യഹൂദാ ദൈവാലയത്തിന്‍റെ ചരിത്രം

 മോശയുടെ സാക്ഷ്യകൂടാരം

 യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമി യാത്രയോളം പഴക്കമുള്ള ചരിത്രം അവരുടെ ദൈവാലയത്തിനും ഉണ്ട്. യിസ്രായേല്‍, ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും മോചനം പ്രാപിച്ച്, ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്തേക്ക് മരുഭൂമിയിലൂടെ, 40 വര്‍ഷങ്ങള്‍ യാത്ര ചെയ്തു. വഴിമദ്ധ്യേ, സീനായ് പര്‍വ്വതത്തില്‍ ദൈവത്തെ കണ്ടുമുട്ടുവാന്‍ മോശെ കയറിപ്പോയി. അദ്ദേഹത്തിന് അവിടെ വച്ച് ദൈവം പത്തു കല്‍പ്പനകളെ നല്കി. ഒപ്പം,ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.” എന്നൊരു കല്‍പ്പനയും ദൈവത്തിങ്കല്‍ നിന്നും കിട്ടി. ഈ സംഭവം പുറപ്പാടു 25 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, പുറപ്പാടു 35 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെടുന്നത് പോലെ, മോശെയും യിസ്രായേല്‍ ജനവും ദൈവത്തിന് ഒരു ആലയം ഉണ്ടാക്കി. ഇതിനെ നമുക്ക് മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി, മോശെയുടെ സാക്ഷ്യകൂടാരം എന്നു വിളിക്കാം.

സാക്ഷ്യകൂടാരത്തെ എബ്രായ ഭാഷയില്‍, മിഷ്കാന്‍ (Mishkan) എന്നാണ് വിളിക്കുന്നത്. വേദപുസ്തകത്തില്‍ ഇതിനെ, തിരുനിവാസം എന്നും, സമാഗമന കൂടാരം എന്നും സാക്ഷ്യകൂടാരം എന്നും കൂടാരം എന്നും വിളിക്കുന്നുണ്ട്. മോശെയുടെ സാക്ഷ്യകൂടാരം ദൈവ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നത് ആയിരുന്നു. അത്, ദൈവത്തിന്റെ ഹിതം ജനത്തെ അറിയിക്കുന്ന ഒരു കൂടാരം ആയിരുന്നു. അത് ഈ ഭൂമിയിലെ ദൈവത്തിന്‍റെ നിവാസം ആയിരുന്നു; ദൈവത്തിന്‍റെ സിംഹാസനം ആയിരുന്നു; യിസ്രായേല്‍ ജനത്തിന്റെ മദ്ധ്യേ ദൈവം ഉണ്ട് എന്നതിന്റെ കാണപ്പെടുന്ന അടയാളം ആയിരുന്നു. യിസ്രായേല്‍ ജനം എവിടെ എല്ലാം പോയോ, അവിടെ എല്ലാം സാക്ഷ്യകൂടാരത്തെയും അവര്‍ കൊണ്ടുപോയി. ഓരോ സ്ഥലത്തു നിന്നും അവര്‍ യാത്ര ആകുമ്പോള്‍, അവര്‍ കൂടാരത്തെ അഴിച്ച് കൊണ്ടുപോകുകയും പുതിയ സ്ഥലത്തു അതിനെ സ്ഥാപിക്കുകയും ചെയ്തു.

മോശെയുടെ കൂടാരത്തിന്, ഏകദേശം 150 അടി നീളവും 75 അടി വീതിയും ഉണ്ടായിരുന്നു. ഈ വിശാലമായ സ്ഥലത്തെ വേര്‍തിരിക്കുവാനായി, അതിനു ചുറ്റിനും വെളുത്ത തുണികൊണ്ടുള്ള മതില്‍ ഉണ്ടായിരുന്നു. ഇത് ഇപ്പോഴത്തെ ഫുട്ബാള്‍ കോര്‍ട്ട് പോലെ ഉള്ള വിശാലമായ ദീര്‍ഘചതുരാകൃതിയില്‍ ഉള്ള സ്ഥലം ആയിരുന്നു. അതിന്റെ പ്രവേശന കവാടം കിഴക്കായിരുന്നു. ഈ സ്ഥലത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ്, യഥാര്‍ത്ഥ, സാക്ഷ്യകൂടാരം ഉണ്ടായിരുന്നത്. അതിനു ഏകദേശം 45 അടി നീളവും 15 അടി വീതിയും ഉണ്ടായിരുന്നു. തടികൊണ്ടും തുണികൊണ്ടും ഉണ്ടാക്കിയിരുന്ന ഈ കൂടാരത്തെ രണ്ടായി വിഭജിച്ചിരുന്നു. അതിലെ വലിയ ഭാഗത്തെ വിശുദ്ധസ്ഥലം എന്നും അതിനു പടിഞ്ഞാറു ഭാഗത്തെ അതിവിശുദ്ധ സ്ഥലം എന്നും വിളിച്ചിരുന്നു. വിശുദ്ധ സ്ഥലത്തിന് ഏകദേശം 30 അടി നീളവും 15 അടി വീതിയും ഉണ്ടായിരുന്നു. ഇവിടെ, സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ കാഴ്ചയപ്പത്തിന്‍റെ മേശ, നിലവിളക്ക്, ധൂപപീഠം എന്നിവ ഉണ്ടായിരുന്നു.  

വിശുദ്ധ സ്ഥലത്തിന്റെ പടിഞ്ഞാറു ഭാഗത്തായി, ഏകദേശം 15 അടി നീളവും 15 അടി വീതിയുമുള്ള സമ ചതുരാകൃതിയില്‍ ഉള്ള സ്ഥലമാണ് അതി വിശുദ്ധ സ്ഥലം. ഇവിടെ ഉള്ള ഏക ഉപകരണം സാക്ഷ്യപെട്ടകം ആയിരുന്നു. സാക്ഷ്യപെട്ടകത്തെ നിയപ്പെട്ടകം എന്നും വിളിച്ചിരുന്നു. ഇത് ഏകദേശം 4 അടി നീളവും, രണ്ടര അടി വീതിയും, രണ്ടര അടി ഉയരവും ഉള്ള, അകവും പുറവും തങ്കംകൊണ്ട് പൊതിഞ്ഞ ഒരു പെട്ടി ആയിരുന്നു. തങ്കം കൊണ്ട് ഉണ്ടാക്കിയ അതിന്‍റെ മേല്‍പ്പലക, അഥവാ മുകളിലെ അടപ്പ് ആണ് കൃപാസനം. വര്‍ഷത്തില്‍ ഒരിക്കല്‍, പാപപരിഹാര യാഗത്തിന്റെ ദിവസം, മഹാപോരോഹിതന്‍, യാഗം ചെയ്യപ്പെട്ട മൃഗത്തിന്റെ രക്തം കൃപാസനത്തിന്‍ മേല്‍ തളിക്കും. ഇവിടെ ആണ് മഹാപുരോഹിതന്‍, സകല ജനത്തിന്നും വേണ്ടി ദൈവമുമ്പാകെ നില്‍ക്കുന്നത്. ഇവിടെ വെളിച്ചം ദൈവ തേജസ്സ് മാത്രം ആണ്. സാക്ഷ്യപെട്ടകത്തില്‍ എന്തെല്ലാം ഉണ്ട് എന്ന് എബ്രായര്‍ 9 ല്‍ പറയുന്നു:

 

എബ്രായര്‍ 9: 4, 5 

   അതിൽ (അതിവിശുദ്ധ സ്ഥലത്ത്) പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും

   അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. 

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ സാക്ഷ്യകൂടാരത്തിന്‍റെ ചുറ്റും ഉള്ള സ്ഥലങ്ങള്‍ ആണ് പ്രാകാരം എന്ന് അറിയപ്പെടുന്നത്. സാക്ഷ്യകൂടാരത്തിന്‍റെ പടിഞ്ഞാറ് വശത്തും തെക്കും, വടക്കും തുറന്ന സ്ഥലം ഉണ്ട്. എന്നാല്‍ കിഴക്ക് ഭാഗത്ത് കൂടുതല്‍ വിശാലമായ സ്ഥലം ഉണ്ട്. അവിടെ ഹോമയാഗപീഠം, താമ്രത്തൊട്ടി എന്നിവ ഉണ്ടായിരുന്നു.

കൂടാരം വാഗ്ദത്ത ദേശത്ത് 

40 വര്‍ഷങ്ങളുടെ മരുഭൂ പ്രമായണത്തിന് ശേഷം, യിസ്രായേല്‍ ജനം വാഗ്ദത്ത ദേശമായ കനാനില്‍ എത്തിയപ്പോള്‍, അവര്‍ സാക്ഷ്യകൂടാരം, ഗില്‍ഗാല്‍ എന്ന സ്ഥലത്തു സ്ഥാപിച്ചു. (യോശുവ 4). ഇവിടം യിസ്രായേല്‍ ഗോത്രങ്ങളുടെ കൂടിവരവുകളുടെ കേന്ദ്രം ആയി മാറി. സാക്ഷ്യപെട്ടകം ഇവിടെ ഏകദേശം 7 വര്‍ഷങ്ങള്‍ ഇരുന്നു. അതിന് ശേഷം അതിനെ എഫ്രയീം ഗോത്രത്തിന്‍റെ ദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. കൂടാരം സ്ഥാപിക്കപ്പെട്ട സ്ഥലത്തെ അവര്‍, ശീലോം എന്നു പേര്‍ വിളിച്ചു. ഇവിടെ കൂടാരം, ഏലി പുരോഹിതന്‍റെയും ശമുവേല്‍ പ്രവാചകന്റെയും കാലം വരെ, ഏകദേശം 350 വര്‍ഷങ്ങള്‍ ഇരുന്നു.

ഏലി പുരോഹിതന്‍റെ കാലത്ത്, യിസ്രായേലിന് ഫെലിസ്ത്യരുമായി യുദ്ധം ഉണ്ടായി. യുദ്ധത്തില്‍ യിസ്രായേല്‍ പരാജയപ്പെട്ടു. അപ്പോള്‍ അവര്‍ “നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും എന്നു പറഞ്ഞു.” (1 ശമുവേല്‍ 4:3). അങ്ങനെ അവര്‍ നിയപ്പെട്ടകത്തെ അഥവാ സാക്ഷ്യപെട്ടകത്തെ, കൂടാരത്തില്‍ നിന്നും എടുത്ത് യുദ്ധക്കളത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ ദൈവത്തിന് ഇത് അനിഷ്ടമായി. അതിനാല്‍ യിസ്രായേല്‍ വീണ്ടും യുദ്ധത്തില്‍ പരാജയപ്പെട്ടു, സാക്ഷ്യപെട്ടകം ഫെലിസ്ത്യര്‍ പിടിച്ചെടുത്തു. ഈ വാര്‍ത്ത അറിഞ്ഞ ഏലി പുരോഹിതന്‍, അവന്‍ ഇരുന്ന കസേരയില്‍ നിന്നും പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു. ഫെലിസ്ത്യര്‍, കൂടാരം ഇരുന്ന ശീലോം എന്ന സ്ഥലത്തു എത്തി, ആ പട്ടണത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു. അങ്ങനെ ആ പട്ടണം ചരിത്രത്തില്‍ നിന്നും, ഭൂമിയുടെ പരപ്പില്‍ നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി.

എന്നാല്‍, സമാഗമന കൂടാരം, അഥവാ, സാക്ഷ്യകൂടാരം നശിപ്പിക്കപ്പെട്ടില്ല എന്നു വിശ്വസിക്കപ്പെടുന്നു. ഫെലിസ്ത്യര്‍, ശീലോവില്‍ എത്തുന്നതിന് മുമ്പ്, ശമുവേല്‍ പ്രവാചകനും കൂട്ടരും, കൂടാരത്തെ പൊളിച്ച്, അവിടെ നിന്നും മാറ്റി. പിന്നീട് അതിനെ ഗില്ഗാലില്‍ സ്ഥാപിച്ചു. ഈ കൂടാരം ശൌലിന്‍റെ ഭരണകാലം വരെ, ഏകദേശം 50 വര്‍ഷങ്ങള്‍ ഗില്ഗാലില്‍ സുരക്ഷിതമായി ഇരുന്നു. എന്നാല്‍ സാക്ഷ്യപെട്ടകം അഥവാ നിയമ പെട്ടകം അതില്‍ ഇല്ലായിരുന്നതിനാല്‍, പാപപരിഹാര യാഗം നടന്നിരുന്നില്ല.

ഫെലിസ്ത്യര്‍, യഹോവയുടെ സാക്ഷ്യപെട്ടകത്തെ അവരുടെ രാജ്യത്തു പലസ്ഥലങ്ങളില്‍ കൊണ്ടുവച്ചു. എന്നാല്‍, പെട്ടകം ഇരുന്ന എല്ലാ സ്ഥലങ്ങളിലും ഉള്ള മനുഷ്യര്‍ മഹാവ്യാധികളാല്‍ പിടിക്കപ്പെട്ടു.  അതിനാല്‍ അത് യഹോവയായ ദൈവത്തിന്റെ കോപം ആണ് എന്നു അവര്‍ മനസ്സിലാക്കി, പെട്ടകത്തെ തിരികെ യിസ്രയേലിലേക്ക്, അനവധി സമ്മാനങ്ങളോടെ അയച്ചു. ലേവ്യര്‍ പെട്ടകത്തെ, ബേത്ത്-ശെമേശ് (Beth Shemesh) എന്ന സ്ഥലത്തു വച്ച് സ്വീകരിച്ചു. പിന്നീട് പെട്ടകത്തെ അവിടെ നിന്നും കിർയ്യത്ത്-യെയാരീം (Kiryat Yearim) എന്ന സ്ഥലത്തു കൊണ്ടുവച്ചു. പെട്ടകം അവിടെ ഏകദേശം 20 വര്‍ഷം സുരക്ഷിതമായി ഇരുന്നു. എന്നാല്‍, യഹോവയുടെ സാക്ഷ്യകൂടാരം അവിടെ ഇല്ലായിരുന്നു.

ശൌല്‍ രാജാവിന്റെ കാലത്ത്, അവന്‍ സാക്ഷ്യകൂടാരത്തെ ഗില്ഗാലില്‍ നിന്നും, അവന്റെ സ്വദേശമായ ഗിബെയോനിലേക്ക് മാറ്റി സ്ഥാപിച്ചു. കൂടാരം ഇവിടെ, ദാവീദിന്റെ കാലത്തും, ശലോമോന്‍ ദൈവാലയം നിര്‍മ്മിക്കുന്നത് വരെയും ഇരുന്നു.

ദാവീദ് രാജാവായതിന് ശേഷം, സാക്ഷ്യപെട്ടകത്തെ, കിർയ്യത്ത്-യെയാരീം (Kiryat Yearim) എന്ന സ്ഥലത്തു നിന്നും യെരൂശലേമിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചു. എന്നാല്‍, ചില അപ്രതീക്ഷിത കാരണത്താല്‍, പെട്ടകത്തെ ഗാത്ത് എന്ന സ്ഥലത്തുള്ള ഓബേദ്-എദോമിന്റെ (Obed-Edom) എന്ന വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ചു. മൂന്നു മാസങ്ങള്‍ക്ക് ശേഷം, ദാവീദിന്റെ ഭരണത്തിന്റെ 12 ആമത്തെ വര്‍ഷം, സാക്ഷ്യപെട്ടകത്തെ യെരൂശലേമിലേക്ക് മാറ്റി. യെരൂശലേം ദാവീദിന്‍റെ തലസ്ഥാന നഗരം ആയിരുന്നു. അവിടെ പെട്ടകം സൂക്ഷിക്കുവാനായി ദാവീദ് ഒരു കൂടാരം നിര്‍മ്മിച്ചു. എന്നാല്‍ ഗിബെയോനിലെ കൂടാരം അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ അടുത്ത 30 വര്‍ഷത്തോളം, യെഹൂദ്യയില്‍ ഗിബെയോനിലും, യെരൂശലേമിലും രണ്ടു സാക്ഷ്യകൂടാരങ്ങള്‍ ഉണ്ടായിരുന്നു. ഗിബെയോനിലെ കൂടാരത്തില്‍ സാക്ഷ്യപെട്ടകം ഉണ്ടായിരുന്നില്ല, യെരൂശലേമിലെ കൂടാരത്തില്‍, ആലയത്തിലെ മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. 

ദാവീദിന്റെ മകന്‍ ശലോമോന്‍ ദൈവാലയം പണിയുന്നത് വരെ, സാക്ഷ്യപെട്ടകം ദാവീദിന്‍റെ കൂടാരത്തില്‍ ഇരുന്നു. ദൈവാലയം നിമ്മിച്ചു കഴിഞ്ഞപ്പോള്‍, ശലോമോന്‍, രണ്ടു കൂടാരങ്ങളെയും ഒരുമിപ്പിച്ച് ഒന്നാക്കി മാറ്റി, പെട്ടകവും ആലയത്തില്‍ സ്ഥാപിച്ചു.

ഒന്നാമത്തെ ദൈവാലയം

മോശെയുടെ കൂടാരം മരുഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടതിന് ഏകദേശം 500 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒന്നാമത്തെ ദൈവാലയം, അഥവാ ശലോമോന്‍റെ ആലയം യെരൂശലേമില്‍ നിര്‍മ്മിക്കപ്പെട്ടു. അബ്രഹാം പിതാവ് തന്റെ ഏക മകനായ യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ എത്തിയ മോറിയ മലയില്‍ തന്നെ ആണ് ശലോമോന്‍ ആലയം പണിതത് എന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ തന്നെ ആണ് പിന്നീട് ദാവീദും ഒരു യാഗപീഠം പണിതത്. ഈ സ്ഥലത്തെ ടെമ്പിള്‍ മൌണ്ട് എന്നാണ് അറിയപ്പെടുന്നത്.

ചരിത്രപരമായി ഒന്നാമത്തെ ദൈവാലയ കാലഘട്ടം 1200 BC യോടെ ആരംഭിച്ച് 586 BC വരെ തുടരുന്നതാണ്. 1000 BC ല്‍ ദാവീദ് രാജാവ് യെരൂശലേം പിടിച്ചടക്കി, അത് രാജ്യത്തിന്റെ തലസ്ഥാനം ആക്കി. അതിനുശേഷം ദാവീദിന് യഹോവയുടെ ആലയം നിര്‍മ്മിക്കേണം എന്നു ആഗ്രഹം ഉണ്ടായി എങ്കിലും, അവന്‍ യോദ്ധാവായതിനാല്‍ മനുഷ്യരുടെ രക്തം ചൊരിഞ്ഞിട്ടുണ്ട് എന്നതിനാല്‍, ദൈവം അത് അനുവദിച്ചില്ല. എങ്കിലും തന്‍റെ മരണത്തിന് മുമ്പ് ദൈവാലയം പണിക്കായി ധാരാളം വിലയേറിയ വസ്തുക്കള്‍ അവന്‍ നല്കുകയും ജനങ്ങളില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. ശലോമോന്‍ രാജാവ്, കൂടുതല്‍ വസ്തുക്കള്‍ ശേഖരിക്കുകയും അതിമനോഹരവും സമ്പന്നവും ആയി ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു. ദൈവാലയത്തിന്‍റെ നിര്‍മ്മാണം 957 BC ല്‍ പൂര്‍ത്തിയായി.

ശലോമോന്റെ ദൈവാലയം, യിസ്രായേല്‍ ജനതയുടെ സാമൂഹികവും, സാംസ്കാരികവും, ബൌദ്ധീകവും, മതപരവുമായ കേന്ദ്രം ആയിരുന്നു. ആലയത്തിലെ ഏറ്റവും മനോഹരമായ വസ്തു, സാക്ഷ്യപെട്ടകം ആയിരുന്നു. ശലോമോന്റെ കാലത്ത് വരെയും യഹോവയുടെ ആരാധനയ്ക്കുള്ള ഏക സ്ഥലം ഒന്നാമത്തെ ദൈവാലയം ആയിരുന്നു. മോശെയുടെ കൂടാരത്തിന്റെ രൂപത്തില്‍ തന്നെ ഇതും നിര്‍മ്മിക്കപ്പെട്ടു. ഈ ആലയം ഏകദേശം 400 വര്‍ഷങ്ങള്‍ സുരക്ഷിതമായി ഇരുന്നു.

ശലോമോന്‍റെ ദൈവാലായം നിര്‍മ്മിക്കുവാന്‍ ഏകദേശം ഏഴര വര്‍ഷങ്ങള്‍ എടുത്തു. അവന്റെ ഭരണത്തിന്‍റെ 11 ആം വര്‍ഷം അത് പൂര്‍ത്തിയാക്കി. എന്നാല്‍ അതിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തുവാന്‍ പിന്നേയും കുറെ വര്‍ഷങ്ങള്‍ കൂടെ എടുത്തു. ദാവീദിന്റെ കൂടാരത്തില്‍ നിന്നും സാക്ഷ്യപെട്ടകവും, ഗിബെയോനില്‍ നിന്നും ആലയത്തിലെ മറ്റ് ഉപകരണങ്ങളും പുതിയ ദൈവാലയത്തിലേക്ക് കൊണ്ടുവന്നു. എല്ലാം അതാതിന്റെ സ്ഥാനത്ത് വച്ചു.

ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, അതിന്റെ പ്രതിഷ്ഠ ശലോമോന്‍ ഒരു പ്രാര്‍ഥനയോടെ നടത്തി. അതിലെ ഒരു ഭാഗം ഇങ്ങനെ ആയിരുന്നു:  

 

1 രാജാക്കന്മാര്‍ 8: 43 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.

ഇവിടെ അന്യജാതിക്കാരേയും ശലോമോന്‍ പ്രാര്‍ഥനയ്ക്കായി ദൈവാലയത്തിലേക്ക് ക്ഷണിക്കുക ആണ്. ആലയത്തില്‍ കഴികുന്ന, അവരുടെയും പ്രാര്‍ഥന കേള്‍ക്കേണമേ എന്നാണ് ശലോമോന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. ശലോമോന്‍റെ ആലയം സര്‍വ്വജാതികള്‍ക്കുമുള്ള പ്രാര്‍ഥനാലയം ആയി മാറുക ആണ്. ഇതോടെ യഹൂദന്മാരുടെ ജീവിതത്തില്‍ ഒരു പുതിയ കാലഘട്ടം ആരംഭിച്ചു.

ശലോമോന്‍ 926 നും 922 നും ഇടയ്ക്കുള്ള കാലത്ത് മരിച്ചു. അതിനു ശേഷം അവന്റെ മകനായ രെഹബെയാം (Rehoboam) രാജാവായി. എന്നാല്‍ യിസ്രായേല്‍ ഗോത്രങ്ങള്‍ തമ്മില്‍ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍, രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പത്തു ഗോത്രങ്ങള്‍ വടക്കന്‍ പ്രവിശ്യയില്‍ യിസ്രായേല്‍ എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചു. രണ്ടു ഗോത്രങ്ങള്‍ തെക്കന്‍ പ്രവിശ്യയില്‍ യെഹൂദ്യ എന്ന രാജ്യവും സ്ഥാപിച്ചു. യിസ്രയേലിന്റെ തലസ്ഥാനം ശമര്യയും യഹൂദ്യയുടെ തലസ്ഥാനം യെരൂശലേമും ആയിരുന്നു. ഈ രണ്ടു രാജ്യങ്ങളും അതിനുശേഷം ഏകദേശം 200 വര്‍ഷങ്ങള്‍ സുരക്ഷിതമായി തുടര്‍ന്നു. എന്നാല്‍ 722 BC ല്‍ അശ്ശൂര്‍ രാജ്യം യിസ്രായേല്‍ രാജ്യത്തെ ആക്രമിച്ചു കീഴടക്കി, അവിടെ ഉള്ള യിസ്രയേല്യരെ പിടിച്ചുകൊണ്ടു പോയി, അവരുടെ സാമ്രാജ്യത്തിലെ വിവിധ സ്ഥലങ്ങളില്‍ ചിതറിച്ച് പാര്‍പ്പിച്ചു. മാത്രവുമല്ല, അശ്ശൂരില്‍ നിന്നും അവിടെയുള ജനത്തെ കൂട്ടത്തോടെ കൊണ്ടുവന്ന് യിസ്രായേല്‍ രാജ്യത്തു താമസിപ്പിച്ചു. അങ്ങനെ യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി. അവരെ ഇന്നും കൃത്യമായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.      

അശ്ശൂര്‍ രാജ്യത്തിന്റെ ആക്രമണത്തില്‍ നിന്നും യെഹൂദ്യ കഷ്ടിച്ച് രക്ഷപ്പെടുക ആയിരുന്നു. എന്നാല്‍ ബാബിലോണ്‍ സാമ്രാജ്യം 605 BC ല്‍ ഈജിപ്തിനെ ആക്രമിച്ച് കീഴടക്കിയപ്പോള്‍, യഹൂദ്യ അവര്‍ക്ക് പാട്ടം നല്‍കുന്ന ഒരു പ്രവിശ്യയായി മാറി. 586 BC ല്‍ ബാബിലോണ്‍ പൂര്‍ണ്ണമായും യഹൂദ്യയെ കീഴടക്കി. അങ്ങനെ, മഹാ പ്രൌഡിയോടെ ദാവീദ് ആരംഭിച്ച എബ്രായ രാജ്യം അവസാനിച്ചു. അത് പിന്നീട് വീണ്ടും രൂപംകൊള്ളുന്നത് BC രണ്ടാം നൂറ്റാണ്ടില്‍ മാത്രമാണ്.

ബാബിലോണിയര്‍ യഹൂദ്യയെ കീഴടക്കുക മാത്രമല്ല ചെയ്തത്, അവര്‍ ദൈവാലയത്തെ കൊള്ളചെയ്യുകയും ചെയ്തു. നെബൂഖദുനേസർ രാജാവ് 604 BC യിലും, 597 BC യിലും ആലയത്തെ കൊള്ളചെയ്തു. 587 BC ലോ 586 BC യിലോ അദ്ദേഹം യെരൂശലേം ദൈവാലത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു. അങ്ങനെ ശലോമോന്‍റെ ആലയത്തിന്റെ നാനൂറ് വര്‍ഷത്തെ ചരിത്രം അവസാനിച്ചു. യഹൂദ ജനം പ്രവാസികളായി, ബാബിലോണിലേക്ക് പോയി. എന്നാല്‍ എപ്പോഴും ഒരു ചെറിയ കൂട്ടം യഹൂദന്മാര്‍ അവരുടെ സ്വന്ത ദേശത്തു തന്നെ തുടര്‍ന്നും താമസിക്കുമായിരുന്നു.

രണ്ടാമത്തെ ദൈവാലയം

BC 538 ല്‍ ബാബിലോണിയന്‍ സാമ്രാജ്യത്തെ പേര്‍ഷ്യന്‍ സാമ്രാജ്യം (പാര്‍സി സാമ്രാജ്യം), കോരെശ് രാജാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു കീഴടക്കി. അങ്ങനെ യഹൂദ്യ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി. കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നതിനാല്‍, അവന്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. അതിനാല്‍, യെരൂശലേം ദൈവാലയം പുതിക്കി പണിയുവാന്‍ യഹൂദന്‍മാര്‍ക്ക് അവന്‍ അധികാരം നല്കി. ഇത് യെരൂശലേം ദൈവാലായം തകര്‍ക്കപ്പെട്ടു 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചു. പ്രവാസത്തിലുള്ളവര്‍ക്ക്  ആലയത്തിന്റെ പണിക്കായി തിരികെ പോകുവാനും അവന്‍ സ്വാതന്ത്ര്യം നല്കി. അങ്ങനെ, സെരുബ്ബാബേലിനോടുകൂടെ ഏകദേശം അന്‍പത്തിനായിരത്തോളം യഹൂദന്മാര്‍ സ്വന്ത ദേശത്തേക്കു തിരികെ പോയി. അതിനു ശേഷം വീണ്ടും എസ്രാ, നെഹെമ്യാവു എന്നിവരുടെ നേതൃത്വത്തിലും അനേകര്‍ തിരികെ പോയി. അവര്‍ യെരൂശലേമില്‍ എത്തി, ദൈവാലയം പുതുക്കി പണിതു. ഘട്ടം ഘട്ടമായി ആലയത്തിന്റെ പണി 515 BC ല്‍ പൂര്‍ത്തിയാക്കി. ശലോമോന്റെ ദൈവാലയത്തിന്‍റെ പരിമിതമായ ഒരു രൂപം മാത്രമേ അവര്‍ക്ക് പുനസൃഷ്ടിക്കുവാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ സാക്ഷ്യപെട്ടകം അപ്പോഴും അവിടെ ഇല്ലായിരുന്നു. ഇതിനെ ആണ് രണ്ടാമത്തെ ദൈവാലയം എന്നു വിളിക്കുന്നത്.

ഗ്രീക്ക് സാമ്രാജ്യം ശക്തി പ്രാപിച്ചു വന്നപ്പോള്‍, BC 332 ല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി, യെരൂശലേമിനെ ആക്രമിച്ചു കീഴടക്കി. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം, ഗ്രീക്ക് സാമ്രാജ്യം പ്രധാനമായും മൂന്നായി വിഭജിക്കപ്പെട്ടു. അതില്‍, യഹൂദ്യ ദേശം, സിറിയ ആസ്ഥാനമായ സെലൂസിഡ് രാജവംശത്തിന്റെ (Seleucid) അധീനതയില്‍ ആയി. അവരുടെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ യഹൂദന്‍മാര്‍ക്ക് പൂര്‍ണ്ണമായ മത സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍,  175 BC ല്‍ അന്‍റിഒക്കസ് നാലാമന്‍ എപ്പിഫാനെസ് (Antiochus IV Epiphanes) എന്ന ഭരണാധികാരി അധികാരത്തില്‍ വന്നപ്പോള്‍ അവരുടെ സ്വാതന്ത്ര്യം അപകടത്തില്‍ ആയി. അദ്ദേഹം സാമ്രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രീക്ക് സംസ്കാരവും ജീവിത രീതികളും, ഗ്രീക് മതവും നിര്‍ബന്ധിതമാക്കി. അങ്ങനെ യെഹൂദ്യയിലും, ശബത്ത് ആചരണവും പരിച്ഛേദനയും നിറുത്തലാക്കി. യെരൂശലേം ദൈവാലയത്തില്‍ ഗ്രീക് ദേവനായ സിയൂസ് ദേവന്‍റെ പ്രതിമ സ്ഥാപിച്ചു, അതിനെ ആരാധിക്കുവാനും അതിനെ യാഗം അര്‍പ്പിക്കുവാനും യഹൂദന്മാരോടു കല്‍പ്പിക്കുകയും ചെയ്തു. അതിനാല്‍, യഹൂദന്മാര്‍, അവര്‍ക്കെതിരെ കലാപം ഉണ്ടാക്കി. സെലൂസിഡ് രാജവംശത്തിന്റെ ശക്തി അക്കാലത്ത് ക്ഷയിച്ചുകൊണ്ടിരിക്കുക ആയിരുന്നു. 164 BC ല്‍ യഹൂദന്മാര്‍ ദൈവാലയത്തെ തിരിച്ചു പിടിക്കുകയും, ആലയത്തെ ശുദ്ധീകരിക്കുകയും ചെയ്തു. ഇതിനെ ചരിത്രത്തില്‍ ഹാസ്മോനിയന്‍ കലാപം എന്നാണ് വിളിക്കുന്നത്. (Hasmonean revolt). യൂദാ മക്കാബീ എന്ന യഹൂദന്‍ ആയിരുന്നു കലാപത്തിന് നേതൃത്വം നല്കിയത്. (Judah Maccabee). ശത്രുക്കളുടെ മേലുള്ള ഈ വിജയത്തെയും ആലയത്തിന്റെ ശുദ്ധീകരണത്തെയും യഹൂദന്മാര്‍ ഇന്നും ഒരു പ്രധാനപ്പെട്ട ഉല്‍സവ ദിവസമായി ആചരിക്കുന്നു. ഈ ഉല്‍സവത്തെ അവര്‍ ഹന്നുഖ എന്നു വിളിക്കുന്നു. (Hannukah).

129 BC ല്‍ സെലൂസിഡ് രാജവംശം തകര്‍ന്നപ്പോള്‍, യഹൂദന്മാര്‍ പൂര്‍ണ്ണമായും സ്വതന്ത്രര്‍ ആയി. അതിനു ശേഷം ഹാസ്മോനിയന്‍ രാജവംശം യഹൂദ്യ ഭരിച്ചു. അത് 80 വര്‍ഷങ്ങള്‍ നീണ്ടു നിന്നു. അവരുടെ കാലത്ത്, യഹൂദ്യ രാജ്യത്തിന്റെ അതിരുകള്‍ ഏകദേശം ശലോമോന്‍റെ കാലത്തേതിന് തുല്യമായി വിശാലമായി. യഹൂദന്മാരുടെ ജീവിതം വീണ്ടും അഭിവൃദ്ധിപ്പെട്ടു.

BC 63 ല്‍ റോമന്‍ സാമ്രാജ്യം യഹൂദ്യയിലേക്ക് വന്നു. അവര്‍ 324 AD വരെ യഹൂദ്യയെ ഭരിച്ചു. പൊംപെയ് (Pompey) എന്ന റോമന്‍ സൈന്യാധിപന്‍, യെരൂശലേമില്‍ വരുകയും, ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുകയും ചെയ്തു. അങ്ങനെ അതിനെ അശുദ്ധമാക്കി. എന്നാല്‍ അദ്ദേഹം ദൈവാലയത്തിന് നാശം ഒന്നും ചെയ്തില്ല. എന്നാല്‍ BC 54 ല്‍ ക്രാസ്സൂസ് (Crassus) എന്ന മറ്റൊരു റോമന്‍ സൈന്യാധിപന്‍, ദൈവാലയത്തെ കൊള്ള ചെയ്തു.

ഹെരോദാവിന്‍റെ ആലയം

രണ്ടാമത്തെ ദൈവാലയത്തിന്‍റെ കാലഘട്ടത്തെ നമുക്ക് മൂന്നായി വിഭജിക്കാം: BC 586-332 വരെയുള്ള പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ കാലം, BC 332-63 വരെയുള്ള ഗ്രീക്ക് സാമ്രാജ്യത്തിന്‍റെ കാലം, BC 63 മുതല്‍ AD 324 വരെയുള്ള റോമന്‍ സാമ്രാജ്യത്തിന്‍റെ കാലം.

BC ഒന്നാം നൂറ്റാണ്ടില്‍, യഹൂദ്യ പ്രവിശ്യയുടെ പ്രാദേശിക ഭരണാധികാരി ആയി ഹെരോദാ രാജാവിനെ, റോമന്‍ സാമ്രാജ്യം നിയമിച്ചു. അദ്ദേഹം, BC 37 ല്‍ യഹൂദാ ദൈവാലയത്തെ പുതുക്കിപണിതു, വിശാലമാക്കി. അതിനായി യഹൂദന്മാരുടെ സമ്മതവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ BC 20 ല്‍ ആരംഭിച്ച്, ഏകദേശം 80 വര്‍ഷങ്ങള്‍കൊണ്ട് പണി പൂര്‍ത്തിയാക്കി. അതിന്റെ എല്ലാ പണികളും AD 63 ല്‍ മാത്രമേ പൂര്‍ത്തിയായുള്ളൂ. നിര്‍ഭാഗ്യവശാല്‍, 7 വര്‍ഷങ്ങള്‍ക്ക് ശേഷം, AD 70 ല്‍ റോമന്‍ സൈന്യം ഈ ആലയത്തെ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തു.

ഹെരോദാവ് പുനര്‍നിര്‍മ്മിച്ച ആലയത്തെ, മൂന്നാമത്തെ ദൈവാലയം എന്നു വിളിക്കാറില്ല. കാരണം, രണ്ടാമത്തെ ആലയം, നശിപ്പിക്കപ്പെടുകയോ, അവിടെ യാഗങ്ങള്‍ തടസ്സപ്പെടുകയോ ചെയ്തിട്ടില്ല. ഹെരോദാവ് ആലയം പുതിക്കി പണിയുന്ന സമയത്തും, രണ്ടമത്തെ ആലയത്തില്‍ യാഗങ്ങളും മറ്റ് ആചാരങ്ങളും തുടര്‍ന്നുകൊണ്ടീയിരുന്നു. ഹെരോദാവിന്റെ ആലയം, മൂന്നാമത്തെ ആലയമായി അറിയപ്പെടേണം എന്നു അദ്ദേഹവും ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ ഹെരോദാവിന്‍റെ ആലയം, പുതിക്കിപണിത, മനോഹരവും വിശാലവും ആക്കിയ രണ്ടാമത്തെ ദൈവാലയം ആണ്.

അങ്ങനെ ദൈവാലയം ഒരിക്കല്‍ കൂടി യഹൂദ ജീവിതത്തിന്റെ കേന്ദ്രം ആയി മാറി. ചരിത്രപരവും, മതപരവും ആയ രേഖകള്‍ അവിടെ സൂക്ഷിച്ചു വച്ചു. സനെഡ്രിന്‍ എന്ന യഹൂദ ന്യായാധിപ സംഘത്തിന്‍റെ (Sanhedrin) കൂടിവരവുകള്‍ അവിടെ ആക്കി.

നാലാം നൂറ്റാണ്ടില്‍, ഹെരോദാ രാജാവിന്റെ മരണത്തിന് ശേഷം യഹൂദ്യ ദേശം റോമന്‍ സാമ്രാജ്യത്തിന്‍റെ നേരിട്ടുള്ള ഭരണത്തില്‍ ആയി. യഹൂദ ജീവിത രീതികളെ റോമാക്കാര്‍ അടിച്ചമര്‍ത്തുന്നു എന്ന തോന്നല്‍ യഹൂദന്‍മാര്‍ക്കിടയില്‍ ശക്തമായി. അതിനാല്‍ അവര്‍ ഇടയ്ക്കിടെ കലാപങ്ങള്‍ ഉണ്ടാക്കി. ഈ കലാപങ്ങള്‍ 66 BC ല്‍ ഒരു വലിയ കലാപമായി രൂപപ്പെട്ടു. അതിനാല്‍ അതിനെ അമര്‍ച്ചചെയ്യുവാന്‍ റോമന്‍ സാമ്രാജ്യം തീരുമാനിച്ചു. അവര്‍ അതിനായി, റോമന്‍ സൈന്യാധിപന്‍ ടൈറ്റസിന്‍റെ നേതൃത്വത്തില്‍ സൈന്യത്തെ അയച്ചു. അവര്‍ യെരൂശലേമില്‍ എത്തുകയും AD 70 ല്‍ യെരൂശലേമിനെയും അവിടെ ഉണ്ടായിരുന്ന ദൈവാലയത്തെയും പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. ദൈവാലയത്തെ അഗ്നിക്ക് ഇരയാക്കി. ഇതില്‍ നിന്നും ഓടിപ്പോയ ചില യഹൂദന്മാര്‍, മസദ (Masada) എന്ന സ്ഥലത്തെ ഹെരോദാ രാജാവു പണികഴിപ്പിച്ച കോട്ടയ്ക്കുള്ളില്‍ ശരണം പ്രാപിച്ചു. എന്നാല്‍ AD 73 ല്‍ റോമാക്കാര്‍ അതിനെയും തകര്‍ത്തു. അങ്ങനെ കലാപം അടക്കി, യെരൂശലേം പട്ടണവും, ഹെരോദാവ് പുതിക്കിപണിത ദൈവാലയവും തീവച്ചു നശിപ്പിച്ചു. യെഹൂദന്മാര്‍ പല രാജ്യങ്ങളിലേക്കും ചിതറിപ്പോയി. എന്നാല്‍ ഒരിയ്ക്കലും യഹൂദ്യ ദേശത്തു യഹൂദന്മാര്‍ ആരും ഇല്ലാതായില്ല, ഒരു ചെറിയ കൂട്ടം യഹൂദന്മാര്‍ അവിടെ തുടര്‍ന്നും താമസിച്ചിരുന്നു. ആലയത്തിന്റെയും യെരൂശലേം പട്ടണത്തിന്റെയും തകര്‍ച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് 40 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചു.

യഹൂദന്മാരുടെ രണ്ടാമത്തെ ആലയത്തിന്റെ തകര്‍ച്ച, അവര്‍ക്ക് താങ്ങുവാന്‍ കഴിയുന്നതിനും അപ്പുറം ആയിരുന്നു. വാഗ്ദത്ത ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ അവരുടെ യോദ്ധാക്കളുടെ മരണം അവരെ നിരാശര്‍ ആക്കി. അവരുടെ മതപരമായ വിശ്വാസത്തിനേറ്റ പ്രഹരം അതിലും വലുതായിരുന്നു. ദൈവവും യിസ്രായേല്‍ ജനവും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായ ദൈവാലയം രണ്ടാമതും തകര്‍ക്കപ്പെട്ടിരിക്കുന്നു. ദൈവവും യിസ്രായേലും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി ഇല്ലാതായോ എന്നു അവര്‍ക്ക് തോന്നി. ദൈവം അവരുമായുള്ള ഉടമ്പടിയെ തള്ളികളഞ്ഞുവോ എന്നു അവര്‍ സംശയിച്ചു.

എങ്കിലും, ഒരു ചെറിയ കൂട്ടം യെഹൂദന്മാര്‍, രാജ്യവും ആലയവും നഷ്ടപ്പെട്ടവരായി, യെഹൂദ്യ ദേശത്ത് തുടര്‍ന്നും താമസിച്ചു. അവര്‍ വളരെ പതുക്കെ, തകര്‍ച്ചയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. ഇടയ്ക്കിടെ, മറ്റ് ദേശങ്ങളിലേക്ക് ചിതറിപ്പോയ യഹൂദന്മാര്‍, ചെറിയ കൂട്ടങ്ങള്‍ ആയി, തിരികെ എത്തി. അവര്‍ വീണ്ടും ശക്തി പ്രാപിച്ചു. ജീവിതം വീണ്ടും പുഷ്ടിപ്പെടുവാന്‍ തുടങ്ങി. പുരോഹിതന്‍മാര്‍ക്ക് പകരം റബ്ബിമാര്‍ മതപരമായ പഠിപ്പിക്കലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. യഹൂദ പള്ളികള്‍ വീണ്ടും ആരംഭിച്ചു, അവിടെ അവര്‍ ഒത്തുകൂടി. യഹൂദന്മാരുടെ ന്യായപ്രമാണങ്ങള്‍ അവരെ ഒന്നായി യോജിപ്പിച്ച് നിറുത്തി, അത് തലമുറ, തലമുറയായി കൈമാറി.

രണ്ടാമത്തെ ദൈവാലയം, 516 BC മുതല്‍ 70 AD വരെ, മൊത്തം, 585 വര്‍ഷങ്ങള്‍ നിലനിന്നു. ദൈവാലയം നിന്നിരുന്ന, ഹെരോദാവു പണികഴിപ്പിച്ച ടെമ്പിള്‍ മൌണ്ട് ഇപ്പൊഴും അവിടെ ഉണ്ട്. അവിടെ ഇപ്പോള്‍, മുസ്ലിം വിശ്വാസികള്‍ പുണ്യ സ്ഥലങ്ങള്‍ ആയി കരുത്തുന്ന, ഡോം ഓഫ് ദി റോക്ക് എന്ന സ്മാരക മന്ദിരവും അല്‍-അക്സ എന്ന മുസ്ലിം പള്ളിയും നില്‍ക്കുന്നു. (Dome of the Rock and Al-Aqsa mosques). “വിലാപ മതില്‍” (Wailing Wall) എന്നു അറിയപ്പെടുന്ന സ്ഥലം യഹൂദന്മാരുടെ പുണ്യ സ്ഥലം ആണ്, ഹെരോദാവു പണികഴിപ്പിച്ച ടെമ്പിള്‍ മൌണ്ടിന്റെ ഇപ്പോള്‍ അവശേഷിക്കുന്ന ഭാഗം ആണിത്. എന്നാല്‍, ഇന്നും യാഥാസ്ഥിക യഹൂദന്മാര്‍, എല്ലാ ദിവസവും മൂന്നു പ്രാവശ്യം, യഹൂദ ദൈവാലയം പുനര്‍സൃഷ്ടിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കുന്നു.

AD 70 ല്‍ ദൈവാലയവും യെരൂശലേം പട്ടണവും തകര്‍ക്കപ്പെട്ടതിന് ശേഷം, യഹൂദന്‍മാര്‍ക്കിടയില്‍ അന്ന് ഉണ്ടായിരുന്ന പരീശന്മാര്‍, സദൂക്യര്‍ എന്നീ വിഭാഗക്കാര്‍ ദൈവാലയം പുനസ്ഥാപിക്കേണം എന്നു ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ചു സദൂക്യര്‍ക്ക് ദൈവാലയമില്ലാത്ത യഹൂദ മതത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കൂടി പ്രയാസം ആയിരുന്നു. അതിനാല്‍ യഹൂദന്മാര്‍ വീണ്ടും 132 AD മുതല്‍ 135 AD വരെയുള്ള കാലയളവില്‍, സൈമണ്‍ ബാര്‍ കൊഖ്ബാ (Simon Bar Kokhba) എന്ന യഹൂദന്‍റെ നേതൃത്വത്തില്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി. ഈ കലാപവും റോമന്‍ സൈന്യം നിഷ്കരുണം അടിച്ചമര്‍ത്തി. മാത്രവുമല്ല, അതിനുശേഷം, യഹോദന്മാര്‍ യഹൂദ്യ വിട്ടുപോകേണം എന്നു റോമാക്കാര്‍ കല്‍പ്പനയിറക്കി. അതിനാല്‍ അനേകം യഹൂദന്‍മാര്‍ക്ക് വീണ്ടും അവരുടെ സ്വദേശം വിട്ട് അന്യ രാജ്യങ്ങളിലേക്ക് ചിതറി പോകേണ്ടി വന്നു. ഇതോടെ, സമീപ ഭാവിയില്‍ എപ്പോഴെങ്കിലും തങ്ങളുടെ രാജ്യവും ദൈവാലയവും പുനസ്ഥാപിക്കുവാന്‍ കഴിയും എന്ന പ്രതീക്ഷ യഹൂദന്‍മാര്‍ക്ക് നഷ്ടപ്പെട്ടു.

ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, യഹൂദ ദൈവാലയത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം, റോമാക്കാര്‍, അവിടെ ഒരു റോമന്‍ ക്ഷേത്രം നിര്‍മ്മിച്ചു. എന്നാല്‍ പിന്നീട്, അവര്‍ അത് ഉപേക്ഷിച്ചു. AD 636 ലോ 637 ലോ റഷീദുന്‍ കാലിഫേറ്റ് (Rashidun Caliphate) എന്ന മുസ്ലിം സൈന്യം യെരൂശലേമിനെ, കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തില്‍ നിന്നും, പിടിച്ചെടുത്തു. 685 ല്‍ ഉമയ്യാദ് കാലിഫ് (Umayyad caliph), ടെമ്പിള്‍ മൌണ്ടില്‍ ഡോം ഓഫ് ദി റോക്ക് എന്ന സ്മാരകം നിര്‍മ്മിച്ചു. അത് ഒരു മുസ്ലിം പള്ളി ആയി അല്ല, ഒരു സ്മാരകമായിട്ടാണ് അദ്ദേഹം നിര്‍മ്മിച്ചത്. ബഹുമാന്യന്‍ ആയ പ്രവാചകനായ മുഹമ്മദ് ഈ സ്ഥലത്തു നിന്നുമാണ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത് എന്നു വിശ്വസിക്കപ്പെടുന്നു. അങ്ങനെ യഹൂദന്മാരുടെ ദൈവാലയം നിന്നിരുന്ന ടെമ്പിള്‍ മൌണ്ട് മുസ്ലിം ഭരണകര്‍ത്താക്കളുടെ അധീനതയില്‍ ആയി. നാലാമത്തെ കാലിഫേറ്റ് ആയ ഒട്ടോമന്‍ സാമ്രാജ്യം AD 1516 മുതല്‍ 1917 വരെ യെരൂശലേമിനെ ഭരിച്ചു.

മൂന്നാമത്തെ ദൈവാലയം

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, യാഥാസ്ഥിക യഹൂദന്മാര്‍, എല്ലാ ദിവസവും മൂന്നു പ്രാവശ്യം ദൈവാലയത്തിന്‍റെ പുനസ്ഥാപനത്തിനായി പ്രാര്‍ഥിക്കാറുണ്ട്. എങ്കിലും ദൈവാലയ പുനര്‍ നിര്‍മ്മാണത്തെ കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ യഹൂദന്‍മാര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അവരില്‍ ചിലര്‍ ഇനിയും ഒരു ദൈവാലയത്തിന്‍റെ ആവശ്യമുണ്ടോ എന്നു സംശയിക്കുന്നു. എന്നാല്‍ യാഥാസ്ഥിക യഹൂദന്മാര്‍ ദൈവാലയം പുനസ്ഥാപിക്കപ്പെടും എന്നും യാഗങ്ങള്‍ വീണ്ടും ആരംഭിക്കും എന്നും വിശ്വസിക്കുന്നു. മദ്ധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന മൈമോനൈഡ്സ് (Maimonides) എന്ന പ്രസിദ്ധ യഹൂദ പണ്ഡിതന്‍റെ അഭിപ്രായത്തില്‍, ദൈവം യാഗങ്ങളെ ഇന്ന് പ്രാര്‍ഥനയാക്കി മാറ്റിയിരിക്കുകയാണ്. പ്രാര്‍ഥനയും ശക്തമായ ആരാധന ആണ്. 

യാഥാസ്ഥിക യഹൂദന്മാരില്‍ തന്നെ ഒരു കൂട്ടര്‍, യഹൂദന്മാര്‍ കാത്തിരിക്കുന്ന മശിഹാ വന്നു കഴിഞ്ഞ്, ശത്രുക്കളെ സകലരെയും തോല്‍പ്പിച്ച് ഒരു വിശാലമായ യഹൂദ രാജ്യം സ്ഥാപിക്കുകയും, അദ്ദേഹത്തിന്റെ ഭരണകാലത്ത് ആലയം പുനസ്ഥാപിക്കപ്പെടുകയും ചെയ്യും എന്നാണ് വിശ്വസിക്കുന്നത്. മശിഹാ ദൈവാലയം വീണ്ടും നിര്‍മ്മിക്കുകയും പൌരോഹിത്യം പുനസ്ഥാപിക്കുകയും ചെയ്യും. അപ്പോള്‍ യാഗങ്ങള്‍ വീണ്ടും ആരംഭിക്കും. അതിനാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന യഹൂദന്മാര്‍ ദൈവാലയം പുനസൃഷ്ടിക്കേണ്ടതില്ല എന്നു അവര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരു വിഭാഗം യഹൂദന്മാര്‍, ആലയത്തിന്റെ പുനസ്ഥാപനത്തിനായി ദിവസവും പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ മൃഗങ്ങളെ യാഗം കഴിക്കുന്നതിനോട് അവര്‍ യോജിക്കുന്നില്ല. ദയയും സ്നേഹവും പാപങ്ങള്‍ക്കുള്ള പരിഹാരമാണ് എന്നു അവര്‍ വിശ്വസിക്കുന്നു. നവീകരണ വാദികള്‍ ആയ യഹൂദന്മാര്‍, ആലയവും മൃഗങ്ങളുടെ യാഗങ്ങളും ഇനി ആവശ്യമില്ല എന്നു കരുതുന്നു.

യഥാര്‍ഥത്തില്‍, യിസ്രായേല്‍ ഭരണകൂടത്തിന്, യെരൂശലേമിലെ ദൈവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തോട് രാക്ഷ്ട്രീയ കാരണങ്ങളാല്‍ യോജിപ്പില്ല. ഇപ്പോള്‍ ടെമ്പിള്‍ മൌന്‍‌ഡില്‍ നില്‍ക്കുന്ന മുസ്ലീം പുണ്യ കെട്ടിടങ്ങളെ പൊളിച്ചുകളഞ്ഞിട്ട്, മറ്റൊന്നു പണിയുക പ്രയാസമാണ്. അത് മുസ്ലിം രാജ്യങ്ങളില്‍ നിന്നുമുള്ള തീവ്രമായ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തും. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും മുസ്ലീം പള്ളി പൊളിക്കുന്നതിനെയും, അവിടെ യഹൂദ ആലയം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്നു. ഇസ്ലാമിക അധികാരികള്‍, ഈ സ്ഥലത്തു, ഒരു കാലത്ത്, യഹൂദ ദൈവാലയം നിലനിന്നിരുന്നു എന്ന് അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ, ഒരു കലാപം ഒഴിവാക്കുവാനായി, ടെമ്പിള്‍ മൌണ്ടിലേക്ക് യഹൂദന്മാര്‍ പ്രവേശിക്കുന്നത് യിസ്രായേല്‍ ഭരണകൂടം തന്നെ, നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

മൂന്നാമത്തെ ആലയവും ക്രിസ്തീയ വിശ്വാസവും

യഹൂദ ദൈവാലയവുമായി യാതൊരു കാര്യവും ക്രിസ്തീയ വിശ്വാസികള്‍ക്കില്ല, എങ്കിലും അവര്‍ അതിനെക്കുറിച്ച് ഉല്‍കണ്ഠ ഉള്ളവര്‍ ആണ്. സുവിശേഷ വിഹിത ക്രിസ്തീയ വിഭാഗങ്ങള്‍, ദൈവാലയം പുനസ്ഥാപിക്കേണം എന്നു ആഗ്രഹിക്കുന്നവര്‍ ആണ്. കാരണം അത് യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ അടയാളമാണ് എന്നു അവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം, യഹൂദ ദൈവാലയത്തിലെ രക്തം ചൊരിഞ്ഞുള്ള യാഗത്തിന്‍റെ നിഴല്‍ ആയിരുന്നു എന്ന് റോമന്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ വിശ്വസിക്കുന്നു. പെസഹ പെരുന്നാളിന്‍റെ ആദ്യ ദിവസം, ലോകത്തിന്റെ പാപത്തിന് പരിഹാരമായി ആണ് യേശു അവന്റെ നിര്‍ദ്ദോഷമായ രക്തം ചൊരിഞ്ഞു മരിച്ചത്. അതിനാല്‍ പാപ പരിഹാരത്തിന്നായുള്ള, രക്തം ചൊരിഞ്ഞുള്ള എല്ലാ യാഗങ്ങളും എന്നന്നേക്കുമായി റദ്ദാക്കപ്പെട്ടിരിക്കുന്നു.

നമുക്ക് ഇപ്പോള്‍ ക്രിസ്തു എന്ന മഹാപുരോഹിതന്‍ ജീവിക്കുന്നുണ്ട്. ഒരേ സമയം രണ്ടു മഹാ പുരോഹിതന്മാര്‍ ഉണ്ടാകുക സാധ്യം അല്ല. അതിനാല്‍ വീണ്ടും യഹൂദന്‍മാര്‍ക്കിടയില്‍ ഒരു മഹാപുരോഹിതനെ ആവശ്യമില്ല. വീണ്ടും ജനനം പ്രാപിച്ച ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നതിനാല്‍, അവരുടെ ഹൃദയങ്ങള്‍ ദൈവാലയങ്ങള്‍ ആയി മാറിയിരിക്കുന്നു. ദൈവത്തെ ആരാധിക്കുവാനായുള്ള, വിശ്വാസികളുടെ കൂടിവരവും ആലയത്തിന്റെ പൊരുള്‍ ആണ്. അതിനാല്‍ മൂന്നാമതൊരു ദൈവാലയം യെരൂശലേമില്‍ ആവശ്യമില്ല എന്ന് അവര്‍ കരുതുന്നു. 

എന്നാല്‍ മറ്റൊരു കൂട്ടം ക്രിസ്തീയ പണ്ഡിതന്മാര്‍, യഹൂദ ദൈവാലയം പുനസൃഷ്ടിക്കപ്പെടേണം എന്ന് തന്നെ വാദിക്കുന്നു. അതിനു അന്ത്യകാലത്തെക്കുറിച്ചുള്ള ക്രൈസ്തവ വിശ്വാസത്തില്‍ വളരെ പ്രസക്തി ഉണ്ട്. ഇന്ന് മോശെയുടെ ഉടമ്പടിയും, പുതിയനിയമ ഉടമ്പടിയും ഒരേ സമയത്ത് നിലനില്‍ക്കുന്നു എന്നതാണു ഇതിന്റെ അടിസ്ഥാന വാദം. ആദ്യകാല സഭാ പിതാക്കന്മാര്‍ ആയിരുന്ന, ഐറേനിയസ്, ഹിപ്പോലൈറ്റസ് (Irenaeus and Hippolytus) എന്നിവര്‍, മൂന്നാമത്തെ ദൈവാലയത്തിന്റെ നിര്‍മ്മാണം എതിര്‍ ക്രിസ്തുവിന്റെ ഭരണത്തിന്‍റെ അടയാളമായി കണ്ടു. എതിര്‍ ക്രിസ്തു ലോക ഭരണം ഏറ്റെടുക്കുമ്പോള്‍, യിസ്രായേലും, അയല്‍ രാജ്യങ്ങളും ആയി ഒരു ഒത്തുതീര്‍പ്പില്‍ എത്തിച്ചേരും എന്നും, അതിന്റെ ഫലമായി മൂന്നാമത്തെ യഹൂദ ദൈവാലായം യെരൂശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ തന്നെ നിര്‍മ്മിക്കപ്പെടും എന്നും അവര്‍ കരുതുന്നു. അതിന് ശേഷം, എതിര്‍ക്രിസ്തു, താന്‍ മശിഹാ ആണ് എന്ന് പ്രഖ്യാപിക്കുകയും, സകല മനുഷ്യരും അവനെ ആരാധിക്കേണം എന്ന് ആവശ്യപ്പെടുകയും ചെയ്യും എന്നും അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ യഹൂദ ദൈവാലയം എതിര്‍ക്രിസ്തു ഭരണം ഏറ്റ് എടുത്തത്തിന് ശേഷം മാത്രമേ നിര്‍മ്മിക്കപ്പെടുകയുള്ളൂ എന്നാണ് അവര്‍ കരുതുന്നത്.  

ടെമ്പിള്‍ ഇന്‍സ്റ്റിറ്റൂട്ട്

ടെമ്പിള്‍ ഇന്‍സ്റ്റിറ്റൂട്ട്, ടെമ്പിള്‍ മൌണ്ട് എറെറ്റ്സ് യിസ്രായേല്‍ ഫെയിത്ത്ഫുള്‍ മൂവ്മെന്‍റ് (Temple Institute and Temple Mount Eretz Yisrael Faithful Movement) എന്നീ യഹൂദ സംഘടനകള്‍, മൂന്നാമത്തെ ആലയത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നു. അബ്രഹാം യിസ്ഹാക്കിനെ യാഗം കഴിച്ച, മോറിയ എന്ന മലമുകളില്‍, ഇപ്പോള്‍ ടെമ്പിള്‍ മൌണ്ട് എന്ന് അറിയപ്പെടുന്ന സ്ഥലത്തു തന്നെ ആലയം പുനര്‍ നിര്‍മ്മിക്കേണം എന്ന് അവര്‍ വാദിക്കുന്നു. 1987 മുതല്‍ ഇവര്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു. ബ്രിട്ടനിലെ റോബെര്‍ട് ഹാമില്‍ട്ടന്‍ (Robert Hamilton) എന്ന പുരാവസ്തു ഗവേഷകന്‍ രണ്ടാമത്തെ ദൈവാലയത്തിന്‍റെ ചില അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടീഷ് ഗവര്‍ണ്‍മെന്‍റ് രഹസ്യമായി വച്ചിരിക്കുന്നു എന്നും പറയപ്പെടുന്നു.

യഹൂദന്മാരുടെ ഉന്നത ന്യായാധിപ സംഘമായ സനെഡ്രിന്‍ (Sanhedrin) ദൈവാലയത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായും, ആലയത്തിലെ വേലകള്‍ക്കായും തയ്യാറെടുപ്പുകള്‍ നടത്തുന്നു എന്നും വാര്‍ത്ത ഉണ്ട്. ആലയത്തിലെ ശുശ്രൂഷകള്‍ക്ക് ആവശ്യമായ കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുവാനായി അവര്‍ ഒരു പ്രത്യേകം ഇടം തന്നെ ക്രമീകരിക്കുന്നു എന്ന് പറയപ്പെടുന്നു. ന്യായാധിപ സംഘത്തിലെ അംഗമായ, റബ്ബി റിച്ച്മാന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു ചുവന്ന പശുക്കിടാവിനെ യഹൂദ്യ ദേശത്തില്‍ തന്നെ കണ്ടെത്തുവാനുള്ള ശ്രമവും നടക്കുന്നു. സംഖ്യാപുസ്തകം 9 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച്, ആലയത്തില്‍ ശുശ്രൂഷ ചെയ്യേണ്ടതിന്, ലേവ്യര്‍ ആചാരപ്രകാരം ശുദ്ധരാകേണ്ടതുണ്ട്. അതിന്, ചുവന്ന പശുക്കിടാവിന്‍റെ മാസം തീയില്‍ ചുട്ടു ലഭിക്കുന്ന ഭസ്മം കലക്കിയ വെള്ളം കൊണ്ട് അവരെ തളിക്കേണം. അതായത്, ചുവന്ന പശുക്കിടാവിന്‍റെ യാഗം നടക്കാതെ ആലയത്തിനുള്ളിലേക്ക് ശുദ്ധിയോടെ ലേവ്യര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയുക ഇല്ല. എന്നാല്‍, ഒന്നാമത്തെയും രണ്ടാമത്തെയും ആലയത്തിന്റെ ഇടയിലെ 1000 വര്‍ഷങ്ങളുടെ കാലയളവില്‍,  9 ചുവന്ന പശുക്കിടാങ്ങളെ മാത്രമേ യാഗം കഴിച്ചിട്ടുള്ളൂ. അതിനാല്‍, പത്താമത്തെ ചുവന്ന പശുക്കിടാവിന്‍റെ യാഗം മശിഹാ വരുമ്പോള്‍ നടക്കും എന്ന് യഹൂദന്മാര്‍ വിശ്വസിക്കുന്നു.

യഹൂദ ന്യായാധിപസംഘം, പുരോഹിതന്മാരെ ദൈവാലയത്തിലെ ശുശ്രൂഷകള്‍ക്കായി പരിശീലിപ്പിക്കുന്നു എന്നൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. പുരോഹിതന്മാരുടെ പ്രത്യേക ജോലികളും, ആലയത്തിലെ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടുന്ന രീതിയും, അവര്‍ മാതൃകയായി നിര്‍മ്മിച്ചിരിക്കുന്ന ഹോമയാഗപീഠത്തിലെ വേലകളും പുരോഹിതന്മാര്‍ പരിശീലിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. വേദപുസ്തകം പറയുന്നതനുസരിച്ച്, മഹാ പുരോഹിതന്‍റെ വസ്ത്രവും വിശുദ്ധ സ്ഥലത്തേയും അതിവിശുദ്ധ സ്ഥലത്തേയും തമ്മില്‍ വേര്‍തിരിക്കുന്ന തിരശ്ശീലയും ചുവപ്പുനൂല്‍ കൊണ്ട് ഉണ്ടാക്കേണം. ഇതിനായി ഉപയോഗിയ്ക്കുന്ന പ്രത്യേകതയുള്ള ചുവപ്പ് നിറം ഉണ്ടാക്കുവാനുള്ള ശാസ്ത്രീയ വിദ്യയും അവര്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. യഹൂദ്യയില്‍ കാണുന്ന ഒരുതരം ചുവന്ന പുഴുക്കളുടെ മുട്ടയില്‍ നിന്നും ഈ ചുവപ്പ് തയ്യാറാക്കാം എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആലയം നിര്‍മ്മിക്കുവാനായി, വിശദമായ രൂപരേഖയും, കിന്നരം, കാഹളം, യാഗപീഠം, പുരോഹിതന്മാരുടെ വസ്ത്രം, നിലവിളക്ക്, ശുദ്ധീകരണത്തിന്നായുള്ള തൊട്ടി എന്നിവയെല്ലാം അവര്‍ തയ്യാറാക്കി കഴിഞ്ഞു. പഴയനിയമ ചരിത്രത്തോടു യോജിക്കുന്ന രീതിയില്‍ തന്നെ, ആലയത്തിന്റെ പല ഭാഗങ്ങളും അവര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. തക്ക സമയത്ത് അവയെ എല്ലാം ആലയത്തിന്റെ സ്ഥലത്തു കൂട്ടി യോജിപ്പിക്കാവുന്ന രീതിയില്‍ ആണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.  

എന്നാല്‍, ടെമ്പിള്‍ മൌണ്ടിനെ കുറിച്ചും മൂന്നാമത്തെ യഹൂദ ആലയം അവിടെ നിര്‍മ്മിക്കുന്നതിനെ കുറിച്ചും ഒരു രാക്ഷ്ട്രീയ സമവായം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നു യഹൂദ ന്യായാധിപ സംഘം വിശ്വസിക്കുന്നു. നിയപരമായ പരിഹാരമല്ല, രാക്ഷ്ട്രീയ സമവായമാണ് പ്രശ്ന പരിഹാരത്തിന് നല്ലത് എന്നു അവര്‍ വിശ്വസിക്കുന്നു.

മൂന്നാമത്തെ ദൈവാലയം ആവശ്യമുണ്ടോ?

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മൂന്നാമത്തെ ദൈവാലയം എന്ന ആവശ്യത്തോട് യോജിക്കാത്ത അനേകം യഹൂദന്മാര്‍ ഇന്ന് യിസ്രയേലില്‍ ഉണ്ട്. മശിഹായുടെ വരവില്‍ മാത്രമേ ആലയം നിര്‍മ്മിക്കപ്പെടുകയുള്ളൂ എന്നും, ഇപ്പോഴുള്ള മുസ്ലീം പള്ളിയും കെട്ടിടങ്ങളും പൊളിക്കുക എന്നത് അധാര്‍മ്മികം ആണ് എന്നും അവര്‍ വാദിക്കുന്നു. മാത്രവുമല്ല, ഇതിനോടകം, ദൈവാലയ നിര്‍മ്മിതിക്കായി അനേകം തയ്യാറെടുപ്പുകള്‍ നടത്തിയ ന്യായാധിപ സംഘത്തിന്, ആലയത്തിന്റെ നീളം, വീതി എന്നിവ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ട്. വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അളവുകളെ ആധുനിക അളവുകളാക്കി കൃത്യതയോടെ മാറ്റുവാന്‍ പ്രയാസമാണ്. ദൈവത്താല്‍ അഭിഷിക്തനായ ഒരുവന് മാത്രമേ കൃത്യമായും ഇപ്പോഴത്തെ അളവുകള്‍ പറയുവാന്‍ കഴിയൂ. ഇവിടെയും മശിഹായുടെ വരവ് ആവശ്യമായി തീരുന്നു.  

ഇതെല്ലാം കൂടാതെ, ഒന്നാമത്തെയും രണ്ടാമത്തെയും ആലയം നിന്നിരുന്ന സ്ഥലത്തെക്കുറിച്ചും ഏക അഭിപ്രായം ഇല്ല. ഇപ്പോള്‍ നില്‍ക്കുന്ന മുസ്ലിം പുണ്യ സ്മാരകമായ ഡോം ഓഫ് ദി റോക്ക് എന്ന കെട്ടിടം നില്‍ക്കുന്ന അതേ സ്ഥലത്താണ് ശലോമോന്‍റെ ആലയം നിന്നിരുന്നത് എന്നു ചില പണ്ഡിതന്‍മാര്‍ വാദിക്കുന്നു. എന്നാല്‍, ദൈവാലയം അവിടെ ആയിരുന്നില്ല എന്നും, അത് അല്‍-അക്സ എന്ന മുസ്ലിം പള്ളി നിന്നിരുന്ന ഇടത്തായിരുന്നു എന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. ഈ രണ്ടു കെട്ടിടങ്ങളുടെയും മദ്ധ്യേ ഉള്ള സ്ഥലത്തായിരിക്കേണം ആലയം നിന്നിരുന്നത് എന്നും വാദമുണ്ട്. ചിലര്‍, ടെമ്പിള്‍ മൌണ്ടില്‍ തന്നെ മറ്റ് സ്ഥലങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ അനേകം യഹൂദന്മാര്‍, രാക്ഷ്ട്രീയ കാരണത്താല്‍, ടെമ്പിള്‍ മൌണ്ടില്‍ ദൈവാലയം നിര്‍മ്മിക്കുന്നതിനോട് യോജിക്കുന്നില്ല. അവര്‍ ഇപ്പോഴത്തെ അവസ്ഥ അംഗീകരിക്കുവാന്‍ തയ്യാറാണ്.

യിസ്രായേലിലും, യെരൂശലേമിലും, ഇന്ന് സംഭവിക്കുന്ന കാര്യങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരു ക്രിസ്തീയ വിശ്വാസിക്കും ഒന്നു തീര്‍ച്ചയാണ്: നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തു വീണ്ടും വരുവാന്‍ കാലമായി. അതിനായി നമുക്ക് ഒരുങ്ങി ഇരിക്കാം. 

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.  ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854. 

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment