ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം

കൊലൊസ്സ്യർ 4:16

നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ.

 

ലവൊദിക്ക്യ എന്ന സ്ഥലത്തെ ക്രിസ്തീയ സഭയ്ക്ക്, അപ്പൊസ്തലനായ പൌലൊസ് ഒരു ലേഖനം, അഥവാ എഴുത്ത് എഴുതിയിരുന്നുവോ? എഴുതിയിരുന്നു എങ്കിൽ, അതിന് പിന്നീട് എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് ഈ ലേഖനത്തെ വേദപുസ്തകത്തിൽ ഉൾപ്പെടുത്താതെ ഇരുന്നത്? പൌലൊസ് ഇങ്ങനെ ഒരു ലേഖനം എഴുതിയിരുന്നു എങ്കിൽ, അതിന്റെ മൂലകൃതിയോ, പതിപ്പോ ഇപ്പോൾ ലഭ്യമാനോ? ഇപ്പോൾ എന്തെങ്കിലും ലഭ്യമാണ് എങ്കിൽ അത് പൌലൊസ് തന്നെ എഴുതിയതാണോ?

 

ഈ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം, അപ്പൊസ്തലനായ പൌലൊസ് ലവൊദിക്ക്യർക്ക് എഴുതിയതായി പറയപ്പെടുന്ന ലേഖനത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല, എന്നതാണ്. എന്നാൽ ഇതിനെക്കുറിച്ച് ചില വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ വേദപണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. അതിൽ ചിലത് എന്താണ് എന്നു ഈ ഹൃസ്വ പഠനത്തിൽ വിവരിക്കുന്നു.

 

പശ്ചാത്തലം

 

പൌലൊസിന്റെ, ഏകദേശം എല്ലാ ലേഖനങ്ങളും, ഒരു പ്രത്യേക സഭയെയോ, വ്യക്തിയെയോ, അഭിസംബോധന ചെയ്താണ് എഴുതിയിട്ടുള്ളത്. എന്നാൽ അത് മറ്റ് പ്രാദേശിക ക്രൈസ്തവ സഭകളിലും കൈമാറി വായിക്കാറുണ്ടായിരുന്നു. ഇതു നമുക്ക് കൊലൊസ്സ്യർ 4:16 ൽ നിന്നും മനസ്സിലാക്കാം. പൌലൊസ് എഴുതുന്ന അതേ കത്ത് തന്നെ സഭകൾ പരസ്പരം കൈമാറിയിരുന്നുവോ, അതോ, കത്തിന്റെ പകർപ്പുകൾ എടുത്ത് മറ്റ് സഭകളിലെക്ക് കൊടുത്തു വിട്ടിരുന്നുവോ,  എന്നു നമുക്ക് തീർച്ചയില്ല. ഒന്നിലധികം സഭകളിൽ അദ്ദേഹത്തിന്റെ കത്ത് വായിക്കാറുണ്ടായിരുന്നു എന്നതിനാൽ, യഥാർത്ഥ കത്തിന്റെ ഒന്നിലധികം പകർപ്പുകൾ അക്കാലത്ത് തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു.

 

ഇങ്ങനെ അനേകം പകർപ്പുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിനാൽ, അനുകരിക്കുന്നതിൽ താല്പര്യംഉള്ളവർ വ്യാജമായ ലേഖനങ്ങളും പൌലൊസിന്റെ പേരിൽ പ്രചരിപ്പിച്ചിരുന്നു. സ്വന്തമായി എഴുതുന്ന കൃതികൾ പ്രശസ്തരായ വ്യക്തികളുടെ പേരിൽ പ്രസിദ്ധീകരിക്കുക എന്ന രീതിയും അക്കാലത്ത് ഉണ്ടായിരുന്നു. ഇതിനെ സ്യൂഡ് എപ്പിഗ്രാഫിക്കല്‍ കൃതികൾ എന്നാണ് വിളിക്കുക (pseudepigraphical). “ഹാനോക്കിന്റെ പുസ്തകം” എന്നു അറിയപ്പെടുന്ന രചന, ഒരു ഉദാഹരണം ആണ്. ഈ വിവരങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നമുക്ക് പഠനം തുടരാം.

 

ലവൊദിക്ക്യ സഭ

 

അപ്പൊസ്തലന്മാരുടെ കാലത്ത്, ലവൊദിക്ക്യ എന്ന പട്ടണത്തിൽ ഒരു ക്രിസ്തീയ സഭ ഉണ്ടായിരുന്നു. ഈ സഭയെക്കുറിച്ച് ഒന്നിലധികം പരാമർശങ്ങൾ പുതിയനിയമത്തിൽ ഉണ്ട്. (കൊലൊസ്സ്യർ 2:1, 4:13, 15-16, വെളിപ്പാടു 1:11, 3:14-22). കൊലൊസ്സ്യ പട്ടണത്തിൽ നിന്നും ഏകദേശം 12 മൈൽ പടിഞ്ഞാറായി ലവൊദിക്ക്യ പട്ടണം സ്ഥിതിചെയ്തിരുന്നു. ഈ സ്ഥലം ഇന്നത്തെ തുർക്കി എന്ന രാജ്യത്തിലാണ് (Turkey).

അപ്പൊസ്തലനായ പൌലൊസ് കൊലൊസ്സ്യയിലെ സഭയ്ക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായം 16 ആം വാക്യത്തിൽ പരാമർശിക്കുന്ന ഒരു കത്താണ്, ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം എന്നു അറിയപ്പെടുന്നത്. ഇത് അദ്ദേഹം റോമിൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ, ഏകദേശം എ. ഡി. 60 നും 62 നും ഇടയിൽ എഴുതിയത് ആയിരിക്കേണം. ഈ കത്ത് കൊലൊസ്സ്യയിലെ സഭയിൽ വായിക്കേണം എന്നും കൊലൊസ്സ്യർക്ക് കൊടുത്തുവിട്ട കത്ത് ലവൊദിക്ക്യയിലെ സഭയിലും വായിക്കേണം എന്നും പൌലൊസ് നിർദ്ദേശിക്കുന്നു. എന്നാൽ ലഭ്യമായിരിക്കുന്ന യാതൊരു പുരാതന കൈയെഴുത്ത് പ്രതികളും ലവൊദിക്ക്യർക്കു എഴുതിയ ലേഖനമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു നഷ്ടപ്പെട്ടുപോയ ലേഖനം ആയി കണക്കാക്കപ്പെടുന്നു.

 

കൊലൊസ്സ്യർ 4:7-9 വാക്യങ്ങൾ അനുസരിച്ചു, കൊലൊസ്സ്യർക്ക് എഴുതിയ കത്ത് അവിടെ കൊണ്ടുപോയി കൊടുത്തത്, തിഹിക്കൊസ്, ഒനേസിമൊസ് (Tychicus, Onesimus) എന്നിവർ ആണ്. കൊലൊസ്സ്യയിലെ സഭയ്ക്കും, ഫിലേമോൻ നും പൌലൊസ് കത്ത് എഴുതുന്നതു ഒരേ സമയത്ത് തന്നെയാണ്. അതിനാൽ രണ്ടും തിഹിക്കൊസും, ഒനേസിമൊസും ചേർന്നാണ് സ്വീകർത്താക്കൾക്ക് എത്തിച്ചു കൊടുത്തത് എന്നു കരുതപ്പെടുന്നു. എഫെസ്യർ 6:21-22 പ്രകാരം, തിഹിക്കോസ് ആണ് എഫെസ്യയിലെ സഭയക്ക് എഴുതിയ കത്ത് എത്തിച്ചുകൊടുത്തത്. അതിനാൽ കൊലൊസ്സ്യർ 4:16 ൽ പരാമർശിക്കുന്ന ലവൊദിക്ക്യയ്ക്കുള്ള കത്ത് ഇവർ രണ്ട് പേരും കൂടെയോ, തിഹിക്കോസോ ആയിരിക്കേണം കൊണ്ട് ചെന്നു കൊടുത്തത്. പൌലൊസ് റോമിലെ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ എഴുതിയ മറ്റൊരു കത്താണ് “ഫിലിപ്പിയർക്ക് എഴുതിയ ലേഖനം”. ഇത് ആരുടെ പക്കൽ ആണ് കൊടുത്തയച്ചത് എന്നു തീർച്ചയില്ല. അതിനാൽ ഈ കത്തും തിഹിക്കോസ് ആയിരിക്കേണം കൊടുത്തത് എന്നു കരുതുന്നു.

 

എല്ലാ ക്രിസ്തീയ സഭകൾക്കും പ്രയോജനപ്പെടുന്ന വിവരങ്ങൾ ലവൊദിക്ക്യയിലെ സഭയക്ക് കൊടുത്ത കത്തിൽ ഉണ്ടായിരുന്നു കാണേണം. പ്രത്യേകിച്ച് കൊലൊസ്സ്യയിലെ സഭ അത് വായിച്ചിരിക്കേണം എന്നു പൌലൊസ് ആഗ്രഹിച്ചിരുന്നു.

കൊലൊസ്സ്യർക്ക് എഴുതിയ ലേഖനത്തിലെ വിഷയങ്ങൾക്കു സമാനമായ കാര്യങ്ങൾ തന്നെ ആയിരിക്കാം ലവൊദിക്ക്യർക്ക് എഴുതിയ ലേഖനത്തിലും ഉള്ളത്. ക്രിസ്തീയ വിശ്വാസ ജീവിതം നയിക്കുവാൻ സഹായിക്കുന്ന പ്രബോധനവും, പ്രോൽസാഹനവും, നിർദ്ദേശങ്ങളും വിഷയം ആയിരിക്കാം.

 

(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


വ്യത്യസ്ത അഭിപ്രായങ്ങൾ

 

അപ്പൊസ്തലനായ പൌലൊസ് ലവൊദിക്ക്യർക്ക് എഴുതിയതായി പറയപ്പെടുന്ന ലേഖനത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളിൽ ചിലത് ഇതെല്ലാം ആണ്.


1.     പൌലൊസ് ലവൊദിക്ക്യ പട്ടണത്തിൽ താമസിക്കുമ്പോൾ കൊലൊസ്സ്യർക്ക് എഴുതിയ ഒരു കത്താണ് ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം എന്നു പരാമർശിക്കപ്പെട്ടത്. എന്നാൽ ഈ വാദത്തിൽ അൽപ്പം പോലും കഴമ്പില്ല. കാരണം, ഇവിടെയുള്ള വിശ്വാസികളുമായി പൌലൊസിന് മുഖപരിചയം ഇല്ല. പൌലൊസ് ഈ പട്ടണങ്ങളിൽ പോയിട്ടില്ല. കൊലൊസ്സ്യ, ലവൊദിക്ക്യ, ഹിയരപൊലി എന്നീ പട്ടണങ്ങളിൽ സുവിശേഷം എത്തിച്ചത് എപ്പഫ്രാസ് ആയിരിക്കാം (കൊലൊസ്സ്യർ 4:12-13, Laodicea, Colossae, Hierapolis).


കൊലൊസ്സ്യർ 2:1-2

നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി, അവർ ക്രിസ്തുവെന്ന ദൈവ മർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.

 

കൊലൊസ്സ്യർ 4:12-13

നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി.


2.   കൊലൊസ്സ്യർ 4:16 ൽ പരാമർശിക്കുന്ന കത്ത്, ലവൊദിക്ക്യ സഭയിൽ നിന്നും കൊലൊസ്സ്യർക്ക് കൊടുത്തയച്ച ഒരു എഴുത്ത് ആണ്. അത് ലവൊദിക്ക്യയിലെ സഭ എഴുതിയതാണ്, പൌലൊസ് എഴുതിയത് അല്ല. അത് പൌലൊസിന്റെ പേരിൽ, അദ്ദേഹത്തിന്റെ സഹായികൾ എഴുതിയ കത്തും അല്ല.

 

3.   പൌലൊസ് ലവൊദിക്ക്യ സഭയക്ക് ഒരു കത്ത് എഴുതിയിട്ടുണ്ടാകാം. എന്നാൽ അത് നഷ്ടപ്പെട്ടു പോയി. അതിനാൽ പുതിയനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ ചരിത്രകാരന്മാർ ആരും ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് പറയുന്നില്ല. പുതിയനിയമത്തിൽ ഉൾപ്പെടാത്ത കൃതികളുടെ പട്ടികയിലും ഇങ്ങനെ ഒരു ലേഖനം പരാമർശിക്കപ്പെടുന്നില്ല. അതിനാൽ അത് എങ്ങനെയോ വളരെ നേരത്തേ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകാം.


4.   എഫെസ്യർക്ക് പൌലൊസ് എഴുതിയ ലേഖനവും, ലവൊദിക്ക്യർക്ക് എഴുതിയ ലേഖനവും ഒന്നുതന്നെയാണ്. ഈ ലേഖനം പല സഭകളിൽ പ്രചാരത്തിൽ ആയിരുന്നു. പൌലൊസ് കൊലൊസ്സ്യർക്ക് ലേഖനം എഴുതുന്ന സമയത്ത് അത് ലവൊദിക്ക്യ സഭയിൽ വായിക്കുക ആയിരുന്നു. അതിനാൽ ഈ കത്ത് ലവൊദിക്ക്യയിൽ നിന്നും വാങ്ങി വായിക്കേണം എന്നു പൌലൊസ് കൊലൊസ്സ്യരെ ഓർമ്മിപ്പിക്കുന്നു. 


ഈ വാദത്തിനാണ് കൂടുതൽ പിന്തുണ ഉള്ളത്. എഫെസ്യർക്ക് എഴുതിയ ലേഖനവും, കൊലൊസ്സ്യർക്ക് എഴുതിയ ലേഖനവും തമ്മിൽ വളരെ സാമ്യം ഉണ്ട്. അതിനാൽ ഇത് രണ്ടും പൌലൊസിന്റെ എഴുത്തുകൾ ആണ് എന്നു തീർച്ചയാക്കാം. പൌലൊസിന്റെ “കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ്” ആയിരുന്നു എഫെസ്യർക്ക് ഉള്ള കത്ത് അവിടെ എത്തിച്ചത് (Tychicus). അതിനാൽ അദ്ദേഹം അതിന്റെ ഒരു പകർപ്പ് എടുത്തു ലവൊദിക്ക്യ സഭയിലും കൊടുത്തിരിക്കാം. ഈ പകർപ്പ് കൊലൊസ്സ്യയിലെ സഭയിലും കൊടുക്കേണം എന്ന നിർദ്ദേശം ലവൊദിക്ക്യ സഭയക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ലേഖനത്തിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു.  


വ്യാജ കൃതികൾ

 

രണ്ട് പുരാതന കൃതികളെക്കുറിച്ച്, അവ പൌലൊസ് ലവൊദിക്ക്യർക്ക് എഴുതിയ ലേഖനമാണ് എന്ന അവകാശവാദം ഉണ്ട്. എന്നാൽ പുരാതന വേദപണ്ഡിതരും, ആധുനിക ദൈവശാസ്ത്രജ്ഞന്മാരും, ഈ കൃതികളെ വ്യാജമായി മാത്രമേ കാണുന്നുളളൂ. ഇതിൽ ഒന്ന് ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഒരു രചനയാണ് (Epistola ad Laodicenses / Epistle to the Laodiceans). ഇതിൽ വെറും 20 വാക്യങ്ങൾ മാത്രമേയുളളൂ. ഇതിന്റെ ഗ്രീക്ക് ഭാഷയിലെ രചന എവിടെയും ലഭ്യമായിരുന്നില്ല. പൌലൊസ് ലേഖനങ്ങൾ എഴുതിയിരുന്നത് ഗ്രീക്ക് ഭാഷയിൽ ആയിരുന്നു. ഇത് യാഥാർത്ഥത്തിൽ പൌലൊസിന്റെ ലേഖനങ്ങളിലെ ചില വാക്യങ്ങളുടെ ഒരു സമാഹാരമാണ്. പ്രധാനമായും ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ വാക്യങ്ങൾ അധികമായി ഉണ്ട്. ഒരു ലേഖനം എന്ന രീതിയിൽ ഇത് വ്യാജമാണ് എന്നു കരുതുമ്പോഴും, മദ്ധ്യ കാലഘട്ടത്തിലെ ലാറ്റിൻ വേദപുസ്തകത്തിൽ ഈ സമാഹാരം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വേദപുസ്തകത്തിന്റെ ഗ്രീക്ക്, സിറിയ എന്നീ ഭാഷയിലുള്ള പരിഭാഷകളിൽ ഈ ലേഖനം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ജോണ്‍ വിക്ലിഫ് (John Wycliffe) ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വേദപുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എ. ഡി. 787 ൽ കൂടിയ രണ്ടാമത്തെ നിഖ്യാ കൌൺസിൽ ഇതിനെ വ്യാജമായി കണ്ടു തള്ളിക്കളഞ്ഞു (Second Council of Nicea of 787). എന്നാൽ നവീകരണ മുന്നേറ്റം ഉണ്ടായപ്പോൾ, നവീകരണ സഭകളും, കത്തോലിക്കാ സഭയും, ഈ വ്യാജ സമാഹാരത്തെ പുതിയ നിയമത്തിൽ നിന്നും നീക്കിക്കളഞ്ഞു.

രണ്ടാം നൂറ്റാണ്ടിൽ, മാർസിഒൻ ഓഫ് സിനോപ്പ് (മാർഷൻ, Marcion of Sinope, AD 85-160, Asia Minor) എന്ന വ്യവസായിയും ധനികനും ആയിരുന്ന ഒരു വ്യക്തി രൂപം കൊടുത്ത വിരുദ്ധ ഉപദേശം ആയിരുന്നു മാർസിഒനൈറ്റ്സ് (മാർഷിഒനൈറ്റ്സ്, Marcionites). അവർ പഴയനിയമത്തിലെ ദൈവത്തെ പ്രതികാര ദാഹിയായ താഴ്ന്ന ദൈവമായും, പുതിയ നിയമത്തിലെ ദൈവത്തെ മറ്റൊരു സ്നേഹവാനായ ശ്രേഷ്ഠ ദൈവമായയും കണ്ടു. യേശുക്രിസ്തു പുതിയനിയമ ദൈവത്തിന്റെ ഏക വെളിപ്പെടൽ ആണ് എന്നു ഇവർ പഠിപ്പിച്ചു. ഇവരുടെ വിശുദ്ധ ഗ്രന്ഥത്തിൽ ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം എന്ന പേരിൽ ഒരു വ്യാജ രചന ഉണ്ട്.

 

കോറം ഡെയോ

 

അപ്പൊസ്തലനായ പൌലൊസ് ലവൊദിക്ക്യർക്ക് എഴുതിയതായി കരുതുന്ന ലേഖനത്തെക്കുറിച്ച് നമുക്ക് അറിയാവുന്ന മൂന്ന് കാര്യങ്ങൾ ഇതെല്ലാം ആണ്:


1.  ലവൊദിക്ക്യർക്ക് എഴുതിയ ഒരു കത്തിനെക്കുറിച്ചു പൌലൊസ് കൊലൊസ്സ്യർക്ക് എഴുതിയ ലേഖനത്തിൽ (4:16) പരാമർശിക്കുന്നു.

2. ഈ ലേഖനം ഒന്നുകിൽ നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ അങ്ങനെ പ്രത്യേകമായി ഒരു ലേഖനം ഇല്ല.

3.  ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം എന്നു അറിയപ്പെട്ടിരുന്ന രചനകൾ എല്ലാം വ്യാജമാണ്.

 

ലവൊദിക്ക്യർക്ക് എഴുതിയ ലേഖനം ഇപ്പോൾ ലഭ്യമല്ല എങ്കിലും, അപ്പൊസ്തലന്മാരുടെ കാലത്ത് പ്രാദേശിക സഭകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുവാൻ കൊലൊസ്സ്യർ 4:16 ലെ പരാമർശം സഹായിക്കുന്നു. പൌലൊസിന്റെയും മറ്റ് അപ്പൊസ്തലന്മാരുടെയും കത്തുകൾ, അതിന്റെ സ്വീകർത്താക്കൾ മാത്രമല്ല മറ്റ് സഭകളിലും വായിക്കാറുണ്ടായിരുന്നു എന്ന ചരിത്ര വിവരവും നമുക്ക് ഈ വാക്യത്തിൽ നിന്നും ലഭിക്കുന്നു. ലേഖനങ്ങളിലെ വിഷയങ്ങൾ എല്ലാ ക്രിസ്തീയ സഭകൾക്കും പ്രയോജനപ്പെടുന്നത് ആയിരുന്നു. അതായത് അപ്പൊസ്തലന്മാരുടെ ലേഖനങ്ങൾക്ക് ഒരു സാർവ്വലൌകീകത ഉണ്ടായിരുന്നു.




No comments:

Post a Comment