ക്രൈസ്തവസഭ കൊലപ്പെടുത്തിയ വിശുദ്ധന്മാര്‍

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യനാളുകള്‍ ക്രൂരമായ പീഡനങ്ങളുടെ കാലമായിരുന്നു എന്നു നമുക്ക് അറിയാം. അന്നത്തെ യഹൂദ സമൂഹവും, ജാതീയര്‍ ആയ റോമന്‍ സാമ്രാജ്യവും പുതിയ വിശ്വാസത്തെയും വിശ്വാസികളെയും ഇല്ലാതാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യകാല സഭാ പിതാവായ ഐറേനിയസിന്റെ സുപ്രസിദ്ധ വാക്കുകള്‍ പോലെ, ക്രിസ്തീയ രക്ഷസാക്ഷികളുടെ രക്തം സഭയ്ക്ക് വിത്തായി മാറി. പീഡനങ്ങളില്‍ സഭ ശക്തിപ്രാപിക്കുകയും വളരുകയും ചെയ്തു. ഈ വളര്‍ച്ച, റോമന്‍ സാമ്രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ തക്ക നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, രാജാക്കന്മാരെ നിയന്ത്രിക്കുവാന്‍ തക്കവണം സഭ വളര്‍ന്നപ്പോള്‍, സഭയുടെ കാഴ്ചപ്പാടുകളും ഉപദേശവും ദ്രവിക്കുവാന്‍ തുടങ്ങി. സഭ ഒരു സംഘടനയും പ്രസ്ഥാനവും ആയി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. ഏത് ജനകീയ മുന്നേറ്റവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞാല്‍, പിന്നീട് അതിന്റെ മുന്നോട്ടുള്ള പോക്ക്, ദ്രവീകരണത്തിലേക്കായിരിക്കും. ഇതിന് ഉദാഹരണമാണ് ക്രൈസ്തവ സഭയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റവും.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ക്രൈസ്തവ സഭയുടെ ആദ്യത്തെ ഏകദേശം 280 വര്‍ഷങ്ങള്‍ കൊടിയ പീഡനങ്ങളുടേത് ആയിരുന്നു. എന്നാല്‍, AD 313 ല്‍ കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ കോണ്‍സ്റ്റന്‍റ്റൈയിന്‍ ചക്രവര്‍ത്തി,  സുപ്രസിദ്ധമായ എഡിക്റ്റ് ഓഫ് മിലാന്‍ (Edict of Milan) എന്നു അറിയപ്പെടുന്ന രാജകീയ വിളംമ്പരത്തിലൂടെ, ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിച്ചു. AD 380 ല്‍ ക്രിസ്തീയ വിശ്വസം റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു. ഇതിനോടകം പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെ, അവരുടെ വിശ്വസം കാരണം, റോമന്‍ ഭരണകൂടം കൊലപ്പെടുത്തി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതോടെ ക്രിസ്തീയ വിശ്വാസികളുടെ പീഡനവും കൊലപാതകവും അവസാനിച്ചു എന്നു കരുതരുത്. ക്രിസ്ത്യാനികളുടെ പീഡനവും രക്തസാക്ഷിത്വവും അതിനു ശേഷവും ഇന്നും തുടരുന്ന ഒരു ചരിത്രമാണ്. AD 313 ഓടെ, ക്രൈസ്തവ വിശ്വാസികളുടെ പീഡനം റോമന്‍ സാമ്രാജ്യം നിറുത്തുകയും അത് പിന്നീട് ക്രൈസ്തവ സഭ തന്നെ ഏറ്റെടുത്തു തുടരുകയും ചെയ്തു എന്നതാണു ചരിത്രപരമായി കൂടുതല്‍ ശരി. റോമന്‍ സാമ്രാജ്യത്തിന്റെ പീഡനകാലത്തിനും ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അന്നത്തെ ക്രിസ്തീയ സഭ തുടര്‍ന്ന പീഡനത്തിനും ഇടയില്‍ സമാധാനത്തിനെ ഒരു ഇടവേള ഉണ്ടായിരുന്നു എന്നു മാത്രം. റോമന്‍ മതത്തെ സംരക്ഷിക്കുവാനായി ക്രൈസ്തവ വിശ്വാസികളെ റോമന്‍ ഭരണകൂടം പീഡിപ്പിപ്പിച്ച് കൊന്നു. നാലാം നൂറ്റാണ്ടു മുതല്‍ സഭയുടെ പഠിപ്പിക്കലുകള്‍ സംരക്ഷിക്കുവാന്‍ വേണ്ടി, അന്നത്തെ ഏക സഭ, വ്യത്യസ്ഥമായ അഭിപ്രായമുള്ളവരെ അതിക്രൂരമായി  പീഡിപ്പിച്ച് കൊന്നു. ഇതുമാത്രമേ അവര്‍ തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ.

ക്രൈസ്ത സഭ സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍, അതിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന എല്ലാ അഭിപ്രായങ്ങളെയും, വ്യക്തികളെയും പീഡിപ്പിക്കുക, കൊല്ലുക എന്ന തത്വ ശാസ്ത്രത്തിലേക്ക് മാറി. ഇതിനെ ന്യായീകരിക്കുവാന്‍ ആവശ്യമായ വേദവാക്യങ്ങള്‍ കണ്ടെത്തി. പീഡനത്തില്‍ എവിടെ നില്‍ക്കേണം എന്നു സഭ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പറയുന്നവരെ പിടിക്കുക, വിചാരണ ചെയ്യുക, കുറ്റം വിധിക്കുക, എന്നിട്ട് ശിക്ഷ നടപ്പിലാക്കുവാനായി രാജ്യത്തിന്റെ ഭരണത്തലവന്മാരെ ഏല്‍പ്പിക്കുക. ഇതായിരുന്നു സഭയുടെ രീതി. അക്കാലത്ത്, രാജാക്കന്മാര്‍ സഭയുടെ കൈയിലെ പാവകള്‍ ആയിരുന്നു. അല്ലെങ്കില്‍ സഭയുടെ വിധികളെ മറികടക്കുവാന്‍ അവര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍, സഭയുടെ കല്‍പ്പനപ്രകാരം, രാജ്യം ശിക്ഷ നടപ്പിലാക്കി. ചില സന്ദര്‍ഭങ്ങളില്‍, രാജ്യത്തിന്‍റെ ഭരണാധികാരികള്‍ ശിക്ഷിക്കാതെ വെറുതെ വിട്ടവരെപ്പോലും സഭ വീണ്ടും വിചാരണച്ചെയ്തു കൊലപ്പെടുത്തി. ഇതെല്ലാം ഭരണചക്രം ഉപയോഗിച്ച് സഭ ചെയ്തുകൊണ്ടിരുന്നു. അതിനാല്‍ ഇതൊന്നും സഭ നേരിട്ടു ചെയ്തില്ല എന്ന വാദത്തിന് ന്യായീകരണമില്ല. പീഡനങ്ങളിലും കൊലപാതക രീതികളിലും റോമന്‍ സാമ്രാജ്യത്തെക്കാള്‍ ക്രൂരമായി പ്രവര്‍ത്തിച്ചത് അന്നത്തെ ക്രൈസ്തവ സഭ ആയിരുന്നു. ഇത് ഒരു പക്ഷേ നമുക്ക് അംഗീകരിക്കുവാന്‍ പ്രയാസമായിരിക്കാം. എന്നാല്‍ ഇതാണ് ചരിത്ര സത്യം.

ഈ ചരിത്ര സത്യം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടി യിരിക്കുന്നു എന്ന ബോധ്യത്തിലാണ് ഞാന്‍ ഈ ഇ-ബുക്ക് പ്രസിദ്ധീകരിക്കുന്നത്. സഭ എന്നു നമ്മള്‍ ഇപ്പോള്‍ വിളിക്കുന്ന സംഘടനകള്‍, എപ്പോഴും ശരിയുടെ വശത്ത് ആയിരുന്നില്ല. അവര്‍ ദുരുപദേശം എന്നു വിളിച്ചത് പലപ്പോഴും സത്യത്തെ ആയിരുന്നു. അവര്‍ കൊന്നൊടുക്കിയ ക്രൈസ്തവ വിശ്വാസികളില്‍ അനേകരും വിശുദ്ധന്മാര്‍ ആയിരുന്നു. ഇത് ഇന്നത്തെ സഭകള്‍ക്ക് അറിയാം എങ്കിലും, സംഘടനകള്‍ തമ്മില്‍ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രമേ അവര്‍ ഈ ചരിത്ര സംഭവങ്ങളെ ഉദ്ധരിക്കാറുള്ളൂ.

നമ്മള്‍ ചരിത്രം പഠിക്കുന്നതിന് ചില ഉദ്ദേശ്യങ്ങള്‍ ഉണ്ട്. ചരിത്രം ആവര്‍ത്തിക്കപ്പെടാം എന്ന പ്രപഞ്ച സത്യം നമ്മള്‍ മനസ്സിലാക്കേണം. ചരിത്രത്തിലെ തെറ്റുകള്‍ നമ്മള്‍ തിരിച്ചറിയേണം. ചരിത്രത്തില്‍ മനുഷ്യര്‍ ചെയ്ത തെറ്റുകള്‍ നമ്മള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കേണം. ചരിത്രത്തിലെ നന്മകള്‍ നമ്മള്‍ ജീവിതത്തിന്റെ ഭാഗം ആക്കേണം. എന്നാല്‍ ചരിത്രം തന്നെ നിഷേധിക്കപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്യുമ്പോള്‍, അതില്‍ നിന്നും യാതൊരു പാഠവും നമ്മള്‍ പഠിക്കുന്നില്ല. ഇന്നത്തെ സുവിശേഷ വിഹിത, വേര്‍പെട്ട സഭകള്‍ ചരിത്രത്തെ അവഗണിച്ചതിന്റെ അനന്തരഫലം ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടുകളില്‍ കാണാവുന്നതാണ്. വിശ്വാസപരമായി, എങ്ങോട്ടോ, എതിലേക്കൊ, ലക്ഷ്യമില്ലാതെ യാത്രചെയ്യുന്നവര്‍ ആണ് ഇന്നത്തെ തലമുറ. വിശ്വാസികളുടെ ജീവിതമല്ല, തങ്ങള്‍ക്ക് എന്തു നേട്ടമുണ്ടാക്കും എന്നാണ് ഇന്നത്തെ സഭനേതൃത്വത്തിന്റെ താല്‍പര്യം. ഈ ഉദാസീനതയില്‍ ഒരു കൈസ്തവ സഭാവിഭാഗവും ഒഴിഞ്ഞിരിക്കുന്നില്ല.

സുവിശേഷവിഹിത, വേര്‍പെട്ട സഭകളിലെ, ഇന്നത്തെ ക്രിസ്തീയ തലമുറയുടെ മുഖമുദ്ര അസഹിഷ്ണത ആണ്. അവര്‍ പറയാത്തതും, അവര്‍ ഇന്നേവരെ കേട്ടിട്ടില്ലാത്തതും, ഇന്നേവരെ ചെയ്തിട്ടില്ലാത്തതും, പരിചയിച്ചിട്ടില്ലാത്തതും, ചിന്തിച്ചിട്ടില്ലാത്തതും, ഗ്രഹിച്ചിട്ടില്ലാത്തതും എല്ലാം അവര്‍ക്ക് ദുരുപദേശങ്ങള്‍ ആണ്. ഒരു സുവിശേഷകനെയോ, കൂട്ടുവിശ്വാസിയെയോ തകര്‍ക്കുവാനുള്ള ആയുധമാണ്, ദുരുപദേശകന്‍ എന്ന ആരോപണം. എന്താണ് ദുരുപദേശം എന്നോ, ആ പദത്തിന്‍റെ ചരിത്രപരമായ പശ്ചാത്തലം എന്താണ് എന്നോ, ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഖ്യാതങ്ങള്‍ എന്താണണോ ആരും ചിന്തിക്കാറില്ല. മാത്രവുമല്ല, കത്തോലിക്ക, ഓര്‍ത്തോഡോക്സ്, പ്രൊട്ടസ്റ്റന്‍റ് എന്നീ ക്രൈസ്തവ സംഘടനകള്‍ ഒരിക്കല്‍ ദുരുപദേശമെന്ന് വിളിച്ച് പീഡിപ്പിച്ച് കൊന്നുകളഞ്ഞ അനേകര്‍ വിശുദ്ധരായ ക്രിസ്തീയ വിശ്വാസികള്‍ ആയിരുന്നു എന്നു ചരിത്രം സാക്ഷിക്കുന്നുണ്ട്. ഇത് ഇന്നത്തെ തലമുറ മനസ്സിലാക്കിയാല്‍ നന്നായിരുന്നു.

ഈ വീഡിയോയില്‍, അന്നത്തെ ക്രിസ്തീയ സഭകള്‍ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന ക്രിസ്തീയ വിശ്വാസികളുടെ ചരിത്രത്തിലെ ചില സംഭവങ്ങള്‍ നമ്മള്‍ ഹൃസ്വമായി വിവരിക്കുക ആണ്. ഇത്തരം സംഭവങ്ങളും ചരിത്രവും വിശാലമാണ്. നമ്മള്‍ ഇവിടെ ഉദാഹരണമായി ചില സംഭവങ്ങള്‍ വിവരിക്കുന്നതെ ഉള്ളൂ. ഏതെങ്കിലും പ്രത്യേക ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പ്രചരണം അല്ല ഈ വീഡിയോയുടെ ഉദ്ദേശ്യം. ഇന്നത്തെ ക്രൈസ്തവ തലമുറ കഴിഞ്ഞുപോയ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കട്ടെ എന്ന സദുദ്ദേശ്യം മാത്രമേ ഉള്ളൂ. സഹിഷ്ണത ഇന്ന് നമുക്ക് ഇല്ലാതെ പോകുന്നു എന്നും, നമ്മളുടെ അസഹിഷ്ണതയുടെ പ്രവര്‍ത്തികളെ നാളത്തെ തലമുറ ക്രൂരത എന്നു വിളിക്കും എന്നു പറയുവാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. 

ആരാണ് ദുരുപദേശകന്‍, വചന വിരുദ്ധന്‍, വിപരീതോപദേശം പഠിപ്പിക്കുന്നവന്‍? ഇത് മനസ്സിലാക്കികൊണ്ടു നമുക്ക് ചരിത്രത്തിലേക്ക് കടക്കാം. ദുരാഗ്രഹത്തോടെയോ, നിര്‍ബന്ധ ബുദ്ധിയോടെയോ, അടിസ്ഥാനപരമായ ക്രിസ്തീയ പ്രമാണങ്ങളെ നിഷേധിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ ആണ് വചനവിരുദ്ധന്‍ അല്ലെങ്കില്‍ ദുരുപദേശി. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും, അവനിലൂടെ വിശ്വസം മൂലം പ്രാപിക്കുന്ന രക്ഷയെയും, അവന്റെ വീണ്ടും വരവിനെയും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെയും നിഷേധിക്കുന്നവരെ ദുരുപദേശകര്‍ എന്ന് വിളിക്കാം. അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ വ്യത്യസ്ഥമായ അഭിപ്രായം പറഞ്ഞതുകൊണ്ടു മാത്രം ഒരുവനെ ദുരുപദേശകന്‍ എന്നു വിളിക്കുന്നത് ശരിയല്ല. അടിസ്ഥാന ഉപദേശങ്ങളില്‍ ഏകതയും വിശദാംശങ്ങളില്‍ ബഹുമുഖത്വവും ആയിരുന്നു, പ്രൊട്ടസ്റ്റന്‍റ് സഭാ പിതാക്കന്മാരുടെ പ്രമാണം. എന്നാല്‍ ഇതൊന്നും പിന്നീട് സഭ സാരാംശത്തില്‍ പാലിച്ചില്ല. എന്ന് മാത്രമല്ല, സഭ എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പഠിപ്പിക്കലില്‍ നിന്നും വ്യത്യസ്തമായ എന്തിനെയും ദുരുപദേശം, വിപരീതോപദേശം എന്നു വിളിക്കുവാന്‍ തുടങ്ങി. വ്യത്യസ്ഥമായ അഭിപ്രായം ഉള്ളവരെ മതവിരുദ്ധര്‍ എന്നും ദുര്‍മന്ത്രവാദികള്‍ എന്നും വിളിച്ചു. അവരെ കൊന്നൊടുക്കി. ഈ ചിന്ത തന്നെ ആണ് ഇന്നും സുവിശേഷ വിഹിത, വേര്‍പെട്ട സഭകളിലെ വിശ്വാസികളും നേതൃത്വവും വച്ചുപുലര്‍ത്തുന്നത്. ഇത് അവരവരുടെ സംഘടനയെ സംരക്ഷിക്കുവാനുള്ള ഉപാധി മാത്രം ആണ്.

ആദ്യ നൂറ്റാണ്ടില്‍ വിപരീത ഉപദേശകരെ സഭയില്‍നിന്ന് പുറത്താക്കുകയോ, പീഡിപ്പിക്കുകയോ, കൊല്ലുകയോ ചെയ്തിരുന്നില്ല. അന്നും ഉപദേശ വ്യത്യാസം ഉള്ളവര്‍ ഉണ്ടായിരുന്നു. സഭകള്‍ പ്രാദേശികവും സ്വതന്ത്രവും ആയിരുന്നു. അന്ന് സഭ ഒരു സംഘടനയും പാരമ്പര്യവും ആയി മാറിയിരുന്നില്ല. സഭയ്ക്ക് കേന്ദ്രീകൃത നേതൃത്വം ഉണ്ടായിരുന്നില്ല. സഭയ്ക്ക് തെറ്റാവരമോ, പരമാധികാരമോ ഉണ്ടായിരുന്നില്ല. അതിനാല്‍ അക്കാലത്ത്, വിപരീത ഉപദേശങ്ങളെ ശരിയായ ഉപദേശങ്ങള്‍ കൊണ്ട് എതിര്‍ത്തു തോല്‍പ്പിച്ചു. പൌലൊസ് വിപരീത ഉപദേശകരെ, സത്യ ഉപദേശം കൊണ്ടും ദൈവ ശക്തിയുടെ പ്രകടനം കൊണ്ടും ആണ് തോല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് സഭയ്ക്ക് ഇത് രണ്ടും നഷ്ടമായപ്പോള്‍, ശാരീക പീഡനം ആരംഭിച്ചു.

ആദ്യ നൂറ്റാണ്ടുകളില്‍, ഒരു ഏകീകൃത ഉപദേശ സംഹിത ഇല്ലാതിരുന്നത് കാരണം പ്രാദേശിക സഭകളില്‍ പല വ്യത്യസ്ഥങ്ങള്‍ ആയ വ്യാഖ്യാനങ്ങള്‍ ഉടലെടുത്തു. അതിനാല്‍, ഈ ആശയക്കുഴപ്പം ഒഴിവാക്കുവാനായി, രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത്, ലൈയണ്‍സിലെ ബിഷപ്പ് ആയിരുന്ന ഐറേനിയസ്, ഉപദേശങ്ങളെ ഏകീകരിക്കുവാനായി ഒരു യാഥാസ്ഥിക സംവിധാനം രൂപപ്പെടുത്തുവാന്‍ തീരുമാനിച്ചു. പുതിയനിയ പുസ്തകങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. ശരിയായ ഒരു സഭയെ ഉള്ളൂ എന്നും അതിന് വെളിയില്‍ രക്ഷ സാധ്യമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ വ്യത്യസ്ഥമായ അഭിപ്രായമുള്ളവരെ സഭയില്‍ നിന്നും പുറത്താക്കുകയും, നശിപ്പിക്കുകയും വേണം എന്നു അദ്ദേഹം പറഞ്ഞു. പഴയനിയമവും പുതിയനിയമത്തിലെ പുസ്തകങ്ങളും ദൈവ വചനം തന്നെ ആണ് എന്നും നാല് സുവിശേഷങ്ങളും ആധികാരികമാണ് എന്നും അദ്ദേഹം വിശ്വസിച്ചു. അന്നത്തെ വിപരീത ഉപദേശകര്‍ ജ്ഞാനവാദികള്‍ എന്ന യവന ചിന്താഗതിക്കാരും ന്യായപ്രമാണ വാദികള്‍ ആയ യഹൂദ ക്രിസ്ത്യാനികളും ആയിരുന്നു. അവരെ എതിര്‍ക്കേണ്ടത് സഭയ്ക്ക് ആവശ്യവും ആയിരുന്നു. വിപരീത ഉപദേശകരെ എതിര്‍ക്കുവാനായി, AD 180 ല്‍ അഞ്ച് വാല്യങ്ങളില്‍ ആയി, ഐറേനിയസ് എഴുതിയ അഡ് വേര്‍സസ് ഹെരേസെസ്  എന്ന കൃതി പ്രശസ്തമാണ്. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ അന്നത്തെ സഭയ്ക്ക് ഗുണകരം ആയിരുന്നു.

എന്നാല്‍ പിന്നീട്, ഐറേനിയസ് ന്‍റെ ചിന്തകള്‍ ക്രൈസ്തവ വിശ്വാസികളെ തന്നെ പീഡിപ്പിക്കുവാന്‍ ഉപാധിയായി എന്നത് ഒരു ചരിത്ര വിരോധാഭാസം ആണ്. ഐറേനിയസ് പാകിയ ചിന്തകളില്‍ നിന്നുകൊണ്ടാണ്, കോണ്‍സ്റ്റന്‍റ്റൈയിന്‍ ചക്രവര്‍ത്തിയെപ്പോലെ ഉള്ളവര്‍ പീഡനത്തിനുള്ള ഉത്തരവുകള്‍ ഇറക്കിയത്. AD 380 ല്‍ കിഴക്കന്‍ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന തിയോഡോസിയുസ് ഒന്നാമന്‍, എല്ലാ ക്രിസ്തീയ വിശ്വാസികളും കത്തോലിക്ക ക്രിസ്ത്യാനി എന്ന പേര് സ്വീകരിക്കേണം എന്ന് ഉത്തരവിറക്കി. കത്തോലിക്ക ക്രിസ്ത്യാനി  എന്ന് അറിയപ്പെടാത്തവരെ, ബുദ്ധിഭ്രമം ഉള്ളവരായും വിപരീത ഉപദേശകരായും കണക്കാക്കും എന്നും അവരുടെ ആരാധനാലയങ്ങളെ സഭ എന്നു അംഗീകരിക്കുക ഇല്ല എന്നും, അവരെ ആദ്യം ദൈവം ശിക്ഷിക്കുകയും പിന്നീട് രാജ്യം ശിക്ഷിക്കുകയും ചെയ്യും എന്നും അദ്ദേഹം കല്‍പ്പന ഇറക്കി. രാജാക്കന്മാരുടെ ഇത്തരം ഉത്തരവുകള്‍ക്ക് പിന്നില്‍ അന്നത്തെ സഭയുടെ കറുത്ത കരങ്ങള്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ മുമ്പ് പറഞ്ഞല്ലോ.

കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച അഗസ്റ്റിന്‍, വിപരീത ഉപദേശക്കാര്‍ക്ക് യാതൊരു പൌരാവകാശവും ഇല്ല എന്നു പഠിപ്പിച്ചു. വ്യത്യസ്ത അഭിപ്രായക്കാര്‍ക്കെതിരെ ക്രൂരമായ അക്രമം ഉപയോഗിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചു. സഭയുടെ ഐക്യതയെ നിലനിറുത്തുവാന്‍ വേണ്ടി യുദ്ധം ചെയ്യുന്നത്, ദൈവീകമാണ് എന്നു അദ്ദേഹം പഠിപ്പിച്ചു. സെന്‍റ് തോമസ് അക്വിനാസ് ഉം അന്നത്തെ സഭയുടെ ഉപദേശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരെ, ജീവനോടെ തീവച്ച് കൊല്ലേണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നു. അഗസ്റ്റിന്‍, അക്വിനാസ് എന്നിവരെപ്പോലെ ഉള്ളവര്‍ നയിച്ചിരുന്ന അന്നത്തെ സഭ, ക്രിസ്തുവിന്റെ ശരീരം എന്ന മാര്‍മ്മികമായ സഭ അല്ലായിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കേണം. അന്ന് ക്രൈസ്തവ സഭ എന്ന് വിളിക്കപ്പെട്ടിരുന്നത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെയും സംവിധാനത്തെയും ആയിരുന്നു. ഇന്നത്തെ വിവിധ ക്രിസ്തീയ സഭകള്‍ എന്ന സ്ഥാപനങ്ങളും അനുയായികളും ഇതേ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ തന്നെ ആണ്. ക്രിസ്തുവിന്റെ ശരീരം എന്ന സഭ മാര്‍മ്മികം ആണ്, അതൊരു ഭൌതീക സ്ഥാപനം അല്ല.    

ക്രൈസ്ത വിശ്വാസികളെ സഭ തന്നെ പീഡിപ്പിക്കുന്നത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സഭയെ മാറ്റി നിറുത്തുവാനുള്ള വഴിയും അഗസ്റ്റീന്‍ കണ്ടെത്തി. സഭയുടെ ഉപദേശങ്ങളെ എതിര്‍ക്കുന്നത് രാജ്യത്തെ എതിര്‍ക്കുന്നതിന് തുല്യമാണ് എന്നും അതിനാല്‍ അവരെ ശിക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം ആണ് എന്നും അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ സഭ കുറ്റവും ശിക്ഷയും വിധിക്കുകയും, രാജ്യം ശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്ന രീതി നിലവില്‍ വന്നു. ഇത് തന്നെ ആണ് യേശുവിനെ ക്രൂശിക്കുവാനും യഹൂദ മത പുരോഹിതന്മാര്‍ ഉപയോഗിച്ച മാര്‍ഗ്ഗം എന്നു നമ്മള്‍ ഓര്‍ക്കേണം, യഹൂദ മത പുരോഹിതന്മാര്‍ കുറ്റവും ശിക്ഷയും വിധിച്ചു, റോമന്‍ സാമ്രാജ്യം അത് നടപ്പാക്കി. കുപ്രസിദ്ധമായ മതദ്രോഹ വിചാരണയുടെ (Inquisition) കാലത്ത് കത്തോലിക്ക സഭ ക്രിസ്തീയ വിശ്വാസികളെ കൊല്ലുവാന്‍ ഉപയോഗിച്ച തത്വം ഇതായിരുന്നു.

AD 385 ല്‍ മാക്സിമസ് ചക്രവര്‍ത്തിയുടെ (Emperor Maximus) കാലത്തു നടന്ന ഒരു സംഭവം ആണ് ഇത്തരത്തിലുള്ള ആദ്യ ചരിത്ര രേഖ. അത് സ്പെയിനിലെ ബിഷപ്പുമാരുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു. അവില എന്ന സ്ഥലത്തെ ബിഷപ്പ് ആയിരുന്ന പ്രിസ്കിലിയന്‍ ന്‍റെ ഉപദേശങ്ങള്‍ ജ്ഞാനവാദികളോട് സാമ്യമുള്ളതും വേദവിപരീതവും ആയിരുന്നു എന്നും അതിനാല്‍ അദ്ദേഹവും കൂട്ടരും ദുര്‍മന്ത്രവാദികള്‍ ആണ് എന്നും സഭ കുറ്റം വിധിച്ചു. അവരെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. ഇതിന്റെ അടിസ്ഥാന പ്രമാണം അഗസ്റ്റിന്റെ സിദ്ധാന്തം ആയിരുന്നു. ഇതിനെ ദുരപദേശത്തിനെതിരെയുള്ള സഭയുടെ പോരാട്ടം എന്നു ന്യായീകരിക്കാം എങ്കിലും ക്രിസ്തുവിന്റെ മാര്‍ഗ്ഗം അല്ല.

ഇത്രയും ചരിത്ര പശ്ചാത്തലം മനസ്സിലാക്കികൊണ്ടു നമുക്ക് ചില സംഭവങ്ങളിലേക്ക് പോകാം.

വാള്‍ഡെന്‍സീസ്

വാള്‍ഡെന്‍സീസ് എന്നു അറിയപ്പെടുന്ന ക്രിസ്തീയ വിശ്വാസ സമൂഹം, നവീകരണത്തിന്റെ ആദ്യകാല മുന്നേറ്റം ആയാണ് അറിയപ്പെടുന്നത്. 12 ആം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ ഫ്രാന്‍സില്‍ ഉള്‍പ്പെട്ടിരുന്ന ലൈയണ്‍ (Lyon) എന്ന സ്ഥലത്ത്, പീറ്റര്‍ വാള്‍ഡോ (Peter Waldo) എന്നൊരു ധനികനായ വ്യാപാരിയുടെ നേതൃത്വത്തില്‍ ആണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. അദ്ദേഹം തന്റെ സമ്പത്തെല്ലാം സാധുക്കള്‍ക്ക് വിതരണം ചെയ്തു, ദാരിദ്ര്യം ജീവിത ശൈലി ആയി തിരഞ്ഞെടുത്തു. വാള്‍ഡോ വേദപുസ്തകം അവരുടെ പ്രാദേശിക ഭാഷയായ ഒക്സിറ്റന്‍ (Occitan) നിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ ശ്രമിച്ചു. അവര്‍ പോപ്പിന്‍റെ  പരമാധികാരത്തെയും പുരോഹിതന്മാരുടെ പ്രത്യേക അധികാരത്തെയും നിരാകരിച്ചു. കത്തോലിക്ക സഭയുടെ കുര്‍ബാന, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, മതദ്രോഹ വിചാരണ, സഭ നല്‍കുന്ന പാപക്ഷമ, കുമ്പസാരം, ലാറ്റിന്‍ ഭാഷയിലുള്ള പ്രാര്‍ഥനകള്‍, ശരീരദണ്‌ഡനം, വിശുദ്ധന്മാരുടെ വണക്കം, കൂദാശകളുടെ വന്ദനം, ശപഥം ചെയ്യല്‍ എന്നിങ്ങനെയുള്ള കത്തോലിക്ക സഭയുടെ പല ആചാരങ്ങളേയും അവര്‍ നിരാകരിച്ചു. അവര്‍ സ്ത്രീകളെ ദൈവവചനം പ്രസംഗിക്കുവാന്‍ അനുവദിച്ചു. ഇതെല്ലാം അന്നത്തെ ഏക സഭയായിരുന്ന കത്തോലിക്ക സഭയുടെ ഉപദേശങ്ങളോട് ഒത്തുപോയില്ല. അതിനാല്‍, 1173 ഓടെ വാള്‍ഡെന്‍സീസ് വിശ്വാസികളെ മതവിരോധികള്‍ ആയി പ്രഖ്യാപിച്ചു. തുടര്‍ന്നു ലോകം അന്നേവരെ കണ്ടിട്ടില്ലാത്തവിധമുള്ള ക്രൂര പീഡനങ്ങള്‍ നൂറ്റാണ്ടുകളോളം അവര്‍ക്കെതിരെ അഴിച്ചുവിട്ടു.

പോപ്പ് ലൂഷിയസ് മൂന്നാമന്‍ (Pope Lucius III), 1184 ല്‍ വെറോണ യിലെ സിനഡില്‍, വാള്‍ഡെന്‍സീസ് എന്ന ക്രിസ്തീയ വിശ്വാസ സമൂഹത്തെ, മതഭിന്നത ഉണ്ടാക്കുന്നവരായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1211 ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബോര്‍ഗ് എന്ന സ്ഥലത്ത് 80 വാള്‍ഡെന്‍സീസ് അംഗങ്ങളെ ജീവനോടെ തീവച്ച് കൊന്നു. 1215 ല്‍, 4 ആമത്തെ ലാറ്റെറന്‍ കൌണ്സില്‍ (Fourth Lateran Council) അവരെ വീണ്ടും മതവിരോധികള്‍ ആയി പ്രഖ്യാപിച്ചു. അവരുടെ പ്രധാന കുറ്റം, മതമേലദ്ധ്യക്ഷന്‍മാരുടെ അധികാരത്തെ ബഹുമാനിച്ചില്ല എന്നതായിരുന്നു. 1393 ല്‍ ഒറ്റ ദിവസം, 150 വാള്‍ഡെന്‍സീസ് വിശ്വാസികളെ, തെക്കന്‍ ഫ്രാന്‍സില്‍ ഉള്ള ഗ്രെനൊബിള്‍ (Grenoble) എന്ന സ്ഥലത്ത് വച്ച് അഗ്നിക്ക് ഇരയാക്കി. അവിടെ ശേഷിച്ചിരുന്ന വിശ്വാസികള്‍ ആല്‍പ്സ് താഴ് വരകളിലേക്ക് ഓടിപ്പോയി. 1487 ല്‍ പോപ്പ് ഇന്നസെന്‍റ് എട്ടാമന്‍, വാള്‍ഡെന്‍സീസ് വിശ്വാസികളെ മുഴുവന്‍ കൊന്ന്, അവരെ ഉന്മൂലനാശം ചെയ്യുവാനുള്ള കല്‍പ്പന പുറത്തിറക്കി. അതോടെ പീഡനങ്ങള്‍ വ്യാപകമായി. വടക്കന്‍ ഇറ്റലിയിലെ ക്രിമോണയുടെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന അല്‍ബെര്‍ട്ടോ ഡി കാപ്പിറ്റനെയുടെ നേതൃത്വത്തില്‍ (Alberto de' Capitanei, archdeacon of Cremona), ഡൊഫീന്‍, പീഡ്മോന്‍റ് (Dauphine and Piedmont) എന്നീ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ക്കെതിരെ ആസൂത്രിതമായ അക്രമം അഴിച്ചുവിട്ടു. അവിടെ ഉള്ള വിശ്വാസികള്‍ തെക്കന്‍ ഇറ്റലിയിലേ പ്രോവന്‍സ് (Provence) എന്ന സ്ഥലത്തേക്ക് ഓടിപ്പോയി. എന്നാല്‍, 1545 ജനുവരി 1 ആം തീയതി ഫ്രാന്‍സിലെ, ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവു അവിടെയുള്ള പതിനായിരക്കണക്കിന് വിശ്വാസികളെ കൂട്ടമായി കൊന്നൊടുക്കി. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും യാതൊരു വിവേചനവും കൂടാതെ തൂക്കി കൊല്ലുകയും, വെള്ളത്തില്‍ മുക്കി കൊല്ലുകയും, കുന്തം കൊണ്ട് കുത്തി കൊല്ലുകയും, ആഴമുള്ള ഗര്‍ത്തത്തിലേക്ക് തള്ളിയിടുകയും, അടിച്ചുകൊല്ലുകയും ചെയ്തു. അവരെ കുന്തങ്ങളില്‍ കുത്തി ഉയര്‍ത്തി, തീയില്‍ ഇട്ടു കൊന്നു. സ്ത്രീകളെ കൂട്ടത്തോടെ സഭയുടെ പടയാളികള്‍ ബലാല്‍സംഗം ചെയ്തു കൊന്നു. എല്ലാം അന്നത്തെ സഭയുടെ ഉപദേശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു.  

1655 ഏപ്രില്‍ 24 ആം തീയതി വൈകീട്ട് 4 മണിക്ക്, സവോറിയിലെ ഡൂക്കിന്റെ കല്‍പ്പന പ്രകാരം, മറ്റ് സ്ഥലങ്ങളിലേക്ക് ഓടിപ്പോയി താമസിച്ചിരുന്ന വാള്‍ഡെന്‍സീസ് വിശ്വാസികളെ കത്തോലിക്ക സഭയുടെ സൈന്യം കൂട്ടമായി കൊന്നു. കൊച്ചുകുട്ടികളെ ഇരുകാലിലും പിടിച്ച് വലിച്ചുകീറി, അവരെ പാറകളില്‍ അടിച്ച് കൊന്നു. കഷണങ്ങള്‍ ആയ ശരീരഭാഗങ്ങള്‍ തുറന്ന സ്ഥലങ്ങളില്‍ വിതറി. പ്രായമായവരെയും രോഗികളെയും അവരുടെ വീടോടുകൂടെ തീവച്ച് കൊന്നു. ചിലരെ തീയില്‍ ജീവനോടെ പൊരിച്ചു. ചിലരുടെ ഹൃദയങ്ങളെ, അവര്‍ക്ക് ജീവന്‍ ഉള്ളപ്പോള്‍ തന്നെ, മുറിച്ച് മാറ്റി. ക്രൂരന്മാരായ സൈന്യം, വിശ്വാസികളുടെ തലച്ചോറിനെ പാചകം ചെയ്തു ഭക്ഷിച്ചു. ജീവനുള്ള മനുഷ്യ ശരീരത്തില്‍, ഉഴവുചാലുകള്‍ പോലെ ആഴമുള്ള ചാലുകള്‍ ഉണ്ടാക്കി. പിതാക്കന്മാരുടെ കഴുത്തില്‍, അവരുടെ മക്കളുടെ അറുക്കപ്പെട്ട ശിരസ്സ് മാലയായി ചാര്‍ത്തി, കൊലക്കളത്തിലേക്ക് കൊണ്ടുപോയി. ചിലരെ ജീവനോടു കുഴിച്ചിട്ടു, അന്നത്തെ ജാതീയരായ റോമാക്കാര്‍ ഗര്‍ഭിണികളായ സ്ത്രീകളെ കൊല്ലുക ഇല്ലായിരുന്നു. എന്നാല്‍ സഭയുടെ ഉപദേശ സംരക്ഷര്‍, ഗര്‍ഭിണികളെയും അഗ്നിക്കി ഇരയാക്കി, അവരുടെ വയറി കീറി ശിശുക്കളെ പുറത്തെടുത്ത്, അവരെ തീയില്‍ ഇട്ടു. ഈ ക്രൂരതയില്‍ ഏകദേശം 1700 പേര്‍ കൊല്ലപ്പെട്ടതായി ചരിത്ര രേഖയുണ്ട്. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവര്‍ ഇതിലും വളരെ അധികം ആണ്. ഈ ഇരുണ്ട ദിവസത്തെ പീഡ്മോന്‍റ് ഈസ്റ്റര്‍ എന്നാണ് ഇന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍, വീണ്ടും, പീഡ്മോന്‍റില്‍ ശേഷിച്ച വാള്‍ഡെന്‍സീസ് വിശ്വാസികള്‍ക്ക് നേരെ പീഡനങ്ങള്‍ തുടര്‍ന്നു. റോമന്‍ കത്തോലിക്ക സഭയുടെ പ്രാര്‍ഥനകള്‍ ചെല്ലാതിരുന്നവരെ തലകീഴായി ക്രൂശിച്ചു. ചിലരെ, അവരുടെ കൈകാലുകള്‍ മുറിച്ച് മാറ്റിയതിന് ശേഷം ദാഹവും വിശപ്പും കൊണ്ട് മരിക്കുവാന്‍ ഉപേക്ഷിച്ചു. ചിലരുടെ മാസം അവര്‍ മരിക്കുന്നതു വരെ മുറിച്ചെടുത്തു. ചിലരുടെ ഓരോ അവയവങ്ങള്‍ ഓരോ ദിവസം മുറിച്ചുമാറ്റി. വായില്‍ വെടിമരുന്നു നിറച്ചു അതിനു തീകൊളുത്തി. അങ്ങനെ പീഡനങ്ങള്‍ കാരണം, അവര്‍ എണ്ണത്തില്‍ വളരെ കുറഞ്ഞു. ലോകം മുമ്പ് കണ്ടിട്ടില്ലാത്ത ക്രൂരതകള്‍ക്ക് അന്നത്തെ ക്രൈസ്തവ സഭയായ കത്തോലിക്ക സഭ നേതൃത്വം നല്കിയത്, സ്നേഹത്തിന്റെയും സഹിഷ്ണതയുടെയും അമൂല്യ പ്രതീകമായ യേശുവിന്റെ ഉപദേശം സംരക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു എന്ന വാദമാണ് ഏറെ വിരോധാഭാസം.

ഇതിനെയെല്ലാം അതിജീവിച്ച ചുരുക്കം ചില വിശ്വാസികള്‍ ജര്‍മ്മനിയിലെ സമാന വിശ്വാസമുള്ളവരുമായി ചേര്‍ന്ന്, പ്രൊട്ടസ്റ്റന്‍റ് നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. അവര്‍ പിന്നീട് ജോണ്‍ കാല്‍വിന്റെ ദൈവശാസ്ത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, വാള്‍ഡെന്‍സീസ് വിശ്വാസികളെ പ്രൊട്ടസ്റ്റന്‍റ് നവീകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല സമൂഹം ആയിട്ടാണ് കാണുന്നത്. കത്തോലിക്ക സഭയുടെ പീഡനങ്ങളെ അതിജീവിച്ച ഇവര്‍ ഇന്നും ലോകത്തിലെ വിവിധഭാഗങ്ങളില്‍, മറ്റ് സംഘനകളോട് ചേര്‍ന്നും സ്വതന്ത്രമായും ജീവിക്കുന്നു. ഇന്ന് ആത്മീയ ലോകം പറയുന്നു: ആദ്യകാല വാള്‍ഡെന്‍സീസ് വിശ്വാസികള്‍ മതവിരുദ്ധര്‍ ആയിരുന്നില്ല, അവര്‍ വിശുദ്ധന്മാര്‍ തന്നെ ആയിരുന്നു. പക്ഷേ ഇന്നത്തെ ഈ തിരിച്ചറിവ് അവരുടെ മുന്‍ ഗാമികള്‍ അനുഭവിച്ച പീഡനങ്ങളെ ഇല്ലാതാക്കുന്നില്ല. ഈ സത്യം ഇന്നത്തെ, സുവിശേഷ വിഹിത, വേര്‍പെട്ട ക്രിസ്തീയ സമൂഹം എങ്കിലും ഓര്‍ക്കുന്നത് നല്ലതായിരിക്കും.  

മതവിരുദ്ധതയുടെ നിര്‍വചനം വിശാലമാകുന്നു

മതവിരോധികള്‍ ആരെല്ലാം ആണ് എന്നതിന്റെ നിര്‍വചനം കത്തോലിക്ക സഭ പുതുക്കികൊണ്ടിരുന്നു. 1099 മുതല്‍ 1118 വരെ പോപ്പായിരുന്ന പാസ്ക്കല്‍ രണ്ടാമന്‍ (Paschal II), കത്തോലിക്ക സഭയുടെ അധികാരത്തോട് വിയോജിക്കുന്ന എല്ലാവരും മതവിരോധികള്‍ ആണ് എന്നു പ്രഖ്യാപിച്ചു. 1199 ല്‍ പോപ്പ് ഇന്നസെന്‍റ് മൂന്നാമന്‍ മതവിരുദ്ധത ദൈവത്തോടുള്ള രാജ്യദ്രോഹം ആയി കണ്ടു. അങ്ങനെ യുള്ളവരെ കൊല്ലേണം എന്നു കല്‍പ്പനയിറക്കി. 1229 ല്‍ പോപ്പ് ഗ്രിഗൊറി ഒന്‍പതാമന്‍, മതവിരുദ്ധരെ കൊല്ലേണ്ടത് ഓരോ കത്തോലിക്ക വിശ്വാസിയുടെയും കടമ ആണ് എന്ന് പ്രഖ്യാപിച്ചു. ഈ കല്‍പ്പനകള്‍ അനുസരിച്ച്, നികുതിഭാരം സഹിക്കുവാന്‍ കഴിയാതെ ബ്രെമെന്‍ ആര്‍ച്ച് ബിഷപ്പിനെതിരെ (Archbishop of Bremen) കലാപം ഉണ്ടാക്കിയ, വടക്കന്‍ ജര്‍മ്മനിയിലെ സ്റ്റെഡിങ്ങേര്‍സ് (Stedingers) എന്ന് അറിയപ്പെട്ടിരുന്ന കൃഷിക്കാരെ കൂട്ടത്തോടെ കൊന്നു. അവരുടെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും വെസര്‍ (Weser) നദിയില്‍ മുക്കികൊന്നു. 1243 ല്‍ പോപ്പ് ഇന്നസെന്‍റ് നാലാമന്‍റെ കല്പ്പന പ്രകാരം, തെക്കന്‍ ഫ്രാന്‍സിലെ നര്‍ബോണ്‍ എന്ന സ്ഥലത്തെ 200 പേരെ കൂട്ടത്തോടെ തീവച്ച് കൊന്നു.

എന്തും, ഏതിനെയും, സഭയ്ക്ക് മതവിരുദ്ധത ആയി പ്രഖ്യാപിക്കാമായിരുന്നു. കോഴിയെ കൊല്ലുവാന്‍ വിസമ്മതിച്ചാല്‍, വെള്ളിയാഴ്ച ഇറച്ചി കഴിച്ചാല്‍, വേദപുസ്തകം വായിച്ചാല്‍, ഗ്രീക്ക് പഠിച്ചാല്‍, പുരോഹിതന്മാരെ വിമര്‍ശിച്ചാല്‍, സഭയ്ക്ക് നികുതി കൊടുക്കാതെ ഇരുന്നാല്‍, പണം പലിശയ്ക്ക് കൊടുത്താല്‍, ദരിദ്ര ജീവിതം പ്രസംഗിച്ചാല്‍, ഇതെല്ലാം മതവിരുദ്ധതയും മരണയോഗ്യമായ കുറ്റവും ആയിരുന്നു. മതവിരുദ്ധര്‍ക്കു പൌരാവകാശങ്ങള്‍ ഇല്ല എന്നതായിരുന്നു പീഡകരുടെ പ്രിയപ്പെട്ട പ്രമാണം.

ജോണ്‍ വിക്ലിഫ് (John Wycliffe)

1330 മുതല്‍ 1384 വരെ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനും, തത്വചിന്തകനും, ദൈവ ശാസ്ത്രജ്ഞനും, സുവിശേഷ പ്രസംഗകനും ആയിരുന്നു, ജോണ്‍ വിക്ലിഫ്. അദ്ദേഹം നവീകരണ വാദിയും, ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും, ആയിരുന്നു. നവീകരണ പ്രസ്ഥാനത്തിന്റെ ആശയങ്ങളുമായി മുമ്പേ നടന്ന പണ്ഡിതന്‍ ആയിരുന്നു അദ്ദേഹം. നവീകരണ ത്തിന്റെ പ്രഭാത നക്ഷത്രം എന്നാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്.

ഒരു കത്തോലിക്ക പുരോഹിതന്‍ ആയിരുന്ന അദ്ദേഹം, 1378 ല്‍ കത്തോലിക്ക സഭയുടെ പല ഉപദേശങ്ങളോട് പ്രത്യക്ഷമായി വിയോജിക്കുവാന്‍ തുടങ്ങി. ദൈവത്തിന്റെ മുന്നിയമനം, തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ദൈവ ശാസ്ത്രപരമായ മുഖ്യ ചിന്തകള്‍. അതിനാല്‍, സഭ ഭൌതീകമായ ഒരു സ്ഥാപനം അല്ല എന്നും ക്രിസ്തുവിന്റെ സഭ മാര്‍മ്മികമായ, തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടമാണ് എന്നും അദ്ദേഹം പഠിപ്പിച്ചു. തിരുവത്താഴ ശുശ്രൂഷയില്‍ അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ മാസവും രക്തവുമായി പദാര്‍ത്ഥാന്തരീകരണം സംഭവിക്കുന്നില്ല എന്നു വാദിച്ചു. പോപ്പിനും കത്തോലിക്ക സഭയ്ക്കും ദൈവവചനത്തിന് കീഴെയുള്ള സ്ഥാനമേ ഉള്ളൂ എന്നും അഭിപ്രായപ്പെട്ടു. സഭ അതിന്റെ ഭൌതീക സമ്പത്ത് ഉപേക്ഷിച്ച് ദാരിദ്ര്യത്തിലേക്ക് മടങ്ങേണം എന്നു അദ്ദേഹം വാദിച്ചു. സഭ നല്കിയ പാപക്ഷമ ദൈവദൂഷണം ആണ് എന്നതിനാലും, പുരോഹിതന്മാരുടെ അടുക്കല്‍ ഉള്ള കുമ്പസാരം അപ്പോസ്തലന്മാരുടെ പാരമ്പര്യം അല്ല എന്നതിനാലും അവയെ എതിര്‍ത്തു. ക്രിസ്തുവില്‍ പൂര്‍ണ്ണമായും വിശ്വസിക്കുക, അവന്റെ കഷ്ടാനുഭവങ്ങളില്‍ ആശ്രയിക്കുക, യേശുവിന്‍റെ നീതീകരണത്തില്‍ അല്ലാതെ മറ്റൊന്നിലൂടെയും നമ്മള്‍ നീതീകരിക്കപ്പെടുന്നില്ല, എന്നിങ്ങനെ അദ്ദേഹം പഠിപ്പിപ്പിച്ചു.     

ഇത് അന്നത്തെ കത്തോലിക്കാ സഭയുടെ ഉപദേശങ്ങള്‍ക്ക് എതിരായിരുന്നതിനാല്‍, 1377 ല്‍ സഭയുടെ വിചാരണ കോടതിയില്‍ അദ്ദേഹത്തെ വിസ്തരിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. അതിനാല്‍ അദ്ദേഹത്തെ കുറ്റം വിധിക്കാതെ വെറുതെ വിട്ടു. അതേ വര്‍ഷം, മെയ് മാസത്തില്‍ പോപ്പ് ഗ്രെഗറി പതിനൊന്നാമന്‍ അദ്ദേഹത്തിനെതിരെ അഞ്ച് കല്‍പ്പനകള്‍ പുറപ്പെടുവിച്ചു. 18 കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ മതവിരുദ്ധത ആണ് എന്നും,  അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യേണം എന്നും പോപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ ഇംഗ്ലണ്ടിലെ രാക്ഷ്ട്രീയ സാഹചര്യം വിക്ലിഫിന് അനുകൂലം ആയിരുന്നു എന്നതിനാല്‍, പോപ്പിന്റെ കല്‍പ്പന നടപ്പിലായില്ല.

അന്ന് ലാറ്റിന്‍ ഭാഷയില്‍ മാത്രമേ വേദപുസ്തകം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ വേദപുസ്തകം സ്വന്തഭാഷയില്‍ എല്ലാവര്‍ക്കും ലഭിക്കേണം എന്ന് വിക്ലിഫ് ആഗ്രഹിച്ചു. അങ്ങനെ, 1380 ല്‍ അദ്ദേഹത്തിന്റെ സ്നേഹിതന്‍ ആയിരുന്ന ജോണ്‍ പര്‍വേ (John Purvey) വേദപുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്യുവാന്‍ ആരംഭിച്ചു. വേദപുസ്തക സത്യങ്ങള്‍ പ്രചരിപ്പിക്കുവാനായി, ദാരിദ്ര്യത്തെ ജീവിത ശൈലി ആയി സ്വീകരിച്ച ഒരു സുവിശേഷ സമൂഹത്തെ രൂപീകരിക്കുവാനും വിക്ലിഫ് തീരുമാനിച്ചു. അങ്ങനെ വേദപുസ്തകത്തിന്‍റെ രണ്ടു പരിഭാഷകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വേദപുസ്തക പരിഭാഷയില്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്ക് വ്യക്തമല്ല, എങ്കിലും അതിന് നാന്ദികുറിച്ചതും പ്രചോദനം നല്‍കിയതും അദ്ദേഹം ആയിരുന്നു. അദ്ദേഹവും സഹപ്രവര്‍ത്തകരും വേദപുസ്തകം പരിഭാഷപ്പെടുത്തിയത് ലാറ്റിന്‍ ഭാഷയില്‍ നിന്നും ആയിരുന്നു. വേദപുസ്തകത്തിന്റെ മൂല ഭാഷയായ എബ്രായ, യവന ഭാഷയിലെ വേദപുസ്തകം അവര്‍ അടിസ്ഥാനമായി ഉപയോഗിച്ചില്ല. അവരുടെ പരിഭാഷയ്ക്ക് അതിനാല്‍ തന്നെ ചില പോരായ്മകള്‍ ഉണ്ടായിരുന്നു. 

സഭ വേദപുസ്തക പരിഭാഷയെ ശക്തമായി എതിര്‍ത്തു. പരിഭാഷകള്‍ വേദപുസ്തക വചനങ്ങളെ കോട്ടിക്കളയും എന്നും ദൈവവചനം സാധാരണക്കാരിലേക്കും സ്ത്രീകളിലേക്കും എത്തിച്ചേരും എന്നും, അവര്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കും എന്നും, അത് ദൈവവചനമെന്ന മുത്ത് പന്നികളുടെ മുന്നില്‍ ഇട്ടുകൊടുക്കുന്നതിന് തുല്യം ആയിരിക്കും എന്നും സഭ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇംഗ്ലീഷുകാര്‍ ക്രിസ്തുവിന്റെ പ്രമാണങ്ങള്‍ ഇംഗ്ലീഷില്‍ മനസ്സിലാക്കുന്നതാണ് ഏറെ നല്ലത് എന്നും, ദൈവം മോശെയോടും, ക്രിസ്തു അപ്പോസ്തലന്മാരോടും, അവരുടെ സ്വന്ത ഭാഷയില്‍ ആണ് സംസാരിച്ചത് എന്നും വിക്ലിഫ് മറുപടി പറഞ്ഞു. വിക്ലിഫിന്റെ മരണത്തിന് മുമ്പ് വേദപുസ്തകത്തിന്റെ പരിഭാഷ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്നേഹിതന്‍, ജോണ്‍ പര്‍വേ ആണ് ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന വിക്ലിഫ് പരിഭാഷ പൂര്‍ത്തീകരിച്ചത്. 

വിക്ലിഫിന് പാവപ്പെട്ടവരോടു പ്രത്യേകമായ സ്നേഹവും അവരുടെ പ്രശ്നങ്ങളോട് സഹതാവും ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ആണ്, 1381 ല്‍, സസെക്സ്, കെന്‍റ് (Sussex, Kent) എന്നീ സ്ഥലങ്ങളില്‍ ആയി,  പെസന്‍റ്സ് റിവോള്‍ട്ട് (Peasants’ Revolt) എന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന കൃഷിക്കാരുടെയും സാധാരണക്കാരുടെയും കലാപം ഉണ്ടാകുന്നത്. ഇതില്‍ അദ്ദേഹത്തിന് നേരിട്ടു യാതൊരു പങ്കും ഇല്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ കലാപത്തില്‍, സഡ്ബറിയുടെ സൈമണ്‍ എന്ന കാന്‍റര്‍ബറിയിലെ ആര്‍ച്ച്ബിഷപ്പ് കൊല്ലപ്പെട്ടു. അതിനാല്‍, അദ്ദേഹത്തിന് ശേഷം ആര്‍ച്ച് ബിഷപ്പ് ആയ, വില്ല്യം കോര്‍ട്ടനെയ് (William Courtenay (1347–96), വിക്ലിഫിനെതിരെ തിരിഞ്ഞു. 1382 ല്‍ ലണ്ടനില്‍ കൂടിയ സിനഡില്‍, വിക്ലിഫിന്റെ പുസ്തകങ്ങളെ നിരോധിച്ചു.

എങ്കിലും വിക്ലിഫ് അദ്ദേഹത്തിന്‍റെ എഴുത്തും, പഠിപ്പിക്കലും തുടര്‍ന്നുകൊണ്ടേ ഇരുന്നു. 1384 ഡിസംമ്പര്‍ 31 ആം തീയതി അദ്ദേഹം മരിച്ചു. എങ്കിലും, കത്തോലിക്ക സഭയ്ക്ക് അദ്ദേഹത്തോടുള്ള വിരോധം അവസാനിച്ചില്ല. 1415 മെയ് മാസം 4 ആം തീയതി, അദ്ദേഹത്തിന്‍റെ മരണത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം, കത്തോലിക്ക സഭയുടെ, കോണ്‍സ്റ്റന്‍സ് കൌണ്സില്‍ (Council of Constance) വിക്ലിഫിനെ മതവിരുദ്ധന്‍ ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തീവച്ച് നശിപ്പിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നിന്നും അസ്ഥികള്‍ കുഴിച്ചെടുത്തു. 1428 ല്‍ പോപ്പ് മാര്‍ട്ടിന്‍ അഞ്ചാമന്‍റെ കല്‍പ്പന പ്രകാരം അസ്ഥികളെ തീവച്ച്, അതിന്റെ ചാരം സ്വിഫ്റ്റ് നദിയില്‍ ഒഴുക്കി കളഞ്ഞു.

ലോല്ലാര്‍ഡ്സ് (Lollards)

ഇനി നമുക്ക് ജോണ്‍ വിക്ലിഫ് സ്ഥാപിച്ച ലോല്ലാര്‍ഡ്സ് എന്ന സമൂഹത്തിന് എന്തു സംഭവിച്ചു എന്നു നോക്കാം. വിക്ലിഫിന്റെ ആശയങ്ങളെ ഉള്‍കൊണ്ടുകൊണ്ട്, ഭൌതീക സമ്പത്തും സുഖങ്ങളും ഉപേക്ഷിച്ച്, ദാരിദ്ര്യത്തെ ജീവിത രീതി ആക്കിയ ഒരു കൂട്ടം സുവിശേഷകര്‍ ആയിരുന്നു ലോല്ലാര്‍ഡ്സ് എന്നു അറിയപ്പെട്ടിരുന്നവര്‍. ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഇവരുടെ പ്രവര്‍ത്തന കാലം 1300 ന്‍റെ അവസാനം മുതല്‍ 1500 ന്‍റെ ആരംഭം വരെ ആയിരുന്നു. ലോല്ലാര്‍ഡ്സ് എന്ന പേര് “പിറുപിറുക്കുന്നവര്‍” എന്ന അര്‍ഥമുള്ള ഒരു ഡച്ച് വാക്കില്‍ നിന്നും രൂപമെടുത്തതാണ്. ഈ പേര് അവരെ ആക്ഷേപിക്കുവാനായി കത്തോലിക്ക സഭ നല്‍കിയതാണ്.

സഭയുടെ ഉപദേശങ്ങളെ ചോദ്യം ചെയ്യുന്ന എല്ലാവരെയും അശ്ശേഷം ഇല്ലാതാക്കുവാന്‍ അന്നത്തെ കത്തോലിക്ക സഭ ശ്രമിച്ചിരുന്നു. അതിനാല്‍ ലോല്ലാര്‍ഡ്സ് എന്ന സമൂഹവും അവരുടെ ശത്രുക്കള്‍ ആയി. 1381 ലെ കൃഷിക്കാരുടെ കലാപം ഇവര്‍ ഉണ്ടാക്കിയതാണ് എന്നു സഭ ആരോപിച്ചു. 1382 ല്‍ ആര്‍ച്ച് ബിഷപ്പ് ആയ, വില്ല്യം കോര്‍ട്ടനെയ് (William Courtenay) ചില ലോല്ലാര്‍ഡ്സ് വിശ്വാസികളെ നിര്‍ബന്ധപൂര്‍വ്വം കത്തോലിക്ക സഭയിലേക്ക് തിരികെ കൊണ്ടുപോയി. എന്നിട്ടും അവര്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അന്നത്തെ പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ പോലും അവരെ പിന്താങ്ങി.

എന്നാല്‍, 1399 ല്‍ ഹെന്‍റി നാലാമന്‍ രാജാവായി അധികാരമേറ്റു. 1401 ല്‍ മതവിരുദ്ധരെ തീവച്ചു കൊല്ലുവാന്‍ അദ്ദേഹം ഉത്തരവിട്ടു. ലോല്ലാര്‍ഡ്സ് വിശ്വാസ സമൂഹത്തിന്‍റെ പേര് എടുത്തു പറഞ്ഞില്ല എങ്കിലും, വേദപുസ്തകത്തിന്റെ പരിഭാഷകള്‍ കൈവശം വെക്കുന്നത് മതവിരുദ്ധത ആണ് എന്നും ഉത്തരവില്‍ പറഞ്ഞു. തീര്‍ച്ചയായും ഇത് ലോല്ലാര്‍ഡ്സ് വിശ്വാസ സമൂഹത്തെ ഉദ്ദേശിച്ചായിരുന്നു.  ഈ ഉത്തരവ് ഇറങ്ങുന്നതിന്റെ ചില ദിവസങ്ങള്‍ക്ക് മുമ്പ്, ലോല്ലാര്‍ഡ്സ് അംഗം ആയിരുന്ന വില്ല്യം സാട്രേ (William Sawtrey) യെ തീവച്ച് കൊന്നു. അദ്ദേഹം ആണ് ലോല്ലാര്‍ഡ്സ് വിശ്വാസ സമൂഹത്തിലെ ആദ്യത്തെ രക്തസാക്ഷി. 1409 മാര്‍ച്ച് 15 ആം തീയതി, ജോണ്‍ ബാഡ്ബി എന്ന ക്രിസ്തീയ വിശ്വാസിയെ, സഭാ പുരോഹിതന്മാരുടെ കോടതി വിചാരണ ചെയ്തു. തിരുവത്താഴ സമയത്ത് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ മാസവും രക്തവും ആയി വസ്തുമാറ്റം ഉണ്ടാകുന്നില്ല എന്നു അദ്ദേഹം പറഞ്ഞു എന്നതായിരുന്നു കുറ്റം. അതേ ദിവസം, അദ്ദേഹത്തെ,  ഒരു വീപ്പയില്‍ നിറുത്തി, ചുറ്റും തീവച്ച് കൊന്നു. 1428 നും 1431 നും ഇടയില്‍ ഏകദേശം 60 ഓളം ലോല്ലാര്‍ഡ്സ് വിശ്വാസികളെ ഇംഗ്ലണ്ടിലെ നോര്‍വിച്ച് എന്ന സ്ഥലത്തു വിചാരണ ചെയ്ത് കൊന്നിട്ടുണ്ട്. ഇതില്‍ നാല് പുരോഹിതന്മാരും ഉണ്ടായിരുന്നു.     

വില്യം ടിന്‍ഡല്‍ (William Tyndale)

വില്യം ടിന്‍ഡല്‍ പുതിയനിയമം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഒരു പണ്ഡിതന്‍ ആയിരുന്നു. ഇംഗളണ്ടിലെ ഗ്ലോസെസ്റ്റര്‍ഷയര്‍ എന്ന സ്ഥലത്തു 1490 - 94 കാലഘട്ടത്തില്‍ ജനിച്ച അദ്ദേഹം 1536 ഒക്ടോബര്‍ 6 ആം തീയതി ഇന്നത്തെ ബെല്‍ജിയം എന്ന രാജ്യത്തെ, ബ്രൂഷെല്ലെ (Brussels) എന്ന പട്ടണത്തിന് സമീപം ഉള്ള വില്‍വൂര്‍ടെ (Vilvoorde) എന്ന സ്ഥലത്തു വച്ച് കൊല്ലപ്പെട്ടു. അന്ന് ബെല്‍ജിയം നെതെര്‍ലാണ്ട് ന്‍റെ ഭാഗം ആയിരുന്നു.  വില്ല്യം ടിന്‍ഡല്‍, എബ്രായ, യവന ഭാഷകളില്‍ പണ്ഡിതനും ഒരു കത്തോലിക്ക പുരോഹിതനും ആയിരുന്നു. വിശ്വസം മൂലം രക്ഷ എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം.

1506 ല്‍ അദ്ദേഹം വിദ്യാഭ്യാസത്തിനായി ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 1521 ആയപ്പോഴേക്കും അദ്ദേഹം, ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ദൈവവചനം മാത്രം ആയിരിക്കേണം എന്നും ആയതിനാല്‍ അത് ഓരോരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍ തന്നെ ലഭിക്കേണം എന്നും ഉള്ള കാഴ്ചപ്പാടില്‍ എത്തിച്ചെര്‍ന്നു. ജര്‍മ്മന്‍ തത്വ ചിന്തകനും, കത്തോലിക്ക പുരോഹിതനും ആയിരുന്ന, റൊറ്റര്‍ഡാമിലെ ഇറാസ്മസ് (Erasmus of Rotterdam) ന്‍റെ ഗ്രീക് ഭാഷയിലുള്ള പുതിയനിയമത്തിന്റെ വിവര്‍ത്തനമാണ്, വിശ്വസം മൂലം നീതീകരണം എന്ന ചിന്തയിലേക്ക് വില്ല്യം ടിണ്ടല്‍ ലെ നയിച്ചത്.   

വേദപുസ്തകം മൊത്തമായോ, അതിലെ ഒരു ഭാഗം എങ്കിലുമോ, പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്നത് റോമന്‍ കത്തോലിക്ക സഭ മതവിരുദ്ധത ആയി കണക്കാക്കിയിരുന്നു. ഈ കുറ്റം ചെയ്യുന്ന സ്ത്രീകളെ ജീവനോടെ കുഴിച്ചിടുകയും പുരുഷന്മാരേ തീവച്ചു കൊല്ലുകയും ആയിരുന്നു ശിക്ഷ. എന്നാല്‍, ഈ സാഹചര്യത്തില്‍ വേദപുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ വില്ല്യം ടിന്‍ഡല്‍ തീരുമാനിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലെ സഭാ നേതൃത്വം വേദപുസ്തകം പരിഭാഷപ്പെടുത്തുന്നതിനെ തടഞ്ഞു. അതിനാല്‍ അദ്ദേഹം 1524 ല്‍ ജര്‍മ്മനിയിലേക്ക് പോയി. 1525 ല്‍ അദ്ദേഹത്തിന്റെ പുതിയനിയമ പരിഭാഷ പൂര്‍ത്തിയായി, അച്ചടിച്ചു. 1526 ല്‍ ആദ്യത്തെ കോപ്പികള്‍ ഇംഗ്ലണ്ടില്‍ രഹസ്യമായി എത്തി. അതിനെ അന്നത്തെ രാജാവായിരുന്ന ഹെന്‍റി എട്ടാമനും, സഭാ നേതൃത്വവും ശക്തമായി എതിര്‍ത്തു. അതിനെ അവര്‍ എതിര്‍ ക്രിസ്തുവിന്റെ പുതിയനിയമം എന്നു വിളിച്ചു. അതിന് ശേഷം പഴയനിയമത്തിന്റെ വിവര്‍ത്തനവും അദ്ദേഹം ആരംഭിച്ചു എങ്കിലും അദ്ദേഹത്തിന് അത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. 

അതേസമയം, സഭയുടെ നിര്‍ദ്ദേശപ്രകാരം, വില്ല്യം ടിന്‍ഡല്‍ നെ പിടിക്കുവാന്‍ ചിലര്‍ പുറപ്പെട്ടു. ജീവന് ഭീഷണി ഉണ്ട് എന്നു മനസ്സിലാക്കിയ അദ്ദേഹം നെതര്‍ലണ്ടിലേക്ക് ഓടിപ്പോയി. 1535 ല്‍ ഇന്നത്തെ ബെല്‍ജിയം എന്ന രാജ്യത്തിലെ ആന്‍റ് വെര്‍പ്പ് (Antwerp) എന്ന സ്ഥലത്തു വച്ച്, ഹെന്‍റി ഫിലിപ്സ് (Henry Phillips) എന്ന ഇംഗീഷുകാരന്‍ അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. അദ്ദേഹം പിടിക്കപ്പെടുകയും 1536 ആഗസ്റ്റ് മാസം കൊലചെയ്യപ്പെടുകയും ചെയ്തു. തീവച്ചു കൊല്ലുവാനായി ഒരു തൂണില്‍ കെട്ടിയിരിക്കുമ്പോള്‍ അദ്ദേഹം അവസാനമായി പ്രാര്‍ഥിച്ചു: ദൈവമേ, ഇംഗളണ്ടിലെ രാജാവിന്റെ കണ്ണുകളെ തുറക്കേണമേ.”  അദ്ദേഹത്തെ തീവച്ചു കൊല്ലുവാന്‍ വേണ്ടി തൂണില്‍ വരിഞ്ഞു കെട്ടി, ശ്വാസം മുട്ടിച്ച് കൊന്നു. അതിനുശേഷം ശരീരം അഗ്നിക്ക് ഇരയാക്കി.

അദ്ദേഹത്തിന്റെ മരണസമയം ആയപ്പോഴേക്കും പുതിയനിയമത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ അതില്‍ ഒരു കോപ്പി മാത്രമേ ഇന്ന് ഉള്ളൂ. അത് ബ്രിട്ടീഷ് ലൈബ്രറിയില്‍ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു.

ജോണ്‍ ഹസ് (John Hus)

കത്തോലിക്ക സഭ മതവിരുദ്ധന്‍ എന്നു വിളിച്ച് തീവച്ച്  കൊന്ന ജോണ്‍ ഹസ് (1369 – 1415) ചെക്ക് എന്ന യൂറോപ്പിയന്‍ രാജ്യത്തു ജീവിച്ചിരുന്ന ഒരു നവീകരണ വാദി ആയിരുന്നു. അദ്ദേഹം തുടക്കത്തില്‍ ഒരു കത്തോലിക്ക പുരോഹിതന്‍ ആയിരുന്നു. നവീകരണ പ്രസ്ഥാനത്തില്‍ ജോണ്‍ വിക്ലിഫിന് ശേഷം രണ്ടാമത്തെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. പ്രാഗിലെ ബേത്ത്ളേഹെം ചാപ്പലില്‍ പ്രസംഗകന്‍ ആയിരിക്കെ ആണ് അദ്ദേഹം വിശ്വാസ സത്യങ്ങളിലേക്ക് നയിക്കപ്പെടുന്നത്. ജോണ്‍ വിക്ലിഫിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം, അവയെ എല്ലായിടത്തും പ്രസംഗിക്കുവാന്‍ തുടങ്ങി. അതിനാല്‍ അദ്ദേഹം പിടിക്കപ്പെടുകയും, കോണ്‍സ്റ്റന്‍സ് കൌണ്സില്‍ ല്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്തു. 1415 ജൂലൈ 6 ആം തീയതി അദ്ദേഹത്തെ ജീവനോടെ അഗ്നിക്ക് ഇരയാക്കി. അദ്ദേഹത്തിന്റെ ശരീരം കത്തിയമര്‍ന്നപ്പോള്‍ ശേഷിച്ച ചാരം റൈന്‍ നദിയില്‍ ഒഴുക്കി. (Rhine River). എന്നാല്‍ ഇത് റോമന്‍ കത്തോലിക്ക സഭയ്ക്ക് ഗുണകരം ആയില്ല. പ്രൊട്ടസ്റ്റന്‍റ് ചിന്തകള്‍ കൂടുതല്‍ ശക്തമായി. അദ്ദേഹത്തിന്റെ കൊലപ്പെടുത്തിയ ദിവസം ഇന്നും ചെക്ക് രാജ്യത്തില്‍ ഒരു ദേശീയ അവധി ദിവസം ആണ്. 

അനാബാപ്തിസ്റ്റ് (Anabaptists)

ഇതുവരെയും നമ്മള്‍ ചര്‍ച്ച ചെയ്ത ചരിത്ര സംഭവങ്ങളില്‍ എല്ലാം കത്തോലിക്ക സഭയായിരുന്നു പീഡകരുടെ സ്ഥാനത്ത്. അന്നത്തെ ഏക സഭ അവര്‍ ആയതുകൊണ്ടാണ് അവര്‍ എപ്പോഴും പീഡകരുടെ സ്ഥാനത്ത്  നില്‍ക്കുന്നത്. പ്രൊട്ടസ്റ്റന്‍റ് സഭകള്‍ അവരെക്കാള്‍ സഹിഷ്ണത ഉള്ളവര്‍ ആയിരുന്നില്ല എന്ന് ചരിത്രം പറയുന്നുണ്ട്. ഇതിന് സാക്ഷിയായ ഒരു ചരിത്ര സംഭവം കൂടി വിവരിച്ചുകൊണ്ടു ഈ ഇ-ബുക്ക് അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് സംയുക്ത പീഡന ചരിത്രം ആണ്.

പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റത്തിലെ തീവ്ര വിശ്വാസ വിഭാഗം ആയിരുന്നു, അനാബാപ്തിസ്റ്റ്കാര്‍. ഇന്നത്തെ, ബാപ്തിസ്റ്റ്, ബ്രതറണ്‍, പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ മുന്‍ഗാമികളായി ഇവരെ കണക്കാക്കാം. ഈ ആത്മീയ മുന്നേറ്റം ആരംഭിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് ല്‍ (Switzerland) 16 ആം നൂറ്റാണ്ടില്‍ ആണ്. അവിടെനിന്നും അത് ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം എന്നിവിടങ്ങളിലേക്ക് വേഗം പടര്‍ന്നു. ഇവരുടെ ഏറ്റവും പ്രധാന ഉപദേശം മുതിര്‍ന്ന സ്നാനം അല്ലെങ്കില്‍ വിശ്വാസ സ്നാനം ആണ്. ഇവരില്‍, ആദ്യത്തെ തലമുറ, ശിശുക്കള്‍ ആയിരുന്നപ്പോള്‍ സ്നാനപ്പെട്ടവര്‍ ആയിരുന്നു. എന്നാല്‍, അവര്‍ അനാബാപ്തിസ്റ്റ് വിശ്വാസത്തിലേക്ക് വന്നപ്പോള്‍ വീണ്ടും സ്നാനപ്പെട്ടു. അങ്ങനെ വീണ്ടും സ്നാനപ്പെട്ടവര്‍ ആയതുകൊണ്ടാണ് അവര്‍ക്ക് അനാബാപ്തിസ്റ്റ് എന്ന പേര് ലഭിച്ചതു. രണ്ടാമത് സ്നാനപ്പെടുക എന്നത് അക്കാലത്ത് ശിക്ഷിക്കപ്പെടാവുന്ന കുറ്റം ആയിരുന്നു. എന്നാല്‍ അനാബാപ്തിസ്റ്റ്കാര്‍, ശിശു സ്നാനത്തെ വേദവിപരീതം ആയി കരുതുകയും, അതിനാല്‍  വീണ്ടും സ്നാനപ്പെട്ടു എന്ന ആരോപണത്തെ തള്ളികളയുകയും ചെയ്തു. അവര്‍ ഒരിക്കലെ സ്നാനപ്പെട്ടുള്ളൂ, അത് മുതിര്‍ന്ന സ്നാനം, അല്ലെങ്കില്‍ വിശ്വാസ സ്നാനം ആണ്. ഒരുവന്‍ അവന്റെ സ്വതന്ത്ര ഇശ്ചാശക്തി ഉപയോഗിച്ച്, പാപത്തെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചതിന് ശേഷം സ്നാനപ്പെടേണം എന്നു അവര്‍ വിശ്വസിച്ചു.

ഭൌതീക സഭ എന്ന വിശ്വാസികളുടെ കൂട്ടത്തിന് രാക്ഷ്ട്രീയ അധികാരമോ ഭരണകൂടവുമായി ബന്ധമോ പാടില്ല എന്നു അവര്‍ വാദിച്ചു. സഭയും രാജ്യത്തിന്റെ ഭരണവും രണ്ടായിരിക്കേണം. രാജ്യത്തിന്റെ ഭരണത്തലവന്മാരെ സഭ നിയന്ത്രിക്കുവാന്‍ പാടില്ല. അവര്‍ സഭയുടെ ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കരുത്. ഇത് അന്നത്തെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് സഭകളുടെ ചിന്തകള്‍ക്ക് എതിരായിരുന്നു. അനാബാപ്തിസ്റ്റ്കാര്‍ യുദ്ധങ്ങളെയും, ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിയന്ത്രിക്കുന്നതിനെയും, ശപഥം ചെയ്യുന്നതും എതിര്‍ത്തു. പാപികളെയും പിന്‍മാറ്റക്കാരെയും സഭയില്‍ നിന്നും അകറ്റി നിറുത്തേണം എന്നും അവര്‍ പഠിപ്പിച്ചു. ഇവരുടെ പഠിപ്പിക്കലുകള്‍ അന്നത്തെ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് സഭയ്ക്കും രാജ്യഭരണ സംവിധാനത്തിനും അപകടം ആയി തോന്നി. അതിനാല്‍ അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

അനാബാപ്തിസ്റ്റ്കാരെ, അവരുടെ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിച്ചവരില്‍ കത്തോലിക്ക സഭയും അന്നത്തെ രാജ്യ ഭരണത്തില്‍ ഭാഗമായിരുന്ന പ്രൊട്ടസ്റ്റന്‍റ് സഭയും ഉണ്ടായിരുന്നു. പീഡകരില്‍ മര്‍ട്ടിന്‍ ലൂഥറും, ജോണ്‍ കാല്‍വിനും, ഉള്‍റിച്ച് സ്വീങ്ഗ്ലി എന്ന സ്വിസ്സ് നവീകരണവാദിയും ഉണ്ടായിരുന്നു. ഇവരുടെ പൊതു ശത്രു ആയിരുന്നു അനാബാപ്തിസ്റ്റ്കാര്‍. സ്വിറ്റ്സര്‍ലന്‍ഡ് ല്‍ 1527 ജനുവരി 5 ആം തീയതി, അനാബാപ്തിസ്റ്റ്കാരനും സ്വിസ്സ് ബ്രതറന്‍ സഭയുടെ സഹ സ്ഥാപകനുമായ ഫെലിക്സ് മാന്‍സ് (Felix Manz) കൊലചെയ്യപ്പെട്ടു. അദ്ദേഹത്തെ വിചാരണ ചെയ്ത് കൊല്ലുവാന്‍ വിധിച്ച കൌണ്‍സിലില്‍ സ്വിറ്റ്സര്‍ലന്‍ഡ് ലെ നവീകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആയിരുന്ന ഉള്‍റിച്ച് സ്വീങ്ഗ്ലി ഉണ്ടായിരുന്നു. ഫെലിക്സ് മാന്‍സ് നെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടവനായി, ലിമ്മാറ്റ് നദിയിലുള്ള സൂറിച്ച് തടാകത്തില്‍ മുക്കി കൊന്നു.

അതിനു ശേഷം, അനേകം അനാബാപ്തിസ്റ്റ് വിശ്വാസികള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. അനാബാപ്തിസ്റ്റ്കാര്‍ മുതിര്‍ന്ന സ്നാനത്തില്‍ വിശ്വസിച്ചിരുന്നതിനാല്‍, അവരില്‍ അധികം പേരെയും വെള്ളത്തില്‍ മുക്കി കൊല്ലുക ആയിരുന്നു. കൊലയാളികള്‍ അതിനെ “മൂന്നാമത്തെ സ്നാനം” എന്നു പരിഹസിച്ച് വിളിച്ചു. ചിലരുടെ ശരീരത്തിലൂടെ തീയില്‍ ചുട്ടു പഴുപ്പിച്ച കമ്പി തുളച്ചുകയറ്റി കൊന്നു. അവര്‍ ഭൂരിപക്ഷമായിരുന്ന പട്ടണങ്ങളെ ആക്രമിച്ചു അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊന്നു ഒടുക്കി. ചിലരെ അഗ്നിക്കിരയാക്കി കൊന്നു. ഇംഗ്ലണ്ടില്‍, എഡ് വേഡ് ആറാമന്‍ രാജാവിന്റെയും എലിസബത്ത് രാഞ്ജിയുടെയും കാലത്ത്  പീഡനങ്ങള്‍ ക്രൂരമായി തുടര്‍ന്നു. ഈ പീഡനകാലത്ത്, അതില്‍നിന്നും രക്ഷപ്പെടുവാനായി അനേകം അനാബാപ്തിസ്റ്റ് വിശ്വാസികള്‍, ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും വടക്കന്‍ അമേരിക്കയിലേക്ക് കുടിയേറി.

ചരിത്രം അവസാനിക്കുന്നില്ല

ചരിത്രം ഇവിടെ അവസാനിക്കുന്നില്ല എങ്കിലും ഈ ചര്‍ച്ച ചുരുക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതര്‍ ആണ്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഏതെങ്കിലും ഒരു ക്രിസ്തീയ സഭയെയോ, പ്രസ്ഥാനത്തെയോ, കുറ്റക്കാര്‍ ആക്കുവാന്‍ വേണ്ടിയല്ല ഇത്രയും കാര്യങ്ങള്‍ വിവരിച്ചത്. എല്ലാക്കാലത്തെയും എല്ലാ ക്രിസ്തീയ പ്രസ്ഥാനങ്ങളുടെയും സ്വഭാവം ഒന്നുതന്നെ ആണ്. ഇന്നത്തെ സോഷ്യല്‍ മീഡിയകളില്‍ ക്രൈസ്തവര്‍ നടത്തുന്ന പ്രസ്താവനകള്‍ വായിച്ച് നോക്കിയാല്‍ ഈ സത്യം നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. നമ്മള്‍ ഇതുവരെ ചിന്തിക്കാഞ്ഞതും, ഇതുവരെ പറയാഞ്ഞതും, ഇതുവരെ ചെയ്തിട്ടില്ലാത്തതും മറ്റാരെങ്കിലും ചിന്തിക്കുകയോ, പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അതെല്ലാം ദുരുപദേശം ആണ്. നമ്മള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവന്‍ ദുരുപദേശകന്‍ ആണ്.

ദശാംശം നല്‍കുന്നതിനെ അനുകൂലിക്കുന്ന ഒരു വീഡിയോ എന്റെ ചാനലില്‍ ഉണ്ട്. അതിന്റെ അടിയില്‍ ചിലരുടെ അഭിപ്രായങ്ങളും ഉണ്ട്. ദാശംശത്തെ അനുകൂലിക്കുന്ന തിനാല്‍ ഞാന്‍ കൊടിയ ദുരുപദേശകന്‍ ആണ് എന്നും അതിനാല്‍ ദൈവം എന്നെ നിത്യ അഗ്നിയില്‍ ഇട്ടുകളയും എന്നും അവിടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, നമ്മളുടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തെ സ്വാധീനിക്കുവാന്‍ കഴിയാത്തതുകൊണ്ടു എന്നെ അഗ്നിയില്‍ ഇടുന്ന ജോലി അവര്‍ ദൈവത്തിന് ഏല്‍പ്പിച്ചുകൊടുത്തു എന്നേയുള്ളൂ.

ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട് എന്നു ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. അസഹിഷ്ണത നമ്മളെ ക്രിസ്തുവിന്റെ ശരീരം എന്ന സഭയുടെ ഭാഗം ആക്കുകയില്ല. നമ്മള്‍ ഇന്ന് പഴയകാലത്തെ ക്രിസ്തീയ പീഡകരായ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് സഭകളെ കാണുന്നതുപോലെ ആയിരിക്കും, അസഹിഷ്ണരായ നമ്മളെ നാളത്തെ തലമുറയും കാണുന്നത്. അതിനാല്‍, നമുക്ക് ചേരുവാന്‍ കഴിയാത്തതിനോട് അകന്നു നില്‍ക്കാം; നമുക്ക് യോജിക്കുവാന്‍ കഴിയാത്തവരോടു വിയോജിച്ച് നില്‍ക്കാം; നമ്മളുടെ വിശ്വസം നമുക്ക് മുറുകെ പിടിച്ചുകൊണ്ടു ദൈവരാജ്യം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറാം. അപ്പോഴും സഹിഷ്ണത എന്ന മനോഭാവം ഉപേക്ഷിക്കാതിരിക്കുവാന്‍ നമുക്ക് കഴിയേണം. അസഹിഷ്ണത ക്രിസ്തുവിന്റെ മനോഭാവം അല്ല. ചരിത്രം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.  ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment