ്രവർത്തികളും. പരിശുദ്ധ ആത്മാവ് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നമുക്ക് ഗ്രഹിക്കുവാൻ കഴിയില്ല. “വീണ്ടും ജനനം” പരിശുദ്ധ ആത്മാവിന്റെ പ്രവര്‍ത്തി ആണ്. ആത്മാവ് അദൃശ്യമാണ്, എങ്കിലും അതിന്റെ പ്രവര്‍ത്തനത്താലുള്ള രൂപാന്തരം നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയും. പരിശുദ്ധാത്മാവ് ചലിക്കുന്നിടത്തോക്കെയും രൂപാന്തരം ഉണ്ടാകും. വീണ്ടും ജനനം പ്രാപിച്ചവരുടെ ജീവിതത്തില്‍ ഈ രൂപാന്തരം മറ്റുള്ളവർക്ക് കൂടി കാണുവാന്‍ കഴിയും. ആന്തരീകമായി സംഭവിക്കുന്ന രൂപാന്തരത്തെ, ബാഹ്യമായി പുറപ്പെടുവിക്കുന്ന ഫലങ്ങളായി കാണുവാനും അനുഭവിക്കുവാനും കഴിയും.

 

വീണ്ടും ജനനത്തില്‍ ഒരു മനുഷ്യന്‍റെ ആത്മാവും മനസ്സും ദൈവത്തിന്റെ ആത്മാവിനാല്‍ പുതുജീവൻ പ്രാപിക്കുകയാണ്. അതായത് അവന്റെ വ്യക്തിത്വവും ഇശ്ചാശക്തിയും സമ്പൂര്‍ണ്ണമായും പുതിയതായി തീരുന്നു. വീണ്ടും ജനനം പ്രാപിച്ചവന്റെ ചിന്താരീതികളും വികാരങ്ങളും തിരഞ്ഞെടുപ്പുകളും എല്ലാം ദൈവാത്മാവിനാല്‍ നിയന്ത്രിതം ആയിരിക്കും.

 

യോഹന്നാൻ 3:9-13

 

യോഹന്നാൻ 3:9-13

9    നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.

10   യേശു അവനോടു ഉത്തരം പറഞ്ഞതു: “നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?

11    ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.

12   ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

13   സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.

 

വീണ്ടും ജനനത്തെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ സംഭാഷണം തുടരുകയാണ്. പഴയനിയമ പ്രമാണത്തിൽ പണ്ഡിതൻ ആയിരുന്ന നിക്കോദേമോസ് പുതുക്കം പ്രാപിക്കുന്ന ജീവിതത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. നമ്മൾ മുമ്പ് വിശദീകരിച്ച, യെഹേസ്കേൽ 36:24-28 വരെയുള്ള തിരുവെഴുത്തിൽ ഇതിനെക്കുറിച്ചുള്ള പ്രവചനം ഉണ്ട്. ഇത് യഹൂദന്മാരുടെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു എന്നും നിക്കോദേമോസ് വിശ്വസിച്ചിരുന്നു. അതിനാൽ ആത്മാവിനാൽ ഉള്ള പുതുക്കം എന്നത് അവന് ഒരു പുതിയ ഉപദേശമല്ല. ബാബേൽ പ്രവാസ നാളുകളിൽ തന്നെ അവർക്കിടയിൽ ആത്മീയ ഉണർവ്വ് ഉണ്ടായി. പരീശന്മാർ എന്ന വിഭാഗം ഈ ആത്മീയ പുതുക്കത്തിന്റെ സൃഷ്ടിയാണ്. എന്നാൽ, യഹൂദന്മാർക്ക് ഇനിയും, ഉയരത്തിൽ നിന്നുള്ള ഒരു പുതിയ ജനനം ഉണ്ടാകേണം എന്ന ഉപദേശമാണ് അവന് അംഗീകരിക്കുവാൻ പ്രയാസമുള്ളത്. യേശു, യഹൂദ പണ്ഡിതന്മാരുടെ ഇന്നേവരെയുള്ള തിരുവെഴുത്തുകളുടെ വ്യാഖ്യാനങ്ങളെ പുനർവ്യാഖ്യാനിക്കുക ആയിരുന്നു.

 

വീണ്ടും ജനനത്തിന്റെ ആന്തരിക പ്രക്രിയ മാർമ്മികമാണ്. അത് സ്വർഗ്ഗീയ പ്രവർത്തിയാണ്. സ്വർഗ്ഗത്തിൽ കയറീട്ടുള്ളവനും, സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്നവനും, സ്വർഗ്ഗത്തിൽ ഇരിക്കുന്നവനുമായ, യേശുക്രിസ്തുവിനല്ലാതെ മറ്റാർക്കും അത് ഗ്രഹിക്കുവാൻ സാദ്ധ്യമല്ല. യോഹന്നാൻ സുവിശേഷത്തിന്റെ ആരംഭത്തിൽ യേശുവിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:

 

യോഹന്നാൻ 1:1, 2, 4, 14

1     ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

2    അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.

 

4    അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.

 

14   വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.  

 

ആദിയിൽ ഉണ്ടായിരുന്നവൻ, ദൈവത്തോട് കൂടെ ആയിരുന്നവൻ, ദൈവം ആയിരുന്നവൻ, മനുഷ്യരുടെ വെളിച്ചമായവൻ, ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മളുടെ ഇടയിൽ ജീവിച്ചവൻ, യേശുക്രിസ്തു ആണ്. അവന് ആത്മീയ മർമ്മങ്ങൾ വെളിപ്പെടുത്തുവാനും, വ്യാഖ്യാനിക്കുവാനും അധികാരം ഉണ്ട്.

 

യോഹന്നാൻ 3:9 ആം വാക്യമാണ് നിക്കോദേമോസ് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ വാചകം. എന്നാൽ അവർ തമ്മിലുള്ള സംഭാഷണം ഇവിടെ അവസാനിക്കുന്നില്ല. നിക്കോദേമോസ് ഈ സംഭാഷണത്തിന്റെ അവസാനത്തിൽ യേശുക്രിസ്തുവിനെ മശീഹ ആയി സ്വീകരിച്ചോ ഇല്ലയോ എന്നു നമുക്ക് അറിഞ്ഞുകൂടാ. നമ്മൾ പിന്നീട് അദ്ദേഹത്തെ, ന്യായാധിപസംഘത്തിൽ യേശുക്രിസ്തുവിനെ പ്രതിരോധിക്കുന്നവനായും, യേശുവിന്റെ ശരീരം അടക്കം ചെയുവാനായി അരിമത്ഥ്യയിലെ യോസേഫ് നോടൊപ്പം ഉണ്ടായിരുന്നതായും കാണുന്നു. അതിനാൽ യേശുക്രിസ്തുവിൽ അവൻ വിശ്വസിച്ചു, വീണ്ടും ജനനം പ്രാപിച്ചു, ദൈവരാജ്യത്തിന് അവകാശിയായി തീർന്നു എന്നു നമുക്ക് അനുമാനിക്കാം.

 

ദൈവം ലോകത്തെ സ്നേഹിച്ചു

 

യോഹന്നാൻ 3:14, 15

 

വീണ്ടും ജനനം എന്ന അനുഭവത്തെ യേശു തുടർന്നും വിശദീകരിക്കുകയാണ്. യേശുവിൽ വിശ്വസിക്കുന്നതാണ് വീണ്ടും ജനനം പ്രാപിക്കുവാനുള്ള ഏക മാർഗ്ഗം. ഈ സത്യം വിശദീകരിക്കുവാൻ യേശുക്രിസ്തു പഴയനിയമത്തിലെ ഒരു സംഭവം നിക്കോദേമോസിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഇത് മോശെ മരുഭൂമിയിൽ അഗ്നിസർപ്പത്തെ ഉയർത്തിയ സംഭവമാണ്.

 

യോഹന്നാൻ 3:14, 15

14   മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

15   അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.   

 

മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രം കൊണ്ടുള്ള അഗ്നിസർപ്പം യേശുക്രിസ്തുവിന്റെ നിഴൽ ആയിരുന്നു. ഈ സംഭവം നമ്മൾ പഴയനിയമത്തിൽ സംഖ്യാപുസ്തകം 21:4-9 വരെയുള്ള വാക്യങ്ങളിൽ വായിക്കുന്നു.

 

സംഖ്യാപുസ്തകം 21:4-9

4    പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

5    ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.

6    അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.

7    ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.

8    യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.

9    അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. 

 

സാധാരണയായി സർപ്പം വേദപുസ്തകത്തിൽ വഞ്ചനയുടെയും, ദുഷ്ടതയുടെയും, അടയാളമാണ് (ഉൽപ്പത്തി 3:1-5, വെളിപ്പാട് 12:9). എന്നാൽ മോശെ ഉയർത്തിയതു താമ്രം കൊണ്ട് നിർമ്മിച്ച ഒരു അഗ്നിസർപ്പത്തിന്റെ രൂപം ആയിരുന്നു. അത് പാപത്തിന്റെ ശിക്ഷയുടെ അടയാളമായിരുന്നു. ഈ സർപ്പത്തെപ്പോലെ, യേശുക്രിസ്തു, അവൻ പാപിയല്ലാതെയിരിക്കെ, നമ്മളുടെ പാപത്തെ വഹിച്ചുകൊണ്ട്, അതിന്റെ ശിക്ഷയായി ക്രൂശിൽ ഉയർത്തപ്പെട്ടു. അവിടെ നമ്മളുടെ പാപത്തിന്റെ ശിക്ഷ പൂർണമായി നിവർത്തിക്കപ്പെട്ടു.

 

മിസ്രയീമിൽ നിന്നും വാഗ്ദത്ത ദേശത്തേക്കുള്ള മരുഭൂമി യാത്രയിൽ, യിസ്രായേൽ ജനം, ഹോർ പർവ്വത്തിൽ  നിന്നും ചെങ്കടൽ വഴി യാതച്ചെയ്യുക ആയിരുന്നു. അപ്പോൾ ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു, അവർ ദൈവത്തിനും മോശെയ്ക്കും എതിരായി സംസാരിച്ചു. ഇതിൽ അനിഷ്ടം തോന്നിയ ദൈവം അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, കടിയേറ്റവർ വളരെയധികം ജനം മരിച്ചു. അപ്പോൾ അവർ പശ്ചാത്തപിച്ചു, മോശെയുടെ അടുക്കൽ ചെന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. അവരുടെ പശ്ചാത്താപം കണ്ട ദൈവം, പാപത്തിന്റെ ശിക്ഷയായ അഗ്നിസർപ്പത്തിന്റെ വിഷത്തിൽ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഒരു മാർഗ്ഗം പറഞ്ഞുകൊടുത്തു. ദൈവം മോശെയോട് താമ്രം കൊണ്ടുള്ള ഒരു അഗ്നിസർപ്പത്തെ ഒരു കൊടിമരത്തിൽ തൂക്കുവാൻ കൽപ്പിച്ചു. സർപ്പത്തിന്റെ കടി എൽക്കുന്നവൻ, മോശെ ഉയർത്തിയ താമ്ര സർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.

 

മോശെ ഉയർത്തിയ താമ്ര അഗ്നിസർപ്പം പാപത്തിന്റെ പരിഹാരം അല്ല, പാപത്തിന്റെ ശിക്ഷ നിവർത്തിക്കപ്പെട്ടു എന്നതിന്റെ അടയാളമാണ്. യിസ്രായേൽ ജനത്തിന്റെ പാപം താമ്ര അഗ്നിസർപ്പത്തിലേക്ക് കൈമാറ്റം ചെയ്തു. പാപത്തിന്റെ ഫലമായി അത് മരിച്ചു. മരിച്ച അഗ്നി സർപ്പമാണ് കൊടിമരത്തിൽ ഉയർത്തപ്പെട്ടത്. അങ്ങനെ അത് ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്റെ നിഴലായി.

 

കൊടിമരത്തിൽ ഉയർത്തപ്പെട്ട താമ്ര സർപ്പത്തെ നോക്കിയപ്പോൾ, സർപ്പത്തിന്റെ വിഷം ഉള്ളിൽ ചെന്നു മരിച്ചുകൊണ്ടിരുന്ന യിസ്രായേൽ ജനം സൌഖ്യം പ്രാപിച്ചു. ജീവനില്ലാത്ത ഒരു താമ്ര സർപ്പത്തിന്റെ രൂപത്തിൽ നോക്കിയാൽ, മാരകമായ സർപ്പ വിഷത്തിൽ നിന്നും സൌഖ്യം പ്രാപിക്കുവാൻ കഴിയും എന്ന ദൈവീക കൽപ്പനയെ വിശ്വസിച്ചവർക്ക് ജീവൻ ഉണ്ടായി. അവരുടെ പാപത്തിന്റെ ശിക്ഷ താമ്ര സർപ്പത്തിൽ പൂർണമായിരിക്കുന്നു. ഈ വിശ്വാസവും അനുസരണവും ആണ് അവരെ രക്ഷിച്ചത്.

 

യോഹന്നാൻ 3:15 ൽ ഈ വിശ്വാസത്തിന്റെ പ്രാധാന്യമാണ് യേശു പറയുന്നത്. യിസ്രായേൽ ജനം വിശ്വാസത്തോടെ താമ്ര സർപ്പത്തിൽ നോക്കി ജീവൻ പ്രാപിച്ചതുപോലെ, ക്രൂശിക്കപ്പെട്ട യേശുവിൽ വിശ്വസിക്കുന്നവരും നിത്യജീവൻ പ്രാപിക്കും.

 

യോഹന്നാൻ 3:15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.      

 

യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് നമുക്ക് നിത്യജീവൻ ഉണ്ടാകേണ്ടതിനായി പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കുവാനാണ്. മരുഭൂമിയിൽ താമ്ര സർപ്പം ഉയർത്തപ്പെട്ടതുപോലെ യേശുവും ക്രൂശിൽ ഉയർത്തപ്പെടും. അവരുടെ പാപത്തിന്റെ ശിക്ഷ യേശുവിൽ പൂർണ്ണമായി എന്നു വിശ്വസിച്ചുകൊണ്ട് അവങ്കലേക്ക് നോക്കുന്ന എല്ലാവരുടെയും പാപം സൌഖ്യമാകും. അവർ നിത്യജീവൻ പ്രാപിക്കും.

 

ഈ ഉദാഹരണത്തിലൂടെ യേശുക്രിസ്തു അവന്റെ ക്രൂശ് മരണത്തെക്കുറിച്ചും, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും അതിനാൽ ലഭിക്കുവാനിരിക്കുന്ന രക്ഷയെക്കുറിച്ചും മുൻകൂട്ടി പറയുക ആയിരുന്നു. മരുഭൂമിയിൽ താമ്ര സർപ്പത്തെ നോക്കിയ എല്ലാവരും നിത്യമായി ജീവിക്കും എന്നല്ല യേശു ഇവിടെ പറയുന്നത്. യേശു പറയുന്ന നിത്യജീവൻ, ഐഹീകമല്ലാത്തയ ദൈവരാജ്യത്തിൽ ലഭിക്കുന്ന ജീവൻ ആണ്. ഈ ദൈവരാജ്യത്തിൽ കടക്കുവാൻ യേശുക്രിസ്തുവിൽ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കേണം.

 

യോഹന്നാൻ 3:16

 

യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.   

 

ഈ വാക്യം സുവിശേഷ രംഗത്തെ ഏറ്റവും പ്രശസ്തമായ വാക്യമാണ്. ഇതിനെ സുവിശേഷത്തിന്റെ മർമ്മം ആയിട്ടാണ് കണക്കാക്കുന്നത്. സുവിശേഷം മുഴുവൻ ഇതിൽ അടങ്ങിയിരിക്കുന്നു എന്നു പറയാം. വേദപുസ്തകത്തിൽ മൊത്തമുള്ള 31,102 വാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രശസ്തവും, കൂടുതൽ പ്രാവശ്യം ഉദ്ധരിക്കപ്പെടുന്ന വാക്യവും ഇതാണ്. (പഴയനിയമത്തിൽ 23,145 വാക്യങ്ങൾ, പുതിയ നിയമത്തിൽ 7957 വാക്യങ്ങൾ).

 

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ എല്ലാവരേയും പാപത്തിന്റെ ശിക്ഷാവിധിയിൽ നശിച്ചുപോകാതെ രക്ഷിക്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു. ഈ രക്ഷയാണ് നിത്യജീവൻ. ഇതിനായി ദൈവം തന്റെ ഏകജാതനായ പുത്രനെ നല്കി. ഇത് ലോകത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തെ പ്രകടമാക്കുന്നു.

 

ഈ വാക്യത്തിൽ പറയുന്ന ലോകം എന്നതിന് നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നതിൽ നിന്നും അൽപ്പം വ്യത്യസ്തമായ അർത്ഥമാണ് ഉള്ളത്. യേശുക്രിസ്തുവിന്റെ കാലത്ത്, “ലോകം” (world) എന്നു അവർ വിളിച്ചിരുന്നത് റോമൻ സാമ്രാജ്യത്തിലെ പ്രദേശങ്ങളെയും ജനങ്ങളെയും ആയിരുന്നു. അതിന് പുറത്തുള്ളവർ ബർബ്ബരന്മാർ ആയിരുന്നു (barbarians).

 

കൊലൊസിയർ 3:11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ (Scythian), ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. 

 

റോമർ 1:14, 15

14   യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.

15   അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. 

 

ഈ വിഭജനത്തിന്റെ അടിസ്ഥാനം റോമൻ സാമ്രാജ്യത്തിലുള്ളവർ സമ്പന്നരും, സംസ്കാരമുള്ളവരും, ആധുനിക ചിന്തകൾ ഉള്ളവരും ആണ് എന്ന ധാരണ ആയിരുന്നു. അതിന് വെളിയിൽ ഉള്ളവർ ദരിദ്രരും, സംസ്കാര ശൂന്യരും ആണ് എന്നു അവർ കരുതി. അതിനാൽ “ലോകം” എന്ന വാക്കുകൊണ്ട് അവർ റോമൻ സാമ്രാജ്യത്തിലെ പ്രദേശങ്ങളെയും ജനങ്ങളെയും കുറിച്ച് സംസാരിച്ചു.

 

ഇതിന് വ്യക്തമായ ഒരു ഉദാഹരണം ലൂക്കോസ് 2:1 ആണ്.

 

ലൂക്കോസ് 2:1 ആ കാലത്തു ലോകം (world) ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

 

ഈ വാക്യത്തിലും പറയുന്ന ലോകം റോമൻ സാമ്രാജ്യത്തിലെ പ്രദേശങ്ങൾ ആണ്. അതിന് വെളിയിലുള്ള ജനങ്ങളിൽ നിന്നും കരം പിരിക്കുവാൻ അവർക്ക് കഴിയില്ല. സാമ്രാജ്യത്തിന് വെളിയിലുള്ളവരുടെ ജനസംഖ്യ എടുക്കേണ്ട ആവശ്യവും അവർക്കില്ല.

 

എന്തുകൊണ്ടാണ്, “ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” എന്നു യേശു പറഞ്ഞത്? “ദൈവം അവനെ നല്കുവാൻ തക്കവണ്ണം യഹൂദ്യയെ സ്നേഹിച്ചു.” എന്നു പറഞ്ഞാൽ പോരായിരുന്നോ? ഇവിടെ നിക്കോദേമോസിന്റെയും, മറ്റ് യഹൂദന്മാരുടെയും ദൈവരാജ്യത്തേക്കുറിച്ചുള്ള വിശ്വാസത്തെ യേശു നിഷേധിക്കുകയാണ്.

 

റോമൻ സാമ്രാജ്യത്തിൽ യഹൂദന്മാരും, മറ്റ് ഇതര വംശത്തിൽ ഉള്ളവരും, മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരും ഉണ്ടായിരുന്നു. യഹൂദൻ അല്ലാത്തവരെ, യഹൂദന്മാർ ജാതീയരായി കണക്കാക്കി. അതായത് “ലോകം” എന്നതിൽ യഹൂദനും, ജാതീയനും ഉൾപ്പെടുന്നു. “ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു യേശു പറഞ്ഞപ്പോൾ അവൻ ഉദ്ദേശിച്ചത്, ദൈവം യഹൂദനെയും ജാതീയനെയും സ്നേഹിച്ചു എന്നാണ്.

 

ഇതിനെ ഇന്ന് വിശാലമായ അർത്ഥത്തിൽ, ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരെയും, യഹൂദനെയും, ജാതീയരെയും ദൈവം സ്നേഹിച്ചു എന്നു മനസ്സിലാക്കാം.

 

ഇത് ദൈവ സ്നേഹത്തെക്കുറിച്ചുള്ള നിക്കോദേമോസിന്റെ അന്നേവരെയുള്ള ധാരണയെ തകിടം മറിക്കുന്നത് ആയിരുന്നു. അതുവരെ അവൻ വിശ്വസിച്ചിരുന്നത് ദൈവം യഹൂദനെ സ്നേഹിക്കുന്നു, ജാതീയരെ വെറുക്കുന്നു എന്നാണ്. ദൈവരാജ്യം യഹൂദന് മാത്രം അവകാശപ്പെട്ടതാണ്. ജാതീയർക്കായി ദൈവത്തിന് ഒരു പദ്ധതിയോ, രക്ഷയോ ഇല്ല. എന്നാൽ യേശുക്രിസ്തു അവനോടു പറഞ്ഞു, രക്ഷയും, നിത്യജീവനും, ദൈവരാജ്യവും യഹൂദനും, ജാതീയനും ഒരുപോലെ അവകാശപ്പെട്ടതാണ്. യേശുവിൽ വിശ്വസിക്കുന്നവർ ആരായാലും അവർ ദൈവരാജ്യം കൈവശമാക്കും.

 

യഹൂദന്മാരുടെ അന്നേവരെയുള്ള ദൈവശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഉപദേശമാണ് യേശു പഠിപ്പിക്കുന്നത്. രക്ഷയും, നിത്യ ജീവനും, ദൈവരാജ്യവും യേശുക്രിസ്തു ജാതികൾക്ക് കൂടി വാഗ്ദത്തം ചെയ്യുകയാണ്. മാത്രവുമല്ല, ജഡപ്രകാരം അബ്രാഹാമിന്റെ സന്തതി എന്നതിന് യാതൊരു പ്രത്യേക അവകാശവും ഇല്ല. യേശുവിലുള്ള വിശ്വാസവും അതിനാൽ പ്രാപിക്കുന്ന വീണ്ടും ജനനവും മാത്രമേ യോഗ്യത ആയിട്ടുള്ളൂ.

 

ഇതാണ് മനുഷ്യ വംശത്തിന് ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ വാഗ്ദത്തം. യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും. എന്നാൽ, ഈ വാഗ്ദത്തത്തിൽ മറ്റൊരു മർമ്മം കൂടി ഉണ്ട്. യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവർക്ക് എന്ത് സംഭവിക്കും. അവർ നശിച്ചുപോകും.

 

യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.   

 

നശിക്കുക” എന്നതിന് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് “അപ്പോളമീ” എന്നതാണ് (perish – apollymi - ap-ol'-loo-mee). ഈ വാക്കിന്റെ അർത്ഥം, നശിപ്പിക്കുക, നീക്കിക്കളയുക, ഇല്ലാതാക്കുക, എന്നിങ്ങനെ ആണ്. യോഹന്നാൻ 3:16 ൽ “നശിക്കുക” എന്നതിന്റെ വിപരീത പദം “നിത്യജീവൻ” എന്നാണ്.

 

അതായത് ഈ വാക്യത്തിൽ നമ്മൾ രണ്ട് ആത്മീയ മർമ്മങ്ങൾ കാണുന്നു:

 

1.       യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ നിത്യജീവൻ പ്രാപിക്കും

2.     യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവർ നശിച്ചുപോകും.   

 

യോഹന്നാൻ 3:17, 18

 

യോഹന്നാൻ 3:17, 18

17   ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

18   അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

 

17, 18 വാക്യങ്ങളിലും യോഹന്നാൻ 3:16 ൽ യേശു പ്രഘോഷിച്ച ലോകത്തോടുള്ള ദൈവത്തിന്റെ സ്നേഹം എന്ന ആശയം തുടരുകയാണ്. എന്തിനാണ് ദൈവം തന്റെ ഏകജാതനായ പുത്രനെ ഈ ഭൂമിയിലേക്ക് അയച്ചത്. 17 ആം വാക്യത്തിൽ പറയുന്നു, യേശു വന്നത് “ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” അതിനാൽ ഇനി ലോകത്തിന് യാതൊരു ശിക്ഷാവിധിയും ഇല്ല എന്നു പഠിപ്പിക്കുന്നവർ ഉണ്ട്. അത് ശരിയല്ല.

 

17 ആം വാക്യത്തിലെ “വിധിപ്പാനല്ല” എന്നത് 18 ആം വാക്യത്തിൽ പറയുന്ന “ന്യായവിധി” ആണ്. “condemn” എന്ന ഇംഗ്ലീഷ് വാക്കാണ് രണ്ടിടത്തും ഉപയോഗിച്ചരിക്കുന്നത്. ഗ്രീക്കിൽ ഇത് “ക്രിനോ” എന്നാണ്. (krinō - kree'-no). ഈ വാക്കിന് വിവധ അർത്ഥങ്ങൾ ഉണ്ട് എങ്കിലും ഇവിടെ അത് “ശിക്ഷ വിധിക്കുക” എന്നാണ്. അതായത് 17 ആം വാക്യം പറയുന്നത്, യേശു അവനിൽ അവിശ്വസിക്കുന്നവരെ ശിക്ഷ വിധിക്കുവാനല്ല വന്നത്.

 

ഇതിനെ ശരിയായി തന്നെ യേശു വിശദീകരിക്കുന്നുണ്ട്.

 

യോഹന്നാൻ 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

 

അതായത് ലോകത്തിന്റെമേൽ ന്യായവിധി വന്നുകഴിഞ്ഞു. യഹൂദനും ജാതീയനും, സകല മനുഷ്യരും ദൈവീക ശിക്ഷാവിധിയിൽ നശിച്ചുപോകുവാൻ വിധിക്കപ്പെട്ടിരിക്കുക ആണ്. യേശു ന്യായവിധി ഇനി കൽപ്പിക്കേണ്ടതില്ല.

 

യേശുക്രിസ്തു വന്നത് പാപരഹിതരായ മനുഷ്യരുടെ ഇടയിലേക്കല്ല. പാപം ചെയ്തു ദൈവീക ശിക്ഷാവിധിയിൽ നശിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ ഇടയിലേക്കാണ് അവൻ രക്ഷയുടെ ദൂതുമായി വന്നത്. മനുഷ്യർ നശിച്ചുപോകുവാൻ യേശു യാതൊന്നും ചെയ്യേണ്ടതില്ല. എന്നാൽ അവർ രക്ഷിക്കപ്പെടുവാനും ശിക്ഷാവിധിയെ നീക്കുവാനും എന്തെങ്കിലും പുതിയതായി സംഭവിക്കേണ്ടി ഇരുന്നു. രക്ഷയ്ക്കായി യാതൊന്നും സംഭവിക്കുന്നില്ല എങ്കിൽ, മനുഷ്യർ എല്ലാം നശിച്ചുപോകും.

 

അതിനാൽ, ദൈവം തന്റെ ഏകജാതനായ പുത്രനെ മനുഷ്യരെ രക്ഷിക്കുവാനായി ലോകത്തിലേക്ക് അയച്ചു. എന്നാൽ യേശുക്രിസ്തുവിനെ വിശ്വസിക്കാതെ ഇരുന്നാൽ, മനുഷ്യരുടെ മേൽ ഇപ്പോൾ തന്നെയുള്ള ദൈവീക ശിക്ഷാവിധി പ്രകാരം അവൻ നശിച്ചുപോകും.

 

വീണ്ടും ജനനം, ഉയരത്തിൽ നിന്നുള്ള പരിശുദ്ധാത്മാവിനാൽ ഉള്ള ജനനമാണ്. വീണ്ടും ജനനം നമ്മളുടെ മേൽ ഇപ്പോഴുള്ള ശിക്ഷാവിധി എന്ന അവസ്ഥയെ മാറ്റി നിത്യജീവനിലേക്ക് നടത്തുന്ന ആത്മീയ അനുഭവം ആണ്.

 

14, 15 വാക്യങ്ങളിൽ യേശു പറഞ്ഞ മരുഭൂമിയിൽ മോശെ ഉയർത്തിയ താമ്ര അഗ്നി സർപ്പത്തിന്റെ കഥയിലും ഈ മർമ്മം അടങ്ങിയിട്ടുണ്ട്. ഉയർത്തപ്പെട്ട അഗ്നി സർപ്പത്തെ നോക്കിയവർ എല്ലാവരും സൌഖ്യം പ്രാപിച്ചു. ദൈവീക ക്രമീകരണത്തിൽ വിശ്വസിക്കാതെ, താമ്ര സർപ്പത്തെ നോക്കാതെ ഇരുന്നവർ എല്ലാം മരിക്കും. എന്നാൽ, അവർ മരിക്കുന്നത് താമ്ര സർപ്പത്തെ നോക്കാത്തത് കൊണ്ടല്ല. അവന്റെ ശരീരത്തിന്റെ ഉള്ളിൽ വ്യാപരിക്കുന്ന സർപ്പത്തിന്റെ വിഷം കാരണമാണ് മരിക്കുന്നത്. സർപ്പം അവനെ കടിച്ചത്, ദൈവത്തോടുള്ള മൽസരം എന്ന പാപം കാരണം ദൈവം അയച്ച ശിക്ഷാവിധി ആണ്.

 

മോശെ താമ്ര അഗ്നിസർപ്പത്തെ ഒരു കൊടിമരത്തിൽ ഉയർത്തുന്നതിന് മുമ്പ് തന്നെ സർപ്പം യിസ്രായേൽ ജനത്തെ കടിക്കുവാൻ തുടങ്ങിയിരുന്നു. അവർ സർപ്പത്തിന്റെ വിഷം ഉള്ളിൽ ചെന്നു മരിച്ചുകൊണ്ടിരുന്നു. മോശെ ഉയർത്തിയ സർപ്പം ആരെയും ശിക്ഷവിധിച്ചില്ല. അതിൽ നിന്നും ആരുടെയും ഉള്ളിൽ വിഷം പകർന്നില്ല. മോശെയുടെ സർപ്പം കാരണം ആരും മരിച്ചില്ല. അത് മരണ ഹേതു ആയിരുന്നില്ല. അവർ മരിച്ചത് ദൈവത്തിന്റെ ശിക്ഷയായ അഗ്നിസർപ്പങ്ങൾ കടിച്ചതുകൊണ്ടാണ്. മരിച്ചുകൊണ്ടിരുന്ന ജനത്തിന് സൌഖ്യം പ്രാപിക്കുവാൻ എന്തെങ്കിലും സംഭവിക്കേണം. അതാണ് ഉയർത്തപ്പെട്ട താമ്ര സർപ്പം. അത് വിശ്വാസത്തോടെ അതിലേക്ക് നോക്കിയവരെ സൌഖ്യമാക്കുക മാത്രമേ ചെയ്തുള്ളൂ.

 

യോഹന്നാൻ 3:19-21

 

യോഹന്നാൻ 3:19-21 വരെയുള്ള വാക്യങ്ങളാണ് യേശുവും നിക്കോദേമോസും തമ്മിലുള്ള സംഭാഷണത്തിലെ അവസാനത്തെ വാചകങ്ങൾ. മനുഷ്യർ എന്തുകൊണ്ടാണ് ദൈവീക ശിക്ഷാവിധിയിൽ നശിച്ചുപോകുന്നത് എന്നു യേശു വിശദീകരിക്കുകയാണ്. 

 

യോഹന്നാൻ 3:19-21

19   ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.

21   സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു. 

 

ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക്, മനുഷ്യരെ രക്ഷിക്കുവാനായി അയച്ചു. യേശു വന്നത് മനുഷ്യരെ ദൈവീക ശിക്ഷാവിധിയിൽ നിന്നും രക്ഷിക്കുവാനാണ്. എന്നാൽ “മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ” സ്നേഹിക്കുന്നു. അവർ തിന്മ പ്രവർത്തിക്കുന്നതിൽ തുടരുന്നു. അവർ വെളിച്ചത്തെ നിരസിക്കുന്നു. അതിനാൽ മനുഷ്യരുടെ നിത്യ നാശത്തിൽ ദൈവത്തിന് യാതൊരു പങ്കും ഇല്ല. ദൈവത്തിന് ഇനി യാതൊന്നും ചെയ്യുവാനില്ല. മനുഷ്യരുടെ നാശത്തിനു ഇനി ഉത്തരവാദി അവൻ തന്നെയാണ്. എന്നാൽ, “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” അവന് ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയും. പാപികൾ അവരുടെ പാപത്തെ മറച്ചുവെക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ അവർ രക്ഷിക്കപ്പെടുന്നില്ല. നീതിമാന്മാർ അവരുടെ നീതിയെ വെളിപ്പെടുത്തുന്നു. അതിനാൽ അവർ നിത്യജീവനും, ദൈവരാജ്യവും പ്രാപിക്കും.

 

ഇത്രയും പറഞ്ഞുകൊണ്ടു യേശു സുദീർഘമായ സംഭാഷണം അവസാനിപ്പിക്കുന്നു.    

   



 

 

No comments:

Post a Comment