അന്ത്യ ന്യായവിധി എന്നത്, ഒരു മനുഷ്യന്റെ ഭൌതീക ജീവിതത്തിന് ശേഷം, അവൻ എവിടെ അവന്റെ നിത്യമായ ജീവിതം ചിലവഴിക്കേണം എന്നു ദൈവം കൽപ്പിക്കുന്ന പ്രക്രിയ ആണ്. ഓരോ മനുഷ്യനും ദൈവ മുമ്പാകെ തുറന്ന ഒരു വിചാരണ ലഭിക്കും. അതിന് ശേഷം നീതിപൂർവ്വമായ ഒരു അന്തിമ വിധി ദൈവത്തിൽ നിന്നും ഉണ്ടാകും. ഇത് സംഭവിക്കുന്നത് ഈ ലോകത്തിന്റെ അവസാനത്തിൽ ആയിരിക്കും എന്നതിനാലും, ഇത് അന്തിമവും, പിന്നീട് പുനർചിന്തനത്തിന് വിധേയം അല്ലാത്തതും ആയതിനാൽ, ഇതിനെ അന്തിമ ന്യായവിധി എന്നു വിളിക്കുന്നു.
ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകം
പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ ഉണ്ട്.
ഒന്ന്: മനുഷ്യരുടെ ഭൌതീക ജീവിതം താൽക്കാലികം ആണ്.
രണ്ട്: ഭൌതീക ജീവിതം മരണത്തോടെ അവസാനിക്കും.
മൂന്ന്: മരണത്തിന് ശേഷവും മനുഷ്യർക്ക് ഒരു നിത്യജീവിതം ഉണ്ട്.
മരണത്തിന് ശേഷംഉള്ള ജീവിതം എവിടെ, എങ്ങനെയുള്ള അവസ്ഥയിൽ
ഒരുവൻ തുടരും എന്നത് അവൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ എടുക്കുന്ന
തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. ജീവിച്ചിരിക്കുമ്പോൾ, അവന്റെ പാപ പരിഹാരത്തിനായി
യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം പകരമായി തീർന്നു എന്നു വിശ്വസിക്കുകയും, യേശുക്രിസ്തുവിനെ
രക്ഷിതാവായി സ്വീകരിക്കുകയും, ഏറ്റുപറയുകയും ചെയ്യുന്നവരെ രക്ഷിക്കപ്പെട്ടവർ
എന്നും, യേശുക്രിസ്തുവിന്റെ മരണത്താലുള്ള പാപ പരിഹാരത്തെ സ്വീകരിക്കാത്തവരെ
രക്ഷിക്കപ്പെടാത്തവർ (ദുഷ്ടന്മാർ) എന്നും വിളിക്കാറുണ്ട്. ഈ വാക്കുകൾ ഇതേ
അർത്ഥത്തിൽ ഈ പഠനത്തിൽ തുടർന്നു ഉപയോഗിക്കുന്നു. ഈ രണ്ട് വിഭാഗക്കാരുടെയും നിത്യത,
വ്യത്യസ്തമായ ഇടങ്ങളിലും അനുഭവങ്ങളിലും ആയിരിക്കും ചിലവഴിക്കപ്പെടുന്നത്.
രക്ഷിക്കപ്പെട്ടവർ മരിക്കുമ്പോൾ അവരുടെ ശരീരം മണ്ണിലേക്ക് ചേർക്കപ്പെടുകയും,
ആത്മാവ് ക്രിസ്തുവിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു. രക്ഷിക്കപ്പെടാത്തവരുടെ
മരണശേഷം അവരുടെ ശരീരം മണ്ണിലേക്ക് ചേരുകയും, അവരുടെ ആത്മാവു പാതാളം എന്നും, യാതന
സ്ഥലമെന്നും വിളിക്കപ്പെടുന്ന ഇടത്തേക്കു പോകുകയും ചെയ്യുന്നു. രണ്ട് അവസ്ഥകളും
അന്തിമമല്ല. ലോകാവസാനത്തിൽ രണ്ട് കൂട്ടരും ശരീരത്തോടെ പുനരുത്ഥാനം പ്രാപിക്കും.
അതിന് ശേഷം വ്യത്യസ്തമായ ന്യായവിധി ഉണ്ടാകുകയും, ഇരുകൂട്ടർക്കും
ഒരുക്കിയിരിക്കുന്ന പ്രത്യേക ഇടത്തേക്കു അവർ മാറ്റപ്പെടുകയും ചെയ്യും. അവിടെ അവർ
നിത്യമായി വസിക്കും. ഇതാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.
ന്യായവിധി
ഉണ്ടോ?
ന്യായവിധിയെക്കുറിച്ച് പഠിക്കുമ്പോൾ, അങ്ങനെ ഒന്ന് ഭാവിയിൽ
സംഭവിക്കുമോ എന്നതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. നമ്മളുടെ മരണത്തെയും,
ശേഷമുള്ള ജീവിതത്തെയും കുറിച്ച് മൂന്ന് കാര്യങ്ങൾ ആണ് വേദപുസ്തകം
പഠിപ്പിക്കുന്നത്.
ഒന്ന്: ഒരുവൻ മരിക്കുമ്പോൾ, അവന്റെ ആത്മാവ് ഭൌതീക ശരീരം
വിട്ടു, ക്രിസ്തുവിനോടു കൂടെയോ, യാതന സ്ഥലത്തോ വസിക്കുന്നു.
രണ്ട്: എല്ലാ മനുഷ്യരും ശരീരത്തോട് കൂടെയുള്ള
പുനരുത്ഥാനം ഉണ്ടാകും.
മൂന്ന്: എല്ലാ മനുഷ്യരും ഒരിക്കൽ ക്രിസ്തുവിന്റെ
ന്യായസനത്തിന് മുമ്പാകെ നിൽക്കേണ്ടി വരും.
നാല്: അന്ത്യകാലം വരുമ്പോൾ മരിക്കാതെ ശേഷിക്കുന്നവരും
ദൈവത്തിന്റെ ന്യായസാനത്തിന് മുമ്പാകെ നിൽക്കേണ്ടി വരും.
യേശുക്രിസ്തുവിന്റെ പുനരുത്ഥാനം രണ്ട് കാര്യങ്ങൾ നമുക്ക് ഉറപ്പ്
നല്കുന്നു. ഒന്ന്, അവനിൽ മരിക്കുന്ന വിശുദ്ധന്മാർ ഉയിർത്തെഴുന്നേലക്കും. രണ്ട്,
ഒരു നിശ്ചിത ദിവസം അവൻ ലോകത്തെ നീതീയിൽ ന്യായം വിധിക്കും.
അപ്പൊസ്തല
പ്രവൃത്തികൾ 17:31
താൻ നിയമിച്ച
പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു
അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
എബ്രായർ 9:27
ഒരിക്കൽ
മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
അതിനാൽ ന്യായവിധി ഉണ്ട്, അതിനായി നമ്മൾ ക്രിസ്തുവിന്
മുമ്പാകെ ഒരിക്കൽ നിൽക്കേണ്ടി വരും. ന്യായവിധി മരണത്തിനും, ഉയിർപ്പിനും ശേഷവും നിത്യമായ
ജീവിതം ആരംഭിക്കുന്നതിന് മുമ്പും സംഭവിക്കും. നിത്യത ഓരോരുത്തരും അവർക്കായി ഒരുക്കിയിരിക്കുന്ന
സ്ഥലത്ത് ചിലവഴിക്കും.
രണ്ട് വ്യത്യസ്തങ്ങൾ ആയ ന്യായവിധികൾ ഉണ്ടാകും. ഒന്ന്
രക്ഷിക്കപ്പെട്ടവരുടെയും രണ്ടാമത്തേത് രക്ഷിക്കപ്പെടാത്തവരുടെയും ആയിരിക്കും.
രക്ഷിക്കപ്പെട്ടവരുടെ ന്യായവിധി ശിക്ഷാവിധിയിലേക്ക് ഉള്ളതല്ല.
രക്ഷിക്കപ്പെടാത്തവരെ ശിക്ഷാവിധിക്കായി ന്യായം വിധിക്കും.
റോമർ 8:1
അതുകൊണ്ടു
ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
വെളിപ്പാടു 20:15
ജീവപുസ്തകത്തിൽ
പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
ക്രിസ്തുയേശുവിൽ ഉള്ളവരുടെ പാപങ്ങൾ അവർ ഭൂമിയിൽ
ജീവിച്ചിരിക്കുമ്പോൾ തന്നെ ക്ഷമിക്കപ്പെട്ടതാണ്. അതിനാൽ അവർക്കു പിന്നീട് ശിക്ഷാവിധിയോ,
അതിലേക്ക് നയിക്കുന്ന ന്യായവിധിയോ ഇല്ല. എന്നാൽ രക്ഷിക്കപ്പെടാത്തവരുടെ പേരുകൾ
ജീവപുസ്തകത്തിൽ രേഖപ്പെടുത്തുകയില്ല. അവർ നിത്യ ശിക്ഷയ്ക്കായി വിധിക്കപ്പെടും.
ഗ്രീക്കു
ഭാഷയില്‍, “ന്യായവിധി” എന്ന വാക്ക് രണ്ടു അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കപ്പെടുന്നത്.
ഒരു അര്‍ത്ഥം, ന്യായവിധി നടത്തി ശിക്ഷിക്കുക എന്നതാണ്.
മറ്റൊരു അര്‍ത്ഥം, ന്യായവിധി നടത്തി പ്രതിഫലം നല്കുക
എന്നതാണ്.
അവിശ്വാസികളുടെ
പാപം മോചിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍, അവര്‍ക്ക് ന്യായവിധിക്ക്
ശേഷം നിത്യമായ ശിക്ഷ ലഭിക്കും. എന്നാല്‍ ക്രിസ്തീയ വിശ്വാസികളുടെ പാപം അവര്‍
ജീവിച്ചിരിക്കെ തന്നെ ക്ഷമിക്കപ്പെട്ടതാണ്. അതിനാല്‍ അവര്‍ക്ക് യേശുക്രിസ്തു
പ്രതിഫലം ആണ് നല്‍കുന്നത്. രണ്ടുകൂട്ടരെയും, അവരുടെ
വിശ്വാസത്തിന്റെയും പ്രവര്‍ത്തികളുടെയും അടിസ്ഥാനത്തില്‍ ന്യായവിധി നടത്തും.
യോഹന്നാൻ
16:8 ആം വാക്യത്തിലും 11 ആം വാക്യത്തിലും “ന്യായവിധി” എന്നു പറയുവാൻ
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ക്രീസിസ്” എന്നാണ് (krisis,
kree'-sis). ഈ വാക്കിന്റെ അർത്ഥം, വിധിന്യായം, നിത്യനാശം,
കുറ്റംചുമത്തൽ, അപരാധനിർണ്ണയം, ശിക്ഷിക്കൽ, എന്നിവയാണ്.
2
കൊരിന്ത്യര്‍ 5:10, റോമർ 14:10 എന്നീ വാക്യങ്ങളിൽ ന്യായാസനം
എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “ബെയ്മ” എന്നാണ്. ഈ വാക്കിന്
ന്യായാസനം, സിംഹാസനം, പാദം വയ്ക്കുന്ന പാദപീഠം എന്നിങ്ങനെ അർത്ഥം ഉണ്ട്. കുറെ
പടികൾ കയറി ചെല്ലുന്ന ഉയർന്ന ഒരു സ്ഥലത്ത് രാജാക്കന്മാരുടെ സിംഹാസനം ഇരിക്കുന്ന
ഇടത്തേക്കുറിച്ചും ഈ വാക്ക് പറയുന്നു. ഒരു ഉയർന്ന പ്ലാറ്റ്ഫോമിനെയും ഈ വാക്ക്
സൂചിക്കുപ്പിക്കുന്നു. “ബെയ്മ” എന്ന വാക്ക് യേശുക്രിസ്തു അവനിൽ വിശ്വസിച്ചവർക്ക്
പ്രതിഫലം നല്കുന്നതിനെക്കുറിച്ച് പറയുവാൻ ഉപയോഗിച്ചിരിക്കുന്നു.
ആരാണ്
ന്യായം വിധിക്കുന്നത്?
അന്ത്യ ന്യായവിധി രണ്ട് ഘട്ടമായി നടക്കും എങ്കിലും
രണ്ടിലെയും വിധികർത്താവ് യേശുക്രിസ്തു ആയിരിക്കും. ഇത് വ്യക്തമാക്കുന്ന പല വാക്യങ്ങൾ
വേദപുസ്തകത്തിൽ ഉണ്ട്.
അപ്പൊസ്തല പ്രവൃത്തികൾ 17:31 ൽ “താൻ നിയമിച്ച പുരുഷൻ
മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം” വിധിക്കും എന്നു പറയുന്നു. ഈ പുരുഷൻ
യേശുക്രിസ്തുവാണ്. മത്തായി 16:27 ൽ മനുഷ്യപുത്രൻ ഓരോരുത്തന്നും അവനവന്റെ
പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യപുത്രൻ
യേശുക്രിസ്തു ആണ്. യോഹന്നാൻ 5:22 ൽ പറയുന്നത്, “പിതാവു ആരെയും ന്യായം വിധിക്കാതെ
ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു” എന്നാണ്. യോഹന്നാൻ 5:27 ൽ “ന്യായവിധിനടത്തുവാൻ
അവന്നു അധികാരവും നല്കിയിരിക്കുന്നു” എന്നു നമ്മൾ വായിക്കുന്നു. 2 കൊരിന്ത്യർ 5:10
ൽ രക്ഷിക്കപ്പെട്ട ദൈവജനം “എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ
വെളിപ്പെടേണ്ടതാകുന്നു” എന്നു പൌലൊസ് പഠിപ്പിക്കുന്നു. വെളിപ്പാടു 22:12 ൽ
യേശുക്രിസ്തു തന്നെ നല്കുന്ന വാഗ്ദത്തം ഇങ്ങനെയാണ്: “ഓരോരുത്തന്നു അവനവന്റെ
പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” ഇതെല്ലാം
രക്ഷിക്കപ്പെട്ടവരെയും, രക്ഷിക്കപ്പെടാത്തവരെയും ന്യായം വിധിക്കുന്നതു
യേശുക്രിസ്തു ആണ് എന്നു വ്യക്തമാക്കുന്നു. ദൈവം ന്യായവിധിക്കുള്ള എല്ലാ അധികാരവും
ക്രിസ്തുവിന് നല്കിയിരിക്കുന്നു.
എന്നാൽ റോമർ 14:10 ൽ “നാം എല്ലാവരും ദൈവത്തിന്റെ
ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും” എന്നും “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു
കണക്കു ബോധിപ്പിക്കേണ്ടിവരും” എന്നും ആണ് പൌലൊസ് പറയുന്നത്.
ഇത് ക്രിസ്തുവിന്റെ ന്യായസനവും ദൈവത്തിന്റെ ന്യായസനവും
എന്നിങ്ങനെ രണ്ട് വ്യത്യസ്തങ്ങൾ ആയ ന്യായസനങ്ങൾ ഉണ്ട് എന്നു അർത്ഥമാക്കുന്നില്ല.
കാരണം യോഹന്നാൻ 5:22 ൽ പറയുന്നത് അനുസരിച്ച്, “പിതാവു ആരെയും ന്യായം
വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.” അതിനാൽ, ക്രിസ്തുവിന്റെ
ന്യായാസനം എന്നത് ദൈവത്തിന്റെ ന്യായാസനം ആണ്. ക്രിസ്തുവിന്റെ ന്യായാസനവും
ദൈവത്തിന്റെ ന്യായാസനവും ഒന്നുതന്നെയാണ്. ന്യായവിധിയിൽ, പിതാവും പുത്രനും ഒന്നാണ്.
എന്നാൽ ന്യായസനത്തിൽ പുത്രനെ നമ്മൾ മുഖാമുഖം കാണും.
രക്ഷിക്കപ്പെട്ടവർക്കും ന്യായവിധി ഉണ്ട്. അവർ
ക്രിസ്തുവിന്റെ ന്യായസനത്തിന് മുമ്പാകെ നിൽക്കേണ്ടി വരും. എന്നാൽ അവർക്കു നിത്യ
ശിക്ഷാവിധി ഇല്ല.
2 കൊരിന്ത്യർ
5:10
അവനവൻ ശരീരത്തിൽ
ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം
പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ
വെളിപ്പെടേണ്ടതാകുന്നു.
യോഹന്നാൻ 6:40
പുത്രനെ
നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു
എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ
ഉയിർത്തെഴുന്നേല്പിക്കും.
രക്ഷിക്കപ്പെട്ടവരുടെ ന്യായവിധിയെക്കുറിച്ചാണ് 2 കൊരിന്ത്യർ
5:10, റോമർ 14:10-12 എന്നീ വാക്യങ്ങളിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്നത്.
രക്ഷിക്കപ്പെട്ടവരുടെ ന്യായവിധി അവരുടെ പുനരുത്ഥാനത്തിന്
ശേഷം സംഭവിക്കും. അവരുടെ പുനരുത്ഥാനം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിങ്കൽ
സംഭവിക്കും.
ഇത് എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ
അഭിപ്രായങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് രണ്ട് ഘട്ടങ്ങൾ ഉണ്ട്
എന്നും, അതിൽ ഒന്നാമത്തേത് രഹസ്യ പ്രത്യക്ഷതയാണ് എന്നും ഒരു കൂട്ടർ
വിശ്വസിക്കുന്നു. ആ അവസരത്തിൽ മരിച്ചവരും, അപ്പോൾ ജീവനോടെ ഇരിക്കുന്നവരും ആയ
രക്ഷിക്കപ്പെട്ട ദൈവജനം, രൂപാന്തരം പ്രാപിച്ചു ക്രിസ്തുവിനോടൊപ്പം ഭൂമിയിൽ നിന്നും
എടുക്കപ്പെടും എന്നും അവർ വിശ്വസിക്കുന്നു. ഇപ്രകാരം ദൈവജനം എടുക്കപ്പെട്ട്
കഴിഞ്ഞാൽ, എതിർക്രിസ്തുവിന്റെ വാഴ്ച ആരംഭിക്കും. അത് ഏഴുവർഷങ്ങൾ നീണ്ടുനിൽക്കും. ഈ
കാലയളവിൽ, ക്രിസ്തുവിനോടു കൂടെ ആയിരിക്കുന്നവരുടെ ന്യായവിധി ഉണ്ടാകും.
എന്നാൽ, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് ഒരു
പ്രത്യക്ഷതയേ ഉണ്ടാകൂ എന്നും, അപ്പോൾ, മരിച്ചവരും, ജീവനോടെ ഇരിക്കുന്നവരും ആയ
ദൈവജനം എടുക്കപ്പെടും എന്നും രണ്ടാമത്തെ കൂട്ടർ വിശ്വസിക്കുന്നു. ഇത്
എതിർക്രിസ്തുവിന്റെ വാഴ്ചയ്ക്ക് ശേഷം ആണ് സംഭവിക്കുക. ഈ വ്യാഖ്യാനം അനുസരിച്ച്,
എതിർക്രിസ്തുവിന്റെ വാഴ്ചയ്ക്ക് ശേഷം മാത്രമേ ഒന്നാമത്തെ പുനരുത്ഥാനം ഉണ്ടാകൂ.
അപ്പോൾ മാത്രമേ രക്ഷിക്കപ്പെട്ടവരുടെ ന്യായവിധി ഉണ്ടാകൂ. അത് ക്രിസ്തുവിന്റെ ആയിരം
ആണ്ട് വാഴ്ചാ കാലത്ത് സംഭവിക്കും. ഇതിനെ പിന്താങ്ങുന്ന ഒരു വേദഭാഗം വെളിപ്പാട് 20
ൽ ഉണ്ട്.
വെളിപ്പാട്
20:4-6
ഞാൻ
ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ
അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം
തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും
നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും
ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ
ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം.
ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ
ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു
വാഴും.
ഇത് ഒന്നാമത്തെ പുനരുത്ഥാനത്തിന്റെയും ന്യായവിധിയുടെയും
കാഴ്ചയാണ്. ഇവിടെ നിൽക്കുന്നവർ “യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല
ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും
നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കൾ ആണ്.
അവർ “ഭാഗ്യവാനും വിശുദ്ധനും” ആകുന്നു. “അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം
ഇല്ല”. അവർ നിത്യജീവൻ പ്രാപിച്ചു ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി
ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
പ്രതിഫലത്തിനായുള്ള
ന്യായവിധി
രക്ഷിക്കപ്പെട്ടവരുടെ ന്യായവിധിയുടെ ഉദ്ദേശ്യം, അവരെ നിത്യ ശിക്ഷയ്ക്കായി
വിധിക്കുക അല്ല എന്നു നമ്മൾ മുകളിൽ പറഞ്ഞല്ലോ. അപ്പോൾ എന്തിനു വേണ്ടിയാണ്
രക്ഷിക്കപ്പെട്ടവരെ ന്യായവിധിക്ക് വിധേയർ ആക്കുന്നത്? ഇത് മനസ്സിലാക്കുവാൻ നമുക്ക്
മൂന്ന് വാക്യങ്ങൾ ഒരുമിച്ച് വായിക്കാം.
റോമർ 5:9
അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര
അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
റോമർ 8:1
അതുകൊണ്ടു
ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
2 കൊരിന്ത്യർ
5:10
അവനവൻ ശരീരത്തിൽ
ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു
നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
റോമർ 5:9 ൽ നമ്മൾ യേശുക്രിസ്തുവിന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടു
എന്നും, 8:1 ൽ “ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും
ഇല്ല” എന്നും പറഞ്ഞിരിക്കുന്നു. എന്നാൽ 2 കൊരിന്ത്യർ 5:10 ൽ “നാം
എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു” എന്നു
പറയുന്നു. ആരൊക്കെ നിൽക്കേണം, എവിടെ നിൽക്കേണം, എന്തിന് നിൽക്കേണം, ആരാണ്
ന്യായാധിപൻ, എന്നെല്ലാം ഈ വാക്യത്തിൽ വ്യക്തമായി പറയുന്നുണ്ട്. കൊരിന്ത്യ ലേഖനം
ക്രിസ്തീയ സഭയ്ക്ക് എഴുതപ്പെട്ട ഒരു കത്ത് ആണ്. അതിനാൽ, ഇതിലെ “നാം എല്ലാവരും”,
എന്നത് വീണ്ടും ജനനം പ്രാപിച്ച്, സഭയുടെ ഭാഗമായിരിക്കുന്ന എല്ലാ വിശ്വാസികളും ആണ്.
അവർ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെയാണ് വെളിപ്പെടേണ്ടത്.
“അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും
തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു” വേണ്ടിയാണ് അവിടെ നിൽക്കുന്നത്.
ഇവിടെ ന്യായാധിപൻ യേശുക്രിസ്തു ആണ്.
എന്നാൽ 2 കൊരിന്ത്യർ 5:10 ൽ പറയുന്നതു “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും
തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു” ഒരു ന്യായവിധി നമുക്ക്
ഉണ്ട് എന്നാണ്. അതായത് ഇവിടെ ന്യായവിധിക്ക് ശോധന ചെയ്യപ്പെടുന്നത് “അവനവൻ
ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും” ചെയ്ത പ്രവർത്തികൾ ആണ്. ഇവിടെ
പരിശോധിക്കപ്പെടുന്നത് രക്ഷിക്കപ്പെട്ടവർ, ഭൂമിയിൽ ശരീരത്തോടെ ജീവിച്ചപ്പോൾ ചെയ്ത
നല്ലതും തീയതും ആയ പ്രവൃത്തികൾ ആണ്. അവരുടെ പ്രവർത്തികൾ രക്ഷയുടെ കാരണം അല്ല,
രക്ഷയുടെ ഫലമായി ഉളവായത് ആണ്. ന്യായവിധിയുടെ ഉദ്ദേശ്യം, ഓരോരോരുത്തരുടെയും
പ്രവർത്തിയെ പരിശോധിച്ച്, അവർ രക്ഷിക്കപ്പെട്ടവർ ആണോ അല്ലെയോ എന്നു പ്രഖ്യാപിക്കുക
അല്ല. ഓരോരുത്തരുടെയും പ്രവർത്തിക്ക് തക്കവണ്ണം ഉള്ള പ്രതിഫലം പ്രഖ്യാപിക്കുക ആണ്.
ഈ പ്രതിഫലം നിത്യതയിൽ നിലനിൽക്കുന്നതാണ്. അതിനാൽ ഈ ന്യായവിധി ഒരുവനെ
രക്ഷിക്കുവാനുള്ള ന്യായവിധി അല്ല. നമ്മൾ രക്ഷിക്കപ്പെടുന്നത്, ദൈവ കൃപയാൽ,
വിശ്വാസം മൂലം മാത്രംആണ്. രക്ഷയ്ക്ക് പ്രവർത്തികൾ കാരണമല്ല.
എഫെസ്യർ 2:8, 9
കൃപയാലല്ലോ
നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ
കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ
പ്രവൃത്തികളും കാരണമല്ല.
നമ്മൾ നീതീകരിക്കപ്പെട്ടിരിക്കുന്നത് യേശുക്രിസ്തുവിന്റെ
നീതിമൂലം ആണ്. അവന്റെ നീതിയിൽ ഒരു പരിപൂർണ്ണത ഉണ്ട്. അത് സമ്പൂർണ്ണമാണ്. നമ്മൾ
എല്ലാവരും ഒരുപോലെ, ഒരേ അളവിൽ, നീതീകരിക്കപ്പെട്ടിരിക്കുന്നു. നമ്മളുടെ
നീതീകരണത്തിന്, യേശുക്രിസ്തുവിനാൽ ഒരു അന്തിമത്വം (finality)
ഉണ്ട്.
അതായത് ക്രിസ്തുവിന്റെ ന്യായാസനത്തിലെ രക്ഷിക്കപ്പെട്ടവരുടെ വിചാരണ, അവർക്ക് പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയാണ്. അവിടെ, ഓരോ വിശ്വാസിക്കും, രക്ഷയുടെയും വിശ്വാസത്തിന്റെയും ഫലമായ, സ്നേഹത്തിന്റെയും നീതിയുടെയും പ്രവർത്തികൾക്ക് തക്കവണ്ണം ഉള്ള പ്രതിഫലം ലഭിക്കും. ഇത് യേശുക്രിസ്തുവും, അപ്പൊസ്തലനായ പൌലൊസും പഠിപ്പിക്കുന്നുണ്ട്.
2 തിമൊഥെയൊസ് 4:7, 8
ഞാൻ നല്ല പോർ
പൊരുതു,
ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി
നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള
ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു
മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
പൌലൊസ് ക്രിസ്തുവിനാൽ നീതീകരിക്കപ്പെട്ടവൻ ആണ് എന്നു
അദ്ദേഹത്തിന് അറിയാം. എന്നാൽ ന്യായാധിപതിയായ ക്രിസ്തു ഒരു ദിവസം നീതിയുടെ കിരീടം
പ്രതിഫലമായി നല്കും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു. അദ്ദേഹത്തിന് മാത്രമല്ല,
ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പ്രിയം വയ്ക്കുന്ന എല്ലാവർക്കും അത് ലഭിക്കും എന്നും
അദ്ദേഹം വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ
ന്യായസനത്തിൽ, എന്തുകൊണ്ടാണ് രക്ഷിക്കപ്പെട്ടവരുടെ പ്രവർത്തികളെ
ന്യായവിധിക്കുന്നത്? പ്രവർത്തികൾ രക്ഷയുടെ അടിസ്ഥാനം അല്ല. പ്രവർത്തികൾ രക്ഷയുടെ പ്രകടനമാണ്.
രക്ഷ വിശ്വാസത്താൽ നമ്മൾ
കരസ്ഥമാക്കുന്നു, രക്ഷ പ്രവർത്തികളാൽ വെളിപ്പെടുന്നു. നമ്മളുടെ രക്ഷയും
അതിന് കാരണമായ വിശ്വാസവും സത്യമാണ് എന്നു പ്രവർത്തികൾ തെളിയിക്കുന്നു.
2
കൊരിന്ത്യർ 5:10 ൽ പൌലൊസ് പരാമർശിക്കുന്ന യേശുക്രിസ്തുവിന്റെ
ന്യായാസനം, രക്ഷിക്കപ്പെട്ടവരുടെ, രക്ഷയുടെ ഫലമായ പ്രവർത്തികൾ വിചാരണ
ചെയ്യപ്പെടുന്ന ഇടമാണ്. അവരുടെ, യേശുക്രിസ്തുവിലുള്ള വിശ്വാസം എത്രമാത്രം
പ്രവർത്തികളായി വെളിപ്പെട്ടു. ഇത് പരസ്യമായി പരിശോധിക്കപ്പെടും. ഈ പരിശോധനയിൽ
ഓരോരുത്തരും ഏറ്റുപറയുന്ന വിശ്വാസത്തിന്റെ യാഥാർത്ഥ്യം, അവരുടെ പ്രവർത്തികളുടെ
വെളിച്ചത്തിൽ പ്രഖ്യാപിക്കപ്പെടും.
ഇതിൽ നിന്നെല്ലാം നമ്മൾ മനസിലാക്കുന്നത് ഇങ്ങനെയാണ്:
1.
“അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു
നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം” പ്രാപിക്കും,
2.
“ഓരോരുത്തന്നു താന്താന്റെ
അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും”
3.
“ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു
കർത്താവിൽ നിന്നു പ്രതിഫലം പ്രാപിക്കും”
4. നിത്യജീവനും, കോപവും ക്രോധവും, പ്രവർത്തികളുടെ
അടിസ്ഥാനത്തിൽ നല്കപ്പെടും
ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ ചില പ്രവർത്തികളുടെ പട്ടിക
നിരത്തികൊണ്ടു, ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു പൌലൊസ്
പറയുന്നുണ്ട്.
“നന്മ ചെയ്തവർ ജീവന്നായും തിന്മ
ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.” എന്നും യേശുക്രിസ്തുവിനെ
വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടു;
അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു
കടന്നിരിക്കുന്നു, എന്നും യേശു പറഞ്ഞിട്ടുണ്ട്. നമുക്ക് ഈ വാക്യങ്ങൾ വായിക്കാം.
ഗലാത്യർ
5:19-21
ജഡത്തിന്റെ
പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം,
ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ,
മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു
വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം
അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി
പറയുന്നു.
1
കൊരിന്ത്യർ 6:9-10
അന്യായം
ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,
വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ
ദൈവരാജ്യം അവകാശമാക്കുകയില്ല.
യോഹന്നാൻ 5:24, 28, 29
24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു
എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ
ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
28-29 ഇതിങ്കൽ ആശ്ചര്യപ്പെടരുതു;
കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള
നാഴിക വരുന്നു.
ഇതിൽ ആശയക്കുഴപ്പത്തിന് കാര്യമില്ല. ഇതിന്റെയെല്ലാം
അർത്ഥം ഇതാണ്: രക്ഷ എപ്പോഴും ദൈവ കൃപയാൽ, വിശ്വാസത്താൽ മാത്രം ലഭിക്കുന്നു. എന്നാൽ
ഒരുവന്റെ പ്രവർത്തികൾ അവൻ അവകാശപ്പെടുന്ന രക്ഷയുടെ യഥാർത്ഥ അവസ്ഥ എന്താണ് എന്നു
വെളിപ്പെടുത്തും. അവരുടെ പ്രവർത്തികൾ, അവരുടെ വിശ്വാസം ജീവനുള്ളതാണോ, മരിച്ചതാണോ
എന്നു തെളിയിക്കും. ഇതാണ് ക്രിസ്തുവിന്റെ ന്യായാസനത്തിൽ സംഭവിക്കുന്നത്.
അഞ്ച്
സ്വർഗ്ഗീയ കിരീടങ്ങൾ
രക്ഷിക്കപ്പെട്ടവർക്ക് പ്രതിഫലമായി ലഭിക്കുന്ന അഞ്ച്
കിരീടങ്ങളെക്കുറിച്ച് പുതിയനിയമത്തിൽ പറയുന്നുണ്ട്. “കിരീടം” എന്നു പറയുവാൻ
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “സ്റ്റെഫനൊസ്” എന്നാണ്. ഈ വാക്കിന്റെ അർത്ഥം,
കിരീടം, രാജകീയതയുടെയോ, ഉയർന്ന സ്ഥാനത്തിന്റെയോ അടയാളം, ഒരുവന് ബഹുമാനാർത്ഥം
നല്കുന്ന ഒരു അലങ്കാരം, എന്നിങ്ങനെയാണ്. പുരാതന യവന കായിക മൽസരങ്ങളിൽ വിജയികൾ
ആകുന്നവരുടെ ശിരസ്സിന് ചുറ്റും, വേഗം വാടിപ്പോകാത്ത ഇലകൾ കൊണ്ട് ഉണ്ടാക്കിയ ഒരു
കിരീടം വയ്ക്കാറുണ്ടായിരുന്നു. ഇതായിരുന്നു അവരുടെ പ്രതിഫലം.
ഈ വാക് ചിത്രങ്ങളിൽ നിന്നുമാണ് രക്ഷിക്കപ്പെട്ടവർക്ക് ക്രിസ്തുവിന്റെ ന്യായസനത്തിങ്കൽ കിരീടങ്ങൾ പ്രതിഫലമായി ലഭിക്കും എന്ന ആശയം പൌലൊസ് മുന്നോട്ട് വയ്ക്കുന്നത്. സ്വർഗ്ഗീയ കിരീടങ്ങൾ ഇതെല്ലാം ആണ്:
1.
വാടാത്ത (നശിച്ചുപോകാത്ത) കിരീടം
2.
പ്രശംസാ കിരീടം
3.
നീതിയുടെ കിരീടം
4.
തേജസ്സിന്റെ വാടാത്ത കിരീടം
5.
ജീവ കിരീടം
രക്ഷിക്കപ്പെടാത്തവരുടെ
ന്യായവിധി
യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ചയ്ക്കും, സാത്താന്റെ അവസാനത്തെ കലാപത്തിനും ശേഷം രക്ഷിക്കപ്പെടാത്തവരുടെ ന്യായവിധി ഉണ്ടാകും. അതിന് മുമ്പായി ഇപ്പോഴത്തെ ഭൂമിയും ആകാശവും ഒഴിഞ്ഞുപോകും. എന്നാൽ, പുതിയ യെരൂശലേം എന്ന പുതിയ ഭൂമി പ്രത്യക്ഷമാകുന്നതിന് മുമ്പ് രക്ഷിക്കപ്പെടാത്തവരുടെ ന്യായവിധി സംഭവിക്കും. ഇതിനെ വെള്ള സിംഹാസനത്തിനു മുന്നിലെ ന്യായവിധി എന്നാണ് വിളിക്കുക. ഇതിനെക്കുറിച്ചുള്ള ഒരു വിവരണം വെളിപ്പാടു 20:11-15 വരെയുള്ള വാക്യങ്ങളിൽ ഉണ്ട്.
വെളിപ്പാടു
20:11-15
ഞാൻ വലിയോരു
വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ
സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ
കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു;
പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന
മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു
ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം
തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും
തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു
അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ
തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ
പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
ഇത് വെള്ള സിംഹാസനത്തിന് മുന്നിൽ ഉള്ള അന്ത്യ ന്യായവിധിയാണ്. ഇവിടെ ന്യായം വിധിക്കപ്പെടുന്നത് രക്ഷിക്കപ്പെടാത്തവർ ആണ്. “മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു;” എന്ന വാചകത്തിൽ നിന്നും, അതുവരെ മരണത്തിലും, പാതാളത്തിലും, ബന്ധിക്കപ്പെട്ട് കിടന്നിരുന്നവർ ആണ് വെള്ള സിംഹാസനത്തിന് മുന്നിൽ നിൽക്കുന്ന ആബാലവൃദ്ധം മനുഷ്യർ എന്നു മനസ്സിലാക്കാം. ഇവിടെ നിൽക്കുന്ന എല്ലാവർക്കും അവരുടെ ശരീരം ഉണ്ടായിരിക്കും. അവർ എവിടെ വച്ച്, എങ്ങനെ മരിച്ചാലും, അവരുടെ ആത്മാവിനെയും ശരീരത്തെയും തമ്മിൽ പുനർ യോജിപ്പിക്കുവാൻ ദൈവത്തിന് കഴിയും. അതാണ്, “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു” എന്ന വാചകത്തിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത്. അതായത്, മരിച്ചതിന് ശേഷം നമ്മളുടെ ശരീരം, എവിടെ, എങ്ങനെ അടക്കം ചെയ്താലും, അതിന് ശരീരത്തോടെ പുനരുത്ഥാനം ഉണ്ടാകും.
ഈ ന്യായവിധി, ആരെയും രക്ഷിക്കുവാൻ ഉള്ളതല്ല.
രക്ഷിക്കപ്പെടാത്തവരുടെ ശിക്ഷ വിധിക്കുവാനുള്ള ന്യായവിധി ആണ്. ഇവിടെ നിൽക്കുന്ന
എല്ലാവരും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരസിച്ചവർ ആണ്.
വെളിപ്പാടു 20:11 -15 വരെ വിവരിക്കപ്പെടുന്ന ന്യായവിധിയെ, വെളിപ്പാട്
20:4-6 ൽ കാണുന്ന, യേശുവിന് വേണ്ടി രക്തസാക്ഷികൾ ആയവരുടെ ന്യായവിധിയുമായി താരതമ്യം
ചെയ്യേണ്ടതുണ്ട്. അവിടെ അവർ നിൽക്കുന്നത് ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പാകെ
പ്രതിഫലം വാങ്ങുവാനാണ്. അവർ “യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം”
രക്തസാക്ഷികൾ ആയവർ ആണ്. 6 ആം വാക്യത്തിൽ, അവർ “ഭാഗ്യവാനും
വിശുദ്ധനും ആകുന്നു” എന്നു പറയുന്നു. അവർ ക്രിസ്തുവിനോടുകൂടെ വാഴും എന്ന വാഗ്ദത്തവും
ഉണ്ട്.
എന്നാൽ പുനരുത്ഥാനം
ചെയ്യപ്പെട്ട, രക്ഷിക്കപ്പെട്ട, രക്തസാക്ഷികൾ ആയവരെ കുറിച്ച് പറയുന്ന, യാതൊരു
വിശേഷണവും, വാഗ്ദത്തവും, വെള്ള സിംഹാസനത്തിന് മുന്നിൽ നിൽക്കുന്ന ആബാലവൃദ്ധം
മനുഷ്യരെക്കുറിച്ച് പറയുന്നില്ല. അതിനാൽ വെള്ള സിംഹാസനത്തിന് മുന്നിൽ
ന്യായവിധിക്കായി നിൽക്കുന്നവർ രക്ഷിക്കപ്പെടാത്തവർ ആണ്. 12 ആം വാക്യത്തിൽ “പുസ്തകങ്ങൾ
തുറന്നു;
ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ
പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി” എന്നാണ് നമ്മൾ വായിക്കുന്നത്. ഇവിടെ
പറയുന്ന പുസ്തകങ്ങളും ജീവന്റെ പുസ്തകവും രണ്ടാണ്. “പുസ്തകങ്ങൾ” അവരുടെ പ്രവൃത്തികളുടെ പുസ്തകങ്ങൾ ആണ്. “ജീവന്റെ
പുസ്തകം”, നിത്യജീവനായി പുനരുത്ഥാനം ചെയ്ത
രക്ഷിക്കപ്പെട്ടവരുടെ പേരുകൾ എഴുതിയിരിക്കുന്ന പുസ്തകം ആണ്. വെള്ള സിംഹാസനത്തിന് മുന്നിൽ നിൽക്കുന്ന
മനുഷ്യരുടെ ആരുടെയും പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടില്ല. അതായത് ശിക്ഷ
വിധിക്കപ്പെട്ടവർ ആണ് വെള്ള സിംഹാസനത്തിന് മുന്നിൽ ന്യായം വിധിക്കപ്പെടുന്നത്.
അവർക്ക് മാനസാന്തരത്തിനോ, രക്ഷയ്ക്കൊ അവസരം ഇല്ല.
വെള്ള സിംഹാസനത്തിന്റെ മുന്നിൽ നിൽക്കുന്നവർക്ക്, “പുസ്തകങ്ങൾ തുറന്നു” എന്നും
“പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ
പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.” എന്നും “ഓരോരുത്തന്നു അവനവന്റെ
പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി” എന്നും നമ്മൾ വായിക്കുന്നു (20:12, 13). ഇത്
അവരുടെ പ്രവർത്തികൾ രക്ഷയ്ക്കൊ, നിത്യജീവനോ കാരണമായി എന്നല്ല. രക്ഷിക്കപ്പെടാത്തവരെ
അവരുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ശിക്ഷയ്ക്കായി ന്യായം വിധിക്കും. മനുഷ്യരുടെ
ഒരു പ്രവർത്തിക്കും അവന്റെ പാപത്തിന് പരിഹാരമാകുവാൻ കഴിയില്ല എന്നതിനാൽ അവർ
എല്ലാവരും ശിക്ഷാവിധിയ്ക്കു വിധേയർ ആകും. 15 ആം വാക്യം പറയുന്നത് ഇങ്ങനെയാണ്: “ജീവപുസ്തകത്തിൽ
പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.” തീപ്പൊയ്കയിൽ തള്ളിയിടണമോ,
നിത്യജീവൻ നൽകേണമോ എന്നതിന്റെ പ്രമാണം ജീവപുസ്തകത്തിൽ പേരെഴുതി കാണുക എന്നതാണ്.
അവരുടെ ആരുടെയും പ്രവർത്തികൾ നിത്യജീവന് കാരണമായി സിംഹാസനത്തിൽ ഇരിക്കുന്നവൻ
കണ്ടില്ല.
വെള്ള സിംഹാസനത്തിന് മുന്നിൽ, ന്യായം
വിധിക്കപ്പെടുന്നത് ദുഷ്ടന്മാർ ആണ്. അവരെ ന്യായം വിധിക്കുന്നതു അവനവന്റെ
പ്രവൃത്തികൾ അടിസ്ഥാനമാക്കിയാണ്. അവരുടെ രക്ഷയുടെ അവസ്ഥയെ പരിശോധിക്കുന്നത് അവരുടെ
പ്രവർത്തികൾ കൊണ്ടാണ്. പ്രവർത്തികൾ വസ്തുനിഷ്ഠമായ തെളിവുകൾ ആണ്. അവർക്കു അതിനെ
നിഷേധിക്കുവാൻ സാദ്ധ്യമല്ല. പ്രവർത്തികൾ അവർക്കെതിരെ സാക്ഷ്യം പറയും. അവരുടെ
പ്രവർത്തികളുടെ വ്യക്തമായ രേഖ “പുസ്തകങ്ങളിൽ” ഉണ്ട്. (വെളിപ്പാട് 20:12).
രക്ഷിക്കപ്പെടാത്ത, ജീവപുസ്തകത്തിൽ പേരെഴുതികാണാത്ത ഏവനെയും
തള്ളിയിടുന്ന തീപ്പൊയ്കയുടെ ഭയാനകത 20:14 ൽ പറയുന്നുണ്ട്. അത് മരണത്തെയും
പാതളത്തേയും വിഴുങ്ങുന്ന, അല്ലെങ്കിൽ ഇല്ലാതെയാക്കുന്ന തീപ്പൊയ്ക ആണ്. ഇതിനെ
രണ്ടാമത്തെ മരണം എന്നാണ് വിശേഷിപ്പിക്കുന്നത്.
വെളിപ്പാടു 20:14,
15
മരണത്തെയും
പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ
മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
വെളിപ്പാടു 20:13, 14
വാക്യങ്ങളിലെ “പാതാളം” എന്നതിനെ
എബ്രായ ഭാഷയിൽ ഷെ-ഓൾ (sh@'owl,
sheh-ole') എന്നും ഗ്രീക്ക് ഭാഷയിൽ ഹാഡെസ് (hades,
hah'-dace) എന്നും വിളിച്ചിരുന്നു. ഇത് നരകമല്ല. പഴയനിയമ
വിശ്വാസികളുടെ വിശ്വാസപ്രകാരം പാതാളം, മരിച്ചവരുടെ ആത്മാക്കളുടെ വിശ്രമ സ്ഥലമാണ്. ഒന്നാമത്തെ പുനരുത്ഥാനത്തിന് ശേഷം,
ഇവിടെ പഴയനിയമ വിശുദ്ധന്മാരുടെ ആത്മാക്കൾ വസിക്കുന്നില്ല. യേശുക്രിസ്തുവിൽ
വിശ്വസിച്ചു രക്ഷിക്കപ്പെട്ട ഒരു മനുഷ്യന്റെയും ആത്മാവ് പാതാളത്തിലേക്ക്
പോകുന്നതും ഇല്ല. അതിനാൽ, വെള്ള സിംഹാസനത്തിന് മുമ്പാകെ നിൽക്കുവാനായി “മരണവും
പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു” എന്നതിലെ മരിച്ചവരിൽ, പഴയനിയമ
വിശുദ്ധന്മാരോ, പുതിയനിയമ വിശുദ്ധന്മാരോ ഇല്ല.
ഇതിൽ നിന്നും
ഒരു കാര്യം കൂടി നമ്മൾ മനസ്സിലാക്കുന്നു. പാതാളം, മരിച്ചവരുടെ ആത്മാക്കൾ നിത്യമായി വസിക്കുന്ന ഇടമല്ല. അത്, വെള്ള
സിംഹാസനത്തിന് മുന്നിലെ ന്യായവിധി വരെ, മരിച്ചുപോയ ദുഷ്ടന്മാരുടെ ആത്മാക്കൾ
താൽകാലികമായി വസിക്കുന്ന സ്ഥലം മാത്രം ആണ്. മരണത്തെയും
പാതാളത്തെയും അന്ത്യ ന്യായവിധിക്ക് ശേഷം തീപ്പൊയ്കയിൽ തള്ളിയിടും. ഈ തീപ്പൊയ്കയാണ്
നരകം. ഈ തീപ്പൊയ്കയാണ്
യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷിക്കപ്പെടാത്തവരുടെ നിത്യമായ വാസസ്ഥലം. “ജീവപുസ്തകത്തിൽ
പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും” (വെളിപ്പാടു 20:15).
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ
തള്ളിയിടുന്നതുവരെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും മരണം ഉണ്ട്. വെള്ള സിംഹാസനം
ക്രമീകരിക്കപ്പെടുന്ന ദിവസത്തിൽ, അതുവരെ മരിച്ച സകല ദുഷ്ടന്മാരുടെയും ആത്മാക്കളെ,
മരണവും പാതാളവും, ന്യായവിധിക്കായി ദൈവ സന്നിധിയിൽ ഏൽപ്പിച്ചുകൊടുക്കും. അതിന്
ശേഷം, മരണത്തേയും, പാതാളത്തേയും, തീപ്പൊയ്കയിൽ തള്ളിയിടും. അത് രണ്ടാമത്തെ മരണം
ആയിരിക്കും. അങ്ങനെ മരണത്തെയും, പാതാളത്തേയും, മരണത്തിലേക്ക് തള്ളിയിടുമ്പോൾ, അവ
രണ്ടും എന്നന്നേക്കുമായി ഇല്ലാതെയാകും.
അതിന് ശേഷം ഒരു ജീവിയും,
പാതാളത്തിലേക്ക് പോകുകയോ, മരിക്കുകയോ ഇല്ല. കാരണം പാതാളവും മരണവും
എന്നന്നേക്കുമായി ഇല്ലാതെയായി.
ഈ ന്യായവിധിക്കും, ശിക്ഷ
നടപ്പിലാക്കിയത്തിനും ശേഷമാണ്, “ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും
തീപ്പൊയ്കയിൽ തള്ളിയിടും.” എന്നു നമ്മൾ വായിക്കുന്നത്. അവിടെ തള്ളിയിടപ്പെടുന്ന
ദുഷ്ടന്മാർക്ക് ഇനി മരണം ഉണ്ടാകുക ഇല്ല.
കോറം ഡെയോ
എല്ലാ മനുഷ്യരും, അന്ത്യകാലത്ത് ഒരു ദിവസം, ക്രിസ്തുവിന്റെ
ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും. ഇത് രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ആയി
നടക്കും. രക്ഷിക്കപ്പെട്ടവരുടെ പ്രവർത്തികൾ ശോധന ചെയ്യപ്പെടുകയും അവർക്കു പ്രതിഫലം
ലഭിക്കുകയും ചെയ്യും. രക്ഷിക്കപ്പെടാത്തവരുടെ പ്രവർത്തികളും ശോധന ചെയ്യപ്പെടും.
അതിനാൽ അവർ ഒരിക്കലും രക്ഷ കൈവശം ആക്കുകയില്ല. എന്നാൽ അവരുടെ പ്രവർത്തികളെ ശോധന
ചെയ്തു, അവരെ നിത്യാശിക്ഷയ്ക്കായി വിധിക്കും. നിത്യശിക്ഷ തീപ്പൊയ്കയിൽ തള്ളിയിടുക
എന്നതാണ്.
No comments:
Post a Comment