നമ്മളുടെ കർത്താവായ യേശുക്രിസ്തുവും, വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളുടെ എഴുത്തുകാരും വിവാഹത്തെക്കുറിച്ച് ധാരാളം സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി മനുഷ്യർക്ക് ഇടയിലുള്ള വിവാഹത്തെ ഒരു സാദൃശ്യമായി ഉപയോഗിക്കാറുണ്ട്. പഴയ നിയമത്തിലെ പ്രവാചകന്മാർ ദൈവത്തെ ഭർത്താവായും, യിസ്രായേലിനെ അവിശ്വസ്തതയായ ഭാര്യയായും ചിത്രീകരിക്കാറുണ്ടായിരുന്നു. പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിന്റെ മണവാട്ടിയായി അവതരിപ്പിക്കുന്നു.
വിവാഹത്തെ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാനായി ഒരു സാദൃശ്യമായി പൌലൊസ് ഉപയോഗിച്ചു എന്നതിനാൽ, അദ്ദേഹം അതിനെ വിശുദ്ധവും, ബഹുമാന്യവും ആയി കണ്ടു എന്നു അനുമാനിക്കാം.
1 കൊരിന്ത്യർ 7
ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും
വലിയ സ്വാധീനം ഉണ്ടായിരുന്ന ഒരു പട്ടണം ആയിരുന്നു കൊരിന്ത്. അവർ സമ്പന്നരും, ബുദ്ധിശാലികളും
ആയിരുന്നു എങ്കിലും അധാർമ്മികമായ ഒരു സംസ്കാരം നിലനിന്നിരുന്നു. ദുർന്നടപ്പ്, പരസംഗം,
വിവാഹ മോചനം, എന്നിവ സാധാരണമായിരുന്നു. ഇതിനെയെല്ലാം സാധാരണ നാട്ടുനടപ്പായി അവർ
കരുതി. ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന പുതിയ വിശ്വാസികളും ഇതേ ജീവിത രീതി
പിന്തുടർന്നു. അതിനാൽ പൌലൊസിന് അവരെ പല വിഷയങ്ങളിലും ശക്തമായി ശാസിക്കേണ്ട
സാഹചര്യം ഉണ്ടായി. ഇത്തരം ഇരുണ്ട സാമൂഹിക ക്രമത്തിന്റെ പശ്ചാത്തലത്തിൽ വേണം,
കൊരിന്ത്യർ പൌലൊസിനോടു ചോദിച്ച ചോദ്യങ്ങളും, അതിനുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങളും
നമ്മൾ മനസ്സിലാക്കുവാൻ.
1 കൊരിന്ത്യർ 7 ആം അദ്ധ്യായം അവർ പൌലൊസിനോടു ചോദിച്ച
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ആണ്. ചോദ്യം വിവാഹത്തെക്കുറിച്ച് ഉള്ളതായിരുന്നു. പൌലൊസ്
ഇതിനുള്ള ഉത്തരം പറയുന്നത്, 6 ആം അദ്ധ്യായത്തിൽ അദ്ദേഹം പറഞ്ഞ പ്രമാണങ്ങളുടെ
അടിസ്ഥാനത്തിൽ ആണ്. ഇവിടെ ദുർന്നടപ്പിൽ നിന്നും ഓടിപ്പോകുവാനാണ് അദ്ദേഹം
വിശ്വാസികളെ ഉപദേശിച്ചത്.
1 കൊരിന്ത്യർ 6:18
ദുർന്നടപ്പു
വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു.
ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
ഈ വാക്യത്തിൽ, “ദുർന്നടപ്പു” എന്നു പറയുവാൻ, ഇംഗ്ലീഷിൽ, കിങ്
ജെയിംസ് വേർഷനിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് “fornication” എന്നാണ്. ഈ
വാക്കിന്റെ അർത്ഥം, വ്യഭിചാരം, പരസംഗം, എന്നിങ്ങനെയാണ്. ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന
വാക്ക് “പർണായ” എന്നതാണ്. എല്ലാ തരത്തിലുമുള്ള ജഡീക
ദുർന്നടപ്പിനെയും ഈ വാക്ക് അർത്ഥമാക്കുന്നു. ആലങ്കാരികമായി ഈ വാക്ക് വിഗ്രഹ
ആരാധനയെയും, വിഗ്രഹങ്ങൾക്ക് സമർപ്പിച്ച യാഗ വസ്തുക്കൾ മൂലമുള്ള മലിനതയേയും
അർത്ഥമാക്കുന്നു. അതായത് ശരിയായ വിവാഹ ജീവിതത്തെക്കുറിച്ചല്ല പൌലൊസ് ഇവിടെ
പരമാർശിക്കുന്നത്. ദുർന്നടപ്പ്, പരസംഗം, വ്യഭിചാരം എന്നീ ജീവിത
രീതികളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
1 കൊരിന്ത്യർ 6:18 ൽ പൌലൊസ് പറഞ്ഞ അതേ പ്രമാണപ്രകാരമാണ് വിവാഹത്തെക്കുറിച്ചുള്ള
കൊരിന്തിലെ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് പൌലൊസ് മറുപടി നല്കുന്നത്.
1 കൊരിന്ത്യർ 7:1
നിങ്ങൾ എഴുതി
അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു
മനുഷ്യന്നു നല്ലതു.
“നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം”
എന്നതാണ് കൊരിന്ത്യരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുടെ ആരംഭം. “സ്ത്രീയെ
തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.” എന്നതിന്റെ അർത്ഥം, സ്ത്രീകളുമായി
ശാരീരിക ബന്ധം ഇല്ലാതെ ഇരിക്കുന്നതു പുരുഷന് നല്ലത് എന്നാണ്. ഇംഗ്ലീഷിൽ
ആംപ്ലിഫൈഡ് ബൈബിൾ ൽ “സ്ത്രീകളുമായി
വിവാഹേതര ശാരീരിക ബന്ധം ഇല്ലാതെ ഇരിക്കുന്നതു പുരുഷന് നല്ലത്, (ഗുണപ്രദം, പ്രയോജനപ്രദം)”
എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
“സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.” എന്നതാണ്
ഇവിടെ ചിന്താവിഷയം. ഈ വാചകം കൊരിന്ത്യരുടെ ചോദ്യമാണോ, പൌലൊസ് നല്കുന്ന ഉത്തരമാണോ
എന്നതിൽ ഭിന്ന അഭിപ്രായം ഉണ്ട്. ഇംഗ്ലീഷ് സ്റ്റാൻഡേർഡ് വേർഷൻ, ന്യൂ ഇന്റർനാഷണൽ
വേർഷൻ എന്നിവയിൽ ഇത് കൊരിന്ത്യരുടെ കത്തിൽ നിന്നും പൌലൊസ് ഉദ്ധരിക്കുന്ന ഒരു
വാചകമായിട്ടാണ് കൊടുത്തിരിക്കുന്നത്. എന്നാൽ, ആംപ്ലിഫൈഡ് ബൈബിൾ ൽ ഇതൊരു ഉത്തരമാണ്.
അതിനാൽ, പുരുഷന് സ്ത്രീയുമായും, സ്ത്രീക്ക് പുരുഷനുമായും വിവാഹേതര ശാരീരിക ബന്ധം ഉള്ളത്
ഗുണകരമാണോ എന്നത് ആയിരിക്കാം കൊരിന്ത്യരുടെ ചോദ്യം. കൊരിന്ത്യരെ സംബന്ധിച്ചിടത്തോളം
ഈ ചോദ്യം ദാർശനികവും, ധാർമ്മികവും, ആത്മീയവുമായ വിഷയമാണ്.
അക്കാലത്ത് പ്രചരിച്ചിരുന്ന ചില തത്വ ചിന്തകൾ കൊരിന്തിലെ
ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു. സ്ത്രീ-പുരുഷ ശാരീരിക ബന്ധം തിന്മയും,
ഹീനവും ആണ് എന്നും, അതിനാൽ വിവാഹ ജീവിതം തന്നെ തിന്മയാണ് എന്നുമുള്ള ദാർശനിക ചിന്തകൾ
പരന്നിരുന്നു. ഇത് ജ്ഞാനവാദികൾ
എന്നു അറിയപ്പെട്ടിരുന്ന ഒരു കൂട്ടം തത്വ ചിന്തകരുടെ പഠിപ്പിക്കലുകൾ ആയിരുന്നു.
തന്മൂലം, ബ്രഹ്മചര്യം അതിശ്രേഷ്ഠമായ ആത്മീയ അവസ്ഥയും, വിവാഹ
ജീവിതം താഴ്ന്ന അവസ്ഥയും ആണ് എന്നൊരു ആശയം അക്കാലത്ത് വ്യാപകമായി പ്രചരിച്ചു.
എന്നാൽ, ഫലത്തിൽ ഈ തത്വ ചിന്തകൾ സമൂഹത്തെ വിശുദ്ധമായ ഒരു ജീവിത ശൈലിയിലേക്ക്
നയിച്ചില്ല. അവരുടെ ഇടയിൽ പരസംഗവും, വ്യഭിചാരവും, വിവാഹ മോചനവും വർദ്ധിച്ചുവന്നു. ഇതിനാൽ
ആണ് പൌലൊസ് ഈ വിഷയത്തെ അത്യാവശ്യമായും അഭിസംബോധന ചെയ്യുന്നത്.
ഇതിനെക്കുറിച്ചുള്ള പൌലൊസിന്റെ പ്രഥമ പ്രതികരണം ഒന്നാം
വാക്യത്തിൽ പറയുന്നു. അത് കൂടുതൽ വ്യക്തമാക്കുന്നതാണ് രണ്ടാം വാക്യം.
1 കൊരിന്ത്യർ 7:2
എങ്കിലും
ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും
ഉണ്ടായിരിക്കട്ടെ.
2 ആം വാക്യം അദ്ദേഹം ആരംഭിക്കുന്നത് “എങ്കിലും” എന്ന
പദത്തോടെയാണ്. അതായത് ഒന്നാമത്തെ വാക്യത്തോടെ അദ്ദേഹത്തിന്റെ അഭിപ്രായം
അവസാനിക്കുന്നില്ല. അത് രണ്ടാമത്തെ വാക്യത്തിലും തുടരുകയാണ്. ദുർന്നടപ്പ്
കൊരിന്ത്യ ജാതീയ സമൂഹത്തിൽ സാധാരണമായി കഴിഞ്ഞതിനാൽ, “ഓരോരുത്തന്നു സ്വന്തഭാര്യയും
ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.” എന്നതാണ് അദ്ദേഹത്തിന്റെ
ഉപദേശം. “ദുർന്നടപ്പ്” എന്നു പറയുവാൻ ഇവിടെയും ഇംഗ്ലീഷിൽ, കിങ് ജെയിംസ് വേർഷനിൽ
ഉപയോഗിച്ചിരിക്കുന്ന വാക്ക് “fornication” എന്നാണ്. ഈ വാക്യങ്ങളിൽ,
പൌലൊസ് ജഡീക ദുർന്നടപ്പിനെ വിലക്കുകയാണ്. ദുർന്നടപ്പ് എന്ന പാപം ഒഴിവാക്കുവാൻ “ഓരോരുത്തന്നു സ്വന്തഭാര്യയും
ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.” എന്നാണ് അദ്ദേഹത്തിന്റെ
ഉപദേശം. ഇത് വേദപുസ്തകത്തിന്റെ പൊതുവായ പഠിപ്പിക്കൽ ആണ്.
ഇതിന്റെ അർത്ഥം, പൌലൊസ് വിവാഹ ജീവിതത്തെ ജഡീക ബന്ധമായി
മാത്രം കണ്ടു എന്നല്ല. അദ്ദേഹം കൊരിന്ത് പട്ടണത്തിലെ ഒരു സാമൂഹിക പ്രശ്നത്തെ സഭ
എങ്ങനെ അഭിമുഖീകരിക്കേണം എന്നു പറയുകയാണ്. അദ്ദേഹം വിവാഹത്തെ വിലക്കുന്നില്ല,
അതിന് അദ്ദേഹത്തിന് കഴിയുക ഇല്ല. മനുഷ്യൻ ഏകനായി ഇരിക്കുന്നതു നല്ലതല്ല എന്നു
ആദ്യം പറഞ്ഞത് ദൈവം ആണ്. അവന് ഒരു ഭാര്യയെ നല്കിയതും ദൈവം തന്നെയാണ്.
പൌലൊസിന്റെ
കാഴ്ചപ്പാടുകൾ
മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ നിത്യമായ പദ്ധതിയിൽ,
വിവാഹത്തിനുള്ള പ്രാധാന്യം എന്താണ് എന്നു പൌലൊസിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിൽ ആണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെട്ടിരുന്നത്.
അതിനാൽ അദ്ദേഹം ഇങ്ങനെ എഴുതി:
1 കൊരിന്ത്യർ
11:11
എന്നാൽ കർത്താവിൽ
പുരുഷനെ കൂടാതെ സ്ത്രീയുമില്ല, സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
സഭയുടെ ശുശ്രൂഷയിൽ നിന്നും പൌലൊസ് വിവാഹിതരെ വിലക്കിയിരുന്നില്ല.
തിമൊഥെയൊസിനുള്ള ഒന്നാമത്തെ ലേഖനത്തിൽ വിവാഹത്തെ വിലക്കുന്ന വിരുദ്ധ ഉപദേശകരെ
സൂക്ഷിച്ചുകൊള്ളുവാൻ അദ്ദേഹം ഉപദേശിക്കുന്നു. അവർ വ്യാജാത്മാക്കളും, ഭൂതങ്ങളുടെ
ഉപദേശങ്ങളെ പഠിപ്പിക്കുന്നവരും ആണ്. അവരുടെ ഉപദേശങ്ങൾ ഭോഷ്ക് ആണ്. ഇവിടെ പൌലൊസ്
ഒരു പക്ഷെ ജ്ഞാനവാദികൾ എന്ന തത്വ ചിന്തയെയും അതിൽ വിശ്വസിക്കുന്നവരെയും ആയിരിക്കാം
ഉദ്ദേശിക്കുന്നത്.
വിവാഹം
ഒരു മർമ്മം ആണ്
പൌലൊസ്, സ്ഥിരതയില്ലാതെ ഉപദേശങ്ങൾ പഠിപ്പിച്ചിരുന്ന വ്യക്തി
ആയിരുന്നില്ല. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ നിത്യമായ പദ്ധതിക്ക് വിരുദ്ധമായി
യാതൊന്നും പഠിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിയുകയില്ല. അതിനാൽ, വിവാഹത്തെക്കുറിച്ച്
പൌലൊസിന് അതിശ്രേഷ്ഠമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹം വിവാഹത്തെ ഒരു
ആത്മീയ മർമ്മം ആയി ദർശിച്ചു.
എഫെസ്യർ 5:31-32
അതു നിമിത്തം ഒരു
മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും
ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും
സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
വിവാഹത്തെ ഒരു ആത്മീയ മർമ്മമായി പൌലൊസ് കാണുന്നത്, അത്
ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ സാദൃശ്യം ആയതിനാൽ ആണ്. വിവാഹത്തിൽ,
ഭർത്താവും, ഭാര്യവും അവരുടെ അപ്പനെയും അമ്മയെയും വിട്ടു, ഒരു പുതിയ ജീവിതത്തിനായി,
ജീവിത പങ്കാളിയോട് ചേരുകയാണ്. ഒരുവൻ ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, അവൻ, ലോകത്തിലെ
എല്ലാ ബന്ധങ്ങളെയും ഉപേക്ഷിച്ച് ക്രിസ്തുവിനോടു കൂടെ, ഒരു പുതിയ ജീവിതത്തിനായി, ചേരുകയാണ്.
ഈ വാചകത്തിലെ “അപ്പനെയും അമ്മയെയും” എന്നതിനെ രണ്ട് വ്യക്തികളെ എന്നല്ല
മനസ്സിലാക്കേണ്ടത്. അത് ലോകപ്രകാരമുള്ള അടുത്ത ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരുവൻ
രക്ഷിക്കപ്പെടുമ്പോൾ അവന്റെ മുൻഗണന ക്രിസ്തുവിനോടുകൂടെ ജീവിക്കുക എന്നതാണ്. മനുഷ്യ
ബന്ധങ്ങളെക്കാൾ അവൻ ക്രിസ്തുവുമായ ആത്മീയ ബന്ധത്തെ കൂടുതൽ പ്രിയവും, ദൃഡവുമായി
കാണുന്നു. ഇതാണ് വിവാഹത്തിലെ ആത്മീയ മർമ്മം.
ഈ വാക്യത്തിൽ “മർമ്മം” എന്ന വാക്കിന് ഗ്രീക്കിൽ
ഉപയോഗിച്ചിരിക്കുന്ന പദം “മുസ്തേരിയോൺ” എന്നാണ്. ഈ വാക്കിന്റെ
അർത്ഥം, മതപരമായ, മറയ്ക്കപ്പെട്ടിരിക്കുന്ന നിഗൂഡമായ കാര്യങ്ങൾ എന്നാണ്. ഇത്
സാധാരണക്കാർക്ക് ഗ്രഹിക്കുവാൻ കഴിയുക ഇല്ല എന്നും, പ്രത്യേക ഉപനയനം ലഭിച്ചവർക്ക്
മാത്രമേ വെളിപ്പെട്ടു ലഭിക്കുകയുള്ളൂ എന്നും അർത്ഥം ഉണ്ട്. ചില ക്ഷേത്ര ആരാധനയുടെ
ഭാഗമായ ആചാരങ്ങളെ കുറിച്ച് പറയുവാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു. പൌലൊസ് ഈ വാക്ക്
ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, വിവാഹം ഒരു പവിത്രവും, ആത്മീയവും ആയ ഉടമ്പടിയാണ്
എന്ന അർത്ഥത്തിൽ ആണ്. വിവാഹം എന്ന മർമ്മത്തിന്റെ പൊരുൾ മനുഷ്യർക്ക് പൂർണ്ണമായും
വെളിപ്പെട്ടു കിട്ടിയിട്ടില്ല എന്നും, അതിനാൽ അതിനെ പൂർണമായി ഗ്രഹിക്കുവാൻ കഴിയുന്നില്ല
എന്നും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. അദ്ദേഹം വിവാഹത്തെ എത്രമാത്രം ശ്രേഷ്ഠമായി
കണ്ടിരുന്നു എന്നു ഈ വാക്യത്തിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ദൈവം,
ക്രിസ്തു, ഭർത്താവ്, ഭാര്യ
1 കൊരിന്ത്യർ 11:3 ൽ, ദൈവം, ക്രിസ്തു, ഭർത്താവ്, ഭാര്യ,
എന്നിവർ തമ്മിലുള്ള മാർമ്മികമായ ബന്ധത്തെ പൌലൊസ് വിശദീകരിക്കുന്നു.
1 കൊരിന്ത്യർ
11:3
എന്നാൽ ഏതു പുരുഷന്റെയും
തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ
തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ മൂന്ന് കണ്ണികളെക്കുറിച്ചാണ് പൌലൊസ് ഇവിടെ പറയുന്നത്.
1.
ദൈവം സകലത്തിന്നും തല.
2.
ക്രിസ്തു പുരുഷന്റെ (ഭർത്താവിന്റെ) തല.
3.
പുരുഷൻ സ്ത്രീയുടെ തല (ഭർത്താവ്
സ്ത്രീയുടെ തല).
ദൈവം വിവാഹത്തെ അവന്റെ മഹത്വത്തിനും, നമ്മളുടെ നന്മയയ്ക്കും
ആയി ക്രമീകരിച്ചു. അതിനാൽ വിവാഹം എങ്ങനെ ആയിരിക്കേണം എന്നു നിർവചിച്ചത് ദൈവം ആണ്.
അതിനെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ സാദൃശ്യമായി ദൈവം ക്രമീകരിച്ചു. ദൈവത്തിന്റെ
നിത്യമായ പദ്ധതി പ്രകാരം, ഈ ക്രമീകരണത്തിലെ ഓരോ അംഗത്തിന്റെയും സ്ഥാനവും,
ഉത്തരവാദിത്തവും, കടമയും, ദൈവം നിശ്ചയിച്ചു. അതിന്റെയെല്ലാം അടിസ്ഥാനം ക്രിസ്തുവും
സഭയും തമ്മിലുള്ള ബന്ധമാണ്. ഈ ബന്ധത്തെ യേശുക്രിസ്തു ഇങ്ങനെയാണ്
വിശദീകരിച്ചിരിക്കുന്നത്:
യോഹന്നാൻ 6:38-40
ഞാൻ എന്റെ
ഇഷ്ടമല്ല,
എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ
ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ
നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു
എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ
ഉയിർത്തെഴുന്നേല്പിക്കും.
ഇവിടെ യേശുക്രിസ്തു പറയുന്ന മൂന്ന് കാര്യങ്ങൾ ഇതൊക്കെയാണ്:
1.
യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്
ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ ആണ്.
2.
ദൈവത്തിന്റെ ഇഷ്ടം, അവൻ ക്രിസ്തുവിന്
കൊടുത്തിരിക്കുന്നവരിൽ ഒരാൾക്ക് പോലും നിത്യജീവൻ നഷ്ടപ്പെടരുത് എന്നാണ്.
3. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേൽക്കണം എന്നാണ് ദൈവത്തിന്റെ ഇഷ്ടം.
ഇവിടെ എല്ലാം
ദൈവത്തിന്റെ ഇഷ്ടം ആണ്. ക്രിസ്തുവിന്റെ ഇഷ്ടം വേറിട്ട്, ഒന്നുകിൽ വെളിപ്പെടുന്നില്ല
അല്ലെങ്കിൽ നിവർത്തിക്കപ്പെടുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ
ഇഷ്ടവും, പിതാവായ ദൈവത്തിന്റെ ഇഷ്ടവും, ഒന്നുതന്നെയാണ്. ദൈവത്തിന്റെ സ്നേഹവും,
ഇഷ്ടവും ക്രിസ്തുവിലൂടെ മനുഷ്യരിലേക്ക് ഒഴുകിയെത്തുകയാണ്.
ക്രിസ്തുവിലൂടെ മനുഷ്യരിലേക്ക് ഒഴുകിയെത്തിയ അതേ ദൈവ ഹിതവും,
സ്നേഹവും, ഭർത്താവിലൂടെ ഭാര്യയിലേക്ക് എത്തപ്പെടേണം. പിതാവായ ദൈവത്തിന്റെ ഹിതം
തന്നിൽ വെളിപ്പെടേണ്ടതിനായി ക്രിസ്തു അവന്റെ ഇഷ്ടത്തെ പിതാവിന് കീഴ്പ്പെടുത്തി.
ഇതു തന്നെയാണ് ഭാര്യാ-ഭർത്തൃ ബന്ധത്തിലും പ്രതീക്ഷിക്കുന്നത്. അങ്ങനെയായാൽ,
ദൈവത്തിന്റെ ഹിതം വിവാഹിതരുടെ ഇടയിൽ നിവർത്തിക്കപ്പെടും. എല്ലാം പിതാവായ
ദൈവത്തിന്റെ ഹിതവും, സ്നേഹവും മാത്രം ആയിരിക്കും. പുരുഷന്റെയും സ്ത്രീയുടെയും
വ്യക്തിപരമായ ഇഷ്ടങ്ങൾ, ക്രിസ്തുവിന്റെ ഹിതത്തിന് വിധേയമാകുമ്പോൾ അവർ
“ക്രിസ്തുവിന്റെ പുരുഷനും”, “ക്രിസ്തുവിന്റെ സ്ത്രീയും” ആയിത്തീരും. അവർ എപ്പോഴും
പിതാവായ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം വെളിപ്പെടുത്തുന്നവർ ആയിരിക്കും.
പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴം, അവന്റെ ഏകജാതനായ പുത്രനെ, മനുഷ്യരുടെ പാപ
പരിഹാരത്തിനായി ഒരു യാഗമായി തീരുവനായി ലോകത്തിന് നല്കി എന്നതാണ്.
അങ്ങനെ ഭർത്താവിന്റെ സ്നേഹം, ദൈവവും, ക്രിസ്തുവും
തമ്മിലുള്ള ബന്ധത്തിന്റെ ഒരു കണ്ണാടി പ്രതിഫലനം ആയിരിക്കേണം. ഇത് അവന്
ഭാര്യയോടുള്ള ബന്ധത്തിൽ വെളിപ്പെടേണം. ഭാര്യ, ഭർത്താവിലൂടെ, ക്രിസ്തുവിനെയും,
ദൈവത്തെയും ആണ് സ്നേഹിക്കുന്നതു. ഭർത്താവ് ക്രിസ്തുവിലൂടെ ദൈവത്തിന്
കീഴടങ്ങിയിരിക്കുന്നു. അതുപോലെ ഭാര്യ, ഭർത്താവിലൂടെ, ക്രിസ്തുവിനും, ദൈവത്തിനും,
കീഴടങ്ങിയിരിക്കുന്നു.
പിതാവായ ദൈവത്തിന്റെയും, ക്രിസ്തുവിന്റെയും നമ്മളോടുള്ള
സ്നേഹത്തെ യോഹന്നാൻ ഒന്നാമത്തെ ലേഖനത്തിലും, പൌലൊസ് എഫെസ്യർക്ക് എഴുതിയ കത്തിലും
നിർവചിക്കുന്നുണ്ട്.
1 യോഹന്നാൻ 4:19
അവൻ ആദ്യം നമ്മെ
സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
എഫെസ്യർ 5:25
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
പിതാവായ ദൈവവും ക്രിസ്തുവും, നമ്മൾ അവനെ സ്നേഹിക്കുന്നതിനും
മുമ്പേ, നമ്മളെ സ്നേഹിച്ചു. നമ്മൾ പരിപൂർണർ ആയതുകൊണ്ടല്ല അവൻ നമ്മളെ സ്നേഹിച്ചത്,
നമ്മളെ സമ്പൂർണ്ണർ ആക്കി രൂപന്തരപ്പെടുത്തുവാൻ വേണ്ടിയാണ്. വിവാഹിതർ, അവരുടെ ജീവിത
പങ്കാളി സമ്പൂർണ്ണർ ആയതുകൊണ്ടല്ല സ്നേഹിക്കേണ്ടത്, അവരെ പരിപൂർണർ ആക്കി മാറ്റുവാൻ
വേണ്ടിയാണ് സ്നേഹിക്കേണ്ടത്. സമ്പൂർണ്ണത ഒരുവൻ ക്രിസ്തുവിൽ നിന്ന് മാത്രം
പ്രാപിക്കുന്ന, ക്രിസ്തുവിലുള്ള പൂർണ്ണതയാണ്. അതിനാൽ ക്രിസ്തു സഭയെ
സ്നേഹിച്ചതുപോലെ ഭാര്യമാരെ സ്നേഹിക്കുവാൻ ഭർത്തക്കന്മാരെ പൌലൊസ്
പ്രബോധിപ്പിക്കുന്നു. ഓരോരുത്തരും അവരുടെ പങ്കാളിക്ക് അവരെതന്നെ പൂർണ്ണമായി
കൊടുക്കുക എന്നതാണ് ഈ സ്നേഹത്തിന്റെ ആഴം. ഇതിന്റെ ദൃഷ്ടാന്തം ക്രിസ്തു അവനെതന്നെ
സഭയ്ക്ക് എൽപ്പിച്ചു കൊടുത്തതാണ്. ക്രിസ്തു അവന്റെ എല്ലാ സ്വർഗ്ഗീയ മഹത്വവും ഉപേക്ഷിച്ചിട്ടു,
സഭയെ വീണ്ടെടുക്കുന്നതിനായി, ക്രൂശിൽ നിന്ദിതനായി മരിക്കുവാനായി, സ്വയം എൽപ്പിച്ചു
കൊടുത്തു. ഇതേ സ്നേഹമാണ് ഒരു ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇങ്ങനെ അവൻ
ഭാര്യയെ സ്നേഹിക്കുകയും, എൽപ്പിച്ചു കൊടുക്കുകയും ചെയ്യുമ്പോൾ, അവനെക്കുറിച്ചുള്ള
ദൈവീക പദ്ധതി നിവർത്തിക്കപ്പെടുന്നു. സഭയ്ക്ക് ക്രിസ്തുവിനോടുള്ള സ്നേഹവും,
ബഹുമാനവും ഒരു ഭാര്യയിൽനിന്നും ഉണ്ടാകേണം. യഥാർത്ഥ സ്നേഹം തങ്ങളുടെ ജീവിത
പങ്കാളിയെ ആദ്യം സ്നേഹിക്കുക എന്നതാണ്.
പിതാവായ ദൈവവും, പുത്രനായ ക്രിസ്തുവും സാരാംശത്തിൽ ഒന്നാണ്.
അവരിൽ ആരും ഉയർന്നവനും, താഴന്നവനും ഇല്ല. എന്നാൽ ഭരണകർത്തൃത്വത്തിന്റെ ക്രമീകരണത്തിൽ പിതാവ്,
പുത്രന്റെ ശിരസ്സ് ആയിരിക്കുന്നു. അതുപോലെ ഭർത്താവും, ഭാര്യയും, ഒരു ശരീരമാണ്,
എങ്കിലും ഭരണ നിർവ്വഹണത്തിന്റെ ക്രമീകരണത്തിൽ ഭർത്താവ്, ഭാര്യയുടെ ശിരസ്സ്
ആയിരിക്കുന്നു.
അമിത നിയന്ത്രണത്തിനുള്ള അധികാരമല്ല, ഉത്തരവാദിത്തം ആണ്
ഭർത്താവിന് ഉള്ളത്. അത് ക്രിസ്തു സ്നേഹിച്ചതുപോലെ സ്നേഹിക്കുവാനുള്ള കടമയാണ്. ഒരു
ഭർത്താവ്, ക്രിസ്തുവിനെപ്പോലെയുള്ള ഒരു ദാസനായ നായകൻ ആയിരിക്കേണം. അവന്റെ ജീവിതം,
ഒരു ദാസനായ നായകനെപ്പോലെ, സ്വയം എൽപ്പിച്ചുകൊടുക്കുന്നത് ആയിരിക്കേണം. കുടുംബത്തിന്റെ
നായകന്റെ ലക്ഷ്യം ഒരു ദൈവീക കുടുംബത്തെ പണിതെടുക്കുക എന്നതാണ്.
അതിനാൽ, ക്രിസ്തുവിന് എന്നവണ്ണം ഭർത്തക്കന്മാർക്ക് കീഴടങ്ങിയിരിക്കുവാൻ
ഭാര്യമാരെ പൌലൊസ് ഉപദേശിക്കുന്നു. ഭർത്താക്കന്മാർ ക്രിസ്തുവിന്
കീഴടങ്ങിയിരിക്കേണം. ഈ ക്രമീകരണം, ക്രിസ്തുവും, സഭയും തമ്മിലുള്ള ബന്ധത്തെ
വെളിപ്പെടുത്തുന്നത് ആയിരിക്കേണം. ക്രിസ്തുവും സഭയും തമ്മിലുള്ള മർമ്മികമായ
ബന്ധത്തിന്റെ സാദൃശ്യം ആയിരിക്കുമ്പോൾ മാത്രമേ, വിവാഹം, ഒരു ആത്മീയ മർമ്മം
ആകുകയുള്ളൂ.
ചോദ്യങ്ങളും
ഉത്തരങ്ങളും
വിവാഹിതർ
1 കൊരിന്ത്യർ 7:2 ൽ പൌലൊസ് പറഞ്ഞതിങ്ങനെയാണ്: “എങ്കിലും
ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്ത ഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും
ഉണ്ടായിരിക്കട്ടെ.” തുടർന്നു അദ്ദേഹം വിവാഹ ജീവിതത്തെക്കുറിച്ചാണ്
പറഞ്ഞുകൊണ്ടിരിക്കുന്നത്. വിവാഹ ബന്ധം ദുർന്നടപ്പിനെ അകറ്റി നിറുത്തുന്നത്
ആയിരിക്കേണം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു ഭർത്താവിനോ, ഭാര്യയ്ക്കൊ, അവരുടെ
ശരീരത്തിന്മേൽ സമ്പൂർണ്ണ അധികാരം ഇല്ല, അത് പങ്കാളിക്ക് കൂടി അധികാരപ്പെട്ടതാണ്.
അങ്ങനെ അവർ തമ്മിലുള്ള ശാരീരിക ബന്ധം ദയയോ, ഔദാര്യമോ അല്ല, പങ്കാളിയുടെ അവകാശമാണ്.
പ്രാർത്ഥനയ്ക്കായി, പരസ്പര ധാരണയോടെ അൽപ്പസമയത്തേക്ക് വേർപിരിഞ്ഞു
ഇരിക്കുവാൻ പൌലൊസ് വിവാഹിതർക്ക് അനുവാദം നല്കുന്നു. എന്നാൽ ഈ അനുവാദം, “ഒരു സമയത്തേക്കു”,
“പരസ്പരസമ്മതത്തോടെ” എന്നീ വാക്കുകളാൽ അദ്ദേഹം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ
അർത്ഥം പങ്കാളിക്ക് അവകാശപ്പെട്ട ശാരീരിക ബന്ധം ദീർഘനാളേക്ക് നിഷേധിക്കുന്നതിനെ
പൌലൊസ് പിന്താങ്ങുന്നില്ല. “സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും
ചേർന്നിരിപ്പിൻ” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഈ ഉപദേശങ്ങൾ അദ്ദേഹം
അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ
പറയുന്നതു.”
എന്നെപ്പോലെ
ആയിരിക്കേണം
പൌലൊസ് അദ്ദേഹത്തിന്റെ അവിവാഹിത ജീവിതം വളരെ ഇഷ്ടപ്പെട്ടിരുന്നു.
അവിവാഹിതർക്ക് കർത്താവിന്റെ വേലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയും
എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ ബ്രഹ്മചര്യം ദൈവത്തിൽ നിന്നും
ലഭിക്കുന്ന ഒരു കൃപാവരം ആണ് എന്നും അദ്ദേഹം കരുതി. അത് എല്ലാ മനുഷ്യർക്കും
ലഭിക്കുകയില്ല.
1 കൊരിന്ത്യർ 7:7
സകല മനുഷ്യരും
എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും
ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
ചില മനുഷ്യർക്ക് മാത്രം ദൈവത്തിൽ നിന്നും ലഭിക്കുന്ന ഒരു
കൃപാവരം ആണ് ബ്രഹ്മചര്യം എന്നാണ് പൌലൊസിന്റെ വാദം. ഇത് കർത്താവിന്റെ വേലയിൽ പൂർണ്ണ
സമയവും ശ്രദ്ധയോടെ ആയിരിക്കുവാനാണ്. അതിനാൽ, “സകല മനുഷ്യരും എന്നെപ്പോലെ
ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” എന്നത് പൊതുവായ ഒരു ഉപദേശമോ, കൽപ്പനയോ
അല്ല, അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണ്.
സ്ത്രീ പുരുഷ ശാരീരിക ബന്ധങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ,
ബ്രഹ്മചാരിയായി ജീവിച്ചു, പൂർണ്ണ ഏകാഗ്രതയോടെ കർത്താവിന്റെ വേലയിൽ ആയിരിക്കുവാൻ
അദ്ദേഹത്തിന് കഴിയുന്നത്, ദൈവത്തിൽ നിന്നും സവിശേഷമായ കൃപ ലഭിച്ചതിനാൽ ആണ്. എന്നാൽ
എല്ലാ മനുഷ്യർക്കും ഈ കൃപ ലഭിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ബ്രഹ്മചര്യത്തിനുള്ള കൃപ ലഭിച്ചിട്ടിലാത്തവർ “ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ
വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു
നല്ലതു.” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം (1 കൊരിന്ത്യർ 7:9)
ഇതിൽ നിന്നെല്ലാം നമ്മൾ എത്തിച്ചേരേണ്ടുന്ന നിഗമനം ഇതാണ്. ബ്രഹ്മചര്യവും,
വിവാഹ ജീവിതവും, ദൈവത്തിനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന് യോജ്യമായ രീതികൾ
ആണ്. ഒന്ന് മറ്റൊന്നിനെക്കാൾ കൂടുതൽ ഉന്നതമല്ല. ഇത് സംബന്ധിച്ച്, എല്ലാവർക്കും
പ്രത്യേകമായ ദൈവ വിളിയും, കൃപാവരങ്ങളും ഉണ്ട്.
അവിവാഹിതർ,
വിധവമാർ
1 കൊരിന്ത്യർ 7:8 ൽ പൌലൊസ് “വിവാഹം കഴിയാത്തവരോടും
വിധവമാരോടും” ചില ഉപദേശങ്ങൾ പറയുന്നു. 10 ആം വാക്യത്തിൽ വിവാഹം കഴിഞ്ഞവരോടും, 12
ആം വാക്യത്തിൽ ശേഷമുള്ളവരോടും അദ്ദേഹം സംസാരിക്കുന്നു. മൂന്നാമത്തെ വിഭാഗക്കാർ
വിശ്വാസപരമായി മിശ്രവിവാഹിതർ ആണ്.
1 കൊരിന്ത്യർ
7:8-9
വിവാഹം
കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം
എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ
വിവാഹം ചെയ്യുന്നതു നല്ലതു.
ഈ വാക്യം ജീവിത പങ്കാളിയുടെ വേർപ്പടിന് ശേഷം വീണ്ടും വിവാഹം
കഴിക്കാത്തവരോടുള്ള പൌലൊസിന്റെ ഉപദേശമാണ്. അവിവാഹിതരായ കന്യകമാരോടുള്ള ഉപദേശം
അദ്ദേഹം 25 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ പറയുന്നു. ഇവിടെ വിധവമാർ എന്നതിൽ
പുരുഷനെയും സ്ത്രീയെയും ഉൾപ്പെടുത്തി ചിന്തിക്കാവുന്നതാണ്.
8 ആം വാക്യത്തിലെ “എന്നെപ്പോലെ” എന്ന പദത്തിന്റെ ശരിയായ ആശയം
എന്താണ് എന്നു വിശദീകരിക്കുവാൻ ഇന്ന് നമുക്ക് പ്രയാസം ഉണ്ട്. കാരണം പൌലൊസിന്റെ
വൈവാഹിക അവസ്ഥ എന്തായിരുന്നു എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ല. പൌലൊസ് ഒരു
പക്ഷെ വിവാഹം കഴിച്ചിട്ടില്ലാത്ത വ്യക്തി ആയിരുന്നിരിക്കാം. അല്ലെങ്കിൽ, ഈ ലേഖനം
എഴുതുമ്പോൾ അദ്ദേഹം ഭാര്യ സമേതനായി ജീവിക്കുക ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ,
ഉപേക്ഷിച്ചു പോകുകയോ, മരിക്കുകയോ ചെയ്തിരിക്കാം. പിന്നീട് അദ്ദേഹം വീണ്ടും വിവാഹം
കഴിച്ചില്ല എന്നായിരിക്കാം അർത്ഥമാക്കുന്നത്. ഇതിൽ ഏതാണ് ശരി എന്നു പറയുവാൻ
കഴിയുന്ന യാതൊരു തെളിവുകളും നമുക്ക് ഇന്ന് ലഭ്യമല്ല.
പൊതുവേ പറഞ്ഞാൽ, പൌലൊസിന്റെ ഉപദേശം ഇതാണ്, അവിവാഹിതർ ആയ
വിധവമാർ, അവർക്ക് ജിതേന്ദ്രിയത്വം ഉണ്ടെങ്കിൽ അവർ വീണ്ടും വിവാഹം കഴിക്കാതെ
ഇരിക്കുന്നതാണ് നല്ലത്. അവരുടെ വികാരങ്ങളെ നിയന്തിക്കുവാൻ കഴിയുന്നില്ല എങ്കിൽ
വീണ്ടും വിവാഹം കഴിക്കാം. ഇത് വിവാഹത്തെക്കുറിച്ചുള്ള നിഷേധാത്മകമായ ഒരു നിലപാടായി
തോന്നാം. എന്നാൽ പൌലൊസ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത് കൊരിന്തിലെ വിവാഹ ഇതര
ദുർന്നടപ്പ് ആണ്. ഒരു ക്രിസ്തീയ വിശ്വാസി, ഏത് സാഹചര്യത്തിലും അശുദ്ധമായ ശാരീരിക
ബന്ധങ്ങൾ ഒഴിവാക്കേണ്ടതാണ്.
വിവാഹ
മോചനവും മിശ്ര വിവാഹവും
1 കൊരിന്ത്യർ 7:10 ൽ പൌലൊസ് വിവാഹമോചനത്തെ വിലക്കുന്നു.
അദ്ദേഹത്തിന്റെ ഉപദേശത്തിന് ക്രിസ്തുവിന്റെ അധികാരം ഉണ്ട് എന്നും അവകാശപ്പെട്ടു.
ഒരു ഭർത്താവോ, ഭാര്യയോ, ജീവിത പങ്കാളിയിൽ നിന്നും വിവഹമോചനം പ്രാപിച്ചാൽ, അവർ
തുടർന്നു അവിവാഹിതർ ആയി ജീവിക്കുകയോ, അവരുടെ മുൻ പങ്കാളിയോട് നിരപ്പ് പ്രാപിച്ചു
തിരികെ ചേരുകയോ വേണം.
ഈ ഉപദേശത്തിന് ശേഷം പൌലൊസ് വ്യത്യസ്ത വിശ്വാസങ്ങൾ
പുലർത്തുന്ന മിശ്ര വിവാഹിതരുടെ വിഷയം ചർച്ച ചെയ്യുന്നു. അതിനാൽ 10, 11 എന്നീ
വാക്യങ്ങളും മിശ്ര വിവാഹിതരോട് ഉള്ളതാണ് എന്നു കരുതുന്ന വേദ പണ്ഡിതന്മാർ ഉണ്ട്.
10 ആം വാക്യത്തിൽ “വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു
തന്നേ കല്പിക്കുന്നതു:” എന്നു പറഞ്ഞ പൌലൊസ് 12 ആം വാക്യത്തിൽ “ശേഷമുള്ളവരോടു
കർത്താവല്ല ഞാൻ തന്നേ പറയുന്നതു” എന്നാണ് പറയുന്നത്. ആത്മീയ അധികാരത്തിന്റെ ഈ
വ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്.
“ശേഷമുള്ളവരോടു” എന്നത് വിശ്വാസപരമായി മിശ്ര വിവാഹിതർ ആണ്.
കൊരിന്ത് ഒരു ജാതീയ പട്ടണം ആയിരുന്നതിനാൽ മിശ്ര വിവാഹിതർ സഭയിൽ അനേകർ
ഉണ്ടായിരുന്നു. ഇതിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. വിവാഹിതർ ആയവരിൽ
ആരെങ്കിലും ഒരാൾ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും, മറ്റെയാൾ പഴയ ജാതീയ
വിശ്വാസത്തിൽ തുടരുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് വിവാഹത്തിന്
ശേഷം ആണ് പലപ്പോഴും സംഭവിക്കുക എന്നത് വിഷയത്തെ സങ്കീർണ്ണമാക്കുന്നു.
ഗ്രീക്ക് സംസ്കാരത്തിൽ, ഭർത്താവിന്റെ കുടുംബ ദേവന്മാരെ
ആരാധിക്കുന്നത് ഭാര്യമാരുടെ കടമയാണ്. എന്നാൽ വിവാഹത്തിന് ശേഷം ഭാര്യ മാത്രം ക്രിസ്തീയ
വിശ്വാസം സ്വീകരിച്ചാൽ, ജാതീയ ദേവന്മാരെ ആരാധിക്കുന്നത് അവൾക്ക് സാധ്യമല്ലാതായി
തീരും. വിവാഹത്തിന് ശേഷം ഭർത്താവ് മാത്രം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചാൽ,
കുടുംബത്തിൽ അത് സംഘർഷം ഉണ്ടാക്കും. യഹൂദ മത വിശ്വാസപ്രകാരം, ഒരു യഹൂദൻ ജാതീയ
വിശ്വാസിയെ വിവഹം കഴിച്ചാൽ, ആ വിവാഹം അസാധു ആകും. ഒരു യഹൂദ കുടുംബത്തിലെ ഒരു
പുരുഷനോ, സ്ത്രീയോ മാത്രം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചാൽ, അവരെ ജാതീയർ ആയി കരുതാം.
അങ്ങനെ വന്നാൽ അവരുടെ വിവഹം അസാധു ആകും. ഇങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ
കൊരിന്ത് സഭയിൽ ഉണ്ടായിരുന്നു. അതിനാൽ അവർ പൌലൊസിനോടു ചോദിച്ചു, അവിശ്വാസിയായ ഒരു
ഭർത്താവിനോടോ, ഭാര്യയോടോ കൂടെ, ജീവിത പങ്കാളിയായി ജീവിക്കുന്നത് ഒരു വിശ്വാസിക്ക്
യോജ്യമാണോ? അത്തരം വിവാഹ ജീവിതം വിശുദ്ധമാണോ? ഈ സാഹചര്യത്തിൽ ഒരു വിശ്വാസി, വിവാഹ
മോചനം നേടേണ്ടത് ഉണ്ടോ?
പൌലൊസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിവാഹ മോചനത്തെ
അനുവദിച്ചില്ല. അതിന് പകരം, വിശ്വാസിയായ പങ്കാളി, ക്രിസ്തുവിന്റെ സുവിശേഷം അവരുടെ
വീടുകളിൽ എത്തിക്കുകയാണ് വേണ്ടത് എന്നു അദ്ദേഹം ഉപദേശിച്ചു. അങ്ങനെ ഒരു പക്ഷെ,
അവിശ്വാസിയായ പങ്കാളിയെ ക്രിസ്തുവിൽ നേടിയെടുക്കുവാൻ കഴിഞ്ഞേക്കാം. വിശ്വാസി
നിമിത്തം, അവരുടെ വിവാഹ ജീവിതവും മക്കളും വിശുദ്ധർ ആയിരിക്കും. ഇങ്ങനെ
വിശുദ്ധരാകുന്നു എന്നതിന് അവർ രക്ഷിക്കപ്പെടുന്നു എന്നു അർത്ഥമില്ല. അവരുടെ ബന്ധം
വിശുദ്ധമാകുന്നു എന്നു മാത്രമേ പൌലൊസ് ഉദ്ദേശിക്കുന്നുള്ളൂ. അവിശ്വാസിയായ പങ്കാളി
കാരണം, വിവാഹ ജീവിതത്തിന്റെ പരിശുദ്ധി കളങ്കപ്പെടുന്നില്ല. അങ്ങനെ അവരുടെ മക്കളും
കളങ്കപ്പെടാത്തവർ ആകുന്നു. അവരുടെ വിവാഹ ജീവിതത്തിൽ പാപം ഇല്ല. അതിനാൽ വിവഹ
ജീവിതത്തിൽ തുടരുക, പങ്കാളി അവിശ്വാസി ആയാലും വിവാഹ മോചനം അരുതു എന്നാണ്
പൌലൊസിന്റെ ഉപദേശം.
ഒരു ക്രിസ്തീയ വിശ്വാസി ഒരിക്കലും, അവിശ്വാസിയായ ജീവിത
പങ്കാളിയിൽ നിന്നും, വിശ്വാസത്തിന്റെ പേരിൽ, വിവഹമോചനം ആഗ്രഹിക്കുകയോ, അതിനുള്ള
പ്രക്രിയ ആരംഭിക്കുകയോ ചെയ്യരുതു. 16 ആം വാക്യത്തിൽ എന്തുകൊണ്ട് ഒരു വിശ്വാസി,
അവിശ്വാസിയുമായുള്ള വിവാഹ ബന്ധത്തിൽ തുടരേണം എന്നു പൌലൊസ് ഉപദേശിക്കുന്നു. ഭാവിയിൽ
പങ്കാളി ക്രിസ്തുവിങ്കലേക്ക് വരുമോ എന്നു ആരും അറിയുന്നില്ല. അതിനാൽ വിവാഹ ബന്ധത്തിൽ
സമാധാനം പാലിക്കുക. ക്രിസ്തീയ വിശ്വാസത്തിൽ അധിഷ്ഠിതമായ തന്റെ ജീവിതം കണ്ടിട്ടു,
അവിശ്വാസിയായ പങ്കാളി ഭാവിയിൽ ക്രിസ്തുവിനെ സ്വീകരിച്ചു ഒരു വിശ്വാസിയായി തീരും
എന്ന പ്രതീക്ഷയോടെ, നല്ല മാതൃകയോടെ ജീവിക്കുക.
ഈ വേദഭാഗങ്ങളിൽ വ്യത്യസ്ത വിശ്വാസങ്ങളിൽപ്പെട്ടവരുടെ മിശ്ര വിവാഹങ്ങളെ
പൌലൊസ് പ്രോൽസാഹിപ്പിക്കുക അല്ല. വിശ്വാസത്തിന്റെ പേരിൽ പോലും വിവാഹ മോചനം നേടുന്നതിനെ
അദ്ദേഹം വിലക്കുകയാണ്. ഈ ഉപദേശത്തെ 2 കൊരിന്ത്യർ 6:14 ലെ “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു”
എന്ന വാക്യവുമായി ചേർത്തു ചിന്തിക്കേണ്ടതാണ്.
മിശ്ര വിവാഹിതരോടുള്ള പൌലൊസിന്റെ ഉപദേശം ഇവിടെ
അവസാനിക്കുന്നില്ല. അവരുടെ ഇടയിൽ ഉടലെടുത്ത മറ്റൊരു പ്രശനം കൂടി അദ്ദേഹം അഭിസംബോധന
ചെയ്യുന്നുണ്ട്. ജീവിത പങ്കാളികളിൽ ഒരുവൻ മാത്രം ക്രിസ്തീയ വിശ്വാസി ആകുകയും,
മറ്റെയാൾ, വിശ്വാസത്തിന്റെ പേരിൽ പങ്കാളിയെ ഉപേക്ഷിക്കുവാൻ തീരുമാനിക്കുകയും
ചെയ്താൽ എന്ത് ചെയ്യേണം? ഇത്തരം സാഹചര്യത്തിൽ വിവഹമോചനം പൌലൊസ് അനുവദിക്കുന്നു. ഇങ്ങനെ
വിവാഹ മോചനം ലഭിക്കുന്ന വ്യക്തി, വിവാഹ ഉടമ്പടിയിൽ നിന്നും പൂർണ്ണമായും മോചിതൻ
(മോചിത) ആകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1 കൊരിന്ത്യർ
7:15
അവിശ്വാസി
വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ
ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം
നമ്മെ വിളിച്ചിരിക്കുന്നു.
“ബദ്ധരായിരിക്കുന്നില്ല” എന്നതിന്റെ
ഗ്രീക്ക് പദം “ഡുലൊഒ” എന്നതാണ്. ഈ വാക്കിന്റെ അർത്ഥം, ബന്ധനത്തിൽ
ആയിരിക്കുക, അടിമത്തത്തിൽ ആക്കുക, എന്നിങ്ങനെയാണ്. പൌലൊസ് പറയുന്നത് ഇതാണ്,
അവിശ്വാസിയായ ജീവിത പങ്കാളി വിവാഹ മോചനം ആഗ്രഹിക്കുന്നു എങ്കിൽ, “പിരിയട്ടെ”. ഒരാൾ
പങ്കാളിയുടെ അടിമയായി ജീവിക്കേണ്ടതില്ല. ഇങ്ങനെ വിവഹ മോചനം ലഭിച്ച വിശ്വാസിക്കു
പിന്നീട് ഉപേക്ഷിച്ചുപോയ വ്യക്തിയോട് യാതൊരു വൈവാഹിക കടപ്പാടും ഇല്ല. വിശ്വാസി ഒരു
സ്വതന്ത്ര വ്യക്തി ആയി തീരുന്നു.
അതായത്, മിശ്ര വിവാഹിതരെക്കുറിച്ചുള്ള പൌലൊസിന്റെ
ഉപദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. മിശ്ര വിവാഹ ജീവിതത്തിൽ, അവിശ്വാസിയായ പങ്കാളി
ഒരുമിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, വിശ്വാസി ഒരിക്കലും വിവാഹ മോചനം
ആവശ്യപ്പെടരുത്. കാരണം ദൈവം നമ്മളെ സമാധാനത്തോടെ ജീവിക്കുവാനാണ്
വിളിച്ചിരിക്കുന്നത്. എന്നാൽ അവിശ്വാസിയായ പങ്കാളി, വിശ്വാസം കാരണം, വിവഹമോചനം
ആവശ്യപ്പെട്ടാൽ, പോകുവാൻ അനുവദിക്കുക. ഇങ്ങനെ വിവാഹ മോചനം നേടുന്ന വിശ്വാസി, വിവാഹ
ഉടമ്പടിയിൽ നിന്നും സ്വതന്ത്രൻ (സ്വതന്ത്ര) ആയിരിക്കും.
ദൈവം
വിളിച്ചതുപോലെ ജീവിക്കുക
17 ആം വാക്യം പുതിയ ഒരു കൂട്ടരെ അഭിസംബോധന ചെയ്യുന്നില്ല. ഇതിൽ
വിവാഹം സംബന്ധിച്ച പുതിയ ഉപദേശവും ഇല്ല. ഈ വാക്യം പറയുന്നത് ഇത്രമാത്രം:
”ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ;”
ഇത് എല്ലാ സഭകൾക്കും പൌലൊസ് നല്കുന്ന ഉപദേശം ആണ്.
ഈ വാക്യത്തെ 12 മുതൽ 16 വരെയുള്ള, മിശ്ര വിവാഹിതരോടുള്ള ഉപദേശത്തിന്റെ
തുടർച്ചയായി കണക്കാക്കിയാൽ ഇതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം. വിവാഹിതർ ആയിരിക്കെ
വിശ്വാസത്തിൽ വന്നവർ, അവരുടെ ജീവിത പങ്കാളി അവിശ്വാസിയായി തുടരുകയാണ് എങ്കിലും വേർപിരിയുവാൻ
ശ്രമിക്കരുത്. പൌലൊസിന്റെ ഈ ഉപദേശം ഒരു പ്രത്യേക കൂട്ടരെ ഉദ്ദേശിച്ച്
ഉള്ളതായിരിക്കുവാൻ സാധ്യതയില്ല. ഇത് പൊതുവേ, എല്ലാവർക്കും ഉള്ള ഉപദേശം ആയിരിക്കാം.
ഇതിനെ വിശദീകരിക്കുവാൻ അദ്ദേഹം രണ്ട് ഉദാഹരണങ്ങൾ പറയുന്നുണ്ട്. ഒരുവൻ പരിച്ഛേദനയോടെ
വിളിക്കപ്പെട്ടുവോ, മറ്റൊരുവൻ അഗ്രചർമ്മത്തോടെ
വിളിക്കപ്പെട്ടുവോ, അവർ അങ്ങനെതന്നെ തുടരട്ടെ. ഒരുവൻ ദാസനായി വിളിക്കപ്പെട്ടുവോ, അതിൽ തന്നേ
ഇരുന്നുകൊൾക. നിയപ്രകാരം സ്വതന്ത്രൻ ആകുവാൻ അവസരം ലഭിച്ചാൽ സ്വതന്ത്രൻ ആകുക. “ഓരോരുത്തൻ
വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.”
ഇതുപോലെതന്നെ, അവിശ്വാസിയായ ഒരു ജീവിത പങ്കാളിയിൽ നിന്നും വിശ്വാസം
കാരണം മോചനം നേടുവാൻ ഒരു വിശ്വാസി തുനിയരുത്. വിവാഹ ബന്ധത്തിൽ തുടരുകയാണ് വേണ്ടത്.
പൌലൊസിന്റെ ഈ ഉപദേശം വിവാഹത്തിൽ മാത്രമല്ല, ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ
പ്രയോജനപ്പെടുന്നതാണ്.
അവിവാഹിതരും
വിവാഹനിശ്ചയം ചെയ്യപ്പെട്ടവരും
1 കൊരിന്ത്യർ 7:25 ൽ പൌലൊസ് അടുത്ത വിഭാഗക്കാരെ അഭിസംബോധന
ചെയ്യുന്നു. വാക്യം തുടങ്ങുന്നത് ഇങ്ങനെയാണ്: “കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല;”.
ഇത് യൌവനക്കാരായ അവിവാഹിതരെക്കുറിച്ചാണ്. ഇവരോട് അദ്ദേഹം പറയുന്നത്, “മനുഷ്യൻ
അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു” എന്നാണ്. അതായത് അവിവാഹിതർ ആയി
തുടരുന്നത് നല്ലതാണ്. ഇവരെക്കുറിച്ചു “എനിക്കു കർത്താവിന്റെ കല്പനയില്ല;” എന്നു ആദ്ദേഹം ആദ്യം തന്നെ പറയുന്നു. എന്നാൽ “വിശ്വസ്തൻ
ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.” എന്നാണ്
പൌലൊസിന്റെ അവകാശവാദം.
“കന്യകമാർ” എന്നതിന്റെ ഗ്രീക്ക് പദം “പാർത്തെനാസ്”
എന്നതാണ്. ഈ വാക്കിന്റെ അർത്ഥം, കന്യക, അവിവാഹിത, വിവാഹ
പ്രായമെത്തിയ യുവതി, എന്നിങ്ങനെയാണ്.
26 ആം വാക്യത്തിലെ “ഇപ്പോഴത്തെ കഷ്ടത നിമിത്തം” എന്നു
പൌലൊസ് പറയുന്നത് ആണ് “അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു” എന്നതിന്റെ കാരണം.
എന്നാൽ എന്താണ് അദ്ദേഹം ഉദ്ദേശിച്ച “ഇപ്പോഴത്തെ കഷ്ടത” എന്നു നമുക്ക്
അറിഞ്ഞുകൂടാ. അത് ഒരു പക്ഷെ, അന്ന് സഭ നേരിട്ട്കൊണ്ടിരുന്ന പീഡനങ്ങൾ ആകാം.
അല്ലെങ്കിൽ, കൊരിന്ത്യർ പൌലൊസിന് അയച്ച കത്തിൽ ഒരു “കഷ്ടത”യെക്കുറിച്ച്
പറഞ്ഞിട്ടുണ്ടായിരിക്കാം. ഇതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ല.
ഈ ഉപദേശം പറയുമ്പോൾ പൌലൊസിന്റെ മനസ്സിൽ “ഇപ്പോഴത്തെ കഷ്ടത”
നിറഞ്ഞു നിന്നിരുന്നു. മുമ്പ് വായിച്ച വാക്യങ്ങളിൽ, ശാരീരികമായ ദുർന്നടപ്പ് ഒരു
പശ്ചാത്തലം ആയിരുന്നു. ഇതിന്റെയെല്ലാം നിഴലിൽ ആണ് അദ്ദേഹം വിവാഹത്തെക്കുറിച്ചുള്ള
എല്ലാ ഉപദേശങ്ങളും ഈ അധ്യായത്തിൽ നല്കുന്നത്. അതിനാൽ, “നീ ഭാര്യയോടു
ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാടു അന്വേഷിക്കരുതു. നീ ഭാര്യ
ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.” എന്നു അദ്ദേഹം
ഉപദേശിക്കുന്നു. 28, 29 വാക്യങ്ങളിൽ പൌലൊസ് ഇതിന് വീണ്ടും വിശദീകരണം നല്കുന്നു.
1 കൊരിന്ത്യർ
7:28-29
നീ വിവാഹം
ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല;
എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
ഇവിടെയും പൌലൊസ് “ജഡത്തിൽ കഷ്ടത ഉണ്ടാകും;”
എന്നും “കാലം ചുരുങ്ങിയിരിക്കുന്നു;” എന്നും പറയുന്നു.
ഇതെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന, വരുവാനിരിക്കുന്ന ചില
പ്രതികൂലങ്ങളെക്കുറിച്ചുള്ള ആകുലത വെളിവാക്കുന്നു. എന്നിരുന്നാലും അദ്ദേഹം
വിവാഹത്തെ വിലക്കുന്നില്ല. “നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും
വിവാഹം ചെയ്താൽ ദോഷമില്ല;”
വിവാഹം നിശ്ചയിച്ച ഒരു യുവാവോ, യുവതിയോ, അപ്പോഴത്തെ
സാഹചര്യത്തിൽ വിവാഹം കഴിക്കേണമോ എന്നതാണ് പൌലൊസിന്റെ മുന്നിൽഉള്ള ചോദ്യം. വിവാഹം
പാപം അല്ല എന്നും അത് വിശുദ്ധിക്ക് മങ്ങൽ എൽപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞു. അതിനാൽ വിവാഹ നിശ്ചയം ചെയ്യപ്പെട്ട യുവാക്കൾ, ശരിയായ സമയത്ത് വിവാഹം
കഴിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇത് അവരുടെ വികാരങ്ങളുടെയും
ആഗ്രഹങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കാം.
കർത്താവിന്റെ
വേലയിൽ ആയിരിക്കുന്നവർ
1 കൊരിന്ത്യർ 7:29-35 വരെയുള്ള വാക്യങ്ങളിൽ പൌലൊസ്
അഭിസംബോധന ചെയ്യുന്നത് കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന ശുശ്രൂഷകരെയാണ്. 35 ആം
വാക്യത്തിൽ അദ്ദേഹം പറയുന്നു, “യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ
കർത്താവിങ്കൽ സ്ഥിരമായ്‍ വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ
പറയുന്നതു.” ഈ ഉപദേശത്തിന്റെ പശ്ചാത്തലം, “കാലം ചുരുങ്ങിയിരിക്കുന്നു;” എന്നതാണ്. 31 ആം വാക്യത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു, “ഈ ലോകത്തിന്റെ
രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.”
കർത്താവിന്റെ വേലക്കാർ ലോകത്തിലെ ബന്ധങ്ങളെക്കുറിച്ച് “ചിന്താകുലമില്ലാത്തവരായിരിക്കേണം”
എന്നു പൌലൊസ് ആഗ്രഹിച്ചു. ഒരു വിവാഹിതൻ ജീവിത പങ്കാളിയെക്കുറിച്ച്
വ്യാകുലപ്പെടുന്നവൻ ആയിരിക്കും എന്നു അദ്ദേഹം ഭയപ്പെട്ടു. അങ്ങനെയായാൽ,
കർത്താവിന്റെ വേലയോടുള്ള സമർപ്പണവും, പങ്കാളിയോടുള്ള കടപ്പാടും തമ്മിൽ ഒരു സംഘർഷം
ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതിനാൽ കർത്താവിന്റെ വേലക്കാർ അവിവാഹിതർ ആയി തുടരട്ടെ
എന്നു അദ്ദേഹം ആഭിപ്രായപ്പെട്ടു. അവർക്കു ഭിന്നമല്ലാത്ത ഒരു സമർപ്പണം കർത്താവിന്റെ
വേലയിൽ ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. എന്നാൽ, “ഞാൻ ഇതു നിങ്ങൾക്കു
കുടുക്കിടുവാനല്ല,” പറയുന്നത് എന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.
കോറം ഡെയോ
1 കൊരിന്ത്യർ 7 ആം അദ്ധ്യായത്തിൽ പൌലൊസ് അഭിസംബോധന
ചെയ്യുന്ന അവസാനത്തെ കൂട്ടർ, ജീവിത പങ്കാളി മരണത്താൽ വേർപ്പെട്ട് പോയ
വിധവമാരെയാണ്. ഇതിൽ വിഭാര്യരും ഉൾപ്പെടും.
വിധവമാർക്കും വിഭാര്യർക്കും “തനിക്കു മനസ്സുള്ളവനുമായി”
വീണ്ടും വിവഹാഹം കഴിക്കുവാൻ പൌലൊസ് അനുവാദം നല്കുന്നു. അതിനുള്ള ഏക മാനദണ്ഡം, “കർത്താവിൽ
വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.” എന്നതാണ്. എന്നാൽ അവർ അങ്ങനെതന്നേ
പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവർ എന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുന്നു. ഇതിന്
ആധികാരികമായി അദ്ദേഹം പറയുന്നത്, “ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.”
എന്നാണ്.
No comments:
Post a Comment