റോമർ, അദ്ധ്യായം 6

പാപ നിന്നുള്ള മോചനം, യേശുക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം, പാപത്തോട് എതിർത്തു നിൽക്കുക, നീതിക്കു ദാസന്മാരായി ജീവിക്കുക, എന്നീ വിഷയങ്ങൾ ആണ് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് ചർച്ച ചെയ്യുന്നത്. 5 ആം അദ്ധ്യായത്തിൽ, “എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” (5:20) എന്നു പൌലൊസ് എഴുതി. അതിനുള്ള ഒരു വിശദീകരണത്തോടെ ആണ് 6 ആം അദ്ധ്യായം ആരംഭിക്കുന്നത്.

ക്രിസ്തീയ വിശ്വാസികൾക്ക് പാപത്തിൽ തുടർന്നും ജീവിക്കാമോ എന്ന ചോദ്യത്തിന് റോമർ 6 ആം അദ്ധ്യായത്തിൽ പൌലൊസ് മറുപടി നല്കുന്നു. അദ്ദേഹത്തിന്റെ മറുപടി വ്യക്തവും ശക്തവും ആണ്, ഒരിക്കലും പാടില്ല. രക്ഷിക്കപ്പെട്ട ഒരുവൻ പാപത്തിന് മരിച്ചവൻ ആണ്. അതിനാൽ അവൻ ഇനി പാപത്തിന് അടിമയോ ദാസനോ അല്ല. പാപം ഒരുവനെ മരണത്തിന് അധീനനാക്കുന്നു. ദൈവകൃപ അവനെ ക്രിസ്തുവിലേക്കും നിത്യജീവനിലേക്കും നയിക്കുന്നു. അതിനാൽ പാപത്തിന് പകരം, നീതീയെ സേവിക്കേണം.