നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു?

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങള്‍ ആയ അനുഭവങ്ങള്‍ ഉണ്ട്. അതെല്ലാം നമ്മളുടെ അനുഭവങ്ങള്‍ ആണ്. നമ്മള്‍ കാണുകയും, കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ എങ്ങനെ നമ്മളെ രക്ഷയിലേക്ക് നടത്തി എന്നതാണു നമ്മളുടെ സാക്ഷ്യം. എന്നാല്‍ നമ്മളുടെ രക്ഷ യഥാര്‍ഥത്തില്‍ സാധ്യമായത് ഒരു ദൈവീക പദ്ധതിയാല്‍ ആണ്. ഇതിനെക്കുറിച്ച് അധികം ആരും ബോധവാന്മാര്‍ അല്ല. നമ്മളുടെ സാക്ഷ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് അര്‍ഹമായ ഇടം ലഭിക്കാറില്ല.

നമ്മളുടെ രക്ഷയ്ക്ക് കാരണമായ ദൈവീക പദ്ധതിയെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ പഠനം.


എങ്ങനെ നമ്മള്‍ രക്ഷിക്കപ്പെട്ടു
? ഇതിനുള്ള ഏറ്റവും നല്ല വിശദീകരണം, അപ്പൊസ്തലനായ പൌലൊസ് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വാക്യം ആണ്:

 

എഫെസ്യര്‍ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

പൌലൊസ് പറയുന്നതു ഇതെല്ലാം ആണ്. നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവ കൃപയാല്‍ മാത്രം ആണ്. നമ്മളുടെ വിശ്വസം ആണ് രക്ഷയിലേക്ക് നമ്മളെ പ്രവേശിപ്പിച്ചത്. ദൈവ കൃപയും വിശ്വാസവും ദൈവത്തിന്റെ ദാനമാണ്. ഈ ദാനം ലഭിക്കുവാന്‍ നമ്മളുടെ ഒരു പ്രവര്‍ത്തിയും മേന്‍മകളും കാരണമല്ല. സകലതും ദൈവകൃപ മാത്രം ആണ്.

രക്ഷയെക്കുറിച്ചുള്ള പഠനം ഇവിടെ ആണ് ആരംഭിക്കേണ്ടത്. നമ്മള്‍ രക്ഷിക്കപ്പെടുന്നത്, ദൈവത്തിന് നമ്മളോട് കൃപ തോന്നിയതിനാല്‍ മാത്രമാണ് എന്നതിന്റെ അര്‍ത്ഥം എന്താണ്? എന്തിനാണ് ദൈവത്തിന് നമ്മളോട് കൃപ തോന്നേണ്ടത്? ദൈവം നമുക്ക് നീതിപൂര്‍വ്വം അര്‍ഹമായത് നല്കിയാല്‍ പോരായിരുന്നോ? എങ്ങനെ ആണ് ദൈവകൃപ നമ്മളുടെ ജീവിതവുമായി വൈപരീത്യം ആകുന്നത്.

നമ്മളുടെ ഭൌതീക ജീവിതം അര്‍ഹതയും അതിനുതക്ക അംഗീകാരവും പ്രതിഫലവും ഉള്ളതാണ്. ഭൌതീക ജീവിതത്തിന്റെ പ്രമാണങ്ങള്‍ ആപേക്ഷികവും ആനുപാതികവുമാണ് (relative and proportional). എന്നാല്‍ ദൈവീക പ്രമാണത്തില്‍ ഈ ബന്ധം ഇല്ല. ദൈവം ഏശാവിനെ ദ്വേഷിച്ച് യാക്കോബിനെ തിരഞ്ഞെടുത്തത് (റോമര്‍ 9:13) മാനുഷികമായ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അല്ല. യോസേഫിനെ മിസ്രയീമിലെ ഉന്നത സ്ഥാനത്ത് എത്തിച്ചത്, അവന്റെ കഴിവുകളുടെ പ്രതിഫലവും അല്ല. ഇതെല്ലാം ദൈവ കൃപയാണ്. അതായത് ദൈവകൃപ, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ഒന്നല്ല. 

രക്ഷയുമായി ബന്ധപ്പെട്ട് ദൈവകൃപയെക്കുറിച്ച് പറയുമ്പോള്‍, അത് ലളിതമായി വിശദീകരിക്കുവാന്‍ കഴിയുക ഇല്ല. കൃപ എന്നതിനെ, അര്‍ഹതയില്ലാത്ത ദാനം, എന്ന് നിര്‍വചിക്കാം. എന്നാല്‍ കൃപ എന്ന പദത്തിനു ശാക്തീകരണം എന്ന അര്‍ഥവും ഉണ്ട്. ഈ രണ്ടു അര്‍ത്ഥവും നമുക്ക് വേദപുസ്തകത്തില്‍ കാണാം. കൃപ അര്‍ഹതയില്ലാത്ത ദാനം ആകുമ്പോള്‍, നമുക്ക് എന്തുകൊണ്ട് അതിനുള്ള അര്‍ഹത ഇല്ലാതെ ആയി എന്നും, ഈ ദാനം നല്കുവാന്‍ ദൈവം എങ്ങനെ ആണ് മനുഷ്യരെ തിരഞ്ഞെടുക്കുന്നത് എന്നും നമ്മള്‍ മനസ്സിലാക്കേണം. കാരണം, നമ്മള്‍ക്ക് മുമ്പേ ജീവിച്ചിരുന്ന എല്ലാ മനുഷ്യരും രക്ഷിക്കപ്പെട്ടില്ല; നമ്മള്‍ക്ക് ചുറ്റും ജീവിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും എന്നു നമ്മള്‍ കരുതുന്നില്ല. അതിനാല്‍ തന്നെ, ഭാവിയില്‍ ജീവിച്ചിരിക്കുവാന്‍ പോകുന്ന എല്ലാവരും രക്ഷിക്കപ്പെടും എന്നും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അതായത് എല്ലാവരിലേക്കും രക്ഷിക്കപ്പെടുവാന്‍ ആവശ്യമായ ദൈവകൃപ എത്തിച്ചേരില്ല. ഇതില്‍ അനീതിയും പക്ഷപാദവും ഉള്ളതായി തോന്നുന്നില്ലേ? എന്നാല്‍ ദൈവവചനം പറയുന്നു: “ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. (റോമര്‍ 2:11). ഇതിന്റെ ദൈവശാസ്ത്രം എന്താണ്?

നമ്മള്‍, രക്ഷിക്കപ്പെടുന്നതിന് മുമ്പ് പാപികള്‍ ആയിരുന്നു എന്നത് പൊതുവായ അറിവാണ്. ലോകത്തിലെ ഒരു മതവും, മനുഷ്യര്‍ അടിസ്ഥാനപരമായി, നീതിമാന്മാര്‍ ആണ് എന്ന് പഠിപ്പിക്കുന്നില്ല. എന്നാല്‍ എങ്ങനെ ആണ് നമ്മള്‍ പാപികള്‍ ആയത്? നമ്മള്‍ ജനിച്ചു കഴിഞ്ഞു, കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, തിന്മകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ പാപികള്‍ ആയതാണോ? വേദപുസ്തകം പറയുന്നു, നമ്മള്‍ പാപികള്‍ ആയിതന്നെ ആണ് ജനിക്കുന്നത്. ഇത് മനസ്സിലാക്കുവാന്‍ പാപം എന്താണ്, അത് എങ്ങനെ ആണ് നമ്മളില്‍ കടന്നുവന്നത് എന്ന് നമ്മള്‍ മനസ്സിലാക്കേണം.

പാപം മൂന്നു വിധത്തിലാണ് നമ്മളില്‍ ആയിരിക്കുന്നത്. അത്, പൈതൃകമായി ലഭിച്ച പാപം (inherited sin), ഗണിക്കപ്പെടുന്ന പാപം (imputed sin), വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലുള്ള പാപം (personal sin by choice) എന്നിവ ആണ്. പൈതൃകമായി ലഭിച്ച പാപം (inherited sin) ആദാമില്‍ നിന്നും പരമ്പരാഗതമായി നമുക്ക് ലഭിച്ചിരിക്കുന്ന പാപപ്രകൃതി ആണ്. അത് നമ്മളുടെ ജഡത്തിലുള്ള പാപ സ്വഭാവം ആണ്. ആദാമിന്റെ പാപം മൂലം സകല മനുഷ്യരും പാപത്തിന്റെ അവസ്ഥയില്‍ ജനിക്കുന്നു. ഇതിനെ ജോണ്‍ കാല്‍വിന്‍, മനുഷ്യ പ്രകൃതിയുടെ അപഭ്രംശ്ശം എന്നും പൈതൃകമായ മലിനത എന്നും വിളിച്ചു. മനുഷ്യരുടെ പാപത്തോടുള്ള ചായ് വിനെ ആദാമ്യ പാപത്തിന്റെ ഫലമായി ആണ് വിശദീകരിക്കുന്നത്. സങ്കീര്‍ത്തനം 51:5 ല്‍ ദാവീദ് നിലവിളിക്കുന്നത് ഇതിനെക്കുറിച്ചാണ്:  ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.”

ആദാമിന്റെ പാപത്താല്‍ നമ്മള്‍ സമ്പൂര്‍ണ്ണമായി മലിനമായി തീര്‍ന്നിരിക്കുന്നതിനാല്‍, അതിനുള്ള പരിഹാരം കണ്ടെത്തുവാന്‍ നമുക്ക് കഴിയുക ഇല്ല. ഏദന്‍ തോട്ടത്തില്‍, ആദാമും ഹവ്വയും പാപം ചെയ്തു കഴിഞ്ഞപ്പോള്‍, അവര്‍ക്ക് തെറ്റ് മനസ്സിലായി എങ്കിലും, അതിനുള്ള പരിഹാരം കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പാപത്തെ മറയ്ക്കുവാന്‍ എന്തെങ്കിലും ചെയ്യുക എന്നതിനെക്കുറിച്ച് മാത്രമേ അവര്‍ക്ക് ചിന്തിക്കുവാന്‍ കഴിഞ്ഞുള്ളൂ. ഇതാണ് പാപത്താല്‍ ഉണ്ടാകുന്ന മലിനതയുടെ അനന്തര ഫലം. പാപിയ്ക്ക്, സ്വയം, ഒരു പാപ പരിഹാരം കണ്ടെത്തുവാന്‍ കഴിയുക ഇല്ല. ഒരു പരിഹാരത്തിനായി അപേക്ഷിക്കുവാന്‍ പോലും മനുഷ്യനു കഴിയുന്നില്ല. പാപം ചെയ്ത ദൂതന്മാരെ, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിക്കളഞ്ഞു എങ്കില്‍, മനുഷ്യര്‍ക്കും അതേ നീതിയ്ക്കേ യോഗ്യത ഉള്ളൂ.

രണ്ടാമത്തെ വിധത്തിലുള്ള പാപം, ഗണിക്കപ്പെടുന്ന പാപം (imputed sin) ആണ്.  ഇതിനെ നമുക്ക് ഇങ്ങനെ വിവരിക്കാം. ആദാമിന്റെ പാപവും അതിന്റെ ശിക്ഷയും, നമ്മളില്‍ ആക്കിവെക്കപ്പെടുകയും, അത് നമ്മളുടെ പാപമായി ഗണിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ദൈവ മുമ്പാകെ നമുക്ക് നിയമാനുസൃതമായി ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെടുകയും ചെയ്തു. ഗണിക്കപ്പെടുക എന്നതിന്റെ ഗ്രീക് ഭാഷയിലെ പദം സാമ്പത്തിക മണ്ഡലത്തിലും നീതിന്യായ വകുപ്പിലും ഉപയോഗിക്കുന്ന ഒരു വാക്ക്  ആണ്. ഗ്രീക് ഭാഷയിലെ ഈ വാക്കിന്റെ അര്‍ത്ഥം, ഒരു വ്യക്തിയുടെ സാമ്പത്തിക കണക്കില്‍ നിന്നും ഒരു തുക എടുത്ത്, മറ്റൊരു വ്യക്തിയുടെ കണക്കില്‍ എഴുതുക എന്നതാണ്.  അതായത്, ആദാമിന്റെ കണക്കില്‍ ഉണ്ടായിരുന്ന പാപത്തെ, നമ്മളുടെ കണക്കിലും എഴുതിചേര്‍ത്തു. ഇതാണ് ഗണിക്കപ്പെടുന്ന പാപം.

മൂന്നാമത്തെ പാപം, വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലുള്ള പാപം ആണ്. ഇത് നമ്മള്‍ ദൈനംദിനം ചെയ്യുന്ന പാപ പ്രവൃത്തികള്‍ ആണ്. ഇത് നമ്മളുടെ തിരഞ്ഞെടുപ്പാണ്. ഈ മൂന്നു കരണത്താലും, നമ്മള്‍ പ്രകൃതത്താലും, പ്രവൃത്തിയാലും, തിരഞ്ഞെടുപ്പിനാലും പാപികള്‍ ആയിരിക്കുന്നു.

അതിനാല്‍ ദൈവം പറഞ്ഞു: “പാപം ചെയ്യുന്ന ദേഹി മരിക്കും”. (യെഹെസ്കേല്‍ 18: 20). എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണം. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് തന്നെ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ആണ്. ആ ഉടമ്പടിയുടെ പ്രധാന വ്യവസ്ഥ ആയിരുന്നു, പാപം ചെയ്യുന്നവര്‍ മരിക്കും എന്നത്.

 

ഉല്‍പ്പത്തി 2: 16, 17

16   യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

17   എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

എന്തുകൊണ്ടാണ് ഈ വ്യവസ്ഥ ദൈവം വച്ചത്? മനുഷ്യനെക്കുറിച്ചുള്ള ദൈവീക പദ്ധതി, അവന്റെ രാജ്യത്തില്‍ നിത്യമായി പാര്‍ക്കുക എന്നതാണ്. ഈ ഭൂമിയെ ദൈവം സൃഷ്ടിച്ചത്, ദൈവത്തിന്റെ രാജ്യവും മനുഷ്യന്‍റെ വാസസ്ഥലവും ആയിട്ടാണ്. എന്നാല്‍ ദൈവം സൃഷ്ടിച്ച അതേ ഭൂമിയില്‍, പിന്നേയും ഒരു സ്ഥലം വേര്‍തിരിച്ച്,  “കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്‍പ്പത്തി 2:8). ഇവിടെ ആണ് മനുഷ്യര്‍ വസിക്കേണ്ടത്.

മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍, അതിന്റെ ദൈവീക ഉദ്ദേശ്യം ദൈവം തന്നെ അരുളിചെയ്യുന്നത് നമ്മള്‍ വായിക്കുന്നുണ്ട്: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്‍പ്പത്തി 1: 28). ഈ ചിന്ത മനസ്സില്‍ വച്ചുകൊണ്ടാണ് 115 ആം സങ്കീര്‍ത്തനത്തിന്റെ എഴുത്തുകാരന്‍ ഇങ്ങനെ പറഞ്ഞത്: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”

എന്നാല്‍ എല്ലാ സൃഷ്ടിയും, എപ്പോഴും, സൃഷ്ടികര്‍ത്താവിന്റെ സര്‍വ്വാധികാരത്തിന്‍ കീഴില്‍ ആണ്. ദൈവത്തിന്റെ സര്‍വ്വാധികാരവും, സര്‍വ്വ ജ്ഞാനവും, ഉല്‍പ്പത്തി 3 ആം അദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പിശാച് ഹവ്വയോട് ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.” (ഉല്‍പ്പത്തി 3:1). ഹവ്വയുടെ മറുപടി ഇങ്ങനെ ആയിരുന്നു: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. (ഉല്‍പ്പത്തി 3:2, 3). ഇത് ദൈവത്തിന്റെ സര്‍വ്വാധികാരത്തെ സൂചിപ്പിക്കുന്നു. മനുഷ്യന്‍ എന്തു തിന്നേണം, എന്തു തിന്നരുത് എന്ന് കല്‍പ്പിക്കുവാനുള്ള അധികാരം, തീര്‍ച്ചയായും, സൃഷ്ടാവായ ദൈവത്തിനുള്ളതാണ്. ആരും അത് നിഷേധിക്കുന്നില്ല. പിശാചിന്റെ മറുപടിയില്‍, ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു (പിശാച്) പറഞ്ഞു. (3:5). ദൈവീക സര്‍വ്വാധികാരത്തെ കാണിക്കുന്ന മറ്റൊരു വാക്യമാണ്, ഉല്‍പ്പത്തി 3: വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു“.

അതായത്, ദൈവത്തിന്റെ സര്‍വ്വാധികാരമുള്ള രാജ്യത്തില്‍ താമസിക്കുവാനും, അവിടെ, “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവാനും ഉള്ള അധികാരമാണ് മനുഷ്യന് ദൈവം നല്കിയത്. ഈ ഭൂമിയും സകല സൃഷ്ടികളും ദൈവത്തിന്‍റെ രാജ്യം ആണ്. ഇവിടെയും ദൈവം തന്നെ ആണ് രാജാവ്. സ്വര്‍ഗീയമായതെല്ലാം വിശുദ്ധമാണ്. കാരണം, ദൈവം വിശുദ്ധി മാത്രം ആണ്. അവനില്‍ അശുദ്ധി ഇല്ല. അതിനാല്‍ തന്നെ, അശുദ്ധമായതൊന്നും അവന്റെ രാജ്യത്തു വസിക്കുവാന്‍ പാടില്ല എന്നതിനാല്‍, പാപം ചെയ്യുന്ന ദേഹി മരിക്കേണം. അതുകൊണ്ട് ദൈവം പറഞ്ഞു: “എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (2:17). ഈ ഉടമ്പടിയിലെ ഒരു വ്യവസ്ഥയും പിന്നീട് മാറ്റുവാന്‍ കഴിയുക ഇല്ല. അതിനാല്‍, പാപ, ചെയ്യുന്ന മനുഷ്യന്‍ മരിക്കേണം. യേശുക്രിസ്തുവും ഇതേ കാര്യം ഉറപ്പിച്ച് പറഞ്ഞു:

 

യോഹന്നാന്‍ 3: 36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.

എന്നാല്‍, കൃപയാല്‍, ഏദന്‍ തോട്ടത്തില്‍ വച്ചുതന്നെ, മനുഷ്യന്‍ മരിക്കുന്നതിന് മുമ്പേ, അവനെ വീണ്ടെടുക്കുവാന്‍ ദൈവം തീരുമാനിച്ചു. ദൈവം ഒരു യാഗ മൃഗത്തെ ഒരുക്കി, അതിനെ കൊന്നു, അതിന്റെ രക്തത്താല്‍ പൊതിഞ്ഞ തോല്‍കൊണ്ടു ഒരു ഉടുപ്പു ഉണ്ടാക്കി മനുഷ്യനു നല്കി. ദൈവം മനുഷന് പാപ പരിഹാരം വരുത്തി. ഏദന്‍ തോട്ടത്തില്‍ ദൈവം, നിത്യമായ, ഒരു പുതിയ ഉടമ്പടി പ്രഖ്യാപിക്കുകയും ചെയ്തു. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. (ഉല്‍പ്പത്തി 3:15). എന്നാല്‍ ഈ പുതിയ ഉടമ്പടി, പഴയതിനെ റദ്ദാക്കിയില്ല. പുതിയത് പഴയതിനോട് കൂട്ടിച്ചേര്‍ക്കുക ആയിരുന്നു. ഇതുതന്നെ ആണ് പിന്നീട് ഉണ്ടായ എല്ലാ ദൈവീക ഉടമ്പടികളിലും അനുവര്‍ത്തിച്ചുപോന്ന രീതി. 

ദൈവം ആദമിനോടു ചെയ്ത ദൈവീക ഉടമ്പടി, അവന്റെ സകല സന്തതി പരമ്പരകള്‍ക്കും ബാധകമാണ്. കാരണം ദൈവം ആദമുമായി ഉടമ്പടി ചെയ്യുമ്പോള്‍, സകല മനുഷ്യരും ആദാമില്‍ ഉണ്ടായിരുന്നു. അതിനാല്‍ ഈ ദൈവീക ഉടമ്പടി, ആദ്യാമിന്റെ സകല തലമുറകളിലും തുടരുക ആണ്. ഇതിന് ശേഷം, ദൈവകൃപ പ്രവര്‍ത്തിക്കുന്നത് ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഇതിന് വെളിയില്‍ ദൈവകൃപയോ, രക്ഷയോ ലഭ്യമല്ല. ഇവിടെ ദൈവം പറയുന്നതു, രക്ഷ സ്ത്രീയുടെ സന്തതിയിലൂടെ സാധ്യമാകും എന്നാണ്. ആരാണ് ഈ സ്ത്രീയുടെ സന്തതി? എങ്ങനെ ആണ് ഈ സന്തതിയിലൂടെ മനുഷ്യര്‍ക്ക് രക്ഷ സാധ്യമാകുന്നത്? ഇതാണ് രക്ഷയുടെ ദൈവീക ചരിത്രം. ഇവിടെ ആണ് രക്ഷയുടെ ചരിത്രം ഈ ഭൂമിയില്‍ ആരംഭിക്കുന്നത്. സ്ത്രീയുടെ സന്തതി എന്നത് യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശമാണ്. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി” നിയോഗിച്ചയച്ചു എന്ന് ഗലാത്യര്‍ 4:4 ല്‍ നമ്മള്‍ വായിക്കുന്നു. യേശുക്രിസ്തുവിന്റെ പാപ പരിഹാരയാഗം രക്ഷയുടെ ഏക മാര്‍ഗ്ഗം ആണ്. യേശുവിന്റെ ക്രൂശു മരണം പിശാചിന്റെ മേലുള്ള ജയോല്‍സവം ആയിരുന്നു. “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കൊലൊസ്സ്യര്‍ 2:15).

യേശുക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വസം മൂലം മാത്രമേ ഇന്ന് നമുക്ക് രക്ഷ പ്രാപിക്കുവാന്‍ സാധ്യമാകൂ. രക്ഷ യേശുക്രിസ്തുവിലുള്ള വിശ്വസം മൂലമാത്രം ലഭിക്കുന്നു. ആ വിശ്വാസമോ, ദൈവത്തിന്റെ കൃപയാലുള്ള ദാനം ആകുന്നു. രക്ഷയില്‍ മനുഷന്‍ പ്രശംസിക്കാതെ ഇരിക്കുവാന്‍, അവന്റെ പ്രവര്‍ത്തികളോ, നന്‍മകളോ ദൈവം കാരണമായി ഗണിക്കുന്നതും ഇല്ല. മനുഷ്യര്‍ക്ക് അവരുടെ നല്ല പ്രവര്‍ത്തികളാല്‍ യേശുവില്‍ വിശ്വസിക്കുവാനാവശ്യമായ വിശ്വാസത്തെ പ്രാപിക്കുവാന്‍ സാധ്യമല്ല. വിശ്വസം എന്ന ദൈവീക ദാനം നമുക്ക് ലഭിക്കുന്നത് ദൈവ കൃപയാല്‍ മാത്രം. ആണ്. ചുരുക്കിപ്പറഞ്ഞാല്‍, രക്ഷ ദൈവത്തിന്റെ കൃപയാല്‍ മാത്രം ലഭിക്കുന്നു.

എന്തുകൊണ്ടാണ് ദൈവത്തിന് നമ്മളോട് കൃപ തോണിയത്?

എന്തുകൊണ്ടാണ് ദൈവത്തിന് നമ്മളോട് കൃപ തോണിയത്? എന്തുകൊണ്ടാണ്, നമുക്ക് ജീവിച്ചിരുന്ന അനേകരോടും, ഇന്ന് ജീവിച്ചിരിക്കുന്ന അനേകരോടും, ഇനിയും ജീവിച്ചിരിക്കാവുന്ന അനേകരോടും ദൈവത്തിന് കൃപ തോന്നാത്തത്? ഇതാണ് ഇനി നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ആത്മീയ മര്‍മ്മം.

ദൈവത്തിന് നമ്മളോട് കൃപ തോന്നുവാന്‍ പ്രത്യേകിച്ച് കാരണം ഒന്നും തന്നെ ഇല്ല. നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ദൈവവും ആദാമും ഹവ്വയും തമ്മിലുണ്ടായിരുന്നത്, പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലുള്ള ഉടമ്പടി ആയിരുന്നു. ദൈവീക കല്പ്പനയെ അനുസരിച്ചാല്‍ ദൈവ രാജ്യത്തില്‍ നിത്യമായി ജീവിക്കും, നിരസിച്ചാല്‍, നിത്യമായ മരണം ലഭിക്കും. ഇത് പ്രവര്‍ത്തിയുടെ ഉടമ്പടി ആണ്. എന്നാല്‍, ഏദനില്‍ വച്ചുതന്നെ ദൈവം വീണ്ടും പ്രഖ്യാപിച്ച ഉടമ്പടി നമ്മളില്‍ നിന്നും യാതൊരു പ്രവര്‍ത്തിയും ആവശ്യപ്പെടുന്നില്ല. ഉടമ്പടിയിലുള്ള വിശ്വസം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ആദാമും ഹവ്വയും അത് വിശ്വസിച്ചു. അവര്‍ക്ക് ഈ ഉടമ്പടിയുടെ പൊരുള്‍ വ്യക്തമായി മനസ്സിലായില്ല എങ്കിലും, അവര്‍ സ്ത്രീയുടെ സന്തതി, പിശാചിന്റെ തലയെ തകര്‍ത്ത്, അവര്‍ക്ക് വീണ്ടെടുപ്പ് സാധ്യമാക്കും എന്നു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്, അവരുടെ ആദ്യ സന്തതി ആയ കയീന്‍ ജനിച്ചപ്പോള്‍, ഹവ്വ പറഞ്ഞത്: “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു” (ഉല്‍പ്പത്തി 4:1). കയീന്‍ ദൈവ സന്നിധിയില്‍ നിന്നും നഷ്ടപ്പെട്ടതിന് ശേഷം, അവര്‍ക്ക് മറ്റൊരു മകന്‍ ജനിച്ചു. അപ്പോള്‍ ഹവ്വ പറഞ്ഞു: “കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്‍പ്പത്തി 4:25). പിശാചിന്റെ തലയെ തകര്‍ക്കുന്ന, മനുഷ്യരെ വീണ്ടെടുക്കുന്ന ഒരു സന്തതി എന്ന വിശ്വസം നമുക്ക് ഹവ്വായുടെ വാക്കുകളില്‍ കാണാം.  

ആദാമിന്റെയോ ഹവ്വയുടെയോ ഏതെങ്കിലും പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ അല്ല, ദൈവീക ഉടമ്പടിയില്‍ വിശ്വസിക്കുവാന്‍ ആവശ്യമായ വിശ്വസം അവര്‍ക്ക് ലഭിച്ചതു. ഈ വിശ്വസം കയീന് ലഭിച്ചില്ല, അവന്‍ ദൈവസന്നിധിയില്‍ നിന്നും നഷ്ടപ്പെട്ടു പോയി. അതായത്, ആദമിനും ഹവ്വയ്ക്കും, ക്രിസ്തുയേശുവിലുള്ള വീണ്ടുടുപ്പ് എന്ന, കാണാത്ത കാര്യത്തെ വിശ്വസിക്കുവാനുള്ള വിശ്വസം ദൈവ കൃപയാല്‍ ലഭിച്ചു. ഈ കൃപ കയീന് ലഭിച്ചില്ല. ആദാമിന്റെ സന്തതികളാണ് എങ്കിലും സകല മനുഷ്യരിലേക്കും ദൈവം കൃപ എത്തുന്നില്ല എന്നതിന്റെ ആദ്യ ദൃഷ്ടാന്തം ആണ് കയീന്‍റെ പതനം.   

എന്തുകൊണ്ടാണ് കയീന് ദൈവകൃപ ലഭിക്കാതെ പോയത്? എന്തുകൊണ്ട് ആദാമിനും ഹവ്വയ്ക്കും കൃപ ലഭിച്ചു? എന്തുകൊണ്ടാണ്, നിത്യ ശിക്ഷാവിധിക്ക് വിധിക്കപ്പെട്ടിരുന്ന മനുഷ്യരില്‍ ഒരു ശേഷിപ്പിലേക്ക് മാത്രം ദൈവം കൃപ എത്തിച്ചേരുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നും തന്നെ പറയുവാന്‍ നമുക്ക് കഴിയുക ഇല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവകൃപ ഒരു വ്യക്തിക്ക് ലഭിക്കുവാന്‍ ഒരു കാരണം ഉണ്ട് എങ്കില്‍ അത് കൃപ അല്ലാതെയായി തീരും. കാരണം കൃപ അര്‍ഹതയില്ലാതെ ലഭിക്കുന്ന ദൈവീക ദാനം ആണ്. ദൈവത്തോട് മല്‍സരിച്ച് വീണുപോയ ദൂതന്‍മാര്‍ക്ക് അവന്‍ വീണ്ടും ഒരു അവസരം കൂടി നല്‍കിയില്ല. എന്നാല്‍ ദൈവത്തിന് മനുഷ്യരോട് കൃപ തോന്നി. അതിനു ദൈവം പറയുന്ന വിശദീകരണം ഇത്രമാത്രം:

 

റോമര്‍ 9: 15 എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും”

ഇത് പുറപ്പാടു പുസ്തകം 33: 19 ലെ വാക്യത്തിന്റെ ആവര്‍ത്തനമാണ്. പൌലൊസ് ഇവിടെ ജാതികളില്‍ നിന്നുള്ളവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് പറയുന്നതു. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് അവന്റെ ഇഷ്ടപ്രകാരം മാത്രം സംഭവിക്കുന്നു. ഉദാഹരണത്തിന് ഏശാവിനെ ദ്വേഷിച്ച് യാക്കോബിനെ തിരഞ്ഞെടുത്തത് പൌലൊസ് ചൂണ്ടിക്കാണിക്കുന്നു. അതിനു ശേഷം പൌലൊസ് പറയുന്നു, ഇത് ദൈവത്തിന്റെ പക്കല്‍ അനീതി ഉള്ളതുകൊണ്ടല്ല. ദൈവം മോശെയോടു ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്: എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും”. അതിനാല്‍ നമ്മളുടെ ഇച്ഛയും പ്രവൃത്തികളും കാരണമല്ല, ദൈവത്തിന്റെ കരുണയാലത്രേ സകലവും സാധിക്കുന്നത്.  18 ആം വാക്യത്തില്‍ പൌലൊസ് പറയുന്നു: “അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.” ചിലര്‍ ദൈവത്തിന്റെ രക്ഷാ പദ്ധതിയെ നിരസിച്ച് സ്വയം നാശയോഗ്യാരായ കോപപാത്രങ്ങള്‍ ആയിരിക്കുന്നു. എന്നാല്‍ ദൈവം ഒരു ശേഷിപ്പിനെ, ദൈവീക “തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായി” തിരഞ്ഞെടുത്തിരിക്കുന്നു. ഇത് ദൈവ കൃപയാല്‍ മാത്രം സംഭവിച്ചു. റോമര്‍ 9: 27 ആം വാക്യത്തില്‍ പൌലൊസ് പറയുന്നു: “യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ."

നമ്മളുടെ രക്ഷയുടെ കാരണം ദൈവം കൃപയാണ്. ദൈവ കൃപയാല്‍ നമ്മളുടെ ജീവിതത്തില്‍ സംഭവിക്കുന്ന രക്ഷ ഒരിക്കല്‍ പെട്ടന്നു സംഭവിക്കുന്ന ഒരു അനുഭവം അല്ല. അതൊരു ദീര്‍ഘകാല പദ്ധതി ആണ്. നമ്മളുടെ രക്ഷയുടെ പദ്ധതി ആരംഭിക്കുന്നത് ലോകാരാംഭത്തിന് മുമ്പ് ആണ്. അത് പൂര്‍ണ്ണമാകുന്നത് നിത്യയില്‍ ആണ്.

 

എഫെസ്യര്‍ 1: 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (chosen us) … (ചെയ്തു)

ദൈവരാജ്യത്തിന്റെ പുനസ്ഥാപനം എന്ന വീണ്ടെടുപ്പ് പദ്ധതി, ദൈവം രൂപീകരിക്കുന്നത്, സകല സൃഷ്ടിയുടെയും ആരംഭത്തിനും മുമ്പാണ്. നമ്മളുടെ പ്രപഞ്ചത്തിന്റെ സൃഷ്ടിയ്ക്കും മുമ്പേ അതിന്റെ ചരിത്രം നിത്യതയോളം, ദൈവസന്നിധിയില്‍ ക്രമീകരിക്കപ്പെട്ടതാണ്. ദൈവത്തിന്റെ പദ്ധതി ഭാഗം ഭാഗമായും ഘട്ടം ഘട്ടമായും, ഭൂമിയില്‍, മനുഷ്യന്‍റെ ജീവിതത്തില്‍ വെളിപ്പെട്ടു വന്നു എന്നെ ഉള്ളൂ. ദൈവീക പദ്ധതിയില്‍ മനുഷ്യന്റെ പാപത്തില്‍ നിന്നുള്ള പരിഹാരവും രക്ഷാ മാര്‍ഗ്ഗവും ക്രമീകരിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ സൃഷ്ടിയില്‍ ദൈവത്തിന് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലോകാരംഭത്തിനും മുമ്പേ, രൂപകല്‍പ്പന ചെയ്തതും, തീരുമാനിക്കപ്പെട്ടതും, ക്രമീകരിക്കപ്പെട്ടതും, സംഭവിച്ചതും ആണ്.

ലോകസ്ഥാപനത്തിന് മുമ്പെയുള്ള തിരഞ്ഞെടുപ്പ്

ഇവിടെ ആണ് രക്ഷയ്ക്കായുള്ള നമ്മളുടെ തിരഞ്ഞെടുപ്പ് വരുന്നത്. തിരഞ്ഞെടുപ്പ് ഒരു വലിയ കൂട്ടത്തില്‍ നിന്നും ചിലതിനെ മാത്രം തിരഞ്ഞെടുക്കുന്നത് ആണ്. തിരഞ്ഞെടുപ്പ് നമ്മളുടെ രക്ഷാകരമായ ദൈവീക പ്രവര്‍ത്തിയാണ്.

തിരഞ്ഞെടുപ്പിന്റെ ഒരു നല്ല വിവരണം, നമുക്ക് യിസ്രായേല്‍ ജനത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ദൈവം പറയുന്ന വാക്കുകളില്‍ കാണാം.

 

ആവര്‍ത്തനപുസ്ത്കം 7: 6-8

   നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

   നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

   യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

ദൈവം പറയുന്നു, അവന്‍ യിസ്രായേല്‍ ജനത്തെ തിരഞ്ഞെടുത്തത് അവരില്‍ എന്തെങ്കിലും മേന്മ ഉള്ളതുകൊണ്ടല്ല. ദൈവം വരെ സ്നേഹിച്ചതുകൊണ്ടും അവരുടെ പിതാക്കന്മാരോടു ചെയ്ത സത്യം പാലിക്കുവാനും അവരെ തിരഞ്ഞെടുത്തു. ദൈവം പിതാക്കന്മാരോടു സത്യം ചെയ്യുവാനുള്ള കാരണം ദൈവ കൃപ മാത്രമാണ്. അതായത് ദൈവം യിസ്രായേല്‍ ജനത്തെ അവന്റെ സ്വന്തജനമായി തിരഞ്ഞെടുത്തത്, ദൈവകൃപയാല്‍ അവന് അവരോടു സ്നേഹം തോന്നിയതിനാല്‍ മാത്രം ആണ്.

ദൈവം യിസ്രാല്‍ ജനത്തെ തിരഞ്ഞെടുത്തു എന്നു പറയുമ്പോള്‍, അവന്‍ വലിയ ഒരു കൂട്ടം മനുഷ്യരെ വീണ്ടെടുപ്പിനായി തിരഞ്ഞെടുത്തില്ല എന്നും വരുന്നു. ചിലരെ തിരഞ്ഞെടുത്തു എന്നു പറയുമ്പോള്‍, ചിലരെ തിരഞ്ഞെടുത്തില്ല എന്നു കൂടി അതില്‍ അര്‍ത്ഥം ഉണ്ട്.

ഈ ഉദാഹരണത്തില്‍ നിന്നും ദൈവം നമ്മളെ തിരഞ്ഞെടുത്തതിലേക്ക് പോകാം. ദൈവീക തിരഞ്ഞെടുപ്പ് ക്രിസ്തുവില്‍ ആണ് ആരംഭിക്കുന്നത്. ദൈവം മനുഷ്യരുടെ രക്ഷായ്ക്കായി ആദ്യമായി തിരഞ്ഞെടുത്തത് യേശുക്രിസ്തുവിനെ ആണ്.

 

1 പത്രൊസ് 1: 18-20 

18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

 

19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

20 അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും (foreordained) അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

20 ആം വാക്യത്തില്‍, മുന്നറിയപ്പെട്ടവനും എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക് പദം, പ്രൊജിനോസ്കൊ (proginosko - prog-in-oce'-ko) എന്ന വാക്കാണ്. ഇതിന്റെ അര്‍ത്ഥം, മുന്‍കൂട്ടിക്കാണുക, മുന്‍കൂട്ടി അറിയുക, മുന്നറിവ്, മുന്നറിവിനാല്‍ നിശ്ചയിക്കുക എന്നിങ്ങനെ ആണ്. നമ്മളുടെ വീണ്ടെടുപ്പ് സാധ്യമായിരിക്കുന്നത്, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടാണ്, എന്നു പറഞ്ഞതിന് ശേഷം, പത്രൊസ് തുടര്‍ന്നു പറയുന്നു, ദൈവം ക്രിസ്തുവിനെ, നമ്മളുടെ വീണ്ടെടുപ്പിനായി, ലോകസ്ഥാപനത്തിന് മുമ്പേ മുന്നറിഞ്ഞിരുന്നു. അതായത് യേശുക്രിസ്തുവിനെ നമ്മളുടെ വീണ്ടെടുപ്പിനായി ലോകസ്ഥാപനത്തിനും മുമ്പേ മുന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്രിസ്തു നമുക്ക് വെളിപ്പെട്ടത്, വളരെ കാലങ്ങള്‍ക്ക് ശേഷം ആയിരുന്നു എന്നു മാത്രം.

ഇതില്‍ നിന്നും നമ്മള്‍ ദൈവത്തിന്റെ രക്ഷാ പദ്ധതിയെ ഇങ്ങനെ മനസ്സിലാക്കുന്നു: നമ്മളുടെ വീണ്ടെടുപ്പ് പദ്ധതി, ദൈവം, ലോകാരംഭത്തിനും മുമ്പേ നിശ്ചയിച്ചിരുന്നതാണ്. അത് നിർദ്ദോഷവും നിഷ്കളങ്കവുമായ ഒരു കുഞ്ഞാടിന്റെ രക്തം കൊണ്ടായിരിക്കേണം എന്നും നിശ്ചയിക്കപ്പെട്ടിരുന്നു. അതിനായുള്ള കുഞ്ഞാടിനെയും ലോകാരാംഭത്തിന് മുമ്പേ നിശ്ചയിച്ചിരുന്നു. ആ കുഞ്ഞാടു യേശുക്രിസ്തു ആയിരുന്നു. ഈ അര്‍ത്ഥത്തില്‍ ആണ്, "ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാട്" എന്ന് യേശുവിനെ വിളിക്കുന്നത്. (വെളിപ്പാടു 13:8). അതായത് യേശുക്രിസ്തുവിനെ ദൈവം, മാനവരക്ഷയ്ക്കായി ലോകാരംഭത്തിന് മുമ്പേ തിരഞ്ഞെടുത്തു.

ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തപ്പോള്‍ തന്നെ, അവനില്‍ വിശ്വസിക്കുവാനിരിക്കുന്ന നമ്മളെയും, അവനില്‍  തിരഞ്ഞെടുത്തു. അതായത്, നമ്മളുടെ രക്ഷയുടെ ചരിത്രം, നമ്മള്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ച നിമിഷം മുതല്‍ ആരംഭിച്ചതല്ല, ലോകാരംഭത്തിനും മുമ്പേ ദൈവം നമ്മളെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തപ്പോള്‍ ആരംഭിച്ചതാണ്.

 

എഫെസ്യര്‍ 1: 4 -6

   നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (chosen us)

   തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

   അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

എന്താണ് നമ്മളെ "അവനില്‍" (ക്രിസ്തുവില്‍) തിരഞ്ഞെടുത്തു എന്ന് പറഞ്ഞാല്‍. ഒരു ഉദാഹരണത്തിലൂടെ നമുക്ക് അത് മനസ്സിലാക്കുവാന്‍ ശ്രമിക്കാം.   

 

എബ്രായര്‍ 7: 9, 10

   ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാംമുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.

10   അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.

ലേവി, യാക്കോബിന്റെ ആദ്യ ഭാര്യയായ ലേയയുടെ മൂന്നാമത്തെ പുത്രന്‍ ആയിരുന്നു. അവന്‍ അബ്രാഹാമിന്റെ മകനായ, യിസ്ഹാക്കിന്‍റെ മകനായ യാക്കോബിന്റെ പുത്രന്‍ ആണ്. എന്നാല്‍ എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്‍ പറയുന്നു: അബ്രഹാം മല്‍ക്കീസേദെക്കിന് ദശാംശം നല്കിയപ്പോള്‍, ലേവിയും, അവന്റെ സന്തതികളും കൂടെ മല്‍ക്കീസേദെക്കിന് ദശാംശം നല്കുക ആയിരുന്നു. കാരണം, അബ്രാഹാമില്‍, അവന്റെ സന്തതി പരമ്പയായ, യിസ്രായേല്‍ എന്ന ജനസമൂഹം മുഴുവന്‍ ഉണ്ടായിരുന്നു. ഇതേ രീതിയില്‍ ആണ്, സകല മനുഷ്യരും ആദാമില്‍ പാപികള്‍ ആയി മാറുന്നത്. ആദാം പാപം ചെയ്തപ്പോള്‍, അവന്റെ സന്തതി പരമ്പരകള്‍ ആയ സകല മനുഷ്യരും അവനില്‍ ഉണ്ടായിരുന്നു. അതിനാല്‍ സകല മനുഷ്യരും പാപം ചെയ്തവര്‍ ആയി മാറി. ഇതേ അര്‍ത്ഥത്തില്‍ ആണ്, എഫെസ്യര്‍ 1: 4 ല്‍ ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മളെ ക്രിസ്തുവില്‍  തിരഞ്ഞെടുത്തു. എന്നു പൌലൊസ് പറയുന്നത്.  

നമ്മളെ ഒരു പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്, നമ്മളുടെമേല്‍ അധികാരമുള്ള, നമ്മളില്‍ നിന്നും പുറത്തുള്ള ഒരു വ്യക്തി ആയിരിക്കേണം, അതിനാല്‍, ഇവിടെ, ദൈവമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അവന്‍ നമ്മളെ തിരഞ്ഞെടുത്ത് ക്രിസ്തുവില്‍ ആക്കിവെക്കുക ആണ്. 1 കൊരിന്ത്യര്‍ 1: 27, 28 വാക്യങ്ങളില്‍ പൌലൊസ് ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നു:  

 

ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു”.

ഇവിടെ എല്ലാം തിരഞ്ഞെടുപ്പ് നടത്തുന്നത് ദൈവമാണ്. തുടര്‍ന്നു പൌലൊസ് പറയുന്നു:

 

1 കൊരിന്ത്യര്‍ 1: 30 നിങ്ങളോ അവനാൽ (ദൈവത്താല്‍) ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

 

അതായത്, നമ്മള്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പിനാല്‍, ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. ദൈവം എപ്പോള്‍ ക്രിസ്തുവിനെ തിരഞ്ഞെടുത്തുവോ, അപ്പോള്‍ നമ്മളെയും ക്രിസ്തുവില്‍ തിരഞ്ഞെടുത്തു. നമ്മള്‍ രക്ഷിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ അല്ല ദൈവം നമ്മളെ തിരഞ്ഞെടുത്തത്, നമ്മള്‍ ജനിക്കുന്നതിനും മുമ്പാണ്. നമ്മള്‍ ക്രിസ്തുവില്‍ ആയിക്കഴിഞ്ഞല്ല, ആകേണ്ടതിനാണ് ദൈവം നമ്മളെ തിരഞ്ഞെടുത്തത്. നമ്മള്‍ വീണ്ടും ജനനം പ്രാപിച്ചു, വിശ്വാസി ആയതിനു ശേഷമല്ല, വിശ്വാസി ആകേണ്ടതിനാണ് ദൈവം തിരഞ്ഞെടുത്തത്. നമ്മള്‍ വിശുദ്ധര്‍ ആയതുകൊണ്ടല്ല, വിശുദ്ധര്‍ ആകേണ്ടതിനാണ് നമ്മളെ തിരഞ്ഞെടുത്തത്. നമ്മളുടെ വിശ്വസം, പ്രത്യാശ, പ്രവര്‍ത്തികള്‍ ഇതൊന്നും ദൈവീക തിരഞ്ഞെടുപ്പിന് കാരണമല്ല. തിരഞ്ഞെടുപ്പ് ദൈവത്തിന്‍റെ സര്‍വ്വാധികാര പ്രകാരമാണ്. ദൈവത്തിന്റെ കൃപ മാത്രമാണ് അതിനു കാരണം. അതിനാല്‍ ദൈവ കൃപയില്‍ അല്ലാതെ നമുക്ക് പ്രശംസിക്കുവാന്‍ ഒന്നും ഇല്ല. ഇത് തന്നെ ആണ് പൌലൊസ് 26 ആം വാക്യത്തില്‍ പറയുന്നത്: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ”. (1 കൊരിന്ത്യര്‍ 1: 26).

 

2 തെസ്സലൊനീക്യര്‍ 2: 13  ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾനിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

 

“But we are bound to give thanks to God always for you, brethren beloved by the Lord, because God from the beginning chose you for salvation through sanctification by the Spirit and belief in the truth,” (NKJV)

 

ഈ വാക്യം ലളിതമായി പറഞ്ഞാല്‍ ഇങ്ങനെ ആയിരിയ്ക്കും: ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, നിങ്ങൾനിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും കൂടെ നിങ്ങളെ ആദിമുതൽ രക്ഷെക്കായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നു.

 

മറ്റൊരു വാക്യം കൂടി നമുക്ക് വായിയ്ക്കാം.

 

2 തിമൊഥെയൊസ് 1: 9, 10

   അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും

10   സുവിശേഷംകൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിർണ്ണയത്തിന്നും (own purpose) കൃപെക്കും ഒത്തവണ്ണമത്രേ.

 

ഈ വാക്യത്തില്‍ പൌലൊസ് പറയുന്നതിതെല്ലാം ആണ്: ദൈവം നമ്മളെ രക്ഷിക്കുകയും വിശുദ്ധ വിളികൊണ്ടു വിളിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍, നമ്മളെക്കുറിച്ച് ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയോ, ദൌത്യമോ ഉണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പും, വിളിയും, പദ്ധതിയും, സകല കാലത്തിനും മുമ്പേ ക്രിസ്തു യേശുവില്‍ നമുക്ക് നല്കിയിരിക്കുന്നു. ഇപ്പോള്‍ അത്, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നു. ഇതിനൊന്നും നമ്മളുടെ പ്രവര്‍ത്തികള്‍ കാരണമാകുന്നില്ല. എല്ലാം ദൈവത്തിന്റെ സ്വന്ത നിര്‍ണയത്തിനും, അവന്റെ സ്വന്ത ആലോചനയ്ക്കും, ദൈവ ഹിതത്തിനും, നമ്മളോടുള്ള ദൈവ കൃപയ്ക്കും ഒത്തവണമാണ്.  

 

ലോകസ്ഥാപനം മുമ്പേ നമ്മളെ തിരഞ്ഞെടുത്തു എന്നതിനാല്‍, ഈ തിരഞ്ഞെടുപ്പില്‍ നമ്മളുടെ യാതൊരു മേന്‍മയോ, നന്‍മയോ, നല്ല പ്രവര്‍ത്തികളോ കാരണമാകുന്നില്ല. നമ്മളുടെ തിരഞ്ഞെടുപ്പ്, ദൈവത്തിന്റെ സര്‍വ്വാധികാരത്താല്‍, കൃപയാല്‍, മാത്രം സംഭവിച്ചതാണ്. അതാണ് യോഹന്നാന്‍ 15:16 ല്‍ യേശുക്രിസ്തു പറഞ്ഞത്.

 

യോഹന്നാന്‍ 15: 16 നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.

 

യേശു സന്ദര്‍ശിച്ച കടല്‍ കരയില്‍ അനേകം മീന്‍പിടുത്തക്കാര്‍ ഉണ്ടായിരുന്നു. അവന്‍ ചെന്ന ചന്ത സ്ഥലത്തു മറ്റ് ചില നികുതി പിരിവുകാര്‍ കൂടി ഉണ്ടായിരുന്നു. യേശുവിന് ചുറ്റും കൂടിയ ആള്‍കൂട്ടത്തില്‍ അനേകം പേര്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരെ എല്ലാവരെയും യേശു തിരഞ്ഞെടുത്തില്ല. യേശുക്രിസ്തു ശിഷ്യന്മാരെ വിളിച്ചപ്പോള്‍, അവര്‍ ആരും തന്നെ വെറുതെ ഇരിക്കുകയോ, യേശു തങ്ങളെ വിളിക്കും എന്നു പ്രതീക്ഷിച്ച് ഇരിക്കുകയോ, യേശു അവരെ വിളിക്കുവാന്‍ തക്കവണം മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയോ ആയിരുന്നില്ല. അവര്‍ ഇങ്ങനെ ഒരു വിളി പ്രതീക്ഷിക്കുന്നതേ ഉണ്ടായിരുന്നില്ല. അവര്‍ അവരുടെ ദൈനംദിന ജോലിയായ മീന്‍പിടുത്തത്തിലോ, നികുതി പിരിവിലോ, മറ്റെന്തെങ്കിലും ജോലിയിലോ വ്യാപൃതര്‍ ആയിരുന്നു. അവരുടെ ഭാഗത്തുനിന്നും യാതൊരു അനുകൂല പ്രതികരണവും ഇല്ലാതെ ഇരിക്കെ, യേശു അവരെ തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തു. ഇത് അവരുടെ പ്രവര്‍ത്തികളോ, ഇഷ്ടമോ, താല്‍പര്യമോ, യേശുവിലുള്ള വിശ്വാസമോ കാരണമല്ല. ക്രിസ്തു, കൃപയാല്‍ അവരെ തിരഞ്ഞെടുത്ത്, വിളിച്ചു.

 

തിരഞ്ഞെടുപ്പിനെയും ദൈവത്തിന്റെ സര്‍വ്വാധികാരത്തെയും വിശദീകരിക്കുന്ന ഒരു ഉദാഹരണം പൌലൊസ് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.

 

റോമര്‍ 9: 10-13

10   അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു,

11    കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ (election) പ്രകാരമുള്ള ദൈവനിർണ്ണയം (purpose of God) പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:

12   മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.

13   ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 

തിരഞ്ഞെടുപ്പ് എന്നത് നമ്മളുടെ രക്ഷയുടെ ഉറപ്പാണ്. തിരഞ്ഞെടുക്കപ്പെടാത്ത ആരും യേശുക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. രക്ഷിക്കപ്പെടുന്നുമില്ല. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും രക്ഷിക്കപ്പെടും എങ്കിലും തത്വത്തില്‍, രക്ഷയെ നിരസിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരിക്കും.

 

മുന്‍ നിയമനം

 

ദൈവം നമ്മളെ തിരഞ്ഞെടുക്കുക മാത്രമല്ല, രക്ഷയ്ക്കായി മുന്‍ നിയമിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പും, മുന്‍ നിയമനവും ഒന്നായി പോകുന്ന രണ്ടു ദൈവീക പ്രവര്‍ത്തികള്‍ ആണ്. ലോകസ്ഥാപനത്തിനുമുമ്പെ നമ്മളെ തിരഞ്ഞെടുത്ത ദൈവം, ദൈവകൃപയോട് നമ്മള്‍ അനുകൂലമായി പ്രതികരിച്ച്, യേശുക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷ പ്രാപിക്കേണ്ടതിന് നമ്മളെ മുന്‍നിയമിച്ചു. രക്ഷിക്കപ്പെടുന്ന എല്ലാവരും ഇപ്രകാരം മുന്‍നിയമനം ഉള്ളവര്‍ ആണ്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള മുന്‍നിയമനം ആണ്. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്ന ആര്‍ക്കും, മുന്‍നിയമനത്തെ നിഷേധിക്കുവാന്‍ സാധ്യമല്ല. ദൈവത്തിന്റെ മുന്‍നിയമനം നമ്മളുടെ രക്ഷാ പദ്ധതിയുടെ പ്രധാന ഭാഗമാണ്.

 

മുന്‍ നിയമനം എന്ന വാക്ക് പ്രോഓര്‍ഇഡ്സോ  (proorizo - pro-or-id'-zo) എന്ന ഗ്രീക്ക് പദത്തിന്റെ മലയാള പരിഭാഷ ആണ്. ഈ പദത്തിന്റെ അര്‍ത്ഥം, മുന്നമേ നിശ്ചയിക്കുക, നിയോഗിക്കുക, മുന്‍നിയമിക്കുക എന്നിവയാണ്. വളരെ നാളുകള്‍ക്ക് മുമ്പേ ഒരു വ്യക്തിയെ ഒരു പ്രത്യേക ദൌത്യത്തിനായോ, കര്‍മ്മത്തിനായോ നിശ്ചയിക്കുന്നതിനെ നമുക്ക് മുന്‍നിയമനം എന്നു വിളിക്കാം. ദൈവശാസ്ത്രത്രത്തില്‍, മുന്‍നിയമനം എന്നത്, ചില കാര്യങ്ങള്‍ സംഭവിക്കേണം എന്നു ദൈവം മുന്‍ കൂട്ടി തീരുമാനിച്ച് കല്‍പ്പിക്കുന്നതാണ്. അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. ഇപ്രകാരം, ദൈവം മനുഷ്യരില്‍ ചിലരെ കൃപയാല്‍ തിരഞ്ഞെടുക്കുകയും, അവരെ രക്ഷയ്ക്കായി മുന്‍നിയമിക്കുകയും ചെയ്തു എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.

 

1509 മുതല്‍ 1564 വരെ, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ദൈവശാസ്ത്ര പണ്ഡിതന്‍ ആയിരുന്ന ജോണ്‍ കാല്‍വിന്‍ (John Calvin - 10 July 1509 – 27 May 1564) എന്ന ദൈവ ശാസ്ത്രജ്ഞന്‍ രൂപീകരിച്ചതാണ്, മുന്‍നിയമനം എന്ന ഉപദേശം എന്നാണ് സാധാരണയായി പറയപ്പെടുന്നത്. എന്നാല്‍ ഈ ഉപദേശം അദ്ദേഹത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ, ആദ്യകാല പിതാക്കന്മാരുടെ കാലം മുതല്‍ നിലവില്‍ ഇരുന്നതാണ്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒറിഗെന്‍ (Origen) ദൈവഹിതം ഓരോ വ്യക്തിയെയും നിയന്ത്രിക്കുന്നു എന്നു പഠിപ്പിച്ചിരുന്നു. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമായി ജീവിച്ചിരുന്ന ഹിപ്പോയിലെ അഗസ്റ്റീന്‍ (Augustine of Hippo (AD 354–430) നും മുന്‍ നിയമനത്തില്‍ വിശ്വസിച്ചിരുന്നു. ആദ്യകാല പിതാക്കാന്‍മാരില്‍ മറ്റ് പലരും ദൈവത്തിന്റെ മുന്‍നിയമനത്തെ ഉപദേശമായി പഠിപ്പിച്ചിരുന്നു. എന്നാല്‍, ഇവരുടെ വിശദീകരണങ്ങളില്‍ വ്യത്യാസം ഉണ്ടായിരുന്നു.    

 

യഹൂദന്മാരുടെ ഇടയില്‍, എസ്സെനെസ്സ് (Essenes), പരീശന്മാര്‍ എന്നീ വിഭാഗക്കാര്‍, മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ടെന്നും, എല്ലാം ദൈവ നിശ്ചയപ്രകാരം സംഭവിക്കുന്നു എന്നും വിശ്വസിച്ചിരുന്നവര്‍ ആണ്. എന്നാല്‍ പരീശന്മാര്‍, മുന്‍നിയമനത്തോടൊപ്പാം മനുഷ്യരുടെ സ്വതന്ത്ര ഇശ്ചാശക്തിയിലും, നന്മകളെയും തിന്‍മകളെയും തിരഞ്ഞെടുക്കുവാനുള്ള അവന്റെ സ്വാതന്ത്ര്യത്തിലും വിശ്വസിച്ചിരുന്നു. എന്നാല്‍ മനുഷ്യന്‍റെ ഈ സ്വാതന്ത്ര്യം ദൈവത്തിന്റെ സര്‍വ്വാധികാരത്തിന് വെളിയില്‍ ആയിരുന്നില്ല. സദൂക്യര്‍ എന്ന വിഭാഗം മുന്‍ നിയമനത്തിലോ, മനുഷ്യരുടെ ദൈനംദിന ജീവിതത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലുകളിലോ വിശ്വസിച്ചിരുന്നില്ല. എസ്സെനെസ്സ് വിഭാഗം, മശിഹായുടെ വരവ് ദൈവത്തിന്‍റെ കാല സമ്പൂര്‍ണ്ണതയില്‍ സംഭവിക്കുമെന്ന് വിശ്വസിച്ചു. അതിനായി മനുഷ്യര്‍ യാതൊന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ല. എന്നാല്‍ പരീശന്മാര്‍, മനുഷ്യര്‍ ദൈവത്തോടൊപ്പം ചേര്‍ന്ന് ജീവിച്ച്, കാല സമ്പൂര്‍ണ്ണതയില്‍ എത്തേണം എന്നു വിശ്വസിച്ചു. അതായത്, ദൈവത്തിന്‍റെ മുന്‍ നിയമനത്തോടൊപ്പം, മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയാലുള്ള തിരഞ്ഞെടുപ്പിലും പരീശന്മാര്‍ വിശ്വസിച്ചു. ന്യായപ്രമാണ പ്രകാരമുള്ള ജീവിതം പരീശന്മാരുടെ പ്രധാന കാഴ്ചപ്പാട് ആയിരുന്നു. ന്യായപ്രമാണത്തിലേക്കുള്ള യിസ്രായേല്‍ ജനത്തിന്റെ മടങ്ങിവരവ്, മശിഹാ വരുവാന്‍ ആവശ്യമാണ് എന്നും അവര്‍ പഠിപ്പിച്ചു. ദൈവത്തിന്റെ മുന്നിയമനം, മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാ ശക്തി എന്നിവയില്‍ പരീശന്‍മാര്‍ക്ക് ഉണ്ടായിരുന്ന വിശ്വാസമാണ്, പിന്നീട് ക്രിസ്തീയ വിശ്വാസത്തിലേക്കും തുടര്‍ന്നു വന്നത്.

 

മുന്‍നിയമനം ദൈവ വചനത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഇതിന് ആധാരമായ ചില വാക്യങ്ങള്‍ വായിയ്ക്കാം. ഈ വാക്യങ്ങളില്‍ എന്തിനാണ് നമ്മളെ മുന്‍നിയമിക്കുന്നത് എന്നു കൂടി പൌലൊസ് പറയുന്നുണ്ട്.     

 

എഫെസ്യര്‍ 1: 4 -6

   നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (chosen us)

   തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

   അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. (predestined)

 

ഇവിടെ, നമ്മള്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്, ലോകസ്ഥാപനത്തിന് മുമ്പേ നമ്മളെ യേശു ക്രിസ്തുവില്‍ തിരഞ്ഞെടുത്തു എന്നും നമ്മളെ ക്രിസ്തു യേശു മുഖാന്തിരം ദത്തെടുക്കേണ്ടതിന് മുന്നിയമിക്കുകയും ചെയ്തു എന്നു പറയുന്നു. ദത്തെടുത്തു എന്നത് അവകാശികള്‍ ആക്കി എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.  

 

റോമര്‍ 8: 29, 30

29  അവൻ മുന്നറിഞ്ഞവരെ (foreknew) തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. (predestined)

30  മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

ഇവിടെ പറയുന്നു: നമ്മള്‍ യേശുക്രിസ്തുവിനോട് അനുരൂപകര്‍ ആകുവാനായി നമ്മളെ മുന്നിയമിച്ചിരിക്കുന്നു.

 

എഫെസ്യര്‍ 1: 11, 12

11    അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ (counsel of His will) സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം (purpose of Him) മുന്നിയമിക്കപ്പെട്ടതു (predestined) മുമ്പിൽകൂട്ടി

12   ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.

ഈ വാക്യം, ലളിതമായി നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. മുന്‍കൂട്ടി ക്രിസ്തുവില്‍ ആശവെച്ചവരും, സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്‍നിയമിക്കപ്പെട്ടവരുമായ നമ്മളെ, അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായി ക്രിസ്തുവില്‍ തിരഞ്ഞെടുത്തു.

 

പുതിയനിയമത്തില്‍ നിന്നും ഒരു ഉദാഹരണം കൂടി പറയാം. പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയില്‍, പൌലൊസും ബര്‍ന്നബാസും, പിസിദ്യായിലെ അന്ത്യൊക്ക്യയില്‍ സുവിശേഷം അറിയിച്ചു. അനേകം യഹൂദന്മാരും ജാതികളില്‍ നിന്നുള്ളവരും സുവിശേഷത്തില്‍ വിശ്വസിച്ചു. എങ്കിലും, യഹൂദന്മാര്‍ ഭയപ്പെട്ട്, സുവിശേഷത്തെ തള്ളിപ്പറഞ്ഞു സംസാരിക്കുവാന്‍ തുടങ്ങി. ഇതിന്‍ നിരാശരായ അപ്പോസ്തലന്മാര്‍, “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.” (അപ്പോസ്തല പ്രവൃത്തികള്‍ 13:46) എന്നു പറഞ്ഞു. 48 ആം വാക്യം പറയുന്നു: ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” ഇവിടെ നമ്മള്‍ തങ്ങളെത്തന്നേ നിത്യജീവന്നു അയോഗ്യര്‍ ആക്കിയവരെയും നിത്യജീവന്നായി നിയമിക്കപ്പെട്ടവരെയും കാണുന്നു. 

 

മുന്‍നിയമനം എന്ന ഉപദേശത്തെ എതിര്‍ക്കുന്നവരും ഉണ്ട്. എല്ലാ മനുഷരും ഒരു പോലെ പാപികള്‍ ആയിരിക്കെ, ദൈവം ചിലരെ മാത്രം രക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നത് അനീതിയല്ലേ എന്നാണ് അവരുടെ വിമര്‍ശനം, എന്നാല്‍, എല്ലാ മനുഷ്യരും പാപികള്‍ ആയി, നിത്യ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കെ, ദൈവം ചിലരെ കൃപയാല്‍ രക്ഷിച്ചിരിക്കുന്നു എന്നതാണ് ശരിയായി ചിന്തിക്കേണ്ടുന്നത്. ഇങ്ങനെ ചിന്തിച്ചാല്‍, നമ്മള്‍ ദൈവത്തിന് നന്ദിയുള്ളവര്‍ ആയിരിയ്ക്കും.

 

ദൈവം ചിലരെ നരകത്തിനായി മുന്‍ നിയമിക്കുന്നുണ്ടോ?

 

ദൈവം നമ്മളെ രക്ഷയ്ക്കായി മുന്‍ നിയമിച്ചു എന്നു പറയുമ്പോള്‍, ചിലരെ ശിക്ഷയ്ക്കായി മുന്‍ നിയമിച്ചു എന്നു വരുന്നില്ലേ? അങ്ങനെ എങ്കില്‍, ദൈവം ആരെയെങ്കിലും നരകത്തിനായി മുന്‍നിയമിക്കുന്നുണ്ടോ? ഉത്തരം, ദൈവം ആരെയും നരകത്തിനായി മുന്‍നിയമിക്കുന്നില്ല, എന്നാണ്. 

 

ഇത് മനസ്സിലാക്കുവാന്‍ നമുക്ക് ഒരു പഴയനിയമ ചരിത്ര സംഭവം പരിശോധിക്കാം. പഴയനിയമത്തില്‍ ദൈവീക തിരഞ്ഞെടുപ്പ് ലഭിക്കാതെ പോയ മനുഷ്യരുടെ ചരിത്രം പറയുന്നുണ്ട്. ഒരു ഉദാഹരണം നോക്കാം. യിസ്രായേല്‍ മിസ്രയീമില്‍ ആയിരുന്നപ്പോള്‍, വര്‍ഷത്തിന്റെ ആരംഭമായി ദൈവം കല്‍പ്പിച്ച ആബീബ് മാസം പതിനാലാം തീയതി സന്ധ്യാ സമയത്ത് അവര്‍ പെസഹ ആചരിക്കേണം എന്ന് ദൈവം അവരോടു കല്‍പ്പിച്ചു. അന്ന് രാത്രി, ദൈവം “മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും (പുറപ്പാടു 12:12). ഈ സംഹാരം മിസ്രയീമ്യരുടെ വീടുകളിലും യിസ്രയീല്യരുടെ വീടുകളിലും ഒരുപോലെ സംഭവിക്കും. ഇത് മിസ്രയീം ദേശത്തുണ്ടാകുന്ന സംഹാരം ആണ്. ഇവിടെ യിസ്രയീല്‍യരെ പ്രത്യേകം സംരക്ഷിക്കാം എന്നോ വേര്‍തിരിക്കാം എന്നോ ദൈവം പറയുന്നില്ല. അവര്‍ രക്ഷ ആഗ്രഹിക്കുന്നു എങ്കില്‍, ഒരു പെസഹ കുഞ്ഞാടിനെ അറുത്ത്, അതിന്റെ രക്തം “വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. (12:7). ദൈവം സംഹാരകനായി മിസ്രയീം ദേശത്തുകൂടെ കടന്ന് പോകുമ്പോള്‍, അവന്‍ “രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല. (ഉല്‍പ്പത്തി 12: 13).

ഇത് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇങ്ങനെ ആണ്. കടിഞ്ഞൂല്‍ സംഹാരം, മിസ്രയീം ദേശത്തു താമസിക്കുന്ന സകല നിവാസികളുടെ മേലും ദൈവം കല്പിച്ചിരിക്കുന്നു. എന്നാല്‍ പെസഹ കുഞ്ഞാടിന്റെ രക്തത്തിന്റെ അടയാളമുള്ള വീടുകളെ അവന്‍ ഒഴിഞ്ഞുപോകും. ഇതിനെ ദൈവീക തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, പാപത്തിന്റെ ഫലമായ നിത്യ ശിക്ഷാവിധി എല്ലാ മനുഷ്യരുടെമേലും ദൈവം കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍, ഒരു ശേഷിപ്പിനെ ഒഴിഞ്ഞ് കടന്നു പോകുവാന്‍ ദൈവം കൃപയാല്‍ തീരുമാനിച്ചിരിക്കുന്നു. മറ്റുള്ളവരുടെമേല്‍ അവരുടെ പാപത്തിന് തക്കവണ്ണമുള്ള ദൈവീക ന്യായവിധി ഉണ്ടാകുന്നു. പഴനിയമകാലത്ത് ഇപ്രകാരം ദൈവം യിസ്രായേലിനെ തിരഞ്ഞെടുത്തു എങ്കില്‍, പുതിയ നിയമകാലത്തും അതേ ദൈവം, അതേ രീതിയില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തും.

പുതിയനിയമത്തിലെ ഒരു വേദഭാഗം കൂടി പഠിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

 

റോമര്‍ 9: 23, 24

23  യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ

24  തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?

ഈ ഗ്രീക് ഭാഷയിലെ വ്യാകരണം അനുസരിച്ച് ഈ വാക്യം വായിച്ചാലെ നമുക്ക് ഇതിന്റെ അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയൂ. നമ്മളുടെ ഭാഷയിലും ഇംഗ്ലീഷിലും ഉള്ളതുപോലെ തന്നെ, ഗ്രീക്കിലും, കര്‍ത്തരിപ്രയോഗം (Active voice) ഉം, കര്‍മ്മണിപ്രയോഗം (Passive voice) ഉം ഉണ്ട്. കര്‍ത്തരി പ്രയോഗം ഉള്ള വാചകങ്ങളില്‍, കര്‍മ്മം ചെയ്യുന്ന വ്യക്തിക്കായിരിക്കും പ്രാധാന്യം. അതിനാല്‍ ഇതിനെ, സകര്‍മ്മകപ്രയോഗം എന്നും വിളിക്കുന്നു. കര്‍മ്മണി പ്രയോഗം ഉള്ള വാചകത്തില്‍ കര്‍മ്മത്തിന് ആണ് പ്രാധാന്യം, അത് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് അല്ല. മുകളില്‍ പറഞ്ഞ വാക്യങ്ങളിലെ 24 ആം വാക്യത്തില്‍ “നാശയോഗ്യമായ കോപപാത്രങ്ങളെ” എന്നത് ഒരു കര്‍മ്മണി പ്രയോഗം ആണ്. അതായത്, പാത്രങ്ങള്‍ നാശയോഗ്യമായത് ആരെങ്കിലും അതിനെ നാശയോഗ്യമാക്കിയത് കൊണ്ടാണ് എന്നു പറയുന്നില്ല. അത് നാശയോഗ്യമായി തീര്‍ന്നു എന്നു മാത്രം പറയുന്നു.  എന്നാല്‍, 23 ആം വാക്യത്തില്‍, മുന്നൊരുക്കിയ കരുണാപാത്രങ്ങളായ” എന്നത് ഒരു കര്‍ത്തരി പ്രയോഗമാണ്. ഇവിടെ കര്‍മ്മം ചെയ്ത ആളിന് പ്രാധാന്യമുണ്ട്. അയാള്‍ ചെയ്ത പ്രവര്‍ത്തി ആണ്, പാത്രങ്ങളെ കരുണാപാത്രങ്ങള്‍ ആയി മുന്നൊരുക്കി എന്നത്. പൌലൊസിന്റെ വാദം ഇതാണ്, ചിലരെ ദൈവതേജസ്സിനായി ദൈവം മുന്‍ നിയമിക്കുകയും, മുന്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ നാശത്തിലേക്ക് പോകുന്നതില്‍ ദൈവത്തിന് സജീവമായ പങ്ക് ഇല്ല, അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രം ആണ്. ദൈവം ചിലരെ നിത്യജീവനിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ, ദൈവം ആരെയും നാശത്തിനായി മുന്‍നിയമിക്കുന്നില്ല.

 

മുന്നറിവ്

 

തിരഞ്ഞെടുപ്പിനോടും മുന്‍നിയമനത്തോടും കൂടെ ചേര്‍ത്തു പഠിക്കേണ്ട രണ്ട് പദങ്ങള്‍ കൂടി ഉണ്ട്. അത് മുന്നറിവ്, സ്വതന്ത്ര ഇശ്ചാശക്തി എന്നിവയാണ്. ഇവകൂടെ മനസ്സിലാക്കിയാല്‍ മാത്രമേ ദൈവീക തിരഞ്ഞെടുപ്പും മുന്‍നിയമനവും വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയൂ.

 

ആദ്യം നമുക്ക് ദൈവത്തിന്റെ മുന്നറിവിനെക്കുറിച്ച് ചിന്തിക്കാം. ദൈവം മനുഷ്യരില്‍ ചിലരെ രക്ഷയ്ക്കായി തിരഞ്ഞെടുത്ത് മുന്‍നിയമിച്ചത്, ദൈവത്തിന്റെ മുന്നറിവ് പ്രകാരമാണ് എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. ഇതിനെ നമ്മള്‍ എങ്ങനെ മനസ്സിലാക്കും? ദൈവം ഒരു വ്യക്തിയുടെ ജീവിതത്തിലേക്കും അവന്റെ ഭാവിയിലേക്കും നോക്കുകയും, അവന്‍ ഭാവിയില്‍ രക്ഷയെ സ്വീകരിക്കും എന്നു മനസ്സിലാക്കുകയും ചെയ്തതിന് ശേഷം, അതിന്റെ അടിസ്ഥാനത്തില്‍, അവനെ തിരഞ്ഞെടുക്കുകയാണോ ചെയ്യുന്നത്? അങ്ങനെ ആയിരിക്കില്ല ദൈവത്തിന്റെ മുന്‍നിയമനം സംഭവിക്കുന്നത്. കാരണം, അത് ദൈവത്തിന്‍റെ സര്‍വ്വാധികാരത്തെ നിഷ്പ്രഭമാക്കുന്നു. ദൈവം ഒരുവനെ അവന്റെ സര്‍വ്വാധികാരത്താല്‍ തിരഞ്ഞെടുക്കുന്നു എങ്കില്‍ മാത്രമേ ദൈവത്തിന്റെ സര്‍വ്വാധികാരത്തിന് പ്രസക്തിയുള്ളൂ. ദൈവം സര്‍വ്വാധികാരി എന്നും, തിരഞ്ഞെടുപ്പും, മുന്‍ നിയമനവും ദൈവത്തിന്റെ സര്‍വ്വാധികാരത്താല്‍, അവന്റെ ഇഷ്ടത്താല്‍ മാത്രം സംഭവിക്കുന്നു എന്നും നമ്മള്‍ പഠിച്ചു കഴിഞ്ഞു. അങ്ങനെ ആണ് എങ്കില്‍, എന്താണ് മുന്നറിവ്? നമ്മളുടെ രക്ഷയില്‍ അതിന്റെ പങ്ക് എന്താണ്? 

 

ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, മുന്നറിവ്, മുന്‍ നിയമനം എന്നിവ മനസ്സിലാക്കുവാന്‍ ഏറ്റവും നല്ല ഉദാഹരണം, ദാവീദ്, ഗൊല്യാത്തിനെ കൊല്ലുവാനായി തിരഞ്ഞെടുക്കുന്ന കല്ലുകള്‍ ആണ്. ഈ ഉദാഹരണത്തിന് പരിമിതികള്‍ ഉണ്ട് എങ്കിലും, ചില ആത്മീയ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ഉപകരിക്കും. അഞ്ച് കല്ലുകളെ ദാവീദ് ഒരു തൊട്ടില്‍ നിന്നും ശേഖരിച്ചു. (1 ശമുവേല്‍ 17: 40). ആ തൊട്ടില്‍ അനേകം മിനുസമുള്ള കല്ലുകള്‍ കാണുവാന്‍ സാധ്യതയുണ്ട്. അതായത് ദാവീദ് തിരഞ്ഞെടുത്ത കല്ലുകള്‍ക്ക് മറ്റുള്ളവയില്‍ നിന്നും യാതൊരു പ്രത്യേകതയും ഇല്ലായിരുന്നു. എന്നാല്‍ ഒരുപോലെ കാണപ്പെട്ടിരുന്ന അനേകം കല്ലുകളില്‍  അഞ്ചു എണ്ണം മാത്രം ദാവീദ് തിരഞ്ഞെടുത്തു. അവന്‍ അതിനെ ഒരു പ്രത്യേക ദൌത്യത്തിനായി മുന്‍നിയമിച്ചു. കല്ലിന്റെ മേന്‍മയല്ല, ദാവീദിന്റെ തിരഞ്ഞെടുപ്പാണ് കല്ലുകളുടെ ചരിത്രം മാറ്റിയത്. ദാവീദ് അവരെ യോജിച്ച കല്ലുകളായി കണ്ടെത്തിനാല്‍ അവരെ തിരഞ്ഞെടുത്തു എന്നേയുള്ളൂ. ദാവീദ് അവരെ എറിഞ്ഞതിനാല്‍ ആണ് അവര്‍ക്ക് ആ ദൌത്യം ചെയ്യുവാന്‍ കഴിഞ്ഞത്. എന്നാല്‍ അവയുടെ തിരഞ്ഞെടുപ്പില്‍, അത് ദാവീദ് ആഗ്രഹിക്കുന്ന കൃത്യം നിര്‍വ്വഹിക്കും എന്ന മുന്നറിവ് കൂടെ ഉണ്ടായിരുന്നു. ഈ മുന്നറിവു കല്ലിന്റെ ഭാവിയെക്കുറിച്ചുള്ള അറിവല്ല. കല്ലിന്റെ ഭാവി തന്നെ നിശ്ചയിക്കുന്നത് ദാവീദാണ്. ദാവീദ് കല്ലുകള്‍ തിരഞ്ഞെടുത്തത് അവന്റെ സര്‍വ്വാധികാരത്താല്‍ ആണ് എങ്കിലും, അതില്‍ ആ കല്ലുകള്‍ അവന്റെ പദ്ധതിയ്ക്ക് യോഗ്യമാണ് എന്ന മുന്നറിവും ഉണ്ടായിരുന്നു. തൊട്ടില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ ദാവീദ് തന്റെ സഞ്ചിയില്‍ സൂക്ഷിച്ചു. അപ്പോള്‍ മുതല്‍ ദാവീദിന് കല്ലുകളുമായി ഒരു ബന്ധം ഉണ്ടായി എന്നും ചിന്തിക്കാവുന്നതെ ഉള്ളൂ. ഈ ബന്ധവും മുന്നറിവാണ്. തിരഞ്ഞെടുപ്പും, മുന്നറിവും ചേര്‍ന്ന തീരുമാനമാണ്, മുന്‍നിയമനം. ഇതൊരു ആത്മീയ മര്‍മ്മം ആണ്.

 

എന്നാല്‍ ദൈവത്തിന്റെ മുന്നറിവ്, ഇതില്‍ നിന്നും കൂടുതല്‍ ആഴമുള്ളതാണ്. നമുക്ക് അത് കൂടുതലായി മനസ്സിലാക്കുവാന്‍ ശ്രമിക്കാം. അതിനായി ഒരു വേദഭാഗം വായിയ്ക്കാം.

 

റോമര്‍ 8: 29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

 

വേദപുസ്തകത്തില്‍, “അറിഞ്ഞു“ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, സാധാരണ നമ്മള്‍ മനസ്സിലാക്കുന്നതിനെക്കാള്‍ കൂടുതല്‍ ആഴമുള്ള അര്‍ത്ഥത്തില്‍ ആണ്. അത് ഒരു അഗാധമായ, ദൃഢബദ്ധമായ ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. റോമര്‍ 8:29 ലെ “മുന്നറിഞ്ഞവരെ“ എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക് വാക്ക്, പ്രൊജിനോസ്കോ (proginosko,  prog-in-oce'-ko) എന്ന പദമാണ്. ഇതിന്റെ അര്‍ത്ഥം, മുന്നമേ അറിയുക, മുന്നമേ നിശ്ചയിക്കുക, എന്നിങ്ങനെ ആണ്.  ഇതിലെ പ്രോ (pro) എന്ന വാക്ക് ഗ്രീക്ക് ആണ്. ഇതിന്റെ അര്‍ത്ഥം, മുന്‍ കൂട്ടി, മുന്നമേ, മുമ്പില്‍, മുകളില്‍, കാലങ്ങള്‍ക്ക് മുമ്പേ, നിത്യമായി എന്നിവയാണ്. ഇതിലെ ഗിനൊസ്കോ  (ginosko) എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം, സമ്പൂര്‍ണ്ണമായി അറിയുക, ജാഗ്രത ഉണ്ടായിരിക്കുക, അനുവദിക്കുക, അറിയുന്നതിനാല്‍ അനുധാവനം ചെയ്യുക, അനുഭവമാകുക, അറിവ്, മനസ്സിലാക്കുക, തീര്‍ച്ചപ്പെടുത്തുക, ഗ്രഹിക്കുക എന്നിവയാണ്. വേദപുസ്തകത്തില്‍ പലയിടത്തും, ഗിനൊസ്കോ  (ginosko)  അല്ലെങ്കില്‍ “അറിയുക “ എന്ന വാക്ക് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗാഡമായ ബന്ധത്തിലൂടെ പരസ്പരം അറിയുന്നതിനെക്കുറിച്ച് പറയുവാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഗാഡമായ ബന്ധത്തെ കാണിക്കുവാന്‍ ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത്, ദൈവവും അവന്‍ ലോകാരാംഭത്തിനും മുമ്പേ തിരഞ്ഞെടുക്കുന്ന മനുഷ്യരും തമ്മില്‍ ഗാഢമായ ഒരു ബന്ധം ഉണ്ടായിരിക്കും. ഇതില്‍ അവരെക്കുറിച്ചുള്ള അറിവും ഉണ്ട്. ദൈവം അവരെ ലോകാരംഭത്തിനും മുമ്പേ അറിയുകയും സ്നേഹിക്കുകയും ചെയ്തു. അതിനാല്‍ രക്ഷയ്ക്കായി അവരെ മുന്‍ നിയമിച്ചു. ദൈവത്തിന് അറിയാത്തവരെ അവന് തിരഞ്ഞെടുക്കുക സാധ്യമല്ല.

 

തിരഞ്ഞെടുപ്പ്, മുന്നറിവു, മുന്‍നിയമനം എന്നിവയെ നമുക്ക് ഇങ്ങനെ സംഗ്രഹിച്ചു മനസ്സിലാക്കാം എന്നു തോന്നുന്നു. ദൈവം രക്ഷയ്ക്കായി ഒരു മനുഷ്യനെ ലോകാരംഭത്തിനും മുമ്പേ തിരഞ്ഞെടുക്കുന്നു. അന്നുമുതല്‍ അവനുമായി ഒരു ഗാഢമായ ബന്ധം നിലവില്‍ വരുന്നു. ഈ ഗാഡബന്ധം ആണ് മുന്നറിവ്. ഇതെന്റെ അടിസ്ഥാനത്തില്‍ അവനെ രക്ഷയ്ക്കായി മുന്‍നിയമിക്കുന്നു. 

 

എന്താണ് സ്വതന്ത്ര ഇശ്ചാശക്തി (Free Will)

 

തിരഞ്ഞെടുപ്പ്, മുന്നിയമനം എന്നിവയുമായി ബന്ധപ്പെട്ട് ഉയരുന്ന ചില ഗൌരവമായ ചോദ്യങ്ങള്‍ ഉണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പും, മുന്‍ നിയമനവും, അവന്റെ സര്‍വ്വാധികാരത്താല്‍ ചെയ്യുന്നത് ആണെങ്കില്‍, മനുഷ്യര്‍ക്ക് അതില്‍ നിന്നും ഒഴിയുവാന്‍ സാധ്യമല്ലല്ലോ. അപ്പോള്‍, മനുഷ്യര്‍ ദൈവത്തിന്റെ കൈയ്യിലെ പാവകളെപ്പോലെ ആകുകയില്ലേ? മനുഷ്യനു തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ സ്വതന്ത്ര ഇശ്ചാ ശക്തി ഉണ്ടോ? ഉണ്ട് എങ്കില്‍, രക്ഷയില്‍ എവിടെയാണ് മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയുടെ സ്ഥാനം?

 

ഇത് വിശദീകരിക്കുന്നതിന് മുമ്പായി ഒരു കാര്യം വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പും, മുന്‍ നിയമനവും, രക്ഷയും ഒരു ആത്മീയ മര്‍മ്മം ആണ്. നമുക്ക് പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഇതുവരെയും കഴിയാതിരിക്കുന്ന ഒരു ആത്മീയ വിഷയമാണ് മര്‍മ്മം. ആത്മീയ മര്‍മ്മങ്ങള്‍ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയാത്തതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് ഇവയാണ്:

 

ഒന്നാമതായി, ദൈവം ചില മര്‍മ്മങ്ങള്‍ മനുഷ്യന് വെളിപ്പെടാതെ അടച്ചുവെച്ചിരിക്കുന്നു. രണ്ടാമതായി, ചില മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുവാന്‍ കാലമായിട്ടില്ല. മൂന്നാമതായി, അവ മനുഷ്യനു മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. ഇത് ഒരു വാക്യം വായിച്ചുകൊണ്ടു ഹൃസ്വമായി വിശദീകരിക്കാം.

 

ദാനിയേല്‍ 12: 4, 9, 10

4    നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

   ... ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടച്ചും മുദ്രയിട്ടും ഇരിക്കുന്നു.

10   പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

ഈ വാക്യങ്ങളില്‍ ദൈവം അരുളിചെയ്യുന്നത് ഇതാണ്: പ്രവചന മര്‍മ്മങ്ങള്‍ അന്ത്യകാലം വരെ അടച്ചു മുദ്രയിട്ടു വെക്കും. എന്നാല്‍ അന്ത്യകാലത്ത് പലരും അതിനെ ശോധന കഴിക്കും. ബുദ്ധിമാന്മാര്‍ മര്‍മ്മങ്ങള്‍ ഗ്രഹിക്കും. ഇതില്‍ ചില മര്‍മ്മങ്ങള്‍ ചില കാലത്തേക്ക് അടച്ചു വെക്കുന്നു എന്നും അത് കാലം തികയുമ്പോള്‍ ചിലര്‍ ഗ്രഹിക്കും എന്നും പറയുന്നു. എങ്കിലും എല്ലാ ആത്മീയ മര്‍മ്മങ്ങളും നമ്മളുടെ ബുദ്ധികൊണ്ടു മനസ്സികാക്കുവാന്‍ കഴിഞ്ഞു എന്നു വരുകയില്ല. ആത്മീയ മര്‍മ്മങ്ങളെ ആത്മാവില്‍ ഗ്രഹിക്കുവാന്‍ മാത്രമേ കഴിയുക ഉള്ളൂ. അത് മറ്റൊരാള്‍ക്ക് വാക്കുകളിലൂടെ പറഞ്ഞുകൊടുക്കുവാനും കഴിഞ്ഞില്ല എന്നും വരാം.

എങ്കിലും സ്വതന്ത്ര ഇശ്ചാ ശക്തി എന്താണ് എന്നും അത് എങ്ങനെ ആണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പും മുന്നിയമനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്നും പരിമിതമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ നമ്മള്‍ ശ്രമിക്കുക ആണ്.  

 

മനുഷ്യര്‍ക്ക്, സ്വതന്ത്ര ഇശ്ചാശക്തി (free will) ദൈവം നല്കിയിട്ടുണ്ട് എന്നു വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ഇശ്ചാ ശക്തി മനുഷ്യന്റെ തിരഞ്ഞെടുപ്പുകളില്‍ ഉള്ള അവന്റെ പങ്ക് ആണ്. രക്ഷയെക്കുറിച്ചുള്ള പ്രസിദ്ധ വാക്യമായ യോഹന്നാന്‍ 3: 16 ലും റോമര്‍ 10: 9, 10 വാക്യങ്ങളിലും രക്ഷയിയിലുള്ള മനുഷ്യരുടെ പങ്ക് വ്യക്തമാകുന്നുണ്ട്.

 

യോഹന്നാന്‍ 3: 16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

 

യോഹന്നാന്‍, ദൈവത്തിന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന എവനിലേക്കും രക്ഷയെ ചുരുക്കുന്നു. വിശ്വസിക്കാത്തവര്‍ നശിച്ചുപോകും എന്നും അദ്ദേഹം പറയുന്നു. ഈ വാക്യത്തിന് ശേഷം, 18 ആം വാക്യത്തില്‍ യോഹന്നാന്‍ പറയുന്നതിങ്ങനെ ആണ്: “ അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. “

 

റോമര്‍ 10: 9, 10

   യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

10   ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

 

ഇവിടെ, വിശ്വസിക്കുക, വായ്കൊണ്ടു ഏറ്റുപറയുക എന്നിവയെല്ലാം മനുഷ്യന്റെ പങ്ക് ആണ്. വിശ്വസിക്കാതിരിക്കുവാനും മനുഷ്യനു സ്വാതന്ത്ര്യം ഉണ്ട്.

 

സ്വതന്ത്ര ഇശ്ചാ ശക്തിയുടെ അടിസ്ഥാന തത്വം ഇതാണ്: മനുഷ്യന്‍ ഒരു സ്വതന്ത്ര ധാര്‍മ്മിക കാരണഭൂതന്‍ ആണ് (free moral agent). ദൈവത്തിന്റെ സര്‍വ്വാധികാരത്തിന് കീഴില്‍ ജീവിക്കുന്ന സ്വതന്ത്ര ഇശ്ചാശക്തിയുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യന് അവന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ ദൈവം സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തെ ആണ് സ്വതന്ത്ര ഇശ്ചാശക്തി എന്നു വിളിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും ആണ് സൃഷ്ടിച്ചത്. (ഉല്‍പ്പത്തി 1: 26). അങ്ങനെ തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്ര ഇശ്ചാശക്തിയും ദൈവത്തില്‍ നിന്നുതന്നെ മനുഷ്യന് ലഭിച്ചു. 

 

സ്വതന്ത്ര ഇശ്ചാ ശക്തിയെക്കുറിച്ച് സാധാരണമായി രണ്ടു ചിന്തകള്‍ ആണ് ഉള്ളത്. ഒന്ന്, സമ്പൂര്‍ണ്ണ സ്വാതന്ത്യം ആണ് (Libertarian freedom). നമ്മുക്ക് ഒരു കാര്യം തിരഞ്ഞെടുക്കുമ്പോള്‍, അത് തിരഞ്ഞെടുക്കാതെ ഇരിക്കുവാനും സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ നമ്മള്‍ സമ്പൂര്‍ണ്ണ സ്വതന്ത്രര്‍ ആണ്. നമ്മളുടെ തിരഞ്ഞെടുപ്പുകളും, മുന്‍ഗണനകളും നമ്മളുടെത്തെ തന്നെ ആണ് എങ്കില്‍ നമുക്ക് സമ്പൂര്‍ണ്ണമായ സ്വതന്ത്ര ഇശ്ചാ ശക്തി ഉണ്ട്. നമ്മളുടെ തിരഞ്ഞെടുപ്പുകള്‍ നല്ലതാണ് എങ്കിലും മോശമാണ് എങ്കിലും, അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെ ആയിരിയ്ക്കും. ഇത് അനുസരിച്ചു, ദൈവത്തില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഒരേ സമയം നമുക്ക് ഉണ്ട്. നമ്മള്‍ എടുക്കുന്ന തിരഞ്ഞെടുപ്പിന് വിരുദ്ധമായ മറ്റൊരു തിരഞ്ഞെടുപ്പ് നടത്തുവാന്‍ നമുക്ക് സ്വാതന്ത്ര്യം ഇല്ല എങ്കില്‍, തിരഞ്ഞെടുപ്പിനുള്ള ഉത്തരവാദിത്തം നമ്മളുടേത് ആകുകയില്ല.

 

സ്വതന്ത്ര ഇശ്ചാ ശക്തിയെക്കുറിച്ചുള്ള രണ്ടാമത്തെ ചിന്ത ഒന്നാമത്തേതിന് എതിരായത് ആണ്. അത് സ്വതന്ത്ര ഇശ്ചാ ശക്തിയെ തന്നെ തള്ളിപ്പറയുന്നു. നമ്മളുടെ തിരഞ്ഞെടുപ്പുകളും മുന്‍ ഗണനകളും നമ്മളുടേത് അല്ല. മറ്റൊരു വ്യക്തിയോ, ശക്തിയോ, നമ്മളെ പാവകളെപ്പോലെ നിയന്ത്രിക്കുന്നു. അതായത്, മനുഷ്യര്‍ക്ക് സ്വതന്ത്ര ഇശ്ചാ ശക്തി ഇല്ല. അതിനാല്‍ മനുഷ്യരുടെ തിരഞ്ഞെടുപ്പുകളുടെ പരിണത ഫലത്തില്‍ അവന് നേരിട്ട് ഉത്തരവാദിത്തമില്ല. ഈ ചിന്തയില്‍ ഗൌരമായ ഒരു അപാകത ഉണ്ട്. മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ പിന്നിലെ പ്രചോദനത്തെ ഇവിടെ ഗൌരമായി കാണുന്നില്ല. എല്ലാ ഫലങ്ങള്‍ക്കും ഒരു കാരണം ഉണ്ടായിരിക്കും എന്ന തത്വവും ഇവിടെ നിഷേധിക്കപ്പെടുന്നു.   

 

ഈ രണ്ടു ചിന്തകളെയും പൂര്‍ണ്ണമായി വേദപുസ്തകം പിന്താങ്ങുന്നില്ല. പാപത്തില്‍ വീണുപോയ മനുഷ്യരിലും, വീണ്ടും ജനനം പ്രാപിച്ച മനുഷ്യരിലും, സ്വതന്ത്ര ഇശ്ചാ ശക്തി പ്രവര്‍ത്തിക്കുന്നു എന്നു ദൈവ വചനം പറയുന്നു. എന്നാല്‍ ഇരു കൂട്ടരിലും ഉള്ള ഇശ്ചാശക്തിയുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും വ്യത്യാസം ഉണ്ട്. ഓരോരുത്തരും, അവരുടെ പ്രകൃതി അനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു. അതിനാല്‍ തന്നെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ട്.

 

മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയെ കുറിച്ച് വേദപണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്തങ്ങള്‍ ആയ കാഴ്ചപ്പാടുകള്‍ ഉണ്ട്. അതില്‍ രണ്ട് കാഴ്ചപ്പാടുകളെ കുറിച്ച് നമുക്ക് ചുരുക്കമായി മനസ്സിലാക്കാം.

 

യാദൃശ്ചികമായ തിരഞ്ഞെടുപ്പ് (Spontaneous Choice)

ഒന്നാമത്തെ കാഴ്ചപ്പാട് യാദൃശ്ചികമായ തിരഞ്ഞെടുപ്പ് എന്നതാണ്. ഇതിനെ നമുക്ക് മാനവികതയുടെ കാഴപ്പാട് എന്നും വിളിക്കാം. മനുഷ്യരുടെ വ്യക്തി  സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആധുനികലോകത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിദ്ധാന്തം ആണിത്. ഈ കാഴപ്പാട് അനുസരിച്ചു, മനുഷ്യന്‍ യാതൊരു മുന്‍ തീരുമാനമോ, ചിന്തയോ ഇല്ലാതെ, യാദൃശ്ചികമായി, ഓരോ പ്രത്യേക സന്ദര്‍ഭത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പാണ് സ്വതന്ത്ര ഇശ്ചാശക്തി. ഇതില്‍ ബുദ്ധിപരമായ ചിന്തകള്‍ വേണമെന്നില്ല. ഇത് നമ്മളുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പാണ്. പക്ഷേ ഇതില്‍, മനുഷ്യന്‍ ഒരു സ്വതന്ത്ര ധാര്‍മ്മിക കാരണഭൂതന്‍ ആകുന്നില്ല. (free moral agent). അവന്റെ പ്രവര്‍ത്തിയില്‍ അവന് തന്നെ ഉത്തരവാദിത്തമില്ല. ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു പ്രേരകമോ, കാരണമോ ഇല്ല. അത് യാദൃശ്ചികമായും, സ്വാഭാവികമായും സംഭവിച്ചു എന്നു മാത്രം. എന്നാല്‍ ഈ ലോകത്ത് യാതൊന്നും കാരണം കൂടാതെ സംഭവിക്കുന്നില്ല എന്ന തത്വത്തിന്റെ ലഘനം ഈ കാഴ്ചപ്പാടിന്റെ പോരായ്മയാണ്.

 

ശക്തമായ ആഗ്രഹം
രണ്ടാമത്തെ കാഴ്ചപ്പാട് അനുസരിച്ച്, സ്വതന്ത്ര ഇശ്ചാശക്തി, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, മനുഷ്യന്റെ ശക്തമായ ആഗ്രഹം അനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതാണ്. അതായത് നമ്മള്‍ നല്ലത് തിരഞ്ഞെടുക്കുമ്പോള്‍, നമ്മളുടെ ശക്തമായ ആഗ്രഹം നല്ലതിനോട് ആയിരിയ്ക്കും. നമ്മള്‍ തിന്മ തിരഞ്ഞെടുക്കുമ്പോള്‍ നമ്മളുടെ ശക്തമായ ആഗ്രഹം തിന്‍മയോട് ആയിരിയ്ക്കും. ഇതിനെ താല്‍പര്യത്തിന്റെ സ്വാതന്ത്ര്യം എന്നോ (Freedom of Inclination), ആഗ്രഹത്തിന്റെ സ്വാതന്ത്ര്യം (Freedom of Desire) എന്നോ വിളിക്കാം. നമ്മള്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍, നമ്മള്‍ക്ക് ശക്തമായ ആഗ്രഹമുള്ളത് നമ്മള്‍ തിരഞ്ഞെടുക്കുന്നു. മനുഷ്യരുടെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന കാരണം അവന്റെ ശക്തമായ ആഗ്രഹമാണ്. അതായത്, മനുഷ്യന്റെ ആഗ്രഹങ്ങള്‍ അവന്റെ തിരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്നു.
 

സ്വതന്ത്രവും നിശ്ചയിക്കപ്പെട്ടതും

നമ്മളുടെ ഇശ്ചാ ശക്തി, സ്വതന്ത്രവും നിശ്ചയിക്കപ്പെട്ടതും ആണ് എന്നതാണു അതിനുള്ള ഏറ്റവും ശരിയായ നിര്‍വചനം. വേദപുസ്തകം ഇതിനെ ആണ് പിന്താങ്ങുന്നത്. നമ്മളുടെ എല്ലാ തിരഞ്ഞെടുപ്പുകളും സ്വതന്ത്രം ആണ്. അപ്പോള്‍ത്തന്നെ എല്ലാ തിരഞ്ഞെടുപ്പുകളും മുന്‍ നിശ്ചയവും ആണ്. എന്നാല്‍ നമ്മളുടെ തിരഞ്ഞെടുപ്പ് ഒന്നും തന്നെ വിധി അല്ല. വിധി എന്ന കാഴപ്പാടില്‍, മനുഷ്യന്‍ ഒരു ബാഹ്യ ശക്തിക്ക് കീഴിലെ പാവകള്‍ ആയി മാറുന്നു. മനുഷ്യനു വെളിയില്‍ ഉള്ള ഒരു ശക്തിയുടെ മുന്‍ കൂട്ടിയുള്ള വിധിയല്ല നമ്മളുടെ തിരഞ്ഞെടുപ്പുകള്‍. ഓരോ തിരഞ്ഞെടുപ്പിലും നമ്മളുടെ ഇശ്ചാ ശക്തിക്ക് സ്വാതന്ത്ര്യം ഉണ്ട്. ഓരോ തിരഞ്ഞെടുപ്പും മുന്‍ നിശ്ചയിക്കുന്നത് സ്വതന്ത്ര ധാര്‍മ്മിക കാരണഭൂതന്‍ (free moral agent)  ആയ മനുഷ്യന്‍ തന്നെ ആണ്. മനുഷ്യന്റെ മുന്‍ നിശ്ചയത്തെയും തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകം ആണ് ദൈവ കൃപയുടെ സാന്നിധ്യവും അഭാവവും. ദൈവ കൃപയുള്ളയിടത്ത് മനുഷ്യന്റെ ഇശ്ചാശക്തിയെ അത് സ്വാധീനിക്കുന്നു. ദൈവ കൃപ ഇല്ലാത്തയിടത്ത്, പാപത്തിന്റെ സ്വധീനം ഉണ്ടാകുന്നു.


സ്വതന്ത്ര ഇശ്ചാ ശക്തി സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അല്ല


സ്വതന്ത്ര ഇശ്ചാ ശക്തിയെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ഒരു പ്രധാന കാര്യം, അത് മനുഷ്യന് എന്തും പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം അല്ല. ഒന്നാമതായി, നമ്മളുടെ തിരഞ്ഞെടുപ്പ്, നമ്മളുടെ പ്രകൃതിയാല്‍ പരിമിതമാണ്. മനുഷ്യന് പക്ഷികളെപ്പോലെ പറക്കുവാന്‍ ആഗ്രഹമുണ്ടായേക്കാം, എന്നാല്‍ അവന്റെ പ്രകൃതി അതിനു യോജ്യമല്ല. മനുഷ്യന് സമുദ്രത്തിന് അടിയില്‍ ജീവിക്കുവാന്‍ ആഗ്രഹമുണ്ടായേക്കാം, എന്നാല്‍ അവന്റെ പ്രകൃതി അത് അനുവദിക്കുന്നില്ല. ഒരു പുഴയുടെ അക്കരെ എത്തുവാന്‍, അതിനുമുകളിലുള്ള പാലത്തിലൂടെ നടക്കുവാനും നടക്കാതെ ഇരിക്കുവാനും അവന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പുഴയ്ക്ക് മുകളിലൂടെ പറന്ന് അക്കരെ പോകുവാന്‍ അവന്റെ പ്രകൃതി അനുവദിക്കുന്നില്ല.

 

ഇതുപോലെ തന്നെ ഒരു മനുഷ്യന് നീതിമാനായി ജീവിക്കുവാന്‍ ആഗ്രഹമുണ്ടായേക്കാം, എന്നാല്‍ അവന്റെ പാപ പ്രകൃതി അതിനു അവനെ അനുവദിക്കുന്നില്ല. ഇതിനെക്കുറിച്ചാണ് പൌലൊസ് റോമര്‍ 7: 15 മുതലുള്ള വാക്യങ്ങളില്‍ പറയുന്നത്: ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ... നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. അതായത്, പൌലൊസിന്റെ ശക്തമായ ആഗ്രഹം നന്മ ചെയ്യേണം എന്നാണ് എങ്കിലും, ചെയ്യുന്നത് തിന്‍മയാണ് എന്നു അവന്‍ ഏറ്റുപറയുക ആണ്.

 

നമ്മളുടെ പാപ പ്രകൃതി മൂലമാണ് നമുക്ക് നീതിയെ തിരഞ്ഞെടുക്കുവാന്‍ കഴിയാത്തത് എന്നത് നമ്മളുടെ ഉത്തരവാദിത്തത്തെ ഇല്ലാതാക്കുന്നില്ല. പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ ജനതയെ അവന്റെ സ്വന്തജനമായി തിരഞ്ഞെടുക്കുന്നത് നമ്മള്‍ കാണുന്നു. എന്നാല്‍, പൊതുവായ ഈ തിരഞ്ഞെടുപ്പിന് ഉപരിയായി, ആ സമൂഹത്തിലെ ഓരോ വ്യക്തിയും ദൈവത്തെ തിരഞ്ഞെടുക്കേണ്ടിയിരുന്നു. അതിന്റെ ഉത്തരവാദിത്തം ഓരോരുത്തര്‍ക്കും ഉള്ളതാണ്. ഒപ്പം, യിസ്രായേലിന് വെളിയില്‍ ഉള്ളവര്‍ക്കും യഹോവയില്‍ വിശ്വസിച്ച്, അവനെ ആരാധിച്ചു ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. രൂത്തും രാഹാബും ഇതിന് ഉദാഹരണങ്ങള്‍ ആണ്.

 

പാപത്തില്‍ വീണുപോയ മനുഷനെക്കുറിച്ച്, പാപത്തിന്റെ ബന്ധനത്തില്‍ ആയിരിക്കുന്ന മനുഷ്യന്‍ എന്നാണ് തിരുവെഴുത്ത് പഠിപ്പിക്കുന്നത്. പാപികള്‍ക്ക് ഇപ്പൊഴും ഇശ്ചാശക്തി ഉണ്ട്, സ്വതന്ത്രമായ മനസ്സ് ഉണ്ട്. അവന് ചിന്തിക്കുവാനും, ആഗ്രഹിക്കുവാനും, തിരഞ്ഞെടുക്കുവാനും ഉള്ള സ്വാതന്ത്ര്യവും കഴിവും ഉണ്ട്. എന്നാല്‍ അവനെ സകലത്തിലും നിയന്ത്രിക്കുന്നത് പാപം ആണ്. അതിനാല്‍ അവന് പാപത്തോടു ആണ് ചായ് വും താല്പര്യവും ആഗ്രഹവും. അതിനാല്‍ അവന്‍ എപ്പോഴും പാപം തിരഞ്ഞെടുക്കുകയും പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് അവന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. പാപികള്‍ ക്രിസ്തുവിനെ നിരസിക്കുന്നത്, അവന് ക്രിസ്തുവിനെ നിരസിക്കുവാന്‍ താല്‍പര്യം ഉള്ളതിനാല്‍ ആണ്. അതിനാല്‍ ഒരു മനുഷ്യന്‍, ക്രിസ്തുവിനെ തിരഞ്ഞെടുക്കേണം എങ്കില്‍ അവന് അതിന് താല്‍പര്യം തോന്നേണം. പാപത്തില്‍ വീഴുന്നതിന് മുമ്പ്, മനുഷ്യന് നന്മയെയോ, തിന്‍മയെയോ, തിരഞ്ഞെടുക്കുവാനുള്ളസ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവിടെ അവന്റെ സ്വതന്ത്ര ഇശ്ചാശക്തിക്ക് കൂടുതല്‍ അര്‍ത്ഥം ഉണ്ടായിരുന്നു. എന്നാല്‍ പാപത്തില്‍ വീണുപോയ മനുഷ്യന്, ക്രിസ്തുവിനെയും നിത്യജീവനെയും തിരഞ്ഞെടുക്കുവാനുള്ള യാതൊരു താല്‍പര്യവും അവനില്‍ ശേഷിക്കുന്നില്ല. 

സെന്‍റ്. അഗസ്റ്റീന്‍ ഇതിനെക്കുറിച്ച് ഇങ്ങനെ ആണ് പറയുന്നത്: മനുഷ്യന് ഇപ്പൊഴും സ്വതന്ത്ര ഇശ്ചാശക്തി (liberum arbitrium) ഉണ്ട്, എന്നാല്‍ അവന് സ്വാതന്ത്ര്യം (libertas) ഇല്ല. അതായത് പാപം ചെയ്ത മനുഷ്യന് സാന്‍മാര്‍ഗ്ഗിക സ്വാതന്ത്ര്യം (moral liberty) നഷ്ടപ്പെട്ടു. മനുഷ്യന്റെ പാപത്തിലുള്ള വീഴ്ച അവന്റെ സ്വതന്ത്ര ഇശ്ചാശക്തിയെ ഇല്ലാതാക്കിയില്ല. എന്നാല്‍ അവന്റെ ഇശ്ചാശക്തി പാപത്തിന്റെ അടിമത്തത്തിന്‍ കീഴില്‍ ആയി. അതിനാല്‍, മനുഷ്യന് പാപം ചെയ്യാതിരിക്കുവാനുള്ള തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം, പ്രായോഗികമായി ഇല്ലാതെ ആയി.   

 

അതായത് നമ്മളുടെ പ്രവര്‍ത്തികളില്‍ അല്ല, നമ്മളുടെ ഉള്ളില്‍ തന്നെ മലിനത സംഭവിച്ചിരിക്കുന്നു. പ്രവര്‍ത്തികള്‍ ഉള്ളിലെ മലിനതയുടെ ഫലം ആണ്. യേശുക്രിസ്തുവും അതുതന്നെ ആണ് പഠിപ്പിച്ചത്:

 

മത്തായി 7: 16-20

16   അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ

17   നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. 

18   നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. 

19   നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. 

20  ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. 

 

അതായത്, ഒരു നല്ല വൃക്ഷത്തില്‍ നിന്നും ആകാത്ത ഫലം ലഭിക്കുക ഇല്ല. അതുപോലെ തന്നെ ആകാത്ത വൃക്ഷത്തില്‍ നിന്നും നല്ല ഫലം ലഭിക്കില്ല. മനുഷ്യന്റെ ഉള്ളില്‍ പാപം കയറിയതിനാല്‍ അവന്‍ ആകാത്ത വൃക്ഷമായി മാറി. അവനില്‍ നിന്നും നല്ല ഫലം ഒരിയ്ക്കലും പ്രതീക്ഷിക്കേണ്ടതില്ല. യേശു പറഞ്ഞതുപോലെ, നല്ല വൃക്ഷങ്ങള്‍ മാത്രമേ നല്ല ഫലം പുറപ്പെടുവിക്കൂ. നല്ല ഫലം എന്നത് വൃക്ഷത്തിന്റെ പ്രകൃതിയാല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരു ആകാത്ത വൃക്ഷത്തിന് നല്ല ഫലം കായ്ക്കുവാന്‍ കഴിയുക ഇല്ല എന്ന് യേശു പറയുമ്പോള്‍, അതിനു മറ്റൊന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നും പറയുക ആണ്. ഇത് സമ്പൂര്‍ണ്ണ സ്വാതന്ത്യം എന്ന സിദ്ധാന്തത്തെ ഘണ്ഡിക്കുക ആണ്. വൃക്ഷത്തിന്റെ പ്രകൃതി എന്താണോ, അതാണ് ഫലം എന്താണ് എന്ന് നിശ്ചയിക്കുന്നത്.

അതിനാല്‍ യേശുക്രിസ്തുവിനെയും, നിത്യജീവനെയും തിരഞ്ഞെടുക്കുവാന്‍ മനുഷന് ശക്തമായ ആഗ്രഹം ഉണ്ടാകുവാന്‍ അവന് ദൈവകൃപ ആവശ്യമുണ്ട്. കൃപയാല്‍ അല്ലാത്തെ ആരും യേശുക്രിസ്തുവില്‍ വിശ്വസം പ്രാപികുന്നില്ല, രക്ഷിക്കപ്പെടുന്നുമില്ല. കാരണം, പാപത്താല്‍ മലിനപ്പെട്ട പ്രകൃതിയുള്ള ഒരു മനുഷ്യന്‍ നീതിയെയും യേശുക്രിസ്തുവിനെയും സ്വയം തിരഞ്ഞെടുക്കുവാന്‍ സാദ്ധ്യമല്ല. ദൈവത്തിന്റെ കൃപയാല്‍ മാത്രമേ ഒരു മനുഷന്റെ ഇശ്ചാ ശക്തിക്ക് പാപത്തിന്റെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രന്‍ ആകുവാന്‍ കഴിയൂ. അതിനാല്‍, നമ്മളിലുള്ള രക്ഷ ദൈവത്തിന്റെ പ്രവര്‍ത്തിയാണ്.

 

ജോണ്‍ കാല്‍വിന്‍

John Calvin

മര്‍ട്ടിന്‍ ലൂഥര്‍

Martin Luther

ജേക്കബ് അര്‍മിനിയസ്

Jacob Arminius

മനുഷ്യര്‍ക്ക് സ്വതന്ത്ര ഇശ്ചാ ശക്തി ഉണ്ട്. എന്നാല്‍ അത് പാപത്തിന്റെ ബന്ധനത്തില്‍ ആണ്. അതിനാല്‍ ഇശ്ചാശക്തിയ്ക്ക് രൂപാന്തരം സംഭവിക്കേണ്ടിയിരിക്കുന്നു.

മനുഷ്യര്‍ക്ക് ഭൌതീക കാര്യങ്ങളില്‍ സ്വതന്ത്ര ഇശ്ചാ ശക്തി ഉണ്ട്. എന്നാല്‍, രക്ഷ, നിത്യജീവന്‍ എന്നീ കാര്യങ്ങളില്‍, മനുഷ്യന്‍ ഒന്നുകില്‍ ദൈവത്തിന്റെയോ, അല്ലെങ്കില്‍ പിശാചിന്റെയോ ബന്ധനത്തില്‍ ആണ്.

മനുഷ്യനു അനിവാര്യതയില്‍ നിന്നും സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം ഇല്ല. പാപത്തില്‍ നിന്നുള്ള മോചനത്തിന് അവന് മുന്‍ കൂട്ടി ദൈവ കൃപ ആവശ്യമാണ്.

 

ദൈവ കൃപ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നില്ല

എന്നാല്‍ ദൈവ കൃപ നമുക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നില്ല. ദൈവകൃപ രക്ഷയെ സ്വീകരിക്കുവാന്‍ മാത്രമേ നമ്മളെ ശക്തരാക്കുന്നുള്ളൂ. കൃപ തിന്മയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് നല്‍കുന്നില്ല. ഇതാണ് എഫെസ്യര്‍ 2 : 1 മുതല്‍ 7 വരെയുള്ള വാക്യങ്ങളില്‍ പൌലൊസ് പറയുന്നതു. അദ്ദേഹത്തിന്റെ വാക്കുകളുടെ ആശയം ഇതാണ്: നമ്മള്‍ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു. അതിനാല്‍ നമ്മള്‍  ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെ അനുസരിച്ചു നടന്നു. അങ്ങനെ നമ്മള്‍ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തു. എന്നാല്‍ കരുണാസമ്പന്നനായ ദൈവം, കൃപയാല്‍, നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു. അവന്റെ കൃപയാല്‍, നമ്മളെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. ഇവിടെ കൃപ നമ്മളെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുക എന്ന ദൌത്യം മാത്രമേ ചെയ്യുന്നുള്ളൂ. കൃപ പാപത്തെ തിരഞ്ഞെടുക്കുവാനോ, പാപത്തില്‍ തുടരുവാനോ നമ്മളെ സഹായിക്കുന്നില്ല.

 

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെടുന്നു?

 

ലോകാരംഭത്തിനും മുമ്പേയുള്ള ദൈവീക തിരഞ്ഞെടുപ്പ്, മുന്‍ നിയമനം, മുന്നറിവ്, സ്വതന്ത്ര ഇശ്ചാശക്തി, ഇവയെല്ലാം മനുഷ്യനു ഗ്രഹിക്കുവാന്‍ പ്രയാസമുള്ളതായി തന്നെ തുടരുക ആണ്. എന്നാല്‍ ഇവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് നമ്മള്‍ രക്ഷിക്കപ്പെടുന്നത് എന്നും നമുക്ക് അറിയാം. ഇതിനെ മനസ്സിലാക്കുവാന്‍, പ്രധാനമായും രണ്ടു കാര്യങ്ങള്‍ നമ്മള്‍ ദൃഢമായി വിശ്വസിക്കേണം. ഒന്ന്, ദൈവം സര്‍വ്വാധികാരി ആണ്. അവന് സകലത്തിന്മേലും അധികാരം ഉണ്ട്, അവന്റെ അധികാര പരിധിയ്ക്കു വെളിയില്‍ യാതൊന്നും സംഭവിക്കുന്നില്ല. രണ്ടാമത്തെ കാര്യം, മനുഷ്യന് ദൈവം സ്വതന്ത്ര ഇശ്ചാ ശക്തി നല്കിയിട്ടുണ്ട്. ദൈവം ഒരിയ്ക്കലും മനുഷ്യടെ ഇശ്ചാ ശക്തിയെ ഹനിക്കുന്നില്ല. മനുഷ്യന്‍, ആരുടേയും നിര്‍ബന്ധത്താല്‍ അല്ലാതെ ദൈവത്തിന്റെ രക്ഷയ്ക്കായുള്ള മുന്‍ നിയമനത്തെ അംഗീകരിക്കുമ്പോള്‍ മാത്രമേ, അവന്‍ രക്ഷിക്കപ്പെടുന്നുള്ളൂ. ഇതെല്ലാം മനസ്സിലാക്കുവാനായി നമുക്ക് ഇനി മനുഷ്യരുടെ രക്ഷയുടെ അനുഭവത്തിലേക്ക് ഇറങ്ങിവരാം.

 

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, പാപിയായ ഒരു മനുഷ്യനും ദൈവത്തെ സ്വയം തിരഞ്ഞെടുക്കുവാന്‍ സാദ്ധ്യമല്ല. കാരണം അവന്‍ സമ്പൂര്‍ണ്ണമായും മലിനതയില്‍ ആണ്. ദൈവത്തെ നിരസിക്കുക എന്നതാണു പാപികളായ മനുഷ്യന്റെ സ്വാഭാവികമായ മനുഷ്യര്‍ക്ക് കഴിയില്ല. റോമര്‍ 3: 23 ല്‍ പറയുന്നു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു. “ യോഹന്നാന്‍ 5: 40 ല്‍ നമ്മളുടെ കര്‍ത്താവ് പറയുന്നു: “എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. “ ഇങ്ങനെ സമ്പൂര്‍ണ്ണമായയും മലിനതയില്‍ ആക്കപ്പെട്ട മനുഷ്യനെ ആണ് ദൈവം, യാതൊരു യോഗ്യതയും കൂടാതെ തന്നെ തിരഞ്ഞെടുത്ത്, രക്ഷയ്ക്കായി മുന്‍ നിയമിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പും മുന്‍നിയമനവും രക്ഷയല്ല. കാരണം, മനുഷ്യന്‍റെ രക്ഷയില്‍ യേശുക്രിസ്തുവിലുള്ള അവന്‍റെ വ്യക്തിപരമായ വിശ്വാസത്തിന്നു വലിയ പങ്ക് ഉണ്ട്.

 

പാപത്താല്‍ മലിനപ്പെട്ട മനുഷ്യരില്‍ ചിലരോടു ദൈവത്തിന് കൃപ തോന്നുകയും, അവന്റെ തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം “ രക്ഷയ്ക്കായി തിരഞ്ഞെടുത്ത് മുന്‍ നിയമിക്കുകയും ചെയ്തു. ദൈവ കൃപ അവരുടെ പാപത്തിന്റെ അടിമത്തത്തില്‍ മരിച്ച ആത്മാവിനെ പുനര്‍ജീവിപ്പിക്കുകയും ദൈവകൃപയോട് അനുകൂലമായി പ്രതികരിക്കുവാന്‍ ശാക്തീകരിക്കുകയും ചെയ്യുന്നു.

ജേക്കൊബസ് അര്‍മിനിയസ് (Jacobus Arminius) ന്‍റെ അഭിപ്രായത്തില്‍, ദൈവം സര്‍വ്വജ്ഞാനി ആയതിനാല്‍, ഒരു മനുഷ്യന്‍ എന്തു തിരഞ്ഞെടുക്കും എന്ന് മുന്നമേ അവന് അറിയാം. എങ്കിലും ദൈവം അവന് സ്വതന്ത്ര ഇശ്ചാ ശക്തി നല്കുന്നു. മനുഷ്യനു നന്‍മയോ തിന്‍മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നല്കുന്നു. മുന്‍ കൂട്ടി ലഭിക്കുന്ന ദൈവ കൃപയാല്‍ മാത്രമാണ് അവന് രക്ഷയെ തിരഞ്ഞെടുക്കുവാന്‍ കഴിയുന്നത്. മുന്‍ കൂട്ടി ലഭിക്കുന്ന ദൈവകൃപയാല്‍ അല്ലാതെ മനുഷ്യനു എന്തെങ്കിലും ആത്മീയ നന്മ ആരംഭിക്കുവാനോ പൂര്‍ത്തീകരിക്കുവാനോ കഴിയുക ഇല്ല. ദൈവ കൃപ മുന്നമേ പോകുന്നു, അത് സഹായിക്കുന്നു, പ്രവര്‍ത്തിക്കുന്നു. കൃപ മനുഷ്യന്റെ തിരഞ്ഞെടുപ്പിന് മുമ്പേ ലഭിക്കുന്നു. അതിന് മനുഷ്യന്റെ ഒരു പ്രവര്‍ത്തിയും കാരണമല്ല. ദൈവ കൃപ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ സ്വീകരിക്കുവാന്‍ മനുഷ്യനെ ശാക്തീകരിക്കുന്നു. എന്നാല്‍ കൃപയെ നിരസിക്കുവാനും, രക്ഷയെ നിരസിക്കുവാനും എപ്പോഴും മനുഷ്യനു സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഈ കാഴ്ചപ്പാടിനെ പിന്താങ്ങുന്ന ഒരു വാക്യമാണ് ലൂക്കോസ് 13: 34.    

 

ലൂക്കോസ് 13: 34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. 

യേശുവിന് യെരൂശലേമിനെ രക്ഷിക്കേണം എന്ന് ആഗ്രഹമുണ്ടായിട്ടും, അവന് അത് ചെയ്യുവാന്‍ കഴിയുന്നില്ല. കാരണം അവര്‍ അവരുടെ രക്ഷയെ നിരസിക്കുക ആണ്. 

 

രക്ഷയുടെ പ്രവര്‍ത്തന രീതി വ്യക്തമാക്കുന്ന ഒരു വാക്യം കൂടി നമുക്ക് വായിയ്ക്കാം.

 

റോമര്‍ 8: 28  എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

 

ഈ വാക്യം പറയുന്നതു ഇതാണ്: ദൈവകൃപയുടെ ശാക്തീകരണത്താല്‍, രക്ഷയെ തിരഞ്ഞെടുക്കുവാനുള്ള അവസരത്തെ, ദൈവം ക്രമീകരിക്കുന്നു.

 

ഇത് വ്യക്തമായി മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു സംഭവം പഴയനിയമത്തില്‍, യോസേഫിന്റെ ജീവ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ യോസേഫിനെ കൊല്ലുവാന്‍ വേണ്ടി, അവന്റെ സഹോദരന്മാര്‍ അവനെ ഒരു പൊട്ടകിണറ്റില്‍ തള്ളിക്കളഞ്ഞു. പിന്നീട് അവര്‍ യോസേഫിനെ കരയില്‍ കയറ്റി, യിശ്മായേല്യ കച്ചവടക്കാര്‍ക്ക് അടിമയായി വിറ്റു. കച്ചവടക്കാര്‍ മിസ്രയീം രാജ്യത്തെത്തി പോത്തീഫറിന് യോസഫിനെ അടിമയായി വിറ്റു. അവിടെ നിന്നും അവന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ അത്ഭുതകരമായി ഉയര്‍ത്തി മിസ്രയീം രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയാക്കി മാറ്റി. ദേശത്തെല്ലാം ക്ഷാമം ഉണ്ടായപ്പോള്‍, യോസഫിന്റെ ഇടപെടല്‍ കാരണം, മിസ്രയീം രാജ്യത്തു സമൃദ്ധമായ ഭക്ഷ്യ ശേഖരം ഉണ്ടായി. അവര്‍ അത് അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും വിറ്റു. ഈ ധാന്യം വാങ്ങുവാന്‍ യോസേഫിന്റെ സഹോദരങ്ങള്‍ മിസ്രയീം രാജ്യത്ത് എത്തി. അവര്‍ക്ക് യോസഫിനെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ യോസേഫ് അവരെ മനസ്സിലാക്കി. പിന്നീട് പിതാവായ യാക്കോബിനെയും സഹോദരങ്ങളെയും എല്ലാ കുടുംബാംഗങ്ങളെയും യോസേഫ് മിസ്രയീമില്‍ പാര്‍പ്പിച്ചു. പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അവരുടെ പിതാവ് യാക്കോബ് മരിച്ചു. അതിനു ശേഷം, യോസേഫ് തങ്ങളോട്  പ്രതികാരം ചെയ്യുമോ എന്നു അവന്റെ സഹോദരന്മാര്‍ ഭയപ്പെട്ടു. അവര്‍ യോസേഫിന്റെ അടുക്കല്‍ ക്ഷമ യാചിച്ചു. അപ്പോള്‍ അവരോടു യോസേഫ് പറയുന്ന വാചകം ഇതാണ്. 

 

ഉല്‍പ്പത്തി 50: 19, 20

19   യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

20  നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

 

യോസേഫിന്റെ വാക്കുകള്‍ ശ്രദ്ധയോടെ വായിക്കേണ്ടിയിരിക്കുന്നു. യോസേഫ് പറഞ്ഞു, ഞാന്‍ ദൈവമല്ല. കാരണം സകലതും നിശ്ചയിക്കുന്നതും നിര്‍ണ്ണയിക്കുന്നതും ദൈവത്തിന്റെ സര്‍വ്വാധികാര പ്രകാരമാണ്. കഴിഞ്ഞുപോയതും, ഇപ്പോള്‍ ഉള്ളതും, ഇനി മേലില്‍ സംഭവിക്കുവാന്‍ ഉള്ളതും ദൈവമാണ് നിശ്ചയിക്കുന്നത്. തുടര്‍ന്നു യോസേഫ് പറഞ്ഞു, നിങ്ങള്‍ എനിക്കു നേരെ ദോഷം നിരൂപിച്ചു. നിങ്ങള്‍ ബോധപൂര്‍വ്വം, നിങ്ങളുടെ ഇശ്ചാനുസരണം, എനിക്കു ദോഷം സംഭവിക്കേണം എന്നു തന്നെ നിശ്ചയിച്ച്, നിങ്ങള്‍ എനിക്കു തിന്മ പ്രവര്‍ത്തിച്ചു. അതിന്റെ പൂര്‍ണ്ണ ഉത്തരാവാദിത്തം യോസേഫിന്റെ സഹോദരന്‍മാര്‍ക്ക് ആണ്. ദൈവം എന്നെ ദോഷത്തിലൂടെ നടത്തി എന്നല്ല യോസേഫ് പറഞ്ഞത്, തന്റെ സഹോദരന്മാര്‍ അവരുടെ ഇശ്ചാനുസരണവും തീരുമാനപ്രകാരവും  യോസേഫിന് തിന്മ പ്രവര്‍ത്തിച്ചു. എന്നാല്‍ സകലത്തിനെയും ദൈവം നന്മയ്ക്കായി ക്രമീകരിച്ചു. അവര്‍ പ്രവര്‍ത്തിച്ച തിന്‍മയിലും, ദൈവം യോസേഫിനെ കൈവിടാതെ, സകലത്തിനെയും ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഒരുമിച്ച്കൂട്ടി വ്യാപരിപ്പിച്ചു.

 

ദൈവം ആരെയും നന്മയ്ക്കായോ തിന്‍മയ്ക്കായോ നിര്‍ബന്ധിക്കുക അല്ല, സകലത്തിനെയും നന്മയ്ക്കായി ക്രമീകരിക്കുക ആണ്. ദൈവ കൃപ, ഈ ദൈവീക ക്രമീകരണത്തോട് അനുകൂലമായി പ്രതികരിക്കുവാന്‍, മുന്നിയമിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നു. ഇങ്ങനെ ആണ് നമ്മള്‍ രക്ഷിക്കപ്പെടുന്നത്.

 

നമ്മള്‍ സുവിശേഷം പ്രസംഗിക്കേണ്ട കാര്യമുണ്ടോ?

 

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെടുന്നു എന്ന ഈ പഠനം ഇവിടെ ഞാന്‍ അവസാനിപ്പിക്കുക ആണ്. എന്നാല്‍ അതിനു മുമ്പ് ഒരു ചോദ്യത്തിന് കൂടി മറുപടി പറയുവാന്‍ ആഗ്രഹിക്കുന്നു. ലോകസ്ഥാപനത്തിന് മുമ്പേ ദൈവം തിരഞ്ഞെടുക്കുകയും മുന്‍ നിയമിക്കുകയും ചെയ്യുന്നവര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എങ്കില്‍, നമ്മള്‍ സുവിശേഷം പ്രസംഗിക്കേണ്ട ആവശ്യമുണ്ടോ? ഈ ചോദ്യം വളരെ പ്രസക്തവും ഗൌരവവും ഉള്ളതാണ്. നമ്മളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമ്മള്‍ പറയുന്നതിനും മുമ്പേ ദൈവം അറിയുകയും, അവന്‍ അത് ക്രമീകരിക്കുകയും ചെയ്യുന്നു എന്നു വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്. എങ്കില്‍ നമ്മള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും സാമ്യം ഉണ്ട്. എങ്കിലും, നമ്മള്‍ എന്തിനാണ് സുവിശേഷം പ്രസംഗിക്കുന്നത് എന്ന ചോദ്യം മാത്രമേ ഇവിടെ ചര്‍ച്ച ചെയ്യുന്നുള്ളൂ.

 

നമ്മള്‍ സുവിശേഷം പ്രസംഗിക്കുന്നതിന് നാലുകാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തെ കാരണം, നമ്മളുടെ കര്‍ത്താവ് സുവിശേഷം സകല മനുഷരെയും അറിയിക്കുവാന്‍ നമ്മളോട് കല്‍പ്പിച്ചിരിക്കുന്നു എന്നതാണ്. ഈ കല്പ്പന ആണ് നമ്മള്‍ അനുസരിക്കുന്നത്. ഇവിടെ സുവിശേഷം പ്രസംഗിക്കുക എന്നാല്‍ എന്താണ് എന്നുകൂടി വ്യക്തമായി മനസ്സിലാക്കേണം. 

 

2 തിമൊഥെയൊസ് 1: 11 ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.

 

ഈ വാക്യത്തിലെ പ്രസംഗിയും എന്നതിന്റെ ഗ്രീക് പദം കെയ്-റൂക്സ് (kerux - kay'-roox ) എന്നാണ്. ഇതിന്റെ അര്‍ത്ഥം വിളമ്പരം ചെയ്യുന്ന ആള്‍, പ്രസംഗിക്കുന്ന ആള്‍ എന്നിങ്ങനെ ആണ്. ഈ വാക്കുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രീക് പദമാണ്, കെയ്റൂസ്സോ (kerusso - kay-roos'-so) എന്നത്. ഈ വാക്കിന്റെ അര്‍ത്ഥം, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, പ്രസംഗിക്കുക എന്നിങ്ങനെ ആണ്. ഈ വാക്ക് നമുക്ക് മര്‍ക്കോസ് 16: 15 ലും കാണാം. പഴയകാലങ്ങളില്‍ രാജാക്കന്മാരുടെ കല്‍പ്പനകള്‍ ജനങ്ങളെ അറിയിക്കുവാനായി തെരുവുകളില്‍ നിന്നുകൊണ്ടു ഉറക്കെ അത് വിളംബരം ചെയ്യുന്ന രാജഭൃത്യനെ കെയ് രൂക്സ് എന്നും അങ്ങനെ വിളമ്പരം ചെയ്യുന്ന പ്രവര്‍ത്തിയെ കെയ്റൂസ്സോ എന്നും വിളിക്കുന്നു.

അതായത് സുവിശേഷം അറിയിക്കുക എന്നത് നല്ല വിശേഷം വിളമ്പരം ചെയ്യുക ആണ്. യേശുക്രിസ്തു വിളമ്പരം ചെയ്ത നല്ല വിശേഷം ആവര്‍ത്തിച്ചു വിളമ്പരം ചെയ്യുന്നതാണ് കെയ്റൂസ്സോ. യേശു വിളമ്പരം ചെയ്തതിങ്ങനെ ആണ്: “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മര്‍ക്കോസ് 1: 15). ദൈവരാജ്യം വന്നിരിക്കുന്നു എന്ന നല്ല വിശേഷം, ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.” എന്നാണ് കര്‍ത്താവ് നമ്മളോട് കല്‍പ്പിച്ചിരിക്കുന്നത്. കേള്‍ക്കുന്ന എല്ലാവരെയും വല്ലവിധേനെയും സഭയില്‍ ചേര്‍ക്കേണം എന്നു യേശു പറഞ്ഞില്ല. അവന്‍ പറഞ്ഞത് ഇങ്ങനെ ആണ്: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മര്‍ക്കോസ് 16: 15, 16). ദൈവരാജ്യം വന്നിരിക്കുന്നു എന്നു വിളമ്പരം ചെയ്യുവാന്‍ യേശുക്രിസ്തുവിന്റെ കല്‍പ്പന ഉള്ളതിനാല്‍ നമ്മള്‍ അത് ചെയ്യുന്നു.

രണ്ടാമത്തെ കാരണം, ദൈവരാജ്യത്തില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്. അവര്‍ വിശ്വസിക്കേണം എങ്കില്‍, സുവിശേഷം അവരെ അറിയിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് പൌലൊസ് പറയുന്നുണ്ട്.

 

റോമര്‍ 10: 13-15

13   കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

14   എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?

15   ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും

മൂന്നാമത്തെ കാരണം, വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും എന്നല്ലാതെ, ആരെല്ലാം വിശ്വസിക്കും എന്നു നമുക്ക് അറിയില്ല. ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും മുന്‍ നിയമിക്കപ്പെട്ടവരും ആരെല്ലാമാണ് എന്നു ദൈവം നമ്മളോട് വെളിപ്പെടുത്തിയിട്ടില്ല. അപ്പോസ്തല പ്രവൃത്തികള്‍ 18 ആം അദ്ധ്യാത്തില്‍ പൌലൊസിനെ നമ്മള്‍ കൊരിന്തില്‍ കാണുന്നു. അവിടെ അവന്‍ യഹൂദന്മാരോടു സുവിശേഷം അറിയിച്ചു എങ്കിലും അവര്‍ അതിനെ നിരസിച്ചു. എന്നാല്‍ കൊരിന്ത്യ നിവാസികളില്‍ അനേകര്‍ ദൈവവചനം വിശ്വസിക്കുകയും സ്നാനം എല്‍ക്കയും ചെയ്തു. അവിടെ വച്ച്, “രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതുഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.” (അപ്പോസ്തല പ്രവൃത്തികള്‍ 18: 9, 10). എന്നാല്‍ ആ പട്ടണത്തിലെ ആരെല്ലാം ആണ് അവന്റെ ജനമായി, മുന്‍ നിയമിക്കപ്പെട്ടവരായി ഉള്ളത് എന്നു പൌലൊസിനോട് വെളിപ്പെടുത്തിയില്ല. അവനോടു ഭയപ്പെടാതെ തുടര്‍ന്നും പ്രസംഗിക്ക എന്നു മാത്രമേ പറഞ്ഞുള്ളൂ.

നാലാമത്തെ കാരണം, ദൈവരാജ്യം വന്നിരിക്കുന്നു എന്നും ഇപ്പോള്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അതിന്റെ അവകാശികള്‍ ആകാം എന്നുമുള്ള സുവിശേഷം സകല ജനവും അറിഞ്ഞിരിക്കേണം, അത് ദൈവത്തിന്റെ നീതി ആണ്. തിരസ്കരിക്കുന്നവര്‍ അവരുടെ സ്വന്ത ഇഷ്ടത്താല്‍ തിരസ്കരിച്ചവര്‍ ആണ്. അവര്‍ അവരുടെ നിത്യ ശിക്ഷ തിരഞ്ഞെടുത്തവര്‍ ആണ്. അവരുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം അവരുടെ മേല്‍ ആയി.

അതായത്, ദൈവത്തിന്റെ തിരഞ്ഞെടുപ്പും, മുന്നറിവും, മുന്‍ നിയമനവും, സ്വതന്ത്ര ഇശ്ച ശക്തിയും, ദൈവകൃപയാലുള്ള സകലത്തിന്റെയും നന്മയ്ക്കായുള്ള കൂട്ടിച്ചേര്‍ക്കലും വേദപുസ്തക സത്യങ്ങള്‍ ആണ്. അത് സുവിശേഷം പ്രസംഗിക്കുന്നതിന് പകരമാകുന്നുമില്ല.

നമ്മള്‍ എങ്ങനെ രക്ഷിക്കപ്പെടുന്നു എന്നതിന്റെ ആത്മീയ മര്‍മ്മം ഏകദേശം മനസ്സിലാക്കുവാന്‍ ഈ പഠനത്തിലൂടെ കഴിഞ്ഞു എന്നു വിശ്വസിച്ചുകൊണ്ടു ചുരുക്കട്ടെ.


അതിനു മുമ്പായി
, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. 

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment