യേശുക്രിസ്തുവിന്റെ അന്ത്യയാത്രാമൊഴി

യേശുക്രിസ്തു ക്രൂശീകരണത്തിനായി പിടിക്കപ്പെടുന്നതിന് മുമ്പ്, അതേ രാത്രിയുടെ ആരംഭത്തിൽ, പെസഹ അത്താഴം ഭക്ഷിച്ച ശേഷം, അവൻ ശിഷ്യന്മാരോടു പറഞ്ഞ അവസാനത്തെ പ്രഭാഷണമാണ് അന്ത്യയാത്രാമൊഴി എന്നു അറിയപ്പെടുന്നത്. ഇത് നമുക്ക് യോഹന്നാന്റെ സുവിശേഷം 13 ആം അദ്ധ്യായം 31 ആം വാക്യം മുതൽ 17 ആം അദ്ധ്യായം അവസാനം വരെയുള്ള വേദഭാഗത്ത് വായിക്കാം.

ഇതിന്റെ പശ്ചാത്തലം ഇതാണ്: പെസഹ അത്താഴ വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ ഒരു കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കി. അവന്‍ അത് സ്വീകരിച്ചതിന് ശേഷം, യേശുവിനെ ഒറ്റിക്കൊടുക്കുവാനായി, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍ പോയി. യൂദാ പോയിക്കഴിഞ്ഞപ്പോള്‍ യേശു അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി:

 


യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍, ആദ്യത്തെ മൂന്നു സുവിശേഷങ്ങളില്‍ ഉപമകളിലൂടെ ആണ് വിവരിക്കപ്പെടുന്നത് എങ്കില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ അത് പ്രഭാഷണങ്ങളിലൂടെ ആണ് പ്രസ്താവിക്കപ്പെടുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന പ്രഭാഷണങ്ങള്‍ക്ക് അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടി ഉണ്ട്. അത് യേശു, ക്രിസ്തു തന്നെ എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍ രണ്ടാമത്തെ ഭാഗം വ്യത്യസ്തം ആണ്. ഇവിടെ നമ്മള്‍ പുതിയ കല്‍പ്പനയെക്കുറിച്ചും, ക്രിസ്തു എന്ന ഏക വഴിയെക്കുറിച്ചും, പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ചും, യേശു പിതാവിന്റെ അടുക്കല്‍ പോകുന്നതിനെക്കുറിച്ചും, നല്ല മുന്തിരിവള്ളിയെക്കുറിച്ചും ഒക്കെ ഉള്ള പ്രഭാഷണങ്ങളും യേശുക്രിസ്തുവിന്‍റെ “മഹാപുരോഹിത പ്രാര്‍ത്ഥന”യും വായിക്കുന്നു.

 

യോഹന്നാന്റെ സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗത്തിനെ യേശുവിന്റെ അന്ത്യയാത്രാമൊഴി എന്ന് വിശേഷിപ്പിക്കാം. ഇത്തരം അന്ത്യ യാത്രാമൊഴി പറയുന്ന രീതി ഗ്രീക്ക്കാര്‍ക്കിടയിലും എബ്രായര്‍ക്കിടയിലും നിലവില്‍ ഉണ്ടായിരുന്നു. അപ്രകാരം പഴയനിയമത്തില്‍ യാക്കോബും, മോശെയും, യേശുവയും, ദാവീദും, തങ്ങളുടെ മക്കളോടും, യിസ്രായേല്‍ ജനത്തോടും പ്രവചനാത്മകമായി സുദീര്‍ഘ പ്രഭാഷണം നടത്തുന്നുണ്ട്. ആവര്‍ത്തനം മൊത്തത്തിൽ മോശെയുടെ അന്ത്യയാത്രാമൊഴികള്‍ ആയാണ് കണക്കാക്കപ്പെടുന്നത്.

 

ഇത്തരം പ്രഭാഷണങ്ങള്‍ക്ക് പൊതുവായ ചില സ്വഭാവങ്ങളും ഉണ്ട്. ഇത് പറയുന്ന വ്യക്തിയുടെ മരണം ആസന്നമാണ് എന്നതിനാല്‍ കേള്‍വിക്കാരെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ അതില്‍ നമുക്ക് കാണാവുന്നതാണ്. ഒരു വ്യക്തി മരിക്കുന്നതിന് മുമ്പ് പറയുന്ന യാത്രാമൊഴികളിൽ, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട് എന്ന വിശ്വാസം പഴയനിയമ കാലത്ത് ഉണ്ടായിരുന്നു. യാത്രാമൊഴികളിൾ അനുഗ്രഹമോ, ശാപമോ, മുന്നറിയിപ്പുകളോ, അദ്ദേഹത്തിന് ശേഷം ജീവിച്ചിരിക്കുന്നവര്‍ എങ്ങനെ ജീവിക്കേണം എന്ന നിര്‍ദ്ദേശങ്ങളൊ ഉണ്ടായിരിക്കും.

 

യേശുവിന്റെ അന്ത്യ പ്രഭാഷണത്തിലും ഈ സവിശേഷതകള്‍ കാണാം. അത് പ്രഥമമായി അപ്പോള്‍ ശിഷ്യന്മാര്‍ അഭിമുഖീകരിച്ച സാഹചര്യത്തെക്കുറിച്ചുള്ളതാണ്. അതില്‍ ആത്മീയ മർമ്മങ്ങളും, ഭാവിയെക്കുറിച്ചുള്ള പ്രവചനവും, മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും, ഇവിടെ ഒരു പ്രത്യേകത ഉണ്ട്: പ്രഭാഷണം പറയുന്ന യേശുവിന്‍റെ സാന്നിധ്യം മരണത്തിനുശേഷവും പരിശുദ്ധാത്മാവായി നമ്മളോടു കൂടെ ഉണ്ട്. യേശു വീണ്ടും ജീവനോടെ തിരികെ വരുകയും ചെയ്യും. യേശുനിത്യനായ ദൈവമാണ്. 

 

യേശുക്രിസ്തുവിന്റെ ഭൌതീക ശുശ്രൂഷയുടേയും, ജീവിതത്തിന്റെയും അവസാന രാത്രിയാണ് അത്. ഈ രാത്രി കഴിയുന്നതിനു മുമ്പേ അവൻ ക്രൂശിക്കപ്പെടുവാനായി പിടിക്കപ്പെടും. ശിഷ്യന്മാർ വലിയ ആശയക്കുഴപ്പത്തിലും, നിരാശയിലും, വേദനയിലും, ഭയത്തിലും, ആകും. അവരുടെ മുന്നിൽ ഭാവിയെക്കുറിച്ചുള്ള സംശയവും, അനിശ്ചിതത്വവും, മാത്രം അവശേഷിക്കും. എന്നാൽ അവർക്കു പരിശുദ്ധാത്മാവിനെ കാര്യസ്ഥനായി ലഭിക്കും. അവർ സ്വർഗ്ഗീയ സമാധാനത്താൽ നിറയും. അതിന് ശേഷം അവരെ, പ്രതികൂലമായ ഒരു ലോകത്തിലേക്കു യേശുക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ അയക്കും. ഈ സാഹചര്യത്തിലെല്ലാം നിലനിൽക്കുവാനുള്ള രഹസ്യ മർമ്മം സ്നേഹം ആണ്. ഇതെല്ലാം ആണ് യേശു അവരോട് പറഞ്ഞത്.

 

യേശുക്രിസ്തുവിന്റെ വാക്കുകള്‍ സമയബന്ധിതമല്ല. അത് അപ്പോള്‍ കേട്ടുകൊണ്ടിരുന്ന ശിഷ്യന്മാരോടും, ഭാവിയിൽ അവനിൽ വിശ്വസിച്ച്, അവന്റെ സഭയോട് ചേർന്നുവരുന്ന എല്ലാവർക്കും ഉള്ളതാണ്. യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന് യോജ്യമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുക എന്നതാണ് അന്ത്യ യാത്രാമൊഴിയുടെ പ്രധാന ഉദ്ദേശ്യം.

 

യേശുക്രിസ്തുവിന്റെ അന്ത്യയാത്രാമൊഴിയിൽ, അവൻ ശിഷ്യന്മാരെ, അവന്റെ മരണം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം, പരിശുദ്ധാത്മ പകർച്ച, ശേഷം യേശുവിന്റെ സാക്ഷികൾ ആകുക, എന്നിവയ്ക്കായി ഒരുക്കുകയാണ്. “ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ” എന്ന വാക്കുകൾക്ക് ഈ അർത്ഥത്തിൽ വളരെ പ്രസക്തി ഉണ്ട്. “ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു” എന്ന വാക്കുകൾ യേശുക്രിസ്തു അതുപോലെ തന്നെയോ, അതേ ആശയത്തിലോ ആവർത്തിച്ചു പറയുന്നുണ്ട്. ഇത് അവൻ പറയുന്ന വാക്കുകൾ ശിഷ്യന്മാർ മറക്കാതെ എന്നും ഓർക്കേണം എന്ന ധ്വനി നല്കുന്നു. അതായത് ഇതെല്ലാം ദൈവജനത്തിന് എന്നന്നേക്കുമുള്ള ദൂതുകൾ ആണ്.   

യോഹന്നാൻ 13 ആം അദ്ധ്യായം 31 ആം വാക്യം മുതൽ ആണ് യാത്രാമൊഴി ആരംഭിക്കുന്നത്. എങ്കിലും 13:1 ൽ യോഹന്നാൻ ഇതിന് ഒരു മുഖവുര പറയുന്നുണ്ട്.

 

യോഹന്നാൻ 13:1

പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

 

ഈ വാക്യത്തിലെ. “ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.” എന്ന വാക്കുകൾ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. അതായത്, യേശുവിന്റെ യാത്രാമൊഴിയുടെ മുഖ്യ വിഷയം വേർപാട് അല്ല, സ്നേഹം ആണ്. യേശുക്രിസ്തു അവന്റെ ജീവിതത്തിലും, മരണത്തിലും, ലോകാവസാനം വരെയും, നിത്യതയിലും അവനുള്ളവരെ സ്നേഹിക്കുന്നു.

 

ആമുഖം – യോഹന്നാൻ 13:31-38

 

യാത്രാമൊഴി ആരംഭിക്കുന്നത് യോഹന്നാൻ 13:31-38 വരെയുള്ള വാക്യങ്ങളോടെയാണ്.

 

യോഹന്നാൻ 13:31 അവൻ (യൂദാ ഈസ്കർയോത്താവ്) പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;

 

യേശുവിന്റെ ക്രൂശ് മരണം, അവന്റെയും, പിതാവായ ദൈവത്തിന്റെയും മഹത്വപ്പെടുത്തൽ ആണ്. അത് വേഗം സംഭവിക്കും. അതിനാൽ, ശിഷ്യന്മാർ തമ്മിൽ സ്നേഹിക്കേണം എന്ന കൽപ്പന അവൻ അവർക്ക് കൊടുത്തു. ക്രിസ്തീയ വിശ്വാസികൾ, മറ്റുള്ളവരിൽ നിന്നും വിഭിന്നർ ആയിരിക്കേണ്ടത് അവരുടെ സ്നേഹം മൂലമായിരിക്കേണം എന്നു യേശു ആഗ്രഹിച്ചു.

 

36 ആം വാക്യത്തിൽ, യേശു പോകുന്ന ഇടത്തേക്ക് ഇപ്പോൾ അവർക്കു അവനെ അനുഗമിക്കുവാൻ കഴിയുക ഇല്ല എന്നും, എന്നാൽ “പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും” എന്നും പത്രൊസിനോടു പറഞ്ഞു. ഇതിന് മറുപടിയായി, “ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും” എന്നു പത്രൊസ് പറഞ്ഞു. 38 ആം വാക്യത്തിൽ യേശു പത്രൊസിനോടു പ്രവാചനമായി “നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകയില്ല” എന്നു പറഞ്ഞു. ഇതോടെ 13 ആം അദ്ധ്യായം അവസാനിക്കുന്നു. ഇതിന് ശേഷം യാത്രാമൊഴി സുദീർഘമായി 14 മുതൽ 17 വരെയുള്ള നാല് അദ്ധ്യായങ്ങളിലായി തുടരുന്നു.

 

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു

 

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണവും, അവന്റെ മടങ്ങി വരവും ആണ് 14 ആം അദ്ധ്യായം 1 മുതൽ 31 വരെയുള്ള  ഭാഗത്തെ വിഷയം. അവൻ പിതാവിന്റെ അടുക്കലേക്കു മടങ്ങി പോകുന്നു. സമാധാനം, സന്തോഷം എന്നീ വിഷയങ്ങളെക്കുറിച്ചു ഇവിടെയും മറ്റ് ഭാഗങ്ങളിലും പറയുന്നുണ്ട്. യേശുവും പിതാവും തമ്മിലുള്ള ബന്ധവും ഈ ഭാഗത്ത് അവൻ വെളിപ്പെടുത്തുന്നു.

 

യേശുവിനോടൊപ്പം, അന്ത്യ അത്താഴത്തിന്റെ മേശയ്ക്ക് ചുറ്റിനുമായി ശിഷ്യന്മാര്‍ ചാരി ഇരിക്കുമ്പോള്‍ ആണ്, യോഹന്നാന്‍ 14 ആം അദ്ധ്യായത്തിലെ വാക്കുകള്‍ യേശു പറയുന്നത്.  ഈ അദ്ധ്യായം തുടങ്ങുന്നത് യേശുവിന്‍റെ ആശ്വാസ വാക്കുകള്‍ കൊണ്ടാണ്:

 

യോഹന്നാന്‍ 14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.

 

ഇതേ കാര്യം യേശു വീണ്ടും പറയുന്നതായി യോഹന്നാന്‍ അതേ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

യോഹന്നാന്‍ 14:27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

 

എന്തുകൊണ്ടാണ് യേശു ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞത്? ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ ഹൃദയം കലങ്ങിപ്പോകത്തക്കവണം അനേകം കാര്യങ്ങള്‍ അവരുടെ മനസ്സിലൂടെ പോകുന്നുണ്ട്. ഭാവിയിൽ അവന്റെ സഭയോട് ചേരുന്ന എല്ലാവരുടെയും അനുഭവങ്ങൾ ഈ ഭൂമിയിൽ എപ്പോഴും അനുകൂലം ആകേണം എന്നില്ല.

 

യേശു ഈ വാക്കുകൾ പറയുന്ന സന്ദർഭത്തിൽ, ശിഷ്യന്മാർ അഭിമുഖീകരിക്കുവാൻ പോകുന്ന പ്രതികൂലങ്ങൾ എന്തൊക്കെ ആയിരിക്കാം?

 

അവരില്‍ ഒരാള്‍ യേശുവിനെ ഒറ്റിക്കൊടുക്കും എന്ന് യേശു പറഞ്ഞു കഴിഞ്ഞു. മാത്രവുമല്ല, യേശു ഈ ഭൂമിയിലെ ശുശ്രൂഷകൾ അവസാനിപ്പിച്ചിട്ടു പോകുക ആണ്. യേശു പോകുന്ന ഇടത്തേക്ക് അവര്‍ക്ക് അവനോടൊപ്പം അപ്പോള്‍ പോകുവാന്‍ കഴിയുക ഇല്ല, എങ്കിലും പിന്നെത്തേതിൽ അവര്‍ക്ക് അവനെ അനുഗമിക്കുവാന്‍ കഴിയും. അതില്‍ നിന്നും ശിഷ്യന്‍മാര്‍ക്ക് മനസ്സിലായി, യേശു അവരില്‍ നിന്നും ദൂരേക്ക് പോകുക ആണ്, അല്‍പ്പ സമയത്തിനകം അവര്‍ അനാഥരെപ്പോലെ ആകും. യേശു പറയുന്നതു സംഭവിക്കും എങ്കിൽ, അവന്‍ കൊല്ലപ്പെടും, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ചിന്നിച്ചിതറും. യേശു ഇല്ലാത്ത ലോകം അവര്‍ക്ക് പ്രതികൂലമാണ്.

 

എന്നാല്‍ അവരുടെ ഹൃദയം കലങ്ങാതെ ഇരിക്കത്തക്കവണ്ണം പ്രത്യാശയുള്ള ഒരു ഭാവിയെക്കുറിച്ച് യേശു പറയുന്നുണ്ട്. 13 ആം അദ്ധ്യായം 36 ആം വാക്യത്തില്‍, “ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും” എന്നു യേശു അവര്‍ക്ക് ഉറപ്പ് നല്കുന്നുണ്ട്. 14 ആം അദ്ധ്യായത്തില്‍ യേശു എന്തിനാണ് പോകുന്നത് എന്നും എന്തുകൊണ്ടാണ് അവര്‍ അല്‍പ്പകാലത്തേക്ക് കാത്തിരിക്കേണ്ടത് എന്നും യേശു പറയുന്നു.

 

യോഹന്നാന്‍ 14:2, 3

എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

 

2 ആം വാക്യത്തിലെ, “വാസസ്ഥലങ്ങള്‍” എന്നതിന് ഇംഗ്ലീഷില്‍, കിങ് ജെയിംസ് വെർഷൻ ൽ, “മാൻഷൻസ്” എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം, കൊട്ടാരം, വലിയ വീട്, മാളിക എന്നിങ്ങനെയാണ്. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ധാരാളം മഹാസൌധങ്ങള്‍ ഉണ്ട് എന്നും, യേശു ക്രിസ്തു ഇപ്പോള്‍ അതെല്ലാം മോടിപിടിപ്പിക്കുന്ന തിരക്കില്‍ ആണ് എന്നും, അത് പൂര്‍ത്തിയായാല്‍ അവന്‍ വീണ്ടും വരും എന്നും പഠിപ്പിക്കുന്നവർ ഇടയില്‍ ഉണ്ട്.

 

എന്നാല്‍, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് മൂല പദത്തിന്റെ അര്‍ത്ഥം, “കൊട്ടാരങ്ങള്‍” എന്നല്ല, വാസസ്ഥലങ്ങള്‍” എന്നാണ്. അതായത് മലയാളത്തിലെ വിവര്‍ത്തനം ശരിയാണ്. ഇവിടെ വാസസ്ഥലങ്ങള്‍” എന്നതിന്റെ ഗ്രീക്ക് പദം “മനയ്” എന്നാണ്. ഈ വാക്കിന് ഒരുവൻ താമസിക്കുന്ന സ്ഥലം എന്ന അർത്ഥമാണ് ഉള്ളത്. അതിനാൽ ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ, മുറികൾ”, “വാസസ്ഥലങ്ങൾ” എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്. താമസിക്കുവാനുള്ള സ്ഥലങ്ങൾ എന്നാണ് ഇതിന്റെയെല്ലാം അർത്ഥം.   

 

എന്താണ് ഈ വാസസ്ഥലങ്ങള്‍? യേശുവിന്റെ കാലത്ത്, യെരുശലേം ദൈവാലയത്തില്‍ എത്തുന്ന ചില വിശ്വാസികള്‍ക്ക്, പുരോഹിതന്മാര്‍, വ്യക്തിപരമായ ഉപദേശങ്ങള്‍ നല്കുക പതിവ് ഉണ്ടായിരുന്നു. അതിനായി ദൈവാലത്തിന്റെ ചുറ്റുമതിലിനുള്ളില്‍, അതിനോട് ചേര്‍ന്ന് ചില സ്ഥലങ്ങള്‍ ക്രമീകരിച്ചിരുന്നു. അതിനെ “വാസസ്ഥലങ്ങള്‍” എന്നു വിളിച്ചിരുന്നു. പടയാളികള്‍ തല്‍ക്കാലികമായി താമസിക്കുവാന്‍ നിര്‍മ്മിക്കുന്ന കൂടാരങ്ങളെക്കുറിച്ച് പറയുവാനും ഇതേ ഗ്രീക് പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്. അതായത്, യേശു സ്വര്‍ഗ്ഗത്തിലുള്ള വീടുകളുടെയോ കൊട്ടാരങ്ങളുടെയോ കാര്യമല്ല പറയുന്നത്. യേശുവിന്റെ വാക്കുകളുടെ ഉദ്ദേശ്യം, ദൈവാലയത്തെക്കുറിച്ചോ അവിടെ ഉള്ള വാസസ്ഥലങ്ങളെക്കുറിച്ചോ പറയുവാനും അല്ല. എങ്കിലും, അവന്‍ പാര്‍ക്കുവാനുള്ള സ്ഥലത്തേക്കുറിച്ചോ ഇടത്തെക്കുറിച്ചോ ആകാം സൂചിപ്പിച്ചത്. അത് ക്രിസ്തുവിനോടൊപ്പമുള്ള വാസം ആണ്.

 

പരിഭ്രമിച്ചു നില്‍ക്കുന്ന തന്റെ ശിഷ്യന്‍മാര്‍ക്ക് അവന്‍ ധൈര്യവും പ്രത്യാശയും നല്കുക ആണ്. അവന്‍ പോകും, എന്നാല്‍ തിരികെ വരും, അവരെ അവനോടൊപ്പം ചേര്‍ത്തുകൊള്ളും. അവന്‍ ഒരിയ്ക്കലും അവരെ കൈവിടുക ഇല്ല. അവരെ ചേര്‍ക്കുവാന്‍ ആവശ്യമായ വാസസ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ട്.

 

യേശുവിന്റെ തുടര്‍ന്നുള്ള വാക്കുകളില്‍, “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ,” എന്നതില്‍ “മുമ്പേ പോകുക” എന്ന ആശയമാണ് ഉള്ളത്. ഒരു ചെറിയ കൂട്ടം പടയാളികള്‍, തങ്ങളുടെ പിന്നാലേ വരുന്നവര്‍ക്കായി വഴി ഒരുക്കുവാനായി, മുമ്പേ പോകുന്നതിനു തുലയമായ ആശയം ആണ്. ഇത് ഗ്രീക് ഭാഷയുടെ സംസാര രീതിയിലുള്ള ആശയമാണ്. അതായത് യേശു ശിഷ്യന്‍മാര്‍ക്ക് മുമ്പേ പോകുന്നു. അവന്‍ പോയി, അവിടെ ശിഷ്യന്മാര്‍ക്കായി വാസസ്ഥലം ഒരുക്കും. അതിനുശേഷം അവിടെ താമസിക്കുവാനായി, അവരെ വന്നു കൂട്ടികൊണ്ടു പോകും. 

 

യോഹന്നാന്‍ 14:1, 2, 3 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളില്‍ നിന്നും, ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഒന്ന്, കലങ്ങിപ്പോകത്തക്കവണ്ണമുള്ള സംഭവങ്ങള്‍ വരുവാന്‍ പോകുന്നു. രണ്ട്, അവ കാണുമ്പോഴും, അവയിലൂടെ കടക്കേണ്ടിവരുമ്പോഴും നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒരു പ്രത്യാശ ഉണ്ട്. നമ്മളുടെ കര്‍ത്താവ് നമ്മളെ അവനോടു കൂടെ ചേര്‍ക്കുവാനായി, തിരികെ വരും. ഒന്ന് പ്രവചനാത്മകമായ ഒരു മുന്നറിയിപ്പ് ആണ്. രണ്ട് ആശ്വാസവും പ്രത്യാശയും ആണ്.




 

വഴിയും സത്യവും ജീവനും


യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാൻ ആകുന്നു” എന്ന പ്രസ്താവനകൾ യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ രണ്ട് എണ്ണം യേശുവിന്റെ അന്ത്യ യാത്രാമൊഴിയിൽ ആണ് ഉള്ളത്. “ഞാന്‍ ആകുന്നു” പ്രസ്താവനകളില്‍, ഞാന്‍ ആകുന്നു, അത് ഞാന്‍ ആണ്, ഞാന്‍ മാത്രമാണ്, മറ്റാരും സത്യമല്ല എന്നിങ്ങനെയുള്ള വിവിധ അര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. “ഞാന്‍ ആകുന്നു” എന്നത്, ഞാന്‍ അല്ലാതെ മറ്റാരും ഇല്ല എന്ന ധ്വനി നല്കുന്നു. മറ്റൊരു ദേവന്‍റെയോ, മനുഷ്യന്‍റെയോ അവകാശവാദങ്ങളെ അത് റദ്ദാക്കുന്നു.

 

യേശുക്രിസ്തു പറഞ്ഞ ആറാമത്തെ ഞാൻ ആകുന്നു” പ്രസ്താവന യോഹന്നാന്‍ 14:6 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” ഈ പ്രസ്താവനയുടെ പശ്ചാത്തലം ഇങ്ങനെ ആണ്.

 

തന്റെ പിതാവായ ദൈവത്തിന്‍റെയടുക്കല്‍, സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകുവാനുള്ള സമയം സമീപിച്ചിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോട് പറഞ്ഞു. അത് കേട്ട അവര്‍ ആശയക്കുഴപ്പത്തില്‍ ആയി. യേശു, യഹൂദന്മാരുടെ ശത്രുക്കളെ തോല്‍പ്പിച്ച്, ഒരു യഹൂദ രാജ്യം സ്ഥാപിക്കും എന്നാണ് അവര്‍ കരുതിയിരുന്നത്. ഇപ്പോള്‍ അവന്‍ പറയുന്നു അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകുകയാണ്. അവര്‍ നിരാശരും ദുഖിതരും ആയി. അതിനാല്‍ അവരെ ആശ്വസിപ്പിക്കുവാന്‍ യേശു ചില ആത്മീയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തി. യേശു അവര്‍ക്കായി ഒരു സ്ഥലം ഒരുക്കുവാന്‍ പോകുകയാണ്. സ്ഥലം ഒരുക്കിയാല്‍, അവന്‍ വീണ്ടും വരും, അവരെ കൂട്ടികൊണ്ടു പോകും. പിന്നെ അവര്‍ യേശു വസിക്കുന്ന ഇടത്തു, അവനോടൊപ്പം നിത്യമായി വസിക്കും. അതിനാല്‍ അവരുടെ ഹൃദയം കലങ്ങിപ്പോകരുതു, അവര്‍ നിരാശപ്പെടരുത്.

 

ഇതിന് ശേഷം യേശു പറഞ്ഞു,ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.” ഇത് അവരുടെ ആശയക്കുഴപ്പത്തെ വര്‍ദ്ധിപ്പിച്ചു. അതിനാല്‍ യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് അവനോടു പറഞ്ഞു: “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു.” ഇതിന് മറുപടിയായിട്ടാണ് യേശു പറഞ്ഞത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു”. യേശു എവിടെക്ക് പോകുന്നുവോ, അവിടെയ്ക്കുള്ള വഴിയും അവന്‍ തന്നെയാണ്. അവന്‍ അവന്റെ പിതാവായ ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത്. അവിടെക്കുള്ള ഏക വഴി യേശു മാത്രം ആണ്. യേശു “മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല”.

 

അന്ത്യ യാത്രാമൊഴി യേശു സംസാരിക്കുന്ന രാത്രി മുതൽ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങൾ ശിഷ്യന്മാർക്ക് പ്രതികൂലമാണ്. അതിൽ അവരുടെ ഹൃദയം കലങ്ങി പോകുവാൻ സാദ്ധ്യത ഉണ്ട്. അതിനാൽ അവരുടെ ഹൃദയം കലങ്ങിപ്പോകരുത് എന്നു അവൻ ഉപദേശിച്ചു. അവന്റെ സ്വർഗ്ഗീയമായ സമാധാനം അവൻ ശിഷ്യന്മാർക്ക് നല്കി.

 

യോഹന്നാൻ 14:1, 27

1     നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.

 

27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

 

കുറച്ചു സമയം കഴിഞ്ഞാൽ, അവൻ ക്രൂശിക്കപ്പെടും. ലോകം പിന്നെ അവനെ കാണുകയില്ല. എന്നാൽ ശിഷ്യന്മാർ വീണ്ടും യേശുവിനെ കാണും. അവൻ ജീവിക്കുന്നതുകൊണ്ടു അവരും ജീവിക്കും. യേശു ഒരിക്കലും അവരെ അനാഥരായി വിടുകയില്ല.  

 

യോഹന്നാൻ 14:18 ആം വാക്യത്തിലെ “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” എന്ന വാഗ്ദത്തം, പരിശുദ്ധാത്മാവിന്റെ പകർച്ചയെക്കുറിച്ചാണ്. യേശുക്രിസ്തു പിതാവിന്റെ അടുക്കലേക്കു പോകുന്നതിനാൽ, അവൻ “പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ” അയക്കും. പരിശുദ്ധാത്മാവ് “സത്യത്തിന്റെ ആത്മാവു” ആണ്, അവൻ എന്നേക്കും അവരോട് കൂടെ ഇരിക്കും. പരിശുദ്ധ ആത്മാവ്, സകലവും ഉപദേശിച്ചുതരികയും യേശു അവരോട് പറഞ്ഞതു ഒക്കെയും അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

 

യോഹന്നാൻ 14:1-31 വരെയുള്ള വാക്യങ്ങളിൽ യേശുക്രിസ്തു ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും, അവന്റെ തുടർച്ചയായ സാന്നിദ്ധ്യം ഉറപ്പ് നൽകുകയും ചെയ്യുന്നു. പരിശുദ്ധ ആത്മാവ് സത്യത്തിന്റെ ആത്മാവു എന്ന കാര്യസ്ഥനാണ്. അവൻ അവരെ സകല സത്യത്തിലും വഴിനടത്തും.

 

പരിശുദ്ധാത്മാവ് വരുമ്പോൾ അവർക്കു മൂന്ന് അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ കഴിയും.


1.     യേശുക്രിസ്തുവിന്റെ തുടർച്ചയായ സാന്നിദ്ധ്യം

2.   അവരിൽ സ്ഥിരമായി വസിക്കുന്ന സകല സത്യത്തിലേക്കും വഴിനടത്തുന്ന ഒരു ഉപദേഷ്ടാവ്

3.   യേശു ചെയ്തതിലും വലിയ കാര്യങ്ങൾ അവർക്ക് ചെയ്യുവാൻ കഴിയും

 

28 ആം വാക്യത്തിൽ യേശു എങ്ങോട്ടു പോകുന്നു എന്നു അവൻ വ്യക്തമാക്കുന്നുണ്ട്. അവൻ പിതാവായ ദൈവത്തിന്റെ അടുക്കലേക്ക് ആണ് പോകുന്നത്. പിതാവ് അവനെക്കാൾ വലിയവൻ ആണ്. അതിനാൽ ശിഷ്യന്മാർ സന്തോഷിക്കുക അത്രേ വേണ്ടത്.  

 

14 ആം അദ്ധ്യായത്തിൽ, അന്ത്യ യാത്രാമൊഴിയിലെ മുഖ്യ വിഷയമായ സ്നേഹത്തെക്കുറിച്ച് യേശു വളരെ സംസാരിക്കുന്നുണ്ട്.

 

യോഹന്നാൻ 14:15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.

 

യോഹന്നാൻ 14:23

യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.

 

യോഹന്നാൻ 14:15, 21, 23, എന്നീ വാക്യങ്ങളിൽ നമ്മൾ യേശുവിനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. യേശുവിനോടുള്ള സ്നേഹം പ്രകടമാകുന്നത് അവന്റെ കൽപനകളെ പ്രമാണിക്കുന്നതിലൂടെയാണ്. അവന്റെ കൽപ്പനകൾ പ്രമാണിക്കാത്തവർ അവനെ സ്നേഹിക്കുന്നവർ അല്ല. സ്നേഹം പ്രവർത്തികളാൽ പ്രകടമാക്കപ്പെടുന്നതാണ്. സ്നേഹത്തിനു അതിന്റേതായ പ്രവർത്തി ഉണ്ടാകും. അത് യേശുവിന്റെ കൽപ്പനകൾ പ്രമാണിക്കുക എന്നതാണ്.  

 

ഈ വാക്യങ്ങളിൽ, യേശുവിനെ സ്നേഹിക്കുന്നവർക്ക് ചില വാഗ്ദത്തങ്ങൾ അവൻ നല്കുന്നുണ്ട്. അവരെ പിതാവായ ദൈവ സ്നേഹിക്കും, യേശു അവരെ സ്നേഹിച്ചു, അവർക്ക് അവനെ വെളിപ്പെടുത്തും, യേശുവും പിതാവായ ദൈവവും അവരുടെ അടുക്കൽ വന്നു അവരോട്കൂടെ വാസം ചെയ്യും. യോഹന്നാൻ 14:15 ൽ “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.” എന്നു പറഞ്ഞതിന്നു ശേഷം, 16 ആം വാക്യത്തിൽ, “സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” എന്നൊരു വാഗ്ദത്തവും നല്കുന്നു.  

 

മുന്തിരിവള്ളിയും കൊമ്പും

 

യോഹന്നാൻ 15:1-17 വരെയുള്ള വാക്യങ്ങളിൽ, യേശു ഇവിടെ മുന്തിരിവള്ളിയും അതിന്റെ ശാഖകളും തമ്മിലുള്ള ബന്ധത്തെ ഒരു രൂപകമായി എടുത്തുകൊണ്ടു, അവനും ശിഷ്യന്മാരും തമ്മിലുള്ള ബന്ധത്തെ മനോഹരമായി വിശദീകരിക്കുന്നു. “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.” എന്നത് യേശുക്രിസ്തു പറഞ്ഞതായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന “ഞാൻ ആകുന്നു” പ്രസ്താവനകളിൽ ഏഴാമത്തേത് ആണ്.

 

മുന്തിരിവള്ളിയും കൊമ്പും, യേശുവിന് ശിഷ്യന്മാരോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. ഇതിൽ മൂന്ന് വ്യക്തികൾ ആണ് ഉൾപ്പെട്ടിരിക്കുന്നത് - പിതാവായ ദൈവം തോട്ടക്കാരനും, യേശുക്രിസ്തു മുന്തിരിവള്ളിയും, ശിഷ്യന്മാർ കൊമ്പുകളും. മുന്തിരിവള്ളി ക്രിസ്തുവിന്റെ സഭയുടെ ജീവന്റെ ഏക സ്രോതസ്സ് ആണ്. ഒരു മുന്തിരിവള്ളിയുടെ കൊമ്പ് എന്ന നിലയിൽ, ശിഷ്യന്മാർ തമ്മിൽ സ്നേഹിക്കേണം എന്ന കൽപ്പന യേശു ഇവിടെ പറയുന്നു.

 

മുന്തിരിവള്ളിയുടെ രൂപകം ശിഷ്യന്മാർ ക്രിസ്തുവിൽ വസിക്കേണ്ടതിന്റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്. യേശുക്രിസ്തു സ്നേഹിച്ചതുപോലെ അന്യോന്യം സ്നേഹിക്കുവാൻ അവൻ ശിഷ്യന്മാരോടു കല്പിച്ചു. ശിഷ്യന്മാർ എന്നത് യേശുവിൽ വിശ്വസിച്ച് അവന്റെ സഭയോട് ചേരുന്ന എല്ലാവരും ആണ്. പിതാവായ ദൈവവും യേശുക്രിസ്തുവും തമ്മിലുള്ള സ്നേഹം ആണ് നമ്മൾ അന്യോന്യം സ്നേഹിക്കേണം എന്നതിന്റെ മാതൃക.

 

മുന്തിരിവള്ളിയും കൊമ്പും, ക്രിസ്തുവും അവനിൽ വിശ്വസിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. നമ്മള്‍ എങ്ങനെയാണ് ക്രിസ്തുവിലും വിശ്വാസത്തിലും നിലനില്‍ക്കുന്നത് എന്നും, നമ്മളും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡതയെക്കുറിച്ചും യേശു പറയുന്നുണ്ട്. അതിനെ ഇങ്ങനെ ലളിതമായി വിശദീകരിക്കാം: യേശു മുന്തിരിവള്ളിയാണ്. അതിനോടു ചേര്‍ന്ന് വളരുന്ന ശാഖകള്‍ക്ക് ജീവൻ ഉണ്ടാകും. അവ വളരെ ഫലം പുറപ്പെടുവിക്കും.

 

യേശുവിന്റെ ഈ പ്രസ്താവനയില്‍ നിന്നും മൂന്ന് കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണം. ഒന്നു, യേശു ആണ് മുന്തിരിവള്ളി. അവനാണ് തായ് വൃക്ഷം. നമ്മള്‍ ആ മുന്തിരിവള്ളിയില്‍ ചേര്‍ന്ന് വളരുന്ന ശാഖകള്‍ ആണ്. ഒരു ശാഖയും അതിന്റെ തായ് വൃക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാതെ ജീവിക്കുകയില്ല. ജീവന്‍ തായ് വൃക്ഷത്തിലാണ്. അവിടെനിന്നുമാണ് ശാഖകള്‍ക്ക് ജീവന്‍ ലഭിക്കുന്നത്. അതിനാല്‍ ഒരു ശാഖയും സ്വയമേ ജീവിക്കുന്നില്ല. രണ്ടാമത്, തായ് വൃക്ഷത്തില്‍ നിന്നും ഒരു ശാഖ അടര്‍ന്ന് മാറിയാല്‍ അതിനു ജീവന്‍ ഇല്ലാതെയായി, ഉണങ്ങിപ്പോകും. ഉണങ്ങിപ്പോയ ശാഖകള്‍ തീയില്‍ ഇടുവാന്‍ മാത്രമേ ഉപകരിക്കൂ. അത് തീയില്‍ വെന്ത് ചാരമായി തീരും. മൂന്നാമത്, മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശാഖകള്‍ ഫലം കായ്ക്കുന്നു. ഫലമില്ലാത്ത ശാഖകള്‍ തായ് വൃക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാത്തവയാണ്. മുന്തിവള്ളിയോട് ചേര്‍ന്ന് നില്‍ക്കാതെ ശാഖകള്‍ക്ക് ഫലം കായ്ക്കുവാന്‍ സാധ്യമല്ല. കാരണം ഫലം ശാഖയുടെതല്ല, അത് മുന്തിരിവള്ളിയുടെതാണ്. ഫലം കൊണ്ട് വൃക്ഷത്തെയാണ് തിരിച്ചറിയുന്നത്, ശാഖയെ അല്ല. ഫലം ശാഖയുടെ വ്യക്തിത്വം അല്ല, അത് വൃക്ഷത്തിന്റെ സത്വം ആണ്. മാത്രവുമല്ല, ശാഖകള്‍ മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്നുവെങ്കില്‍ അത് ഫലം കായ്ക്കുന്നവ ആയിരിക്കേണം. ഫലമില്ലാത്ത ശാഖകളെ ഛേദിച്ചു കളയും. (15:2).

 

ക്രിസ്തുവിൽ വസിക്കുക എന്നതാണ് ശിഷ്യന്റെ കടമ. അതിന്റെ സാരം ക്രിസ്തുവിനെ സ്നേഹിക്കുക എന്നതാണ്. ഒരു മുന്തിരിവള്ളിയുടെ കൊമ്പുകൾ, വള്ളിയോട് ചേർന്നു നിൽക്കുന്നത് അതിന്റെ ജീവന്റെ ആവശ്യമാണ് എന്നതുപോലെ ക്രിസ്തുവിനോടുള്ള സ്നേഹം അവനിൽ വസിക്കുന്നതിന് അനിവാര്യമാണ്. ക്രിസ്തീയ വിശ്വാസികൾ അന്യോന്യം സ്നേഹിക്കുന്നവരും ആയിരിക്കേണം.

 

യേശുവിനെ സ്നേഹിക്കുക, അവന്റെ കൽപ്പനകൾ പ്രമാണിക്കുക, അവന്റെ ശിഷ്യന്മാർ തമ്മിൽ തമ്മിൽ സ്നേഹിക്കുക - ഇതാണ് യേശുവിന്റെ ശിഷ്യത്വത്തിന്റെ മാതൃക. പിതാവും, യേശുവും ശിഷ്യന്മാരും തമ്മിലുള്ള ഈ ബന്ധം മഹാപുരോഹിത പ്രാർത്ഥനയിലും യേശു പറയുന്നുണ്ട്. അത് പിതാവായ ദൈവത്തിൽ നിന്നും, യേശുക്രിസ്തുവിലൂടെ, അവന്റെ ശിഷ്യന്മാരിലേക്ക് പകരപ്പെടുന്ന സ്നേഹത്തിന്റെ ബന്ധം ആണ്.

 

ഈ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, യേശു ശിഷ്യന്മാരെ സ്നേഹിതർ എന്നു വിളിക്കുന്നു. ഈ ബന്ധത്തെ യേശു ഇവിടെ നിർവചിക്കുന്നുമുണ്ട്. സാധാരണയായി, യജമാനൻ ചെയ്യുന്നത് എന്ത് എന്നു ദാസൻ മുൻകൂട്ടി അറിയേണം എന്നില്ല. എന്നാൽ ഇപ്പോൾ യേശു പിതാവിൽ നിന്നും കെട്ട് അറിഞ്ഞതെല്ലാം ശിഷ്യന്മാരെ അറിയിച്ചിരിക്കുന്നു. അതിനാൽ പിതാവായ യജമാനന്റെ പദ്ധതികൾ ഇനി ശിഷ്യന്മാർക്ക് മറഞ്ഞിരിക്കുന്നില്ല. അതിനാൽ അവർ ഇനി ദാസന്മാർ അല്ല, സ്നേഹിതന്മാർ അത്രേ. 

 



ലോകം നിങ്ങളെ പകെക്കും

 

മുന്തിവള്ളിയുടെ രൂപകം അവസാനിക്കുമ്പോൾ, ശിഷ്യന്മാർക്ക് ലോകത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന പ്രതികൂലങ്ങളെക്കുറിച്ച് യേശു പറയുന്നു. ക്രൂശിക്കപ്പെടുവാൻ പോകുന്ന യേശുവിനോടു അനുരൂപമാക്കുക, അല്ലെങ്കിൽ അവനോടു ഒന്നായി തീരുക എന്നത്, അവന് ലോകത്തിൽ നിന്നും ലഭിച്ച വെറുപ്പും, പീഡനങ്ങളും നിന്ദയും, പരിഹാസവും സ്വീകരിക്കുവാൻ തയ്യാറാകുക എന്നതാണ്. യേശുക്രിസ്തു കൊല്ലപ്പെട്ടതുപോലെ, അതേ രീതിയിലോ, മറ്റൊരു രീതിയിലോ, അവന്റെ ശിഷ്യന്മാരും കൊല്ലപ്പെട്ടേക്കാം. യേശുക്രിസ്തു എന്തുകൊണ്ട് പീഡിപ്പിക്കപ്പെട്ടുവോ, അതേ കാരണം കൊണ്ട് അവന്റെ ശിഷ്യന്മാരും പീഡിപ്പിക്കപ്പെടും.

 

ലോകം യേശുക്രിസ്തുവിനെ സ്വീകരിച്ചില്ല, അവനെ പകെച്ചു, അവനെ ഉപദ്രവിച്ചു. ദാസന്മാര്‍ യജമാനന് ലഭിച്ചതിനെക്കാള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ ഈ ലോകത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ട. അതായത്, ലോകം നമ്മളെ സ്വീകരിക്കില്ല, അത് നമ്മളെ പകെക്കും, ഉപദ്രവിക്കും. 21 ആം വാക്യത്തില്‍ യേശു പറയുന്നു: “എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.”

 

ലോകത്തിൽ നിന്നും ഉപദ്രവങ്ങൾ അനുഭവിക്കുന്നതിന്റെ മദ്ധ്യത്തിൽ, ശിഷ്യന്മാർക്ക് ഒരു ഉത്തരവാദിത്തമുണ്ട്. പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ചു അവർ യേശുവിന്റെ സാക്ഷികൾ ആകേണം. പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ അവർക്കു ആശ്വാസപ്രദ ദായകൻ ആയിരിക്കും.

 

യോഹന്നാൻ 16:4-33 വരെയുള്ള വാക്യങ്ങൾ അന്ത്യ യാത്രാമൊഴിയുടെ അവസാന ഭാഗമാണ്. ഇവിടെ യേശുക്രിസ്തു ഭൂമിയിൽ നിന്നും പോകുന്നതിന്റെ മൂന്ന് പ്രയോജനങ്ങൾ അവൻ പറയുന്നുണ്ട്.


1.     പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ ലഭിക്കും

2.   യേശുവിന്റെ സാന്നിധ്യത്തിൽ സന്തോഷം ഉണ്ടാകും

3.   പിതാവിന്റെ സന്നിധിയിലേക്ക് പ്രവേശനം ലഭിക്കും

 

പരിശുദ്ധാത്മാവ് രണ്ട് ശുശ്രൂഷകൾ നിവർത്തിക്കും:


1.     പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും

യോഹന്നാൻ 16:8 ലും 11 ലും, “ന്യായവിധി” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ക്രീസിസ്” എന്നാണ്. ഈ വാക്കിന്റെ അർത്ഥം, വിധിന്യായം, നിത്യനാശം, കുറ്റംചുമത്തൽ, അപരാധനിർണ്ണയം, ശിക്ഷിക്കൽ, എന്നിവയാണ്. അതായത്, പരിശുദ്ധാത്മാവ് നിത്യ ശിക്ഷാവിധിയെക്കുറിച്ച് ലോകത്തിന് ബോധം വരുത്തും. 

 

2.   പരിശുദ്ധാത്മാവ് ശിഷ്യന്മാരെ വഴിനടത്തുന്നതിലൂടെ യേശുവിനെ മഹത്വപ്പെടുത്തും എന്നതാണ് പരിശുദ്ധാത്മാവിന്റെ രണ്ടാമത്തെ ശുശ്രൂഷ.  

 

തുടർന്നു യേശുക്രിസ്തു പറഞ്ഞു, അവന്റെ താല്കാലിക വേർപാടിൽ, ശിഷ്യന്മാർ ദുഖിക്കും, ലോകം സന്തോഷിക്കും. എന്നാൽ അവരുടെ ദുഖം പിന്നീട് സന്തോഷമായി മാറും. അവരുടെ സന്തോഷം ആരും അവരിൽ നിന്നും എടുത്തുകളകയില്ല.

യേശുക്രിസ്തുവിന്റെ താൽക്കാലിക വേർപാടിൽ ശിഷ്യന്മാർ ദുഖിക്കും. എന്നാൽ അവന്റെ ഉയിർപ്പിൽ അവർ വീണ്ടും അവനെ ജീവിക്കുന്നവനായി കാണും. പരിശുദ്ധാത്മാവിന്റെ സഹവാസത്തിൽ യേശുവിന്റെ കൂട്ടായ്മ അവർ അനുഭവിക്കും. അവന്റെ രണ്ടാമത്തെ വരവിൽ അവർ അവനോടൊപ്പം നിത്യമായി ചേർക്കപ്പെടും. പിന്നീട് അവർ അവരുടെ കഷ്ടം ഓർക്കുകയില്ല. അവരുടെ സന്തോഷം നിത്യമായിരിക്കും.

യേശുക്രിസ്തു പിതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോയിക്കഴിഞ്ഞാൽ, അവനിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന ഒരു വലിയ അനുഗ്രഹം, അവർക്കു പ്രാർത്ഥനയിൽ പുതിയ അധികാരങ്ങളും ഉണ്ടാകും എന്നാണ്.  

യോഹന്നാൻ 16:23, 24 വാക്യങ്ങളിൽ, യേശു വാഗ്ദത്തം ചെയ്തത് ഇതൊക്കെയാണ്:


1.     അവർക്കു പിതാവായ ദൈവത്തോട് അപേക്ഷിക്കുവാൻ അവകാശം ലഭിക്കും.

2.   പിതാവ് അതെല്ലാം, യേശുക്രിസ്തുവിന്റെ നാമത്തിൽ അവർക്ക് നല്കും.

3.   അവരുടെ സന്തോഷം പൂർണ്ണമാകും വണ്ണം അവർക്കു ലഭിക്കും.

 

ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു

 

യോഹന്നാൻ 15:18 മുതൽ 16:33 വരെയുള്ള വാക്യങ്ങളിൽ, ലോകത്തിൽ നിന്നും ലഭിക്കുവാനിടയുള്ള പ്രതികൂലങ്ങൾ അഭിമുഖീകരിക്കുവാൻ യേശു ശിഷ്യന്മാരെ ബലപ്പെടുത്തുക ആയിരുന്നു. ലോകം യേശുവിനെ പകെച്ചു എന്നതിനാൽ അവന്റെ ശിഷ്യന്മാരെയും പകെക്കും എന്നു പറഞ്ഞുകൊണ്ടാണ് ഈ ഭാഗം ആരംഭിക്കുന്നത്. “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും;”എന്നാണ് യേശു പറഞ്ഞത്. അവസാനിക്കുന്നത് ലോകത്തിൽ അവർക്കു കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ എന്ന പ്രചോദന വാക്കുകൾ കൊണ്ടാണ്.  

 

യോഹന്നാൻ 16:33 ൽ മൂന്ന് കാര്യങ്ങള്‍ യേശു പറയുന്നുണ്ട്.

 

ഒന്ന്: യേശുവിൽ വിശ്വസിക്കുന്നവർക്ക് ലോകത്തിൽ കഷ്ടം ഉണ്ടു.

രണ്ട്: യേശു ലോകത്തെ ജയിച്ചിരിക്കുന്നു.

മൂന്ന്:   നമ്മള്‍ ധൈര്യപ്പെടേണം; നമ്മള്‍ക്ക് യേശുവില്‍ സമാധാനം ഉണ്ടാകേണം.

 

യേശുക്രിസ്തുവിന്റെ അന്ത്യയാത്രാമൊഴി അവന്റെ ക്രൂശീകരണത്തിന്റെ ആമുഖം ആണ്. അതിനാല്‍ അവന്‍ പറഞ്ഞ കഷ്ടം ക്രൂശീകരണത്തിന്റെ അനുഭവം ആണ്. യേശുവും ലോകവും എപ്പോഴും രണ്ട് ധ്രുവങ്ങളില്‍ നിന്നിരുന്നു. യേശു ലോകത്തോടോ ലോകം യേശുവിനോടോ അനുരൂപപ്പെട്ടില്ല. ലോകം എപ്പോഴും അവനെ ശത്രുവായി കണ്ടു. ഇതാണ് യേശു പറഞ്ഞ ലോകത്തിലെ കഷ്ടം.

 

ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു

 

യോഹന്നാന്‍ 16:33 ൽ യേശു പറഞ്ഞു, ലോകത്തില്‍ നമുക്ക് കഷ്ടം ഉണ്ട്, എന്നാല്‍, അവന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”. ഇതൊരു സന്തോഷ വാര്‍ത്തയാണ്.

 

എന്തു ജയത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്? അവന്‍ ജയിച്ച ജയം എന്തായിരുന്നു? യേശു ഈ ലോകത്തില്‍ യാതൊരു ഭൌതീക സമ്പത്തും നേടിയില്ല. അവന്‍ നിലങ്ങളോ കളപ്പുരകളോ കൂട്ടിവച്ചില്ല. അവന്‍ മണിമാളികകള്‍ പണിതില്ല. അവന്‍ ഭൌതീക തലത്തില്‍ യുദ്ധങ്ങള്‍ ചെയ്തില്ല. അവന്‍ രാജാക്കന്മാരെ തോല്‍പ്പിക്കുകയോ രാജ്യങ്ങളെ പിടിച്ചടക്കുകയോ ചെയ്തില്ല. അവന്‍ മതമോ തത്വ സംഹിതകളോ ആരംഭിച്ചില്ല. അപ്പോള്‍ അവന്‍ എന്ത് ജയം ആണ് നേടിയത്?

 

യോഹന്നാന്‍ 16:33 ല്‍ “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു യേശു പറഞ്ഞപ്പോള്‍ അവന്‍ അര്‍ത്ഥമാക്കിയത് അവന്‍ പിശാചിനെ ജയിച്ച ജയത്തെക്കുറിച്ചാണ്. അതിന്റെ നിവൃത്തിയോ ക്രൂശിലെ മരണത്തില്‍ ആയിരുന്നു. മറ്റൊരു ജയവും യേശുവിന് അവകാശപ്പെടുവാന്‍ ഇല്ലായിരുന്നു. ലോകത്തില്‍ നമുക്ക് ഉണ്ടാകുവാന്‍ ഇടയുള്ള കഷ്ടങ്ങളുടെ പരിഹാരം യേശു ലോകത്തിന്റെമേല്‍ നേടിയ ജയം ആണ്. അത് ഭൌതീക വസ്തുവകകളുടെ സമ്പാദ്യമല്ല. യേശുവിന്റെ ജയം ഭൌതീകതയുടെ നിരാസം ആണ്. യേശുവിന്റെ ജയം പിശാചുമായുള്ള ആത്മീയ പോരാട്ടത്തിലെ അന്തിമ ജയം ആണ്. ഈ ജയം ആണ് അവന്‍ ശിഷ്യന്മാര്‍ക്കും നമ്മള്‍ക്ക് എല്ലാവര്‍ക്കും വാഗ്ദത്തം ചെയ്തത്. 

 

എന്തുകൊണ്ട് നമ്മള്‍ ഈ ലോകത്തെ ജയിക്കേണം എന്നു യേശു അന്ത്യ യാത്രാമൊഴിയില്‍ പറയുന്നുണ്ട്. യേശു നമ്മളെ തിരഞ്ഞെടുത്തതിനാല്‍, നമ്മള്‍ ലോകക്കാര്‍ അല്ലാതെയായി മാറി. അതിനാല്‍ ലോകം നമ്മളെ പകെയ്ക്കും. നമുക്ക് ഇനി ഒരിയ്ക്കലും ലോകത്തോട് അനുരൂപരായി ജീവിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ലോകത്തെ ജയിക്കുക എന്നത് നമ്മളുടെ മുന്നിലുള്ള ഒരു തിരഞ്ഞെടുപ്പ് അല്ല. അത് അനിവാര്യതയാണ്. നമ്മള്‍ ലോകത്തെ ജയിച്ചേ മതിയാകൂ.

 

ഇവിടെയാണ് യേശുവിന്റെ ജയത്തിന്റെ പ്രധാന്യം വെളിവാകുന്നത്. നമുക്ക് സ്വയം ലോകത്തെ ജയിക്കുവാന്‍ സാധ്യമല്ല, എന്നാല്‍ നമ്മള്‍ ലോകത്തെ ജയിച്ചേ മതിയാകൂ. അതിനാല്‍ യേശു, പാപം ഒഴികെ സകലത്തിലും നമ്മളെപ്പോലെയുള്ള ജഡത്തില്‍ ജനിച്ച്, നമ്മള്‍ക്ക് വേണ്ടി പിശാചിനോടു പോരാടി, ലോകത്തെ ജയിച്ചു. അവന്‍ നമ്മള്‍ക്ക് വേണ്ടി ജയിച്ച ജയം നമ്മളുടേത് ആയിമാറി. വിശ്വസിക്കുന്ന ഏവര്‍ക്കും ഈ ജയത്തില്‍ പങ്കാളികള്‍ ആകാം.  

 

ധൈര്യപ്പെടുവിൻ

 

യോഹന്നാൻ 16:33 ലെ മൂന്നാമത്തെ സന്ദേശം, “എങ്കിലും ധൈര്യപ്പെടുവിൻ” എന്നതാണ്. “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു”. യേശു പിശാചിനെയും ലോകത്തെയും ജയിച്ചതിനാല്‍, ലോകം നമ്മളെയും പരാജയപ്പെടുത്തുകയില്ല. ഈ വിശ്വാസം നമ്മളെ ധൈര്യപ്പെടുത്തുന്നതാണ്. ഇത് നമുക്ക് ക്രിസ്തുവിൽ സമാധാനം നല്കുന്നു. ഈ ലോകത്ത് നമുക്ക് കഷ്ടം ഉണ്ട്. അത് നമ്മളെ ക്ഷീണിപ്പിക്കാതെ ഇരിക്കുവാനും, യേശുവില്‍ സമാധാനം ഉണ്ടാകുവാനും വേണ്ടി അവന്‍ ഇതെല്ലാം നമ്മളോട് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.  

 

മഹാപുരോഹിത പ്രാർത്ഥന

 

ഒരു മഹാപുരോഹിതൻ ജനത്തിനുവേണ്ടി കഴിക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന പോലെ, അവന് വേണ്ടിയും, ശിഷ്യന്മാർക്ക് വേണ്ടിയും, ഭാവിയിൽ സഭയോട് ചേർക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയും പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടാണ് യേശുക്രിസ്തു അന്ത്യയാത്രാമൊഴി അവസാനിപ്പികുന്നത്. ഇത് യോഹന്നാൻ 17 ആം അദ്ധ്യായത്തിൽ, അന്ത്യ യാത്രാ മൊഴിയുടെ അവസാന ഭാഗമായി, രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് യേശു പറഞ്ഞതും, രേഖപ്പെടുത്തപ്പെട്ടതുമായ ഏറ്റവും ദീർഘമായ പ്രാർത്ഥന. ഇതിനെ അന്ത്യ പ്രാർത്ഥന എന്നും മഹാപുരോഹിത പ്രാർത്ഥന എന്നും വിളിക്കാറുണ്ട്. ദൈവ സ്നേഹത്തിൽ എല്ലാ ശിഷ്യന്മാരും ഒന്നാകേണം എന്നു യേശുക്രിസ്തു പ്രാർത്ഥിച്ചു.

 

യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാർത്ഥനയെക്കുറിച്ച് പ്രത്യേകമായൊരു വീഡിയോയും ഇ-ബുക്കും നമ്മൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ അത് ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നവർ naphtalitribetv.com എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക. ഇ-ബുക്ക് ആവശ്യമുള്ളവർക്ക് naphtalitribebooks.in എന്ന വെബ് സ്റ്റോറിൽ നിന്നും അത് സൌജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ 9961330751 എന്ന നമ്പരിൽ WhatsApp ലൂടെ ആവശ്യപ്പെടാവുന്നതാണ്.   

 

യേശുവിന്റെ അന്ത്യ യാത്രാമൊഴിയെക്കുറിച്ചുള്ള ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.  




 

 

No comments:

Post a Comment