എന്റെ അനുകാരികൾ ആകുവിൻ

1 കൊരിന്ത്യർ 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്ന “എന്റെ അനുകാരികൾ ആകുവിൻ.” എന്ന വാക്യത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാനുള്ള ഒരു പഠനമാണിത്. വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

വേദപുസ്തകത്തിലെ പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ, അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ ഉണ്ടായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ തിരുവെഴുത്തുകൾ പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി വിഭജിക്കുവാനുള്ള ശ്രമം ശാസ്ത്രിമാർ 4 നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.

 

എന്നാൽ പുതിയനിയമത്തിലെ പുസ്തകങ്ങളിലെ അദ്ധ്യായങ്ങൾ വേർതിരിക്കുന്നത് ഏകദേശം 13 ആം നൂറ്റാണ്ടിൽ ആണ്. 1205 ൽ സ്റ്റീഫൻ ലാങ്ടൺ എന്ന വ്യക്തി, ലാറ്റിൻ ഭാഷയിലുള്ള പുതിയനിയമത്തിൽ ആണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന രീതിയിലുള്ള അദ്ധ്യായങ്ങൾ ക്രമീകരിച്ചത്. (Stephen Langton, 1150 - 9, 1228). ഇദ്ദേഹം 1207 ജൂൺ 27 ആം തീയതി മുതൽ 1228 ജൂലൈ 9 ൽ മരിക്കുന്നത് വരെ, ഇംഗ്ലണ്ടിലെ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി ശുശ്രൂഷ ചെയ്തു. 1180 മുതൽ ഏകദേശം 20 വർഷങ്ങൾ അദ്ദേഹം പാരീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് (University of Paris).

 

1551 ൽ ആണ് ആദ്യമായി വാക്യങ്ങൾ തിരിച്ചുള്ള പുതിയനിയമം പ്രസിദ്ധീകരിച്ചത്. പാരീസിൽ ജീവിച്ചിരുന്ന, അച്ചടിശാല നടത്തിയിരുന്ന, റോബെർട്ട് സ്റ്റീഫാനസ് എന്ന വ്യക്തിയാണ് വാക്യങ്ങളായി തിരിച്ച ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലുളള പുതിയനിയമത്തിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത് (Robert Estienne or Robert Stephanus). ഈ ക്രമീകരണം ആണ് ഇന്നും നമ്മൾ ഉപയോഗിക്കുന്നത്.

 

എബ്രായ ഭാഷയിലുള്ള പഴയനിയമത്തെ വാക്യങ്ങൾ ആയി ക്രമീകരിച്ചത്, AD 1448 ൽ ഒരു യഹൂദ റബ്ബി ആയിരുന്ന നാഥൻ ആണ് (Nathan). 1555 ൽ നാഥൻ ന്റെ വാക്യങ്ങളുടെ ക്രമീകരണം ഉപയോഗിച്ച്, റോബെർട്ട് സ്റ്റീഫാനസ് പഴയനിയമവും പ്രസിദ്ധീകരിച്ചു.

 

1382 ൽ പ്രസിദ്ധീകരിച്ച വൈക്ലിഫ്സ് ബൈബിൾ (Wycliffe's Bible) ആണ് ആദ്യമായി ഇംഗ്ലീഷിൽ അദ്ധ്യായങ്ങൾ തിരിച്ചുള്ള ക്രമീകരണം ഉപയോഗിച്ചത്. അദ്ധ്യായങ്ങളും വാക്യങ്ങളും തരിച്ച ആദ്യത്തെ ഇംഗ്ലീഷ് വേദപുസ്തകം 1560 ൽ പ്രസിദ്ധീകരിച്ച ജനീവ ബൈബിൾ ആണ്. അതിന് ശേഷം എല്ലാ വേദപുസ്തക പരിഭാഷകളും ഈ ക്രമീകരണം ഉപയോഗിക്കുന്നു.

 

അദ്ധ്യായങ്ങളുടെയും വാക്യങ്ങളുടെയും വേർത്തിരിവ് പിഴവുകൾ ഇല്ലാത്തതല്ല. ചില വാക്യങ്ങൾ അത് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്ന അദ്ധ്യായത്തിൽ അല്ല വരേണ്ടത്. അത് അതിന് മുമ്പുള്ള അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് വരേണ്ടതാണ്.

 

ഉദാഹരണത്തിന് ഉൽപ്പത്തി 2 ആം അദ്ധ്യായത്തിലെ 1-3 വരെയുള്ള വാക്യങ്ങൾ ഒന്നാം അദ്ധ്യായത്തിന്റെ അവസാന ഭാഗം ആണ്. 2 ആം അദ്ധ്യായത്തിലെ വിവരണം യാഥാർത്ഥത്തിൽ 4 ആം വാക്യത്തോടെ മാത്രമേ ആരംഭിക്കുന്നുള്ളൂ.

 

ഉൽപ്പത്തി 1:31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

 

ഉൽപ്പത്തി 2:1-3

1     ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.

2    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.

3    താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

 

ഉൽപ്പത്തി 2:4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.

 

ഉല്‍പ്പത്തിയിലെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങള്‍ക്കും വ്യത്യസ്ഥമായ സാഹിത്യ ശൈലിയും, വ്യാപ്തിയും, ഘടനാപരമായ രീതികളും ഉണ്ട്. ഉല്‍പ്പത്തി ഒന്നാമത്തെ പുസ്തകം, നമ്മളുടെ പ്രപഞ്ചത്തിന്റെ സൃഷ്ടിയാണ് വിവരിക്കുന്നത്. അത് തുടങ്ങുന്നത് തന്നെ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” എന്നു പറഞ്ഞുകൊണ്ടാണ്.” ഒന്നാം അദ്ധ്യായത്തില്‍ ആരംഭിച്ച സൃഷ്ടിപ്പിന്റെ ഒന്നാമത്തെ വിവരണം, 2 ആം അദ്ധ്യായം 3 ആം വാക്യം വരെ നീളുന്നു.

 

 സൃഷ്ടിപ്പിന്റെ രണ്ടാമത്തെ വിവരണം ആരംഭിക്കുന്നത് 2 ആം അദ്ധ്യായം 4 ആം വാക്യത്തോടെ ആണ്. “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.” അതായത് ഉല്‍പ്പത്തി 2 ആം അദ്ധ്യായത്തിലെ, സൃഷ്ടിപ്പിന്റെ രണ്ടാമത്തെ വിവരണം, ഭൂമിയുടെയും, ഏദന്‍ തോട്ടത്തിന്റെയും മനുഷ്യരുടെയും ചരിത്രമാണ് പറയുന്നത്.

 

ഇതുപോലെയുള്ള മറ്റൊരു വാക്യമാണ് 1 കൊരിന്ത്യർ 11:1.

 

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

ഈ വാക്യം 10 ആം അദ്ധ്യായത്തിന്റെ അവസാന വാക്യം ആയി വരേണ്ടതാണ്. 10 ആം അദ്ധ്യായത്തിൽ പൌലൊസ് ക്രിസ്തീയ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു. അതിന് ഉപസംഹാരമായാണ് അദ്ദേഹം “നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” എന്നു പറയുന്നത്. ഒപ്പം അദ്ദേഹം ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നു എന്നും പറയുന്നു. അനുകരിക്കുവാൻ യോഗ്യനായ ഒരു മാതൃകയായി അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയാണ്.

 

ഈ വാക്യത്തിൽ “അനുകാരി” എന്നു പറയുവാൻ അപ്പൊസ്തലനായ പൌലൊസ് ഉപയോഗിച്ച ഗ്രീക്ക് പദംമിമെറ്റേസ്എന്നാണ്. ഈ വാക്കിന്റെ അർത്ഥം, അനുകരിക്കുന്നവൻ, അനുകാരി, അനുഗമിക്കുന്നവൻ എന്നിങ്ങനെയാണ്. (mimētēs - mim-ay-tace' – an imitator, follower).

 

Greek

Mimetai

mou

ginesthe

kathos

kago

Christou

English

Imitators

of me

be

as

I also (am)

of Christ

 

പുരാതന ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ, മനുഷ്യർ മറ്റ് ജീവികളെ അനുകരിക്കുന്നതിനെക്കുറിച്ച് പറയുവാൻ, മിമെറ്റേസ്എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് നേർത്ത നൂലുകൾ കൊണ്ട് വസ്ത്രം നെയ്യുവാൻ മനുഷ്യർ പഠിച്ചത്, ചിലന്തി വല നെയ്യുന്നത് അനുകരിച്ചാകാം. നെയ്ത് എടുക്കുന്ന എല്ലാ വസ്തുക്കളും നെയ്യുവാൻ മനുഷ്യർ പഠിച്ചത് ചിലന്തിയിൽ നിന്നോ സമാനമായി ജീവിക്കുന്ന മറ്റേതെങ്കിലും ജീവിയിൽ നിന്നോ ആകാം. സുരക്ഷിതമായ വീടുകൾ നിർമ്മിക്കുക എന്ന ആശയം ലഭിച്ചത് പക്ഷികളുടെ കൂടുകളിൽ നിന്നാകാം. അതായത്, മിമെറ്റേസ്എന്ന വാക്കിൽ, മറ്റൊരു ജീവിയിൽ നിന്നും ജീവിത രീതികൾ അനുകരിക്കുക, പ്രയോഗികമാക്കുക എന്ന അർത്ഥമുണ്ട്.

 

പുരാതന ഗ്രീക്കിൽ, കായിക അഭ്യസികളെയും, വീര പുരുഷന്മാരുടെ ധൈര്യത്തെയും, ഗുരുക്കന്മാരെയും അനുകരിക്കുന്നതിനെക്കുറിച്ച് പറയുവാനും മിമെറ്റേസ്എന്ന വാക്ക് ഉപയോഗിക്കുമായിരുന്നു. യഹൂദ റബ്ബിമാർ, ദൈവത്തിന്റെ സാദൃശ്യം പ്രാപിക്കുക എന്ന അർത്ഥത്തിൽ ദൈവത്തെ അനുകരിക്കേണം എന്നു പഠിപ്പിക്കാറുണ്ടായിരുന്നു.

 

അനുകാരികൾ ആകുക എന്ന ആശയം പൌലൊസ് മറ്റ് ചില ലേഖനങ്ങളിലും സന്ദർഭങ്ങളിലും പറയുന്നുണ്ട്.

 

1 കൊരിന്ത്യർ 4:16 ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

 

എഫെസ്യർ 5:1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ (മിമെറ്റേസ്).

 

1 തെസ്സലൊനീക്യർ 1:6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.

 

1 തെസ്സലൊനീക്യർ 2:14 സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.

 

എബ്രായർ 6:11-15

11    എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

12   അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.

13   ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു:

14   “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.

15   അങ്ങനെ അവൻ ദീർഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.

 

എബ്രായ ലേഖന കർത്താവ് ഇവിടെ പറയുന്നത് ഇതാണ്: നിങ്ങൾ അവസാനത്തോളം ഒരുപോലെ ഉൽസാഹം കാണിക്കേണം. പ്രത്യാശയുടെ പൂർണ്ണ നിശ്ചയം പ്രാപിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ദൈവീക വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരെ അനുകരിക്കേണം. അബ്രാഹാം ഇപ്രകാരം വാഗ്ദത്തങ്ങളെ അവകാശമാക്കിയവരിൽ ഒരുവനാണ്.

 

അഗ്രിപ്പാ രാജാവിനോടു പൌലൊസ് പറഞ്ഞ വാചകം ഇങ്ങനെയാണ്:

 

അപ്പൊസ്തല പ്രവൃത്തികൾ 26:28, 29

28 അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

29 അതിന്നു പൗലൊസ്; നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.   


 

ക്രിസ്തീയ സ്വാതന്ത്ര്യം

 

1 കൊരിന്ത്യർ 11:1 ആം വാക്യം, 10 ആം അദ്ധ്യായത്തിന്റെ അവസാന വാക്യം ആയി വരേണ്ടതാണ് എന്നു നമ്മൾ പറഞ്ഞു കഴിഞ്ഞല്ലോ. 10 ആം അദ്ധ്യായത്തിൽ പൌലൊസ് ക്രിസ്തീയ സ്വതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഈ വിഷയം പൌലൊസ് ആരംഭിക്കുന്നത് 1 കൊരിന്ത്യർ 10:23 ൽ ആണ്. 33 ആം വാക്യത്തിലും ഇത് തടരുന്നു. അതിന്റെ അടുത്ത വാക്യമായിട്ടാണ്, 11:1 ലെ വാക്യം വരേണ്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്”

 

1 കൊരിന്ത്യർ 10:23-33

23 സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

24 ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

25 അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.

26 ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.

27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.

28 എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.

29 മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?

30 നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?

31   ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.

32 യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.

33 ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

 

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

1 കൊരിന്ത്യർ 11:1 ൽ രണ്ട് ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. ക്രിസ്തീയ സ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ പൌലൊസ് യേശുക്രിസ്തുവിനെ അനുകരിച്ചു. അദ്ദേഹത്തിന്റെ ക്രിസ്തീയ ജീവിതം മൊത്തമായി യേശുക്രിസ്തുവിന്റെ അനുകരണം ആയിരുന്നു.

 

ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം പൌലൊസിന്റെ ലേഖനങ്ങളിലെ ഒരു മുഖ്യ വിഷയം ആണ്.

 

ഗലാത്യർ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.

 

യാഥാർത്ഥത്തിൽ, പൌലൊസ് ക്രിസ്തീയ സ്വതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചത്, പ്രവർത്തിയാലുള്ള നീതീകരണം എന്ന ന്യായപ്രമാണ നിയമത്തിൽ നിന്നുള്ള സ്വതന്ത്ര്യത്തെക്കുറിച്ചാണ്. രക്ഷയും നീതീകരണവും കൃപയാൽ വിശ്വാസം മൂലം മാത്രം എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഉപദേശം. പ്രവർത്തിയാൽ ഉള്ള നീതീകരണം എന്ന നിയമത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, പാപത്തിൽ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ല.

 

എഫെസ്യർ 2:8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

9    ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

കൃപ പാപം ചെയ്യുവാനുള്ള സ്വാതന്ത്ര്യം അല്ല. ഇത് ലേഖനങ്ങളിൽ പൌലൊസ് വ്യക്തമാക്കുന്നുണ്ട്. 

 

റോമർ 6:1, 2, 15

1     ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.

2    പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?

15   എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു.

 

ഗലാത്യർ 5:13 സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.

 

സകലത്തിന്നും കർത്തവ്യം ഉണ്ടു

 

1 കൊരിന്ത്യർ 10 ൽ പൌലൊസ് ആഹാരം കഴിക്കുന്നതിലുള്ള സ്വതന്ത്ര്യത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എല്ലാ തരത്തിലുമുള്ള ഭക്ഷണവും കഴിക്കുവാൻ അദ്ദേഹത്തിന് നിയപരമായ സ്വാതന്ത്ര്യം ഉണ്ട്. എങ്കിലും എല്ലാം ഭക്ഷിക്കുന്നത് പ്രയോജനമുള്ളതല്ല. സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. എല്ലാ തരത്തിലുമുള്ള ഭക്ഷണവും കഴിക്കുന്ന രീതി സഭയക്ക് ആത്മീയമായി ഗുണകരം അല്ല. ഇതാണ് അദ്ദേഹത്തിന്റെ മുഖ്യ വാദം.  

 

കൊരിന്ത്യർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിൽ പൌലൊസ്, “സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല.” എന്നു രണ്ട് പ്രാവശ്യം പറയുന്നുണ്ട്. അത് 1 കൊരിന്ത്യർ 10:23 ലും 1 കൊരിന്ത്യർ 6:12 ലും ആണ്. രണ്ട് സ്ഥലത്തും, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതു എന്നാണ് അദ്ദേഹം പറയുന്നത്. 

 

1 കൊരിന്ത്യർ 6:12 സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.

 

1 കൊരിന്ത്യർ 6:12, 10:23 എന്നീ വാക്യങ്ങളിലെ “എനിക്ക്” എന്ന പദം പുരാതന കയ്യെഴുത്ത് പ്രതികളിൽ കാണുന്നില്ല. ഗ്രീക്ക് ഭാഷയിലുള്ള വ്യാകരണം അനുസരിച്ച്, “സകലത്തിന്നും കർത്തവ്യം ഉണ്ടു;” എന്നത്, കൊരിന്തിലെ സഭയിലെ വിശ്വാസികൾ പറയുന്ന വാചകം ആണ്. അത് പൌലൊസ് ഇവിടെ എടുത്തു പറയുകയാണ്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വാദം അല്ല. അദ്ദേഹം ഇത് സഭയോട് പൊതുവേ പറയുന്നത് ആകുവാനാണ് സാദ്ധ്യത. പൌലൊസിന്റെ ഉദ്ദേശ്യം, കോരിന്ത്യരുടെ വാദത്തെ തിരസ്കരിക്കുക എന്നതാണ്. 

 

അങ്ങനെയാണ് എങ്കിൽ ഈ വാക്യം നമ്മൾ ഇങ്ങനെയാണ് വായിക്കേണ്ടത്.

 

1 കൊരിന്ത്യർ 10:23 സകലത്തിന്നും കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

 

ഈ വാദം കോരിന്ത് സഭയിലെ വിശ്വാസികളുടെതാണ് എന്ന രീതിയിലാണ്  ചില വേദപുസ്തക പരിഭാഷകൾ ഇതിനെ വിവർത്തനം ചെയ്തിരിക്കുന്നത്.

 

1 Corinthians 6:12 “I have the right to do anything,” you say—but not everything is beneficial. “I have the right to do anything”—but I will not be mastered by anything. (NIV)

 

ഇതിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്:

 

“എനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്” എന്നു നിങ്ങൾ പറയുന്നു – എന്നാൽ എല്ലാം പ്രയോജനം ഉള്ളതല്ല. “എനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്” – എന്നാൽ യാതൊന്നും എന്നെ കീഴടക്കുകയോ (നിയന്ത്രിക്കുകയോ, അടിമയാക്കുകയോ) ഇല്ല.

 

1 Corinthians 6:12 You say, “I am allowed to do anything”—but not everything is good for you. And even though “I am allowed to do anything,” I must not become a slave to anything. (NLT)

 

ഇതിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്:

 

നിങ്ങൾ പറയുന്നു, “എന്തും ചെയ്യുവാൻ എനിക്ക് അനുവാദം ഉണ്ട്” – എന്നാൽ എല്ലാം നിങ്ങൾക്ക് നല്ലതല്ല. “എന്തും ചെയ്യുവാൻ എനിക്ക് അനുവാദം ഉണ്ട്” എങ്കിലും ഞാൻ ഒന്നിന്റേയും അടിമയാകുവാൻ പാടില്ല.

 

1 Corinthians 10:23 “I have the right to do anything,” you say—but not everything is beneficial. “I have the right to do anything”—but not everything is constructive. (NIV)

 

“എനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്” എന്നു നിങ്ങൾ പറയുന്നു – എന്നാൽ എല്ലാം പ്രയോജനം ഉള്ളതല്ല. “എനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്” – എന്നാൽ എല്ലാം സൃഷ്ടിപരമോ, ക്രിയാത്മകമോ അല്ല. 

 

1 Corinthians 10:23 You say, “I am allowed to do anything”[a]—but not everything is good for you. You say, “I am allowed to do anything”—but not everything is beneficial. (NLT) 

 

നിങ്ങൾ പറയുന്നു, “എന്തും ചെയ്യുവാൻ എനിക്ക് അനുവാദം ഉണ്ട്” – എന്നാൽ എല്ലാം നിങ്ങൾക്ക് നല്ലതല്ല. നിങ്ങൾ പറയുന്നു, “എന്തും ചെയ്യുവാൻ എനിക്ക് അനുവാദം ഉണ്ട്” - എങ്കിലും എല്ലാം പ്രയോജനം ഉള്ളതല്ല.

 

1 കൊരിന്ത്യർ 6 ലെ ക്രിസ്തീയ സ്വതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലം 1 കൊരിന്ത്യർ 5 ആം അദ്ധ്യായമാണ്. 5 ആം അദ്ധ്യായത്തിൽ പൌലൊസ് കൊരിന്ത്യ സഭയിൽ ചില വിശ്വാസികളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ചില അശുദ്ധമായ ജീവിത രീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. “സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു” എന്നതായിരുന്നു അവരുടെ വാദം. “ക്രിസ്തീയ സ്വാതന്ത്ര്യം” എന്ന പേരിൽ അവർ പാപത്തെപ്പോലും ന്യായീകരിച്ചു. അതായത് സകലതും നിയമപരമായി അവർക്ക് സ്വാതന്ത്ര്യം ഉള്ളതാണ് എന്നു കൊരിന്തിലെ ചിലർ വാദിച്ചു.

 

1 കൊരിന്ത്യർ 5:2 എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.

 

എന്നാൽ 5 ആം അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്ന അധാർമ്മികതയെ പൌലൊസ് തള്ളിക്കളഞ്ഞു. “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” എന്നതായിരുന്നു പൌലൊസിന്റെ കൽപ്പന (5:13). അതിനാൽ “സകലത്തിന്നും എനിക്ക് നിയപരമായ സ്വാതന്ത്ര്യവും അധികാരവും ഉണ്ട്” എന്ന വാദത്തെ പൌലൊസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

 

6 ആം അദ്ധ്യായത്തിൽ കൊരിന്തിലെ വിശ്വാസികൾക്ക് ഇടയിൽ ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടായി എന്നു പൌലൊസ് പറയുന്നു. ചിലർ സഹോദരന്മാരോട് തന്നേ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്തു. ഈ വ്യവഹാരങ്ങൾ തീർക്കുവാൻ അവർ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ പോയി. തർക്കങ്ങൾ പരിഹരിക്കുവാൻ അവർ ലോകപരമായി ക്രമീകരിക്കപ്പെട്ട കോടതികളെ സമീപിച്ചു. ഇവിടെ സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നതിനെയും, അവിശ്വാസികളുടെ മുമ്പിൽ പരിഹാരത്തിനായി പോകുന്നതിനെയും പൌലൊസ് എതിർക്കുന്നു. അതിന് പകരം അന്യായം സഹിക്കുന്നതും, നഷ്ടം ഏറ്റുകൊളളുന്നതും ആണ് ഏറെ നല്ലത് എന്നാണ് പൌലൊസിന്റെ അഭിപ്രായം.  

 

ഇതിന് ശേഷം അദ്ദേഹം ഇങ്ങനെ എഴുതി:

1 കൊരിന്ത്യർ 6:9, 10

9    അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,

10   കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.

 

1 കൊരിന്ത്യർ 6:12 സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും ഞാൻ യാതൊന്നിന്നും അധീനനാകയില്ല.

                

ഇവിടെ “സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു” എന്ന കൊരിന്ത്യരുടെ വാദത്തെ, “സകലവും പ്രയോജനമുള്ളതല്ല;” “ഞാൻ യാതൊന്നിന്നും അധീനനാകയില്ല” എന്നീ മറുപടികളിലൂടെ പൌലൊസ് എതിർക്കുക ആണ്. പൌലൊസിന് സകലത്തിന്നും നിയപരമായ സ്വാതന്ത്ര്യവും അധികാരവും ഉണ്ട് എങ്കിലും സകലവും അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിനോ, സഭയുടെ ആത്മീയ വർദ്ധനവിനോ പ്രയോജനം ഉള്ളതല്ല. അദ്ദേഹം ഒന്നിനും അധീനൻ അല്ല. യാതൊന്നും അദ്ദേഹത്തെ കീഴടക്കുകയോ, അടിമപ്പെടുത്തുകയോ, നിയന്ത്രിക്കുകയോ ചെയ്യുകയില്ല. ഇവിടെ സ്വതന്ത്ര്യത്തിന് ചില അതിർവരമ്പുകൾ വേണം എന്നു അദ്ദേഹം ഉപദേശിക്കുക ആണ്.

 

ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം എന്തും ചെയ്യുവാന്നുള്ള അനുവാദം അല്ല. സ്വാതന്ത്ര്യം നമ്മളെ പാപത്തിന്റെ അടിമയാക്കുവാൻ പാടില്ല.



(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
                  

ജാതികൾ വിൽക്കുന്ന ഭക്ഷണം

 

1 കൊരിന്ത്യർ 10:23 ന്റെ സന്ദർഭം മൂന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയാണ്. വിഗ്രഹാർപ്പിതമായ ഭക്ഷ്യ വസ്തുക്കൾ കഴിക്കാമോ? ജാതികൾ അങ്ങാടിയിൽ വിൽക്കുന്ന ആഹാര പദാർത്ഥങ്ങൾ വാങ്ങിക്കഴിക്കാമോ? ഒരു അവിശ്വാസി ഭക്ഷണം കഴിക്കുവാൻ ക്ഷണിച്ചാൽ അതിൽ പങ്കെടുക്കാമോ?

 

10:1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ മരുഭൂമിയിലൂടെ യാത്ര ചെയ്ത യിസ്രായേൽ ജനം “ദുർമ്മോഹികൾ” ആയി തീർന്നതിനാൽ ദൈവം “അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു” എന്നു പൌലൊസ് ഓർമ്മിപ്പിക്കുന്നു. അതിന് ശേഷമാണ് അദ്ദേഹം ആഹാരം കഴിക്കുന്നതിനെക്കുറിച്ച് പറയുന്നത്. 19, 21 എന്നീ വാക്യങ്ങൾ ഇങ്ങനെയാണ്:

 

1 കൊരിന്ത്യർ 10:19 ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?

 

1 കൊരിന്ത്യർ 10:21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.

 

25 ആം വാക്യത്തിൽ, വിഗ്രഹാർപ്പിത വസ്തുക്കളിൽ നിന്നും വിഷയം അങ്ങാടിയിൽ വിൽക്കുന്ന ആഹാരത്തിലേക്ക് മാറുന്നു. 27 ആം വാക്യത്തിലെ വിഷയം ഒരു അവിശ്വാസി ഭക്ഷണത്തിന് ക്ഷണിച്ചാൽ എന്ത് ചെയ്യേണം എന്നാണ്.

 

1 കൊരിന്ത്യർ 10:25-27

25 അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.

26 ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.

27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.

 

അതായത്, വിഗ്രഹാർപ്പിതമായ ഭക്ഷ്യ വസ്തുക്കൾ, അങ്ങാടിയിൽ വിൽക്കുന്ന ഭക്ഷണം, അവിശ്വാസി ക്ഷണിക്കുന്ന വിരുന്നു സൽക്കാരം എന്നീ മൂന്ന് ഭക്ഷണങ്ങളെയും പൌലൊസ് പ്രത്യേകമായി കാണുന്നു. ഇതിൽ വിഗ്രഹങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട ഭക്ഷ്യ വസ്തുക്കളെ അദ്ദേഹം വിലക്കുന്നു.

 

ആഹാര വിഷയത്തിൽ പൌലൊസ് ഉപദേശിക്കുന്ന സ്വതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒന്നുണ്ട്. അത് ബലഹീനനായ ഒരുവന്റെ മനസാക്ഷി ആണ്. അതിനാൽ, മറ്റൊരു വിശ്വാസി, അങ്ങാടിയിൽ കിട്ടുന്നതോ, വിരുന്നിന് ലഭിക്കുന്നതോ ആയ ഭക്ഷണം വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ വിശ്വാസി നിമിത്തവും, അവന്റെ മനസാക്ഷി നിമിത്തവും തിന്നരുത് (10:28, 29). 

 

ഈ വിഷയത്തിൽ പൌലൊസിന്റെ ഉപദേശത്തെ അദ്ദേഹം ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:

 

1 കൊരിന്ത്യർ 10:31, 32

31   ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.

32 യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.

 

ഈ വാക്യങ്ങളുടെ ഇടയിൽ, 23, 24 വാക്യങ്ങളിൽ ആണ് ക്രിസ്തീയ സ്വതന്ത്ര്യത്തെ കുറിച്ച് പൌലൊസ് പറയുന്നത്.  

 

1 കൊരിന്ത്യർ 10:23, 24

23 സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

24 ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

 

ക്രിസ്തീയ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ടുന്ന നാല് കാര്യങ്ങൾ ആണ് പൌലൊസ് ഇവിടെ പറയുന്നത്.


1.    സകലത്തിന്നും നിയമപരമായ സ്വാതന്ത്ര്യവും അധികാരവും ഉണ്ട് എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.

2.   ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.

3.   യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.

4.   തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.

 

ചുരുക്കിപ്പറഞ്ഞാൽ, സകലത്തിന്നും നിയപരമായി സ്വാതന്ത്ര്യം ഉണ്ടു എങ്കിലും, വ്യക്തിപരമായും, കൂട്ട് വിശ്വാസികൾക്കും, സഭയ്ക്ക് പൊതുവേയും ആത്മീയ വർദ്ധനവ് വരുത്തുന്നത് മാത്രം ചെയ്യുക.

 

ഈ വാദങ്ങളുടെയും ചർച്ചയുടെയും അവസാനമായാണ് പൌലൊസ് 11:1 ൽ പറഞ്ഞിരിക്കുന്ന വാക്യം എഴുതിയത്.

 

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

ഇവിടെ അദ്ദേഹം ക്രിസ്തുവിലുള്ള ഈ സ്വാതന്ത്ര്യം എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്നാണ് പറയുന്നത്. അത് ക്രിസ്തു എങ്ങനെ വിനിയോഗിച്ചുവോ അതുപോലെ പൌലൊസും വിനിയോഗിച്ചു. നമ്മളും അങ്ങനെതന്നെ ചെയ്യുവീൻ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

                                                                             

സ്വതന്ത്ര്യത്തെക്കുറിച്ചുള്ള ഈ ചർച്ച പൌലൊസ് അവസാനിപ്പിക്കുന്നത്, “നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന ആഹ്വാനത്തോടെയാണ്. ഈ വാക്കുകൾ സ്വതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പരിമിതമല്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തത്ത്വശാസ്ത്രമാണിത്. അദ്ദേഹം യേശുക്രിസ്തുവിന്റെ അനുകാരിയാണ്. അതിനാൽ എല്ലാ ക്രിസ്തീയ വിശ്വസികൾക്കും അദ്ദേഹത്തെ അനുകരിക്കാം. പൌലൊസിനെ അനുകരിക്കുന്നവർ ക്രിസ്തുവിന്റെ അനുകാരികൾ ആയിത്തീരും.

 

എന്തിൽ, എങ്ങനെയാണ് പൌലൊസിനെ നമ്മൾ അനുകരിക്കേണ്ടത് എന്നു അദ്ദേഹം 10:33, 11:1 എന്നീ വാക്യങ്ങളിൽ പറയുന്നു. ഈ രണ്ട് വാക്യങ്ങളും തുടർച്ചയും ഒരേ വിഷയത്തെക്കുറിച്ചുള്ളതും ആകുന്നതിനാൽ, അത് ഒരുമിച്ച് വായിക്കേണ്ടതാണ്.

 

1 കൊരിന്ത്യർ 10:33, 11:1

33 ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

1     ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

 

പൌലൊസ് മനുഷ്യരെ സന്തോഷിപ്പിക്കുന്നവൻ ആയിരുന്നു എന്നു ഈ വാക്യത്തിന് അർത്ഥമില്ല. “പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.” എന്നാണ് അദ്ദേഹം പറഞ്ഞത്. “പലർ രക്ഷിക്കപ്പെടേണ്ടതിന്നു” എന്നതും  “അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു” എന്നതും ആണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

 

കോറം ഡെയോ

 

പൌലൊസ് സന്ദർശിച്ച മിക്കവാറും എല്ലാ പട്ടണങ്ങളിലെയും ജനങ്ങൾ അദ്ദേഹത്തിന് മുമ്പ് ഒരു ക്രിസ്ത്യാനിയെ കണ്ടിട്ടില്ല. ഒരു ക്രിസ്ത്യാനി ആരാണ് എന്നു അവർ ആദ്യമായി മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ്. അതിന് ശേഷം മാത്രമേ ഉപദേശങ്ങൾ വരുന്നുള്ളൂ. അദ്ദേഹം പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണാമായിരുന്നു. യേശുക്രിസ്തുവിന്റെ ഉപദേശം പ്രസംഗിക്കപ്പെടുന്ന തത്വശാസ്ത്രം മാത്രമല്ല, വ്യക്തികളെ രൂപന്തരപ്പെടുത്തുന്ന ദൈവ ശക്തിയുമാണ്. ഈ രൂപാന്തരമാണ് പൌലൊസിൽ ജനങ്ങൾ കണ്ടത്.

 

“ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന വാക്കുകളിലൂടെ പൌലൊസ് സാക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ജീവതത്തെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ജീവിതം യേശുക്രിസ്തുവിന്റെ അനുകരണം ആയിരുന്നു. ഈ വാക്യത്തിന്റെ പ്രത്യേക സന്ദർഭത്തിൽ അത് യേശുക്രിസ്തുവിൽ ഉള്ള സ്വതന്ത്ര്യത്തെ കുറിച്ചാണ്. എന്നാൽ ഇതേ ചിന്ത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സമ്പൂർണ്ണ തത്വശാസ്ത്രമായും കാണാം. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മാത്രം അദ്ദേഹം യേശുക്രിസ്തുവിന്റെ അനുകാരിയാണ് എന്നു പറയുക സാദ്ധ്യമല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹം യേശുവിന്റെ അനുകാരി ആയിരുന്നു.

 

“നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നു പറയുവാനുള്ള പ്രാഗല്ഭ്യം പൌലൊസിന് ഉണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ ലക്ഷ്യം ശരിയായത് ആയിരുന്നു, അദ്ദേഹത്തിന്റെ വഴി ലക്ഷ്യത്തിലേക്കുള്ളത് ആയിരുന്നു, അദ്ദേഹം ശരിയായ വഴിയിലൂടെ മുന്നോട്ട് പോകുക ആയിരുന്നു. ഒരു നല്ല ഇടയന് എപ്പോഴും സുരക്ഷിതമായ ലക്ഷ്യങ്ങൾ ഉണ്ട്, അതിലേക്കുള്ള ശരിയായ മാർഗ്ഗം അദ്ദേഹത്തിന് അറിയാം, അദ്ദേഹം ആ വഴിയിലൂടെ മുന്നോട്ട് നടന്നു പിന്നിലുള്ളവരെ വഴി കാണിക്കും.

 

ഇവിടെ പൌലൊസ് പറയുന്നത്, എന്നെ നോക്കരുത്, യേശുവിനെ മാത്രം നോക്കുക, യേശുവിനെ മാത്രം നോക്കി യാത്ര ചെയ്യുക, എന്നല്ല. എന്റെ ജീവിതത്തിൽ നിന്നും പഠിക്കരുത്, ഞാൻ പറയുന്നത് മാത്രം പഠിക്കുക, എന്നതല്ല പൌലൊസിന്റെ ഉപദേശം. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെയും ജീവിതത്തെയും അനുകരിക്കുവാനാണ് പൌലൊസ് പറയുന്നത്. യേശു നടന്ന വഴിയിലൂടെയാണ് അദ്ദേഹം നടക്കുന്നത് എന്നു തീർച്ച ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തെ അനുഗമിക്കുവാൻ മറ്റുള്ളവരോട് പറയുകയാണ്. അദ്ദേഹത്തെ അനുഗമിച്ചാൽ നമ്മൾ യേശുനെ അനുഗമിക്കുന്നവർ ആകും. ഇതാണ് അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം.

 

വേദപുസ്തകം, യേശുക്രിസ്തു ഒഴികെ, പഴയനിയമത്തിലെയോ, പുതിയനിയമത്തിലെയോ, ഒരു വ്യക്തിയെയും പരിപൂർണ്ണൻ ആയി ചിത്രീകരിക്കുന്നില്ല. പൌലൊസും പരിപൂർണ്ണൻ അല്ല. എന്നാൽ ദൈവരാജ്യം സംബന്ധിച്ച് അദ്ദേഹത്തിന്റെ യാത്രയും ലക്ഷ്യവും ശരിയായിരുന്നു.


ഫിലിപ്പിയർ 3:11-14

11    അവന്റെ (യേശുക്രിസ്തുവിന്റെ) കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

12   ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ള.

13   സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

14   ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

 

പൌലൊസ് ഇവിടെ പറയുന്നത് ഇതാണ്: “മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം” പ്രാപിക്കാം എന്നുവച്ച് ക്രിസ്തു “നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു” എണ്ണി “പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.” ഈ ഓട്ടത്തിൽ നമ്മളെ ആത്മീയമായി നടത്തിയവരുടെ വിശ്വാസത്തെ അനുകരിക്കേണം എന്നു എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ ഉപദേശിക്കുന്നു.     

 

എബ്രായർ 13:7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

 

ഒരു വ്യക്തിപരമായ ചോദ്യത്തോടെ ഈ പഠനം അവസാനിപ്പിക്കട്ടെ. പൌലൊസിനെപ്പോലെ “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നു പറയുവാൻ നമുക്ക് കഴിയുന്നുണ്ടോ? നമ്മളുടെ ആത്മീയ യാത്ര ശരിയായ മർഗ്ഗത്തിലൂടെയാണ് എങ്കിൽ, അത് ദൈവരാജ്യത്തിൽ നമ്മളെ എത്തിക്കും എന്നു നമുക്ക് തീർച്ചയുണ്ടെങ്കിൽ, നമുക്കും പൌലൊസിനെപ്പോലെ, “എന്റെ അനുകാരികൾ ആകുവിൻ” എന്നു പറയുവാൻ കഴിയും. അങ്ങനെ മറ്റുള്ളവരോട് പറയുവാൻ നമുക്ക് കഴിയുന്നില്ല എങ്കിൽ, അതിനർത്ഥം നമ്മളുടെ പാത ശരിയായിട്ടുള്ളതല്ല, നമ്മൾ പോകുന്ന വഴിയിലൂടെ പോയാൽ ദൈവരാജ്യത്തിൽ എത്തിച്ചേരുകയില്ല എന്നാണ്. അത് കുരുടൻ കുരുടനെ വഴികാട്ടുന്നതുപോലെയാകും.

 

ലൂക്കോസ് 6:39, 40 

39 അവൻ ഒരുപമയും അവരോടു പറഞ്ഞു: “കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,

40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.               

 

യേശുവിന്റെ ഒരു ഉപദേശവും നമുക്ക് അപ്രാപ്യമല്ല. “അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.”

 

അവസാനമായി ഒരു വാചകം കൂടെ. പൌലൊസിന്റെ ഈ ഉപദേശം ജീവിതത്തിൽ പകർത്തുവാൻ നമ്മളുടെ സ്വയം പരിശ്രമത്താൽ സാദ്ധ്യമല്ല. പരിശുദ്ധാത്മാവിൽ പൂർണമായി ആശ്രയിക്കുകയാണ് ഏക മാർഗ്ഗം. അതിനായി ദൈവം നിങ്ങളെ ശക്തീകരിക്കട്ടെ. ആമേൻ!




 

No comments:

Post a Comment