1 കൊരിന്ത്യർ 15:3-8 വരെയുള്ള വാക്യങ്ങളിൽ, അപ്പൊസ്തലനായ പൌലൊസ് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്. യേശു മരിച്ചു, അടക്കപ്പെട്ടു, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. മരിച്ചു, ഉയിർത്തു എന്നു മാത്രം പറയാതെ, അടക്കപ്പെട്ടു എന്നു കൂടി വ്യക്തമായി പൌലൊസ് പറയുന്നു. യേശുവിന്റെ ശരീരം ഒരു കല്ലറയിൽ അടക്കപ്പെട്ടു എന്നതിന്റെ പ്രധാന്യാമെന്താണ്?
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
നിഖ്യാ
വിശ്വാസപ്രമാണം
അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു പ്രഖ്യാപന രേഖയാണ്
നിഖ്യാ വിശ്വാസപ്രമാണം. ഇത് ഗ്രീക്കില്‍ ആണ് ആദ്യമായി എഴുതപ്പെട്ടത്. ഇത് ഒരു
പ്രത്യേക സഭാവിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ അല്ല. ഇതിന്റെ രൂപീകരണ കാലത്ത്
ക്രിസ്തീയ സഭ പല വിഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഏക
ക്രിസ്തീയ സഭയുടെ അടിസ്ഥാന പ്രമാണമായിട്ടാണ് അന്നത്തെ സഭാപിതാക്കന്മാര്‍ ഇതിനെ രൂപീകരിച്ചത്.
ക്രിസ്തീയ സഭയുടെ ആദ്യകാലങ്ങളില്‍ കൊടിയ പീഡനങ്ങളിലൂടെ
വിശ്വാസികള്‍ കടന്നുപോയി. ഇതിന് ഒരു അറുതി വന്നത്, പടിഞ്ഞാറന്‍ റോമന്‍
സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റൻന്റീന്‍, എ. ഡി. 312 ല്‍
ക്രിസ്തുമതം സ്വീകരിച്ചതോടെയാണ് (Constantine, kawn-stuhn-teen, ജനനം - ഏകദേശം ഫെബ്രുവരി 27, 280, മരണം – മെയ് 22,
337). 313 ല്‍ കോണ്‍സ്റ്റൻന്റീന്‍
ക്രിസ്തുമതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അതോടെ, ക്രിസ്ത്യാനികള്‍ക്ക് എതിരായ പീഡനങ്ങള്‍ അവസാനിക്കുകയും, ക്രിസ്തീയ വിശ്വാസം വിശാലമായ സാമ്രാജ്യത്തിലും അയല്‍ രാജ്യങ്ങളിലും
വേഗത്തില്‍ പരക്കുകയും ചെയ്തു. കോണ്‍സ്റ്റൻന്റീന്‍ ചക്രവര്‍ത്തിയുടെ സ്വാധീനത്തില്‍, കിഴക്കന്‍
റോമിലും ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുവാന്‍ ലൈസിനസ്
(Licinus) ചക്രവര്‍ത്തിയും സമ്മതിച്ചു. എന്നാല്‍ ലൈസിനസ് (Licinus)
ഇതില്‍ വീഴ്ചവരുത്തി. അതിനാല്‍, 324 ല്‍ കോണ്‍സ്റ്റൻന്റീന്‍
കിഴക്കന്‍ റോമിനെ ആക്രമിക്കുകയും, യുദ്ധത്തില്‍
വിജയിക്കുകയും ചെയ്തു. അങ്ങനെ പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യവും കിഴക്കന്‍ റോമന്‍
സാമ്രാജ്യവും വീണ്ടും ഒന്നായി. കോണ്‍സ്റ്റൻന്റീന്‍ അതിന്റെ ഏക ചക്രവര്‍ത്തിയും
ആയി. ഇത് ക്രിസ്തീയ സഭകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായമായി.
ക്രമേണ ക്രിസ്തീയ സഭയില്‍ പലവിധത്തിലുള്ള വിരുദ്ധ
ഉപദേശങ്ങള്‍ ഉടലെടുത്തു. അതിലെ പ്രധാന വിരുദ്ധ ഉപദേശം ഏരിയനിസം ആയിരുന്നു (Arianism). ഇതിന്‍റെ ഉപഞ്ജാതാവ് ഏരിയസ് (Arius) എന്ന അലക്സാന്‍ഡ്രിയന്‍
പുരോഹിതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ ആയിരുന്നു: യേശുക്രിസ്തു
ഒരു പുരാതന സൃഷ്ടി മാത്രം ആണ്. അതിനാല്‍, യേശു പിതാവായ
ദൈവത്തിന്റെ സത്വം വഹിക്കുന്നില്ല. ക്രിസ്തുവിന് സൃഷ്ടിക്കപ്പെട്ട, നിശ്ചിതമായ ഒരു പ്രകൃതി ആണ് ഉള്ളത്. പിതാവായ ദൈവത്തോട് തുല്യമായ ദൈവീകത്വം
യേശുവിന് ഇല്ല. അതിനാല്‍ ക്രിസ്തുവിന്‍റെ സ്ഥാനം പിതാവായ ദൈവത്തിനും താഴെയാണ്.
ഇത്തരം മറ്റ് ചില വിരുദ്ധ ഉപദേശങ്ങളും സഭയില്‍ ഉടലെടുത്തു.
അതിനാല്‍,
ഒരു അടിസ്ഥാന ക്രിസ്തീയ വിശ്വാസ പ്രമാണത്തിന് രൂപം നല്കുക എന്ന
ഉദ്ദേശ്യത്തോടെ, കോണ്‍സ്റ്റൻന്റീന്‍ ചക്രവര്‍ത്തി, ഗ്രീക്കിലെ നിഖ്യാ എന്ന സ്ഥലത്ത് വച്ച് ആദ്യത്തെ എക്യൂമിനിക്കല്‍ കൌണ്‍സില്‍
വിളിച്ച് ചേര്‍ത്തു (First Council of Nicaea). ഈ ആലോചനായോഗം
എ. ഡി. 325 ജൂണ്‍ 19 ആം തീയതി ആരംഭിച്ചു. ഇതില്‍ 200 മുതല്‍ 300 വരെ ബിഷപ്പുമാര്‍
പങ്കെടുത്തു. അവരില്‍ വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, എല്ലാ
പ്രദേശങ്ങളിലെയും സഭകളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ അതിനെ “എല്ലാ
ക്രിസ്തീയ സഭകള്‍ക്കും പൊതുവായ” എന്ന അര്‍ത്ഥത്തില്‍ എക്യൂമിനിക്കല്‍ എന്നു
വിളിച്ചു.
നിഖ്യായിലെ കൌണ്‍സില്‍, വിരുദ്ധ ഉപദേശങ്ങളെ
ഖണ്ഡിക്കുകയും തള്ളിക്കളയുകയും ചെയ്തു. യേശുക്രിസ്തു, സത്യ
ദൈവവും, പിതാവായ ദൈവത്തോട് ഏക സത്വവും ഉള്ളവന്‍ ആണ് എന്ന്
കൌണ്‍സില്‍ പ്രഖ്യാപിച്ചു. എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്ന, നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ആദ്യ രൂപം തയ്യാറാക്കിയത് നിഖ്യാ കൌണ്‍സില്‍
ആണ്.
നിഖ്യാ വിശ്വാസപ്രമാണത്തിൽ യേശുക്രിസ്തുവിന്റെ മരണം,
അടക്കം, ഉയിർപ്പ് എന്നിവയെപ്പറ്റി പറയുന്ന വാചകം ഇങ്ങനെയാണ്:
“പൊന്തിയോസ്
പീലത്തൊസിന്റെ കീഴിൽ നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു, അവൻ കഷ്ടപ്പെട്ടു,
അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു,
സ്വർഗ്ഗത്തിലേക്ക് കയറി, പിതാവിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നു.” (സി. എസ്. ഐ.
സഭയുടെ ആരാധന ക്രമത്തിൽ നിന്നും എടുത്തത്). ഇതിന്റെ മറ്റൊരു രൂപം ഇങ്ങനെയാണ്:
“പന്തിയോസ് പീലാത്തോസിൻ്റെ ഭരണത്തിൻ കീഴിൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു പീഡകൾ
സഹിച്ച് മരിച്ച് അടക്കപ്പെട്ടു. വിശുദ്ധ ലിഖിതങ്ങളനുസരിച്ച് മൂന്നാം ദിവസം
ഉയിർത്തെഴുന്നേറ്റു. സ്വർഗത്തിലേക്ക് എഴുന്നള്ളി പിതാവിൻ്റെ
വലത്തുഭാഗത്തിരിക്കുന്നു” (catholicmalayalam.org).
ക്രൂശിലെ
മരണം
നിഖ്യാ വിശ്വാസപ്രമാണത്തിലും, യേശുക്രിസ്തുവിന്റെ ശരീരം ഒരു
കല്ലറയിൽ അടക്കം ചെയ്തിരുന്നു എന്നു പറയുന്നു. മരണം പോലെതന്നെ യേശുക്രിസ്തുവിന്റെ
അടക്കത്തത്തിനും പ്രാധാന്യവും, സവിശേഷതയും ഉണ്ട്. യേശുക്രിസ്തു ക്രൂശിക്കപ്പെടുക
ആയിരുന്നു എന്നതിനാൽ ആണ്, അവന്റെ അടക്കത്തിന് പ്രത്യേകത ഉണ്ടാകുന്നത്.
ക്രൂശിൽ തറച്ചു കൊല്ലുക എന്നത് ഏറ്റവും ക്രൂരവും കഠിനവും ആയ
ഒരു കൊലപാതക രീതി ആയിരുന്നു. അത്
വളരെയധികം വേദനയും നിന്ദയും പരിഹാസവും നിറഞ്ഞതും, ക്രമേണയും സാവധാനവും ഉള്ള മരണം
ആയിരുന്നു. മരണ സമയം 6 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ നീണ്ടു
പോയേക്കാം. അതിന്റെ ഭായനകത
കാരണം, അതിന് കാരണമായ കുറ്റങ്ങള്‍
ആരും ചെയ്യുക ഇല്ലായിരുന്നു.
ജനങ്ങള്‍
ഒരുമിച്ച് കൂടുന്ന പൊതുവായ സ്ഥലങ്ങള്‍ക്ക് സമീപം ഉള്ള കുന്നുകള്‍ക്ക് മുകളില്‍
സകലരും കാണുവാന്‍ തക്കവണ്ണം ആയിരുന്നു ക്രൂശീകരണം നടപ്പാക്കിയിരുന്നത്. അത്
മറ്റുള്ളവര്‍ക്കുള്ള ശക്തമായ ഒരു താക്കീതായിരുന്നു. ക്രൂശീകരണം വളരെ നിന്ദ്യം
ആയിരുന്നതിനാല്‍,
സാധാരണയായി റോമന്‍ പൌരന്‍മാരെ ക്രൂശീകരണത്തിന് വിധിക്കുക ഇല്ലായിരുന്നു. വളരെ
താഴ്ന്ന നിലവാരത്തിലുള്ള കുറ്റവാളികള്‍, കുറ്റം ചെയ്ത
പടയാളികള്‍, രാജ്യ ദ്രോഹികള്‍ എന്നിവരെ ആയിരുന്നു
ക്രൂശീകരിച്ചിരുന്നത്. യജമാനന്‍മാരെ വിട്ട് ഓടി പോയി കുറ്റകൃത്യം ചെയ്യുന്ന
അടിമകള്‍, യജമാനന്‍മാരുടെ കുതിരകളെ മോഷ്ടിക്കുന്ന അടിമകള്‍, വഴിയാത്രക്കാരെ കൊള്ളയടിക്കുന്നവർ, എന്നിവര്‍ താഴ്ന്ന നിലവാരത്തില്‍ ഉള്ള
കുറ്റകൃത്യം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. റോമന്‍ സാമ്രാജ്യത്തിന്
എതിരെയുള്ള ലഹളയും പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹം ആയിരുന്നു.
രാജ്യദ്രോഹികള്‍ക്കുള്ള ശിക്ഷ എപ്പോഴും ക്രൂശീകരണം ആയിരുന്നു.
റോമന്‍
പടയാളികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന എല്ലാ ക്രൂരതകളും കുറ്റവാളികളോട് ചെയ്യും.
കാരണം, റോമന്‍ സാമ്രാജ്യത്തിന്
അവര്‍ നിന്ദ്യരായ രാജ്യദ്രോഹികള്‍ ആണ്. അതിനാൽ അവർക്കായി വാദിക്കുവാനോ, അവരെ
ആശ്വസിപ്പിക്കുവാനോ, സഹായിക്കുവാനോ, ആരും ഉണ്ടാകുകയില്ല. അവർ എല്ലാവരാലും
ഉപേക്ഷിക്കപ്പെട്ടവർ ആകും. അവരെ ക്രൂശിക്കുന്നതിന് മുമ്പ് ചാട്ടവാറുകള്‍ കൊണ്ട്
അടിക്കും, ആഹാരവും വെള്ളവും നിഷേധിക്കപ്പെടും, ഉറങ്ങുവാനോ വിശ്രമിക്കുവാനോ അവസരം നല്കുക ഇല്ല. ശരീരത്തിലെ മുറിവുകളില്‍
നിന്നും രക്തം വാര്‍ന്ന് ഒലിച്ചുകൊണ്ടിരിക്കും. കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കും
എന്നതിനാല്‍ മുറിവുകളില്‍ ഇഴഞ്ഞു നടക്കുന്ന ഈച്ചകളെപ്പോലും അവര്‍ക്ക് ഓടിക്കാന്‍
ആവില്ല. വേഗം മരിച്ചാല്‍ മതി എന്ന് അവര്‍ ആഗ്രഹിക്കത്തക്ക വിധം അവര്‍
നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും.
ക്രൂശീകരണത്തിനായി
വിധിക്കപ്പെട്ടവരെ ഒരു മരത്തടിയോട് ചേര്‍ത്ത് കെട്ടുകയോ, ആണികൊണ്ട് അവരുടെ കൈകളും കാലുകളും അടിച്ച്
ഉറപ്പിക്കുകയോ ചെയ്യും. അവരുടെ കൈകള്‍ ഇരുവശത്തേക്കും വലിച്ച്
നീട്ടപ്പെട്ടിരിക്കും. അതിനു ശേഷം ഈ മരത്തടി, അല്ലെങ്കില്‍
ക്രൂശ്, ഒരു വലിയ കുഴിയില്‍ ഉറപ്പിക്കും. അങ്ങനെ
ക്രൂശിക്കപ്പെടുന്നവര്‍, ഇരുകൈകളും നീട്ടപ്പെട്ടവര്‍ ആയി, ആണികളാല്‍ തറക്കപ്പെട്ടവരായി, നിസ്സഹായര്‍ ആയി, നഗ്നര്‍ ആയി ക്രൂശില്‍ കിടക്കും. സൂര്യന്‍റെ കഠിനമായ ചൂടും, രാത്രിയിലെ മഞ്ഞും, മഴയും എല്ലാം അവര്‍
അനുഭവിക്കേണ്ടി വരും. അവരുടെ രക്തം കുടിക്കുവാനും മാസം കൊത്തി ഭക്ഷിക്കുവാനും
കണ്ണുകള്‍ കൊത്തിയെടുക്കുവാനും ആയിവരുന്ന കഴുകന്മാരെ അവര്‍ക്ക് ആട്ടി ഓടിക്കുവാന്‍
കഴിയില്ല.
ക്രൂശിക്കപ്പെടുന്നവര്‍ മരിച്ചു കഴിഞ്ഞതിന് ശേഷമേ റോമന്‍
പടയാളികള്‍ക്ക് അവിടം വിട്ട് പോകുവാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ മരണം
വേഗമാക്കുവാന്‍, അവര്‍ കുറ്റവാളികളുടെ കാല്‍ ഓടിക്കുകയും, മാറിടത്തില്‍ ശക്തമായി അടിക്കുകയും, ഹൃദയത്തിലേക്ക്
കുന്തം കൊണ്ട് കുത്തുകയും, അവരെ ശ്വാസം മുട്ടിക്കുവാന്‍
ക്രൂശിന്‍റെ ചുവട്ടില്‍ തീ കത്തിച്ച് പുകയ്ക്കുകയും ചെയ്യുമായിരുന്നു.
ക്രൂശിക്കപ്പെടുന്ന
വ്യക്തിയുടെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ
വെച്ചേക്കും. കഴുകന്‍മാര്‍ കൊത്തിപ്പറിക്കുന്ന ശരീരത്തിന്റെ ഭീകര കാഴ്ച, മറ്റുള്ളവര്‍ക്ക് ഒരു പാഠം ആയിരിക്കേണം. അതിനുശേഷം ശേഷിക്കുന്ന
ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍ എറിഞ്ഞുകളയും.
ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം പോലും നല്‍കുകയില്ല. അന്നത്തെ
കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുവാന്‍
ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍
ക്രൂശിക്കപ്പെടുന്നവന്, ഈ ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും
സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും നിഷേധിക്കപ്പെടുക ആണ്. അവന്‍ ഭൂമിയിലും
സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്.
എന്നാൽ
യേശുക്രിസ്തുവിന്റെ ശരീരം, എല്ലാ യഹൂദ മര്യാദ പ്രകാരവും, ആചാരപരമായും,
സുഗന്ധവർഗ്ഗത്തോടുകൂടെ കല്ലറയിൽ അടക്കം ചെയ്തു. അങ്ങനെ യേശു മരിച്ചു, ശരീരം
അടക്കം ചെയ്തു.
യേശുവിനെ അടകം ചെയ്തു
മത്തായി 27:57-58 എന്നീ വാക്യങ്ങളിൽ പറയുന്നത് അനുസരിച്ചു,
യേശുക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ്
പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം, ഒരു കല്ലറയിൽ
അടക്കം ചെയ്യുവാനായി ചോദിച്ചു; പീലത്തൊസ് അതു
ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
മത്തായി 27:57-58
സന്ധ്യയായപ്പോൾ
അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, പീലാത്തൊസിന്റെ
അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു
ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
യോഹന്നാൻ 19:38
അനന്തരം, യെഹൂദന്മാരെ
പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്
യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു.
പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
ഈ സംഭവത്തിന് അന്നത്തെ സാഹചര്യത്തിൽ ചില അസാധാരണത്വം ഉണ്ട്.
നമ്മൾ മുകളിൽ വിവരിച്ചതുപോലെ, ക്രൂശിക്കപ്പെടുന്ന ഒരുവന്റെ ശരീരം കല്ലറയിൽ അടക്കം
ചെയ്യുന്ന പതിവില്ല. ഒരുവൻ ക്രൂശിക്കപ്പെടുവാൻ പിടിക്കപ്പെടുമ്പോൾ തന്നെ അവന്റെ
ബന്ധുക്കളും, സ്നേഹിതരും എല്ലാം അവനെ ഉപേക്ഷിക്കും. ആരും അവനുമായി ഒരു ബന്ധമോ,
പരിചയമോ പ്രകടിപ്പിക്കുക ഇല്ല. കാരണം അവന്റെ കുറ്റം റോമൻ സാമ്രാജ്യത്തിനെതിരെയുള്ള
ഏറ്റവും കഠിനമായ തെറ്റാണ്. അതിന് അന്നത്തെ ഏറ്റവും ക്രൂരമായ ക്രൂശീകരണം ആണ് ശിക്ഷ.
അതിനാൽ അവന്റെ കൂട്ട് പ്രതിയാകുവാൻ ആരും ശ്രമിക്കാറില്ല. അവൻ മരിച്ചാലും, അവന് ഒരു
മാന്യമായ ശവസംസ്കാരം നല്കുവാൻ ആരും മുന്നോട്ട് വരുകയില്ല. ശരീരം എന്ത് ചെയ്യേണം
എന്നു തീരുമാനിക്കുന്നത് റോമൻ ഭരണകൂടം ആണ്. സാധാരണ ക്രൂശിക്കപ്പെടുന്നവൻ ക്രൂശിൽ തന്നെ
ചില ദിവസങ്ങൾ കിടക്കും. പക്ഷികൾ അവന്റെ ശരീരം കൊത്തിപ്പറിച്ച് തിന്നും.
ശേഷിക്കുന്ന അസ്ഥികൾ ഒരു കുഴിയിൽ ഇട്ടുകളയും.
എന്നാൽ യേശുവിന്റെ ശരീരം അടക്കം ചെയ്യുവാനായി അതിനെ
ചോദിച്ചു കൊണ്ടു, യഹൂദ ന്യായാധിപ സംഘത്തിലെ ഒരു അംഗവും, ധനവാനും ആയിരുന്ന അരിമത്ഥ്യക്കാരനായ
യോസേഫ്, പീലാത്തൊസിന്റെ അടുക്കൽ ചെന്നു.
ശവശരീരം അടക്കം ചെയ്യാതിരിക്കുക എന്നത് ഒരുവനോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവ് ആയിരുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നവർ മരിക്കുമ്പോൾ, അവരുടെ ശരീരം അടക്കം ചെയ്യരുതു എന്നു കൽപ്പന ഉണ്ടാകാറുണ്ടായിരുന്നു. അവരുടെ ശരീരത്തിൽ ഒരു നുള്ള് മണ്ണ് പോലും ഇടുവാൻ പാടില്ല. അത് അവർക്കുള്ള അവസാനത്തെ ശിക്ഷ ആയിരുന്നു. ക്രൂശിക്കപ്പെടുന്നവനോട് യാതൊരു ആദരവും കാണിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അതിനാൽ അവന്റെ ശരീരം അടക്കം ചെയ്യുവാൻ ആരെയും അനുവധിക്കാറില്ലായിരുന്നു. ഈ പതിവിന് വ്യത്യസ്തമായി, യേശുവിന്റെ ശരീരം അടക്കം ചെയ്യുവാൻ പീലാത്തൊസ് അനുവാദം കൊടുത്തു.
ഗെഎന്ന (Gehenna - gheh'-en-nah)
പശ്ചാത്താപരഹിതരായി മരിച്ചവരുടെ ആത്മാക്കളുടെ വാസ
സ്ഥലത്തേക്കുറിച്ച് പറയുവാൻ യേശുക്രിസ്തു ഉപയോഗിച്ച ഒരു ഗ്രീക്ക് വാക്കാണ്,
“ഗെഎന്ന”. ഈ വാക്ക് മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവർ രചിച്ച സുവിശേഷങ്ങളിൽ 11
പ്രാവശ്യവും യാക്കോബിന്റെ ലേഖനത്തിൽ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട് (യാക്കോബ്
3:6). എബ്രായ ഭാഷയിൽ ഈ സ്ഥലം, ഹിന്നോം താഴ് വര എന്ന അർത്ഥത്തിൽ,
“ഗെ ഹീന്നോം” എന്നാണ് അറിയപ്പെട്ടിരുന്നത് (Ge Hinnom). ഈ വാക്കിന്റെ ഗ്രീക്ക് പദമാണ് “ഗെഎന്നാ” (geenna, gheh'-en-nah).
യെരൂശലേമിന്റെ തെക്ക് ഭാഗത്തായി, ഭൂപ്രകൃതിയെ
രണ്ടായി വിഭജിച്ചുകൊണ്ടു സ്ഥിതിചെയ്തിരുന്ന ഒരു മലയിടുക്ക് ആയിരുന്നു “ഗെഎന്ന” എന്ന സ്ഥലം. ഇത് യെരൂശലേം
പട്ടണത്തിന് വെളിയിൽ, പട്ടണത്തിലെ മാലിന്യങ്ങളും, ചത്തുപോകുന്ന മൃഗങ്ങളുടെ
ശവശരീരങ്ങളും കൊണ്ടിട്ടിരുന്ന, ചീഞ്ഞു നാറുന്ന ഒരു സ്ഥലം ആയിരുന്നു.
കൊല്ലപ്പെടുന്ന അജ്ഞാതരുടെയും കൊടും കുറ്റവാളികളുടെയും മൃതശരീരങ്ങളും ഇവിടെ
ഇടുമായിരുന്നു. കുഷ്ഠരോഗികൾക്ക് പട്ടണത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ, അവർ ഈ
സ്ഥലത്ത് താമസിച്ചിരുന്നു. അതിനാൽ ഇവിടെ എപ്പോഴും “കരച്ചലും പല്ലുകടിയും”
ഉണ്ടായിരുന്നു. (മത്തായി 8:12). മാലിന്യങ്ങളും, ശവശരീരങ്ങളും ദഹിപ്പിക്കുവാനായി,
ഇവിടെ എപ്പോഴും തീ കത്തുമായിരുന്നു. തീ അണയാതെ ഇരിക്കുവാൻ ഗന്ധകം പോലെയുള്ള വസ്തുക്കളും
ഇടുമായിരുന്നു.
ഈ സ്ഥലത്തേക്കുറിച്ചുള്ള, വേദപുസ്തകത്തിലെ ആദ്യത്തെ
പരാമർശം, യോശുവയുടെ പുസ്തകം 15:8 ലും 18:16 ലും ആണ്. ഇവിടെ യഹൂദ, ബന്യാമീൻ എന്നീ
ഗോത്രക്കാരുടെ പ്രദേശത്തിന്റെ അതിരായിട്ടാണ് ഈ സ്ഥലത്തേക്കുറിച്ച് പറയുന്നത്.
അവിടെ ഈ സ്ഥലത്തേക്കുറിച്ച് ബെൻ-ഹിന്നോം താഴ് വര എന്നാണ് പറയുന്നത് (Valley of Ben Hinnom – NIV; Valley of the Son of
Hinnom - ESV).
വേദപുസ്തകത്തിലെ അടുത്ത പരാമർശം യഹൂദ രാജാവായ ആഹാസ്
ന്റെ കാലത്തുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് (King Ahaz of Judah). അവൻ ബെൻ-ഹിന്നോം
താഴ് വരയിൽ, മോലെക്ക് എന്ന ജാതീയ ദേവന് ധൂപം കാട്ടുകയും, ജാതികളുടെ മ്ളേച്ഛാചാരപ്രകാരം
അവന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. (2 ദിനവൃത്താന്തം 28:3).
ആഹാസിന്റെ കൊച്ചുമകനായിരുന്ന മനശ്ശെയും ഇതേ ദുഷ്ടത പ്രവർത്തിച്ചു. (2
ദിനവൃത്താന്തം 33:6).
മനശ്ശെയുടെ മകനായ ആമോൻ ന്റെ മകനായിരുന്നു യോശീയാ രാജാവ് (King
Josiah). അദ്ദേഹം യഹൂദയുടെ രാജാവായിരുന്നു (Manasseh, Amon). യോശീയാ രാജാവ് രാജ്യത്ത് ഒരു ആത്മീയ ഉണർവ്
വരുത്തി. അവൻ ഹിന്നോം താഴ്വരയിൽ ഉണ്ടായിരുന്ന മോലെക്ക് എന്ന ജാതീയ ദേവന്റെ
പൂജാഗിരികളെ തകർത്തു. യഹൂദയിൽ ഉണ്ടായിരുന്ന എല്ലാ ജാതീയ ദേവന്മാരുടെ
വിഗ്രഹങ്ങളെയും തകർത്തു. ഹിന്നോം താഴ് വരയിൽ വീണ്ടും ആരും ബലികഴിക്കാതെ ഇരിക്കേണ്ടതിനായി,
മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങളെ കൊണ്ട് അവൻ ആ സ്ഥലത്തെ അശുദ്ധമാക്കി.
ശവശരീരങ്ങൾ, യഹൂദന്മാർക്കും, മറ്റ് വിശ്വാസമുള്ളമുള്ളവർക്കും ഒരുപോലെ
അശുദ്ധമായിരുന്നു (2 രാജാക്കന്മാർ 23:10-14).
യെശയ്യാവ് പ്രവാചകനും ഈ സ്ഥലത്തേക്കുറിച്ച്
എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്ന “ദഹന
സ്ഥലം” ഹിന്നോം താഴ് വരയാണ്. അതിനെ ആഴവും, വിശാലവുമായ സ്ഥലം എന്നും, അതിന്റെ
ചിതയിൽ വളരെ തീയും വിറകും ഉണ്ട് എന്നും, യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ
കത്തിക്കും, എന്നും പ്രവാചകൻ പറയുന്നു.
യെശയ്യാവ്
30:33
പണ്ടു
തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ;
അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ
അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ
വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു
ഗന്ധകനദിപോലെ അതിനെ കത്തിക്കും.
യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിലെ അവസാനത്തെ വാചകം
ദൈവത്തോട് മൽസരിക്കുന്ന എല്ലാവരുടെയും അന്ത്യം എന്തായിരിക്കും എന്നു പറയുന്നു.
യെശയ്യാവ്
66:24
അവർ
പുറപ്പെട്ടുചെന്നു, എന്നോടു
അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു
ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ
സകലജഡത്തിന്നും അറെപ്പായിരിക്കും.
ബാബേൽ പ്രവാസ കാലത്തിന് ശേഷം, ബി. സി. 6 ആം
നൂറ്റാണ്ടോടെ, ഹിന്നോം താഴ് വര, യെരൂശലേം പട്ടണത്തിലെ എല്ലാവിധ മാലിന്യങ്ങളും
കത്തിച്ചു കളയുവാനായി നിക്ഷേപിക്കുന്ന സ്ഥലമായി.
പുതിയനിയമത്തിൽ, “ഗെഎന്നാ” എന്ന സ്ഥലത്തെ
പാപത്തിന്റെ ശിക്ഷയുടെ ഇടമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ശരീരത്തെയും
ആത്മാവിനെയും അണയാത്ത തീയിൽ നശിപ്പിക്കുന്ന നരകത്തിന്റെ നേർചിത്രമായിരുന്നു ഈ
സ്ഥലം.
മത്തായി
5:22
ഞാനോ
നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു
യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ
നിൽക്കേണ്ടി വരും; മൂഢാ എന്നു
പറഞ്ഞാലോ അഗ്നിനരകത്തിനു (ഗെഎന്നാ) യോഗ്യനാകും.
മത്തായി
10:28
ദേഹിയെ
കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ (ഗെഎന്നാ) നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ
ഭയപ്പെടുവിൻ.
മർക്കോസ്
9:44
ഊനനായി
ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ (ഗെഎന്നാ) പോകുന്നതിനെക്കാൾ
നിനക്കു നല്ലു.
ഈ വാക്യങ്ങളിൽ എല്ലാം “നരകം” എന്നു പറയുവാൻ
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “ഗെഎന്നാ” എന്നാണ്. “ഏറ്റവും പുറത്തുള്ള
ഇരുട്ട്”, “കരച്ചലും പല്ലുകടിയും”, “കെടാത്ത തീ” എന്നീ പദസമുശ്ചയങ്ങളും “ഗെഎന്നാ”
യിലെ അനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്.
മത്തായി
8:12
രാജ്യത്തിന്റെ
പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും
എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി
22:13
രാജാവു
ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ
തള്ളിക്കളവിൻ; അവിടെ കരച്ചലും
പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
യോഹന്നാൻ സ്നാപകനും ഈ സ്ഥലത്തേക്കുറിച്ചും അവിടെ
ഉള്ള യാതനകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
മത്തായി
3:12
വീശുമുറം
അവന്റെ കയ്യിൽ ഉണ്ടു; അവൻ
കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത
തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
“ഹിന്നോം താഴ് വര” എന്നും “ഗെഎന്നാ” എന്നും
അറിയപ്പെട്ടിരുന്ന സ്ഥലം നരകത്തിന്റെ ഒരു നേർകാഴ്ചയാണ്. യേശുക്രിസ്തുവിന്റെ
കാലത്തെ ജനങ്ങൾക്ക്, ഈ സ്ഥലം നേരിൽ കണ്ട് പരിചയമുണ്ട്. അതിനാൽ, നരകത്തിലെ യാതന
എത്ര ഭയനകമാകും എന്നു പറയുവാൻ, ഈ സ്ഥലത്തേക്കുറിച്ചുള്ള പരാമർശം മതിയാകുമായിരുന്നു.
ഇവിടെയാണ് ക്രൂശിൽ കൊല്ലപ്പെടുന്നവരുടെയും, കൊല്ലപ്പെടുന്ന അജ്ഞാതരുടെയും,
കുഷ്ഠരോഗികളുടെയും, കൊടും കുറ്റവാളികളുടെയും ശവശരീരം എറിഞ്ഞുകളയുന്നത്. യേശുവിന്റെ
ശിഷ്യൻ ആയിരുന്ന, അവനെ ഒറ്റുകൊടുത്ത, യൂദാ ഈസ്കര്യോത്താവു കെട്ടിഞാന്നു ചത്തു (മത്തായി
27:5). അവൻ “തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.”
(അപ്പൊസ്തല പ്രവൃത്തികൾ 1:18). അതിനാൽ അവന്റെ ശരീരവും ഗെഎന്നാ എന്ന സ്ഥലത്ത്
എറിഞ്ഞു കളഞ്ഞു എന്നതിനാണ് സാദ്ധ്യത.
ക്രൂശിൽ തറച്ചു കൊല്ലപ്പെട്ട, റോമൻ സാമ്രാജ്യത്തിന്റെ
രാജ്യദ്രോഹിയായ, യേശുവിന്റെ ശേഷിക്കുന്ന ശരീരവും അസ്ഥികളും, ഇതേ സ്ഥലത്ത്
എറിഞ്ഞുകളയുന്നതാണ് പതിവ്. ആരും ഇന്നേവരെ ക്രൂശിൽ മരിച്ചവന്റെ ശരീരം അന്വേഷിച്ചു
വന്നിട്ടില്ല. ആർക്കും അതിനുള്ള സ്വാതന്ത്ര്യം ഭരണകൂടം നല്കിയിട്ടില്ല. ക്രൂശിക്കപ്പെട്ടവന്
ആരും ഇന്നേവരെ ഒരു മാന്യമായ അടക്കം നല്കിയിട്ടില്ല.
യേശുവിന്റെ
ശരീരം കല്ലറയിൽ അടക്കി
എന്നാൽ യേശുവിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്.
യഹൂദന്മാരുടെ യെരൂശലേമിലെ ന്യായാധിപ സംഘത്തിലെ പ്രമുഖനായ അരിമത്ഥ്യയിലെ യോസേഫ്
ആണ് യേശുവിന്റെ ശരീരം പീലാത്തൊസിനോട് ചോദിച്ചത്. യോസേഫും, ന്യായാധിപ സംഘത്തിലെ മറ്റൊരു
പ്രമാണിയായ നിക്കൊദേമൊസും, യേശുവിന്റെ ശരീരം ക്രൂശിൽ നിന്നും ഇറക്കി, എല്ലാ യഹൂദ
ആചാരങ്ങളോടും കൂടെ അടക്കം ചെയ്തു.
ലൂക്കോസ് 23:53
അതു (യേശുവിന്റെ
ശരീരം) ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും
വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും
ആരംഭിച്ചു.
യോഹന്നാൻ 19:39 ൽ പറയുന്നത് അനുസരിച്ചു, നിക്കൊദേമൊസ് ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള
ഒരു കൂട്ടു കൊണ്ടുവന്നു. നിക്കൊദേമൊസ് യേശുക്രിസ്തുവിനെ ആദ്യമായി നേരിൽ കണ്ടുമുട്ടുന്നത്
ഒരു രാത്രിയിൽ ആണ്. അതൊരു രഹസ്യ കൂടികാഴ്ച ആയിരുന്നു. യേശു അവനോടു വീണ്ടും ജനനം
എന്ന ശ്രേഷ്ഠമായ ആത്മീയ മർമ്മം വെളിപ്പെടുത്തി കൊടുത്തു (യോഹന്നാൻ 3). അതിന് ശേഷം,
യേശുവിന് അനുകൂലമായി, ന്യായാധിപ സംഘത്തിൽ, ഉറക്കെ സംസാരിച്ച ഏക വ്യക്തി നിക്കൊദേമൊസ്
ആയിരുന്നു. യേശുവിനെ പിടിക്കുവാൻ മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ
അയക്കുന്നതിനെക്കുറിച്ച് നമ്മൾ യോഹന്നാൻ 7 ൽ വായിക്കുന്നു. എന്നാൽ ചേവകർ അവനെ
പിടിക്കാതെ തിരികെ വന്നു. “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും
സംസാരിച്ചിട്ടില്ല” എന്നു ചേവകർ മഹാപുരോഹിതന്മാരെ അറിയിച്ചു (7:46). അപ്പോൾ
മഹാപുരോഹിതന്മാരും പരീശന്മാരും “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ
ശപിക്കപ്പെട്ടവരാകുന്നു” എന്നു ഉത്തരം പറഞ്ഞു (7:49). ഈ അവസരത്തിൽ അവരോടൊപ്പം
ഉണ്ടായിരുന്ന നിക്കൊദേമൊസ് യേശുക്രിസ്തുവിന് അനുകൂലമായി ഒരു വാദം മുന്നോട്ട്
വച്ചു.
യോഹന്നാൻ 7:50-51
അവരിൽ ഒരുത്തനായി, മുമ്പെ
അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു: ഒരു മനുഷ്യന്റെ വാമൊഴി ആദ്യം
കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ
നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
ഇതോടെ അന്നത്തെ പദ്ധതി അവസാനിപ്പിച്ച് ന്യായാധിപ സംഘം
പിരിഞ്ഞുപോയി (7:53).
ലൂക്കോസ് 23:50-51 വാക്യങ്ങളിൽ, യേശുക്രിസ്തുവിന്റെ
വിചാരണയ്ക്കായി കൂടിയ ന്യായാധിപ സംഘത്തിൽ അരിമത്യക്കാരനായ യോസേഫ് ഇല്ലായിരുന്നു
എന്ന സൂചന ഉണ്ട്.
ലൂക്കോസ് 23:50–51
അരിമത്യ എന്നൊരു
യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ്
എന്നൊരു മന്ത്രി — അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —
ഇവർ രണ്ടുപേരും ചേർന്നാണ് യേശുവിന്റെ ശരീരം അടക്കിയത്. യഹൂദ
രീതി അനുസരിച്ചു, യേശുവിന്റെ ശരീരം മൂടുവാനായി, നിക്കൊദേമൊസ് നൂറുറാത്തൽ മൂറും
അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. ഇത് ഇന്നത്തെ കണക്ക് അനുസരിച്ചു, ഏകദേശം
33 കിലോ സുഗന്ധ ദ്രവ്യങ്ങൾ ആണ് (75 പൌണ്ട്). അതൊരു വലിയ കൂട്ട് ആയിരുന്നു.
യോഹന്നാൻ 19:40-42 ൽ പറയുന്നത് ഇങ്ങനെയാണ്: “
യോഹന്നാൻ
19:40-42
അവർ യേശുവിന്റെ
ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ
സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു
തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും
ഉണ്ടായിരുന്നു. ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം
യേശുവിനെ അവിടെ വച്ചു.
മത്തായി 27:59-60
യോസേഫ് ശരീരം
എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ
പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു
പോയി.
അവന്റെ ശരീരം അടക്കം ചെയ്യുന്നതിൽ യഹൂദന്മാരുടെ ഒരു
മര്യാദയും യേശുവിന് ലഭിക്കാതെ പോയില്ല.
യെശയ്യാവ് 53:9
അവൻ സാഹസം ഒന്നും
ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു
ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ
സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
മത്തായി 27:57 ൽ “അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ”
എന്നാണ് പറയുന്നത്. അവൻ “പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ” ആണ്
യേശുവിന്റെ ശരീരം വച്ചത് (27:60). അത് അവന് വേണ്ടിയും കുടുംബാംഗങ്ങൾക്കു വേണ്ടിയും
നിർമ്മിച്ച കല്ലറ ആയിരിക്കേണം. നിക്കൊദേമൊസ്, യേശുവിന്റെ ശരീരത്തിൽ 33 കിലോ സുഗന്ധ
ദ്രവ്യങ്ങൾ ആണ് പൂശിയത് (യോഹന്നാൻ 19:39). മത്തായി 27:59 ൽ പറയുന്നത് “യോസേഫ്
ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,” എന്നാണ്. ഈ വാക്യത്തിലെ
നിർമ്മലശീലയിൽ” എന്നതിലെ “നിർമ്മലം” എന്നതിന്റെ ഗ്രീക്ക് പദം, “കതറാസ്” എന്നാണ് (katharos,
kath-ar-os'). ഇതിന്റെ അർത്ഥം, ശുദ്ധമായത്, നിർമ്മലമായ,
വൃത്തിയുള്ള, എന്നിങ്ങനെയാണ് (clean, pure). “ശീല”
എന്നതിന്റെ ഗ്രീക്ക് വാക്ക്, “സിൻഡോൺ” എന്നാണ് (sindōn, sin-done'). ഈ വാക്കിന്റെ അർത്ഥം, ശവശരീരത്തെ പൊതിയുവാൻ ഉപയോഗിക്കുന്ന വിലയേറിയ,
നേർമ്മമായ ചണവസ്ത്രം, എന്നാണ് (fine and costly linen cloth used for
wrapping dead bodies).
ഇതെല്ലാം “അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി
കൊടുത്തു;
അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.” എന്ന
വാക്യത്തിന്റെ നിവർത്തിയാണ് (യെശയ്യാവ് 53:9). അതായത്, ക്രൂശിൽ തറച്ചു
കൊല്ലപ്പെട്ട ഒരുവൻ എന്ന രീതിയിൽ, യേശുവിന്റെ ശരീരം ഗെഎന്നാ എന്ന അഗാധമായ
താഴ്വരയിലേക്ക്, ദുഷ്ടന്മാരുടെ ശരീരത്തിനോടൊപ്പം എറിഞ്ഞു കളയേണ്ടതായിരുന്നു.
എന്നാൽ ദൈവം അവന്റെ ശരീരത്തെ അതിസമ്പന്നരോടൊപ്പം കല്ലറയിൽ അടക്കം ചെയ്തു.
ആവർത്തനം 21:22-23 അനുസരിച്ചു, മരത്തിന്മേൽ
തൂങ്ങി മരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു. യേശു നമ്മളുടെ ശാപങ്ങളെ
വഹിച്ചു, എന്നാൽ യേശു ശാപഗ്രസ്തൻ ആയില്ല.
ആവർത്തനം
21:22-23
ഒരുത്തൻ
മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം
മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു
കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ
ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം
നീ അശുദ്ധമാക്കരുതു
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 5:30, 10:39, 13:29 എന്നീ
വാക്യങ്ങളിൽ, യേശു ക്രൂശിൽ മരിച്ചു എന്നതിന് പകരം അവൻ മരത്തിൽ തൂങ്ങി എന്നാണ്
പറയുന്നത്.
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 5:30
(പത്രൊസും ശേഷം
അപ്പൊസ്തലന്മാരും ന്യായാധിപസംഘത്തിന്മുമ്പാകെ പറഞ്ഞു)
നിങ്ങൾ മരത്തിൽ
തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 10:39
(പത്രൊസ്,
കൊർന്നേല്യൊസിന്റെ വീട്ടിൽ വച്ചു പ്രസംഗിച്ചത്)
യെഹൂദ്യദേശത്തിലും
യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ
തൂക്കിക്കൊന്നു;
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 13:29
(പിസിദ്യാദേശത്തിലെ
അന്ത്യൊക്ക്യയിൽ, യഹൂദ പള്ളിയിൽ വച്ചു, പൌലൊസ് പറഞ്ഞത്)
അവനെക്കുറിച്ചു
എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു
കല്ലറയിൽ വെച്ചു.
ഈ അവസരങ്ങളിൽ അപ്പൊസ്തലന്മാരുടെ മനസ്സിൽ, മോശെയുടെ
ന്യായപ്രമാണത്തിലെ വ്യവസ്ഥ ഉണ്ടായിരുന്നു കാണും. യേശുക്രിസ്തുവിനെ ഒരു ശപഗ്രസ്തൻ
എന്നപോലെ യഹൂദന്മാർ മരത്തിൽ തൂക്കി കൊന്നു. ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ ഇതിന്റെ
ആത്മീയ മർമ്മം എന്താണ് എന്നു പൌലൊസ് വിശദീകരിക്കുന്നുണ്ട്.
ഗലാത്യർ 3:13
“മരത്തിന്മേൽ
തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു
നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ
വിലെക്കു വാങ്ങി.
യേശുക്രിസ്തു ശാപത്തിന് കാരണമായ എന്തെങ്കിലും പ്രവർത്തിച്ചതിനാൽ
ശപിക്കപ്പെട്ടവൻ ആയതല്ല. നമ്മളുടെ ലംഘനത്താൽ ഉണ്ടായ ശാപത്തെ യേശു വഹിച്ചു. അങ്ങനെ
അവൻ ശാപമായി തീർന്നു. നമ്മളുടെമേലുള്ള ശാപത്തിന് പരിഹാരമായി, അതിനെ നീക്കികളഞ്ഞു.
യേശു ഒരു രാജ്യദ്രോഹിയെപ്പോലെയും, ഏറ്റവും നീചനായ കുറ്റവാളിയെപ്പോലെയും,
ദൈവദൂഷകനെപ്പോലെയും, ശാപഗ്രസ്തനായി, ക്രൂശിൽ തറക്കപ്പെട്ട്, മരിച്ചു. എന്നാൽ അവന്റെ
ശരീരം ദുഷ്ടന്മാരോടുകൂടെ എറിയപ്പെടുവാൻ ദൈവം അനുവദിച്ചില്ല. ദൈവം അവന് സമ്പന്നൻമാരോട്
കൂടെ ശവക്കുഴി കൊടുത്തു.
കല്ലറ മുദ്ര വയ്ക്കുന്നു
യോസേഫും നിക്കൊദേമൊസും യേശുവിനെ അടക്കം ചെയ്തതിനു ശേഷം,
പെസഹ ദിവസത്തിന്റെ ആരംഭത്തിൽ, മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ
അടുക്കൽ ചെന്നു. യേശു ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ
ഉയിർത്തെഴുന്നേൽക്കും എന്നു അവൻ പറഞ്ഞിരുന്നു എന്നു അറിയിച്ചു. അതിനാൽ, അവന്റെ
ശിഷ്യന്മാർ അവന്റെ ശരീരം മോഷ്ടിച്ചിട്ടു, അവൻ ഉയിർത്തെഴുന്നേറ്റു
എന്നു ജനത്തോടു പറയും എന്ന ആശങ്കയും പീലത്തൊസിനെ അറിയിച്ചു. അതിനാൽ, മൂന്നാം
നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു അവർ അപേക്ഷിച്ചു. പീലാത്തൊസ് കാവൽക്കൂട്ടത്തെ നല്കി, അവർക്ക് കഴിയുന്നിടത്തോളം
ഉറപ്പുവരുത്തുവാൻ അനുവാദം കൊടുത്തു. അവർ ചെന്നു, കല്ലറയുടെ വാതിലിൽ വച്ചിരുന്ന
കല്ലിന് മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി (മത്തായി
27:62-66).
യേശു എത്ര അസാധാരണക്കാരനായ ഒരു വ്യക്തിയാണ് എന്നു
പീലാത്തൊസ് ചിന്തിച്ചു കാണും. അവൻ യാതൊരു ദോഷവും ചെയ്യാതിരിക്കെ, സ്വന്തജനമായ
യഹൂദന്മാർ അവനെ കൊല്ലുവാനായി റോമൻ ഭരണകൂടത്തെ ഏൽപ്പിച്ചു. റോമൻ ഗവർണർ യേശുവിൽ കുറ്റം
ഒന്നും കണ്ടില്ല എന്നു പ്രഖ്യാപിച്ചു. എന്നിട്ടും യഹൂദ ജനം അവനെ ക്രൂശിക്കേണം
എന്നു ആക്രോശിച്ചു. അങ്ങനെ റോമൻ ഭരണകൂടം നിരപരാധി എന്നു വിധിച്ച ഒരുവനെ ക്രൂശിൽ
തറച്ചു കൊന്നു. അവൻ മരിച്ചു കഴിഞ്ഞപ്പോൾ, യഹൂദ ന്യായാധിപ സംഘത്തിലെ രണ്ട് പേർ
അവന്റെ ശരീരം അടക്കം ചെയ്യുവാനായി ചോദിച്ചു. അവർ യേശുവിന്റെ ശരീരം, സകല യഹൂദ
മര്യാദ പ്രകാരം പുതിയ ഒരു കല്ലറയിൽ അടക്കം ചെയ്തു. ഇപ്പോൾ യഹൂദ മഹാപുരോഹിതന്മാരും
പരീശന്മാരും, അവന്റെ കല്ലറയ്ക്കൽ റോമൻ മുദ്രയും, കാവൽക്കാരെയും വയ്ക്കുവാൻ
ആവശ്യപ്പെടുന്നു. അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും എന്നു അവർ ഭയപ്പെടുന്നു.
റോമൻ സാമ്രാജ്യത്തിന്റെ മുദ്രയും, കാവൽക്കാരും ഉയിർപ്പിനെ തടയും എന്നു യഹൂദന്മാർ
കരുതുന്നു. തീർച്ചയായും യേശു എന്ന വ്യക്തി അസാധാരണക്കാരനായ ഒരുവൻ തന്നെയാണ്.
ഒരുവൻ മരിക്കുകയും അവന്റെ ശരീരം കല്ലറയിൽ അടക്കുകയും ചെയ്യുക
എന്നത് അവനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളുടെയും അന്തിമത്വം (finality) ആണ്. അടക്കം ചെയ്ത ശരീരം ഇനി ആരും കാണുന്നില്ല. അവൻ ഇനി ഈ ഭൂമിയുടെ
മുഖത്ത് ജീവനോടെയോ, ജീവനില്ലാതെയോ ഇരിക്കുകയില്ല. ഇനി അവൻ ജീവനിലേക്ക് മടങ്ങി വരുക
എന്നതിന് ഒരു സാധ്യതയും ഇല്ല. അവൻ ഇനി യാതൊന്നും ആഗ്രഹിക്കുന്നില്ല. അവന് ഇനി
യാതൊരു ആവശ്യങ്ങളും ഇല്ല. ഒരു കരുതലും ആവശ്യമില്ല. ഇനി അവന് വേണ്ടി യാതൊന്നും
ആർക്കും ചെയ്യുവാൻ കഴിയുക ഇല്ല. നമ്മളുടെ പ്രാർത്ഥന പോലും ഇനി അവന് ആവശ്യമില്ല,
അത് യാതൊരു ഗുണവും ചെയ്യുകയില്ല. ഇതാണ് അടക്കം വിനിമയം ചെയ്യുന്ന അന്തിമത്വം.
യോസേഫ് യേശുവിന്റെ ശരീരം കല്ലറയിൽ വച്ചു, വാതിൽക്കൽ ഒരു
വലിയ കല്ല് ഉരുട്ടി വച്ചിട്ടു പോയി. മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിന്റെ
കല്ലറയുടെ വാതിലിൽ റോമൻ സാമ്രാജ്യത്തിന്റെ മുദ്രവച്ചു കാവൽക്കൂട്ടത്തെ നിറുത്തി
കല്ലറ ഉറപ്പാക്കി. ഇതെല്ലാം, യേശു മരിച്ചു, കല്ലറയിൽ അടക്കം ചെയ്തു എന്നത്
തീർച്ചയാക്കി. ഇത് അവന്റെ ഇഹലോക ജീവിതത്തിന്റെ അന്തിമത്വം (finality) ആണ്. യേശു പിന്നീട് ഒരിക്കലും ഭൌതീക ജീവിതത്തിലേക്ക് തിരികെ വന്നില്ല.
മത്തായി 27:59-60
യോസേഫ് ശരീരം
എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ
പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു
പോയി.
മത്തായി 27:66
അവർ ചെന്നു
കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
എന്നാൽ യേശുവിനോടൊപ്പം ഉണ്ടായിരുന്ന ചില സ്ത്രീകൾ യേശുവിന്റെ
മരണത്തെയോ, അടക്കത്തെയോ, അന്തിമമായി കാണുവാൻ വിസമ്മതിച്ചു. അവർക്ക് അവന്നുവേണ്ടി
ചിലത് കൂടി ചെയ്യുവാനുണ്ട്. അതിനാൽ അവർ യേശുവിനെ വച്ച കല്ലറ സൂക്ഷ്മമായി കണ്ടു. അവന്റെ
ശരീരം വെച്ച വിധവും കണ്ടു. അതിനെ നിർമ്മലശീലയിൽ പൊതിഞ്ഞു, സുഗന്ധവർഗ്ഗത്തോടെ,
എല്ലാ യഹൂദ മര്യദകളോടും കൂടെ അടക്കം ചെയ്യുന്നത് അവർ കണ്ടു. അതിന് ശേഷം അവർ തിരികെ
പോയി, അവർ സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; ശബ്ബത്ത്
ദിവസം ന്യായപ്രമാണം അനുസരിച്ച് സ്വസ്ഥമായിരന്നു.
ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ
ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി
സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന
അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
“ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകൾ” എന്നു
ലൂക്കോസ് പറയുന്ന ഇവർ ആരൊക്കെയായിരുന്നു? മത്തായി 27:56 ൽ യേശുവിന്റെ മരണത്തിന്
ദൃക്സാക്ഷികൾ ആയി, “മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ
മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” എന്നു പറയുന്നു. എന്നാൽ 61
ആം വാക്യത്തിൽ “കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും
ഇരുന്നിരുന്നു.” എന്നു മാത്രമേ പറയുന്നുള്ളൂ. എങ്കിലും, ഇവർ മൂന്ന് പേരും
യേശുവിന്റെ കല്ലറയ്ക്കലും ചെന്നിരുന്നു എന്നു അനുമാനിക്കാം. മർക്കോസ് 15:47 ൽ
“അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”
എന്നു പറയുന്നു. ലൂക്കോസ് 23:54 ൽ “ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും”
എന്നു മാത്രമേ പറയുന്നുള്ളൂ. ആരുടെയും പേര് പറയുന്നില്ല. യോഹന്നാൻ കല്ലറയ്ക്കൽ
ഉണ്ടായിരുന്ന സ്ത്രീകളുടെ കാര്യം പറയുന്നില്ല.
ഇതിൽ നിന്നും യേശുവിന്റെ കല്ലറയ്ക്കൽ ഉണ്ടായിരുന്ന സ്ത്രീകൾ ആരൊക്കെ ആയിരുന്നു എന്നു നമുക്ക് അനുമാനിക്കുവാൻ കഴിയും. അവർ മഗ്ദലക്കാരത്തി മറിയ, അല്ഫായിയുടെ മക്കളായ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ, സെബെദിപുത്രന്മാരുടെ അമ്മയായ ശലോമി എന്നിവർ ആയിരുന്നു. എന്നാൽ ഇവർ മാത്രമേ യേശുവിന്റെ കല്ലറയ്ക്കൽ ഉണ്ടായിരുന്നുള്ളൂ എന്നു തീർച്ച പറയുവാൻ കഴിയുക ഇല്ല. യോഹന്നാൻ 19:25 ൽ “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ (അല്ഫായിയുടെ) ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” എന്നു പറയുന്നുണ്ട്. “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും” (മത്തായി 27:56) എന്നത് യേശുവിന്റെ അമ്മ മറിയയുടെ സഹോദരിയും, ക്ളെയോപ്പാവിന്റെ ഭാര്യയും ആയ മറിയ ആണ്. ഇവർ എല്ലാവരും യേശുവിന്റെ കല്ലറയ്ക്കലും ഉണ്ടായിരുന്നു. കാരണം, ലൂക്കോസ് “ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി” എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് (ലൂക്കോസ് 23:55-56).
ഈ സ്ത്രീകളുടെ സാന്നിധ്യവും അവരെക്കുറിച്ച് പറയുന്ന
വിവരങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആണ്. യേശു മരിച്ചു, അവനെ സകല യഹൂദ മര്യാദ
പ്രകാരം അടക്കം ചെയ്തു. അത് അവന്റെ ഈ ലോക ജീവിതത്തിന്റെ അന്തിമത്വം ആണ്. അവന്റെ
ശരീരത്തോട് ചെയ്യേണ്ട എല്ലാ ബഹുമാനങ്ങളും, ആചാരങ്ങളും യോസേഫും, നിക്കൊദേമൊസും
ചെയ്തു. അതെല്ലാം അവർ സൂക്ഷ്മമായി കണ്ടു. എന്നിട്ടും അവർ ഇതിനെ ഒരു അന്തിമത്വമായി
കണ്ടില്ല. അവർ വീണ്ടും കാത്തിരിക്കുകയാണ്. ശബ്ബത്ത് കഴിഞ്ഞു, മൂന്നാം നാൾ ആകുമ്പോൾ
വീണ്ടും കല്ലറയ്ക്കൽ വരുവാനും, യേശുവിന്റെ ശരീരം സുഗന്ധ ദ്രവ്യങ്ങൾ കൊണ്ടു പൊതിയുവാനും
അവർ തയ്യാറെടുത്ത് കാത്തിരുന്നു. അവസാനത്തിന് ശേഷം ഉള്ള ഒരു ആരംഭത്തിനായി അവർ
കാത്തിരുന്നു.
ലൂക്കോസ് 23:56 അനുസരിച്ചു, അവർ “മടങ്ങിപ്പോയി
സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു
ശബ്ബത്തിൽ സ്വസ്ഥമായിരന്നു.” യേശു ക്രൂശിൽ മരിച്ചതിനു മൂന്നാം നാൾവരെ അവന്റെ
കല്ലറയുടെ വാതിലിൽ റോമൻ സാമ്രാജ്യത്തിന്റെ മുദ്ര ഉണ്ടായിരിക്കും. അത്രയും ദിവസം
അവിടെ കാവൽക്കാരും ഉണ്ടായിരിക്കും. അതിനാൽ അവർ മൂന്നാം നാൾ അതിരാവിലെ വരെ
സ്വസ്ഥമായിരുന്നു. മൂന്നാം നാൾ യേശു ഉയിർക്കും എന്നു അവർ പ്രതീക്ഷിച്ചിരുന്നുവോ
എന്നു നമുക്ക് തീർച്ചയില്ല. എന്നാൽ മൂന്നാം നാൾ യേശുവിന്റെ കല്ലറ തുറക്കുവാനും,
അവന്റെ ശരീരം കാണുവാനും, അതിൽ സുഗന്ധ ദ്രവ്യങ്ങൾ പൊതിയുവാനും അവർ ആഗ്രഹിച്ചു.
യേശുവിന്റെ അടക്കത്തെ ഒരു അന്തിമത്വമായി കാണുവാൻ അവർക്കു മനസ്സ് ഉണ്ടായില്ല.
കോറം ഡെയോ
യേശു മരിച്ചു, അടക്കം ചെയ്യപ്പെട്ടു എന്നത് ഒരു ചരിത്ര
സത്യമായി നിൽക്കുന്നു. അടക്കം ചെയ്യപ്പെട്ടു എന്നത് അവൻ മരിച്ചു എന്നതിന്റെ
തീർച്ചയാണ്. അവന്റെ ശരീരം ഗെഎന്ന താഴ്വരയിൽ എറിഞ്ഞുകളയേണ്ടതാണ്. ശത്രുക്കൾ അവന് “ദുഷ്ടന്മാരോടുകൂടെ
ശവക്കുഴി കൊടുത്തു”. എന്നാൽ ദൈവം അവന് സമ്പന്നന്മാരോടുകൂടെ ശവക്കുഴി കൊടുത്തു (യെശയ്യാവ്
53:9). സകല യഹൂദ മര്യാദ പ്രകാരം അവന്റെ ശരീരം അടക്കം ചെയ്യപ്പെട്ടു. അവൻ മൂന്ന്
ദിവസങ്ങൾ കല്ലറയിൽ ആയിരുന്നു. കല്ലറയുടെ വാതിൽ ഒരു വലിയ കല്ല് കൊണ്ടു
അടച്ചിരുന്നു. അത് റോമൻ സാമ്രാജ്യത്തിന്റെ മുദ്രയാൽ ഉറപ്പിക്കപ്പെട്ടിരുന്നു.
കല്ലറയക്ക് പുറത്തു റോമൻ പടയാളികൾ കാവൽ നിന്നു. ഈ ദിവസങ്ങളിൽ ആരും കല്ലറയക്ക്
ഉള്ളിലേക്ക് പോയില്ല, ആരും അവനെ കണ്ടില്ല. അവന്റെ ശരീരത്തിന്റെ അടക്കം, അവന്റെ
ഭൌതീക ജീവിതത്തിന്റെ അന്തിമത്വം (finality) ആയിരുന്നു.
പിന്നീട് ഒരിക്കലും അവൻ ഭൌതീക ജീവിതത്തിലേക്ക് തിരികെ വന്നില്ല. യേശുക്രിസ്തുവിന്റെ
ജീവിതത്തിലും, മരണത്തിലും സകലതും തിരുവെഴുത്തുകളിൻ പ്രകാരം സംഭവിച്ചു.
No comments:
Post a Comment