മരിച്ചവരുടെ പുനരുത്ഥാനം (രണ്ടാം ഭാഗം)

 തേജസ്സ്കരിക്കപ്പെട്ട ആത്മീയ ശരീരം

 

പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിന്റെ ശരീരത്തിന് സമാനമായ ഒരു ശരീരത്തോടെ ആയിരിക്കും ക്രിസ്തുവിൽ മരിക്കുന്ന വിശുദ്ധന്മാരും ഉയിർത്തെഴുന്നേൽക്കുന്നത്. ഈ വിശ്വാസം അപ്പൊസ്തലനായ പൌലൊസും, ശേഷം പല വേദപണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്. 13 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ കത്തോലിക്ക പുരോഹിതനും വേദപണ്ഡിതനും, ദാർശനികനും ആയിരുന്ന തോമസ് അക്വിനാസ്, ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട് (Thomas Aquinas, ജനനം - 1224/25, മരണം - March 7, 1274). അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് “സുമ്മ തിയൊലൊജിഏ” (, Summa Theologiae). ഇത് “സുമ്മ തിയോലോജിക” എന്നും അറിയപ്പെടുന്നു (Summa Theologica). ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഉയിർത്തെഴുന്നേറ്റ്, തേജസ്കരിക്കപ്പെട്ട ശരീരത്തിന് നാല് സവിശേഷതകൾ ഉണ്ടായിരിക്കും.


1.  അഭേദ്യമായ ശരീരം (Impassibility) – ഇത് അസാധ്യതയുള്ളതും, അക്ഷയവും, വേദനയും കഷ്ടതയും  അനുഭവിക്കാത്തതും, ആയ ശരീരമാണ്. ഇതിന് ദുഷ്ടത, പ്രലോഭനം, പാപം, തെറ്റുകൾ, അസൌകര്യം, വിരസത, സാത്താൻ, മരണം എന്നിവയിൽ നിന്നെല്ലാം മോചനം ഉണ്ട്.

 

2.  സൂക്ഷ്മത അല്ലെങ്കിൽ പ്രവേശ്യത (subtlety, permeability) – ഭൌതീക ശാസ്ത്രത്തിന്റെ നിയമങ്ങളിൽ നിന്നുള്ള മോചനം. രൂപം മാറുവാനുള്ള കഴിവ്, പ്രത്യക്ഷമാകുവാനും, അപ്രത്യക്ഷമാകുവാനുമുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കും, കാലങ്ങൾക്ക് മുമ്പോട്ടും പിന്നിലോട്ടും യാത്ര ചെയ്യുവാനുള്ള കഴിവും, പ്രകൃതിയുടെ നിയമങ്ങളെ മറികടക്കാനുള്ള കഴിവും ഉണ്ടായിരിക്കും. അമാനുഷികമായ ബലവും, സാമർത്ഥ്യവും ലഭിച്ചേക്കാം.


3.  ചടുലത (Agility) – ഇതിനെ ചൈതന്യമുള്ള, ഊർജ്ജസ്വലമായ എന്നും പറയാം. ഒരുവന്റെ മനസിനേക്കാൾ വേഗത്തിൽ, മനസിന്റെ നിയന്ത്രണത്തിന് വെളിയിൽ, അവന്റെ ശരീരം പ്രവർത്തിക്കുക ഇല്ല. ശരീരം വൈകാരികമായി, പെട്ടന്നുള്ള ആവേശത്തിൽ പ്രവർത്തിക്കുകയില്ല. ശരീരം ആത്മാവിന് കിഴപ്പെട്ടിരിക്കും, ആത്മാവു ദൈവത്തിന് വിധേയപ്പെട്ടിരിക്കും.


4.  നിർമ്മലത (clarity) – തേജസ്സുള്ള സൌന്ദര്യവും അഞ്ച് കിരീടങ്ങളും ഉണ്ടാകും.     

 

അദ്രവത്വമുള്ള ശരീരം

 

നിത്യജീവനിലേക്ക് പുനരുത്ഥരിക്കപ്പെടുന്ന ആത്മാക്കൾക്ക് ആത്മീയമായ ശരീരം ലഭിക്കും എന്നാണ് പൌലൊസ് ലേഖനങ്ങളിൽ എഴുതിയത്. ഈ ശരീരത്തിന് പിന്നീട് നാശം ഉണ്ടാകുകയില്ല. ഇതാണ് പുനരുത്ഥാനത്തിന്റെ ശ്രദ്ധേയമായ സവിശേഷത.

 

1 കൊരിന്ത്യർ 15 ആം അദ്ധ്യായം പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചയാണ്. കൊരിന്തിലെ സഭയിലെ ചിലർ, മരിച്ചുപോയ വിശുദ്ധന്മാരുടെ ശരീരത്തോടെയുള്ള പുനരുത്ഥാനം ഇല്ല എന്നു അഭിപ്രായപ്പെട്ടിരുന്നു. അവർ മരിച്ചവരുടെ ഉയിർപ്പിനെ അല്ല സംശയിച്ചത്, മരിച്ചവർ ശരീരത്തോടുകൂടെ ഉയിർക്കുമോ എന്നതിലാണ് തർക്കിച്ചത്.

 

യേശുക്രിസ്തുവിന്റെ ശരീരത്തോടുകൂടെയുള്ള  ഉയിർപ്പിൽ അവർ വിശ്വസിച്ചിരുന്നു. എന്നാൽ മരിച്ചുപോയ വിശ്വാസികളുടെ ശരീരത്തോടുകൂടിയ പുനരുത്ഥാനത്തെ സംശയിക്കുകയും ചെയ്തു. ഈ വൈരുദ്ധ്യം ആണ് പൌലൊസ് ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്തു ചൂണ്ടിക്കാണിക്കുന്നത്. മരിച്ചവരുടെ ശരീരത്തോടുകൂടെയുള്ള പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നില്ല എങ്കിൽ, ക്രിസ്തീയ വിശ്വാസം അർത്ഥശൂന്യവും, പ്രത്യാശ ഇല്ലാത്തതും ആയി തീരും. 1 കൊരിന്ത്യർ 15:35 ആം വാക്യം ആണ് പുനരുത്ഥാനത്തെക്കുറിച്ചുള്ള അവരുടെ പ്രധാന ചോദ്യം. 

 

1 കൊരിന്ത്യർ 15:35

പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

 

ശരീരത്തിന്റെ ഉയിർപ്പാണ് ഇവിടെ മുഖ്യ തർക്കവിഷയം. ഈ വിഷയം പൌലൊസ് 35 മുതൽ 49 വരെയുള്ള വാക്യങ്ങളിൽ ചർച്ച ചെയ്യുന്നു. ഈ വാക്യത്തിൽ ശരീരം എന്നതിന് പൌലൊസ് ഉപയോഗിച്ച ഗ്രീക്ക് വാക്ക് “സൊമ” എന്നാണ് (sōma, so'-mah). ഈ വാക്ക് മനുഷ്യരുടെയോ, മൃഗങ്ങളുടെയോ, ശരീരത്തെക്കുറിച്ച് പറയുവാനാണ് ഉപയോഗിക്കുന്നത്. അതായത് മനുഷ്യ ശരീരത്തിന്റെ ഉയിർപ്പിനെക്കുറിച്ചാണ് പൌലൊസ് ഇവിടെ പറയുന്നത്.

 

അവരുടെ ചോദ്യത്തിന് പൌലൊസ് മറുപടി പറയുന്നത് ഒരു ഉദാഹരണത്തിലൂടെയാണ്.

 

1 കൊരിന്ത്യർ 15:36-38

മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

 

ഇതിന് ശേഷം മനുഷ്യരുടെയും, കന്നുകാലികളുടെയും, പക്ഷികളുടെയും, മൽസ്യങ്ങളുടെയും മാംസങ്ങൾക്ക് തമ്മിൽ വ്യത്യാസം ഉണ്ട് എന്നു പൌലൊസ് വാദിക്കുന്നു. അതുപോലെ “സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.” (15:40). പൌലൊസ് തന്റെ വാദം ഇങ്ങനെ ഉപസംഹരിക്കുന്നു:

 

1 കൊരിന്ത്യർ 15:42-44

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.

 

മരിച്ചവരുടെ ശരീരം, ഒരു ഗോതമ്പ് വിത്തുപോലെ മണ്ണിൽ വീണു ജീർണ്ണിച്ചാലും അതിന് ഉയിർപ്പ് ഉണ്ടാകും. ഉയിർക്കുന്ന ശരീരം ആത്മീയ ശരീരം പ്രാപിച്ചു, അദ്രവത്വത്തിൽ, തേജസ്സോടെ, പുനരുത്ഥാനം പ്രാപിക്കും. പൌലൊസിന്റെ ഈ വാദത്തിൽ, ശരീരത്തിന്റെ തുടർച്ചയും, അതിന്റെ രൂപാന്തരവും ഉണ്ട്. 15:38 ആം വാക്യത്തിലെ “ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.” എന്നതിലെ “അതിന്നു”, “അതതിന്റെ” എന്നീ വാക്കുകൾ തുടർച്ചയെ കാണിക്കുന്നു. ആത്മീയവും, അദ്രവത്വവും, തേജസ്സും, ഉള്ള ശരീരം എന്നതിൽ രൂപാന്തരവും ഉണ്ട്.

 

1 കൊരിന്ത്യർ 15:45-49 വരെയുള്ള വാക്യങ്ങളിൽ പൌലൊസ് വീണ്ടും ശരീരത്തോടുകൂടെയുള്ള പുനരുത്ഥാനത്തെ വിശദീകരിക്കുന്നു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹി ആയിരുന്നു എങ്കിൽ ഒടുക്കത്തെ ആദാമായ യേശുക്രിസ്തു ജീവിപ്പിക്കുന്ന ആത്മാവാണ്. ഒന്നാം മനുഷ്യൻ ഭൂമിയിൽ നിന്നു മണ്ണുകൊണ്ടുള്ളവൻ ആയിരുന്നു എങ്കിൽ രണ്ടാം മനുഷ്യനായ ആദാം സ്വർഗ്ഗത്തിൽ നിന്നുള്ളവൻ ആണ്. നമ്മൾ മണ്ണുകൊണ്ടുള്ള ഒന്നാം മനുഷ്യനായ ആദാമിന്റെ പ്രതിമ ധരിച്ചതുപോലെ, സ്വർഗ്ഗീയനായ യേശുക്രിസ്തുവിന്റെ പ്രതിമയും ധരിക്കും.

 

1 കൊരിന്ത്യർ 15:45-49

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

 

49 ആം വാക്യത്തിലെ “പ്രതിമ” എന്നതിന്റെ യവന പദം “ഐകോൺ” (eikon, i-kone') എന്നാണ്. ഈ വാക്കിന്റെ അർത്ഥം, സാദൃശ്യം, പ്രതിരൂപം, സാമ്യം (an image, figure, likeness) എന്നിങ്ങനെയാണ്. അതായത് നമ്മൾ മണ്ണുകൊണ്ടുള്ള ആദാമിന്റെ പ്രതിരൂപം ധരിച്ചതുപോലെ, പുനരുത്ഥാനത്തിൽ സ്വർഗ്ഗീയന്റെ പ്രതിരൂപവും, സാദൃശ്യവും ധരിക്കും. ഇപ്പോഴുള്ള സമ്പൂർണ്ണമായി തകർക്കപ്പെട്ട, മലിനമായ മനുഷ്യ വർഗ്ഗത്തിന് പകരം, പുനരുത്ഥാനത്തിൽ ആത്മീയരായ, തേജസ്കരിക്കപ്പെട്ട, ക്രിസ്തുവിന്റെ പ്രതിരൂപം ധരിച്ച, പുതുക്കം വന്ന ഒരു മനുഷ്യവർഗ്ഗം ഉടലെടുക്കും. ഇതിന്റെ ആദ്യഫലമാണ് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു.

 

1 കൊരിന്ത്യർ 15:50-58 വരെയുള്ള വാക്യങ്ങളോടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൌലൊസിന്റെ ചർച്ച അവസാനിക്കുന്നു. 50 ആമത്തെ വാക്യത്തിൽ അദ്ദേഹം പറയുന്നു: “സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.” ഇതിനോടൊപ്പം 42, 43, 53 വാക്യങ്ങൾ കൂടെ ചേർത്ത് വായിക്കേണം.

 

1 കൊരിന്ത്യർ 15:42, 43 

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

 

1 കൊരിന്ത്യർ 15:53 

ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.

 

അതായത് ദ്രവത്വമുള്ള നമ്മളുടെ ശരീരം ദൈവരാജ്യത്തെ കൈവശമാക്കുകയില്ല. കാരണം ദൈവരാജ്യം അദ്രവത്വമുള്ളതാണ്. ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല. എന്നാൽ പുനരുത്ഥാനത്തിൽ ദ്രവത്വമുള്ള നമ്മളുടെ ശരീരം അദ്രവത്വമുള്ള ശരീരം പ്രാപിക്കും. അദ്രവത്വമുള്ള ശരീരം ദൈവരാജ്യം അവകാശമാക്കും.

 

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൌലൊസിന്റെ വാദങ്ങളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. യേശുക്രിസ്തു മരിച്ച്, ഉയിർത്തെഴുന്നേറ്റു എന്നത് സത്യമാണ് എന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനവും ഉണ്ട്. മരിച്ചവർ ശരീരത്തോടെ ഉയിർക്കും. അത് മറ്റൊരുവന്റെ ശരീരം അല്ല, അതതിന്റെ ശരീരം ആയിരിക്കും. എന്നാൽ അത് രൂപാന്തരം പ്രാപിച്ച, ആത്മീയ ശരീരം ആയിരിക്കും. ഇത് സംഭവിക്കുമ്പോൾ, വിശുദ്ധന്മാരുടെ ദ്രവത്വമുള്ള ശരീരം അദ്രവത്വം പ്രാപിക്കും. അതോടെ അവസാനത്തെ ശത്രുവായ മരണം നീങ്ങിപ്പോകും.

 

1 കൊരിന്ത്യർ 15:26

ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

 

പൌലൊസിന്റെ ഈ വാക്കുകൾ യെശയ്യാവിന്റെ പ്രവചനത്തിന്റെ പ്രതിധ്വനിയാണ്.

 

യെശയ്യാവ് 25:8

അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

 

മരണത്തിന്റെമേലുള്ള അന്തിമമായ ജയത്തെ ആഘോഷിക്കുന്ന പൌലൊസിന്റെ വാക്കുകൾ ആണ് 55, 57 എന്നീ വാക്യങ്ങൾ. ഇവിടെ പൌലൊസ്, യേശുക്രിസ്തു മുഖാന്തിരം നമുക്ക് ലഭിച്ചിരിക്കുന്ന ജയത്തിന് ദൈവത്തിന് സ്തോത്രം കരേറ്റുന്നു. ഈ ജയം മരണത്തിന്റെമേലുള്ള ജയം ആണ്. 

 

1 കൊരിന്ത്യർ 15:55, 57

ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? .... നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.


 മരിച്ചവരുടെ പുനരുത്ഥാനം എപ്പോൾ സംഭവിക്കും?

 

വേദപണ്ഡിതന്മാരിൽ ചിലർ മരിച്ച സകലരുടെയും പുനരുത്ഥാനം ഒരിക്കലായി സംഭവിക്കും എന്നു വിശ്വസിക്കുന്നു. അതായത്, മരിച്ച എല്ലാ മനുഷ്യരും ഒരിക്കൽ, ഒരു സമയത്ത്, ഒരുമിച്ച് ഉയിർക്കും എന്നു അവർ വാദിക്കുന്നു. മറ്റ് ചിലർ കർത്താവിന്റെ ക്രൂശ് മരണത്തോടെ ആരംഭിച്ച, ഒന്നിലധികം ഉയിർപ്പിന്റെ ഒരു പരമ്പരയിൽ വിശ്വസിക്കുന്നു. ഇതിൽ യേശുക്രിസ്തു മരിച്ചപ്പോൾ, കല്ലറകൾ തുറന്നു ചിലർ ഉയിർത്തെഴുന്നേറ്റതും, യേശുവിന്റെ ഉയിർപ്പും, വിശുദ്ധന്മാരുടെ ഉയിർപ്പും, എതിർ ക്രിസ്തുവിന്റെ കാലത്ത് രക്തസാക്ഷികൾ ആയവരുടെ ഉയിർപ്പും, രക്ഷിക്കപ്പെടാതെ മരിച്ചവരുടെ ഉയിർപ്പും ഉൾപ്പെടും.  

 

എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം രണ്ട് ഘട്ടങ്ങളിലായി സംഭവിക്കും എന്നു മനസ്സിലാക്കുന്നതാണ് കൂടുതൽ നല്ലത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വേദപുസ്തകത്തിൽ പറയുന്ന മരിച്ചവരുടെ പുനരുത്ഥാനത്തെ രണ്ട് ഘട്ടങ്ങളിൽ സംഭവിക്കുന്നതായി തിരിക്കാവുന്നതാണ്. രക്ഷിക്കപ്പെട്ടു, ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനം ആദ്യം സംഭവിക്കും, അതിന് ശേഷം, രക്ഷിക്കപ്പെടാതെ മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകും. ഈ രണ്ടു പുനരുത്ഥാനങ്ങൾക്കും ഇടയിൽ ക്രിസ്തുവിന്റെ ആയിരം ആണ്ടു വാഴ്ച ഉണ്ടാകും. അതിനാൽ രണ്ട് പുനരുത്ഥാനങ്ങൾക്കും മദ്ധ്യേ ഒരു ഇടവേള ഉണ്ടാകും.

 

വെളിപ്പാടു 20:4, 5

ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ (ക്രീമ, krima, kree'-mah, ശിക്ഷാവിധി) അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.

 

ഈ വാക്യത്തിൽ പറയുന്ന പ്രകാരം, ഒന്നാമത്തെ പുനരുത്ഥാനത്തിൽ ഉയിർക്കപ്പെടുന്നവർ ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാഴും. മരിച്ചവരിൽ ശേഷമുള്ള പുനരുത്ഥാനം പ്രാപിക്കാത്തവർ, ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല, അഥവാ ഉയിർക്കപ്പെട്ടില്ല.   

 

 പുനരുത്ഥാനം ന്യായവിധിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മരണശേഷമുള്ള ന്യായവിധിക്ക് മുമ്പ് സകല മനുഷ്യരും ഉയിർത്തെഴുന്നേലക്കും. മരിച്ചുപോയവരിൽ ചിലർ  സ്വർഗ്ഗീയമായ, നിത്യജീവനായി ഉയിർത്തെഴുന്നേൽക്കുമ്പോൾ, മറ്റ് ചിലർ നിത്യ ലജ്ജയ്ക്കായും ശിക്ഷാവിധിക്കായും ഉയിർത്തെഴുന്നേലക്കും.

 

ദാനിയേൽ 12:2

നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

 

യോഹന്നാൻ 5:28, 29

ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.

 

29 ആം വാക്യത്തിൽ “നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.” എന്നാണ് യേശു പറഞ്ഞത്. ഇവിടെ രണ്ട് പുനരുത്ഥാനത്തെക്കുറിച്ചുള്ള സൂചന ഉണ്ട്. “നന്മ ചെയ്തവർ ജീവന്നായും” പുനരുത്ഥാനം പ്രാപിക്കും.തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം” ചെയ്യും.  

 

യേശുക്രിസ്തുവിന്റെ ഉയിർപ്പ്, മരിച്ച എല്ലാവരും ഒരിക്കൽ യേശുക്രിസ്തുവിനാൽ ന്യായം വിധിക്കപ്പെടും എന്നതിന്റെ ഉറപ്പാണ്. 

 

അപ്പൊസ്തല പ്രവൃത്തികൾ 17:31

താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ (krinō, kree'-no) അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

 

“ന്യായം വിധിപ്പാൻ” എന്നു പറയുവാൻ ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നക്രീനൊ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ശിക്ഷിക്കുക, ശരി തെറ്റുകൾ വിധിക്കുക, വേർതിരിക്കുക, എന്നിങ്ങനെയാണ്. അതിനാൽ ഇത് ശിക്ഷയ്ക്കായായുള്ള ന്യായവിധിയാണ് എന്നു കരുതാം. ഈ ന്യായവിധിക്കായി സകല മനുഷ്യരും ഉയിർത്തെഴുന്നേൽക്കും.

 

ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ, വീണ്ടും ജനനം പ്രാപിക്കുകയും, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷ പ്രാപിക്കുകയും ചെയ്ത, മരിച്ചുപോയവർ പുനരുത്ഥാനം പ്രാപിക്കുന്നത് നിത്യജീവൻ പ്രാപിച്ചു ദൈവരാജ്യത്തിൽ, ക്രിസ്തുവിനോടൊപ്പം വസിക്കേണ്ടതിനായിട്ടാണ്. ഇവരുടെ ഉയിർപ്പിനെ “ഒന്നാമത്തെ പുനരുത്ഥാനം” എന്നാണ് വേദപുസ്തകം വിളിക്കുന്നത്. ഇത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ സംഭവിക്കും. അപ്പോൾ, യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷപ്രാപിച്ചതിന് ശേഷം മരിച്ചവർ എല്ലാവരും ഉയിർത്തെഴുന്നേൽക്കും.

 

യോഹന്നാൻ 14:1-3

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

 

എല്ലാ വിശ്വാസികളും കർത്താവിന്റെ വരവിന് മുമ്പാകെ മരിക്കുകയില്ല എന്നും, അപ്പോൾ ജീവനോടെ ഇരിക്കുന്ന രക്ഷിക്കപ്പെട്ട ജനം രൂപാന്തരം പ്രാപിച്ചു കർത്താവിനോടുകൂടെ എടുക്കപ്പെടും എന്നും പൌലൊസ് പറയുന്നു.

 

1 തെസ്സലൊനീക്യർ 4:16, 17

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

 

1 കൊരിന്ത്യർ 15:52

നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

 

ഒന്നാമത്തെ പുനരുത്ഥാനത്തിൽ പഴയനിയമ വിശുദ്ധന്മാരും, പുതിയനിയമ വിശ്വാസികളും, എതിർ ക്രിസ്തുവിന്റെ വാഴ്ച്ച കാലമായ മഹാഉപദ്രവകാലത്ത് രക്തസാക്ഷികൾ ആയവരും ഉയിർത്തെഴുന്നേലക്കും. “അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.”

 

വെളിപ്പാടു 20:6

ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

 

രക്തസാക്ഷികളുടെ ഉയിർപ്പോടെ ഒന്നാമത്തെ പുനരുത്ഥാനം അവസാനിക്കുന്നു എന്നു അനുമാനിക്കാം. എന്നാൽ ഇവിടെ ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ആയിരം ആണ്ടു വാഴ്ചയുടെ കാലത്ത് മനുഷ്യർ മരിക്കുമോ, ആ കാലയളവിൽ രക്ഷിക്കപ്പെടുവാൻ കഴിയുമോ, ഈ കാലത്ത് കുട്ടികൾ ജനിക്കുമോ, ജനിക്കുന്നവർക്ക് രക്ഷ പ്രാപിക്കുവാൻ കഴിഞ്ഞാൽ, അവർക്ക് പുനരുത്ഥാനം ഉണ്ടാകുമോ, എന്നീ കാര്യങ്ങൾ നേരിട്ട് വ്യക്തമായി പറയുന്ന വാക്യങ്ങൾ വേദപുസ്തകത്തിൽ ഇല്ല. എന്നാൽ നമുക്ക് ചില അനുമാനങ്ങൾ നടത്താം. ദ്രവത്വമുള്ള മനുഷ്യ ശരീരത്തിന് അദ്രവത്വമുള്ള സ്വർഗ്ഗീയമായ നിത്യ ജീവിതം പ്രാപിക്കുവാൻ സാദ്ധ്യമല്ല. അതിനാൽ ഇപ്പോഴത്തെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയി, പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പായി എപ്പോഴോ, ആയിരം ആണ്ടു വാഴ്ച്ചാ കാലത്ത് ജീവിച്ചിരുന്ന രക്ഷിക്കപ്പെട്ടവരുടെ പുനരുത്ഥാനം ഉണ്ടാകും.

 

രണ്ടാമത്തെ പുനരുത്ഥാനം

 

രക്ഷിക്കപ്പെടാതെ മരിച്ചുപോയവരുടെ ഉയിർപ്പ് നിത്യ ശിക്ഷാവിധിക്കുള്ളതാണ്. ഇതിനെ രണ്ടാമത്തെ പുനരുത്ഥാനം എന്നു വിളിക്കാം. ഇത് ആയിരം ആണ്ടു വാഴ്ചയ്ക്ക് ശേഷവും, ഇപ്പോഴത്തെ ഭൂമിയും ആകാശവും നീങ്ങിപ്പോയത്തിന് ശേഷവും സംഭവിക്കുന്നു. ഇതിനെക്കുറിച്ചാണ് ദാനിയേൽ 12:2 ൽ ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും” എന്നു പറയുന്നത്.

 

ദാനിയേൽ 12:2

നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. 

 

യോഹന്നാൻ 5:28, 29 വാക്യങ്ങളിൽ “തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു” എന്നു യേശുക്രിസ്തു പറഞ്ഞത് രണ്ടാമത്തെ പുനരുത്ഥാനത്തേക്കുറിച്ചും, അതിന് ശേഷം ഉള്ള ന്യായവിധിയെക്കുറിച്ചും ആണ്.  

 

യോഹന്നാൻ 5:28-29

ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.

 

യോഹന്നാൻ വെളിപ്പാടിൽ കാണുന്ന വെള്ള സിംഹാസനത്തിന് മുമ്പിലെ ന്യായവിധിയും അവിടെ നിൽക്കുന്ന ആബാലവൃദ്ധം മരിച്ച മനുഷ്യരും രണ്ടാമത്തെ പുനരുത്ഥാനത്തിൽ ഉയിർത്തെഴുന്നേറ്റവർ ആണ്. 

 

വെളിപ്പാടു 20:11, 12

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

 

ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കാം. ഇത് അന്ത്യ ന്യായവിധിയുടെ ചിത്രമാണ്. വെള്ള സിംഹാസനത്തിൽ ഒരുത്തൻ ന്യായവിധി നടത്തുവാനായി ഇരിക്കുന്നതായാണ് യോഹന്നാൻ വിവരിക്കുന്നത്. 12 ആം വാക്യത്തിൽ “ന്യായവിധി” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന യവന പദം “ക്രീനോ” (krinō, kree'-no) എന്നതാണ്. ഈ വാക്കിന്റെ അർത്ഥം, ശിക്ഷിക്കുക, ശരി തെറ്റുകൾ വിധിക്കുക, വേർതിരിക്കുക, എന്നിങ്ങനെയാണ്. അതായത് ഇത്, ന്യായവിധി നടത്തി അന്തിമ ശിക്ഷ വിധിച്ച്, ശിക്ഷ നടപ്പിലാക്കുന്നതിനായി ശിക്ഷിക്കപ്പെട്ടവരെ വേർതിരിക്കുന്ന അവസരം ആണ്.

 

11 ആം വാക്യത്തിൽ “അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” എന്നതിൽ നിന്നും ഈ സംഭവം നടക്കുന്നത് ആയിരം ആണ്ടു വാഴ്ചയ്ക്ക് ശേഷമാണ് എന്നു ഗ്രഹിക്കാം. എന്നാൽ പുതിയ യെരൂശലേം എന്ന ദൈവത്തിന്റെ പട്ടണം സ്ഥാപിക്കപ്പെട്ടതുമില്ല. അപ്പോൾ, ഇപ്പോഴത്തെ ഭൂമിയും, ആകാശവും മാറിപ്പോയത്തിനും, പുതിയ യെരൂശലേം സ്ഥാപിക്കപ്പെടുന്നതിനും ഇടയിലുള്ള ഒരു കാലയളവിൽ രക്ഷിക്കപ്പെടാത്തവരുടെ ന്യായവിധി ഉണ്ടാകും.

 

അവർ ആത്മാക്കൾ മാത്രം ആയിരിക്കുക ഇല്ല, അവർക്ക് ഒരു ശരീരം ഉണ്ടാകും. അവർക്ക് ശരീരം ഉള്ളതിനാൽ വേദനയും, കഷ്ടതയും, നിരാശയും, അവർക്കു അനുഭവിക്കുവാൻ കഴിയും. യേശുക്രിസ്തു ഇതിനെ സ്ഥിരീകരിക്കുന്നുണ്ട്.  

 

മർക്കോസ് 9:43-47

നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു. നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.  

 

രക്ഷിക്കപ്പെടാത്തവർക്കു ഇപ്രകാരം ഒരു ന്യായവിധി ക്രമീകരിക്കുന്നതിന്റെ ഉദ്ദേശ്യം “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി” ഉണ്ടാകുവാൻ വേണ്ടിയാണ് (വെളിപ്പാടു 20:12, 13). ന്യായവിധിയ്ക്കു ശേഷം, അവരെ “തീപ്പൊയ്കയിൽ തള്ളിയിടും”. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം ആണ്. 

 

വെളിപ്പാടു 20:15

മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

 

വെള്ള സിംഹാസനത്തിന് മുന്നിലെ ന്യായവിധിയിൽ രക്ഷിക്കപ്പെട്ടു, ക്രിസ്തുവിൽ മരിച്ചവരെ കാണുന്നില്ല. ജീവന്റെ പുസ്തകം തുറക്കുമ്പോൾ, അതിൽ പേരെഴുതി കാണുന്ന ഒരുവൻ പോലും, വെള്ളസിംഹാസനത്തിനു മുമ്പിൽ നിൽക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ ഇടയിൽ ഉള്ളതായി പറയുന്നില്ല. എന്നാൽ “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല” എന്നു നമ്മൾ വായിക്കുന്നുമുണ്ട്.

 

വെളിപ്പാടു 20:6

ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

 

 അതിനാൽ വെള്ള സിംഹാസനത്തിന് മുന്നിലെ ആബാലവൃദ്ധം മനുഷ്യർ, രണ്ടാമത്തെ പുനരുത്ഥാനത്തിൽ ഉയിർത്തെഴുന്നേറ്റവർ മാത്രമാണ് എന്നും അവർ എല്ലാവരും രക്ഷിക്കപ്പെടതെ മരിച്ചവർ ആണ് എന്നും തീർച്ചയാക്കാം. ഇത് ശിക്ഷാവിധിയുടെ ന്യായവിധി ആണ്.


 കോറം ഡെയോ

 

മരിച്ചവരുടെ പുനരുത്ഥാനം ഉണ്ട് എന്ന് വേദപുസ്തകം, പഴയനിയമത്തിലും, പുതിയ നിയമത്തിലും പഠിപ്പിക്കുന്നു. ഭാവിയിൽ, ശരീരം ആത്മാവിനോട് കൂടെ പുനരേകീകരിക്കും. ശരീരവും, ആത്മാവും ഉള്ള സമ്പൂർണ്ണ മനുഷ്യൻ ഉയിർത്തെഴുന്നേലക്കും.

 

ഈ പഠനത്തിൽ നിന്നും അഞ്ച് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നു:

1.       മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകും.

2.     മരിച്ചുപോയ എല്ലാ മനുഷ്യരും ഉയിർത്തെഴുന്നേലക്കും- സാർവ്വലൌകിയികമായ പുനരുത്ഥാനം ഉണ്ടാകും (universal resurrection)

3.     ചിലർ നിത്യജീവനായും, ചിലർ നിത്യ ശിക്ഷാവിധിക്കായും ഉയിർത്തെഴുന്നേലക്കും.

4.     പുനരുത്ഥാനം പ്രാപിക്കുന്നവർ ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കും. ഈ ശരീരത്തിന് വേദനയും സന്തോഷവും അനുഭവിക്കുവാൻ കഴിയും.  

5.     അന്ത്യ ന്യായവിധിക്ക് മുമ്പായി രണ്ട് ഘട്ടങ്ങളിലായി സകല മനുഷ്യരുടെയും പുനരുത്ഥാനം ഉണ്ടാകും.

 



 

No comments:

Post a Comment