മരിച്ചവരുടെ പുനരുത്ഥാനം (ഒന്നാം ഭാഗം)

മരണത്തെക്കുറിച്ചുള്ള ലോകത്തിന്റെയും, വേദപുസ്തകത്തിന്റെയും കാഴ്ചപ്പടുകളുടെ പ്രധാന വ്യത്യാസം മനുഷ്യന്റെ ജീവന്റെ നിത്യതയാണ്. ഭൌതീക തലത്തിലെ മരണം മനുഷ്യ ജീവിതത്തിന്റെ അവസാനമായി ലോകത്തിന്റെ ചിന്താധാരകൾ വിവരിക്കുന്നു. എന്നാൽ,  മരണം മനുഷ്യന്റെ ഭൌതീക ജീവിതത്തിന്റെ അവസാനമാണ് എങ്കിലും അത് അവന്റെ അസ്തിത്വത്തിന്റെ അവസാനം അല്ല എന്നും മരണത്തിന് ശേഷവും നിത്യമായ ഒരു ജീവിതം ഉണ്ട് എന്നും ആണ് തിരുവെഴുത്ത് പഠിപ്പിക്കുന്നത്. ഭൌതീക തലത്തിൽ മരണം സംഭവിക്കുമ്പോൾ, നമ്മളുടെ ശരീരം മരിക്കുന്നു എങ്കിലും ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. ശരീരം പ്രവർത്തനരഹിതവും ബോധമില്ലാത്തതുമായി ഉറക്കത്തിൽ ആകുന്നു എങ്കിലും ആത്മാവു ഉറക്കത്തിൽ ആകുകയോ, ബോധരഹിതമാകുകയോ ഇല്ല. മരണം നിത്യതയിലേക്കുള്ള യാത്രയുടെ ഒരു പടി മാത്രം ആണ്. ഇതാണ് മരണത്തെക്കുറിച്ചുള്ള വേദപുസ്തക കാഴ്ചപ്പാട്.

 

പഴയനിയമത്തിലും, പുതിയ നിയമത്തിലും, മരിച്ചവരിൽ ചിലർ ഉയിർത്തെഴുന്നേറ്റതായി പറയുന്നുണ്ട്. അവർ ഭൌതീക തലത്തിൽ മരിച്ചപ്പോൾ, അവരുടെ ആത്മാവു ശരീരത്തെ വിട്ടുപോയി. എന്നാൽ അവർ ഉയിർത്തെഴുന്നേറ്റപ്പോൾ, അവരുടെ ശരീരത്തിലേക്ക് വിട്ടുപോയ ആത്മാവു തിരികെ വന്നു, അവർ വീണ്ടും ജീവൻ ഉള്ള ദേഹി ആയി തീർന്നു.

 

ഇങ്ങനെ, മരിച്ചുപോയവർ വീണ്ടും ജീവൻ പ്രാപിച്ചപ്പോൾ, അവരുടെ ശരീരത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. അവർ തുടർന്നും, ഈ ലോകത്ത് മറ്റ് മനുഷ്യരെപ്പോലെ ജീവിച്ചു. ചില നാളുകൾ കഴിഞ്ഞപ്പോൾ അവരുടെ ഭൌതീക ജീവിതം അവസാനിച്ചു അവർ മരിക്കുകയും ചെയ്തു. പിന്നീട് അവർ ഇതുവരെയും ഉയിർത്തെഴുന്നേറ്റിട്ടില്ല.

 

ഇത്തരം അനുഭവങ്ങളെ അല്ല വേദപുസ്തകം പുനരുത്ഥാനം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പുനരുത്ഥാനം മരിച്ചവരുടെ അവസ്ഥയിൽ നിന്നും, ആത്മാവും ശരീരവും പുനർയോജിച്ചു നിത്യമായി ജീവിക്കേണ്ടതിനായി ഉയിർത്തെഴുന്നേൽക്കുന്നതാണ്. ഇവരിൽ ഒരു കൂട്ടർ തേജസ്കരിക്കപ്പെട്ടതും, രൂപാന്തരം പ്രാപിച്ചതുമായ ശരീരം പ്രാപിക്കും. രണ്ടാമത്തെ കൂട്ടർ നിത്യ നിന്ദയ്ക്കായുള്ള, തേജസ്കരിക്കപ്പെടാത്ത ശരീരവും പ്രാപിക്കും. രണ്ട് കൂട്ടർക്കും അതിന് ശേഷം ഭൌതീക മണ്ഡലത്തിൽ വീണ്ടും ജീവിതമോ, മരണമോ ഉണ്ടാകുകയില്ല. സകല മനുഷ്യരുടെയും ഉയിർപ്പ് എന്നതാണ് ക്രിസ്തീയ വിശ്വാസം (universal resurrection). അതായത്, നീതിമാന്മാരും ദുഷ്ടന്മാരും അന്ത്യകാലത്ത് മരിച്ച അവസ്ഥയിൽ നിന്നും, വ്യത്യസ്തമായ രീതിയിലും, വ്യത്യസ്തമായ ഉദ്ദേശ്യത്തിനുമായി ഉയിർക്കും.  

 

ക്രിസ്തീയ വിശ്വാസമായ പുനരുത്ഥാനവും, ജാതീയ വിശ്വാസമായ പുനരവതാരവും അല്ലെങ്കിൽ പുനർ ജനനവും ഒന്നല്ല. ക്രിസ്തീയ വിശ്വാസത്തിൽ, മരിച്ചവരുടെ ആത്മാവു, ഒരുവന്റെ അതേ ശരീരത്തിൽ പുനർ യോജിക്കുക ആണ്. പുനർ യോജിച്ച ശരീരവും ആത്മാവും, അതേ വ്യക്തിയായി തുടർന്നും ജീവിക്കുന്നു. എന്നാൽ ജാതീയ വിശ്വാസത്തിൽ ഒരുവന്റെ ആത്മാവു മറ്റൊരു ശരീരത്തിൽ, മറ്റൊരു വ്യക്തിയായി വീണ്ടും അവതരിക്കുക ആണ്.

 

വേദപുസ്തകത്തിൽ പ്രധാനമായും മൂന്ന് പുനരുത്ഥാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. അവൻ മരിച്ചു അടക്കപ്പെട്ട അതേ ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു, അവന്റെ ശിഷ്യന്മാർക്കും “അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി” (1 കൊരിന്ത്യർ 15:6). അതിന് ശേഷം അവൻ സ്വർഗ്ഗത്തിലേക്ക്, ശരീരത്തോടെ ആരോഹണം ചെയ്തു. ഇതേ മാതൃകയിൽ രക്ഷിക്കപ്പെട്ട എല്ലാവരും ഉയിർത്തെഴുന്നേൽക്കും എന്നാണ് ക്രിസ്തീയ വിശ്വാസം. വേദപുസ്തകം പറയുന്ന മറ്റ് രണ്ട് പുനരുത്ഥാനങ്ങളും മനുഷ്യരുടെ ഉയിർപ്പാണ്.

 

രണ്ട് വിധ പുനരുത്ഥാനം

 

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പഠനം രണ്ട് ഭാഗങ്ങളായി വേണം തുടരുവാൻ.

 

ഒന്ന്: യേശുക്രിസ്തുവിൽ വിശ്വസിച്ചു, വീണ്ടും ജനനം പ്രാപിച്ചു, രക്ഷിക്കപ്പെട്ടവരുടെ, മരണത്തിന് ശേഷമുള്ള പുനരുത്ഥാനം.

രണ്ട്: യേശുക്രിസ്തുവിൽ വിശ്വസിക്കാതെ, രക്ഷിക്കപ്പെടാതെ മരിച്ചുപോയവരുടെ പുനരുത്ഥാനം.

 

ഇവർ രണ്ട് കൂട്ടരും പുനരുത്ഥാനം പ്രാപിക്കും എങ്കിലും, അവരുടെ പുനരുത്ഥാനം ഒരുമിച്ച് സംഭവിക്കുകയില്ല. പുനരുത്ഥാനത്തിന്റെ രീതിയും വ്യത്യസ്തമായിരിക്കും. പുനരുത്ഥാനത്തെക്കുറിച്ചുള്ള തുടർന്നുള്ള പഠനത്തിൽ എല്ലായിടത്തും ഈ വിഭാഗീയത ഉണ്ടായിരിക്കും.

 

പുനരുത്ഥാനം ഉണ്ടോ?

 

പുനരുത്ഥാനത്തെക്കുറിച്ചുള്ള പഠനം, അങ്ങനെയൊന്ന് ഭാവിയിൽ സംഭവിക്കും എന്നു വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ എന്നു ചിന്തിച്ചുകൊണ്ട് വേണം ആരംഭിക്കുവാൻ. മരിച്ചവരുടെ ഉയിർപ്പ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശം ആണ് എന്നതിനാൽ, അത് വേദപുസ്തകത്തിൽ പഠിപ്പിക്കുന്നുണ്ട് എന്നതിൽ തർക്കം ഇല്ല. എങ്കിലും അത് ഉറപ്പിക്കുന്ന ചില വാക്യങ്ങൾ നമുക്ക് വായിക്കാം.

 

എൽക്കാനാ-ഹന്നാ ദമ്പതികൾക്ക് ദൈവം നല്കിയ മകൻ ആയിരുന്നു ശമുവേൽ. അവന്റെ മുലകുടി മാറിയ ശേഷം ഹന്നാ അവനെ ദൈവാലയത്തിൽ, ഏലി പുരോഹിതന്റെ അടുക്കൽ കൊണ്ട് ചെന്നു. അവനെ ജീവപര്യന്തം യഹോവയായ ദൈവത്തിന് നിവേദിതനായി സമർപ്പിച്ചു. (1 ശമുവേൽ 1). അതിന് ശേഷം പറഞ്ഞ പ്രാർത്ഥനയിൽ ഹന്നാ ഇപ്രകാരം പറഞ്ഞു:     

 

1 ശമുവേൽ 2:6

യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;

 

ഹന്നായുടെ പ്രാർത്ഥന ആവർത്തന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ പാട്ടിന്റെ ഉദ്ധരണി ആണ്.

 

ആവർത്തനപുസ്തകം 32:39

ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.

 

ഈ വാക്യത്തിൽ “ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു” എന്നാണ് ദൈവം പറയുന്നത്. അതായത് “കൊല്ലുന്നു” എന്നത് ആദ്യം സംഭവിക്കുന്നു, “ജീവിപ്പിക്കുന്നു” എന്നത് രണ്ടാമത് സംഭവിക്കുന്നു. ഇത് പുനരുത്ഥാനത്തിന്റെ സൂചനയാണ്.

 

മരിച്ചവരുടെ ആത്മാവിനും ശരീരത്തിനും പുനരുത്ഥാനം ഉണ്ട് എന്ന പ്രത്യാശ ഇയ്യോബിന്റെ വാക്കുകളിൽ നമുക്ക് വായിക്കാവുന്നതാണ്.

 

ഇയ്യോബ് 19:25-27

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

 

26 ആം വാക്യം “ദേഹരഹിതനായി” എന്നും “ദേഹസഹിതനായി” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. ഇവിടെയുള്ള എബ്രായ പദപ്രയോഗത്തിന്റെ അർത്ഥം വ്യക്തമല്ല. എങ്കിലും, ഇംഗ്ലീഷ് പരിഭാഷകളിൽ “എന്റെ ശരീരത്തിൽ” (in my flesh) എന്ന വാക്കുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്.  അതായത് 26 ആം വാക്യം ഇങ്ങനെ നമുക്ക് വായിക്കാം:

 

ഇയ്യോബ് 19:26

എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.

 

അതായത്, അവന്റെ ശരീരം നശിച്ചുപോയാലും, ഭാവിയിൽ ഒരിക്കൽ ദൈവം അവനെ ശരീരത്തോടുകൂടെ ഉയിർപ്പിക്കും എന്ന വിശ്വാസമാണ് ഇയ്യോബ് പ്രസ്താവിക്കുന്നത്.

 

മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് പഴയനിയമ പ്രവാചകന്മാരും മുൻകൂട്ടി പറഞ്ഞിട്ടുണ്ട്:

 

യെശയ്യാവ് 26:19

നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

 

ഹോശേയ 13:14

ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.

 

ഇതെല്ലാം പഴയനിയമത്തിൽ പുനരുത്ഥാനത്തിന്റെ പ്രത്യാശ ഉണ്ട് എന്നതിന്റെ തെളിവുകൾ ആണ്.

 



പുനരുത്ഥാനം പുതിയ നിയമത്തിൽ

 

പുനരുത്ഥാനത്തെക്കുറിച്ച് പുതിയനിയമം കൂടുതൽ വ്യക്തമായി പറയുന്നുണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ യേശുക്രിസ്തുവിന്റെ വാക്കുകൾ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

 

യോഹന്നാൻ 5:21

പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.

 

യോഹന്നാൻ 5:28, 29

ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.

 

യോഹന്നാൻ 6:39

അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.

 

മരിച്ചുപോയ ലാസറിനെ ഉയിർപ്പിക്കുന്ന അവസരത്തിൽ യേശുക്രിസ്തു, അവന്റെ സഹോദരിയായ മാർത്തയോട് പറഞ്ഞ വാക്കുകൾ ഇതാണ്:

 

യോഹന്നാൻ 11:23-26

യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

 

അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകളിൽ പുനരുത്ഥാനം ഒരു പ്രധാന വിഷയം ആയിരുന്നു. യഹൂദന്മാർക്കിടയിലെ ഒരു മതവിഭാഗമായിരുന്ന സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. എന്നാൽ മറ്റൊരു വിഭാഗമായിരുന്ന പരീശന്മാർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു. യേശുക്രിസ്തുവിനും അപ്പൊസ്തലന്മാർക്കും ഇരു കൂട്ടരിൽ നിന്നും എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നു.

 

പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോകുമ്പോൾ, മുടന്തനായ ഒരു മനുഷ്യനെ സൌഖ്യമാക്കുന്നതിന്റെ ചരിത്രം അപ്പൊസ്തല പ്രവൃത്തികൾ 3, 4 അദ്ധ്യയങ്ങളിൽ വിവരിക്കുന്നു. സൌഖ്യമായ മനുഷ്യൻ, പത്രൊസിനോടും യോഹന്നാനോടും ചേർന്നു നിൽക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. പത്രൊസ് ഇവരോട് ഹൃസ്വമായ ഒരു പ്രഭാഷണം നടത്തി. അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. (4:1,2). പത്രൊസിനെയും യോഹന്നാനെയും പിടിച്ചു പിറ്റെന്നാൾവരെ കാവലിലാക്കി.

 

അപ്പൊസ്തല പ്രവൃത്തികൾ 4:1, 2

അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.

 

ഇവിടെ അപ്പൊസ്തലന്മാർ മരിച്ചവരുടെ പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് അപ്പൊസ്തലന്മാർ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചു, അതിന് അവർ യേശുക്രിസ്തുവിന്റെ ഉയിർപ്പ് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചു.

 

ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അവന്റെ ശരീരം മണ്ണിനോട് ചേരും എന്നും അതിന് ശേഷം ശരീരത്തെ വീണ്ടും ഒന്നാക്കി മാറ്റുവാൻ ദേവന്മാർക്ക് പോലും കഴിയില്ല എന്നും ആയിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. എന്നാൽ മരിക്കുന്ന എല്ലാ മനുഷ്യരും ഒരിക്കൽ ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കും എന്നാണ് ക്രിസ്തീയ വിശ്വാസം.

 

അപ്പൊസ്തലനായ പൌലൊസിന്റെ രണ്ടാമത്തെ സുവിശേഷ യാത്രയിൽ, അദ്ദേഹം ഗ്രീക്ക് പട്ടണം ആയ അഥേനയിൽ എത്തിയപ്പോൾ, അവിടെ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു (അപ്പൊസ്തല പ്രവൃത്തികൾ 17:16). അവിടെ എപ്പിക്കൂര്യരും, സ്തോയിക്കരും, ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു. അവരോട് പൌലൊസ് ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു. പുനരുത്ഥാനം ഉണ്ട് എന്നു അദ്ദേഹം പറയുകയും ചെയ്തു. 

 

അപ്പൊസ്തല പ്രവൃത്തികൾ 17:31, 32

താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

 

ഈ വാക്യത്തിൽ ലോകത്തിലെ എല്ലാ മനുഷ്യരും, നീതിമാന്മാരും നീതികേട്ടവരും പുനരുത്ഥാനം പ്രാപിക്കും എന്നു പൌലൊസ് പറയുന്നു. പുനരുത്ഥാനം മരണത്തിന്റെ മേലുള്ള അന്തിമ ജയം ആണ് എന്നതായിരുന്നു പൌലൊസിന്റെ കാഴ്ചപ്പാട്.  

 

1 കൊരിന്ത്യർ 15:54, 55

ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?

 

ഇനി പുനരുത്ഥാനത്തെക്കുറിച്ച് പൌലൊസ് ലേഖനങ്ങളിൽ എഴുതിയ ചില വാക്യങ്ങൾ വായിക്കാം:

 

1 കൊരിന്ത്യർ 15:20

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.

 

1 കൊരിന്ത്യർ 15:42-49

മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

 

1 കൊരിന്ത്യർ 15:52-54

നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

 

യോഹന്നാന്റെ വെളിപ്പാടിൽ ക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയ്ക്ക് മുമ്പും ശേഷവുമുള്ള രണ്ട് പുനരുത്ഥാനത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.

 

വെളിപ്പാടു 20:4-6, 11, 12

ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

 

വെളിപ്പാടു 20:11, 12

ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

 

ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട, ശ്രേഷ്ഠമായ ഉപദേശമാണ് മരിച്ചവരുടെ പുനരുത്ഥാനം. എല്ലാ ക്രിസ്തീയ വിശ്വാസികളും ശരീരത്തിന്റെ വീണ്ടെടുപ്പിനായി പ്രത്യാശയോടെ കാത്തരിക്കുന്നു. 


 

യേശുവിന്റെ പുനരുത്ഥാനം

 

മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമ്പോൾ അവർക്കു ശരീരം ഉണ്ടായിരിക്കുമോ? ശരീരം ഉണ്ടായിരിക്കും എങ്കിൽ അത് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ശരീരത്തിന് സമാനം ആയിരിക്കുമോ? രക്ഷിക്കപ്പെട്ടവർക്കും, രക്ഷിക്കപ്പെടാത്തവർക്കും ഒരുപോലെയുള്ള ശരീരമായിരിക്കുമോ ലഭിക്കുക? ഇനി നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്തുവാൻ ശ്രമിക്കാം.

 

മരിച്ചുപോയ സകല മനുഷ്യരും അന്ത്യകാലത്ത് ഉയിർത്തെഴുന്നേലക്കും എന്നാണ് ക്രിസ്തീയ വിശ്വാസം. എങ്കിലും, ജീവനോടെ ഇരിക്കുമ്പോൾ രക്ഷിക്കപ്പെട്ടവരും, രക്ഷിക്കപ്പെടാതെ മരിച്ചുപോയവരും തമ്മിൽ ഉയിർപ്പിൽ വ്യത്യാസമുണ്ട്. വീണ്ടും ജനനം പ്രാപിച്ച്, ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിന്റെ അടിസ്ഥാനവും മാതൃകയും യേശുക്രിസ്തുവിന്റെ ഉയിർപ്പാണ്. യേശുക്രിസ്തു എങ്ങനെ ഉയിർത്തെഴുന്നേറ്റുവോ, അതേപോലെ മരിച്ചുപോയ വിശുദ്ധന്മാരും ഉയിർത്തെഴുന്നേലക്കും. അതിനാൽ പുനരുത്ഥാനം പ്രാപിക്കുന്ന ശരീരത്തെക്കുറിച്ച് മനസ്സിലാക്കുവാൻ, പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിന് ഒരു ശരീരം ഉണ്ടായിരുന്നുവോ എന്നും അവന്റെ ശരീരം എങ്ങനെ ആയിരുന്നു എന്നു ഗ്രഹിക്കേണം.

 

ആദ്യഫലം

 

ലോക ചരിത്രത്തിലെ ആദ്യത്തെയും, ഏറ്റവും ശ്രേഷ്ടവും ആയ ഉയിർത്തെഴുന്നേൽപ്പ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ആണ്. അതിനാൽ, 1 കൊരിന്ത്യർ 15 ൽ യേശുവിന്റെ ഉയിർപ്പിനെ “ആദ്യഫലം” എന്നാണ് വിളിക്കുന്നത്.

 

1 കൊരിന്ത്യർ 15:20

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.

 

ഈ വാക്യത്തിൽ “ആദ്യഫലം” എന്നു പറയുവാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം, “അപ്പാർഹെ” എന്നാണ് (aparchē, ap-ar-khay'). ആദ്യഫലം എന്നത് ആദ്യത്തെ ഫലവും, മൊത്തം ഫലങ്ങളുടെ ആദ്യത്തെ ഭാഗവും ആണ്. ആദ്യ ഫലവും വരുവാനിരിക്കുന്ന ഫലങ്ങളും ഒന്നായിരിക്കുന്നു. ആദ്യഫലം ഇനിയും കൂടുതൽ ഫലം വരുവാനുണ്ട് ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. കൂടാതെ, ആദ്യ ഫലവും ഇനിയും ശേഖരിക്കപ്പെടുവാൻ പോകുന്ന ഫലവും തമ്മിലുള്ള ബന്ധവും അതിൽ അടങ്ങിയിട്ടുണ്ട്. ആദ്യഫലം നല്ലത് എങ്കിൽ, ആ വിളവെടുപ്പുകാലത്തെ ഫലങ്ങൾ എല്ലാം നല്ലതായിരിക്കും എന്നു പ്രതീക്ഷിക്കാം. അതായത് ആദ്യഫലം വരുവാനിരിക്കുന്ന വിളവെടുപ്പിന്റെ കൃത്യവും, വ്യക്തവുമായ സൂചിക ആണ്. ഭാവിയിൽ കൊയ്ത്തുകാലത്തു ശേഖരിക്കപ്പെടുവാനിരിക്കുന്ന ഫലങ്ങളുടെ നിറവും, രൂപവും, ഗുണവും എല്ലാം ആദ്യഫലത്തിൽ നിന്നും മനസ്സിലാക്കാം.

 

യേശുക്രിസ്തു “നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു” എന്നു പറഞ്ഞാൽ, ഭാവിയിൽ അനേകർ അവനിൽ ഉയിർത്തെഴുന്നേലക്കും എന്നതിന്റെ ഉറപ്പാണ്. യേശു, ഉയിർക്കുവാൻ ഇരിക്കുന്നവരുടെ പ്രതിനിധിയാണ്. അവന്റെ ഉയിർപ്പ്, അവനിൽ മരിച്ചവർ എങ്ങനെ ഉയിർക്കും എന്നതിന്റെ സൂചനയാണ്. യേശുവിന്റെ ഉയിർപ്പിനും, ഭാവിയിൽ ഉയിർക്കുവാനിരിക്കുന്ന വിശുദ്ധന്മാരുടെ ഉയിർപ്പിനും ഇടയിൽ അഭേദ്യമായ ഒരു ഏകത ഉണ്ട്.

 

ഉയിർപ്പിന്റെ ക്രമം പൌലൊസ് വിവരിക്കുന്നത് ഇങ്ങനെയാണ്:

 

1 കൊരിന്ത്യർ 15:23-26 

ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

 

ഈ വാക്യത്തിൽ പൌലൊസ് മൂന്ന് ഘട്ടങ്ങളിലായി മൂന്ന് സംഭവങ്ങൾ നടക്കുന്നു എന്നാണ് പറയുന്നത്.

 

ഒന്ന്:  ആദ്യഫലമായി ക്രിസ്തുവിന്റെ ഉയിർപ്പ്.

രണ്ട്: വിശുദ്ധന്മാരുടെ ഉയിർപ്പ്

മൂന്ന്:   അവസാനം – രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും

 

“ആദ്യഫലം ക്രിസ്തു” എന്നു പറയുമ്പോൾ, പൌലൊസ് അർത്ഥമാക്കുന്നത്, ഫലശേഖരണം ആരംഭിച്ചു കഴിഞ്ഞു എന്നാണ്. അതായത് അന്ത്യകാലത്തു സംഭവിക്കുവാനിരിക്കുന്ന മരിച്ചവരുടെ പുനരുത്ഥാനം ആരംഭിച്ചു കഴിഞ്ഞു. അത് വിവിധ ഫല ശേഖരണം അല്ല, ഒറ്റ വിളവെടുപ്പാണ്. ഈ ഒറ്റ വിളവെടുപ്പിലെ ആദ്യ ഫല ശേഖരണം ആണ് ക്രിസ്തുവിന്റെ ഉയിർപ്പ്. ശേഷം അവനിൽ മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകും. “പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ” എന്നു പറഞ്ഞിരിക്കുന്നതിനാൽ, വിശുദ്ധന്മാരുടെ പുനരുത്ഥാനം ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നതെ ഉള്ളൂ. 

 

23 ആം വാക്യത്തിലെ “പിന്നെ” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “എപൈറ്റ” (epeita, ep'-i-tah) എന്നാണ്. ഈ ഗ്രീക്ക് വാക്കിന്റെ അർത്ഥം, അനന്തരം, അതിന് ശേഷം, അടുത്തത് (thereupon, thereafter, then, afterwards) എന്നിങ്ങനെയാണ്. 24 ആം വാക്യത്തിലെ “പിന്നെ” എന്നതിന്റെ ഗ്രീക്ക് പദം “ഐറ്റ” (eita, i'-tah) എന്നാണ്. ഈ ഗ്രീക്ക് വാക്കിന്റെ അർത്ഥം, ശേഷം, അടുത്തത് (then, next, after that) എന്നിവയാണ്. 

 

ആദ്യഫലമായ ക്രിസ്തുവിന്റെ ഉയിർപ്പിനും, വിശുദ്ധന്മാരുടെ ഉയിർപ്പിനും ഇടയിൽ നമുക്ക് കൃത്യത ഇല്ലാത്ത ദൈർഘ്യത്തോടെയുള്ള ഒരു ഇടവേള കാലം ഉണ്ട്. ഇത് എത്ര നാൾ ആണ് എന്നു നമുക്ക് അറിഞ്ഞുകൂടാ. അതിനാൽ വിശുദ്ധന്മാരുടെ ഉയിർപ്പിനും, “പിന്നെ അവസാനം” എന്നതിനും ഇടയിൽ സമാനമായൊരു ഇടവേള ഉണ്ടാകും എന്നു കരുതുന്ന ദൈവശാസ്ത്രജ്ഞന്മാർ ഉണ്ട്. എന്നാൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾക്ക് സമയ ദൈർഘ്യമുള്ള ഇടവേള എന്ന ആശയം ഇല്ല എന്നു മറ്റുള്ളവർ വാദിക്കുണ്ട്.

 

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിങ്കൽ അവനിൽ ഉള്ളവർ പുനരുത്ഥാനം പ്രാപിക്കും. അതിനോടൊപ്പം തന്നെയോ, കൃത്യമല്ലാത്ത ഒരു ഇടവേള കൂടാതെയോ അവസാനവും ഉണ്ടാകും. അവസാനത്തിങ്കൽ “എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം” വരും. 26 ആം വാക്യം പറയുന്നു: “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.”

 

വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുമ്പോൾ അവർ മരണത്തെ ജയിക്കുന്നു. പിന്നെ മരണത്തിന് അവരുടെമേൽ അധികാരം ഇല്ല. ഇതിന്റെ അർത്ഥം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് “അവസാനം” സംഭവിക്കേണ്ടതാണ് എന്നാണ്.

 

ഒഴിഞ്ഞുകിടക്കുന്ന കല്ലറ

 

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം, ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന വിശുദ്ധന്മാരുടെ പുനരുത്ഥാനത്തിന്റെ ആദ്യഫലമാണ്. അതിനാൽ യേശുവിന്റെ ഉയിർപ്പിനെ, വിശുദ്ധന്മാരുടെ ഉയിർപ്പിന്റെ മാതൃകയായും കാണാം. ഉയിർത്തെഴുന്നേറ്റ യേശുവിന് അസ്ഥികളോടെ ഒരു ശരീരം ഉണ്ടായിരുന്നു എന്നതും, അത് അവൻ മനുഷ്യനായി ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിന് സമാനം ആയിരുന്നു എന്നതുമാണ്, അവന്റെ ഉയിർപ്പിന്റെ ശ്രദ്ധേയമായ സവിശേഷത. പുനരുത്ഥാനം പ്രാപിച്ചപ്പോൾ യേശു, പഴയത് ഉപേക്ഷിച്ചു മറ്റൊരു ശരീരം പ്രാപിച്ചില്ല. എന്നാൽ പുനരുത്ഥാനം പ്രാപിച്ച ശരീരത്തിന്, മനുഷ്യരുടെ ശരീരത്തിൽ നിന്നും ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. അത് രൂപാന്തരം പ്രാപിച്ചതും, ആത്മീയവും, നിത്യമായി ജീവിക്കുവാൻ പ്രാപ്തവും ആയിരിക്കും.  

 

ഇതിന് അൽപ്പം വിശദീകരണം ആവശ്യമാണ്. ലൂക്കോസ് 24:1-3 വരെയുള്ള വാക്യങ്ങളിൽ യേശുവിന്റെ ശരീരം അടക്കം ചെയ്തിരുന്ന കല്ലറയിൽ ഉയിർപ്പിന് ശേഷം അവന്റെ ശരീരം കണ്ടില്ല എന്നു പറയുന്നു. യോഹന്നാൻ 20:6, 7 വാക്യങ്ങളിലും, അവന്റെ ശരീരത്തിൽ പൊതിഞ്ഞിരുന്ന വസ്ത്രം മാത്രമേ കല്ലറയിൽ അവശേഷിച്ചിരുന്നുള്ളൂ എന്നും പറയുന്നു. അതായത് യേശുവിന്റെ ശരീരം, അവന്റെ ആത്മാവിനോടൊപ്പം പുനരുത്ഥാനം പ്രാപിച്ചു. ഉയിർപ്പിന് ശേഷം യേശുവിന്റെ ശരീരം കല്ലറയിൽ അവശേഷിച്ചില്ല. ശരീരത്തെ ഉപേക്ഷിച്ച്, ആത്മാവ് മാത്രമായി പുനരുത്ഥാനം പ്രാപിക്കുക ആയിരുന്നില്ല.

 

ലൂക്കോസ് 24:1-3

അവർ (ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകൾ) ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി, കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.

 

യേശുവിനെ തിരിച്ചറിഞ്ഞു

 

പുനരുത്ഥാനം പ്രാപിച്ച യേശു പ്രത്യക്ഷമായപ്പോൾ, അവനെ കണ്ടവർ എല്ലാവരും അവനെ തിരിച്ചറിഞ്ഞു. പ്രത്യക്ഷനായത് യേശു തന്നെയോ എന്നതിൽ ഒരാൾ പോലും സംശയം പ്രകടിപ്പിച്ചില്ല. ഇത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരം, ജീവിച്ചിരുന്നപ്പോൾ അവന് ഉണ്ടായിരുന്ന ശരീരത്തോട് സമാനം ആയിരുന്നു എന്നതിന്റെയും, പുനരുത്ഥാനം പ്രാപിക്കുന്ന എല്ലാവർക്കും പരസ്പരം തിരിച്ചറിയുവാൻ കഴിയും എന്നതിന്റെയും തെളിവാണ്.

 

“എന്നെ വിടാതെ മുറുകെ പിടിക്കരുത്”

 

യോഹന്നാൻ 20 ൽ ഉയിർത്തെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയ്ക്കു പ്രത്യക്ഷനായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

യോഹന്നാൻ 20:16, 17

യേശു അവളോടു (മഗ്ദലക്കാരത്തി മറിയ): മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; ....

 

യോഹന്നാൻ 20:17 ലെ “തൊടരുതു” എന്ന വാക്കിന്റെ ഗ്രീക്ക് പദം ഹാപ്റ്റൊമയി” എന്നതാണ് (haptomai, hap'-tom-ahee). ഈ വാക്കിന്റെ അർത്ഥം, ബന്ധിക്കുക, പറ്റിപ്പിടിക്കുക, മുറുകെപ്പിടിക്കുക, തൊടുക എന്നിങ്ങനെയാണ് (to fasten one's self to, adhere to, cling to, to touch). അതുകൊണ്ടാണ് പല ഇംഗ്ലീഷ് പരിഭാഷകളിലും “തൊടരുത്” എന്നതിന് പകരം “മുറുകെ പിടിക്കരുത്” എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്.

 

അതായത് യേശു മറിയയോട് പറഞ്ഞത്, അവനെ തൊടരുതു എന്നല്ല, അവനെ വിടാതെ മുറുകെ പിടിക്കരുത്, കാരണം അവൻ അതുവരെയും പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല.

 

മത്തായി 28:9 ൽ പറയുന്നത് അനുസരിച്ച്, മഗ്ദലക്കാരത്തി മറിയയും, യാക്കോബിന്റെ അമ്മ മറിയയും ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പാദങ്ങൾ പിടിച്ച് നമസ്കരിച്ചു. ഇത് ഉയിർത്തെഴുന്നേറ്റ യേശുവിന് ഒരു ശരീരം ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു.

 

ഈ വാക്യത്തിൽ “അവന്റെ കാൽ പിടിച്ചു” എന്നതിലെ “പിടിച്ചു” എന്നു പറയുന്ന യവന പദം ക്രാറ്റെഒ” എന്നതാണ് (krateō, krat-eh'-o). ഇതിന് “വിടാതെ മുറുകെ പിടിക്കുക” എന്ന അർത്ഥം ആണ് ഉള്ളത് (to hold fast, not discard or let go). ഉയിർത്തെഴുന്നേറ്റ യേശുവിന് അസ്ഥിയും മാംസവും ഉള്ള ഒരു ശരീരം ഉണ്ടായിരുന്നു എന്നതിനാൽ ആണ് അവർക്ക് അവനെ വിടാതെ മുറുകെ പിടിക്കുവാൻ കഴിഞ്ഞത്.

 

മാസവും അസ്ഥിയും ഉള്ള യേശു

 

ലൂക്കോസിൽ 24 ൽ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായപ്പോൾ, അവൻ മാംസവും, അസ്ഥിയും ഉള്ള ഒരുവനായാണ് പ്രത്യക്ഷനായത്. അവൻ ശിഷ്യന്മാർ കാൺകെ ആഹാരം കഴിക്കുകയും ചെയ്തു.  

 

ലൂക്കോസ് 24:37, 39-43

അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. .... ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.) അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.

 

37 ആം വാക്യത്തിലെ “ഭൂതത്തെ കാണുന്നു” എന്നതിലെ “ഭൂതം” എന്നതിന്റെയും, 39 ആം വാക്യത്തിലെ “ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ” എന്ന വാക്കുകളിലെ “ഭൂതം” എന്നതിന്റെയും ഗ്രീക്ക് പദംന്യൂമ” എന്നാണ് (pneuma, pnyoo'-mah). ഈ വാക്കിന്റെ അർത്ഥം “ആത്മാവ്” എന്നാണ്. അതായത് ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോൾ, അത് യേശുവിന്റെ ആത്മാവു ആയിരിക്കാം എന്നു ശിഷ്യന്മാർ കരുതി. എന്നാൽ പുനരുത്ഥാനം പ്രാപിച്ച യേശു ആത്മാവു മാത്രം ആയിരുന്നില്ല, അവന് ശരീരവും ഉണ്ടായിരുന്നു. അതിനാൽ അവനെ തൊട്ട് നോക്കി അറിയുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.

 

യോഹന്നാൻ 20:27

പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

 

 ഈ സംഭവങ്ങൾ എല്ലാം പുനരുത്ഥാനം പ്രാപിച്ച യേശുവിന് ആത്മാവും, ശരീരവും ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ആണ്. അവൻ ജീവിച്ചിരുന്നപ്പോൾ, അവന് ഉണ്ടായിരുന്ന ശരീരം അവൻ ഉയിരത്തെഴുന്നേറ്റത്തിന് ശേഷവും അവന് ഉണ്ടായിരുന്നു. കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ശരീരത്തോടെയാണ് അവൻ പുനരുത്ഥാനം പ്രാപിച്ചത്.

 

ആശയവിനിമയം നടത്തുവാൻ കഴിഞ്ഞു

 

ഉയിർത്തെഴുന്നേറ്റ യേശുവിന് ശിഷ്യന്മാരുമായും, മറ്റുള്ളവരുമായും, കൃത്യമായും, വ്യക്തമായും ആശയ വിനിമയം നടത്തുവാൻ കഴിഞ്ഞു. മറ്റുള്ളവർ പറയുന്നത് കേൾക്കുവാനും, ഗ്രഹിക്കുവാനും, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നല്കുവാനും കഴിഞ്ഞു. അവൻ സന്നിഹിതൻ അല്ലാത്ത സമയത്ത് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ പോലും ഗ്രഹിക്കുവാൻ അവന് കഴിഞ്ഞു.

 

ഭൌതീക നിയമങ്ങൾ ബാധകമല്ല

 

പുനരുത്ഥാനം പ്രാപിച്ച ശരീരത്തിന് ഭൌതീക നിയമങ്ങൾ ബാധകമായിരിക്കുക ഇല്ല. യേശു പെട്ടന്ന് പ്രത്യക്ഷനാകുകയും, അപ്രത്യക്ഷനാകുകയും ചെയ്തു. അവൻ സ്വർഗ്ഗാരോഹരണം ചെയ്യപ്പെട്ടു. അടച്ചിട്ടിരിക്കുന്ന മുറിയ്ക്കുള്ളിൽ പ്രത്യക്ഷനാകുവാൻ യേശുക്രിസ്തുവിന് കഴിഞ്ഞു. സമയം, സ്ഥലം, വസ്തു, എന്നിവ യേശുവിന്റെ യാത്രയ്ക്കൊ, പ്രത്യക്ഷനാകുന്നതിനോ തടസ്സമായില്ല.   

 

ഒരു സമയം ഒരു സ്ഥലത്ത് മാത്രം പ്രത്യക്ഷപ്പെട്ടു

 

ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ഒരേ സമയം വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അവൻ ഒരു സമയം ഒരു ഇടത്ത് മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. കാരണം അവന് അസ്ഥിയും, മാംസവും ഉള്ള ഒരു ശരീരം ഉണ്ടായിരുന്നു. ഇതിന് ഒരു സമയത്ത് പലയിടങ്ങളിൽ പ്രത്യക്ഷനാകുവാൻ സാദ്ധ്യമല്ല. അത് അവന്റെ ശരീരത്തിന്റെ പ്രത്യേകതയാണ്, ആത്മാവിന്റെ പരിമിതി അല്ല. ഇത് പുനരുത്ഥാനം പ്രാപിക്കുന്ന ശരീരത്തിന്റെ ഒരു സവിശേഷത ആയിരിക്കും.

 

ഭൌതീക ജീവിതത്തിലേക്ക് തിരികെ വന്നില്ല

 

യേശുക്രിസ്തു അവന്റെ ശരീരത്തോടെയാണ് ഉയിർത്തെഴുന്നേറ്റത്. എന്നാൽ ഭൌതീകമായ ജീവിതത്തിലേക്ക് അവൻ തിരികെ വന്നില്ല. അവൻ ശിഷ്യന്മാർ കാൺകെ, അവർ ഒരുക്കി വച്ചിരുന്ന ആഹാരം കഴിച്ചു (ലൂക്കോസ് 24:41-43). ശിഷ്യന്മാരോടു സംസാരിച്ചു. അവരോടൊപ്പം നടന്നു. എന്നാൽ ഉയിർപ്പിന് ശേഷം യേശുക്രിസ്തു ഭൌതീക ജീവിതത്തിലേക്ക് തിരികെ വന്നില്ല.




 

No comments:

Post a Comment