ദൈവത്തിന്റെ വിശ്വാസം ഉള്ളവരായിരിപ്പീന്‍

ഈ സന്ദേശത്തില്‍ വളരെ ലളിതമായി, വിശ്വസത്തെക്കുറിച്ച് ചില വസ്തുതകള്‍ പഠിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.
ഇവിടെ, ദൈവരാജ്യ മഹത്വത്തിനായി, ഒരു അത്ഭുത പ്രവര്‍ത്തി ചെയ്യുവാന്‍ ആവശ്യമായ വിശ്വാസത്തെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്.

അത്ഭുതങ്ങളുടെ ഉദ്ദേശ്യം

നമുക്ക് ഈ സന്ദേശം ഒരു ചോദ്യത്തോടെ ആരംഭിക്കാം: എന്താണ് അത്ഭുതം; അതിന്‍റെ ആവശ്യം എന്താണ്?
മനുഷ്യന്‍റെ കഴിവിനും അപ്പുറത്തായി നടക്കുന്ന ഒരു അസാധാരണ സംഭവം ആണ് അത്ഭുതം.
ഉദാഹരണത്തിന്, ഒരു രോഗിയായ മനുഷ്യന്‍ മരുന്ന് കഴിച്ചു സൌഖ്യമായാല്‍, അത് ദൈവീക ദൈനംദിന നടത്തിപ്പ് മാത്രം ആണ്.
മരുന്ന് കഴിക്കുന്നത്‌ തെറ്റല്ല, അത് ദൈവത്തിന്റെ ദൈനംദിന നടത്തിപ്പിന്‍റെ ഭാഗം ആണ്.
പ്രാര്‍ത്ഥന, ഈ സൌഖ്യത്തെ സഹായിച്ചിട്ടുണ്ടാകാം; ദൈവത്തിന്‍റെ കരം സഹായമായിട്ടുണ്ടാകാം.
എന്നാല്‍ ഒരു മനുഷ്യന്‍ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ, അല്ലെങ്കില്‍ മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍, പ്രാര്‍ത്ഥനയാല്‍ സൌഖ്യം പ്രാപിച്ചാല്‍, അതൊരു അത്ഭുതം ആണ്.
നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ദൈനംദിന നടത്തിപ്പിന് ഉപരിയായി സംഭവിക്കുന്ന അസാധാരണ കാര്യങ്ങള്‍ ആണ് അത്ഭുതങ്ങള്‍.
അത്ഭുതങ്ങളില്‍ എപ്പോഴും ദൈവീക ഇടപെടലുകള്‍ ഉണ്ടായിരിക്കും.
മനുഷ്യര്‍ പരാജയപ്പെടുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌; അത്ഭുതങ്ങള്‍ ദൈവം ആണ് ചെയ്യുന്നത്, മനുഷ്യര്‍ അല്ല.

 നമുക്ക് അത്ഭുതങ്ങളുടെ ആവശ്യം ഉണ്ടോ?
ജീവിത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക്, ഈ ചോദ്യത്തിന് ഉത്തരം വേഗം പറയുവാന്‍ കഴിയും.
അവര്‍ കടന്നുപോകുന്ന വൈഷമ്യമേറിയ അവസ്ഥയില്‍ നിന്നും ഒരു വിടുതല്‍ ആവശ്യമുണ്ട്; ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിക്കേണം, എന്ന് അവര്‍ അസന്നിഗ്ദ്ധമായി പറയും.
ജീവിത പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഒരു ദൈവീക അത്ഭുതം ആവശ്യമാണ്‌.

എന്നാല്‍ ദൈവ ശാസ്ത്രപരമായി അത്ഭുതങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യം ഉണ്ട്.
ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ സാന്നിധ്യം വിളിച്ചറിയിക്കുന്ന അടയാളങ്ങള്‍ ആണ് അത്ഭുതങ്ങള്‍.
ദൈവരാജ്യത്തിന്‍റെ വരവ് അറിയിച്ചുകൊണ്ടാണ് നമ്മളുടെ കര്‍ത്താവ് തന്‍റെ ശുശ്രൂഷ ആരംഭിച്ചത്. (മര്‍ക്കോസ് 1:14)
യേശു ക്രിസ്തു ചെയ്ത ആദ്യ അത്ഭുതം, കാനാ എന്ന സ്ഥലത്ത്, ഒരു വിവാഹ സദ്യയില്‍ വെള്ളം വീഞ്ഞാക്കി മാറ്റിയതാണ്.
ഈ അത്ഭുതത്തിന്റെ അര്‍ത്ഥം യോഹന്നാന്‍ 2:11 ല്‍ വ്യക്തമാക്കുന്നുണ്ട്: യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു”.

യേശുക്രിസ്തു ചെയ്ത അത്ഭുഅങ്ങളെ ദൈവവചനത്തില്‍ “അടയാളങ്ങള്‍” എന്ന് വിളിക്കുന്നുണ്ട്.
യേശുവിന്‍റെ അത്ഭുതങ്ങള്‍ എല്ലാം ദൈവരാജ്യം ആരംഭിച്ചിരിക്കുന്നു എന്നതിന്‍റെ അടയാളങ്ങള്‍ ആയിരുന്നു.

കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാന്‍ സ്നാപകന്‍റെ അടുക്കല്‍ നിന്നും, ഒരു ചോദ്യമായി, അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു.
അവര്‍ യോഹന്നാന് വേണ്ടി യേശുവിനോട് ചോദിച്ചു: “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ”.
യേശുവിന്‍റെ മറുപടി ഇപ്രകാരം ആയിരുന്നു:

മത്തായി 11: 4, 5
4   യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
5   എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

യഹൂദന്മാരും പ്രവാചകന്മാരും കാത്തിരുന്ന യിസ്രായേലിന്‍റെ രാജാവ് യേശു തന്നെ ആണോ, എന്നതായിരുന്നു യോഹന്നാന്‍ സ്നാപകന്റെ ചോദ്യം.
ദൈവരാജ്യത്തിന്‍റെ സാന്നിധ്യത്തിന്‍റെ അടയാളങ്ങള്‍ ആയ അത്ഭുതപ്രവര്‍ത്തികളെ ശ്രദ്ധിക്കുക എന്നായിരുന്നു യേശുവിന്‍റെ മറുപടി.
എല്ലാ അത്ഭുതങ്ങളും അടയാളങ്ങള്‍ ആണ്; ഇതാണ് അത്ഭുതങ്ങളുടെ പ്രാധാന്യം.

പൈശാചിക ശക്തികള്‍ക്കും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് നമ്മള്‍ മറക്കേണ്ടതില്ല.
പക്ഷെ, അതുകൊണ്ട് ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് അര്‍ത്ഥമില്ല.
ദൈവം ഈ ഭൂമിയില്‍ അത്ഭുങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു.
ദുഷ്ടശക്തികള്‍ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, സാത്താന്‍റെ രാജ്യത്തിന്‍റെ സാന്നിധ്യം അറിയിക്കുവാനാണ്.
അതുകൊണ്ട്, ദൈവം പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നമ്മളുടെ ജീവിതത്തില്‍ ആവശ്യമാണ്.
അതുകൊണ്ടാണ് യേശു പറഞ്ഞത്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും” (മര്‍ക്കോസ് 16:17)

വിശ്വാസത്തിന്റെ പ്രത്യേകത

ഇനി നമുക്ക് നമ്മളുടെ സന്ദേശത്തിന്‍റെ രണ്ടാമത്തെ ഭാഗത്തേക്ക് കടക്കാം.
ദൈവരാജ്യത്തിന്‍റെ മഹത്വത്തിനായി, അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുവാന്‍ എന്ത് വിശ്വാസം ആണ് നമുക്ക് വേണ്ടത്?
ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി, യേശുക്രിസ്തുവിന്‍റെ ഭൌതീക ശുശ്രൂഷയിലെ ഒരു സംഭവത്തിലേക്ക് നമുക്ക് നോക്കാം.

ഈ സംഭവം മര്‍ക്കോസിന്‍റെ സുവിശേഷം 11-)0 അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി 21 ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു രാജാവായി യെരുശലേം പട്ടണത്തിലേക്കുള്ള യേശുവിന്‍റെ ജയകരമായ പ്രവേശനം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു.
യേശുവും ശിഷ്യന്മാരും പട്ടണത്തില്‍ പ്രവേശിച്ചതിന് ശേഷം, യേശു ദൈവാലയത്തില്‍ നിന്ന് എല്ലാ വാണിഭക്കാരെയും പുറത്താക്കി ആലയത്തെ ശുദ്ധീകരിച്ചു.
വൈകുന്നേരം അവര്‍ പട്ടണത്തിന് പുറത്തേക്ക് പോയി.
തൊട്ടടുത്ത ദിവസം സംഭവിച്ച കാര്യങ്ങള്‍ 12 മുതലുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു.

യേശുവും ശിഷ്യന്മാരും ബേഥാന്യയില്‍ നിന്നും യെരുശലേം പട്ടണത്തിലേക്ക് പോകുമ്പോള്‍ അവന്നു വിശന്നു.
യേശു ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നുവച്ചു ചെന്നു.
എന്നാല്‍, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു.
അവൻ അത്തിവൃക്ഷത്തോട്,  ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു;
യേശു പറഞ്ഞ ഈ ശാപവാക്കുകള്‍ ശിഷ്യന്മാർ കേട്ടു.
അടുത്ത ദിവസം രാവിലെ അവർ ആ വഴി വീണ്ടും പോകുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
അപ്പോൾ പത്രൊസിന്നു യേശു അത്തിയെ ശപിച്ചത്‌ ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.
സാധാരണയായി, എന്തെങ്കിലും കാരണത്താല്‍, അത്തി ഉണങ്ങിപ്പോകുവാന്‍ അനേകം ആഴ്ചകള്‍ എടുക്കും.
എന്നാല്‍ ഇവിടെ അത് പെട്ടന്ന് സംഭവിച്ചു; ഇതു ശിഷ്യന്മാരെ അത്ഭുതപ്പെടുത്തി.
ഇതിനോടുള്ള യേശുവിന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു:

മര്‍ക്കോസ് 11: 22, 23
22  യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
23  ആരെങ്കിലും തന്‍റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

യേശു എന്തുകൊണ്ട് അത്തിയെ ശപിച്ചു?

നമ്മളുടെ ചിന്തയുടെ പ്രധാന ഭാഗത്തേക്ക് കടക്കുന്നതിനു മുമ്പായി, യേശു എന്തുകൊണ്ടാണ് അത്തിയെ ശപിച്ചത്‌ എന്ന് നോക്കാം.
സാധാരണയായി ഇലകളാല്‍ അത്തിവൃക്ഷം നിറയുന്നതിനു മുമ്പായിതന്നെ അതില്‍ ഫലം കണ്ടുതുടങ്ങാറുണ്ട്.
ഫലം പാകമാകുന്നതുവരെ അതിനു പച്ച നിറമായിരിക്കും എന്നതിനാല്‍ ഇലകള്‍ക്ക് ഇടയില്‍ ചേര്‍ന്നിരിക്കും.
അതുകൊണ്ട് ദൂരെനിന്ന് ഇലകളാല്‍ സമൃദ്ധമായ അത്തിവൃക്ഷത്തെ കണ്ടപ്പോള്‍ അതില്‍ തീര്‍ച്ചയായും ഫലം ഉണ്ടായിരിക്കും എന്ന് യേശു പ്രതീക്ഷിച്ചു.
ഓരോ അത്തിയും വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഫലം കായ്ക്കാറുണ്ട്.
വസന്തകാലത്ത് ആദ്യത്തെ വിളവും, പിന്നീട് രണ്ടോ മൂന്നോ പ്രാവശ്യം വീണ്ടും കായ്ക്കുകയും ചെയ്യും.
കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ചിലപ്പോള്‍ ഒരു വര്‍ഷത്തില്‍ പത്തുമാസവും അത്തിയില്‍ ഫലം കണ്ടേക്കാം.
ഇതാണ്, അത് ഫലത്തിന്‍റെ പ്രധാനപ്പെട്ട കാലം അല്ലാഞ്ഞിട്ടുകൂടി യേശു അതില്‍ ഫലം പ്രതീക്ഷിക്കുവാനുള്ള കാരണം.
ധാരാളം ഇലകള്‍ ഉണ്ടായിരുന്നു എന്നത് ഫലം ഉണ്ടാകും എന്നതിന്‍റെ അടയാളം ആയിരുന്നു.
എന്നാല്‍ ഈ അത്തിവൃക്ഷം യേശുവിനെ നിരാശന്‍ ആക്കി; അവന്‍ അതിനെ ശപിച്ചു.

ഈ സംഭത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മം പൂര്‍ണ്ണമായും നമുക്ക് മനസ്സിലായിട്ടില്ല.
വിശക്കുന്ന യേശുവിന് അത്തിപ്പഴം നല്‍കുവാന്‍ കഴിയാഞ്ഞതുകൊണ്ട് യേശു അതിനെതിരെ കോപിക്കുകയും ശപിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്?
യേശുവിന്‍റെ സ്വാഭാവിക പെരുമാറ്റത്തോട് ഇതു യോജിക്കുന്നില്ല എന്ന് നമുക്ക് തോന്നുന്നു.

പല വേദശാസ്ത്രഞ്ജന്മാരും, യേശു ഇവിടെ യിസ്രായേല്‍ എന്ന രാജ്യത്തിന്‍റെയും ജനതയുടെയും ഭാവിയെക്കുറിച്ച് പറയുക ആയിരുന്നു എന്ന് വിശ്വസിക്കുന്നു.
വേദപുസ്തകത്തില്‍, അത്തിവൃക്ഷത്തെ യിസ്രായേല്‍ രാജ്യത്തിന്‍റെ ചിത്രമായി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.
ഫലമില്ലാത്ത അത്തിവൃക്ഷം അന്നത്തെ ഫലമില്ലാത്ത യിസ്രായേലിനെ കാണിക്കുന്നു.
ഇതു ശരിയായ വ്യാഖ്യാനം ആയിരിക്കാം; എന്നാല്‍ നമ്മള്‍ എവിടെ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയം അല്ല.

യേശുക്രിസ്തുവിന്‍റെ പ്രവര്‍ത്തി കോപാകുലനായ ഒരു വ്യക്തിയുടെ പെട്ടന്നുള്ള അലക്ഷ്യമായ പ്രതികരണം അല്ല.
അതില്‍ ശിഷ്യന്മാര്‍ക്ക് പഠിക്കുവാനുള്ള വസ്തുനിഷ്ഠമായ ഒരു പാഠം ഉണ്ട്.
ഈ പാഠം, ഒരു പക്ഷെ എല്ലാവര്‍ക്കും ഉള്ള, ഫലമില്ലാത്ത വൃക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ആയിരിക്കാം.

മലകളെ നീക്കുന്ന വിശ്വാസം

നമ്മളുടെ ഈ സന്ദേശം, എന്തുകൊണ്ട് യേശു അത്തിയെ ശപിച്ചു എന്നതിനെക്കുറിച്ച് അല്ല.
അതുകൊണ്ട് നമുക്ക് വീണ്ടും മുന്നോട്ട് നീങ്ങാം.
നമുക്ക് ഉണങ്ങിയ അത്തിയെ കണ്ട പത്രോസിന്‍റെ പ്രതികരണത്തിലേക്കും അതിനുള്ള യേശുവിന്‍റെ മറുപടിയിലേക്കും പോകാം.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ഒരു അത്തിവൃക്ഷം വേരോടെ ഉണങ്ങി പോകുവാന്‍ അനേകം ആഴ്ചകള്‍ എടുക്കും.
എന്നാല്‍ ഇവിടെ അത് ഒരു രാത്രികൊണ്ട്‌ സംഭവിച്ചു; അത് ശിഷ്യന്മാരെ അത്ഭുതപ്പെടുത്തി.

ഈ വിവരം പത്രോസ് യേശുവിനോട് പറഞ്ഞു: “റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ”
ഇതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പിന്‍”.
അതിനുശേഷം അത്ഭുതങ്ങള്‍ നടക്കുന്നതിന്‍റെ പിന്നിലുള്ള രഹസ്യം വിശദീകരിച്ചു കൊടുത്തു.
ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു എന്തെങ്കിലും പറഞ്ഞാല്‍, അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു യേശു അവര്‍ക്ക് ഉറപ്പ് കൊടുത്തു.
മലകള്‍ അതിന്റെ സ്ഥാനത്തുനിന്നും നീങ്ങിപ്പോകുന്നതുള്‍പ്പെടെയുള്ള, ഭൂപ്രകൃതില്‍ ഉള്ള മാറ്റങ്ങള്‍ പോലും സംഭവിക്കും.

യേശു യഥാര്‍ത്തത്തില്‍ ഭൂപ്രകൃതിയില്‍ ഉള്ള മാറ്റങ്ങളെക്കുറിച്ചാണോ സംസാരിച്ചത്?
ഇതിനെക്കുറിച്ച്, വേദപണ്ഡിതന്മാരുടെ ഇടയില്‍ വിഭിന്നങ്ങളായ അഭിപ്രായം ആണ് ഉള്ളത്.
വിശ്വാസത്തിന്റെ പിന്‍ബലത്തോടെ ആരെങ്കിലും പറഞ്ഞതിനാല്‍ മലകള്‍ മാറി, ഭൂപ്രകൃതിക്കു വ്യത്യാസം സംഭവിച്ചതായുള്ള വിവരണം വേദപുസ്തകത്തില്‍ ഇല്ല.
എന്നാല്‍, പ്രപഞ്ചത്തിന്റെ ക്രമീകരണത്തിന്, ഒരു മനുഷ്യന്‍റെ വാക്കിനാല്‍ വ്യത്യാസം വന്ന ഒരു വിവരണം ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് യോശുവയുടെ പുസ്തകം 10: 10-15 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.

യിസ്രായേല്യരും അമോര്യ രാജാക്കന്മാരും തമ്മില്‍ യുദ്ധം നടക്കുന്നതാണ് പശ്ചാത്തലം.
യോശുവയും കൂട്ടരും യുദ്ധത്തില്‍ ജയിച്ചുകൊണ്ടിരുന്നു; സൂര്യന്‍ അസ്തമിക്കാറായി.
ശത്രുക്കളുടെമേല്‍ വിജയം ഉറപ്പിക്കുവാന്‍ അവര്‍ക്ക് കൂടുതല്‍ സമയം വേണമായിരുന്നു.
അപ്പോള്‍ യോശുവ യഹോവയോട് സംസാരിച്ചതിനുശേഷം യിസ്രായേല്‍ ജനം കേള്‍ക്കെ, ഉറക്കെ വിളിച്ചുപറഞ്ഞു:
“സൂര്യാ നീ ഗിബയോനിലും, ചന്ദ്രാ നീ അയ്യാലോന്‍ താഴ്വരയിലും നില്‍ക്ക”
യുദ്ധം തീരുന്നതുവരെ, സൂര്യനും ചന്ദ്രനും നിശ്ചലമായി; സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.
യഹോവ, ഒരു മനുഷ്യന്‍റെ വാക്ക് കേട്ടനുസരിച്ച് പ്രവര്‍ത്തിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല, എന്ന് കൂടി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിന്റെ ക്രമീകരണത്തെ മാറ്റുന്ന ഒരു സംഭവം അന്ന് ഉണ്ടായി.
അതിന്‍റെ അര്‍ത്ഥം, ഭൂപ്രകൃതിയെ മാറ്റുന്ന അത്ഭുതങ്ങള്‍ അസാധ്യമല്ല എന്നാണ്.
എന്നാല്‍, അത്തരത്തിലൊരു അത്ഭുതം പിന്നീട് എന്നെങ്കിലും സംഭവിച്ചതായി മാനവ ചരിത്രത്തില്‍ എങ്ങും രേഖപ്പെടുത്തിയിട്ടില്ല.
അതുകൊണ്ട് “മലകളെ നീക്കുവാന്‍ തക്ക വിശ്വാസം” ഏറ്റവും ശക്തമായ വിശ്വാസമായി കരുതിപോന്നു.
യേശുവിന്‍റെ കാലത്ത്, “മലകളെ നീക്കുന്ന വിശ്വാസം” എന്നത് യിസ്രായേല്യരുടെ ഇടയിലെ ഒരു പഴഞ്ചൊല്ലായിരുന്നു.
ഒരു വ്യക്തിയുടെ വിശ്വാസത്താല്‍ നടക്കുന്ന അത്യ അസാധാരണമായ ഒരു പ്രവര്‍ത്തിയെയോ സംഭവത്തെയോ ആണ് ഈ പഴഞ്ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഇതില്‍ നിഷേധാത്മകമായ ഒരു ധ്വനി ആണ് ഉണ്ടായിരുന്നത്.
ഒരു മനുഷ്യനും അത്രമാത്രം വലിയ വിശ്വാസം ഇല്ലാ എന്നും, അതിനാല്‍ മലകളെ നീക്കുക എന്നത് മനുഷ്യനാല്‍ അസാദ്ധ്യം എന്നുമാണ് അവര്‍ ചിന്തിച്ചിരുന്നത്.

എന്നാല്‍ യേശു ഇവിടെ പറയുന്നു, വിശ്വാസത്തിനു മലകളെ നീക്കുവാന്‍ കഴിയും; തന്റെ ശിഷ്യന്മാര്‍ക്ക് അത് ചെയ്യുവാന്‍ കഴിയും.
വിശ്വസിക്കുന്നവര്‍ക്ക് യാതൊന്നും അസാദ്ധ്യമല്ല.
അന്നത്തെ മനുഷ്യരുടെ നിഷേധാത്മകമായ മനോഭാവത്തെ യേശു തിരുത്തുകയാണ്.

വിശ്വാസത്തിന്റെ നിയമം

ദൈവം ഈ ഭൂമിയെ അധികാരക്രമമായ ചില നിയമങ്ങളാല്‍ സ്ഥാപിച്ചിരിക്കുക ആണ്.
പ്രകൃതി നിയമങ്ങള്‍ ഭൌതീക ശാസ്ത്രത്തിന്‍റെ നിയമങ്ങള്‍ ആണ്; എന്നാല്‍ പ്രപഞ്ചാതീതമായതും ആത്മലോകപരമായതുമായ കാര്യങ്ങള്‍ക്ക് വിശ്വാസത്തിന്റെ നിയമങ്ങള്‍ ആണ് ബാധകം.
അതായത്, വിശ്വാസത്തിന്റെ നിയമങ്ങള്‍ ആത്മലോകപരമായതുകൊണ്ട് അത് ഭൌതീക നിയമങ്ങളെക്കാള്‍ കൂടുതല്‍ ഉയര്‍ന്നതാണ്.
വിശ്വാസത്തെ നമ്മള്‍ ഉപയോഗിക്കുമ്പോള്‍, അതിന്റെ നിയമങ്ങള്‍ ആണ് പ്രാവര്‍ത്തികമാകുന്നത്.
വിശ്വാസത്തിന്റെ നിയമങ്ങള്‍ക്കു ഭൌതീക ശാസ്ത്രത്തിന്‍റെ നിയമങ്ങളെക്കാള്‍ അധികം പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പീന്‍

യേശു ഇവിടെ പ്രതിപാദിക്കുന്ന വിശ്വാസം ഏതു തരത്തില്‍ ഉള്ളതാണ്.
മര്‍ക്കോസ് 11: 22 ല്‍ നമ്മള്‍ വായിക്കുന്നത് ഇപ്രകാരം ആണ്: “യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.”
23-)0 വാക്യത്തില്‍ യേശു കൂടുതല്‍ വിശദീകരണം നല്‍കുന്നുണ്ട്: യേശു ഇവിടെ പറയുന്ന വിശ്വാസം ഉള്ളവര്‍, തന്‍റെ ഹൃദയത്തിൽ സംശയിക്കാതെ, പറയുന്നതു സംഭവിക്കും എന്നു വിശ്വസിക്കുന്നവര്‍ ആണ്.
ദൈവത്തിൽ വിശ്വാസമുള്ളവർ” എന്ന പദസമുച്ചയത്തിന് രണ്ടു വ്യത്യസ്തങ്ങള്‍ ആയ അര്‍ത്ഥം ഉണ്ട്; രണ്ടിനേയും പിന്താങ്ങുന്ന വേദപണ്ഡിതന്മാര്‍ ഉണ്ട്.

ഒരു വിശദീകരണം ഇതാണ്: വിശ്വാസത്തിന് ഒരു വസ്തു അല്ലെങ്കില്‍ ഒരു വ്യക്തി ആവശ്യമാണ്‌; അതായത് വിശ്വാസം എന്നത് ഒരു വസ്തുവിലോ ഒരു വ്യക്തിയിലോ ഉള്ള വിശ്വാസം ആണ്.
അതുകൊണ്ട് അത്, ദൈവത്തിലുള്ള വിശ്വാസം” ആണ്.
ദൈവം വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള, ദൈവത്തിലുള്ള മനുഷ്യരുടെ വിശ്വാസം ആണ്.
തങ്ങളുടെ വിശ്വാസത്തില്‍ ഊന്നി, സംശയിക്കാതെ, തങ്ങള്‍ പറയുന്നതെല്ലാം ദൈവം പ്രവര്‍ത്തിക്കും എന്ന വിശ്വാസം ആണ് അത്.
അത് ദൈവത്തിലുള്ള വിശ്വാസം ആണ്; ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് നേരെ വിശ്വാസത്തിന്റെ വാക്കുകള്‍ ഉപയോഗിക്കുക ആണ് ചെയ്യുന്നത്.
ദൈവത്തിന്‍റെ സര്‍വ്വശക്തിയിലും വിശ്വസ്തതയിലും മനുഷ്യര്‍ക്ക്‌ സംശയലേശമില്ലാത്ത വിശ്വാസം ആവശ്യമാണ്‌.

ഇതാണ് സാധാരണയായി നമ്മള്‍ കേള്‍ക്കാറുള്ള വിശദീകരണം.
ഈ വിശദീകരണത്തില്‍ യാതൊരു അപകടവും ഇല്ല.
എന്നാല്‍ ഈ വാക്യത്തിന് മറ്റൊരു വിശദീകരണം കൂടി ഉണ്ട് എന്ന് അറിയുന്നത് കൂടുതല്‍ അനുഗ്രഹം ആയിരിക്കും.

ദൈവത്തിന്‍റെ വിശ്വാസമുള്ളവര്‍ ആയിരിപ്പീന്‍

ഈ വേദഭാഗം എഴുതിയിരിക്കുന്ന മൂല്യ ഭാഷ ഗ്രീക്ക് ആണ്.
ഗ്രീക്ക് ഭാഷയുടെ വ്യാകരണ ശാസ്ത്രപ്രകാരം മര്‍ക്കോസ് 11: 22 ലെ ദൈവത്തിൽ വിശ്വാസമുള്ളവർ” എന്ന പദസമുച്ചയത്തിന് മുകളില്‍ നമ്മള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ അര്‍ത്ഥം ആണ് ഉള്ളത്.
ഗ്രീക്ക് വ്യാകരണ ശാസ്ത്രപ്രകാരം അതിന്‍റെ അര്‍ത്ഥം, “ദൈവത്തിന്‍റെ വിശ്വാസം ഉള്ളവര്‍ ആയിരിപ്പീന്‍” എന്നാണ്.
ഇതു, നമ്മള്‍ സാധാരണയായി പറയുന്ന, “ദൈവത്തിന്‍റെ വിശ്വാസം” എന്നതില്‍ നിന്നും തികച്ചും വ്യത്യസ്തം ആയ ഒരു വിശ്വാസം ആണ്.

എ. എസ്. വോറല്‍ (A.S. Worrell) എന്ന ദൈവശാസ്ത്ര പണ്ഡിതന്‍ 19-)0 നൂറ്റാണ്ടിന്‍റെ അവസാന ഭാഗത്ത് അമേരിക്കയില്‍ ജീവിച്ചിരുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ദൈവദാസന്‍ ആണ്.
ശരിയെയും തെറ്റിനെയും നിശിതമായി വേര്‍തിരിച്ചു കണ്ടിരുന്ന വിശ്വസ്തനായ ഈ ദൈവദാസന്‍ അത്ഭുത രോഗശാന്തിയിലും വിശ്വസിച്ചിരുന്നു.
അദ്ദേഹം തയ്യാറാക്കിയ പുതിയനിയമ പരിഭാഷ 1904 ല്‍ ആണ് പ്രസിദ്ധീകരിച്ചത്.
പുതിയനിയത്തിന്റെ മൂല ഭാഷയായ ഗ്രീക്കിനോട് വിശ്വസ്തത പുലര്‍ത്തുന്ന പരിഭാഷ ആണ് അദ്ദേഹത്തിന്‍റെത് എന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ എ. എസ്. വോറല്‍ ന്‍റെ പുതിയനിയമ പരിഭാഷയെ, വചനം ഗൌരവമായി പഠിക്കുന്നവര്‍, King James version നേക്കാള്‍ അധികം കൃത്യതയുള്ളതായി കണക്കാക്കുന്നു.
“സ്നാനം” എന്നതിന് “മുഴുകല്‍” എന്ന വാക്കാണ്‌ വോറല്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ ബാപ്തിസ്റ്റ് സഭാവിശ്വസികള്‍ക്ക് ഈ പരിഭാഷയോട് കൂടുതല്‍ താല്പര്യം ഉണ്ട്.

മര്‍ക്കോസ് 11: 22 ലെ “ദൈവത്തിൽ വിശ്വാസമുള്ളവർ” എന്ന പദസമുച്ചയം ഗ്രീക്കില്‍ “Exete pistin theou” എന്നാണ്.
എ. എസ്. വോറല്‍ അതിനെ “ദൈവത്തിന്‍റെ വിശ്വാസമുള്ളവര്‍” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസം ദൈവത്തില്‍ നിന്നും വരുന്നു; യഥാര്‍ത്ഥ വിശ്വാസം ഉള്ളവര്‍ക്ക് ദൈവത്തിന്‍റെ വിശ്വാസം ഉണ്ട്.

“Exete” എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം, “കൈവശം വെക്കുക, ഉള്‍ക്കൊള്ളുക, സ്വന്തമാക്കുക” എന്നിങ്ങനെ ആണ്.
അതായത്, ഗ്രീക്ക് ഭാഷയില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം, “ഉപയോഗിക്കുവാന്‍ കഴിയത്തക്കവണ്ണം കൈയില്‍ മുറുക്കെ പിടിക്കുക” എന്നാണു.

വിശ്വാസം എന്ന അര്‍ത്ഥത്തില്‍ ആണ് “pistin” എന്ന ഗ്രീക്ക് പദം പുതിയനിയമത്തില്‍ പൊതുവേ ഉപയോഗിച്ചിട്ടുള്ളത്.
“theou” എന്നാല്‍ ദൈവം എന്നാണ്.
അങ്ങനെ ഈ പദസമുച്ചയത്തിന്‍റെ അര്‍ത്ഥം “ദൈവത്തിന്‍റെ വിശ്വാസം കൈവശം വെക്കുക” എന്നതാകുന്നു.

എ. റ്റി. റോബെര്‍ട്ട്‌സണ്‍ (A.T. Robertson) അമേരിക്കയില്‍ തന്നെ, 19-)0 നൂറ്റാണ്ടിന്‍റെ അവസാനത്തിലും 20-)0 നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമായി ജീവിച്ചിരുന്ന, സതേണ്‍ ബാപ്തിസ്റ്റ് സഭയിലെ സുവിശേഷകന്‍ ആയിരുന്നു.
ഗ്രീക്ക് വ്യാകരണ പണ്ഡിതന്മാരുടെ “വല്യപ്പച്ചന്‍” എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്‌.
അദ്ദേഹവും “ദൈവത്തിന്‍റെ വിശ്വാസം” എന്ന പരിഭാഷയെ പിന്താങ്ങുന്നു.

പുതിയ നിയമത്തിന്‍റെ പല പരിഭാഷകളും “ദൈവത്തിന്‍റെ വിശ്വാസമുള്ളവര്‍ ആയിരിപ്പീന്‍” എന്ന വിവര്‍ത്തനത്തെ ആണ് സ്വീകരിച്ചിരിക്കുന്നത്.
The Bible in Basic English, Numeric English New Testament, Montgomery New Testament എന്നീ പരിഭാഷകള്‍ ഉദാഹരണങ്ങള്‍ ആണ്.

യഹൂദന്മാരുടെ എബ്രായ ഭാഷയില്‍ ഉള്ള, “Jewish New Testament” ല്‍ ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “ദൈവത്തില്‍ നിന്നും വരുന്ന വിശ്വാസത്തെ പ്രാപിപ്പീന്‍”
Aramaic Bible in Plain English എന്ന പരിഭാഷയില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “യെഷുവ ഉത്തരമായി അവരോടു പറഞ്ഞത്: ദൈവത്തിന്‍റെ വിശ്വാസം നിങ്ങളില്‍ ആകുമാറകട്ടെ”.
പ്രശസ്തമായ Wycliffe Bible ല്‍ അത്, “ദൈവത്തിന്‍റെ വിശ്വാസം ഉള്ളവര്‍ ആയിരിപ്പീന്‍” എന്നാണ്.
ഈ വിവര്‍ത്തനങ്ങള്‍ക്ക് യേശു പറഞ്ഞ വാക്കുകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുവാന്‍ കഴിയുന്നുണ്ട്.

ദൈവത്തിന്‍റെ വിശ്വാസമുള്ളവര്‍ ആയിരിക്കുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍, അതിന്‍റെ അര്‍ത്ഥം എന്താണ്, നമുക്ക് അത് എങ്ങനെ പ്രാപിക്കുവാന്‍ കഴിയും എന്നിവ അറിഞ്ഞിരിക്കേണം.
ദൈവത്തിന്‍റെ വിശ്വാസത്തെക്കുറിച്ച് മനസ്സിലാക്കുവാനുള്ള നല്ല മാര്‍ഗ്ഗം, ദൈവവും യേശുവും വിശ്വാസം എങ്ങനെ ആണ് പ്രത്യക്ഷമാക്കിയത് എന്ന് പഠിക്കുന്നതാണ്.

അതുകൊണ്ട് നമുക്ക് വീണ്ടും മര്‍ക്കോസ് 11: 22, 23 –ഉം വാക്യങ്ങള്‍ വിശദമായി പഠിക്കാം.
ഈ സംഭവം ഒരു വൃക്ഷത്തെ ശപിക്കുന്ന ഒരു പ്രവര്‍ത്തി മാത്രമല്ല.
യഹൂദ റബ്ബി ആയി ശുശ്രൂഷ ചെയ്തിരുന്ന യേശുക്രിസ്തു, വിശ്വാസത്തെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും ഒരു പാഠം പഠിപ്പിക്കുക ആണ്.
തന്‍റെ എക്കാലത്തെയും ശിഷ്യന്മാര്‍ വിശ്വസജീവിതം നയിക്കേണം എന്ന് യേശു ആഗ്രഹിച്ചു.
ദൈവം എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്, ദൈവത്തിന്റെ വിശ്വാസം എങ്ങനെ പ്രവര്‍ത്തിക്കും, എങ്ങനെ നമ്മള്‍ ദൈവത്തിന്റെ വിശ്വാസം ഉപയോഗിക്കേണം എന്നിവ പഠിപ്പിക്കുവാന്‍ യേശു ശ്രമിക്കുക ആണ്.

വിശ്വാസത്തെക്കുറിച്ചുള്ള ഈ പാഠം തലേദിവസം തന്നെ ആരംഭിച്ചിരുന്നു.
യേശുവും ശിഷ്യന്മാരും ബേഥാന്യയില്‍ നിന്നും യെരുശലേം പട്ടണത്തിലേക്ക് പോകുമ്പോള്‍ യേശുവിന് വിശന്നു.
ദൂരെ ഒരു അത്തിവൃക്ഷത്തെ യേശു കണ്ടു, അതില്‍ നിറയെ ഇലകള്‍ ഉണ്ടായിരുന്നതിനാല്‍, ഫലവും കാണും എന്ന് യേശു പ്രതീക്ഷിച്ച് അടുത്തു ചെന്നു.
എന്നാല്‍ അതില്‍ ഇലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഫലം ഇല്ലായിരുന്നു.
അപ്പോള്‍ യേശു അതിനോട് പറഞ്ഞു: “ ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ”. (മര്‍ക്കോസ് 11:14)
ദൈവത്തിന്‍റെ വിശ്വാസത്തോടെ ആണ് യേശു ആ വൃക്ഷത്തോട് സംസാരിച്ചത്.

ദൈവത്തിന്‍റെ വാക്കുകളുടെ ശക്തി നമ്മള്‍ ആദ്യം കാണുന്നത് സൃഷ്ടിപ്പില്‍ ആണ്.
ഈ പ്രപഞ്ചമെല്ലാം സൃഷ്ടിക്കുവാനായി ദൈവം ഓരോന്നും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.
ദൈവം പറഞ്ഞു, ഈ പ്രപഞ്ചം ഉണ്ടായി.
തന്‍റെ വാക്കിനാല്‍ ദൈവം സൃഷ്ടിക്കുകയും അതില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
തന്റെ വാക്കുകള്‍ താന്‍ ആഗ്രഹിക്കുന്നത് നിവര്‍ത്തിക്കും എന്നതില്‍ ദൈവത്തിന് യാതൊരു സംശവും ഇല്ലായിരുന്നു.
യേശുവും അങ്ങനെതന്നെ ആണ് പ്രവര്‍ത്തിച്ചത്.

യേശു അത്തിയോട് കല്‍പ്പിച്ചപ്പോള്‍, തന്‍റെ പിതാവ് ചെയ്തു താന്‍ കണ്ടതുപോലെയും പോലെയും, പിതാവ് പറയുന്നത് കേട്ടതുപോലെയും യേശു ചെയ്യുകയും പറയുകയും ആയിരുന്നു.
യേശു ദൈവത്തിന്‍റെ വാക്കുകള്‍ പറയുകയും അത് നിവര്‍ത്തിക്കപ്പെടും എന്ന് വിശ്വസിക്കുകയും ചെയ്തു.

യേശു പ്രവര്‍ത്തിച്ചു നമ്മള്‍ കണ്ടതുപോലെയും, യേശു പറഞ്ഞു നമ്മള്‍ കേട്ടതുപോലെയും പ്രവര്‍ത്തിക്കുവാനും പറയുവാനുമായിട്ടാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (എഫെസ്യര്‍ 5:1)
ദൈവത്തിന്‍റെ വിശ്വാസം പ്രാപിക്കുവാനും വളര്‍ത്തുവാനുമുള്ള മര്‍മ്മം ഇതാണ്.

ദൈവത്തിന്‍റെ വിശ്വാസം എങ്ങനെ പ്രവര്‍ത്തിക്കും?

യേശു അത്തിയോട് പറഞ്ഞതിതാണ്: “ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ”. (മര്‍ക്കോസ് 11:14)
യേശു അത്തിയെക്കുറിച്ചു സംസാരിക്കുക ആയിരുന്നില്ല; അത്തിയോട് സംസാരിക്കുക ആയിരുന്നു.
സംഭവിക്കേണം എന്ന് ആഗ്രഹിച്ചത്‌ അവന്‍ പറഞ്ഞു.
ബാഹ്യമായ സാഹചര്യങ്ങള്‍ അനുകൂലമാകുന്നതു വരെ യേശു കാത്തിരുന്നില്ല.
സംഭവിക്കേണം എന്ന് ആഗ്രഹിച്ച കാര്യം വിശ്വാസത്തോടെയും ധൈര്യത്തോടെയും യേശു പറഞ്ഞു.
തന്‍റെ വാക്കുകള്‍ക്ക് അനുസൃതമായി സാഹചര്യം ക്രമീകരിക്കപ്പെടും എന്ന് അവന് അറിയാമായിരുന്നു.

അതായത്, യേശു പറഞ്ഞു; അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.
ദൈവരാജ്യത്തിന്‍റെ സാന്നിധ്യത്തിന്‍റെ അടയാളങ്ങള്‍ സംഭവിക്കുവാന്‍ തക്കവണ്ണം യേശു തന്‍റെ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചു.
ഇതാണ് യേശു നമുക്ക് കാണിച്ചുതന്ന മാതൃക.

ഓര്‍ക്കുക; മറ്റു മനുഷ്യരെ ആരെയും അനുകരിക്കുവാന്‍ ശ്രമിക്കരുത്.
മനുഷ്യര്‍ക്ക്‌ അവരവരുടേതായ വ്യത്യസ്തങ്ങള്‍ ആയ വഴികളും ലക്ഷ്യങ്ങളും ഉണ്ട്.
ഒപ്പം, സാത്താനും ദുഷ്ട ശക്തികള്‍ക്കും, അവരുടെ സാന്നിധ്യവും ശക്തിയും അധികാരവും പ്രകടിപ്പിക്കുന്ന അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും നമ്മള്‍ മനസ്സില്‍ കരുതിയിരിക്കേണം.
അത് കണ്ടിട്ട്, നമ്മള്‍ പകച്ചുപോകരുത്, ആശയകുഴപ്പത്തില്‍ ആകരുത്; സാത്താനും കൂട്ടരും ഇപ്പോള്‍ ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നമ്മളുടെ വിശ്വാസം പ്രാവര്‍ത്തികമാക്കാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗം യേശുവിനെ അനുകരിക്കുക എന്നതാണ്.
ഗുരുവിനെ എല്ലാ കാര്യങ്ങളിലും അനുകരുക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ശിഷ്യന്‍.
ദൈവരാജ്യത്തിന്‍റെ അടയാളങ്ങള്‍ സംഭവിക്കുവാന്‍ യേശു തന്‍റെ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിച്ചു.
അതുകൊണ്ട്, ദൈവരാജ്യത്തിന്‍റെ സാന്നിധ്യം വെളിപ്പെടുത്തുവാന്‍ തക്കവണ്ണം നമ്മളും നമ്മളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും.” (സദൃശ്യവാക്യങ്ങള്‍ 18: 21)

അതുകൊണ്ട്, യേശു ചെയ്തതുപോലെ, വചനത്തില്‍ നിന്നുകൊണ്ട്, നമ്മള്‍ ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തിക്കായി, നമ്മളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാം.
നമുക്ക് സൌഖ്യം ആവശ്യമുണ്ട് എങ്കില്‍, “സൌഖ്യം വന്നിരിക്കുന്നു” എന്ന് പറയാം, കാരണം യെശയ്യാവ് 53: 4, 5 വാക്യങ്ങളില്‍ നമ്മളുടെ രേഗസൌഖ്യത്തിനായുള്ളത് യേശു ചെയ്തു കഴിഞ്ഞു എന്ന് പറയുന്നുണ്ട്.
“എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്‍റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” എന്ന വാക്യപ്രകാരം, നമ്മളുടെ ആവശ്യങ്ങളുടെ പരിഹാരത്തിനായി നമുക്ക് വിശ്വാസത്തെ പ്രഖ്യാപിക്കാം. (ഫിലിപ്പിയര്‍ 4:19)
സമാധാനമില്ലാതെ ഭാരപ്പെടുന്നവര്‍ക്കായി “എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” എന്ന് ദൈവവചനം പറയുന്നു. (ഫിലിപ്പിയര്‍ 4:7)
“നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ” എന്ന വചനം ദുഖിതരെ ആശ്വസിപ്പിക്കട്ടെ. (നെഹെമ്യാവ് 8: 10)

ദൈവത്തിന്‍റെ വിശ്വാസം എങ്ങനെ ഉപയോഗിക്കും?

യേശു എപ്പോഴും തന്‍റെ പിതാവിന്‍റെ കല്പ്പനകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചു; സ്വയമേ യാതൊന്നും പ്രവര്‍ത്തിച്ചില്ല.

യോഹന്നാന്‍ 8:28 ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.

യേശുവിന്‍റെ ശുശ്രൂഷയുടെ വിജയരഹസ്യം ഇതായിരുന്നു.
തന്റെ പിതാവ് പറയുന്നത് കേട്ട് യേശു സംസാരിച്ചു.
അതുകൊണ്ടാണ്, യേശു കല്‍പ്പിച്ചമാത്രയില്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത്.

അത്തിവൃക്ഷത്തോട് യേശു ഒരിക്കല്‍ കല്‍പ്പിച്ചു; അതോടെ അത് സംഭവിച്ചു കഴിഞ്ഞു എന്ന് യേശു വിശ്വസിച്ചു; അത് സംഭാവിക്കുവാനായി പിന്നീട് പ്രാര്‍ത്ഥിച്ചില്ല.
അവന്‍ വൃക്ഷത്തോട് കല്‍പ്പിച്ചു, അതിനുശേഷം എന്ത് സംഭവിക്കും എന്ന് ഓര്‍ത്ത്‌ വ്യകുലപ്പെടാതെ നടന്നു നീങ്ങി.
തന്റെ വിശ്വാസത്തിന്‍റെ വാക്കുകള്‍ പ്രകാരം സംഭവിക്കും എന്ന് യേശു വിശ്വസിച്ചു; നമ്മളും അതുപോലെ വിശ്വസിക്കുക.
സാഹചര്യങ്ങളുടെ മേല്‍ നമ്മള്‍ വിശ്വാസത്തിന്‍റെ വാക്കുകള്‍ കല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക.

മര്‍ക്കോസ് 16: 20 അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.

ദൈവമാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമാറാക്കുന്നത്; വിശ്വാസത്തെ ഉറക്കെ പറയുന്നതിലൂടെ അതിനെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക എന്നതാണ് നമ്മളുടെ പങ്ക്.
അത്തിവൃക്ഷത്തെ ശപിക്കുന്ന സംഭവത്തിലൂടെ യേശു അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ക്കും, നമുക്ക് എല്ലാവര്‍ക്കും വിശ്വാസത്തിന്റെ ഒരു പാഠം പറഞ്ഞുതന്നു.
ദൈവത്തിന്‍റെ വിശ്വാസത്തോടെ എങ്ങനെ ജീവിക്കാം എന്നതായിരുന്നു ആ പാഠം.

ദൈവത്തിന് വിശ്വാസം ഉണ്ടോ?

ഈ സന്ദേശം അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു ചോദ്യം കൂടി നമുക്ക് ചര്‍ച്ച ചെയ്യാം: ദൈവത്തിന് വിശ്വാസം ഉണ്ടോ?
ദൈവത്തിന് വിശ്വാസം ഉണ്ട് എന്ന് നേരിട്ട് പറയുന്ന വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഇല്ല.
എന്നാല്‍, ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത് ദൈവത്തില്‍ നിന്നാണ് എന്നും ദൈവം മനുഷ്യര്‍ക്ക്‌ വിശ്വാസത്തെ നല്‍കുന്നു എന്നും വചനം പറയുന്നുണ്ട്.
എബ്രായര്‍ 11: 6 ല്‍ “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല” എന്ന് നമ്മള്‍ വായിക്കുന്നുണ്ട്.
ദൈവം ഏറ്റവും മൂല്യമുള്ളതായി കണക്കാക്കുന്നത് വിശ്വാസത്തെ ആണ്.

യോഹന്നാന്‍ 5:19 ൽ, തന്‍റെ സ്വര്‍ഗീയ പിതാവ് ചെയ്യുന്നത് അവനും ചെയ്യുന്നു; പിതാവ് ചെയ്യുന്നതുപോലെ “അവ്വണ്ണം തന്നേ” അവനും ചെയ്യുന്നു. എന്ന് യേശു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസത്തില്‍ ഊന്നിയാണ് യേശു അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത്.
അതുപോലെ തന്നെ, ഹൃദയത്തില്‍ സംശയിക്കാതെ വിശ്വസിച്ചുകൊണ്ടു അടയാളങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ യേശു നമ്മളെയും പഠിപ്പിച്ചു.
ഇവിടെ എല്ലാം വിശ്വാസത്തിന്‍റെ പങ്ക് കാണുവാന്‍ കഴിയുന്നുണ്ട്.
യേശുവിന്‍റെ വിശ്വാസം അവന്റെ പിതാവിന്‍റെ വിശ്വാസം ആയിരുന്നു; എല്ലാ കാലത്തെയും യേശുവിന്‍റെ ശിഷ്യന്മാരുടെ വിശ്വാസം പിതാവായ ദൈവത്തിന്റെയും പുത്രനായ യേശുവിന്‍റെയും വിശ്വാസം ആയിരുന്നു.

ഇയ്യോബ് 9:7 ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “അവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു”.

ഇങ്ങനെ ആണ് യേശു തന്‍റെ വിശ്വാസം ഉപയോഗിച്ചത്: അവന്‍ അത്തിയോട് കല്‍പ്പിച്ചു.
ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ, ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അത് സംഭവിക്കും, എന്നാണു യേശു നമ്മളോട് പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടാണ് ശിഷ്യന്മാര്‍ യേശുവിനോട് തങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ച് തരേണമേ എന്ന് അപേക്ഷിച്ചത്. (ലൂക്കോസ് 17: 5)

വചനം പറയുന്നു, നമ്മള്‍ വിശ്വാസം പ്രാപിക്കുന്നത് ദൈവത്തില്‍ നിന്നാണ്; അല്ലെങ്കില്‍ ദൈവം നമുക്ക് വിശ്വാസം നല്‍കുന്നു.
വിശ്വാസം നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നത്‌ അല്ല; വിശ്വാസം ദൈവത്തിന്‍റെ ദാനം ആണ്.
എഫെസ്യര്‍ 2: 8 ല്‍ വിശ്വാസം ദൈവത്തിന്‍റെ ദാനമത്രേയാകുന്നു.” എന്ന് നമ്മള്‍ വായിക്കുന്നു.
റോമര്‍ 12:3 ല്‍ “അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ട്” നല്‍കിയിരിക്കുന്നു എന്ന് കാണുന്നു.
ഈ വാക്യങ്ങളില്‍നിന്നെല്ലാം ദൈവത്തിന് വിശ്വാസം ഉണ്ടായിരുന്നു എന്നും വിശ്വാസം മനുഷ്യരിലേക്ക് ദൈവത്തില്‍ നിന്നും വരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
ദൈവത്തിന്റെ വിശ്വാസം ആണ് നമ്മളുടെ ഉള്ളില്‍ ഉള്ളത്.
നമ്മളിലൂടെ ഒരു അത്ഭുതം നടക്കുമ്പോള്‍, നമ്മള്‍ ഉപയോഗിക്കുന്നത് ദൈവത്തിന്‍റെ വിശ്വാസം ആണ്.
ദൈവത്തിന്‍റെ വിശ്വാസത്തോടെ മാത്രമേ, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ പ്രത്യക്ഷമാക്കുന്ന അടയാളങ്ങള്‍ നമുക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയൂ.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment