ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ?

പുരാതന മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ നാടോടി കഥകളിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രമായിരുന്ന ലിലിത്ത്, ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നുവോ, എന്ന ചോദ്യത്തിനുള്ള ഉത്തരം ആണ് ഇന്നത്തെ പഠന വിഷയം.

പ്രശസ്തമായ ബ്രിട്ടനിക്കാ സര്‍വ്വ വിജ്ഞാനകോശം (Britannica Encyclopedia) പറയുന്നത് അനുസരിച്ച്, യഹൂദ പഴങ്കഥകളിലെ സ്ത്രീയുടെ സത്വമുള്ള ഒരു ഭൂതാത്മാവിന്‍റെ പേരാണ് ലിലിത്ത്. ഈ ഭൂതാത്മാവിനെ ലിലിത്ത് എന്നോ ലില്ലിത്ത് എന്നോ വിളിക്കാം. ആദമിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നും ആദ്യത്തെ ഭാര്യ ആയിരുന്നു ലിലിത്ത് എന്നും കഥകള്‍ ഉണ്ട്. ആധുനിക കാലത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍, അവരുടെ മാതൃകാ സ്ത്രീയായി ലിലിത്തിനെ കാണുന്നു. ലിലിത്തിനെക്കുറിച്ച്, അനേകം സാഹിത്യ രചനകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇന്നത്തെ ക്രിസ്തീയ വിശ്വാസികളുടെ ഇടയില്‍ ചെറുതല്ലാത്ത ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, ഈ ഐതീഹ, പഴങ്കഥകളെ ക്രിസ്തീയ വിശ്വാസികള്‍ എങ്ങനെ മനസ്സിലാക്കേണം എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.

ലിലിത്ത് എന്ന വാക്കിന്റെ അര്‍ത്ഥം രാത്രി എന്നാണ്. അതിനാല്‍ രാത്രിയില്‍ സഞ്ചരിക്കുന്ന, വിഷയാസക്തിയുള്ള, നിയന്ത്രണങ്ങള്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്ന, അപകടകാരികള്‍ ആയ, സ്ത്രീ സത്വമുള്ള ഭൂതാത്മാക്കളെ ഈ പേരിനാല്‍ വിളിച്ചിരുന്നു. ലിലിത്തിനെ കുറിച്ചുള്ള കഥകള്‍ പുരാതന കാലത്ത് ആരംഭിച്ചതും നിലവില്‍ ഇരുന്നതുമായതിനാല്‍, അതിന്റെ ഉല്‍ഭവസ്ഥാനം കൃത്യമായി പറയുവാന്‍ പ്രയാസമുണ്ട്. ഈ ഐതിഹ കഥകളെ നമുക്ക് മെസപ്പൊട്ടേമിയ (Mesopotamia) സംസ്കാരത്തില്‍ കാണുവാന്‍ കഴിയും. അവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന കെട്ടുകഥകളില്‍, ലിലു എന്ന് വിളിക്കപ്പെട്ടിരുന്ന പുരുഷ സ്വത്വമുള്ള ഒരു കൂട്ടം ഭൂതാത്മാക്കളും ലിലിറ്റു എന്ന് പേരുള്ള മറ്റൊരു കൂട്ടം സ്ത്രീ സ്വത്വമുള്ള ഭൂതാത്മാക്കളും ഉണ്ടായിരുന്നു. സ്ത്രീ സ്വത്വമുള്ള ലിലിറ്റു എന്ന ഭൂതാത്മാക്കള്‍, ശിശുക്കളെ കൊല്ലുകയും ഗര്‍ഭിണികള്‍ ആയിരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ ആയിരുന്നു. അതിനാല്‍, ഈ ഭൂതാത്മാക്കളില്‍ നിന്നും രക്ഷ നേടുവാനായി, ശിശുക്കളും സ്ത്രീകളും, ചില സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പേരുകള്‍ എഴുതിയ, മാന്ത്രിക തകിടുകള്‍ ധരിക്കുക പതിവായിരുന്നു.

മെസപ്പൊട്ടേമിയയില്‍ നിന്നും ഈ കഥകള്‍, ബാബിലോണ്‍ സാമ്രാജ്യത്തില്‍ ആകെ പരന്നു. അത് ഹിത്യര്‍, മിസ്രയീമ്യര്‍, യിസ്രായേല്‍, ഗ്രീക്കുകാര്‍ എന്നിവരുടെ ഇടയിലും പ്രചരിച്ചു. അങ്ങനെ വേദപുസ്തകത്തില്‍ യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിലും ഈ പേര് കയറികൂടി. എന്നാല്‍ അക്കാലത്ത് ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നു എന്ന വാദം ഇല്ലായിരുന്നു.

ബാബിലോണിയന്‍ താല്‍മഡ് (Babylonian Talmud)

 

ലിലിത്തിനെക്കുറിച്ച് ബാബിലോണിയന്‍ താല്‍മഡില്‍ ഒരു കഥ ഉണ്ട്. അതിലേക്ക് പോകുന്നതിനു മുമ്പായി, എന്താണ് ബാബിലോണിയന്‍ താല്‍മഡ് എന്നു വ്യക്തമായി മനസ്സിലാക്കേണം. താല്‍മഡ്, യഹൂദന്മാരുടെ മതവിശ്വാസത്തിന്റെ ഒരു പ്രധാന കൃതി ആണ്. ഇത് പ്രധാനമായും യഹൂദ ദൈവശാസ്ത്രത്തേയും അതുമായി ബന്ധപ്പെട്ട നിയമങ്ങളെയും പ്രായോഗികമായി വ്യാഖ്യാനിക്കുക ആണ് ചെയ്യുന്നത്. നിയമങ്ങളുടെ വ്യാഖ്യാനങ്ങളെ ഹലാഖാ എന്നാണ് വിളിക്കുന്നത്.  തല്‍മഡിന് രണ്ട് പതിപ്പുകള്‍ ഉണ്ട്. ഒന്നു യെരൂശലേം തല്‍മഡ് എന്നും മറ്റൊന്നു ബാബിലോണിയന്‍ താല്‍മഡ് എന്നും അറിയപ്പെടുന്നു. അതിന്റെ പേരുപോലെ തന്നെ, ഒന്നു യഹൂദ്യയില്‍ ആയിരുന്ന യഹൂദ വേദ പണ്ഡിതന്മാര്‍ തയ്യാറാക്കിയതും മറ്റൊന്നു ബാബിലോണിലേക്ക് പ്രവാസികള്‍ ആയി പോയ യഹൂദന്മാര്‍ അവിടെ താമസിക്കുമ്പോള്‍ തയ്യാറാക്കിയതും ആണ്.

 

യഹൂദന്മാര്‍, വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെ അവര്‍ തോറ (Torah) എന്നാണ് വിളിക്കുന്നത്. ഇത് സീനായ് പര്‍വ്വതമുകളില്‍ വച്ച്, ദൈവം മോശെയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്ത, എഴുതപ്പെട്ട രേഖയാണ്. ഇതിനെ പെന്‍റാറ്റൂക്ക് (Pentateuch) എന്നും മോശയുടെ അഞ്ചു പുസ്തകങ്ങള്‍ എന്നും വിളിക്കുന്നു. മലയാളത്തില്‍ ഇതിനെ പെന്‍റാറ്റൂക്ക് എന്നതിന്റെ പരിഭാഷയായി പഞ്ചഗ്രന്ഥങ്ങള്‍ എന്നു വിളിക്കാറുണ്ട്.

 

തനാഖ് എന്നാണ് യഹൂദന്മാര്‍ പഴയനിയമത്തെ മൊത്തമായി വിളിക്കുന്നത്. ഇതില്‍ 24 പുസ്തകങ്ങള്‍ ആണ് ഉള്ളത്. ഇതേ തിരുവെഴുത്തുകളെ ആണ് 39 പുസ്തകങ്ങള്‍ ആയി ക്രിസ്തീയ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനാഖും ക്രിസ്തീയ പഴയനിയമവും തമ്മില്‍, പുസ്തകങ്ങളുടെ ക്രമീകരണത്തിലാണ് വ്യത്യാസം ഉള്ളത്. കത്തോലിക്ക സഭ, കിഴക്കന്‍ ഓര്‍ത്ത്ഡോക്സ്, ഗ്രീക്ക് ഓര്‍ത്ത്ഡോക്സ് എന്നീ സഭകള്‍ കൂടുതല്‍ പുസ്തകങ്ങളെ കൂട്ടിച്ചേര്‍ത്തു അതിനെ 46 ആക്കി. എന്നാല്‍ യഹൂദന്‍മാര്‍, 24 പുസ്തകങ്ങള്‍ ഉള്ള തനാഖിനോടൊപ്പം, തിരുവെഴുത്തുകള്‍ ആയി, മറ്റ് യാതൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.     

 

എഴുതപ്പെടാത്ത, വാമൊഴിയാല്‍ കൈമാറികൊടുത്ത, ദൈവീക അരുളപ്പാടുകളെ ആണ് യഹൂദന്മാര്‍ ഓറല്‍ തോറ (Oral Torah) എന്നു വിളിക്കുന്നത്. ദൈവം മോശെയ്ക്ക് ന്യായപ്രമാണങ്ങള്‍ നല്‍കിയപ്പോള്‍, മോശെ അതെല്ലാം എഴുത്തിയെടുത്തിരുന്നു. എന്നാല്‍ ന്യായപ്രാമാണങ്ങളുടെ വിശദാംശങ്ങളും അത് നടപ്പിലാക്കുവാന്‍ സഹായിക്കുന്ന ചില ഉദാഹരണങ്ങളും കൂടെ ദൈവം മോശെയോട് പറഞ്ഞിരുന്നു. അതൊന്നും മോശെ എഴുത്തിയെടുത്തില്ല. എന്നാല്‍ പ്രമാണങ്ങളുടെ ഈ വിശദീകരണങ്ങള്‍ മോശെ ജനത്തെ അറിയിക്കുകയും, അത് യോശുവയോട് കൃത്യമായി പറയുകയും, യോശുവ അത് കൃത്യതയോടെ തന്റെ പിന്‍ഗാമികള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു എന്നാണ് യഹൂദന്മാര്‍ വിശ്വസിക്കുന്നത്. ഈ എഴുതപ്പെടാത്ത, വാമൊഴിയാലുള്ള പ്രമാണങ്ങളെ മിഷ്ന (Mishnah) എന്നാണ് അവര്‍ വിളിക്കുന്നത്. യഹൂദന്മാരുടെ തോറയില്‍, വാമൊഴിയാലുള്ള പ്രമാണങ്ങളും ഉള്‍പ്പെടുന്നു. മിഷ്ന പ്രധാനമായും ന്യായപ്രമാണങ്ങളുടെ വിശദാംശങ്ങള്‍ ആണ്. എന്നാല്‍, പില്‍ക്കാലത്ത്, സദൂക്യരെപ്പോലെയുള്ളവര്‍ മിഷ്നയെ എഴുതപ്പെട്ട തിരുവെഴുത്തുകളെപ്പോലെ ആധികാരികമായി അംഗീകരിച്ചിരുന്നില്ല. പരീശന്മാരും യഹൂദ യാഥാസ്ഥികരും മിഷ്നയെ ആധികാരികവും, തോറയുടെ ഭാഗവുമായി അംഗീകരിച്ചു.

 

തോറയെക്കുറിച്ച്, നമ്മള്‍ ഇന്ന് മനസ്സിലാക്കിയിരിക്കുന്നതിന് വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാട് ആയിരുന്നു യഹൂദന്‍മാര്‍ക്ക് ഉണ്ടായിരുന്നത്. മേശെയുടെ ന്യായപ്രമാണം യഹൂദന് മാത്രം ഉള്ളതാണ് എന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. എന്നാല്‍, അവര്‍ അങ്ങനെ അല്ല അതിനെ കണ്ടിരുന്നത്. Jewish Virtual Library ല്‍ പോയാല്‍ നമുക്ക് വ്യത്യസ്ഥമായ ഒരു വിവരം ലഭിക്കും. തോറ, അഥവാ, മോശെയുടെ ന്യായപ്രമാണം, ദൈവം സകല മനുഷ്യര്‍ക്കും വേണ്ടി നല്‍കിയതാണ്. എന്നാല്‍ മറ്റ് മനുഷ്യ സമൂഹങ്ങള്‍ അതിനെ നിരസിച്ചപ്പോള്‍ അത് യഹൂദന്‍റെത്  മാത്രം ആകുക ആയിരുന്നു. ദൈവം മോശെയ്ക്ക് ന്യായപ്രമാണങ്ങള്‍ നല്‍കുന്നത്, ആരുടേയും രാജ്യമല്ലാത്ത മരുഭൂമിയില്‍ വച്ചാണ്. കാരണം ന്യായപ്രമാണങ്ങള്‍ ഒരു രാജ്യത്തിന്റെയും പ്രത്യേക സ്വത്ത് അല്ല. ദൈവം അത് 70 ഭാഷകളില്‍ പറഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, മറ്റ് മനുഷ്യ സമൂഹകങ്ങള്‍ ദൈവീക ന്യായപ്രമാണത്തെ നിരസിച്ചു എങ്കിലും, യിസ്രായേലിന് അത് നിരസിക്കുവാന്‍ സാദ്ധ്യമല്ല. കാരണം, ദൈവത്തിന്റെ സ്വന്ത ജനമായി, ദൈവം അവര്‍ക്ക് ദൈവമായി, പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ജനമാണ് യഹൂദന്മാര്‍. അതായത്, മോശെ മുഖാന്തിരം അരുളിച്ചെയ്ത, ദൈവത്തിന്റെ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുവാനായി വിളിക്കപ്പെട്ട, രൂപീകരിക്കപ്പെട്ട ജനമാണ് യഹൂദന്മാര്‍. അവര്‍ക്ക് മോശെയുടെ ന്യായപ്രമാണം കൂടാതെ ജീവിക്കുക സാദ്ധ്യമല്ല. (https://www.jewishvirtuallibrary.org/the-written-law-torah)

 

റോമന്‍ സാമ്രാജ്യത്തിനെതിരെ, ആദ്യം, AD 66 മുതല്‍ 70 വരെ നീണ്ടു നിന്ന യഹൂദ കലാപവും, പിന്നീട് 132 AD മുതല്‍ 135 AD വരെയുള്ള കാലയളവില്‍ ഉണ്ടായ കലാപവും യെരൂശലേമിന്റെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് കാരണമായി. യഹൂദന്മാരില്‍ അനേകം പേര്‍ സ്വന്ത ദേശം വിട്ട് അന്യദേശത്തേക്ക് കുടിയേറി. യഹൂദന്മാര്‍ യെരൂശലേം വിട്ടുപോകേണം എന്നു ഹെയ്ഡ്രിയെന്‍ (Hadrian - ˈheɪdriən) എന്ന റോമന്‍ ചക്രവര്‍ത്തി  കല്‍പ്പനയിറക്കി. അതിനാല്‍ അനേകം യഹൂദന്‍മാര്‍ക്ക് വീണ്ടും അവരുടെ സ്വദേശം വിട്ട് അന്യ രാജ്യങ്ങളിലേക്ക് ചിതറി പോകേണ്ടി വന്നു. ഇതില്‍ അനേകര്‍ ബാബിലോണിലേക്ക് കുടിയേറി. ഈ കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ഗലീലയില്‍ ഒരു കൂട്ടം റബ്ബിമാര്‍ ഒത്തുകൂടുകയും അവര്‍ യഹൂദന്മാരുടെ ഓറല്‍ തോറ (Oral Torah) ആയ വായ്മൊഴിയാലുള്ള പ്രമാണങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. ഇതാണ് മിഷ്ന (Mishnah) എന്നു വിളിക്കപ്പെടുന്ന കൃതി. ഏകദേശം എ‌ഡി 189 ല്‍ ആണ് മിഷ്ന എഴുതപ്പെട്ടത് എന്നു കരുതുന്നു. റബ്ബി യൂദാ എന്ന വ്യക്തിയാണ് ഇതിന് മുന്‍കൈ എടുത്തത്.

 

മിഷ്ന പ്രസിദ്ധീകരിച്ചതിന് ശേഷം, അതിനെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കുക ഉണ്ടായി. നമ്മള്‍ മുമ്പ് പറഞ്ഞ യെരൂശലേമിന്റെ പതനത്തിന് ശേഷമുണ്ടായ യഹൂദ കുടിയേറ്റത്തില്‍, വളരെയധികം യഹൂദ പണ്ഡിതന്മാര്‍ ബാബിലോണിലേക്ക് കുടിയേറിപ്പോയി. കുറെ പണ്ഡിതന്മാര്‍ യഹൂദയിലെ ഗലീലയില്‍ തന്നെ താമസിച്ചു. ഇവര്‍ രണ്ടു കൂട്ടരും, മിഷ്ന ഉള്‍പ്പെടെയുള്ള തോറയെ വിശദമായി പഠിക്കുവാന്‍ തുടങ്ങി. ന്യായപ്രമാണങ്ങളെ, മനുഷ്യര്‍ക്ക് അനുസരിക്കുവാന്‍ തക്കവണം വിശദീകരിക്കുക, തോറയിലെ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള ഭാഗങ്ങളെ വിശദീകരിക്കുക മുതലായവ ആയിരുന്നു ലക്ഷ്യം. ഗലീലയിലെ പണ്ഡിതന്മാരുടെ വ്യാഖ്യങ്ങളെ യെരൂശലേം താല്‍മഡ് എന്നും ബാബിലോണിലെ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളെ ബാബിലോണിയന്‍ താല്‍മഡ് എന്നും വിളിച്ചു. യെരൂശലേം താല്‍മഡ് ഏകദേശം 400 AD യിലും ബാബിലോണിയന്‍ താല്‍മഡ് ഏകദേശം 500 AD യിലും പൂര്‍ത്തിയായി എന്ന് കരുതപ്പെടുന്നു. എന്നാല്‍ പില്‍ക്കാലത്ത് ബാബിലോണിലെ യഹൂദ പണ്ഡിതന്മാരുടെ വ്യാഖ്യാനം കൂടുതല്‍ സ്വീകാര്യമായി തീര്‍ന്നു. അങ്ങനെ AD 200 മുതല്‍ 500 വരെയുള്ള കാലഘട്ടത്തില്‍, തോറയ്ക്കും മിഷ്നയ്ക്കും പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഇതിനെ ആണ് ഗെമാറാ (Gemara) എന്നു വിളിക്കുന്നത്. മിഷ്ന, എന്ന വാമൊഴിയാലുള്ള പ്രമാണങ്ങള്‍, ഗെമാറാ എന്ന വ്യാഖ്യാനങ്ങള്‍ എന്നിവയെ ഒരുമിച്ച് വിളിക്കുന്ന പേരാണ് താല്‍മഡ്. ഇന്ന് ക്രിസ്തീയ വേദപുസ്തകത്തിന്, അനേകം ദൈവദാസന്‍മാര്‍ എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ ഉള്ളതുപോലെ ആണ് ഇത്. ഈ വ്യാഖ്യനങ്ങളില്‍ ചിലത് ശരിയായിരിക്കാം, ചിലത് തെറ്റുകളും ആയിരിക്കാം. കാരണം വ്യാഖ്യാനങ്ങള്‍ മനുഷ്യര്‍ എഴുതിയതാണ്, അത് ദൈവശ്വാസിയമല്ല.

 

തല്‍മഡില്‍, ഗെമാറാ കൂടാതെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥവും കൂടി ഉണ്ട്. അതിനെ അഗ്ഗദാ അല്ലെങ്കില്‍ ഹഗ്ഗദാ (Aggadah/Haggadah) എന്നാണ് വിളിക്കുന്നത്. അഗ്ഗദായെ പ്രമാണമായി കണക്കാക്കാറില്ല. ഇതിനെ ഒരു സാഹിത്യരചന ആയി മാത്രമേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ ഇതിലെ കഥകളെ, ഉദാഹരണങ്ങള്‍ ആയി ഉദ്ധരിക്കാറുണ്ട്. അഗ്ഗദായിലുള്ള ഒരു കഥ ഇങ്ങനെ ആണ്. മോശെ ശിശുവായിരിക്കുമ്പോള്‍, ഒരു ദിവസം, അവന്‍ ഫറവോന്‍ ചക്രവര്‍ത്തിയുടെ മടിയില്‍ ഇരിക്കുക ആയിരുന്നു. അപ്പോള്‍, മോശെ കൈ ഉയര്‍ത്തി, ചക്രവര്‍ത്തിയുടെ കിരീടം എടുത്ത്, സ്വന്തം തലയില്‍ വച്ചു. ഇത് കണ്ട മന്ത്രവാദികള്‍, ഈ ശിശു വളര്‍ന്ന് വന്നാല്‍, അവന്‍ രാജാവിനെ കൊന്നു, രാജ്യം പിടിച്ചെടുക്കും എന്നു പ്രവചിച്ചു പറഞ്ഞു. അതിനാല്‍ ഫറവോന്‍ ശിശുവിനെ കൊല്ലുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഫറവോന്റെ പുത്രിയ്ക്ക് ഇത് പ്രയാസമായി. അവള്‍ ഒരു പരീക്ഷണം മുന്നോട്ട് വച്ചു. ശിശുവായ മോശെയുടെ മുന്നില്‍, ഒരു തീക്കനലും രാജകിരീടവും വച്ചു. ശിശു രാജകിരീടം കൈനീട്ടി പിടിച്ചാല്‍, അവനെ കൊല്ലാം എന്നായിരുന്നു പരീക്ഷണം. എന്നാല്‍ മോശെ കൈനീട്ടിയപ്പോള്‍, ഒരു ദൈവദൂതന്‍, അവന്റെ കൈ, തീക്കനലിലേക്ക് തട്ടി മാറ്റി. മോശെ കുഞ്ഞ്, തീക്കനല്‍ കൈനീട്ടി എടുത്ത് വായില്‍ ഇട്ടു. അങ്ങനെ ആണ് മോശെയുടെ നാവ് തടിച്ചതായി, സംസാരിക്കുവാന്‍ പ്രയാസമുള്ളതായി മാറിയത്. ഇതാണ് അഗ്ഗദായിലെ ഒരു കഥ. ഈ കഥ ഞാന്‍ പറഞ്ഞത്, അഗ്ഗദാ എഴുതിയത് യഹൂദ പണ്ഡിതന്മാര്‍ ആയിരുന്നു എങ്കിലും, അവര്‍ എഴുതിയ വ്യാഖ്യാനത്തില്‍, അക്കാലത്ത് പ്രചാരത്തില്‍ ഇരുന്ന പഴങ്കഥകളും കടന്നുകൂടിയിട്ടുണ്ട് എന്നു വ്യക്തമാക്കുവാന്‍ ആണ്.

 

യേശുക്രിസ്തുവിനെ കുറിച്ചുള്ള പ്രവചനമായി തോന്നാവുന്ന കഥകളും അഗ്ഗദായില്‍ ഉണ്ട്. ലോകാരംഭത്തിന് മുമ്പ് തന്നെ ദൈവം ഒരു വെളുത്ത ആട്ടിന്‍ കുട്ടിയെ സൃഷ്ടിച്ചിരുന്നു. അതിനെ ഏദന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്നു. ദൈവം വിളിക്കുന്നത് വരെ അത് പുറത്ത് വരരുതു എന്ന് ദൈവം കല്‍പ്പിച്ചു. അബ്രഹാം യിസ്ഹാക്കിനെ യാഗം അര്‍പ്പിക്കുവാന്‍ തയ്യാറായപ്പോള്‍, ദൈവം ഈ വെളുത്ത ആട്ടിന്‍ കുട്ടിയെ വിളിച്ചു. ഇത് അബ്രാഹാമിന് പ്രത്യക്ഷമാകുകയും, അദ്ദേഹം അതിനെ യാഗം അര്‍പ്പിക്കുകയും ചെയ്തു. ഈ ആട്ടിന്‍ കുട്ടിയുടെ രണ്ടു കൊമ്പുകള്‍ രണ്ടു കാഹളങ്ങള്‍ ആയി മാറി. ദൈവം മോശെയെ വിളിച്ചപ്പോള്‍, ഒന്നാമത്തെ കാഹളം ഊതി. ഇനി മശിഹാ വരുമ്പോള്‍ രണ്ടാമത്തെ കാഹളം ഊതും. ഇതാണ് അഗ്ഗദായിലെ മറ്റൊരു കഥ.

 

ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് യേശുക്രിസ്തു എന്ന മശിഹായെക്കുറിച്ചുള്ള പ്രവചനമായി തോന്നാം. എന്നാല്‍, ഇതിന് ദൈവ വചനത്തിന്റെ ആധികാരിക ഇല്ല. ഇത് കഥകള്‍ മാത്രമാണ്. ഇത്തരം കഥകളുള്ള അഗദ്ദായും, ബാബിലോണിയന്‍ താല്‍മഡിന്റെ ഭാഗമാണ് എന്ന ചിന്തയോടെ വേണം നമുക് ഇനി മുന്നോട്ട് പോകുവാന്‍. തോറ എന്നത് എഴുതപ്പെട്ട തിരുവചനവും, തല്‍മഡ് എന്നത് മനുഷ്യരാല്‍ രചിക്കപ്പെട്ട വ്യാഖ്യാനങ്ങളും ആണ്. ഇത് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. താല്‍മഡില്‍, ന്യായപ്രാമാനങ്ങളുടെ വ്യാഖ്യങ്ങളും, യഹൂദ സമൂഹത്തിന്റെ നീതി ശാസ്ത്രവും, തത്വ ശാസ്ത്രവും, പാരമ്പര്യമായ ജീവിത രീതികളും, ചരിത്രവും, പഴങ്കഥകളും, സാഹിത്യ രചനകളും, ഇങ്ങനെ അനേകം വിഷയങ്ങള്‍ ഉണ്ട്.

 

യഹൂദന്മാരുടെ ഇടയിലെ വിവിധ വിഭാഗങ്ങള്‍ക്ക് താല്‍മഡിനെ കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ആണ് ഉള്ളത്. ചിലര്‍ ഇതിനെ, തിരുവെഴുത്തുകള്‍ക്ക് തുല്യമായി കാണുന്നു, മറ്റ് ചിലര്‍, തിരുവെഴുത്തുകളെ മാത്രമേ ദൈവശ്വാസീയമായി കാണുന്നുള്ളൂ. ക്രിസ്തീയ വിശ്വാസികള്‍, എഴുതപ്പെട്ട തിരുവെഴുത്തുകളെ മാത്രമേ ദൈവ വചനമായി കാണുന്നുള്ളൂ. മറ്റുള്ളതെല്ലാം മനുഷ്യരാല്‍ അവരുടെ ബുദ്ധിക്കൊത്ത് എഴുതിയതാണ്. 

 

താല്‍മഡിനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞത്, തിരുവചന പഠനത്തില്‍, അതിന്റെ സ്ഥാനം എവിടെ ആയിരിക്കേണം എന്ന വ്യക്തത നമുക്ക് ഉണ്ടായിരിക്കേണം എന്നതുകൊണ്ടാണ്. താല്‍മഡ്, തിരുവചനത്തിന് തുല്യമായ ദൈവശ്വാസിയമായ രേഖകള്‍ അല്ല. അത് മനുഷ്യരുടെ വ്യാഖ്യാനങ്ങള്‍ ആണ്. അതില്‍ എല്ലാം തിരുവെഴുത്തിന്റെ വ്യാഖ്യാനങ്ങളും അല്ല. അതൊരു സമിശ്ര രചന ആണ്.

 

ഇനി നമുക്ക് ലിലിത്ത് എന്ന ഭൂതാത്മാവിന്റെ കഥയിലേക്ക് തിരികെ പോകാം. ലിലിത്തിന്റെ കഥ തോറയില്‍  കാണുന്നില്ല. അതായത് എഴുതപ്പെട്ട തിരുവെഴുത്തുകളിലോ, വായ്മൊഴിയാലുള്ള പ്രമാണങ്ങള്‍ ആയ മിഷ്നയിലോ ഇല്ല. താല്‍മഡിലും ആദാമിന്റെ ആദ്യത്തെ ഭാര്യയുടെ പേരാണ് ലിലിത്ത് എന്ന് പറയുന്നില്ല. എന്നാല്‍ ബാബിലോണിയന്‍ താല്‍മഡിലെ വ്യാഖ്യാനങ്ങള്‍ എഴുതിയ അവസരത്തില്‍, വേദപുസ്തകത്തിലെ ഉല്‍പ്പത്തി പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെയും രണ്ടാം അദ്ധ്യായത്തിലെയും, മനുഷ്യ സൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തില്‍, യഹൂദ റബ്ബിമാര്‍ക്ക് വിശദീകരിക്കുവാന്‍ പ്രയാസം തോന്നിയ ഒരു ഭാഗം ഉണ്ട്. അതിനാല്‍ മനുഷ്യന്റെ സൃഷ്ടിപ്പിന് രണ്ടു ചരിത്രം ഉണ്ട് എന്നും ഒന്നാമത്തെ സൃഷ്ടിപ്പും രണ്ടാമത്തെ സൃഷ്ടിപ്പും രണ്ടാണ് എന്നും അവര്‍ കരുതി. ഒന്നാമത്തെ സൃഷ്ടിപ്പില്‍, ആദാമിനെ സൃഷ്ടിച്ചതുപോലെ തന്നെ, സ്ത്രീയെയും നിലത്തിലെ പൊടിയില്‍ നിന്നുതന്നെ നിര്‍മ്മിച്ചു എന്ന് അവര്‍ പറഞ്ഞു. ഈ സ്ത്രീയെക്കുറിച്ചാണ് ഉല്‍പ്പത്തി 1: 27 ല്‍ പറയുന്നത് എന്ന് ബാബിലോണിലെ റബ്ബിമാര്‍ വിശദീകരിച്ചു. വാക്യം ഇങ്ങനെ ആണ്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”

ഉല്‍പ്പത്തി 2 ആം അദ്ധ്യായം 23 ആം വാക്യത്തില്‍ ഹവ്വയെ ആദ്യമായി കാണുന്ന ആദാം പറയുന്നതിങ്ങനെ ആണ്: ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” “ഇത് ഇപ്പോള്‍” എന്നതിനെ “ഇപ്രാവശ്യം” എന്നും വായിക്കാം. ഈ അര്‍ത്ഥമാണ് ബാബിലോണില്‍ താമസിച്ചിരുന്ന യഹൂദ പണ്ഡിതന്മാരെ കുഴക്കിയത്. ഇപ്രാവശ്യം, അല്ലെങ്കില്‍ ഇത് ഇപ്പോള്‍, എന്നു ആദം പറഞ്ഞപ്പോള്‍, മുമ്പ് ഒരു പ്രാവശ്യം മറ്റെന്തോ സംഭവിച്ചു എന്ന് അവര്‍ക്ക് തോന്നി. ഈ ആശയക്കുഴപ്പത്തെ വിശദീകരിക്കുവാന്‍, ആദാമിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നൊരു നിഗമനത്തില്‍ അവര്‍ എത്തിച്ചേരുക ആയിരുന്നു. ലിലിത്ത് എന്ന സ്ത്രീ സത്വമുള്ള ഭൂതത്തെക്കുറിച്ചുള്ള കഥകള്‍ അവരുടെ ഇടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതിനാല്‍, സമാനമായൊരു കഥയെ ഇവിടെ കൂട്ടിച്ചേര്‍ത്തു.

യഹൂദ റബ്ബിമാര്‍ കൂട്ടിചേര്‍ത്ത കഥ ഇങ്ങനെ ആണ്: ആദാമിന്റെ ആദ്യ ഭാര്യയെ അവന്‍ ആദ്യം കാണുന്നത് ശരീരം ആസകലം രക്തം പുരണ്ടാണ്. അതിനാല്‍ ആദാമിന് അവളെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടു ദൈവം മറ്റൊരു സ്ത്രീയെ സൃഷ്ടിച്ചു. രണ്ടാമത്തെ സൃഷ്ടിയുടെ രീതി ആദാം കാണാതെ ഇരിക്കേണ്ടതിനായി, ദൈവം അവനെ ഉറക്കത്തില്‍ ആക്കി. ഹവ്വയെ സൃഷ്ടിച്ചതിന് ശേഷം, ഗബ്രിയേല്‍, മീഖായേല്‍ എന്നീ ദൈവ ദൂതന്മാര്‍, അവളെ ആഭരണവിഭൂഷിതയായി, സുന്ദരിയായി, ആദാമിന്റെ മുന്നില്‍ നിറുത്തി. ഹവ്വയെ ആദാമിനു ഇഷ്ടപ്പെട്ടു.

എന്നാല്‍, ആദാമിന്റെ ആദ്യത്തെ ഭാര്യ ആരായിരുന്നു എന്നോ, അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നോ താല്‍മഡില്‍ പറയുന്നില്ല. പിന്നീട് ഉണ്ടായ ചില വ്യാഖ്യാനങ്ങളില്‍, ഒന്നാമത്തെ ഹവ്വ, അല്ലെങ്കില്‍ ആദ്യത്തെ ഹവ്വ എന്ന് പറയുന്നുണ്ട്.  എന്നാല്‍ ആദ്യത്തെ ഭാര്യയുടെ പേര് ലിലിത്ത് എന്നാണ് എന്ന് പറയുന്നില്ല. ആദ്യത്തെ സ്ത്രീ തിരികെ നിലത്തെ പൊടിയോട് ചേര്‍ന്നു എന്നൊരു വ്യാഖ്യാനം പിന്നീട് ഉണ്ടായിട്ടുണ്ട്. താല്‍മഡില്‍ ലിലിത്തിനെക്കുറിച്ച്, നാല് പരാമര്‍ശങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ആദാമിന്റെ ആദ്യ ഭാര്യ എന്ന നിലയില്‍ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ അല്ല. എങ്കിലും, ആദാമിന്റെ ആദ്യ ഭാര്യ എന്ന സ്ഥാനത്തേക്ക്, ക്രമേണ ലിലിത്തിനെ കുറിച്ചുള്ള കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

താല്‍മഡില്‍ ലിലിത്തിനെ കുറിച്ച്, അന്ധകാരത്തിന്റെ ആത്മാവും, രാത്രിയില്‍ സഞ്ചരിക്കുന്ന ഭൂതാത്മാവായും പരാമര്‍ശിക്കുന്നുണ്ട്. രാത്രിയില്‍ ഒരു പുരുഷന്‍, ഏകനായി, മറ്റാരും ഇല്ലാത്ത ഒരു വീട്ടില്‍ കിടന്നു ഉറങ്ങരുത്, എന്നും, അങ്ങനെ ഉള്ളവരെ ലിലിത്ത് എന്ന ഭൂതം ആക്രമിക്കും എന്നും താല്‍മഡില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് വേദപുസ്തകത്തില്‍ യാതൊരു തെളിവുകളും ഇല്ല.

താല്‍മഡ് തിരുവെഴുത്തുകള്‍ക്ക് തുല്യമായ കൃതി അല്ല. അത് തിരുവെഴുത്തുകളെപ്പോലെ ആധികാരികവും അല്ല. അത് വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അതില്‍ പഴങ്കഥകളും, മനുഷ്യ ബുദ്ധിയിലുള്ള വിശദീകരണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍, ആദാമിന് ഒരു ആദ്യ ഭാര്യ ഉണ്ടായിരുന്നു എന്നോ, അത് ലിലിത്ത് എന്ന ഭൂതാത്മാവ് ആണെന്നോ പറയുവാന്‍ സാധ്യമല്ല. ഇത്രയും മനസ്സിലാക്കികൊണ്ടു നമുക്ക് ഇനി മറ്റൊരു യഹൂദ കൃതിയിലേക്ക് പോകാം.

ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ (Alphabet of Ben Sirah)

ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നു എന്ന കഥ, ആദ്യമായി പ്രത്യക്ഷമായത്, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ (Alphabet of Ben Sirah) എന്ന യഹൂദ ഹാസ്യ കൃതിയില്‍ ആണ്. ഈ കൃതിയുടെ രചനയ്ക്ക് മുമ്പ്, ആദാമിനു ഒരു ആദ്യ ഭാര്യ ഉണ്ടായിരുന്നു എന്നൊരു സങ്കല്‍പ്പം ഉണ്ടായിരുന്നു എങ്കിലും, ലിലിത്ത് എന്ന പേരുള്ള ഭൂതാത്മാവ്, ആദാമിന്റെ ആദ്യ ഭാര്യയാണ് എന്ന വാദം ഇല്ലായിരുന്നു. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, “ആദ്യത്തെ ഹവ്വ” എന്ന താല്‍മഡിലെ പരമര്‍ശത്തെ, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന കൃതി, ലിലിത്ത് ആക്കി മാറ്റി.

ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ, ഏകദേശം AD 700 നും 1000 നും ഇടയില്‍ എഴുതപ്പെട്ടത് ആയിരിക്കേണം. ഇതിനെ ഒരു സ്യൂഡ് എപ്പിഗ്രാഫിക്കല്‍ കൃതി (pseudepigraphical) ആയിട്ടാണ് കണക്കാക്കുന്നത്. എന്ന് പറഞ്ഞാല്‍, കൃതി എഴുതിയ യഥാര്‍ത്ഥ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ മറച്ചു വെക്കുന്നു. അതിനു കൂടുതല്‍ പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുവാനായി, അദ്ദേഹത്തിന് മുമ്പ് ജീവിച്ചിരുന്ന ഏതെങ്കിലും, ബഹുമാന്യനും പ്രശസ്തനും ആയ വ്യക്തിയുടെ രചനയായി അതിനെ അവതരിപ്പിക്കുന്നു. ഇങ്ങനെ ഉള്ള എല്ലാ കൃതികളെയും സ്യൂഡ് എപ്പിഗ്രാഫിക്കല്‍ രചനകള്‍ എന്നോ, സ്യൂഡ് എപ്പിഗ്രാഫാ (pseudepigrapha)  എന്നോ,  സ്യൂഡ് എപ്പിഗ്രാഫ് (pseudepigraph) എന്നോ ആണ് സാഹിത്യ ലോകത്ത് അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടില്‍, ഒരു ജെര്‍മന്‍ പണ്ഡിതന്‍ ആയിരുന്ന ജോഹന്നെസ് ബക്സ്ടോര്‍ഫ് (Johannes Buxtorf) ന്‍റെ, ലെക്സികണ്‍ താല്‍മഡികം (Lexicon Talmudicum) എന്ന കൃതിയോടെ ആണ്, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന ഹാസ്യ രചനയ്ക്കു പ്രചാരം ലഭിച്ചത്.  

ഇവിടെ ഞാന്‍ മറ്റൊരു ഗ്രന്ഥത്തെ കുറീച് കൂടി പരാമര്‍ശിക്കട്ടെ. ഏകദേശം 180 BC യ്ക്കും 175 BC യ്ക്കും ഇടയില്‍ ജീവിച്ചിരുന്ന ഷിമോന്‍ ബെന്‍ യേഷുഅ ബെന്‍ സിറ (Shimon ben Yeshua ben Sira) എന്ന എബ്രായ എഴുത്തുകാരന്‍ എഴുതിയ പ്രശസ്തമായ ഗ്രന്ഥം ആണ്, വിസ്ഡം ഓഫ് ബെന്‍ സിറ (Wisdom of the Ben Sira). ഈ ഗ്രന്ഥത്തെ തിരുവെഴുത്തുകളുടെ കൂട്ടത്തില്‍ യഹൂദന്മാര്‍ അംഗീകരിച്ചിട്ടില്ല. എങ്കിലും, ഇതിലെ ചില വാചകങ്ങള്‍ താല്‍മഡില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിനാല്‍, ഈ കൃതിയും, നമ്മള്‍ മുമ്പ് പറഞ്ഞ, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന കൃതിയും ഒന്നാണ് എന്നും അത് ഒരാള്‍ തന്നെ എഴുതിയതാണ് എന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍, ഇത് രണ്ടും രണ്ടു രചനകള്‍ ആണ്. ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ യുടെ എഴുത്തുകാരന്‍ ആരാണ് എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല.

അഞ്ജാതനായ ഒരു എഴുത്തുകാരനാല്‍ എഴുതപ്പെട്ട, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ കെട്ടുകഥകളുടെ ശേഖരം ആണ്. ബാബിലോണിയന്‍ ചക്രവര്‍ത്തി ആയിരുന്ന, നെബൂഖദ്ദുനെസ്സര്‍ രാജാവു, യിസ്രായേലിലെ ശലോമോന്‍ രാജാവിന്റെയും അറേബ്യന്‍ രാജ്യത്തെ  ശെബാരാജ്ഞിയുടെയും പുത്രന്‍ ആണ് എന്നു ഇതില്‍ പറയുന്നുണ്ട്. ഇതു പോലെയുള്ള പല അബന്ധങ്ങളും, അസംബന്ധങ്ങളും, അരാജകത്വവും നിറഞ്ഞതാണ് ഈ കൃതി. ഇതിന്റെ ശൈലി, തരം താണ ഹാസ്യവും, ദൈവദൂഷണവും ആണ്.    

ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന പഴങ്കഥകളുടെ കൃതിയില്‍ ആണ്, ലിലിത്ത് എന്ന് പേരുള്ള സ്ത്രീ സത്വമുള്ള ഭൂതാത്മാവിനെ, ആദാമിന്റെ ആദ്യ ഭാര്യയായി, ആദ്യമായി, അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ ലിലിത്തിന്റെ സൃഷ്ടി, ഉല്‍പ്പത്തി 2:18 നു ശേഷമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ആദമിനെ സൃഷ്ടിച്ച അതേ ദിവസം, അതേ നിലത്തിലെ പൊടികൊണ്ട് തന്നെ ആദാമിന്റെ ആദ്യ ഭാര്യയെ സൃഷ്ടിച്ചു എന്നും ഈ സൃഷ്ടിപ്പിന്റെ കഥയാണ് ഉല്‍പ്പത്തി 1:27 ല്‍ പറയുന്നത് എന്നുമാണ് എഴുത്തുകാരന്‍റെ വാദം. 

ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന കൃതിയില്‍, ലിലിത്തിന്റെ കഥ, ബാബിലോണിലെ നെബൂഖദ്ദുനെസ്സര്‍ രാജാവിനെ കുറിച്ചുള്ള ഒരു കഥയ്ക്കുള്ളില്‍ ആണ് പറയുന്നത്. രാജാവിന്റെ മകന് കഠിനമായ രോഗം ബാധിച്ചു, മരിക്കാറായി. അപ്പോള്‍, രാജസദസ്സില്‍ ഉണ്ടായിരുന്ന ബെന്‍ സിറാ (Ben Sira) എന്ന വ്യക്തിയെ രോഗം സൌഖ്യമാക്കുവാന്‍ പ്രതിവിധി കണ്ടെത്തുവാനായി നിയമിച്ചു. അദ്ദേഹം, മൂന്നു ദൂതന്മാരുടെ പേരുകള്‍ എഴുതിയ ഒരു മന്ത്ര തകിട്, രാജാവിന്റെ മകന്റെ ശരീരത്തില്‍ വച്ചു. അങ്ങനെ അവന് രോഗ സൌഖ്യം ഉണ്ടായി. അതിനുശേഷം, ബെന്‍ സിറാ, ലിലിത്തിന്റെ കഥ പറയുന്നു. ആദാമിനെ സൃഷ്ടിച്ച് കഴിഞ്ഞപ്പോള്‍, അവന്‍ ഏകന്‍ ആയിരിക്കുന്നത് നല്ലതല്ല എന്നു ദൈവം കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് ബെന്‍ സിറാ കഥ ആരംഭിക്കുന്നത്. ആദാമിന്റെ ഏകാന്തത മാറ്റുവാനായി, ദൈവം, ആദമിനെ സൃഷ്ടിച്ച അതേ നിലത്തിലെ പൊടികൊണ്ടു തന്നെ ലിലിത്തിനെ സൃഷ്ടിച്ചു. എന്നാല്‍ അവര്‍ തമ്മില്‍ ചേര്‍ന്ന് പോയില്ല. ഒരേ ദിവസം ഒരേ മണ്ണില്‍ നിന്നും, ഒരുപോലെ സൃഷ്ടിക്കപ്പെട്ടത് ആയതിനാല്‍ അവര്‍ തുല്യര്‍ ആണ് എന്ന് ലിലിത്ത് വാദിച്ചു. എന്നാല്‍ ആദാം അത് സമ്മതിച്ചില്ല. അവന് സ്ത്രീയുടെമേല്‍ മേധാവിത്വം ഉണ്ട് എന്ന് അവന്‍ വാദിച്ചു. ഇത് രൂക്ഷമായ കലഹത്തില്‍ എത്തി. കലഹം അവസാനിക്കുക ഇല്ല എന്ന് കണ്ട ലിലിത്ത് യഹോവയായ ദൈവത്തിന്റെ നാമം ഉച്ചരിക്കുകയും, അതിന്റെ ശക്തിയാല്‍ ആകാശത്തിലേക്ക് പറന്നുയരുകയും ചെയ്തു. അങ്ങനെ ആദാം വീണ്ടും ഏകനായി.

ദുഖിതന്‍ ആയ ആദാം, ദൈവത്തിന്റെ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ നിന്നു. പ്രപഞ്ചത്തിന്റെ സര്‍വ്വാധികാരിയായ ദൈവമേ, നീ എനിക്ക് തന്ന സ്ത്രീ എന്നെ വിട്ടു ഓടി പോയിരിക്കുന്നു, എന്ന് പ്രാര്‍ഥിച്ചു. ദൈവം ഉടന്‍ തന്നെ, സെനോയ് (Senoy), സാന്‍സെനോയ് (Sansenoy), സെമാന്‍ഗെലോഫ് (Semangelof) എന്നീ മൂന്നു ദൂതന്മാരെ അയച്ചു. ലിലിത്തിനെ തിരികെ കൊണ്ടുവരുവാന്‍ അവരോടു കല്‍പ്പിച്ചു. ദൈവം ആദമിനോട് അരുളിച്ചെയ്തു: അവള്‍ തിരികെ വന്നാല്‍, അവളെ സൃഷ്ടിച്ചത് നല്ലത്. അവള്‍ തിരികെ വരുന്നില്ല എങ്കില്‍, ഓരോ ദിവസവും അവളുടെ 100 കുട്ടികള്‍ മരിക്കുവാന്‍ അവള്‍ അനുവദിക്കേണം. അങ്ങനെ ദൂതന്മാര്‍ ലിലിത്തിനെ അന്വേഷിച്ചു പുറപ്പെട്ടു. അവര്‍ അവളെ സമുദ്രത്തിന്റെ മദ്ധ്യേ കണ്ടുമുട്ടി. യിസ്രായേല്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ട് പൊന്നപ്പോള്‍, അവര്‍ മുറിച്ച് കടന്ന ചെങ്കടല്‍ ഇതേ സമുദ്രമായിരുന്നു എന്നും, ഇവിടെ ആണ് യിസ്രയേലിന്റെ ശത്രുക്കളായിരുന്ന മിസ്രയീം സൈന്യത്തെ ദൈവം വെള്ളത്തില്‍ മുക്കി കൊന്നത് എന്നും പരാമര്‍ശം ഉണ്ട്. ദൂതന്മാര്‍ ദൈവത്തിന്റെ വാക്കുകള്‍ ലിലിത്തിനെ അറിയിച്ചു എങ്കിലും തിരികെ വരുവാന്‍ അവള്‍ തയ്യാറായില്ല. അപ്പോള്‍, അവളെ സമുദ്രത്തില്‍ മുക്കികൊല്ലും എന്നു ദൂതന്മാര്‍ ഭീഷണിപ്പെടുത്തി.

അവള്‍ അതിനു മറുപടി പറഞ്ഞു: എന്നെ വിട്ടേച്ച് പോകുക. ശിശുക്കള്‍ക്ക് രോഗം വരുത്തുവാനായി മാത്രമാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഒരു ശിശു, ആണ്‍കുട്ടി, ആണെങ്കില്‍, അവന്‍ ജനിച്ചതിന് ശേഷം 8 ദിവസത്തോളവും, ശിശു, പെണ്‍കുട്ടി, എങ്കില്‍ 20 ദിവസത്തോളവും,  എനിക്ക് അവരുടെമേല്‍ ആധിപത്യം ഉണ്ടായിരിക്കും. ലിലിത്തിന്റെ മറുപടിയ്ക്ക് ശേഷവും, ദൂതന്മാര്‍, അവള്‍ തിരികെ ചെല്ലേണം എന്നു നിര്‍ബന്ധിച്ചു. എന്നാല്‍ അവള്‍ പുതിയ ഒരു ഉപാധി വച്ചു. അവളെ വിളിക്കുവാന്‍ ചെന്ന ദൂതന്മാരുടെ പേരുകള്‍ ഉള്ള മന്ത്രതകിട് ധരിച്ചിരിക്കുന്ന ശിശുക്കളുടെ മേല്‍ അവള്‍ക്ക് യാതൊരു അധികാരവും ഉണ്ടായിരിക്കുക ഇല്ല എന്നു ദൈവത്തെകൊണ്ട് അവള്‍ സത്യം ചെയ്തു. ഒരു ദിവസം അവളുടെ 100 കുട്ടികള്‍ മരിക്കുവാനും അവള്‍ സമ്മതിച്ചു. ഇങ്ങനെ ദൂതന്മാര്‍, ലിലിത്തിനെ കൂടാതെ, തിരികെ പോയി. അതിനുശേഷം എല്ലാ ദിവസവും 100 ഭൂതാത്മാക്കള്‍ മരിക്കുന്നു എന്നു കരുതപ്പെടുന്നു. ലിലിത്തിനെ തിരികെ കൊണ്ടുവരുവാന്‍ പോയ ദൂതന്മാരുടെ പേരുകള്‍ എഴുതിയ മന്ത്രതകിടുകള്‍ ധരിക്കുന്നവരെ ആരെയും അവള്‍ ഉപദ്രവിക്കുന്നുമില്ല.

ദൂതന്മാര്‍, ദൈവസന്നിധിയിലേക്ക് തിരികെ പോയി കഴിഞ്ഞപ്പോള്‍, ലിലിത്ത്, ഏദന്‍ തോട്ടത്തിലേക്ക് തിരികെ വന്നു. അപ്പോഴേക്കും, ദൈവം ഹവ്വയെ സൃഷ്ടിച്ചിരുന്നു. ഇതില്‍ കോപിഷ്ടയായ ലിലിത്ത്, ആദം ഉറങ്ങികിടന്നപ്പോള്‍, അവനോടു ഒപ്പം ശയിക്കുകയും, അങ്ങനെ ശിശുക്കളെ ജനിപ്പിക്കയും ചെയ്തു എന്നും കഥയില്‍ ഉണ്ട്. ഈ ശിശുക്കളെ ലിലിയും (lilium) എന്നാണ് വിളിക്കുന്നത്. ഇവര്‍ ആണ് ഭൂതാത്മാക്കള്‍ ആയി പെരുകിയത്.    

ഈ കഥ, തിരുവെഴുത്തുകളിലെ വിവരണത്തോടും പ്രമാണങ്ങളോടും യോജിക്കുന്നില്ല എന്നു വേഗം മനസ്സിലാക്കുവാന്‍ കഴിയും. ലിലിത് എന്നൊരാളിനെ സൃഷ്ടിച്ചതായി വേദപുസ്തകത്തില്‍ പറയുന്നില്ല. പുരുഷന് സ്ത്രീയുടെമേല്‍ പ്രത്യേക ആധിപത്യം ഉണ്ട് എന്നും വേദപുസ്തകം പഠിപ്പിക്കുന്നില്ല. അത് ഗോത്ര സമൂഹങ്ങളുടെ പുരുഷമേധാവിത്വത്തിന്റെ ആശയമാണ്. ദൈവത്തിന്‍റെ ദൂതന്‍മാര്‍ക്കും ലിലിത്തിനെ തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ഇവിടെ ലിലിത്തോട് കല്‍പ്പിക്കുന്ന ദൈവത്തെ അല്ല, ഒരു ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ദൈവത്തെ ആണ് നമ്മള്‍ കാണുന്നത്. ഇത്, ദൈവത്തിന്റെ സര്‍വ്വാധിപത്യത്തിന് എതിരാണ്. മന്ത്ര തകിടുകള്‍ ധരിക്കുക എന്നത് വിഗ്രഹാരാധനയും ആഭിചാരവും ആണ്. അത് ദൈവം ഒരിയ്ക്കലും അനുവദിക്കുന്നില്ല. ഇതെല്ലാം, ലിലിത്തിന്റെ കഥ ഒരു കെട്ടുകഥ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ആണ്.

ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ എന്ന കൃതിയുടെ പശ്ചാത്തലവും അതിന്റെ എഴുത്തുകാരന്റെ ഉദ്ദേശ്യവും അവ്യക്തമാണ്. വേദപുസ്തകത്തിലെയും താല്‍മഡിലെയും ചില വീരപുരുഷന്‍മാരുടെ കഥകളുടെ ശേഖരം ആണിത്. എന്നാല്‍ ഈ കൃതിയില്‍ അവര്‍ പ്രകീര്‍ത്തികപ്പെടുക അല്ല, പരിഹസിക്കപ്പെടുകയാണ്. ഭാര്യയുമായുള്ള ബന്ധത്തില്‍ വളരെ ബലഹീനനായ ഒരു ആദാമിനെ ആണ് ഇവിടെ കാണുന്നത്.   

ഈ ഹാസ്യ കൃതി, അന്ന് വളരെ വേഗം വളര്‍ന്നുകൊണ്ടിരുന്ന ക്രിസ്തീയ വിശ്വാസത്തിനെതിരെ എഴുതപ്പെട്ട പഴങ്കഥകളുടെ ശേഖരം ആകുവാനാണ് സാധ്യത. ഇതിലെ വിഷയങ്ങള്‍ വളരെയധികം നിന്ദ്യമായതിനാല്‍, യഹൂദ പണ്ഡിതന്മാര്‍ ഇതിനെ യഹൂദ വിശ്വാസത്തെ എതിര്‍ക്കുന്ന ഒരു കൃതി ആയിട്ടാണ് കരുതുന്നത്. ഈ കൃതി തിരുവെഴുത്തുകളെയും അതിനു യഹൂദ റബ്ബിമാര്‍ നല്കിയ വ്യാഖ്യാനങ്ങളെയും, താല്‍മഡിനെയും പരിഹസിക്കുന്ന ഒരു രചനയാണ് എന്ന ചിന്തയും ശക്തമാണ്. കാരണം, ദൈവത്തിന്റെ സുഷ്ടിപ്പിന്‍റെ ചരിത്രമാണ് ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നത്. കൂടാതെ, യിരെമ്യാവിനെ പോലെയുള്ള, പഴനിയമ കാലത്തെ വിശ്വാസ വീരന്മാരുടെ ജീവിതത്തെക്കുറിച്ച് അധാര്‍മ്മികമായ പല കഥകളും ഇതില്‍ പരിഹാസ രൂപേണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഷ, പരുക്കനും, സാംസ്കാരിക നിലവാരം ഇല്ലാത്തതും ആണ്. അതിനാല്‍, അക്കാലത്തെ പണ്ഡിതന്മാര്‍ ആരും തന്നെ ഇതിന് യാതൊരു അംഗീകാരവും നല്‍കിയിരുന്നില്ല. എന്നാല്‍ ജെര്‍മനിയില്‍, മദ്ധ്യകാലഘത്തില്‍ ഉണ്ടായിരുന്ന ചില നിഗൂഢവാദികളായ ആത്മ ജ്ഞാനികല്‍ ഇതിനെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ മുഖ്യധാര യഹൂദ മത വിശ്വാസികളോ, പണ്ഡിതന്മാരോ അല്ല.

ലിലിത്തിനെ കുറിച്ച്, വീണ്ടും പല കഥകളും പ്രചാരത്തില്‍ ഉണ്ടായിരുന്നു. ബാബിലോണിയന്‍ താല്‍മഡില്‍, അസ്മോഡെസ് (Asmodeus) എന്നൊരു ഭൂതങ്ങളുടെ രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. മദ്ധ്യകാലഘട്ടത്തില്‍, ലിലിത്ത് അസ്മോഡെസ് ന്റെ ഭാര്യ ആയിരുന്നു എന്നു കഥ ഉണ്ടായിരുന്നു. ഈ ഭൂമിയെപ്പോലെ തന്നെ മറ്റൊരു ലോകം ഉണ്ടെന്നും, അവിടെയാണ് ലിലിത്ത് താമസിക്കുന്നത് എന്നും, അതിന്റെ രാജാവു അസ്മോഡെസ് ആണ് എന്നും കഥകള്‍ ഉണ്ട്. 12 ആം നൂറ്റാണ്ടില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന, സോഹാര്‍ (Zohar) എന്ന നിഗൂഡ ആത്മീയ വാദികളുടെ (mystics) വ്യാഖ്യാനമനുസരിച്ച്, ലിലിത്ത് ആദാമിന്റെ ആദ്യത്തെ ഭാര്യയും, സാത്താന്റെ ഭാര്യയും ആണ്. കബ്ബാല (Kabbalah) എന്ന യഹൂദ നിഗൂഡ ആത്മീയ വാദികളുടെ അഭിപ്രായത്തില്‍, ലിലിത്ത് ദൈവത്തിന്റെ സ്ത്രീ സത്വത്തിന്‍റെ എതിരാളി ആണ്. ക്രിസ്തു ദൈവരാജ്യം സ്ഥാപിക്കുന്നത് വരെ ഈ എതിരാളി തുടരും എന്നാണ് അവര്‍ കരുതുന്നത്. ഇങ്ങനെ ഉള്ള വേദ വിപരീതവും, അപകടകരവും, വിഡിത്തവും നിറഞ്ഞ അനേകം കഥകള്‍, യഹൂദ സമൂഹത്തില്‍ പോലും ഉണ്ടായിരുന്നു.

യെശയ്യാവ് 34: 14

ലിലിത്തിന്റെ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍, വേദപുസ്തകത്തില്‍, യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തില്‍ 34 ആം അദ്ധ്യായത്തില്‍ 14 ആം വാക്യത്തില്‍, ലിലിത്തിനെക്കുറിച്ച് പരാമര്‍ശം ഉണ്ട് എന്നു ചൂണ്ടിക്കാണിക്കാറുണ്ട്. അതിനാല്‍ നമുക്ക് ഈ വേദഭാഗം പരിശോധിക്കാം. യെശയ്യാവിന്‍റെ പ്രവചനം എഴുതപ്പെട്ട നാളുകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായം ഉണ്ടെങ്കിലും, ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍, ഈ പ്രവചനം എഴുതപ്പെടുന്നത്, ക്രിസ്തുവിന് മുമ്പ് 740 നും 538 ഉം ഇടയില്‍ ആണ്. ഇതില്‍ കുറെ ഭാഗങ്ങള്‍ ബാബിലോണില്‍ വച്ചും കുറച്ചു ഭാഗങ്ങള്‍ ബാബിലോണിയ പ്രവാസത്തില്‍ നിന്നും തിരികെ യഹൂദയില്‍ എത്തിയശേഷവും ആണ് എഴുതപ്പെട്ടത് എന്നും വിശ്വസിക്കപ്പെടുന്നു.

എന്നാല്‍, ലിലിത്ത് ആദാമിന്റെ ആദ്യത്തെ ഭാര്യയായിരുന്നു എന്നു അവകാശപ്പെട്ട ഏറ്റവും പുരാതന കൃതി ആയ, ആല്‍ഫബെറ്റ് ഓഫ് ബെന്‍ സിറ, ക്രിസ്തുവിനെ ശേഷം 700 നും 1000 നും ഇടയില്‍ ആണ് എഴുതപ്പെട്ടത്. ഈ കൃതിയ്ക്ക് മുമ്പ്, ലിലിത്ത് ആദാമിന്റെ ആദ്യഭാര്യയായിരുന്നു എന്ന വാദം നിലവില്‍ ഉണ്ടായിരുന്നില്ല. അതായത്, ലിലിത്ത് ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നു എന്ന കഥയുമായി യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിന് ബന്ധമില്ല. എങ്കിലും ഇതൊരു പ്രവാചക പുസ്തകം ആണല്ലോ. അതിനാല്‍ ഇവിടെ എന്തെങ്കിലും വിധത്തില്‍ ലിലിത്തിന്റെ കാര്യം പറയുന്നുണ്ടോ എന്നു നോക്കാം.

 

യെശയ്യാവ് 34:14 “മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.”

 

ഈ വാക്യത്തിലെ “വേതാളം” എന്ന മലയാളം വാക്കിന് ഇംഗ്ലീഷില്‍ രാത്രിയിലെ ജീവികള്‍ എന്നാണ് കൂടുതല്‍ പരിഭാഷകളിലും നമ്മള്‍ വായിക്കുന്നത്. King James Version ല്‍, നമ്മള്‍ പ്രാദേശികമായി നത്ത്, കൂമന്‍, മൂങ്ങ എന്നിങ്ങനെ വിളിക്കുന്ന രാത്രിയില്‍ സഞ്ചരിക്കുന്ന പക്ഷികളെ സൂചിപ്പിക്കുന്ന ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. Amplified Bible എന്ന പരിഭാഷയില്‍, ലിലിത്ത് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്, എങ്കിലും ആ വാക്കിന്റെ ബ്രാക്കറ്റിലും, അടിക്കുറിപ്പായും സ്ത്രീ സത്വമുള്ള രാത്രിയിലെ ഭൂതാത്മാവ്, എന്നു കൊടുത്തിട്ടുണ്ട്. എന്നാല്‍, ഡാര്‍ബി (Darby Translation), International Standard Version, New Revised Standard Version എന്നിങ്ങനെ ഉള്ള ചില പരിഭാഷകളില്‍ ലിലിത്ത് എന്ന വാക്ക് തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇതിനാല്‍, ആദാമിന്റെ ആദ്യ ഭാര്യ ആയിരുന്നു എന്ന് പഴങ്കഥകളില്‍ പറയുന്ന ലിലിത്ത് എന്ന ഭൂതാത്മാവിനെക്കുറിച്ച്, വേദപുസ്തകത്തില്‍ പരാമര്‍ശം ഉണ്ട് എന്നും ഈ കഥകള്‍ ശരിയാണ് എന്നും ഒരു വാദം ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ സത്യം മനസ്സിലാക്കുവാന്‍, യെശയ്യാവു പ്രവാചകന്‍ പറഞ്ഞത് എന്താണ് എന്ന് സൂക്ഷ്മമായി പഠിക്കേണ്ടിയിരിക്കുന്നു.

യെശയ്യാവു 34 : 14 ല്‍ എബ്രായ ഭാഷയില്‍ “ലീലീത്ത്” (liyliyth - lee-leeth) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് വേദപുസ്തകത്തില്‍ ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഈ വാക്കിന്റെ മൂല വാക്ക് “ലായില്‍” (layil - lah'-yil)  എന്ന എബ്രായ പദം ആണ്. ഈ വാക്കിന്റെ അര്‍ത്ഥം, രാത്രി എന്നും എതിരാളി എന്നും ആണ്. അതായത്, എബ്രായ ഭാഷയിലെ “ലീലീത്ത്”, രാത്രിയിലെ എതിരാളി ആണ്. അതുകൊണ്ടാണ് രാത്രിയില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ എതിരാളിയായ ഭൂതാത്മാവിനെക്കുറിച്ച് പറയുവാന്‍, യെശയ്യാവു ഈ വാക്ക് ഉപയോഗിച്ചത്. ശിശുക്കളെയും സ്ത്രീകളെയും, ഏകരായി ഉറങ്ങുന്ന പുരുഷന്മാരെയും ഉപദ്രവിക്കുന്ന ലിലിത്ത് എന്ന ദുരാത്മാവിന്റെ കഥ അന്ന് യഹൂദന്മാരുടെയും ചുറ്റുമുള്ള ജാതികളുടെയും ഇടയില്‍ പ്രചാരത്തിലും ആയിരുന്നു. എന്നാല്‍, യെശയ്യാവ് ഈ വാക്ക് ഒരു പ്രത്യേക വ്യക്തിയേയോ, ഒരു പ്രതേക ഭൂതാത്മാവിനെയോ കുറിച്ച് പറയുവാനല്ല ഉപയോഗിച്ചിരിക്കുന്നത്. രാത്രിയില്‍ മനുഷ്യരെ ഉപദ്രവിക്കുന്ന എല്ലാ ദുരാത്മാവിനെക്കുറിച്ചും ഒരുമിച്ച് പറയുകയാണ്.

യെശയ്യാവ് 34 ലെ വിഷയം എന്താണ് എന്നു കൂടി നമുക്ക് പഠിക്കാം. യെശയ്യാവിന്‍റെ പുസ്തകത്തിലെ ആദ്യത്തെ 39 അദ്ധ്യായങ്ങള്‍, ഏകദേശം BC 740 നും 700 നും ഇടയില്‍ എഴുതപ്പെട്ടത് ആണ്. . ഇവിടെ, ജാതീയ ദേവന്മാരെ ആരാധിക്കുന്ന അന്യദേശക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്കുക ആണ്. 34 ആം അദ്ധ്യായത്തില്‍ യിസ്രയേലിന്റെ ശത്രുക്കള്‍ ആയ എദോമ്യരെയും ചുറ്റുമുള്ള ജാതീയ രാജ്യങ്ങളെയും, യഹോവ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രവചനം. ഇത് അടയാളങ്ങളും, പ്രതിരൂപങ്ങളും, ചിഹ്നങ്ങളും ഉപയോഗിയ്ക്കുന്ന അപ്പോകാലിപ്റ്റിക് സാഹിത്യ രചനയുടെ ശൈലിയില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത്. “എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു”, യഹോവയുടെ വാൾ രക്തംപുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.” എന്നിങ്ങനെയുള്ള വിവരണം ഇതൊരു പ്രത്യേക രീതിയിലുള്ള രചനയാണ് എന്നതിന് തെളിവാണ്.

ഈ അദ്ധ്യായത്തിലെ വിവരണത്തിന്റെ അര്‍ത്ഥം ഇങ്ങനെ ആണ്: യഹോവയുടെ ന്യായവിധി യിസ്രയേലിന്റെ ശത്രുക്കള്‍ ആയ എദോമ്യരുടെയും മറ്റ് ചില രാജ്യങ്ങളുടെമേലും ഉണ്ടാകും. അന്ന് ആ ദേശമെല്ലാം മരുഭൂമിപോലെ ശൂന്യസ്ഥലങ്ങള്‍ ആകും. അതായത് അവിടെ മനുഷ്യര്‍ ആരും ശേഷിപ്പ് ഉണ്ടാകുക ഇല്ല. അങ്ങനെ അത്, കാട്ടുമൃഗങ്ങളുടെയും, വന്യ ജീവികളായ പറവകളുടെയും, രാത്രിയില്‍ സഞ്ചരിക്കുന്ന ദുരാത്മാക്കളുടെയും ആവാസകേന്ദ്രമായി മാറും. ഇവിടെ, ശൂന്യവും യഹോവയാല്‍ ശപിക്കപ്പെട്ടതുമായ സ്ഥലത്തു, കാണപ്പെടുന്ന ചില മൃഗങ്ങളുടെ പേരുകള്‍ പറയുന്നുണ്ട്. ഈ പട്ടികയില്‍ ആണ് വേതാളം എന്നു മലയാളത്തിലും, ലീലീത്ത് എന്നു എബ്രായ ഭാഷയിലും ഉള്ള എന്ന വാക്ക് കാണുന്നത്. ഇതില്‍ നിന്നും ലീലീത്ത് എന്ന വാക്കുകൊണ്ട് പ്രവാചകന്‍ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലാക്കാവുന്നതെ ഉള്ളൂ. ലീലീത്ത് എന്ന പേര് അന്നത്തെ യഹൂദ സമൂഹത്തിനു പരിചിതമായിരുന്നതിനാല്‍, അതിനു യാതൊരു വിശദീകരണവും എഴുത്തുകാരന്‍ നല്‍കുന്നില്ല. അത് രാത്രിയില്‍ സഞ്ചരിക്കുന്ന ഏതൊരു ദുരാത്മാവും ആകാം. യെശയ്യാവു, ആ ദേശത്തിന്റെ മേല്‍ സംഭവിക്കുവാനിരിക്കുന്ന യഹോവയുടെ ന്യായവിധിയെക്കുറിച്ചും, അതിനു വരുവാനിരിക്കുന്ന ശൂന്യാവസ്ഥയെക്കുറിച്ചുമാണ് പറയുന്നത്. ആദാമിന്റെ കാര്യമോ, സൃഷ്ടിയുടെ ചരിത്രമോ പ്രവാചകന്റെ ചിന്തയില്‍ ഇല്ല. അതിനാല്‍, അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ട ഒരു യഹൂദ ഹാസ്യ രചനയില്‍ പറയുന്ന, ആദാമിന്റെ ആദ്യത്തെ ഭാര്യ ആണ് ലിലിത്ത് എന്ന കഥയുമായി, യെശയ്യാവു പ്രവാചകന്റെ വാക്കുകള്‍ക്ക് യാതൊരു ബന്ധവും ഇല്ല. ബാബിലോണിയന്‍ താല്‍മഡും, യെശയ്യാവിനും അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഴുതപ്പെട്ടത്.

ഉല്‍പ്പത്തി പുസ്തകത്തിലെ സൃഷ്ടിപ്പിന്റെ ചരിത്രം

നമ്മളുടെ പഠനം അവസാനിപ്പിക്കുന്നതിന് മുമ്പായി, ഉല്‍പ്പത്തി പുസ്തകം ഒന്നാം ആദ്ധ്യായത്തിലെയും രണ്ടാം അദ്ധ്യായത്തിലെയും മനുഷ്യരുടെ സൃഷ്ടിയുടെ വിവരണത്തില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.  

ഉല്‍പ്പത്തി പുസ്തകം 1 ആം അദ്ധ്യായവും 2 ആം അദ്ധ്യായവും, ദൈവം ഈ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും സൃഷ്ടിച്ചതിന്റെ വിവരണമാണ്. എന്നാല്‍, വിമര്‍ശന ബുദ്ധിയോടെ വായിക്കുന്ന ഒരുവന്, ഈ രണ്ടു അദ്ധ്യായങ്ങളില്‍ വിവരിക്കപ്പെടുന്ന സൃഷ്ടിപ്പിന്റെ ചരിത്രത്തില്‍, ഏകദേശം 9 വ്യത്യാസങ്ങള്‍ വരെ കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍, നമ്മളുടെ ഇന്നത്തെ പഠനം ആദാമിന്റെയും ഹവ്വയുടെയും സൃഷ്ടിപ്പിനെക്കുറിച്ച് ആയതിനാല്‍, അതില്‍ മാത്രമേ നമ്മള്‍ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ.

ആദ്യമായും പ്രധാനമായും നമ്മള്‍ മനസ്സിലാക്കേണ്ടത്, ഉല്‍പ്പത്തി 1, 2 അദ്ധ്യായങ്ങള്‍, ഒന്നു ഒന്നിന്റെ തുടര്‍ച്ചയല്ല എന്നാണ്. ഈ രണ്ടു അദ്ധ്യായങ്ങളും വിവരിക്കുന്നത് ഒരേ കാര്യം ആണ് – നമ്മളുടെ പ്രപഞ്ചത്തിന്റെയും, ഭൂമിയുടെയും, ജീവജാലങ്ങളുടെയും, മനുഷ്യന്റെയും സൃഷ്ടിപ്പ്. ഇങ്ങനെ ഒരേ സംഭവങ്ങള്‍ പല പുസ്തകങ്ങളില്‍ ആയി കാണുന്ന രീതി വേദപുസ്തകത്തില്‍ വീണ്ടും ഉണ്ട്. പുറപ്പാടു, ലേവ്യ, സംഖ്യ, ആവര്‍ത്തനം എന്നിവയില്‍ ഒരേ സംഭവങ്ങള്‍ ആവര്‍ത്തിച്ചു വിവരിക്കപ്പെടുന്നുണ്ട്. ന്യായാധിപന്‍മാരുടെ പുസ്തവും, ശമുവേലിന്റെ പുസ്തകവും യിസ്രായേലിലെ ന്യായാധിപന്‍മാരുടെ ചരിത്രം പറയുന്നു. ശമുവേലിന്റെ പുസ്തകത്തിലും, രാജാക്കന്മാരുടെ പുസ്തകത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും രാജാക്കന്മാരുടെ ചരിത്രം കാണുന്നു. പുതിയനിയമത്തില്‍, യേശുക്രിസ്തുവിന്റെ ജീവചരിത്രം നാല് സുവിശേഷ ഗ്രന്ഥങ്ങളില്‍ ആയി നാല് വ്യത്യസ്തങ്ങള്‍ ആയ വ്യക്തികള്‍ എഴുതിയിട്ടുണ്ട്. ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന ചരിത്ര വിവരണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും ഒരിടത്തും പരസ്പര വിരുദ്ധങ്ങള്‍ അല്ല. ഇതൊരു വേദപുസ്തക ശൈലി ആണ്. ഇതേ ശൈലിയില്‍ തന്നെ ആണ് ഉല്‍പ്പത്തി, 1, 2 അദ്ധ്യായങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. അതിനാല്‍ ഈ അദ്ധ്യായങ്ങള്‍, ഒന്നു ഒന്നിന്റെ തുടര്‍ച്ച അല്ല. അവ രണ്ടും ഒരേ സംഭവം ആണ് വിവരിക്കുന്നത്. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍” ഇത് ദൈവാത്മാവിനാല്‍ ഇപ്രകാരം ക്രമേകരിക്കപ്പെട്ടിരിക്കുന്നു.

വേദപുസ്തകത്തില്‍ നമ്മള്‍ ഇപ്പോള്‍ കാണുന്ന, അദ്ധ്യായം, വാക്യങ്ങള്‍ എന്ന ക്രമീകരണം അതിന്റെ മൂല കൃതികളില്‍ ഇല്ല. പഴനിയമവും പുതിയ നിയമവും, അദ്ധ്യായങ്ങള്‍ ആയി തിരിച്ചത്, ക്രിസ്തുവിന് ശേഷം ആണ്. ഇതില്‍ ചില ഭാഗങ്ങളില്‍ കൃത്യത കാണപ്പെടുന്നില്ല. ഇത്തരം വിഭജനം, വേദപുസ്തകം വായിക്കുവാനും പഠിക്കുവാനും ഉള്ള സൌകര്യത്തിനുവേണ്ടി മാത്രം ചെയ്തതാണ്.

ഉല്‍പ്പത്തിയിലെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങള്‍ക്കും വ്യത്യസ്ഥമായ സാഹിത്യ ശൈലിയും, വ്യാപ്തിയും, ഘടനാപരമായ രീതികളും ഉണ്ട്. ഉല്‍പ്പത്തി ഒന്നാമത്തെ പുസ്തകം, നമ്മളുടെ പ്രപഞ്ചത്തിന്റെ സൃഷ്ടിയാണ് വിവരിക്കുന്നത്. അത് തുടങ്ങുന്നത് തന്നെ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” എന്നു പറഞ്ഞുകൊണ്ടാണ്.” ഒന്നാം അദ്ധ്യായത്തില്‍ ആരംഭിച്ച സൃഷ്ടിപ്പിന്റെ ഒന്നാമത്തെ വിവരണം, 2 ആം അദ്ധ്യായം 3 ആം വാക്യം വരെ നീളുന്നു. സൃഷ്ടിപ്പിന്റെ ഒന്നാമത്തെ വിവരണം അവസാനിക്കുന്നത് ഇങ്ങനെ ആണ്: “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.”

 സൃഷ്ടിപ്പിന്റെ രണ്ടാമത്തെ വിവരണം ആരംഭിക്കുന്നത് 2 ആം അദ്ധ്യായം 4 ആം വാക്യത്തോടെ ആണ്. “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.” അതായത് ഉല്‍പ്പത്തി 2 ആം അദ്ധ്യായത്തിലെ, സൃഷ്ടിപ്പിന്റെ രണ്ടാമത്തെ വിവരണം, ഭൂമിയുടെയും, ഏദന്‍ തോട്ടത്തിന്റെയും മനുഷ്യരുടെയും ചരിത്രമാണ് പറയുന്നത്. ഇവിടെ വിശാലമായ ഒരു ചരിത്രമല്ല, കൂടുതല്‍ സൂക്ഷ്മമായ ചരിത്രമാണ് വിവരിക്കുന്നത്. സൃഷ്ടിപ്പിന്റെ ആറാമത്തെ ദിവസം എന്തെല്ലാം സംഭവിച്ചു എന്നതിനാണ് കൂടുതല്‍ ഊന്നല്‍.  ഉദാഹരണത്തിന്, ഉല്‍പ്പത്തി 1:27 ല്‍ “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” എന്നു പറഞ്ഞു സൃഷ്ടിപ്പിന്റെ ചരിത്രം അവസാനിപ്പിക്കുന്നു. എന്നാല്‍ ഉല്‍പ്പത്തി 2: 7 ല്‍ ഈ സൃഷ്ടിപ്പിന്റെ ചരിത്രം വിശദമായി പറയുന്നു. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” ഇത് ആദാമിന്റെ സൃഷ്ടിപ്പാന്. മറ്റൊരു ഉദാഹരണം കൂടി പറയാം. 1 ആം അദ്ധ്യായത്തില്‍ ഓരോ സൃഷ്ടിപ്പിനുശേഷവും, ദൈവം നല്ലത് എന്നു പറയുകയും, ആറാം ദിവസം മനുഷ്യരുടെ സൃഷ്ടിപ്പിന് ശേഷം എത്രയും നല്ലത് എന്നു പറയുകയും ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 2 ആം അദ്ധ്യായത്തില്‍ കൂടുതല്‍ സൂക്ഷമമായ വിവരണത്തില്‍, ദൈവം ആദമിനെ മാത്രം ആദ്യം സൃഷ്ടിച്ചു എന്നും “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്‍പ്പത്തി 2:8)  എന്നും വായിക്കുന്നു. അതിനു ശേഷം, ആദാം ഏകനായിരിക്കുന്നത് നല്ലതല്ല എന്നു ദൈവം പറഞ്ഞു. അതിനാല്‍ ദൈവം അവന് തക്ക തുണയായി ഹവ്വയെ സൃഷ്ടിച്ചു. ഇതോടെ ആണ് സൃഷ്ടിപ്പ് പൂര്‍ത്തിയായതും, “എത്രയും നല്ലത്” എന്നു ദൈവം പറയുന്നതും. ഇവിടെ ആദാം സൃഷ്ടിപ്പിന് ശേഷം ഏകനായി തീരുക അല്ല, അവന്‍ സൃഷ്ടിപ്പില്‍ തന്നെ ഏകന്‍ ആയിരുന്നു. താന്‍ ഏകനാണ് എന്നു ആദാം പരാതി പറയുക അല്ല,യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു പറയുക ആണ്. (ഉല്‍പ്പത്തി 2:18). അതിനാലാണ്, ദൈവം ഹവ്വായെ ആദാമിനു കൂട്ടായി സൃഷ്ടിച്ചത്.

ഈ സൃഷ്ടിപ്പിന്റെ വിവരണത്തില്‍ യാതൊരു ആശയകുഴപ്പവും കാണുന്നില്ല. ഇവിടെ യാതൊന്നും പറയാതെ ഇരിക്കുന്നില്ല. ആദാമിനു ആദ്യ ഭാര്യ ഉണ്ട് എന്നു പറയുന്നില്ല. അതിനുള്ള അവസരവും ഇല്ല.

യേശുക്രിസ്തുവിന്റെ വ്യാഖ്യാനം

നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കൂടി വായിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം. മത്തായി 19 ല്‍ പരീശന്മാര്‍ യേശുവിനോട് വിവാഹമോചനത്തെ കുറിച്ച് ചോദിക്കുന്നതാണ് പശ്ചാത്തലം. അവരോടു യേശു ഉത്തരം പറഞ്ഞു: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു”. മര്‍ക്കോസ് 10:6 ല്‍ യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ ആണ്: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി”. യേശു, ദൈവം എങ്ങനെ ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നും, സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചും ആണ് പറഞ്ഞത്. അവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ, ഒരു ആണും രണ്ടു പെണ്ണും ഇല്ല. യേശു ഇവിടെ ഉല്‍പ്പത്തി 1:27 ലെ വാക്യമാണ് പരാമര്‍ശിക്കുന്നത്. ഇതിനുശേഷം യേശു പറഞ്ഞു: “അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?. ഇവിടെ ഉല്‍പ്പത്തി 2: 24 ആണ് യേശു ഉദ്ധരിക്കുന്നത്. ഈ വാക്യത്തിന് കൂടുതല്‍ വ്യക്തത വരുവാനായി, യെഹൂദ്യയ്ക്ക് വെളിയില്‍ ജീവിച്ചിരുന്ന യഹൂദന്മാര്‍ ഉല്‍പ്പത്തി 2: 24 നെ ഇങ്ങനെ ആണ് വായിച്ചത്:  “അതുകൊണ്ടു ഒരു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഒരു ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏക ദേഹമായി തീരും.” അന്ന് പ്രചാരത്തില്‍ ഇരുന്ന, ഗ്രീക്ക്, അരാമ്യ, സിറിയ, ശമര്യ എന്നീ ഭാഷകളിലെ, വേദപുസ്തകത്തിന്റെ പരിഭാഷകളില്‍, ഈ വാക്യം ഇപ്രകാരം തന്നെ ആയിരുന്നു. എബ്രായ പരിഭാഷകളില്‍ ഈ മാറ്റം കണ്ടില്ല എങ്കിലും, അനേകം എബ്രായ പ്രഭാഷകര്‍ ഇതിനെ പിന്താങ്ങിയിരുന്നു.

ഇവിടെ, ആദാമും ഒരു സ്ത്രീയും മാത്രമേ സൃഷ്ടിക്കപ്പെട്ടുള്ളൂ എന്നത് വ്യക്തമാണ്. ഇതാണ് വിവാഹം എന്ന മര്‍മ്മം. ഈ മര്‍മ്മമോ, ക്രിസ്തുവും സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തിന്‍റെ മര്‍മ്മം കൂടി ആണ്. ഇവിടെ മറ്റൊരു സ്ത്രീയ്ക്ക് സ്ഥാനം ഇല്ല. അതിനാല്‍, ആദാമിനു ആദ്യ ഭാര്യ ഉണ്ടായിരുന്നു എന്നും അത് ലിലിത്ത് എന്ന് വിളിക്കപ്പെട്ടിരുന്ന ഭൂതാത്മാവ് ആണ് എന്നതും വ്യാജവും ദൈവദൂഷണവും ആണ്.

ഈ സന്ദേശം ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെയോ signal app ലൂടെയോ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment