യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ (രണ്ടാം ഭാഗം)

1 കൊരിന്ത്യർ 11 ആം അദ്ധ്യായം 23 മുതൽ 32 വരെയുള്ള വാക്യങ്ങൾ, കർത്താവിന്റെ അത്താഴത്തേക്കുറിച്ച്, അപ്പൊസ്തലനായ പൌലൊസ് പ്രാപിച്ച വെളിപ്പാട് രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം ആണ്. ഈ വാക്യങ്ങളെ അടിസ്ഥാനമാക്കി, തിരുവത്താഴത്തേക്കുറിച്ചുള്ള ഒരു ഗൌരവമായ പഠനത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം ആണ് ഈ സന്ദേശത്തിൽ ഉള്ളത്.

ഒന്നാമത്തെ ഭാഗം നമ്മളുടെ വീഡിയോ ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേൾക്കുവാൻ താല്പര്യം ഉള്ളവർ naphtalitribetv.com എന്ന youtube ചാനൽ സന്ദർശിക്കുക.

 

ഈ പഠനം ഇ-ബുക്ക് ആയി, സൌജന്യമായി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. Phone number: 9961330751.

 

യഹൂദന്മാരുടെ പെസഹയും കർത്താവിന്റെ അത്താഴവും തമ്മിലുള്ള ചരിത്ര പശ്ചാത്തലവും, ആചാരങ്ങളും, സാമ്യവും ആണ് നമ്മൾ ഈ പഠനത്തിന്റെ ഒന്നാമത്തെ ഭാഗത്ത് ചിന്തിച്ച് അവസാനിപ്പിച്ചത്. അതിന്റെ തുടർച്ചയായി തന്നെ രണ്ടാമത്തെ ഭാഗവും ആരംഭിക്കുന്നു.    

 


പെസഹ അത്താഴത്തിലെ ആചാരങ്ങൾ

പെസഹ അത്താഴത്തിൽ മൊത്തം 15 ആചാരങ്ങൾ ആണ് ഉള്ളത്. അതിൽ നാലാമത്തെ ചടങ്ങിനെ വിളിക്കുന്നത് “യാഹാട്സ്” എന്നാണ്. പെസഹ അത്താഴം ഒരുക്കിയിരിക്കുന്ന മേശപ്പുറത്ത് മൂന്ന് പുളിപ്പില്ലാത്ത പെസഹ അപ്പം, ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കി, ഒരു തുണികൊണ്ട് മൂടി വച്ചിരിക്കും. ഈ അപ്പത്തിനെ “മാറ്റ്സ” എന്നു വിളിക്കുന്നു. ഇതിനെ “കഷ്ടതയുടെ അപ്പം” എന്നും വിളിക്കാറുണ്ട്. ഈ അവസരത്തിൽ, ഈ മൂന്ന് അപ്പത്തിൽ മദ്ധ്യത്തിൽ വച്ചിരിക്കുന്നത് എടുത്തു, അതിനെ കൈകൊണ്ട് രണ്ടായി മുറിക്കും. രണ്ടായി മുറിച്ച അപ്പത്തിന്റെ വലിയ ഭാഗം, അത്താഴത്തിനു ശേഷം, ഡെസെർട്ട് പോലെ, കഴിക്കുവാനായി, ഒരു സ്ഥലത്ത് മറച്ചു വയ്ക്കും. ഇതിനെ “ആഫികോമൻ” എന്നു വിളിക്കും. മുറിച്ച അപ്പത്തിന്റെ ചെറിയ ഭാഗം അതേ സ്ഥലത്ത്, മറ്റ് രണ്ട് അപ്പത്തിന്റെയും മദ്ധ്യത്തിലേക്ക് തിരികെ വയ്ക്കും.       

പെസഹ അത്താഴത്തിലെ എട്ടാമത്തെ ചടങ്ങായി, കസേരയിൽ അൽപ്പം ഇടതുവശത്തേക്ക് ചാരി ഇരുന്നുകൊണ്ട് മാറ്റ്സ” എന്ന പെസഹ അപ്പം കഴിക്കും. യിസ്രായേൽ ജനം മിസ്രയീമിൽ നിന്നും പുറപ്പെട്ടപ്പോൾ കഴിച്ചതും, അവരോടൊപ്പം എടുത്തുകൊണ്ട് പോയതുമായ പുളിപ്പില്ലാത്ത അപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അടുക്കി വച്ചിരുന്ന മൂന്ന് പെസഹ അപ്പത്തിലെ ആദ്യത്തെയും അവസാനത്തെയും അപ്പങ്ങളെ ഒരുമിച്ച് പിടിച്ചുകൊണ്ട്, അവ ഭക്ഷിക്കുന്നതിന് മുമ്പായി, ഒരു പ്രാർത്ഥന പറയാറുണ്ട്. പ്രാർത്ഥനയക്ക് ശേഷം അപ്പത്തിന്റെ ഒരു ചെറിയ കഷണം എല്ലാവരും ഭക്ഷിക്കുന്നു.

 

പതിനൊന്നാമത്തെ ചടങ്ങിനെ എബ്രായ ഭാഷയിൽ വിളിക്കുന്നത് “ഷൊഹാൻ ആരഹ്” എന്നാണ്. ഇത് പെരുനാളിന്റെ അത്താഴം ആണ്. “ആഫികോമൻ” എന്നു വിളിക്കുന്ന പെസഹ അപ്പത്തിന്റെ അവസാന ഭാഗം, ചാരി ഇരുന്നുകൊണ്ട്, ഭക്ഷിക്കുന്നതാണ് പന്ത്രണ്ടാമത്തെ ചടങ്ങ്.

 

അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ചെറിയ കഷണം അപ്പം കഴിക്കുവാൻ ലഭിക്കും. ഇത് കഴിച്ചതിനു ശേഷം, മറ്റ് യാതൊരു ആഹാരവും അന്ന് രാത്രി കഴിക്കുവാൻ പാടില്ല. പെസഹ അത്താഴത്തിൽ നാല് കപ്പ് വീഞ്ഞു കുടിക്കുന്ന പതിവ് ഉണ്ട്.

ഇതിനോടകം രണ്ട് കപ്പ് വീഞ്ഞു കുടിച്ചു കഴിഞ്ഞു. “ആഫികോമൻ” എന്ന പെസഹ അപ്പം കഴിച്ചതിനു ശേഷം, ശേഷിക്കുന്ന രണ്ട് കപ്പ് വീഞ്ഞു കുടിക്കാം. എന്നാൽ ഇതല്ലാതെ ലഹരിയുള്ള മറ്റ് യാതൊന്നും കുടിക്കുവാൻ പാടില്ല.

 

യെരൂശലേമിലെ ആലയത്തിന്റെ തകർച്ചയ്ക്ക് മുമ്പ്, പെസഹ യാഗ മൃഗത്തിന്റെ മാസത്തിന്റെ ഒരു ചെറിയ കഷണം ആയിരുന്നു, പെസഹ അത്താഴത്തിലെ അവസാന ഭക്ഷണം. എന്നാൽ ആലയത്തിന്റെ തകർച്ചയ്ക്ക് ശേഷം, യാഗങ്ങൾ നടക്കുന്നില്ല എന്നതിനാൽ, മാറ്റി വച്ച പെസഹ അപ്പമായ “ആഫികോമൻ” ആണ് അവസാന ഭക്ഷണം. അങ്ങനെ “ആഫികോമൻ” പെസഹ യാഗത്തെ ഓർമ്മിപ്പിക്കുന്ന അപ്പം ആയി മാറി. എന്നാൽ യേശുവിന്റെ കാലത്ത് പെസഹ യാഗ മൃഗത്തിന്റെ മാസം ലഭ്യമായിരുന്നു എന്നതിനാൽ പെസഹ അപ്പത്തിന് അപ്രകാരം ഒരു അർത്ഥം ഉണ്ടായിരുന്നില്ല.

 

യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചപ്പോൾ, പെസഹ യാഗ മൃഗത്തിന്റെ മാസം ലഭ്യമായിരുന്നു. പതിവ് അനുസരിച്ച് അവർ അത് ഭക്ഷിച്ചിട്ടുണ്ടാകേണം. പെസഹ യാഗ മൃഗത്തിന്റെ മാസം, വരുവാനിരിക്കുന്ന സമ്പൂർണ്ണമായ വിടുതലിന്റെയും, യഹൂദന്മാർ പ്രത്യാശയോടെ കാത്തിരുന്ന മശിഹയുടെയും അടയാളം ആയിരുന്നു.

 

യേശു മാറ്റിവയ്ക്കപ്പെട്ട അപ്പമായ “ആഫികോമൻ” ആണ് അവന്റെ ശരീരത്തിന്റെ പ്രതീകമായി അവർക്കു വിഭാഗിച്ച് നല്കിയത്. ഇത് പുളിപ്പില്ലാത്ത അപ്പം ആയിരുന്നു. ഇത് പെസഹ യാഗമൃഗത്തിന്റെ മാസം ആയിരുന്നില്ല. എന്നാൽ യേശു, ഒരു പ്രവചനം പോലെ, അതിനെ അവന്റെ മാംസം ആയി വ്യാഖ്യാനിച്ചു.  

 

യേശു അപ്പം എടുത്തു നുറിക്കിയത്, എല്ലാവരും അതിന്റെ ഒരു കഷണം ഭക്ഷിക്കുവാൻ വേണ്ടിയാണ്. അത് അവന്റെ ശരീരത്തിന്റെ പ്രതീകമാണ്. തിരുവത്താഴ സമയത്ത്, അപ്പം നുറുക്കി ഭക്ഷിക്കുക എന്നത്, യേശുക്രിസ്തു ക്രൂശ് മരണത്തിനായി സ്വയം ഏൽപ്പിച്ചുകൊടുത്ത രാത്രിയുടെയും, അവന്റെ ക്രൂശ് മരണത്തിന്റെയും, അതിലൂടെ നമുക്ക് ലഭിച്ച പാപ മോചനത്തിന്റെയും ഓർമ്മയ്ക്കായിട്ടാണ്. തിരുവത്താഴത്തിൽ നമ്മൾ ഭക്ഷിക്കുന്ന അപ്പത്തിന് യേശുക്രിസ്തുവിന്റെ ശരീരത്തോട് മാത്രമേ ബന്ധമുള്ളൂ. അതിന് ഒരു മാനുഷികമായ സംഘടനയോടോ, കൂടിവരവുകളോടോ, പ്രദേശത്തോടൊ, മതത്തോടൊ, ബന്ധമില്ല.

 

തിരുവത്താഴ സമയത്ത് നുറുക്കുന്ന അപ്പത്തിന് സഭ എന്ന ക്രിസ്തുവിന്റെ മർമ്മിക ശരീരത്തോട് ബന്ധമില്ല. അപ്പത്തിന്, ക്രൂശിൽ അനേകരുടെ പാപങ്ങൾക്ക് പരിഹാരമായി, തകർക്കപ്പെട്ട്, യാഗമായി തീർന്ന യേശുക്രിസ്തുവിന്റെ ശരീരത്തോട് ആണ് ബന്ധം ഉള്ളത്. ഇത് പൌലൊസ് 1 കൊരിന്ത്യർ 10:16,17 വാക്യങ്ങളിലും വ്യക്തമാക്കുന്നുണ്ട്.

 

കർത്താവ് അത്താഴം കഴിക്കുന്ന സമയത്ത്, യേശുക്രിസ്തു എന്ന യാഗ മൃഗം അറുക്കപ്പെട്ടിരുന്നില്ല. എന്നാൽ അവൻ അറുക്കപ്പെടുവാൻ മുൻ നിർണ്ണയിക്കപ്പെട്ടിരുന്നു.

 

മിസ്രയീമിൽ പെസഹ ആചരിച്ചപ്പോൾ, കുഞ്ഞാടു അറുക്കപ്പെട്ടത്തിന് ശേഷമാണ് യിസ്രായേൽ ജനം അതിന്റെ മാസം കഴിച്ചതു. എന്നാൽ ഇവിടെ, കുഞ്ഞാടു അറുക്കപ്പെടുന്നതിന് മുമ്പേ, നിർണ്ണയിക്കപ്പെട്ടിരിക്കുന്ന യാഗമൃഗത്തിന്റെ മാംസം ശിഷ്യന്മാർ ഭക്ഷിക്കുകയാണ്. ഇവിടെ യേശു പിന്തുടർന്നത് അനന്തരഫലമായ ഒരു ക്രമം അല്ല, യുക്തിപരമായ ഒരു ക്രമം ആണ്.

 

ഇന്ന് നമ്മൾ തിരുവത്താഴ സമയത്ത് അപ്പം നുറുക്കുന്നത് പാപത്തിന്റെ അടിമത്വത്തിൽ നിന്നുള്ള നമ്മളുടെ മോചനമായി യാഗമായി തീർന്ന യേശുക്രിസ്തുവിന്റെ ഓർമ്മയ്ക്കായി ആണ്. മിസ്രയീമിൽ പെസഹ ആചരിച്ചതോടെ യിസ്രായേൽ ജനത്തിന്റെ വിടുതൽ പൂർണ്ണമായില്ല, അവർ മശീഹയുടെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുക ആയിരുന്നു.

അതുപോലെ, പാപത്തിന്റെ അടിമത്വത്തിൽ നിന്നുള്ള നമ്മളുടെ വിടുതലും സമ്പൂർണ്ണമായിട്ടില്ല, നമ്മളുടെ കർത്താവിന്റെ വീണ്ടും വരവിങ്കൽ നമ്മളുടെ വിടുതൽ പൂർണ്ണമാകും എന്ന പ്രത്യാശയോടെ നമ്മൾ അതിനായി കാത്തിരിക്കുന്നു.

 

അപ്പം നുറുക്കി ഭക്ഷിച്ചതിന് ശേഷം യേശുവും ശിഷ്യന്മാരും പെസഹ അത്താഴത്തിന്റെ ഭാഗമായി വീഞ്ഞ് കുടിച്ചു.

 

യഹൂദന്മാരുടെ പെസഹ അത്താഴത്തിലെ പതിനൊന്നാമത്തെ ചടങ്ങ് പെരുനാളിന്റെ അത്താഴം ആണ്. പെസഹ അത്താഴത്തിൽ മൊത്തം നാല് കപ്പ് വീഞ്ഞു കുടിക്കുന്ന പതിവ് ഉണ്ട്. പെരുനാളിന്റെ അത്താഴത്തിനു മുമ്പ് രണ്ട് കപ്പ് വീഞ്ഞു കുടിച്ചു കഴിഞ്ഞു. അത്താഴത്തിന് ശേഷം, മാറ്റിവയ്ക്കപ്പെട്ട പെസഹ അപ്പത്തിന്റെ അവസാന ഭാഗം ഭക്ഷിക്കും. അപ്പം കഴിച്ചതിനു ശേഷം, ശേഷിക്കുന്ന രണ്ട് കപ്പ് വീഞ്ഞു കുടിക്കും.

 

പെസഹ അത്താഴത്തിലെ പതിമൂന്നാമത്തെ ചടങ്ങിനെ ബറൂഖ് എന്നു വിളിക്കുന്നു.

അത്താഴവും, മാറ്റി വയ്ക്കപ്പെട്ട അപ്പവും കഴിച്ചശേഷം പെസഹ പെരുനാളിന് ദൈവത്തോട് നന്ദി പറയുന്ന പ്രാർത്ഥന ആണിത്. ഈ പ്രാർത്ഥനയ്ക്ക് മുമ്പ്, മൂന്നാമത്തെ കപ്പ് വീഞ്ഞു ഒഴിക്കും. പ്രാർത്ഥനയ്ക്ക് ശേഷം ചാരി ഇരുന്നുകൊണ്ട് വീഞ്ഞു കുടിക്കും. അതിന് ശേഷം നാലാമത്തെ കപ്പ് വീഞ്ഞു നിറയ്ക്കും. ഒപ്പം, പ്രവാചകനായ ഏലിയാവിന് എന്നു പറഞ്ഞുകൊണ്ടു മാറ്റി വയ്ക്കുന്ന ഒരു കപ്പ് വീഞ്ഞു കൂടി നിറച്ചു വയ്ക്കും. എന്നാൽ ഏലിയവിന് മാറ്റിവയ്ക്കുന്ന വീഞ്ഞ് പെസഹ അത്താഴത്തിന്റെ ഭാഗമായി ആരും കുടിക്കാറില്ല.

 

1 കൊരിന്ത്യർ 11:25 ൽ പറയുന്നത് “അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു” എന്നാണ്. അതിനാൽ അത്താഴം കഴിഞ്ഞതിനു ശേഷമുള്ള രണ്ട് കപ്പ് വീഞ്ഞിൽ ഒന്നാണ് യേശു ശിഷ്യന്മാരുമായി പങ്ക് വച്ചത് എന്നു തീരുമാനിക്കാം.

 

1 കൊരിന്ത്യർ 10:16 ൽ ഇതിനെ “അനുഗ്രഹപാത്രം” എന്നാണ് വിളിക്കുന്നത്. അതിനാൽ ഇത് മൂന്നാമത്തെ കപ്പ് വീഞ്ഞ് ആയിരിക്കാം. കാരണം മൂന്നാമത്തെ കപ്പ് വീഞ്ഞിനായി പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്. ഇതിനെ “അനുഗ്രഹത്തിന്റെ കപ്പ്” എന്നു വിളിക്കാറുണ്ടായിരുന്നു. അത് അത്താഴത്തിന് ശേഷം കുടിക്കുന്ന വീഞ്ഞ് ആണ്. നാലാമത്തെ കപ്പ് വീഞ്ഞിനെ “സ്തുതിയുടെ കപ്പ്” എന്നാണ് വിളിക്കാറ്.   

 

മൂന്നാമത്തെ കപ്പ് വീഞ്ഞ് പെസഹ ആചാരത്തിൽ പ്രധാനപ്പെട്ടതാണ്. ഇതുവരെയും ഭൂതകാലത്തെ ഓർമ്മിക്കുന്ന ആചാരങ്ങൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ മൂന്നാമത്തെ കപ്പ് ഭാവിയിലേക്ക് നോക്കുന്നു.


പുറപ്പാടു 6:6, 7 വാക്യങ്ങളിൽ ദൈവം പറയുന്ന നാല് വിടുതലിന്റെ വാഗ്ദത്തങ്ങളെ ആണ് നാല് കപ്പ് വീഞ്ഞു സൂചിപ്പിക്കുന്നത്. ഈ വാഗ്ദത്തങ്ങൾ ഇവയാണ്:

 

1.     വിശുദ്ധീകരണത്തിന്റെ കപ്പ്: നിങ്ങളെ ഉദ്ധരിക്കും

2.    വിടുതലിന്റെ കപ്പ്: നിങ്ങളെ വിടുവിക്കും

3.    വീണ്ടെടുപ്പിന്റെ കപ്പ്: നിങ്ങളെ വീണ്ടെടുക്കും

4.    പുനസ്ഥാപനത്തിന്റെ കപ്പ്: നിങ്ങളെ എനിക്കു ജനമാക്കിക്കൊള്ളും

 

മൂന്നാമത്തെ കപ്പ് വീഞ്ഞ് വിടുതലിന്റെ മൂന്നാമത്തെ വാഗ്ദത്തത്തിന്റെ പ്രതീകം ആണ്. അത്, നിങ്ങളെ വീണ്ടെടുക്കും എന്നതാണ്. ഇതാണ് യേശുക്രിസ്തുവിന്റെ രക്തം നമുക്ക് വേണ്ടി ചെയ്തത്. പാപത്തിന്റെ അടിമത്വത്തിൽ നഷ്ടപ്പെട്ടു പോയിരുന്ന നമ്മൾ അവന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ ആയി.   

 

ലൂക്കോസ് 22:17-20 വരെയുള്ള വാക്യങ്ങളിൽ, രണ്ട് പ്രാവശ്യം വീഞ്ഞ് കുടിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് രണ്ടും ഒരേ പ്രവർത്തി ആയിരിക്കുവാനാണ് സാദ്ധ്യത. ലൂക്കൊസ് അത് ആവർത്തിച്ചു പറയുന്നതേയുള്ളൂ. 17 ആം വാക്യത്തിൽ, “പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി” എന്നു പറയുന്നു. 20 ആം വാക്യത്തിൽ, “അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു” എന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. അത്താഴത്തിനു ശേഷമുള്ളത് മൂന്നാമത്തെ വീഞ്ഞ് കപ്പ് ആണ്.

 

മത്തായി പറയുന്ന വിവരണം അനുസരിച്ച്, മൂന്നാമത്തെ കപ്പ് വീഞ്ഞ് ശിഷ്യന്മാരുമായി പങ്കിട്ടു കുടിച്ച ശേഷം, യേശു ഇങ്ങനെ പറഞ്ഞു:    

 

മത്തായി 26:29,30

29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

30 പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.

 

അതായത് നാലാമത്തെ കപ്പ് വീഞ്ഞ് യേശു കുടിച്ചില്ല. നാലാമത്തെ കപ്പ് വീഞ്ഞിനെ “സ്തുതിയുടെ കപ്പ്” എന്നാണ് വിളിക്കാറ്. ഇതിനെ പുനസ്ഥാപനത്തിന്റെയും പൂർത്തീകരണത്തിന്റെയും പ്രതീകമായാണ് യഹൂദന്മാർ കണ്ടിരുന്നത്. ഇത്, ദൈവം തന്റെ ജനത്തെ അവന്റെ ജനമായി സ്വീകരിക്കും എന്നതിന്റെ ഉറപ്പാണ്. ഇവിടെയാണ് ലൂക്കോസ് 22:18 ആം വാക്യത്തിന്റെ പ്രസക്തി.  

 

ലൂക്കോസ് 22:18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

 

ദൈവരാജ്യം അതിന്റെ സമ്പൂർണ്ണതയിൽ നിവർത്തിയാകുമ്പോൾ മാത്രമേ, ദൈവജനത്തിന്റെ പുനസ്ഥാപനവും രക്ഷയുടെ പൂർത്തീകരണവും ഉണ്ടാകൂ. അന്നുമാത്രമേ, യേശു നാലാമത്തെ കപ്പ് വീഞ്ഞ് കുടിക്കുകയുള്ളൂ. മത്തായി പറയുന്നത്, വീണ്ടെടുക്കപ്പെട്ട ദൈവ ജനത്തോടൊപ്പം മാത്രമേ യേശുക്രിസ്തു നാലാമത്തെ കപ്പ് വീഞ്ഞ് കുടിക്കുകയുള്ളൂ, എന്നാണ്.

 

മൂന്നാമത്തെ കപ്പ് വീഞ്ഞ് കുടിച്ച ശേഷം യേശുവും ശിഷ്യന്മാരും “സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.” (മത്തായി 26:30).

 

തിരുവത്താഴത്തിന്റെ വിവരണത്തിൽ,  പാനപാത്രത്തിൽ നിന്നും വീഞ്ഞ് കൂടിക്കുന്നതിനെക്കുറിച്ച്, ലൂക്കോസ് ഒരു കാര്യം പ്രത്യേകം പറയുന്നുണ്ട്. മത്തായി 26:27 ൽ യേശുക്രിസ്തു വീഞ്ഞ് നിറച്ച കപ്പ് എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തിട്ട്, “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ” എന്നു പറഞ്ഞു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മർക്കോസ് 14:23 ൽ “എല്ലാവരും അതിൽനിന്നു കുടിച്ചു” എന്നു പറയുന്നു. എന്നാൽ ലൂക്കോസ് സുവിശേഷം എഴുതിയത് യഹൂദ പശ്ചാത്തലം ഇല്ലാത്ത ക്രിസ്തീയ വിശ്വാസികളെ മുഖ്യമായും മുന്നിൽ കണ്ടുകൊണ്ടാണ്. അതിനാൽ അവർക്ക് ആശയക്കുഴപ്പം ഉണ്ടാകാത്ത വിധത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: “ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ”

 

യഹൂദന്മാർ ആചരിച്ചിരുന്ന പെസഹ അത്താഴത്തിൽ നാല് കപ്പ് വീഞ്ഞ് അവർ വ്യത്യസ്ത സന്ദർഭങ്ങളിൽ ആയി കുടിക്കുമായിരുന്നു. എന്നാൽ ഓരോരുത്തർക്കും നാല് കപ്പുകൾ ഇതിനായി ഉണ്ടായിരുന്നില്ല. പെസഹ മേശമേൽ ഒരു വ്യക്തിയുടെ മുന്നിൽ ഒരു കപ്പ് മാത്രമേ വീഞ്ഞ് കുടിക്കുവാനായി ഉണ്ടാകൂ.

ഓരോ വ്യക്തിയും അദ്ദേഹത്തിന്റെ മുന്നിൽ ഉള്ള ഒരു കപ്പിൽ തന്നെയാണ് വീണ്ടും വീഞ്ഞ് നിറച്ചു കൂടിച്ചുകൊണ്ടിരുന്നത്. യേശു ഒരു വീഞ്ഞ് നിറച്ച കപ്പ്, എടുത്തു സ്തോത്രം ചൊല്ലി ശിഷ്യന്മാർക്ക് കൊടുത്തു. അവർ പതിവുപോലെ അവരുടെ എല്ലാവരുടെയും കപ്പിൽ അത് പകർന്നു, എല്ലാവരും കുടിച്ചു. അതാണ് ലൂക്കോസ് വ്യക്തമാക്കിയത്, “ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ” (ലൂക്കോസ് 22:17).

 

“പങ്കിടുക” എന്നു പറയുവാൻ ലൂക്കോസ് ഉപയോഗിച്ച ഗ്രീക്ക് വാക്ക്, “ഡിയമെറിഡ്സോ” എന്നതാണ്. ഈ വാക്കിന്റെ അർത്ഥം, പകുക്കുക, കഷണങ്ങൾ ആയി മുറിക്കുക, വിതരണം ചെയ്യുക എന്നിങ്ങനെയാണ്. ഇതിൽ നിന്നും ലൂക്കോസ് ഉദ്ദേശിച്ചത് എന്താണ് എന്നു വ്യക്തമാണ്. കപ്പിലെ വീഞ്ഞ് ശിഷ്യന്മാർ പങ്കിട്ടെടുക്കേണം എന്നാണ്. അതിനാൽ അവർ എല്ലാവരും ഒരു കപ്പിൽ നിന്നും കുടിക്കുക ആയിരുന്നില്ല, യേശു കൊടുത്ത കപ്പിൽ നിന്നും വീഞ്ഞ് അവരുടെ കപ്പിലേക്ക് പകർന്നു കുടിക്കുക ആയിരുന്നു എന്നു മനസ്സിലാക്കാം.   

 

അപ്പം ഭക്ഷിക്കുവാനായി ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ, അത് അവന്റെ ഓർമ്മയ്ക്കായി ആവർത്തിച്ചു ചെയ്യേണം എന്ന കൽപ്പന യേശു അവർക്കു നല്കി. എന്നാൽ, ഈ  വാചകം മത്തായി, മർക്കോസ് എന്നിവർ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ലൂക്കോസ് ഈ വാചകം രേഖപ്പെടുത്തിയിട്ടുണ്ട്:  

 

അപ്പൊസ്തലനായ പൌലൊസ് ഈ വാചകം രണ്ട് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പം നുറുക്കി കൊടുത്തപ്പോഴും, വീഞ്ഞ് കുടിക്കുവാൻ കൊടുത്തപ്പോഴും യേശു ഇങ്ങനെ പറഞ്ഞതായാണ് പൌലൊസ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

കർത്താവിന്റെ മേശയിങ്കൽ, അപ്പം നുറുക്കി ഭക്ഷിക്കുന്നതും, പാനപാത്രത്തിൽ നിന്നും വീഞ്ഞ് കുടിക്കുന്നതും യേശുക്രിസ്തുവിന്റെ ഓർമ്മയ്ക്കായി ആണ്. ഇവിടെ എന്താണ് നമ്മൾ പ്രത്യേകമായി ഓർക്കേണ്ടത് എന്നാണ് പൌലൊസ് 23 ആം വാക്യത്തിൽ പറഞ്ഞത്:

 

കർത്താവിന്റെ അത്താഴം ആചരിക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത്, “ കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ” എന്ത് സംഭവിച്ചു എന്നാണ്. ഇതിനെക്കുറിച്ചുള്ള ഹൃസ്വവും സമഗ്രവും ആയ ഒരു വിവരണം ആണ്, യേശുവിന്റെ ജനനത്തിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ്, യെശയ്യാവ് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

 

കർത്താവിന്റെ അത്താഴം യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ ഓർക്കുന്ന അവസരമാണ്. അപ്പം തകർക്കപ്പെട്ട അവന്റെ ശരീരവും, വീഞ്ഞ് നമ്മളുടെ പാപമോചനത്തിനായി ചൊരിഞ്ഞ പുതിയനിയമത്തിന്റെ രക്തവും ആണ്. ഇതാണ് പൌലൊസ് 1 കൊരിന്ത്യർ 11:26 ൽ പറയുന്നത്:

 

കർത്താവിന്റെ അത്താഴത്തേകുറിച്ച് ഉള്ള വിവരണം പൌലൊസ് ആരംഭിക്കുന്നത് “കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ” എന്നു പറഞ്ഞുകൊണ്ടാണ്. അവസാനിപ്പിക്കുന്നത്, “കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” എന്നു പറഞ്ഞുകൊണ്ടും ആണ്. തിരുവത്താഴ ശുശ്രൂഷ ആദിയോടന്തം കർത്താവിന്റെ ക്രൂശ് മരണത്തെക്കുറിച്ചാണ്.

 

പൌലൊസ് തിരുവത്താഴത്തേക്കുറിച്ചുള്ള വിവരണം ഇവിടെ അവസാനിപ്പിക്കുകയാണ്. എന്നാൽ മത്തായി, മർക്കോസ് എന്നിവർ പെസഹ അത്താഴത്തിനു ശേഷം യേശുവും ശിഷ്യന്മാരും, അതിന്റെ ആചാരം അനുസരിച്ച് സ്തോത്രം പാടിയശേഷം ഒലീവ് മലയിലേക്ക് പോയി, എന്നു കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് “പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി” എന്നും എഴുതിയിട്ടുണ്ട്.

 

സ്തോത്രം പാടുന്നത്, പെസഹ അത്താഴത്തിലെ പതിനാലാമത്തെ ചടങ്ങ് ആണ്. ഇതിനെ ഹല്ലേൽ എന്നാണ് വിളിക്കുക. ഹല്ലേൽ, സ്തുതിയുടെ കീർത്തനങ്ങൾ ആണ്. 113 മുതൽ 118 വരെയുള്ള ആറ് സങ്കീർത്തനങ്ങൾ ആണ് “ഹല്ലേൽ” എന്നു അറിയപ്പെടുന്നത്. 113, 114 എന്നീ സങ്കീർത്തങ്ങൾ, പെരുനാളിന്റെ അത്താഴത്തിനു മുമ്പ് ചൊല്ലും. 115 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങൾ അത്താഴത്തിനു ശേഷം ചൊല്ലും. അതിന് ശേഷം 136 ആം സങ്കീർത്തനവും, മറ്റൊരു സ്തുതി ഗീതവും പാടും. ശേഷം, മുന്തിരി ഫലത്തിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയോടെ നാലാമത്തെ കപ്പ് വീഞ്ഞു കുടിക്കും. എന്നാൽ യേശുവും ശിഷ്യന്മാരും നാലാമത്തെ കപ്പ് വീഞ്ഞ് കുടിച്ചില്ല. മൂന്നാമത്തെ കപ്പ് വീഞ്ഞ് കുടിച്ചപ്പോൾ തന്നെ, “എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല” എന്നു യേശു പറഞ്ഞിരുന്നു.

 

പെസഹ അത്താഴത്തിനു ശേഷം, യേശുവും ശിഷ്യന്മാരും സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി. ഒലീവ് മല, യേശു അനേകരുടെ പാപം തന്റെമേൽ ഏറ്റെടുക്കുന്ന ഇടം ആണ്. അവിടെ അവൻ ക്രൂശിക്കപ്പെടുവാനായി, മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരത്തിന്റെയും റോമന്‍ പടയാളികളുടെയും കൈയിൽ, സ്വയം ഏൽപ്പിക്കും.

 



അയോഗ്യത

 

കർത്താവിന്റെ അത്താഴത്തേകുറിച്ചു ലഭിച്ച വെളിപ്പാടിന്റെ വിവരണത്തിന് ശേഷം, പൌലൊസ്, അതിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടുന്ന പ്രമാണത്തെക്കുറിച്ച് പറയുന്നു. ആരും “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ” ചെയ്യരുതു.

 

അയോഗ്യമായി കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൊരിന്ത്യ സഭയിൽ ഞെട്ടിപ്പിക്കുന്ന തരത്തിൽ കൂടുതൽ ആയിരുന്നു. അതിനാൽ പൌലൊസ് അവർക്കു മുന്നറിയിപ്പ് കൊടുത്തു: അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. അവർക്ക് ശിക്ഷാവിധി ഉണ്ട്. കർത്താവിന്റെ അത്താഴത്തിന്റെ സമയം, നമ്മളുടെ പാപങ്ങൾക്ക് പരിഹാരമായി തീർന്ന യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെക്കുറിച്ച് ഗൌരമായി ധ്യാനിക്കുന്ന സമയമാണ്. അത് കർത്താവിന്റെ ശരീരത്തോട് എല്ലാവരും ഒന്നായി ചേരുന്ന അവസരമാണ്. 

 

കർത്താവിന്റെ അത്താഴത്തെ ഗൌരവമായി കാണാത്തവർക്കുള്ള ശിക്ഷ പൌലൊസ് പറയുന്നുണ്ട്: അവരിൽ പലരും ബലഹീനരും രോഗികളും ആകുന്നു; ചിലർ മരിക്കുന്നു.

 

അയോഗ്യതയെക്കുറിച്ച് സുവിശേഷ രചയിതാക്കൾ യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ അത് ഒരുവന്റെ ആത്മീയ തകർച്ചയ്ക്ക് ഹേതുവാകാം എന്ന ധ്വനി യോഹന്നാൻ നല്കുന്നുണ്ട്. ശിഷ്യന്മാരുമായി പെസഹ അത്താഴം കഴിക്കുവാൻ ഇരുന്നപ്പോൾ, യേശു, “ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി. ഇതിന് ശേഷം യേശു അത്താഴം കഴിക്കുവാനായി ഇരുന്നു. അപ്പോൾ അവന്റെ ഉള്ളം കലങ്ങി, “നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. “കർത്താവേ, അതു ആർ” എന്നു “ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ” ചോദിച്ചു. അതിന് ശേഷമുള്ള സംഭവം യോഹന്നാൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 

 

യോഹന്നാൻ 13:26, 27

26 ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.

27 ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

 

ഇവിടെ അയോഗ്യമായി അപ്പം ഭക്ഷിച്ച യൂദയുടെ ഉള്ളിൽ സാത്താൻ കടന്നു എന്നു പറയുന്നു. ഇത്, അയോഗ്യമായി അപ്പം ഭക്ഷിക്കുന്നവരുടെമേൽ സമാനമായ ശിക്ഷാവിധി ഉണ്ടാകുവാൻ ഇടയുണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.

 

അതായത്, കർത്താവിന്റെ മേശ അയോഗ്യമായി കഴിക്കുന്നതിന്റെ ശിക്ഷാവിധി, ആലങ്കാരികമായോ, പ്രതീകാത്മകമായോ, സൂചനയായോ പൌലൊസ് പറഞ്ഞതല്ല. അത് ആക്ഷരീകമായി ഒരുവനിൽ സംഭവിക്കുന്നതാണ്.

 

27 ആം വാക്യത്തിൽ പൌലൊസ് പറയുന്നത്, “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.” എന്നാണ്. അപ്പം കർത്താവിന്റെ ശരീരത്തെയും വീഞ്ഞ് കർത്താവിന്റെ രക്തത്തെയും ആണ് പ്രതിനിധീകരിക്കുന്നത്.

അയോഗ്യൻ കുറ്റം ചെയ്യുന്നത് യേശുക്രിസ്തുവിന്റെ ശരീരത്തോടും രക്തത്തോടും ആണ്. ശരീരം, രക്തം എന്നത്, നമ്മളുടെ പാപങ്ങളുടെ പരിഹാരത്തിനായി തകർക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരവും, യാഗമായി തീർന്ന അവന്റെ ജീവന്റെ രക്തവും ആണ്. ഇത് സഭ എന്ന കർത്താവിന്റെ ശരീരത്തെക്കുറിച്ചല്ല പറയുന്നത്. ഇതാണ് അയോഗ്യമായി കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്നതിന്റെ കുറ്റം. അയോഗ്യൻ ദൈവീക ശിക്ഷാവിധി തിന്നുകയും, കുടിക്കുകയും ചെയ്യുന്നു.

 

28, 29 വാക്യങ്ങൾ, ഒരുവൻ യോഗ്യനാണോ എന്നു അറിയുവാൻ എന്ത് ചെയ്യേണം എന്നു പൌലൊസ് പറയുന്നു. ഇവിടെ ചില പ്രമാണങ്ങളുടെ പട്ടിക അദ്ദേഹം നിരത്തുന്നില്ല. അതിന് പകരം, ഒരുവൻ തന്നെത്താൻ ശോധന ചെയ്യേണം എന്നും ശരീരത്തെ വിവേചിക്കേണം എന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇതിനെ കൊരിന്ത്യയിലെ സാമൂഹിക ജീവിതവും, അത് സഭയിലേക്ക് എത്രമാത്രം കടന്നുകയറിയിരുന്നു എന്നതിന്റെയും പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കുവാൻ. കൊരിന്ത്യർക്ക് എഴുതിയ കത്തിൽ ഈ ഗൌരവമായ ജീർണ്ണത അദ്ദേഹം വിവരിക്കുന്നുണ്ട്. കൊരിന്ത്യ സമൂഹത്തിന്റെ പാപത്തിൽ ജീവിക്കുന്നവർ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാൻ അയോഗ്യരാണ് എന്നുതന്നെയാണ് പൌലൊസ് അർത്ഥമാക്കുന്നത്. ഓരോ വിശ്വാസിയും സ്വയം പരിശോധിച്ചുനോക്കി തീരുമാനമെടുക്കുവാൻ പൌലൊസ് വിട്ടുകൊടുക്കുന്നു.

കാരണം, പാപത്തെ എങ്ങനെ എതിരിടേണം എന്നു അദ്ദേഹം ഈ ലേഖനത്തിൽ വിശദമായി പറയുന്നുണ്ട്. സ്വയം പരിശോധിച്ചുനോക്കി, യോഗ്യർ എന്നു കാണുന്നവർ തിരുവത്താഴം ഭക്ഷിക്കട്ടെ.

 

അതിനുശേഷം, അയോഗ്യമായി കർത്താവിന്റെ മേശയിൽ പങ്കെടുത്ത കൊരിന്ത്യർ അനുഭവിക്കുന്ന ശിക്ഷാവിധിയുടെ ഒരു പട്ടിക പൌലൊസ് പറയുന്നു.

 

1 കൊരിന്ത്യർ 11:30 ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.

 

 വാക്യത്തെ, ആത്മീയമായ ശിക്ഷകളായി ചിത്രീകരിച്ചു, അയോഗ്യമായി കർത്താവിന്റെ അത്താഴം കഴിക്കുന്നതിന്റെ ശിക്ഷാവിധിയെ ലഘൂകരിക്കുവാൻ ഇന്നത്തെ ക്രൈസ്തവ വിശ്വാസികൾ ശ്രമിക്കാറുണ്ട്. ഈ വാചകത്തെ അത് എഴുതിയ പൌലൊസ് ഏത് അർത്ഥത്തിൽ എഴുതിയോ, ഇതിനെ കൊരിന്ത്യയിലെ സഭ എങ്ങനെ മനസ്സിലാക്കിയോ, അതാണ് ഇതിന്റെ ശരിയായ അർത്ഥം. കൊരിന്ത്യ ലേഖനം വായിക്കുമ്പോൾ, അവരുടെ ഇടയിൽ നിലനിന്നിരുന്ന പാപ പ്രവർത്തികൾ നമുക്ക് ബോധ്യമാകും.

അതിനാൽ അവരിൽ ചിലർ ശിക്ഷാവിധി അനുഭവിക്കുന്നു എന്നത് ഇവിടെ വ്യക്തമാകുന്നു. ഇത് ശാരീരികമായ ബാലഹീനതയും, രോഗവും, മരണവും ആണ്. പാപത്തെ ബലഹീനത എന്നു വിളിച്ച് ന്യായീകരിക്കുന്ന രീതി പൌലൊസിനോ, ആദ്യ കാല സഭയക്കോ ഇല്ലായിരുന്നു എന്നതിനാൽ, ബലഹീനത, ശാരീരികമായത് തന്നെയാണ്. നിദ്രകൊള്ളുന്നുഎന്ന വാക്ക് മരണത്തെ സൂചിപ്പിക്കുന്നതാണ്.

 

1 കൊരിന്ത്യർ 15:52 ലും മരണത്തെക്കുറിച്ച് പറയുവാൻ പൌലൊസ് “നിദ്ര” എന്ന പദം ഉപയോഗിക്കുന്നുണ്ട്.

 

ഈ പശ്ചാത്തലത്തിൽ, ശാരീരിക ബലഹീനത, രോഗം, അകാല മരണം എന്നിവയിൽ ആത്മീയ തകർച്ചയും ഉണ്ട്. എല്ലാ പാപങ്ങളും ആത്മീയ മലിനീകരണത്തിന് ഹേതുവാണ്. അത് നമ്മളുടെ ജീവിതത്തിലേക്ക് പിശാചിന് വാതിൽ തുറന്നുകൊടുക്കുകയാണ്. അതാണ് യൂദാ ഈസ്കര്യോത്താവിന്റെ ജീവിതത്തിൽ സംഭവിച്ചത്.

 

അയോഗ്യമായി കർത്താവിന്റെ അത്താഴം ഭക്ഷിക്കുന്നവരിൽ പലരും, അത് ഹേതുവായി ബലഹീനരും രോഗികളും, നിദ്രകൊള്ളുന്നവരും ആകുന്നു എന്നു പൌലൊസ് പറയുമ്പോൾ, അതിന് മറ്റൊരു വശം കൂടി ഉണ്ട് (1 കൊരിന്ത്യർ 11:30). അതേ വാക്യത്തെ നമുക്ക് ഇങ്ങനെയും മനസ്സിലാക്കാം: കർത്താവിന്റെ അത്താഴം യോഗ്യമായി ഭക്ഷിക്കുന്നവരിൽ പലരും, അത് ഹേതുവായി ശക്തരും, രോഗസൌഖ്യം പ്രാപിച്ചവരും, ബാലശിക്ഷ എന്ന നിലയിലുള്ള മരണത്തെ അതിജീവിച്ചവരും ആകുന്നു.

 

യിസ്രായേൽ ജനം നാനൂറിൽ അധികം വർഷങ്ങൾ മിസ്രയീമിൽ അടിമത്വത്തിൽ ആയിരുന്നു. അവർ കൊടിയ പീഡനങ്ങളിലൂടെയാണ് കടന്നുപോയത്. അതിനാൽ അവരിൽ രോഗികളും, ശാരീരികമായി ബലഹീനരും, ഉണ്ടായിരിക്കുവാൻ സാദ്ധ്യത ഉണ്ട്. എന്നാൽ പെസഹ ആചരിച്ചു, മിസ്രയീം വിട്ടു അവർ പുറപ്പെട്ടപ്പോൾ, അവരിൽ ആരും ബലഹീനരോ, രോഗികളോ ആയിരുന്നില്ല. കുഞ്ഞാടിന്റെ മാംസം അവരെ സൌഖ്യമാക്കി.

 

സങ്കീർത്തനം 105:37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

 

1 കൊരിന്ത്യർ 11:32 ആം വാക്യത്തിൽ പൌലൊസ് പറയുന്നു, “വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.” അയോഗ്യമായി കർത്താവിന്റെ അത്താഴം ഭക്ഷിക്കുന്നത് മൂലമുണ്ടാകുന്ന ശിക്ഷാവിധി, അന്തിമമായ ശിക്ഷാവിധി അല്ല, അത് നമ്മളെ തിരുത്തിയെടുക്കുവാനുള്ള ബാലശിക്ഷ മാത്രമാണ് എന്നാണ് പൌലൊസ് ഇവിടെ ഉദ്ദേശിക്കുന്നത്.

 



1 കൊരിന്ത്യർ 10 ആം അദ്ധ്യായം

 

1 കൊരിന്ത്യർ 10:14 മുതൽ 22 വരെയുള്ള വാക്യങ്ങളിൽ കർത്താവിന്റെ അത്താഴം കഴിക്കുന്നവന്റെ യോഗ്യത പൌലൊസ് പറയുന്നുണ്ട്. ഈ വേദഭാഗം വിഗ്രഹാർപ്പിതമായ ഭക്ഷണം കഴിക്കാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നല്കുന്നത്. വിഗ്രഹാർപ്പിതം എന്നത് ഇവിടെ അർത്ഥമാക്കുന്നത് എന്താണ് എന്നു പൌലൊസ് വ്യക്തമാക്കുന്നുണ്ട്. അത് വിഗ്രഹങ്ങൾക്ക് യാഗമായി അർപ്പിക്കുന്ന പൂജാ ദ്രവ്യങ്ങൾ ആണ്. ഇത് അങ്ങാടിയിൽ വിൽക്കുന്ന ഭക്ഷണമോ, അവിശ്വാസിയായ ഒരുവൻ വിരുന്നിന് വിളമ്പുന്ന ഭക്ഷണമോ അല്ല.

 

“യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ” ആണ് എന്നതിനാൽ, വിഗ്രഹങ്ങൾക്ക് പൂജാദ്രവ്യങ്ങൾ ആയോ, യാഗമായോ അർപ്പിക്കുന്ന ഭക്ഷണ വസ്തുക്കൾ, അതിനാൽ ദേവ പ്രസാദം ലഭിക്കും എന്ന വിശ്വാസത്തോടെ ഭക്ഷിക്കരുതു എന്നു പൌലൊസ് ഉപദേശിക്കുന്നു. ഇത് കൊരിന്തിലെ ഒരു സാമൂഹിക പ്രശ്നം ആയിരുന്നു. എന്നാൽ “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നുതന്നെയാണ് അദ്ദേഹത്തിന്റെ കൽപ്പന.

 

കർത്താവിന്റെ മേശ ഒരു യാഗപീഠമാണ്. ഇവിടെ കർത്താവിന്റെ തിരുബലി നമ്മൾ ഓർക്കുകയാണ്. ഇത് ജാതികളുടെ ബലിയുമായി ചേർന്ന് പോകുന്നില്ല. അതിനാൽ വിഗ്രഹങ്ങൾക്ക് ബലിയായി അർപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത്, കർത്താവിന്റെ അത്താഴം കഴിക്കുന്നതിന് ഒരു അയോഗ്യത ആണ്.

 

ഇവിടെ പൌലൊസ് കർത്താവിന്റെ മേശയിലെ വീഞ്ഞിനെ, “അനുഗ്രഹപാത്രം” എന്നാണ് വിളിക്കുന്നത്. ഇത് യഹൂദന്മാരുടെ പെസഹയിലെ മൂന്നാമത്തെ കപ്പ് വീഞ്ഞിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ കപ്പ്, തിരുവത്താഴ ശുശ്രൂഷയിൽ “ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ” ആണ്. “നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ” ആണ് (10:16). ഇങ്ങനെ ഒരു കൂട്ടായ്മ ബന്ധം വിഗ്രഹങ്ങളോടു ഉണ്ടാകുന്നത് കർത്താവിന്റെ മേശയിൽ പങ്ക് ചേരുന്നതിന് അയോഗ്യത ആണ്.

 

1 കൊരിന്ത്യർ 10:17 ആം വാക്യത്തിൽ, യേശുക്രിസ്തു എന്ന ഒരു അപ്പം, പാലരായ നമ്മളെ ഒരു ശരീരം ആക്കുന്നു എന്നു പൌലൊസ് പറയുന്നു. യേശു പുളിപ്പില്ലാത്ത പെസഹ അപ്പം നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ, “ഇതു എന്റെ ശരീരം” എന്നാണ് വിശേഷിപ്പിച്ചത്. അപ്പം ഈ ഭൂമിയിലെ ഒരു സംഘടയുടെയോ, സഭാ വിഭാഗത്തിന്റെയോ, മതത്തിന്റെയോ പ്രതീകം അല്ല. അത് യേശുവിന്റെ ശരീരം ആണ്. അതിലേക്ക്, അവന്റെ ക്രൂശിലെ യാഗത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു ശരീരമായി ചേരുകയാണ്. അങ്ങനെ കർത്താവിന്റെ അത്താഴം ഭക്ഷിക്കുന്ന എല്ലാവരും യേശുവിന്റെ ശരീരത്തിന്റെ അംശികൾ ആകുന്നു. ഇത് യേശുവിന്റെ മർമ്മിക ശരീരം എന്ന സഭയുടെ അംശികൾ ആകുന്നത് അല്ല. തിരുവത്താഴ ശുശ്രൂഷയിലെ അപ്പം, അനേകർക്ക് വേണ്ടി, ക്രൂശിൽ തകർക്കപ്പെട്ട്, യാഗമായി തീർന്ന യേശുവിന്റെ ശരീരം ആണ്.

 

വിഗ്രഹങ്ങൾക്ക് യാഗമായി അർപ്പിച്ച പൂജാദ്രവ്യങ്ങൾ ഭക്ഷിക്കുന്നവർ, ഭൂതങ്ങളുടെ ശരീരത്തിന് അംശികൾ ആകുന്നു എന്ന ധ്വനി ഇവിടെ ഉണ്ട്. അതിനാൽ, “നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.”

ഈ ഉപദേശത്തെ ലംഘിക്കുന്നവർ “കർത്താവിന്നു ക്രോധം ജ്വലിപ്പിക്കു”ന്നവർ ആണ് എന്നു കൂടി പറഞ്ഞുകൊണ്ട് പൌലൊസ്, 1 കൊരിന്ത്യർ 10 ആം അദ്ധ്യായത്തിലെ ഉപദേശങ്ങൾ അവസാനിപ്പിക്കുന്നു.

 

കോറം ഡെയോ

 

കർത്താവിന്റെ അത്താഴത്തേക്കുറിച്ചുള്ള പൌലൊസിന്റെ വെളിപ്പാടുകൾ പല ഉദ്ദേശ്യങ്ങളും നിവർത്തിക്കുന്നുണ്ട്. അത് കർത്താവിന്റെ മേശയെ യഹൂദന്മാരുടെ പെസഹയിൽ നിന്നും അടർത്തിമാറ്റി. ഭൂതകാലത്ത്, മിസ്രയീമിൽ വച്ച് സംഭവിച്ച വിടുതലിന്റെ ഓർമ്മയാണ് യഹൂദന്റെ പെസഹ പെരുനാൾ. പുതിയനിയമ സഭയുടെ കർത്താവിന്റെ അത്താഴം, നമ്മളുടെ കർത്താവിന്റെ മരണത്തിന്റെയും അതിലൂടെ നമുക്ക് ലഭിച്ച വിടുതലിന്റെയും ഓർമ്മയാണ്. അത്, “നിങ്ങളെ വീണ്ടെടുക്കും” എന്ന വാഗ്ദത്തത്തിന്റെ നിവർത്തിയാണ്.  

 

യേശു എന്ത് ചെയ്തു തീർത്തു എന്നു മാത്രമല്ല, ഇനി എന്ത് ചെയ്യും എന്നതിന്റെ പ്രത്യാശയും കർത്താവിന്റെ അത്താഴത്തിൽ ഉണ്ട്. അതാണ് പൌലൊസ് പറഞ്ഞത്:

 

1 കൊരിന്ത്യർ 11:26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

 

കർത്താവ് വീണ്ടും വരും. അവൻ ശേഷിക്കുന്ന വാഗ്ദത്തമായ, “നിങ്ങളെ എനിക്കു ജനമാക്കിക്കൊള്ളും” എന്നത് നിവർത്തിക്കും. അതിന്റെ നിവർത്തിയിൽ നാലാമത്തെ കപ്പ് വീഞ്ഞ്, വീണ്ടെടുക്കപ്പെട്ട ദൈവജനത്തോടൊപ്പം യേശുക്രിസ്തു കുടിക്കും. വരുവാനിരിക്കുന്ന ആ കുഞ്ഞാടിന്റെ വിവാഹ സദ്യയിൽ, യേശുവിന്റെ പരമായാഗത്തിൽ വിശ്വസിച്ച്, രക്ഷിക്കപ്പെട്ട ദൈവജനം, അവനോടപ്പം പങ്ക് ചേരും. ഈ വലിയ പ്രത്യാശയോടെയാണ് പൌലൊസ് അവന് ലഭിച്ച വെളിപ്പാട് അവസാനിപ്പിക്കുന്നത്.

 

1 കൊരിന്ത്യർ 11 ആം അദ്ധ്യായത്തിൽ, അപ്പൊസ്തലനായ പൌലൊസിന് ലഭിച്ച വെളിപ്പാടുകളെ അടിസ്ഥാനമാക്കി, കർത്താവിന്റെ അത്താഴത്തേക്കുറിച്ചുള്ള, പഠനത്തിന്റെ രണ്ടാമത്തെയും, അവസാനത്തെയും ഭാഗം ഇവിടെ അവസാനിക്കുന്നു. ഒന്നാമത്തെ ഭാഗം കെട്ടിട്ടില്ലാത്തവരെ, അത് കേൾക്കുവാനായി നമ്മളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാനായി ക്ഷണിക്കുന്നു. naphtalitribetv.com എന്നതാണ് ചാനലിന്റെ മേൽവിലാസം.

 

ഈ പഠനത്തിന്റെ ഇ-ബുക്ക്, സൌജന്യമായി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. Phone number: 9961330751.

 

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.




 

No comments:

Post a Comment