യേശുക്രിസ്തുവിന്റെ മരണം

 ഉയിർപ്പിന്റെ പ്രാധാന്യം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമാണ്. ഉയിർപ്പ് ഇല്ല എങ്കിൽ ക്രിസ്തീയ വിശ്വാസം ഇല്ലാതെയാകും. യേശുക്രിസ്തുവിന്റെ മരണം ആണ് ഒരുവന്റെ പാപ പരിഹാരം സാദ്ധ്യമാക്കിയത്. എന്നാൽ ഉയിർപ്പ് ഇല്ലായെങ്കിൽ മരണം എന്നത് മൂല്യമില്ലാത്ത  ഒരു ആശയം ആകും. ഉയിർപ്പ് സത്യം അല്ലായെങ്കിൽ, ക്രിസ്തീയ വിശ്വാസം ലോകത്തിലെ ഏറ്റവും വലിയ കെട്ടുകഥയായി തീരും.

 

യാക്കോബിന്റെ ലേഖനമാണ് പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകം. അത് AD 44-49 വർഷങ്ങളിൽ എഴുതി. പൌലൊസ് ഗലാത്യർക്ക് എഴുതിയ ലേഖനം രചിക്കുന്നത് 49-50 കളിൽ ആണ്. കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം AD 53-55 കാലഘട്ടത്തിൽ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനം AD 55 ലോ 56 ലോ മക്കെദോന്യയിൽ വച്ചു എഴുതി. മർക്കോസും, മത്തായിയും സുവിശേഷ ഗ്രന്ഥങ്ങൾ എഴുതുന്നതു AD 50-60 കളിലും, ലൂക്കോസ് 60-61 വർഷങ്ങളിലും ആണ്. അതായത് മത്തായി, മർക്കോസ് എന്നിവർ സുവിശേഷ ഗ്രന്ഥങ്ങൾ എഴുതിയതിനോടൊപ്പമോ, അതിന് മുമ്പോ കൊരിന്ത്യർക്കുള്ള ലേഖനങ്ങൾ എഴുതപ്പെട്ടു. അതിനാൽ യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി എഴുതുന്നതു അപ്പൊസ്തലനായ പൌലൊസ് ആണ് എന്നു ചില വേദ പണ്ഡിതന്മാർ വിശ്വസിക്കുന്നു.

 


1 കൊരിന്ത്യർ 15 ആം അദ്ധ്യായത്തിലെ വിഷയം മരിച്ചവരുടെ ഉയിർപ്പ് ആണ്. ഈ അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

1 കൊരിന്ത്യർ 15:1-2

എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.

 

കൊരിന്തിലെ വിശ്വാസികളെ പൌലൊസ് ഓർമ്മിപ്പിക്കുന്നത് ഇതെല്ലാം ആണ്: അദ്ദേഹം അവരെ അറിയിച്ച സുവിശേഷമാണ് അവർക്ക് ലഭിച്ചിരിക്കുന്ന സുവിശേഷം. അതിൽ അവർ നിൽക്കുന്നതും, വിശ്വസിക്കുന്നതും വൃഥാവല്ല. അത് അവർ രക്ഷിക്കപ്പെടുന്നതായ സുവിശേഷം ആണ്. അതിൽ അവർ പിടിച്ചുകൊള്ളേണം. അതിനാൽ അവൻ അറിയിച്ച സുവിശേഷം എന്താണ് എന്നു അവരെ ഓർമ്മിപ്പിക്കുന്നു. ഇത്രയും പറഞ്ഞതിന്നു ശേഷം, പൌലൊസ് അവരെ അറിയിച്ച സുവിശേഷം സംക്ഷിപ്തമായി അദ്ദേഹം പറയുന്നു.

 

1 കൊരിന്ത്യർ 15:3-8 

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു, അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

 

ഇതാണ് സുവിശേഷം. ഇതിൽ അദ്ദേഹം എട്ട് കാര്യങ്ങൾ കൊരിന്തിലെ സഭയെ ഓർമ്മിപ്പിക്കുന്നു.


1.     യേശുക്രിസ്തു തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു

2.   യേശുക്രിസ്തു തിരുവെഴുത്തുകളിൻ പ്രകാരം അടക്കപ്പെട്ടു

3.   യേശുക്രിസ്തു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു

4.   പത്രൊസിനും, അതിന് ശേഷം 12 ശിഷ്യന്മാർക്കും പ്രത്യക്ഷനായി.

5.   അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി

6.   യേശുക്രിസ്തു പ്രത്യക്ഷനായവരിൽ അനേകർ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ചിലർ മരിച്ചുപോയി.

7.   യേശുക്രിസ്തുവിന്റെ അർദ്ധ സഹോദരൻ ആയ യാക്കോബിനും അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.

8.   യേശുക്രിസ്തു പൌലൊസിനും പ്രത്യക്ഷനായി.

 

ഈ പട്ടികയിൽ, യേശുക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ട മൂന്ന് സംഭവങ്ങളും ഉയിർത്തെഴുന്നേറ്റത്തിന് ശേഷം അവൻ ആർക്കെല്ലാം പ്രത്യക്ഷനായി എന്നതുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു എന്നീ മൂന്ന് സംഭവങ്ങൾ ആണ് ഉയിർപ്പിന്റെ വിവരണത്തിൽ ഉള്ളത്. ക്രിസ്തീയ വിശ്വാസിയുടെ രക്ഷയുടെയും, വർത്തമാന കാല ജീവിതത്തിന്റെയും, നിത്യതയുടെയും നിഴലായ മൂന്ന് സംഭവങ്ങൾ ആണിത്. ഈ മൂന്ന് സംഭവങ്ങൾ ആണ് നമ്മൾ ഇവിടെ പഠന വിഷയമാക്കുന്നത്.

 

രണ്ട് പ്രാധാന്യങ്ങൾ

 

1 കൊരിന്ത്യർ 15 ആം അദ്ധ്യായത്തിൽ ഒരു ക്രിസ്തീയ വിശ്വാസിയുടെ ജീവിതത്തിൽ യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ രണ്ടു പ്രാധാന്യങ്ങൾ പൌലൊസ് പറയുന്നു. ഒന്ന്, യേശുക്രിസ്തു മരിച്ചു, ഉയിർത്തു, എന്നതിലാണ് നമ്മളുടെ വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഈ അടിസ്ഥാനം ഇല്ലായെങ്കിൽ നമ്മളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിട്ടില്ല.

 

1 കൊരിന്ത്യർ 15:17-18 

ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.

 

രണ്ടാമതായി, യേശുക്രിസ്തുവിന്റെ ഉയിർപ്പാണ്, മരിച്ചവർ ഒരിക്കൽ ഉയിർപ്പിക്കപ്പെടും എന്നതിന്റെ ഉറപ്പ്.

 

1 കൊരിന്ത്യർ 15:20

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.

 

റോമർ 6:8-9

നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.

 

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതിനാൽ ആണ് അവൻ ഇന്നും ജീവിക്കുന്നവനായി തീരുന്നത്. ഇന്നും ജീവിക്കുന്നവൻ ആയതിനാൽ ആണ് അവന് ഇന്നും “താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ” കഴിയുന്നത്.

 

എബ്രായർ 7:25

അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.

 

അതിനാൽ പൌലൊസ് ഇങ്ങനെ എഴുതി:

 

1 കൊരിന്ത്യർ 15:14

ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.

 

യേശു ഉയിർത്തെഴുന്നേറ്റുവോ, ഏത് ദിവസം ഉയിർത്തെഴുന്നേറ്റു, ഉയിർത്തെഴുന്നേറ്റ യേശുവിനെ ആരെങ്കിലും കണ്ടുവോ, ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരം എങ്ങനെ ആയിരുന്നു, ഉയിർപ്പിന് ശേഷം അവന് എന്ത് സംഭവിച്ചു? ഇതെല്ലാം ക്രിസ്തീയ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടിസ്ഥാന ശിലകൾ ആണ്.


എന്താണ് ഉയിർപ്പ്?

 

യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചുള്ള പഠനം ആരംഭിക്കേണ്ടത് ഉയിർപ്പ് എന്താണ് എന്നു ചിന്തിച്ചുകൊണ്ടു വേണം. പൊതുവേ, മരണം ഇഹലോക ജീവിതത്തിന്റെ അന്ത്യം ആണ്. അതിൽ നിന്നും ആരും ജീവനിലേക്ക് തിരികെ വരുന്നില്ല. എന്നാൽ മരിച്ചുപോയ ചിലർ വീണ്ടും ജീവൻ പ്രാപിച്ചതിന്റെ ചരിത്രം വേദപുസ്തകത്തിലും, ഇന്നു നമ്മളുടെ ഇടയിലും ഉണ്ട്. യേശുക്രിസ്തുവിന്റെ ശുശ്രൂഷാ കാലയളവിൽ മരിച്ചുപോയ ചിലരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ചിലർ മരണത്തിൽ നിന്നും തിരികെ ജീവനിലേക്ക് വന്നതായി പറയുന്നുണ്ട്. എന്നാൽ ഇത്തരം എല്ലാ സന്ദർഭങ്ങളിലും “ഉയിർപ്പ്” എന്ന പദം ഉപയോഗിച്ചിട്ടില്ല. എങ്കിലും ഇവരുടെ തിരിച്ചുവരവിനെ പൊതുവേ “ഉയിർപ്പ്” എന്നു വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

1 രാജാക്കന്മാർ 17 ആം അദ്ധ്യായത്തിൽ ഏലീയാവിന്റെ ശുശ്രൂഷയിൽ, സാരെഫാത്ത് എന്ന സ്ഥലത്തുള്ള ഒരു വിധവയുടെ മകൻ മരിച്ചു പോകുകയും, എന്നാൽ ഏലീയാവിന്റെ പ്രാർത്ഥനയാൽ അവൻ തിരികെ ജീവനിലേക്ക് വരുകയും ചെയ്തു (17:22-23). ഈ സംഭവത്തെക്കുറിച്ച് “കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.” എന്നും “നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു” എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ “ഉയിർപ്പ്” എന്ന വാക്ക് ഇല്ല.

 

2 രാജാക്കന്മാർ 4 ൽ എലീശാ, ശൂനേം എന്ന സ്ഥലത്തുള്ള ഒരു സ്ത്രീയുടെ മകനെ മരണത്തിൽ നിന്നും ജീവനിലേക്ക് കൊണ്ടവന്നു (2 രാജാക്കന്മാർ 4:35-36). ഇവിടെ “ഉയിർപ്പ്” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.

 

2 രാജാക്കന്മാർ 13 ൽ എലീശയുടെ മരണ ശേഷം, മരിച്ച ഒരു മനുഷ്യന്റെ ശരീരം അവന്റെ കല്ലറയിൽ ഇട്ടു. ശരീരം “എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.” അവൻ ജീവൻ പ്രാപിച്ചു. (13:21). ഇവിടെയും “ഉയിർപ്പ്” എന്ന വാക്കില്ല.  

 

പുതിയനിയമത്തിലേക്ക് വരുമ്പോൾ, യേശുക്രിസ്തുവിന്റെ ശുശ്രൂഷാ കാലയളവിൽ, അവൻ മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ കൊണ്ടുവന്ന മൂന്ന് പേരുടെ ചരിത്രം പറയുന്നുണ്ട്. അതിൽ ഒന്ന് പള്ളിപ്രമാണിയായിരുന്ന യായിറോസ് എന്ന മനുഷ്യന്റെ മകൾ ആയിരുന്നു. യേശുക്രിസ്തു അവളുടെ കൈക്കു പിടിച്ചു, ജീവനിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനെക്കുറിച്ചുള്ള വിവരണം മത്തായിയും മർക്കൊസും ലൂക്കൊസും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ “ഉയിർപ്പ്” എന്ന പദം അവർ ഉപയോഗിച്ചിട്ടില്ല.

 

ലൂക്കോസ് 8:55

അവളുടെ (യായീറൊസ് ന്റെ മകൾ) ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു;

 

നയിൻ  എന്ന പട്ടണത്തിലെ ഒരു വിധവയുടെ മകന്റെ ചരിത്രവും ലൂക്കോസ് പറയുന്നുണ്ട്. അവൻ മരിച്ചു അവന്റെ ശവസംസ്കാരത്തിനായി, ശരീരത്തെ കൊണ്ടുപോകുക ആയിരുന്നു. എന്നാൽ യേശു അവന്റെ മഞ്ചം തൊട്ടു, “ബാല്യക്കാരാ എഴുന്നേൽക്ക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (7:14). ഉടൻ അവൻ ജീവനിലേക്ക് തിരികെ വന്നു. ഇവിടെയും “ഉയിർപ്പ്” എന്ന വാക്ക് ഇല്ല.

 

ലൂക്കോസ് 7:15  

മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.

 

യേശുക്രിസ്തുവിന്റെ ശുശ്രൂഷയിൽ മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ വന്ന ലാസറിനെക്കുറിച്ച് പറയുമ്പോൾ “ഉയിർപ്പ്” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അവനെ ഉയിർപ്പിക്കുന്ന അവസരത്തിൽ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പരാമർശവും ഉണ്ട്.

 

യോഹന്നാൻ 11:23-26

യേശു അവളോടു (മാർത്തയോട്): നിന്റെ സഹോദരൻ (ലാസർ) ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

 

യോഹന്നാൻ 12:1

യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.

 

യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ, ചില അത്ഭുതങ്ങളും അടയാളങ്ങളും ദൈവാലയത്തിലും, പ്രകൃതിയിലും ഉണ്ടായി (മത്തായി 27:50-53). ആലയത്തിലെ “തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി”. “ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു”. ഇവിടെ പഴയ നിയമ വിശുദ്ധന്മാർ എല്ലാവരും ഉയിർത്തെഴുന്നേറ്റിട്ടില്ല, “വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു” എന്നേ പറയുന്നുള്ളൂ. ഇങ്ങനെ ഉയിർത്തെഴുന്നേറ്റവർ അപ്പോൾ തന്നെ കല്ലറയക്ക് വെളിയിലേക്ക് വന്നില്ല. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ശേഷം അവർ കല്ലറയ്ക്ക് വെളിയിൽ വന്നു, യെരൂശലേം പട്ടണത്തിൽ പലർക്കും പ്രത്യക്ഷമായി.

 

ഈ സംഭവങ്ങൾ യേശുവിന്റെ ദൈവീകത്വത്തിന്റെ അടയാളമായി സംഭവിച്ചതാണ്. ഇവിടെ “ഉയിർത്തെഴുന്നേറ്റു” എന്ന പദം ഉപയോഗിക്കുന്നുണ്ട്.    

 

മത്തായി 27:50-53

യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:36-43 വരെയുള്ള വാക്യങ്ങളിൽ, യോപ്പ എന്ന സ്ഥലത്ത്, ക്രിസ്തു ശിഷ്യയായ തബീഥായെ, പത്രോസിന്റെ പ്രാർത്ഥനയാൽ, മരണത്തിൽ നിന്നും ജീവനിലേക്ക് മടക്കി കൊണ്ടുവന്നതിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ “ഉയിർപ്പ്” എന്ന പദം ഉപയോഗിച്ചിട്ടില്ല.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:40

പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേൽക്കൂ എന്നു പറഞ്ഞു: അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.

 

അപ്പൊസ്തലനായ പൌലൊസിന്റെ ശുശ്രൂഷയിലും ഇതുപോലെയുള്ള ഒരു അത്ഭുതം നടക്കുന്നുണ്ട്. അത് അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 20:7-12 വരെയുള്ള വാക്യങ്ങളിൽ വിവരിക്കുന്നു. ത്രോവാസ് എന്ന സ്ഥലത്ത്, യൂത്തിക്കൊസ് എന്ന യൌവനക്കാരൻ പൌലൊസ് പ്രസംഗിച്ചുകൊണ്ടിരുന്ന വീടിന്റെ മൂന്നാം നിലയിൽ നിന്നു താഴെ വീണു മരിച്ചു. എന്നാൽ പൌലൊസ് അവനെ ജീവനിലേക്ക് തിരികെ കണ്ടുവന്നു. ഇവിടെ “ഉയിർപ്പ്” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.

 

അപ്പൊസ്തല പ്രവൃത്തികൾ 20:10-12

പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.

 

പഴയനിയമത്തിലും, പുതിയ നിയമത്തിലും, മരണത്തിൽ നിന്നും തിരികെ ജീവനിലേക്ക് വന്നവരെക്കുറിച്ച് എഴുതിയപ്പോൾ, എല്ലായിടത്തും “ഉയിർപ്പ്” എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്നാൽ യേശുക്രിസ്തുവിന്റെ ശുശ്രൂഷയിൽ മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ വന്ന എല്ലാവരെയും പൊതുവേ ഉയിർത്തെഴുന്നേറ്റവരായി വിശേഷിപ്പിക്കുന്നുണ്ട്.

 

യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളും, മരിച്ചുപോയവർ തിരികെ ജീവനിലേക്ക് വരുന്നതും തടവിലായിരുന്ന യോഹന്നാൻ സ്നാപകൻ കേട്ടു. അവൻ, അവന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ യേശുവിന്റെ അടുക്കൽ അയച്ചു, “വരുവാനുള്ളവൻ (മശീഹ) നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ” എന്നു ചോദിച്ചു. ഇതിന് യേശു പറയുന്ന മറുപടിയിൽ “ഉയിർപ്പ്” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.

 

ലൂക്കോസ് 7:21-22  

ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

 

ഇവിടെ “മരിച്ചവർ” എന്നതിന്റെ ഗ്രീക്ക് പദം, “നെക്രാസ്” എന്നാണ്. ഇതിന്റെ അർത്ഥം “മരിച്ചവർ” എന്നാണ്. (nekros, nek-ros'dead). “ഉയിർത്തെഴുന്നേല്ക്കുന്നു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്ക്, “എഗാരോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം, എഴുന്നേൽക്കുക, ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരണം എന്ന ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരിച്ചവരെ ജീവനിലേക്ക് തിരികെ വിളിക്കുക, ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുക, എന്നിങ്ങനെയാണ് (egeirō, eg-i'-ro - to arouse, cause to rise, to arouse from the sleep of death, to recall the dead to life, to cause to rise from a seat or bed). ഇതേ ഗ്രീക്ക് വാക്ക് തന്നെയാണ് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചും പറയുവാൻ ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ പൊതുവേ, മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ വന്നതിനെ “ഉയിർപ്പ്” എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

 

എങ്കിലും, മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ വന്ന എല്ലാ മനുഷ്യരുടെയും ഉയിർപ്പിനും, യേശുക്രിസ്തുവിന്റെ ഉയിർപ്പിനും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഈ വ്യത്യാസം ആണ് യേശുവിന്റെ ഉയിർപ്പിനെ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റുന്നത്. ഇതിനെക്കുറിച്ചാണ് നമ്മൾ ഈ പഠനത്തിൽ ചർച്ച ചെയ്യുന്നത്.

 

യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സവിശേഷതകൾ എന്തെല്ലാം ആണ് എന്നു പഠിക്കുമ്പോൾ, നമ്മൾ വീണ്ടും ജനനം പ്രാപിക്കുമ്പോൾ സംഭവിക്കേണ്ടത് എന്തെല്ലാം ആണ് എന്നൊരു ചിന്തകൂടി ഒപ്പം വേണം. നമ്മളുടെ ആത്മീയ ജീവിതം ആരംഭിക്കുന്നത്, പഴയമനുഷ്യന്റെ മരണവും, പുതിയ മനുഷ്യന്റെ ഉയിർപ്പോടും കൂടെയാണ്. പുതിയ മനുഷ്യനായി ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേൽക്കാതെ ആർക്കും അവരുടെ ആത്മീയ ജീവിതം ആരംഭിക്കുവാൻ സാദ്ധ്യമല്ല. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തിന്റെ തുടക്കവും തുടർച്ചയും, നിത്യതയും, യേശുക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ യേശുവിന്റെ ഉയിർപ്പ് ഒരു ക്രിസ്തീയ വിശ്വാസിക്കു വളരെ പ്രാധാന്യം ആണ്.

 

റോമർ 6:4-5

അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.


 

മരിക്കാതെ ഉയിർക്കുവാൻ സാദ്ധ്യമല്ല

 

യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഒരു സവിശേഷത മാത്രമേ ഈ പഠനത്തിൽ ചർച്ച ചെയ്യുന്നുള്ളൂ. മറ്റ് സവിശേഷതകൾ തുടർച്ചയായ പഠനങ്ങളിൽ വിശദീകരിക്കുന്നതാണ്. 1 കൊരിന്ത്യർ 15:3 ൽ പൌലൊസ് പറയുന്ന വാക്യത്തിന്റെ ആദ്യഭാഗമാണ് ഇവിടെ നമ്മൾ ചിന്തിക്കുന്നത്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു”.

 

യേശുക്രിസ്തുവിന്റെ ഉയിർപ്പ് പൌലൊസ് വിവരിക്കുമ്പോൾ മൂന്ന് സംഭവങ്ങൾ ആണ് അദ്ദേഹം എടുത്തു പറയുന്നത്. യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു. ഒരു ക്രിസ്തീയ വിശ്വാസിയുടെ ജീവിതത്തിൽ ഇവ മൂന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. അവൻ മരിച്ചു എന്നത് അവന്റെ ഉയിർപ്പിന്റെ ഒന്നാമത്തെ സവിശേഷതയാണ്. യേശു മരിച്ചു എന്ന സത്യം കൂടാതെ ഉയിർപ്പ് സംഭവിക്കുക ഇല്ല.

 

ഒരുവന് ഉയിർത്തെഴുന്നേൽക്കുവാനുള്ള അടിസ്ഥാനപരമായ യോഗ്യത അതിന് മുമ്പ് മരിക്കുക എന്നതാണ്. മരിക്കാതെ ആർക്കും, ഉയിർക്കുവാൻ സാദ്ധ്യമല്ല. കാരണം ഉയിർപ്പ് മരണത്തിൽ നിന്നുള്ള ഉയിർപ്പ് ആണ്. അത് ജീവനോടെ ഇരിക്കുന്ന ഒരുവന് ഉണ്ടാകുന്ന മാറ്റം അല്ല. ഉയിർപ്പ് ജീവനോടെ ഇരിക്കുന്നവൻ, മരിച്ചതിനു ശേഷം, വീണ്ടും ജീവനിലേക്ക് വരുന്നതാണ്.

 

അതിനാൽ, യേശുക്രിസ്തു മരിച്ചു എന്നതിന്റെ തീർച്ചകൂടിയാണ് അവന്റെ ഉയിർപ്പ്. യേശുവിന്റെ മരണം, അവന്റെ ശിഷ്യന്മാർ രൂപപ്പെടുത്തിയ ഒരു സങ്കൽപ്പിക കഥയല്ല. യേശു അവന്റെ ശത്രുക്കളാലും, റോമൻ സൈന്യത്താലും പിടിക്കപ്പെടുകയും, വിചാരണ ചെയ്യപ്പെടുകയും, കുറ്റവാളി എന്നു വിധിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും ചെയ്തു. മാത്രവുമല്ല, അവൻ ക്രൂശിൽ മരിച്ചു.

 

ഒരുവൻ ഉയിർത്തെഴുന്നേറ്റു എന്നു നിശ്ചയത്തോടെ പറയേണം എങ്കിൽ, അവൻ മരിച്ചു എന്നു തീർച്ചയോടെ പറയുവാൻ കഴിയേണം. ഇവിടെ ഉയിർത്തെഴുന്നേറ്റത് യേശുക്രിസ്തുവാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രവും, ബലവും, പ്രത്യാശയും, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതാണ്. അതിനാൽ അവൻ മരിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കേണം.

 

യേശുക്രിസ്തുവിന്റെ മരണംവും ഇസ്ലാം മതവും

 

യേശുക്രിസ്തുവിന്റെ മരണം, ഇസ്ലാം മതത്തിന്റെ പഠിപ്പിക്കലുകളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ മരണം എന്ന സത്യത്തെ നിരാകരിക്കുന്ന ഏക മതം ആണ് ഇസ്ലാം. അവരുടെ അഭിപ്രായം അനുസരിച്ചു യേശു മരിച്ചിട്ടില്ല. അവരുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ന്റെ 4 ആമത്തെ അദ്ധ്യായമായ (Surah), “അൻ-നിസ” ൽ യേശു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്. (Quran, An-Nisa). യേശുവിനെപ്പോലെ രൂപ സാദൃശ്യമുള്ള മറ്റൊരാളിനെയോ, വെറും ഒരു രൂപ സാദൃശ്യത്തെയോ ആണ്, യഹൂദന്മാരും, റോമൻ പടയാളികളും ചേർന്നു ക്രൂശിച്ചത്. യേശുക്രിസ്തു ജീവനോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുക ആയിരുന്നു. എന്നാൽ ഇസ്ലാം മതത്തിലെ ഒരു ചെറിയ വിഭാഗം ആയ, അഹ്മദി മുസ്ലിം (Ahmadi Muslims or Ahmadiyya Muslim) യേശുക്രിസ്തുവിനെ ക്രൂശിച്ചില്ല എന്ന മുഖ്യ ഇസ്ലാം മതത്തിന്റെ വാദത്തെ നിരാകരിക്കുന്നു. ഇവരുടെ അഭിപ്രായത്തിൽ, യേശുക്രിസ്തുവിനെ ക്രൂശീകരിച്ചു, എന്നാൽ അവൻ മരിച്ചില്ല. അവനെ ജീവനോടെ തന്നെ ക്രൂശിൽ നിന്നും എടുത്തു മാറ്റി. അതിന് ശേഷം യേശു യഹൂദ്യയും റോമൻ സാമ്രാജ്യവും ഉപേക്ഷിച്ചു, ഇന്ത്യയിലേക്ക് പോയി. അവിടെ നഷ്ടപ്പെട്ട പത്ത് യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ പ്രഭാഷണങ്ങളും, പ്രവർത്തനങ്ങളും, തുടർന്നു. അന്ത്യത്തിൽ കാശ്മീർ എന്ന സ്ഥലത്ത് വച്ചു സ്വാഭാവികമായ മരണം ഉണ്ടായി.

 

ചരിത്ര രേഖകൾ

 

എന്നാൽ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നും, അവൻ ക്രൂശിൽ മരിച്ചു എന്നും അന്ന് ജീവിച്ചിരുന്ന ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. യഹൂദ ചരിത്രകാരൻ ആയിരുന്ന, ഫ്ലാവിയസ് ജൊസിഫസിന്റെ “യഹൂദ പുരാതനത്വങ്ങള്‍” (Jewish Antiquities) എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ രണ്ട് പരാമര്‍ശങ്ങള്‍ ഉണ്ട്. (Flavius Josephus,

ജനനം, എ. ഡി 37/38, യെരൂശലേം – മരണം 100, റോം). യഹൂദന്മാർക്കിടയിലെ പ്രമുഖരായ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, പീലാത്തൊസ് യേശുവിനെ ക്രൂശിക്കുവാനായി വിധിച്ചു എന്നു അദ്ദേഹം എഴുതി. അവൻ മരിച്ചു, മരണത്തിന് ശേഷവും ജീവനോടെ, മൂന്നാം ദിവസം അവര്‍ക്ക് പ്രത്യക്ഷന്‍ ആയി, എന്നും അദ്ദേഹം പറയുന്നു.

 

ജൊസിഫസിന് ശേഷം ഏകദേശം 20 വര്‍ഷങ്ങള്‍ കഴിഞ്ഞ്, റ്റാസിറ്റസ് (Tacitus), പ്ലിനി (Pliny) എന്നീ റോമന്‍ ചരിത്രകാരന്മാരും അവരുടെ പുസ്തകങ്ങളില്‍ യേശുക്രിസ്തുവിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. റ്റാസിറ്റസ് ന്റെ പ്രധാന ഗ്രന്ഥം ആയ “അനല്‍സ്” ൽ (Annals) ക്രിസ്തുവിനെ പീലാത്തൊസ് ക്രൂശിച്ചുകൊന്നു എന്നും, ക്രിസ്തു ആണ് ക്രിസ്തീയ വിശ്വസം സ്ഥാപിച്ചത് എന്നും എഴുതിയിട്ടുണ്ട് (Tacitus, ജനനം എ. ഡി. 56—മരണം ഏകദേശം 120).

 

സെറ്റോണിയസ് (Suetonius), സമോസറ്റയിലെ ലൂഷിയന്‍ (Lucian of Samosata), മാറാ ബാര്‍ സെറാപിയോണ്‍ (Mara bar Serapion) എന്നിങ്ങനെയുള്ള മറ്റ് ചില ചരിത്രകാരന്മാരുടെ കൃതികളിലും യേശുക്രിസ്തുവിനെക്കുറിച്ചും, അവന്റെ മരണത്തേക്കുറിച്ചും പറയുന്നുണ്ട്. AD 70 നും 500 നും ഇടയില്‍ രചിക്കപ്പെട്ട, യഹൂദന്മാരുടെ “ബാബിലോണിയന്‍ താല്‍മഡ്” (Babylonian Talmud) എന്ന കൃതിയില്‍, “പെസഹയുടെ തലേ ദിവസം വൈകുന്നേരം യേശുവിനെ തൂക്കികൊന്നു” എന്നു പറയുന്നുണ്ട്.

 

ഇതിൽ നിന്നെല്ലാം, ആദ്യ നൂറ്റാണ്ടിലെ ചരിത്രകാരന്‍മാര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും യേശുക്രിസ്തുവിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്നും അവൻ ക്രൂശിക്കപ്പെടുകയായിരുന്നു എന്നും വ്യക്തമാണ്. എന്നാൽ ചരിത്രത്തിൽ നിന്നും ഉള്ള തെളിവുകൾ അല്ല, വേദപുസ്തകത്തിൽ നിന്നുള്ള തെളിവുകൾ ആണ് ഇവിടെ ചർച്ച ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.  

 

വേദപുസ്തക തെളിവുകൾ

 

യേശുക്രിസ്തു മരിച്ചു എന്നതിന്റെ ഏറ്റവും ശക്തമായ തെളിവ് അവന്റെ ശത്രുക്കളുടെ സാക്ഷ്യം ആണ്. ജീവിച്ചിരുന്നപ്പോൾ യേശുക്രിസ്തു, യഹൂദന്മാർ പ്രത്യാശയോടെ കാത്തിരിക്കുന്ന മശീഹ അവൻ ആണ് എന്നു അവകാശപ്പെട്ടു. അതിനാൽ ആണ് അവനെ കൊല്ലേണം എന്നു യഹൂദ ന്യായാധിപ സഭ തീരുമാനിച്ചത്.

 

മത്തായി 26:63-66

യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ: നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.

 

യേശുക്രിസ്തു ഇവിടെ രണ്ടു കാര്യങ്ങൾ അവനെക്കുറിച്ചു തന്നെ അവകാശപ്പെട്ടു. ഒന്ന്, അവൻ ദൈവപുത്രനായ ക്രിസ്തു ആണ് (മശീഹ ആണ്). രണ്ടു, അവൻ “സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും”. യേശു മശീഹ അല്ല എന്നു ധരിച്ചിരുന്ന മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ,  മൂപ്പന്മാർ എന്നിവർ അടങ്ങിയ ന്യായാധിപ സഭയ്ക്ക്, യേശുക്രിസ്തുവിന്റെ വാക്കുകൾ ദൈവ ദൂഷണമായി തോന്നി. അതിനുള്ള ശിക്ഷ, ന്യായപ്രമാണ പ്രകാരം മരണം ആണ്.

 

ലേവ്യപുസ്തകം 24:16

യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

 

മതപരമായ കാര്യങ്ങളിൽ തെറ്റ് ചെയ്തവനെ ശിക്ഷിക്കുവാനുള്ള അവകാശം ന്യായാധിപ സഭയ്ക്ക് ഉണ്ടായിരുന്നു എങ്കിലും, പൊതുവേ ഒരുവനെ വധിക്കുവാനുള്ള അധികാരം റോമൻ ഭരണാധികാരികളിൽ നിഷിപ്തം ആയിരുന്നു. അതിനാൽ മരണ ശിക്ഷ നടപ്പിലാക്കേണ്ടതിനായി അവർ യേശുക്രിസ്തുവിനെ റോമൻ ഗവർണരുടെ അടുക്കൽ ഏൽപ്പിച്ചു.

 

മത്തായി 27:1-2

പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

 

വേദപുസ്തകം പറയുന്നത് അനുസരിച്ചു, പെസഹ പെരുനാളിന്റെ തലേദിവസം രാവിലെ 9 മണിയ്ക്ക്  (മൂന്നാം മണിനേരം) യേശുക്രിസ്തുവിനെ ക്രൂശിച്ചു. അതേ ദിവസം, ഏകദേശം ആറ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, ഉച്ചതിരഞ്ഞു 3 മണി (ഒമ്പതാംമണി നേരം) ആയപ്പോൾ അവൻ മരിച്ചു. (മർക്കോസ് 15:25, മത്തായി 27:46).

 

അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല

 

ക്രൂശിക്കപ്പെടുന്നവര്‍ മരിച്ചു കഴിഞ്ഞതിന് ശേഷമേ, അത് നടപ്പാക്കുവാനായി നിയോഗിക്കപ്പെട്ട റോമന്‍ പടയാളികള്‍ക്ക് അവിടം വിട്ട് പോകുവാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ മരണം വേഗമാക്കുവാന്‍, അവര്‍ കുറ്റവാളികളുടെ കാല്‍ ഒടിക്കുകയും, മാറിടത്തില്‍ ശക്തമായി അടിക്കുകയും, ഹൃദയത്തിലേക്ക് കുന്തം കൊണ്ട് കുത്തുകയും, അവരെ ശ്വാസം മുട്ടിക്കുവാന്‍ ക്രൂശിന്‍റെ ചുവട്ടില്‍ തീ കത്തിച്ച് പുകയ്ക്കുകയും ചെയ്യുമായിരുന്നു. അതിനാൽ, യേശുക്രിസ്തുവിന്റെ മരണം വേഗത്തിലാക്കുവാൻ അവന്റെ “കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.” “യഹൂദന്മാർ” എന്നു പറയുന്നത് മഹാപുരോഹിതന്മാരും പരീശന്മാരും, മൂപ്പന്മാരും അടങ്ങുന്ന ഒരു സംഘത്തെയാണ്.

 

യോഹന്നാൻ 19:31-34  

അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

 

അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടുഎന്നതിലെ “ഒരുക്കനാൾ” എന്നത് പെസഹ ദിവസത്തിന്റെ തലേ ദിവസം ആണ്. പെസഹ ദിവസം സാമാന്യവേലയൊന്നും ചെയ്യാത്ത ശബ്ബത്ത് ദിവസം ആണ്. അന്ന് വിശുദ്ധ സഭായോഗം ഉണ്ടാകും. ഇതിന്റെ തലേ ദിവസത്തേയാണ് “ഒരുക്കനാൾ” എന്നു വിളിക്കുന്നത്. “ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു” എന്നതിലെ “വലിയത്” എന്നതിന് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് “മെഗാസ്” എന്നാണ് (megas, meg'-as). ഈ വാക്കിന്റെ അർത്ഥം “ശ്രേഷ്ഠമായത്” (great) എന്നാണ്. പെസഹ ദിനത്തിലെ ശബ്ബത്ത് ആയതിനാൽ ആണ് അതിനെ ശ്രേഷ്ഠമായത് ആയി കണക്കാക്കിയത്.   

 

ലേവ്യപുസ്തകം 23:5-7

ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

 

യേശുക്രിസ്തുവിന്റെ മരണം വേഗത്തിലാക്കുവാനായി അവന്റെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു. പീലാത്തൊസ് അതിന് അനുമതി കൊടുത്തു. അങ്ങനെ പടയാളികൾ വന്നു യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരുടെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു മനസ്സിലാക്കി. അതിനാൽ അവന്റെ കാൽ ഒടിച്ചില്ല.

 

ഇവിടെ യോഹന്നാൻ മശീഹയെക്കുറിച്ചുള്ള ഒരു പ്രവചന നിവൃത്തി കാണുന്നു.

 

യോഹന്നാൻ 19:36

“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.

 

യോഹന്നാൻ പരാമർശിക്കുന്ന പ്രവചനങ്ങൾ ഇതെല്ലാം ആണ്: പുറപ്പാടു 12 ൽ ദൈവം പെസഹ ആചാരണത്തിന്റെ ചട്ടങ്ങൾ നല്കുമ്പോൾ, പെസഹ കുഞ്ഞാടിന്റെ അസ്ഥികൾ ഓടിക്കരുത് എന്നു കല്പിച്ചിരുന്നു.  

 

പുറപ്പാട് 12:46

അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു.

 

സംഖ്യാപുസ്തകം 9:12

രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം.

 

യോഹന്നാൻ 19:36 ൽ അദ്ദേഹം എടുത്തു എഴുതുന്നതു സങ്കീർത്തനം 34 ലെ ഒരു വാക്യം ആണ്. ഈ സങ്കീർത്തനം ദൈവം നല്കിയ വിടുതലിനായി, അവനെ സ്തുതിക്കുന്ന ഒരു ഗീതം ആണ്.  

 

യോഹന്നാൻ 19:36

“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.

 

സങ്കീർത്തനം 34:20

അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.

 

യേശുക്രിസ്തുവിന്റെ കാൽ ഓടിക്കുവാൻ പടയാളികൾ വന്നു എങ്കിലും, അതിന് മുമ്പായി തന്നെ അവൻ മരിച്ചു എന്നതിനാൽ, അവർ അവന്റെ കാൽ ഒടിച്ചില്ല. അവന്റെ അസ്ഥികൾ ഒന്നും ഒടിഞ്ഞില്ല. ഇത് പ്രവചന നിവൃത്തിയാണ്. യേശു മശീഹ ആണ് എന്നതിന്റെ തെളിവാണ്.

 

വിലാപ്പുറത്തു കുത്തി

 

എന്നാൽ, ഇതിനാൽ തീർച്ചയാകാതെ, യേശുവിന്റെ മരണം ഒന്നുകൂടി ഉറപ്പിക്കുവാനായി “പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.”

 

യോഹന്നാൻ 19:34

എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

 

ഇതിനെക്കുറിച്ച് ദൈവ ശാസ്ത്രപരമായും, വൈദ്യ ശാസ്ത്രത്തിലും വിശദീകരണങ്ങൾ ഉണ്ട്. ഇതെല്ലാം തെളിയിക്കുന്നത് ഒരു സത്യം ആണ്, യേശുക്രിസ്തു ക്രൂശിൽ വച്ചുതന്നെ മരിച്ചു. അവന്റെ ശരീരത്തിലെ രക്തം മുഴുവൻ വർന്നു പുറത്തേക്ക് ഒഴുകി. ഇത് യേശുക്രിസ്തുവിന്റെ മരണത്തിന്റെ അന്തിമത്വം പ്രഖ്യാപിക്കുന്നു.

 

ഈ സംഭവത്തിന് യോഹന്നാൻ ദൃക്സാക്ഷിയാണ്. അവന്റെ സാക്ഷ്യം സത്യമാണ്. ദൃക്സാക്ഷികളുടെ സാക്ഷ്യം തെളിയിക്കുവാൻ മറ്റ് തെളിവുകൾ ആവശ്യമില്ല. കാരണം, അവൻ അത് കണ്ടതാണ്.

 

ഈ അവസരത്തിൽ യോഹന്നാൻ മറ്റൊരു പ്രവചന നിവൃത്തി കൂടി ഓർത്തെടുക്കുന്നു. ഭാവിയിൽ, യേശുവിനെ ക്രൂശിച്ച യഹൂദ ജനം, അവർ കുത്തിയ യേശുവിങ്കലേക്ക് വിടുതലിനായി നോക്കി വിലപിക്കും. അവർ കൊന്നത് മശീഹയെ ആണ് എന്നു അവർ തിരിച്ചറിയും. “ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.”    

 

സെഖർയ്യാവ് 12:10

ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.

 

ഈ സംഭവങ്ങളുടെ സത്ത എന്നാണ് എന്നു മർക്കോസ് 15 ൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ മരണത്തിന്റെ അവസാന നിമിഷങ്ങൾ കണ്ട റോമൻ ശതാധിപന്റെ പ്രതികരണം ആണിത്. 

 

മർക്കോസ് 15:39

അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.

 

പീലാത്തൊസ് മരണം സ്ഥിരീകരിച്ചു

 

യേശു ക്രൂശിൽ മരിച്ചു കഴിഞ്ഞപ്പോൾ, അന്ന് ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാൾ ആയിരുന്നു എന്നതിനാൽ, യേശുവിന്റെ ശരീരം അടക്കം ചെയ്യുവാനായി അരിമഥ്യക്കാരനായ യോസേഫ്, പീലാത്തൊസിന്റെ അനുവാദം ചോദിച്ചു

 

മത്തായി 27:57-58

സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.

 

ശവശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നു യഹൂദന്മാർക്ക് പ്രമാണം ഉണ്ടായിരുന്നു എന്നു യോഹന്നാൻ 19:31 ൽ പറയുന്നു.

 

ആവർത്തനം 21:22-23

ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

 

യോസേഫ് ന്റെ ആവശ്യം കേട്ട പീലാത്തൊസ്, യേശു മരിച്ചുകഴിഞ്ഞോ എന്നു ആശ്ചര്യപ്പെട്ടു. കാരണം ക്രൂശീകരണം സാവധാനം ഉള്ള മരണം ആയിരുന്നു. ക്രൂശിക്കപ്പെടുന്ന ഒരുവൻ സാധാരണയായി 6 മണിക്കൂര്‍ മുതല്‍ 4 ദിവസങ്ങൾക്കുള്ളിലെ മരിക്കുകയുള്ളൂ. യേശുക്രിസ്തു 6 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതാണ് പീലാത്തൊസിനെ ആശ്ചര്യപ്പെടുത്തിയത്. അവൻ യേശു മരിച്ചുകഴിഞ്ഞുവോ എന്നു റോമൻ പടയാളികളുടെ ശതാധിപനോട് ചോദിച്ചു ഉറപ്പാക്കി (മർക്കോസ് 15:44). അങ്ങനെ യേശുക്രിസ്തു ക്രൂശിൽ മരിച്ചു എന്നു റോമൻ സാമ്രാജ്യം സാക്ഷ്യപ്പെടുത്തി.

 

മർക്കോസ് 15:44-45

അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.

 

മഹാപുരോഹിതന്മാരുടെ സാക്ഷ്യം

 

യേശുക്രിസ്തു മരിച്ച ദിവസം തന്നെ, അരിമത്യയിലെ യോസേഫും, നിക്കൊദേമൊസും ചേർന്ന് അവന്റെ ശരീരം, യോസേഫിന്റെ തോട്ടത്തിൽ പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ വെച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചു. അങ്ങനെ യഹൂദന്മാരുടെ ആചാരപ്രകാരം യേശുവിനെ അടക്കം ചെയ്തു. (മത്തായി 27:60, മർക്കോസ് 15:46, യോഹന്നാൻ 19:38-42).

 

ഈ ചരിത്രം ഇവിടെ തീരുന്നില്ല. സൂര്യൻ അസ്തമിച്ച ശേഷം, പെസഹനാളിന്റെ ആരംഭത്തിൽ, (“ഒരുക്കനാളിന്റെ പിറ്റെ ദിവസം” മത്തായി 27:62) മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നു. യേശുക്രിസ്തു ജീവിച്ചിരുന്നപ്പോൾ, അവൻ മരിച്ചിട്ടു മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞിരുന്നു എന്നു അറിയിച്ചു. അതൊരു ഗൂഡാലോചന ആണ് എന്നു അവർ സംശയിക്കുന്നു. അവന്റെ ശിഷ്യന്മാർ, അവന്റെ ശരീരം മോഷ്ടിക്കുവാനും, അവൻ ഉയിർത്തെഴുന്നേറ്റു എന്നു അവകാശപ്പെടുവാനും സാധ്യതയുണ്ട്. അതിനാൽ അവന്റെ കല്ലറയ്ക്കൽ കാവൽ ഏർപ്പെടുത്തേണം. ഇതായിരുന്നു അവരുടെ ആവശ്യം. പീലാത്തൊസ് അത് അനുവദിച്ചുകൊടുത്തു. പടയാളികൾ കല്ലറയുടെ വാതിൽക്കൽ ഉണ്ടായിരുന്ന കല്ല് മുദ്ര വച്ച് ഉറപ്പാക്കി, കാവൽ കൂട്ടത്തെ നിറുത്തി (മത്തായി 27:62-66).

 

മത്തായി 27:66

അവർ (മഹാപുരോഹിതന്മാരും പരീശന്മാരും) ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

 

യേശുക്രിസ്തു മരിച്ചു എന്നും, അവന്റെ ശരീരം അരിമഥ്യക്കാരനായ യോസേഫിന്റെ വകയായ ഒരു കല്ലറയിൽ അടക്കം ചെയ്തു എന്നും മഹാപുരോഹിതന്മാർക്കും, പരീശന്മാർക്കും യാതൊരു സംശയവും ഇല്ല. ഈ കല്ലറയുടെ വാതിലിൽ ഉള്ള കല്ല് ആണ് മുദ്രവച്ച് ഉറപ്പാക്കിയത്. ഇവിടെയാണ് അവർ കാവൽ ഏർപ്പെടുത്തിയത്. അവർക്കു സംശയം ഉള്ളത് യേശുവിന്റെ ഉയിർപ്പ് എന്നതിൽ മാത്രമാണ്. യേശുവിന്റെ ഉയിർപ്പിന് ശേഷവും, അവർ അവന്റെ മരണത്തെ നിഷേധിച്ചില്ല, എന്നാൽ ഉയിർപ്പിനെ തള്ളിക്കളഞ്ഞു.

 

ശിഷ്യന്മാർ മരണത്തെ പ്രസംഗിച്ചു

 

യേശുവിന്റെ ശിഷ്യന്മാർ അവന്റെ മരണത്തെ യഹൂദന്മാരുടെയും, യവനന്മാരുടെയും ഇടയിൽ പ്രസംഗിച്ചു എന്നതും, അവൻ ക്രൂശിൽ മരിച്ചു എന്നതിന്റെ ശക്തമായ തെളിവാണ്. കാരണം, യേശു മരിച്ചു എന്നതും, അവൻ ക്രിസ്തുവാണ് എന്നതും ഒരുപോലെ യഹൂദന്മാരെയും, യവനന്മാരെയും വിശ്വസിപ്പിക്കുക പ്രയാസമായിരുന്നു. അതിനാൽ അങ്ങനെ ഒരു കഥ അവർ രൂപീകരിക്കുക ഇല്ലായിരുന്നു. അതൊരു സങ്കൽപ്പിക കഥ ആയിരുന്നു എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ അവർ സുവിശേഷം പ്രസംഗിക്കുക ഇല്ലായിരുന്നു. എന്നാൽ യേശുക്രിസ്തു ക്രൂശിൽ മരിച്ചു എന്നത് സത്യം ആണ് എന്നതിനാൽ, മറ്റൊന്നും അവർക്ക് പ്രസംഗിക്കുവാൻ കഴിഞ്ഞില്ല.

 

യേശുക്രിസ്തുവിന്റെ ജീവിതത്തിലെ രണ്ടു സംഭവങ്ങളെ വിശദീകരിക്കുവാൻ ശിഷ്യന്മാർക്ക് പ്രയാസം തോന്നിക്കാണും. ഒന്ന് അവന്റെ സ്നാനവും, രണ്ടാമത്തേത് അവന്റെ മരണവും ആണ്. സുവിശേഷ ഗ്രന്ഥങ്ങളിലെ ചരിത്ര വിവരണം സത്യം ആണ് എന്നു തെളിയിക്കുന്ന രണ്ട് സംഭവങ്ങൾ ആണിവ. ശിഷ്യന്മാർ ഈ രണ്ടു സംഭവങ്ങളും സങ്കൽപ്പികമായി സൃഷ്ടിക്കുക ഇല്ല. കാരണം, ഇവ രണ്ടും യേശുവിന്റെ ദൈവീകത്വവും, യഹൂദ, യവന തത്വചിന്തകളുമായി ചേർന്ന് പോയില്ല. എന്നാൽ അവ രണ്ടും ചരിത്ര സംഭവങ്ങൾ ആണ്. അതിനാൽ അതിനെക്കുറിച്ച് അവർ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു.

 

യേശുക്രിസ്തുവിന്റെ സ്നാനം ശിഷ്യന്മാർക്ക് വിശദീകരിക്കുവാൻ പ്രായസമുള്ളതായത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.

 

ഒന്ന്: യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും ആദ്യകാല വിശ്വാസികളും യഹൂദന്മാര്‍ ആയിരുന്നു. യഹൂദ പശ്ചാത്തലത്തില്‍ നിന്നും വന്ന ഇവര്‍ ഒരിയ്ക്കലും, യോഹന്നാന്‍ സ്നാപകന്‍ എന്ന പ്രവാചകന്‍ അവരുടെ ഗുരുവും ദൈവവുമായിരിക്കുന്ന യേശുവിനെ സ്നാനപ്പെടുത്തി എന്നൊരു കഥ വ്യാജമായി സൃഷ്ടിക്കുക ഇല്ല. കാരണം സ്നാനപ്പെടുത്തുന്ന വ്യക്തി സ്നാനപ്പെടുന്ന വ്യക്തിയെക്കാള്‍ ആത്മീയമായി ഉയര്‍ന്നു നില്‍ക്കുന്നു എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അങ്ങനെ യോഹന്നാന്‍ ആണ് യേശുവിനെക്കാള്‍ ആത്മീയമായി ഉയര്‍ന്നവന്‍ എന്ന ചിന്ത ശിഷ്യന്‍മാര്‍ക്കോ ആദ്യ കാല ക്രിസ്തീയ വിശ്വാസികള്‍ക്കൊ അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. അവർ അങ്ങനെ എഴുതിയിട്ടില്ല. എന്നാൽ യോഹന്നാൻ സ്നാപകൻ ആണ് യേശുവിനെ സ്നാനപ്പെടുത്തിയത് എന്നു അവർ വിശദമായി രേഖപ്പെടുത്തി. കാരണം അത് ഒരു ചരിത്ര സംഭവം ആയിരുന്നു.

 

രണ്ട്: യോഹന്നാന്‍ “പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം” ആണ് നല്കിയത് (മർക്കോസ് 1:4). അവൻ യഹൂദന്മാരെയാണ് വെള്ളത്തിൽ സ്നാനപ്പെടുത്തിയത്. എന്നാല്‍ യേശുക്രിസ്തു പാപരഹിതന്‍ ആയിരുന്നു എന്നു ക്രിസ്തീയ വിശ്വാസികള്‍ വിശ്വസിച്ചു. അതിനാൽ പാപരഹിതനായ മശീഹയുടെ സ്നാനം വിശദീകരിക്കുവാന്‍ പ്രയാസമുള്ളത് ആയിരുന്നു. അതിനാല്‍ ഇത്തരമൊരു കഥ ശിഷ്യന്മാർ വ്യാജമായി സൃഷ്ടിച്ചെടുക്കുകയില്ല.

 

എന്നാല്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്നാനം സ്വീകരിച്ചു എന്നത് ഒരു ചരിത്ര സത്യമായിരുന്നതിനാല്‍ അപ്പോസ്തലന്‍മാര്‍ക്കും ആദ്യകാല വിശ്വാസികള്‍ക്കും അത് സമ്മതിക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ടി വന്നു.

 

അതുപോലെതന്നെ, റോമന്‍ സാമ്രാജ്യത്താല്‍ ക്രൂശിക്കപ്പെട്ട മശീഹ എന്ന ആശയവും ശിഷ്യന്മാരുടെ സങ്കൽപ്പിക സൃഷ്ടിയല്ല. ജാതീയ ഭരണാധികാരികളാൽ ക്രൂശിക്കപ്പെടുന്ന മശീഹ എന്ന ചിന്തയോട്, യഹൂദന്മാർക്ക് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നു. ഇത് അവരുടെ മശീഹ സങ്കൽപ്പത്തിന് എതിരാണ്. യഹൂദന്റെ വിടുതലിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ടവൻ ആണ് മശീഹ (mashiach - anointed one, chosen one). യഹൂദന്മാർ പ്രതീക്ഷിക്കുന്ന മശീഹ, അവരുടെ ശത്രുക്കളെ എന്നന്നേക്കുമായി തോല്‍പ്പിച്ചു, അവരുടെ വാഗ്ദത്ത ദേശത്തെ ശത്രുക്കളുടെ അധീനതയിൽ നിന്നു എന്നന്നേക്കുമായി മോചിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന രാജാവാണ്. അവന്‍ സ്ഥിരമായ ഒരു രാജത്വം യെരൂശലേമില്‍ സ്ഥാപിക്കും.

 

എന്നാല്‍ യേശു ബലഹീനനും, സൈന്യമില്ലാത്തവനും, യുദ്ധം ചെയ്യുവാന്‍ അറിയാത്തവനും ആയിരുന്നു. അവനെ റോമന്‍ സൈന്യം പിടിച്ചപ്പോള്‍, സ്വയം രക്ഷിക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. ശത്രുക്കള്‍ യേശുവിനെ അതിക്രൂരമായി, നിന്ദ്യമായി ക്രൂശില്‍ തറച്ചു കൊന്നു. അവന്‍ ദൈവത്തെ സ്വന്ത പിതാവ് എന്നു വിളിച്ചു എങ്കിലും, അവനെ റോമന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവം എത്തിയില്ല. അവന്റെ ശിഷ്യന്മാര്‍ അവനെ ഉപേക്ഷിച്ചു. ഒരു ശിഷ്യന്‍ തന്നെ അവനെ ഒറ്റിക്കൊടുത്തു. അവനെ റോമന്‍ പടയാളികള്‍ അടിച്ചു, മുള്‍കിരീടം അണിയിച്ചു, പരിഹസിച്ചു, വിചാരണ ചെയ്തു, ക്രൂശിച്ചു.

 

മശീഹയെ ശത്രുക്കൾ ഒരു ബലഹീനനായ മനുഷ്യനെ എന്നപോലെ പിടിക്കുക, പീഡിപ്പിക്കുക, കൊല്ലുക എന്നത് യഹൂദ വിശ്വാസത്തോടു ചേർന്ന് പോയില്ല. അതിനാൽ അവന്റെ മരണം യഹൂദന്‍മാര്‍ക്ക് ഒരു ഇടര്‍ച്ച കല്ലായി. അവര്‍ക്ക് യേശുവിനെ മശീഹ ആയി സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല.

 

അതിനാൽ, യഹൂദന്മാരായ ശിഷ്യന്മാർ, റോമൻ അധികാരികളാൽ ക്രൂശിക്കപ്പെട്ട, മരിച്ചു, അടക്കപ്പെട്ട യേശു എന്നൊരു സങ്കൽപ്പിക കഥയുമായി സുവിശേഷം പ്രസംഗിക്കുവാൻ തയ്യാറാകുകയില്ല. എന്നാൽ സത്യം അതായതുകൊണ്ടു അവർ അങ്ങനെ പ്രസംഗിച്ചു.

 

അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 2:36

ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

 

യഹൂദന്മാരും, യവനന്മാരും യേശുവിന്റെ ക്രൂശ് മരണത്തെ സാങ്കൽപ്പികം എന്നു പറഞ്ഞു തള്ളിക്കളഞ്ഞില്ല. എന്നാൽ അവർക്ക് ദൈവമായ യേശുവിന്റെ ക്രൂശീകരണം എന്നതിനോട് യോജിക്കുവാനായില്ല.

 

യവനന്മാരും, ദൈവമായ യേശു എന്ന രക്ഷകന്റെ ക്രൂശിലെ മരണത്തെ വിഡ്ഡിത്തം നിറഞ്ഞ ഒരു ആശയമായി കണ്ടു. ക്രൂശീകരണം അക്കാലത്തെ ഏറ്റവും ഹീനവും ക്രൂരവുമായ ശിക്ഷ ആയിരുന്നു. രാജ്യദ്രോഹികളേയും ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരേയും മാത്രമേ ക്രൂശിക്കാറുള്ളായിരുന്നു. അതിനാല്‍ യേശുവിനെ ക്രൂശിച്ചു കൊന്നു എന്നത് യേശുവിന്റെ ദൈവീകത്വത്തോടു പൊരുത്തപ്പെടുത്തി വിശദീകരിക്കുന്നത് ശ്രമകരം ആയിരുന്നു. ദൈവമായ യേശു എങ്ങനെ മനുഷ്യരാല്‍ ക്രൂശിക്കപ്പെട്ടു മരിച്ചു എന്നതായിരുന്നു ഗ്രീക്ക് ചിന്തകരുടെ ചോദ്യം. അതുകൊണ്ടു തന്നെ, അത് ചരിത്ര സത്യം അല്ലായിരുന്നു എങ്കില്‍ ഒരിയ്ക്കലും അപ്പോസ്തലന്മാര്‍ അങ്ങനെ പ്രസംഗിക്കുക ഇല്ലായിരുന്നു.

 

ഈ പശ്ചാത്തലത്തിലാണ് പൌലൊസ് കൊരിന്ത്യർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിൽ, “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” എന്നു എഴുതിയത്.

 

1 കൊരിന്ത്യര്‍ 1:22-23

യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

പൌലൊസ് പ്രധാനമായും ജാതീയരായിരുന്ന യവനന്‍മാരുടെ ഇടയിലാണ് സുവിശേഷം അറിയിച്ചത്. യവനന്‍മാര്‍ തത്വജ്ഞാനത്തില്‍ പ്രസിദ്ധര്‍ ആയിരുന്നു. അവർ സുവിശേഷത്തെ, വിഡ്ഡിത്തം നിറഞ്ഞ, ഭോഷത്തമായ ഒരു കെട്ടുകഥയായാണ് കണ്ടത്. അതില്‍ അവരുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവം മനുഷ്യന്റെ ശരീരം സ്വീകരിച്ച് ഭൂമിയില്‍ ജനിക്കുക എന്നത് അവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത സംഭവം ആയിരുന്നു. കാരണം മനുഷ്യന്റെ ശരീരം തിന്‍മയും, ബലഹീനവും, നശ്വരവുമാണ്. ദൈവത്തിന്നു തിന്‍മയാകുവാനോ, ബലഹീനമാകുവാനോ, നശ്വരമാകുവാനോ കഴിയുക ഇല്ല. മനുഷ്യനു ഒരിയ്ക്കലും, ദൈവത്തെ ഒരു കള്ളനെ എന്നപോലെ പിടിക്കുവാനോ, വിചാരണ ചെയ്യുവാനോ, ഉപദ്രവിക്കുവാനോ, കൊല്ലുവാനോ സാധ്യമല്ല. മനുഷ്യനായുള്ള ദൈവത്തിന്റെ അവതാരം അസാദ്ധ്യമാണ് എന്നു യവനന്‍മാര്‍ വാദിച്ചു.

 

മനുഷ്യന്റെ രക്ഷകനായി ജനിച്ചവന്റെ മരണം ആയിരുന്നു യവനന്‍മാര്‍ക്ക് ഏറ്റവും പ്രയാസമുള്ളതായി തോന്നിയത്. മാനവരാശിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി ജനിച്ചവന്‍ മരിച്ചാല്‍ അവനിലൂടെ എങ്ങനെ രക്ഷയും നിത്യജീവനും ഉണ്ടാകും? ദൈവ പുത്രനായ ക്രിസ്തുവിന്റെ മരണം ഒരു ദൈവ ദൂഷണമായി അവര്‍ കരുതി. ദൈവത്തിന്റെ സര്‍വ്വാധിപത്യവും, മനുഷ്യന്റെ ദാസ്യത്വവും; ദൈവത്തിന്റെ പാപമില്ലാത്ത അവസ്ഥയും, മനുഷ്യന്റെ പാപത്തിന്റെ ശിക്ഷയും; ദൈവീക മഹത്വവും, മനുഷ്യന്റെ ദുരിതവും -  ഇതെല്ലാം ഒരുമിച്ച് ചേരുകയില്ല എന്നു അവര്‍ വാദിച്ചു. റോമന്‍ ഭരണകൂടം ഒരു രാജ്യദ്രോഹിയെപ്പോലെ ക്രൂശില്‍ തറച്ച് കൊന്ന ഒരു മനുഷ്യനു നിത്യജീവന്‍ നല്കുവാന്‍ കഴിയും എന്നത് ഒരു വിഡ്ഡിത്തം നിറഞ്ഞ ആശയം ആണ്. പാപിയായ മനുഷ്യരെപ്പോലെ കഷ്ടത അനുഭവിച്ച ഒരുവന് ദൈവത്തിന്റെ മഹത്വത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുവാന്‍ കഴിയും എന്നത് ഭോഷ്ക്കാണ്. ഇതെല്ലാം ആയിരുന്നു യവനൻമാരുടെ വാദങ്ങൾ.

 

അങ്ങനെയാണ് ക്രൂശിക്കപ്പെട്ട ക്രിസ്തു ജാതികൾക്കു ഭോഷത്വമായത്. (1 കൊരിന്ത്യര്‍ 1:23, 24). എങ്കിലും പൌലൊസ് എഴുതി, “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കൊരിന്ത്യര്‍ 1:23). കാരണം യേശുവിന്റെ മരണം ഒരു ചരിത്ര സത്യമാണ്. അത് ദൈവം മനുഷ്യനായി ക്രമീകരിച്ച വീണ്ടെടുപ്പ് പദ്ധതിയിലെ പ്രധാന സംഭവം ആണ്. ക്രിസ്തുവിന്റെ മരണം ഇല്ലാതെ അവന്റെയും, രക്ഷിക്കപ്പെടുന്നവരുടെയും, ഉയിർപ്പ് ഇല്ല. ക്രിസ്തുവിന്റെ മരണം ഇല്ലാതെ സുവിശേഷം ഇല്ല.


 
ഉയിർപ്പിനോടുള്ള സാദൃശ്യം

 

നമ്മളുടെ രക്ഷ സമ്പൂർണ്ണമായി നിവർത്തിക്കപ്പെടുന്നതിന് മൂന്ന് ഘട്ടങ്ങൾ ഉണ്ട്. അവ, രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും എന്നിവയാണ്. ഇവയെ, നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം എന്നിങ്ങനെ വിശേഷിപ്പിക്കാം. നീതീകരണം എന്നത് യേശുക്രിസ്തുവിലുള്ള ഉള്ള ഒരു രക്ഷിക്കപ്പെട്ട വിശ്വാസിയുടെ അവസ്ഥയാണ്. (position in Christ). വിശുദ്ധീകരണം, പാപത്തിന്റെ അധികാരത്തിൽ നിന്നുള്ള മോചനം ആണ്. ഇത് ഒരു തുടർ പ്രക്രിയ ആണ് (being saved from the power of sin). തേജസ്കരണം ഭാവിയിലെ പ്രത്യാശയാണ്. അത് പാപത്തിന്റെ സാന്നിധ്യത്തിൽ നിന്നുള്ള എന്നന്നേക്കുമായ രക്ഷയാണ് (will be saved from the presence of sin). നമ്മളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു, നമ്മൾ പാപത്തോടു എതിർത്തുകൊണ്ടു ജീവിക്കുന്നു, ഭാവിയിൽ നമ്മൾ പാപത്തിന്റെ സാന്നിദ്ധ്യം ഇല്ലാത്ത അവസ്ഥയിലും, ഇടത്തും നിത്യമായി ജീവിക്കും.

 

റോമര്‍ 8:23-24

ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?

 

എഫെസ്യർ 2:8

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

 

1 കൊരിന്ത്യര്‍ 1:18

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന (being saved - ESV) നമുക്കോ ദൈവശക്തിയും ആകുന്നു.

 

റോമര്‍ 5:9-10

അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.

 

1 പത്രൊസ് 1:3-5

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും, ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.

 

ഇതിന്റെ എല്ലാം അര്‍ത്ഥം, നമ്മള്‍ രക്ഷിക്കപ്പെട്ടു, ഇപ്പോള്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇനിയും രക്ഷിക്കപ്പെടും. നമ്മളിലെ പഴയ മനുഷ്യൻ മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു, പൂർണ്ണമായി മരിക്കും. നമ്മൾ ഉയിർത്തിരിക്കുന്നു, ഉയിർപ്പിൽ ജീവിക്കുന്നു, ഭാവിയിൽ ഉയിർപ്പിക്കപ്പെടും. നമ്മൾ രക്ഷിക്കപ്പെട്ടപ്പോൾ, യേശുക്രിസ്തുവിനോടൊപ്പം മരിച്ചു, അടക്കപ്പെട്ടു, പുതിയ മനുഷ്യൻ ഉയിർത്തെഴുന്നേറ്റു. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഈ ഉയിർപ്പിന്റെ അനുഭവത്തിൽ ആണ്. ഇനി കർത്താവിന്റെ രണ്ടാമത്തെ വരവിങ്കൽ നമ്മൾ രൂപാന്തരം പ്രാപിക്കുകയോ, പുനരുത്ഥാനം പ്രാപിക്കുകയോ ചെയ്യും.

 

റോമർ 6:4-5

അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

 

റോമർ 6:11

അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.

 

കൊലൊസ്സ്യർ 2:12

സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.

 

കൊലൊസ്സ്യർ 3:1

ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.

 

ഈ വാക്യങ്ങൾ എല്ലാം പറയുന്നത്, നമ്മൾ രക്ഷിക്കപ്പെട്ടപ്പോൾ, നമ്മളിലെ പഴയ മനുഷ്യൻ മരിക്കുകയും, അടക്കപ്പെടുകയും, നമ്മളിലെ പുതിയ മനുഷ്യൻ ക്രിസ്തുവിനോടൊപ്പം ഉയിർക്കുകയും ചെയ്തു. ഇപ്പോൾ നമ്മൾ ഉയിർപ്പിന്റെ “ജീവന്റെ പുതുക്കത്തിൽ” ആണ് ജീവിക്കുന്നത് (റോമർ 6:4). നമ്മൾ “ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ” ആണ് (റോമർ 6:11).

 

എന്നാൽ, ഒരുവൻ മരിക്കാതെ ഉയിർക്കുകയില്ല. മരിക്കാത്ത ഒരുവന് ഉയിർത്തെഴുന്നേൽക്കുവാൻ സാദ്ധ്യമല്ല. അതിനാൽ നമ്മളിലെ ജഡീക മനുഷ്യൻ മരിക്കാതെ, ക്രിസ്തുവിൽ പുതിയ മനുഷ്യൻ ഉയിർക്കില്ല.

 

ക്രിസ്തു മരിച്ചു എന്നതിന് ശത്രുക്കൾ സാക്ഷിയാണ് എന്നതുപോലെ നമ്മളിലെ പഴയ മനുഷ്യൻ മരിച്ചു എന്നതിന് ശക്തമായ, ശത്രുക്കൾക്ക് പോലും നിഷേധിക്കുവാൻ കഴിയാത്ത, തെളിവുകൾ ഉണ്ടായിരിക്കേണം. പഴയ മനുഷ്യനും, പുതിയ മനുഷ്യനും, വ്യത്യസ്തങ്ങൾ ആയ ജീവിത രീതികളും, കാഴ്ചപ്പാടുകളും, ലക്ഷ്യങ്ങളും ഉള്ളവർ ആണ്. മുകളിൽ നമ്മൾ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളിൽ ഉയിർത്തെഴുന്നേറ്റവരുടെ ചില സവിശേഷതകൾ പറയുന്നുണ്ട്. അവർ, “ജീവന്റെ പുതുക്കത്തിൽ” നടക്കുന്നവർ ആണ് (റോമർ 6:4), “ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ” ആണ് (റോമർ 6:11), അവർ “ഉയരത്തിലുള്ളതു അന്വേഷി”ക്കുന്നവർ ആണ് (കൊലൊസ്സ്യർ 3:1).




No comments:

Post a Comment