വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ?

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം, തിരുവെഴുത്തില്‍, അതിന്റെ മൂല ഘടനയിലും, രൂപത്തിലും, ഭാഷയിലും, കൃതിയിലും തെറ്റുകള്‍ ഇല്ല എന്നു തന്നെ ആണ്. അതായത്, തിരുവെഴുത്തുകള്‍ എല്ലാം ദൈവശ്വാസിയമാണ്, (2 തിമൊഥെയൊസ് 3: 16), അതിനാല്‍ അത് എഴുതപ്പെട്ട അര്‍ത്ഥത്തില്‍ അതില്‍ തെറ്റുകള്‍ ഇല്ല.  

ഈ ചോദ്യം ഇപ്പോള്‍ ഉയരുവാന്‍ ഒരു കാരണം ഉണ്ട്. തിരുവെഴുത്തുകളില്‍ പിശകില്ലാ എന്ന വാദത്തോട് അയഞ്ഞ സമീപനം ഉള്ള ചില ദൈവദാസന്‍മാര്‍ ഇന്ന് ഉണ്ട്. വേദപുസ്തകത്തില്‍ തെറ്റില്ല എന്ന വാദത്തിന് വലിയ പ്രാധാന്യമില്ല എന്നു വിശ്വസിക്കുന്ന സുവിശേഷ വിഹിത സഭകള്‍ പോലും ഇക്കാലത്ത് ഉണ്ട്. അവര്‍ തിരുവെഴുത്തില്‍ ഭാഗികമായി തെറ്റുകള്‍ ഇല്ലാ എന്ന വാദഗതിക്കാര്‍ ആണ്. അതായത്, വേദപുസ്തകത്തിലെ ചരിത്രത്തിന്‍റെ രേഖപ്പെടുത്തലിലും, ശാസ്ത്രീയ ചിന്തകളിലും തെറ്റുകള്‍ കണ്ടേക്കാം എന്നാണ് അവരുടെ ചിന്ത. എങ്കിലും രക്ഷയുടെയും, വിശ്വാസത്തിന്റെയും, പ്രമാണങ്ങളുടെയും കാര്യത്തില്‍ യാതൊരു തെറ്റുകളും ഇല്ല എന്നും അവര്‍ വാദിക്കും.  

വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ ഇല്ലയോ എന്ന വിശ്വസം, നമ്മളുടെ വ്യക്തിപരമായ രക്ഷയെ ഒരുതരത്തിലും ബാധിക്കുന്നില്ല. രക്ഷ ദൈവ കൃപയാല്‍ യേശുക്രിസ്തുവിന്റെ പരമ യാഗത്തിലുള്ള വിശ്വസം മൂലമാണ് ലഭിക്കുന്നത്. എന്നാല്‍ വേദപുസ്തകത്തില്‍ തെറ്റുകള്‍ ഇല്ല എന്ന വിശ്വസം, ദൈവവചനം ശരിയായി മനസ്സിലാക്കുവാന്‍ അത്യാവശ്യമാണ്. ക്രിസ്തുവിന്റെ മനോഭാവത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുവാനും അത് ആവശ്യമാണ്. സഭയുടെയും വ്യക്തികളുടെയും ആത്മീയ വളര്‍ച്ചക്കും തെറ്റുകള്‍ ഇല്ലാത്ത തിരുവെഴുത്ത് എന്ന വിശ്വസം ആവശ്യമാണ്. കാരണം, തെറ്റുകള്‍ ഇല്ലാത്ത തിരുവെഴുത്ത് എന്നത് യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെയും അവന്റെ രക്ഷാകരമായ യാഗത്തെയും ഉറപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ കര്‍തൃത്തം സ്വീകരിക്കുവാന്‍ ഇത് ആവശ്യമാണ്.

തെറ്റുകള്‍ ഇല്ല എന്നതിന്റെ പ്രമാണങ്ങള്‍

തിരുവെഴുത്തുകളില്‍ തെറ്റുകള്‍ ഇല്ല എന്നു പറയുന്നത് എന്തെല്ലാം അര്‍ത്ഥത്തില്‍ ആണ് എന്നു നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണം. തെറ്റുകള്‍ ഇല്ല എന്നു പറഞ്ഞാല്‍, അതിന്റെ അടിസ്ഥാന അര്‍ത്ഥം, വേദപുസ്തകം വിനിമയം ചെയ്യുന്ന ആശയങ്ങള്‍ അല്ലെങ്കില്‍ ആത്മീയ മര്‍മ്മങ്ങള്‍ എല്ലാം സത്യമാണ് എന്നതാണ്. സാദൃശ്യമായവയും, ഏകദേശമായവയും, സ്വതന്ത്രമായ ഉദ്ധരണികളും, കാഴ്ചയുടെ അല്ലെങ്കില്‍ ബാഹ്യരൂപത്തിന്റെ ഭാഷയും, പരസ്പര വിരുദ്ധമല്ലാത്ത വ്യത്യസ്തവുമായ വിവരണങ്ങളും തെറ്റുകളായി കണക്കാക്കപ്പെടുന്നില്ല. അതായത്, തെറ്റുകള്‍ ഇല്ല എന്ന അവകാശം, വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലിയെക്കുറിച്ചല്ല. ഒരു ഭാഗത്ത് പറഞ്ഞിരിക്കുന്നവ മറ്റൊരു ഭാഗത്ത് എടുത്തു പറയുമ്പോള്‍ ഉള്ള കൃത്യതയും ഇവിടെ ഉദ്ദേശിക്കുന്നില്ല. തിരുവചനം പകര്‍ത്തി എഴുതുമ്പോഴോ, പരിഭാഷപ്പെടുത്തുമ്പോഴോ ഉണ്ടാകുവാന്‍ ഇടയുള്ള വ്യത്യാസങ്ങളും തെറ്റുകളായി കണക്കാക്കപ്പെടുന്നില്ല. വേദപുസ്തകം മൂല ഭാഷയിലും ഘടനയിലും രൂപത്തിലും ആണ് തെറ്റുകള്‍ ഇല്ലാത്തതായി നില്‍ക്കുന്നത്.  

Chicago Statement on Biblical Inerrancy

1978, ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലെ ഷിക്കാഗോ എന്ന പട്ടണത്തില്‍, സുവിശേഷ വിഹിത സഭകളിലെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരും വേദ പണ്ഡിതന്മാരുമായ 200 ല്‍ അധികം പേര്‍ ഒരുമിച്ച് കൂടി, വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ എന്നു പരിശോധിയ്ക്കുക ഉണ്ടായി. ഈ യോഗം വിളിച്ച് ചേര്‍ത്തത്, International Council on Biblical Inerrancy എന്ന സംഘടന ആണ്. ഇവരുടെ പരിശോധനയില്‍ വേദപുസ്തകത്തില്‍ തെറ്റുകകളോ പിശകുകളോ ഇല്ലാ എന്നു തീര്‍ച്ചപ്പെടുത്തുകയും അവര്‍ സംയുക്തമായി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ഈ കൌണ്‍സിലിന്‍റെ തീരുമാന പ്രകാരം തിരുവെഴുത്തുകളില്‍ തെറ്റുകള്‍ ഇല്ല എന്നതിന് 19 പ്രമാണങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുക ഉണ്ടായി. ഇതിനെ, Chicago Statement on Biblical Inerrancy എന്നാണ് അറിയപ്പെടുന്നത്.

അവരുടെ പ്രസ്താവനയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതൊക്കെ ആയിരുന്നു. വേദപുസ്തകത്തിലെ പുസ്തകങ്ങള്‍ ആദ്യം എഴുതപ്പെട്ട ഭാഷയിലും രൂപത്തിലും അവ തെറ്റുകള്‍ ഇല്ലാത്തവയാണ്. അന്ധമായ വ്യാഖ്യാനങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയേക്കാം എന്നതിനാല്‍, വേദപുസ്തകത്തിലെ ചരിത്ര പുസ്തങ്ങളെ ചരിത്രമായും, കാവ്യ രചനകളെ കാവ്യങ്ങളായും അതിശോക്തികളെയും അലങ്കാരങ്ങളെയും, സാമാന്യവാല്‍ക്കരണത്തെയും ഏകദേശ സാദൃശ്യങ്ങളെയും അങ്ങനെ തന്നെയും വേണം വ്യാഖ്യാനിക്കുവാന്‍. വിവിധ രചനകളെ അതാതിന്റെ രീതിയില്‍ വ്യാഖ്യാനിക്കേണം.  

സത്യവും സത്യവാനും ആയ ദൈവം, യേശുക്രിസ്തുവിലൂടെ, സൃഷ്ടാവും കര്‍ത്താവും, വീണ്ടെപ്പുകാരനും ന്യായാധിപതിയും ആയി സ്വയം വെളിപ്പെടുത്തുവാന്‍ വേണ്ടി മനുഷ്യര്‍ക്ക് നല്‍കിയതാണ് തിരുവെഴുത്തുകള്‍. തിരുവചനം, ദൈവത്തിന്റെ വചനമാണ്. അത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ മനുഷ്യരാല്‍ എഴുതപ്പെട്ടത് ആണ്. അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവവചനം തെറ്റില്ലാത്തതും ആധികാരവും ആകുന്നു. അത് അനുസരിക്കുവാന്‍ തക്ക ദൈവത്തിന്റെ കല്‍പ്പനകള്‍ ആകുന്നു. തിരുവെഴുത്തുകളുടെ ദൈവീക എഴുത്തുകാരന്‍ പരിശുദ്ധാത്മാവ് ആണ്. അവന്‍ തിരുവെഴുത്തുകള്‍ മനസ്സിലാക്കുവാന്‍ നമ്മളുടെ ഹൃദയങ്ങളെ തുറക്കുകയും അതിനു സാക്ഷി നില്‍ക്കുകയും ചെയ്യും.

തിരുവെഴുത്തുകള്‍ ദൈവത്തിന്റെ ദാനം ആയതിനാല്‍ അതില്‍ തെറ്റുകളോ ഉപദേശങ്ങളില്‍ പിശകുകളോ ഇല്ല. സൃഷ്ടിയെക്കുറിച്ചും, ലോക ചരിത്രത്തെക്കുറിച്ചും, രക്ഷയെക്കുറിച്ചും മറ്റ് വിവിധ വിഷയങ്ങളെ കുറിച്ചും പറയുന്ന കാര്യങ്ങളില്‍ തെറ്റുകള്‍ ഇല്ല. തെറ്റുകള്‍ ഇല്ല എന്നു പറയുന്നതിന്റെ അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവവും സത്വവുമാണ്. ദൈവം സത്യമാണ്, ദൈവമാണ് തിരുവെഴുത്തുകള്‍ നല്കിയത്, അതിനാല്‍ തന്നെ അത് തെറ്റുകള്‍ ഇല്ലാത്തതും സത്യവും ആയിരിക്കുന്നു. വേദപുസ്തകത്തില്‍ തെറ്റുകള്‍ ഇല്ല എന്ന വാദത്തെ ഏതെങ്കിലും വിഷയത്തില്‍ പരിമിതപ്പെടുത്തിയാല്‍, അത് മാനവിക രക്ഷയെയും സഭയെയും തകര്‍ക്കും. ഭാഗികമായി തെറ്റുകള്‍ ഉള്ളത് എന്ന അയഞ്ഞ സമീപനത്തെ, ഷിക്കാഗോയില്‍ കൂടിയ വേദപണ്ഡിതന്മാര്‍, തള്ളികളഞ്ഞു.

സ്വാതന്ത്ര്യം

തിരുവചനത്തില്‍ തെറ്റുകള്‍ ഇല്ല എന്നു വാദിക്കുമ്പോള്‍ തന്നെ, ചില കാര്യങ്ങളില്‍ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്: വേദപുസ്തകത്തിലെ ഓരോ പുസ്തകങ്ങളും എഴുതിയ വ്യക്തികള്‍ക്ക് വ്യത്യസ്തങ്ങള്‍ ആയ ശൈലി ആണ് ഉള്ളത്. യോഹന്നാന്റെ പുസ്തകത്തില്‍ ലളിതമായ ഭാഷ ഉപയോഗിക്കപ്പെടുമ്പോള്‍, ലൂക്കോസ് കൂടുതല്‍ സാഹിത്യ സമ്പുഷ്ടമായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പൌലൊസിന്റെ ശൈലി ഒരു തത്വജ്ഞാനിയുടെ രീതി ആണ്. മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ യേശുവിന്റെ ജീവിതം ചരിത്രകാരന്മാരെപ്പോലെ വിവരിക്കുമ്പോള്‍, യോഹന്നാന്‍ തത്വജ്ഞാനപരമായ വിവരണം ആണ് നല്‍കുന്നത്. വെളിപ്പാടു പുസ്തകം അപ്പോകാലിപ്റ്റിക് സാഹിത്യ രചനയുടെ ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത്.

ഒരേ സംഭവം ഒന്നിലധികം പേര്‍ വിവരിക്കുന്നതില്‍ കാണുന്ന വ്യത്യസ്തങ്ങള്‍ ആയ വിശദാംശങ്ങള്‍ തെറ്റുകള്‍ അല്ല. ഈ വ്യത്യാസങ്ങള്‍ നമ്മള്‍ കൂടുതലും കാണുന്നത്, ആദ്യത്തെ മൂന്നു സുവിശേഷങ്ങളില്‍ ആണ്. യേശുക്രിസ്തു അരാമ്യ ഭാഷയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ സുവിശേഷകര്‍ ഗ്രീക്ക് ഭാഷയില്‍ ആണ് എഴുതിയത്. ഗ്രീക്ക് അവര്‍ക്ക് വിദേശ ഭാഷ ആയിരുന്നു. യേശു പറഞ്ഞ കാര്യങ്ങള്‍ ഗ്രീക്ക് ഭാഷയിലേക്ക്, സ്വതന്ത്രമായി വിവര്‍ത്തനം ചെയ്താണ് അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, ആശയം ഒന്നായിരിക്കുമ്പോള്‍ തന്നെ വാക്കുകള്‍ക്ക് വ്യത്യാസം ഉണ്ടാകാം. ഒരു വ്യക്തി ഒരു വിഷയത്തെയോ, സംഭാഷണത്തെയോ നോക്കികണ്ടതുപോലെ ആയിരിക്കേണം എന്നില്ല, മറ്റൊരു വ്യക്തി അതിനെ കണ്ടത്. ഇത് വ്യത്യസ്തങ്ങള്‍ ആയ രേഖപ്പെടുത്തലിന് കാരണമാണ്. ഇതിനാലും, രണ്ടു എഴുത്തുകാരുടെ രചനകള്‍ വ്യത്യസ്തങ്ങള്‍ ആണ് എന്ന പ്രതീതി ഒരു സാധാരണ വായനക്കാരന് ഉണ്ടാക്കിയേക്കാം, എങ്കിലും അവര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റില്ലാത്തതും, ഒന്നുതന്നെയും ആണ്.

തെറ്റുകള്‍ ഇല്ല എന്നതിനാല്‍, സംഭവങ്ങളുടെ വിവരണങ്ങള്‍ അക്ഷര പ്രകാരമാണ് എന്നു വാദിക്കുന്നില്ല. പുരാതന കാലത്ത്, എഴുത്തുകാര്‍ സംഭവങ്ങളുടെയോ, സംഭാഷണങ്ങളുടെയോ അക്ഷര പ്രകാരമുള്ള രേഖകള്‍ എപ്പോഴും എഴുതേണം എന്നില്ലായിരുന്നു. ഒരു ഭാഷയിലുള്ള സംഭാഷണത്തെ, മറ്റൊരു ഭാഷയില്‍ എഴുതേണ്ടി വരുമ്പോള്‍, അക്ഷര പ്രകാരമുള്ള എഴുത്ത് പലപ്പോഴും സാധ്യമല്ലായിരുന്നു. പഴനിയമ തിരുവെഴുത്തുകള്‍ എഴുതി സൂക്ഷിച്ചിരുന്ന ചുരുകള്‍ എളുപ്പത്തില്‍ ലഭ്യമല്ലായിരുന്നു എന്നതും, അത് എപ്പോഴും നിവര്‍ത്തി വായിക്കുക എന്നത് പ്രയാസമായിരുന്നു എന്നതും നമ്മള്‍ ഇവിടെ ഓര്‍ക്കേണം. അതിനാല്‍ പഴയനിയമത്തിലെ വാചകങ്ങള്‍ പുതിയനിയമത്തില്‍ എടുത്തു എഴുതിയപ്പോള്‍, എഴുത്തുകാര്‍ സ്വതന്ത്രമായതും എന്നാല്‍ കൃത്യതയുള്ളതുമായ ഒരു ശൈലി സ്വീകരിച്ചിരുന്നു. ഇത് പിശക് അല്ല.

ചിലപ്പോഴെല്ലാം, എഴുത്തുകാര്‍, ഭാഷയുടെ വ്യാകരണം ശരിയായി പാലിച്ചിട്ടില്ല എന്നു നമുക്ക് തോന്നാറുണ്ട്. എന്നാല്‍, വ്യാകരണത്തിലുള്ള നമ്മളുടെ നിര്‍ബന്ധ ബുദ്ധി തിരുവെഴുത്തുകളില്‍ ചെലുത്തുവാന്‍ ശ്രമിക്കുന്നത് എപ്പോഴും ശരിയാകേണം എന്നില്ല. ഉദാഹരണത്തിന്, ഞാന്‍ വാതില്‍ ആകുന്നു എന്നും ഞാന്‍ നല്ല ഇടയന്‍ ആകുന്നു എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇത് ആംഗലേയ വ്യാകരണ ശാസ്ത്രപ്രകാരം സാദൃശ്യങ്ങളുടെ തെറ്റായ മിശ്രണം ആണ്. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഇതൊരു തെറ്റല്ല. അതുപോലെ തന്നെ പരിശുദ്ധാത്മാവിനെക്കുറിച്ച്, വ്യക്തിത്വമില്ലാതെയും, വ്യക്തിയായും ഒരേ വാചകത്തില്‍ യേശു വിശേഷിപ്പിക്കുന്നുണ്ട്. (യോഹന്നാന്‍ 14:26). ഇതും ഗ്രീക്ക് വ്യാകരണത്തില്‍ തെറ്റല്ല.

വേദപുസ്തകം വളരെ വിശാലമായ ഒരു ഗ്രന്ഥമാണ്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും മതിയായ വിശദീകരണം നല്കുവാന്‍ ഇന്ന് നമുക്ക് സാധ്യമല്ല. ചില കാര്യങ്ങള്‍ പുരാവസ്തു ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളുടെ സഹായത്തോടെ മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ. ചില വിഷയങ്ങളില്‍ ഭാഷാ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങള്‍ ആവശ്യമാകും. എന്നാല്‍ ചില കാര്യങ്ങളില്‍ നമുക്ക് ഒരു വിശദീകരണം സാധ്യമല്ലാതെ വന്നേക്കാം. എന്നാല്‍ ഇതിന്‍റെ അര്‍ത്ഥം, വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ട് എന്നല്ല. നമുക്ക് ഇന്ന് ഇത് വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എന്നു മാത്രമേ ഉള്ളൂ.

ദൈവവചനത്തില്‍ തെറ്റില്ല എന്നതിനാല്‍, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാകുകയോ, പരസ്പര വിരുദ്ധം ആകുകയോ അരുതു. വസ്തുതകള്‍ എങ്ങനെ സംഭവിച്ചുവോ, പറഞ്ഞുവോ, അത് അങ്ങനെ രേഖപ്പെടുത്തിയിരിക്കേണം. എന്നാല്‍ വിശദാംശങ്ങളില്‍ വ്യത്യാസം വരാം. ഉദാഹരണത്തിന്, മത്തായി 8:5-13 വരെയുള്ള വാക്യങ്ങളില്‍, യേശു കഫർന്നഹൂമില്‍ എത്തിയപ്പോള്‍, ഒരു ശതാധിപന്‍ വന്നു യേശുവിനോട്, അവന്റെ ഒരു ദാസന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു” എന്നും അതിനാല്‍ യേശു ചെന്നു സൌഖ്യമാക്കേണം എന്നും പറയുന്നതായി നമ്മള്‍ വായിക്കുന്നു. 8 ആം വാക്യത്തില്‍, “കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല എന്നു ശതാധിപന്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് തുല്യമായ, ലൂക്കോസ് 7: 1-10 വരെയുള്ള വാക്യങ്ങളില്‍, ശതാധിപന്‍, യെഹൂദന്മാരുടെ മൂപ്പന്മാരെ  യേശുവിന്റെ അടുക്കല്‍ അയക്കുന്നതായിട്ടാണ് നമ്മള്‍ വായിക്കുന്നത്. 4 ആം വാക്യം പറയുന്നു: “അവര്‍ യേശുവിന്റെ അടുക്കൽ വന്നു, അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ എന്നു പറഞ്ഞു. ഇത് രണ്ടും തമ്മില്‍ ഒറ്റ നോട്ടത്തില്‍ വിരുദ്ധത കാണാം എങ്കിലും രണ്ടും ഒരേ സംഭവത്തെ ആണ് വിവരിക്കുന്നത്. ഒരു പക്ഷേ ശതാധിപന്‍ യേശുവിന്റെ അടുക്കല്‍ വരുന്നതിന് മുമ്പ് അവന്‍ യഹൂദ മൂപ്പന്മാരെ അയച്ചു കാണും. ശതാധിപന്‍ നല്ലവനാണ് എന്നും അവന്‍ യഹൂദന്മാരെ സ്നേഹിക്കുന്നു എന്നും അവന്‍ യഹൂദന്‍മാര്‍ക്ക് ഒരു പള്ളി പണിതു കൊടുത്തു എന്നും യഹൂദ മൂപ്പന്മാര്‍ യേശുവിന്റെ അടുക്കല്‍ പറഞ്ഞു. അതിനു ശേഷമായിരിക്കാം ശതാധിപന്‍ തന്നെ നേരിട്ട് യേശുവിനെ കാണുവാന്‍ വന്നത്. 

തെറ്റില്ല എന്ന വാദത്തെ നിരസിച്ചാല്‍

ഇവിടെ മറ്റൊരു ചോദ്യം കൂടെ ഉയരുന്നുണ്ട്. വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടോ ഇല്ലയോ എന്നത് ഒരു പ്രധാനപ്പെട്ട വിഷയമാണോ? വേദപുസ്തകത്തില്‍ തെറ്റില്ല എന്ന വാദത്തെ നിരസിച്ചാല്‍ എന്താണ് സംഭവിക്കുന്നത്? വേദപുസ്തകത്തില്‍ തെറ്റില്ല എന്ന വാദത്തിന് എന്താണ് പ്രസക്തി? തെറ്റുകള്‍ക്ക് സാധ്യതയില്ലാത്ത വേദപുസ്തകം നമ്മളുടെ വിശ്വാസ ജീവിതത്തില്‍ എന്തു സ്വാധീനം ആണ് ചെലുത്തുക? തിരുവെഴുത്തില്‍ തെറ്റുകള്‍ ഇല്ല എന്ന സത്യം വ്യക്തമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണോ?

തെറ്റുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും അത് നമ്മളുടെ ആത്മീയ ജീവിതത്തെ ബാധിക്കുന്നില്ല എന്ന ചിന്ത യേശുക്രിസ്തുവിന്റെ തന്നെ പഠിപ്പിക്കലിന് നിരക്കുന്നതല്ല. തിരുവെഴുത്തുകളില്‍ പിശകുകള്‍ ഇല്ല എന്നാണ് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ പിശകുകള്‍ കണ്ടേക്കാം എന്ന ചിന്ത, തിരുവെഴുത്തുകള്‍ സത്യമാണ് എന്നതിനെ നിരസിക്കുകയാണ്. വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍, യേശുക്രിസ്തുവിനെക്കുറിച്ചും, രക്ഷയെക്കുറിച്ചും, നിത്യതയെക്കുറിച്ചും പറയുന്ന കാര്യങ്ങളെ നമുക്ക് വിശ്വസിക്കുവാന്‍ കഴിയുകയില്ല. വേദപുസ്തകത്തിലെ ചരിത്ര പുസ്തകങ്ങളില്‍ നിന്നോ, ഭൂമിശാസ്ത്രപരമായ വിവരണങ്ങളില്‍ നിന്നോ, ഒരു ഭാഗത്തെ, അത് പിശകാണ് എന്നു പറഞ്ഞു മാറ്റി നിറുത്തിയാല്‍, വേദപുസ്തകത്തിന്റെ മൊത്തം ഘടനയെയും കെട്ടുറപ്പിനെയും അത് തകര്‍ക്കും.

ഉദാഹരണത്തിന് ആദാമിന്റെയും ഹവ്വയുടെയും, ആദ്യ പാപത്തിന്റെയും ചരിത്രം വേദപുസ്തകത്തിന്റെ അടിസ്ഥാന ഘടകം ആണ്. അതില്‍ പിശക് ഉണ്ട് എന്നു പറഞ്ഞാല്‍, വേദപുസ്തകത്തിന്റെ പ്രധാന മര്‍മ്മം തന്നെ ഇല്ലാതാകും. പാപവും, പരിഹാരവും, ക്രിസ്തുവും അവന്റെ പരമായാഗവും എല്ലാം ആദാമിന്റെയും ഹവ്വായുടെയും ചരിത്രത്തില്‍ ആണ് ആരംഭിക്കുന്നത്. മത്തായി ഒന്നാം അദ്ധ്യായത്തിലേയും ലൂക്കോസ് മൂന്നാം അദ്ധ്യായത്തിലെയും യേശുക്രിസ്തുവിന്‍റെ വംശാവലി നോക്കുക. ഈ വംശാവലി തെറ്റാണ് എങ്കില്‍, അവന്‍ പഴയനിയമ പ്രവാചകന്മാര്‍ പറഞ്ഞ മശിഹാ അല്ലാതെ ആകും. തിരുവെഴുത്തുകളുടെ പിശകില്ലാ വാദം പരാജയപ്പെട്ടാല്‍, വേദപുസ്തകത്തിന്റെ വിശ്വാസിയത ഇല്ലാതെ ആകും. രക്ഷയും നീതീകരണവും, വിശുദ്ധീകരണവും തേജസ്സ്ക്കരണവും എല്ലാം സംശയത്തിന്റെ നിഴലില്‍ ആകും. 

യേശു തിരുവെഴുത്തുകളെ ഉറപ്പിച്ചു

യേശുക്രിസ്തു തിരുവെഴുത്തുകളില്‍ തെറ്റുകള്‍ ഇല്ലാ എന്നാണ് നമ്മളെ പഠിപ്പിച്ചത്. മത്തായി 5: 18 ല്‍ അവന്‍ പറഞ്ഞു, “സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. മത്തായി 19: 4 ല്‍ സൃഷ്ടിയെക്കുറിച്ച് അവന്‍ പറയുന്നതിങ്ങനെ ആണ്, സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു”. ഇത് ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടിയെക്കുറിച്ചാണ്. മത്തായി 12:40 ല്‍ യോനാ പ്രവാചകനെക്കുറിച്ച് പറയുന്നതു അത് സംഭവിച്ച ഒരു ചരിത്ര സത്യമായിട്ടാണ്. മത്തായി 24: 38, 39 വാക്യങ്ങളില്‍ നോഹയുടെ കാലത്തുണ്ടായ പ്രളയത്തെക്കുറിച്ചും ഒരു ചരിത്ര സത്യമായി തന്നെ ആണ് യേശു പരാമര്‍ശിക്കുന്നത്. യോഹന്നാന്‍ 10: 35 ല്‍,തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ എന്നാണ് യേശു പറയുന്നത്. അതിനാല്‍ തിരുവെഴുത്തുകള്‍ തെറ്റുകൂടത്തവയും, മാറ്റങ്ങള്‍ക്ക് വിധേയമാകാത്തവയും പിശകുകള്‍ ഇല്ലാത്തതും, ചരിത്ര സത്യവും ആണ് എന്നു യേശു വിശ്വസിച്ചിരുന്നു.   

ഈ ഹൃസ്വ മറുപടി, ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ.  English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍: 9895524854

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

 

 

No comments:

Post a Comment