ആദിയിൽ വചനം ഉണ്ടായിരുന്നു

 നാല് സുവിശേഷങ്ങൾ

വേദപുസ്തകത്തിലെ പുതിയനിയമ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന സുവിശേഷ ഗ്രന്ഥങ്ങൾ, യേശുക്രിസ്തുവിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പഠിപ്പിക്കലുകൾ, മരണം, അടക്കം, ഉയിർപ്പ് എന്നിവ വിവരിക്കുന്നതാണ്. പുതിയനിയമത്തിൽ 4 വ്യത്യസ്തങ്ങൾ ആയ സുവിശേഷ രചനകൾ ഉണ്ട്. എന്നാൽ അവ ഓരോന്നായി പ്രത്യേകമായി യേശുക്രിസ്തുവിന്റെ ജീവിതം പൂർണ്ണമായി വിവരിക്കുന്നില്ല.

 

4 സുവിശേഷങ്ങളും 4 വ്യക്തികൾ ആണ് രചിച്ചത്. അവർ, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ ആണ്. ഇവരിൽ മത്തായിയും യോഹന്നാനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മർക്കൊസും ലൂക്കൊസും ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മത്തായി ഒരു നികുതി പിരിവുകാരനും, യോഹന്നാൻ ഒരു മീൻപിടുത്തക്കാരനും ആയിരുന്നു (മത്തായി 9:9, 4:21). അവർ രണ്ടു പേരും യഹൂദന്മാർ ആയിരുന്നു. മർക്കൊസും ഒരു യഹൂദൻ ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പത്രോസിന്റെ അനുയായി ആയിരുന്നു. ലൂക്കോസ് ഒരു യഹൂദ ഇതര (ജാതീയൻ) വിഭാഗക്കാരൻ ആയിരുന്നു. അദ്ദേഹം ഗ്രീക്ക് പ്രദേശങ്ങളിൽ കുടിയേറി താമസിച്ച ഒരു യഹൂദ കുടുംബത്തിൽപ്പെട്ടവനായിരുന്നു എന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായം ഉണ്ട്. ലൂക്കോസ് ഒരു വൈദ്യനും, ചരിത്രകാരനും ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പൌലൊസിന്റെ അനുയായി ആയിരുന്നു. യേശുക്രിസ്തുവിൽ നിന്നും നേരിട്ടു കാണുകയും, കേൾക്കുകയും, ഗ്രഹിക്കുകയും ചെയ്തതിന്റെ വിവരണം ആണ് മത്തായിയും, യോഹന്നാനും രേഖപ്പെടുത്തിയത്. എന്നാൽ മർക്കൊസും ലൂക്കൊസും, യേശുക്രിസ്തുവിനെ നേരിൽ കാണുകയും, കേൾക്കുകയും ചെയ്തവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് എഴുതിയത്. 

    

ഇവർ ലക്ഷ്യംവച്ച പ്രഥമ വായനക്കാരും വ്യത്യസ്തരായിരുന്നു. ചില വേദപണ്ഡിതന്മാരും, ഐറേനിയസ്, ഒറിഗെൻ, ജെറോം, എന്നിവരെപ്പോലെയുള്ള ആദ്യകാല ക്രിസ്തീയ രചയിതാക്കളും, മത്തായി സുവിശേഷം എഴുതിയത് ആദ്യം എബ്രായ ഭാഷയിലൊ അരാമ്യ ഭാഷയിലോ ആയിരുന്നു എന്നു കരുതുന്നു (Irenaeus, Origen, Jerome, Hebrew, Aramaic). അദ്ദേഹത്തിന്റെ പ്രഥമ വായനക്കാർ യഹൂദ ക്രൈസ്തവർ ആയിരുന്നു. അത് പിന്നീട് ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക ആയിരുന്നു എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ആധുനിക വേദപണ്ഡിതന്മാർ, മത്തായി ഗ്രീക്ക് ഭാഷയിലാണ് ആദ്യം സുവിശേഷം എഴുതിയത് എന്നും അത് പിന്നീട് എബ്രായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയോ, അദ്ദേഹം തന്നെ എബ്രായ ഭാഷയിൽ എഴുതുകയോ ചെയ്തു എന്നും വാദിക്കുന്നു.

 

മർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ടത് (50-60). മത്തായിയുടെ സുവിശേഷവും ഏകദേശം ഇതേ കാലയളവിൽ ആണ് എഴുതപ്പെട്ടത്. അതിനാൽ മർക്കോസിന്റെ സുവിശേഷത്തിൽ നിന്നും ചില വിവരങ്ങൾ മത്തായി എടുത്തു, അദ്ദേഹത്തിന്റെ സുവിശേഷത്തിൽ ചേർത്തിട്ടുണ്ടാകാം. യേശുക്രിസ്തു, യഹൂദൻ പ്രത്യാശയോടെ പ്രതീക്ഷിക്കുന്ന വാഗ്ദത്തമായ മശീഹ ആണ് എന്നു സമർത്ഥിക്കുക ആയിരുന്നു മത്തായിയുടെ ഉദ്ദേശ്യം. അതിനാൽ മത്തായി യേശുക്രിസ്തുവിനെ ദാവീദിന്റെ സന്തതിയായി അവതരിപ്പിച്ചു. ഇതിനായി യഹൂദ വംശാവലിയും, പഴയനിയമത്തിലെ പ്രവാചകന്മാരുടെ അരുളപ്പാടുകളുകളും അദ്ദേഹം ഉപയോഗിച്ചു.

 

ആധുനിക വേദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മത്തായിയുടെ സുവിശേഷം കൊയ്നെ ഗ്രീക്ക് എന്നു വിളിക്കപ്പെടുന്ന, സാധാരണക്കാർ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയിൽ ആണ് ആദ്യം എഴുതപ്പെട്ടത് (Koine Greek). യഹൂദന്മാരെ കൂടാതെ ജാതികളും (യഹൂദ ഇതര ജനവിഭാഗം) അത് വായിക്കേണം എന്നു മത്തായി ആഗ്രഹിച്ചിരുന്നു. ഈ നിഗമനത്തിൽ എത്തിച്ചേരുവാൻ ചില കാരണങ്ങൾ ഉണ്ട്. മത്തായിയുടെ സുവിശേഷത്തിന്റെ പുരാതന കൈയെഴുത്തു പ്രതികളിൽ, മിനുക്കിയ ഗ്രീക്ക് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ഭാഷയിൽ നിന്നും പരിഭാഷപ്പെടുത്തുമ്പോൾ ഉള്ള പരിമിതികളോ, വൈകല്യങ്ങളോ, കൃത്രിമത്വമൊ, ഇതിന്റെ രചനയിൽ കാണുന്നില്ല. എബ്രായ ഭാഷയിലോ, അരാമ്യ ഭാഷയിലോ ഉള്ള ഒരു പുരാതന മൂലകൃതി ലഭ്യമല്ല എന്നതിനാൽ, യഥാർത്ഥ എഴുത്തു ഭാഷ ഒരു തർക്ക വിഷയമായി നിൽക്കുന്നു.

 

മൂന്നാമത് ഒരു സമരസപ്പെടുന്ന വാദം കൂടിയുണ്ട്. വേദപുസ്തകത്തിൽ കാനോനികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന മത്തായിയുടെ സുവിശേഷം ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടതാണ്. ഇതിൽ എബ്രായ ഭാഷയിലെ സുവിശേഷത്തിലെ വിവരങ്ങൾ കൂടി ഉണ്ട്. അതിനാൽ കാനോനികമായ മത്തായിയുടെ സുവിശേഷം എബ്രായ ഭാഷയിൽ നിന്നോ, അരാമ്യ ഭാഷയിൽ നിന്നോ, കൂടുതൽ വിവരങ്ങൾ ചേർത്തു വികസിപ്പിച്ച പതിപ്പ് ആയിരിക്കാം.

 

അപ്പൊസ്തലനായ പത്രോസിന്റെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ് മർക്കോസിന്റെ സുവിശേഷം. അതിനാൽ ഇത് യേശുക്രിസ്തുവിന്റെ ജീവിതവും, പഠിപ്പിക്കലും, പത്രൊസ് എങ്ങനെ മനസ്സിലാക്കി എന്നതിന്റെ രേഖയാണ്. മർക്കോസ് ഇത് എഴുതിയത് യഹൂദ ഇതര (ജാതീയ) വായനക്കാർക്ക് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രഥമ ലക്ഷ്യം റോമിലെ ക്രൈസ്തവ വിശ്വാസികൾ ആയിരുന്നിരിക്കാം. കൊയ്നെ ഗ്രീക്കിൽ ആണ് അദ്ദേഹം സുവിശേഷം എഴുതിയത്. ഇതിൽ അരാമ്യ ഭാഷയിൽ ഉള്ള വാക്കുകളും പദസമുച്ചയങ്ങളും ഉണ്ട്. അദ്ദേഹം യേശുക്രിസ്തുവിനെ കഷ്ടം അനുഭവിക്കുന്ന ദാസൻ ആയി ചിത്രീകരിക്കുന്നു. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” (മർക്കോസ് 10:45).       

 

സുവിശേഷങ്ങളുടെ രചയിതാക്കളിൽ ലൂക്കോസ് മാത്രമാണ് ഏക ജാതീയൻ. അദ്ദേഹവും സാധാരണക്കാർ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയായ കൊയ്നെ ഗ്രീക്കിൽ ആണ് എഴുതിയത് (Koine Greek). അദ്ദേഹത്തിന്റെ ഭാഷ പരിഷ്കൃതവും, സാഹിത്യ സമ്പുഷ്ടവും ആയിരുന്നു. അദ്ദേഹം ഒരു സൂക്ഷ്മ ചരിത്രകാരൻ ആയിരുന്നു. യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യസന്ധവും, യുകതിഭദ്രവും ആയ ഒരു വിവരണം രചിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനായി യേശുക്രിസ്തുവിന്റെ ശുശ്രൂഷയുടെ നേരിട്ടുള്ള സാക്ഷികൾ ആയവരുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചു (ലൂക്കോസ് 1:1-4). അദ്ദേഹം തെയോഫിലോസ് (Theophilus) എന്നൊരു വ്യക്തിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സുവിശേഷം എഴുതിയത് (ലൂക്കോസ് 1:1). എന്നാൽ തെയോഫിലോസ് ആരായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ അറിവ് ഇപ്പോൾ നമുക്ക് ഇല്ല. അദ്ദേഹ, ജാതീയനായ ഒരു റോമൻ ഉദ്യോഗസ്ഥൻ ആയിരുന്നിരിക്കേണം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം, വിശ്വസനീയമായ, ആശ്രയിക്കാവുന്ന, പരിശോധിച്ച് നോക്കാവുന്ന, ചരിത്ര സംഭവങ്ങൾ ആണ് എന്നു സമർത്ഥിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രചനയുടെ ലക്ഷ്യം. അതിനാൽ, മറ്റ് സുവിശേഷങ്ങളിൽ കാണാത്ത പല വിവരങ്ങളും ലൂക്കോസിന്റെ രചനയിൽ വായിക്കാം.

 

മറ്റ് മൂന്ന് സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് യോഹന്നാന്റെ സുവിശേഷം. ഇത് ഒരു ചരിത്ര വിവരണം അല്ല, ദൈവ ശാസ്ത്രപരമായ ഒരു പ്രബന്ധം ആണ്. അദ്ദേഹം ലക്ഷ്യം വച്ച വായനക്കാരിൽ വിശാലമായ റോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന യഹൂദനും, ജാതീയനും ഉൾപ്പെടും. യോഹന്നാന്റെ സുവിശേഷവും ആദ്യം എഴുതപ്പെട്ടത് കൊയ്നെ ഗ്രീക്കിൽ ആണ്. ലളിതവും, വ്യക്തവും ആയ ഗ്രീക്ക് വാക്കുകളും, ശൈലിയും ആണ് യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലുള്ള പ്രാവീണ്യവും, ഭാഷയിലെ പ്രത്യേക രീതിയിൽഉള്ള ശൈലികളുടെ കൃത്യവും, സുഗമവുമായ പ്രയോഗങ്ങളും, ആശയങ്ങളുടെ വ്യക്തമായ വിനിമയവും, ഇത് ഒരു പരിഭാഷയല്ല എന്നതിന് തെളിവാണ്.

 

ഓരോ സുവിശേഷ രചയിതാവും ലക്ഷ്യം വച്ചത് ഒരു പ്രത്യേക വായനക്കാരുടെ സമൂഹത്തെയാണ്. അവർ സമർത്ഥിക്കുവാൻ ആഗ്രഹിച്ച പ്രധാന വിഷയവും വ്യത്യസ്തം ആണ്. അതിനാനുസരണമായ സംഭവങ്ങളെ ഓരോരുത്തരും യേശുവിന്റെ ജീവിതത്തിൽ നിന്നും തിരഞ്ഞെടുത്തു അവതരിപ്പിച്ചു. ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും, മനസ്സിലാക്കലുകളും വിഭിന്നം ആയിരുന്നു. അതിനാൽ ഒരു സുവിശേഷവും യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ പൂർണ്ണമായ വിവരണം അല്ല. ഓരോന്നും യേശുക്രിസ്തുവിന്റെ വിഭിന്നമായ വശങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നു. എന്നാൽ സുവിശേഷ രചനകളക്കിടയിൽ വൈരുദ്ധ്യങ്ങൾ ഇല്ല, പരസ്പര പൂരകങ്ങൾ ആയി അവ നിലകൊള്ളുന്നു. എല്ലാം കൂടി ഒരുമിച്ച് ക്രിസ്തുവിന്റെ ജീവിതത്തിന്റെയും, ശുശ്രൂഷയുടെയും, ഉപദേശങ്ങളുടെയും കൃത്യമായ വിവരങ്ങൾ നല്കുന്നു. യേശുക്രിസ്തു ആരാണ്, എന്തിന് ഭൂമിയിലേക്ക് വന്നു, അവന്റെ ശുശ്രൂഷയുടെയും, മരണത്തിന്റെയും, അടക്കത്തിന്റെയും, ഉയിർപ്പിന്റെയും ദൈവശാസ്ത്രപരമായ സാരം എന്താണ് എന്നു മനസ്സിലാക്കുവാൻ നാല് സുവിശേഷങ്ങളും ആവശ്യമാണ്. അതിനാൽ ആണ് പുതിയനിയമത്തിൽ നാല് സുവിശേഷങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിലെ വിവരണങ്ങൾക്ക് തമ്മിൽ ചില വ്യത്യാസങ്ങൾ കണ്ടേക്കാം. ഇത് സുവിശേഷങ്ങൾ പരസ്പരം ഖണ്ഡിക്കുന്നു എന്നതിന്റെ അടയാളം അല്ല. അവ ഓരോന്നും, സ്വതന്ത്രമായും, സത്യസന്ധമായും, ഓരോ എഴുത്തുകാരനും എഴുതിയതാണ് എന്നതിന്റെ തെളിവാണ്. ഒരു ഏക സ്രോതസ്സിൽ നിന്നും അവർ പകർത്തിയെഴുതിയത് അല്ല. ആരുടെയെങ്കിലും കൽപ്പനയാൽ രചിച്ചതും അല്ല. ശിഷ്യന്മാരുടെ രഹസ്യ പദ്ധതിയും അല്ല. ഓരോന്നും സത്യസന്ധമായ, യഥാർത്ഥ വിവരണങ്ങൾ ആണ്.

 യോഹന്നാന്റെ സുവിശേഷം

ചരിത്ര പശ്ചാത്തലം

 

പുതിയനിയമത്തിലെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങൾ ആയ, മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവ യേശുക്രിസ്തുവിന്റെ ജീവിത ചരിത്രമാണ്. എന്നാൽ യോഹന്നാന്റെ സുവിശേഷം, യുക്തിപരവും, സൈദ്ധാന്തികവും, ആധ്യാത്മികരഹസ്യവാദപരവും (mystical), ദാർശനികവും, ന്യായവും (logical) ആയ ഒരു പ്രബന്ധമാണ്. കാണപ്പെട്ട യേശുക്രിസ്തു അല്ല ഇവിടെ കേന്ദ്ര വിഷയം. യോഹന്നാൻ എഴുതുന്നതു യേശുക്രിസ്തുവിന്റെ ആദ്ധ്യാത്മികവും മാർമ്മികവും ആയ വശത്തേക്കുറിച്ചാണ്. അതിനാൽ, മറ്റ് സുവിശേഷങ്ങളെപ്പോലെ, യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജനനം, വളർച്ച എന്നിവ വിവരിച്ചുകൊണ്ടല്ല യോഹന്നാൻ ആരംഭിക്കുന്നത്. ക്രിസ്തുവിന്റെ ആദ്യകാല ജീവിതമോ, ഭൌതീക ശുശ്രൂകളോ അദ്ദേഹം വിവരിക്കുന്നില്ല. ഏതെങ്കിലും സംഭവങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നത് യേശുക്രിസ്തുവിന്റെ അഭൌമീകത വെളിപ്പെടുത്തുവാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ ലക്ഷ്യം യേശുക്രിസ്തുവിന്റെ ദൈവീകത്വം തെളിയിക്കുക എന്നതായിരുന്നു. ദൈവം ആയ ക്രിസ്തു മനുഷ്യനായി ജനിച്ചു.

 

സുവിശേഷം എഴുതുന്നതിന് യോഹന്നാന് ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. അത് അദ്ദേഹം 20 ആം അദ്ധ്യയം 31 ആം വാക്യത്തിൽ പ്രസ്താവിക്കുന്നുണ്ട്.

 

യോഹന്നാൻ 20:31

എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

     

യേശു ദൈവപുത്രനായ ക്രിസ്തു, അഥവാ മശീഹ എന്നു വായനക്കാർ വിശ്വസിക്കേണ്ടതിനാണ് യോഹന്നാൻ സുവിശേഷം എഴുതിയത്. അദ്ദേഹം ഇത് എഴുതുന്നതിന് മുമ്പേ, മൂന്ന് സുവിശേഷങ്ങളും, എല്ലാ ലേഖനങ്ങളും എഴുതപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹം മറ്റൊരു സുവിശേഷ ഗ്രന്ഥം എഴുതുന്നതിന് വ്യക്തവും വ്യത്യസ്തവും ആയ ഒരു ലക്ഷ്യം ഉണ്ടായിരിക്കേണം. അതാണ് അദ്ദേഹം 31 ആം വാക്യത്തിൽ പ്രസ്താവിക്കുന്നത്. യേശുക്രിസ്തു യഹൂദന്മാർ പ്രത്യാശയോടെ കാത്തിരിക്കുന്ന മശീഹയാണ്. അവൻ ഗ്രീക്ക് ദാർശനികന്മാർ അന്വേഷിക്കുന്ന ലോഗോസ് എന്ന ദൈവമാണ്. അതിനാൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കും.

 

വചനത്തെക്കുറിച്ചും, മശീഹയെക്കുറിച്ചുമുള്ള യഹൂദ പ്രവാചകന്മാരുടെ അരുളപ്പാടുകളും, “ലോഗോസ്” (Logos) എന്ന വചനത്തെക്കുറിച്ചുള്ള യവന (ഗ്രീക്ക്) ദാർശനിക കാഴ്ചപ്പാടുകളും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു വാദം യോഹന്നാൻ അവതരിപ്പിക്കുന്നു. യവന ദാർശനിക ചിന്തയിൽ “ലോഗോസ്” എന്നത് പരമമായ ഹേതു ആണ് (Supreme Reason). യേശുക്രിസ്തു നിത്യനായ, ആദിയും അന്ത്യവും ഇല്ലാത്ത ദൈവ വചനം ആണ്, ദൈവത്തിന്റെ വെളിപ്പാടു ആണ്, നിത്യമായ യാഥാർത്ഥ്യം ആണ്. യേശുക്രിസ്തുവിന്, ത്രീയേക ദൈവവുമായുള്ള (triune God) സവിശേഷമായ ബന്ധം എന്താണ് എന്നു യോഹന്നാൻ വിശദമാക്കുന്നു. ഇതിനായി ദാർശനികവും, ആത്മീയവും ആയ ഭാഷയും, എബ്രായ, യവന പാരമ്പര്യത്തിലുള്ള മർമ്മികമായ ആശയങ്ങളും അദ്ദേഹം ഉപയോഗിച്ചു.

 

നാല് സുവിശേഷങ്ങളിൽ അവസാനം എഴുതപ്പെട്ടത് യോഹന്നാന്റെ സുവിശേഷം ആണ് (ഏകദേശം എ. ഡി. 90-100 അല്ലെങ്കിൽ 70-110). അദ്ദേഹം എഫെസൊസിൽ ആയിരിക്കുമ്പോഴാണ് സുവിശേഷം എഴുതിയത്. എഫെസൊസ് റോമൻ സാമ്രാജ്യത്തിലെ ഏഷ്യ മൈനർ (ആധുനിക തുർക്കി) പ്രദേശത്ത് ഉണ്ടായിരുന്ന ഒരു പ്രധാന പട്ടണം ആയിരുന്നു. യഹൂദ, യവന, റോമൻ വായനക്കാരെ ലക്ഷ്യമാക്കുന്നു. യേശുക്രിസ്തു മശീഹ എന്നതാണ് മുഖ്യ വിഷയം.          

 

മത പീഡനങ്ങളിലൂടെയും, മറ്റ് ചില പ്രതിസന്ധികളിലൂടെയും കടന്നുപോയിരുന്ന ക്രൈസ്തവ സഭയ്ക്കാണ് യോഹന്നാൻ സുവിശേഷം എഴുതുന്നതു. യെരൂശലേം ദൈവാലയത്തിന്റെ തകർച്ചയ്ക്ക് ശേഷം, യഹൂദന്മാർ മാത്രമല്ല, ക്രിസ്തീയ വിശ്വാസികളും വിശ്വാസപരമായ പല വെല്ലുവിളികളും അഭിമുഖീകരിച്ചു. എ. ഡി. 70 ലെ യെരൂശലേം ദൈവാലയത്തിന്റെ പതനത്തിന് മുമ്പ്, അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികൾ “പെല്ല” എന്നൊരു പട്ടണത്തിലേക്ക് ഓടിപ്പോയി രക്ഷപ്പെട്ടു എന്നു ക്രിസ്തീയ സഭാ പാരമ്പര്യം പറയുന്നു (Pella). പെല്ല, യോർദ്ദാൻ നദിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്ന ദെക്കപ്പൊലി ദേശത്തിലെ ഒരു പട്ടണം ആയിരുന്നു (Decapolis, Jordan River).

 

റോമൻ ചക്രവർത്തിയായി നീറോ അധികാരം ഏറ്റത് ഏകദേശം എ. ഡി. 54 ൽ ആണ് (Emperor Nero, എ. ഡി. 54-68). “റോമിലെ വലിയ അഗ്നി” ഉണ്ടായത് എ. ഡി. 64, ജൂലൈയിൽ ആണ് (The Great Fire of Rome). അത് ജൂലൈ 18 നോ 19 നോ ആരംഭിച്ചു, ആറ് ദിവസങ്ങൾ നീണ്ടു നിന്നു. അഗ്നിബാധയിൽ റൊമാ പട്ടണം ഏകദേശം കത്തിപ്പോയി. ഇതിന് ഉത്തരവാദികൾ ക്രിസ്തീയ വിശ്വാസികൾ ആണ് എന്നു നീറോ തെറ്റായി ആരോപിച്ചു. അതിന്റെ പേരിൽ അവരെ ക്രൂരമായി പീഡിപ്പിച്ചു.

 

നീറോ ചക്രവർത്തിക്ക് ശേഷം നാല് ചക്രവർത്തിമാർ അധികാരത്തിൽ വന്നു. അവർ ഓരോരുത്തരും ചുരുങ്ങിയ കാലമേ അധികാരത്തിൽ ഇരുന്നുള്ളൂ. എ. ഡി 68 ജൂൺ 8 മുതൽ 69 ജനുവരി 15 വരെ 7 മാസക്കാലം ഗൽബ (Galba) അധികാരത്തിൽ ഇരുന്നു. അതിന് ശേഷം ഒത്തൊ (Otho) അധികാരത്തിൽ എത്തി 3 മാസങ്ങൾ ഭരിച്ചു (എ. ഡി 69, ജനുവരി 15-ഏപ്രിൽ 16). അതിന് ശേഷം അധികാരത്തിൽ എത്തിയ വിറ്റെലിയൂസ് (Vitellius) 69 ഏപ്രിൽ 19 മുതൽ ഡിസംബർ 20 വരെ 8 മാസങ്ങൾ ചക്രവർത്തിയായി. അതിന് ശേഷമാണ് വെസ്പേഷ്യൻ 10 വർഷങ്ങൾ ചക്രവർത്തിയായി ഭരിച്ചത് (Emperor Vespasian, എ. ഡി. 69–79). അദ്ദേഹം ക്രിസ്തീയ വിശ്വാസികളെ പീഡിപ്പിച്ചിരുന്നതായി ചരിത്ര തെളിവുകൾ ഇല്ല. അദ്ദേഹത്തിന് ശേഷം, മൂത്തമകൻ ടൈറ്റസ് 79 ജൂൺ 24 ന് അധികാരത്തിൽ എത്തി. 81 സെപ്റ്റംബർ 13 വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു. അദ്ദേഹത്തിന്റെ പെട്ടന്നും അപ്രതീക്ഷിതവും ആയ മരണത്തിന് ശേഷം, സഹോദരനായിരുന്ന ഡൊമീഷ്യൻ എ. ഡി. 81 മുതൽ 96 വരെ ചക്രവർത്തിയായിരുന്നു. ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പീഡനങ്ങളുടെ കാലമായിരുന്നു ഇത്.

 

യോഹന്നാൻ സുവിശേഷം എഴുതിയ കാലമായപ്പോഴേക്കും, യേശുക്രിസ്തുവിനെ നേരിൽ കണ്ടും കേട്ടും ഇരുന്ന ഒന്നാം തലമുറ ക്രിസ്തീയ വിശ്വാസികൾ മരണത്തിലൂടെ നീങ്ങിപ്പോകുവാൻ തുടങ്ങിയിരുന്നു. രണ്ടാം തലമുറ വിശ്വാസികൾ ഉയർന്നു വരുവാൻ തുടങ്ങി. പീഡനങ്ങളും, സംശയങ്ങളും കാരണം അവരിൽ ചിലർക്ക് വിശ്വാസം നഷ്ടപ്പെട്ടു. ചിലർ യഹൂദന്മാരെ പ്രീതിപ്പെടുത്തുവാനായി ന്യായപ്രമാണത്തിലേക്ക് മടങ്ങി. ഇത്തരമൊരു സന്ദിഗ്ദ്ധമായ സാഹചര്യത്തിൽ ആണ് യോഹന്നാൻ സുവിശേഷം എഴുതിയത്. അദ്ദേഹത്തിന്റെ രചന വിശ്വാസികൾക്ക് ക്രിസ്തുവിനെക്കുറിച്ച് പ്രത്യാശയും, ഉറപ്പും നല്കി.

 

സുവിശേഷത്തിന്റെ ആമുഖം

 

യോഹന്നാൻ 1:1-18 വരെയുള്ള വാക്യങ്ങൾ സുവിശേഷത്തിന്റെ ആമുഖം ആണ്. ഒന്നാമത്തെ വാക്യത്തിൽ ഗ്രീക്ക് ദാർശനിക ആശയമായ “ലോഗോസ്” നെ യോഹന്നാൻ അവതരിപ്പിക്കുന്നു (Logos). തുടർന്നുള്ള വാക്യങ്ങളിൽ ലോഗോസിനെ നിർവചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. അവസാന വാക്യങ്ങളിൽ ഈ ആശയത്തിന്റെ വിശദീകരണം ഉപസംഹരിക്കുന്നു. യോഹന്നാൻ 1:14, 18 വാക്യങ്ങൾ യേശുക്രിസ്തു ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാട് ആണ് എന്നു പ്രഖ്യാപിക്കുന്നു.

 

യോഹന്നാൻ 1:1

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

 

യോഹന്നാൻ 1:14

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

യോഹന്നാൻ 1:18

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

വചനം

 

“വചനം” എന്ന വാക്ക് ഒന്നാം അദ്ധ്യായത്തിൽ 4 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അതിന്റെ സന്ദർഭം വാക്കിന്റെ അർത്ഥത്തെ വിശദീകരിക്കുന്നു. ഓരോ സന്ദർഭവും നാല് ആശയങ്ങളെ സൂചിപ്പിക്കുന്നു.

·       വചനത്തിന്റെ നിത്യത - ആദിയിൽ വചനം ഉണ്ടായിരുന്നു (യോഹന്നാൻ 1:1a)

·       ദൈവം എന്ന സാരാംശത്തിൽ നിന്നുമുള്ള വ്യതിരിക്തത -  വചനം ദൈവത്തോടുകൂടെ ആയിരുന്നു (യോഹന്നാൻ 1:1b)

·       വചനത്തിന് ദൈവവുമായുള്ള താദാത്മ്യം - വചനം ദൈവം ആയിരുന്നു ((യോഹന്നാൻ 1:1c)

·       വചനം എന്ന വാക്ക്കൊണ്ടു സൂചിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ തിരിച്ചറിവ് - വചനം ജഡമായി തീർന്നു

 

യോഹന്നാൻ 1:14

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

എബ്രായ ദാർശനിക ചിന്ത

 

എബ്രായ ദൈവ ശാസ്ത്രത്തിലും, ദാർശനിക ചിന്തയിലും, വചനം, ദൈവത്തിന്റെ സൃഷ്ടിയുടെയും, ആശയ വിനിമയത്തിന്റെയും, അരുളപ്പാടുകളുടെയും മൂർത്തമായ പ്രവർത്തിയാണ്. വചനം, വെറും ഒരു ശബ്ദമോ, എഴുതപ്പെട്ടിരിക്കുന്ന അക്ഷരങ്ങളോ അല്ല. വചനത്തിന് വ്യക്തിത്വമുണ്ട്. വചനം, “അത്” അല്ല, “അവൻ” ആണ്.

 

സങ്കീർത്തനം 33:6

യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; 

 

ദൈവം ഒരു ആത്മീയ ജീവിയാണ് എന്നും അവന് ശരീരമോ, യാതൊരു ഭൌതീകവും ശാരീരികവും ആയ രൂപമൊ ഇല്ല എന്നാണ് എബ്രായ ദൈവശാസ്ത്രം. ഇതാണ് യേശുക്രിസ്തു ശമര്യ സ്ത്രീയോട് പറയുന്നത്.

 

യോഹന്നാൻ 4:24

ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

 

ദൈവത്തിന് ഒരു ശരീരമോ, ശാരീരിക രൂപമോ ഇല്ല. അവൻ ആത്മാവായി നിലനിൽക്കുന്നു. അതിനാൽ അവനെ ആത്മാവിൽ ആരാധിക്കേണം. ദൈവത്തെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ആരാധിക്കേണം എന്ന ആശയത്തെ യേശു നിഷേധിക്കുന്നു. തികച്ചും വ്യക്തിപരവും, ആത്മീയവും സത്യസന്ധവും ആയ ആരാധനയിൽ ആണ് ദൈവം പ്രസാദിക്കുന്നത്.

 

ഇവിടെ യേശുക്രിസ്തു ഒരു പുതിയ ആശയം അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. എബ്രായ, അരാമ്യ പാരമ്പര്യം ദൈവത്തിന് ഒരു ശരീരം ഉണ്ട് എന്നു പഠിപ്പിക്കുന്നില്ല. ശാരീരികമായ രൂപങ്ങളും സവിശേഷതകളും ദൈവങ്ങൾക്ക് ഉണ്ട് എന്നത് ഒരു ജാതീയ സങ്കൽപ്പം ആണ്. എന്നാൽ യിസ്രായേലിന്റെ ദൈവത്തിന് ഒരു ഭൌതീക ശരീരം ഇല്ല. ദൈവം മാനുഷികമായ രൂപം എടുത്തത് യേശുക്രിസ്തുവിൽ ആണ്. ദൈവം യേശുക്രിസ്തുവിൽ, അങ്ങനെ നമുക്ക് വെളിവായി. ക്രിസ്തു മനുഷ്യനായി ജനിച്ചു, നമ്മളുടെ ഇടയിൽ ജീവിച്ചു, മരിച്ചു. അത് നമ്മളുടെ പാപ പരിഹാരത്തിനായി ആയിരുന്നു.

  

യോഹന്നാൻ 1:14

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

ഫിലിപ്പിയർ 2:6-8

അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

 

എബ്രായർ 2:14-15, 17

14   മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ

15   തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

17   അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.

 

1 യോഹന്നാൻ 4:2

ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.

 

1 തിമൊഥെയൊസ് 3:16

അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.

 

എന്നാൽ ദൈവത്തിന്റെ ചെവി, നാവ്, കണ്ണുകൾ, പിൻഭാഗം, കൈകൾ, മുഖം, എന്നിങ്ങനെ പരാമർശിക്കുന്ന ചില വാക്യങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്.

 

1 പത്രൊസ് 3:12

കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”

 

സങ്കീർത്തനം 34:15

യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.

 

യെശയ്യാവ് 59:1

രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.

 

ഈ വാക്യങ്ങളിലെ ശാരീരിക അവയവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം ആലങ്കാരിക ഭാഷാ പ്രയോഗങ്ങൾ മാത്രമാണ്. ഇത് ഒരു മർമ്മിക ആശയം വിനിമയം ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിത്വവും, ശാരീരിക ഘടനകളും, സ്വഭാവവും, വികാരങ്ങളും ദൈവത്തിന്റെ മേൽ ചുമത്തുന്നത്, മാനുഷികമായ നമ്മളുടെ രീതിയാണ്. ഇത്തരം രചനാ ശൈലിയെ “ആൻത്രോപൊമോർഫിസം” (anthropomorphism) എന്നാണ് വിളിക്കുക. ഈ രീതി തിരുവചനം രേഖപ്പെടുത്തിയ അവസരത്തിൽ എഴുത്തുകാർ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ ശക്തിയും പ്രവർത്തിയും മനുഷ്യരുമായുള്ള ബന്ധത്തിൽ, നമ്മൾ മനസ്സിലാക്കേണ്ടതിന് ആണ് ഈ രചനാ ശൈലി ഉപയോഗിക്കുന്നത്. ഇങ്ങനെ ദൈവത്തെക്കുറിച്ചു വിശദീകരിക്കുവാൻ മനുഷ്യ ബിംബങ്ങളെ ഉപയോഗിക്കുമ്പോൾ, അവയെ ആലങ്കാരികമായി വേണം വ്യാഖ്യാനിക്കുവാൻ.

 

അതിനാൽ, മനുഷ്യ ശരീരത്തിന്റെ രൂപങ്ങളേയും അവയവങ്ങളെയും വികാരങ്ങളെയും, ദൈവത്തിന്റെ മേൽ ചുമത്താതിരിക്കുന്നതിനായി യഹൂദ-അരാമ്യ പാരമ്പര്യത്തിൽ ദൈവത്തെക്കുറിച്ചു പറയുവാൻ “ദൈവ വചനം” എന്നു ഉപയോഗിക്കുമായിരുന്നു (Hebrew, Aramaic). “ദൈവ വചനം” എഴുതപ്പെട്ടതോ, പറയുന്നതോ ആയ ചില വാക്കുകൾ അല്ല, അത് ദൈവത്തിന്റെ തന്നെയും, അവന്റെ പ്രവർത്തന ശക്തിയുടെയും അതിചാലകതയുള്ള വെളിപ്പെടൽ ആണ് എന്നു എബ്രായർ വിശ്വസിച്ചിരുന്നു.          

 

വചനം

 

“വചനം” എന്നതിന്റെ എബ്രായ പദം “ഡബാർ” എന്നാണ് (dabar). ഈ വാക്കിന്റെ അർത്ഥം, സംസാരിക്കുക, പ്രഖ്യാപിക്കുക, സംഭാഷണം നടത്തുക, കൽപ്പിക്കുക, വാഗ്ദത്തം ചെയ്യുക, മുന്നറിയിപ്പ് നല്കുക, ഭീഷിണിപ്പെടുത്തുക, പാടുക, എന്നിങ്ങനെയാണ് (speak, declare, converse, command, promise, warn, threaten, sing, commune, pronounce, and command). ഉദാഹരണത്തിന് ചില പഴയനിയമ വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്നു.

 

ഉൽപ്പത്തി 11:1

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും (words- ഡബാർ, ār, daw-baw') ആയിരുന്നു.

 

1 ശമൂവേൽ 3:21

ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ (Word - ഡബാർ, ār, daw-baw', from Root word - dāār, daw-bar) വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽ വെച്ചു പ്രത്യക്ഷനായി.

 

ഉൽപ്പത്തി 15:1

അതിന്റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട്  (the word of the Lord - deer, deh'-ber, Root word - ഡബാർ, ār, daw-bar).) ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.

 

സംഖ്യാപുസ്തകം 7:89

മോശെ തിരുമുമ്പിൽ സംസാരിപ്പാൻ (dāar) സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം (qôl, kole, ശബ്ദം, voice, sound, noise) കേട്ടു; അങ്ങനെ അവൻ അവനോടു സംസാരിച്ചു (dāar, daw-bar').

 

“ഡബാർ” എന്ന എബ്രായ പദം 261 പ്രാവശ്യം, വിവിധ രൂപത്തിൽ എബ്രായ പഴയനിയമത്തിൽ ദൈവത്തിന്റെ നാമവുമായുള്ള ബന്ധത്തിൽ കാണാം. പലയിടങ്ങളിലും, “യാഹ് വ” എന്ന ദൈവത്തിന്റെ നാമത്തെ “ദൈവത്തിന്റെ വചനം” എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത് (Yahweh, “the word of the Lord"). ദൈവവും, അവന്റെ സൃഷ്ടികളുമായുള്ള വ്യക്തിപരമായ ആശയവിനിമത്തിന്റെ അടിസ്ഥാനപരമായ ബന്ധത്തെ ഈ പദം സൂചിപ്പിക്കുന്നു. സകലതും അവന്റെ വചനത്താൽ ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉൽപ്പത്തി 1:3, 6, 9, 11, 14, 20, 24, 26). അത് മാത്രമല്ല, അതേ വചനത്താൽ തുടർന്നും ദൈവം അവന്റെ സൃഷ്ടികളുമായി ആശയവിനിമയം ചെയ്യുന്നു (2 തിമൊഥെയൊസ് 3:16-17). സൃഷ്ടിപ്പിന്റെയും, സൃഷ്ടികളുമായുള്ള ആശയ വിനിമയത്തിന്റെയും “വചനം” ആണ് യോഹന്നാൻ 1:1 ൽ നമ്മൾ കാണുന്നത്.

 

യഹൂദ-അരാമിക് പാരമ്പര്യത്തിൽ “ദൈവത്തിന്റെ വചനം” എന്ന പദ സമുച്ചയത്തെ ദൈവം എന്ന പദത്തിന് പകരമായി ഒരു സാദൃശ്യ ബിംബമായി (metonymy) ഉപയോഗിക്കാറുണ്ട്.

 

(* metonymy അഥവാ സാദൃശ്യ ബിംബം എന്നത് ഒരു അലങ്കാര ഭാഷയാണ്. ഒരു ആശയത്തെ സൂചിപ്പിക്കുന്ന വാക്കിനും, പദ സമുച്ചയത്തിനും പകരമായി, അതിനോട് സാദൃശ്യമുള്ള മറ്റൊരു ബിംബത്തെ സൂചിപ്പിക്കുന്ന പദം ഉപയോഗിക്കുന്നതിനെയാണ് “സാദൃശ്യ ബിംബം” എന്നു വിളിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന ബിംബത്തിന് യഥാർത്ഥ ആശയവുമായി വളരെ അടുത്ത സാമ്യം ഉണ്ടായിരിക്കും. അതിന് കൃത്യമായി ആശയ വിനിമയം ചെയ്യുവാനും കഴിയും. ഉദാഹരണത്തിന്, രാജാവ് എന്നതിന് പകരം “കിരീടം” എന്നു പറയാവുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് പദവിക്ക് പകരമായി “വൈറ്റ് ഹൌസ്” എന്നു ഉപയോഗിക്കാം (White House).

 

“ദൈവ വചനം” എന്നത് “ഡവാർ യാഹ് വ” എന്നാണ് എബ്രായ ഭാഷയിൽ (davar YHWH). അരാമ്യ ഭാഷയിൽ, “മെമ്ര ഡി’യാഹ് വ” എന്നോ “മെമ്ര” എന്നു മാത്രമോ ആണ് (Memra d'YHWH or simply Memra).ഈ പദ സമുച്ചയത്തെ ദൈവത്തിന്റെ നാമത്തിന്നു പകരമായി ഉപയോഗിച്ചിരുന്നു. ഈ ലോകത്തിന്മേലുള്ള ദൈവത്തിന്റെ സജീവവും, വ്യക്തിപരവും ആയ സാന്നിധ്യത്തെയാണ് ഈ പദം അർത്ഥമാക്കുന്നത്. ദൈവത്തിന്റെ നാമമായ “യാഹ് വ” എന്നത് അതിവിശുദ്ധമായ നാമം ആയിരുന്നു. അത് അശുദ്ധമായി ഉപയോഗിക്കപ്പെടാതെ ഇരിക്കേണ്ടതിനാണ് മറ്റൊരു വാക്ക് ഒരു സാദൃശ്യ ബിംബമായി ഉപയോഗിച്ചത്. ഇത്തരം പ്രയോഗങ്ങൾ എബ്രായ പഴയനിയമത്തിലും, പിന്നീട് എഴുതപ്പെട്ട അരാമിക്ക് “താർഗം” എന്ന രചനയിലും കാണാം (Targum).

 

അരാമ്യ കാഴ്ചപ്പാട്

 

സെമിറ്റിക്ക് ഭൂപ്രദേശത്തിന്റെ വടക്ക്-തെക്ക് ഭാഗത്തായി, ഏകദേശം ബി. സി. 11 ആം നൂറ്റാണ്ടിൽ ഉടലെടുത്ത, 3000 വർഷങ്ങളുടെ പാരമ്പര്യമുള്ള, ഒരു ഭാഷയാണ് അരാമ്യ ഭാഷ (Semitic, Aramaic). ബി. സി 700 മുതൽ എ. ഡി. 600 വരെ, ഇത് മദ്ധ്യ പൂർവ്വ ദേശത്തിലെ പൊതു ഭാഷ ആയിരുന്നു. യേശുക്രിസ്തു സാധാരണയായി ഉപയോഗിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. പഴയനിയമത്തിലെ ചില പുസ്തകളുടെ ചില ഭാഗങ്ങളും, യഹൂദന്മാരുടെ താൽമഡ് ഉം ഭാഗികമായി രചിക്കപ്പിരിക്കുന്നത് ഈ ഭാഷയിലാണ് (ഉദാഹരണം: ദാനിയേൽ, എസ്രാ.Talmud).

 

സെമിറ്റിക്ക് എന്നത് മദ്ധ്യ പൂർവ്വ ദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും സംസാരഭാഷയായി ഉപയോഗിച്ചിരുന്ന ഒരു ആഫ്രിക്ക-ഏഷ്യ ഭാഷയാണ് (Semitic, Middle East, North Africa, Afro-Asiatic). വേദപുസ്തകത്തിലെ നോഹയുടെ മകനായ ശേം ന്റെ പേരിൽ നിന്നും, 18 ആം നൂറ്റാണ്ടിൽ ജർമ്മൻ ചരിത്രകാരന്മാർ ആണ് ഈ വാക്ക് രൂപപ്പെടുത്തിയത് (Noah’s son Shem). ഈ പദം കൊണ്ടു ഉദ്ദേശിക്കുന്ന ഭാഷകൾ ഇതെല്ലാം ആണ്: എബ്രായ ഭാഷ, അറബി, ആമാരിക്, അരാമ്യ ഭാഷ (Hebrew, Arabic, Amharic, and Aramaic). അസ്സീറിയ, ബാബിലോൺ എന്നിവിടങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന ഭാഷകളായ അക്കാഡിയൻ ഭാഷ, ഫെനീഷ്യ, കനാന്യ ഭാഷ, അമോര്യരുടെ ഭാഷ എന്നിവയും സെമിറ്റിക്ക് ഭാഷാ കുടുംബത്തിലെ അംഗങ്ങൾ ആണ് (Assyria, Babylon, Akkadian, Phoenician, Canaanite, Amorite).

 

നാടോടികളായി ജീവിതം നയിച്ചിരുന്ന ഒരു സമൂഹം ആയിരുന്നു അരാമ്യർ (Arameans/Aramaeans). ബി. സി. 1500-1200 കാലയളവിൽ അവർ ഒരു സമൂഹമായി നിലനിന്നിരുന്നു. പിന്നീട്, ഇരുമ്പ് യുഗത്തിന്റെ ആദ്യ കാലത്ത്, ഇന്നത്തെ സിറിയ, തുർക്കിയുടെ തെക്ക്-കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അവർ അനേകം സ്വതന്ത്ര്യവും ശക്തവും ആയ പട്ടണ-രാജ്യങ്ങൾ സ്ഥാപിച്ചു (Iron Age (c. 1100–800 BC), Syria and southeastern Turkey) ദമാസ്കസ്, ഹമാത്ത് എന്നീ പട്ടണങ്ങൾ അരാമ്യർ സ്ഥാപിച്ചതാണ് എന്നു കരുതുന്നു (Damascus, Hamath). അവരുടെ അരാമ്യ ഭാഷ പ്രശസ്തം ആയിരുന്നു. അന്ന് നിലവിൽ ഉണ്ടായിരുന്ന അക്കാഡിയൻ ഭാഷയെ അരാമ്യ ഭാഷ മാറ്റിസ്ഥാപിച്ചു (Akkadian, Aramaic). അത് സമീപ കിഴക്കൻ പ്രദേശങ്ങളിലെ പൊതുവായ ഭാഷയായും, വ്യാപാരം, രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം, എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷയായും മാറി (Near East). പിന്നീട് അസ്സീരിയൻ സാമ്രാജ്യം അരാമ്യ പട്ടണങ്ങളെ ആക്രമിച്ചു കീഴടക്കി (Assyrian Empire).

 

ഒന്നാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത്, പലസ്തീൻ പ്രദേശങ്ങളിൽ അരാമ്യ ഭാഷ അംഗീകരിക്കപ്പെട്ട പൊതുഭാഷ ആയി മാറി (Palestine). എബ്രായ ഭാഷ യഹൂദന്മാരുടെ ഇടയിൽ, വിശുദ്ധവും വൈജ്ഞാനികവും ആയ ഭാഷയായി നിലനിന്നു. ഇന്ന്, മദ്ധ്യപൂർവ്വ പ്രദേശങ്ങളിലെ ചില ക്രിസ്തീയ സമൂഹകങ്ങളും, യിസ്രായേൽ, ലെബനൻ, സിറിയ, തുർക്കി എന്നിവിടങ്ങളിലെ ചില ചെറിയ സമൂഹകങ്ങളും അരാമ്യ പാരമ്പര്യം അവകാശപ്പെടുന്നു (in Israel, Lebanon, Syria, and Turkey).

 

താർഗം

 

“താർഗം” എന്ന പദം അരാമ്യ ഭാഷയാണ് (Targum). ഇതിന്റെ അർത്ഥം, പരിഭാഷ, വ്യാഖ്യാനം, എന്നിങ്ങനെയാണ്. ഏത് ഭാഷയിലും ഉള്ള പഴയനിയമത്തിന്റെ പരിഭാഷയെ ഈ പദം സൂചിപ്പിച്ചിരുന്നു. എന്നാൽ പിന്നീട്, പഴയനിയമത്തിന്റെ, മുഴുവനായോ, ഒരു ഭാഗം മാത്രമായോ ഉള്ള അരാമ്യ ഭാഷയിലേക്കുള്ള പരിഭാഷയെ മാത്രം സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചു. ഇത്തരം പല പരിഭാഷകൾ നിലവിൽ ഉണ്ടായിരുന്നു.

 

യിസ്രായേലിന്റെ ബാബേൽ പ്രവാസകാലത്തിന് ശേഷം, ഏകദേശം 538 ബി. സി. യക്ക് ശേഷം, ആണ് താർഗം ഉണ്ടായത്. പലസ്തീൻ പ്രദേശങ്ങളിലെ സംസാര ഭാഷ അരാമ്യ ഭാഷയായിരുന്നു. എബ്രായ ഭാഷയെക്കാൾ കൂടുതൽ പ്രചാരം അരാമ്യ ഭാഷയ്ക്ക് ഉണ്ടായിരുന്നു. അധികം വിദ്യാഭാസം ഇല്ലാത്ത യഹൂദന്മാർക്ക് എബ്രായ ഭാഷയിലുള്ള പഴയനിയമം വായിച്ചു മനസ്സിലാക്കുവാൻ പ്രയാസം ആയിരുന്നു. അവർക്ക് വേണ്ടിയാണ് “താർഗം” അഥവാ അരാമ്യ ഭാഷയിലുള്ള പരിഭാഷകൾ ഉണ്ടായത്.

 

യിസ്രായേലിന്റെ ബാബേൽ പ്രവാസകാലം ബി. സി. 586-538 കാലയളവിൽ ആയിരുന്നു. ബാബേലിലേക്ക് നടുകടത്തപ്പെട്ട യഹൂദന്മാരുടെ ആരാധന സ്ഥലമായി സിനഗോഗുകൾ ഉടലെടുത്തത് ഈ കാലത്ത് ആയിരിക്കാം (Synagogues). അലക്സാണ്ട്രിയ, ഈജിപ്ത്, എന്നിവിടങ്ങളിൽനിന്നും, ബി. സി. 3 ആം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ, സിനഗോഗുകളെ കുറിച്ചുള്ള പുരാതന ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട് (Alexandria, Egypt). 586 ബി. സി യിൽ ആണ് ഒന്നാമത്തെ ആലയം എന്നു അറിയപ്പെടുന്ന ശലോമോൻ നിർമ്മിച്ച ദൈവാലയം ബാബേൽ രാജാവായ നെബൂഖദ്നേസർ തകർക്കുന്നത്. അതിന് ശേഷം ആരാധനയ്ക്കായി യഹൂദന്മാർ ഒരുമിച്ചുകൂടുന്ന സ്ഥലമായി സിനഗോഗുകൾ ഉയർന്നുവന്നു. അവിടെ ആരാധനയും, പ്രാർത്ഥനയും, വേദപഠനവും നടന്നു. ആദ്യം സ്വകാര്യ വ്യക്തികളുടെ വീടുകളിൽ ആയിരുന്നു ചെറിയ കൂട്ടമായി ജനം ഒരുമിച്ച് കൂടിയിരുന്നത്. എ. ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, എ. ഡി 70 ൽ, യെരൂശലേമിലെ ദൈവാലയം തകർക്കപ്പെട്ടത്തിന് ശേഷം സിനഗോഗുകളുടെ പ്രസക്തി വർദ്ധിച്ചു. അത് യഹൂദന്മാരുടെ ആത്മീയതയുടെ കേന്ദ്രം ആയി മാറി. സിനഗോഗുകളെ ഗ്രീക്കിൽ “സിനഗൊഗൊസ്” എന്നാണ് വിളിക്കുക (synagogos). എബ്രായ ഭാഷയിൽ ഇവയ്ക്ക് മൂന്ന് പേരുകൾ ഉണ്ട് - ബേത്ത്-ഹ-റ്റെഫീല (bet ha-tefilla, പ്രാർത്ഥനാ ഭവനം, house of prayer), ബേത്ത്-ഹ-ക്നെസെറ്റ് (bet ha-kneset, കൂടിവരുന്ന ഭവനം, house of assembly), ബേത്ത്-ഹ-മിദ്രാസ് (bet ha-midrash, പഠനത്തിന്റെ ഭവനം, house of study).    

  

സിനഗോഗുകളിൽ പഴയനിയമം ഉറക്കെ വായിക്കുകയും, സാധാരണക്കാർക്ക് മനസ്സിലാകേണ്ടതിനായി അതിനെ അരാമ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും, വ്യാഖ്യാനിക്കുകയും ചെയ്യുക പതിവായിരുന്നു. ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന വ്യക്തിയെ “വ്യാഖ്യാതാവ്” എന്ന അർത്ഥത്തിൽ എബ്രായ, അരാമ്യ ഭാഷയിൽ “മെറ്റൂർഗെമാൻ” എന്നു വിളിച്ചിരുന്നു (meturgeman}. മൂല്യ കൃതിയോട് കൃത്യതയും സത്യസന്ധതയും പുലർത്തുവാൻ പരിഭാഷകൻ ശ്രമിച്ചിരുന്നു. അതേ സമയം കൃത്യമായ അർത്ഥം വ്യക്തമായി ഒരു സാധാരണക്കാരനായ യഹൂദന് മനസ്സിലാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചു. അതിനാൽ അദ്ദേഹത്തിന്റെ പരിഭാഷ പലപ്പോഴും ഒരു പരാവർത്തനവും വ്യഖ്യാനവും ആയി മാറി (paraphrase, commentary). തെറ്റായി മനസ്സിലാക്കാതെ ഇരിക്കുവാനായി, അദ്ദേഹം പലപ്പോഴും ഗ്രഹിക്കുവാൻ പ്രയാസമുള്ള വാക്യങ്ങളെ വിശദീകരിക്കുകയും, പഴയ സംഭവങ്ങളെ വർത്തമാനകാല സാഹചര്യത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഓരോ വേദഭാഗത്തിന്റെയും സന്മാർഗ്ഗീകവും ആത്മീയവുമായ പാഠവും അദ്ദേഹം പ്രസ്താവിക്കുമായിരുന്നു. ഇത്തരം പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും എഴുതപ്പെട്ട രേഖകളെയാണ് “താർഗം” എന്നു വിളിക്കുന്നത്. ഇവയെ ആധികാരിക പരിഭാഷയായും, വ്യാഖ്യാനമായും താൽമഡ് കാലയളവിൽ സ്വീകരിച്ചിരുന്നു (Talmudic period, എ. ഡി. 70 - 638). ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ വിശ്വാസികളും ഇതിനെ ആധികാരികം ആയി കണക്കാക്കി.

 

ഏറ്റവും പുരാതനവും, പ്രചാരത്തിലുമുണ്ടായിരുന്ന ചില “താർഗം”, “ഓൻകെലോസിന്റെ താർഗം” എന്നു അറിയപ്പെടുന്ന രചന ആണ് (Targum of Onkelos). ഇത് വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളുടെ അരാമ്യ ഭാഷയിലേക്കുള്ള പരിഭാഷയാണ്. ഇതിന്റെ പുതുക്കിയ പതിപ്പ് എ. ഡി. 3 ആം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ചു. സ്യൂഡോ-ജോനാഥന്റെ താർഗം, ശമര്യ താർഗം, ജോനാഥൻ ബെൻ ഉസ്സീയേലിന്റെ താർഗം എന്നിവയും പ്രചാരത്തിൽ ഉള്ളവ ആയിരുന്നു (Targum of Pseudo-Jonathan, Samaritan Targum, Targum of Jonathan ben Uzziel).

 

മെമ്രാ

 

അരാമ്യ താർഗത്തിൽ “വചനം” എന്ന അർത്ഥം വരുന്ന മെമ്രാ (Memra, Mem-ra, Word) എന്ന അരാമ്യ വാക്ക് ദൈവത്തിന്റെ വിശുദ്ധ നാമമായ യാഹ് വ എന്നതിന് (YHWH, the LORD) പകരമായി ഉപയോഗിച്ചിരുന്നു. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

 

ഉൽപ്പത്തി 28:20, 21

20 യാക്കോബ് ഒരു നേർച്ച നേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും

21   എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.  

 

Genesis 28:20, 21 (Targum Onkelos)

20 Yaakov made a vow, saying, If the Word of Elohim (Memra) will be with me (my support), and guards me on this path that I am going, and gives me bread to eat and clothing to wear;

21   And if I return in peace to my father’s house, and the Word (Memra) of Adonoy will be my God;

 

ആവർത്തനം 31:5

യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.

 

Deuteronomy 31:5 (Targum Jonathan)

And the Word of the Lord will deliver them up before you, and you shall do to them according to all the commandment that I have commanded you.

 

സങ്കീർത്തനം 119

 

119 ആം സങ്കീർത്തനം ആണ് ഏറ്റവും ദൈർഘ്യമേറിയ സങ്കീർത്തനവും, വേദപുസ്തകത്തിലെ ദൈർഘ്യമേറിയ അദ്ധ്യായവും. ഇതിന് 176 വാക്യങ്ങൾ ഉണ്ട്. എഴുത്തുകാരൻ ആരാണ് എന്നതിൽ നിശ്ചയമില്ല എങ്കിലും യഹൂദ പരമ്പര്യം അത് ദാവീദ് രാജാവ് ആണ് എഴുതിയത് എന്നു വിശ്വസിക്കുന്നു. ആധുനിക പണ്ഡിതന്മാർ, എസ്രാ, ദാനിയേൽ, യിരെമ്യാവ്, എന്നിവരെ എഴുത്തുകാരായി നിർദ്ദേശിക്കുന്നു. ഈ സങ്കീർത്തനം ബാബേൽ പ്രവാസത്തിന് ശേഷം നെഹെമ്യാവു, എസ്രാ എന്നിവരുടെ കാലത്ത് ജീവിച്ചിരുന്ന അജ്ഞാതനായ ഒരാൾ എഴുതിയതാണ് എന്ന അഭിപ്രായവും ഉണ്ട് (Ezra, Daniel, Jeremiah, Nehemiah).

 

ദൈവം നാശത്തിന്റെയോ, അരാജകത്വത്തിന്റെയോ (chaos) ദൈവം അല്ല. ദൈവം വ്യവസ്ഥയുടെയും ക്രമത്തിന്റെയും (order) ദൈവമാണ്. അതിനാൽ ദൈവത്തെ അനുസരിച്ചു ജീവിക്കേണ്ടത് ആവശ്യമാണ്. ഇതാണ് 119 ആം സങ്കീർത്തനത്തിലെ പ്രധാന പ്രബോധനം. ദൈവ വചനത്തിന് ഇതിൽ കേന്ദ്ര സ്ഥാനം ഉണ്ട്. ഏകദേശം എല്ലാ വാക്യങ്ങളിലും ദൈവ വചനത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. ദൈവ വചനം സകലത്തിന്നും മതിയായത് ആണ്. 119:105 ആം വാക്യം ഒരു ഉദാഹരണം ആണ്.

 

സങ്കീർത്തനം 119:105

നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

 

ഈ വാക്യത്തിൽ നേരിട്ടു പരാമർശിക്കുന്നത് ന്യായപ്രമാണ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവ വചനത്തെ ആണ്. ന്യായപ്രമാണ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ദൈവീക സത്യവും, ജ്ഞാനവും ജീവിതത്തിന് സുരക്ഷിതവും സമ്പൂർണ്ണവും ആയ വഴികാട്ടിയാണ് എന്നതാണ് മർമ്മികമായ അർത്ഥം. ഈ വഴികാട്ടിയായ വചനം ദൈവം ആണ്.

 

119 ആം സങ്കീർത്തനത്തിലെ അനേകം വാക്യങ്ങളിൽ പരാമർശിക്കുന്ന മർമ്മികവും ദാർശനികവും ആയ സത്യം യേശുക്രിസ്തു ആണ് എന്നാണ് യോഹന്നാൻ 1:1 പറയുന്നത്. യേശുക്രിസ്തു ആണ് ജഡമായി തീർന്ന ദൈവ വചനം.

 

ഗ്രീക്ക് ദാർശനിക ചിന്ത

 

പുരാതന ഗ്രീക്ക് ഭാഷയിൽ, “ലോഗോസ്” എന്നത് വചനം ആണ് (Logos, Word).ലോഗോസ്” എന്നതിന്റെ അക്ഷരികമായ അർത്ഥം എഴുതപ്പെട്ട വചനം എന്നാണ് എങ്കിലും, ഗ്രീക്ക് ദാർശനിക ചിന്തയിൽ അതിന്റെ അർത്ഥത്തിന് കൂടുതൽ ആഴമുണ്ട്. “ലോഗോസ്” എന്ന വാക്ക്, യുക്തി, സന്ദേശം, പ്രകടനം, ഈ പ്രപഞ്ചത്തിന്റെ പിന്നിലെ പരമമായ യുക്തി പ്രമാണം, എന്നിങ്ങനെയുള്ള അർത്ഥങ്ങളെ സൂചിപ്പിക്കുന്നു (reason, message, expression, the rational principle behind the universe). ഗ്രീക്ക് തത്വ ചിന്തയിൽ, “ലോഗോസ്” ഈ പ്രപഞ്ചത്തേയും അതിന് വെളിയിലുള്ള സകലത്തേയും നിയന്ത്രിക്കുന്ന പരമമായ യുക്തിയാണ്. ലോഗോസ് എന്നത് ദൈവീക യുക്തിയുടെയും, സൃഷ്ടിയിലെ ക്രമത്തിന്റെയും പ്രമാണം ആണ് (principle of divine reason and creative order). അത് ദൈവീക അധികാരത്തിന്റെ യുക്തിയും, ചിന്തയും, മനസ്സും ആണ്. ഈ പ്രപഞ്ചത്തിൽ, വിവേകവും, ബോധവും, ജ്ഞാനവും (sense) കൊണ്ടുവന്നത് ലോഗോസ് ആണ്. അത് പരിപ്പൂർണ്ണ ക്രമത്തെ (perfect order) പ്രപഞ്ചത്തിലേക്ക് കൊണ്ടുവരുകയും, ഈ ക്രമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ലോഗോസ്, ക്രമരാഹിത്യത്തിനും നാശത്തിനും, അരാജകത്വത്തിനും (chaos) എതിരാണ്. ലോഗോസിന്റെ അഭാവം സമ്പൂർണ്ണ നാശവും, അരാജകത്വവും ആണ് (The absence of logos is chaos).

 

ഗ്രീക് ഐതീഹ്യം അനുസരിച്ചു, ഒരിക്കൽ ഈ പ്രപഞ്ചം മുഴുവൻ സമ്പൂർണ്ണ നാശത്തിലും, അരാജകത്വത്തിലും ആയിരുന്നു (chaos). പ്രപഞ്ചത്തിന് വെളിച്ചമോ, രൂപമോ, വസ്തുവോ, എന്തെങ്കിലും ജീവനുള്ളതോ, അല്ലാത്തതോ ആയ വസ്തുക്കളോ ഉണ്ടായിരുന്നില്ല. അത് ഒരു വിശാലമായ, ഇരുണ്ട, നിശബ്ദത ആയിരുന്നു. ഇതാണ് സമ്പൂർണ്ണ നാശം അഥവാ അരാജകത്വം(chaos). ഭൂമി ഇതിൽ നിന്നും സ്വയം രൂപപ്പെടുകയാണ് ഉണ്ടായത്. അങ്ങനെ സൃഷ്ടിയുടെ ക്രമം ആരംഭിച്ചു. ഈ ക്രമമാണ് “ലോഗോസ്”. ലോഗോസ്, ഈ പ്രപഞ്ചത്തെയും, അതിലുള്ള സകലത്തെയും സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന പരമമായ യുക്തിയാണ് (ultimate reason).

 

ലോഗോസ് ദൈവത്തിന്റെ ആന്തരിക മനസ്സിന്റെ ആഴമുള്ള ആശയവിനിമയത്തിന്റെ പ്രവർത്തിയാണ്. അത് ദൈവത്തിന്റെ ബൌദ്ധീകമായ ആവിഷ്കരണം ആണ് (intelligible self-expression). ദൈവം സ്വയം വെളിപ്പെടുത്തുന്നതും പരിപ്പൂർണ്ണമായ ക്രമത്തെ ഈ പ്രപഞ്ചത്തിൽ കൊണ്ടുവരുന്നതും ലോഗോസിലൂടെയാണ്. ലോഗോസ് പ്രവർത്തിക്കുന്നു, അത് ഒരു ആശയം മാത്രമല്ല. യോഹന്നാൻ എഴുതിയ, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന വാക്കുകൾ ഈ ആശയമാണ് വിനിമയം ചെയ്യുന്നത് (യോഹന്നാൻ 1:3). ഇവിടെ ലോഗോസ്, സർവ്വ സൃഷ്ടിയുടെയും, ദൈവീക വെളിപ്പെടുത്തലിന്റെയും കാര്യസ്ഥൻ (agent) ആണ്.

 

ഗ്രീക് തത്വ ചിന്തകനായ സോക്രട്ടീസിനും മുമ്പേ “ലോഗോസ്” എന്ന വാക്ക് യവന (ഗ്രീക്ക്) ദാർശനിക ചിന്തകളിൽ ഉപയോഗിച്ചിരുന്നു (Socrates, ജനന ഏകദേശം 470-മരണം ഏകദേശം 399, ജനന സ്ഥലം ഗ്രീസിലെ ഏതെൻസ്, Athens). ഹെരാക്ളീറ്റസ് എന്ന തത്ത്വചിന്തകൻ ആണ് ഈ പദം രൂപപ്പെടുത്തിയത് (Heraclitus, ജനനം ഏകദേശം 540 ബി. സി – മരണം ഏകദേശം 480 ബി. സി. ജനന സ്ഥലം എഫെസൊസ്). അതിനെ കൂടുതൽ വിപുലീകരിച്ചത് പ്ലേറ്റോ ആണ് (Plato). ഹെരാക്ളീറ്റസ്ന്റെ ജന്മസ്ഥലമായ എഫെസൊസിൽ താമസിക്കുന്ന കാലത്താണ് യോഹന്നാൻ സുവിശേഷം എഴുതുന്നതു. അദ്ദേഹത്തിന്റെ കാലത്തെ തത്വചിന്തകർക്ക് വേണ്ടിയും കൂടെയാണ് യോഹന്നാൻ സുവിശേഷം എഴുതിയത്.   

 

സംഗ്രഹം

 

യോഹന്നാൻ ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ച “ലോഗോസ്” എന്ന പദത്തിന്റെ അർത്ഥം “വചനം” എന്നാണ്. ഈ പദത്തെ ഒരു ദാർശനിക ചിന്തയെ സൂചിപ്പിക്കുവാനാണ് യോഹന്നാൻ സുവിശേഷത്തിൽ ഉപയോഗിച്ചത്. ലോഗോസ്, ക്രമത്തിന്റെയും, യുക്തിയുടെയും, ഘടനയുടെയും പ്രമാണം ആണ്. അത് അരാജകത്വത്തിനും, നാശത്തിനും എതിരായ പ്രമാണം ആണ്. ലോഗോസ് പരമമായ യുക്തിയാണ്. യോഹന്നാന് ലോഗോസ് എന്നത് ദൈവം എന്ന സത്യത്തിനുള്ളിലെ ആശയപരമായ രൂപഘടന അല്ല. ലോഗോസ് യേശുക്രിസ്തു ആയി, മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചു. യേശുക്രിസ്തു എന്ന ചരിത്ര പുരുഷനിൽ, ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന സകല ആന്തരിക യുക്തിയും കേന്ദ്രീകരിച്ചിരിക്കുന്നു.

 

സമാനമായ ആശയം കൊലൊസ്സ്യർക്ക് എഴുതിയ ലേഖനം 1:15-17 വരെയുള്ള വാക്യങ്ങളിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്നുണ്ട്.

 

കൊലൊസ്സ്യർ 1:15-17

അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.        

 

യോഹന്നാൻ 1:1-3 വരെയുള്ള വാക്യങ്ങളിൽ, “വചനം” (ലോഗോസ്) എന്ന പദം, പൂർവ്വഭവമായ (pre-existent), ദൈവീക സ്വയം ആവിഷ്കരണം (divine self-expression) ഉൾക്കൊണ്ടിരിക്കുന്നു. വചനം “അത്” അല്ല, “അവൻ” ആണ്. അവൻ (ലോഗോസ് എന്ന വചനം) ദൈവം സ്വയം വെളിപ്പെടുത്തുന്ന സൃഷ്ടിയുടെ കാര്യസ്ഥനും, സമ്പൂർണ്ണ ക്രമവും, സൃഷ്ടികളെ നിത്യ നാശത്തിൽ നിന്നും വീണ്ടെടുക്കുന്നവനും ആണ്. സത്യത്തിന് അസ്തിത്വം ഉണ്ടാക്കിയ പരമമായ യുക്തിയും ശക്തിയും ആണ്. ദൈവം മനുഷ്യന് സ്വയം വെളിപ്പെടുത്തിയ വ്യക്തിപരവും, യുക്തിപരവുമായ മാധ്യമം ആണ്. വചനം യേശുക്രിസ്തു ആണ്.


 ആദിയിൽ

 

എബ്രായ-യവന തത്വചിന്തകൾ അടങ്ങിയ ഒരു ദാർശനിക പ്രസ്താവനയോടെയാണ് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്. യോഹന്നാന്റെ ന്യായവാദം ഇങ്ങനെയായിരുന്നു:

 

യോഹന്നാൻ 1:1

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

 

ഈ വാക്യത്തിന് മൂന്ന് ഭാഗങ്ങള് ഉണ്ട്:

·       ആദിയിൽ വചനം ഉണ്ടായിരുന്നു

·       വചനം ദൈവത്തോടുകൂടെ ആയിരുന്നു

·       വചനം ദൈവം ആയിരുന്നു.

 

ആദിയിൽ (വചനത്തിന്റെ അസ്തിത്വത്തിന്റെ കാലം)

 

ഉൽപ്പത്തി പുസ്തകത്തിന്റെ ആരംഭത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്. ഉൽപ്പത്തി “ആരംഭങ്ങളുടെ പുസ്തകം” ആണ്. ഉൽപ്പത്തി എന്നതിന്റെ ഗ്രീക്ക് പദം “ജെനെസിസ്” എന്നാണ് (Genesis, genesis, γένεσις). ഈ വാക്കിന്റെ അർത്ഥം, ഉത്ഭവം, ജനനം, സ്രോതസ്സ്, സൃഷ്ടി, എന്നിങ്ങനെയാണ് (origin, birth, source, creation).

 

ഉൽപ്പത്തിയിലെ “ആദിയിൽ” (In the beginning) എന്നതിന്റെ എബ്രായ പദം “ബെ-റേഷീത്” എന്നാണ് (be-rē'šî, be-ray-sheeth). പഴയനിയമത്തിന്റെ ഗ്രീക്ക് ഭാഷയിലേക്കുള്ള സെപ്റ്റുഅജിന്റ് പരിഭാഷയിൽ “എൻ ആർക്കെ” എന്നാണ് കൊടുത്തിട്ടുള്ളത് (Septuagint, en archē). യോഹന്നാന്റെ സുവിശേഷവും ആരംഭിക്കുന്നത് ഇതേ ഗ്രീക്ക് പദത്തോടെയാണ്. അതായത്, ഉൽപ്പത്തി പുസ്തകവും യോഹന്നാന്റെ സുവിശേഷവും ഗ്രീക്ക് ഭാഷയിൽ ആരംഭിക്കുന്നത് ഒരേ വാക്കുകൊണ്ടാണ്. ഉൽപ്പത്തി 1:1 യിസ്രായേലിന്റെ ദൈവത്തെക്കുറിച്ചു പറയുന്നു. യോഹന്നാൻ 1:1 “വചനം” എന്ന ആശയം ഇതേ ദൈവത്തെയാണ് സൂചിപ്പിക്കുന്നത് എന്നു പറയുന്നു. യിസ്രായേലിന്റെ ദൈവം ആണ് സകലത്തിന്റെയും സൃഷ്ടാവ്. ഈ ബന്ധം യോഹന്നാൻ 1:3 ൽ കൂടുതൽ വ്യക്തമാകുന്നു.

 

യോഹന്നാൻ 1:3

സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

 

യോഹന്നാൻ ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ അസ്തിത്വത്തിന്റെ കാലത്തെ, സമയം ഉണ്ടാകുന്നതിനും മുമ്പുള്ള കാലമായി അവതരിപ്പിക്കുന്നു. ലോഗോസ് എന്ന വചനം “ആദിയിൽ” ദൈവത്തോട് കൂടെ ഉണ്ടായിരുന്നു, എന്നാൽ അവൻ ഒരു വ്യത്യസ്തനായ വ്യക്തിത്വം ആയിരുന്നു. ലോഗോസ്, ദൈവം എന്ന സാരാംശത്തിന്റെ സത്തായ ഭാഗം ആയിരുന്നു.

 

ഉൽപ്പത്തി 1:1

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

 

യോഹന്നാൻ 1:1

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

 

ഉൽപ്പത്തി 1:1 ലും, യോഹന്നാൻ 1:1 ലും “ആദിയിൽ” എന്ന വാക്ക് പൊതുവേ കാണാം എങ്കിലും അവയുടെ സന്ദർഭം അനുസരിച്ചു അത് രണ്ടു ആശയം ആണ് വിനിമയം ചെയ്യുന്നത്. ഉൽപ്പത്തി ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചാണ് പറയുന്നത്. യോഹന്നാൻ അതിനും മുമ്പുള്ള - സമയം ആരംഭിക്കുന്നതിനും മുമ്പുള്ള - ഒരു കാലത്തേക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. യോഹന്നാന്റെ “ആദിയിൽ” സകല സൃഷ്ടിയുടെയും ആരംഭത്തിനും മുമ്പുള്ള “ആദിയിൽ” ആണ്. അതായത് സൃഷ്ടിക്കപ്പെട്ട സകലതും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പേ ലോഗോസ് എന്ന വചനം ഉണ്ടായിരുന്നു.

 

ആദിയിൽ വചനം ഉണ്ടായിരുന്നുഎന്ന വാക്യം വചനത്തിന്റെ നിത്യതയെ സൂചിപ്പിക്കുന്നു (യോഹന്നാൻ 1:1a). അത് വചനത്തിന്റെ സൃഷ്ടിപരമായ ശക്തിയെയും, വചനത്തിന്റെ സ്വയം വെളിപ്പെടുത്തുന്ന പ്രകൃതിയേയും സൂചിപ്പിക്കുന്നു. ഉൽപ്പത്തി 1:1 ലെ ആദിയിൽ” നമ്മൾ കാണുന്നതും കാണാത്തതുമായ സകലത്തിന്റെയും ആരംഭം ആണ്. അത് നിലവിലുള്ള സകലത്തിന്റെയും ആരംഭം ആണ്. അത് സമയത്തിന്റെയും ആരംഭം ആണ്. യോഹന്നാന്റെ “ആദിയിൽ” സമയമില്ലാത്ത നിത്യതയാണ്. അത് വചനത്തിന്റെ ആരംഭം അല്ല. അത് സമയത്തിനും, സ്ഥലത്തിനും, വസ്തുവിനും മുമ്പുള്ള നിത്യതയാണ്. യേശുക്രിസ്തു എന്ന വചനം ആണ് സകലതും സൃഷ്ടിച്ചത് എന്നതിനാൽ വചനം ഈ പ്രപഞ്ചത്തിന്റെ ആരംഭത്തിനും മുമ്പേ ഉണ്ടായിരുന്നു (യോഹന്നാൻ 1:3).

 

യൂദായുടെ ലേഖനത്തിലും ഈ മർമ്മം പ്രസ്താവിക്കപ്പെടുന്നുണ്ട്.

 

യൂദാ 1:25

നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.

 

2 തിമൊഥെയൊസ് 1:9

അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും

 

1 യോഹന്നാൻ 1:1-2

ആദിമുതലുള്ളതും (from the beginning, archē) ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം (logos) സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —

 

“വചനം ഉണ്ടായിരുന്നു” (ലോഗോസ് എന്ന വചനത്തിന്റെ അസ്തിത്വം)

 

യേശുക്രിസ്തുവിന്റെ മനുഷ്യ അവതാരത്തിന്റെ ചരിത്രം വിവരിച്ചുകൊണ്ടാണ് മത്തായിയും, മർക്കോസും, ലൂക്കൊസും സുവിശേഷം ആരംഭിക്കുന്നത്. എന്നാൽ യോഹന്നാൻ, യേശുക്രിസ്തുവിന്റെ ജനനം, വളർച്ച എന്നിവയെക്കുറിച്ച് വിവരിച്ചില്ല. യോഹന്നാൻ ആരംഭിക്കുന്നത്, യേശുക്രിസ്തുവിന്റെ നിത്യതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.   

 

യോഹന്നാൻ 1:1a

ആദിയിൽ വചനം ഉണ്ടായിരുന്നു;

 

“വചനം ഉണ്ടായിരുന്നു” എന്ന വാക്യം, ലോഗോസ് എന്ന വചനം നിത്യത മുതൽ ഉണ്ട് എന്നു അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു. അവൻ (വചനം) ഗ്രീക്ക് തത്ത്വചിന്തകർ പറയുന്ന “പരമമായ യുക്തി” ആണ് (Ultimate Reason). അവൻ എബ്രായ ചിന്തകളിലെ “വചനം” ആണ്. ആദിയിൽ വചനം ഉണ്ടാകുകയല്ല ചെയ്തത്, ആദിയിൽ അവൻ (വചനം) ഉണ്ടായിരുന്നു. ആദ്യം വചനം ഉണ്ടായി എന്നല്ല യോഹന്നാൻ പറയുന്നത്, ആദിയിൽ വചനം നിലവിൽ വന്നു എന്നും അല്ല യോഹന്നാൻ പറയുന്നത്. ആദിയിൽ വചനം സൃഷ്ടിക്കപ്പെട്ടു എന്നും അദ്ദേഹം അർത്ഥമാക്കുന്നില്ല. സകലവും ആരംഭിക്കുന്നതിനും മുമ്പേ വചനം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സകലത്തിന്നും മുമ്പേ വചനം ഉണ്ടായിരുന്നു. വചനത്തെ മറ്റൊരു വ്യക്തിത്വം സൃഷ്ടിച്ചതല്ല, കാരണം ആദിയിൽ അവൻ ഉണ്ടായിരുന്നു. സകലതും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പേ വചനം ഉണ്ടായിരുന്നു. അങ്ങനെ വചനത്തിന്റെ അസ്തിത്വത്തെ സകലതും ആരംഭിക്കുന്നതിനും മുമ്പുള്ള ഒരു കാലത്തേക്ക് യോഹന്നാൻ കൊണ്ടുപോകുന്നു.

 

വചനത്തിന്റെ ആരംഭത്തെക്കുറിച്ച് യോഹന്നാൻ എഴുതിയില്ല എന്നതുപോലെ തന്നെ വചനത്തിന്റെ അവസാനത്തെക്കുറിച്ചും അവൻ എഴുതിയില്ല. കാരണം, വചനത്തിന് ആരംഭമോ, അവസാനമോ ഇല്ല. അവൻ (വചനം) നിത്യനായവൻ ആണ്, അവന് ആരംഭവും അവസാനവും ഇല്ല. വചനം ആരംഭം ആയിരുന്നില്ല, അവൻ ആരംഭത്തിന്റെ ആരംഭം ആയിരുന്നു. വചനം ഇല്ലാതിരുന്ന ഒരു കാലവും ഇല്ല, അവൻ ഇല്ലാത്ത ഒരു കാലവും ഭാവിയിലും ഉണ്ടാകുകയില്ല.

 

സകലവും സൃഷ്ടിച്ചവനും, പരിപാലിക്കുന്നവനും വചനം ആണ്. കാണുന്നതും, കാണപ്പെടാത്തതുമായ സകലത്തിന്റെ സൃഷ്ടാവ് വചനം ആണ്. അവനെ കൂടാതെ യാതൊന്നും നിലനിൽക്കുന്നില്ല. വചനം ഒരു ശബ്ദമോ, ചില എഴുത്തുകളോ, അക്ഷരങ്ങളോ അല്ല, വചനം ഒരു വ്യക്തിയാണ്. എല്ലാം വചനം ആണ് സൃഷ്ടിച്ചത് എങ്കിൽ, അവൻ സകല സൃഷ്ടിക്കും മുമ്പേ ഉണ്ടായിരിക്കേണം.

 

ലോഗോസ് എന്ന വചനം സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയോ, ജീവിയോ, അല്ല, അവനാണ് സകലതും സൃഷ്ടിച്ചത്.

 

കൊലൊസ്സ്യർ 1:16

സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

 

റോമർ 11:36

സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.

 

യോഹന്നാൻ 1:3

സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.   

 

സൃഷ്ടിക്കപ്പെട്ടത് എല്ലാം സൃഷ്ടിച്ചത് ക്രിസ്തു ആണ്. അതിനാൽ ക്രിസ്തു സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയോ ജീവിയോ അല്ല. കാരണം ഒരുവൻ നിലവിൽ ആകുന്നതിനും മുമ്പേ അവന് സ്വയം അസ്തിത്വം ഉണ്ടാക്കുവാൻ സാദ്ധ്യമല്ല. സുവിശേഷത്തിന്റെ മൂല ഗ്രീക്ക് കൃതിയിൽ, യോഹന്നാൻ, മനപ്പൂർവ്വവും, മുൻ ഉദ്ദേശ്യത്തോടെയും, യവന (ഗ്രീക്ക്) ആശയമായ ദൈവത്തിന്റെ സൃഷ്ടിപരമായ ശക്തിയെ (ലോഗോസ്) എബ്രായ ദൈവ ശാസ്ത്രവുമായി (വചനം) ബന്ധിപ്പിക്കുന്നു. യോഹന്നാൻ 1:1 ലെ “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്ന വാക്യം യേശുക്രിസ്തുവിനെ ദൈവത്തിന്റെ സൃഷ്ടിപരമായ ശക്തിയോട് ബന്ധിപ്പിക്കുന്നു. ഉൽപ്പത്തിയിൽ ദൈവം വചനം സംസാരിച്ചുകൊണ്ടാണ്, വചനത്തിലൂടെയാണ് സകലത്തെയും സൃഷ്ടിച്ചത്.

 

ഉൽപ്പത്തി 1:3

വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

 

വചനം ദൈവത്തോടുകൂടെ ആയിരുന്നു (ദൈവവുമായുള്ള ബന്ധം)

 

യോഹന്നാൻ 1:1b

വചനം ദൈവത്തോടുകൂടെ ആയിരുന്നു

 

യോഹന്നാൻ 1:1 ന്റെ രണ്ടാമത്തെ ഭാഗം വചനവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. പിതാവായ ദൈവം, വചനത്തിൽ നിന്നും വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ്. അതിനാൽ യോഹന്നാൻ എഴുതി, “വചനം ദൈവത്തോടുകൂടെ ആയിരുന്നു” (യോഹന്നാൻ 1:1b). വചനം, ദൈവം എന്ന സാരാംശം മുഴുവൻ അല്ല. വചനം ഒരു വ്യത്യസ്ത വ്യക്തിത്വം ആണ്. എന്നാൽ വചനത്തിന് ദൈവവുമായി അഭേദ്യ ബന്ധവും ഉണ്ട്. ആദ്യകാല സഭാ പിതാക്കന്മാരിൽ ഒരുവൻ ആയിരുന്ന ക്രിസോസ്റ്റം ഈ വാക്യത്തെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്: “ദൈവത്തിൽ അടങ്ങിയിരിക്കുന്നില്ല, എന്നാൽ ദൈവത്തോടെ കൂടെ ആയിരുന്നു, ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് കൂടെ ആയിരുന്നതുപോലെ, നിത്യമായി” (St. John Chrysostom, ജനനം ഏകദേശം 347– മരണം 407, കോൺസ്റ്റാന്റിനോപ്പിളിലെ ബിഷപ്പ്, archbishop of Constantinople, “Not in God but with God, as person with person, eternally.”). “ദൈവത്തോടുകൂടെ ആയിരുന്നു” എന്നത് വചനം നിത്യമായി ദൈവത്തോട്കൂടെ ഉണ്ടായിരുന്നു എന്ന ആശയവും വിനിമയം ചെയ്യുന്നു. “വചനം” നിത്യമായി നിലനിൽക്കുന്നു.

 

വചനം ദൈവം ആയിരുന്നു (അവന്റെ സത്വത്തിന്റെ സാരാംശം)

 

യോഹന്നാൻ 1:1c

വചനം ദൈവം ആയിരുന്നു.

 

യോഹന്നാന്റെ സുവിശേഷം 1:1 ലെ ആദ്യത്തെ രണ്ടു ഭാഗങ്ങൾ ഒരു ന്യായവാദവും, മൂന്നാമത്തെ ഭാഗം അതിന്റെ ഉപസംഹാരവും ആണ്. ആദ്യത്തെ രണ്ടു ഭാഗങ്ങൾ കാരണം മൂന്നാമത്തെ ഭാഗത്തെ പ്രസ്താവന ഉണ്ടാകുന്നു. യോഹന്നാൻ ആദ്യം എഴുതി, “ആദിയിൽ വചനം ഉണ്ടായിരുന്നു”. ഇത് വചനത്തിന്റെ നിത്യമായ അസ്തിത്വത്തെക്കുറിച്ച് പറയുന്നു. രണ്ടാമത്തെ ഭാഗം ഇങ്ങനെയാണ്, “വചനം ദൈവത്തോടുകൂടെ ആയിരുന്നു.” ഇത് വചനത്തിന് ദൈവവുമായുള്ള ബന്ധത്തെ നിർവചിക്കുന്നു. ഇത് രണ്ടും ശരിയായി സമർത്ഥിച്ചശേഷം ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വാദം ഉപസംഹരിക്കുന്നു,” വചനം ദൈവം ആയിരുന്നു.” ഇവിടെ വചനം ദൈവം ആണ് എന്ന സത്യം അദ്ദേഹം പ്രഖ്യാപിക്കുന്നു.

 

ഇതിന്റെ അർത്ഥം, ലോഗോസ് എന്ന വചനം, രണ്ടു കാരണങ്ങളാൽ ദൈവം ആണ്. ഒന്ന്, വചനം ആദിയിൽ, സകലത്തിന്നും മുമ്പേ ഉണ്ടായിരുന്നു. രണ്ടു അവന് ദൈവീകത്വം ഉണ്ട്. കാരണം അവൻ ദൈവത്തോട് കൂടെ ആയിരുന്നു. അതിനാൽ യോഹന്നാൻ ന്യായമായ ഒരു തീരുമാനത്തിൽ എത്തുന്നു, വചനം നിത്യനായ ദൈവം ആണ്.

 

“വചനം ദൈവം ആയിരുന്നു.” എന്നാണ് യോഹന്നാൻ എഴുതിയത്, അല്ലാതെ ദൈവം വചനം ആയിരുന്നു എന്നല്ല (യോഹന്നാൻ 1:1c). പിതാവായ ദൈവത്തിന്റെ എല്ലാ സത്വ വിശേഷങ്ങളും, അതേ അളവിലും, ശക്തിയിലും, സ്വഭാവത്തിലും, വചനത്തോട് കൂടെയും ഉണ്ട്. വചനത്തിലൂടെയാണ് പിതാവായ ദൈവം വെളിപ്പെടുന്നത്.    

 

ത്രിത്വം

 

ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പ്രധാന ഉപദേശം ആയ “ത്രിത്വം” ന്റെ അടിസ്ഥാനം “വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” എന്ന വാക്യം ആണ് (Trinity). മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർതുലിയൻ എന്ന വേദപണ്ഡിതൻ, ത്രിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രൂപീകരിച്ചത് ഈ വാക്യത്തെ അടിസ്ഥാനമാക്കിയാണ് (Tertullian, ജനനം ഏകദേശം 155 – മരണം 220 എ. ഡി.). വചനം ദൈവം ആയിരുന്നു, അവൻ ദൈവത്തിന്റെ സാന്നിധ്യത്തിൽ ആയിരുന്നു. ഇതു പിതാവായ ദൈവവുമായുള്ള യേശുക്രിസ്തുവിന്റെ ഏകത്വത്തെയും, അതേ സമയം വ്യത്യസ്ത വ്യക്തിത്വത്തെയും പ്രസ്താവിക്കുന്നു.

 

നിത്യമായ അസ്തിത്വത്താൽ വചനം ദൈവമാണ്. അവന് ദൈവവുമായി ഒരു ബന്ധം ഉണ്ട്. വചനം എന്ന യേശുക്രിസ്തു നിത്യമായി ദൈവത്തോട് കൂടെ ആയിരുന്നു. വചനം എന്ന യേശുക്രിസ്തു ദൈവം ആണ്. അവൻ ദൈവത്തിന്റെ സകല സത്വ സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രതിരൂപം ആയിരുന്നു. അതിനാൽ ദൈവം എന്നതിൽ ഏക സാരാംശവും മൂന്ന് വ്യക്തിത്വങ്ങളും ഉണ്ട്. മൂന്നാമത്തെ വ്യക്തിത്വം, പരിശുദ്ധാത്മാവ് ആണ്.

 

യോഹന്നാൻ 1:14b

ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

വചനം ജഡമായി തീർന്നു (ഈ ലോകവുമായുള്ള ബന്ധം)

 

യോഹന്നാൻ 1:14, 18 വാക്യങ്ങൾ, വചനത്തിന് ഈ ലോകവുമായുള്ള ബന്ധത്തെ വിശദീകരിക്കുന്നു.

 

യോഹന്നാൻ 1:14

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

യോഹന്നാൻ 1:18

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

 

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച വചനം, ജഡമായി, അഥവാ മനുഷ്യനായി തീർന്നു, ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു, നമ്മളുടെ ഇടയിൽ ജീവിച്ചു. അങ്ങനെ ദൈവം ഈ ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടു. ഇന്നും ദൈവം വചനത്തിലൂടെ ഈ ലോകത്തിൽ ഇടപെടുകയും, മനുഷ്യരുമായി ആശയ വിനിമയം ചെയ്യുകയും ചെയ്യുന്നു. കാരണം വചനം ദൈവമാണ്.  

 

ലോഗോസ് എന്ന വചനം, ഭൗതികാതീതമായ ദൈവവും, സൃഷ്ടിക്കപ്പെട്ട യാഥാർത്യവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയാണ്. ലോഗോസിലൂടെ അദൃശ്യനായ ദൈവം മനുഷ്യർക്ക് അറിയാവുന്നവൻ ആയി, മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നു. ലോഗോസിനെ യോഹന്നാൻ യേശുക്രിസ്തു ആയി സ്ഥാപിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്, “വചനം ജഡമായി തീർന്നു” (യോഹന്നാൻ 1:14). അങ്ങനെ അദ്ദേഹം മനുഷ്യരുടെ ജീവിതത്തിൽ ഉള്ള യേശുക്രിസ്തുവിന്റെ മദ്ധ്യസ്ഥതയെ ഉറപ്പിക്കുന്നു.

 

സൃഷ്ടിയിലുള്ള ലോഗോസിന്റെ പങ്ക് എന്താണ് എന്നു യോഹന്നാൻ 1:3 ൽ പ്രസ്താവിക്കുന്നു.

 

യോഹന്നാൻ 1:3

സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

 

അതായത് ലോഗോസ് എന്നത് ഒരു സന്ദേശമോ, ശബ്ദമോ, എഴുത്തോ, അക്ഷരങ്ങളോ അല്ല. അവൻ ഈ പ്രപഞ്ചം മുഴുവനും ഉളവാക്കിയ സൃഷ്ടിയുടെ സാന്നിദ്ധ്യം ആണ്.  അങ്ങനെ യേശുക്രിസ്തുവിൽ, പിതാവായ ദൈവത്തിന്റെ സകല ബുദ്ധിയും, യുക്തിയും, മഹത്വവും, തേജസ്സും, ശക്തിയും, സ്നേഹവും, വിശുദ്ധിയും, നീതിയും, നന്മയും, സത്യവും വസിക്കുന്നു. യേശുക്രിസ്തു ദൈവം ആയിരുന്നു, അവൻ ദൈവം ആണ്.

 

യോഹന്നാൻ 1:14

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

 

ലോഗോസ് സൃഷ്ടികർത്താവ് മാത്രമല്ല, അദ്ദേഹം ജീവന്റെയും, വെളിച്ചത്തിന്റെയും ഏക സ്രോതസ്സ് ആണ്.

 

യോഹന്നാൻ 1:4

അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.

 

യോഹന്നാൻ 1:7-9

അവൻ (യോഹന്നാൻ സ്നാപകൻ) സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ (യോഹന്നാൻ സ്നാപകൻ) വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

 

ഈ വാക്യങ്ങളിൽ ലോഗോസ് എന്ന വചനത്തെ സുവിശേഷകനായ യോഹന്നാൻ ജീവനുമായും വെളിച്ചവുമായും ബന്ധിപ്പിക്കുന്നു. അവൻ (വചനം) അന്ധകാരത്തെ തകർത്തുകൊണ്ടും മനുഷ്യർക്ക് രക്ഷ വാഗ്ദത്തം ചെയ്തുകൊണ്ടും ഈ ലോകത്തിലേക്ക് വന്നു. “വചനം ജഡമായി തീർന്നു” എന്ന വാക്യം ലോഗോസ് എന്തിന് ഈ ഭൂമിയിലേക്ക് വന്നു എന്നു വിശദീകരിക്കുന്നു (യോഹന്നാൻ 1:14). അവന്റെ മനുഷ്യാവതാരത്തിന്റെ പരമമായ ലക്ഷ്യം, മനുഷ്യരുടെ ഇടയിലെ, വ്യക്തിപരവും, ഗാഢവും ആയ രക്ഷയയുടെ സാന്നിദ്ധ്യം ആണ്.

 

യവന ഭാഷയിലെ “ആർടിക്കിൾ” (Greek Article)

 

യോഹന്നാൻ 1:1 ന്റെ അവസാനഭാഗത്ത്  വായിക്കുന്ന, ഗ്രീക്ക് പദമായ “തെയോസ്” എന്നതിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ച് വേദപണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട് (theos, theh'-os). ഈ പദത്തെ രണ്ടു രീതിയിൽ ആണ് പരിഭാഷപ്പെടുത്തുന്നത്. പൊതുവേ അംഗീകരിക്കപ്പെട്ട പരിഭാഷ, “വചനം ദൈവം ആയിരുന്നു.” എന്നതാണ് (the Word was God). മറ്റൊരു വിവർത്തനം, “വചനം ദൈവീകം ആയിരുന്നു” എന്നതാണ് (the Word was divine). മൂന്നാമതൊരു പരിഭാഷ കൂടിയുണ്ട്. അതിൻ പ്രകാരം ഈ വാക്യം, “വചനം ഒരു ദൈവം (ദേവൻ) ആയിരുന്നു” എന്നാണ് (the Word was a god).

 

ഗ്രീക്ക് വ്യാകരണത്തിലെ ഘടന പ്രകാരം, ഈ വാക്യത്തിൽ വചനത്തെ ദൈവം എന്ന വ്യക്തിത്വമായി കാണുന്നില്ല, പകരം അത് ദൈവത്തിന്റെ ഗുണാത്മകമായ സവിശേഷതയെ (qualitative sense) സൂചിപ്പിക്കുന്നു എന്നതാണ് “വചനം ദൈവീകം ആയിരുന്നു”  എന്ന പരിഭാഷയുടെ ന്യായം. അതിനാൽ, യഹോവ സാക്ഷികൾ, മുസ്ലീം മത വിശ്വാസികൾ എന്നിവർ ഈ വാക്യത്തെ “വചനം ഒരു ദൈവം (ദേവൻ) ആയിരുന്നു” എന്നോ “വചനം ദൈവീകം ആയിരുന്നു” എന്നോ വായിക്കുവാൻ താല്പര്യപ്പെടുന്നു. “വചനം ദൈവീകം ആയിരുന്നു” എന്നതിനെ അവർ ഉന്നതമായ ഒരു ആശയം എന്ന രീതിയിൽ ആലങ്കാരികമായി മാത്രം കാണുന്നു. വചനം പരമോന്നത ദൈവം ആയിരുന്നു എന്നു ഈ വാക്യം അർത്ഥമാക്കുന്നില്ല എന്നു അവർ വാദിക്കുന്നു.

 

ഈ വാക്യം ശരിയായി മനസ്സിലാക്കുന്നതിനും പരിഭാഷപ്പെടുത്തുന്നതിനും രണ്ടു വെല്ലുവിളികൾ ഉണ്ട്. ഒന്ന് ദൈവ ശാസ്ത്രമായ വെല്ലുവിളിയാണ്. രണ്ടാമത്തേത് ഗ്രീക്ക് ഭാഷയുടെ വ്യാകരണ ശാസ്ത്രം ആണ്. ദൈവശാസ്ത്രപരമായി യേശുക്രിസ്തു ദൈവം ആണ്. അതിനാൽ ഈ വാക്യത്തിന്റെ പരിഭാഷ, “വചനം ദൈവം ആയിരുന്നു” എന്നായിരിക്കേണം. ഈ പരിഭാഷയെ എതിർക്കുന്നവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ല. അവർക്ക്, യേശു സൃഷ്ടിക്കപ്പെട്ട, പിതാവായ ദൈവത്തിനും താഴെയുള്ള ഒരു സൃഷ്ടി മാത്രം ആണ്. മനുഷ്യരുടെ രക്ഷാ പദ്ധതിയിലെ ദൈവത്തിന്റെ മുഖ്യ കാര്യസ്ഥൻ മാത്രം ആണ് യേശു. ഈ കാഴ്ചപ്പാട് അനുസരിച്ചു യോഹന്നാൻ, “വചനം ഒരു ദൈവം (ദേവൻ) ആയിരുന്നു” എന്നോ “വചനം ദൈവീകം ആയിരുന്നു” എന്നോ ആയിരിക്കാം അർത്ഥമാക്കിയത്. ഈ പരിഭാഷയെ പിന്താങ്ങുവാനായി അവർ ഗ്രീക്ക് ഭാഷയുടെ വ്യാകരണത്തെ ആശ്രയിക്കുന്നു.

 

എന്നാൽ “തെയോസ്” എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ഒരു ദൈവം (ദേവൻ)” എന്നോ,  “വചനം ദൈവീകം ആയിരുന്നു” എന്നോ ആണ് എന്ന വാദത്തോട് യാഥാസ്ഥിതികരായ വേദപണ്ഡിതന്മാർ വിയോജിക്കുന്നു (theos, theh'-os). ഈ തർക്കത്തിന്റെ കാരണം, യോഹന്നാൻ എഴുതിയ വാക്യത്തിൽ, “തെയോസ്” എന്ന പദത്തിന് മുമ്പ് ഒരു നിശ്ചിത ആർട്ടിക്കിൾ ഇല്ല എന്നതാണ് (anarthrous theos, no definite article "the"). സാധാരണയായി നിശ്ചിത ആർട്ടിക്കിൾ ഇല്ലാതെ “തെയോസ്” എന്നു എഴുതിയാൽ, അത് ദൈവത്തിന്റെ ഗുണാത്മകമായ പ്രകൃതിയെ (qualitative nature) സൂചിപ്പിക്കുന്നു. അതായത് വചനത്തിന്, ദൈവത്തിന്റെ ഗുണാത്മകമായ പ്രകൃതിയും, സാരാംശവും, സത്വ സവിശേഷതകളും ഉണ്ട്. ഇവിടെ, യോഹന്നാൻ 1:1b യിൽ പറയുന്ന ദൈവം എന്ന വ്യക്തിത്വവുമായി വചനം ഏകീഭവിക്കുന്നില്ല. അതായത് യോഹന്നാൻ 1:1 c ൽ വചനം, ദൈവീകമാണ്, ദൈവത്തിന്റെ അതേ സാരാംശം ആണ്, എന്നാൽ ദൈവവുമായി ഏകീഭവിക്കാതെ ഒരു വ്യത്യസ്ത സത്വമായി നിൽക്കുന്നു. 

 

യോഹന്നാൻ 1:1b

വചനം ദൈവത്തോടുകൂടെ ആയിരുന്നു;

 

ലോഗോസ്, സൃഷ്ടിക്കപ്പെടാത്ത, പിതാവായ ദൈവത്തിന്റെ അതേ സാരാംശവും പ്രകൃതിയും ആണ്. പിതാവായ ദൈവത്തെപ്പോലെ വചനവും നിത്യമാണ്. നിത്യമായി വചനം പിതാവായ ദൈവത്തോടുകൂടെ നിലനിലക്കുന്നു. എന്നാൽ വചനം, ത്രിത്വത്തിലെ പിതാവായ ദൈവം അല്ല, അവൻ ഒരു വ്യത്യസ്ത സത്വം ആണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രഖ്യാപനമായ നിഖ്യാ വിശ്വാസ പ്രമാണത്തിൽ ഈ വാക്യത്തിന്റെ ആശയം ആവർത്തിക്കപ്പെടുന്നത് വായിക്കാം:

 

“അവൻ (യേശുക്രിസ്തു) സർവ്വ ലോകങ്ങൾക്കും മുമ്പേ തന്റെ പിതാവിൽനിന്നു ജനിപ്പിക്കപ്പെട്ടവൻ. ദൈവത്തിൽ നിന്നു ദൈവം, പ്രകാശത്തിൽ നിന്നു പ്രകാശം, സത്യ ദൈവത്തിൽ നിന്നു സത്യദൈവം, ജനിപ്പിക്കപ്പെട്ടവൻ, ഉണ്ടാക്കപ്പെട്ടവനല്ല. പിതാവിനോടു ഏകതത്വമുള്ളവൻ, അവനാൽ സകലവും ഉണ്ടായി,”  

 

“ഏകതത്വമുള്ളവൻ” എന്നതിന്റെ ഗ്രീക്ക് പദം “ഹോമൂസിഒൺ” എന്നാണ് (homoousion). ഈ വാക്കിന്റെ അർത്ഥം, അതേ പ്രകൃതിയും, സാരാംശവും, എന്നാണ്. അതായത് വചനം എന്ന യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ അതേ പ്രകൃതിയും സാരാംശവും ഉള്ളവനാണ്. അതാണ് അവനെ ദൈവം ആക്കുന്നത്.

 

എന്നാൽ യോഹന്നാൻ 1:1c യിലെ “വചനം ദൈവം ആയിരുന്നു” എന്നതിനെ അപ്പൊസ്തല പ്രവൃത്തികൾ 28:6 ഉം ആയി തരതമ്യപ്പെടുത്തി, അതിന്റെ അർത്ഥം “ഒരു ദൈവം (ദേവൻ)” എന്നു പരിഭാഷപ്പെടുത്തുന്നവർ ഉണ്ട്.

 

അപ്പൊസ്തല പ്രവൃത്തികൾ 28:6

അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ (a god) എന്നു പറഞ്ഞു.

 

എന്നാൽ വാക്കുകളെ അതിന്റെ സന്ദർഭത്തിൽ ആണ് വ്യാഖ്യാനിക്കേണ്ടത് എന്നതാണ് യാഥാസ്ഥിതിക വേദപണ്ഡിതന്മാരുടെ അഭിപ്രായം. യോഹന്നാൻ 1:18a, റോമർ 8:33 എന്നീ വാക്യങ്ങളിൽ “തെയോസ്” എന്ന ഗ്രീക്ക് പദം ഒരു നിശ്ചിത ആർട്ടിക്കിൾ കൂടാതെയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെ ഈ വാക്കിന്റെ അർത്ഥം ദൈവം എന്നാണ്. അതിനാൽ നിശ്ചിത ആർട്ടിക്കിൾ ഇല്ലാത്തപ്പോഴും, അതിന്റെ സന്ദർഭം അനുസരിച്ചു, “തെയോസ് എന്ന വാക്കിനെ ദൈവം എന്നു പരിഭാഷപ്പെടുത്താം.

 

യോഹന്നാൻ 1:18 a

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;

 

റോമർ 8:33

ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.

 

അതിനാൽ നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം. യോഹന്നാൻ 1:1c യിലെ, “വചനം ദൈവം ആയിരുന്നു” എന്നത് ശരിയായ പരിഭാഷ ആണ്. അത് “വചനം ഒരു ദൈവം (ദേവൻ) ആയിരുന്നു” എന്നോ, “വചനം ദൈവീകം ആയിരുന്നു” എന്നോ അല്ല. വചനം പിതാവായ ദൈവം എന്ന വ്യക്തിത്വം അല്ലാതിരിക്കെ, ദൈവത്തിന്റെ അതേ പ്രകൃതിയും സാരാംശവും ആയിരുന്നു. യോഹന്നാൻ ഒരു ഏക ദൈവ വിശ്വാസിയായ യഹൂദൻ ആയിരുന്നു. അതിനാൽ വചനം പൂർണ്ണമായും സാരാംശത്തിൽ ദൈവമാണ് എന്നാണ് അവൻ ഉദ്ദേശിച്ചത് എന്നു തീർച്ചയാക്കാം. ഈ വാക്യത്തിന്റെ സന്ദർഭം മറ്റൊരു രീതിയിലും ഉള്ള വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്നില്ല.  

 

കോറം ഡെയോ

 

നൂറ്റാണ്ടുകളായി ഗ്രീക്ക് ചിന്തകരും എബ്രായ വേദപണ്ഡിതന്മാരും അന്വേഷിക്കുന്ന ലോഗോസ് എന്ന വചനം ആണ് യേശുക്രിസ്തു. അവനാണ് ലോഗോസ് എന്ന വചനം, “പരമമായ യുക്തി” (Logos, Word, Untimate Reason). അവൻ നിത്യനായ ദൈവവും, സൃഷ്ടാവും, രക്ഷകനും ആണ്. അവൻ സ്വർഗ്ഗീയ മഹിമയെ വിട്ടു ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു, നമ്മളോടൊപ്പം ജീവിച്ചു. ദൈവത്തിന്റെ മനുഷ്യ അവതാരത്തെയാണ്, “വചനം ജഡമായി തീർന്നു” എന്നു യോഹന്നാൻ വിശദീകരിച്ചത് (1:14). അവൻ നമ്മളുടെ പാപത്തിന്റെ ശിക്ഷയ്ക്കായുള്ളത് മറുവിലയായി നല്കി, അർഹതപ്പെടാത്ത രക്ഷ നമുക്ക് നല്കി. അങ്ങനെ യേശുക്രിസ്തുവിന്റെ നിത്യവും, ഭൌതീകവും ആയ ജീവിതത്തെ യോഹന്നാൻ അവതരിപ്പിക്കുന്നു. ഈ ലോകത്തിലെ സകല ജന സമൂഹത്തിൽപ്പെട്ടവരും യേശു ആരാണ് എന്നു ഗ്രഹിക്കേണം എന്നും അവർ യേശുക്രിസ്തുവിൽ വിശ്വസിക്കേണം എന്നും ആണ് യോഹന്നാന്റെ ഉദ്ദേശ്യം.

 

യോഹന്നാൻ 1:1-18 വരെയുള്ള വാക്യങ്ങളെ, അദ്ദേഹം എഴുതിയ സുവിശേഷത്തിന്റെ ആമുഖമായിട്ടാണ് കണക്കാക്കുന്നത്. ദൈവത്തെക്കുറിച്ചും യേശുക്രിസ്തുവിനെക്കുറിച്ചും ഉയർന്നു വന്ന പല തെറ്റായ പഠിപ്പിക്കലുകളെയും, ഇവിടെ യോഹന്നാൻ ഘണ്ഡിക്കുന്നു. ആദിമുതൽ, നിത്യനായി നിലനിന്നിരുന്ന ദൈവം ആണ് സകലതും സൃഷ്ടിച്ചത്. ഈ പ്രപഞ്ചം നിത്യമല്ല, അതിന് ഒരു ആരംഭം ഉണ്ട്. ലോഗോസ് എന്ന വചനം ആകുന്ന യേശുക്രിസ്തു ആണ് സകളത്തിന്റെയും സൃഷ്ടാവ്. ലോഗോസ് എന്ന വചനം ദൈവം ആണ്.

 

വചനത്തെ യേശുക്രിസ്തുവായി യോഹന്നാൻ 1:14-18 വരെയുള്ള വാക്യങ്ങളിൽ നിർവചിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ സുവിശേഷ രചനയുടെ ഉദ്ദേശ്യം, “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 20:31). യേശുക്രിസ്തു വെളിപ്പെട്ടുവന്ന, യഥാർത്ഥ സൃഷ്ടികർത്താവായ നിത്യനായ ദൈവം ആണ്. അവൻ ദൈവത്തിന്റെ ഒരു പ്രതിരൂപം അല്ല, അവൻ ദൈവമാണ്. അവൻ എന്നും എപ്പോഴും ദൈവംആയിരുന്നു. “ആദിയിൽ വചനം ഉണ്ടായിരുന്നു: (യോഹന്നാൻ 1:1 a). സുവിശേഷത്തിൽ ഉടനീളം, ഈ പ്രസ്താവന സത്യമാണ് എന്നു യോഹന്നാൻ തെളിയിക്കുന്നു.

 

യോഹന്നാന്റെ വാദങ്ങൾ, ദൈവീക ത്രിത്വം എന്ന ആശയത്തെ ഉറപ്പിക്കുന്നു. മൂന്ന് വ്യത്യസ്ത ആളത്വങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു സാരാംശം ആണ് ത്രീയേക ദൈവം. പിതാവും പുത്രനും (വചനം) തുല്യമായി ദൈവമാണ്. എന്നാൽ അവർ വ്യത്യസ്തങ്ങൾ ആയ സത്വം ഉള്ളവർ ആണ്. പിതാവ് പുത്രൻ അല്ല, പുത്രൻ പിതാവും അല്ല. എന്നാൽ അവർ തുല്യതയോടെ, നിത്യമായി ഏക ദൈവം ആണ്. പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിത്വം ആണ്. ഈ മൂന്ന് സത്വങ്ങളും ഒരു സാരാംശമായി ചേർന്നതാണ് ത്രീയേക ദൈവം. 



      

 

 

No comments:

Post a Comment