ജീവിതത്തില്‍ വിജയിക്കേണം എങ്കില്‍, ജയിച്ചവരില്‍ നിന്നും പാഠം പഠിക്കേണം. ഇതാണ് ലോകതത്വം. ജീവിത വിജയം ആഗ്രഹിക്കുന്നവര്‍, പാരാജയപ്പെട്ടവരെ അല്ല മാതൃകയായി സ്വീകരിക്കേണ്ടത്, അത് തീര്‍ച്ചയായും വിജയിച്ചവരെ ആയിരിക്കേണം. ആത്മീയ ജീവിതത്തിലും ഇത് തന്നെ ആയിരിക്കേണം നമ്മളുടെ മാര്‍ഗ്ഗം. വീണുപോയ അനേകരെ നമ്മള്‍ നമ്മളുടെ വഴിയില്‍ കണ്ടേക്കാം. പക്ഷേ ജയിച്ചവരെ നോക്കി വേണം നമ്മള്‍ ആത്മീയ ഓട്ടം ഓടുവാന്‍. സാക്ഷികളുടെ സമൂഹത്തില്‍ നിന്നുവേണം പ്രചോദനം ഉള്‍ക്കൊള്ളുവാന്‍. ജയിച്ചവനായ യേശുവിനെ നോക്കി വേണം ഓടുവാന്‍. എങ്കിലേ നമ്മളും ജയിക്കുക ഉള്ളൂ.
എങ്ങനെ നമ്മളുടെ ആത്മീയ ജീവിതത്തില്‍ ജയിക്കാം എന്നാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. അതിനാല്‍ തോറ്റവരെക്കുറിച്ച് നമ്മള്‍ ഇവിടെ ചിന്തിക്കുന്നില്ല. എന്നാല്‍ വിജയിച്ചവര്‍ക്കും തൊറ്റവര്‍ക്കും ഇടയില്‍ ഒരു ചെറിയ വിഭാഗം ഉണ്ട്. അവര്‍ക്ക് അവരുടേതായ ഒരു ഇടം ഇല്ല. അതിനാല്‍ അവര്‍ തൊറ്റവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുക ആണ്. അവര്‍ പരാജയപ്പെട്ടവര്‍ ആണ് എങ്കിലും പരാജയപ്പെട്ട മറ്റുള്ളവരെപ്പോലെ തോറ്റവര്‍ അല്ല. ഇവര്‍, ജയിക്കുവാന്‍ ആവശ്യമായ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിദയനീയമായി പരാജയപ്പെട്ടവര്‍ ആണ്. നമ്മളുടെ ശൈലിയില്‍ പറഞ്ഞാല്‍, ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്ടപ്പെട്ടവര്‍ ആണ്. സാഹചര്യങ്ങളുടെ ആഭാവത്താലോ, സഹായിക്കുവാന്‍ കരുത്തര്‍ ഇല്ലാത്തതിനാലോ അല്ല അവര്‍ പരാജയപ്പെട്ടത്. അവരുടെ മാത്രം കുറ്റം കൊണ്ട് വിജയം നഷ്ടമായവര്‍ ആണ്. ശരിയായി പറഞ്ഞാല്‍, ഇവര്‍ പരാജയപ്പെട്ടവര്‍ അല്ല, വിജയം നഷ്ടപ്പെടുത്തിയവര്‍ ആണ്. അതിനാല്‍ ഇവര്‍ക്ക് ചില പ്രത്യേക പാഠങ്ങള്‍ നമുക്ക് പറഞ്ഞുതരുവാന്‍ ഉണ്ട്. ഒരു പക്ഷെ ജയിച്ചവരെക്കാള്‍ കൂടുതല്‍ ഗുണകരമായ പാഠങ്ങള്‍ ഇവര്‍ പറഞ്ഞുതരുന്നത് ആയിരിയ്ക്കും. ഇവര്‍ നല്‍കുന്ന പാഠങ്ങള്‍ മുന്നറിയിപ്പിന്റെ പാഠങ്ങള്‍ ആണ്. ഇന്നത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ ആണ് അവര്‍ നല്‍കുന്നത്.
ലോക ചരിത്രത്തില്‍, വിജയിക്കുവാന്‍ ആവശ്യമായതെല്ലാം കൂടെ ഉണ്ടായിട്ടും, പരാജയപ്പെട്ടുപോയ ഒരു ജന സമൂഹം ഉണ്ട്. ഇവരെക്കാള്‍ അധികം അനുകൂലമായ സാഹചര്യം മറ്റാര്‍ക്കും ഇന്നേവരെ ലഭിച്ചിട്ടില്ല. വിജയം തീര്‍ച്ചയാക്കിയാണ് അവരുടെ ജീവിതയാത്ര ആരംഭിച്ചത് തന്നെ. സഹായിക്കുവാന്‍, പ്രപഞ്ചത്തിലെ ഏറ്റവും ബലമുള്ള വ്യക്തിയും ശക്തിയും അവര്‍ക്ക് ഉണ്ടായിരുന്നു. ജീവിത യാത്രയില്‍, അവര്‍ പലപ്പോഴും പതറി എങ്കിലും, അവര്‍ വിജയത്തിലേക്ക് വളരെ മുന്നോട്ട് പോയി, ഏകദേശം ലക്ഷ്യസ്ഥാനത്തിന് അടുത്തുവരെ എത്തി. എങ്കിലും, നിര്‍ഭാഗ്യവശാല്‍, അവര്‍ തികഞ്ഞ പരാജയം ആയി. ലോകത്തില്‍ ഒരു ജന സമൂഹം ഇതിനേക്കാള്‍ ഭയാനകമായി പരാജയപ്പെട്ടിട്ടില്ല. ഈ ജന സമൂഹമാണ്, മരുഭൂമിയിലെ യിസ്രായേല്‍. എന്തായിരുന്നു അവരുടെ പരാജയം? അതിന്റെ കാരണം എന്തായിരുന്നു? ഇതില്‍ നിന്നും നമ്മള്‍ എന്ത് പാഠമാണ് പഠിക്കേണ്ടത്? എന്തു മുന്നറിയിപ്പാണ് ഇവരുടെ ചരിത്രം, ഇന്നത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കുന്നത്.
മിസ്രയീമില്‍
നിന്നും യിസ്രായേല്‍ ജനം പുറപ്പെട്ട് പോരുമ്പോള്‍, അവര്‍ ഏകദേശം 20 ലക്ഷം പേര്‍ ഉണ്ടായിരുന്നു. അതൊരു വലിയ ജനസംഖ്യ ആണ്. (പുറപ്പാട്
12: 37, 38).
ഇവരില്‍ തന്നെ ആറു ലക്ഷത്തോളം പുരുഷന്മാര്‍ യോദ്ധാക്കള്‍ ആയിരുന്നു. (സംഖ്യാപുസ്തകം 1: 45, 46). അവര്‍ അടിമകളായി താമസിച്ചിരുന്ന മിസ്രയീം രാജ്യത്ത് മൊത്തം 30 ലക്ഷം മുതല്‍ 40 ലക്ഷം ആളുകള്‍ മാത്രമേ സ്വദേശീയര്‍ ആയി ഉണ്ടായിരുന്നുള്ളൂ. അതായത്, യിസ്രായേല്‍ ജനം ഒരു വലിയ കൂട്ടവും, അവരില്‍ തന്നെ യോദ്ധാക്കളാകുവാന്‍ പ്രാപ്തിയുള്ളവര്‍ 6 ലക്ഷത്തി 3550 പേര്‍ ആയിരുന്നു. (സംഖ്യാപുസ്തകം 1: 45, 46). ഏതൊരു യുദ്ധം ജയിക്കുവാനും, ദേശങ്ങളെ പിടിച്ചടക്കുവാനും പര്യാപ്തമായ മനുഷ്യ ശക്തി അവര്‍ക്ക് ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ അവരുടെ പുറപ്പാടിന്റെ ലക്ഷ്യം കാണാതെ പരാജയപ്പെട്ടു.
അവരുടെ സ്വന്ത
ശക്തിക്ക് ഉപരിയായി,
അവര്‍ക്ക് സര്‍വ്വശകതനായ ദൈവത്തിന്റെ ശക്തിയും, സഹായവും, നടത്തിപ്പും ഉണ്ടായിരുന്നു. ഇതാണ് അവരുടെ പരാജ്യത്തിന്റെ ആഴം
കൂട്ടുന്നത്. യഹോവയായ ദൈവം അവരെ മിസ്രയീം ദേശത്തെ അടിമത്വത്തില്‍ നിന്നും വിളിച്ചിറക്കി, മരുഭൂമിയിലൂടെ മൈലുകള്‍ സുരക്ഷിതരായി നടത്തി. മരുഭൂമി യാത്രയില്‍ ദൈവം
അവര്‍ക്ക് ആഹാരവും വെള്ളവും കൊടുത്തു, ചില യുദ്ധങ്ങളും
ജയിച്ചു. എന്നിട്ടും അവരുടെ ലക്ഷ്യസ്ഥാനത്തിന് അല്‍പ്പ ദൂരം മുമ്പ് അവര്‍
മരുഭൂമിയില്‍ മരിച്ചു വീണു.
സര്‍വ്വശകതനായ ദൈവത്തിന്റെ സാന്നിധ്യത്തേക്കാള്‍ അധികമായി മറ്റ് എന്തു ലഭിക്കാണ്. മറ്റാര്‍ക്കാണ്, ഇത്രയും അനുകൂലമായ സാഹചര്യം ലഭിച്ചിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ പരാജയപ്പെട്ടത്.
നമുക്ക് നന്നായി
അറിയാവുന്നതുപോലെ,
ഈ ലോകത്തിലെ സകല ജനത്തില്‍ നിന്നും അബ്രഹാം എന്ന ഒരു മനുഷ്യനെ മാത്രം
തിരഞ്ഞെടുത്ത്, അവനില്‍ നിന്നും തുടങ്ങിയ ഒരു പ്രത്യേക വംശം
ആണ് യിസ്രായേല്‍. അബ്രാഹാമിന്റെ സന്തതികളില്‍ തന്നെ എല്ലാവരെയും ദൈവം
തിരഞ്ഞെടുത്തില്ല. അവന്റെ തലമുറകളില്‍ നിന്നും യിശ്മായേല്‍,
കെതൂറയുടെ മക്കള്‍, ഏശാവ് എന്നിവരെ ദൈവജനത്തിന്റെ പിന്തുടര്‍ച്ചയില്‍
നിന്നും തള്ളിക്കളഞ്ഞു, യിസ്ഹാക്കിന്റെ രണ്ടാമത്തെ മകനായ യാക്കോബിന്റെ
സന്തതികളിലൂടെ തുടര്‍ന്ന വംശാവലിയാണ് യിസ്രായേല്‍ ജനത്തിന്റേത്. ഇത്രമാത്രം, തിരഞ്ഞെടുപ്പും, അതില്‍ തന്നെ പിന്നേയും ഉണ്ടായ
വേര്‍തിരിവും എല്ലാം ഉണ്ടായിട്ടും, യിസ്രായേല്‍ ജനം പല
പ്രാവശ്യം, അവരെക്കുറിച്ചുള്ള ദൈവീക പദ്ധതിയില്‍
പരാജയപ്പെട്ടു. വീഴ്ചയും, മാനസാന്തരവും, വീണ്ടും എഴുന്നേല്‍ക്കുന്നതും യിസ്രയേലിന്റെ ചരിത്രത്തിന്റെ ഭാഗം ആണ്.
അവരുടെ ചരിതത്തിലെ ഏറ്റവും വലിയ പരാജയം പാരാന്‍ മരുഭൂമിയില്‍ സംഭവിച്ചതാണ്. ലക്ഷക്കണക്കിനു യിസ്രയേല്യര്‍, ദൈവം വാഗ്ദത്തം ചെയ്ത ദേശത്തു എത്തിച്ചേരാതെ മരുഭൂമിയില്‍ വച്ച് മരിച്ചു പോയി. അവരുടെ നേതാക്കന്മാര്‍ ആയിരുന്ന മോശെയും, അഹരോനും മരുഭൂമിക്കപ്പുറം ജീവനോടെ കടന്നില്ല.
എന്തുകൊണ്ടാണ്, യിസ്രായേല്‍ ജനത്തിന് ഈ വലിയ പരാജയം സംഭവിച്ചത്
എന്നാണ് പൌലൊസ് 1 കൊരിത്യര്‍ 10 ആം അദ്ധ്യായത്തില്‍ വിവരിക്കുന്നത്. അദ്ദേഹം ഈ
ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതും അതിനെ വിശകലനം ചെയ്യുന്നതും, നമ്മളെ നിരാശപ്പെടുത്തുവാനല്ല. യിസ്രായേല്‍ ജനം പോലും തോറ്റുപോയല്ലോ എന്ന്
പറഞ്ഞ് നമ്മളും തോല്‍വിയെ ഏറ്റെടുക്കുവാനോ, തോല്‍വിയെ ന്യായീകരിക്കുവാനോ
വേണ്ടിയല്ല. യിസ്രയേലിന്റെ പരാജയത്തെ ഓര്‍മ്മിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം, 6 ആം വാക്യത്തില്‍ പൌലൊസ് വ്യക്തമാക്കുന്നുണ്ട്: “ഇതു നമുക്കു
ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും
ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.” (1 കൊരിന്ത്യര്‍
10: 6).
അതായത്, അവര്‍ പരാജയപ്പെട്ടതിനാല്‍ നമ്മളും പരാജയപ്പെടും എന്ന് ചിന്തിക്കുവാനല്ല പൌലൊസ് ഇത് എഴുതുന്നതു. മറിച്ച്, അവര്‍ പരാജയപ്പെട്ടതുപോലെ നമ്മള്‍ പരാജയപ്പെടരുത് എന്ന് ചിന്തിക്കുകയും കരുതലോടെ ജീവിക്കുകയും വേണം എന്നാണ് പൌലൊസ് ആഗ്രഹിച്ചത്. അവരുടെ പരാജയം നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കേണം.
ഞാന്‍ മുമ്പ്
പറഞ്ഞതുപോലെ,
വിജയിക്കുവാന്‍ ഒരു ജനതയ്ക്ക് ആവശ്യമായ ഏറ്റവും അനുകൂലമായ ഘടകങ്ങള്‍ എല്ലാം
യിസ്രായേല്‍ ജനത്തിന് ഉണ്ടായിരുന്നു. ഈ അനുകൂല ഘടകങ്ങളുടെ ഒരു പട്ടിക പൌലൊസ്
പറയുന്നു.
1 കൊരിന്ത്യര്‍ 10: 1 - 4
1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും
സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു
3 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു
4 എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു - അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
യിസ്രായേല്‍ ജനത്തിന്റെ മരുഭൂമി ജീവിതത്തെക്കുറിച്ചും, അവിടെ എന്തെല്ലാം അനുകൂലമായി ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചും ആണ് പൌലൊസ് ഇവിടെ പറയുന്നത്. ഈ വാക്യത്തിന്റെ വിശദാംശത്തിലേക്ക് പോകുന്നതിനു മുമ്പായി നമുക്ക്, മരുഭൂമിയ്ക്ക് അപ്പുറത്തെ അവരുടെ ജീവിതത്തിന്റെ അവസാന നാളുകളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ചരിത്രം ക്രമമായി പഠിക്കുന്നത് ഏറെ നല്ലതായിരിക്കുമല്ലോ.
നമുക്ക് അറിയാവുന്നതുപോലെ, യിസ്രായേല്‍ ജനം മിസ്രയീമില്‍ ഏകദേശം 430 വര്‍ഷങ്ങള്‍ താമസിച്ചിരുന്നു. (പുറപ്പാടു 12:40). ആദ്യം മിസ്രയീം രാജ്യത്തു എത്തിയത്, യാക്കോബിന്റെ മകന്‍ യോസേഫ് ആണ്. അതിനുശേഷം യോസേഫ് അവിടെ രാജ്യത്തെ രണ്ടാമനായ ഭരണാധികാരി ആകുകയും, തന്റെ പിതാവിനെയും സഹോദരങ്ങളെയും അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. യോസേഫ് ആ രാജ്യത്തിനുവേണ്ടി വളരെ നന്മ പ്രവര്‍ത്തിച്ചു. അതിനാല്‍, അവനും യിസ്രായേല്‍ ജനമെല്ലാം പുഷ്ടിപ്പെട്ട് ജീവിച്ചു. എന്നാല്‍ പിന്നീട് യോസേഫിന്റെ ചരിത്രം അറിയാത്ത രാജാക്കന്മാര്‍ മിസ്രയീമില്‍ ഉണ്ടായി. യിസ്രായേല്‍ ജനമാകട്ടെ, എണ്ണത്തില്‍ വളരെ പെട്ടന്ന് വര്‍ദ്ധിക്കുകയും ഒരു വലിയ ജനസമൂഹം ആയി മാറുകയും ചെയ്തു. ഇത് അന്നത്തെ രാക്ഷ്ട്രീയ സാഹചര്യത്തില്‍ അപകടമാകും എന്ന് രാജാക്കന്മാര്‍ കരുതി. ഒരു പക്ഷേ യിസ്രായേല്‍ ജനം, മിസ്രയീം രാജ്യത്തിന് നേരെ കലാപം ഉണ്ടാക്കിയേക്കാം; അല്ലെങ്കില്‍ മിസ്രയീമിനെ ആക്രമിക്കുന്ന ഏതെങ്കിലും ഒരു വിദേശ രാജ്യത്തോട് ചേര്‍ന്ന്, അവര്‍ ആഭ്യന്തര കലാപം ഉണ്ടാക്കിയേക്കാം, എന്നെല്ലാം രാജാക്കന്മാര്‍ ഭയപ്പെട്ടു. അതിനാല്‍, അവര്‍ക്ക് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും, സമയവും ആരോഗ്യവും ഇല്ലാതെ ഇരിക്കേണ്ടതിനായി, അവരെ അടിമകളാക്കി ജോലി ചെയ്യിച്ചു. എപ്പോഴും, കഠിനമായ ജോലി യിസ്രയേല്യര്‍ക്കു നല്‍കുവാനും, ജോലി ചെയ്യാതെ ഇരുന്നാള്‍ അവരെ ക്രൂരമായി ശിക്ഷിക്കുവാനും മിസ്രയീമ്യ പടയാളികള്‍ ഉണ്ടായിരുന്നു. അങ്ങനെ, ആരംഭത്തിലെ പുഷ്ടിപ്പെട്ട ജീവിതത്തിനു ശേഷം, കഷ്ടതയുടെ ദീര്‍ഘനാളുകള്‍ ഉണ്ടായി. അപ്പോള്‍ അവര്‍ അവരുടെ ദൈവമായ യഹോവ, അവരുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം ഓര്‍ത്തു. 400 വര്‍ഷങ്ങളുടെ അടിമത്വത്തിന് ശേഷം അവര്‍ “അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.” എന്നായിരുന്നു ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്തം. അവര്‍ ദൈവത്തോട് നിലവിളിക്കുവാന്‍ തുടങ്ങി. (ഉല്‍പ്പത്തി 15:13, 14). അങ്ങനെ ദൈവം അവരെ മിസ്രയീമില്‍ നിന്നും പുറപ്പെടുവിക്കുവാനും, മിസ്രയീമിന് കിഴക്ക്, ചെങ്കടലിനും, യോര്‍ദ്ദാനും അക്കരെയുള്ള ദേശം അവര്‍ക്ക് വാഗ്ദത്തമായി നല്‍കുവാനും തീരുമാനിച്ചു. അവരുടെ പുറപ്പാടില്‍ അവരെ നയിക്കേണ്ടതിനായും ദൈവത്തിന്റെ നാവായി അവരോടും മിസ്രയീം രാജാവായ ഫറവോനോട് സംസാരിക്കേണ്ടതിനുമായി ദൈവം മോശെയെ തിരഞ്ഞെടുത്തു. അവന്റെ സഹോദരനായ അഹരോനെ സഹായിയായും ദൈവം നിയമിച്ചു.
എന്നാല്‍, യിസ്രായേല്‍ ജനത്തെ സ്വതന്ത്രമായി
വിട്ടയക്കുവാന്‍ മിസ്രയീം രാജാവായ ഫറവോന്‍ തയ്യാറായിരുന്നില്ല. അടിമകള്‍ ഒരു
രാജ്യത്തിന്റെ അദ്ധ്വാനശേഷി ആണ്. അവര്‍ വിട്ടുപോയാല്‍,
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും പുരോഗതിയും ഇല്ലാതെ ആകും,
അതിനാല്‍ ഫറവോന്‍ യിസ്രയേല്യരെ വിട്ടയക്കുവാന്‍ തയ്യാറായില്ല. ഇത് ദൈവം മുന്‍
കൂട്ടി കണ്ടിരുന്നു എന്നു വേണം കരുതുവാന്‍.
ജനത്തെ സ്വതന്ത്രര്‍ ആയി വിട്ടയക്കുവാന്‍ ഫറവോന്‍റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകേണ്ടതിനായി പത്തു ബാധകളെ മിസ്രയീമില്‍ അയച്ചു. ഈ ബാധകളുടെ വിശദാംശങ്ങളിലേക്ക് ഈ പഠനത്തില്‍ പോകുന്നില്ല.
എന്നാല്‍, എന്തിനാണ് ദൈവം ബാധകളെ അയച്ചത് എന്നു നമ്മള്‍ ഓര്‍ക്കുണ്ടതുണ്ട്. ബാധകള്‍ക്ക് പിന്നില്‍ ഒന്നിലധികം ദൈവീക ഉദ്ദേശ്യം ഉണ്ടായിരിക്കാം. പുറപ്പാടു 7: 5 ല്‍ ദൈവം പറഞ്ഞു: “അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.” അതായത്, യഹോവയായ ദൈവമാണ് ഏക സത്യ ദൈവം എന്നും അവനെക്കാള്‍ വലിയ ദൈവം വേറെ എല്ലാ എന്നും, മിസ്രയീമ്യ ദേവന്മാര്‍ ആരും ദൈവം അല്ല എന്നും, മിസ്രയീമ്യര്‍ അറിയേണം. ഇതായിരുന്നു ബാധകളുടെ പിന്നിലുള്ള ഒന്നാമത്തെ ദൈവീക ഉദ്ദേശ്യം. ബാധകള്‍ അയച്ചതിന് പിന്നില്‍ ദൈവത്തിന് രണ്ടാമതൊരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു എന്ന്, പുറപ്പാട് 10: 2 ല്‍ പറയുന്നുണ്ട്. ഇതാണ് നമുക്ക് ഏറെ പ്രാധാന്യം. ദൈവം മോശെയോടു പറഞ്ഞതിങ്ങനെ ആണ്:
“ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.” യഹോവയായ ദൈവം ആണ് അവരുടെ ദൈവം എന്നും അവന്‍ മിസ്രയീമില്‍ ബാധകളെയും അടയാളങ്ങളെയും അയച്ചാണ് അവരെ വിടുവിച്ചത് എന്നും സകല യിസ്രായേല്‍ ജനം അറിയേണം. എന്നു മാത്രമല്ല, ദൈവത്തിന്റെ വിടുതലിന്റെ പ്രവര്‍ത്തികള്‍ അവര്‍ തലമുറതലമുറയായി പറഞ്ഞുകൊടുക്കേണം. എക്കാലവും യിസ്രായേല്‍ ജനം, അവര്‍ ഒരിക്കല്‍ അടിമത്വത്തില്‍ ആയിരുന്നു എന്നും, അവിടെ നിന്നും യഹോവയായ ദൈവമാണ് അവരെ വിടുവിച്ചതെന്നും, അതിനായി അവന്‍ ബാധകളെ മിസ്രയീമ്യരുടെ മേല്‍ അയച്ചു എന്നും അറിഞ്ഞിരിക്കേണം.
യഹോവയായ ദൈവമാണ്
യിസ്രയേലിന്റെ ദൈവം എന്നു യിസ്രയേല്യര്‍ വിശ്വസിക്കുവാന്‍ ബാധകളുടെ ആവശ്യമുണ്ടോ? യിസ്രായേല്‍ ജനം അടിമത്വത്തില്‍
കഷ്ടപ്പെട്ടപ്പോള്‍, അവര്‍ യഹോവയോട് നിലവിളിച്ചില്ലെ?
യഹോവയാണ് അവരുടെ ദൈവം എന്നു അവര്‍ക്ക് ബോധ്യം ഉണ്ടായിരുന്നത് കൊണ്ടല്ലേ, അവര്‍ യഹോവയോട് വിടുതലിനായി നിലവിളിച്ചത്? “ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും” ആണ് ദൈവം ബാധകളെ അയച്ചത് എന്ന് എന്തുകൊണ്ടാണ് ദൈവം പറഞ്ഞത്? ഇതാണ് നമ്മളുടെ ഇന്നത്തെ പഠനത്തിന്റെ കേന്ദ്രബിന്ദു.
ദൈവം അബ്രാഹാമിനെ വിളിച്ചപ്പോള്‍, അവന്‍ ദൈവത്തില്‍ വിശ്വസിച്ചു. അവിടെ ബാധകള്‍ ഒന്നും ആര്‍ക്കും എതിരെ അയച്ചില്ല. യിസ്ഹാക്ക് ദൈവത്തില്‍ വിശ്വസിച്ചു. അവിടെയും ബാധകള്‍ ഒന്നും അയച്ചില്ല. യാക്കോബും, യോസേഫും ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. അതിനു ബാധകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മിസ്രയീമില്‍ 430 വര്‍ഷങ്ങള്‍ ജീവിച്ച യിസ്രായേല്‍ ജനത്തിന് വാഗ്ദത്ത ദേശത്തിലേക്കു പുറപ്പെടേണം എങ്കില്‍, അവരുടെ അന്നേവരെയുള്ള ജീവിത രീതികള്‍ക്കും ചിന്തകള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നു. അവര്‍ യഹോവയുടെ ശക്തിയും അധികാരവും അനുഭവിക്കേണം. യഹോവ ആരാണ് എന്ന് അവര്‍ക്ക് നല്ല ബോധ്യം ഉണ്ടായിരിക്കേണം.
ഇതിന്റെ ആവശ്യകത
മനസ്സിലാക്കുവാനായി മറ്റ് ചില വാക്യങ്ങള്‍ കൂടി വായിക്കാം.
യോശുവ 24: 14 ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലും വെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ.
ഈ വാക്യത്തില്‍
രണ്ടു കാര്യങ്ങള്‍ ആണ് യോശുവ പറയുന്നത്. ഒന്നു, യൂഫ്രട്ടീസ് നദിയുടെ അക്കരെ മെസോപ്പോട്ടെമിയ (Euphrates, Mesopotamia) യില്‍ താമസിച്ചിരുന്ന അബ്രാഹാമിന്റെ
പിതാക്കന്മാര്‍ അന്യദേവന്മാരെ സേവിക്കുന്നവര്‍ ആയിരുന്നു. രണ്ടാമത് അദ്ദേഹം
പറയുന്നു, യിസ്രായേല്‍ ജനം,
മിസ്രയീമില്‍ ആയിരുന്നപ്പോള്‍, മിസ്രയീമ്യ ദേവന്മാരെ
സേവിച്ചിരുന്നു. ഇതില്‍ അബ്രാഹാമിന് മുമ്പ് ജീവിച്ചിരുന്ന പിതാക്കന്മാര്‍ ജാതീയ
ദേവന്മാരെ ആരാധിച്ചിരുന്നു എന്നതില്‍ നമുക്ക് സംശയം ഇല്ല. എന്നാല്‍ യിസ്രായേല്‍
ജനം മിസ്രയീമില്‍ ആയിരുന്നപ്പോള്‍, മിസ്രയീമ്യ ദേവന്മാരെ
ആരാധിച്ചിരുന്നുവോ, എന്നൊരു ചോദ്യത്തിന് സാംഗത്യം ഉണ്ട്.
അവര്‍, മിസ്രയീമ്യ ദേവന്മാരെ സേവിച്ചിരുന്നു എന്നാണ് യോശുവ പറഞ്ഞത്. എന്നാല്‍ പുറപ്പാടു മുതല്‍ ആവര്‍ത്തനം വരെയുള്ള ചരിത്ര പുസ്തകങ്ങളില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമില്ല. അതിനാല്‍, ഇതിനെക്കുറിച്ച് കൂടുതല്‍ ഉറപ്പ് ലഭിക്കേണ്ടതിനായി, നമുക്ക് മറ്റൊരു വേദഭാഗം വായിയ്ക്കാം.
യെഹെസ്കേല്‍ പ്രവാചകന്റെ പുസ്തകം 20 ആം അദ്ധ്യായത്തില്‍, യിസ്രയേലിന്റെ പുറപ്പാടിന്റെയും മരുഭൂമി യാത്രയുടെയും ഒരു ചരിത്രം ദൈവം തന്നെ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിലെ മൂപ്പന്മാരില്‍ ചിലര്‍, ദൈവത്തിന്‍റെ അരുളപ്പാട് ചോദിക്കുവാന്‍ യെഹെസ്കേല്‍ പ്രവാചകന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ യഹോവയുടെ അരുളപ്പാട് പ്രവാചകന് ഉണ്ടായി. യിസ്രായേല്‍ മൂപ്പന്മാര്‍ ചോദിച്ചാല്‍ ദൈവം ഉത്തരമരുളുക ഇല്ല എന്നായിരുന്നു ദൈവീക അരുളപ്പാടിന്റെ തുടക്കം. ഇതിനുള്ള കാരണമായി, യിസ്രായേല്‍ ജനം മിസ്രയീമില്‍ ആയിരുന്ന കാലം മുതല്‍, അവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്ത കാലത്തും, യഹോവയോട് മല്‍സരിക്കുകയും, മ്ലേച്ചതകള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ചരിത്രമാണ് ദൈവം വിവരിച്ച് പറയുന്നത്. (20:4).
ഇതിന് ശേഷം യിസ്രായേലിനെ മിസ്രയീമില്‍
നിന്നും വിടുവിച്ചതിന്റെ കഥ ദൈവം അരുളിചെയ്യുക ആണ്.
യെഹെസ്കേല്‍ 20: 7, 8 അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു. അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല.
8 ആം വാക്യത്തില്‍ ദൈവം തടര്‍ന്നു
പറയന്നു: യിസ്രായേല്‍ ജനം അവരുടെ ഇടയിലെ വിഗ്രഹങ്ങളെ ഉപേക്ഷിച്ചുകളയുവാന്‍
തയ്യാറാകാതെ ഇരുന്നപ്പോള്‍,
അവരെ മിസ്രയീമില്‍ വച്ച് തന്നെ നശിപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചു. 9 ആം വാക്യം പറയുന്നു:
“എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.”
ഈ വാക്യങ്ങളില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടുന്ന കാര്യങ്ങള്‍ ഇതൊക്കെ ആണ്: യിസ്രയേല്യര്‍ മിസ്രയീമില്‍ ആയിരുന്നപ്പോള്‍, മിസ്രയീമ്യരുടെ മ്ലേച്ചവിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. യഹോവയായ ദൈവം അവരോടു, ഈ വിഗ്രഹങ്ങളെ ഉപേക്ഷിക്കേണം എന്നു ആവശ്യപ്പെട്ടു. എന്നാല്‍ യിസ്രയേല്യര്‍ അത് ഉപേക്ഷിച്ചില്ല. അതിനാല്‍ അവരെ അവിടെവച്ചുതന്നെ നശിപ്പിക്കുവാന്‍ ദൈവം നിരൂപിച്ചു. എങ്കിലും, ദൈവനാമം അന്യജാതിക്കാരുടെ ഇടയില്‍ അപമാനിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ദൈവം അവരെ നശിപ്പില്ല.
ഈ ദൈവീക അരുളപ്പാടില്‍ നമുക്ക് ഈ പഠനത്തിന് ആവശ്യമായ ഒരു ചരിത്ര സത്യം ഉണ്ട്. യിസ്രായേല്‍ ജനം മിസ്രയീമില്‍ ആയിരുന്നപ്പോള്‍, അവര്‍ മിസ്രയീമ്യ ദേവന്മാരെ ആരാധിച്ചിരുന്നു. അവര്‍ അത് പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ ആണ് പുറപ്പെട്ടത്. ഇതൊരു ഞെട്ടിക്കുന്ന സത്യം ആണ്. ദൈവം യെഹെസ്കേല്‍ പ്രവാചകനോടു അരുളിച്ചെയ്തത്, നമുക്ക് നിഷേധിക്കുവാന്‍ സാധ്യമല്ലല്ലോ. ഇതിനെക്കുറിച്ചാണ് യോശുവയും പറഞ്ഞത്. എന്നാല്‍ യോശുവ പറഞ്ഞതും ദൈവം പറഞ്ഞതും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്. യോശുവ പറഞ്ഞു, യിസ്രയേല്യര്‍ മിസ്രയീമില്‍ ആയിരുന്നപ്പോള്‍, അവിടെയുള്ള ജാതീയ ദേവന്മാരെ സേവിച്ചിരുന്നു. ദൈവം യെഹെസ്കേലിനോടു പറഞ്ഞു, “അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല”. അതായത് വിഗ്രഹങ്ങളെ ഉപേക്ഷിക്കാതെയാണ് അവര്‍ പുറപ്പെട്ടത്. ഇതാണ് യിസ്രയേലിന്റെ എല്ലാ പരാജയത്തിനും കാരണം.
യിസ്രായേല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്തതിന്റെ ചരിത്രം ആണ് പുറപ്പാട്, സംഖ്യ, ആവര്‍ത്തനം എന്നീ പുസ്തകങ്ങളില്‍ നമ്മള്‍ വായിക്കുന്നത്. 40 വര്‍ഷങ്ങളോളം അവര്‍ മരുഭൂമിയില്‍ ആയിരുന്നു. ഇതിനിടയില്‍ സീനായ് പര്‍വ്വതത്തിന്റെ താഴ് വരയില്‍ വച്ച്, അവര്‍ ഒരു കാളക്കുട്ടിയെ പുതിയതായി ഉണ്ടാക്കി, അതിനെ ദൈവമായി ആരാധിച്ചു. ഇതല്ലാതെ മറ്റൊരിടത്തും അവര്‍ മിസ്രയീമ്യ വിഗഹങ്ങളെ ആരാധിച്ചതായോ, അവരുടെ പക്കല്‍ മിസ്രയീമ്യ ദേവന്മാരുടെ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നതായോ, ഈ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. യോശുവയും, യിസ്രയേല്യര്‍, മിസ്രയീമില്‍ ആയിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ദേവന്മാരെ ആരാധിച്ചിരുന്നു എന്നല്ലാതെ, അവര്‍ അതേ ദേവന്മാരെ മരുഭൂമിയില്‍ കൊണ്ട് നടന്നിരുന്നു എന്നോ, ആരാധിച്ചിരുന്നു എന്നോ പറഞ്ഞിട്ടില്ല. മാത്രവുമല്ല, സീനായ് താഴ് വരയില്‍, മോശെയുടെ അഭാവത്തില്‍, അവര്‍ക്ക് ഒരു ദൈവം വേണം എന്നു തോന്നിയപ്പോള്‍, അവര്‍ കൂടെ കൊണ്ടുവന്നിരുന്ന മിസ്രയീമ്യ വിഗ്രഹങ്ങളില്‍ ഒന്നിനെ ദൈവമായി പ്രതിഷ്ഠിച്ചില്ല. അവര്‍ ഒരു കാളക്കുട്ടിയെ, സ്വര്‍ണ്ണംകൊണ്ട്, പുതിയതായി ഉണ്ടാക്കുക ആയിരുന്നു. അപ്പോള്‍, മിസ്രയീമിലെ വിഗ്രഹങ്ങള്‍, യിസ്രയേല്യര്‍ ഉപേക്ഷിച്ചില്ല എന്ന് ദൈവം പറഞ്ഞതിന്റെ പൊരുള്‍ എന്താണ്?
ഇത് നമ്മള്‍ വളരെ ശ്രദ്ധയോട് മനസ്സിലാക്കേണ്ടുന്ന വസ്തുത ആണ്. യെഹെസ്കേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നും നമ്മള്‍ വായിച്ച വേദഭാഗത്ത്, തുടര്‍ന്നു ദൈവം പറയുന്നതിങ്ങനെ ആണ്: ‘ യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു”. (20:13). എന്തുകൊണ്ടാണ് യിസ്രായേല്‍ മരുഭൂമിയില്‍ വച്ച് വീണ്ടും ദൈവത്തിന്റെ ചട്ടങ്ങളെ അനുസരിക്കാതെ മല്‍സരിച്ചത്? 15 ആം വാക്യത്തില്‍ ദൈവം തന്നെ അതിനു ഉത്തരം നല്കുന്നു: “അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ” അശുദ്ധമാക്കി. അതുകൊണ്ടു, “ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയർത്തി സത്യം ചെയ്തു.” (20:16).
ദൈവം ഓര്‍മ്മിപ്പിക്കുന്നത്
ഇതാണ്: മിസ്രയീം ദേശം വിട്ട് പുറപ്പെട്ട് പോന്ന യിസ്രായേല്‍ ജനത്തിന്, വാഗ്ദത്ത ദേശം അല്‍പ്പദൂരത്തെ വ്യത്യാസത്തില്‍
മാത്രം നഷ്ടമായി.
അതിന്റെ കാരണമോ, “അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ” അശുദ്ധമാക്കി, എന്നതാണ്.
ഈ വാക്യം
വായിക്കുമ്പോള്‍,
ഇതൊന്നും നമുക്ക് ബാധകമല്ലല്ലോ എന്നു നമുക്ക് തോന്നാം. യിസ്രായേല്‍ ജനം മിസ്രയീമ്യ
വിഗ്രഹങ്ങളെ കൂടെ കൊണ്ട് നടന്നതുകൊണ്ടല്ലേ അവര്‍ക്ക് വാഗ്ദത്ത ദേശം നഷ്ടമായത്.
നമ്മളുടെ പക്കല്‍ യാതൊരു വിഗ്രഹങ്ങളും ഇല്ല; നമ്മള്‍
വിഗ്രഹങ്ങളെ ആരാധിക്കുന്നതും ഇല്ല. എന്നാല്‍ നമ്മളുടെ ഈ ചിന്ത അത്ര ശരിയല്ല. കാരണം
നമ്മള്‍ മുമ്പ് ചിന്തിച്ചതുപോലെ, യിസ്രായേല്‍ ജനം, അവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോള്‍, അവരുടെ കൂടെ, മിസ്രയീമ്യ
ദേവന്മാരുടെ വിഗഹങ്ങള്‍ ഉണ്ടായിരുന്നതായോ, അവര്‍ അതിനെ
ആരാധിച്ചിരുന്നതായി പുറപ്പാടു, സംഖ്യ,
ആവര്‍ത്തനം, യോശുവ എന്നീ പുസ്തകങ്ങളില്‍ പറയുന്നില്ല.
മാത്രവുമല്ല, അവര്‍ സീനായ് താഴ് വരയില്‍ പുതിയ ഒരു
വിഗ്രഹത്തെ, അവരുടെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണവും
വെള്ളീയും ഉപയോഗിച്ച് നിര്‍മ്മിക്കുക ആയിരുന്നു. അവരുടെ കൈയില്‍ ഉണ്ടായിരുന്ന ഒരു
വിഗ്രഹത്തെ സ്ഥാപിക്കുക ആയിരുന്നില്ല.
അപ്പോള്‍, യെഹെസ്കേല്‍ പ്രവാചകനോടു ദൈവം അരുളിച്ചെയ്തതും, അവരുടെ പുറപ്പാടിന്റെ ചരിത്രം എഴുതിയിരിക്കുന്ന പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ ചരിത്രത്തില്‍ വ്യത്യാസം ഉണ്ടോ? അങ്ങനെ വ്യത്യാസം ഉണ്ടാകുവാന്‍ സാധ്യമല്ലല്ലോ. അതിനാല്‍ അതിന്റെ പൊരുള്‍ മനസ്സിലാക്കുന്നതിനായി നമുക്ക് യിസ്രായേല്‍ ജനത്തിന്റെ മരുഭൂമി യാത്രയും, ആ യാത്രയില്‍ അവര്‍ മോശെയോടും ദൈവത്തോടും കലഹിച്ചതും സൂക്ഷമമായി പഠിക്കാം.
അതിനായി നമുക്ക്
ചെങ്കടലിന്റെ അക്കരെയില്‍ നിന്നും തന്നെ തുടങ്ങാം. യിസ്രായേല്‍ ജനത്തിന്റെ, യഹോവയ്ക്ക് എതിരായുള്ള ഒന്നാമത്തെ കലഹം ആണിത്.
യിസ്രായേല്‍ ജനം പെസഹ ആചരിക്കുകയും, അവര്‍ അതിരാവിലെ
മിസ്രയീം ദേശത്തു നിന്നും പുറപ്പെടുകയും ചെയ്തു. (പുറപ്പാടു
14). അവര്‍ ചെങ്കടലിന്റെ
തീരത്ത് എത്തി. ഈ കടല്‍ കടന്നു വേണം അവര്‍ക്ക് മുന്നോട്ട് യാത്രചെയ്യുവാന്‍.
സാധാരണ ഗതിയില്‍, കടലിലൂടെ ഉള്ള യാത്ര അവര്‍ക്ക് അസാധ്യമാണ്.
എങ്കിലും അവര്‍ സമുദ്രത്തിന്നരികെ പാളയം ഇറങ്ങേണം എന്നായിരുന്നു ദൈവത്തിന്റെ കല്‍പ്പന.
പുറപ്പാടു 14:8 ല്‍ പറയുന്നു: “യഹോവ
മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ
പിന്തുടർന്നു.”
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടർന്നു. മിസ്രയീമ്യ സൈന്യം യിസ്രയേലിനോടു അടുത്തു. മിസ്രയീമ്യര്‍ വരുന്നത് കണ്ടു യിസ്രയേല്യര്‍ ഭയപ്പെട്ടു, യഹോവയോട് നിലവിളിച്ചു. ഇത്രയും സംഭവങ്ങളില്‍ യാതൊരു പ്രശനങ്ങളും നമ്മള്‍ കാണുന്നില്ല.
11 ആം വാക്യം മുതല്‍ അവരുടെ പിറുപിറുപ്പും
കലഹവും നമ്മള്‍ വായിക്കുന്നു. അവര്‍ മോശെയോടു പറഞ്ഞു:
“മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു? മിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേലചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു.”
ഇവിടെ
യിസ്രയേല്യര്‍ എന്തൊക്കെ ആണ് പരാതി പറഞ്ഞത് എന്നു നോക്കാം. മിസ്രയീമ്യ സൈന്യം
വരുന്നത് കണ്ടപ്പോള്‍ തന്നെ, അവര്‍ ആ സമുദ്ര തീരത്ത്, വിജനമായ സ്ഥലത്ത്, കൊല്ലപ്പെടുവാന്‍ പോകുയാണ് എന്നു അവര്‍ തീരുമാനിച്ചു. ഇത് അവരുടെ
ഭയത്തില്‍ നിന്നും നിരാശയില്‍ നിന്നും വന്ന വാക്കുകള്‍ ആണ്. പ്രതിസന്ധികളില്‍
നിരാശ തോന്നുന്നത് മനുഷ്യ സഹജം ആണ്. എന്നാല്‍ അതിനു ശേഷം അവര്‍ പറയുന്ന
വാക്കുകളില്‍ നിറയെ മിസ്രയീമിലെ ജീവിത സൌകര്യങ്ങള്‍ ആണ്. അത് നഷ്ടപ്പെട്ടതില്‍
അവര്‍ക്കുള്ള പ്രയാസമാണ്. അവര്‍ പറഞ്ഞു: ഈ വിജനമായ സമുദ്ര തീരത്ത് അവര്‍ക്ക് നല്ല
ഒരു ശവസംസ്കാര ചടങ്ങോ, ശവക്കല്ലറയോ ലഭിക്കില്ല. മിസ്രയീമില്‍
നല്ല ശവക്കുഴികള്‍ ഉണ്ടായിരുന്നു. മിസ്രയീമില്‍ നിന്നും അവരെ പുറപ്പെടുവിച്ചത്
വലിയ അന്യായം ആയിപ്പോയി. അവരെ തിരികെ, മിസ്രയീമ്യര്‍ക്ക്
വേലചെയ്യുവാനായി വിടേണം. അവര്‍ മിസ്രയീം വിട്ടു എങ്ങോട്ടും വരുന്നില്ല എന്നു അവര്‍
മോശെയോടു അവിടെവച്ച് തന്നെ പറഞ്ഞതാണ്. പക്ഷേ മോശെ, വാഗ്ദത്ത
ദേശത്തെക്കുറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ നല്കി, അവരെ
പുറപ്പെടുവിച്ചതാണ്. ഇപ്പോള്‍ അവര്‍ കൊല്ലപ്പെടുവാന്‍ പോകുന്നു. മരുഭൂമിയില്‍
മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്ക് അടിമ വേല ചെയ്യുന്നതായിരുന്നു നല്ലത്.
യിസ്രായേല്‍ ജനം ദൈവത്തിനെതിരെ പിറുപിറുത്തു എന്നതല്ല പ്രശനം, അവര്‍ പിറുപിറുക്കുവാനുള്ള കാരണമാണ് പ്രശ്നം. അവര്‍ കലഹം ഉണ്ടാക്കി എന്നത് ഒരു പ്രവര്‍ത്തിയാണ്. ഈ പ്രവര്‍ത്തിക്ക് പിന്നില്‍ ഒരു കാരണം ഉണ്ട്. അതാണ് അടിസ്ഥാന വിഷയം.
മരുഭൂമിയാണോ മിസ്രയീമിലെ അടിമത്വമാണോ നല്ലത് എന്ന ചിന്തയ്ക്ക് മുന്നില്‍ അവര്‍ മിസ്രയീമിലെ അടിമത്വം തിരഞ്ഞെടുക്കുക ആണ്. അവരുടെ ഹൃദയം മുഴുവന്‍ മിസ്രയീമാണ്. അവര്‍ അതിനെ ഉപേക്ഷിച്ചിട്ടില്ല. യഹോവയായ ദൈവം അയച്ച പത്തു ബാധകള്‍ കണ്ടതിന് ശേഷവും, മിസ്രയീം ദേവന്‍മാരെക്കാള്‍ യഹോവ ശക്തനാണ് എന്നു കണ്ടു അറിഞ്ഞതിന് ശേഷവും, അവര്‍ പറയുന്നു, അവര്‍ക്ക് കൂടുതല്‍ പ്രിയം മിസ്രയീമ്യ ജീവിതം ആണ്. ഇതാണ് അവര്‍ കൂടെ കൊണ്ട് പോന്ന മിസ്രയീം വിഗ്രഹങ്ങള്‍. ഇത് അവര്‍ മിസ്രയീമില്‍ ആയിരുന്നപ്പോള്‍ അവരോടൊപ്പം ഉണ്ടായിരുന്നു, അവര്‍ പുറപ്പെട്ട് പൊന്നപ്പോള്‍ കൂടെ കൊണ്ടുപോയി. ഇത് സീനായ് പറവ്വതത്തിന്റെ താഴ് വാരത്തിലും, കാദേശില്‍ എത്തിയപ്പോഴും അവരോടൊപ്പം ഉണ്ടായിരുന്നു. ഇത് അവരുടെ പരാജയത്തിന്റെ കാരണമായി.
യിസ്രയേല്യരുടെ പരാതിക്ക് മോശെ കൊടുക്കുന്ന മറുപടി കൂടി നമുക്ക് വായിയ്ക്കാം. 14 ആം വാക്യം: “യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.” ഈ വാചകം, യിസ്രായേല്‍ ജനം ആര്‍ക്ക് എതിരായി ആണ് കലഹം ഉണ്ടാക്കിയത് എന്നു മാത്രമല്ല, എന്തിനെതിരെ ആണ് കലഹം ഉണ്ടാക്കിയത് എന്നു കൂടി പറയുന്നു. ഇത് യുദ്ധം ചെയ്ത്, നമ്മള്‍ തോല്‍ക്കും എന്ന ധ്വനിയല്ല, യഹോവ ജയിക്കും എന്ന വിശ്വാസമാണ്. ഇതാണ് യിസ്രയേല്‍യര്‍ക്ക് ഇല്ലാതെ പോയത്. അവരുടെ അവിശ്വാസത്തിന് കാരണം അവരോടൊപ്പം അവര്‍ കൂട്ടികൊണ്ടു പോന്ന മിസ്രയീം ആണ്.
ഇവിടെ ഉയയരുന്ന
ചോദ്യം ഇതാണ്: ആരാണ് വിശ്വസ്തനും ശക്തനുമായ ദൈവം? മിസ്രയീമിലെ ദേവന്മാരോ, യഹോവയായ ദൈവമോ? ഏതാണ് കൂടുതല്‍ അനുഗ്രഹം: മിസ്രയീം ദേശമോ, വാഗ്ദത്ത
ദേശമോ? ഏതാണ് നിങ്ങള്‍ക്കു കൈവശമാക്കുവാന്‍ ആഗ്രഹം:
മിസ്രയീമിലെ അടിമത്വമൊ, വാഗ്ദത്ത ദേശത്തിലെ വാസമോ? നിര്‍ഭാഗ്യവശാല്‍, മിസ്രയീമില്‍ അടിമത്വത്തില്‍
വളര്‍ന്ന യിസ്രയേല്യര്‍, അവരുടെ ജീവിതകാലമെല്ലാം, മിസ്രയീമിലെ അടിമത്വത്തിന്റെ സുഖത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടു.
നമ്മളുടെ കര്‍ത്താവ്
പറഞ്ഞ ഒരു വാക്യം ഇവിടെ ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നു.
മത്തായി 6: 24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
ഒന്നുകില്‍ മിസ്രയീം, അല്ലെങ്കില്‍ വാഗ്ദത്ത ദേശം. രണ്ടും കൂടെ ഒരുമിച്ച് കൊണ്ടുപോകുവാന്‍ ശ്രമിച്ചതാണ് യിസ്രയേല്യരുടെ പരാജയത്തിന്റെ കാരണം.
ഇത് പറയുമ്പോള്‍, ഈ സംഭവങ്ങള്‍ക്ക് ഇന്നത്തെ ക്രൈസ്തവ വിശ്വാസികളുടെ ജീവിതവുമായി ബന്ധം ഉള്ളതുപോലെ നമുക്ക് തോന്നിയേക്കാം. നമ്മളും ജീവിതത്തില്‍ വിജയിക്കേണം എങ്കില്‍, ഒന്നുകില്‍ ഈ ലോകത്തെയോ, അല്ലെങ്കില്‍ ദൈവരാജ്യത്തെയോ തിരഞ്ഞെടുക്കേണം. രണ്ടും കൂടെ ഒരുമിച്ച് കൊണ്ടുപോകുവാന്‍ ശ്രമിച്ചാല്‍, നമ്മള്‍ പരാജയപ്പെടും. നമുക്ക് ദൈവരാജ്യം നഷ്ടമാകും.
ശൂര്‍ മരുഭൂമിയിലെ കലാപം
യിസ്രായേല്‍ ജനം വീണ്ടും ദൈവത്തോട് കലഹിക്കുന്നത്, ചെങ്കടല്‍ കടന്നതിന് ശേഷം, അവര്‍ ശൂര്‍ മരുഭൂമിയില്‍ എത്തിയപ്പോള്‍ ആണ്. (പുറപ്പാട് പുസ്തകം 15). അതായത്, അവര്‍ മിസ്രയീം ദേശം വിട്ടു, ചെങ്കടലില്‍ കൂടി മറുകര കടന്ന്, മൂന്നു ദിവസങ്ങള്‍ യാത്ര ചെയ്തു എത്തിയ സ്ഥലമാണ് ശൂര്‍ മരുഭൂമി. ഈ മൂന്ന് ദിവസങ്ങളും മരുഭൂമിയില്‍ അവര്‍ക്ക് വെള്ളം കിട്ടിയില്ല. ഒരു പക്ഷേ അവര്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടപ്പോള്‍ കൊണ്ടുവന്ന വെള്ളം ആയിരിക്കാം അവര്‍ ഈ മൂന്നു ദിവസങ്ങളില്‍ ഉപയോഗിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അവര്‍ വെള്ളമുള്ള ഒരു സ്ഥലത്തു എത്തി. എന്നാല്‍ അവിടെ ഉള്ള വെള്ളം കൈപ്പുള്ളതായിരുന്നു. അതിനാല്‍ അവര്‍ക്ക് അത് കുടിക്കുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു അവര്‍ ആ സ്ഥലത്തിന് മാറാ എന്നു പേരിട്ടു. അപ്പോള്‍ അവര്‍, ഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെയും ദൈവത്തോടും പിറുപിറുത്തു. ദൈവം മോശെയ്ക്ക് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അത് വെള്ളത്തില്‍ ഇട്ടപ്പോള്‍, വെള്ളം മധുരമായി തീര്‍ന്നു.
പുറപ്പാട് പുസ്തകം 15: 25 ആം വാക്യത്തില്‍, ഈ സംഭവത്തിന് ശേഷം, യിസ്രായേല്‍ മാറായില്‍ ആയിരിക്കുമ്പോള്‍ തന്നെ, ദൈവം അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു എന്നും അവിടെ വച്ച് ദൈവം അവരെ പരീക്ഷിച്ചു എന്നും നമ്മള്‍ വായിക്കുന്നു. പരീക്ഷിച്ചു എന്നത് ദൈവം മറ്റൊരു പരീക്ഷണം അവരുടെ മേല്‍ അയച്ചു എന്ന് നമ്മള്‍ ചിന്തിക്കേണ്ടതില്ല. ദൈവം അവരുടെമേലുള്ള അനുഗ്രഹങ്ങള്‍ക്ക് ഒരു നിബന്ധന വച്ചു.
യിസ്രായേല്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ട അവസരത്തിലെ അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ 105: 37 ല്‍ പറയുന്നതിങ്ങനെ ആണ്: “അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.” അതായത്, അവര്‍ പുറപ്പെട്ടപ്പോള്‍ അവരുടെ ഇടയില്‍, യാത്ര ചെയ്യുവാനും യുദ്ധം ചെയ്യുവാനും കഴിയാത്തതായി, ആരോഗ്യസ്ഥിതി മോശമായ ഒരു വ്യക്തിപോലും ഉണ്ടായിരുന്നില്ല. പുറപ്പാടു 14:8 ല്‍ നമ്മള്‍ വായിക്കുന്നത്, “യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.” എന്നാണ്.
430 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, ക്രൂരന്മാരായ യജമാനന്‍മാരുടെ കീഴില്‍ അടിമകള്‍ ആയി, കഠിനവേല ചെയ്തുകൊണ്ട് ജീവിച്ച ഒരു ജനസമൂഹത്തില്‍ രോഗികളോ, ബലഹീനരോ ആയ ചിലരെങ്കിലും ഉണ്ടായിരുന്നു എന്നു കരുതുന്നതാണ് ശരി. എന്നാല്‍ അവര്‍ പുറപ്പെട്ടപ്പോള്‍ അവരില്‍ ഒരാള്‍ പോലും രോഗിയോ, ബലഹീനനൊ ആയിരുന്നില്ല. അതിനാല്‍ പെസഹ അത്താഴം കഴിച്ചപ്പോഴോ, അതിനു ശേഷമോ, അവരുടെ പുറപ്പാടിന് മുമ്പ്, ദൈവം സകല യിസ്രയേല്യരെയും സൌഖ്യമാക്കി. അവര്‍ എല്ലാവരും പൂര്‍ണ്ണ ആരോഗ്യവാന്മാരായി പുറപ്പെട്ടു. ഇത് പൊതുവേയുള്ള, കേവലമായ രോഗ സൌഖ്യം ആണ്.
എന്നാല്‍, മാറായില്‍, അവര്‍
ദൈവത്തോട് പിറുപിറുത്തതിന് ശേഷം, ദൈവം രോഗസൌഖ്യത്തെ
നിബന്ധനകള്‍ക്ക് വിധേയം ആക്കി. ഇതിനെ ആണ് ദൈവം അവരെ പരീക്ഷിച്ചു എന്നു പറയുന്നത്.
ദൈവം അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു. അത് ഇങ്ങനെ ആയിരുന്നു:
പുറപ്പാടു 15:26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
അതായത്, പൊതുവായി, അവര്‍ എല്ലാവരും അനുഭവിച്ചിരുന്ന രോഗ സൌഖ്യം, ഇനി മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ലഭിക്കൂ. ദൈവത്തിന് പ്രസാദമുള്ളത് ചെയ്യുകയും, അവന്റെ കല്‍പ്പനകള്‍ പ്രമാണിക്കുകയും ചെയ്താല്‍ രോഗ സൌഖ്യം ഉണ്ടാകും. യിസ്രായേല്‍ ജനം ദൈവീക അനുഗ്രഹങ്ങളോട് അടുക്കുകയല്ല, അവര്‍ കൂടുതല്‍ അകലുകയാണ് ചെയ്യുന്നത്.
യിസ്രായേല്‍ ജനം മോശെയോടും ദൈവത്തോടും പിറുപിറുത്തത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇവിടെയും അവര്‍ ചെങ്കടലിന് അക്കരെവച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ആവര്‍ത്തിച്ച് പറഞ്ഞുകാണും. കാരണം അവര്‍ വീണ്ടും അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
മന്നയും കാടപക്ഷിയും
ഒന്നു രണ്ടു
സംഭവങ്ങള്‍ കൂടി നിങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ട്, ഈ സന്ദേശം അവസാനിപ്പിക്കാം. പുറപ്പാടു പുസ്തകം 16 ആം അദ്ധ്യായത്തില്‍, യിസ്രായേല്‍ ജനം മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ അവര്‍ക്ക് ഭക്ഷിക്കുവാന്‍
ദൈവം മന്ന നല്‍കുന്നതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ, അവര്‍ക്ക് മന്ന ലഭിക്കുവാന്‍ തുടങ്ങുന്നതിന്റെ തൊട്ട് മുമ്പുള്ള അവരുടെ
കലഹം കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ പക്കല്‍ ഉള്ള ആഹാരം തീര്‍ന്ന് പോകുകയും, മരുഭൂമിയില്‍ ആഹാരം ലഭിക്കുവാനുള്ള സാധ്യത ഇല്ലാതിരിക്കുകയും
ചെയ്തപ്പോഴായിരിക്കാം അവര്‍ കലഹിച്ചത്. 2 ആം വാക്യം പറയുന്നു: “ആ മരുഭൂമിയിൽവെച്ചു
യിസ്രായേൽമക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.”
അവര്‍ പരാതിയായി പറഞ്ഞതിതൊക്കെ ആണ്: “യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ
ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത
മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു.
നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. (16:3). ഇത് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. അവരുടെ കലഹത്തിന്റെ കാരണം, അവര്‍ക്ക് മിസ്രയീം നഷ്ടമായിരിക്കുന്നു എന്ന ചിന്തയാണ്.
സംഖ്യാപുസ്തകം
11 ആം
അദ്ധ്യായത്തില്‍,
മരുഭൂമിയിലെ ജീവിതത്തിലെ മറ്റൊരു സംഭവം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെയും
യിസ്രായേല്‍ ജനത്തിന്റെ പ്രതികരണത്തിന് സാമ്യം ഉണ്ട്. അതുകൊണ്ടു അതുകൂടി നമുക്ക്
ഇവിടെ ചേര്‍ത്തു ചിന്തിക്കാം. യിസ്രായേല്‍ ജനത്തിന് ദൈവം ഭക്ഷിക്കുവാന്‍ മന്നയും
കുടികുവാന്‍ വെള്ളവും ദിവസവും നല്കി. എങ്കിലും, മന്ന അല്ലാതെ
മറ്റൊന്നും ഭക്ഷിക്കുവാന്‍ കിട്ടുന്നില്ല എന്ന് അവര്‍ പരാതിപ്പെട്ടു. പ്രത്യേകിച്ചു
അവര്‍ക്ക് ഇറച്ചി ഭക്ഷിക്കുവാന്‍ കിട്ടുന്നില്ല. അതിനായും അവര്‍ കലാപം ഉണ്ടാക്കി. ഇവിടെയും
അവരുടെ പരാതിയില്‍ നിറഞ്ഞു നിന്നത് മിസ്രയീം ആണ്. അവര്‍ പറഞ്ഞതിങ്ങനെ ആണ്:
സംഖ്യാപുസ്തകം 11: 4, 5, 6 “... ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.”
ഇത്രയും ദൂരം പിന്നിട്ട് വന്നിട്ടും, ദൈവീക കരുതല്‍ അവര്‍ ആവോളം അനുഭവിച്ചു കഴിഞ്ഞിട്ടും, അവര്‍ക്ക് മിസ്രയീമിനെ ഉപേക്ഷിക്കുവാന്‍ കഴിയുന്നില്ല. മിസ്രയീം ആണ് അവരുടെ സ്വപ്നം. വാഗ്ദത്ത ദേശത്തെക്കാള്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നത് മിസ്രയീം ആണ്.
പാരാന്‍ മരുഭൂമിയിലെ പരാജയം
യിസ്രായേല്‍
ജനത്തിന്റെ പരാജയം പൂര്‍ണ്ണമാകുന്നത് പാരാന്‍ മരുഭൂമിയില്‍ വച്ചാണ്. ഈ മരുഭൂമിയില്‍, കാദേശ് ബര്‍ന്നെയ എന്ന മരുപ്പച്ചയില്‍ യിസ്രായേല്‍
ജനം പാളയമടിച്ചിരുന്നു.
അവിടെ ആയിരിക്കുമ്പോള്‍ ആണ് മോശെ 12 ഗോത്രപിതാക്കന്മാരെ കനാന്‍ ദേശം ഉറ്റുനോക്കുവാനായി ചാരന്മാരായി അയക്കുന്നത്. അവരുടെ യാത്രയുടെ ചരിത്രം നമുക്ക് ഇവിടെ പ്രധാനമല്ല. അവര്‍ തിരികെ വന്നപ്പോള്‍ എന്ത് പറഞ്ഞു എന്നതും നമ്മള്‍ ഇവിടെ വിശദമായി പരിശോധിക്കുന്നില്ല. എന്നാല്‍ ഗോത്രപിതാക്കന്മാരുടെ വിവരണത്തിന് ശേഷം ഉണ്ടായ, യിസ്രായേല്‍ ജനത്തിന്റെ പ്രതികരണം നമുക്ക് ഇവിടെ പ്രധാനമാണ്. നമുക്ക് അറിയാവുന്നതുപോലെ, ദേശം ഉറ്റുനോക്കുവാന്‍ പോയ 12 ഗോത്ര പിതാക്കന്മാരില്‍ 10 പേരും വളരെ ഭയപ്പെടുത്തുന്നതും നിരാശാജനകവുമായ വര്‍ത്തമാനം അറിയിച്ചു. എന്നാല്‍ അവരില്‍ രണ്ടു പേര്‍, യോശുവയും, കാലേബും, ദൈവം കനാന്‍ ദേശം നമ്മളുടെ കൈയില്‍ തന്നിരിക്കയാല്‍, നമ്മള്‍ അതിനെ കൈവശമാക്കും എന്നു ഉറപ്പിച്ച് പറഞ്ഞു. പക്ഷേ യിസ്രായേല്‍ ജനത്തിലെ ബഹുഭൂരിപക്ഷവും, ഒരു പക്ഷേ, യോശുവയുടെയും, കാലേബിന്റെയും ഗോത്രം ഒഴികെ ഉള്ളവര്‍ എല്ലാം, ഭയന്ന് രാത്രി മുഴുവന്‍ നിലവിളിച്ചു കരഞ്ഞു.
അവര്‍ പറഞ്ഞത്
ഇങ്ങനെ ആണ്:
സംഖ്യാപുസ്തകം
14: 2- 4
2 യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി
പിറുപിറുത്തു; സഭ ഒക്കെയും
അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
3 വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു
കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും
കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ
ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.
4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
യിസ്രായേല്‍ ജനം, അവരുടെ മരുഭൂമിയാത്രയുടെ അവസാന ഭാഗത്താണ്. ഇനി
മുന്നോട്ട് പോകുന്നത്, വാഗ്ദത്ത ദേശത്തിലേക്കാണ്.
പക്ഷേ, അവര്‍ കൂടെ കൊണ്ട് നടന്ന മിസ്രയീം, അവരുടെ ഹൃദയത്തില്‍ ഉള്ള മിസ്രയീം, മുന്നോട്ട് പോകുവാനോ, വാഗ്ദത്ത ദേശം കൈവശമാക്കുവാനോ അവരെ സമ്മതിക്കുന്നില്ല. അവരുടെ പ്രശ്നം മിസ്രയീം ആണ്. വാഗ്ദത്ത ദേശത്തെക്കാള്‍ അവര്‍ ഏറെ ആഗ്രഹിച്ചത്, മിസ്രയീമില്‍ വച്ച് മരിക്കുന്നതാണ്. വാഗ്ദത്ത ദേശത്തിന്റെ അനുഗ്രഹത്തെക്കാള്‍ അവര്‍ ആഗ്രഹിച്ചത്, മിസ്രയീമിലെ അടിമത്വമാണ്. അവര്‍ക്ക് വാഗ്ദത്ത ദേശം വേണ്ട, അവര്‍ക്ക് തിരികെ മിസ്രയീമിലേക്ക് പോയാല്‍ മതി.
ഇവിടെ ആണ് അവരുടെ പരാജയം പൂര്‍ണ്ണമാകുന്നത്. ഇത് അവരുടെ അവസാന അവസരമായിരുന്നു. ഇവിടെ അവര്‍ സംപൂര്‍ണ്ണമായയും പരാജയപ്പെട്ടു. അവരുടെ മല്‍സരത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, യഹോവയായ ദൈവം എല്ലാ യിസ്രായേൽ ജനവും കാൺകെ പ്രത്യക്ഷമായി. (സംഖ്യാപുസ്തകം 14). ദൈവം അവസാനത്തെ വിധി പ്രഖ്യാപിച്ചു. യിസ്രായേല്‍ ജനത്തില്‍ പ്രായപൂര്‍ത്തിയായ ആരും വാഗ്ദത്തം അവകാശമാക്കുകയില്ല. പ്രായപൂര്‍ത്തിയായ, വാഗ്ദത്ത ദേശത്തെ തള്ളിപ്പറഞ്ഞ സകലരും, മരുഭൂമിയില്‍ വച്ച് മരിക്കും. അവര്‍ എല്ലാവരും മരിക്കുന്നതു വരെ, അവരുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം അലഞ്ഞു നടക്കും. ഈ കാലമെല്ലാം യഹോവ അവരോടു അകന്നു നില്‍ക്കും.
ചുണ്ടിനും കപ്പിനുമിടയില്‍, യിസ്രായേല്‍ ജനത്തിന് വാഗ്ദത്ത ദേശം നഷ്ടമായി. ഒരൊറ്റ കാരണം കൊണ്ട് മാത്രം. അവര്‍ മിസ്രയീയില്‍ ആയിരിക്കുമ്പോള്‍ തന്നെ, അവരോടു മിസ്രയീം ദേശത്തെ ഉപേക്ഷിക്കുവാന്‍ ദൈവം കല്‍പ്പിച്ചു. അവര്‍ അനുസരിച്ചില്ല. അവര്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടപ്പോഴും, മരുഭൂമിയിലൂടെ യാത്രചെയ്തപ്പോഴും, മിസ്രയീമിനെ കൂടെ കൊണ്ട് നടന്നു. അവസാനം, വാഗ്ദത്ത ദേശത്തിന്റെ അതിരില്‍ വച്ച്, അതില്‍ കടക്കുന്നതിന് മുമ്പായി, യിസ്രയേല്യരിലെ ഭൂരിപക്ഷത്തെയും, അവര്‍ കൂടെ കൊണ്ടുനടന്ന മിസ്രയീം കൊന്നുകളഞ്ഞു. എന്നാല്‍, അവരുടെ സമപ്രായക്കാരായ, യോശുവയും, കാലേബും, മിസ്രയീമിനെക്കാള്‍, വാഗ്ദത്ത ദേശത്തെ ഏറെ ഇഷ്ടപ്പെട്ടു. അവര്‍ വാഗ്ദത്ത ദേശത്തെ ലക്ഷ്യമാക്കി, മിസ്രയീമിനെ ഉപേക്ഷിച്ചു. അവര്‍ യിസ്രയേല്യരൊടൊപ്പം, 40 വര്‍ഷങ്ങള്‍ മരുഭൂമിയില്‍ ഉഴന്നുനടന്നു, എങ്കിലും, വാഗ്ദത്ത ദേശം കൈവശമാക്കി.
നമ്മള്‍ മുമ്പ്
വായിച്ച വേദഭാഗത്ത്,
പൌലൊസ് വിവരിക്കുന്നത്, യിസ്രയേല്യരുടെ പതനത്തിന്റെ ആഴമാണ്.
ആ വേദഭാഗം ഒന്നുകൂടി വായിക്കുവാന്‍ ആഗ്രഹിക്കുന്നു.
1 കൊരിന്ത്യര്‍ 10: 1- 5
1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും
സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു
3 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു
4 എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച
ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു
ആയിരുന്നു —
5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല,
അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു
എന്നു ഞാൻ ആഗ്രഹിക്കുന്നു.
പൌലൊസ് പറയുന്നു, ജീവിതത്തില്‍ വിജയിക്കുവാന്‍ ആവശ്യമായതെല്ലാം യിസ്രായേല്‍ ജനത്തിന് ഉണ്ടായിരുന്നു. ലോകത്തിന്റെ സൃഷ്ടാവും സര്‍വ്വ ശക്തനുമായ ദൈവം പകലും രാത്രിയിലും, മേഘ സ്തംഭമായും അഗ്നിത്തൂണായും അവരോടൊപ്പം യാത്രചെയ്തു. അവര്‍ക്ക് ദൈവം ആഹാരവും വെള്ളവും, എല്ലാ ദിവസവും നല്കി. പക്ഷേ അവരില്‍ രണ്ടു പേര്‍ ഒഴികെ മറ്റെല്ലാവരും, വാഗ്ദത്ത ദേശത്തിന് അരികെ, മരുഭൂമിയില്‍ വച്ച് മരിച്ചു. ദേശം കൈവശമാക്കിയില്ല.
ഇത് മാത്രമല്ല പൌലൊസ് പറയുന്നത്. അദ്ദേഹം യിസ്രായേല്‍ ജനത്തെ രണ്ടായി വിഭജിക്കുന്നുമുണ്ട്. അതായത്, പരാജയപ്പെട്ട ഭൂരിപക്ഷവും വിജയിച്ച രണ്ടു പേരും. ഇതിന് കൂടുതല്‍ ഊന്നല്‍ നല്കുവാന്‍ വേണ്ടിയാണ്, അദ്ദേഹം പറയുന്നത്, എല്ലാ യിസ്രയേല്യരും, ഒരേ മേഘത്തിന്റെ കീഴില്‍ ആയിരുന്നു, അവര്‍ എല്ലാവരും സമുദ്രത്തിലൂടെ കടന്നു സ്നാനം ഏറ്റു, എല്ലാവരും ഒരേ ആഹാരം കഴിച്ചു, ഒരേ പാറയില്‍ നിന്നും കുടിച്ചു. പക്ഷേ ബഹുഭൂരിപക്ഷവും മിസ്രയീമിനെ ഉപേക്ഷിക്കാതെ ഇരുന്നു. അവര്‍ മരുഭൂമിയില്‍ മരിച്ചു വീണു. രണ്ടു പേര്‍, യോശുവയും, കാലേബും മാത്രം, മിസ്രയീമിനെക്കാള്‍ വാഗ്ദത്ത ദേശത്തിനായി ആഗ്രഹിച്ചു. അവര്‍ രണ്ടു പേര്‍ മാത്രം വാഗ്ദത്തം അവകാശമാക്കി.
ഈ സന്ദേശം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് പഴയനിയമ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്ക് വരാം. മരുഭൂമിയിലെ യിസ്രയേലിന്റെ ചരിത്രത്തില്‍ നിന്നും നമുക്ക് മൂന്നു പാഠങ്ങള്‍ പഠിക്കുവാന്‍ ഉണ്ട്.
ഒന്നാമത്തെ പാഠം: പെസഹയ്ക്കും വാഗ്ദത്ത ദേശത്തിനും ഇടയില്‍ ഒരു മരുഭൂമി യാത്ര ഉണ്ട്. പെസഹ കഴിഞ്ഞാല്‍ അടുത്ത പടി വാഗ്ദത്ത ദേശമല്ല. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, രക്ഷയുടെ ആദ്യത്തെ അനുഭവത്തിനും ദൈവരാജ്യം കൈവശമാക്കുന്നതിനും ഇടയില്‍ ഒരു മരുഭൂ പ്രയാണ കാലമുണ്ട്. ഈ യാത്രയില്‍ ദൈവം നമ്മളോട് കൂടെ ഇരിക്കുകയും, രോഗ സൌഖ്യവും, ഭൌതീക നന്മകളും, യുദ്ധങ്ങളില്‍ ജയവും നല്കുകയും ചെയ്യും. എന്നാല്‍, മരുഭൂമി യാത്രയില്‍ ലഭിക്കുന്ന രോഗസൌഖ്യവും, ഭൌതീക നന്മകളും, ഒന്നും വാഗ്ദത്തദേശം അവകാശമായി ലഭിച്ചു എന്നതിന്റെ ഉറപ്പല്ല. അതായത്, ഈ ലോകത്തില്‍ നമുക്ക് ലഭിക്കുന്ന ഭൌതീക നന്മകള്‍ ദൈവരാജ്യം നമുക്ക് ലഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയോ, അടയാളമോ അല്ല. മരുഭൂമി യാത്ര നമ്മളുടെ പരിശീലന കാലം മാത്രമാണ്. ഈ ലോകത്തെ ഉപേക്ഷിച്ച് ദൈവരാജ്യത്തിനായി യാത്രചെയ്യുവാനുള്ള പരിശീലന കാലം.
രണ്ടാമത്തെ
പാഠം: മിസ്രയീമിനെ ഉപേക്ഷിക്കാതെ വാഗ്ദത്ത ദേശം കൈവശമാക്കുവാന്‍ കഴിയുക ഇല്ല. ഈ
ലോകവുമായുള്ള നമ്മളുടെ ബന്ധത്തെ ഉപേക്ഷിക്കാതെ നമുക്ക് ദൈവരാജ്യം കൈവശമാക്കുവാന്‍
സാധ്യമല്ല. ലോകം നമ്മളുടെ വിഗ്രഹം ആകരുത്. നമ്മളുടെ കര്‍ത്താവ് പറഞ്ഞ വാക്യം
ഒന്നുകൂടി വായിക്കട്ടെ:
മത്തായി 6: 24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
ഈ വാക്യത്തിലെ മാമ്മോന്‍ എന്നത് ഒരു ആശയമാണ്. അത് ഈ ലോകത്തിലെ സമ്പത്തിനെയും, പ്രശസ്തിയേയും, സ്ഥാനമാനങ്ങളെയും, അങ്ങനെ, ദൈവരാജ്യത്തിന് എതിരായ, ഈ ലോകത്തിലെ എല്ലാ ആകര്‍ഷണങ്ങളെയും സൂചിപ്പിക്കുന്നു. കര്‍ത്താവ് പറയുന്നു, ഈ ലോകത്തെ ഉപേക്ഷിക്കാതെ നമുക്ക് മരുഭൂപ്രയാണം വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധ്യമല്ല. യിസ്രായേല്‍ ജനത്തിന്റെ ജീവിതത്തിലെ മിസ്രയീം നമ്മളുടെ ജീവിതത്തിലെ ലോകത്തിന്റെ പ്രതാപങ്ങള്‍ ആണ്. നമ്മളുടെ ജീവിതത്തിന്റെ വിജയം, ഭൌതീക സുഖ സൌകര്യങ്ങള്‍ അല്ല, ദൈവരാജ്യം കൈവശമാക്കുക എന്നതാണ്. മിസ്രയീമിനെയും ലോകത്തേയും പുറത്താക്കാതെ മരുഭൂമിയാത്ര വിജയകരമായി പൂര്‍ത്തിയാക്കുവാനോ, ദൈവരാജ്യം കൈവശമാക്കുവാനോ സാധ്യമല്ല. അതുകൊണ്ടാണ് കര്‍ത്താവ് നമ്മളെ ഉപദേശിച്ചത്: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ” (മത്തായി 6:33)
മൂന്നാമത്തെ പാഠം: ദൈവരാജ്യമാണ് നമ്മളുടെ ലക്ഷ്യം; മരുഭൂമിയല്ല. മരുഭൂമി, അതില്‍ എത്ര അനുഗ്രഹങ്ങള്‍ ഉണ്ടായാലും, അത് വാഗ്ദത്ത ദേശം അല്ല. ഈ ലോകത്തില്‍ നമ്മള്‍ എത്ര അനുഗ്രഹങ്ങള്‍ പ്രാപ്പിച്ചാലും, ഇത് ദൈവരാജ്യമല്ല. റോമര്‍ 13: 11 ഉം ഫിലിപ്പിയര്‍ 2: 12 ഉം ഒരുമിച്ച് ചേര്‍ത്തു പറഞ്ഞാല്‍, നമ്മള്‍ ആദ്യം രക്ഷയ്ക്കായി വിശ്വസിച്ചതോടെ നമ്മള്‍ക്ക് ദൈവരാജ്യം അവകാശമാകുന്നില്ല. കാരണം, യിസ്രയേല്യരുടെ മരുഭൂമി പ്രയാണം പോലെ, രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. അതില്‍ നമ്മള്‍ ഭയത്തോടും വിറയലോടും കൂടെ നമ്മളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പ്രശസ്തമായ യോഹന്നാന്‍ 3: 16 ആ വാക്യം, നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”. ഇത് നമ്മള്‍ മനസ്സിലാക്കേണ്ടത്, “പുത്രനില്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്ന ഏവനും” എന്നാണ്. യേശുവില്‍ വിശ്വസിക്ക എന്നത് ഒരിക്കല്‍ ചെയ്തു തീര്‍ക്കേണ്ടുന്ന ഒരു കടമ അല്ല; അത് തുടര്‍ച്ചയായ വിശ്വസം ആണ്.
ഈ ലോകം നമ്മളുടെ വാഗ്ദത്ത ദേശമോ, ദൈവരാജ്യമല്ലോ അല്ല എന്നതുകൊണ്ടാണ് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യേശുക്രിസ്തു നമ്മളോട് പറഞ്ഞത്. “നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.” (മത്തായി 6:21)
ഞാന്‍ അവസാനിപ്പിക്കട്ടെ. ദൈവരാജ്യം അവകാശമാക്കുവാനായി, ലോകത്തിന്റെയും പിശാചിന്റെയും അടിമത്വത്തില്‍ നിന്നും വിടുവിക്കപ്പെട്ടവര്‍ ആണ് നമ്മള്‍. അതിനാല്‍ ലോകത്തെ ഉപേക്ഷിച്ച്, ദൈവരാജ്യം മാത്രം ലക്ഷ്യമാക്കി ഈ മരുഭൂപ്രയാണകാലം ജീവിക്കുക. ലോകം നമ്മളെ പരാജയപ്പെടുത്തും. ഇറങ്ങി പുറപ്പെടുന്നവരില്‍ ഒരു ശേഷിപ്പു മാത്രമേ ദൈവരാജ്യം കൈവശമാക്കുക ഉള്ളൂ. ആ ശേഷിപ്പില്‍ ഒരാളായിരിക്കുവാന്‍ നമ്മളും ആഗ്രഹിക്കുക. കര്‍ത്താവ് അനുഗ്രഹിക്കട്ടെ.
അവസാനിപ്പിക്കുന്നതിന്
മുമ്പ്, ഒന്നു
രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ
ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍
naphtalitribetv.com
എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com
എന്ന ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം
വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
വേദപുസ്തക സംബന്ധമായ എന്തെങ്കിലും സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍, അത് എനിക്ക് Whatsapp ലൂടെ അയച്ചുതരുക. ചോദ്യവും ഉത്തരവും ദൈവരാജ്യത്തിന്റെ വര്‍ദ്ധനവിന് ഉപകാരപ്രദമാണ് എങ്കില്‍, സമയ ലഭ്യത അനുസരിച്ച്, ദൈവശാത്രപരമായ മറുപടി നല്‍കുന്നതാണ്. മുകളില്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.
ദൈവം നിങ്ങളെ
എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment