സ്വര്‍ഗ്ഗീയ ദൂതന്മാരുടെ ചരിത്രം

സ്വര്‍ഗ്ഗീയ ദൂതന്മാരെപ്പോലെ മനുഷ്യ സങ്കല്‍പ്പത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റൊരു ജീവികളും ഇല്ല. മനുഷ്യന്റെ രൂപവും, നിഷ്കളങ്കവും സുന്ദരവും ആയ മുഖവും, വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രവും അണിഞ്ഞ് മനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നവര്‍ ആണ് കഥകളിലെ ദൂതന്മാര്‍. ദൂതന്മാരെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ സത്യവും മിഥ്യയും ഇടകലര്‍ന്നതാണ്. എന്നാല്‍ വേദപുസ്തകം ദൂതന്മാരെക്കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്. ഇതില്‍ നിന്നും അവരുടെ സത്വത്തെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശരിയായ വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും. ദൂതന്മാരുടെ ചരിത്രത്തില്‍ നമുക്ക് സ്വര്‍ഗ്ഗീയ ദൂതന്മാരെയും, പാപത്താല്‍ സ്വര്‍ഗ്ഗീയ മഹിമയില്‍ നിന്നും വീണുപോയ ദൂതന്മാരെയും കാണാം. എന്നാല്‍ ഇവിടെ, ഈ പഠനത്തില്‍, നമ്മള്‍ സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ചാണ് ചിന്തിക്കുന്നത്. വീണുപോയ ദൂതന്മാരെക്കുറിച്ച് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.    

ദൂതന്മാര്‍ എന്നതിന് പഴയനിയമത്തില്‍ എബ്രായ ഭാഷയില്‍ മലാക്ക് (malakh) എന്ന വാക്കും, പുതിയനിയമത്തില്‍ ഗ്രീക്ക് ഭാഷയില്‍ ഏഞ്ജെലോസ് (anggelos) എന്ന വാക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു വാക്കിന്റെയും അര്‍ത്ഥം ദൂത് വാഹികര്‍ എന്നാണ്.


വേദപുസ്തകം പറയുന്നതു അനുസരിച്ചു ദൂതന്മാര്‍ സ്വര്‍ഗ്ഗീയ ജീവികള്‍ ആണ്. സാധാരണയായി അവര്‍ മനുഷ്യ ദൃഷ്ടിക്ക് ഗോചരമല്ല. എന്നാല്‍ അനേക പ്രാവശ്യം അവര്‍ മനുഷ്യര്‍ക്ക് കാണുവാന്‍ തക്കവണ്ണം മനുഷ്യരൂപത്തിലോ, തനതായ രൂപത്തിലോ  പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ദൂതന്മാര്‍ വ്യക്തിത്വവും പേരുകള്‍ ഉള്ളവരും, പ്രത്യേക ജോലിയോ ഉത്തരവാദിത്തങ്ങളോ ഉള്ളവരും ആണ്. അവരെ വിവിധ വിഭാഗങ്ങള്‍ ആയി ക്രമീകരിച്ചിരിക്കുന്നു എന്നും നമ്മള്‍ മനസ്സിലാക്കുന്നു. ദൈവത്തെ ആരാധിക്കുകയും ദൈവീക കല്‍പ്പനകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ജോലി. ദൂതന്മാരില്‍ ചിലര്‍ ദൈവത്തിന്റെ യോദ്ധാക്കള്‍ ആണ്. അവര്‍ ദൈവത്തിനുവേണ്ടി, ദൈവജനത്തോടൊപ്പം ശത്രുക്കളോടു യുദ്ധം ചെയ്യുന്നു. ചിലര്‍ ശിശുക്കളുടെ സംരക്ഷകര്‍ ആണ്. മറ്റ് ചിലര്‍ ദൈവത്തിന്റെ ദൂത് വാഹികള്‍ ആണ്. ചില ദൂതന്മാര്‍ മനുഷ്യരുടെ ആത്മാക്കളെ മരണശേഷം ദൈവ സന്നിധിയിലേക്ക് കൊണ്ടുപോകുന്നവര്‍ ആണ്.

പ്രസന്ധികളില്‍ ആയിരിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി, ദൂതന്മാര്‍, പഴനിയമത്തില്‍ പലപ്രാവശ്യം പ്രത്യക്ഷര്‍ ആയിട്ടുണ്ട്. അവര്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ മധ്യസ്ഥരെപ്പോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ പുതിയനിയമത്തിലെ ദൂതന്‍മാര്‍ക്ക് ഇശ്ചാശക്തിയും യുക്തിയും ബുദ്ധിയും ഉണ്ട്. പുതിയനിയമത്തില്‍ “അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കള്‍” ആണ്. (എബ്രായര്‍ 1: 14)

ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെ, ദൂതന്മാരെക്കുറിച്ച്, ഏകദേശം 300 പരാമശങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. എങ്കിലും, ഗബ്രിയേല്‍, മീഖായേല്‍ എന്നീ രണ്ട് ദൂതന്മാരുടെ പേരുകള്‍ മാത്രമേ നമുക്ക് വ്യക്തമായി അറിയുക ഉള്ളൂ. മറ്റൊരു ദൂതനെ, യഹോവയുടെ ദൂതന്‍ എന്നു പ്രത്യേകം വിളിക്കുന്നുണ്ട്. (ഉല്‍പ്പത്തി 16:10; 22:15). വെളിപ്പാടു 9:11 ല്‍ പറയുന്ന “അഗാധദൂതൻ”, വെളിപ്പാടു 16:5 ല്‍ പരാമര്‍ശിക്കപ്പെടുന്ന “ജലാധിപതിയായ ദൂതൻ എന്നിവര്‍ അവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്.

എത്ര ദൂതന്‍മാര്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്നു നമുക്ക് പറയുവാന്‍ കഴിയുക ഇല്ല. ആവര്‍ത്തനപുസ്തകം 33:2 ല്‍ യഹോവ “ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു;” എന്നു മോശെ പറയുന്നുണ്ട്. സങ്കീര്‍ത്തനം 68:17 ല്‍ “ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.” എന്നു പറയുന്നുണ്ട്. എബ്രായര്‍ 12:22 ല്‍ “അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തെക്കുറിച്ച് പറയുന്നു. വെളിപ്പാടു 5:11 ല്‍ ദൂതന്മാരുടെ എണ്ണം “പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.” എന്ന് പറയുന്നു. ഇതെല്ലാം അല്ലാതെ കൃത്യമായി, ദൂതന്മാരുടെ എണ്ണം നമുക്ക് അറിഞ്ഞുകൂടാ.

തിരുവെഴുത്തുകളില്‍ ദൂതന്മാരുടെ അസ്തിത്വത്തെ തെളിയിക്കുവാന്‍ യാതൊരു ശ്രമവും തിരുവെഴുത്തുകളുടെ എഴുത്തുകാര്‍ നടത്തുന്നില്ല. കാരണം, അവര്‍ക്ക് ദൂതന്മാര്‍ ഉണ്ട് എന്നത് നിശ്ചയമായ ഒരു സത്യം ആയിരുന്നു. പഴയനിയമത്തില്‍ ദൂതന്മാരുടെ പ്രത്യക്ഷത ധാരാളം ഉണ്ടായിട്ടുണ്ട്. പുതിയനിയമം ആരംഭിക്കുന്ന ഭാഗത്ത് തന്നെ ദൂതന്റെ പ്രത്യക്ഷതയോടെ ആണ്. എന്നാല്‍, പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മ പകര്‍ച്ചയ്ക്ക് ശേഷവും, ദൂതന്മാരുടെ പ്രത്യക്ഷതയോ ഇടപെടലോ മനുഷ്യരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും, അത് കുറഞ്ഞുവന്നു. ഇത്, സകല സത്യത്തിലും നമ്മളെ വഴിനടത്തുവാന്‍ പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കിയിരിക്കുന്നു എന്നതിനാല്‍ ആയിരിക്കേണം. (യോഹന്നാന്‍ 16:13).

ദൂതന്മാരുടെ സൃഷ്ടിപ്പ്

ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണ്. ദൈവമാണ് അവരെ സൃഷ്ടിച്ചത്. വേദപുസ്തകം പറയുന്നതനുസരിച്ച്, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ അവസരത്തില്‍ അവര്‍ ഉണ്ടായിരുന്നു. അതിനാല്‍ ദൈവം അവരെ പ്രപഞ്ച സൃഷ്ടിക്കു മുമ്പ് സൃഷ്ടിച്ചു എന്നു കരുതാം. വേദപുസ്തകം തുടങ്ങുന്നത്, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‍പ്പത്തി 1:1) എന്ന് പറഞ്ഞുകൊണ്ടാണ്. ഇതിലെ ആകാശവും എന്ന വാക്കിന്റെ എബ്രായ പദം ഹഷമയിം (hashamayim) എന്നതാണ്. ഇതൊരു ബഹുവചന നാമം ആണ്. ഈ വാക്കിന്റെ അര്‍ത്ഥം ആകാശങ്ങള്‍ എന്നാണ്. എബ്രായ വ്യാകരണം അനുസരിച്ചു ആകാശവും ഭൂമിയും എന്ന പ്രയോഗം സ്വര്‍ഗ്ഗത്തെയും സകല പ്രപഞ്ചത്തെയും കാണിക്കുന്നു. അതായത് ആദിയില്‍ ദൈവം സ്വര്‍ഗ്ഗവും സകല പ്രപഞ്ചവും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചു. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോള്‍, എപ്പോഴോ, ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വേണം നമ്മള്‍ മനസ്സിലാക്കുവാന്‍

ഉല്‍പ്പത്തി 1 ആം അദ്ധ്യായം 2 ആം വാക്യം പറയുന്നു: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു”. ഇവിടെ ഭൂമി പാഴും ശൂന്യവുമായിരുന്നു എന്നല്ലാതെ, സ്വര്‍ഗ്ഗത്തെക്കുറിച്ചോ, പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ട മറ്റ് യാതൊരു കാര്യത്തെക്കുറിച്ചോ അങ്ങനെ പറയുന്നില്ല. അതായത് ഭൂമിയല്ലാതെ മറ്റൊന്നും സൃഷ്ടിപ്പിന് ശേഷം പാഴും ശൂന്യവും ആയിരുന്നില്ല അല്ലെങ്കില്‍ ആയിത്തീര്‍ന്നില്ല. അതിനാല്‍ സൃഷ്ടിയുടെ ആരംഭത്തിങ്കല്‍ തന്നെ ദൈവം ദൂതന്മാരെ സൃഷ്ടിച്ചിരുന്നു എന്നു ഒരു കൂട്ടം വേദ പണ്ഡിതന്മാര്‍ കരുതുന്നു. എന്നാല്‍ ഇതൊരു വ്യാഖ്യാനം മാത്രമാണ്, കൃത്യമായ വിവരം ആണ് എന്നു പറയുവാന്‍ സാധ്യമല്ല.   

നെഹെമ്യാവ് 9:6 ല്‍ പറയുന്നു: നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” ഇവിടെ പറയുന്ന ആകാശത്തിലെ സൈന്യം ദൂതഗണങ്ങള്‍ ആണ്.

ഇയ്യോബിനോട് ദൈവം ചോദിക്കുന്ന ചോദ്യത്തില്‍ നിന്നും, ഭൂമിയുടെ സൃഷ്ടിപ്പിന് മുമ്പ് ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം. ഇയ്യോബ് 38: 4 ആം വാക്യത്തില്‍ ദൈവം ചോദിക്കുന്നു: ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?”  6, 7 വാക്യങ്ങളിലെ ചോദ്യം ഇങ്ങനെ ആണ്: “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?” ഇവിടെ പറയുന്ന ദൈവപുത്രന്മാര്‍ ദൂതന്മാര്‍ ആണ്.

സങ്കീര്‍ത്തനം 148:2-5 വരെയുള്ള വാക്യങ്ങളില്‍ ദാവീദ് ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണ് എന്ന് പറയുന്നു. “(2) അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; (2) ... അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ (5).

കൊലൊസ്യര്‍ 1: 16 ല്‍ പൌലൊസ് പറയുന്നു: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” ഇവിടെ പൌലൊസ് പരാമര്‍ശിക്കുന്ന, കര്‍ത്തൃത്വങ്ങള്‍, വാഴ്ചകള്‍, അധികാരങ്ങള്‍ എന്നിവ ദൂതന്മാരെക്കുറിച്ചാണ് എന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം.

ദൂതന്മാരുടെ പ്രത്യേകതകള്‍

ആത്മീയ ജീവികള്‍

ദൂതന്മാര്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണ് എങ്കിലും, അവര്‍ മനുഷ്യരെപ്പോലെയോ, ഭൂമിയിലെ മറ്റേതെങ്കിലും ജീവികളെപ്പോലെയോ അല്ല. ദൂതന്മാര്‍ പലപ്പോഴും മനുഷ്യര്‍ക്ക് ഭൌതീക ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും അവര്‍ ആത്മീയ ജീവികള്‍ ആണ്. അവര്‍ക്ക് ഭൌതീക ശരീരം ഇല്ല. എബ്രായര്‍ 1: 14 അവര്‍ ആത്മീയ ജീവികള്‍ ആണ് എന്നു പറയുന്നു. “അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” ദൂതന്‍മാര്‍ക്ക് മനുഷ്യര്‍ക്ക് ഉള്ളതുപോലെയുള്ള മാസവും അസ്ഥിയും ഇല്ല. (ലൂക്കോസ് 24:39). സാധാരണയായി അവരെ മനുഷ്യര്‍ക്ക് കാണുവാനോ, അവരുടെ സാന്നിധ്യം അനുഭവിച്ചറിയുവാനോ കഴിയുക ഇല്ല. എന്നാല്‍ അവര്‍ മനുഷ്യരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട അവസരങ്ങള്‍ അനേകം ഉണ്ട്. (മത്തായി 28:5, എബ്രായര്‍ 13:2). അവര്‍ക്ക് സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയില്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ കഴിയും. ഭൌതീക വസ്തുക്കള്‍ അവരുടെ യാത്രയെ തടയുക ഇല്ല. അവര്‍ ശക്തരാണ് എങ്കിലും സര്‍വ്വവ്യാപികള്‍ അല്ല. അവര്‍ക്ക് ഒരു സമയത്ത് ഒരു സ്ഥലത്തുമാത്രമേ കാണപ്പെടുവാന്‍ കഴിയൂ. അവര്‍ക്ക് അതിയായ ബുദ്ധിശക്തി ഉണ്ട് എങ്കിലും അവര്‍ സര്‍വ്വജ്ഞാനികള്‍ അല്ല. (മത്തായി 24:36). ദൂതന്‍ എന്ന വാക്ക് പുല്ലിംഗം ആണ് എങ്കിലും അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല. അവര്‍ നന്മ തിന്‍മകളുടെ വ്യക്തിരൂപങ്ങള്‍ അല്ല. ദൈവത്തിന്റെ കല്‍പ്പനകളെ നടപ്പിലാക്കുവാനായി സൃഷ്ടിക്കപ്പെട്ട ശ്രേഷ്ഠ ജീവികള്‍ ആണവര്‍.

ദൂതന്മാര്‍ വിവാഹം കഴിക്കുന്നില്ല

ദൂതന്മാര്‍ വിവാഹം കഴിക്കുന്നില്ല എന്ന് യേശു, മത്തായി 22:30 ല്‍ വ്യക്തമാക്കുന്നു. “പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.” ലൂക്കോസിന്റെ സുവിശേഷത്തില്‍, സദൂക്യരുടെ വാദങ്ങളെ എതിര്‍ക്കുന്ന അവസരത്തില്‍, യേശു ദൂതന്മാര്‍ വിവാഹം കഴിക്കുക ഇല്ല എന്ന് പറയുന്നുണ്ട്. ദൂതന്മാര്‍ മരിക്കുന്നുമില്ല.

 

ലൂക്കോസ് 20: 35, 36

35 എങ്കിലും ആ ലോകത്തിന്നും (പുനരുത്ഥാനത്തിന്റെ ലോകം) മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. 

36 അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. 

ഈ വിഷയത്തെക്കുറിച്ച് മറ്റൊരു വാക്യവും വേദപുസ്തകത്തില്‍ ഇല്ല.

ദൂതന്‍മാര്‍ക്ക് മരണമില്ല

ദൂതന്മാരെ സൃഷ്ടിച്ചപ്പോള്‍ ദൈവം മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം, മരണം ദൈവത്തിന്റെ സ്വരൂപമോ സാദൃശ്യമോ അല്ല. മരണം ദൈവത്തില്‍ നിന്നും പുറപ്പെട്ട് വരുന്നില്ല. അതിനാല്‍ ദൂതന്‍മാര്‍ക്ക് മരണം ഇല്ല. ലൂക്കോസ് 20:35, 36 വാക്യങ്ങളില്‍ ദൂതന്‍മാര്‍ക്ക് മരണമില്ല എന്ന് യേശു സൂചിപ്പിക്കുന്നുണ്ട്. മരണം മനുഷ്യരില്‍ പാപത്താല്‍ കടന്നുവന്നതാണ്.

ദൂതന്മാര്‍ വിശുദ്ധര്‍ ആണ്

ദൂതന്മാരെ ദൈവം വിശുദ്ധന്മാര്‍ ആയിട്ടാണ് സൃഷ്ടിച്ചത്. ദൈവത്തെ സ്തുതിക്കുവാനും സേവിക്കുവാനും വേണ്ടി ആയിരുന്നു അവര്‍ സൃഷ്ടിക്കപ്പെട്ടത്. (യെശയ്യാവു 6:3). വേദപുസ്തകത്തില്‍ പലയിടത്തും കാണുന്ന “സൈന്യങ്ങളുടെ യഹോവ” എന്ന പദസമുച്ചയത്തിലെ “സൈന്യങ്ങള്‍” എന്ന വാക്ക് ദൂതന്മാരെക്കുറിച്ചാണ്. മത്തായി 16:27 ല്‍ യേശുക്രിസ്തു അവന്റെ ദൂതന്മാരെക്കുറിച്ച് പറയുന്നു: “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.”

ദൂതന്‍മാര്‍ക്ക് വ്യക്തിത്വം ഉണ്ട്

ദൂതന്‍മാര്‍ക്ക്, മനുഷ്യരുമായി ചില കാര്യങ്ങളില്‍ സാമ്യം ഉണ്ട്. അവര്‍ക്ക് വ്യക്തിത്വം ഉണ്ട് എന്നതാണു പ്രധാന സാമ്യം. ദൂതന്‍മാര്‍ക്ക് ബുദ്ധിയും, വികാരവും, ഇശ്ചാ ശക്തിയും ഉണ്ട്. അതിനാല്‍ കാര്യങ്ങളെ മനസ്സിലാക്കുവാനും തിരഞ്ഞെടുക്കുവാനും ഉള്ള കഴിവുകള്‍ അവര്‍ക്ക് ഉണ്ട്. (2 ശമുവേല്‍ 14:20). എന്നാല്‍, അവര്‍, ചരിത്രത്തില്‍ എപ്പോഴോ, നന്‍മയെയും, ദൈവത്തോടുള്ള വിശ്വസ്തതയെയും ഒരിക്കലായും എന്നേക്കുമായും തിരഞ്ഞെടുത്തു. അതിനാല്‍ ഇനി അവര്‍ തിന്മയെ തിരഞ്ഞെടുക്കുക ഇല്ല.  ഈ പത്രൊസ് 1: 12 ല്‍ രക്ഷയുടെ മഹത്വത്തെ ഗ്രഹിക്കുവാന്‍,  “അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” എന്നു പറയുന്നത്, അവര്‍ക്ക് വികാരങ്ങളും, ഇശ്ചയും, വ്യക്തിത്വവും ഉണ്ട് എന്നത് സൂചിപ്പിക്കുന്നു.

ദൂതന്മാര്‍, ദൈവത്തിന്റെ ദൂതുകളുമായി മനുഷ്യരുടെ അടുക്കല്‍ വരുമ്പോള്‍, മനുഷ്യര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ ശരിയായി ഉത്തരം നല്‍കുന്നുണ്ട്. ഇത് അവര്‍ക്ക് ചിന്താ ശക്തിയും, ഗ്രഹിക്കുവാനും വിവേചിക്കുവാനും പ്രതികരിക്കുവാനും ഉള്ള കഴിവ് ഉണ്ട് എന്നു കാണിക്കുന്നു. അവര്‍ക്ക് മനുഷ്യരെക്കുറിച്ചുള്ള ദൈവീക പദ്ധതികളെക്കുറിച്ച് അറിവുണ്ട്. 

ദൂതന്മാരുടെ പ്രത്യക്ഷത

ദൂതന്മാര്‍ പൊതുവേ അദൃശ്യ ജീവികള്‍ ആണ്. അവര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ അവര്‍ മനുഷ്യര്‍ക്ക് പ്രത്യക്ഷമാകുകയുള്ളൂ. പുതിയനിയമത്തിലും പഴയനിയമത്തിലും അനേക പ്രാവശ്യം അവര്‍ പ്രത്യക്ഷമായിട്ടുണ്ട്  എങ്കിലും പെന്തക്കോസ്ത് നാളിലെ അനുഭവത്തിന് ശേഷം അവരുടെ പ്രത്യക്ഷത കുറഞ്ഞു. എന്നാല്‍ ഇന്ന് അവര്‍ക്ക് യാതൊരു ശുശ്രൂഷയും മനുഷ്യരുടെ ഇടയില്‍ ഇല്ല എന്ന് ഇതിന് അര്‍ത്ഥമില്ല. ഇന്നും അവര്‍  "രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കള്‍" ആയി ശുശ്രൂഷ ചെയ്യുന്നുണ്ട്. (എബ്രായര്‍ 1:14). അതിനാലാണ്, "സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ." എന്നു എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്‍ ഉപദേശിക്കുന്നത്. (എബ്രായര്‍ 13:1,2)

ദൂതന്മാര്‍ മനുഷ്യരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട് എങ്കിലും സാറാഫുകള്‍ (seraphim) എന്ന ദൂതഗണം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. (യെശയ്യാവു 6:2). ദൂതന്മാര്‍ ഒരിക്കലും, മൃഗങ്ങളുടെയോ, പക്ഷികളുടെയോ, മറ്റേതെങ്കിലും വസ്തുക്കളുടെയോ രൂപത്തില്‍ ഒരിക്കലും പ്രത്യക്ഷമായിട്ടില്ല. എന്നാല്‍ ദൈവത്തിന്റെ ദൂതന്‍ എന്ന് പ്രത്യേകമായി വിശേഷിക്കപ്പെടുന്ന ദൂതന്‍, തീയില്‍ നിന്നും മേഘത്തില്‍ നിന്നും, ഒരിക്കല്‍ ഒരു കഴുതയിലൂടെയും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ദൂതന്മാര്‍ ഒരിക്കലും, ദുഷ്ടന്മാര്‍ക്ക് പ്രത്യക്ഷമായി, വരുവാനിരിക്കുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സ്വര്‍ഗ്ഗീയ ദൂതന്മാര്‍ എപ്പോഴും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രത്യക്ഷമായിട്ടുള്ളൂ. ദൂതന്മാര്‍ എപ്പോഴും പുരുഷന്മാരുടെ രൂപത്തിലാണ് പ്രത്യക്ഷമായിട്ടുള്ളത്. അവര്‍ ശിശുക്കളുടെയോ, സ്ത്രീകളുടെയോ രൂപത്തില്‍ പ്രത്യക്ഷമായിട്ടില്ല. ഒരിക്കലും നഗ്നരായി അവര്‍ പ്രത്യക്ഷമായിട്ടില്ല. അവര്‍ മനുഷ്യരെപ്പോലെ പ്രത്യക്ഷമായതിനാല്‍, അവരെ തിരിച്ചറിയുവാന്‍ കഴിയാതെ ഇരുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അബ്രാഹാമിനെ സന്ദരിശിച്ച മൂന്നു ദൂതന്മാരെ, അവര്‍ ദൂതന്മാര്‍ ആണ് എന്ന് അറിയാതെ സല്‍ക്കരിച്ചു. (എബ്രായര്‍ 13:2). യോശുവ 5:13, ന്യായാധിപന്മാര്‍ 6:21, 22; 13:21 എന്നിവിടങ്ങളില്‍ ഇതിന് ഉദാഹരണങ്ങള്‍ ഉണ്ട്.  

രൂപത്തിലും വസ്ത്രങ്ങളിലും അതിശയകരമോ. അസാധാരണമോ ആയ രീതിയില്‍ അവര്‍ മനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ന്യായാധിപന്മാര്‍ 13: 6 ല്‍  മാനോഹയുടെ ഭാര്യ ചെന്നു ഭർത്താവിനോടു പറയുന്നത് ഇങ്ങനെ ആണ്: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു. ലൂക്കോസ് 24:4 ല്‍ കല്ലറയില്‍ യേശുവിന്റെ ശരീരം കണ്ടില്ല എന്നതിനെക്കുറിച്ച്  അവിടെ ചെന്ന സ്ത്രീകള്‍ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു, എന്നു നമ്മള്‍ വായിക്കുന്നു. അപ്പോസ്തല പ്രവൃത്തികള്‍ 1:10 ല്‍ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന അവസരത്തില്‍, ശിഷ്യന്മാര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു, എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ദൂതന്മാരെക്കുറിച്ച് മനോഹരമായ ഒരു വിവരണം ദാനീയേലിന്റെ പുസ്തകത്തില്‍ ഉണ്ട്. ദാനിയേല്‍ ഹിദ്ദേക്കൽ എന്ന മഹാനദീതീരത്തു ഇരിക്കയിൽ (Tigris) ഒരു ദൂതന്‍ അവന് പ്രത്യക്ഷനായി.

 

ദാനിയേല്‍ 10:5, 6

   തലപൊക്കി നോക്കിയപ്പോൾ, ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.

   അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽപ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.

ദൂതന്മാര്‍ സാക്ഷികള്‍ ആണ്

സ്വര്‍ഗ്ഗീയ ദൂതന്മാര്‍ സദാ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല, അവര്‍ മനുഷ്യരെക്കുറിച്ചുള്ള ദൈവീക വീണ്ടെടുപ്പു പദ്ധതിയുടെ സാക്ഷികള്‍ ആണ്. യേശുക്രിസ്തു ബേത്ലേഹെമില്‍ ജനിച്ചപ്പോള്‍, അവിടെ ഉണ്ടായിരുന്ന ആട്ടിടയന്‍മാര്‍ക്ക് ദൂതന്മാര്‍ പ്രത്യക്ഷ്യമായി. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” എന്നു അവര്‍ അറിയിച്ചു. (ലൂക്കോസ് 2:11). അവര്‍ രക്ഷാപദ്ധതി മനുഷ്യരെ അറിയിക്കുക ആയിരുന്നു. ലൂക്കോസ് 15:10 ല്‍ യേശു പറയുന്നു: “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ദൈവത്തിന്റെ രക്ഷാപദ്ധതിയിലേക്ക് “ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു എന്നു 1 പത്രൊസ് 1:12 ല്‍ നമ്മള്‍ വായിക്കുന്നു. 1 തിമൊഥെയൊസ് 5:21 ല്‍ പൌലൊസ് പറയുന്നു: “ നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.”

ദൂതന്മാര്‍ ശക്തന്മാര്‍ ആണ്

ദൂതന്മാര്‍ അതിശക്തന്മാര്‍ ആണ്. ദൂതന്മാരെ “വീരന്മാര്‍” എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 103: 20 ല്‍ വിളിക്കുന്നത്. 2 പത്രൊസ് 2: 11 ല്‍ ദൂതന്മാരെ “ബലവും ശക്തിയും ഏറിയ ദൂതന്മാർ” എന്നു വിശേഷിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ശവശരീരം വച്ചിരുന്ന കല്ലറയെ അടച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയത് ഒരു ദൂതന്‍ ആയിരുന്നു. ദാനിയേല്‍ 10: 13 ലും വെളിപ്പാടു 12:7 ലും 20: 2 ലും ദൂതന്മാര്‍ സാത്താന്യ ശക്തികളോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിക്കുന്നത് കാണാം.

ആരാധനാപാത്രങ്ങള്‍ അല്ല

ദൂതന്മാരെ ആരാധിക്കുവാന്‍ പാടില്ല എന്നു തന്നെ വേദപുസ്തകം പഠിപ്പിക്കുന്നു. കൊലൊസ്യര്‍ 2:18 ല്‍ നിന്നും ദൂതന്മാരെ ആരാധിക്കുന്നവര്‍ ആ പ്രദേശത്ത് ഉണ്ടായിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കുന്നു. എന്നാല്‍ പൌലൊസ് അവരെ തള്ളിപ്പറയുകയും അവര്‍ വിശ്വാസത്തിന്റെ വിരുത് തെറ്റിക്കുവാതിരിക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണം എന്നും പൌലൊസ് പറയുന്നു. വെളിപ്പാട് 19:10 ല്‍ യോഹന്നാന്‍ ദൂതനെ നമസ്കരിക്കുവാന്‍ ഭാവിക്കുന്നതിനെക്കുറിച്ച് നമ്മള്‍ വായിക്കുന്നു. എന്നാല്‍ ദൂതന്‍ അവനെ വിലക്കി. യേശുവിന്റെ സാക്ഷ്യം ഉള്ള എല്ലാവരുടെയും സഹഭൃത്യന്‍ ആണ് ദൂതന്മാര്‍ എന്നും നമ്മള്‍ ഇവിടെ നിന്നും മനസ്സിലാക്കുന്നു. ദൈവത്തെ നമസ്കരിക്ക എന്നാണ് ദൂതന്‍ യോഹന്നാനെ ഉപദേശിക്കുന്നത്.

 

വെളിപ്പാടു 22:9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.

നമ്മള്‍ ദൂതന്മാരോടു പ്രാര്‍ത്ഥിക്കുവാനും വേദപുസ്തകത്തില്‍ വ്യവസ്ഥയില്ല. 1 തിമൊഥെയൊസ് 2: 5 ല്‍ പൌലൊസ് പറയുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ”. വേദപുസ്തകത്തില്‍ ഒരിടത്തും, ആരെങ്കിലും ദൂതന്മാരോടു നേരിട്ട് പ്രാര്‍ഥിച്ചതായോ അവരുടെ സഹായം നേരിട്ട് ആവശ്യപ്പെട്ടതായോ, അവരോടു കല്‍പ്പിച്ചതായോ രേഖയില്ല. ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കായി മനുഷ്യര്‍ ആവശ്യപ്പെട്ടതായും രേഖയില്ല. ദൂതന്മാര്‍, ദൈവത്തിന്റെ കല്പ്പന പ്രകാരം മനുഷ്യരെ സഹായിക്കുകയും, അവര്‍ക്ക് പ്രത്യക്ഷര്‍ ആകുകയും ആണ് ചെയ്യുന്നത്. എന്നാല്‍, ദൂതന്മാരുടെ സഹായത്തിനായി നമ്മള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. ദൈവമാണ് നമ്മളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതും നിവര്‍ത്തിച്ച് തരുന്നതും. 

പേരുള്ള ദൂതന്മാര്‍

മീഖായേല്‍

സ്വര്‍ഗ്ഗീയ ദൂതന്മാരില്‍ രണ്ടു പേരുടെ പേരുകള്‍ മാത്രമേ വേദപുസ്തകത്തില്‍ പറയുന്നുള്ളൂ. ഒന്നു മീഖായേല്‍ ആണ്. (യൂദാ 1: 9). അവന്‍ നാല് പ്രാവശ്യം പ്രത്യക്ഷപ്പെടുന്നതായി വേദപുസ്തകത്തില്‍ രേഖയുണ്ട്. യൂദാ 1: 9 ല്‍ മീഖായേലിനെ “പ്രധാനദൂതനായ മിഖായേൽ എന്നാണ് വിളിക്കുന്നത്. ദാനീയേല്‍ 10: 13 ല്‍ അവനെ “പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നു വിളിക്കുണ്ട്. വീണ്ടും, ദാനിയേല്‍ 12: 1 ല്‍ അവനെ, “മഹാപ്രഭുവായ മീഖായേൽ” എന്നു വിളിക്കുന്നു. വെളിപ്പാടു 12: 7 ല്‍ വീണുപോയ ദൂതന്മാരോടു പടവെട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്ന മീഖായേലിനെ നമ്മള്‍ കാണുന്നു. “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.”

ഗബ്രീയേല്‍

വേദപുസ്തകത്തില്‍ പേരുപറയുന്ന രണ്ടാമത്തെ ദൂതന്‍, ഗബ്രീയേല്‍ ആണ്. ഗബ്രിയേല്‍ ദൂതന്‍ വേദപുസ്തകത്തില്‍ 4 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. അവന്‍ എപ്പോഴും ദൈവത്തിന്റെ സന്ദേശവാഹകനായാണ് പ്രത്യക്ഷനാകുന്നത്. രണ്ടു പ്രാവശ്യം ദാനിയേല്‍ പ്രവാചകന് ഗബ്രിയേല്‍ പ്രത്യക്ഷനായി (ദാനിയേല്‍ 8:16). ഒരു പ്രാവശ്യം യോഹന്നാന്‍ സ്നാപകന്റെ പിതാവായ സെഖര്യാവ് പുരോഹിതനും ഒരു പ്രാവശ്യം യേശുവിന്റെ അമ്മ മറിയക്കും അവന്‍ പ്രത്യക്ഷനായി (ലൂക്കോസ് 1:19, 26). ഇവിടെ എല്ലാം അവന്‍ മനുഷ്യ രൂപത്തില്‍ ആണ് പ്രത്യക്ഷനായത്. 

ദൂതന്മാരുടെ ഉത്തരവാദിത്തങ്ങളും ജോലികളും

ദൂതന്മാരുടെ ഉത്തരവാദിത്തങ്ങളും ജോലികളും എന്തെല്ലാം ആണ് എന്നു വേദപുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. പൊതുവേ, അവര്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അവര്‍ക്ക് സ്വന്തമായ പ്രവര്‍ത്തനങ്ങളോ, തീരുമാനങ്ങളോ ഇല്ല.  

ദൂതുകളെ അറിയിക്കുകയും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു

ദൂതന്മാഋഎ ഒരു ജോലി, ദൈവീക ദൂതുകല്‍ മനുഷ്യരെ അറിയിക്കുകയും മുന്നറിയിപ്പ് നല്കുകയും ചെയ്യുക എന്നതാണ്. യിസ്ഹാക്കിന്റെ ജനനം അബ്രാഹാമിനെയും സാറായിയെയും ദൈവദൂതന്മാര്‍ അറിയിക്കുന്നു. ശിംശോന്‍റെ ജനനത്തേകുറിച്ചു അവന്റെ മാതാപിതാക്കന്മാരെ ദൂതന്മാര്‍ മുന്നമേ അറിയിക്കുന്നുണ്ട്. യോഹന്നാന്‍ സ്നാപകന്റെ ജനനവും യേശുക്രിസ്തുവിന്റെ ജനനവും ദൂതന്മാര്‍ മുന്നമേ അറിയിച്ചു. യേശുവിന്റെ ജനനം ആട്ടിടയന്‍മാരെ അറിയിക്കുന്നത് ദൂതന്മാര്‍ ആണ്.

ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ചും ദൂതന്മാര്‍ മനുഷ്യരെ മുന്‍ കൂട്ടി അറിയിക്കാറുണ്ട്. സൊദോം, ഗൊമോരാ, എന്നീ പട്ടണങ്ങളുടെ മേല്‍ സംഭവിക്കുവാനിരിക്കുന്ന നാശം ലോത്തിനെ ദൂതന്‍മാര്‍ കാലേകൂട്ടി അറിയിക്കുണ്ട്. ഹെരോദാ രാജാവ് ശിശുക്കളെ കൊല്ലുവാന്‍ പോകുന്നതിനാല്‍, ശിശുവായ യേശുവിനെയും കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോകുവാന്‍ യോസേഫിനെ അറിയിച്ചതും ദൂതന്മാര്‍ ആണ്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു

അബ്രഹാം സ്വന്ത ദേശത്തുനിന്നും യാത്ര പുറപ്പെട്ടത് മുതല്‍, യിസ്രായേല്‍ ജനം കനാന്‍ ദേശം പിടിച്ചടക്കിയതുവരെയുള്ള നീണ്ട കാലയളവില്‍, പല പ്രാവശ്യം ദൂതന്മാര്‍ പ്രത്യക്ഷരായി, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ദാനിയേല്‍, സെഖര്യാവ്, യോഹന്നാന്‍ എന്നിവര്‍ കണ്ട ദര്‍ശനങ്ങളെ വ്യാഖ്യാനിച്ചു നല്‍കുന്നതും ദൂതന്മാര്‍ ആണ്. പുതിയനിയമത്തില്‍, യോപ്പയിലേക്ക് ആളെ അയച്ച് പത്രൊസിനെ വിളിക്കുവാന്‍ കൈസര്യയില്‍ താമസിച്ചിരുന്ന കൊര്‍ന്നേല്യൊസിന് നിര്‍ദ്ദേശം നല്‍കുന്നത് ഒരു സ്വര്‍ഗ്ഗീയ ദൂതന്‍ ആണ്. (അപ്പോസ്തല പ്രവൃത്തികള്‍ 10:3-6). അപ്പോസ്തലപ്രവൃത്തികള്‍ 8 ആം അദ്ധ്യായത്തില്‍ ഫിലിപ്പൊസിനോട് യെരൂശലേമില്‍ നിന്നും ഗസെ എന്ന സ്ഥലത്തേക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുന്നതും കര്‍ത്താവിന്റെ ദൂതന്‍ ആണ്. (8:26). പൌലൊസ് തടവുകാരനായി റോമിലേക്ക് യാത്രചെയ്യുമ്പോള്‍, കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ടു വലിയ പ്രതികൂലത്തില്‍ ആയി. അപ്പോള്‍ ഒരു ദൂതന്‍ പൌലൊസിന് പ്രത്യക്ഷന്‍ ആയി. ദൂതന്‍ അദ്ദേഹത്തോട് പറഞ്ഞു: “പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു...” (അപ്പോസ്തല പ്രവൃത്തികള്‍ 27:24).

ആവശ്യങ്ങളില്‍ സഹായിക്കുന്നു

മനുഷ്യനെ അവന്റെ ആവശ്യങ്ങളില്‍ സഹായിക്കുക എന്നതാണ്, മനുഷ്യരുടെ ഇടയിലുള്ള അവരുടെ പ്രധാന പ്രവര്‍ത്തി. ഈസബെലിന്റെ ഭീഷണിയില്‍ ഭയപ്പെട്ട്, തളര്‍ന്ന്, ഒരു ചൂരച്ചെടിയുടെ തണലില്‍ കിടന്ന് ഉറങ്ങിയ ഏലീയാവിന്, അടയും, വെള്ളവും നല്‍കുന്ന സ്വര്‍ഗ്ഗീയ ദൂതനെ നമ്മള്‍ 1 രാജാക്കന്മാര്‍ 19 ആം അദ്ധ്യായത്തില്‍ കാണുന്നു. യേശുക്രിസ്തു, നാല്‍പ്പതു ദിവസങ്ങള്‍ മരുഭൂമിയില്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടും കാട്ടുമൃഗങ്ങളോടുകൂടെയും ആയിരുന്നപ്പോള്‍, ദൂതന്മാര്‍ അവനെ ശുശ്രൂഷ ചെയ്തുപോന്നു എന്നു മര്‍ക്കോസ് 1: 13 ല്‍ നമ്മള്‍ വായിക്കുന്നു. യേശുക്രിസ്തു ഗെത്ത്ശെമന തോട്ടത്തില്‍, അതിവേദനയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍, അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി. (ലൂക്കോസ് 22: 43). അപ്പോസ്തലന്മാര്‍ തടവില്‍ ആയിരുന്നപ്പോള്‍, “രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:” (അപ്പോസ്തല പ്രവൃത്തികള്‍ 5: 19).

ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കുന്നു

വേദപുസ്തകത്തില്‍ അനേക സ്ഥലങ്ങളില്‍, ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കുന്ന ദൂതന്മാരെ നമ്മള്‍ കാണുന്നുണ്ട്. ഹെരോദാവ് രാജാവിനെ, കര്‍ത്താവിന്റെ ദൂതന്‍ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി മരിച്ചു എന്ന ചരിത്രം അപ്പോസ്തല പ്രവൃത്തികള്‍ 12: 23 ല്‍ വിവരിക്കുന്നു. യോഹന്നാന് ലഭിച്ച ദൈവീക വെളിപ്പാടുകളില്‍, ദൈവത്തിന്റെ ന്യായവിധി നടപ്പിലാക്കുന്ന ദൂതന്മാരെ കാണാം. സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങളെ നശിപ്പിക്കുവാനും ദൈവം നിയോഗിച്ചത് ദൂതന്മാരെ ആണ്. (ഉല്‍പ്പത്തി 19:13). 2 ദിനാവൃത്താന്തം 32: 21, 2 രാജാക്കന്മാര്‍ 19: 35 എന്നീ രണ്ടു വാക്യങ്ങളും വിശദീകരിക്കുന്ന സംഭവത്തില്‍, യഹോവ ഒരു ദൂതനെ അശ്ശൂർ രാജാവിന്റെ പാളയത്തിലെക്കു അയക്കുകയും അവന്‍ ഒരു ലക്ഷത്തിഎണ്‍പതിനായിരം അശൂര്‍ യോദ്ധാക്കളെ കൊല്ലുന്നതായും പറയുന്നു.

മൂന്ന് വിഭാഗത്തിലുള്ള ദൂതന്മാര്‍

വേദപുസ്തകത്തില്‍ മൂന്ന് വിഭാഗങ്ങളിലുള്ള സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ച് പറയുന്നുണ്ട്. അവര്‍, പ്രധാന ദൂതന്‍, കെരൂബുകള്‍, സാറാഫുകള്‍ എന്നിവ ആണ്.

പ്രധാന ദൂതന്‍

വേദപുസ്തകത്തില്‍ ഒരു ദൂതനെ മാത്രമേ, പ്രധാന ദൂതന്‍ എന്നു വ്ളിക്കുന്നുള്ളൂ. അത് മീഖായേല്‍ ആണ്. പ്രധാന ദൂതന്മാരായി ഒന്നിലധികം പേര്‍ ഉണ്ടോ എന്നും അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാം ആണ് എന്നും വിശദമായി നമുക്ക് അറിഞ്ഞുകൂടാ. ദാനിയേല്‍ 10:13 ല്‍ മീഖായേലിനെ “പ്രധാന പ്രഭു” എന്നും വിളിക്കുന്നുണ്ട്. 

കെരൂബുകള്‍

കെരൂബുകളെക്കുറിച്ച് വേദപുസ്തകത്തില്‍ അനേകം പരാമര്‍ശങ്ങള്‍ ഉണ്ട്. അവരെക്കുറിച്ച് 33 പ്രാവശ്യം പഴയനിയമത്തില്‍ പരാമര്‍ശമുണ്ട്, എന്നാല്‍ പുതിയനിയമത്തില്‍ അവരെക്കുറിച്ച് എബ്രായര്‍ 9: 5 ല്‍ പരാമര്‍ശം ഉണ്ട് എങ്കിലും, ആ വാക്യം മുഖ്യമായും കൃപാസനത്തെക്കുറിച്ചുള്ള ഒരു വിവരണം ആണ്.

ഉല്‍പ്പത്തി 3:24 ല്‍ ആണ് അവരെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം നമ്മള്‍ വായിക്കുന്നത്. യെഹെസ്കേല്‍ 10 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, പ്രവാചകനുണ്ടായ സ്വര്‍ഗ്ഗീയ ദര്‍ശനത്തില്‍ കെരൂബുകളെക്കുറിച്ചുള്ള വിശദമായ ഒരു വിവരണം കാണാം. യഹൂദ ആലയത്തിലെ അതിവിശുദ്ധ സ്ഥലത്തുള്ള കൃപാസനത്തിന്മേല്‍ രണ്ടു കെരൂബുകളുടെ രൂപം ഉണ്ട്. ദൈവം ഈ രണ്ടു കെരൂബുകളുടെ നടുവിൽ ആണ് പ്രത്യക്ഷനാകുന്നതും, യിസ്രായേൽമക്കളോട് അരുളപ്പാടുകള്‍ നല്‍കുന്നതും. (പുറപ്പാട് 25: 22). യെഹെസ്കേല്‍ 1 ആം അദ്ധ്യായത്തിലെ വിവരണത്തിലെ നാല് ജീവികളും, 10 ആം അദ്ധ്യായത്തിലെ കെരൂബുകളും ഒന്നാണ് എന്നു അദ്ദേഹം 10:15 ല്‍ പറയുന്നുണ്ട്. അതിനാല്‍, വെളിപ്പാടു 4: 6 ല്‍ പറയുന്ന നാലു ജീവികലും ഇവര്‍ തന്നെ ആയിരിക്കാം.

ഈ മൂന്നു വിവരണങ്ങളും ഒരുമിച്ച് വായിച്ചാല്‍, കെരൂബുകളെക്കുറിച്ച് നമുക്ക് ഇങ്ങനെ ഒരു വിവരണം നടത്താവുന്നതാണ്. യെഹെസ്കേലിന്റെ വിവരണം അനുസരിച്ച്, കെരൂബുകള്‍ക്ക് നാല് മുഖങ്ങള്‍ ഉണ്ട്. “ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.” (യെഹെസ്കേല്‍ 10: 13).  നാല് ഭാഗത്തും ചിറകിന്റെ കീഴെയായി മനുഷ്യകൈ ഉണ്ടായിരുന്നു. (10:8). അവരുടെ കാലുകള്‍ മിനുക്കിയ താമ്രം പോലെ മിന്നിക്കൊണ്ടിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. (1:7).

എന്നാല്‍, വെളിപ്പാടു പുസ്തകത്തില്‍ ഇവരെ നാല് പ്രത്യേക ജീവികള്‍ ആയിട്ടാണ് യോഹന്നാന്‍ കാണുന്നത്. “ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.” (വെളിപ്പാടു 4:7). യോഹന്നാന്‍, “അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” എന്നുകൂടി പറയുന്നു.

പ്രവാചകന്‍മാരുടെ ഈ വിവരണം അക്ഷരം പ്രതി കൃത്യത ഉള്ളതാണോ എന്നു നമുക്ക് അറിയില്ല. ഒരു പക്ഷേ ദര്‍ശനത്തില്‍ കണ്ടതിന്റെ പ്രതീകാത്മകമായ വിവരണം ആകാം. അവര്‍ അപ്പോകാലിപ്സ് (apocalypse) എന്ന പ്രത്യേകമായ ഒരു സാഹിത്യ രചനാ ശൈലിയില്‍ ആണ് ഈ വിവരണങ്ങള്‍ എഴുതിയിട്ടുള്ളത്. അതില്‍ അക്ഷരീകമായി കൃത്യത ഉണ്ടായിരിക്കേണം എന്നില്ല. ചില വേദപണ്ഡിതന്മാര്‍, യോഹന്നാന്‍റെ ദര്‍ശനത്തിലെ ജീവികള്‍ കെരൂബുകളെപ്പോലെ ഉള്ള മറ്റൊരു കൂട്ടം ദൂതന്മാര്‍ ആയിരുന്നു എന്നു കരുതുന്നു.

കെരൂബുകളെ ദൈവം ഏല്‍പ്പിക്കുപ്രത്യേക ന്ന ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ട്. പാപം ചെയ്ത മനുഷ്യനെ ദൈവം ഏദന്‍ തോട്ടത്തില്‍ നിന്നും ഇറക്കിക്കളഞ്ഞതിന് ശേഷം, ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്‍പ്പത്തി 3:24). യെഹെസ്കേല്‍ വിവരണത്തില്‍ ദൈവത്തിന്റെ സിംഹാസനം കെരൂബുകള്‍ക്ക് മീതെ സ്ഥാപിച്ചിരിക്കുന്നു. ഇതേ ആശയം നമുക്ക് 2 രാജാക്കന്മാര്‍ 19: 15 ലും യെശയ്യാവു 37: 16 ലും കാണാം. “അവൻ കെരൂബിനെ വാഹനമാക്കി പറന്നു;” എന്നു സങ്കീര്‍ത്തനം 18: 10 ല്‍ പറയുന്നു. എന്നാല്‍ ദാനിയേല്‍ കാണുന്ന ദൈവീക ദര്‍ശനത്തില്‍, കെരൂബുകളെക്കുറിച്ച് പറയുന്നില്ല. (ദാനിയേല്‍ 7: 9). ദൈവത്തിന്റെ “സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” എന്നു മാത്രമേ പറയുന്നുള്ളൂ.  

യെഹെസ്കേല്‍ 28:11-19 വരെയുള്ള സോര്‍ രാജാവിനെക്കുറിച്ചുള്ള വിലാപം, സാത്താന്റെ വീഴ്ചയെക്കുറിച്ചാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതില്‍ 14 ആം വാക്യത്തില്‍, സാത്താന്‍, വീഴ്ചയ്ക്ക് മുമ്പ്, ഒരു കെരൂബ് ആയിരുന്നു എന്നു പറയുന്നുണ്ട്. 

സാറാഫുകള്‍

സാറാഫുകളെക്കുറിച്ച് ഒരു പ്രാവശ്യം മാത്രമേ വേദപുസ്തകത്തില്‍ വിവരണമുള്ളൂ. അത് യെശയ്യാവു 6 ആം അദ്ധ്യായത്തില്‍ ആണ്. ഇവിടെ രണ്ടു പ്രാവശ്യം അവരുടെ പേര് പറയുന്നുണ്ട്. പ്രവാചകന്‍ ദൈവത്തെ ഒരു ദര്‍ശനത്തില്‍ കാണുകയും, അവന്റെ ചുറ്റിനും സാറാഫുകള്‍ നില്‍ക്കുന്നതും, “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു” പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ ആരാധിക്കുന്നതായി കാണുകയും ചെയ്തു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. (6: 1, 2). അവര്‍ക്ക് മുഖവും, ആറ് ചിറകുകളും, കൈകളും ഉണ്ടായിരുന്നു. എബ്രായ ഭാഷയില്‍ സറാഫ് (seraph) എന്ന വാക്കിന് “ജ്വലിക്കുന്ന, കത്തുന്ന” എന്നിങ്ങനെ അര്‍ത്ഥം ഉണ്ട്. അതിനാല്‍, യിസ്രായേല്‍ ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചപ്പോള്‍, ജനത്തിന്റെ നടുവിലെക്കു ദൈവം അയക്കുന്ന, അഗ്നിസര്‍പ്പങ്ങള്‍ സാറാഫുകള്‍ ആണ് എന്ന് അഭിപ്രായമുള്ള വേദപണ്ഡിതന്മാര്‍ ഉണ്ട്. (സംഖ്യാപുസ്തകം 21:6)

അധികാരശ്രേണി (hierarchy)

ദൂതന്‍മാര്‍ക്കിടയില്‍ അധികാരശ്രേണി, അല്ലെങ്കില്‍ അധികാര ക്രമം ഉണ്ട് എന്നാണ് വേദപുസ്തകത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്. യൂദാ 1: 9 ല്‍ “പ്രധാന ദൂതനായ മിഖായേല്‍” എന്നു പറയുന്നുണ്ട്. ദാനിയേല്‍ 10: 13 ല്‍ മീഖായേലിനെ “പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തന്‍” എന്നു വിളിക്കുന്നു. വെളിപ്പാടു 12: 7 ല്‍ മീഖായേലും അവന്റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി ജയിക്കുന്നതായി വിവരിക്കപ്പെടുന്നു. 1 തെസ്സലൊനീക്യര്‍ 4: 16 ല്‍ “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും” ചെയ്യും എന്നു പറയുന്നു. എന്നാല്‍ ഇത് മീഖായേല്‍ ആണ് എന്നു പൌലൊസ് പ്രത്യേകം പറയുന്നില്ല. മീഖായേലിനെ കൂടാതെ മറ്റൊരു പ്രധാന ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ എന്നു നമുക്ക് നിശ്ചയമില്ല.

ദൂതന്‍മാര്‍ക്കിടയില്‍ ഉള്ള അധികാര ശ്രേണി, അവര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പം ഉണ്ടാക്കുവാന്‍ സാധ്യതയില്ല. കാരണം അത് സ്വര്‍ഗ്ഗീയ കാഴ്ചപ്പാടിന് യോജ്യമല്ല. എന്നാല്‍ അധികാരശ്രേണി, ഭരണ നിര്‍വ്വഹണത്തിന് ആവശ്യമാണ്. ദൂതന്‍മാര്‍ക്കിടയില്‍ ഉള്ള അധികാര ക്രമം ഉത്തരവാദിത്തങ്ങളുടെ വിഭജനം മാത്രം ആകുവാനാണ് സാധ്യത.   

സ്വര്‍ഗ്ഗത്തിലെ അധികാരശ്രേണിയില്‍ ദൂതന്മാര്‍ മനുഷ്യര്‍ക്ക് തൊട്ട് മുകളില്‍ ആണ്. എന്നാല്‍ ദൂതന്മാര്‍ ക്രിസ്തുവിന് താഴെയാണ് താനും. “അവൻ (ക്രിസ്തു) ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. (എബ്രായര്‍ 1: 4). എബ്രായര്‍ 1: 14 ല്‍ ദൂതന്മാര്‍ ഇപ്പോള്‍,രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ? എന്നു പറയുന്നുണ്ട്. എന്നാല്‍ നമുക്ക് അവരുടെമേല്‍ അധികാരം ഉണ്ട് എന്നു ഇതിന് അര്‍ത്ഥമില്ല. അവര്‍ ദൈവത്തിന്റെ അധികാരത്തിന് കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ “ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തപ്പെട്ടവര്‍ ആണ്. (എബ്രായര്‍ 2:7). കര്‍ത്താവിന്റെ വീണ്ടും വരവില്‍ എടുക്കപ്പെട്ടു കഴിയുമ്പോള്‍, നമ്മള്‍ ദൂതന്മാരെ വിധിക്കുന്നവര്‍ ആയിത്തീരും. (1 കൊരിന്ത്യര്‍ 6:3). അത് കര്‍ത്താവുമായുള്ള ബന്ധത്തില്‍ സംഭവിക്കുന്നതാണ്.

കാവല്‍ മാലാഖമാര്‍

നമുക്ക് കാവല്‍ മാലാഖമാര്‍ ഉണ്ട് എന്നത്, ദൂതന്മാരെക്കുറിച്ചുള്ള ഒരു വിശ്വാസമാണ്. ഇതിന് അടിസ്ഥാനം സങ്കീര്‍ത്തനം 34:7 ആണ്. ഈ വാക്യം ഇങ്ങനെ ആണ്: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. സങ്കീര്‍ത്തനം 91 ലും സമാനമായ വാക്യം ഉണ്ട്.

 

സങ്കീര്‍ത്തനം 91: 11, 12

11    നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

12   നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.

മത്തായി 26: 53 ആം വാക്യത്തില്‍ യേശുക്രിസ്തുവും കാവല്‍ മാലാഖ്മാരെക്കുറിച്ച് പറയുന്നുണ്ട്: “എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?

മത്തായി 18: 10, 11 വാക്യങ്ങളില്‍ ശിശുക്കള്‍ക്ക് കാവല്‍ മാലാഖമാര്‍ ഉണ്ട് എന്ന് യേശു പറയുന്നുണ്ട്.

 

10   ഈ ചെറിയവരിൽ (ശിശുക്കളില്‍) ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 

11    സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 

എന്നാല്‍ ഓരോരുത്തര്‍ക്കും പ്രത്യേകം കാവല്‍ മാലാഖമാര്‍ ഉണ്ട് എന്നാണോ, ശിശുക്കള്‍ക്ക് പൊതുവേ സംരക്ഷണം നല്കുവാന്‍ ദൂതന്മാര്‍ ഉണ്ട് എന്നാണോ യേശു ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. അപ്പോസ്തല പ്രവൃത്തികള്‍ 12: 15 ല്‍ പത്രൊസിന്റെ ദൂതനെക്കുറിച്ചുള്ള പരാമര്‍ശവും, വ്യക്തിപരമായി ഒരു കാവല്‍ മാലാഖ ഉണ്ട് എന്നത് തീര്‍ച്ചയാക്കുന്നില്ല. ഒരു കൂട്ടം വേദപണ്ഡിതന്മാര്‍, വീണ്ടെടുക്കപ്പെട്ട മനുഷ്യര്‍ക്ക്, വ്യക്തിപരമായി കാവല്‍ മാലാഖമാര്‍ ഉണ്ട് എന്ന് കരുത്തുന്നു. രണ്ടാമതൊരു കൂട്ടര്‍, വീണ്ടെടുക്കപ്പെട്ടവര്‍ക്ക് പൊതുവേ കാവല്‍ മാലാഖമാര്‍ ഉണ്ട് എന്നു മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഇത് രണ്ടും നമുക്ക് തെളിയിക്കുവാന്‍ കഴിയുന്നതല്ല.

യഹോവയുടെ ദൂതന്‍

ദൂതന്മാരുടെ പ്രത്യക്ഷത വിവരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍, “യഹോവയുടെ ദൂതന്‍” എന്നൊരു പ്രത്യേക പരാമര്‍ശം കാണുന്നുണ്ട്. ഇത് സ്വര്‍ഗ്ഗത്തിലെ മറ്റ് ദൂതന്മാരില്‍ നിന്നും വ്യത്യസ്ഥന്‍ ആയ ഒരു വ്യക്തിയെക്കുറിച്ചാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. പഴയനിയമത്തിലും പുതിയനിയമത്തിലും ഈ വ്യക്തിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഇദ്ദേഹം, “യഹോവയുടെ ദൂതന്‍”, “സമ്മുഖ ദൂതന്‍”, “നിയമദൂതന്‍” എന്നിങ്ങനെ ആണ് വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. (angel of the LORD, angel of the Presence, messenger, of the Covenant - ഉല്‍പ്പത്തി 16:7; യെശയ്യാവ് 63:9; മലാഖി 3:1).  

ഈ ദൂതന്‍ ആരായിരിക്കാം എന്നതിന് മൂന്നു സാധ്യതകള്‍ ആണ് വേദപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹം ദൈവത്തിന്റെ വളരെ പ്രത്യേകമായ ഒരു ദൂതന്‍ ആയിരിക്കാം. ഇത് പിതാവായ ദൈവത്തിന്റെ പ്രത്യക്ഷത ആയിരിക്കാം (Theophany). ഈ ദൂതന്‍, യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ആയിരിക്കാം (Christophany). ഇതിനെക്കുറിച്ച് മനസ്സിലാക്കുവാനായി നമുക്ക് ചില സംഭവങ്ങള്‍ പരിശോധിക്കാം.

വേദപുസ്തകത്തില്‍ ആദ്യമായി യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായതായി എന്ന് പറയുന്നതു ഉല്‍പ്പത്തി 16:7 ല്‍ ആണ്. ഇവിടെ യഹോവയുടെ ദൂതന്‍, അബ്രാഹാമിന്റെ ഭാര്യ സാറായിയുടെ ദാസിയായ ഹാഗാരിന് പ്രത്യക്ഷമാകുന്നു. അപ്പോള്‍, യഹോവയുടെ ദൂതന്‍ അവള്‍ക്ക് ഒരു വാഗ്ദത്തവും നല്കി. “ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.” (16:10). “ഞാന്‍ നിന്‍റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും” എന്ന വാചകം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു ദൂതന് നിവര്‍ത്തിക്കുവാന്‍ കഴിയുന്ന കാര്യം അല്ല. ദൂതന്‍ മറഞ്ഞപ്പോള്‍, ഹാഗാര്‍ പറഞ്ഞതിങ്ങനെ ആണ്: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.” (16:13). അവള്‍ക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് അവള്‍ മനസ്സിലാക്കിയത്.

അബ്രഹാമും അവന്റെ ഭാര്യ സാറയും മമ്രേയുടെ തോപ്പില്‍ താമസിക്കുമ്പോള്‍, അവര്‍ക്ക് മൂന്നു ദൂതന്മാര്‍ പ്രത്യക്ഷമായി. അവര്‍ രണ്ടു കാര്യങ്ങള്‍ അറിയിക്കുവാനാണ് പ്രത്യക്ഷമായത്. ഒന്നു, അടുത്ത വര്‍ഷമാകുമ്പോഴേക്കും, അബ്രാഹാമിന്നും സാറായ്ക്കും ഒരു മകന്‍ ജനിക്കും. രണ്ടു, അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിച്ചിരുന്ന സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങളെ ദൈവം നശിപ്പിക്കുവാന്‍ പോകുന്നു. ഉല്‍പ്പത്തി 18: 1 ല്‍ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; എന്നു പറഞ്ഞുകൊണ്ടാണ് ഈ സംഭവത്തിന്റെ വിവരണം ആരംഭിക്കുന്നത്. പിന്നീട് ഇതേ ആദ്ധ്യായത്തില്‍, ഈ വിവരണത്തില്‍, “യഹോവ”യുടെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. അതിനാല്‍ മൂന്നു ദൂതന്മാരില്‍ ഒരുവന്‍ യഹോവയായ ദൈവം തന്നെ ആയിരുന്നു എന്നു അനുമാനിക്കപ്പെടുന്നു.

അബ്രഹാം മോരിയാ ദേശത്തുള്ള ഒരു മലയുടെ മുകളില്‍ തന്റെ ഏക മകനെ യാഗം കഴിക്കുന്ന സംഭവം നമുക്ക് സുപരിചിതമാണല്ലോ. അബ്രഹാം യിസ്ഹാക്കിനെ കൊല്ലേണ്ടതിന് കത്തി എടുത്തു കൈനീട്ടിയപ്പോള്‍,ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു;” (ഉല്‍പ്പത്തി 22:11). 15 ആം വാക്യത്തില്‍ വീണ്ടും പറയുന്നു: “യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു”. അതിനു ശേഷം ഈ ദൂതന്‍ അബ്രാഹാമുമായുള്ള ഉടമ്പടി വീണ്ടും പ്രഖ്യാപിക്കുന്നു. ഇതില്‍, “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും” (22:17); “ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നീ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും” എന്നത് ഒരു ദൂതന് നിവര്‍ത്തിക്കുവാന്‍ കഴിയുന്ന കാര്യം അല്ല. മാത്രവുമല്ല, ഈ സംഭവത്തിന് മുമ്പ് തന്നെ, ദൈവം ഈ വാഗ്ദത്തങ്ങള്‍ അബ്രാഹാമിന് നല്‍കിയതും ആണ്.   

ഉല്‍പ്പത്തി 31: 11 ല്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍ യാക്കോബിന് പ്രത്യക്ഷനായി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. 32: 30 ല്‍  യക്കോബ് ഒരു പുരുഷനുമായി മല്ലുപിടിക്കുന്നു. ഇതിനെക്കുറിച്ച് 30 ആം വാക്യത്തില്‍ യാക്കോബ് പറഞ്ഞതിങ്ങനെ ആണ്:  ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല”. ഉല്‍പ്പത്തി 48 ലെ യാക്കോബിന്റെ ജീവിതത്തിലെ അവസാന വാക്കുകളില്‍ ചിലത് ഇങ്ങനെ ആണ്: “ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം”, “എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ”. (48:15, 16). യാക്കോബ് തന്റെ ജീവിതത്തില്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ട ദൂതന്‍ യഹോവയായ ദൈവം തന്നെ ആയിരുന്നു എന്നു വിശ്വസിച്ചു.

ദൈവത്തിന്റെ ഈ പ്രത്യേക ദൂതന്റെ പ്രത്യക്ഷത മോശെയ്ക്കും ഉണ്ടായിട്ടുണ്ട്.  ഹോരേബ്  പര്‍വ്വതത്തില്‍ മോശെയ്ക്ക് പ്രത്യക്ഷനായത്, “യഹോവയുടെ ദൂതൻ” ആയിരുന്നു. (ഉല്‍പ്പത്തി 3:2). ഈ ദൂതന്‍ സ്വയം പരിച്ചപ്പെടുത്തുന്നത് അവന്‍, “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നാണ്. (3:6). “മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.” എന്നും അതേ വാക്യം പറയുന്നു. ഈ സംഭവത്തെകുറിച്ച്, സ്തെഫാനൊസ് പറയുന്നതിങ്ങനെ ആണ്: “... സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.” (അപ്പോസ്തലപ്രവൃത്തികള്‍ 7:30).

മരുഭൂമിയിലൂടെ യാത്രചെയ്ത യിസ്രായേല്‍ ജനത്തിന്റെ മുന്നില്‍ ഒരു ദൂതനെ അയക്കാം എന്നു ദൈവം വാഗ്ദത്തം ചെയ്തു. പുറപ്പാട് 23: 20 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ ദൈവം പറയുന്നതിങ്ങനെ ആണ്: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. (20) ... എന്റെ നാമം അവനിൽ ഉണ്ടു (21) ..... നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. (22) .... എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോർയ്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. (23).

യോശുവ 5 ആം അദ്ധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിയും ദൈവത്തിന്റെ പ്രത്യക്ഷത തന്നെ ആയിരിക്കുവാനാണ് സാധ്യത. ദൂതന്‍ സ്വയം പരിചയപ്പെടുത്തുന്നത്, “ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നാണ്. (യോശുവ 5: 14). യോശുവ സാഷ്ടാംഗം വീണു അവനെ നമസ്കരിച്ചു. “യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.” (5:15).

മറ്റ് പല അവസരങ്ങളിലും, വിശ്വാസവീരന്‍മാര്‍ക്ക് യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായതിന്റെ ചരിത്രം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപന്മാര്‍ 6:12 ല്‍ യഹോവയുടെ ദൂതന്‍ ഗിദെയോന് പ്രത്യക്ഷനാകുന്നത് നമ്മള്‍ വായിക്കുന്നു. ശിംശോന്‍റെ പിതാവായ മനോഹയ്ക്കും മാതാവിനും യഹോവയുടെ ദൂതന്‍ പ്രത്യക്ഷമായി. (ന്യായാധിപന്മാര്‍ 13: 3, 13). അവര്‍ അവനെ സാഷ്ടാംഗം വീണു ആരാധിച്ചു. ഇതിനെക്കുറിച്ച് മാനോഹ പറഞ്ഞത്, ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും” (13:22) എന്നാണ്.

ഈ പ്രത്യക്ഷതയെല്ലാം പിതാവായ ദൈവത്തിന്റെ പ്രത്യക്ഷത ആയിരുന്നു എന്നും പുത്രനായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ആയിരുന്നു എന്നും രണ്ടു അഭിപ്രായങ്ങള്‍ ഉണ്ട്. അതിനാല്‍ ഇവയെ എല്ലാം ഒരേ സമയം യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയായും വ്യാഖ്യാനിക്കാവുന്നതാണ്. ഇതിന് പിന്‍ബലമായി, വളരെ വ്യക്തമായ ഒരു സംഭവം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

2 ശമുവേല്‍ 24 ല്‍ ദൈവീക അരുളപ്പാട് ഇല്ലാതെ, ദാവീദ് യിസ്രായേല്‍ ജനത്തെ എണ്ണി സംഖ്യ എടുത്തത്  ദൈവത്തിന് അനിഷ്ടമായി. അതിനാല്‍, രാജ്യത്ത് എല്ലായിടവും, യഹോവ മഹാമാരി അയച്ചു. 16 ആം വാക്യം പറയുന്നു: “എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈനീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.” ഇവിടെ പിതാവായ ദൈവവും, യഹോവയുടെ ദൂതനും രണ്ടു വ്യക്തികള്‍ ആണ്. അതിനാല്‍, ഈ ദൂതന്‍ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ആണ് എന്നു കരുതപ്പെടുന്നു. മാത്രവുമല്ല, യഹോവയുടെ ദൂതന്‍ എന്നു ഇവിടെ വിളിക്കപ്പെടുന്ന ദൂതന്‍, യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ആയിരുന്നതിനാല്‍, അതേ പേര് ഉപയോഗിച്ചിട്ടുള്ള മറ്റ് എല്ലായിടത്തും അത് യേശുക്രിസ്തുവിന്റെ പ്രത്യക്ഷ ആയിരുന്നു എന്ന് കരുതാം.

മറ്റൊരു വേദഭാഗം, സെഖര്യാവ് പ്രവാചകന്റെ പുസ്തകം 1: 11-13 വരെയുള്ള വാക്യങ്ങള്‍ ആണ്. ഇവിടെ യഹോവയുടെ ദൂതന്‍ സൈന്യങ്ങളുടെ യഹോവയോട് പ്രാര്‍ത്ഥിക്കുന്നത് നമ്മള്‍ വായിക്കുന്നു. അതിനു മറുപടിയായി യഹോവ ആ ദൂതനോടു അരുളിചെയ്യുന്നതും രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെയും പിതാവായ ദൈവവും, യഹോവയുടെ ദൂതനും രണ്ടു വ്യക്തികള്‍ ആണ് എന്ന് വ്യക്തമാകുന്നു. അതിനാല്‍ യഹോവയുടെ ദൂതന്‍ എന്നത് യേശുക്രിസ്തുവിന്റെ പ്രത്യക്ഷ ആണ് എന്ന് മനസ്സിലാക്കുന്നത് ആയിരിയ്ക്കും കൂടുതല്‍ ശരി.

ഈ രണ്ടു അഭിപ്രായങ്ങളെയും നിലനിറുത്തിക്കൊണ്ട് പറഞ്ഞാല്‍, യഹോവയുടെ ദൂതന്‍ എന്ന് വിശേഷിക്കപ്പെടുന്ന ദൂതന്‍റെ പ്രത്യക്ഷത പിതാവായ ദൈവത്തിന്റെയോ, യേശുക്രിസ്തുവിന്റെയോ പ്രത്യക്ഷത ആയിരുന്നു.

സ്വര്‍ഗ്ഗീയ ദൂതന്മാരെക്കുറിച്ചുള്ള ഈ ലളിതമായ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. ദൂതന്മാരെക്കുറിച്ചുള്ള ഒരു ധാരണ നല്കുക എന്നത് മാത്രമേ ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അത് സാധ്യമായി എന്ന് വിശ്വസിച്ചുകൊണ്ടു നിറുത്തട്ടെ.

അതിനു മുമ്പായി, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

 

 

No comments:

Post a Comment