ഉടമ്പടിയുടെ ദൈവശാസ്ത്രം – ഒന്നാം ഭാഗം

ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന വിഷയത്തെക്കുറിച്ചുള്ള സുദീർഘമായ ഒരു പഠന പരമ്പര നമ്മൾ ഇവിടെ ആരംഭിക്കുക ആണ്. ഈ പഠനം മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ എന്താണ് ഉടമ്പടിയുടെ ദൈവശാസ്ത്രം, അതിന്റെ സ്വഭാവ വിശേഷങ്ങൾ, എന്താണ് ഉടമ്പടി, സ്വഭാവ വിശേഷങ്ങൾ, ഘടന, വ്യത്യസ്തങ്ങൾ ആയ ഉടമ്പടികൾ എന്നിവയാണ് ചർച്ച ചെയ്യുന്നത്.

 

രണ്ടാമത്തെ ഭാഗത്ത്, ദൈവശാസ്ത്രപരമായ ഉടമ്പടികൾ എന്താണ് എന്നാണ് ചിന്തിക്കുന്നത്. അതിൽ, വീണ്ടെടുപ്പിന്റെ ഉടമ്പടി, പ്രവർത്തികളുടെ ഉടമ്പടി, കൃപയുടെ ഉടമ്പടി എന്നിവയെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.

 

മൂന്നാമത്തെയും അവസാനത്തെയും ഭാഗത്ത്, വേദപുസ്തകത്തിലെ ഉടമ്പടികൾ ആണ് പഠന വിഷയം. അതിൽ, നോഹയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടി, മോശെയുടെ ഉടമ്പടി, ദാവീദിന്റെ ഉടമ്പടി, പുതിയ ഉടമ്പടി, എന്നിവയെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം മനസ്സിലാക്കാതെ ദൈവത്തിന്റെ മാനവർക്കായുള്ള വീണ്ടെടുപ്പ് പദ്ധതി ശരിയായി ഗ്രഹിക്കുവാൻ പ്രയാസമാണ്. അതിനാൽ ഉടമ്പടിയുടെ ദൈവശാസ്ത്രം എന്താണ് എന്നു മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പഠനത്തിന്റെ മൂന്ന് ഭാഗങ്ങളും കേൾക്കുവാൻ ശ്രമിക്കുക. ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ WhatsApp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. WhatsApp no. 9961330751.     

 

നിങ്ങൾ ഇപ്പോൾ വായിക്കുന്നത്  ഈ പഠനത്തിന്റെ ഒന്നാമത്തെ ഭാഗം ആണ്.

 

ഇനി നമുക്ക് പഠനത്തിലേക്ക് പോകാം.

 


മനുഷ്യരുടെ വീണ്ടെടുപ്പിന്റെ ചരിത്രത്തിലെ, ഭൂതകാലത്തെയും, വർത്തമാന കാലത്തെയും, ഭാവിയിലെയും സംഭവങ്ങൾ, ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികളുടെ അടിസ്ഥാനത്തിൽ, കാലാനുഗതമായി മുന്നേറുന്ന വെളിപ്പാടുകളിലൂടെ വിശദീകരിക്കുന്ന പഠനം ആണ് ഉടമ്പടികളുടെ ദൈവശാസ്ത്രം.

 

ഉടമ്പടികൾ പഴയനിയമത്തിലും പുതിയ നിയമത്തിലും നമുക്ക് കാണുവാൻ കഴിയും. ഇവ അന്തിമമായി യേശുക്രിസ്തുവിന്റെ മരണത്തിന്റെ മർമ്മം വെളിവാക്കുന്നു. യേശു ക്രിസ്തു എന്ന വ്യക്തിയും, അവന്റെ ജീവിതവും, പ്രവർത്തികളും, വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉടമ്പടികളുടെ നിവൃത്തി ആയിരുന്നു. യേശുക്രിസ്തു അവന്റെ മരണത്തെ ഉടമ്പടികളുടെ നിവൃത്തിയായി ചിത്രീകരിച്ചിട്ടുണ്ട്. അവന്റെ രക്തം പുതിയനിയമ ഉടമ്പടിയെ ഉറപ്പിച്ചു. യേശുക്രിസ്തുവിന്റെ രക്തം ചൊരിഞ്ഞല്ലാതെ പുതിയനിയമ ഉടമ്പടി സാധ്യമല്ലായിരുന്നു.

 

ഉടമ്പടിയുടെ ദൈവശാസ്ത്രത്തിന്റെ സ്വഭാവവിശേഷങ്ങൾ

 

1.       ഉടമ്പടിയുടെ ദൈവശാസ്ത്രത്തെ, സംയുക്ത പദവിയുടെ ദൈവശാസ്ത്രം അഥവാ ഫെഡറൽ തിയോളജി (federal theology) എന്നും വിളിക്കാറുണ്ട്. ലാറ്റിൻ ഭാഷയിൽ “ഫെഡസ്” എന്ന വാക്കിന്റെ അർഥം ഉടമ്പടി എന്നാണ് (foedus). ഉടമ്പടിയുടെ ദൈവശാസ്ത്രം വ്യവസ്ഥിതമായ ഒരു കൂട്ടം ഉപദേശങ്ങളുടെ സംഹാരം അല്ല. ഈ അർത്ഥത്തിൽ ഇതൊരു ദൈവശാസ്ത്രം അല്ല. ഇത് വേദപുസ്തകത്തിലെ ആത്മീയ മർമ്മങ്ങളെ വ്യാഖ്യാനിക്കുവാൻ ഉപയോഗിക്കു ഒരു സങ്കേതം മാത്രമാണ്. ഇവിടെ, വേദപുസ്തകത്തിലെ എല്ലാ ഉടമ്പടികളേയും യോജ്യമായി ചേർത്തു കൊണ്ടുവരുന്നു. അങ്ങനെ മനുഷ്യരാശിയുടെ വീണ്ടെടുപ്പു പദ്ധതിയിൽ ഉടമ്പടികൾക്ക് ഉള്ള പ്രാധാന്യത്തെ വിവരിക്കുന്നു.

 

2.     ഉടമ്പടിയുടെ ദൈവശാസ്ത്രം, ദൈവം മനുഷ്യരുമായി സ്ഥാപിച്ച ഉടമ്പടികളിലൂടെ, അവർ തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നു. ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതിയിലെ എല്ലാ വിഷയങ്ങളെയും ഉടമ്പടികളുടെ പശ്ചാത്തലത്തിൽ വിവരിക്കപ്പെടുന്നു. ദൈവീക പദ്ധതിയിലെ ഐക്യത, പുരോഗതി എന്നിവയും വാഗ്ദത്തങ്ങളുടെ നിവൃത്തിയിൽ ഉണ്ടാകുന്ന താൽക്കാലിക വിരാമം എന്നിവയെയും ഉടമ്പടി വിശദീകരിക്കുന്നു. വീണ്ടെടുപ്പു പദ്ധതിയുടെ അന്തിമ നിവൃത്തിയും തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയും ഉടമ്പടികളുടെ പഠനം വെളിപ്പെടുത്തുന്നുണ്ട്.

 

3.     ഉടമ്പടികളുടെ ദൈവശാസ്ത്രം ക്രിസ്തു കേന്ദ്രീകൃതമായ ഒരു സമഗ്ര വീക്ഷണം ആണ്. അത്, പഴയനിയമത്തെ ക്രിസ്തുവിനെക്കുറിച്ചുള്ള വാഗ്ദത്തമായും, അതിന്റെ ക്രിസ്തുവിലുള്ള നിവർത്തിയായി പുതിയനിയമത്തെ കാണുന്നു. അതായത് ഉടമ്പടിയുടെ ദൈവശാസ്ത്രം മൊത്തത്തിൽ യേശുക്രിസ്തുവിന്റെ സുവിശേഷത്തേക്കുറിച്ചുള്ളതാണ്. പാപം എങ്ങനെയാണ് മനുഷ്യരുടെ ഇടയിൽ വന്നത്, പാപം എങ്ങനെയാണ് മനുഷ്യരുടെ മേൽ കണക്കാക്കപ്പെടുന്നത്, എങ്ങനെയാണ് ഒരുവന്റെ പാപ പ്രവൃത്തി കാരണം എല്ലാ മനുഷ്യരും പാപികൾ ആകുന്നത് എന്നിങ്ങനെയുള്ള ആത്മീയ മർമ്മങ്ങൾ ഉടമ്പടികളുടെ ദൈവശാസ്ത്രം വിശദീകരിക്കുന്നു. ആദാമിന്റെ അനുസരണക്കേടിനാൽ എല്ലാ മനുഷ്യരും പാപികൾ ആയതുപോലെ യേശുക്രിസ്തു എന്ന ഒരുവന്റെ സമ്പൂർണ്ണ അനുസരണത്താൽ അവനിൽ വിശ്വസിക്കുന്ന എല്ലാവരും നീതീകരിക്കപ്പെടുന്നു. ഇതാണ് വീണ്ടെടുപ്പിന്റെ ചരിത്രം.

 

4.     ഉടമ്പടിയുടെ ദൈവശാസ്ത്രം തികച്ചും തിരുവെഴുത്തുകളിൽ അടിസ്ഥാനമാണ്. അതിൽ വേദപുസ്തകത്തിൽ വിവരിക്കപ്പെടുന്ന സൃഷ്ടിയുടെ ചരിത്രവും, മനുഷ്യരുടെ വീഴ്ചയും, വീണ്ടെടുപ്പും, വിശുദ്ധീകരണവും, ദൈവീക പദ്ധതിയുടെ പൂർത്തീകരണവും ഉണ്ട്. മനുഷ്യരുടെ രക്ഷയെ, ദൈവത്തിന്റെ ശ്രേഷ്ഠമായ പദ്ധതിയിൽ, ശരിയായ ഇടത്ത് സ്ഥാപിക്കുവാൻ ഉടമ്പടികളുടെ ദൈവശാസ്ത്രത്തിന് കഴിയുന്നു.

 

5.     ഉടമ്പടിയുടെ ദൈവശാസ്ത്രം ദൈവ വചനത്തെ അതിൽ നിന്നുതന്നെ വ്യാഖ്യാനിക്കുകയാണ്. പുറമെനിന്നുള്ള ആശയങ്ങൾ ദൈവ വചനത്തിലേക്ക് അടിച്ചേൽപ്പിക്കുന്നില്ല. തിരുവെഴുത്തുകളിൽ എല്ലായിടത്തും കാണപ്പെടുന്ന ഉടമ്പടികൾ ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതിയിൽ അവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാണ് വിശദീകരിക്കുന്നത്. ഇപ്രകാരമുള്ള ചിന്തകളെയാണ് വേദപുസ്തക അടിസ്ഥാനത്തിലുള്ള ദൈവശാസ്ത്രം എന്നു വിളിക്കുന്നത്. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ നമ്മൾ എങ്ങനെയാണ് ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്നും എന്താണ് ഏറ്റുപറയേണ്ടത് എന്നും ഉടമ്പടികളുടെ ദൈവശാസ്ത്രം വിവരിക്കുന്നു.

 

6.     പുതിയനിയമത്തിന്റെ വരവോടെ, യിസ്രായേൽ ജനവുമായുള്ള ഉടമ്പടി ദൈവം ഉപേക്ഷിച്ചു എന്നു ഉടമ്പടിയുടെ ദൈവശാസ്ത്രത്തെ അനുകൂലിക്കുന്നവർ കരുതുന്നില്ല. എന്നാൽ അവരുമായുള്ള ഉടമ്പടിയും യേശുക്രിസ്തുവിൽ നിവൃത്തിക്കപ്പെടുന്നു എന്നാണ് അവർ പഠിപ്പിക്കുന്നത്. പുതിയനിയമ സഭ, പഴയനിയമ സഭയുടെ ഒരു ജൈവമായ തുടർച്ചയാണ്. പുതിയനിയമ സഭ പഴയതിനെ നീക്കം ചെയ്യുകയോ, മാറ്റിക്കളയുകയോ ചെയ്യുന്നില്ല. പുതുജ്ജീവൻ പ്രാപിക്കാത്ത ഇന്നത്തെ യിസ്രായേൽ ഭാവിയിൽ ദൈവജനമായി പുനസ്ഥാപിക്കപ്പെടും എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്.

 

7.     ഉടമ്പടിയുടെ ദൈവശാസ്ത്രം സഭാ വിഭാഗീയത ഇല്ലാത്തതാണ്. അത് എല്ലാ സഭാകൾക്കും ഒരുപോലെ സ്വീകാര്യമായ നവീകരണ വ്യാഖ്യാന രീതിയാണ്. ഈ വ്യാഖ്യാന സങ്കേതത്തിന്റെ ആരംഭത്തിന് ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നാളുകളോളം പഴക്കം ഉള്ളതാണ്. എന്നാൽ 16, 17 നൂറ്റാണ്ടുകളിൽ ജോൺ കാൽവിന്റെ നേതൃത്വത്തിൽ നടന്ന ആത്മീയ ഉണർവിന്റെ കാലത്താണ് ഇതിന് പ്രചാരം ലഭിച്ചത്. ചരിത്രപരമായി എല്ലാ പ്രൊട്ടസ്റ്റന്റ് സഭകളും ഇതിനെ അംഗീകരിക്കുന്നു.

 

8.     ഉടമ്പടിയുടെ ദൈവശാസ്ത്രം വേദപുസ്തകം വ്യാഖ്യാനിക്കുവാനുള്ള ഒരു മാർഗ്ഗം ആണ്, ഏക മാർഗ്ഗം അല്ല. യുഗങ്ങളെ അടിസ്ഥാനമാക്കിയുള്ള “ഡിസ്പെൻസേഷണലിസം” എന്നത് മറ്റൊരു വ്യാഖ്യാന രീതിയാണ് (Dispensationalism). എന്നാൽ ഇത് രണ്ടും പല ഇടങ്ങളിലും വ്യത്യസ്തമാണ്. പഴയനിയവും പുതിയനിയമവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നതിൽ അവർ രണ്ട് പക്ഷത്താണ് . അന്ത്യകാല സംഭവങ്ങളുടെ വിശദീകരണത്തിലും വ്യത്യസ്തത പുലർത്തുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശമായ . രക്ഷ ദൈവകൃപയാൽ മാത്രം, വിശ്വാസത്താൽ മാത്രം, യേശുക്രിസ്തുവിലൂടെ മാത്രം, ദൈവനാമ മഹത്വത്തിനായി മാത്രം, എന്നതിൽ രണ്ടു കൂട്ടരും ഒന്നിക്കുന്നു

 

ഉടമ്പടിയുടെ ദൈവശാസ്ത്രം ഡിസ്പെൻസേഷണലിസത്തിന് എതിരായി രൂപപ്പെട്ടത് അല്ല. “ഡിസ്പെൻസേഷണലിസം” രൂപപ്പെടുന്നതിന് അനേകം നൂറ്റാണ്ടുകൾക്ക് മുമ്പേ ഉടമ്പടിയുടെ ദൈവശാസ്ത്രം നിലവിൽ ഉണ്ടായിരുന്നു.

 

“ഡിസ്പെൻസേഷണലിസം” രൂപീകരിക്കുന്നത് 19 ആം നൂറ്റാണ്ടിൽ, അയർലന്റിലെ ആംഗ്ലിക്കൻ സഭയിലെ പുരോഹിതൻ ആയിരുന്ന ജോൺ നെൽസൺ ഡാർബി ആണ്. പ്ലിമത്ത് ബ്രത്രെൻ” (Plymouth Brethren) എന്ന ക്രിസ്തീയ മുന്നേറ്റത്തോടൊപ്പം അൽപ്പകാലം അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് “എക്സ്ക്ലൂസീവ് ബ്രെത്രെൻ” എന്ന വിഭാഗം സ്ഥാപിച്ചു (Exclusive Brethren). അന്ത്യകാലത്തു സംഭവിക്കുവാനിരിക്കുന്ന മഹോപദ്രവ കാലത്തിന് മുമ്പ് ക്രിസ്തീയ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെടും എന്ന ഉപദേശം രൂപീകരിച്ചത് ഡാർബി ആണ്. ഈ ആശയം 20 ആം നൂറ്റാണ്ടിൽ, സ്കോഫീൽഡ് റഫറൻസ് ബൈബിൾ പ്രസിദ്ധീകരിച്ചതോടെ, അമേരിക്കയിൽ പ്രചാരത്തിൽ ആയി

 

പ്രസിദ്ധ ബാപ്തിസ്റ്റ് സുവിശേഷകൻ ആയിരുന്ന സി. എച്ച്. സ്പർജൻ ന്റെ അഭിപ്രായത്തിൽ, ഉടമ്പടിയെക്കുറിച്ചുള്ള ഉപദേശമാണ് എല്ലാ ശരിയായ ദൈവശാസ്ത്രത്തിന്റെയും അടിസ്ഥാനം. നവീകരണ ദൈവശാസ്ത്രം ഉടമ്പടികളുടെ ദൈവശാസ്ത്രമാണ്, എന്നതാണ് ആർ. സി. സ്പറൌൾ ന്റെ അഭിപ്രായം.

 

എന്താണ് ഉടമ്പടി?

 

ഉടമ്പടി എന്ന വാക്ക് പഴയനിയമത്തിൽ ഏകദേശം 300 പ്രാവശ്യവും പുതിയനിയമത്തിൽ ഏകദേശം 30 പ്രാവശ്യം കാണപ്പെടുന്നു. വേദപുസ്തകത്തിന്റെ രണ്ടു ഭാഗങ്ങളെ പഴയനിയമം എന്നും പുതിയനിയമം എന്നും ആണ് വിളിക്കുന്നത്.

 

“ടെസ്റ്റമെന്റം" എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം, വിൽപ്പത്രം, നിയമം എന്നിങ്ങനെയാണ് (testamentum). ദൈവശാസ്ത്രത്തിൽ “ടെസ്റ്റമെന്റം" എന്ന വാക്കിനെ നിയമം അഥവാ ഉടമ്പടി എന്നാണ് മനസ്സിലാക്കുന്നത്. എബ്രായ ഭാഷയിൽ ഉടമ്പടിയെ “ബെറിത്” എന്നും ഗ്രീക്ക് ഭാഷയിൽ “ഡിയത്തെക്കെ” എന്നുമാണ് വിളിക്കുന്നത് (berith, diatheke). ഈ വാക്കുകളുടെ ശരിയായ പരിഭാഷ “നിയമം” എന്നല്ല, “ഉടമ്പടി” എന്നാണ്.

 

ഇംഗ്ലീഷിലെ “ടെസ്റ്റ്മെന്റ്” എന്ന വാക്കിന്റെ അർത്ഥം ഒരുവന്റെ മരണത്തിന് ശേഷം അവന്റെ സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യേണം എന്ന വിവരണം ആണ്. ഇത് ഒരുവന്റെ സ്വത്തുവകകൾ, അനന്തര അവകാശികൾക്ക് എങ്ങനെ കൈമാറണം എന്നു പറയുന്നു. ഇതിനെ മലയാളത്തിൽ വിൽപ്പത്രം എന്നാണ് വിളിക്കുന്നത്. “ടെസ്റ്റ്മെന്റ്” ൽ ഒരുവൻ അവന്റെ മരണത്തിന് മുമ്പ്, അവന്റെ ഭൌതീക സമ്പത്തിന്റെ അനന്തര അവകാശികളെക്കുറിച്ചുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അനന്തര അവകാശികൾ മിക്കപ്പോഴും അവന്റെ ബന്ധുമിത്രാധികൾ ആയിരിക്കും. ഇത്തരം വിൽപ്പത്രം അത് എഴുതുന്ന വ്യക്തിയുടെ മരണത്തിന് ശേഷം മാത്രമേ നിയമപരമായി നിലവിൽ വരുന്നുള്ളൂ. അതായത് ഒരുവന്റെ മരണശേഷം മാത്രം നിയമപരമായി നിലവിൽ വരുന്നതും ജീവിച്ചിരിക്കുന്ന മറ്റൊരുവന് ലഭിക്കുന്ന അവകാശങ്ങളും ആണ് വിൽപ്പത്രത്തിൽ ഉള്ളത്. എന്നാൽ ഉടമ്പടി വളരെ വ്യത്യസ്തമായ ഒരു ആശയമാണ്.


 1.       ഉടമ്പടികളുടെ സ്വഭാവ വിശേഷങ്ങൾ

 

1.1.   ഉടമ്പടികൾ ദൈവത്തിന്റെ സർവ്വാധികാരത്താൽ ഉള്ള തിരഞ്ഞെടുപ്പും തീരുമാനവും ആണ്.    

 

ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടി ബന്ധം ദൈവത്തിന്റെ സർവ്വാധികാരത്താൽ ഉള്ള തിരഞ്ഞെടുപ്പും തീരുമാനവും ആണ്. അത് ആരംഭിക്കുന്നത് ദൈവമാണ്, ദൈവത്തിന്റെ ഹിതപ്രകാരവും, പ്രമാണ പ്രകാരവും ആണ്. മനുഷ്യർക്ക് ഒരിക്കലും ദൈവവുമായി ഒരു ഉടമ്പടി ബന്ധം ആരംഭിക്കുവാൻ സാദ്ധ്യമല്ല. മനുഷ്യർക്ക് ദൈവത്തോട് ഉടമ്പടിയുടെ നിബന്ധനകൾ നിർദ്ദേശിക്കുവാൻ സാദ്ധ്യമല്ല. ദൈവം ഒരു ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുമ്പ് മനുഷ്യരുമായി കൂടി ആലോചിക്കാറില്ല.

 

വേദപുസ്തകത്തിലെ ദൈവം, ഉടമ്പടി ചെയ്യുന്ന, ഉടമ്പടി പാലിക്കുന്ന, ഉടമ്പടി നിവർത്തിക്കുന്ന ദൈവമാണ്. ഉടമ്പടികളിലൂടെ മനുഷ്യ വർഗ്ഗത്തിനായുള്ള ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയെ അവൻ വെളിപ്പെടുത്തുന്നു.

 

1.2.  കടമകൾ, അനുഗ്രഹങ്ങൾ, ശാപങ്ങൾ       

 

ദൈവത്തിന്റെ ഉടമ്പടികളിൽ അതിൽ എർപ്പെടുന്നവർ പാലിക്കേണ്ടുന്ന കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ട്. അതിൽ അനുഗ്രഹങ്ങളും ശാപങ്ങളും ഉണ്ട്. അതെല്ലാം ദൈവനാമ മഹത്വത്തിനും നമ്മളുടെ അനുഗ്രഹത്തിനും ഉള്ളതാണ്. ഉടമ്പടി മൂലം നമ്മൾ ചില അനുഗ്രഹങ്ങൾ കൈവശമാക്കിയേക്കാം.

 

1.3.  തിരഞ്ഞെടുക്കപ്പെടുന്നവരുമായി ഉണ്ടാക്കുന്ന ഉടമ്പടി

 

ദൈവം അവൻ തിരഞ്ഞെടുക്കുന്ന വ്യക്തികളുമായി മാത്രമേ ഉടമ്പടികളിൽ ഏർപ്പെടുന്നുള്ളൂ. ഭൂമിയിലെ ജീവികളുമായോ, എല്ലാ മനുഷ്യരുമായോ, നേരിട്ട് ഒരു ഉടമ്പടിയും ദൈവം ചെയ്യുന്നില്ല. ദൈവം ആദാമിനെ സൃഷ്ടിച്ചു, അവനുമായി ഒരു ഉടമ്പടി ബന്ധം സൃഷ്ടിച്ചു. എന്നാൽ സസ്യങ്ങളുമായോ, മൃഗങ്ങളുമായോ ദൈവം ഉടമ്പടി ചെയ്തില്ല. ദൈവം നോഹയുമായി ഒരു ഉടമ്പടി ചെയ്തു, നോഹയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റുള്ള ജീവികളുമായി ഒരു ഉടമ്പടിയും ഉണ്ടായില്ല. അബ്രാഹാമുമായി ഉടമ്പടി ചെയ്ത ദൈവം, അവന്റെ പിതാവുമായോ, കുടുംബത്തിലെ മറ്റുള്ളവരുമായോ, സമകാലീനരുമായോ, യാതൊരു ഉടമ്പടിയും ചെയ്തില്ല. ദൈവത്തിന്റെ ഉടമ്പടി മോശെയും യിസ്രായേൽ ജനവുമായിട്ടാണ്. അതിൽ ഫറവോനോ, മിസ്രയീമ്യരോ ഭാഗമല്ല. ദാവീദുമയായി ഉടമ്പടി ചെയ്ത ദൈവം ശൌലിനെ ഉപേക്ഷിച്ചു. യേശുക്രിസ്തുവും, അവനിലുള്ള വിശ്വാസം മൂലം രക്ഷപ്രാപിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് പുതിയനിയമ ഉടമ്പടി ഉള്ളത്.

 

റോമർ 8:28-30

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

1.4. ഉടമ്പടികൾ അഴിച്ചുമാറ്റുവാൻ കഴിയാത്ത ബന്ധമാണ്  

 

വേദപുസ്തകത്തിലെ ഉടമ്പടികൾ, മനുഷ്യരുടെ ഇടയിൽ സാധാരണയായി ഉണ്ടാകുന്ന കരാർ അല്ല. എല്ലാ ഉടമ്പടികളും പരസ്പര വിശ്വാസത്തിൽ അതിഷ്ഠിതമായി, അഴിച്ചുമാറ്റുവാൻ കഴിയാത്ത ഒരു ബന്ധമാണ്. അതിൽ നിയമപരമായ കരാറുകളും, കടമകളും, വാഗ്ദാനവും, സമ്പൂർണ്ണമായ സമർപ്പണവും ഉണ്ട്. ഉടമ്പടികൾ സ്ഥിരമാണ്, അത് അതിൽ ഉൾപ്പെട്ട ആരും ലംഘിക്കുന്നില്ല. അതിന്റെ അനുസരണം ജീവനും, ലംഘനം മരണവും ആണ്. ഒരിക്കൽ സ്വീകരിച്ചുകഴിഞ്ഞാൽ ഉടമ്പടിയിലെ എല്ലാ പ്രമാണങ്ങളും പാലിക്കുവാൻ ഇരുകൂട്ടരും ബാധ്യസ്ഥർ ആണ്. ഇതിൽ ആരെങ്കിലും എന്തെങ്കിലും പ്രമാണം ലംഘിച്ചാൽ അവൻ മരിച്ചതായി കണക്കാക്കാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പ്രമാണ ലംഘകന്റെ മരണം ആണ് ലംഘനത്തിനുള്ള ശിക്ഷ.

 

ഗലാത്യർ 3:15 സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.

 

ഉടമ്പടികൾ നമ്മളെ ദൈവവുമായി ബന്ധിക്കുന്നു, ദൈവം ഉടമ്പടിയിലൂടെ അവനുമായി സ്വയം ബന്ധിക്കുന്നു. ദൈവം നമ്മളെ മൂല്യമേറിയ സ്വത്തായി കണക്കാക്കുന്നു; ദൈവം അവനെത്തന്നെ മൂല്യമേറിയ സ്വത്തായി നമുക്ക് നല്കുന്നു.

 

പുറപ്പാട് 6:7 ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.

 

ഉടമ്പടിയിലെ പ്രമാണങ്ങളുടെ ലംഘനം പാപമാണ്. രക്തം ചൊരിയാതെ പാപമോചനം സാദ്ധ്യമല്ല. അതിനാൽ ഉടമ്പടിയുടെ ലഘനം മരണം ആണ്. ഇത് പ്രമാണ ലംഘകന്റെയോ, അവനെ പ്രതിനിധീകരിക്കുന്ന ഒരു പകരക്കാരന്റേയോ മരണം ആകാം.

 

എബ്രായർ 9:22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.  

 

1.5. ജീവിക്കുന്ന ബന്ധം

 

ദൈവത്തിന്റെ ഉടമ്പടികൾ അതുല്യവും ജീവിക്കുന്ന ബന്ധവും ആണ്. അതിൽ ഏർപ്പെടുന്നവർ അവർ ജീവിച്ചിരിക്കുമ്പോൾ പാലിക്കേണ്ട ഒരു കരാർ ആണ് ഉടമ്പടികൾ. ഉടമ്പടി ഒരു വ്യക്തി ആരംഭിക്കുകയും ഇരുവരും ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കുകയും വേണം. ദൈവവുമായുള്ള ഉടമ്പടി ഇപ്പോൾ, ഈ ലോകത്ത്, നമ്മൾ അവനുവേണ്ടി എങ്ങനെ ജീവിക്കേണം എന്നു പറയുന്നു. ഒരു മനുഷ്യന്റെ ഇഹലോകവാസം, അവന്റെ മറ്റുള്ളവരുമായുള്ള ബന്ധം, ദൈവവുമായുള്ള ബന്ധം എന്നിവയെ ക്രമീകരിക്കുകയും, പരിശോധിക്കുകയും, ഉറപ്പിക്കുകയും ചെയ്യുന്നത് ഉടമ്പടിയാണ്. ഉടമ്പടിയിൽ ആയിരിക്കുന്ന ഒരു മനുഷ്യന്, അവന്റെ ജീവിതത്തിലെ സകലതും അതിലെ പ്രമാണങ്ങൾ അനുസരിച്ചാണ്.

 

1.6. നിലവിലുള്ള ഒരു ബന്ധത്തെ സുദൃഡമാക്കുന്നു.        

 

ഉടമ്പടികൾ പുതിയ ബന്ധത്തെ ആരംഭിക്കുന്നില്ല. അത് ഇപ്പോൾ നിലവിൽ ഉള്ള അതുല്യമായ ഒരു ബന്ധത്തെ, അനുഗ്രഹങ്ങളും, കടമകളും കൂട്ടിച്ചേർത്ത്, പ്രമാണാനുസാരമാക്കുകയും (formalise), സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഒരു ഉടമ്പടി എന്നത് സുരക്ഷിതമായ ഒരു ബന്ധം ആണ്.

 

1.7.  ഉടമ്പടിയുടെ വാക്കുകൾ

 

ഉടമ്പടി പ്രഖ്യാപിക്കുന്ന വ്യക്തി പറയുന്നതും എഴുതുന്നതും ആണ് ഉടമ്പടിയുടെ വാക്കുകൾ. ഇതിൽ ദൈവം പറയുന്ന വാക്കുകളും, ദൈവം എഴുതുന്ന വാക്കുകളും, ദൈവത്തിനുവേണ്ടി നിയോഗിക്കപ്പെടുന്ന ഒരുവൻ പറയുന്നതും എഴുതുന്നതും ആയ വാക്കുകളും ഉണ്ട്. ഇതാണ് ഉടമ്പടിയുടെ ഉള്ളടക്കം.

 

1.8. ഉടമ്പടികൾ കാലങ്ങളെയും കാലാനുഗതമായ പുരോഗതിയേയും സൂചിപ്പിക്കുന്നു.

 

ഓരോ ഉടമ്പടിയും ഒരു പ്രത്യേക കാലഘട്ടത്തെയോ, ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ കാലാനുഗതമായ പുരോഗതിയെയോ സൂചിപ്പിക്കുന്നു. അത് ഒരു പ്രത്യേക കാലത്ത്, ഒരു പ്രത്യേക ജനവുമായുള്ള ദൈവത്തിന്റെ ബന്ധത്തെ കാണിക്കുന്നു.

 

1.9. ആചാരപരമായ ആരംഭം   

 

ഉടമ്പടികൾ ആചാരപരമായ പ്രവർത്തികളിലൂടെ ആണ് ആരംഭിക്കുന്നത്. ഉടമ്പടിയെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളോ, മുദ്രകളോ സ്ഥാപിക്കപ്പെടും. ഇത്തരം അടയാളങ്ങളും മുദ്രകളും പിന്നീട് ദിവ്യകർമ്മങ്ങളോ, കല്പ്നകളോ, ചട്ടങ്ങളോ ആയി തീരും. സ്നാനം, തിരുവത്താഴ ശുശ്രൂഷ, എന്നിവയെ ഇത്തരം അടയാളങ്ങളായി കണക്കാക്കാം.

 

2.     ഉടമ്പടിയുടെ ഘടന

 

ക്രിസ്തുവിന് മുമ്പ്, പുരാതന മദ്ധ്യ പൂർവ്വദേശങ്ങളിൽ രാജാക്കന്മാർക്ക് ഇടയിൽ ഉടമ്പടികൾ നിലവിൽ ഉണ്ടായിരുന്നു. അക്കാലത്ത് രണ്ടു തരത്തിലുള്ള ഉടമ്പടികൾ ഉണ്ടായിരുന്നു. ഒന്ന് പാരിറ്റി ഉടമ്പടിയും രണ്ടാമത്തേത്, സൂസെറൈൻ-വാസൽ ഉടമ്പടിയും ആയിരുന്നു (Parity Treaty, Suzerain-Vassal Treaty). ഇരു രാജാക്കന്മാരും അവരിലൂടെ രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം സ്ഥാപിക്കുക, നിലനിറുത്തുക എന്നതായിരുന്നു ഇത്തരം ഉടമ്പടികളുടെ ഉദ്ദേശ്യം.

 

“പാരിറ്റി ഉടമ്പടി”, തുല്യരായ രണ്ടു രാജാക്കന്മാർക്കിടയിൽ, പരസ്പരം ആക്രമിക്കുകയില്ല എന്നു ഉറപ്പ് നല്കുന്ന ഉടമ്പടികൾ ആയിരുന്നു. ഇതിൽ രണ്ടു കഷികളും പൂർണ്ണ സമ്മതത്തോടെയാണ് പ്രവേശിക്കുന്നത്. ഇതിൽ രണ്ടു രാജ്യങ്ങളുടെയും അതിർത്തികളെ പരസ്പരം ബഹുമാനിക്കാം എന്നും, വ്യാപാര ബന്ധങ്ങളും, ഓടിപ്പോകുന്ന കുറ്റവാളികളായ അടിമകളുടെ കൈമാറ്റവും പ്രധാന വിഷയങ്ങൾ ആയിരുന്നു.

 

“സൂസെറൈൻ-വാസൽ” ഉടമ്പടി ഒരു വലിയ രാജാവും, മറ്റൊരു ആശ്രിത രാജ്യവും തമ്മിൽ ഉണ്ടാക്കുന്ന കരാർ ആണ്. ഇതിലെ വലിയ രാജാവിനെ സൂസെറൈൻ എന്നും ആശ്രിത രാജാവിനെ വാസൽ എന്നും വിളിക്കുന്നു. രാജാക്കന്മാർക്ക് പകരം ഒരു ഉയർന്ന വ്യക്തിയും താഴ്ന്ന വ്യക്തിയും തമ്മിലുള്ള കരാറും ആകാം. ഈ ഉടമ്പടിയിലെ ബന്ധം കുടുംബപരമോ, സൌഹൃദമോ ആണ് എങ്കിൽ ഉയർന്ന വ്യക്തിയെ “പിതാവ്” എന്നും താഴ്ന്ന വ്യക്തിയെ “പുത്രൻ” എന്നും പരാമർശിക്കാറുണ്ട്. ഉടമ്പടി സൌഹൃദപരം അല്ലായെങ്കിൽ, പ്രഭു, ദാസൻ, രാജാവ്, ആശ്രിതൻ, ശ്രേഷ്ഠനായ രാജാവ്, താഴ്ന്ന രാജാവ്, എന്നീ പദങ്ങൾ ഉപയോഗിക്കും.

 

ആശ്രിത രാജാവ്, അദ്ദേഹത്തിന്റെ രാജ്യത്തിലെ എല്ലാ ജനങ്ങളുടെയും പ്രതിനിധി ആയാണ് ശ്രേഷ്ഠനായ രാജാവുമായി ഉടമ്പടി ചെയ്യുന്നത്. ഉടമ്പടിയിലൂടെ ആശ്രിത രാജാവും, അദ്ദേഹത്തിന്റെ രാജ്യത്തിലെ ജനങ്ങളും, ശ്രേഷ്ഠനായ രാജാവിന്റെ സംരക്ഷണത്തിൽ ആയിതീരും. ആശ്രിത രാജ്യത്തിലെ രാജാവ് ഉടമ്പടിയിലെ പ്രമാണങ്ങൾ സ്വന്ത രാജ്യത്തിൽ നടപ്പിലാക്കുവാൻ കടപ്പെട്ടവൻ ആണ്.

 

ഉടമ്പടി രൂപീകരിക്കുന്നതും, ആരംഭിക്കുന്നതും സൂസെറൈൻ എന്നു വിളിക്കപ്പെടുന്ന വലിയ രാജാവാണ്. ആശ്രിത രാജാവും ജനങ്ങളും അദ്ദേഹത്തോട് വിശ്വസ്തതയും, അനുസരണവും പാലിക്കുന്നു എങ്കിൽ അനുഗ്രഹങ്ങളും, മൽസരിക്കുന്നു എങ്കിൽ ശാപവും ഉണ്ടാകും. ഇത്തരം ഉടമ്പടികളിലൂടെ, അക്കാലത്ത്, പുതിയ കുടുംബ ബന്ധങ്ങളും രൂപീകരിക്കപ്പെടുമായിരുന്നു.

 

3.     വ്യത്യസ്തങ്ങളായ ഉടമ്പടികൾ

 

നിബന്ധനകളോട് കൂടിയവയും നിബന്ധനകൾ ഇല്ലാത്തവയും, രക്തം ചൊരിഞ്ഞുള്ളവയും, രക്ത രഹിതമായവയും ആയി വ്യത്യസ്തങ്ങളായ ഉടമ്പടികൾ നിലനിന്നിരുന്നു. ഒരു ഉടമ്പടിയെ, മൃഗത്തിന്റെ രക്തം ചൊരിഞ്ഞു ഉറപ്പിക്കുകയോ, അത് കൂടാതെ ഉറപ്പിക്കുകയോ ആകാം. ആദാമുവായുള്ളതും, ദാവീദുവുമായുള്ളതും ആയ ഉടമ്പടികൾ രക്തരഹിത ഉടമ്പടികൾ ആണ്. ഏദനിൽ ദൈവം പ്രഖ്യാപിച്ച കൃപയുടെ ഉടമ്പടി രക്തം ചൊരിഞ്ഞു ഉറപ്പിച്ചതാണ്. നോഹയുമായുള്ള ഉടമ്പടി, അബ്രാഹാമുമായുള്ള ഉടമ്പടി, മോശയുടെ ഉടമ്പടി, പുതിയനിയമ ഉടമ്പടി എന്നിവയെല്ലാം രക്തം ചൊരിഞ്ഞുള്ള ഉടമ്പടികൾ ആണ്.

 


3.1.  നിബന്ധനകളോട് കൂടിയ ഉടമ്പടി

 

ഉടമ്പടിയിൽ ഏർപ്പെടുന്ന ഇരുകൂട്ടരും പാലിക്കുവാൻ ബാധ്യസ്ഥമായ കടമകളും പ്രമാണങ്ങളും ഉൾപ്പെടുന്നവയെ നിബന്ധനകളോട് കൂടിയ ഉടമ്പടി എന്നു വിളിക്കുന്നു. ഇതിലെ നിബന്ധനകളോട് ഇരുകൂട്ടരും യോജിച്ചെങ്കിൽ മാത്രമേ ഉടമ്പടി നിലവിൽ വരുകയുള്ളൂ. നിബന്ധനകൾ പാലിച്ചാൽ അനുഗ്രഹവും, ലംഘിച്ചാൽ ശാപവും ഉണ്ടാകും.

 

ഭൌതീക അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി അനേകം നിബന്ധനകൾ മോശെയുടെ ഉടമ്പടിയിൽ ഉണ്ടായിരുന്നു. വാഗ്ദത്ത ഭൂമിയിൽ സ്ഥിരമായി ജീവിക്കുവാൻ, യിസ്രായേൽ ജനം ഈ നിബന്ധനകൾ പാലിക്കേണമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, അവർ നിബന്ധനകൾ ലംഘിക്കുകയും, ഫലമായി, മറ്റ് രാജ്യങ്ങളിലേക്ക് പ്രവാസത്തിൽ പോകേണ്ടി വരുകയും ചെയ്തു.

 

ആവർത്തനപുസ്തകം 28:1, 7, 15, 25, 63, 64

1        നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.

 

7    നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.

 

15   എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:

 

25 ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽ നിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.

 

63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.

64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

 

3.2.   നിബന്ധനകൾ ഇല്ലാത്ത ഉടമ്പടി

 

ഉടമ്പടിയിലെ വ്യവസ്ഥകൾ നിവർത്തിക്കപ്പെടുന്നതിന് യാതൊരു ഉപാധിയോ നിബന്ധനകളോ ഇല്ലാത്ത ഉടമ്പടികളും ഉണ്ട്. ഇത്തരം നിബന്ധനകൾ ഇല്ലാത്ത ഉടമ്പടി സ്ഥാപിക്കുവാൻ ഇരുകൂട്ടരുടെയും സമ്മതം ആവശ്യമില്ല. ഒരു കക്ഷി ഒരു ഉടമ്പടി പ്രഖ്യാപിക്കുന്നു, അദ്ദേഹം അത് നിവർത്തിക്കുന്നു. ഇതിൽ രണ്ടാമത്തെ കക്ഷിയുടെ അനുവാദമോ, ഹിതമോ, സമ്മതമോ ചോദിക്കുന്നില്ല.

 

നോഹയുടെ ഉടമ്പടിയും, അബ്രാഹാമിന്റെ ഉടമ്പടിയും ഇതിനൊരു ഉദാഹരണം ആണ്. ഉടമ്പടി ലഘിക്കുവാൻ യാതൊന്നും നോഹയ്ക്കോ, അബ്രഹാമിനോ ചെയ്യുവാൻ കഴിയില്ല.

 

ഉൽപ്പത്തി 9:8-11

ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു.

 

ഉൽപ്പത്തി 12:1-3

യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന പഠനത്തിന്റെ ഒന്നാമത്തെ ഭാഗം ഇവിടെ അവസാനിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ മറ്റ് രണ്ടു വീഡിയോകളിൽ ആയി ലഭ്യമാണ്. വീഡിയോ ചാനൽ, naphtalitribetv.com.

 

ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. Whatsapp no. 9961330751.     
 

No comments:

Post a Comment