പൌലൊസിന്റെ വിവരണം
എല്ലാ ക്രൈസ്തവ സഭകളും വളരെ വിശുദ്ധമായി ആചരിക്കുന്ന ഒരു
കൂദാശ അല്ലെങ്കിൽ കൽപ്പന ആണ് തിരുവത്താഴ ശുശ്രൂഷ. യേശുക്രിസ്തു ശിഷ്യന്മാരുമായി
കഴിച്ച അവസാനത്തെ അത്താഴത്തിൽ, അവൻ കൽപ്പിച്ച് സ്ഥാപിച്ചതാണ് ഈ ശുശ്രൂഷ.
ഇതിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും, അനുഷ്ഠിക്കുന്ന രീതിയിലും സഭാവിഭാഗങ്ങൾക്ക്
ഇടയിൽ വ്യത്യസ്തത ഉണ്ട് എങ്കിലും, അതിന്റെ പൊരുളിൽ വലിയ അഭിപ്രായ ഭിന്നതയില്ല. തിരുവത്താഴ
ശുശ്രൂഷ, നമ്മളുടെ പാപ മോചനത്തിനായി, യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നതിന്റെ സ്മരണ
ആണ്.
ക്രിസ്തീയ സ്നാനം, കർത്താവിന്റെ അത്താഴം എന്നിവ സഭ
അനുഷ്ഠിക്കുവാനായി യേശുക്രിസ്തു ഏല്പിച്ച രണ്ട് കൽപ്പനകൾ ആണ്.
തിരുവത്താഴത്തെ, “കർത്താവിന്റെ അത്താഴം”, “അപ്പം നുറുക്കൽ”,
“കർത്താവിന്റെ മേശ” എന്നിങ്ങനെ വിളിക്കുന്നു. 1 കൊരിന്ത്യർ 10:16 ൽ ഇതിനെ
“കൂട്ടായ്മ” എന്നു വിശേഷിപ്പിക്കുന്നുണ്ട്. അതിൽ നിന്നും “വിശുദ്ധ കൂട്ടായ്മ” എന്ന
പേര് ഈ ശുശ്രൂഷയ്ക്ക് ലഭിച്ചു. മർക്കോസ് 14:23 ൽ പറയുന്ന “പിന്നെ പാനപാത്രം
എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു
കുടിച്ചു;” എന്ന വാചകത്തിലെ “സ്തോത്രംചൊല്ലി” എന്ന
വാക്കിന്റെ ഗ്രീക്ക് പദം “യുകരിസ്റ്റിയോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം നന്ദി
പ്രകടിപ്പിക്കുക, ആഹാരത്തിനായി സ്തോത്രം ചെയ്യുക എന്നിങ്ങനെയാണ്. ഇതിൽ നിന്നുമാണ് “യുകരസ്റ്റ്” എന്ന പദം ഉണ്ടായത്. തിരുവത്താഴ ശുശ്രൂഷയെ ഈ വാക്കുകൊണ്ടും
വിളിക്കാറുണ്ട്.
കർത്താവിന്റെ അത്താഴത്തിന് യഹൂദന്മാരുടെ പെസഹ
അത്താഴത്തിന്റെ പശ്ചാത്തലം ഉണ്ട് എങ്കിലും, പൌലൊസ് അപ്പൊസ്തലൻ 1 കൊരിന്ത്യർ 11 ആം
അദ്ധ്യായത്തിൽ, തികച്ചും വേറിട്ട ഒരു വ്യാഖ്യാനം നല്കുന്നുണ്ട്. അത് അദ്ദേഹം
“കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു” എന്നാണ്
പറയുന്നത്. പൌലൊസിന്റെ ഇഇ വ്യാഖ്യാനം ആണ് ഇന്ന് ക്രൈസ്തവ സഭയ്ക്ക് സ്വീകാര്യമായ
ഉപദേശം. അതിനാൽ ഇതിനെക്കുറിച്ചുള്ള ഒരു ഗൌരവമായ പഠനം പ്രയോജനം ആണ്.
കൊരിന്ത്യരും
അത്താഴവും
പെസഹയും
തിരുവത്താഴവും
1 കൊരിന്ത്യർ 11:23-32 വരെയുള്ള വാക്യങ്ങളിൽ അപ്പൊസ്തലനായ
പൌലൊസ് കർത്താവിന്റെ മേശയെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച വെളിപ്പാട്
വിശദീകരിക്കുന്നുണ്ട്. ഇത് പുതിയനിയമ വിശ്വാസികൾ അനുഷ്ഠിക്കുന്ന അപ്പം നുറുക്കൽ
ശുശ്രൂഷയെ, യഹൂദന്മാരുടെ പെരുനാൾ ആയ പെസഹ അത്താഴത്തിൽ നിന്നും വേർതിരിക്കുന്ന,
പ്രധാനപ്പെട്ട ഒരു വെളിപ്പാട് ആണ്.
യേശുവും ശിഷ്യന്മാരും അവസാനമായി ഒരുമിച്ച് ഭക്ഷിച്ച
അത്താഴം, യഹൂദ മത പ്രകാരം ഉള്ള പെസഹ അത്താഴം ആയിരുന്നു. പെസഹ അത്താഴത്തിൽ
യഹൂദന്മാർ ആചരിച്ചിരുന്ന എല്ലാ ചടങ്ങുകളും അതിൽ ഉണ്ടായിരുന്നു. എന്നാൽ, പെസഹയിലെ ആചാരങ്ങളെ യേശു അവനിൽ നിവർത്തിയായതായി
വ്യാഖ്യാനിച്ചു.
യിസ്രായേൽ ജനം മിസ്രയീമിൽ അടിമത്വത്തിൽ ആയിരുന്നപ്പോൾ, അവരെ
സ്വതന്ത്രർ ആയി വിട്ടയക്കുവാൻ ഫറവോൻ രാജാവിന്റെ മേൽ സമ്മർദ്ദം ചെലുത്തേണ്ടതിനായി,
ദൈവം മിസ്രയീം ജനത്തിനുമേൽ പത്ത് ബാധകളെ അയച്ചു. ഇതിൽ പത്താമത്തെ ബാധ ആയിരുന്നു,
ആദ്യജാതന്മാരുടെ മരണം. ഈ ബാധ യിസ്രായേൽ ജനത്തെ ബാധിക്കാതെ ഇരിക്കേണ്ടതിനായി, യിസ്രായേൽ
കലണ്ടറിലെ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു ഒരു ആട്ടിൻകുട്ടിയെ അറുക്കേണം
എന്നു ദൈവം കൽപ്പിച്ചു. അതിന്റെ രക്തം വീടിന്റെ വാതിലിന്റെ കട്ടളക്കാൽ
രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. അതിന്റെ മാസം തീയിൽ ചുട്ട്, പുളിപ്പില്ലാത്ത
അപ്പത്തോടും, കൈപ്പുചീരയോടുകൂടെ തിന്നേണം.
ആ രാത്രി, ദൈവം മിസ്രയീം ദേശത്തുള്ള മനുഷ്യന്റെയും
മൃഗത്തിന്റെയും കടിഞ്ഞൂലിനെ എല്ലാം സംഹരിച്ചു. എന്നാൽ യിസ്രായേല്യർ താമസിച്ചിരുന്ന
വീടുകളിന്മേൽ ആട്ടിൻകുട്ടിയുടെ രക്തം അടയാളമായിരുന്നു. അതിനാൽ, മിസ്രയീം ദേശത്തെ
ബാധിച്ച സംഹാരം അവർക്കു സംഭവിച്ചില്ല. ഈ ദിവസത്തെ ഒരു ഓർമ്മ നാളായി, അത് യഹോവെക്കു
തലമുറതലമുറയായും നിത്യനിയമമായും, ഉത്സവമായി ആചരിക്കേണം എന്ന് ദൈവം അവരോട്
കൽപ്പിച്ചു. ഇതാണ് പെസഹ പെരുനാൾ.
അവർക്കു വേണ്ടി ഒരു ആട്ടിൻകുട്ടി രക്തം ചൊരിഞ്ഞു മരിച്ചതിനാൽ
ആണ് മിസ്രയീമിൽ ആയിരുന്ന യിസ്രായേൽ ജനം ആദ്യജാതന്മാരുടെ മരണം എന്ന ബാധയിൽ നിന്നും,
മിസ്രയീമ്യരുടെ അടിമത്വത്തിൽ നിന്നും, രക്ഷ പ്രാപിച്ചതു. ഇതാണ് പെസഹ പെരുനാളിൽ അവർ
ഓർക്കുന്നത്. അതുപോലെ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ, അവന്റെ ക്രൂശിലെ
യാഗത്തിൽ ചൊരിഞ്ഞ രക്തത്തിലൂടെയാണ് പാപത്തിന്റെ അടിമത്വത്തിൽ നിന്നും, ദൈവീക
ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കുന്നത്. ഇതാണ് പെസഹയും തിരുവത്താഴവും തമ്മിലുള്ള
ബന്ധം.
കൊരിന്തിലെ സഭയും അത്താഴവും
കൊരിന്ത്യയിലെ സഭയിൽ സമ്പന്നരായ വിശ്വാസികളും, അടിമകളും,
സാധുക്കളും ആയ വിശ്വാസികളും ഉണ്ടായിരുന്നു എന്നാണ് നമ്മൾ പൌലൊസിന്റെ കത്തിൽ
നിന്നും മനസ്സിലാക്കുന്നത്. ആകാലത്ത്, ഞായറാഴ്ച അവർക്ക് അവധി ദിവസം ആയിരുന്നില്ല.
അതിനാൽ നമ്മളുടെ ഞായറാഴ്ച വൈകിട്ട് ആയിരുന്നിരിക്കേണം അവർ ആരാധനയ്ക്കായും
കർത്താവിന്റെ മേശയിൽ പങ്ക് ചേരുവാനായും കൂടിവന്നിരുന്നത്. ഇത് ക്രമീകരിക്കപ്പെട്ടിരുന്നത്
സാമ്പത്തിക ശേഷി ഉള്ളവരുടെ വീട്ടിൽ ആയിരുന്നിരിക്കേണം. ഇവിടെയാണ് ചില പ്രശ്നങ്ങൾ
ഉണ്ടായത്.
ആരാധനയ്ക്ക് മുമ്പ് സ്നേഹസദ്യ ക്രമീകരിക്കപ്പെടുമായിരുന്നു
(യൂദാ 1:12). ഇത് ഒരു പക്ഷെ പെസഹ അത്താഴത്തിന്റെ ഓർമ്മയ്ക്കായി ആയിരിക്കാം. പെസഹ
അത്താഴത്തിലെ 15 ആചാരങ്ങളിൽ പതിനൊന്നാമത്തെ ചടങ്ങ് പെരുനാളിന്റെ അത്താഴം ആണ്.
കർത്താവിന്റെ അത്താഴത്തെ യഹൂദന്മാരുടെ പെസഹയുടെ തുടർച്ചയായി അന്നത്തെ വിശ്വാസികൾ
കണ്ടിരിക്കാം. അതിനാൽ, ഈ അത്താഴത്തേക്കുറിച്ച്
ആയിരിക്കാം പൌലൊസ് 21, 22 വാക്യങ്ങളിൽ പറയുന്നത്. ഈ സദ്യയുടെ
രീതികളെക്കുറിച്ച് നമുക്ക് ഇന്ന് വ്യക്തതക്കുറവ് ഉണ്ട്. എന്നാൽ, 23 ആം വാക്യത്തിൽ
പൌലൊസ് തിരുവത്താഴത്തെ, പെസഹ അത്താഴത്തിൽ നിന്നും വേർപ്പെടുത്തുന്നുണ്ട്.
അവർ ആരാധനയ്ക്കും അപ്പം നുറുക്കൽ ശുശ്രൂഷയ്ക്കും ഒരുമിച്ച്
കൂടിയപ്പോൾ, ക്രമീകരിച്ച സ്നേഹസദ്യ കൊരിന്തിലെ വിശ്വാസികൾക്കിടയിലെ വേർതിരിവിന്റെ
ഒരു കാരണമായി മാറി. സമ്പന്നർ നേരത്തെ എത്തുകയും അവർ സമൃദ്ധമായി ആഹാരം കഴിച്ചു,
വീഞ്ഞു കുടിച്ചിരിക്കുകയും ചെയ്യും. പകൽ ജോലിക്ക് പോയിരുന്ന അടിമകളും, സാധുക്കളും
ആയവർ താമസിച്ചു വരുകയും, അവർക്കു ആഹാരമോ, വീഞ്ഞോ ലഭിക്കാതിരിക്കുകയും ചെയ്യും. ഇപ്രകാരമുള്ള
ഭക്ഷണം, സ്നേഹസദ്യ അല്ല. ഇതിന് കർത്താവിന്റെ അത്താഴവുമായി ബന്ധമില്ല.
അതിനാൽ ഓരോരുത്തർക്കും “തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു
വീടുകൾ ഇല്ലയോ?” എന്നു പൌലൊസ് ചോദിക്കുന്നു. ഇത്തരം പ്രവർത്തികൾ കാരണം,
അവരിൽ “പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും
നിദ്രകൊള്ളുന്നു.” അവർ “ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.” അതിനാൽ,
ഭക്ഷണം കഴിപ്പാൻ കൂടുമ്പോൾ അന്യോന്യം കാത്തിക്കേണം എന്നും, വല്ലവന്നും വിശക്കുന്നു എങ്കിൽ അവൻ
വീട്ടിൽവെച്ചു ഭക്ഷണം കഴിക്കട്ടെ എന്നും പൌലൊസ് ഉപദേശിക്കുന്നു.
ഇതൊരു അവ്യക്തമായ സാഹചര്യം ആണ്. തിരുവത്താഴ ശുശ്രൂഷ
യേശുക്രിസ്തുവിനെ ഓർക്കുവാനുള്ള അവസരം ആണ്. കർത്താവിന്റെ അത്താഴത്തെ ഗൌരവത്തോടെ,
കർത്താവിന്റെ ഓർമ്മക്കായും, ഐക്യതയുടെ സമയമായും കാണേണ്ടതിന്നു പകരം അവർ അതിനെ ഒരു
വിരുന്നു ആക്കി മാറ്റി. പൌലൊസ് ഈ വിവരം കേട്ടപ്പോൾ ഞെട്ടിപ്പോയി.
ഈ വ്യതിചലനത്തിൽ നിന്നും കർത്താവിന്റെ അത്താഴത്തെ അതിന്റെ
ശരിയായ അർത്ഥത്തിലേക്ക് കൊണ്ടുവരുവാനാണ് പൌലൊസ് 23 മുതൽ 32 വരെയുള്ള വാക്യങ്ങളിൽ
ശ്രമിക്കുന്നത്.
ഈ വാക്യങ്ങളിൽ കർത്താവിന്റെ അത്താഴത്തേക്കുറിച്ച് അദ്ദേഹം
ദൈവത്തിൽ നിന്നും പ്രാപിച്ച വെളിപ്പാടു അവരെ അറിയിക്കുന്നു. പൌലൊസിന്റെ ഈ വാക്കുകൾ
ആണ് തിരുവത്താഴ ശുശ്രൂഷയ്ക്ക് ശരിയായ അർത്ഥവും രൂപവും നല്കിയത്.
യേശുവും
ശിഷ്യന്മാരും പെസഹ ആചരിക്കുന്നു
പെസഹ
അത്താഴത്തിലെ പ്രമേയങ്ങൾ
അടിമത്വം, സ്വാതന്ത്ര്യം, എന്നിവ പെസഹ അത്താഴത്തിന്റെ
പ്രധാനപ്പെട്ട രണ്ട് പ്രമേയങ്ങൾ ആണ്. പെസഹ അത്താഴത്തിൽ 15 ആചാരങ്ങൾ ആണ് ഉള്ളത്.
ഇവയെല്ലാം ഹഗ്ഗദ (Haggadah) എന്ന പുസ്തകത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
യഹൂദന്മാരുടെ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയത്തോടെ
ആണ്, അവസാനിക്കുന്നത് അടുത്ത സൂര്യാസ്തമയത്തിലും.
പുറപ്പാടു പുസ്തകത്തിലെ വിവരണം അനുസരിച്ച് നീസാൻ മാസം 15 ആം
തീയതിയുടെ ആരംഭത്തിൽ, അന്നേ ദിവസം വൈകുന്നേരം, യിസ്രായേൽ ജനം മിസ്രയീമിൽ
അടിമത്വത്തിൽ ആയിരുന്നു. എന്നാൽ അതേ ദിവസം രാത്രിയുടെ പകുതിക്ക് ശേഷം അവർ
സ്വതന്ത്രർ ആയി. അതായത് യഹൂദ കലണ്ടർ അനുസരിച്ച് അവർ ഒരേ ദിവസം അടിമകളും
സ്വതന്ത്രരും ആയിരുന്നു.
യേശുക്രിസ്തു ക്രൂശിക്കപ്പെടുന്നത് വെള്ളിയാഴ്ച ആയിരുന്നു
എന്നതാണ് സഭയുടെ പൊതുവായ വിശ്വാസം. ഇതിന് വ്യത്യസ്തമായി, യേശു ക്രൂശിക്കപ്പെട്ടത്
വ്യാഴാഴ്ച ആണ് എന്നും, ബുധനാഴ്ച ആണ് എന്നും ചിന്തിക്കുന്നവർ ഉണ്ട്. എങ്കിലും ഇവിടെ
നമ്മൾ യേശു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ച ആയിരുന്നു എന്ന ധാരണ സ്വീകരിച്ചുകൊണ്ടു
പഠനം തുടരുകയാണ്.
യഹൂദന്മാരുടെ ദിവസാരംഭത്തിന്റെ സമയം അനുസരിച്ച്,
യേശുക്രിസ്തു പിടിക്കപ്പെടുന്നതും, ക്രൂശിക്കപ്പെടുന്നതും, മരിച്ചു,
അടക്കപ്പെടുന്നതും ഒരേ ദിവസം ആണ്. വ്യാഴാഴ്ച സൂര്യാസ്തമയത്തോടെ വെള്ളിയാഴ്ച ദിവസം
ആരംഭിച്ചു. ആ രാത്രിയുടെ ആരംഭത്തിങ്കൽ, മഹാപുരോഹിതന്മാരും
ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും, റോമന്‍ പടയാളികളും, വാളും
വടികളുമായി വന്നു, അവനെ പിടിച്ചുകൊണ്ടു പോയി.
അന്ന് രാത്രി
തന്നെ ഹന്നാവും
മഹാപുരോഹിതന്‍ ആയ കയ്യഫാവും യേശുവിനെ വിചാരണ ചെയ്തു. യോഹന്നാന്‍
18:13 ല്‍ പറയുന്ന പ്രകാരം: “ഒന്നാമതു
ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ
ആയിരുന്നു.”കയ്യഫാവിന് മുമ്പ് ഹന്നാവ് മഹാപുരോഹിതന്‍ ആയിരുന്നു.
കയ്യഫാവിന്റെ
വീട്ടില്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നു. അവര്‍ ആയിരുന്നു
ന്യായാധിപ സംഘം. അന്നത്തെ യഹൂദന്മാരുടെ ന്യായാധിപ സംഘത്തിന് ഒരുവനെ പിടികൂടാനും
വിചാരണ ചെയ്യുവാനും കൊല്ലുവാന്‍ വിധിക്കുവാനും ഉള്ള അധികാരം ഉണ്ടായിരുന്നു.
എന്നാല്‍ വധശിക്ഷ റോമന്‍ അധികാരികളുടെ അംഗീകാരം ഇല്ലാതെ നടപ്പാക്കുവാന്‍
സാധ്യമല്ലായിരുന്നു. രാത്രിയില്‍ കൂടിയ ന്യായാധിപ സംഘം അപ്പോള്‍ അവിടെ
ഉണ്ടായിരുന്ന അംഗങ്ങള്‍ മാത്രം പങ്കെടുത്ത അനൗദ്യോഗികമായ സമതി
മാത്രം ആയിരുന്നു. ന്യായാധിപ സംഘത്തിന് മുമ്പാകെ യേശു വിചാരണ ചെയ്യപ്പെട്ടു, അവൻ മരണയോഗ്യൻ എന്ന് വിധിക്കപ്പെട്ടു.
യഹൂദ കലണ്ടർ അനുസരിച്ച്, വെള്ളിയാഴ്ച ദിവസം
തുടരുകയാണ്. ഇനി നമ്മൾ പറയുന്ന സമയം വെള്ളിയാഴ്ച സൂര്യൻ ഉദിച്ചതിന് ശേഷമുള്ള
സമയമാണ്. സമയ ക്രമം, നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതും ആണ്.
യേശുവിനെ വിചാരണ
ചെയ്യുവാനായി രാത്രിയില്‍ കൂടിയ ന്യായാധിപ സംഘം അനൗദ്യോഗികമായ
സമതി മാത്രം ആയിരുന്നു. അതിനാല്‍ വെള്ളിയാഴ്ച അതിരാവിലെ, സൂര്യന്‍
ഉദിച്ച നേരത്തുതന്നെ, ന്യായാധിപ സംഘം
ഒത്തുചെര്‍ന്നു, ഔദ്യോഗികമായി യേശുവിനെ
കുറ്റക്കാരന്‍ എന്നും വധ ശിക്ഷയ്ക്ക് യോഗ്യന്‍ എന്നും വിധിച്ചു. വര്‍ഷത്തിന്റെ
ആ കാലത്ത്, യഹൂദ ദേശത്ത്,
ഏകദേശം അഞ്ചുമണിയോടെ സൂര്യന്‍ ഉദിച്ചിരുന്നു.
രാവിലെ ഏകദേശം 6 മണിയോടെ, ന്യായാധിപസംഘം,
വധശിക്ഷ നടപ്പാക്കുന്നതിനായി, യേശുവിനെ യഹൂദയുടെ ഗവര്‍ണര്‍
ആയിരുന്ന പീലാത്തൊസിന്‍റെ അടുക്കല്‍ അയച്ചു. യേശു ഗലീലക്കാരന്‍ എന്നു മനസ്സിലാക്കിയ പീലാത്തൊസ്, യേശുവിനെ ഹെരോദ അന്തിപ്പാസിന്റെ അടുക്കല്‍
അയച്ചു. രാവിലെ 7 മണിയോടെ ഹെരോദാവ് യേശുവിനെ പീലാത്തൊസിന്‍റെ അടുക്കല്‍ തിരികെ
അയച്ചു.
രാവിലെ 8 മണിയോടെ പീലാത്തൊസ് യേശുവിനെ
ക്രൂശിക്കുവാനുള്ള അന്തിമ വിധി പുറപ്പെടുവിച്ചു. യഹൂദ പുരോഹിതന്മാരും ജനകൂട്ടവും
പടയാളികളും ചേര്‍ന്ന് യേശുവിനെ ക്രൂശിക്കുവാന്‍ കൊണ്ടുപോയി. രാവിലെ 9 മണിയോടെ
യേശുവും ജനകൂട്ടവും റോമന്‍ പടയാളികളും ഗൊല്ഗൊഥാ എന്ന സ്ഥലത്തു എത്തി. മര്‍ക്കോസ്
15:25 പറയുന്നു, “മൂന്നാം മണി
നേരമായപ്പോൾ അവനെ ക്രൂശിച്ചു.” യഹൂദന്മാരുടെ അന്നത്തെ മൂന്നാം മണി നേരം നമ്മളുടെ
രാവിലെ 9 മണിയാണ്. യേശു മരിക്കുന്നതിന് മുമ്പ് ഏകദേശം 6 മണിക്കൂറുകള്‍ ക്രൂശില്‍
കിടന്നു. വെള്ളിയാഴ്ച തന്നെ വൈകീട്ട് 3 മണിയോടെ, യേശു
ക്രൂശില്‍ മരിച്ചു.
അതായത്
യഹൂദ ദിവസത്തിന്റെ കണക്ക് അനുസരിച്ച് വെള്ളിയാഴ്ച ദിവസം ആരംഭിച്ചപ്പോൾ, “നിത്യജീവന്നായി
നിയമിക്കപ്പെട്ടവർ”, പാപത്തിന്റെ അടിമത്വത്തിൽ ആയിരുന്നു.
അതേ ദിവസം അവസാനിക്കുന്നതിന് മുമ്പേ അവർ യേശുക്രിസ്തു എന്ന ആട്ടിൻകുട്ടിയുടെ
യാഗത്താൽ പാപത്തിന്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രർ ആയി. അതായത് അവർ ഒരേ ദിവസം
അടിമകളും സ്വതന്ത്രരും ആയി. ഇത് പെസഹയും, കർത്താവിന്റെ അത്താഴവും തമ്മിലുള്ള ഒരു
സാമ്യമാണ്.
യേശുക്രിസ്തുവും
അവസാനത്തെ പെസഹയും
യേശുക്രിസ്തു, അവന്റെ പരസ്യ ശുശ്രൂഷ കാലയളവിൽ മൂന്ന്
പ്രാവശ്യം പെസഹ ആചരിച്ചതായി യോഹന്നാൻ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യത്തേത് യെരൂശലേമിലും, രണ്ടാമത്തേത് ഗലീലയിലും , മൂന്നാമത്തേത്
വീണ്ടും യെരൂശലേമിലും ആണ് . എന്നാൽ യേശുക്രിസ്തു നാലാമത് ഒരു പെസഹ കൂടി
ആചരിച്ചിരുന്നു എന്നു വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. അത് അവസാനത്തെ
പെസഹയ്ക്കും, ഗലീലയിൽ വച്ച് ആചരിച്ച പെസഹയ്ക്കും ഇടയിൽ ആയിരിക്കേണം. ഇതിനെക്കുറിച്ചായിരിക്കാം
ലൂക്കോസ് 9:51, യോഹന്നാൻ 5:1 എന്നീ വാക്യങ്ങളിൽ പരാമർശിക്കുന്നത്. യോഹന്നാൻ 5:1
കൂടാരപ്പെരുനാളിനെക്കുറിച്ചാണ് എന്ന അഭിപ്രായവും ഉണ്ട്.
യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴം, യഹൂദന്മാരുടെ
പെരുനാൾ ആയ പെസഹയുമായി ബന്ധപ്പെട്ട അത്താഴം ആയിരുന്നു. ഇത് സുവിശേഷങ്ങളിൽ
വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുവും ശിഷ്യന്മാരും പെസഹ ആചരിച്ചത്, യഹൂദന്മാരുടെ എല്ലാ
ആചാരങ്ങളും അനുസരിച്ചാണ്.
എന്നാൽ അതിലെ പുളിപ്പില്ലാത്ത അപ്പം, വീഞ്ഞ്, എന്നിവയെ യേശു
അവന്റെ ശരീരം, രക്തം എന്നിവയുടെ പ്രതീകമായി വ്യാഖ്യാനിച്ചു. പെസഹ അത്താഴത്തെ,
പുതിയ നിയമത്തിന്റെ ഉടമ്പടിയുടെ അത്താഴമായി യേശു മാറ്റി.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം, കർത്താവിന്റെ മേശയെക്കുറിച്ചുള്ള
പൌലൊസിന്റെ വെളിപ്പാട് നമ്മൾ മനസ്സിലാക്കുവാൻ.
എന്റെ ഓർമ്മെക്കായി
ചെയ്‍വിൻ
ക്രിസ്തീയ വിശ്വാസികൾ ആരാധനയ്ക്കായോ, പ്രാർത്ഥനയ്ക്കായോ
കൂടി വരുമ്പോൾ എല്ലാം കർത്താവിന്റെ മേശ ആചരിക്കേണം എന്നു നേരിട്ട് പറയുന്ന വാക്യം
വേദപുസ്തകത്തിൽ ഇല്ല. എന്നാൽ 1 കൊരിന്ത്യർ 11:20-26 വരെയുള്ള വാക്യങ്ങളിൽ, ഇങ്ങനെ
ഒരു ആശയം അടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു കൽപ്പന നേരിട്ട് പറയുന്നില്ല എന്നതിനാൽ
വിശ്വാസികൾ പ്രാർത്ഥനയ്ക്കായി കൂടിവരുന്ന എല്ലാ സന്ദർഭങ്ങളിലും കർത്താവിന്റെ
അത്താഴം ആചരിക്കേണം എന്നില്ല.
അപ്പൊസ്തല പ്രവൃത്തികൾ 2:46 പറയുന്നത് അനുസരിച്ച്, ആദ്യ കാല
വിശ്വാസികൾ, എല്ലാ ദിവസവും തിരുവത്താഴം ആചരിച്ചിരുന്നു എന്നു അനുമാനിക്കാം.
എന്നാൽ അപ്പൊസ്ത പ്രവൃത്തികൾ 20:7 ലെ വിവരണം അനുസരിച്ച്
അപ്പം നൂറുക്കൽ ആഴ്ചയിൽ ഒരിക്കൽ മാത്രമേ ആചരിച്ചിരുന്നുള്ളൂ. ഇവിടെ പറയുന്ന
“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ” എന്നത് നമ്മളുടെ ശനിയാഴ്ച സൂര്യാസ്തമയത്തിന്
ശേഷമോ, ഞായറാഴ്ച ദിവസമോ ആകാം. കാരണം, യഹൂദന്മാർക്കു ഒരു ദിവസം ആരംഭിക്കുന്നത്
സൂര്യാസ്തമയത്തോടെ ആണ്. ശനിയാഴ്ച സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ, ഞായറാഴ്ച
ആരംഭിക്കുകയായി.
ഇവിടെയുള്ള പ്രധാന ഉപദേശം “എന്റെ ഓർമ്മെക്കായി ചെയ്‍വിൻ”
എന്നതാണ്. 26 ആം വാക്യത്തിൽ പൌലൊസ് പറയുന്നു, “നിങ്ങൾ ഈ അപ്പം തിന്നുകയും
പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ
പ്രസ്താവിക്കുന്നു.”
യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ
അപ്പൊസ്തലനായ പൌലൊസ് തിരുവത്താഴത്തേകുറിച്ചുള്ള തന്റെ
വ്യാഖ്യാനം ആരംഭിക്കുന്നത് “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു
ഏല്പിക്കയും ചെയ്തതു എന്തെന്നാൽ” എന്നു പറഞ്ഞുകൊണ്ടാണ്.
യേശുക്രിസ്തുവിന്റെ ഭൌതീക ശുശ്രൂഷയുടെ കാലത്ത് പൌലൊസ് അവന്റെ
ശിഷ്യന്മാരിൽ ഒരാൾ ആയിരുന്നില്ല. പെന്തെക്കൊസ്ത് ദിവസം സഭ ഭൌതീക തലത്തിൽ
രൂപീകരിക്കപ്പെട്ടത്തിന് ശേഷം, ആദ്യ നാളുകളിൽ സഭയെ പീഡിപ്പിക്കുവാൻ നേതൃത്വം
നല്കിയ ഒരു വ്യക്തിയാണ് പൌലൊസ്. എന്നാൽ പിന്നീട് അദ്ദേഹം യേശുക്രിസ്തുവിനാൽ
പിടിക്കപ്പെടുകയും, എരിവോടെ ക്രിസ്തുവിന്റെ അപ്പൊസ്തലനായി തീരുകയും ചെയ്തു.
അതായത് യേശുവും ശിഷ്യന്മാരും അവസാനത്തെ അത്താഴം കഴിച്ച
സമയത്ത് പൌലൊസ്, യേശുവിന്റെ ശത്രു പക്ഷത്തായിരുന്നു. അവൻ അന്ത്യ അത്താഴത്തിൽ പങ്ക്
ചേർന്നിരുന്നില്ല. പൌലൊസ് അതിന്റെ ഒരു ദൃക്സാക്ഷി അല്ല. അവൻ അതിനെക്കുറിച്ച് മറ്റ്
ശിഷ്യന്മാരിൽ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങൾ അല്ല ഇവിടെ പറയുന്നത്.
തിരുവത്താഴത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം,
ദൈവത്തിൽ നിന്നും പ്രാപിച്ച വെളിപ്പാട് ആണ്. അതിനാൽ, തിരുവത്താഴത്തിന്റെ ഭൌതീക
ക്രമീകരണം അല്ല, ആത്മീയ മർമ്മം ആണ് അദ്ദേഹം ഇവിടെ വിശദീകരിക്കുന്നത്.
പൌലൊസ് കൊരിന്ത്യർക്ക് ലേഖനം എഴുതുന്നതു സുവിശേഷ ഗ്രന്ഥങ്ങൾ
രചിക്കപ്പെടുന്നതിന് മുമ്പാണ്. മർക്കോസും, മത്തായിയും സുവിശേഷ ഗ്രന്ഥങ്ങൾ
എഴുതുന്നതു, AD 50-60 കളിലും, ലൂക്കോസ് 60-61 വർഷങ്ങളിലും ആണ്. കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ
ലേഖനം AD 53-55 കാലഘട്ടത്തിൽ പൌലൊസ്
എഫെസൊസില്‍ വച്ച് എഴുതിയതാണ്. കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനം AD 55 ലോ 56 ലോ മക്കെദോന്യയിൽ വച്ചു എഴുതി. അതിനാൽ
കർത്താവിന്റെ അത്താഴത്തേക്കുറിച്ചുള്ള എഴുതപ്പെട്ട ആദ്യത്തെ വിവരണവും,
വ്യാഖ്യാനവും പൌലൊസ് കൊരിന്ത്യർക്ക് എഴുതുന്നതാണ്.
“ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും” എന്നു പൌലൊസ്
പറയുന്നത്, സഭ അപ്പോൾ പിന്തുടർന്നിരുന്ന പാരമ്പര്യം ആണ് എന്നും, “കർത്താവിങ്കൽ
നിന്നു” എന്നത് പൊതുവേ പറയുന്ന ഒരു ആലങ്കാരിക പ്രയോഗം ആണ് എന്നും
അഭിപ്രായപ്പെടുന്നവർ ഉണ്ട്.
എന്നാൽ പൌലൊസ് ഇവിടെ വിശദീകരിക്കുന്ന ആത്മീയ മർമ്മം പൌലൊസ്,
വെളിപ്പാടിലോ, പ്രവാചനത്താലോ, മറ്റേതെങ്കിലും രീതികളിലോ കർത്താവിൽ നിന്നും
നേരിട്ട് പ്രാപിച്ചതു ആണ്. ഇതിന് സമാനമായ ഒരു അവകാശവാദം പൌലൊസ് ഗലാത്യർ 1:11, 12
വാക്യങ്ങളിൽ പറയുന്നുണ്ട്.
“നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ” എന്ന
വാക്കുകളിൽ, കർത്താവിന്റെ അത്താഴത്തേക്കുറിച്ച് പൌലൊസ് പറയുവാൻ പോകുന്ന
വെളിപ്പാട്, അദ്ദേഹം മുമ്പ് കൊരിന്തിലെ സഭയെ അറിയിച്ചതാണ് എന്ന ആശയം ഉണ്ട്. എന്നാൽ
അവർ അതിന് വേണ്ടവണ്ണം പ്രാധാന്യം നല്കിയില്ല. അതുകൊണ്ടു പൌലൊസ് വീണ്ടും അവരെ ഇതിന്റെ
ആത്മീയ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ്.
അപ്പൊസ്തലനായ പൌലൊസ് അവന് ലഭിച്ച വെളിപ്പാടുകൾ ഇവിടെ നേരിട്ട്
എഴുതുന്നതു കൊരിന്തിലെ സഭയ്ക്ക് ആയിരുന്നു എങ്കിലും, എല്ലാ കത്തുകളും
കഴിയുന്നിടത്തോളം പ്രാദേശിക സഭകളിൽ വായിക്കാറുണ്ടായിരുന്നു. അതായത് എല്ലാ
കത്തുകൾക്കും പൊതുവായ വായനക്കാർ ഉണ്ടായിരുന്നു. കത്തുകളിൽ പറയുന്ന ഉപദേശങ്ങളെ അടിസ്ഥാന
പ്രമാണങ്ങൾ ആയി സഭ കരുതി, സൂക്ഷിച്ചു വയ്ക്കുകയും, പിന്നീട്, സഭാ പിതാക്കന്മാർ ഇതിൽ
നിന്നും ഉദ്ധരിക്കുകയും ചെയ്തിരുന്നു.
ആദ്യകാല സഭകളിൽ വായിക്കുവാൻ യോജ്യമായ ലേഖനങ്ങളുടെ പട്ടികയിൽ
പൌലൊസിന്റെ എഴുത്തുകൾ ആദിമുതൽ തന്നെ ഉൾപ്പെട്ടു. അതിനാൽ പൌലൊസിന്റെ കത്തുകൾ എക്കാലത്തെയും
ക്രൈസ്തവ സഭയ്ക്കുള്ള, വെളിപ്പെട്ട് കിട്ടിയ, ഉപദേശങ്ങൾ ആണ്. തിരുവത്താഴത്തേക്കുറിച്ചുള്ള
വെളിപ്പാട് പൌലൊസ് എക്കാലത്തെയും സഭയ്ക്ക് എൽപ്പിക്കുന്നതാണ്.
ഇനി പൌലൊസ് അദ്ദേഹത്തിന് ലഭിച്ച വെളിപ്പാട് പറയുക ആണ്. അത്
ആരംഭിക്കുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ”. സാധാരണയായി
ഒരു സംഭവത്തിന്റെ ചരിത്രം പറയുമ്പോൾ, അത് കാലക്രമമായ ക്രമത്തിൽ ആണ്
വിവരിക്കുന്നത്. കർത്താവിന്റെ മേശയെക്കുറിച്ച് നമ്മൾ വിവരിക്കുമ്പോഴും, യേശു
ശിഷ്യന്മാരുമായി, അവസാനമായി പെസഹ അത്താഴം കഴിക്കുവാൻ ഇരുന്നപ്പോൾ, എന്നു
പറഞ്ഞുകൊണ്ടാണ്. അതായത് കർത്താവിന്റെ അത്താഴത്തെ കാലക്രമമായ ക്രമത്തിൽ വിവരിച്ചാൽ,
അന്നത്തെ ദിവസം പെസഹ പെരുനാളിന്റെ ദിവസം ആയിരുന്നു എന്നും, അന്ന് യേശു
ശിഷ്യന്മാരുമായി അവസാനത്തെ പെസഹ ആചരിച്ചു എന്നും പറയേണം. അതാണ് സംഭവത്തിന്റെ
ചരിത്ര പശ്ചാത്തലം.
എന്നാൽ പൌലൊസ് ഇവിടെ കാലക്രമമായ ക്രമത്തെ ഉപേക്ഷിക്കുക ആണ്.
അദ്ദേഹത്തിന് ലഭിച്ച വെളിപ്പാടിൽ, കർത്താവിന്റെ അത്താഴത്തിനു യഹൂദ പെസഹയുടെ
തുടർച്ച ഇല്ല. പകരം അദ്ദേഹം യുക്തിപരമായ ക്രമം ആണ് ഉപയോഗിക്കുന്നത്.
യേശുക്രിസ്തു അന്ത്യ അത്താഴം കഴിച്ച ദിവസം ആദ്യം സംഭവിച്ചത്
വിട്ടുകളഞ്ഞിട്ട്, അത്താഴത്തിനു ചില മണിക്കൂറുകൾക്ക് ശേഷം സംഭവിച്ച ഒരു കാര്യം
ആദ്യം പറഞ്ഞുകൊണ്ട് പൌലൊസ് വിവരണം ആരംഭിക്കുന്നു. അതായത് കർത്താവിന്റെ
അത്താഴത്തിന്റെ ആത്മീയ മർമ്മം, യഹൂദന്റെ പെസഹയിൽ അല്ല, “കർത്താവായ യേശുവിനെ
കാണിച്ചുകൊടുത്ത” സംഭവത്തിൽ ആണ് അടങ്ങിയിരിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ,
കർത്താവിന്റെ അത്താഴം, യിസ്രായേൽ ചരിത്രത്തിലെ ഒരു പഴയ സംഭവുമായല്ല മാർമ്മികമായി
ബന്ധപ്പെട്ടിരിക്കുന്നത്, അത് യേശുക്രിസ്തുവിന്റെ ക്രൂശിലെ പരമ യാഗവുമായിട്ടാണ്.
“കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ”
മർമ്മികമായി എന്താണ് സംഭവിച്ചത്? ഈ വാക്യത്തിലെ “കാണിച്ചുകൊടുത്ത” എന്നതിന്റെ
ഗ്രീക്ക് പദം “പാരാഡിഡൊമി” എന്നാണ്. ലൂക്കോസ് 22:48 ൽ “യൂദയേ, മനുഷ്യപുത്രനെ
ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു” എന്ന യേശുവിന്റെ ചോദ്യത്തിലും ഇതേ ഗ്രീക്ക്
വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മത്തായി 26:48 ലും മർക്കോസ് 14:18 ലും, മറ്റ് പല
വാക്യങ്ങളിലും ഇതേ ഗ്രീക്ക് വാക്ക് “കാണിച്ചുകൊടുക്കുക” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
“പാരാഡിഡൊമി” എന്ന ഗ്രീക്ക് വാക്കിന്, “ഒറ്റിക്കൊടുക്കുക”
എന്ന ആശയത്തിൽ “കാണിച്ചുകൊടുക്കുക” എന്നും, അത് കൂടാതെ “ഏൽപ്പിച്ചു
കൊടുക്കുക” എന്നും അർത്ഥം ഉണ്ട്. പിടിക്കപ്പെടുവാനും, കാരാഗൃഹത്തിൽ ആകുവാനും,
ശിക്ഷിക്കപ്പെടുവാനും, പീഡിപ്പിക്കപ്പെടുവാനും ആയി സ്വയം എൽപ്പിച്ചു
കൊടുക്കുന്നതിനെ ഈ ഗ്രീക്ക് വാക്ക് അർത്ഥമാക്കുന്നു. “ഏൽപ്പിച്ചു കൊടുക്കുക” എന്ന
അർത്ഥത്തിൽ ഈ ഗ്രീക്ക് വാക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
അതിനാൽ ഇവിടെ പൌലൊസ് ഉദ്ദേശിച്ചത് യൂദാ ഈസ്കര്യോത്താവു
യേശുവിനെ കാണിച്ചുകൊടുത്തു എന്നാണോ, അതോ, യേശു ഏൽപ്പിച്ചു കൊടുത്തു എന്നാണോ
എന്നതിൽ വേദ പണ്ഡിതന്മാർക്കിടയിൽ രണ്ട് പക്ഷം ഉണ്ട്. ഫലത്തിൽ, “മഹാപുരോഹിതന്മാരും
ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു”
യേശുവിന്റെ പിടിച്ചുകൊണ്ട് പോയി. എന്നാൽ, ഒറ്റിക്കൊടുക്കുക, ഏൽപ്പിച്ചു കൊടുക്കുക,
എന്നീ വാക്കുകളിൽ മർമ്മികമായി രണ്ട് ആശയങ്ങൾ അടങ്ങിയിട്ടുണ്ട്.
സാക്ഷാൽ ദൈവപുത്രൻ ആയിരുന്ന യേശുക്രിസ്തുവിനെ, അവൻ ഏൽപ്പിച്ചുകൊടുക്കാതെ
ആർക്കും പിടിക്കുവാനോ, കൊല്ലുവാനോ കഴിയുമായിരുന്നില്ല. യഹൂദന്മാർ അവനെ കൊല്ലുവാൻ
പല പ്രാവശ്യം ശ്രമിച്ചതാണ്. എന്നാൽ അപ്പോൾ നിശ്ചയിക്കപ്പെട്ട സമയം ആയിരുന്നില്ല. ഇതിനെക്കുറിച്ച്
സുവിശേഷങ്ങളിൽ പറയുന്നുണ്ട്.
അനേകരുടെ പാപങ്ങൾക്ക് പരിഹാരമായി ഒരു യാഗമായി തീരുവാൻ
പിതാവായ ദൈവം നിർണ്ണയിച്ച സമയം ആയപ്പോൾ, ക്രൂശിക്കപ്പെടുവാനായി യേശു സ്വയം
ഏൽപ്പിച്ചുകൊടുത്തു. ഈ ആശയം നമുക്ക് മറ്റ് ചില വാക്യങ്ങളിൽ വായിക്കാം.
റോമർ 4:24 ലെ “ഏൽപ്പിച്ചും” എന്നതിന്റെയും, റോമർ 8:32 ലെ “ഏൽപ്പിച്ചുതന്നവൻ”
എന്നതിന്റെയും ഗ്രീക്ക് പദം “പാരാഡിഡൊമി” എന്നാണ്. യെശയ്യാവ് 53 ലും ഏൽപ്പിച്ചുകൊടുത്തു
എന്ന ആശയം കാണാം. 6 ആം വാക്യത്തിൽ പിതാവായ ദൈവം നമ്മളുടെ കർത്താവിനെ, ഒരു പാപ
പരിഹാര യാഗമൃഗമായി നിർണ്ണയിച്ചു, എന്നും, 10 വാക്യത്തിൽ, ഒരു അകൃത്യയാഗമായി
തീരുവാൻ യേശുക്രിസ്തുവിനെ തകർത്തുകളയുവാൻ ദൈവത്തിന് ഇഷ്ടം തോന്നി എന്നും, 12 ആം
വാക്യത്തിൽ കർത്താവ് സ്വയം ജീവനെ ഒഴുക്കിക്കളഞ്ഞു എന്നും ഉള്ള ആശയം ഉണ്ട്.
ദൈവത്തിന്റെ മുൻ നിർണ്ണയപ്രകാരം, തിരുവെഴുത്തുകളിൽ
രേഖപ്പെടുത്തിയിരുന്ന പ്രവചനങ്ങൾ അനുസരിച്ച്, യേശുക്രിസ്തു ക്രൂശിലെ മരണത്തിനായി
സ്വയം ഏൽപ്പിച്ചു കൊടുത്തു. അതേ സമയം ഭൌതീക മണ്ഡലത്തിൽ യേശുക്രിസ്തുവിനെ നാശയോഗ്യനായ
യൂദാ ഈസ്കര്യോത്താവു കാണിച്ചുകൊടുത്തു. 1 കൊരിന്ത്യർ 11:23 ൽ അപ്പൊസ്തലനായ പൌലൊസ്
ആത്മീയ മർമ്മം വ്യാഖ്യാനിക്കുവാനാണ് ശ്രമിക്കുന്നത്. അതിനാൽ അദ്ദേഹം നമ്മളുടെ
ശ്രദ്ധയിൽ കൊണ്ടുവരുന്ന മർമ്മം ഇതാണ്: യേശുക്രിസ്തു പിടിക്കപ്പെടുവാനും,
പീഡിപ്പിക്കപ്പെടുവാനും, ക്രൂശിക്കപ്പെടുവാനും ആയി സ്വയം ഏൽപ്പിച്ചുകൊടുത്ത
രാത്രിയിൽ ആണ് അവൻ തിരുവത്താഴ ശുശ്രൂഷ കൽപ്പിച്ചു നല്കിയത്.
അതായത് കർത്താവിന്റെ അത്താഴം, യഹൂദന്റെ പെസഹയുടെ
പിന്തുടർച്ച ആയിട്ടല്ല പൌലൊസ് വ്യാഖ്യാനിക്കുന്നത്. അതിന് നമ്മളുടെ കർത്താവിന്റെ
ക്രൂശിലെ പരമ യാഗവുമായി മാത്രമേ ബന്ധമുള്ളൂ.
ഈ മർമ്മം പ്രസ്താവിച്ചതിന് ശേഷം പൌലൊസ് കർത്താവിന്റെ
അത്താഴത്തിലെ ആചാരങ്ങൾ (rituals) വിവരിക്കുക ആണ്.
കർത്താവിന്റെ
അത്താഴത്തിലെ ആചാരങ്ങൾ
കർത്താവിന്റെ അത്താഴത്തിന്റെ സമയത്തെയും സാഹചര്യത്തേയും
യേശുക്രിസ്തുവിന്റെ ക്രൂശ് മരണവുമായി ബന്ധിപ്പിച്ചതിന് ശേഷം, എന്തെല്ലാം ആചാരങ്ങൾ
ആണ് യേശു സ്ഥാപിച്ചത് എന്നു പൌലൊസ് വിശദീകരിക്കുന്നു. ഇവിടെയുടെ പൌലൊസ്, കണ്ടോ,
കേട്ടോ അറിഞ്ഞ കാര്യങ്ങൾ അല്ല, അവൻ കർത്താവിങ്കൽ നിന്നും പ്രാപിച്ചതാണ് നമ്മളെ
ഏൽപ്പിക്കുന്നത്.
സിനോപ്റ്റിക്ക് സുവിശേഷങ്ങൾ എന്നു അറിയപ്പെടുന്ന, മത്തായി,
മർക്കോസ്, ലൂക്കോസ്, എന്നിവയിൽ, യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് കഴിച്ച അവസാനത്തെ
അത്താഴം, പെസഹ അത്താഴമായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. യഹൂദ പാരമ്പര്യം
അനുസരിച്ചുള്ള, പുളിപ്പില്ലാത്ത പെസഹ അപ്പം, വീഞ്ഞു എന്നിവ ആ അത്താഴത്തിൽ
ഉണ്ടായിരുന്നു. ഈ ഘടകങ്ങളെ യേശു പുതിയനിയമത്തിന്റെ പ്രതീകങ്ങൾ ആയി അവതരിപ്പിച്ചു.
പുളിപ്പില്ലാത്ത അപ്പം തകർക്കപ്പെടുന്ന അവന്റെ ശരീരത്തിന്റെ പ്രതീകവും, വീഞ്ഞു,
മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാര യാഗമായി ചൊരിയുന്ന അവന്റെ രക്തത്തിന്റെ പ്രതീകവും
ആയി.
യേശുക്രിസ്തു, ശിഷ്യന്മാരുമൊത്ത് പെസഹ അത്താഴം
കഴിച്ചുകൊണ്ടിരിക്കെയായാണ് അവൻ അതിലെ ചില ആചാരങ്ങളുടെ ആത്മീയ നിവർത്തി, അവന്റെ
മരണത്തിൽ ഉണ്ടാകുവാൻ പോകുന്നു എന്നു വ്യാഖ്യാനിച്ചത്. ഇതു ആരംഭിക്കുന്നത്, “അവൻ
അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി” എന്ന പ്രവർത്തിയോടെ ആണ്.
പെസഹ അത്താഴത്തിൽ എപ്പോഴാണ് യേശുക്രിസ്തു ഇത് ചെയ്തത്? അവൻ
നുറുക്കിയ അപ്പം ഏതാണ്?
പുളിപ്പില്ലാത്ത അപ്പം
പെസഹ അത്താഴത്തെ, പെസഹ സെയ്ഡെർ എന്നാണ് യഹൂദന്മാർ വിളിക്കുക.
സെയ്ഡെർ എന്ന വാക്കിന്റെ അർത്ഥം ക്രമം, നടപടിക്രമം എന്നിങ്ങനെയാണ്. ഹഗ്ഗദ എന്നു
വിളിക്കപ്പെടുന്ന ഒരു പുസ്തകത്തിൽ പെസഹ അത്താഴത്തിന്റെ ക്രമം
രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് യഹൂദന്മാർ പെരുനാൾ ദിവസം അത്താഴം ക്രമീകരിക്കുവാനായും,
വായിക്കുവാനായും ഉപയോഗിക്കുന്നത്. ഹഗ്ഗദയിൽ, പെസഹ അത്താഴത്തിന്റെ ചടങ്ങളുകളും,
മിസ്രയീമിൽ നിന്നും പുറപ്പെട്ടതിന്റെ ചരിത്രവും, അത്താഴത്തിലെ വിഭവങ്ങളും, അനുഗ്രഹ
പ്രാർത്ഥനകളും, പാട്ടുകളും, ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറപ്പാടിന്റെ ചരിത്രം പറയുക, നാല് കപ്പ് വീഞ്ഞു കുടിക്കുക,
“മാറ്റ്സ” എന്നു വിളിക്കുന്ന പുളിപ്പില്ലാത്ത പെസഹ അപ്പം കഴിക്കുക, പ്രതിരൂപമായ
ചില ആഹാരങ്ങൾ കഴിക്കുക, സ്വതന്ത്ര്യത്തെ ഓർമ്മിക്കുന്ന വിധം ചാരി ഇരിക്കുക, എന്നിവ
പെസഹ അത്താഴത്തിന്റെ ചടങ്ങുകൾ ആണ്.
അത്താഴം ഒരുക്കിയിരിക്കുന്ന മേശയുടെ തലപ്പത്ത്, ചെറിയ
ഭാഗങ്ങൾ ആയി വേർതിരിച്ച ഒരു പ്രത്യേക പാത്രം ഉണ്ടായിരിക്കും. ഇതിൽ ചില ഭക്ഷണങ്ങൾ
പ്രതീകമായി വച്ചിരിക്കും. ഇതിനെ സെയ്ഡെർ പാത്രം എന്നാണ് വിളിക്കുക. സെയ്ഡെർ
പാത്രത്തിൽ ഉള്ള ഭക്ഷണങ്ങൾ കൂടാതെ, മേശപ്പുറത്ത് മറ്റ് മൂന്ന് ഭക്ഷ്യ വസ്തുക്കൾ
കൂടി വച്ചിരിക്കും. അവ ഇതെല്ലാം ആണ്:
2.
ഉപ്പ് വെള്ളം: ഇത് യിസ്രായേല്യർ
മിസ്രയീമിൽ അടിമകൾ ആയിരുന്നപ്പോൾ ഉള്ള അവരുടെ കണ്ണുനീരിനെ ഓർമ്മിപ്പിക്കുന്നു.
3.
ഏലിയാവിന്റെ കപ്പ്: ഇത് എലിയാവിന് എന്നു
പറഞ്ഞു വീഞ്ഞു ഒഴിച്ച് വയ്ക്കുവാനുള്ള കപ്പ് ആണ്. ഭാവിയിൽ വരുവാനുള്ള
മശീഹയെക്കുറിച്ചും വിടുതലിനെക്കുറിച്ചും ഉള്ള പ്രത്യാശയാണിത്.
പെസഹ
അത്താഴത്തിന്റെ ഭാഗമായി, ചില പ്രത്യേക സന്ദർഭങ്ങളിൽ ആയി, അതിൽ പങ്കെടുക്കുന്നവർ
നാല് കപ്പ് വീഞ്ഞ് കൂടിക്കാറുണ്ട്. മേശപ്പുറത്ത് അഞ്ചാമത് ഒരു കപ്പ് വീഞ്ഞു കൂടി
ഉണ്ടാകാറുണ്ട്. ഇത് അത്താഴത്തിന്റെ ഭാഗമായി ആരും കൂടിക്കാറില്ല. ഇതിനെ ഏലിയാവിന്റെ
കപ്പ് എന്നാണ് വിളിക്കുന്നത്. പഴയനിയമ പ്രവാചകനായ ഏലിയാവിന്റെ ആത്മാവ് പെസഹ ദിവസം
അവരെ സന്ദർശിക്കും എന്നു അവർ വിശ്വസിക്കുന്നു. ഇതിന് മശീഹയുടെ പ്രത്യക്ഷതയുമായി
ബന്ധം ഉണ്ട്. അതിനാൽ ഇത് അന്തിമമായ വിടുതലിനെ സൂചിപ്പിക്കുന്നു.
No comments:
Post a Comment