ദൈവീക രോഗ സൌഖ്യം ഇപ്പൊഴും ഉണ്ടോ?

അത്ഭുത രോഗ സൌഖ്യം ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു ഭാഗമാണ് എങ്കിലും, അതിനെക്കുറിച്ചുള്ള വിവിധ കാഴപ്പാടുകള്‍ വിശ്വാസികളുടെ ഇടയില്‍ നിലവില്‍ ഉണ്ട്. ദൈവം ഇന്നും അത്ഭുതകരമായി രോഗങ്ങളെ സൌഖ്യമാക്കുന്നു എന്നും, ദൈവം ഇന്ന് രോഗങ്ങളെ സൌഖ്യമാക്കും എങ്കിലും രോഗശാന്തി ശുശ്രൂഷ ഇല്ലാ എന്നും, ദൈവ രോഗങ്ങളെ സൌഖ്യമാക്കുന്നുവോ എന്നു തീര്‍ച്ചയില്ല എന്നും കരുതുന്നവര്‍ ഉണ്ട്. ചിലര്‍, ദൈവീക രോഗശാന്തിയില്‍ വിശ്വസിക്കുന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നില്ല. മറ്റ് ചിലര്‍, ദൈവീക രേഗശാന്തിയില്‍ വിശ്വസിക്കുകയും, അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും എങ്കിലും, മരുന്നുകളും ഉപയോഗിക്കുന്നു. മറ്റൊരു കൂട്ടര്‍, ദൈവീക രോഗശാന്തിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നില്ല എങ്കിലും, അതില്‍ അധികമായി ആശ്രയിക്കാറില്ല. ഈ ആശയക്കുഴപ്പത്തിന് നൂറ്റാണ്ടുകലൂടെ പഴക്കം ഉണ്ട് എങ്കിലും അതിനൊരു ശ്വാശത പരിഹരിഹാരം ഉണ്ടായിട്ടില്ല. കാരണം, ഉപദേശങ്ങള്‍ക്ക് ഉപരിയായി, ദൈവീകമായ അത്ഭുത രോഗശാന്തി, ഇന്നും നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരും അത്ഭുത രോഗസൌഖ്യം പ്രാപിക്കുന്നതും ഇല്ല.

ഈ ആശയക്കുഴപ്പത്തെ ഇല്ലാതാക്കുവാന്‍ ഈ ലഘു ഗ്രന്ഥത്തിന് കഴിയും എന്നു അവകാശപ്പെടുന്നില്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ച നല്ലതായിരിക്കും എന്നു മാത്രമേ ഇവിടെ കരുതുന്നുള്ളൂ. എന്താണ് ദൈവീക ആരോഗ്യവും രോഗ സൌഖ്യവും, എന്താണ്, യെശയ്യാവു 53: 4, 5 വാക്യങ്ങളില്‍ പറയുന്ന രോഗസൌഖ്യം, ഇന്നും ദൈവീക രോഗസൌഖ്യം ഉണ്ടോ, രോഗികക്കുവേണ്ടി ഒരു അത്ഭുത രോഗസൌഖ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് അധികാരം ഉണ്ടോ, എന്തുകൊണ്ടാണ് നമ്മള്‍ പ്രാര്‍ത്ഥിച്ചാലും എല്ലാവരും രോഗത്തില്‍ നിന്നും സൌഖ്യം പ്രാപിക്കാത്തത്? ഇതെല്ലാം ആണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്ന വിഷയങ്ങള്‍.

എന്താണ് ദൈവീക ആരോഗ്യവും രോഗസൌഖ്യവും?

നമുക്ക് എന്താണ് ദൈവീക ആരോഗ്യം എന്നും എന്താണ് രോഗസൌഖ്യം എന്നും ചിന്തിച്ചുകൊണ്ടു ഈ പഠനം ആരംഭിക്കാം. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യത്തെ കല്ല്, ദൈവത്തിന്റെ സൃഷ്ടിപ്പില്‍ ഉള്ള വിശ്വാസമാണ്. അതായത്, നമ്മള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നതും ചെയ്യാത്തതുമായ സകലത്തിനെയും സൃഷ്ടിച്ചത്, ദൈവമാണ്. ദൈവമാകട്ടെ, എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും ഉറവിടമാണ്. അവന്‍ വെളിച്ചങ്ങളുടെ പിതാവാണ്. അവന് യാതൊരു മാറ്റാമോ, അവനില്‍ തിന്‍മയോ ഇല്ല. (യാക്കോബ് 1: 17). അതിനാല്‍, രോഗങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിയോ അവന്റെ സത്വത്തിന്‍റെ ഭാഗമോ അല്ല.

മനുഷ്യനു ദൈവീക ആരോഗ്യമുണ്ടായിരുന്ന, രോഗങ്ങള്‍ ഇല്ലാതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. ഇത് മനസ്സിലാക്കുവാന്‍, ദൈവരാജ്യം എന്ന ആത്മീയ മംര്‍മ്മം കൂടി നമ്മള്‍ അറിഞ്ഞിരിക്കേണം. ദൈവീക ആരോഗ്യവും, രോഗസൌഖ്യവും, അനുഗ്രഹങ്ങളും, നിത്യജീവനും ദൈവരാജ്യത്തിലെ അനുഭവങ്ങള്‍ ആണ്.

വെളിപ്പാടു പുസ്തകം 21 ല്‍ നമ്മള്‍ വായിക്കുന്നത് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള വിവരണം ആണ്. പുതിയ ഭൂമിയെ പുതിയ യെരൂശലേം എന്നാണ് വിളിക്കുന്നത്. അതൊരു വിശുദ്ധ സ്ഥലം ആയിരിയ്ക്കും. അവിടെ മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം ഉണ്ടായിരിക്കും. ദൈവം മനുഷ്യരോടുകൂടെ വസിക്കും. മനുഷ്യര്‍ ദൈവത്തിന്‍റെ ജനമായിരിക്കും. ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 4, 5 വാക്യങ്ങളില്‍ പറയുന്നതിങ്ങനെ ആണ്: ദൈവം മനുഷ്യരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയും. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഇനി മരണം ഉണ്ടാകയില്ല. 22 ആം അദ്ധ്യായത്തിലും പുതിയ യെരൂശലേമിന്റെ വിവരണങ്ങള്‍ തുടരുക ആണ്. അവിടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ഒരു ജീവജല നദി ഉണ്ടായിരിക്കും. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു. വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. പുതിയ യെരൂശലേമില്‍, യഹോവയായ ദൈവത്തിലും യേശുക്രിസ്തുവിലും വിശ്വസിക്കാത്തവര്‍ ആരും ഉണ്ടായിരിക്കുക ഇല്ല, എന്നതിനാല്‍, ഈ വാക്യത്തില്‍ ജാതികള്‍ എന്നു പറയുന്നത്, വിവിധ ജന സമൂഹത്തെ ഉദ്ദേശിച്ചാണ്. 3 ആം വാക്യം പറയുന്നു: “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല”.

ഈ വിവരണത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കുന്നത് ഇതെല്ലാം ആണ്: പുതിയ യെരൂശലേമില്‍ രോഗങ്ങളോ, കഷ്ടതകളോ, ദുഖമോ, വേദനകളോ, മരണമോ, വിലാപങ്ങളോ ഉണ്ടായിരിക്കുക ഇല്ല. കാരണം അവിടെ യേശുക്രിസ്തുവില്‍ നിന്നും പുറപ്പെട്ടുവരുന്ന ദൈവീക ആരോഗ്യവും സൌഖ്യവും എല്ലാവര്‍ക്കും ലഭ്യമായിരിക്കും. അതായത്, പുതിയ യെരൂശലേമില്‍, രോഗസൌഖ്യം കേവലവും, പൊതുവായതും, എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായതും ആയിരിയ്ക്കും. ഇപ്രകാരം ഉള്ള  പുതിയ യെരൂശലേമിലെ നിത്യമായ വാസത്തെയാണ് നമ്മള്‍ ദൈവരാജ്യം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സത്യം ആണ്, “അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” എന്ന വാക്യം പറയുന്നത്. (വെളിപ്പാടു 21:3). ഇതില്‍ നിന്നും ദൈവരാജ്യം എന്താണ് എന്നു വളരെ എളുപ്പവും വ്യക്തമായും മനസ്സിലാക്കാവുന്നതെ ഉള്ളൂ.

ദൈവരാജ്യം പുതിയ യെരൂശലേമില്‍ ആരംഭിക്കുക അല്ല, പുനസ്ഥാപിക്കപ്പെടുക ആണ്. ദൈവം ഭൂമിയെ സൃഷ്ടിച്ചത് ദൈവരാജ്യം ആയിട്ടാണ്. അതായത് ദൈവം നേരിട്ടു ഭരിക്കുന്ന ഒരു പ്രദേശവും, ജനവും, ദൈവത്തിന്റെ ഇഷ്ടം നിവര്‍ത്തിക്കപ്പെടുന്ന ഒരു ഇടവും ആയിരുന്നു ആദ്യ ഭൂമി. ദൈവം സൃഷ്ടിച്ച ഭൂമിയില്‍ തന്നെ വീണ്ടും ഒരു പ്രദേശത്തെ വേര്‍തിരിച്ചെടുത്ത് അവിടെ ഏദന്‍ തോട്ടമുണ്ടാക്കി, ആദമിനെയും ഹവ്വയെയും അവിടെ താമസിപ്പിച്ചു. ഏദനില്‍ ജീവവൃക്ഷവും, നിത്യജീവനും, ദൈവീക വിശുദ്ധിയും ഉണ്ടായിരുന്നു. ഏദന്‍ ദൈവരാജ്യത്തിന്റെ ആദ്യത്തെ പ്രത്യക്ഷത ആയിരുന്നു. അത് ദൈവരാജ്യം തന്നെ ആയിരുന്നു. അവിടെ മരണമോ, ജീര്‍ണ്ണതയോ ഉണ്ടായിരുന്നില്ല. ആദാം ദൈവീക അധികാരത്തിന്‍ കീഴെയുള്ള, ഭൂമിയിലെ അധികാരി ആയിരുന്നു. ഭൂമിയിലുള്ള സകലത്തിന്‍മീതെയും അവന് അധികാരം ഉണ്ടായിരുന്നു. എന്നും വെയിലാറുമ്പോള്‍ ദൈവം മനുഷ്യരെ സന്ദര്‍ശിക്കുവാന്‍ വരുമായിരുന്നു. അവിടെ ദൈവീക നിയമങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം, സകലതും ദൈവത്തിന്റെ സര്‍വ്വാധികാരത്തിന്‍ കീഴില്‍ ആയിരുന്നു എന്നതിനെ കാണിക്കുന്നു.

എന്നാല്‍ ആദാമും ഹവ്വയും പാപം ചെയ്തു കഴിഞ്ഞപ്പോള്‍, അവരിലേക്ക് മരണവും, ഭൂമിയില്‍ ശാപവും ഉണ്ടായി. (ഉല്‍പ്പത്തി 3:17). അവര്‍ പാപം ചെയ്ത അതേ നിമിഷത്തില്‍, അവര്‍ക്ക് ശാരീരിക മരണം ഉണ്ടായില്ല. അവര്‍ ശാരീരികമായി മരിക്കുവാന്‍ 930 വര്‍ഷങ്ങള്‍ എടുത്തു. അതായിരുന്നു ആദാമിന്റെ ആയുസ്സ്. എന്നാല്‍ പാപത്തോടെ മരണവും അതിലേക്കു നയിക്കുന്ന ജീര്‍ണ്ണതയും ഉണ്ടായി. പാപം കാരണം ഉണ്ടായ ശാപം എന്തെല്ലാം ആണ് എന്നു ആ അവസരത്തില്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഭൂമിയിലെ ശാപത്തിന്റെ ഒരു പട്ടിക ആവര്‍ത്തനപുസ്തകം 28: 15 ആം വാക്യം മുതല്‍ വായിയ്ക്കാം. അതില്‍ പ്രധാനമായത് രോഗം ആയിരുന്നു. അതായത്, പാപം മൂലം മനുഷ്യരുടെ ജീവിതത്തിലും, ഭൂമിയിലും കടന്നുവന്ന ശാപത്തിന്റെ അവസ്ഥയാണ് രോഗം. രോഗം ദൈവ സൃഷ്ടിയല്ല. പാപം എന്ന കാരണത്തിന്റെ അനന്തര ഫലം ആണ്. ഈ ശാപവും രോഗവും മരണവും പുതിയ യെരൂശലേമില്‍ ഉണ്ടായിരിക്കുക ഇല്ല.

പാപം, മരണം, രോഗം, കഷ്ടത, വേദന, ശാപം, ഇവയൊന്നിനും ദൈവരാജ്യത്തില്‍ ഇടം ഇല്ല എന്നതിനാല്‍ ആണ്, ദൈവം ആദമിനെയും ഹവ്വയെയും തോട്ടത്തില്‍ നിന്നും പുറത്താക്കിയത്. ഇവയുമായി മനുഷ്യര്‍ വീണ്ടും ദൈവരാജ്യത്തില്‍ പ്രവേശിക്കാതെ ഇരിക്കുവാന്‍, ദൈവം, ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി കാവല്‍ നിർത്തി. (ഉല്‍പ്പത്തി 3:24). നഷ്ടപ്പെട്ടുപോയ, ഏദന്‍ തോട്ടത്തിലെ ദൈവരാജ്യമാണ്, പുതിയ യെരൂശലേമില്‍ പുനസ്ഥാപിക്കപ്പെടുന്നത്. അതായത്, പുതിയ യെരൂശലേം ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ്. മനുഷ്യരുടെ വീണ്ടെടുപ്പ് ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന്റെ പ്രധാന ഭാഗമാണ്. ഈ പുനസ്ഥാപനത്തിന്റെ ദൈവീക പദ്ധതിയാണ്, ഉല്‍പ്പത്തി 12 മുതല്‍ വിവരിക്കപ്പെടുന്നത്.

പുതിയ യെരൂശലേം എന്നതിന്, ഇപ്പോഴത്തെ യിസ്രായേല്‍ രാജ്യത്തുള്ള യെരൂശലേമുമായി ഭൂമിശാസ്ത്രമായി യാതൊരു ബന്ധവും ഇല്ല. ഇപ്പോഴത്തെ യെരൂശലേം യിസ്രായേല്‍ ജനത്തിന്റെ വാഗ്ദത്ത ദേശവും, ദാവീദ് രാജാവിന്റെ കാലത്തെ രാജ്യ കേന്ദ്രവും, ദൈവാലയം സ്ഥാപിക്കപ്പെട്ട ഇടവും ആണ്. വെളിപ്പാടു പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട ഒരു കൃതി അല്ല. അതില്‍ സൂചനകളും, അടയാളങ്ങളും, രൂപകങ്ങളും, സംഖ്യകളും നിറഞ്ഞ ഒരു പ്രത്യേക രചനാ ശൈലി ആണ് ഉപയോഗിച്ചിട്ടുള്ളത്. അവയെ മനസ്സിലാക്കേണ്ടത്, അവിടെതന്നെ ഉള്ള ചില സൂചനകളുടെയോ, മറ്റ് പ്രവചനങ്ങളുടെയോ സഹായത്തോടെ ആണ്. പുതിയ യെരൂശലേം, പുതിയ ആകാശവും പുതിയ ഭൂമിയും ആണ്.

ഇത്രയും പഠിച്ചത്തില്‍ നിന്നും രോഗം പാപത്തിന്റെ ഫലമായി ഉണ്ടായതാണ് എന്നും, പാപത്തിന്റെ പരിഹാരത്തില്‍ രോഗസൌഖ്യം ഉണ്ട് എന്നും മനസ്സിലായിക്കാണുമല്ലോ. പുതിയ യെരൂശലേമില്‍, അല്ലെങ്കില്‍, ദൈവരാജ്യത്തില്‍ ദൈവീക ആരോഗ്യവും രോഗസൌഖ്യവും ഉണ്ട്. ശരിയായി പറഞ്ഞാല്‍, ദൈവരാജ്യത്തില്‍ രോഗങ്ങള്‍ ഇല്ല എന്നതിനാല്‍ ദൈവീക ആരോഗ്യമാണ് ഉള്ളത്. അതിനാല്‍, എവിടെ ദൈവരാജ്യം ഉണ്ടോ, അവിടെ ദൈവീക ആരോഗ്യം ഉണ്ട് എന്ന് നമുക്ക് പറയാം. ദൈവീക ആരോഗ്യവും രോഗസൌഖ്യവും ദൈവരാജ്യത്തിന്റെ സവിശേഷത ആണ്. ദൈവരാജ്യമെന്ന മര്‍മ്മത്തില്‍ നിന്നും അതിന്റെ മാറ്റി നിറുത്തി പഠിക്കുന്നത് ശരിയല്ല.

കേവലവും വാഗ്ദത്തവുമായ രോഗസൌഖ്യം

രോഗസൌഖ്യത്തേക്കുറിച്ച് ഒരു കാര്യം കൂടെ നമ്മള്‍ മനസ്സിലാക്കേണം. രോഗസൌഖ്യം പൊതുവായതും കേവലമായതും ഉണ്ട്. അത് ദൈവീക പ്രമാണങ്ങള്‍ക്ക് വിധേയമായി ദൈവത്തില്‍നിന്നും വാഗ്ദത്തമായി ലഭിക്കുന്നതും ഉണ്ട്. ഇത് മനസ്സിലാക്കുവാന്‍ പുറപ്പാടു പുസ്തകത്തിലെ ഒരു വേദഭാഗം പഠിക്കാം.

യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പുറപ്പെട്ട് പോരുമ്പോള്‍, അവര്‍ ശൂര്‍ മരുഭൂമിയില്‍ എത്തി. (പുറപ്പാട് പുസ്തകം 15). അവിടെ അവര്‍ വെള്ളമുള്ള ഒരു സ്ഥലത്തു എത്തി. എന്നാല്‍ അവിടെ ഉള്ള വെള്ളം കൈപ്പുള്ളതായിരുന്നു. അതിനാല്‍ അവര്‍ക്ക് അത് കുടിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ദൈവം മോശെയ്ക്ക് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അത് വെള്ളത്തില്‍ ഇട്ടപ്പോള്‍, വെള്ളം മധുരമായി തീര്‍ന്നു.

പുറപ്പാട് പുസ്തകം 15: 25 ആം വാക്യത്തില്‍, ഈ സംഭവത്തിന് ശേഷം, ദൈവം അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു എന്നും അവിടെ വച്ച് ദൈവം അവരെ പരീക്ഷിച്ചു എന്നും നമ്മള്‍ വായിക്കുന്നു. പരീക്ഷിച്ചു എന്നത് ദൈവം മറ്റൊരു പരീക്ഷണം അവരുടെ മേല്‍ അയച്ചു എന്നല്ല. ദൈവം അവരുടെമേലുള്ള അനുഗ്രഹങ്ങള്‍ക്ക് ഒരു നിബന്ധന വച്ചു.

യിസ്രായേല്‍, മിസ്രയീമില്‍ നിന്നും പുറപ്പെട്ടപ്പോള്‍, “അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല” എന്ന് സങ്കീര്‍ത്തനങ്ങള്‍ 105: 37 ല്‍ പറയുന്നുണ്ട്. അതായത്, അവര്‍ പുറപ്പെട്ടപ്പോള്‍ അവരുടെ ഇടയില്‍ രോഗിയായ ഒരു വ്യക്തിപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, 430 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, ക്രൂരന്മാരായ യജമാനന്‍മാരുടെ കീഴില്‍ അടിമകള്‍ ആയി, കഠിനവേല ചെയ്തുകൊണ്ട് ജീവിച്ച ഒരു ജനസമൂഹത്തില്‍ രോഗികളോ, ബലഹീനരോ ആയ ചിലരെങ്കിലും ഉണ്ടായിരുന്നു എന്നു കരുതുന്നതാണ് ശരി. എങ്കിലും അവര്‍ പുറപ്പെട്ടപ്പോള്‍ അവരില്‍ ഒരാള്‍ പോലും രോഗിയോ, ബലഹീനനൊ ആയിരുന്നില്ല. അതിനാല്‍ പെസഹ അത്താഴം കഴിച്ചപ്പോഴോ, അതിനു ശേഷമോ, അവരുടെ പുറപ്പാടിന് മുമ്പ്, ദൈവം സകല യിസ്രയേല്യരെയും സൌഖ്യമാക്കി എന്ന് കരുതാം. അവര്‍ എല്ലാവരും പൂര്‍ണ്ണ ആരോഗ്യവാന്മാരായി പുറപ്പെട്ടു. ഈ ആരോഗ്യവും സൌഖ്യവും, പൊതുവേയുള്ള, കേവലമായ രോഗ സൌഖ്യം ആണ്.

എന്നാല്‍, മാറായില്‍, അവര്‍ ദൈവത്തോട് പിറുപിറുത്തതിന് ശേഷം, ദൈവം രോഗസൌഖ്യത്തെ നിബന്ധനകള്‍ക്ക് വിധേയം ആക്കി. ഇതിനെ ആണ് ദൈവം അവരെ പരീക്ഷിച്ചു എന്നു പറയുന്നത്. ദൈവം അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു. അത് ഇങ്ങനെ ആയിരുന്നു:

 

പുറപ്പാടു 15:26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

അതായത്, പൊതുവായി, അവര്‍ എല്ലാവരും അനുഭവിച്ചിരുന്ന രോഗ സൌഖ്യം, ഇനി മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ലഭിക്കൂ. ദൈവത്തിന് പ്രസാദമുള്ളത് ചെയ്യുകയും, അവന്റെ കല്‍പ്പനകള്‍ പ്രമാണിക്കുകയും ചെയ്താല്‍ രോഗ സൌഖ്യം ഉണ്ടാകും. ഇത് ദൈവം, അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രത്യേകമായ സൌഖ്യം ആണ്.

അതായത്, പൊതുവായതും കേവലമായതുമായ രോഗസൌഖ്യം എല്ലാവര്‍ക്കും ലഭിക്കും. അപ്പോള്‍ തന്നെ, രോഗസൌഖ്യം, ദൈവത്തില്‍ വിശ്വസിക്കുകയും ദൈവരാജ്യത്തില്‍ ആയിരിക്കുകയും ചെയ്യുന്നവരില്‍ ദൈവീക വാഗ്ദത്തമായും ലഭിക്കും. ഇതുകൊണ്ടാണ്, ആണ് വിശ്വാസിയും അവിശ്വാസിയും ഒരുപോലെ രോഗസൌഖ്യം പ്രാപിക്കുന്നതായി നമുക്ക് തിന്നുന്നത്.

എന്താണ് യെശയ്യാവു 53: 4, 5 വാക്യങ്ങളുടെ അര്‍ത്ഥം?

ഇനി നമുക്ക് രണ്ടാമത്തെ ചോദ്യത്തിലേക്ക് പോകാം. യെശയ്യാവു 53: 4, 5 വാക്യങ്ങള്‍ ശാരീരിക സൌഖ്യത്തെക്കുറിച്ച് പറയുന്നുണ്ടോ? അതോ അത് പാപത്തില്‍ നിന്നുള്ള വിടുതലിനെക്കുറിച്ച് മാത്രമേ പറയുന്നുള്ളോ. ഇതിനെക്കുറിച്ച് മനസ്സിലാക്കുവാന്‍ നമുക്ക് ആദ്യം ആ വാക്യം വായിയ്ക്കാം.

 

യെശയ്യാവു 53: 4, 5

   സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 

   എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

യെശയ്യാവ് 53 ആം അദ്ധ്യായം യേശു ക്രിസ്തുവിന്‍റെ ക്രൂശ് മരണത്തെക്കുറിച്ചുള്ള ഒരു പ്രവചനമാണ് എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. എന്നാല്‍ യഹൂദന്മാര്‍ക്ക് ഈ വിവരണം തങ്ങളുടെ പ്രവാസ ജീവിതത്തെക്കുറിച്ചാണ് എന്ന അഭിപ്രായം ഉണ്ട്. സുവിശേഷ ഗ്രന്ഥകര്‍ത്താവായ മത്തായിയും അപ്പോസ്തലനായ പത്രോസും ഈ പ്രവചനത്തെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയും ക്രൂശീകരണവും ആയി ബന്ധപ്പെടുത്തി തങ്ങളുടെ കൃതികളില്‍ ഉദ്ധരിക്കുന്നുണ്ട്. അതിനാല്‍ ഈ വാക്യങ്ങള്‍ യേശുവിനെക്കുറിച്ച് തന്നെയാണ് എന്ന് നമുക്ക് ഉറപ്പിക്കാം.

4 ആം വാക്യത്തിലെ, “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു” എന്നതിലെ “സാക്ഷാല്‍” എന്ന വാക്ക് വിവിധ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്കിയിട്ടുണ്ട്. ഇവിടെ എബ്രായ ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്, “ഏക്കന്‍” (aken) എന്ന വാക്കാണ്. ഈ വാക്കിന്റെ അര്‍ത്ഥം, തീര്‍ച്ചയായും, നിച്ശയമായും, ഉറപ്പായും, സത്യമായും എന്നിങ്ങനെയാണ്. ഇതു അതിനുശേഷം പറയുന്ന കാര്യങ്ങളുടെ നിച്ശയത്തെ കാണിക്കുന്നു.

എബ്രായ ഭാഷയില്‍ ശാരീരിക രോഗത്തിനും ആത്മീയ രോഗമായ പാപത്തിനും ഇടയില്‍ വലിയ വേര്‍തിരിവ് ഇല്ലായിരുന്നു. ശാരീരിക രോഗം ആത്മീയ രോഗമായ പാപത്തിന്‍റെ ഫലമാണ് എന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടാണ് കുഷ്ടരോഗത്തെ പാപത്തിന്‍റെ ഫലമായും, ബാഹ്യ ലക്ഷണമായും അവര്‍ കണ്ടിരുന്നത്.

‘രോഗങ്ങളെ അവൻ വഹിച്ചു’ എന്ന് പറയുമ്പോള്‍ രോഗത്തെ വഹിച്ചുകൊണ്ട് പോയി എന്നതും ‘വേദനകളെ അവൻ ചുമന്നു’ എന്ന് വായിക്കുമ്പോള്‍ അതിന്‍റെ ഭാരത്തെക്കുറിച്ചും ആണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അതായത് യേശുക്രിസ്തു നമ്മളുടെ ഭാരമേറിയ പാപത്തെയും അതിന്റെ ശിക്ഷകളേയും ദൂരേക്ക്‌ വഹിച്ചുകൊണ്ട് പോയി. നമ്മളുടെ പാപം ഇനി ഒരിയ്ക്കലും നമ്മളുടെമേല്‍ കണക്കിടപ്പെടുന്നില്ല. അതിയനാല്‍ തന്നെ, രോഗങ്ങള്‍ക്കും നമ്മളുടെമേല്‍ ഇനി അധികാരമില്ല.  ‘സാക്ഷാല്‍’ എന്ന വാക്ക് അതിന്‍റെ ഉറപ്പിനെ കാണിക്കുന്നു.

യെശയ്യാവ് 53: 5 ആം വാക്യം പറയുന്നു:  എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് അപ്പുറം മശിഹ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും എന്ന് പ്രവാചകന്‍ കാണുക ആണ്. യേശുക്രിസ്തു നമ്മളുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും തകര്‍ന്നും ഇരിക്കുന്നു. നമ്മളുടെ രോഗ സൗഖ്യത്തിനായുള്ളത് യേശുവിന്‍റെ ശരീരത്തില്‍ ഏറ്റ അടിപ്പിണരുകളില്‍ പ്രവാചകന്‍ കാണുന്നു. ‘അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.’

യേശു മുറിവേറ്റതും തകര്‍ന്നതും അവന്റെ ഭൌതീക ശരീരത്തില്‍ ആണ്. യേശുവിന്‍റെ ആത്മാവിനെ അടിക്കുവാണോ മുറിവേല്‍പ്പിക്കുവാനോ കൊല്ലുവാനോ റോമന്‍ പടയാളികള്‍ക്ക് കഴിഞ്ഞില്ല. ശത്രുക്കള്‍ക്ക് അവന്റെ ശരീരത്തെ മാത്രമേ തകര്‍ക്കുവാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ പാപം എന്നത് ശാരീരികം അല്ല, മറിച്ച് ആത്മീകം ആണ്. പാപം ആത്മീയ തകര്‍ച്ച ആണ്.

യേശു തന്റെ ഭൌതീക ശരീരത്തില്‍ അനുഭവിച്ച തകര്‍ച്ച നമ്മളുടെ ലംഘനങ്ങള്‍ക്കും പാപത്തിനും, രോഗത്തിനും,  പരിഹാരം ആകുന്നതു, പാപം, രോഗം എന്നിവയെക്കുറിച്ചുള്ള യഹൂദ കാഴ്ചപ്പാട് അനുസരിച്ചാണ്. എബ്രായര്‍ക്കു പാപം, രോഗം എന്നത് കാരണവും അതിന്റെ ഫലവും ആയിരുന്നു. അതായത്, പ്രവചനത്തില്‍ പാപത്തെയും രോഗത്തെയും ഒരുപോലെ പ്രവാചകന്‍ കാണുന്നു. പാപം കാരണവും രോഗം അതിന്റെ ഫലവും ആണ്.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഈ വാക്യങ്ങള്‍, സുവിശേഷ ഗ്രന്ഥകര്‍ത്താവായ മത്തായിയും യേശുവിന്‍റെ ശിഷ്യനായ പത്രോസും, അവരുടെ കൃതികളില്‍ ഉദ്ധരിക്കുന്നുണ്ട്. അതിന്റെ സന്ദര്‍ഭങ്ങള്‍ പഠിച്ചാല്‍, ഈ വാക്യത്തെക്കുറിച്ചുള്ള വ്യക്തമായ ആശയം ലഭിക്കും. ഇതില്‍, മത്തായി 8:17 ല്‍ ശാരീരിക സൌഖ്യത്തെക്കുറിച്ച് പറയുവാനും, പത്രോസ് അദ്ദേഹത്തിന്‍റെ ഒന്നാമത്തെ ലേഖനം 2 ആം അദ്ധ്യായം 24 ആം വാക്യത്തില്‍ ആത്മീയ സൌഖ്യത്തെക്കുറിച്ച് പറയുവാനുമാണ് ഈ വാക്യം ഉദ്ധരിച്ചിരിക്കുന്നത്. നമുക്ക് ഈ രണ്ടു വേദഭാഗങ്ങളും ശ്രദ്ധയോടെ വായിക്കാം.

മത്തായി 8 ല്‍, യേശു പത്രോസിന്റെ വീട് സന്ദര്‍ശിച്ച അവസരത്തില്‍, അവിടെ പനി ആയി കിടന്നിരുന്ന പത്രോസിന്‍റെ അമ്മായിഅമ്മയെ അവന്‍ സൌഖ്യം ആക്കി. ഈ അത്ഭുത രോഗശാന്തിയുടെ കഥ വളരെ വേഗം ചുറ്റുപാടും പരന്നു. വൈക്കുന്നേരം ആയപ്പോഴേക്കും പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. മറ്റ് രോഗങ്ങളാല്‍ പ്രയാസപ്പെട്ടിരുന്നവരും യേശുവിന്‍റെ അടുക്കല്‍ വന്നു. യേശു വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അപ്പോള്‍ മത്തായി യെശയ്യാവ് പ്രവാചകന്‍റെ പ്രവചനം ഓര്‍ത്തു.

 

മത്തായി 8:17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.

തന്നെക്കുറിച്ചുള്ള പ്രവചനം നിവര്‍ത്തി ആകേണം എന്ന ഉദ്യേശ്യത്തോടെ യേശു രോഗികളെ സൌഖ്യമാക്കി എന്നല്ല ഈ വാക്യം പറയുന്നത്. ഈ സംഭവത്തെ മത്തായി യെശയ്യാവിന്‍റെ പ്രവചന നിവൃത്തിയായി കണ്ടു. അതായത്, മത്തായി ശാരീരിക രോഗ സൌഖ്യത്തെയാണ് പ്രവചന നിവര്‍ത്തിയായി കണ്ടത്.

എന്നാല്‍ പത്രോസ് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍, യെശയ്യാവിന്റെ പ്രവചനത്തെ ഉദ്ധരിക്കുന്നത്, ആത്മീയ സൌഖ്യത്തെക്കുറിച്ച് പറയുവാനാണ്.

 

1 പത്രോസ് 2: 24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.

യേശുക്രിസ്തു നമ്മളുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശില്‍ കയറി എന്നു പറഞ്ഞതിന് ശേഷമാണ്, ‘അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.’ എന്നു പത്രൊസ് പറയുന്നത്. ഇവിടെ പത്രോസ് നമ്മളുടെ പാപത്തെയും ശിക്ഷയേയും യേശുവിന്റെ ശാരീരിക കഷ്ടതയുമായി ബന്ധിപ്പിക്കുക ആണ്. പാപം എന്ന ആത്മീയ തകര്‍ച്ച, യേശു ഏറ്റ ശാരീരിക ദണ്ഡനത്താല്‍ ശിക്ഷിക്കപ്പെടുകയാണ്. അങ്ങനെ ഭൌതീക സൌഖ്യം ആത്മീയ സൌഖ്യത്തില്‍ വെളിവാകുന്നു. ആത്മീയ സൌഖ്യം ഭൌതീക സൌഖ്യമായി തീരുന്നു. 

ഇതില്‍ നിന്നെല്ലാം നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്? യേശു ജനങ്ങളുടെ ശാരീരിക രോഗങ്ങളെ സൌഖ്യമാക്കിയപ്പോള്‍ യെശയ്യാവ് പ്രവാചകന്‍റെ വാക്കുകള്‍ നിവര്‍ത്തിയായി എന്ന് മത്തായിയും യേശു നമ്മളുടെ ആത്മീയ സൌഖ്യത്തിനായി ക്രൂശില്‍ മരിച്ചു എന്ന് പത്രോസും പറയുന്നു. അതിന്‍റെ അര്‍ത്ഥം യേശുവിന്‍റെ കഷ്ടാനുഭവങ്ങളും ക്രൂശ് മരണവും നമുക്ക് ആത്മീയവും ഭൌതീകവും ആയ സൌഖ്യം സാധ്യമാക്കി എന്നാണ്. നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ആത്മീയ സൌഖ്യം, ശാരീരിക സൌഖ്യവുമായി ചേര്‍ന്നിരിക്കുന്നു.

രോഗസൌഖ്യം ഇന്നും ലഭ്യമാണോ?

മൂന്നാമത്തെ ചോദ്യം, ഇന്ന്, ഈ വര്‍ത്തമാന കാലത്ത്, ദൈവീക രോഗസൌഖ്യം ഉണ്ടോ എന്നതാണ്. രോഗ സൌഖ്യത്തിന് ദൈവരാജ്യവുമായി ബന്ധം ഉണ്ട് നമ്മള്‍ കണ്ടു കഴിഞ്ഞു. രോഗ സൌഖ്യം ദൈവരാജ്യത്തിന്റെ സവിശേഷത ആണ്. അതിനാല്‍ ദൈവരാജ്യം എവിടെ ഉണ്ടോ അവിടെ രോഗസൌഖ്യവും ഉണ്ട്. രോഗ സൌഖ്യം ഇന്ന് ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം, ഇന്ന് ദൈവരാജ്യം ഉണ്ടോ എന്ന മറ്റൊരു ചോദ്യമാണ്. ഇന്ന് ദൈവരാജ്യത്തിന്റെ സാന്നിധ്യം ഉണ്ട് എങ്കില്‍, രോഗസൌഖ്യവും ഉണ്ട്.

യേശു തന്റെ ഭൌതീക ശുശ്രൂഷകള്‍ ആരംഭിക്കുന്നത് ഗലീല ദേശത്തുള്ള കഫര്‍ന്നഹൂമില്‍ നിന്നും ആണ്. യേശുവിന്റെ ആദ്യ വിളമ്പരം, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിന്‍” എന്നായിരുന്നു. (മത്തായി 4:17). അതായത്, യേശുക്രിസ്തു, തന്റെ ശുശ്രൂഷ ആരംഭിക്കുന്നത്, “ദൈവരാജ്യം ഇതാ എത്തിപ്പോയി” എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. യേശു, ആദ്യം പ്രഖ്യാപിച്ചത്, പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നോ, പാപ പരിഹാര യാഗം ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നോ അല്ല. അവന്റെ ആദ്യ വിളമ്പരം, ദൈവരാജ്യം എത്തിപ്പോയി എന്നാണ്. കാരണം, സുവിശേഷം ദൈവരാജ്യത്തിന്റെ നല്ല വിശേഷം ആണ്. ദൈവരാജ്യം പുനസ്ഥാപിക്കുവാന് യേശു വന്നത്. ദൈവരാജ്യം എന്നതാണ് നമ്മളുടെ വീണ്ടെടുപ്പിന്റെ സംപൂര്‍ണ്ണ നിവൃത്തി.

അതായത്, ദൈവം മനുഷ്യനായി, മനുഷ്യരുടെ ഇടയില്‍ വന്നപ്പോള്‍ തന്നെ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശു അത് തന്‍റെ ശുശ്രൂഷയുടെ ആരംഭത്തില്‍ വിളമ്പരം ചെയ്തു. അന്നുമുതല്‍ അവന്റെ വാക്കുകള്‍ കേട്ട് വിശ്വസിക്കുന്നവര്‍ എല്ലാം, ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി.

ഒരു ദിവസം പരീശന്മാര്‍ അവന്റെ അടുക്കല്‍ വന്നു ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയെക്കുറിച്ച് ചോദിച്ചു. ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അവരോടു യേശു പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” (ലൂക്കോസ് 17: 20, 21). ലൂക്കോസ് 11: 20 ലും യേശു പറഞ്ഞത് ഇതേ സത്യം തന്നെ ആണ്: “എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.” 

യേശു ചെയ്ത അത്ഭുതങ്ങള്‍ എല്ലാം, ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതിന് ശേഷം, അതിനെക്കുറിച്ച് ഇങ്ങനെ ആണ് പറയുന്നത്: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” (യോഹന്നാന്‍ 2:11). എല്ലാ അത്ഭുതങ്ങളും, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ദൈവരാജ്യത്തില്‍ വിശ്വസിക്കുവാന്‍ വേണ്ടിയുള്ള, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു.

യോഹന്നാൻ സ്നാപകന്‍ കാരാഗൃഹത്തിൽ ആയിരുന്നപ്പോള്‍, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ച്, “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ” എന്ന് യേശുവിനോട് ചോദിച്ചു. അതിനു യേശു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു:

 

മത്തായി 11: 4, 5 യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. 

യോഹന്നാന്‍ ചോദിച്ചത്, യേശു മശിഹാ തന്നെയോ അതോ ഇനി മറ്റൊരുവന്‍ വരുമോ എന്നാണ്. യേശു അതിനു, ഞാനാണ് മശിഹ എന്ന ഒറ്റവാക്കിലുള്ള മറുപടി നല്‍കിയില്ല. അതിനു പകരം യേശു, അവനിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒരു ചെറിയ പട്ടിക പറഞ്ഞു. അതായത്, ഓരോ അത്ഭുത പ്രവര്‍ത്തിയും മശിഹയും ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ ആണ്. 

യേശു, പീലാത്തൊസിന്‍റെ മുന്നില്‍ കുറ്റവിചാരണ ചെയ്യപ്പെട്ട അവസരത്തില്‍, പീലാത്തൊസ് അവനോടു, നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍ 18:33). അതിനു യേശു ഇങ്ങനെ മറുപടി പറഞ്ഞു:  

 

യോഹന്നാന്‍ 18: 37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

ഇത് ഒരു വര്‍ത്തമാന കാലത്തിലുള്ള (Present tense) പ്രസ്താവന ആണ്. ഞാന്‍ ഒരിക്കല്‍ രാജാവാകും എന്നല്ല യേശു പറഞ്ഞത്, ഞാന്‍ ഇപ്പോള്‍ രാജാവു തന്നെ എന്നാണ് യേശു പറഞ്ഞത്. അതായത്, എന്റെ രാജ്യം ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ട്. യേശു ആണ് ദൈവരാജ്യത്തിലെ രാജാവ്; അവനാണ് ദൈവരാജ്യം. യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നു, ഇപ്പോള്‍ അവരുടെ ഇടയില്‍ ജീവിക്കുന്നു. അവനില്‍ ദൈവരാജ്യം ഉണ്ട്. ദൈവീക ആരോഗ്യവും രോഗസൌഖ്യവും ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. ഇന്നും ദൈവരാജ്യം നമ്മളുടെ ഇടയില്‍ തന്നെ ഉണ്ട്. അതിനാല്‍ ഇപ്പോള്‍ ദൈവീക രോഗസൌഖ്യം ഉണ്ട്, അത് നമുക് ലഭ്യമാണ്.

രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ അധികാരം ഉണ്ടോ?

നാലാമത്തെ ചോദ്യം, രോഗികള്‍ക്കുവേണ്ടി, അവര്‍ക്ക് സൌഖ്യം ഉണ്ടാകുവാനായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് അധികാരം ഉണ്ടോ എന്നതാണ്. വളരെ വിശദമായ ഒരു ചര്‍ച്ച ആവശ്യമായ ചോദ്യമാണ്. എന്നാല്‍ ഒരു ഹൃസ്വ ഗ്രന്ഥത്തിന്‍റെ പരിമിതികള്‍ക്കുളില്‍ നിന്നുകൊണ്ടു നമുക്ക് ഇതിനൊരു ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കാം.

യേശുക്രിസ്തു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരം ചെയ്യുവാന്‍ വേണ്ടിയാണ്. മര്‍ക്കോസ് 16: 15 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.” ഇതിലെ പ്രസംഗിപ്പിന്‍” എന്ന വാക്കിന്റെ ഗ്രീക്കിലെ മൂല പദം, കെരൂസ്സോ (kerusso) എന്നാണ്. അതിന്റെ അര്‍ത്ഥം, രാജാവിന്റെ കല്‍പ്പനകള്‍ പ്രജകള്‍ക്കിടയില്‍ വിളമ്പരം ചെയ്യുക എന്നാണ്. അവര്‍ വിളമ്പരം ചെയ്യേണ്ടത്, ദൈവരാജ്യം വന്നിരിക്കുന്നു എന്നാണ്.

യേശുവിന്റെ ഭൌതീക ശുശ്രൂഷാ കാലത്ത് അവന്‍ 12 ശിഷ്യന്മാരെ, ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനുംപട്ടണങ്ങളിലേക്ക് അയച്ചു. അവരെ അയച്ചപ്പോള്‍,സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു”. ഈ സംഭവം ലൂക്കോസ് 9 ആം അദ്ധ്യായത്തി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് സമാനമായി, 10 ആം അദ്ധ്യായത്തില്‍, “കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു” എന്നും നമ്മള്‍ വായിക്കുന്നു. ഇവര്‍ക്കും ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും ശക്തിയും അധികാരവും യേശു നല്കിയിരിക്കേണം. കാരണം, ഭൂതങ്ങളുടെമേലും, രോഗങ്ങളുടെമേലും ദൈവരാജ്യത്തിന് അധികാരം ഉണ്ട്. ദൈവരാജ്യം വന്നിരിക്കുന്നു എന്നു വിളംബരം ചെയ്യുവാനാണ് യേശു അവരെ പട്ടണങ്ങളിലേക്ക് അയച്ചത്. ഇവിടെ ആദ്യമായി രോഗസൌഖ്യത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള അധികാരം 12 ശിഷ്യന്‍മാര്‍ക്ക് പുറത്തേക്ക് നല്‍കപ്പെടുകയാണ്.

മര്‍ക്കോസ് 16: 15-20 വരെയുള്ള വാക്യങ്ങളില്‍ “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.” എന്നും വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും എന്നും “രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും” എന്നും യേശു കല്‍പ്പിക്കുന്നു. 20 ആം വാക്യം പറയുന്നു: “അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.”

ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ വിളമ്പരത്തോടൊപ്പം ദൈവീക രോഗസൌഖ്യവും ഉണ്ടായിരിക്കും. രോഗസൌഖ്യം ദൈവരാജ്യം എത്തിപ്പോയി എന്നതിന്റെ അടയാളമാണ്. അതിനാലാണ്, ശിഷ്യന്മാരുടെ ശുശ്രൂഷയില്‍ ഉടനീളം ദൈവീക രോഗസൌഖ്യം വെളിപ്പെടുന്നത്. അതിനുശേഷം, ദൈവീക രോഗസൌഖ്യം നിന്നുപോയതായോ, ദൈവം അതിനെ പിന്‍വലിച്ചതായോ ദൈവവചനത്തില്‍ എവിടേയും പറയുന്നില്ല. യാക്കോബ് അപ്പോസ്തലനും രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉപദേശിക്കുന്നുമുണ്ട്.

 

യാക്കോബ് 5: 14-16 

14   നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ.

15   എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.

16   എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.

ഇവിടെ രോഗികള്‍ക്കുവേണ്ടി സഭയിലെ മൂപ്പന്മാര്‍ പ്രാര്‍ത്ഥിക്കട്ടെ എന്നാണ് യാക്കോബ് പറയുന്നത്. വിശ്വാസികള്‍ക്ക് രോഗം ഉണ്ട് എങ്കില്‍ ഒരുവന്‍ മറ്റൊരുവന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ എന്നും പറയുന്നു.

അതയാത്, രോഗസൌഖ്യത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള അധികാരം, ശിഷ്യന്മാരില്‍ നിന്നും അടുത്ത തലമുറയിലേക്കും വിശ്വാസികളിലേക്കും പകരപ്പെടുകയാണ്. കാരണം, രോഗസൌഖ്യം ദൈവരാജ്യത്തിന്റെ അടയാളമാണ്.

എന്നാല്‍ ചില ക്രിസ്തീയ സഭാവിഭാഗങ്ങള്‍, ദൈവീക രോഗസൌഖ്യം ഇപ്പോള്‍ നിന്നുപോയി എന്ന വിധത്തില്‍ പഠിപ്പിക്കുന്നുണ്ട്. അത് ദൈവീക രോഗസൌഖ്യത്തെ അവര്‍ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, രോഗം പാപത്തിന്റെ ഫലമാണ്. അതിനാല്‍, പാപ പരിഹാരം ദൈവത്തിങ്കല്‍ നിന്നും വരുന്നു എന്നതുപോലെ തന്നെ രോഗസൌഖ്യവും ദൈവത്തില്‍ നിന്നും വരുന്നു. അതില്‍ പൊതുവായതും കേവലവുമായ രോഗസൌഖ്യവും അത്ഭുത രോഗസൌഖ്യവും ഉണ്ട്. വൈദ്യന്‍മാര്‍, മനുഷ്യ ശരീരത്തെകുറിച്ചുള്ള അവരുടെ പാണ്ഡിത്യവും, മരുന്നുകളും, സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് നമ്മളെ ചികില്‍സിക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്നത് പൊതുവായ, കേവലമായ രോഗ സൌഖ്യം ആണ്. വൈദ്യന്‍മാരും അവര്‍ ഉപയോഗിയ്ക്കുന്ന മരുന്നുകളും, സാങ്കേതിക സംവിധാനങ്ങളും  ദൈവീക പദ്ധതികളെ തകിടം മറിക്കുന്നില്ല. ദൈവത്തിന്റെ സൃഷ്ടിയിലെ മര്‍മ്മങ്ങളെ ആരാഞ്ഞു കണ്ടെത്തി, അത് മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുന്നു എന്നു മാത്രം. ഒരു മനുഷ്യനും, അവന്‍ ശാസ്ത്രജ്ഞനോ, തത്ത്വചിന്തകനോ, സാഹിത്യകാരനോ, സാമ്പത്തിക വിദഗ്ദ്ധനോ, ആരുമാകട്ടെ, അവര്‍ ആരും യാതൊന്നും പുതിയതായി കണ്ടുപിടിക്കുന്നില്ല. ദൈവസൃഷ്ടിപ്പില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു എന്നു മാത്രം. ആരും ഒന്നും പുതിയതായി സൃഷ്ടിക്കുന്നില്ല. ഇതുവരെ മറഞ്ഞിരുന്നവ പുതിയതായി കണ്ടെത്തുകയോ, പുതിയതായി ക്രമീകരിക്കുകയോ മാത്രമേ ചെയ്യുന്നുള്ളൂ. അതിനാല്‍ തന്നെ, വൈദ്യന്‍മാരിലൂടെ നമുക്ക് ലഭിക്കുന്ന രോഗസൌഖ്യം പൊതുവായ രോഗസൌഖ്യം ആണ്. എല്ലാ രോഗസൌഖ്യങ്ങളും ദൈവത്തില്‍ നിന്നും വരുന്നു.

വൈദ്യന്മാരും, മരുന്നും, സാങ്കേതിക വിദ്യകളും പരാജയപ്പെടുന്ന അവസരത്തില്‍, ദൈവത്തിന് ഒരു മനുഷ്യനെ സൌഖ്യമാക്കേണം എന്നു തോന്നുന്നെങ്കില്‍, ദൈവം അവനെ സൌഖ്യമാക്കുന്നതിനെ ആണ്, സാധാരണയായി, നമ്മള്‍ അത്ഭുത ദൈവീക രോഗസൌഖ്യം എന്നു വിശേഷിപ്പിക്കുന്നത്. ഇത് എല്ലാ ക്രിസ്തീയ വിഭാഗങ്ങളില്‍ ഉള്ളവരും ഇന്നും അനുഭവിക്കുന്നുണ്ട്. എന്നാല്‍, ദൈവം രോഗസൌഖ്യം, മൊത്തവ്യാപാരത്തിനായി ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്നുകൂടി നമ്മള്‍ ഗ്രഹിക്കേണം. ചിലരെ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, ദൈവം വരം നല്കി നിയമിച്ചിരിക്കുന്നു എന്നുമാത്രം. 1 കൊരിന്ത്യര്‍ 12: 28 ല്‍ പറയുന്നതു അനുസരിച്ച്, ദൈവം സഭയിൽ ചിലര്‍ക്ക് “രോഗശാന്തികളുടെ വരം” നല്കിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് താല്പര്യമുള്ള എല്ലാവരെയും സൌഖ്യമാക്കുവാന്‍ കഴിയുക ഇല്ല. കാരണം രോഗസൌഖ്യം എപ്പോഴും ദൈവത്തില്‍ നിന്നും വരുന്നു. മര്‍ക്കോസ് 16: 18 ആമത്തെ വാക്യത്തില്‍, “രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും” എന്നാണ് യേശു കല്‍പ്പിച്ചത്. നിങ്ങള്‍ രോഗികളുടെ മേല്‍ കൈവച്ച് അവര്‍ക്ക് സൌഖ്യം വരുത്തും എന്നല്ല, അവര്‍ക്ക് സൌഖ്യം വരും എന്നാണ് കര്‍ത്താവ് കല്‍പ്പിച്ചത്. അതായത് രോഗസൌഖ്യം എപ്പോഴും ദൈവത്തില്‍ നിന്നും, ദൈവീക ഇഷ്ടത്താലും, ദൈവീക പദ്ധതിക്കൊത്തവണ്ണവും വരുന്നു.

അതിനാല്‍ ആരെങ്കിലും, ദൈവീക രോഗസൌഖ്യത്തിന്റെ മൊത്തവ്യാപരികള്‍ ആണ് എന്നു അവകാശപ്പെട്ടാല്‍, അതിനെ എതിര്‍ക്കേണ്ടത് തന്നെ ആണ്. 1 കൊരിന്ത്യര്‍ 12: 6, 7 വാക്യങ്ങള്‍ പറയുന്നതിങ്ങനെ ആണ്: “... എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.”

രോഗികള്‍ക്കുവേണ്ടി അവരുടെ സൌഖ്യത്തിനായി പ്രാര്‍ത്തിക്കുവാന്‍ നമുക്ക് അധികാരം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു വേദഭാഗം കൂടി പഠിക്കുന്നത് നല്ലതായിരിക്കും.

മത്തായി 18: 20 ല്‍ യേശു പറയുന്നതിങ്ങനെ ആണ്: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” അതായത്, രണ്ടോ മൂന്നോ പേര്‍ ഒരു ചെറിയ കൂട്ടം ആണെങ്കിലും, അവര്‍ യേശുവിന്റെ നാമത്തില്‍ കൂടിവരുമ്പോള്‍, അവരോടൊപ്പം അവന്റെ സാന്നിധ്യം ഉണ്ടായിരിക്കും. രണ്ടോ മൂന്നോ വിശ്വാസികളും, യേശുവിന്റെ സാന്നിധ്യവും കൂടി ചേരുമ്പോള്‍, അത് ക്രിസ്തുവിന്റെ സഭയും, ദൈവരാജ്യവും ആയി തീരുന്നു. അതിനാല്‍ അവര്‍ക്ക് ദൈവരാജ്യത്തിന്റെ ശക്തിയും അധികാരങ്ങളും ഉണ്ടായിരിക്കും. ഈ ദൈവരാജ്യത്തിന്റെ ചെറിയ ഘടകത്തിന്റെ അധികാരത്തേകുറിച്ചാണ് 18, 19 വാക്യങ്ങളില്‍ പറയുന്നത്.

 

മത്തായി 18: 18, 19 

18   നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

19   ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും

അവര്‍ക്ക് കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കും. അവര്‍ തീരുമാനിച്ചു കല്‍പ്പിക്കുന്നതെല്ലാം ദൈവരാജ്യത്തില്‍ മാറ്റമില്ലാത്തതായിരിക്കും. എന്നാല്‍ ഇവിടെ, അവര്‍ ഐക്യമത്യപ്പെട്ട് ചോദിക്കുന്നതെല്ലാം സ്വർഗ്ഗസ്ഥനായ പിതാവിങ്കൽനിന്നു ലഭിക്കും, എന്ന് യേശു എടുത്തുപറയുന്നുണ്ട്. അതായത്, സകലതും എപ്പോഴും ദൈവത്തിന്റെ അധികാരത്തിനും ഹിതത്തിനും കീഴില്‍ ആണ്. എന്നാല്‍, ഇതൊരു പരിമിതി അല്ല. നമുക്ക് രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള അധികാരത്തെയാണ് ഈ വാക്യം ഉറപ്പിക്കുന്നത്.  

ആരംഭിക്കപ്പെട്ട ദൈവരാജ്യം

ഇനി നമുക്ക് അഞ്ചാമത്തെയും അവസാനത്തെയും ചോദ്യത്തിലേക്ക് പോകാം. എന്തുകൊണ്ടാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരും അത്ഭുത രോഗസൌഖ്യം പ്രാപിക്കാത്തത്? നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാലും എല്ലാ രോഗികളും സൌഖ്യമാകുന്നില്ല. സൌഖ്യം പ്രാപിക്കാത്തവരില്‍, വിശ്വാസികളും അവിശ്വാസികളും ഉണ്ട്.

ക്രിസ്തീയ വിശ്വാസികള്‍, വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാലും, അത് ക്രൈസ്തവ വിശ്വാസികള്‍ക്കു വേണ്ടി ആയാലും അക്രൈസ്തവര്‍ക്ക് വേണ്ടി ആയായാലും, അവര്‍ക്ക് അത്ഭുത രോഗസൌഖ്യം എപ്പോഴും ലഭിക്കുന്നില്ല. രോഗസൌഖ്യത്തിന്റെ ശുശ്രൂഷകള്‍ ചെയ്യുന്ന, പേരുകേട്ട ദൈവദാസന്‍മാര്‍ പോലും പ്രാര്‍ത്ഥിച്ചാല്‍ എല്ലാവരും സൌഖ്യമാകുന്നില്ല. രോഗസൌഖ്യം ഒരു വരമായി ലഭിച്ചവര്‍ പോലും പ്രാര്‍ത്ഥിച്ചാല്‍, ചിലര്‍ മാത്രമേ സൌഖ്യം പ്രാപിക്കുന്നുള്ളൂ. ഇത് നമ്മളെ കുഴയ്കുന്ന ഒരു അനുഭവമാണ്.

ഇതിന് ഒരു ഉത്തരം ദൈവ വചനത്തില്‍ നിന്നും കണ്ടെത്തുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മള്‍ മുമ്പ് പഠിച്ച കാര്യങ്ങളില്‍ ചിലത് ചുരുക്കമായി ആവര്‍ത്തിക്കട്ടെ. ദൈവീക രോഗസൌഖ്യം, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. അത് ദൈവരാജ്യം വന്നിരിക്കുന്നു, ദൈവരാജ്യം നമ്മളുടെ ഇടയില്‍ ഇപ്പൊഴും ഉണ്ട്, എന്നതിന്റെ അടയാളമാണ്. ദൈവരാജ്യത്തില്‍ ദൈവീക ആരോഗ്യമുണ്ട്, അവിടെ രോഗങ്ങള്‍ ഇല്ല. യേശു ക്രിസ്തു വന്നപ്പോള്‍, അവന്‍ ദൈവരാജ്യം പ്രഖ്യാപിച്ചു. അന്നുമുതല്‍ ദൈവരാജ്യം നമ്മളുടെ ഇടയില്‍ ഉണ്ട്. അതുകൊണ്ടാണ്, ഇന്ന് നമ്മള്‍ അത്ഭുതകരമായ രോഗസൌഖ്യം അനുഭവിക്കുന്നത്. 

എന്നാല്‍ ദൈവരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രത്യക്ഷതയ്ക്കും, ഭാവില്‍ സംഭവിക്കുവാനിരിക്കുന്ന അതിന്റെ സംപൂര്‍ണ്ണ നിവൃത്തിക്കും നാല് ഘട്ടങ്ങള്‍ ഉണ്ട്. അവ, വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യം, ആരംഭിക്കപ്പെട്ട ദൈവരാജ്യം, ദൈവരാജ്യത്തിന്റെ തുടര്‍ച്ച, നിവര്‍ത്തിക്കപെട്ട ദൈവരാജ്യം എന്നിവ ആണ്. ഇതില്‍ വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യം, പഴയനിയമത്തിലെ വാഗ്ദത്തമാണ്. ആരംഭിക്കപ്പെട്ട ദൈവരാജ്യം, യേശുക്രിസ്തുവിന്റെ വിളമ്പരത്തോടെ ആരംഭിച്ച ദൈവരാജ്യം ആണ്. ദൈവരാജ്യത്തിന്റെ തുടര്‍ച്ച, ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിന്റെ ഇപ്പോഴുള്ള തുടര്‍ച്ച ആണ്. നിവര്‍ത്തിക്കപ്പെട്ട ദൈവരാജ്യം, ഭാവില്‍യില്‍ പുതിയ യെരൂശലേമില്‍ സംപൂര്‍ണ്ണമായി നിവൃത്തിക്കപ്പെടുന്ന ദൈവരാജ്യം ആണ്. ഇതില്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യവും തുടരുന്ന ദൈവരാജ്യവും മാത്രമേ നമുക്ക് ഈ പഠനത്തിന് ആവശ്യമുള്ളൂ.

നമ്മള്‍ മുകളില്‍ ചിന്തിച്ചതുപോലെ, യേശുക്രിസ്തു, കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു വിളമ്പരം ചെയ്തപ്പോള്‍ തന്നെ ദൈവരാജ്യം ഈ ഭൂമിയില്‍ നിലവില്‍ വന്നു. (മര്‍ക്കോസ് 1:15). കാരണം ഇവിടെ രാജാവു, തന്‍റെ രാജ്യം പ്രഖ്യാപിക്കുക ആണ്. രാജാവു ഉള്ള ഇടത്തു അവന്റെ രാജ്യവും ഉണ്ട്. മാത്രവുമല്ല, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ യേശുവിന്റെയും, ശിഷ്യന്മാരുടെയും ശുശ്രൂഷയില്‍ വെളിപ്പെട്ടു. ഇത് മുമ്പ് വിശദീകരിച്ചിട്ടുള്ളത് ആകയാല്‍, അത് ആവര്‍ത്തിക്കുന്നില്ല. അതായത് ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്നത് ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലും അതിന്റെ തുടര്‍ച്ചയിലും ആണ്.

 

യേശുക്രിസ്തുവിന്‍റെ രണ്ടു വരവിനേയും പഴയനിയമത്തില്‍ വ്യത്യസ്ത സംഭവങ്ങള്‍ ആയി  കണ്ടിരുന്നില്ല.

ശത്രുക്കളെ അന്തിമമായി തോല്‍പ്പിച്ച്, ദൈവജനത്തെ സമാധാനവും നീതിയും സന്തോഷവും നിറഞ്ഞ ദൈവരാജ്യത്തിലെക്ക് കൂട്ടിച്ചേര്‍ത്ത്, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച്, മശിഹയുടെ നിത്യമായ രാജ്യം സ്ഥാപിക്കപ്പെടുന്ന ദൈവത്തിന്‍റെ ഭയങ്കര ദിവസത്തെക്കുറിച്ചാണ് പഴയനിയമം സംസാരിക്കുന്നത്.

എന്നാല്‍ കര്‍ത്താവിന്റെ വരവ് രണ്ടു ഘട്ടങ്ങള്‍ ആയിട്ടായിരിക്കും സംഭവിക്കുക എന്ന് പഴയനിയമം പറയുന്നില്ല.

കര്‍ത്താവ് ആദ്യം, നമ്മളുടെ പാപങ്ങള്‍ക്ക്‌ പരിഹാരം ആകേണ്ടുന്നതിനായി കഷ്ടം അനുഭവിക്കുന്ന ദാസന്‍ ആയി വരുകയും, രണ്ടാമത്, തേജസ്സോടെയും ശക്തിയോടെയും മേഘങ്ങളില്‍ രാജാവായി വെളിപ്പെടുകയും ചെയ്യും. മശിഹായുടെ, കഷ്ടം അനുഭവിക്കുന്ന ദാസനായുള്ള ഒന്നാമത്തെ വരവിനെക്കുറിച്ചാണ് യെശയ്യാവ് 53 ആം അദ്ധ്യായത്തില്‍ പ്രവാചകന്‍ പ്രവചിച്ചത്. പക്ഷേ, യഹൂദന്മാര്‍ അത് അങ്ങനെ മനസ്സിലാക്കിയില്ല.

 

പുതിയനിയമ കാഴ്ചപ്പാട് വ്യത്യസ്തം ആണ്. യേശുവിന്‍റെ ഒന്നാമത്തെ വരവോടെ തന്നെ ദൈവത്തിന്‍റെ ശത്രുക്കളുടെ പരാജവും ദൈവജനത്തിന്റെ വിടുതലും നടന്നുകഴിഞ്ഞു എന്ന് പുതിയനിയമ രചയിതാക്കാള്‍ മനസ്സിലാക്കി. ഈ ജയത്തിന്റെ ഉല്‍സവം ആണ് സഭായുഗം മുഴുവന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. യേശുക്രിസ്തുവിന്‍റെ തേജസ്സില്‍ ഉള്ള രണ്ടാമത്തെ വരവില്‍ ദൈവരാജ്യം പൂര്‍ണ്ണമായും നിവര്‍ത്തിക്കപ്പെടും. എല്ലാ ദുഷ്ടന്മാരെയും തോല്‍പ്പിച്ച്, മഹത്വമേറിയ ദൈവരാജ്യം സ്ഥാപിക്കുന്ന അന്തിമ വിജയം അന്ന് ഉണ്ടാകും.

 

അതുകൊണ്ട്, അനേകം വേദപണ്ഡിതന്മാര്‍ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു എന്നും അതിന്റെ പൂര്‍ണ്ണമായ നിവൃത്തി ഇനി ഉണ്ടാകാനിരിക്കുന്നതെ ഉള്ളൂ എന്നും വിശ്വസിക്കുന്നു. ദൈവരാജ്യം ആരംഭിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അതിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇപ്പോള്‍ തന്നെ ദൈവസഭയ്ക്ക് കഴിയും. ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമായ അത്ഭുത രോഗസൌഖ്യവും ഇന്ന് നമ്മള്‍ അനുഭവിക്കുന്നു.

 

യേശുക്രിസ്തുവിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും വരവിന്റെ മദ്ധ്യേയുള്ള, ദൈവരാജ്യത്തിന്റെ തുടര്‍ച്ചയുടെ കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതിനാല്‍, ദൈവരാജ്യത്തിനും ഈ ലോകത്തിനും ഇടയിലുലുള്ള സംഘര്‍ഷം നമ്മള്‍ അനുഭവിക്കുന്നു. നമ്മള്‍ സ്വര്‍ഗ്ഗീയ പൌരന്‍മാര്‍ ആയിരിക്കുമ്പോള്‍ തന്നെ, ശപിക്കപ്പെട്ട ഭൂമിയില്‍, അന്യരെപ്പോലെയും പരദേശികളെപ്പോലെയും ജീവിക്കുന്നു. ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എങ്കിലും, ലോകരാജ്യങ്ങളുടെ നിയമങ്ങളും അനുസരിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ അടിപ്പിണരാല്‍ നമുക്ക് സൌഖ്യം ഉണ്ട് എങ്കിലും രോഗികള്‍ ആകുന്നു. ശാപം നീങ്ങിപ്പോയി എങ്കിലും, ശാപത്തിന്റെ ഫലം അനുഭവിക്കുന്നു. പാപം മോചിക്കപ്പെട്ടു എങ്കിലും, നമ്മള്‍ പാപ പ്രകൃതിയില്‍ ജീവിയിക്കുന്നു. ഇങ്ങനെ, സര്‍വ്വ കാര്യങ്ങളിലും നമ്മള്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു. എന്നാല്‍, ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്ന വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഇടയിലുള്ള സംഘര്‍ഷം സ്വാഭാവികം മാത്രമാണ് എന്നു നമ്മള്‍ മനസ്സിലാക്കേണം. ഇത് ദൈവരാജ്യത്തിനും ഈ ലോകത്തിനും ഇടയിലുള്ള സ്വഭാവിക സംഘര്‍ഷം ആണ്.  

 

അതിനാല്‍, ഇപ്പോഴത്തെ ദൈവരാജ്യത്തിന്റെ അവസ്ഥയെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. ദൈവരാജ്യം സത്യമായും നമ്മളുടെ ഇടയില്‍ വന്നിരിക്കുന്നു; ദൈവരാജ്യം ഇപ്പോള്‍ നമ്മളുടെ ഇടയില്‍ ഉണ്ട്; നമ്മള്‍ ഇപ്പോള്‍ ദൈവരാജ്യത്തില്‍ ആണ്. എന്നാല്‍ ദൈവരാജ്യം പൂര്‍ണ്ണമായും ഇനിയും വരുവാനിരിക്കുന്നതെ ഉള്ളൂ. അതിന്‍റെ സമ്പൂര്‍ണ്ണ മഹത്വം ഇനിയും കാണുവാനും അനുഭവിക്കുവാനും ഇരിക്കുന്നതേ ഉള്ളൂ. ഇതിനെക്കുറിച്ചാണ് യോഹന്നാന്‍ ഒന്നാമത്തെ ലേഖനത്തില്‍ പറയുന്നത്:

 

1 യോഹന്നാന്‍ 3: 2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

അതുകൊണ്ട് ഈ വര്‍ത്തമാന കാലഘട്ടത്തില്‍, നമ്മള്‍ സമ്മതിക്കേണ്ടുന്ന ഒന്നുണ്ട്: “നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല” എന്നതുപോലെ തന്നെ നമ്മള്‍ ഇപ്പോള്‍ പഴയതുപോലെ ഉള്ളവര്‍ അല്ല. നമ്മള്‍ ഇപ്പോള്‍, മരുഭൂമിയിലെ യിസ്രായേല്‍ ജനത്തെപ്പോലെ ആണ്: മിസ്രയീം ദേശം ഉപേക്ഷിച്ചു കഴിഞ്ഞു, എന്നാല്‍ വാഗ്ദത്ത ദേശമായ കനാനില്‍ ഇനിയും എത്തിയിട്ടും ഇല്ല. ഒരിക്കല്‍ ഈ രണ്ടു അവസ്ഥകളും യോജിച്ചു വരും.

അതുകൊണ്ടാണ് ഇപ്പോഴത്തെ സഭായുഗത്തെ, ആരംഭിക്കപ്പെട്ട ദൈവരാജ്യം എന്ന് വിളിക്കുന്നത്‌. ദൈവരാജ്യം വന്നു, എന്നാല്‍ വരാനിരിക്കുന്നതേയുള്ളൂ.

ദൈവരാജ്യത്തിന്റെ അനേകം അനുഗ്രഹങ്ങള്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നു; പക്ഷെ അവയൊന്നും പൂര്‍ണ്ണമായി അനുഭവിക്കുവാന്‍ കഴിയുന്നില്ല. ദൈവരാജ്യത്തിന്റെ ശക്തി നമ്മള്‍ അനുഭവിക്കുന്നു; എന്നാല്‍ സമ്പൂര്‍ണ്ണത ഇനിയും അനുഭവിച്ചിട്ടില്ല. ദൈവീക ആരോഗ്യവും രോഗസൌഖ്യവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നു; എന്നാല്‍ അതിന്റെ പൂര്‍ണ്ണത അനുഭവിക്കുന്നില്ല. കാരണം ദൈവരാജ്യം ആരംഭിക്കപ്പെട്ടതേ ഉള്ളൂ, അതിന്റെ പൂര്‍ണ്ണതയില്‍ നിവൃത്തിയായിട്ടില്ല. 

ഇത് രോഗ സൌഖ്യത്തെക്കുറിച്ച് മാത്രമുള്ള ഒരു കാഴ്ചപ്പാട് അല്ല. പാപപങ്കിലമായ ഈ ലോകത്തിന്റെ ശാപം പലമടങ്ങ്‌ നീങ്ങിപോയി, എന്നാല്‍ ഇനിയും കീഴടക്കുവാനുള്ള ശാപത്തിന്റെ ഫലങ്ങള്‍ ഉണ്ട്. പാപം, പിശാച്, രോഗം, മരണം എന്നിവയ്ക്കെതിരെയുള്ള യുദ്ധം ജയിച്ചുകഴിഞ്ഞു; എന്നാല്‍ അന്തിമയുദ്ധം ഇനിയും ജയിക്കുവാനിരിക്കുന്നതെ ഉള്ളൂ. അതുകൊണ്ട് കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് വരെയും, പാപത്തെയും, പിശാചിനെയും നമ്മള്‍ എതിര്‍ത്തുകൊണ്ടേ ഇരിക്കേണം; രോഗസൌഖ്യത്തിനായി പ്രാര്‍ത്ഥിക്കേണം, മരണത്തിലൂടെ കടക്കെണ്ടാതായും വന്നേക്കാം. കാരണം ദൈവരാജ്യം വന്നു കഴിഞ്ഞു എങ്കിലും അതിന്റെ എല്ലാ മഹത്വത്തോടെയും, ശക്തിയോടെയും, അധികാരത്തോടെയും ഇനിയും നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.

രക്ഷ കാലാനുഗതമായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അനുഭവവും അവസ്ഥയും ആണ്. അതായത് നമ്മള്‍ രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും. നമ്മളുടെ രക്ഷ ഭാവിയില്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതുപോലെ തന്നെ, രോഗ സൌഖ്യവും ശാപത്തില്‍ നിന്നുമുള്ള വിടുതലും ഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടും. അതിനാല്‍, നമ്മള്‍ക്ക് സൌഖ്യം വന്നു, സൌഖ്യമായിക്കൊണ്ടിരിക്കുന്നു, സൌഖ്യമാകും. നമ്മള്‍ വിടുവിക്കപ്പെട്ടു, വിടുവിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, വിടുവിക്കപ്പെടും. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന രക്ഷയും രോഗസൌഖ്യവും വിടുതലും ചെറിയ അളവില്‍ മാത്രം ആണ്. വരുവാനിരിക്കുന്ന പൂര്‍ണ്ണതയുടെ മുന്‍രുചി  മാത്രമാണിത്. ഇത്, നമ്മള്‍ ഭാവിയില്‍ പൂര്‍ണ്ണമായും രക്ഷിക്കപ്പെടും, സൌഖ്യമാക്കപ്പെടും, വിടുവിക്കപ്പെടും എന്നതിന്‍റെ ഉറപ്പാണ്.

ഇതിനാലാണ് നമുക്ക് ഇന്നും രോഗം വരുന്നതും, ശാപത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതും. ഇതേ കാരണം കൊണ്ടാണ്, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാ രോഗികളും സൌഖ്യമാകാത്തതും. നാം എല്ലാവരും ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലും അതിന്റെ തുടര്‍ച്ചയിലും ആണ് ഇപ്പോള്‍ ജീവിക്കുന്നത്. അതിന്റെ പൂര്‍ണ്ണ നിവൃത്തി നമ്മളുടെ പ്രത്യാശ ആണ്.

ഈ പഠനം ഇവിടെ ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു. അതിന് മുമ്പ്, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇ-ബുക്കിന്റെ പേര് വാട്ട്സാപ്പ്, സിഗ്നല്‍ ആപ്പ്, ടെലെഗ്രാം, ഇ-മെയില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിലൂടെ അയച്ചുതരുക. ഇ-ബുക്കുകളുടെ ഒരു catalogue ലഭികുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.  

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, എനിക്ക് അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാത്രപരമായ മറുപടി നല്‍കുന്നതാണ്. മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

 

 

 

No comments:

Post a Comment