ഒനേസിമൊസിന്റെ സാക്ഷ്യം

AD 60-62 കാലയളവിൽ ആണ് അപ്പൊസ്തലനായ പൌലൊസ്, കൊലൊസ്സ്യർ, ഫിലേമോൻ എന്നീ രണ്ടു ലേഖനങ്ങൾ എഴുതുന്നതു. ഇവ എഴുതുന്ന കാലത്ത് പൌലൊസ് റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നു. അദ്ദേഹം ഈ കത്തുകൾ, തിഹിക്കൊസ്, ഒനേസിമൊസ് എന്നിവരുടെ കയ്യിൽ ആണ്, കൊലൊസ്സ്യയിലെ സഭയ്ക്കും, ഫിലേമോൻ എന്ന ക്രിസ്തീയ വിശ്വസിക്കും കൊടുത്തു വിടുന്നത്. (കൊലൊസ്സ്യർ 4:7, 9)

 

ഫിലേമോന് എഴുതിയ കത്ത്, അതേ പേരുള്ള, കൊലൊസ്സ്യ പട്ടണത്തിലെ ധനികനായ ഒരു ക്രിസ്തീയ വിശ്വാസിക്ക് ഉള്ളതായിരുന്നു. അദ്ദേഹം ആ പട്ടണത്തിലെ ഒരു പ്രമുഖ വ്യക്തിയും, അവിടയുള്ള സഭയിലെയും വളരെ സമർപ്പണമുള്ള ഒരു വിശ്വാസി ആയിരുന്നു. ഫിലോമോന്റെ വീട്ടിൽ വച്ചായിരുന്നു സഭ ആരാധനയ്ക്കായി കൂടിവന്നിരുന്നത്. കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും അദ്ദേഹത്തിനുള്ള  സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് പൌലൊസ് 4 ആം വാക്യത്തിൽ പറയുന്നുണ്ട്.

 

പൌലൊസ് ഈ കത്ത് ഫിലേമോന് എഴുതുന്നതു, ഒനേസിമൊസ് എന്ന മറ്റൊരു ക്രിസ്തീയ വിശ്വാസിക്ക് വേണ്ടിയാണ്. ഒനേസിമൊസ് ഫിലേമോന്റെ അടിമ ആയിരുന്നു.

 

ഫിലേമോൻ 1:10 തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.

 

ഒനേസിമൊസ് എന്ന പേര് കൊലൊസ്സ്യർക്ക് ഉള്ള ലേഖനത്തിലും, ഫിലേമോന് ഉള്ള ലേഖനത്തിലും നമ്മൾ കാണുന്നു. കൊലൊസ്സ്യർക്കുള്ള ലേഖനം പൌലൊസിന്റെ കയ്യിൽ നിന്നും കൊണ്ടുപോകുന്നതു തിഹിക്കൊസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം ഒനേസിമൊസ് ഉം ഉണ്ടായിരുന്നു. കൊലൊസ്സ്യയിലെ ജനങ്ങൾക്ക് അറിയാമായിരുന്ന ഒനേസിമോസ് ഒരു ക്രിസ്തീയ വിശ്വാസിയോ, വിശ്വസ്തനായ ഒരു വ്യക്തിയോ ആയിരുന്നില്ല.

അതിനാൽ അദ്ദേഹത്തെ ഒരു ക്രിസ്ത്യാനിയും മാന്യനുമായി അവർ കണക്കാക്കേണം എങ്കിൽ, അവർ ബഹുമാനിക്കുന്ന ഒരാൾ, ഒനേസിമോസ് ന്റെ മാനസന്തരവും ആത്മീയ രൂപാന്തരവും സാക്ഷിക്കേണം. ഈ ഉത്തരവാദിത്തം പൌലൊസ് ഭംഗിയായി ചെയ്തു.

 

കൊലൊസ്സ്യർക്ക് ഉള്ള ലേഖനത്തിൽ പൌലൊസ് തിഹിക്കൊസ് നെ, “കർത്താവിൽ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ്” എന്നും ഒനേസിമൊസ് നെ നിങ്ങളിൽ ഒരുത്തനായ വിശ്വസ്തനും പ്രിയനുമായ സഹോദരൻ എന്നും പരിചയപ്പെടുത്തി. (കൊലൊസ്സ്യർ 4:7,9).

 

ഒനേസിമൊസ് ഫിലേമോന്റെ അടിമ ആയിരുന്നു. സഭാ പാരമ്പര്യം അനുസരിച്ച്, ഒനേസിമൊസ് കൊലൊസ്സ്യയിൽ ജനിച്ച ഒരു ജാതീയൻ ആയിരുന്നു. അവൻ അവന്റെ യജമാനനായ ഫിലോമോനെ വഞ്ചിച്ചു, റോമിലേക്ക് ഓടിപ്പോയി. റ്റാസിറ്റസ് എന്ന റോമൻ ചരിത്രകാരന്റെ അഭിപ്രായത്തിൽ, അക്കാലത്ത് റോം ഒരു വലിയ പട്ടണം ആയിരുന്നതിനാൽ, ഓടിപ്പോകുന്ന കുറ്റവാളികൾ അവിടെ രഹസ്യമായി താമസിക്കുമായിരുന്നു (Tacitus).

എന്നാൽ അപ്പോൾ  റോമിൽ തടവുകാരനായി വീട്ടുതടങ്കലിൽ താമസിച്ചിരുന്ന അപ്പൊസ്തലനായ പൌലൊസിനെ ഒനേസിമൊസ് കണ്ടുമുട്ടുകയും, യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു ക്രിസ്തീയ വിശ്വാസി ആകുകയും ചെയ്തു.

 

ഒനേസിമോസിന്റെ പേരിന്റെ ഗ്രീക്ക് ഭാഷയിലുള്ള അർത്ഥം, ഉപകാരിയായ, പ്രയോജനമുള്ള, എന്നിങ്ങനെയാണ്. ഈ പേര് അക്കാലത്ത് അടിമകളുടെ ഇടയിൽ പ്രചാരമുള്ളത് ആയിരുന്നു. അദ്ദേഹത്തിന്റെ പേരിന്റെ അർത്ഥം ഉപയോഗിച്ചു പൌലൊസ് ഇങ്ങനെ എഴുതി:

 

ഫിലേമോൻ 1:11 അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.   

 

രക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒനേസിമൊസ് ആർക്കും പ്രയോജനം ഇല്ലാത്തവൻ ആയിരുന്നു. എന്നാൽ രക്ഷിക്കപ്പെട്ട് കഴിഞ്ഞപ്പോൾ, അദ്ദേഹം ഫിലേമോനും പൌലൊസിനും വളരെ പ്രയോജനം ഉള്ളവനായി മാറി.

ഇതിൽ നിന്നും രക്ഷിക്കപ്പെട്ടത്തിന് ശേഷം, ഒനേസിമൊസ് യേശുക്രിസ്തുവിൽ വിശ്വസ്തനായി ജീവിച്ചു എന്നു മനസ്സിലാക്കാം. അതിനാൽ പൌലൊസ് “എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു” എന്നാണ് ഫിലേമോൻ നോട് പറഞ്ഞത്. (ഫിലേമോൻ 1:12).

 

എങ്ങനെയാണ് ഒനേസിമൊസ് പൌലൊസിനെ കണ്ടുമുട്ടിയത് എന്നു നമുക്ക് അറിഞ്ഞുകൂടാ. പൌലൊസ് കൊലൊസ്സ്യയിൽ ആയിരുന്നപ്പോൾ ഒനേസിമൊസ് രക്ഷിക്കപ്പെട്ടിരുന്നു എന്നും, പിന്നീട് അവൻ റോമിൽ എത്തിയപ്പോൾ പൌലൊസിനെ അന്വേഷിച്ചു കണ്ടെത്തുക ആയിരുന്നു എന്നും ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇതൊരു അനുമാനം മാത്രമാണ്.

 

എന്നാൽ, ഒനേസിമൊസ് റോമിൽ വച്ചു ഏതോ സാഹചര്യത്തിൽ പൌലൊസിനെ കണ്ടുമുട്ടുകയും, പൌലൊസ് അറിയിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം നിമിത്തം അവൻ രക്ഷിക്കപ്പെടുകയും ആയിരുന്നു എന്നു ചിന്തിക്കുന്നതാണ് കൂടുതൽ ശരി. 10 ആം വാക്യം ഈ ചിന്തയെ ശരിവയ്ക്കുന്നുണ്ട്.

 

ഫിലേമോൻ 1:10 തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു. 

 

രക്ഷിക്കപ്പെട്ടതിന് ശേഷം ഒനേസിമൊസ് പൌലൊസിനെ സഹായിച്ചുകൊണ്ടു അദ്ദേഹത്തോടൊപ്പം കുറെ നാളുകൾ ജീവിച്ചു കാണും. അതിനാൽ ആയിരിക്കാം പൌലൊസ് ഇങ്ങനെ പറഞ്ഞത്:

 

ഫിലേമോൻ 1;13 സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.

 

എന്നാൽ ഒനേസിമൊസ് നിയപ്രകാരം ഫിലേമോന്റെ അടിമ ആയിരുന്നതിനാൽ, അവന്റെ അനുവാദം കൂടാതെ ഒനേസിമോസിനെ കൂടെ തമാസിപ്പിക്കുന്നത് ശരിയല്ല എന്നു പൌലൊസിന് തോന്നി. അതിനാൽ അവനെ ഫിലേമോന്റെ അടുക്കലേക്ക് തിരികെ അയച്ചു.

 

ഫിലേമോൻ 1:14 എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു.

 

ഫിലേമോൻ വളരെ ദയയുള്ള ഒരു യജമാനൻ ആയിരുന്നിരിക്കാം. എങ്കിലും ഒനേസിമൊസ് അവനെ വിട്ടു ഓടിപ്പോയി. എന്തുകൊണ്ടാണ് അവൻ ഓടിപ്പോയത് എന്നു നമുക്ക് അറിഞ്ഞുകൂടാ. പൌലൊസ് അതിന്റെ വിശദാംശങ്ങൾ പറയുന്നില്ല. അവന്റെ പഴയകാല തെറ്റുകൾ വിശദീകരിക്കുവാൻ പൌലൊസ് ശ്രമിക്കുന്നില്ല. എന്നാൽ ഒനേസിമൊസ് ഫിലേമോനോട് “വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ” ഉണ്ട് എന്നു പൌലൊസ് സൂചിപ്പിക്കുന്നുണ്ട് (1:18). ഒരു പക്ഷെ, ഒനേസിമൊസ് ഏതെങ്കിലും രീതിയിൽ ഫിലേമോന് കടക്കാരനായി തീർന്നതാകാം. ഈ കടം വീട്ടുന്നത് വരെ അവൻ ഫിലേമോനെ സേവിക്കേണ്ടതാണ്. എന്നാൽ കടം വീട്ടി തീരുന്നതിന് മുമ്പേ ഒനേസിമൊസ് അവന്റെ യജമാനനെ വിട്ടു ഓടിപ്പോയി.

 

ഒനേസിമൊസ്, പണമോ, മറ്റെന്തെങ്കിലും വിലയേറിയ വസ്തുക്കളോ മോഷ്ടിച്ചുകൊണ്ടു റോമിലേക്ക് ഓടിപ്പോയതാണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

 

ഇതിൽ രണ്ടിൽ ഏത് ശരിയായാലും, ഒനേസിമൊസ്, അവന്റെ യജമാനനായ ഫിലേമോന് കടക്കാരൻ ആയിരുന്നു. എങ്കിലും രക്ഷിക്കപ്പെട്ട ഒനേസിമൊസ് തിരികെ ചെല്ലുമ്പോൾ, അവനെ ഒരു അടിമയായി വീണ്ടും സ്വീകരിക്കുവാൻ അല്ല, ഒരു ക്രിസ്തീയ സഹോദരനും തുല്യനും ആയി കണക്കാക്കുവാൻ ആണ് പൌലൊസ് ഫിലേമോനോട് ആവശ്യപ്പെടുന്നത്.

 

ഫിലേമോൻ 1:16, 17

16   അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

17   ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.

 

റോമൻ സാമ്രാജ്യത്തിലെ, അക്കാലത്തെ നിയമം അനുസരിച്ച്, ചെറിയ തെറ്റുകൾക്ക് പോലും അടിമകളെ ക്രൂശിൽ തറച്ചു കൊല്ലാറുണ്ടായിരുന്നു. യജമാനൻമാരെ വിട്ടു ഓടിപ്പോകുന്ന അടിമകളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുക പതിവായിരുന്നു. എന്നാൽ ഒനേസിമൊസ് കടപ്പെട്ടിരിക്കുന്നതെല്ലാം തിരികെ തന്നുകൊള്ളാം എന്നു പൌലൊസ് ഫിലേമോന് വാക്കുകൊടുക്കുന്നു.

 

ഫിലേമോൻ 1:18, 19

18   അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.

19   പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.

 

രണ്ടു അർത്ഥത്തിൽ ഒനേസിമൊസ്, പൌലൊസിന്റെ ശുശ്രൂഷയിലൂടെ രക്ഷിക്കപ്പെട്ടു. ഒന്ന് അവൻ യേശുക്രിസ്തുവിനെ സ്വീകരിച്ചു ആത്മീയമായി രക്ഷ പ്രാപിച്ചു. രണ്ടു, അവൻ ചെയ്ത തെറ്റിനുള്ള ഭൌതീകമായ നിയമ പ്രകാരമുള്ള കഠിന ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. അവന് യജമാനനുമായി നിരപ്പ് പ്രാപിക്കുവാൻ കഴിഞ്ഞു.

 

ഫിലോമോനുള്ള കത്തിൽ, റോമിലെ കാരാഗൃഹത്തിൽ നിന്നും സ്വതന്ത്രൻ ആകും എന്ന പ്രത്യാശ പൌലൊസ് പങ്കുവെക്കുന്നുണ്ട്.

 

ഫിലേമോൻ 1:22 ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.

 

ഒനേസിമോസിനും ഫിലേമോനും പിന്നീട് എന്ത് സംഭവിച്ചു എന്നു വേദപുസ്തകത്തിൽ പറയുന്നില്ല. എന്നാൽ സഭാ ചരിത്രവും പാരമ്പര്യവും ചില വിവരങ്ങൾ നല്കുന്നുണ്ട്. ഇതിൽ കൃത്യത കുറവ് ഉണ്ടാകുവാൻ സാധ്യതയുണ്ട്. എങ്കിലും ഇന്ന് നമുക്ക് ഈ വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ.

 

പൌരസ്ത്യ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യ വിശ്വാസം അനുസരിച്ച്, ലൂക്കോസ് 10 ൽ യേശുക്രിസ്തു, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനായി സമീപത്തുള്ള പട്ടണങ്ങളിലേക്ക് അയച്ച എഴുപത് പേരിൽ ഒരാൾ ഒനേസിമൊസ് ആയിരുന്നു. അതായത്, യേശുക്രിസ്തുവിനെ കാലത്ത് ഒനേസിമൊസ്, അവനെ അനുഗമിച്ചിരുന്നു. അപ്പോൾ അവൻ ആരുടെയും അടിമ ആയിരുന്നില്ല. എന്നാൽ പിന്നീട് അവൻ കടബാധ്യതകളിൽ ആകുകയും ഫിലേമോന്റെ അടിമ ആയി തീരുകയും ആണ് ചെയ്തത്.

 

ഒനേസിമോസിനോട് ക്ഷമിച്ച് അവനെ ഒരു ക്രിസ്തീയ സഹോദരനായി സ്വീകരിക്കേണം എന്ന പൌലോസന്റെ അപേക്ഷ, ഫിലേമോൻ സ്വീകരിച്ചു. അദ്ദേഹം ഒനേസിമോസിനെ സ്വതന്ത്രൻ ആക്കി. എന്നു മാത്രമല്ല, ഒനേസിമോസിനെ പൌലൊസിനെ ശുശ്രൂഷിക്കുവാനായി റോമിലേക്ക് അയക്കുകയും ചെയ്തു.

 

പിന്നീട്, അപ്പൊസ്തലന്മാർ, ഫിലേമോനെ, ഗാസ എന്ന പട്ടണത്തിന്റെ ബിഷപ്പ് ആയി നിയമിച്ചു. ഒനേസിമോസിനെ, തിമൊഥെയൊസിന് ശേഷം എഫെസൊസിലെ ബിഷപ്പായും നിയമിച്ചു. ഒനേസിമൊസ് അനേകം സ്ഥലങ്ങളിൽ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു.

 

റോമൻ കത്തോലിക്ക സഭാ പാരമ്പര്യത്തിൽ, ഒനേസിമോസിനെ “ബൈസാന്റിയത്തിലെ ഒനേസിമൊസ്” എന്നും പൌരസ്ത്യ ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ “വിശുദ്ധ അപ്പൊസ്തലനായ ഒനേസിമൊസ്” എന്നും വിളിക്കുന്നു (Onesimus of Byzantium, Holy Apostle Onesimus).

 

റോമൻ കത്തിലിക്ക സഭയുടെ പാരമ്പര്യത്തിൽ ഒനേസിമൊസ് 90 AD യിലോ അതിനും മുമ്പോ കൊല്ലപ്പെട്ടു. കിഴക്കൻ സഭകളുടെ പാരമ്പര്യത്തിൽ 109 AD ൽ അദ്ദേഹം കൊല്ലപ്പെട്ടു.

 

ഡൊമീഷ്യൻ, ട്രാജൻ എന്നീ റോമൻ ചക്രവർത്തിമാരുടെ കാലത്താണ് ഒനേസിമൊസ് രക്തസാക്ഷി ആകുന്നത്. 109 AD ൽ അദ്ദേഹത്തെ തുറുങ്കിലടച്ചു. ഒനേസിമൊസ് അവന്റെ ക്രിസ്തീയ വിശ്വാസത്തെ തള്ളിപ്പറയാഞ്ഞതിനാൽ, കാരാഗൃത്തിൽ പതിനെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അവനെ കൊല്ലുക ആയിരുന്നു. അവന്റെ തുടയും കാലുകളും ഒരു ഗദകൊണ്ട് മർദ്ദിച്ച് തകർത്തു. അതിന് ശേഷം അവനെ കല്ലെറിഞ്ഞു കൊന്നു. അവൻ മരിച്ചതിനു ശേഷം, അവന്റെ ശിരസ്സ് വിച്ഛേദിക്കുകയും ചെയ്തു. വളരെ സമ്പന്നയായ ഒരു ക്രിസ്തീയ സഹോദരി, അവന്റെ ശവശരീരം ഒരു വെള്ളി ശവപ്പെട്ടിയിൽ ആക്കി അടക്കം ചെയ്തു.

 

ഫിലേമോന് ഉള്ള കത്തും ഒനേസിമോസിന്റെ ജീവചരിത്രവും, ഒരു പാപിയായ മനുഷ്യന്റെ വീണ്ടും ജനനവും, ആത്മീയ രൂപാന്തരവും, ക്ഷമയും, നിരപ്പും, ദൈവ കൃപയാൽ സംഭവിച്ചത്തിന്റെ കഥയാണ്. പൌലൊസ് ഈ കത്തിൽ ഫിലേമോനെ അവന്റെ രക്ഷയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. അതിനാൽ ഒനേസിമോസിന്റെ തെറ്റുകളെയും അവൻ ക്ഷമിക്കും എന്നു പൌലൊസ് പ്രത്യാശിക്കുന്നു.

 

ഒനേസിമോസിന്റെ കഥ, യേശുക്രിസ്തുവിലൂടെ പാപ ക്ഷമ ലഭിക്കുന്ന എല്ലാ മനുഷ്യരുടെയും കഥയാണ്. ഒനേസിമൊസ് ഭൌതീക യജമാനൻ ആയിരുന്ന ഫിലേമോന്റെ അടുക്കൽ നിന്നും ഓടി, ദൈവത്തിന്റെ കൈകളിലേക്ക് എത്തിച്ചേർന്നു.

 

ന്യായപ്രമാണം, യേശുക്രിസ്തുവിന്റെ കൃപ എന്നിവയുടെ വ്യത്യാസം വെളിവാക്കുന്ന മനോഹരമായ ഒരു ചരിത്രമാണ് ഫിലേമോനുള്ള കത്തിൽ നമ്മൾ വായിക്കുന്നത്. മോശെയുടെ ന്യായപ്രമാണവും, റോമൻ നിയമവും, ഒനേസിമോസിനെ ശിക്ഷിക്കുവാനുള്ള അധികാരം ഫിലേമോന് നല്കുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ കൃപ, യജമാനനെയും അടിമയെയും നിരപ്പിക്കുന്നു. കൃപ അവരെ ദൈവ സ്നേഹത്താൽ ഒരേ നിലയിലുള്ള വ്യക്തികളാക്കി മാറ്റി. ഇരുവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആയി മാറി. ഒനേസിമോസിന്റെ കടം പൌലൊസ് കൊടുത്തു തീർക്കാം എന്ന വാഗ്ദാനം, യേശുക്രിസ്തു നമ്മളുടെ കടങ്ങളെ കൊടുത്തു തീർത്തതിനെ ഒർമ്മിപ്പിക്കുന്നു.

 

ഒനേസിമോസിന്റെയും ഫിലേമോന്റെയും ചരിത്രം പിൽക്കാലത്ത് വലിയ സാമൂഹിക മാറ്റങ്ങൾക്കും കാരണമായി. പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വ്യാപാരത്തിനെതിരെ മനുഷ്യ മനസാക്ഷിയെ ഉണർത്തിയത്, ഇവരുടെ ജീവ ചരിത്രം ആണ്. ഈ സാമൂഹിക വിപ്ലവം അടിമവ്യപാരത്തെ ലോകത്തുനിന്നും പൂർണമായി അവസാനിപ്പിക്കുകയും ചെയ്തു.

 

ഗലാത്യർ 3:27, 28

27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.   


  

No comments:

Post a Comment