യേശുക്രിസ്തു ഒരു യഹൂദനായി ജനിച്ച്, യഹൂദ റബ്ബി ആയി പ്രവര്‍ത്തിച്ച്, അവരുടെ ഭാഷയില്‍ സംസാരിച്ച്, അവരുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിവരിച്ചുകൊണ്ടു ഈ ഭൂമിയില്‍ ജീവിച്ച ഒരു വ്യക്തി ആയിരുന്നു. അവന്റെ ശിഷ്യന്മാര്‍, യേശുവിനോടൊപ്പം ജീവിച്ചപ്പോഴും, യേശുവിന്റെ മരണ ശേഷവും, യേശുവിന്‍റെ ഉയര്‍പ്പിനും, പരിശുദ്ധാത്മ സ്നാനത്തിനും ശേഷവും, യഹൂദന്മാര്‍ ആയിരുന്നു. അവര്‍ അവരുടെ യഹൂദ പശ്ചാത്തലം ഒരിക്കലും ഉപേക്ഷിച്ചു കളഞ്ഞിരുന്നില്ല.
ജാതികളുടെ അപ്പോസ്തലന്‍ എന്നാണ്
പൌലൊസ് അറിയപ്പെടുന്നത്. എന്നാല്‍, പൌലൊസിന്റെ
അവസാനത്തെ യെരൂശലേം സന്ദര്‍ശനത്തിന്‍റെ വഴിമദ്ധ്യേ,
കെംക്രയയിൽവെച്ചു നാസീർവ്രതത്തിന്‍റെ നേര്‍ച്ച നിവര്‍ത്തിക്കുവാനായി, തല ക്ഷൌരം ചെയ്ത സംഭവം നമ്മള്‍ അപ്പൊസ്തല പ്രവര്‍ത്തികള്‍ 18 ആം
അദ്ധ്യായത്തില്‍ വായിക്കുന്നു. ഇത് അവന്‍ ജീവിതാന്ത്യത്തോളം യഹൂദന്‍ ആയി തുടര്‍ന്നു
എന്നതിന്റെ തെളിവാണ്.
മറ്റൊരു സംഭവം നമ്മള്‍ അപ്പോസ്തല പ്രവര്‍ത്തികള്‍ 21 ആം അദ്ധ്യായത്തില്‍ വായിക്കുന്നുണ്ട്. അവന്‍ യെരൂശലേമില്‍ എത്തിയപ്പോള്‍, അവിടെ ഉണ്ടായിരുന്ന നേർച്ചയുള്ള നാലു പുരുഷന്മാരെ കൂട്ടിക്കൊണ്ടു ദൈവാലയത്തിലേക്ക് ചെന്ന്, അവരോടുകൂടെ അവനെയും ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്തു. ഇതും അവന്‍ യഹൂദ പശ്ചാത്തലം ഉപേക്ഷിച്ചു കളഞ്ഞില്ല എന്നതിന്റെ തെളിവാണ്. ഒരു യഹൂദന് ക്രിസ്തീയ വിശ്വാസത്തില്‍ ജീവിക്കുവാന്‍, അവന്‍ യഹൂദന്‍ അല്ലാതെ ആയി തീരേണ്ട കാര്യമില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. യഹൂദന്‍ എന്നത് അവരുടെ സത്വം ആണ്. അത് അവര്‍ക്ക് ഉപേക്ഷിക്കുവാന്‍ സാധ്യവും അല്ല.
പൌലോസ്, തന്റെ മിഷനറി യാത്രയില്‍ എപ്പോഴും, പുതിയ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആദ്യം, യഹൂദ പള്ളികളില്‍ സുവിശേഷം അറിയിക്കുകയും, പഴയനിയമ തെരുവെഴുത്തുകളുടെ അടിസ്ഥാനത്തില്‍ യേശു മശിഹാ തന്നെ എന്ന് തെളിയിക്കുകയും ചെയ്യുക പതിവായിരുന്നു. യഹൂദന്മാര്‍ സുവിശേഷത്തെ സ്വീകരിക്കാതെ ഇരിക്കുമ്പോള്‍ അദ്ദേഹം അവരെ ഉപേക്ഷിച്ചിട്ട് ജാതികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലും. ഇതായിരുന്നു പൌലോസിന്റെ പതിവ്.
അപ്പോസ്തലനമാരുടെ യഹൂദ സത്വം അവര്‍
ഉപേക്ഷിച്ചില്ല എന്നത് ഒരു കുറവായി ഇവിടെ പറയുക അല്ല. അവരുടെ യഹൂദ പശ്ചാത്തലം
ശക്തമായി തന്നെ അവര്‍ കൊണ്ടുനടന്നു എന്ന സത്യം നമ്മള്‍ മനസ്സിലാക്കിയിരിക്കേണം
എന്ന് പറയുക മാത്രമാണ്. ഇത് അവരുടെ കാഴ്ചപ്പാടുകളെയും ഉപദേശങ്ങളെയും മനസ്സിലാക്കുവാന്‍
ഏറെ സഹായിക്കും.
എന്നാല്‍ നമ്മള്‍, ഇന്നത്തെ നൂറ്റാണ്ടില്‍ ജീവിക്കുമ്പോള്‍, യേശുവിന്‍റെയും ശിഷ്യന്മാരുടെയും യഹൂദ പശ്ചാത്തലവും, അവര്‍ അതില്‍ നിന്നുകൊണ്ടാണ് ഉപദേശങ്ങള്‍ സംസാരിച്ചത് എന്നതും ഗണിക്കാറില്ല. ഇത് അവരുടെ വാക്കുകളെ ശരിയായി ഗ്രഹിക്കുന്നതിന് നമുക്ക് തടസ്സമാണ്.
ഈ സാമൂഹിക സത്യത്തിന്‍റെ വെളിച്ചത്തില്‍, യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും, ആദ്യകാല അപ്പോസ്തലന്മാരും, യേശുക്രിസ്തുവിനെ എങ്ങനെ ആണ് മനസ്സിലാക്കിയത് എന്നതാണ് ഈ പഠനത്തില്‍ നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. അതായത് യഹൂദന്മാര്‍ ആയിരുന്ന, എക്കാലവും യഹൂദന്മാര്‍ ആയി തന്നെ തുടര്‍ന്നിരുന്ന അപ്പോസ്തലന്മാര്‍ യേശു ആരാണ് എന്നും അവന്‍ പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം എന്താണ് എന്നും മനസ്സിലാക്കിയിരുന്നത് എങ്ങനെ ആയിരുന്നു.
അവരുടെ മനസ്സിലാക്കലിന് രണ്ടു കാലഘട്ടത്തിലായി, രണ്ടു തലങ്ങള്‍ ഉണ്ട്. ഒന്നു യേശുവിനോടൊപ്പം നടക്കുകയും, യേശുവിന്‍റെ മരണം, ഉയിര്‍പ്പ് എന്നിവ കാണുകയും ചെയ്ത ഒന്നാമത്തെ കാലഘട്ടം ആണ്. രണ്ടാമത്തേത്, പെന്തക്കോസ്ത് നാളില്‍, പരിശുദ്ധാത്മാവ് അവരുടെമേല്‍ വരുകയും, യേശു അവരോടു നേരില്‍ പറഞ്ഞതും അധികവുമായ ആത്മീയ മര്‍മ്മങ്ങള്‍, അവര്‍ക്ക് വെളിപ്പെട്ട് കിട്ടിയതിന് ശേഷമുള്ള കാലഘട്ടം ആണ്.
യഹൂദന്മാരുടെ മശിഹാ
ആരായിരുന്നു യഹൂദന്മാരുടെ മശിഹാ? ഇത് മനസ്സിലാക്കിയാലെ, ശിഷ്യന്മാര്‍ അവന്റെ ഭൌതീക ശുശ്രൂഷാ കാലത്ത്, യേശുവിനെ എങ്ങനെ ആണ് മനസ്സിലാക്കിയത് എന്നും ശിഷ്യന്‍മാര്‍ക്ക് എന്തുകൊണ്ട് യേശുവിനെ ആത്മീയ തലത്തില്‍ മനസ്സിലായില്ല എന്നും നമുക്ക് പഠിക്കുവാന്‍ കഴിയൂ.
യഹൂദന്മാരുടെ മശിഹായെ നമുക്ക് ഇങ്ങനെ നിര്‍വചിക്കാം. മശിഹാ എന്നത്, യഹൂദന്മാരുടെ
ദൈവശാസ്ത്രത്തില്‍ ഉടലെടുത്ത ഒരു കാഴ്ചപ്പാട് ആണ്. അവന്‍ ഭാവിയില്‍
വരുവാനിരിക്കുന്ന ഒരു മഹാപുരോഹിതനോ, രാജാവോ ആകാം. മശിഹാ, അഭിഷേക തൈലത്താല്‍ അഭിഷേകം ചെയ്യപ്പെട്ട ഒരു വ്യക്തി ആണ്. അവന്‍, ദൈവത്താല്‍ നിയമിതന്‍ ആയ ഒരു യഹൂദനും, ഭൌതീകമായ
യിസ്രായേല്‍ രാജ്യത്തിന്റെ രാജാവും ആയിരിയ്ക്കും.
യഹൂദന്മാരുടെ അന്ത്യകാല സംഭവങ്ങളെ
കുറിച്ചുള്ള കാഴ്ചപ്പാടില്‍, മശിഹാ എന്നത്, ഭാവിയില്‍ വരുവാനിരിക്കുന്ന ഒരു യഹൂദ
രാജാവാണ്. യഹൂദന്‍മാര്‍ക്ക്, മശിഹാ ദൈവമോ, ദൈവ പുത്രനോ അല്ല. അവന്‍ ഒരു രാക്ഷ്ട്രീയ നേതാവാണ്. അവന്‍ യഹൂദ രാജാവായ
ദാവീദിന്‍റെ വംശാവലിയില്‍, അദ്ദേഹത്തിന്റെ മകന്‍ ശലോമോന്‍റെ
പിന്തലമുറക്കാരനായി ജനിക്കുന്ന ഒരു യിസ്രായേല്യന്‍ ആണ്. മശിഹായെ
ദാവീദിന്‍റെ പുത്രന്‍ എന്നു വിളിക്കുന്നത് ഇതിനാല്‍ ആണ്. ദാവീദിന്‍റെ പിന്തുടര്‍ച്ച, മശിഹായുടെ രാജകീയ അവകാശത്തെ കാണിക്കുന്നു. അതിനാല്‍, അവര്‍ മശിഹായേ, രാജാവായ മശിഹാ എന്നും
വിളിക്കാറുണ്ട്.
അവന്‍ ഭൌതീക തലത്തില്‍ തന്നെ, യിസ്രയേലിന്‍റെ രാജാവാകുകയും, യഹൂദ രാജ്യത്തെ ശത്രുക്കളുടെ കൈയില്‍ നിന്നും എന്നന്നേക്കുമായി വിടുവിക്കുകയും ചെയ്യും എന്നായിരുന്നു അവരുടെ വിശ്വസം. യഹൂദന്മാര്‍ ഭൌതീക തലത്തില്‍ സ്ഥാപിക്കപീടുന്ന ഒരു രാജ്യത്തില്‍ വിശ്വസിച്ചിരുന്നു. മശിഹാ ഈ ഭൂമിയില്‍ സ്ഥാപിക്കുന്ന ഭരണ കാലത്തെ ആണ് അവര്‍ മശിഹായുടെ കാലം അല്ലെങ്കില്‍ Messianic Age എന്നു വിളിച്ചിരുന്നത്.
യഹൂദന്മാരുടെ ഈ കാഴ്ചപ്പാട് ആണ്, പഴയനിയമ ചരിത്രത്തിലൂടെയും പ്രവചന
പുസ്തങ്ങളിലൂടെയും ശിഷ്യന്മാര്‍ മനസ്സിലാക്കിയ മശിഹായേക്കുറിച്ചുള്ള അറിവ്.
ഈ അറിവിന്റെ അടിസ്ഥാനത്തില്‍ ആണ് അവര്‍ യേശുവിനെ കണ്ടതും
മനസ്സിലാക്കുവാന്‍ ശ്രമിച്ചതും. അവര്‍ യേശുവില്‍ വിശ്വസിച്ചതും, അവന്‍ യഹൂദന്മാര് കാത്തിരിക്കുന്ന മശിഹാ ആണ് എന്ന ചിന്തയോടെ ആണ്.
എന്നാല്‍ ഈ അറിവുകള്‍, യേശുവിന്‍റെ ജീവിതവും, പഠിപ്പിക്കലും
മരണവുമായി ബന്ധിപ്പിക്കുവാന്‍ ആണ് ശിഷ്യന്മാര്‍ ഏറെ പ്രയാസപ്പെട്ടത്. യേശു
ശിഷ്യന്മാരുമായി, പത്രോസുമായി പോലും,
ചില അവസരങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായത്തില്‍ നിന്നിരുന്നത്, ഈ ചേര്‍ച്ച കുറവിനാല്‍ ആയിരുന്നു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശുക്രിസ്തു മശിഹാ ആണ് എന്നു അവര്‍ വിശ്വസിച്ചു. എന്നാല്‍ അവരുടെ മനസ്സില്‍ ഉള്ള മശിഹായുടെ ചിത്രവുമായി യേശു പലപ്പോഴും ചേര്‍ന്ന് പോയില്ല. യഹൂദ റബ്ബിമാരുടെ തെറ്റായ വ്യാഖ്യാനങ്ങളും അതിനാല്‍ ഉണ്ടായ തെറ്റായ സങ്കല്‍പ്പങ്ങളും ആണ് ഇതിന് കാരണം.
യേശു മശിഹാ ആണ് എന്നു ശിഷ്യന്മാര്‍ വിശ്വസിച്ചതിന് മതിയായ കാരണങ്ങള്‍ ഉണ്ട്.
അതും നമ്മള്‍ മനസ്സിലാക്കിയിര്‍ക്കേണം.
യേശു ദൈവത്തിന്റെ ആത്മാവിനാല്‍ നടത്തപ്പെട്ടിരുന്നു. അവന്‍ ദൈവ രാജ്യത്തിന്റെ
ആഗമനം പ്രഖ്യാപിച്ചു. അവന്‍ രോഗികളെ സൌഖ്യമാക്കി, ഭൂതങ്ങളെ ശാസിച്ചു,
അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്തു. മരിച്ചവരെ ഉയിര്‍പ്പിച്ചു, കുഷ്ഠരോഗികളെ സൌഖ്യമാക്കി. യേശു വെള്ളത്തിന്‍ മീതെ നടന്നു, കാറ്റിനെയും കടലിനെയും ശാസിച്ചു തന്റെ അധികാരം വ്യക്തമാക്കി. അവന്‍ ചില
സംഭവങ്ങളില്‍ ന്യായപാലനം ചെയ്തു. അവന്‍ സാമാധാനത്തിന്റെ വാഹകന്‍ ആയിരുന്നു. ദൈവാലയം
അവന്‍ പുതുക്കി പണിയും എന്ന് പറഞ്ഞു.
യേശു കഷ്ടം അനുഭവക്കുന്ന ദാസന്‍ ആയിരുന്നു. അവന്റെ സുവിശേഷം യഹൂദന്മാരുടെ
ഇടയില്‍ മാത്രമല്ല, ശമര്യയിലേക്കും ജാതികളിലേക്കും ഇറങ്ങി ചെന്നു. അവന്‍ സകല
മനുഷ്യരെയും ചേര്‍ത്തു നിറുത്തി.
യേശു ദാവീദിന്റെ വംശാവലിയില്‍ ജനിച്ചവന്‍ ആണ്. അവന്‍ യെരൂശലേമിലേക്ക് കഴുതപ്പുറത്തു, രാജാവായി പ്രഖ്യാപിച്ചുകൊണ്ടു യാത്ര ചെയ്തു. അവന്‍ തന്റെ രാജ്യം എന്നേക്കും സ്ഥിരമായി സ്ഥാപിക്കും എന്ന് വാഗ്ദത്തം നല്കി. ഇതെല്ലാം, യേശു മശിഹാ ആണ് എന്ന് വിശ്വസിക്കുവാന്‍ ശിഷ്യന്‍മാര്‍ക്ക് മതിയായ കാരണങ്ങള്‍ ആയിരുന്നു.
എന്നാല്‍ അവരുടെ പ്രശനം, അവര്‍ പരിശുദ്ധാത്മാവില്‍ നിറയുന്നത് വരെ, ക്രിസ്തുവിന്‍റെ രാജ്യത്തിന്റെ ഭൌതീക തലത്തില്‍ ഉള്ള നിവൃത്തിയെക്കുറിച്ചാണ് ചിന്തിച്ചിരുന്നത് എന്നതാണ്. ഇതിനാല്‍ ആണ് അവര്‍ യേശുവിനെ ശരിയായി ആത്മീയ തലത്തില്‍ മനസ്സിലാക്കാതെ പോയത്. പിന്നീട് പരിശുദ്ധാത്മ അഭിഷേകം ആണ് അവര്‍ക്ക് പുതിയ വെളിപ്പാടു നല്കിയത്. ഭൌതീക തലത്തിലെ യേശുവും, പരിശുദ്ധാത്മ അഭിഷേകത്തിനു ശേഷം അവര്‍ക്ക് വെളിപ്പെട്ടു ലഭിച്ച ആത്മീയ തലത്തിലെ മശിഹായും, ഒരേ വ്യക്തിയെക്കുറിച്ചുള്ള രണ്ടു വ്യത്യസ്തമായ കാഴപ്പാടുകള്‍ ആയിരുന്നു.
ഒന്നിലധികം പ്രാവശ്യം അവരുടെ ഭൌതീക തലത്തിലുള്ള കാഴ്ചപ്പാടുകളെ യേശുക്രിസ്തു
തിരുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. ഇത് യേശുവിന്റെ ഇഹലോക ശുശ്രൂഷ വേളയിലും അവന്‍
ഉയിര്‍ത്തെഴുന്നേറ്റത്തിന് ശേഷവും സംഭവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ യേശുവിന്റെ
ശുശ്രൂഷകളോ, അവന്റെ ഉപദേശങ്ങളോ, അവന്റെ മരണമോ, ഉയിര്‍പ്പോ, ഒരു ഭൌതീക രാജ്യം എന്ന ശിഷ്യന്മാരുടെ
സങ്കല്‍പ്പത്തിന് മാറ്റം ഉണ്ടാക്കിയില്ല.
അവര്‍ക്ക് യേശു പറഞ്ഞത് ചിലപ്പോള്‍ മനസ്സിലായില്ല, മറ്റ് ചിലപ്പോള്‍ മനസ്സിലായി. എന്നാല്‍ ഭൌതീക തലം വിട്ട് ആത്മീയ കാഴ്ചപ്പാടിലേക്ക് പോകുവാന്‍ ആദ്യ ഘട്ടത്തില്‍ അവര്‍ക്ക് കഴിഞ്ഞില്ല.
യേശു എന്ന ഭൌതീക രാജാവ്
യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷാ കാലത്ത്, അവന്റെ മരണം ഉയിര്‍പ്പ് എന്നിവ കഴിഞ്ഞാല്‍, ഏറ്റവും പ്രധാനപ്പെട്ട സംഭവം, അവന്റെ യെരൂശലേം പ്രവേശനം ആണ്. ഇതിന്‍റെ വിവരണം നമ്മള്‍ എല്ലാ സുവിശേഷങ്ങളിലും വായിക്കുന്നുണ്ട്. യോഹന്നാന്‍ 12 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് അതിനെ കുറിച്ച് അല്‍പ്പം ചിന്തിക്കാം.
യേശുക്രിസ്തു രാജാവായി യെരൂശലേം പട്ടണത്തിലേക്കു പ്രവേശിക്കുന്നതിന്‍റെ വിവരണം
ആണിത്. അവന്റെ ശുശ്രൂഷ ഏകദേശം മൂന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗലീലയില്‍ ആരംഭിച്ച്, യെരൂശലേമിലേക്ക്
വരുകയായിരുന്നു. ഈ യാത്രയില്‍, അവന് 12 ശിഷ്യന്മാര്‍
ഉണ്ടായി. വലിയ ഒരു കൂട്ടം യഹൂദന്മാരും, ജാതികളില്‍ നിന്നുള്ള
ചിലരും അവന്റെ അനുയായികളായി. അവന്റെ യാത്രയുടെ അതിമ ലക്ഷ്യം യെരൂശലേം ആണ്.
യെരൂശലേമില്‍ അവന്‍ എത്തിയതിന്‍റെ ഉദ്ദേശ്യം, യേശുവിന്റെ മനസ്സില്‍ ഉണ്ടായിരുന്നതും, അവന്റെ ശിഷ്യന്മാരും അനുയായികളും മനസ്സിലാക്കിയതും വ്യത്യസ്തം ആയിരുന്നു. യേശു യെരൂശലേമില്‍ എത്തുമ്പോള്‍, രാജ്യം സ്ഥാപിക്കപ്പെടും എന്നും അവന്‍ രാജാവായി വാഴ്ച ആരംഭിക്കും എന്നുമാണ് ശിഷ്യന്മാരും കൂടെ ഉള്ള ജനവും ചിന്തിച്ചത്. അതിനാല്‍ അവന്റെ യെരൂശലേം പ്രവേശനം ജനങ്ങള്‍ ആഘോഷിക്കുക ആണ്. യേശു ഒരു ഭൌതീക രാജ്യത്തിന്റെ രാജാവായി യെരൂശലേമിലേക്ക് പ്രവേശിക്കുക ആണ് എന്ന് ജനങ്ങള്‍ കരുതി. ഇതാണ് സന്ദര്‍ഭം.
സമയം പെസഹ പെരുന്നാളിന്റെ ദിവസങ്ങള്‍ ആണ്. പെരുന്നാൾ ആചരിക്കുവാനായി വലിയ പുരുഷാരം യെരൂശലേമില്‍ വന്നിട്ടുണ്ട്. ഇതില്‍ ഗലീലയില്‍ നിന്നുള്ളവര്‍ അനേകര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ദിവസം, ബെഥാന്യയിൽ നിന്നും യേശു യെരൂശലേമിലേക്ക് വരുന്നുണ്ട് എന്നു അറിഞ്ഞ ജനങ്ങള്‍, അവനെ എതിരേല്‍ക്കുവാന്‍ തയ്യാറായി. അവര്‍ ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു. ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ജനം ആർത്തുവിളിച്ചു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി, യാത്രചെയ്തു.
ഇത്രയും പറഞ്ഞിട്ടു, യോഹന്നാനാന്‍, യഹൂദന്മാര്‍ കാത്തിരുന്ന മശിഹായെ കുറിച്ചുള്ള, സെഖര്യാവു 9:9 ല്‍ പറഞ്ഞിരിക്കുന്ന ഒരു പ്രവചനം, ഓര്‍ത്ത് ഇവിടെ എഴുതുന്നു. “സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. (യോഹന്നാന്‍ 12:15).
“ഹോശന്നാ” എന്ന വാക്കിന്‍റെ അര്‍ത്ഥം രക്ഷിക്ക എന്നാണ്. അത്
രക്ഷിക്കുവായുള്ള അപേക്ഷയാണ്. ജനം കൈയില്‍ കരുതിയിരുന്ന ഈത്തപ്പനയുടെ കുരുത്തോലകള്‍, ജയാളിയായ ഒരു രാജാവിന്‍റെ വരവിനെ സൂചിപ്പിക്കുന്നു. തുടര്‍ന്നു അവര്‍
പറയുന്നത്, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ
വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നാണ്.
ആ അവസരത്തില്‍, ജനങ്ങളും ശിഷ്യന്മാരും, “സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന, സെഖ്യരാ പ്രവാചകന്‍ മശിഹായേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തോ എന്ന് നമുക്ക് നിശ്ചയം ഇല്ല. ഓര്‍ത്തിരിക്കുവാന്‍ സാദ്ധ്യത ഉണ്ട്. കാരണം യെഹൂദന്മാരുടെ പ്രതീക്ഷയായ യിസ്രയേലിന്റെ രാജാവിനെ ആണ് അവര്‍ യേശുവില്‍ കാണുന്നത്. യോഹന്നാന്‍ ഇവിടെ, യേശുവിന്റെ യാത്രയെ യിസ്രയേലിന്റെ രാജാവായുള്ള പട്ടണ പ്രവേശനമായി ചിത്രീകരിക്കുക ആണ്.
യേശുക്രിസ്തു യഹൂദന്മാര്‍ കാത്തിരുന്ന മശിഹാ ആണ് എന്ന് ജനങ്ങളും ശിഷ്യന്മാരും മനസ്സിലാക്കി. ദാവീദിന്‍റെ വംശാവലിയില്‍ പെട്ട യേശു, ഉടന്‍ തന്നെ ഒരു രാജ്യം സ്ഥാപിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്തു. അവരുടെ പ്രതീക്ഷ ഒരു ഭൌതീക രാജ്യം ആയിരുന്നു. അതുകൊണ്ടാണ്, യോഹന്നാന്‍ ഈ വിവരണത്തോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വാചകം കൂടെ രേഖപ്പെടുത്തുന്നത്:
യോഹന്നാന്‍ 12:16 “ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.”
ഈ ആഘോഷങ്ങളുടെ നിറം കെടുത്തുന്ന ഒരു വാക്യമാണിത്. ഇതില്‍ ചില സത്യങ്ങള്‍ അടങ്ങിയിട്ടും ഉണ്ട്. യേശുവിന്‍റെ യെരൂശലേം പ്രവേശനത്തിന്‍റെ ചുക്കാന്‍ പിടിച്ച ശിഷ്യന്‍മാര്‍ക്ക്, അതിന്റെ ആത്മീയ മര്‍മ്മം അപ്പോള്‍ മനസ്സിലായില്ല. അവരും ഭൌതീക രാജ്യം ഉടന്‍ സ്ഥാപിക്കപ്പെടും എന്ന ചിന്തയില്‍ ആയിരുന്നു. പിന്നീട് പരിശുദ്ധാത്മാവ് ഇതെല്ലാം മനസ്സിലാക്കി കൊടുത്തപ്പോള്‍ മാത്രമേ അവര്‍ക്ക് ശരിയായ അര്‍ത്ഥം മനസ്സിലായുള്ളൂ.
ശിഷ്യന്‍മാര്‍ക്ക് ഇങ്ങനെ ആശയകുഴപ്പം ഉണ്ടായ അവസരം ഇത് ആദ്യത്തേത് അല്ല, അവസാനത്തേതും അല്ല. യേശുവിനോടൊപ്പം നടന്നപ്പോള്‍, ശിഷ്യന്‍മാര്‍ക്ക് ശരിയായ ആത്മീയ അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിയാതിരുന്ന യേശുവിന്റെ പ്രബോധനങ്ങളും, പ്രവചനങ്ങളും, ഉപമകളും മറ്റ് സംഭവങ്ങളും ഉണ്ട്.
ലൂക്കോസ് 18: 32-34 വരെയുള്ള വാക്യങ്ങളില്‍, യേശുവിനെ യഹൂദന്മാര്‍
റോമന്‍ ഭരണകൂടത്തിന് ക്രൂശിക്കുവാനായി ഏല്‍പ്പിച്ചുകൊടുക്കും എന്ന് യേശു തന്നെ
മുങ്കൂട്ടി പറയുന്നതായി നമ്മള്‍ വായിക്കുന്നു. എന്നാല്‍ അപ്പോള്‍ അത് ശിഷ്യന്‍മാര്‍ക്ക്
ശരിയായി ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല.
യേശു പറഞ്ഞത് ഇതെല്ലാം ആണ്: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. (31) അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും (32) മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. (33). 34 ആം വാക്യത്തില്‍ ഈ സംഭാഷണം ഉപസംഹരിക്കുന്നത് ഇങ്ങനെ ആണ്: “അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.” അതായത്, യേശു എന്ന മശിഹായുടെ ആഗമന ഉദ്ദേശ്യം, അവന്‍ വിശദീകരിച്ചു കൊടുത്തിട്ടും, ശിഷ്യന്‍മാര്‍ക്ക് മനസ്സിലായില്ല.
ഇത്രയും മനസ്സിലാക്കികൊണ്ടു, മത്തായി 16 ലും മര്‍ക്കൊസ് 8 ആം അദ്ധ്യായത്തിലും വിവരിക്കപ്പെടുന്ന മറ്റൊരു സുപ്രധാന സംഭവത്തിലേക്ക് നമുക്ക് പോകാം. യേശുവിനെ ശിഷ്യന്മാര്‍ എങ്ങനെ മനസ്സിലാക്കിയിരുന്നു എന്നതിന്റെ ഒരു നേര്‍ചിത്രം ഇവിടെ ലഭിക്കും. യേശു യാത്രാ മദ്ധ്യേ, ശിഷ്യന്മാരോടു: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു ”എന്നു ചോദിച്ചു. ജനങ്ങള്‍ യേശുവിനെ കുറിച്ച്, യോഹന്നാൻസ്നാപകനെന്നും, ഏലീയാവെന്നും, യിരെമ്യാവ് പ്രവാചകന്‍ എന്നും മറ്റ് പ്രവാചകന്മാരിൽ ഒരുത്തൻ എന്നും പറയുന്നു എന്ന് അവര്‍ മറുപടി പറഞ്ഞു. ഇത് ജനങ്ങളുടെ മാത്രം ചിന്തയല്ല, ഇതൊക്കെ തന്നെ ആയിരുന്നു അവരുടെയും ചിന്തകള്‍.
ജനങ്ങള്‍ യേശുവിനെ മശിഹയായി കണ്ടിരുന്നില്ല എന്നൊരു ധ്വനി കൂടി നമുക്ക് ഇവിടെ
നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ശിഷ്യന്മാരുടെ ആശയക്കുഴപ്പവും
അടങ്ങിയിട്ടുണ്ട്. കാരണം യേശു പ്രസംഗിക്കുന്ന ദൈവരാജ്യവും യഹൂദന്മാര്‍ ആയ
ശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്ന ദൈവരാജ്യവും തമ്മില്‍ പൊരുത്തപ്പെട്ടിരുന്നില്ല.
ഇവിടെ ആണ് പത്രൊസിന്റെ മറുപടി തിളങ്ങി നില്‍ക്കുന്നത്. “എന്നാൽ നിങ്ങൾ എന്നെ
ആർ എന്നു പറയുന്നു” എന്ന യേശുവിന്റെ ചോദ്യത്തിന്, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ
ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു. (മത്തായി 16;16)
എന്നാല്‍ പറഞ്ഞത് എന്താണ് എന്ന് പത്രൊസ് ശരിയായി ഗ്രഹിച്ചുവോ എന്ന് നമുക്ക്
സംശയം ഉണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശു, ദൈവത്തിന്‍റെ
പുത്രന്‍ ആയ ക്രിസ്തു ആണ് എന്നുള്ള വെളിപ്പാടു ദൈവത്തില്‍ നിന്നും അവന്‍ പ്രാപിച്ചു
എങ്കിലും,
ഭൌതീകതയില്‍ നിന്നും മാറി ചിന്തിക്കുവാന്‍ അവന് കഴിഞ്ഞില്ല.
ഇത് നമുക്ക് തുടര്‍ന്നുള്ള വാക്യങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും.
മര്‍ക്കൊസ് 8: 31-33 വരെയുള്ള വാക്യങ്ങള്‍ തുടര്‍ന്നു
സംഭവിച്ച കാര്യങ്ങളുടെ വിവരണം ആണ്. യേശു ക്രിസ്തു തുടര്‍ന്നു പറഞ്ഞു: അവന്‍ പല
വിധത്തിലുമുള്ള കഷ്ടം സഹിക്കേണ്ടി വരും. യഹൂദ മൂപ്പന്മാരും മഹാപുരോഹിതന്മാരും
ശാസ്ത്രിമാരും അവനെ തള്ളിക്കളയും. അവനെ കൊല്ലും. എന്നാല്‍ മൂന്നു നാൾ കഴിഞ്ഞിട്ടു
അവൻ ഉയിർത്തെഴുന്നേല്‍ക്കും.
ഇത് പത്രൊസിന് അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല. ഒരു പക്ഷേ കൂടെ ഉള്ള ശിഷ്യന്‍മാര്‍ ആരും ഇതിനെ അംഗീകരിച്ച് കാണുക ഇല്ല. അതിനാല്‍, 32 ആം വാക്യം പറയുന്നു: “അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി. മത്തായി 16: 22 ല്‍ പറയുന്നതിങ്ങനെ ആണ്: “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.”
പത്രോസിന് യേശു, ക്രിസ്തു ആണ്, അഥവാ മശിഹാ ആണ് എന്ന്
മനസ്സിലായി, എന്നാല്‍ മശിഹാ ആരാണ് എന്ന് ഗ്രഹിക്കുവാന്‍
അപ്പോഴും കഴിഞ്ഞില്ല. ഇതാണ് ശിഷ്യന്‍മാര്‍ക്ക് പൊതുവേ പറ്റിയ അബദ്ധം.
യഹൂദ മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുക എന്ന്
പറഞ്ഞാല്‍, അവന്‍ മത വിദ്വേഷി ആയി പ്രഖ്യാപിക്കപ്പെടും എന്നാണ് അര്‍ത്ഥം. ഇത് മശിഹായ്ക്ക്
ചേര്‍ന്ന മരണം അല്ല. അവന്‍ കൊല്ലപ്പെടും എന്നതും മശിഹായ്ക്ക് യോജിച്ച അനുഭവം അല്ല.
യഹൂദന്മാരുടെ മശിഹാ, നിത്യനായ രാജാവാണ്. അവന്‍ കൊല്ലപ്പെടുകയല്ല, അവന്‍ ശത്രുക്കളെ കൊല്ലുകയാണ് ചെയ്യുന്നത്. അവനെ ആര്‍ക്കും പീഡിപ്പിക്കുവാനും തടവില്‍ ആക്കുവാനും കഴിയുക ഇല്ല.
അതായത്, ശിഷ്യന്മാര്‍, യേശുവിന്റെ ഇഹലോക ജീവിതത്തിന്റെ അന്ത്യത്തോട് അടുക്കുമ്പോഴും, യേശു ക്രിസ്തു എന്ന മശിഹായുടെ ആത്മീയ രാജ്യത്തെക്കുറിച്ച് ശരിയായി ഗ്രഹിച്ചിരുന്നില്ല. അതിനുള്ള കാരണം അവരുടെ ഭൌതീകമായ കാഴ്ചപ്പാട് ആയിരുന്നു. ഭൌതീക രാജ്യം എന്ന കാഴ്ചപ്പാട് യഹൂദന്മാരുടെ പ്രതീക്ഷയായ മശിഹായെ കുറിച്ചുള്ള കാഴപ്പാട് ആയിരുന്നു. അതുകൊണ്ടാണ് യേശു പത്രൊസിനോട് ഇങ്ങനെ മറുപടി പറഞ്ഞത്: “…. നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു” (മര്‍ക്കൊസ് 8:33)
എന്നിരുന്നാലും, യേശുക്രിസ്തു, മശിഹാ ആണ് എന്നതും അവന്‍ നിത്യമായ രാജ്യം സ്ഥാപിക്കും എന്നതും ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും അവരുടെ കാഴ്ചപ്പാടില്‍ നിന്നും ഒരിയ്ക്കലും മാറിപ്പോയില്ല. അവര്‍ യേശുവില്‍ വിശ്വസിച്ചു; അവന്‍ മശിഹാ ആണ് എന്നു തന്നെ വിശ്വസിച്ചു. എന്നാല്‍ യേശുവിനെ, മശിഹാ എന്ന നിലയില്‍ ശരിയായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദൈവരാജ്യത്തിന്റെ ആത്മീയ മര്‍മ്മത്തിലേക്ക് കടക്കുവാന്‍ അവര്‍ക്ക് പെന്തക്കോസ്ത് നാള്‍ വരെ കാത്തിരിക്കേണ്ടി വന്നു. എന്നു പറഞ്ഞാല്‍, യേശുവിനെ കുറിച്ചുള്ള ആത്മീയ മര്‍മ്മം, അവര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നതുവരെ, അവര്‍ യേശുവിനെ വ്യത്യസ്തമായ ഒരു തലത്തിലാണ് മനസ്സിലാക്കിയിരുന്നത്.
വിശ്വാസവും ആത്മീയ മര്‍മ്മങ്ങള്‍ ഗ്രഹിക്കുന്നതും രണ്ടാണ്. അവ എപ്പോഴും ഒരുമിച്ച് ഉണ്ടാകേണം എന്നില്ല.
എന്നാല്‍ അവരുടെ അജ്ഞത കാരണം അവരെ യേശു തള്ളികളഞ്ഞില്ല. യേശു അവരോടു പറഞ്ഞു:
“എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹന്നാന്‍ 14: 26).
മശിഹാ എന്ന കാഴ്ചപ്പാടിനെ യേശു പുനര്‍നിവചിക്കുന്നു
യേശുവിന്റെ മരണത്തിന് മുമ്പായി പല പ്രാവശ്യം, മശിഹായെക്കുറിച്ചുള്ള യഹൂദ ചിന്തകളെ പുനര്‍ നിവ്വചിക്കുവാന്‍ യേശു ശ്രമിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു സംഭവം മാത്രം ഇവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു.
യേശുവിന്റെ ക്രൂശീകരണത്തിന് മുമ്പ്, അവന്‍ മഹാപുരോഹിതന്‍റെ മുമ്പാകെ വിചാരണ നേരിടുന്നതാണ് സന്ദര്‍ഭം. യഹൂദ മത പ്രമാണിമാര്‍ യേശുവിനെതിരെ ദൈവദൂഷകന്‍ എന്ന കുറ്റം കണ്ടെത്തുവാന്‍ ശ്രമിക്കുക ആണ്. അവര്‍ പല കാര്യങ്ങളും യേശുവിനെതിരെ ആരോപിച്ചു എങ്കിലും യേശു മിണ്ടാതിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍ ചോദിച്ചു:
മത്തായി 26: 63, 64
63 ... നീ ദൈവപുത്രനായ
ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു
നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
64 യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
ഇവിടെ യേശു, അവന്‍ ദൈവപുത്രന്‍ ആണ് എന്നും യഹൂദന്മാര്‍ കാത്തിരിക്കുന്ന മശിഹാ അഥവാ
ക്രിസ്തു ആണ് എന്നും ഉറപ്പിച്ച് പറയുക ആണ്. മാത്രവുമല്ല,
അവന്‍ അതിനോട് ഒരു ആത്മീയ മര്‍മ്മവും കൂട്ടിച്ചേര്‍ത്തു. ദാനീയേലിന്റെ ദര്‍ശനത്തില്‍
നിന്നും അവന്‍ ഒരു ചിത്രം എടുത്തു പറഞ്ഞു: അവന്‍ “ആകാശമേഘങ്ങളെ വാഹനമാക്കി
വരുന്നതും നിങ്ങൾ കാണും”. ഇത് ഭൌതീക തലത്തിലെ ഒരു സംഭവം അല്ല. ഉടന്‍ നടക്കുവാന്‍
പോകുന്നതും അല്ല. ഭാവിയില്‍ സംഭിക്കുവാനിരിക്കുന്ന ഒരു ആത്മീയ സംഭവം ആണ്. യേശു
എന്ന മശിഹാ, മനുഷ്യനായ യോദ്ധാവല്ല, മനുഷ്യനായ
രാജാവല്ല. ഭൌതീക രാജ്യം സ്ഥാപിക്കുവാന്‍ വന്നതും അല്ല.
പക്ഷേ അവര്‍ക്ക് യേശു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല. കാരണം, അവര്‍, യേശുവില്‍ കുറ്റം കണ്ടു പിടിക്കുവാനുള്ള തിരക്കില്‍ ആയിരുന്നു. അവരുടെ മശിഹാ ഭൌതീക മണ്ഡലത്തിലെ രാജാവാണ്.
ഈ വിചാരണയ്ക്ക് ശേഷം, യേശുവിനെ നമ്മള്‍ പീലാത്തൊസിന് മുന്നില്‍ നില്‍ക്കുന്നതായി കാണുന്നു. ഇവിടെ യേശു നില്‍ക്കുന്നത് റോമന്‍ സാമ്രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച കലാപകാരി ആയിട്ടാണ്. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍, പീലാത്തൊസ് യേശുവിനോടു ചോദിച്ചു:
മത്തായി 27: 11
.... നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി
ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
യേശു പറഞ്ഞതിന് ഒരു വിശദീകരണം അവന്‍ തന്നെ പറയുന്നതു നമുക്ക്
യോഹന്നാന്‍റെ സുവിശേഷത്തില്‍ വായിയ്ക്കാം.
യോഹന്നാന്‍ 18: 36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
യേശു പറഞ്ഞത് ഇതാണ്. അവന്‍ യഹൂദന്മാര് കാത്തിരിക്കുന്ന രാജാവായ മശിഹാ ആണ്. എന്നാല്‍ അവന്റെ രാജ്യം ഭൌതീക തലത്തില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യമല്ല. അത് ആത്മീയ മണ്ഡലത്തില്‍ എന്നന്നേക്കുമായി സ്ഥാപിക്കപ്പെടുന്ന ദൈവരാജ്യം ആണ്. യേശു ആ രാജ്യത്തിന്റെ രാജാവാണ്.
യേശു ഇവിടെ യഹൂദന്മാരുടെ മശിഹാ എന്ന
ആശയത്തെയും, നിത്യമായ രാജ്യം എന്ന അവരുടെ
കാഴ്ചപ്പാടിനെയും പുനര്‍ നിര്‍വചിക്കുക ആണ്. ശരിയായി പറഞ്ഞാല്‍, യേശു യഹൂദന്മാരുടെ കാഴപ്പാടിനെ ഭൌതീക തലത്തില്‍ നിന്നും ആത്മീയ
തലത്തിലേക്ക് മാറ്റി സ്ഥാപിക്കുക ആണ്. ഇത് അപ്പോള്‍ പീലാത്തൊസിനും കൂട്ടര്‍ക്കും, യഹൂദന്‍മാര്‍ക്കും, ശിഷ്യന്‍മാര്‍ക്കും
മനസ്സിലായില്ല.
ലേഖനങ്ങളിലെ യേശു എന്ന മശിഹാ
ഇനി നമുക്ക് പുതിയനിയമ ലേഖനങ്ങളിലെ യേശു
എന്ന മശിഹായെക്കുറിച്ചുള്ള കാഴ്ചപ്പാട് മനസ്സിലാക്കാം.
ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, പരിശുദ്ധാത്മ അഭിഷേകത്തിന് ശേഷമാണ്, യേശു ആരാണ്, എന്നും, അവന്‍ ഭൌതീക തലത്തില്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം എന്തായിരുന്നു എന്നും, അവന്‍റെ മരണത്തിന്‍റെ മര്‍മ്മവും, ദൈവരാജ്യത്തിന്റെ ആത്മീയ തലവും ശിഷ്യന്‍മാര്‍ക്ക് മനസ്സിലായത്. മുമ്പ് അവര്‍ മനസ്സിലാക്കിയുരുന്ന മശിഹായും പരിശുദ്ധാത്മാവ് അവര്‍ക്ക് വെളിപ്പെടുത്തികൊടുത്ത മശിഹായും തമ്മില്‍, ദൈവരാജ്യം സ്ഥാപിക്കുന്ന രാജാവായ മശിഹാ എന്ന കാഴ്ചപ്പാട് പൊതുവേ ഉണ്ടായിരുന്നു. എന്നാല്‍, ആത്മീയ തലത്തില്‍ വ്യത്യാസം ഉണ്ടായിരുന്നു. യേശു മശിഹാ ആണ് എന്ന ചിന്തയ്ക്കല്ല, ആരാണ് മശിഹാ എന്ന ചിന്തയ്ക്കു ആണ് വ്യത്യാസം വന്നത്.
ക്രിസ്തീയ ദൈവശാസ്ത്രത്തിലെ മശിഹാ എന്ന കാഴപ്പാട് യഹൂദ ചിന്തയില്‍ നിന്നും ഉടലെടുത്തത് ആണ്. എന്നാല്‍, ക്രിസ്തീയ വിശ്വാസത്തില്‍, മശിഹാ ദൈവപുത്രന്‍ കൂടി ആണ്. മശിഹായെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങള്‍ യേശുവില്‍ നിവൃത്തിയായി എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ദാവീദിന്‍റെ വംശാവലിയില്‍ യേശു ജനിക്കുകയും, അവന്റെ വിചാരണ വേളയില്‍ അവന്‍ മശിഹായും രാജാവും ആണ് എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ക്രൂശീകരണ വേളയില്‍ അവനെ രാജാവായി റോമന്‍ ഭരണകൂടം പ്രഖ്യാപിച്ചു, അത് ക്രൂശില്‍ എഴുതി വച്ചു. മശിഹായെ കുറിച്ചുള്ള ശേഷിച്ച പ്രവചനങ്ങള്‍ ഭാവിയില്‍ നിവൃത്തിയാകും എന്നും അവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു വീണ്ടും വരുകയും, പുതിയ ഒരു ലോക ക്രമം ആരംഭിക്കുകയും ചെയ്യും. യെരൂശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കപ്പെടും. യേശുവിന്റെ രാജ്യം, ഭൌതീക രാജ്യമല്ല, അത് ആത്മീയമായ രാജ്യം ആണ്. ഇതെല്ലാം ആണ് ക്രിസ്തുവിനെ കുറിച്ചുള്ള ക്രൈസ്തവ വിശ്വാസികളുടെ കാഴ്ചപ്പാട്.
എബ്രായ വാക്കായ മശിഹാ എന്നതിന്‍റെ ഗ്രീക്കു
ഭാഷയില്‍ ഉള്ള പദം ആണ് ക്രിസ്തു എന്നത്. ഈ വാക്കിനാല്‍, പുതിയ നിയമത്തില്‍ യേശുവിനെ മശിഹാ എന്നു പല പ്രാവശ്യം
വിളിക്കുന്നുണ്ട്.
മര്‍ക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ, “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:” എന്ന് പറഞ്ഞുകൊണ്ടാണ്. മര്‍ക്കോസ് സുവിശേഷം എഴുതുന്നതു ഏകദേശം AD 70 നു മുമ്പായിരിക്കേണം. ആദ്യം എഴുതപ്പെട്ട സുവിശേഷ ഗ്രന്ഥം മര്‍ക്കോസിന്‍റേതാണ്. അതായത് പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവ് വരുകയും, അവന്‍ ശിഷ്യന്‍മാര്‍ക്ക് സകലതും വെളിപ്പെടുത്തികൊടുക്കുകയും ചെയ്തതിന് ശേഷമാണ് മര്‍ക്കോസ് സുവിശേഷം എഴുത്തുന്നത്. ഈ വ്യത്യാസം ആണ് നമ്മള്‍ അതിന്റെ ഒന്നാം വാക്യത്തില്‍ കാണുന്നത്: “ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” ഇവിടെ മര്‍ക്കോസ് യേശുവിനെ ദൈവപുത്രന്‍ ആയും ക്രിസ്തു അഥവാ മശിഹാ ആയും കാണുന്നു.
പത്രൊസിന്റെ പ്രസംഗം
യേശുക്രിസ്തു, രാജാവായ മശിഹാ ആണ് എന്നു ശിഷ്യന്മാര്‍ പരസ്യമായി പറയുവാന്‍
തുടങ്ങിയത്, പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മ അഭിഷേകത്തിന്
ശേഷം ആണ്. ആദ്യമായി ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തോട് പരസ്യമായി അറിയിക്കുന്നത്
പത്രൊസ് ആണ്. പത്രൊസിന്റെ ആദ്യത്തെ സുവിശേഷ പ്രസംഗം അപ്പോസ്തല പ്രവര്‍ത്തികള്‍ 2
ആം അദ്ധ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതില്‍ നിന്നും ഒന്നു രണ്ടു
വാക്യങ്ങള്‍ വായിക്കട്ടെ:
അപ്പോസ്തല പ്രവര്‍ത്തികള്‍ 2: 35, 36
35 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ
വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
യേശു, ദൈവപുത്രന്‍ ആണ് എന്നും, നമ്മളുടെ കര്‍ത്താവ് ആണ്
എന്നും, അവന്‍ ക്രൂശിക്കപ്പെട്ടു മരിച്ചു എന്നും, എന്നാല്‍ ദൈവം അവനെ മശിഹാ അഥവാ ക്രിസ്തു ആക്കി വെച്ചിരിക്കുന്നു എന്നും
ഉള്ള ആത്മീയ വെളിപ്പാടു ആണ് പത്രൊസ് പറയുന്നതു. ഉയിര്‍ത്തെഴുന്നേറ്റവനായ യേശു, ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നു. സകല ശത്രുക്കളും അവന്റെ പാദപീഠം
ആകുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോള്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടും.
മശിഹായെക്കുറിച്ചുള്ള യഹൂദന്മാരുടെ സകല കാഴപ്പാടുകളുടെയും നിവൃത്തിയെക്കുറിച്ചാണ് പത്രൊസ് ഇവിടെ പറയുന്നത്. ഈ വെളിപ്പാട് പ്രാപിച്ചതിന് ശേഷം, അപ്പോസ്തലന്മാര്‍ പിന്നീട് ഭൌതീക രാജ്യത്തിനായി കാത്തിരുന്നില്ല. അവരുടെ ശ്രദ്ധ, ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിലേക്ക് തിരിഞ്ഞു. ഭൌതീകതയില്‍ നിന്നും ആത്മീയമായതിലെക്കുള്ള ഒരു തിരിഞ്ഞു നടത്തം ആയിരുന്നു അത്.
പൌലൊസിന്റെ ലേഖനങ്ങള്‍
മശിഹാ എന്ന എബ്രായ
വാക്കിനും, ക്രിസ്തു എന്ന
ഗ്രീക്ക് പദത്തിനും ഒരേ അര്‍ത്ഥവും ആശയവും ആണ് ഉള്ളത് എന്ന് ഞാന്‍ പറഞ്ഞു
കഴിഞ്ഞല്ലോ. ക്രിസ്തു എന്ന വാക്ക് പൌലൊസ് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ തന്നെ 65
പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. റോമര്‍ക്ക് എഴുതിയ ലേഖനം ആരംഭിക്കുന്നത് തന്നെ, “ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു” എന്ന്
പറഞ്ഞുകൊണ്ടാണ്.
ഒന്നാം അദ്ധ്യായം
അഞ്ചാം വാക്യത്തില്‍ പൌലൊസ് പറയുന്നു, യേശുക്രിസ്തു, “ജഡം സംബന്ധിച്ചു ദാവീദിന്റെ
സന്തതിയിൽനിന്നു ജനിക്കയും” ചെയ്തു.
റോമിലെ അന്നത്തെ ക്രിസ്തീയ സഭയില്‍ യഹൂദന്മാരും ഇതര പശ്ചാത്തലത്തില്‍ നിന്നു ഉള്ളവരും ഉണ്ടായിരുന്നു. അവരോടു യേശു, യഹൂദന്മാര്‍ കാത്തിരുന്ന, ദാവീദിന്റെ സന്തതിയായി ജനിച്ച മശിഹാ ആണ് എന്നു സൂചിപ്പിച്ചുകൊണ്ടാണ് പൌലൊസ് ലേഖനം ആരംഭിക്കുന്നത് തന്നെ.
പൌലൊസിന്റെ ലേഖനങ്ങളില്‍ യേശു മശിഹാ ആണ് എന്നു തെളിയിക്കുവാനുള്ള ബന്ധപ്പാടുകള്‍
കാണുന്നില്ല. യേശു മശിഹാ അഥവാ ക്രിസ്തു ആണ് എന്നത് പൌലൊസിന് ഒരു തര്‍ക്ക വിഷയമേ
അല്ല. പൌലൊസ്, യേശുക്രിസ്തു എന്ന പദം തന്റെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നത്
സ്വതന്ത്രമായും, എല്ലായിടവും. യാതൊരു മുഖവുരവും
കൂടാതെയാണ്.
സകല ജാതികളെയും ഉള്‍ക്കൊള്ളുന്ന സുവിശേഷമെന്ന പൌലൊസിന്‍റെ കാഴപ്പാട് തന്നെ, സകലരെയും
ഒരുമിപ്പിക്കുന്ന മശിഹാ എന്ന യഹൂദ കാഴപ്പാടില്‍ നിന്നും രൂപപ്പെട്ടതാകുവാനാണ്
സാധ്യത. ദൈവരാജ്യത്തിന്റെ സുവിശേഷം യഹൂദന്‍മാര്‍ക്ക് മാത്രം ഉള്ളതല്ല, ക്രിസ്തു സകല മനുഷ്യര്‍ക്കും അവകാശപ്പെടാവുന്ന രക്ഷ ആണ്.
അതിയനാല്‍ തന്നെ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന് ശേഷം,
ഒരു ഭൌതീക രാജ്യമെന്ന യഹൂദ ചിന്ത അപ്പോസ്തലന്മാര്‍ കൈവിട്ടു.
കൊലൊസ്യര്‍ 3:1, 2 “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
ഭൌതീകമായത് വിട്ട് ആത്മീയമായത്തിലേക്കുള്ള ഒരു മാറ്റമാണ് ലേഖനങ്ങളിലെ മശിഹാ കാഴപ്പാടിന്റെ മര്‍മ്മം.
ലേഖനങ്ങളില്‍ എല്ലായിടവും യേശുക്രിസ്തു എന്ന പ്രയോഗം നമുക്ക് കാണാം. ഇവിടെ ക്രിസ്തു എന്നത് യേശുവിനോടു ചേര്‍ന്നുള്ള ഒരു പേരായിട്ടല്ല അപ്പോസ്തലന്‍മാര്‍ ഉപയോഗിച്ചിരുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കേണം. യേശുവിന്റെ പേരിന്‍റെ അവസാന ഭാഗം അല്ല ക്രിസ്തു എന്നത്. അവര്‍ യേശുവിനെ മശിഹാ ആയി തന്നെ കണ്ടു. അതിനാല്‍ അവര്‍ യേശുവിനെ ക്രിസ്തു എന്ന് വിളിച്ചു. ക്രിസ്തു എന്നത് യേശുവിന്റെ മശിഹാ എന്ന രീതിയിലുള്ള ദൈവീക പദ്ധതിയെയും അതിലുള്ള അപ്പോസ്തലന്‍മാരുടെ ഉറച്ച വിശ്വാസത്തെയും കാണിക്കുന്നു.
യാക്കോബ് ലേഖനം ആരംഭിക്കുന്നത്, “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു:” എന്ന വാക്കുകളോടെ
ആണ്. “യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ്” എന്നാണ് പത്രൊസ് തന്റെ ലേഖനത്തില്‍ സ്വയം
വിശേഷിപ്പിക്കുന്നത്. യോഹന്നാന്റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ ആണ്: “ഞങ്ങളുടെ
കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” യൂദാ
അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ആരംഭ വാക്യത്തില്‍ സ്വയം പരിച്ചപ്പെടുത്തുന്നതിങ്ങനെ
ആണ്: “യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ
സഹോദരനുമായ യൂദാ”
വെളിപ്പാടു പുസ്തകം ആരംഭിക്കുന്നത് തന്നെ, “യേശുക്രിസ്തുവിന്റെ വെളിപ്പാടു” എന്നു പറഞ്ഞുകൊണ്ടാണ്.
വെളിപ്പാടു പുസ്തകം യേശു ക്രിസ്തുവിന്‍റെ നിത്യമായ രാജ്യം ഭാവിയില്‍ സ്ഥാപിക്കുന്നതിന്‍റെ
ചരിത്രമാണ്.
അതായത് ലേഖനങ്ങളിലും വെളിപ്പാടു പുസ്തകത്തിലും യേശു മശിഹാ ആണ് എന്നതിന് തര്‍ക്കം ഇല്ല. എന്നാല്‍ ഇവിടെ പറയുന്ന യേശു എന്ന ക്രിസ്തു, ഭൌതീക രാജ്യം സ്ഥാപിക്കുന്ന രാജാവാല്ല. “എന്റെ രാജ്യം ഐഹികമല്ല” എന്ന യേശുവിന്റെ വാക്കുകളുടെ മര്‍മ്മം അവര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
ഉപസംഹാരം
ഞാന്‍ ഈ പഠനം ചുരുക്കട്ടെ.
ശിഷ്യന്മാര്‍ യേശുവിനോടു കൂടെ ആയിരുന്നപ്പോള്‍, അവര്‍ ഭൌതീകമായത് അന്വേഷിച്ചു. ഭൌതീകമായതിനെ കുറിച്ച് ചിന്തിച്ചു. അതിനാല്‍, ആത്മീയമായ സത്യങ്ങള്‍ യേശു അവരോടു നേരിട്ട് പറഞ്ഞിട്ടു കൂടി, അത് അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.
ഇന്നും, ഭൌതീകതയുമായുള്ള നമ്മളുടെ ബന്ധം ആത്മീയ അറിവിനെയും ആത്മീയ അനുഭവങ്ങളെയും പ്രാപിക്കുവാന്‍ തടസ്സമായി നില്ക്കുന്നു. യേശു എന്ന ക്രിസ്തു ആരാണ് എന്നു മനസ്സിലാക്കേണം എങ്കില്‍ നമ്മള്‍ ഭൌതീക് കാഴപ്പാടുകളെ വിടേണം. അവന്റെ രാജ്യം ആത്മീയമാണ്. അവിടെക്കു നോക്കി നമുക്ക് വിശ്വാസ യാത്ര ചെയ്യുവാന്‍ കഴിയേണം.
ശിഷ്യന്മാര്‍ക്കു, യേശു ഭൂമിയില്‍ ജീവനടെ ഇരുന്നപ്പോള്‍,
അവന്‍ രാജാവായ മശിഹാ ആയിരുന്നു. അവന് രാജത്വം ഉണ്ട് എന്നും,
അവന്‍ രാജാവായി ഒരു രാജ്യം സ്ഥാപിക്കും എന്നും അവര്‍ വിശ്വസിച്ചു. പെന്തക്കോസ്ത്
നാളില്‍ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചതിന് ശേഷം അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍
വ്യക്തമായി. യേശു വീണ്ടും വരും. അവന്‍ നിത്യമായതും സ്വര്‍ഗ്ഗീയമായതും ആയ ദൈവരാജ്യം
സ്ഥാപിക്കും.
നമ്മള്‍ ഇപ്പോള്‍ ഇത് രണ്ടിനും ഇടയിലുള്ള ഒരു ചെറിയ ഇടവേളയില്‍ ആണ്.
വേദപുസ്തക മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment