എപ്പഫ്രാസ്

അപ്പൊസ്തലനായ പൌലൊസിനോടൊപ്പം ശുശ്രൂഷ ചെയ്തിരുന്ന, യേശുക്രിസ്തുവിന്റെ ഒരു ഭൃത്യനായിരുന്നു എപ്പഫ്രാസ്. അദ്ദേഹം പുതിയനിയമത്തിൽ അധികമായി പരമാർശിക്കപ്പെടുന്ന ഒരു വ്യക്തിയല്ല. എങ്കിലും അദ്ദേഹത്തിന്റെ ജീവിതം എക്കാലത്തും ക്രിസ്തീയ വിശ്വാസികൾക്ക് അനുകരിക്കുവാൻ കഴിയുന്ന ഒരു മാതൃക ആണ്. നിർഭാഗ്യവശാൽ, അദ്ദേഹത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളെ നമുക്ക് ഇന്ന് അറിവുളളൂ. അതിൽ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തേകുറിച്ചുള്ള ഒരു ലഘു ചിത്രം വരയ്ക്കുവാൻ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ.

എപ്പഫ്രാസിനെക്കുറിച്ച് പുതിയനിയമത്തിൽ മൂന്ന് പരാമാർശങ്ങൾ ആണ് ഉള്ളത്. അപ്പൊസ്തലനായ പൌലൊസ് രണ്ടു പ്രാവശ്യം അദ്ദേഹത്തിന്റെ പേര് കൊലൊസ്സ്യർക്ക് എഴുതിയ ലേഖനത്തിലും ഒരു പ്രാവശ്യം ഫിലേമോന് എഴുതിയ ലേഖനത്തിലും പറയുന്നു. വാക്യങ്ങൾ ഇങ്ങനെയാണ്:

 

കൊലൊസ്സ്യർ 1:7, 8

7    ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;

8    അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.

 

കൊലൊസ്സ്യർ 4:12 നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.

 

ഫിലേമോൻ 1:23 ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും

 

ഈ വാക്യങ്ങളിൽ എപ്പഫ്രാസിനെ വിശേഷിപ്പിക്കുവാനായി പൌലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാണ്. കൊലൊസ്സ്യർ 1:7 ൽ പൌലൊസ് എപ്പഫ്രാസിനെ വിശേഷിപ്പിക്കുന്നത്, “ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസ്” എന്നാണ്. 8 ആം വാക്യത്തിൽ, അദ്ദേഹത്തെ “ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകൻ” എന്നു വിശേഷിപ്പിക്കുന്നു. 4:12 ൽ “ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ്” എന്നും, “അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു” എന്നും പൌലൊസ് പറയുന്നു. 4:13 ൽ “നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു” എന്നു പൌലൊസ് സാക്ഷിക്കുന്നു. എപ്പഫ്രാസിനെ, പൌലൊസ്, ഫിലേമോന് പരിചയപ്പെടുത്തുന്നത്, “ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസ്” എന്നാണ്.

 

അപ്പൊസ്തലനായ പൌലൊസിന് എപ്പഫ്രാസിനെക്കുറിച്ചുള്ള അത്യധികമായ പ്രശംസയാണ് ഈ ഹൃസ്വ വാചകളിലൂടെ അദ്ദേഹം പ്രദർശിപ്പിക്കുന്നത്. സുവിശേഷം, അത് എത്തിച്ചേരാത്ത ഇടങ്ങളിലേക്ക് എത്തിക്കുവാനുള്ള പൌലൊസിന്റെ ആഗ്രഹത്തിന് എക്കാലവും കൂട്ട് നിന്നിരുന്ന അദ്ദേഹത്തിന്റെ വിശ്വസ്തനായ ഒരു സഹഭൃത്യൻ ആയിരുന്നു എപ്പഫ്രാസ്. രക്ഷിക്കപ്പെട്ടവരെ തുടർന്നും വചനം പഠിപ്പിച്ചും, മുന്നോട്ട് നയിച്ചും വിശ്വാസത്തിൽ വളർത്തുന്നതിലും എപ്പഫ്രാസ് വളരെ ശ്രദ്ധിച്ചിരുന്നു.

 

എപ്പഫ്രാസ് ഒരു കൊലൊസ്സ്യ പട്ടണ നിവാസി ആയിരുന്നു എന്നു കരുതപ്പെടുന്നു. കൊലൊസ്സ്യർ 4:7-14 വരെയുള്ള വാക്യങ്ങളിൽ, പൌലൊസ്, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കൂട്ടുവേലക്കാരുടെ വന്ദനം സഭയെ അറിയിക്കുന്നുണ്ട്. എത്രപേർ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു എന്നു നമുക്ക് തീർച്ചയില്ല. പൌലൊസ് ഈ കത്തിൽ എട്ട് വ്യക്തികളുടെ പേരുകൾ പറയുന്നുണ്ട്. അതിൽ ഒരാൾ എപ്പഫ്രാസ് ആണ്. 11 ആം വാക്യത്തിൽ പൌലൊസ് ഇങ്ങനെ എഴുതി: “പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.” ഇതിൽ നിന്നും എപ്പഫ്രാസ് ഒരു യവന വംശജൻ ആയിരുന്നു എന്നു അനുമാനിക്കാം.

 

കൊലൊസസ്യർ 1:7 ൽ പൌലൊസ് പറയുന്ന വാചകം ഇങ്ങനെയാണ്: “ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ”. ഇതിൽ നിന്നും കൊലൊസ്സ്യയിലെ സഭ എപ്പഫ്രാസ് സ്ഥാപിച്ചത് ആകാം എന്നു കരുതപ്പെടുന്നു. പൌലൊസിന്, കൊലൊസ്സ്യ, ലവുദിക്യ, ഹിയരപൊലി എന്നീ പട്ടണങ്ങൾ സന്ദർശിക്കേണം എന്നു ആഗ്രഹമുണ്ടായിരുന്നു. ഇവ പശ്ചിമ ഏഷ്യയിൽ, ലൈക്കസ് താഴ്വരയിൽ ഉണ്ടായിരുന്ന, ഒരുമിച്ച് കൂടി കിടന്നിരുന്ന മൂന്ന് പട്ടണങ്ങൾ ആയിരുന്നു (Colossae, Laodicea, and Hierapolis in Lycus Valley in Asia Minor). എന്നാൽ പൌലൊസിന് അവിടെ പോകുവാൻ കഴിഞ്ഞില്ല. അതിനാൽ ആ ഉത്തരവാദിത്തം അദ്ദേഹം എപ്പഫ്രാസിനെ എൽപ്പിച്ചു. അങ്ങനെ എപ്പഫ്രാസ് ഈ സ്ഥലങ്ങളിൽ സഭ സ്ഥാപിക്കുകയോ, അല്ലെങ്കിൽ സഭ ആരംഭിക്കുന്നതിൽ പ്രമുഖ പങ്ക് വഹിക്കുകയോ ചെയ്തു. ഈ വിവരങ്ങൾ യാതൊന്നും നമുക്ക് വേദപുസ്തകത്തിൽ നിന്നും വ്യക്തമായി ലഭ്യമല്ല. അതിനാൽ ഇതെല്ലാം അനുമാനങ്ങൾ മാത്രമാണ്.

 

ഈ സ്ഥലങ്ങളിലും അവിടെയുള്ള സഭകളിലും ദൈവരാജ്യത്തിന്റെ സുവിശേഷം എപ്പഫ്രാസ് അറിയിച്ചിരുന്നു. ആത്മീയമായ വളർച്ചയ്ക്ക് അവിടെയുള്ള ക്രിസ്തീയ വിശ്വാസികളെ വളരെ സഹായിച്ചു. അങ്ങനെ അവർ “ഫലം കായിച്ചും വർദ്ധിച്ചും” വന്നു. (കൊലൊസ്സ്യർ 1:6).

 

പൌലൊസ്, കൊലൊസ്സ്യർക്കും, ഫിലേമോനും എഴുതിയ കത്തുകൾ, അദ്ദേഹം റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ എഴുതിയതാണ്. ഇതിൽ എപ്പഫ്രാസിൽ നിന്നുള്ള വന്ദനം അദ്ദേഹം അറിയിക്കുന്നുണ്ട്. ഇതിൽ നിന്നും പൌലൊസ് തടങ്കലിൽ ആയിരുന്നപ്പോൾ, എപ്പഫ്രാസ് കൊലൊസ്സ്യയിൽ ഇല്ലായിരുന്നു എന്നും അദ്ദേഹം പൌലൊസിനോടൊപ്പം റോമിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കൊലൊസ്സ്യർ 1:8 ൽ പൌലൊസ് ഇങ്ങനെയാണ് എഴുതിയത്: “അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.” കൊലൊസ്സ്യ, ലവുദിക്യ, ഹിയരപൊലി എന്നിവിടങ്ങളിലെ സഭകളുടെ ആത്മീയ വളർച്ചയെക്കുറിച്ച് അറിയിക്കുവാനാണ്, റോമിലേക്ക്, പൌലൊസിനെ കാണുവാൻ എപ്പഫ്രാസ് പോയത്. അവിടെ എന്തോ കാരണത്താൽ അദ്ദേഹവും തടവിലാക്കപ്പെട്ടു.

 

എപ്പഫ്രാസ് കഠിനാദ്ധ്വാനിയും, പ്രാർത്ഥനാ വീരനും ആയിരുന്ന ഒരു കർത്തൃദാസൻ ആയിരുന്നു. കൊലൊസ്സ്യർ 4:12 ൽ പൌലൊസ് എഴുതി: “അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.” “നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി” നിൽക്കേണം എന്നു അദ്ദേഹം ആഗ്രഹിച്ചു. അതായത് സഭയ്ക്ക് എതിരായി പിശാച് കൊണ്ടുവരുന്ന പോരാട്ടങ്ങളോട് എപ്പഫ്രാസ് എപ്പോഴും പ്രാർത്ഥനയിൽ പോരാടികൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രാർത്ഥനാ വീര്യം മാത്രമല്ല, അദ്ദേഹം കൂട്ട് വിശ്വാസികൾക്കായി എത്രമാത്രം കരുതൽ ഉള്ളവനായിരുന്നു എന്നും കാണിക്കുന്നു. അവരുടെ വിശ്വാസ ജീവിതം ക്ഷീണിച്ചു പോകുവാൻ അദ്ദേഹം അനുവദിച്ചില്ല.

 

എപ്പഫ്രാസ് സഭകൾക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നു മാത്രമല്ല, മറ്റുള്ളവരെകൂടെ സഭകൾക്കായി പ്രാർത്ഥിക്കുവാൻ പ്രോൽസാഹിപ്പിച്ചു. ഇതിനെക്കുറിച്ച് പൌലൊസ്, കൊലൊസ്സ്യർ 1:9 ൽ പരമാർശിക്കുന്നുണ്ട്. “അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു.” കൊലൊസ്സ്യയിലും ലവുദിക്യയിലും, ഹിയരപൊലിയിലും ഉള്ള സഭകളുടെ ആത്മീയ വളർച്ചയെക്കുറിച്ച് എപ്പഫ്രാസ് അറിയിച്ച നാൾ മുതൽ പൌലൊസും കൂട്ട്ഭൃത്യന്മാരും ആ സഭകൾക്കായി ഇടവിടാതെ പ്രാർത്ഥിച്ചു.

 

എപ്പഫ്രാസ് യേശുക്രിസ്തുവിന്റെ ഒരു വിശ്വസ്ത ഭൃത്യൻ ആയിരുന്നു. അദ്ദേഹം വിശ്വാസത്തിൽ ശക്തനും, തീഷ്ണത ഉള്ളവനും ആയിരുന്നു. അദ്ദേഹം ഒരു പ്രാർത്ഥനാ വീരനും, മറ്റുള്ളവരെ കരുതുന്നവനും, അവർക്കായി പിശാചിനോടു പോരാടുവാൻ തയ്യാറുള്ളവനും ആയിരുന്നു. വിശ്വാസത്തിനുവേണ്ടി, പൌലൊസിനോടൊപ്പം, കഷ്ടത അനുഭവിക്കുന്ന എപ്പഫ്രാസിനെയാണ് നമ്മൾ കാരാഗൃഹത്തിൽ കാണുന്നത്.

 

ഈ കത്തുകളിൽ പറഞ്ഞിരിക്കുന്നതല്ലാതെ, പിന്നീട് എപ്പഫ്രാസിന് എന്ത് സംഭവിച്ചു എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. സഭാ പാരമ്പര്യം അനുസരിച്ച്, അദ്ദേഹം റോമിലെ തടവിൽ നിന്നും മോചിതനായി വീണ്ടും കൊലൊസ്സ്യയിലേക്ക് പോകുകയും, അവിടെയുള്ള സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. പിന്നീട്, അവിടെ വച്ചുതന്നെ അദ്ദേഹം രക്തസാക്ഷി ആയി മരിക്കുകയും ചെയ്തു.     No comments:

Post a Comment