യിസ്രായേല്‍ ജനതയുടെ ചരിത്രം പലായനങ്ങളുടെയും പ്രവാസ ജീവിതത്തിന്‍റെയും ചരിത്രം ആണ്. യിസ്രായേല്‍ എന്ന വംശത്തിന്റെ ആരംഭ ദിവസം മുതല്‍ ആരംഭിച്ചതാണ് അവരുടെ പലായനങ്ങളും. നാടോടികളെപ്പോലെ അവര്‍ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് പലായനം ചെയ്തു. സ്വന്ത ദേശം കൈവശമാക്കി, അവിടെ നൂറ്റാണ്ടുകള്‍ താമസിച്ചതിന് ശേഷവും ദേശമില്ലാത്തവരായി അന്യദേശങ്ങളില്‍ താമസിക്കേണ്ടി വന്നു. ചില പലായനങ്ങള്‍ നിര്‍ബന്ധത്താല്‍ സംഭവിച്ചു എങ്കിലും മറ്റ് ചിലത് സ്വയം തിരഞ്ഞെടുത്തത് ആയിരുന്നു. മറ്റ് ചില അവസരങ്ങളില്‍ അവരെ ശത്രു രാജ്യക്കാര്‍ തോല്‍പ്പിക്കുകയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. ശത്രുക്കളാല്‍ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍, അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിട്ടുണ്ട്. എന്നാല്‍ ഇന്നും യിസ്രായേല്‍ എന്ന രാജ്യവും അവരുടെ ഭാഷയും, സംസ്കാരവും, മതവും, യാതൊരുകേടും കൂടാതെ നിലനില്‍ക്കുന്നു. ഇന്ന് അവര്‍ സ്വന്ത രാജ്യത്തേക്ക് തിരികെ പലായനം ചെയ്യുന്നത് നമ്മള്‍ കാണുന്നു. അവരുടെ സുദീര്‍ഘമായ ചരിത്രത്തില്‍, സ്വയമായോ, നിര്‍ബന്ധത്താലോ അവര്‍ നടത്തിയ പലായനത്തിന്റെയും പ്രവാസ ജീവിതത്തിന്‍റെയും ഒരു ഹൃസ്വ ചരിത്രം ആണ് ഇവിടെ വിവരിക്കപ്പെടുന്നത്.
യിസ്രായേല്‍ ജനതയുടെ ചരിത്രം ആരംഭിക്കുന്നത് വേദപുസ്തകത്തിലെ ഉല്‍പ്പത്തി പുസ്തകം 12 ആം അദ്ധ്യായത്തോടെ ആണ്. ഇവിടെ ആണ് അബ്രാഹാമിനെ ദൈവം വിളിച്ച് ഒരു പ്രത്യേക വംശം ആകുവാനായി വേര്‍തിരിക്കുന്നത്. അവന്‍ സ്വന്തദേശം വിട്ട്, അന്നേവരെ കണ്ടിട്ടില്ലാത്ത, കനാന്‍ ദേശത്തേക്കു പോകേണം എന്നും, അവിടെ ചെല്ലുമ്പോള്‍ ആ ദേശം അവനും അവന്റെ സന്തതി പരമ്പരയ്ക്കും അവകാശമായി ലഭിക്കും എന്നുമായിരുന്നു ദൈവീക വാഗ്ദത്തം. അപ്പോള്‍ ഒരു സന്തതിപ്പോലും ഇല്ലാതിരുന്ന 75 വയസ്സോളം പ്രായമുണ്ടായിരുന്ന അബ്രാഹാമിന്, കടല്‍ക്കരയിലെ മണല്‍ പോലെ ഏണ്ണികൂടാത്തവണ്ണം പെരുപ്പമുള്ള ഉള്ള ഒരു വലിയ സന്തതി പരമ്പരയെ നല്കാം എന്നും ദൈവം വാഗ്ദത്തം ചെയ്തു. അവര്‍ ഒരു പ്രത്യേക വംശവും രാജ്യവും ആയിരിക്കും. ദൈവം വാഗ്ദത്തം ചെയ്ത ഈ ജനത ആണ് യിസ്രായേല്‍.
മെസൊപ്പൊട്ടേമിയ എന്ന സ്ഥലത്തിന്റെ തെക്ക് കിഴക്ക് ഭാഗമായ, യൂഫ്രട്ടീസ് നദിക്കരയില്‍, കല്‍ദയ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ഒരു ജനസമൂഹം ഉണ്ടായിരുന്നു. ഇവരെ അവരുടെ ദേശത്തിന്റെ പേരില്‍, കല്‍ദയര്‍ എന്നു വേദപുസ്തകത്തില്‍ വിളിക്കുന്നു. ഇവര്‍ നാടോടി സ്വഭാവം ഉള്ള, ഒന്നിലധികം ദേവന്മാരെ ആരാധിക്കുന്ന ഒരു സമൂഹമായിരുന്നു. അതിനാല്‍, മറ്റ് ദേവന്മാരുടെ കൂട്ടത്തില്‍ യഹോവയായ ദൈവത്തെയും അവര്‍ ആരാധിച്ചിരുന്നു.
എന്നാല്‍ അബ്രഹാം ജനിച്ചത് കല്‍ദയ ദേശത്തില്‍ ആയിരുന്നോ എന്നു വ്യക്തമല്ല. അബ്രാഹാമിന്റെ ഇളയ സഹോദരന്‍ ഹാരാന്‍ കല്‍ദയ ദേശത്തെ ഊര്‍ എന്ന പട്ടണത്തിലാണ് ജനിച്ചതും മരിച്ചതും എന്നു വേദപുസ്തകം പറയുന്നു. ഹാരാന്‍റെ മകന്‍ ആയിരുന്നു ലോത്ത്. അവരുടെ പിതാവ് തേരഹ് നോഹയുടെ മകനായ ശേമിന്റെ വംശാവലിയില്‍ നോഹയ്ക്ക് ശേഷം ഒന്‍പതാമന്‍ ആയിരുന്നു. അബ്രാഹാമിന്റെ പിതാവ് ഒരു ആട്ടിടയനും, നാടോടിയുമായിരുന്നു എന്നും പിന്നീട് അദ്ദേഹം വിഗ്രഹങ്ങളെ വില്‍ക്കുന്ന വ്യാപാരി ആയി മാറി എന്നും കരുതപ്പെടുന്നു. അബ്രാഹാമിന്റെ പിതാവായ തേരഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിങ്ങനെ മൂന്നു മക്കള്‍ ഉണ്ടായിരുന്നു. അവര്‍ ബാബിലോണ്‍ രാജാവായ നിമ്രോദിന്റെ കാലത്ത് ജീവിച്ചിരുന്നു. (11: 28). ഇത്രയും കാര്യങ്ങള്‍ വേദപുസ്തകത്തില്‍ നിന്നും ചരിത്ര പുസ്തകങ്ങളില്‍ നിന്നും നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്.
അവര്‍ കല്‍ദയ ദേശത്തു ഊര്‍ എന്ന പട്ടണത്തില്‍ താമസിക്കുമ്പോള്‍, തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായ സാറായിയെയും കൂട്ടി കനാൻദേശത്തേക്കു പോകുവാൻ യാത്ര പുറപ്പെട്ടു. അവർ ഹാരാൻ എന്ന സ്ഥലം വരെ വന്നു അവിടെ താമസിച്ചു. തേരഹ് ഹാരാനിൽവെച്ചു മരിച്ചു. (ഉല്‍പ്പത്തി 11: 31, 32) എന്തുകൊണ്ടാണ് തേരഹ് ഊര്‍ എന്ന പട്ടണത്തില്‍ നിന്നും കാനാന്‍ ദേശത്തേക്കു യാത്രതിരിച്ചത് എന്നോ, എന്തുകൊണ്ടാണ് അവര്‍ വഴിമദ്ധ്യേ ഹാരാന്‍ എന്ന സ്ഥലത്ത് താമസിച്ചത് എന്നോ നമുക്ക് അറിഞ്ഞുകൂടാ. ഇത് തേരഹിന്റെയും അബ്രാഹാമിന്റെയും നാടോടി ജീവിതത്തിനു ഉദാഹരണമാണ്,
അബ്രാഹാമിന്റെ ദൈവീക തിരഞ്ഞെടുപ്പും, വിളിയും ആരംഭിക്കുന്നത് ഇവിടെ വച്ചാണ്. അവിടെ നിന്നും കനാന്‍ ദേശത്തേക്ക് പോകുവാന്‍ ദൈവീക കല്പ്പന ലഭിച്ച അബ്രഹാം യാത്ര തുടര്‍ന്നു. അവന്‍ ശെഖേം, മോരെ എന്ന സ്ഥലത്തെ ഓക്ക് മരക്കാടുകള്‍ വരെയും സഞ്ചരിച്ചു. അതായത് ഹെബ്രോനിലെ മമ്രേയുടെ തോപ്പില്‍ വരെ എത്തി. അത് കനാന്‍ ദേശത്തിന്റെ ഭാഗം ആയിരുന്നു. ശെഖേം അക്കാലത്ത് ഒരു രാക്ഷ്ട്രീയ ശക്തിയും “ബാല്‍ ബേരിറ്റ്’ “ എന്ന കനാന്യ ദേവന്‍റെ ആരാധനാ കേന്ദ്രവും ആയിരുന്നു. ഇവിടെ വച്ച്, യഹോവയായ ദൈവം അബ്രഹാമിനു വീണ്ടും പ്രത്യക്ഷനായി, ആ ദേശം അവന്റെ സന്തതിക്കു കൊടുക്കുമെന്നു അരുളിച്ചെയ്തു. അങ്ങനെ ആ ദേശം വാഗ്ദത്ത ദേശമായി മാറി. അവിടെ അബ്രഹാം യഹോവെക്കു ഒരു യാഗപീഠം പണിതു, യഹോവയായ ഏക ദൈവത്തിന്‍റെ ആരാധന ആരംഭിച്ചു. പിന്നീട് അബ്രഹാം ചുറ്റുമുള്ള ദേശങ്ങളിലേക്ക് യാത്ര തുടര്‍ന്നു. അവൻ ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു. ബേഥേല്‍ “ഏല്‍ “ എന്ന കനാന്യ ദേവന്‍റെ ആരാധനാ കേന്ദ്രം ആയിരുന്നു. അവിടെയും അബ്രഹാം യഹോവെക്കു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.
ഒന്നാമത്തെ പലായനം
ഇത്രയും വിവരണത്തിന് ശേഷം നമ്മള്‍ വായിക്കുന്നത്, വാഗ്ദത്ത ദേശത്ത് എത്തിയതിന് ശേഷം ഉള്ള അബ്രാഹാമിന്റെ ആദ്യത്തെ പലായനം ആണ്. അതായത്, യിസ്രായേല്‍ ജനതയുടെ ചരിത്രം അബ്രഹാമില്‍ ആരംഭിക്കുന്നു എങ്കില്‍, അവര്‍ നടത്തിയ ആദ്യ പ്രവാസ ജീവിതത്തിന്റെ ചരിത്രം ആണിത്. ഇവിടെ അവരെ ആരും പിടിച്ചുകൊണ്ടു പോയതല്ല, അവര്‍ സ്വയം മറ്റൊരു രാജ്യത്തിലേക്ക് പോയതാണ്.
ഉല്‍പ്പത്തി 12: 10 ല്‍ നമ്മള്‍ വായിക്കുന്നു, അതിനു ശേഷം കനാന്‍ ദേശത്ത് ഒരു വലിയ ക്ഷാമം ഉണ്ടായി. അതിനാല്‍ അബ്രഹാം കുടുംബമായി മിസ്രയീം രാജ്യത്തേക്ക് പോയി. ഇത് ഒരു നാടോടി ആയ അബ്രാഹാമിനെ രാജാക്കന്മാരുമായി ബന്ധം സ്ഥാപിക്കുന്ന നിലയിലേക്കും, കൂടുതല്‍ ഭൌതീക അനുഗ്രഹം പ്രാപിക്കുന്നതിലേക്കും നയിച്ചു. എന്നാല്‍ ഇവിടെ ചില പ്രസന്ധികള്‍ ഉണ്ടായി. സാറാ അതിസുന്ദരി ആയിരുന്നതിനാല്‍ മിസ്രയീമ്യര്‍ സാറയെ സ്വന്തമാക്കുവാനായി അബ്രാഹാമിനെ കൊല്ലും എന്നു അവന്‍ ഭയപ്പെട്ടു. അതിനാല്‍ തന്റെ ഭാര്യയെ സഹോദരി എന്ന് ആ ദേശക്കാരോടു പരിചയപ്പെടുത്തി. ഇത് വിശ്വസിച്ച മിസ്രയീം രാജാവായ ഫറവോന്‍ സാറായെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. പ്രതിഫലമായി, ഫറവോന്‍ അബ്രാഹാമിന് ആടുമാടുകളെയും, ആണ്‍കഴുതകളെയും, പെണ്‍കഴുതകളെയും, ഒട്ടകങ്ങളെയും, ദാസന്മാരെയും, ദാസിമാരെയും കൊടുത്തു. (12:16). എന്നാല്‍, അബ്രാമിന്റെ ഭാര്യയായ സാറാ നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. ദണ്ഡനത്തിന്‍റെ കാരണം സാറയെ ഭാര്യയായി എടുത്തതാണ് എന്നു മനസ്സിലാക്കിയ ഫറവോന്‍, സാറായെ തിരികെ കൊടുത്തു. മിസ്രയീം ദേശം വിട്ട് പോകുവാന്‍ ഫറവോന്‍ അബ്രാഹാമിനോടു കല്‍പ്പിച്ചു, എങ്കിലും, ക്ഷാമകാലം തീരുന്നതുവരെ അബ്രാഹാമും കുടുംബവും മിസ്രയീമില്‍ താമസിച്ചു കാണും.
അബ്രഹാം കനാന്‍ ദേശത്തു എത്തിയ ശേഷം അവന്‍ താമസിച്ച രണ്ടു ഇടത്തും യാഗപീഠം പണിതു യഹോവയെ ആരാധിച്ചു. എന്നാല്‍, അബ്രഹാം മിസ്രയീമില്‍ യാഗ പീഠം പണിതില്ല. അത്, ഒരു പക്ഷേ മിസ്രയീമില്‍ ആരാധന സാധ്യമല്ല, ആരാധന വാഗ്ദത്ത ദേശത്ത് മാത്രമേ ഉള്ളൂ എന്നതിനാല്‍ ആയിരിക്കാം. വാഗ്ദത്ത ദേശമാണ് യഹോവയുടെ ദേശം, മിസ്രയീം ജാതീയ ദേവന്മാരുടെ ദേശം ആണ്. വാഗ്ദത്ത ദേശത്തോടുള്ള യിസ്രയേല്യരുടെ വൈകാരികമായ ബന്ധത്തിന്റെ മര്‍മ്മം നമുക്ക് ഇവിടെ കാണാം. മിസ്രയീമില്‍ ആയിരുന്ന കാലത്ത് അബ്രാഹാമിന് ദൈവവുമായി യാതൊരു ആശയ വിനിമയവും ഉണ്ടായില്ല. ക്ഷാമ കാലം കഴിഞ്ഞപ്പോള്‍, അബ്രഹാം മിസ്രയീം ദേശത്തുനിന്നും തിരികെ സ്വന്ത ദേശമായ കനാന്‍ ദേശത്തേക്ക് പോയി.
ഉല്‍പ്പത്തി 13 ല്‍ മിസ്രയീമില്‍ നിന്നുള്ള അബ്രാഹാമിന്റെ തിരിച്ചു വരവ് വിവരിക്കപ്പെടുന്നു. അവന്‍ ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠം ഇരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രഹാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. ഇവിടെവച്ച്, ലോത്തും അബ്രാഹാമും സമാധാനപരമായി തന്നെ രണ്ടു വഴിക്ക് പിരിഞ്ഞു.
രണ്ടാമത്തെ പലായനം
ഉല്‍പ്പത്തി 20 ല്‍ നമ്മള്‍ അബ്രാഹാമിന്റെ ജീവിതത്തിലെ രണ്ടാമത്തെ പലായനത്തിന്റെ ചരിത്രം വായിക്കുന്നു. അബ്രാഹാം തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ, ഫെലിസ്ത്യരുടെ ദേശമായ ഗെരാരിൽ, പരദേശിയായി പാർത്തു. ഗെരാര്‍ എന്ന പ്രദേശം ദൈവം വാഗ്ദത്തം നല്കിയ കനാന്‍ ദേശത്തിന്റെ ഭാഗം ആയിരുന്നു. എന്നാല്‍ അന്ന് അത് ഫെലിസ്ത്യരുടെ രാജ്യം ആയിരുന്നു. അതിനാല്‍ സാങ്കേതികമായി, അബ്രഹാം ഒരു അന്യ ദേശത്തേക്കു പോയി എന്നോ, കനാനില്‍ തന്നെ ആയിരുന്നു എന്നോ പറയാം.
എന്തുകൊണ്ടാണ് അബ്രഹാം വീണ്ടും മറ്റൊരു രാജാവിന്‍റെ അധികാരത്തിന്‍കീഴില്‍ ഉള്ള ദേശത്ത് താമസിക്കുവാന്‍ പോയത് എന്നു നമുക്ക് അറിഞ്ഞുകൂടാ. ഒരു പക്ഷേ വീണ്ടും മറ്റൊരു ക്ഷാമം ഉണ്ടായിക്കാണാം. ഗെരാരില്‍ നടക്കുന്ന സംഭവം, മുമ്പ് അബ്രഹാം മിസ്രയീമിലേക്ക് പോയപ്പോള്‍ ഉണ്ടായ സംഭവങ്ങളുടെ ഒരു ആവര്‍ത്തനമാണ്. തന്റെ ഭാര്യയെ സഹോദരിയായി ആ ദേശക്കാര്‍ക്ക് പരിചയപ്പെടുത്തിയ അതേ തെറ്റ് അബ്രഹാം വീണ്ടും ആവര്‍ത്തിക്കുന്നു. അതേ രീതിയില്‍ തന്നെ കഥ പര്യവസാനിക്കുന്നു.
അബ്രഹാം ഈ ദേശത്തു കുറച്ചു വര്‍ഷങ്ങള്‍ താമസിച്ചു കാണേണം. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. (ഉല്‍പ്പത്തി 21: 1, 2). അവന് യിസ്ഹാക്ക് എന്നു പേരിട്ടു. അവനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.
അതിനു ശേഷം, ആ ദേശത്തു അബ്രഹാം കുഴിച്ച കിണര്‍ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച വിവരം അബ്രഹാം അവനോടു പരാതിപ്പെട്ടു. അതിനാല്‍ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെയും ഏഴു പെണ്ണാട്ടുകുട്ടികളെയും കൊടുത്തു. അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. അങ്ങനെ അബ്രഹാം ആ സ്ഥലം സ്വന്തമാക്കി. ഒരു പക്ഷേ അബ്രഹാം വിലയ്ക്കുവാങ്ങുന്ന ആദ്യത്തെ സ്ഥലം ഇതായിരിക്കാം. അത് ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും, അത് അപ്പോള്‍ ഫെലിസ്ത്യരുടെ ദേശമായ ഗെരാര്‍ ആയിരുന്നു. അതിനാല്‍ അതൊരു വിദേശ രാജ്യം ആയിരുന്നു. ആ ദേശം വിലയ്ക്ക് വാങ്ങിയതിന് ശേഷം, അബ്രഹാം ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു. അബ്രഹാം വിലയ്ക്ക് വാങ്ങിയ സ്ഥലം ആയതിനാല്‍ അവന്‍ അവിടെ നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചു. തുടര്‍ന്നും അബ്രാഹാം കുറേക്കാലം അവിടെ താമസിച്ചു. (ഉല്‍പ്പത്തി 21: 22-34)
സാറായുടെ മരണം
സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയപ്പോള്‍ അവള്‍ കനാൻദേശത്തു ഹെബ്രോൻ എന്ന കിർയ്യത്തർബ്ബയിൽവെച്ചു മരിച്ചു. (ഉല്‍പ്പത്തി 23). അബ്രഹാം നാനൂറ് വെള്ളി ശേക്കെല്‍ വിലയായി കൊടുത്ത്, മമ്രേക്കരികെ മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും അവകാശമായി വാങ്ങി. അങ്ങനെ അബ്രാഹാം സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. ഈ സ്ഥലം ആണ് അബ്രഹാം കനാന്‍ ദേശത്തു ആദ്യമായി വിലകൊടുത്തു വാങ്ങുന്ന ഭൂപ്രദേശം. അത് ഒരു ശ്മശാന ഭൂമി ആയിരുന്നു എന്നത് വിചിത്രമായ സത്യം ആണ്.
യിസ്ഹാക്കിന്‍റെ പലായനം
അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ കാലത്ത് വീണ്ടും ഒരു പലായനം ഉണ്ടായി. ഇതിന്റെ ചരിത്രം നമ്മള്‍ ഉല്‍പ്പത്തി 26 ആം അദ്ധ്യായത്തില്‍ വായിക്കുന്നു. ഈ പലായനത്തിന്റെ കാരണവും ദേശത്തുണ്ടായ ക്ഷാമം ആയിരുന്നു. യിസ്ഹാക്ക് കുടുംബമായി ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. അബ്രാഹാമിന്റെ രണ്ടാമത്തെ പലായനവും ഗെരാറിലേക്ക് ആയിരുന്നു. യിസ്ഹക്കും തന്റെ പിതാവ് ചെയ്തതുപോലെ, തന്റെ ഭാര്യയെ സഹോദരി എന്നാണ് ആ ദേശക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ഭയപ്പെട്ടു. ഇത് ഒരു പക്ഷേ അന്നത്തെ രീതി ആയിരുന്നിരിക്കാം. എന്നാല്‍, ആരും അവളെ പിടിച്ചുകൊണ്ടു പോയതായി രേഖയില്ല.
അവന്‍ അവിടെ ഏറെക്കാലം താമസിച്ചു, അവിടെ കൃഷി ചെയ്തു. അവന് നൂറുമേനി വിളവ് കിട്ടി. അവിടെ ദൈവം അവനെ അനുഗ്രഹിച്ചു, അവൻ വർദ്ധിച്ചു മഹാധനവാനായിത്തീർന്നു. അതിനാല്‍ ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി. അബീമേലെക്ക് യിസ്ഹാക്കിനോടു: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു” അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്‌വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. അവൻ അവിടെ ഒരു കിണറു കുഴിച്ചു, അതിന്നു രെഹോബോത്ത് എന്നു പേരിട്ടു. പിന്നീട് യിസ്ഹാക്ക് അവിടെനിന്നു ബേർ-ശേബെക്കു പോയി.ഇത്, അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെയും ഏഴു പെണ്ണാട്ടുകുട്ടികളെയും കൊടുത്ത് ഉടമ്പടി ചെയ്തു സ്വന്തമാക്കിയ സ്ഥലം ആയിരുന്നു. അബ്രഹാം ആണ് ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടത്. അവിടെ അബ്രഹാം യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചിരുന്നു. അതേ സ്ഥലത്തു തന്നെ യിസ്ഹാക്കും ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു.
യാക്കോബിന്റെ പലായനം
ഇവിടെ നിന്നും നമ്മള്‍ നേരെ പോകുന്നത് യാക്കോബിന്റെ ചരിത്രത്തിലേക്കാണ്. യാക്കോബ് ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ വീട്ടില്‍ നിന്നും, ഹാരാനിലുള്ള ലാബാന്‍റെ അടുക്കലേക്ക് ഓടിപ്പോയി. ലാബാന്‍ അവന്റെ അമ്മ റെബേക്കയുടെ സഹോദരന്‍ ആയിരുന്നു. അവിടെ അവന്‍ 20 വര്‍ഷങ്ങള്‍ താമസിച്ചു. അവന്‍ ലേയ, റാഹേല്‍ എന്നീ ലാബാന്റെ രണ്ടു പുത്രിമാരെ വിവാഹം കഴിച്ചു. അതിനു ശേഷം അവന്‍ കനാന്‍ ദേശത്തേക്കു തിരികെ വന്നു. വഴിമദ്ധ്യേ, യബ്ബോക്ക് നദീതീരത്തു വച്ച്, രാത്രിയില്‍ അവന്‍ ഒരു ദൈവദൂതനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചു. ഈ മല്ലുപിടുത്തത്തിന്റെ വിശദാംശങ്ങള്‍ വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ല. ഉഷസ്സില്‍, ഈ സ്വര്‍ഗീയ പുരുഷന്‍ യാക്കോബിനെ അനുഗ്രഹിച്ചു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.“ അങ്ങനെ യിസ്രായേല്‍ എന്ന ജനതയ്ക്ക് ഒരു പേര് ഉണ്ടായി. പിന്നീട് യാക്കോബിന്റെ 12 പുത്രന്മാരുടെ വംശാവലി യിസ്രായേല്‍ എന്നു അറിയപ്പെട്ടു. യാക്കോബില്‍ നിന്നും 12 പേരായി, അവരില്‍ നിന്നും അനേകരായി യിസ്രായേല്‍ എന്ന വംശം വളര്‍ന്നു. അവര്‍ കനാനില്‍ താസിച്ചു. അതായത്, മാര്‍മ്മികമായി പറഞ്ഞാല്‍, യാക്കോബ് ഹാരാനിലേക്ക് പോയപ്പോഴും അവിടെ 20 വര്‍ഷങ്ങള്‍ പ്രവാസത്തില്‍ എന്നപോലെ താമസിച്ചപ്പോഴും അവനിലൂടെ യിസ്രായേല്‍ ജനത ഒന്നടങ്കം പ്രവാസത്തില്‍ താമസിക്കുക ആയിരുന്നു.
കനാന്‍ ദേശത്തു താമസിക്കവേ ദേശത്തു ക്ഷാമം ഉണ്ടായി. അതിനാല്‍ യാക്കോബും പുത്രന്മാരും മിസ്രയീം ദേശത്തേക്കു പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തല സംഭവങ്ങള്‍ നമുക്ക് ഇവിടെ വിഷയം അല്ലാത്തതിനാല്‍ വിവരിക്കാതെ വിടുന്നു. യാക്കോബും കുടുംബവും മിസ്രയീം ദേശത്തു എത്തുമ്പോള്‍, അവന്റെ പുത്രനായ യോസേഫ് ആ രാജ്യത്തിലെ അധികാരികളില്‍ രണ്ടാമന്‍ ആയിരുന്നു. അതിനാല്‍, യേസേഫിന്റെ കാലത്തെല്ലാം, അന്യദേശത്താണ് എങ്കിലും, യാക്കോബും കുടുംബവും സുഖമായി ജീവിച്ചു.
അങ്ങനെ യാക്കോബ് തന്‍റെ അന്ത്യ നാളുകളില്‍ അന്യദേശത്ത് മിസ്രയീമില്‍ ജീവിച്ചു. യാക്കോബ് വാഗ്ദത്ത ദേശത്ത് താമസിച്ചതിനേക്കാള്‍ അധിക നാളുകള്‍ അന്യദേശത്ത് താമസിച്ചു. അവിടെ വച്ച് യാക്കോബ് മരിച്ചു. യോസേഫും സഹോദരന്മാരും കൂടെ ചേര്‍ന്ന് അവനെ കനാന്‍ ദേശത്ത് കൊണ്ടുവന്ന് അബ്രാഹാമിനോടും, സാറായോടും, യിസ്ഹാക്കിനോടും, യാക്കോബിനോടും ലേയയോടും ഒപ്പം അടക്കം ചെയ്തു. യോസേഫും അവന്റെ സഹോദരന്മാരും യാക്കോബിനോടൊപ്പം പോയ തലമുറ എല്ലാവരും അന്യദേശത്ത്, മിസ്രയീമില്‍ വച്ച് മരിച്ചു. എങ്കിലും, മിസ്രയീമില്‍ ആയിരിക്കെ, യിസ്രായേല്‍ ജനം ജനസംഖ്യയില്‍ വളരെ വർദ്ധിച്ചു. അവര്‍ ഒരു ശക്തിയായി തീര്‍ന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, യോസേഫിന്റെ മരണ ശേഷം, അവന്‍ മിസ്രയീം ദേശത്തിനുവേണ്ടി ചെയ്ത നന്മ അറിയാത്ത പുതിയ ഒരു രാജാവു അധികാരത്തില്‍ വന്നു. അവന്‍ യിസ്രായേല്‍ ജനത്തെ, അവരുടെ എണ്ണം നിമിത്തം, ഭയപ്പെട്ടു. അതിനാല്‍ യിസ്രായേല്യരെ അവന്‍ അടിമകള്‍ ആക്കി, കഠിനവേലകളാൽ അവരെ പീഡിപ്പിച്ചു. അപ്പോള്‍ അവര്‍ യഹോവയായ ദൈവത്തോട് നിലവിളിച്ചു. ദൈവം അവരെ വിടുവിക്കുവാനായി മോശെയെ എഴുന്നേല്‍പ്പിച്ചു. അനേകം അത്ഭുതകരമായ സംഭവങ്ങളുടെ അവസാനത്തില്‍, യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും സ്വതന്ത്രര്‍ ആയി, കനാന്‍ ദേശത്ത് വീണ്ടും തിരികെ വന്നു. അവര്‍ അവിടെ അപ്പോള്‍ ഉണ്ടായിരുന്ന രാജ്യങ്ങളോട് യുദ്ധം ചെയ്ത്, ദേശത്തെ കൈവശമാക്കി. ഓരോ ഗോത്രങ്ങളും അവരുടെ വലുപ്പത്തിന് അനുസരിച്ച് ദേശം വിഭാഗിച്ചു അവകാശമാക്കി. അവിടെ അവര്‍ നൂറ്റാണ്ടുകള്‍ താമസിച്ചു.
ഇത്രയും ചരിത്രം അവരുടെ ആദ്യ കാലഘട്ടമായി കരുതാം. യിസ്രായേല്‍ ജനതയും പലായനങ്ങളും പ്രവാസ ജീവിതവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മനസ്സിലാക്കുവാനും ഇത് നമ്മളെ സഹായിക്കും. ഈ ഭൂതകാല ചരിത്രത്തില്‍, ശത്രുക്കളുടെ ആക്രമണമോ, ശത്രുക്കളാലുള്ള പീഡനങ്ങളോ ആയിരുന്നില്ല അവരുടെ പലായനത്തിന്റെ കാരണങ്ങള്‍. സ്വയം തിരഞ്ഞെടുത്ത യാത്രകളോ, ക്ഷാമമോ ആയിരുന്നു സ്വന്ത ദേശം വിട്ട് പോകുവാനുള്ള കാരണങ്ങള്‍. എന്നാല്‍ തുടര്‍ന്നു ഉണ്ടായ പലായനങ്ങളലൂടെ ചരിത്രം എപ്പോഴും അതായിരുന്നില്ല. അവരെ ശത്രുക്കള്‍ ആക്രമിക്കുകയും, ശത്രു രാജ്യത്തേക്ക് പിടിച്ചുകൊണ്ടു പോകുകയും അവിടെ അവര്‍ക്ക് വര്‍ഷങ്ങളോളം താമസിക്കുകയും ചെയ്യേണ്ടി വന്നു. ശത്രുക്കളുടെ പീഡനങ്ങളാല്‍ അവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഓടി പോകേണ്ടിവന്നു. ഇത് അവരുടെ ചരിത്രത്തിലെ ഇരുണ്ട കാലങ്ങള്‍ ആണ്. ഇനി നമുക്ക് ഇത്തരം പ്രവാസ ചരിത്രം മനസ്സിലാക്കുവാന്‍ ശ്രമിക്കാം.
യിസ്രായേല്‍ വിഭജിക്കപ്പെടുന്നു
അബ്രഹാം, യാക്കോബ് എന്നിവരുടെ ചരിത്രം BC 17 ആം നൂറ്റാണ്ടില്‍ സംഭവിച്ചതാണ്. BC 13 ആം നൂറ്റാണ്ടില്‍ യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും സ്വതന്ത്രര്‍ ആയി കനാന്‍ ദേശത്തു എത്തി. BC 12 ആം നൂറ്റാണ്ടില്‍ അവര്‍ കാനാന്‍ ദേശത്ത് താമസം ഉറപ്പിച്ചു. 1020 BC യില്‍ ശൌല്‍ യിസ്രയേലിന്റെ ആദ്യത്തെ രാജാവായി. 1000 BC ല്‍ ദാവീദ് യിസ്രയേലിന്റെ രാജാവാകുകയും, അദ്ദേഹം യെരൂശലേമിനെ യിസ്രയേലിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. 960 BC യില്‍ ശലോമോന്‍ ആദ്യത്തെ യെരൂശലേം ദൈവാലയം പണിതു. 930 BC യില്‍ യിസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഇവിടെ മുതല്‍ യിസ്രയേലിന്റെ മറ്റൊരു ചരിത്രം ആരംഭിക്കുക ആണ്.
ശലോമോന്‍ 926 നും 922 നും ഇടയ്ക്കുള്ള കാലത്ത് മരിച്ചു. അതിനു ശേഷം അവന്റെ മകനായ രെഹബെയാം (Rehoboam) രാജാവായി. എന്നാല്‍ യിസ്രായേല്‍ ഗോത്രങ്ങള്‍ തമ്മില്‍ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍, രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. നികുതിഭാരവും രാജ്യത്തിനുവേണ്ടിയുള്ള സൌജന്യ വേലയും ആയിരുന്നു മുഖ്യ തര്‍ക്ക വിഷയങ്ങള്‍. അന്നത്തെ സംയുക്ത യിസ്രായേല്‍ രാജ്യം, വടക്ക് യിസ്രായേല്‍ എന്ന രാജ്യവും, തെക്ക് യെഹൂദ എന്ന രാജ്യവുമായി രണ്ടായി വിഭജിക്കപ്പെട്ടു. വടക്കന്‍ രാജ്യത്തിന്റെ തലസ്ഥാനം ശമര്യയും തെക്കന്‍ രാജ്യത്തിന്റെ തലസ്ഥാനം യെരൂശലേമും ആയിരുന്നു. സംയുക്ത യിസ്രയേലിന്റെ വടക്ക് ഭാഗത്ത് താമസിച്ചിരുന്ന ലേവ്യര്‍ യിസ്രായേല്‍ രാജ്യത്തും തെക്ക് ഭാഗത്ത് താമസിച്ചിരുന്ന ലേവ്യര്‍ യെഹൂദ്യ രാജ്യത്തും തുടര്‍ന്നു.
വടക്കന്‍ രാജ്യമായ യെരൂശലേമില്‍ പത്തു ഗോത്രങ്ങള്‍ ഉണ്ടായിരുന്നു. അവര്‍, ആശേര്‍, ദാന്‍, എഫ്രയീം, ഗാദ്, യിസ്സാഖാർ, മനശ്ശെ, നഫ്താലി, രൂബേൻ, ശിമെയോൻ, സെബൂലൂൻ എന്നിവര്‍ ആയിരുന്നു. ഈ പത്തു ഗോത്രങ്ങള്‍ വടക്കന്‍ രാജ്യമായ യിസ്രായേല്‍ രൂപീകരിച്ചപ്പോള്‍, രണ്ടു ഗോത്രങ്ങള്‍, യഹൂദയും, ബെന്യാമീനും തെക്കന്‍ രാജ്യമായ യെഹൂദ രൂപീകരിച്ചു. യെരൂശലേം അവരുടെ തലസ്ഥാനം ആയിരുന്നു. രെഹബെയാം (Rehoboam) അവരുടെ രാജാവായി.
ശിമെയോന്‍ ഗോത്രം
യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ ഒന്നായിരുന്നു ശിമെയോന്‍. ഇവരുടെ ദേശം, ചരിത്രം എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പ്രത്യേകമായി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ശിമെയോന്‍ യാക്കോബിന് ലേയയില്‍ ജനിച്ച രണ്ടാമത്തെ മകന്‍ ആയിരുന്നു. ഉല്‍പ്പത്തി പുസ്തകം 34 ല്‍, ശിമെയോന്‍റെ സഹോദരിയായ ദീനയെ, അവര്‍ താമസിച്ചിരുന്ന ദേശത്തിന്റെ പ്രഭുവായ ശെഖേം പിടിച്ചുകൊണ്ടു പോയ ചരിത്രം നമ്മള്‍ വായിക്കുന്നു. ഇതില്‍ കുപിതര്‍ ആയ, ശിമെയോനും സഹോദരന്‍ ലേവിയും ആ ദേശത്തിലെ നിവാസികളെ ചതിയില്‍പ്പെടുത്തി കൊന്നു. ഇത് യാക്കോബിനെ ഭയചകിതന്‍ ആക്കി. അവന്‍ അവിടെ നിന്നും ബെഥേലിലേക്ക് താമസം മാറ്റി. പിന്നീട് നമ്മള്‍ ശിമെയോനെ കാണുന്നത് ഉല്‍പ്പത്തി 42 ആം അദ്ധ്യായത്തില്‍ ആണ്. മിസ്രയീമില്‍ ആയിരുന്ന യോസേഫിന്റെ അടുക്കല്‍ ധാന്യം വാങ്ങുവാന്‍ യാക്കോബിന്റെ പത്തു മക്കള്‍ ചെന്നപ്പോള്‍, യേസേഫ് അവരുടെ ഇളയ സഹോദരനെക്കൂടെ കൊണ്ട് ചെല്ലേണം എന്നു ആവശ്യപ്പെട്ടു. അതിന്റെ ഉറപ്പിനായി, ശിമെയോനെ ബന്ധനമായി കാരാഗ്രഹത്തില്‍ അടച്ചു. ഇതിന് ശേഷം നമ്മള്‍ ശിമെയോനെ കുറിച്ച് അധികംവായിക്കുന്നില്ല. എന്നാല്‍, ഉല്‍പ്പത്തി 49 ല്‍, യക്കോബ് മരിക്കുന്നതിന് മുമ്പ് 12 ഗോത്രങ്ങളെയും അനുഗ്രഹിക്കുമ്പോള്‍ ശിമെയോന്‍റെ പേരും പറയുന്നുണ്ട്. അതിയനാല്‍ അവന്‍ ഒരു ഗോത്രമായി അവിടെ ഉണ്ടായിരുന്നു എന്നു അനുമാനിക്കാം. എങ്കിലും, ശിമെയോനെക്കുറിച്ചുള്ള യാക്കോബിന്റെ പ്രവചനം അനുഗ്രഹമായല്ല അവന്‍ പറഞ്ഞത്. അവന്‍ പറഞ്ഞത് ഇങ്ങനെ ആണ്: ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. ... അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. (ഉല്‍പ്പത്തി 49: 5-7). ഈ ശാപം രണ്ടു ഗോത്രങ്ങള്‍ക്കും ഫലിക്കുകയും ചെയ്തു. ലേവ്യര്‍ പിന്നീട് ദൈവാലയത്തിലെ പുരോഹിത വര്‍ഗ്ഗം ആയി മാറി. അവര്‍ക്ക് വാഗ്ദത്ത ദേശത്തു, ഒരു പ്രത്യേക ദേശം അവകാശമായി നല്‍കിയില്ല. അവര്‍ക്കായി എല്ലാ ഗോത്രക്കാരുടെയും ഇടയില്‍ പട്ടണങ്ങളെ അവകാശമായി നല്കി. അവര്‍ ചിതറി പര്‍ത്തു.
ന്യായാധിപന്‍മാരുടെ പുസ്തകം 5 ആം അദ്ധ്യായത്തില്‍ ദേബോരായുടെ പാട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ദേബോരാ അന്നത്തെ യിസ്രയേലിന്റെ ന്യായാധിപതി ആയിരുന്നു. യിസ്രായേലിന് കനാന്യ ശത്രുക്കളുടെമേല്‍ നേടിയ ജയത്തിനായി യഹോവയെ വാഴ്ത്തുന്നതാണ് ഈ പാട്ട്. ഈ പാട്ടില്‍ ഗാദ്, ശിമെയോന്‍ എന്നീ ഗോത്രങ്ങളെ കുറിച്ച് പറയുന്നില്ല.
ദേശത്തെ വിഭാഗിച്ചു നല്കിയപ്പോള്‍
ശിമെയോന്‍ ഗോത്രത്തിന് ലഭിച്ച ദേശത്തെക്കുറിച്ച് വ്യക്തത ഇല്ല.
അവര്‍ക്ക് യഹൂദ്യയുടെ ദേശത്തിന്റെ തെക്ക് ഭാഗത്തായി അവകാശം ലഭിച്ചു എന്ന് കരുതപ്പെടുന്നു. അവരുടെ ദേശം യഹൂദയുടെ ദേശത്തിനാല്‍ ചുറ്റപ്പെട്ടിരുന്നു. എന്നാല്‍, കാലക്രമേണ, അവരില്‍ ചിലര്‍ സംയുക്ത യിസ്രയേലിന്റെ വടക്ക് ഭാഗത്തേക്ക് താമസം മാറി എന്നും, ശേഷിച്ചിരുന്നവര്‍ ക്രമേണ യഹൂദ ഗോത്രത്തോട് ലയിച്ചു ചേര്‍ന്ന് എന്നും കരുതപ്പെടുന്നു. അങ്ങനെ ആ ഗോത്രം ചരിത്രത്തില്‍ നിന്നും മാഞ്ഞുപോയി.
അശ്ശൂര്‍ പ്രവാസം
ഈ രണ്ടു രാജ്യങ്ങളും അതിനുശേഷം ഏകദേശം 200 വര്‍ഷങ്ങള്‍ സുരക്ഷിതമായി തുടര്‍ന്നു. ചിലപ്പോള്‍ ചെറിയ യുദ്ധങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബിസി 700 കളില്‍ അശ്ശൂര്‍ സാമ്രാജ്യം ശക്തി പ്രാപിച്ചു വന്നു. അശ്ശൂര്‍ ഇന്നത്തെ ഇറാഖിന്‍റെ വടക്കന്‍ പ്രദേശത്തുള്ള ഒരു രാജ്യം ആയിരുന്നു. അവര്‍ പല പ്രാവശ്യം യിസ്രായേലിനെയും യഹൂദയെയും ആക്രമിച്ചു.
ഏകദേശം 740 BC ല്‍ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസര്‍ യിസ്രായേലിനെ ആക്രമിച്ചു, ഗിലെയാദ്, ഗെലീല, നഫ്താലിദേശം എന്നിവ ഉള്‍പ്പെടെയുള്ള വലിയ ഒരു പ്രദേശം പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന യിസ്രയേല്‍യരെ പിടിച്ചുകൊണ്ടു പോയി, അശ്ശൂര്‍ രാജ്യത്ത് പാര്‍പ്പിച്ചു. (2 രാജാക്കന്മാര്‍ 15:29) തിഗ്ലത്ത്-പിലേസര്‍ ന്‍റെ ശേഷം ശൽമനേസെർ രാജാവായി. 735 BC അവന്‍ യിസ്രായേല്‍ രാജ്യത്തെ വീണ്ടും ആക്രമിച്ചു. അപ്പോള്‍ യിസ്രായേല്‍ ഭരിച്ചിരുന്ന ഹോശേയ ആയിരുന്നു അവിടുത്തെ അവസാനത്തെ രാജാവ്. അവന്‍ അശ്ശൂര്‍ രാജാവിനു കപ്പം കൊടുക്കുവാന്‍ വിസമ്മതിച്ചതിനാല്‍, അവര്‍ യിസ്രായേല്‍ രാജ്യത്തെ ശേഷിച്ചിരുന്ന സ്ഥലത്തേയും പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന യിസ്രയേല്യരെ പിടിച്ചു ബന്ദികളാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അശ്ശൂര്‍ രാജാവായ സര്‍ഗ്ഗോന്‍റെ കാലത്ത് യിസ്രായേലിനെ പൂര്‍ണ്ണമായും അവര്‍ കീഴടക്കി, അനേകമായിരം യിസ്രയേല്യരെ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടു പോയി.
ഇങ്ങനെ ജനങ്ങളെ നാടുകടത്തുന്നത്, ആ രാജ്യത്തെയും അവിടെയുള്ള ജനതയെയും സംസ്കാരത്തെയും നിശ്ശേഷം നശിപ്പിക്കുവാനുള്ള അന്നത്തെ ഒരു യുദ്ധ തന്ത്രം ആയിരുന്നു. പരാജയപ്പെടുന്ന രാജ്യം ഇനി ഒരിയ്ക്കലും, ഒരു ശക്തിയായി, ഉയര്‍ന്നു വരാതെ ഇരിക്കുവാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇങ്ങനെ പിടിച്ചുകൊണ്ട് പോകുന്നവരെ, ജയിച്ച രാജ്യത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്ത്, ഒരുമിച്ച് താമസിക്കുവാന്‍ അനുവദിക്കുമായിരുന്നു. ക്രമേണ, അവര്‍ ആ രാജ്യത്തോടും, അവിടുത്തെ സംസ്കാരത്തോടും ലയിച്ചു ചേരും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അശൂര്‍ സാമ്രാജ്യം, വ്യത്യസ്ഥമായ ഒരു തന്ത്രം സ്വീകരിച്ചു. പിടിച്ചുകൊണ്ടു പോയ യിസ്രായേല്യരെ അശ്ശൂരില്‍ പലസ്ഥങ്ങളിലും ആയി ചിതറി പാര്‍പ്പിച്ചു. (2 രാജാക്കന്മാര്‍ 17:6, 18:11). ഇത് ഒരു അശ്ശൂര്‍ തന്ത്രം ആയിരുന്നു. യിസ്രയേല്യര്‍ ഒരുമിച്ച് ഒരു സ്ഥലത്തു താമസിച്ചാല്‍, അവര്‍ ഒരു ജനമായി തന്നെ ജീവിക്കുകയും, അവരുടെ സംസ്കാരവും മതവും ഭാഷയും സംരക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ചിതറി താമസിച്ചാല്‍, അവര്‍ അശ്ശൂര്‍ ദേശനിവാസികളുമായി വേഗത്തില്‍ ലയിച്ചു ചേരും. പിന്നീട്, യിസ്രയേല്യര്‍ എന്നൊരു വംശം ഉണ്ടാകുകയില്ല. അവരുടെ ഈ തന്ത്രം ശരിയായിരുന്നു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അശ്ശൂര്‍ സാമ്രാജ്യം യിസ്രയേല്‍യരെ ആക്രമിച്ച് കീഴടക്കുന്നതിന് മുമ്പ് അവര്‍ യിസ്രയേലില്‍ ആയിരിക്കുമ്പോള്‍ തന്നെ, യിസ്രായേല്‍ ജനത, ജാതീയ രീതികളെ സ്വീകരിക്കുവാനും ജാതീയ ദേവന്മാരെ ആരാധിക്കുവാനും തുടങ്ങിയിരുന്നു. അതിനാല്‍ ആണ് ദൈവം അവരെ അശ്ശൂര്‍ രാജ്യത്തിന് ഏല്‍പ്പിച്ചു കൊടുത്തത്. എന്നാല്‍, അശ്ശൂര്‍ രാജ്യം പിടിച്ചുകൊണ്ടു പോകാത്ത ചുരുക്കം ചിലര്‍ യിസ്രായേല്‍ ദേശത്ത് യുദ്ധത്തിന് ശേഷവും ശേഷിച്ചിരുന്നു.
യിസ്രയേല്യരെ അശ്ശൂര്‍ രാജ്യത്തിലേക്ക് പിടിച്ചുകൊണ്ട് പോകുക മാത്രമല്ല അവര്‍ ചെയ്തത്. യിസ്രായേല്‍ ദേശത്തിലേക്ക്, അശ്ശൂര്‍ ദേശനിവാസികള്‍ കുടിയേറി താമസിക്കുകയും ചെയ്തു. യിസ്രായേല്‍ ദേശത്തെ മൊത്തമായി അശ്ശൂര്‍ രാജ്യത്തിന്റെ ഭാഗമാക്കുവാനും, അവിടെയും അശ്ശൂര്‍ ജനതയുടെ മതവും, സംസകാരവും പ്രചരിപ്പിക്കുവാനും ഈ തന്ത്രത്തിന് കഴിയുമായിരുന്നു. ഇതെല്ലാം വിജയിക്കുകയും ചെയ്തു.
അങ്ങനെ ക്രമേണ, യിസ്രായേല്‍ ദേശത്ത് ശേഷിച്ചിരുന്ന ചുരുക്കം യിസ്രയേല്യര്‍, അവിടേക്ക് അശ്ശൂരില്‍ നിന്നും കുയിടിയേറി താമസിച്ച ജാതീയ ജനങ്ങളുമായി കൂടിച്ചേര്‍ന്നു. അങ്ങനെ, 722 BC ആയപ്പോഴേക്കും, യിസ്രായേല്‍ ജനത അവിടെ നിശ്ശേഷം ഇല്ലാതെ ആയി. അശ്ശൂരിലേക്ക് ബന്ദികളായി പ്രവാസത്തിലേക്ക് പോയ യിസ്രായേല്‍ ഗോത്രങ്ങളില്‍ നിന്നും ആരും തിരികെ വന്നില്ല. അങ്ങനെ അവര്‍ നിശ്ശേഷം ഇല്ലാതെ ആയി. അതോടെ, യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി. അവരെ ഇന്നും കൃത്യമായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ആണ് നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങള്‍ എന്നു വിളിക്കുന്നത്.
2 ദിനവൃത്താന്തം 30 ആം അദ്ധ്യായത്തില്‍, ഇതേ ചരിത്രം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ യിസ്രയേലില്‍ നടക്കുമ്പോള്‍, യഹൂദയില്‍ യെഹിസ്കീയാവു രാജാവായിരുന്നു. യിസ്രയേലില്‍ ചുരുക്കം പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു അറിഞ്ഞ അവന്‍, പെസഹ ആചരിക്കേണ്ടതിന് അവരെ യെരൂശലേമിലേക്ക് ക്ഷണിച്ചുകൊണ്ടു കത്തെഴുതി. എന്നാല്‍, എഫ്രയീം, മനശ്ശെ, സെബൂലൂന്‍, യിസ്സാഖാര്‍ എന്നിവരില്‍ ഒരു വിഭാഗം അത് നിരസിച്ചു. മറ്റ് ചിലര്‍ അത് സ്വീകരിച്ചു. അവര്‍ ക്രമേണ യഹൂദയിലെ ജനത്തോട് ലയിച്ചു ചേര്‍ന്നു എന്നും അവരുടെ പ്രദേശം കൂടെ യഹൂദയോടു കൂട്ടിച്ചേര്‍ത്തു എന്നും ചില വേദ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
അപ്പോക്രിഫ എന്നു അറിയപ്പെടുന്ന പുസ്തകങ്ങളിലെ 2 എസ്ദ്രാസ് 13: 41-46 (2 Esdras) വരെയുള്ള വാക്യങ്ങളില്‍ അശ്ശൂരിലേക്ക് പ്രവാസികളായി പോയ യിസ്രയേല്യരെക്കുറിച്ച് ഒരു ചെറിയ വിവരണം ഉണ്ട്. അവരുടെ ദുഷ്പ്രവര്‍ത്തികളും യഹോവയെ വിട്ടുമാറിയതും നിമിത്തമാണ് പ്രവാസത്തിലേക്ക് പോകേണ്ടി വന്നത് എന്ന് അവരില്‍ ചിലര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ അശ്ശൂരില്‍ നിന്നും വടക്കോട്ടു യാത്രതിരിച്ചു. അവര്‍ക്കായി യൂഫ്രട്ടീസ് നദിയുടെ ഒരു സ്ഥലം യഹോവയായ ദൈവം വിഭാഗിച്ചു നല്കി. അവര്‍ അത് കടന്നു അശ്ശൂരിന് വെളിയില്‍, അതിന്റെ വടക്കുള്ള ദേശത്ത് എത്തി. അവിടെ മറ്റ് മനുഷ്യര്‍ താമസം ഉണ്ടായിരുന്നില്ല. അതിനാല്‍ അവിടെ അവരുടെ വിശ്വാസപ്രകാരം ജീവിക്കുവാന്‍ കഴിയും എന്നു അവര്‍ കരുതി. ഒരു പക്ഷേ അവര്‍ തിരികെ യിസ്രയേലിലേക്ക് പോകുവാനും ആഗ്രഹിച്ചു കാണും. യിരെമ്യാവ് 3: 18 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: “ആ കാലത്തു യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേർന്നു, അവർ ഒന്നിച്ചു വടക്കെ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു അവകാശമായി കൊടുത്ത ദേശത്തേക്കു വരും.” ഇത് വടക്കന്‍ ദേശത്തേക്ക് പോയ യിസ്രായേല്‍ ജനങ്ങളെ കുറിച്ചാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇതിനുശേഷം അവര്‍ക്ക് എന്തു സംഭവിച്ചു എന്ന് അറിഞ്ഞുകൂടാ.
അശ്ശൂര്‍ സാമ്രാജ്യവും യഹൂദയും
യിസ്രായേല്‍ രാജ്യത്തിന്റെ പതനം, ശത്രു രാജ്യങ്ങളോട് എതിര്‍ത്തു നില്‍ക്കുവാന്‍ ആവശ്യമായ തയ്യാറെടുപ്പു നടത്തുവാന്‍ യെഹൂദയ്ക്ക് അവസരം നല്കി. യിസ്രായേല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും യെഹൂദയോടു ചേര്‍ക്കുവാനും കഴിഞ്ഞു. എങ്കിലും, ഏകദേശം 700 BC ല്‍, യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്ത്, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു അവയെ പിടിച്ചു. യെഹൂദയിലെ 46 പട്ടണങ്ങളെ ആക്രമിച്ചു കീഴടക്കി എന്നും ഏകദേശം രണ്ടു ലക്ഷം യഹൂദ്യരെയും പിടിച്ചുകൊണ്ടു പോയി എന്നും അശ്ശൂര്‍ രാജാവു അവകാശപ്പെട്ടു. എന്നാല്‍, അവന്‍ യെരൂശലേമിനെ വളഞ്ഞു ഉപരോധിച്ചു എങ്കിലും അതിനെ പിടിച്ചടക്കുവാന്‍ കഴിഞ്ഞില്ല. യഹോവയുടെ ദൂതൻ ചെന്ന് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തി എണ്‍പത്തിയഞ്ച് ആയിരം പേരെ കൊന്നു. അതിനാല്‍ അവന്‍ തിരികെ പോയി. അവന്റെ രാജ്യത്തുവച്ച് അവന്റെ രണ്ടു പുത്രന്മാര്‍ അവനെ വാള്‍ കൊണ്ടു കൊന്നു. അവന് ശേഷം മകനായ ഏസെർ-ഹദ്ദോൻ രാജാവായി. അങ്ങനെ യെഹൂദാ അശ്ശൂര്‍ സാമ്രാജ്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.
ബാബിലോണ്‍ പ്രവാസം
അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ പതനത്തിന് ശേഷം ബാബിലോണ്‍ സാമ്രാജ്യം ഉയര്‍ന്നു വന്നു. 625 BC യില്‍ ബാബിലോണിയന്‍ രാജാവായ നാബോപോളാസ്സെര്‍ ന്‍റെ നേതൃത്വത്തില്‍ അശ്ശൂര്‍ സാമ്രാജ്യത്തില്‍ നിന്നും ബാബിലോണ്‍ സ്വതന്ത്രമായി. 614 ല്‍ മേദ്യ രാജ്യവും ബാബിലൊണും ചേര്‍ന്ന് അശ്ശൂര്‍ നഗരത്തെ കീഴടക്കി, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അശ്ശൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന നിനെവേ അവര്‍ക്ക് കീഴടങ്ങി. അങ്ങനെ അശ്ശൂര്‍ സാമ്രാജ്യം പൂര്‍ണ്ണമായും തകരുകയും ബാബിലോണ്‍ സാമ്രാജ്യം ശക്തമാകുകയും ചെയ്തു.
605 BC യില്‍ ബാബിലോണ്‍ ഈജിപ്തിനെ ആക്രമിച്ചു കീഴടക്കി. അപ്പോള്‍ യഹൂദ ഈജിപ്തിന് കപ്പം കൊടുക്കുന്ന ആശ്രയ രാജ്യം ആയിരുന്നു. അതിനാല്‍, തുടര്‍ന്നു യഹൂദ ബാബിലോണിന് കപ്പം നല്‍കുന്ന ഒരു പ്രവിശ്യയായി മാറി. ഏകദേശം, 598 BC, 587 BC എന്നീ വര്‍ഷങ്ങളില്‍ യെഹൂദയെ ബാബിലോണ്‍ ആക്രമിക്കുകയും യഹൂദന്മാരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അങ്ങനെ യഹൂദമാര്‍ക്ക് മറ്റൊരു പ്രവാസ ജീവിതം ആരംഭിച്ചു. 586 BC ല്‍ ബാബിലോണ്‍ പൂര്‍ണ്ണമായും യഹൂദ്യയെ കീഴടക്കി. അങ്ങനെ, മഹാ പ്രൌഡിയോടെ ദാവീദ് ആരംഭിച്ച എബ്രായ രാജ്യം അവസാനിച്ചു. അത് പിന്നീട് വീണ്ടും രൂപംകൊള്ളുന്നത് BC രണ്ടാം നൂറ്റാണ്ടില്‍ മാത്രമാണ്. അവര്‍ക്ക് തിരികെ പോകുവാന്‍ അനുവദിച്ചുകൊണ്ടു പേര്‍ഷ്യന്‍ രാജാവായ കോരെശ് BC 538 ല്‍ കല്‍പ്പന ഇറക്കിയപ്പോള്‍, ഈ പ്രവാസ ജീവിതം അവസാനിച്ചു.
യഹൂദന്മാര്‍ ബാബിലോണിയന്‍ പ്രവാസത്തിലേക്ക് പോയത് ഒരു പ്രാവശ്യമായിട്ടല്ല എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. യഹൂദയില്‍ ബാബിലോണിനെതിരെ കലാപങ്ങള്‍ ഉയയര്‍ന്നപ്പോള്‍ എല്ലാം അവര്‍ അതിനെ അടിച്ചമര്‍ത്തുകയും, കുറെ യഹൂദന്മാരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. യഹൂദന്മാരെ മൊത്തമായി ഒരുകാലത്തും ബാബിലോണിലേക്ക് കൊണ്ടുപോയതും ഇല്ല. തിരികെ പോകുവാന്‍ അനുവാദം ലഭിച്ചപ്പോഴും എല്ലാ യഹൂദന്മാരും ബാബിലോണ്‍ വിട്ട് തിരികെ വന്നില്ല. അങ്ങനെ തിരികെ പോകാതെ, ബാബിലോണില്‍ തന്നെ താമസിച്ച യഹൂദന്മാര്‍ ആണ് അന്യ ദേശത്ത് പ്രവാസികളായി ജീവിക്കുവാന്‍ തീരുമാനിച്ച ആദ്യ യഹൂദ സമൂഹം.
597 ല്‍ ആണ് ആദ്യമായി യഹൂദന്മാരെ ബാബിലോണിയന്‍ സാമ്രാജ്യം പിടിച്ചുകൊണ്ടു പോകുന്നത് എന്നാണ് മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവരും ഉണ്ട്. അവരുടെ അഭിപ്രായത്തില്‍ ആദ്യത്തെ നാടുകടത്തല്‍ നടന്നത് 586 BC യില്‍ നെബൂഖദുനേസർ യെരൂശലേം പിടിച്ചടക്കിയപ്പോള്‍ ആണ്. അങ്ങനെ ആണ് എങ്കില്‍ യഹൂദന്മാര്‍ ബാബിലോണില്‍ പ്രവാസത്തില്‍ ആയിരുന്നത് 48 വര്‍ഷങ്ങള്‍ ആയിരിക്കേണം. എന്നാല്‍ യിരെമ്യാവു 29:10 ല്‍ പറയുന്നത് അനുസരിച്ചു അവര്‍ 70 വര്‍ഷങ്ങള്‍ ബാബിലോണില്‍ ആയിരുന്നിരിക്കേണം. അതിനാല്‍ ചിലര്‍ പ്രവാസ ജീവിതം 608 BC മുതല്‍ 538 BC വരെ ആയിരുന്നു എന്നും, മറ്റ് ചിലര്‍ 586 BC മുതല്‍, രണ്ടാമത്തെ ദൈവാലയം യെരൂശലേമില്‍ പ്രതിഷ്ഠിച്ച 516 BC വരെ ആയിരുന്നു എന്നും അഭിപ്രായപ്പെടുന്നു.
ബാബിലോണിലേക്ക്, പതിനായിരം പേരെ മാത്രമേ നാടുകടത്തി ഉള്ളൂ എന്നും, യഹൂദയിലെ, കഴിവും, നിപുണതയും ഉള്ളവരെയും, പുരോഹിതന്മാരെയും സമ്പന്നരേയും മാത്രമേ ബാബിലോണിലേക്ക് കൊണ്ടുപോയുള്ളൂ എന്നും ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.
586 BC ആയപ്പോഴേക്കും, യഹൂദ എന്ന സ്വതന്ത്ര രാജ്യം ഇല്ലാതെ ആയി. കുറേ യഹൂദന്മാര്‍ ബാബിലോണില്‍ പ്രവാസത്തിലും, ചിലര്‍ യഹൂദയിലും ജീവിച്ചു. അങ്ങനെ അവര്‍ ബാബിലോണിലെ യഹൂദന്മാര്‍ എന്നും യഹൂദയിലെ യഹൂദന്മാര്‍ എന്നും രണ്ടായി അറിയപ്പെടുവാന്‍ തുടങ്ങി. എന്നാല്‍ അതിനു ശേഷം, ശേഷം യഹൂദയില്‍ താമസിച്ചിരുന്ന യഹൂദന്‍മാര്‍ക്ക് എന്തു സംഭവിച്ചു എന്നു വ്യക്തമായ വിവരങ്ങള്‍ ഇല്ല. ആ കാലത്തിന്റെ ഒരു നേര്‍ ചിത്രം യിരെമ്യാവ് പ്രവാചകന്‍ എഴുതിയ വിലാപങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. യിരെമ്യാവ് യഹൂദയിലോ, ഈജിപ്തിലോ ആയിരുന്നപ്പോള്‍ ആയിരിക്കാം ഈ പുസ്തകം എഴുതപ്പെട്ടത്.
അശൂര്‍ രാജ്യത്തേക്ക് നാടുകടത്തപ്പെട്ട യിസ്രയേല്യര്‍ അവിടെ ചിതറിക്കപ്പെട്ടപ്പോള്‍, ബാബിലോണിയന്‍ പ്രവാസത്തിലായിരുന്ന യഹൂദന്മാര്‍ക്കു ഒരുമിച്ച് ഒരു പ്രദേശത്ത് താമസിക്കുവാന്‍ നെബൂഖദുനേസർ രാജാവു അനുവാദം നല്കി. അവിടെ അവര്‍ മതപരവും സാംസ്കാരികവും ഭാഷാപരവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി എങ്കിലും അവരുടെ വിശ്വാസവും ജീവിത രീതികളും ഭാഷയും അവര്‍ കാത്തുസൂക്ഷിച്ചു. യെഹെസ്കേലിനെ പോലെയുള്ള പ്രവാചകന്മാരും മൂപ്പന്മാരും അവരുടെ പ്രത്യാശയെ ഭംഗം എല്‍ക്കാതെ സൂക്ഷിച്ചു. അവര്‍ തിരികെ അവരുടെ വാഗ്ദത്ത ദേശത്തേക്ക് പോകുന്ന ഒരു ദിവസം ഉണ്ടാകും എന്നു അവര്‍ ജനത്തിന് ഉറപ്പ് നല്കി. സിനഗോഗ് എന്നു അറിയപ്പെടുന്ന യഹൂദന്മാരുടെ പള്ളികള്‍ ആരംഭിച്ചത് ഈ കാലയളവില്‍ ആയിരുന്നിരിക്കേണം. അവര്‍ ശബ്ബത്ത്, പെരുന്നാളുകള്‍, പരിച്ഛേദന എന്നിവ ആചരിച്ചിരുന്നു. ദൈവാലയത്തിലെ യാഗത്തിന് പകരമായി പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിച്ചു. അവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കോരെശ് എന്ന മേദ്യ-പേര്‍ഷ്യ രാജാവിനെ, യഹോവയുടെ അഭിഷിക്തന്‍ എന്നാണ് യെശയ്യാവ് 45:1 ല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ബാബിലോണില്‍ ആയ യഹൂദന്മാര്‍ യഹോവായ ദൈവത്തിന്റെ പ്രമാണങ്ങളില്‍ ഉറച്ചു നിന്നു. അവര്‍ തങ്ങളെ, യഹൂദയില്‍ ശേഷിച്ച യഹൂദന്മാരില്‍ നിന്നും വ്യത്യസ്തര്‍ ആയി കരുതി, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തി. അവരുടെ പ്രവാസ ജീവിതം യാതനകള്‍ നിറഞ്ഞത് ആയിരുന്നു. യഹോവയായ ദൈവം അവരെ ഒരു പ്രത്യേക ജാതി ആയി തിരഞ്ഞെടുത്ത്, ഒരു വാഗ്ദത്ത ദേശം എന്നന്നേക്കുമായി നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ വിശ്വാസവും അവരുടെ അപ്പോഴത്തെ അനുഭവവും തമ്മില്‍ ചേര്‍ന്ന് പോയില്ല. എങ്കിലും അവരുടെ പ്രത്യാശ കെട്ടുപോകുവാന്‍ ദൈവം അനുവദിച്ചില്ല. അവരുടെ തകര്‍ച്ചയുടെ കാരണം, അവരുടെ പാപ പ്രവര്‍ത്തികള്‍ ആണ് എന്നു അവര്‍ തിരിച്ചറിഞ്ഞു. അവര്‍ മോശെയുടെ പ്രമാണങ്ങള്‍ അനുസരിച്ചില്ല, അതിനാല്‍ യഹോവയ്ക്ക് അവരോടു കോപം ഉണ്ടായി. അതുകൊണ്ട് ആ കാലഘട്ടത്തില്‍, അവരുടെ പ്രവാചകന്മാര്‍ ന്യായവിധിയെക്കുറിച്ച് സംസാരിക്കാതെ, അധികമായി രക്ഷയെക്കുറിച്ച് സംസാരിച്ചു. യെഹെസ്കേല്‍, യെശയ്യാവ് എന്നീ പ്രവാചകന്മാരുടെ പുസ്തകത്തില്‍, യഹൂദന്മാരെ ദൈവം വീണ്ടും കൂട്ടിച്ചേര്‍ക്കും എന്നും, അവരുടെ സമൂഹത്തെ വിശുദ്ധീകരിക്കും എന്നും ദാവീദിന്റെ സിംഹാസനം വീണ്ടും ഉറപ്പിക്കും എന്നും വാഗ്ദത്തം ഉണ്ട്.
BC 538 ല്‍ ബാബിലോണിയന്‍ സാമ്രാജ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യം (പാര്‍സി സാമ്രാജ്യം), കോരെശ് രാജാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു കീഴടക്കി. അങ്ങനെ യഹൂദ്യ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി. കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നതിനാല്‍, അവന്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. അതിനാല്‍, യെരൂശലേം ദൈവാലയം പുതിക്കി പണിയുവാന്‍ യഹൂദന്‍മാര്‍ക്ക് അവന്‍ അധികാരം നല്കി. പ്രവാസത്തിലുള്ളവര്‍ക്ക് ആലയത്തിന്റെ പണിക്കായി തിരികെ പോകുവാനും അവന്‍ സ്വാതന്ത്ര്യം നല്കി. ഇത് നെബൂഖദുനേസർ രാജാവു യെരൂശലേം ദൈവാലയത്തെ തകര്‍ത്തത്തിന്, ഏകദേശം 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചു. അങ്ങനെ, സെരുബ്ബാബേലിനോടുകൂടെ ഏകദേശം അന്‍പത്തിനായിരത്തോളം യഹൂദന്മാര്‍ സ്വന്ത ദേശത്തേക്കു തിരികെ പോയി. അതിനു ശേഷം വീണ്ടും എസ്രാ, നഹെമ്യാവു എന്നിവരുടെ നേതൃത്വത്തിലും അനേകര്‍ തിരികെ പോയി. അവര്‍ യെരൂശലേമില്‍ എത്തി, ദൈവാലയം പുതുക്കി പണിതു. ഘട്ടം ഘട്ടമായി ആലയത്തിന്റെ പണി 515 BC ല്‍ പൂര്‍ത്തിയാക്കി. ശലോമോന്റെ ദൈവാലയത്തിന്‍റെ പരിമിതമായ ഒരു രൂപം മാത്രമേ അവര്‍ക്ക് പുനസൃഷ്ടിക്കുവാന്‍ കഴിഞ്ഞുള്ളൂ. ഇതിനെ ആണ് രണ്ടാമത്തെ ദൈവാലയം എന്നു വിളിക്കുന്നത്.
ഗ്രീക് സാമ്രാജ്യത്തിന്റെ കാലഘട്ടം
അങ്ങനെ യഹൂദന്മാരുടെ ബാബിലോണിയന്‍ പ്രവാസ ജീവിതം അവസാനിച്ചു എന്നു പറയാം. എന്നാല്‍ ആരുടേയും നിര്‍ബന്ധത്താല്‍ അല്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ച ചരിത്രവും യഹൂദന്മാര്‍ക്ക് ഉണ്ട്. ബാബിലോണിയന്‍ കാലത്ത് ചിലര്‍ ചെറിയ കൂട്ടമായി ഈപിപ്തില്‍ താമസിച്ചിരുന്നു. 570 BC ല്‍ യിരെമ്യാവ് പ്രവാചകന്‍ മരിക്കുന്നതു ഈജിപ്തില്‍ വച്ചായിരുന്നു. ബാബിലോണിയന്‍ പ്രാവസകാലത്തിന് ശേഷവും ചിലര്‍ ബാബിലോണില്‍ തന്നെ താമസിച്ചിരുന്നു. അതുപോലെ തന്നെ ഗ്രീക് സാമ്രാജ്യത്തിന്‍റെ കാലത്ത് ചിലര്‍ ആ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് താമസം മാറ്റി. വിശാലമായ സാമ്രാജ്യം കുടിയേറ്റത്തിന് അവസരങ്ങള്‍ തുറന്നു കൊടുത്തു. BC 332 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി, യെരൂശലേമിനെ ആക്രമിച്ചു കീഴടക്കി. എങ്കിലും യഹൂദന്മാരുടെ മതവും സംസ്കാരവും തുടരുവാന്‍ അവര്‍ക്ക് അനുവാദം നല്കി. എന്നാല്‍ ഗ്രീക് സംസ്കാരവും ഭാഷയും സാമ്രാജ്യത്തില്‍ പരക്കുവാന്‍ തുടങ്ങി. ചില യഹൂദന്മാര്‍ ഗ്രീക്ക് രാജ്യത്തിന്റെ അതിരുകളിലേക്ക് കുടിയേറി. യഹൂദയിലും ഗ്രീക് ഭാഷയോടും സംസ്കാരത്തോടും സഹിഷ്ണത നിലനിന്നു. അതിനു യഹൂദന്‍മാര്‍ക്ക് അവരുടെ വിശ്വാസത്തെ ഉപേക്ഷിക്കേണ്ടിവന്നില്ല. ഇതിന്റെ എല്ലാം ഫലമാണ് പഴയനിയമത്തിന്റെ ഗ്രീക് ഭാഷയിലേക്കുള്ള പരിഭാഷ. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യനാളുകളില്‍ അനേകം ഗ്രീക്ക്-യഹൂദന്മാരും, യവനന്മാരും സഭയോടു ചേരുകയും ചെയ്തു. ക്രിസ്തുവില്‍ യഹൂദനും യവനനും ഇല്ല എന്ന അപ്പൊസ്തലനായ പൌലൊസിന്റെ പ്രശസ്തമായ വാചകം ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. ഈ കാലയളവില്‍ യഹൂദന്മാര്‍ ഗ്രീക്കിലേക്ക് മാത്രമല്ല, അവര്‍ ഇറ്റലി മുതല്‍ ഇറാന്‍ വരെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ത്തു. ഈ രാജ്യങ്ങള്‍ എല്ലാം ഒരു സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതായിരിക്കാം അതിന്റെ കാരണം. AD 70 കള്‍ ആയപ്പോഴേക്കും ഏകദേശം 50 ലക്ഷം യഹൂദന്മാര്‍ സ്വന്ത ദേശത്തിന് വെളിയില്‍ പ്രവാസികളായി താമസിച്ചിരുന്നു. എന്നാല്‍ അത് അവരുടെ സ്വന്ത ഇഷ്ടത്താല്‍ തിരഞ്ഞെടുത്തത് ആയിരുന്നു.
റോമന്‍ കാലഘട്ടം
യഹൂദന്മാരുടെ പലായനത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. അവര്‍ വീണ്ടും ചിതറിപ്പോയ ചരിത്രം ഉണ്ട്. അത് റോമന്‍ സാമ്രാജ്യത്തിന്റെ കാലത്ത് സംഭവിച്ചു.
പൊംപെയ് (Pompey) എന്ന റോമന്‍ സൈന്യാധിപന്‍, BC 63 ല്‍ യഹൂദ്യയിലേക്ക് വന്നതോടെ അവരുടെ റോമന്‍ കാലഘട്ടം ആരംഭിക്കുന്നു. റോമാക്കാര്‍ 324 AD വരെ യഹൂദ്യയെ ഭരിച്ചു. യഹൂദ ജീവിത രീതികളെ റോമാക്കാര്‍ അടിച്ചമര്‍ത്തുന്നു എന്ന തോന്നല്‍ യഹൂദന്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ ഇടയ്ക്കിടെ കലാപങ്ങള്‍ ഉണ്ടാക്കി. ഈ കലാപങ്ങള്‍ 66 BC ല്‍ ഒരു വലിയ കലാപമായി രൂപപ്പെട്ടു. അതിനാല്‍ അതിനെ അമര്‍ച്ചചെയ്യുവാന്‍ സൈന്യാധിപനായ ടൈറ്റസിന്‍റെ നേതൃത്വത്തില്‍ റോമാക്കാര്‍ സൈന്യത്തെ അയച്ചു. അവര്‍ AD 70 ല്‍ യെരൂശലേമിനെയും അവിടെ ഉണ്ടായിരുന്ന ദൈവാലയത്തെയും പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. ദൈവാലയത്തെ അഗ്നിക്ക് ഇരയാക്കി. യെഹൂദന്മാര്‍ പല രാജ്യങ്ങളിലേക്കും ചിതറിപ്പോയി.
ഞാന്‍ മുമ്പ് പറഞ്ഞത് പോലെ, അക്കാലത്ത് യഹൂദന്മാര്‍ പലരാജ്യങ്ങളിലും ചെറിയ കൂട്ടമായി കുടിയേറി പാര്‍ത്തിരുന്നു. ചരിത്രകാരനായ ജോസഫസിന്റെ അഭിപ്രായത്തില്‍, പെര്‍ഷ്യ, ബാബിലോണ്‍, അറേബിയ, കുര്‍ദ്ദിസ്ഥാന്‍ എന്നിവിടങ്ങളിലും യഹൂദന്മാര്‍ താമസിച്ചിരുന്നു. അവര്‍ എല്ലാവരും പെസഹ ആചരിക്കുവാനായി യെരൂശലേമില്‍ വന്നിരുന്നു. അങ്ങനെ യെരൂശലേമില്‍ വന്നവരില്‍ അനേകര്‍ റോമന്‍ ആക്രമണത്തില്‍ മരിച്ചു. 97,000 യഹൂദന്മാരെ റോമന്‍ സൈന്യം പിടിച്ചുകൊണ്ടു പോയി, അവരെ അടിമകള്‍ ആയി വിറ്റു എന്നു ജോസഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനേകം യഹൂദന്മാര്‍ സ്വന്ത ദേശത്തുനിന്നും സമീപത്തുള്ള രാജ്യങ്ങളിലേക്ക് ഓടിപ്പോയി. ഏകദേശം 30,000 യഹൂദന്മാരെ കാര്‍ത്തേജ് (Carthage) എന്ന രാജ്യത്തിലേക്ക് നാടുകടത്തി.
എന്നാല്‍ ഒരിയ്ക്കലും യഹൂദ്യ ദേശത്തു യഹൂദന്മാര്‍ ആരും ഇല്ലാതായില്ല, ഒരു ചെറിയ കൂട്ടം യഹൂദന്മാര്‍, രാജ്യവും ആലയവും നഷ്ടപ്പെട്ടവരായി, യെഹൂദ്യ ദേശത്ത് തുടര്‍ന്നും താമസിച്ചു. അവര്‍ വളരെ പതുക്കെ, തകര്‍ച്ചയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. ഇടയ്ക്കിടെ, മറ്റ് ദേശങ്ങളിലേക്ക് ചിതറിപ്പോയ യഹൂദന്മാര്‍, ചെറിയ കൂട്ടങ്ങള്‍ ആയി, തിരികെ എത്തി. അവര്‍ വീണ്ടും ശക്തി പ്രാപിച്ചു. ജീവിതം വീണ്ടും പുഷ്ടിപ്പെടുവാന്‍ തുടങ്ങി. പുരോഹിതന്‍മാര്‍ക്ക് പകരം റബ്ബിമാര്‍ മതപരമായ പഠിപ്പിക്കലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. യഹൂദ പള്ളികള്‍ വീണ്ടും ആരംഭിച്ചു, അവിടെ അവര്‍ ഒത്തുകൂടി. യഹൂദന്മാരുടെ ന്യായപ്രമാണങ്ങള്‍ അവരെ ഒന്നായി യോജിപ്പിച്ച് നിറുത്തി, അത് തലമുറ, തലമുറയായി കൈമാറി.
യഹൂദന്മാര്‍ വീണ്ടും 132 AD മുതല്‍ 135 AD വരെയുള്ള കാലയളവില്‍, സൈമണ്‍ ബാര്‍ കൊഖ്ബാ (Simon Bar Kokhba) എന്ന യഹൂദന്‍റെ നേതൃത്വത്തില്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി. ഈ കലാപവും റോമന്‍ സൈന്യം നിഷ്കരുണം അടിച്ചമര്‍ത്തി. ഈ കലാപം അടിച്ചമര്‍ത്തിയപ്പോഴും, റോമാക്കാര്‍, കുറെ യഹൂദന്മാരെ പിടിച്ചുകൊണ്ടു പോയി അടിമകള്‍ ആയി വിറ്റു. യഹൂദന്മാരില്‍ അനേകം പേര്‍ സ്വന്ത ദേശം വിട്ട് അന്യദേശത്തേക്ക് കുടിയേറി. യഹോദന്മാര്‍ യെരൂശലേം വിട്ടുപോകേണം എന്നു ഹെയ്ഡ്രിയെന്‍ (Hadrian - ˈheɪdriən) ചക്രവര്‍ത്തി കല്‍പ്പനയിറക്കി. ഹെയ്ഡ്രിയെന്‍ എന്നാണ് ഇങ്ങനെ കല്‍പ്പന പുറപ്പെടുവിച്ചത് എന്ന് വ്യക്തമല്ല. അത് സൈമണ്‍ ബാര്‍ കൊഖ്ബായുടെ കലാപത്തിന് ശേഷം AD 135 ല്‍ ആയിരിക്കേണം.
ഈ കല്‍പ്പന പ്രകാരം, അനേകം യഹൂദന്‍മാര്‍ക്ക് വീണ്ടും അവരുടെ സ്വദേശം വിട്ട് അന്യ രാജ്യങ്ങളിലേക്ക് ചിതറി പോകേണ്ടി വന്നു. ഇതില്‍ അനേകര്‍ ബാബിലോണിലേക്ക് കുടിയേറി. ഈ കലാപത്തില്‍, ഏകദേശം 5,80,000 യഹൂദന്മാര്‍ കൊല്ലപ്പെട്ടു എന്നു കരുതുന്നു. അവരില്‍ പലരും പട്ടിണിയാലും രോഗം മൂലവും ആണ് മരിച്ചത്. ഇത് വലിയ ഒരു വംശഹത്യ തന്നെ ആയിരുന്നു. എന്നാല്‍ അപ്പോഴും, ഗലീലിയ, ഗോലാന്‍, ബേത്ത്-ഷെയന്‍ താഴ് വര, യഹൂദ്യയുടെ കിഴക്കും തെക്കും പടിഞ്ഞാറും ഉള്ള അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യഹൂദന്മാര്‍ താരതമേന്യ സുരക്ഷിതരായി കഴിഞ്ഞു. കലാപത്തെ അടിച്ചമര്‍ത്തിയതിന് ശേഷം റോമന്‍ ചക്രവര്‍ത്തി ആയിരുന്ന ഹെയ്ഡ്രിയെന്‍, ആ പ്രദേശത്തിന്റെ പേര് തന്നെ മാറ്റി, അതിനു സിറിയ പലസ്റ്റീന (Syria Palaestina) എന്ന പുതിയ പേര് നല്കി. ഈ കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ഗലീലയില്‍ ഒരു കൂട്ടം റബ്ബിമാര്‍ ഒത്തുകൂടുകയും അവര്‍ യഹൂദന്മാരുടെ വായ്മൊഴിയാലുള്ള ന്യായപ്രമാണങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. ഇതിനെ മിഷ്ന (Mishnah) എന്നാണ് വിളിക്കുന്നത്. യെരൂശലേമില്‍ ഒഴികെ, യഹൂദന്മാര്‍ കുടിയേറി താമസിച്ച മറ്റ് ഒരിടത്തും അവരുടെ മത വിശ്വാസത്തെ തടസ്സപ്പെടുത്തുവാന്‍ റോമാക്കാര്‍ തുനിഞ്ഞില്ല.
ഈ കാലത്തെ കുടിയേറ്റം കൂടി ആയപ്പോള്‍, യഹൂദ ദേശത്തു താമസിക്കുന്ന യഹൂദന്മാരുടെ എണ്ണം വളരെ കുറഞ്ഞു. കുടിയേറ്റക്കാരില്‍ ബാബിലോണിലേക്ക് പോയവര്‍ പൊതുവേ കൂടുതല്‍ സുരക്ഷിതര്‍ ആയിരുന്നു. അവര്‍ അവിടെ അഭിവൃദ്ധിപ്പെടുകയും ചെയ്തു. ബാബിലോണിലെ വേദപണ്ഡിതന്മാരും യഹൂദയിലെ വേദപണ്ഡിതന്മാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത് ഈ കാലത്താണ്. യഹൂദ മതത്തിന്റെ കേന്ദ്രം ബാബിലോണ്‍ ആയിത്തീരുമോ എന്നു പോലും അക്കാലത്ത് ഭയപ്പെട്ടിരുന്നു. യഹൂദയില്‍ താമസിച്ചിരുന്ന യഹൂദന്മാരെക്കാള്‍ അധികം പേര്‍ അന്യദേശങ്ങളില്‍ താമസിച്ചിരുന്നു.
യഹൂദ പലായനങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന് ശേഷം
പുരാതന കാലം മുതല്‍ റോമന്‍ സാമ്രാജ്യത്തിന്റെ കാലം വരെ ഉള്ള, പ്രധാനപ്പെട്ട യഹൂദ പലായനങ്ങള്‍ നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞല്ലോ. ഇനി നമുക്ക് അതിനു ശേഷമുള്ള പാലയാനങ്ങളുടെ ചരിത്രമാണ് നോക്കേണ്ടത്. അത് വളരെ ചുരുക്കമായി പറഞ്ഞുകൊണ്ടു ഈ വിവരണം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
റോമന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്‍റ്റൈന്‍ ന്‍റെ കാലത്ത് യഹൂദന്മാര്‍ യെരൂശലേമില്‍ പ്രവേശിക്കുവാന്‍ പാടില്ല എന്ന കല്‍പ്പന നിലവില്‍ ഉണ്ടായിരുന്നു. AD 351, 352 കാലത്ത് ചെറിയ കലാപങ്ങള്‍ യഹൂദന്മാര്‍ ഉണ്ടാക്കിയെങ്കിലും അതിനെ പെട്ടന്നു തന്നെ ഇല്ലാതാക്കുവാന്‍ റോമാക്കാര്‍ക്ക് കഴിഞ്ഞു. അഞ്ചാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍, യഹൂദ പ്രദേശം ഉള്‍പ്പെട്ടിരുന്ന, പലസ്റ്റീന്‍ പ്രദേശത്തേക്ക് ക്രിസ്തീയ വിശ്വാസികള്‍ കുടിയേറി താമസിച്ചു. 7 ആം നൂറ്റാണ്ടില്‍, 614 ല്‍ ഹെരാക്ലിയസ് ചക്രവര്‍ത്തിയുടെ കാലത്തും യഹൂദന്മാര്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി. ഇതിന്റെ ഫലമായി വീണ്ടും യഹൂദന്മാരില്‍ അനേകര്‍ കൊല്ലപ്പെട്ടു. അതിനാല്‍ അനേകര്‍ ഈജിപ്തിലേക്ക് ഓടിപ്പോയി.
AD 636 - 638 കാലയളവില്‍ റഷീദുന്‍ കാലിഫേറ്റ് (Rashidun Caliphate) എന്ന മുസ്ലിം സൈന്യം യെരൂശലേമിനെ, കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തില്‍ നിന്നും, പിടിച്ചെടുത്തു. അന്ന് പലസ്റ്റീനില്‍ ഏകദേശം 4 ലക്ഷം യഹൂദന്മാര്‍ താമസിച്ചിരുന്നു. എന്നാല്‍ ക്രമേണ അറബ് വംശജര്‍ അവിടെക്കു കുടിയേറി താമസിക്കുവാന്‍ തുടങ്ങി. ആദ്യകാലങ്ങളില്‍, മുസ്ലീം ഭരണാധികാരി ആയിരുന്ന ഉമര്‍, യഹൂദന്മാരെ യെരൂശലേമിലും താമസിക്കുവാന്‍ അനുവദിച്ചു. അങ്ങനെ 500 വര്‍ഷങ്ങള്‍ക്ക് ശേഷം യഹൂദന്മാര്‍ അവരുടെ പുണ്യ ഭൂമിയില്‍ ദൈവത്തെ ആരാധിച്ചു.
നാലാമത്തെ കാലിഫേറ്റ് ആയ ഒട്ടോമന്‍ സാമ്രാജ്യം AD 1516 മുതല്‍ 1917 വരെ യെരൂശലേമിനെ ഭരിച്ചു. അങ്ങനെ,1516 മുതല്‍ യെരൂശലേമും പലസ്തീന്‍ പ്രദേശങ്ങളും മുസ്ലിം സാമ്രാജ്യമായ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയി. എന്നാല്‍ ഉമര്‍ രണ്ടാമന്‍, യഹൂദന്മാരുടെ ദൈവാലയം നിന്നിരുന്ന ടെമ്പിള്‍ മൌണ്ടില്‍ അവര്‍ പ്രവേശിക്കുന്നത് വിലക്കി. ഈ വിലക്ക് പിന്നീട്, അവിടെ ഇസ്ലാമിക ഭരണം അവസാനിക്കുന്നത് വരെ, ആയിരം വര്‍ഷങ്ങളോളം നിലനിന്നു. ഇതിനോട് അനുബന്ധിച്ച പീഢനങ്ങളാല്‍ യഹൂദന്മാര്‍ വീണ്ടും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. അങ്ങനെ യഹൂദ ദേശത്തെ യഹൂദന്മാരുടെ എണ്ണം വളരെ കുറഞ്ഞു.
കുരിശുയുദ്ധ കാലത്ത് ക്രിസ്തീയ രാജാക്കന്മാര്‍ മുസ്ലീംങ്ങളെയും യഹൂദന്മാരെയും കൊന്നൊടുക്കി. യഹൂദന്മാരെ പിടിച്ചുകൊണ്ടു പോയി അടിമകള്‍ ആയി വിറ്റു. അടിമത്തത്തില്‍ നിന്നും വിലകൊടുത്ത് സ്വതന്ത്രര്‍ ആയവര്‍ ഈജിപ്ത്, ഇറ്റലി ഈന്നിവിടങ്ങളില്‍ കുടിയേറി പാര്‍ത്തു. ചിലര്‍ സ്വന്ത ദേശത്തേക്കു തിരികെ വന്നു എങ്കിലും, യഹൂദയിലെ യഹൂദന്മാരുടെ എണ്ണം 5000 ആയി കുറഞ്ഞു.
മദ്ധ്യകാലഘട്ടം
മദ്ധ്യ കാലഘട്ടമായപ്പോഴേക്കും അന്യ ദേശങ്ങളിലേക്കുള്ള യഹൂദ കുടിയേറ്റം വര്‍ദ്ധിച്ചു. എന്നാല്‍ ഇതേ കാലത്ത് അവരെ പല രാജ്യങ്ങളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 1290 ല്‍ യഹൂദന്മാരെ ഇംഗ്ലണ്ടില്‍ നിന്നും, 1492 ല്‍ സ്പെയിനില്‍ നിന്നും, 1948-1973 കാലത്ത് അറബ് രാജ്യങ്ങളില്‍ നിന്നും അവരെ പുറത്താക്കി. ഈ കാലത്ത് ആണ് കൂടുതല്‍ യഹൂദന്മാര്‍ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് കുടിയേറിയത്. റോമന്‍ ഭരണത്തിന്റെ കാലത്ത് യഹൂദ കച്ചവടക്കാര്‍ ജര്‍മ്മനിയില്‍ കുടിയേറിയിരുന്നു എന്നു കരുതപ്പെടുന്നു. 15 ആം നൂറ്റാണ്ടിന് മുമ്പ് തന്നെ, സ്പെയിനില്‍ ഏകദേശം 3 ലക്ഷം യഹൂദന്മാര്‍ താമസിച്ചിരുന്നു എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. എന്നാല്‍ പിന്നീട് കത്തോലിക്ക സഭാ വിശ്വാസികള്‍ ആയ രാജാക്കന്മാര്‍, യഹൂദന്മാരോടു കത്തോലിക്ക സഭയില്‍ ചേരുവാനും അല്ലെങ്കില്‍ നാടുവിടുവാനും കല്‍പ്പിച്ചു. അവരെ വിചാരണ കൂടാതെ കൊലപ്പെടുത്തി. 1492 ല്‍ ഏകദേശം നാല്‍പ്പത്തിനായിരം യഹൂദന്മാരെ സ്പെയിനില്‍ നിന്നും നാടുകടത്തി. അവര്‍ വടക്കന്‍ ആഫ്രിക്ക, നെതര്‍ലാണ്ട്സ്, ബ്രിട്ടന്‍, ഫ്രാന്‍സ്, പോളണ്ട് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. 16 ആം നൂറ്റാണ്ടിലും ചിലര്‍ ജര്‍മ്മനിയിലേക്കും ചിലര്‍ അമരിക്കയിലേക്കും കുടിയേറി. അവര്‍ അമേരിക്കയിലെ ആദ്യത്തെ സിനഗോഗ് പണിതു.
ആധുനിക കാലം
ആധുനിക കാലം അറിയപ്പെടുന്നത് മുഖ്യമായും പലായനത്തിന്റെ കാലമായല്ല. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ഉണ്ടായ വലിയ പീഡന പരമ്പരയില്‍ യഹൂദന്മാരില്‍ അനേകര്‍ കൊല്ലപ്പെടുകയും, ചിലര്‍ ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ട് മറ്റ് രാജ്യങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു. ഇതേ കാലഘട്ടത്തില്‍, മറ്റ് യൂറോപ്പിയന്‍ രാജ്യങ്ങളിലും, ഇംഗ്ലണ്ടിലും, അമേരിക്കയിലും എല്ലാം യഹൂദന്മാര്‍ വിവിധ വിവേചനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയി.
ഇതെല്ലാം ഒരു സ്വതന്ത്ര യഹൂദ രാജ്യം പുനസ്ഥാപിക്കേണം എന്നും എല്ലാ യഹൂദന്മാരും അവിടേക്ക് തിരികെ വന്നു താമസിക്കേണം എന്നുമുള്ള ആശയത്തിന് രൂപം നല്കി. ഇതിന്റെ ഒരു രാക്ഷ്ട്രീയ രൂപമായിരുന്നു സയോണിസ്റ്റ് പ്രസ്ഥാനം. 1897 ല്‍, തിയോഡോര്‍ ഹെര്‍ട്സെല്‍ (Theodor Herzl's - Te'odor Hertsel) എന്ന യഹൂദന്‍ ആണ് സയോണിസം എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. സയോണിസ്റ്റ് പ്രസ്ഥാനം സ്ഥാപിച്ചു 50 വര്‍ഷങ്ങള്‍ ആയപ്പോഴേക്കും അവരുടെ സ്വപ്നം സഫലമായി. 1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തില്‍, ബ്രിട്ടന്‍, ഒരു സ്വതന്ത്ര യഹൂദ രാക്ഷ്ട്രം എന്ന ആശയത്തെ അംഗീകരിച്ചു. 1920 ല്‍ ലീഗ് ഓഫ് നേഷന്‍സ്, അന്ന് തകര്‍ന്നു കഴിഞ്ഞ ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും പലസ്തീന്‍ പ്രദേശത്തെ, യഹൂദന്മാരുടെ മാതൃ രാജ്യമായി വിഭജിച്ച് എടുത്തു. രണ്ടാം ലോകമഹാ യുദ്ധത്ത്ന് ശേഷം, 1947 നവംമ്പര്‍ മാസം 29 ആം തീയതി, യുണൈറ്റെഡ് നേഷന്‍സ് അസ്സംബ്ലി, അന്നത്തെ പലസ്തീന്‍ പ്രദേശത്തെ വിഭജിച്ച് യിസ്രായേല്‍ എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കുവാനുള്ള പ്രമേയത്തെ അംഗീകരിച്ചു. 1948 മെയ് മാസം 14 ആം തീയതി യിസ്രായേല്‍ എന്ന രാജ്യം പുനസ്ഥാപിക്കപ്പെട്ടു; ലേക രാജ്യങ്ങള്‍ അതിനെ അംഗീകരിക്കുകയും ചെയ്തു. അതിനു മുമ്പായി തന്നെ യിസ്രായേല്‍ ജനങ്ങള്‍, മറ്റ് രാജ്യങ്ങളില്‍ നിന്നും തിരികെ വരുകയും, അവര്‍ വില കൊടുത്തു അവിടെ ഭൂമി വാങ്ങുകയും ചെയ്തിരുന്നു. അന്നുമുതല്‍ ഇന്നേവരെ യഹൂദന്മാരുടെ സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവ് തുടര്‍ന്നു കൊണ്ടിരിക്കുന്നു.
യഹൂദന്മാര്‍ കേരളത്തില്‍
ഈ ചരിത്ര വിവരണം അവസാനിപ്പിക്കുന്നതിന് മുമ്പായി യഹൂദന്മാര്‍ കേരളത്തില്‍ എത്തിയതിനെക്കുറിച്ച് കൂടി ചില കാര്യങ്ങള്‍ പറയട്ടെ.
ഇന്ത്യയില്‍ ആദ്യം യഹൂദന്മാര്‍ എത്തിയത് കേരളത്തില്‍ ആയിരുന്നു. അവര്‍ സംയുക്ത യിസ്രയേലിന്റെ രാജാവായ ശലോമോന്‍ ന്‍റെ കാലത്തായിരിക്കേണം ഇവിടെ എത്തിയത്. 587 BC ല്‍ ശലോമോന്റെ ദൈവാലായം തകര്‍ക്കപ്പെട്ടതിന് ശേഷമാണ് അവര്‍ കേരളത്തിലേക്ക് കുടിയേറിയത് എന്ന് കരുതുന്നവര്‍ ഉണ്ട്. 12 ആം നൂറ്റാണ്ടില്‍ കൊല്ലത്ത് എത്തിയ യഹൂദ സഞ്ചാരി ആയിരുന്ന ബെഞ്ചമിന്‍ ഓഫ് ടുഡെല (Benjamin of Tudela), കറുത്ത നിറമുള്ള യഹൂദന്മാരെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് യഹൂദന്‍മാര്‍ക്ക് ഇവിടെ സിനഗോഗുകള്‍ ഉണ്ടായിരുന്നതായും അവര്‍ക്ക് മലയാളവും യഹൂദ ഭാഷയും ചേര്‍ന്ന ഒരു ഭാഷയും ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. ഇവര്‍ മലബാറി യഹൂദന്മാര്‍ എന്നും കൊച്ചിന്‍ യഹൂദന്മാര്‍ എന്നും അറിയപ്പെട്ടു.
15, 16 നൂറ്റാണ്ടുകളില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും, അവിടെയുള്ള പീഡനങ്ങളെ ഭയന്ന് അനേകം യഹൂദന്മാര്‍ കേരളത്തിലേക്ക് കുടിയേറി താമസിച്ചു. ഇവരെ പരദേശി യഹൂദന്മാര്‍ എന്നാണ് വിളിക്കുന്നത്. ഇവരെ വെളുത്ത യഹൂദന്മാര്‍ എന്നും വിളിക്കാറുണ്ട്. ഇവരെ ഇങ്ങനെ വിളിക്കുന്നത്, മറ്റുള്ളവരെ മോശക്കാരായി കാണുവാന്‍ അല്ല, ഇവരെ വേര്‍തിരിച്ച് അറിയുവാന്‍ ആണ്. ഇവര്‍ പ്രധാനമായും കൊച്ചിയില്‍ താമസിച്ചു. ഇവര്‍ തമിഴ് നാട്ടിലേക്കും കുടിയേറിയിട്ടുണ്ട്. യിസ്രായേല്‍ ഒരു രാജ്യം സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍, കേരളത്തില്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ തിരികെ പോയി. ഇനി ചുരുക്കം കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
യിസ്രയേലില്‍ സമാധാനം ഉണ്ടാകട്ടെ
ഈ പഠനം ഇവിടെ അവസാനിപ്പിക്കാട്ടെ. യിസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ നിന്നും അവരുടെ പലായനങ്ങളുടെ ചരിത്രം ഹൃസ്വമായി മാത്രമേ ഇവിടെ വിവരിക്കപ്പെട്ടിട്ടുള്ളൂ. സംഭവ ബഹുലമായ ഒരു ചരിത്രമാണ് ഈ ജനത്തിന് ഉള്ളത്. പലായനങ്ങളും പീഡനങ്ങളും അവരുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതില്‍ അബ്രഹാം മുതല്‍ ആധുനിക കാലം വരെയുള്ള പലായനങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ന് അവര്‍ക്ക് ലോകം അംഗീകരിച്ച ഒരു സ്വതന്ത്ര രാജ്യം ഉണ്ട്. ലോകമെമ്പാടുമുള്ള യഹൂദന്മാര്‍ അവരുടെ സ്വന്ത രാജ്യത്തിലേക്ക് തിരികെ പോയികൊണ്ടിരിക്കുന്നു. ഇനിയും പരിഹരിക്കുവാന്‍ ഉള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ട് എങ്കിലും, അവര്‍ അവിടെ സമാധാനത്തോടെ താമസിക്കുന്നു. വേദപുസ്തക പണ്ഡിതന്മാരില്‍, അവരുടെ പ്രാവസകാലം അവസാനിച്ചു എന്നു കരുതുന്നവരും ഒരിക്കല്‍ കൂടി അവര്‍ ചിതറിക്കപ്പെടും എന്നു കരുതുന്നവരും ഉണ്ട്. ഇതിനോടകം വളരെ കഷ്ടങ്ങളും വേദനയും അനുഭവിച്ച ഈ ജനം ഇനി സമാധാനത്തോടെ ജീവിക്കട്ടെ എന്നു നമുക്ക് പ്രാര്‍ഥിക്കാം. യിസ്രയേലില്‍ സമാധാനാം ഉണ്ടാകട്ടെ.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും
ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും
സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍
ലഭ്യമാണ. English ല്‍
വായിക്കുവാന്‍ naphtalitribe.com എന്ന
വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment