മത്തായി 16:24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
യേശുവിനെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവർ അവരുടെ ക്രൂശ് എടുത്തുകൊണ്ടു അവനെ അനുഗമിക്കേണം എന്ന വാചകം സുവിശേഷങ്ങളിൽ അഞ്ച് പ്രാവശ്യം നമുക്ക് കാണാം. അവ മത്തായി 16:24, മത്തായി 10:38, മർക്കോസ് 8:34, ലൂക്കോസ് 9:23, ലൂക്കോസ് 14:27 എന്നീ വാക്യങ്ങളിൽ ആണ്. മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ ഈ വാക്യം രണ്ട് പ്രാവശ്യം കാണുമ്പോൾ, മർക്കോസിന്റെ സുവിശേഷത്തിൽ ഒരു പ്രാവശ്യം മാത്രമേ നമ്മൾ വായിക്കുന്നുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ ഈ വാക്യം രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ മത്തായി 16:24, മർക്കോസ് 8:34, ലൂക്കോസ് 9:23 എന്നീ വാക്യങ്ങളുടെ പശ്ചാത്തലം സാമ്യം ഉള്ളതാണ്. മത്തായി 10:38, ലൂക്കോസ് 14:27 എന്നീ വാക്യങ്ങളുടെ സന്ദർഭങ്ങൾ വ്യത്യസ്തമാണ്. അതായത് ക്രൂശ് എടുത്തു യേശുവിനെ അനുഗമിക്കുക എന്ന ആശയം മൂന്ന് വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളിൽ യേശു പറഞ്ഞതായി സുവിശേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി
10
മത്തായി 10 ൽ യേശുക്രിസ്തു പന്ത്രണ്ട് ശിഷ്യന്മാരെ
പ്രത്യേകമായി തിരഞ്ഞെടുത്തു നിയോഗിക്കുന്ന അവസരമാണ് സന്ദർഭം (10:1). യേശു അവരെ അടുക്കൽ
വിളിച്ചു,
അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും
പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു. തുടർന്നു
പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകൾ മത്തായി പറയുന്നു. 5 ആം വാക്യത്തിൽ “ഈ
പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ:” എന്നാണ് നമ്മൾ
വായിക്കുന്നത്. അതിനാൽ അവർക്കു യേശു അധികാരം നല്കി ദൈവരാജ്യത്തിന്റെ സുവിശേഷം
അറിയിക്കുവാനായി മറ്റ് സ്ഥലങ്ങളിലേക്ക് അയയ്ക്കുക ആയിരുന്നു എന്നു മനസ്സിലാക്കാം.
തുടർന്നു, 5 ആം വാക്യം മുതൽ 42 ആം വാക്യം വരെ
യേശു അവരോട് ഒരു ഹൃസ്വ പ്രഭാഷണം നടത്തി. അതിൽ അനേകം കാര്യങ്ങൾ യേശു പറയുന്നുണ്ട്.
ഈ പ്രഭാഷണത്തിലെ വാക്കുകൾ ശിഷ്യന്മാരോട് നേരിട്ട് പറയുന്നതും, ഭാവിയിൽ യേശുവിൽ
വിശ്വസിച്ചു ദൈവരാജ്യത്തോട് ചേരുന്ന എല്ലാവരോടും ഉള്ളതും ആണ്.
ഇതിൽ ശിഷ്യന്മാരെയും ദൈവരാജ്യത്തിന്റെ സുവിശേഷത്തെയും ചില
പട്ടണങ്ങൾ സ്വീകരിക്കും എന്നും മറ്റ് ചില പട്ടണങ്ങൾ തിരസ്കരിക്കും എന്നും യേശു
മുന്നറിയിപ്പ് നല്കി. ചില മനുഷ്യർ അവരെ ന്യായാധിപസഭകളിൽ കുറ്റ വിചാരണയ്ക്കായി
എൽപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അതിനാൽ ഒരു പട്ടണത്തിൽ അവരെ ഉപദ്രവിച്ചാൽ
മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ എന്നു യേശു ഉപദേശിച്ചു.
ചിലർ അവരെ ബെയെത്സെബൂൽ എന്നും വിളിക്കും. എന്നാൽ, ദേഹിയെ
കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും
ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ എന്നും യേശു
ഉപദേശിച്ചു. (10:28).
37 ആം വാക്യത്തിൽ യേശു പറഞ്ഞു, “എന്നെക്കാൾ അധികം അപ്പനേയോ
അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ
മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.” അതായത്, യേശുവിനെക്കാൾ പ്രിയമായി ഈ
ലോകത്തുള്ള യാതൊന്നിനെയും കാണുന്നവൻ അവന്റെ ശിഷ്യൻ ആകുവാൻ യോഗ്യനല്ല.
ഇതിൽ ലോകത്തെ ത്യജിക്കുക എന്ന ആശയം ഉണ്ട്. എത്രത്തോളം ആണ്
നമ്മൾ ലോകത്തെ ത്യജിക്കേണ്ടത് എന്നാണ് 38 ആം വാക്യത്തിൽ യേശു പറഞ്ഞത്:
മത്തായി 10:38-39
38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും
എനിക്കു യോഗ്യനല്ല.
39 തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ
കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ
കണ്ടെത്തും.
ലൂക്കോസ്
14
ലൂക്കോസ്
14:25-27
25 ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ
തിരിഞ്ഞു അവരോടു പറഞ്ഞതു:
26 എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും
ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ
പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
27 തന്റെ ക്രൂശു എടുത്തു
കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
മത്തായി 10:38-39, ലൂക്കോസ് 14:25-27 വരെയുള്ള
വാക്യങ്ങൾ, എന്നിവിടങ്ങളിൽ യേശു പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്: യേശുവിന്റെ യഥാർത്ഥ
ശിഷ്യന്മാർ സുവിശേഷം നിമിത്തം കൊല്ലപ്പെടുവാൻ സാധ്യതയുണ്ട്. എന്നാൽ യേശുവിന്റെ
നിമിത്തം ഒരുവൻ ജീവനെ കളഞ്ഞാൽ അവൻ അതിനെ കണ്ടെത്തും. അതിനാൽ യേശുവിനെക്കാൾ
പ്രിയമായി ഈ ലോകത്തുള്ള യാതൊന്നിനെയും കാണുന്നവൻ അവന്റെ ശിഷ്യൻ ആകുവാൻ യോഗ്യനല്ല.
ലോകത്തെ ത്യജിക്കുന്നതിന്റെ ആഴമാണ് ക്രൂശ് എടുത്തു അനുഗമിക്കുക എന്നത്.
നിങ്ങൾ എന്നെ ആർ
എന്നു പറയുന്നു?
മർക്കോസ് 8:34, ലൂക്കോസ് 9:23, മത്തായി 16:24 എന്നീ
വാക്യങ്ങളിലും ക്രൂശ് എടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കുക എന്ന ആശയം ഉണ്ട്. മർക്കോസ്
8:34, മത്തായി 16:24 എന്നീ വേദഭാഗങ്ങളുടെ പശ്ചാത്തലം ഫിലിപ്പൊസിന്റെ കൈസര്യ ആണ്. ലൂക്കോസ്
9:23 ന്റെ പശ്ചാത്തലം വ്യക്തമല്ല. എന്നാൽ ഈ മൂന്ന് വേദഭാഗങ്ങളുടെയും
പശ്ചാത്തലത്തിന് സാമ്യം ഉണ്ട്.
മർക്കോസ്
8, ലൂക്കോസ് 9, മത്തായി 16
ലൂക്കോസ് 9:18-27 വരെയുള്ള സംഭവങ്ങൾ എവിടെയാണ് നടക്കുന്നത്
എന്നു വ്യക്തമായി ലൂക്കോസ് പറയുന്നില്ല എങ്കിലും അതിന് മുമ്പ് നടന്ന സംഭവങ്ങൾ
ഗലീലയിലെ ബേത്ത്സയിദ എന്ന പട്ടണത്തിൽ വച്ചാണ് നടന്നത്. എന്നാൽ ലൂക്കോസ് 9:18-27 ന്
ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ മറുരൂപ മലയിലെ പ്രത്യക്ഷത ആണ്. അത് ചിലപ്പോൾ
ഗലീലയിലുള്ള താബോർ മലയോ, ഫിലിപ്പൊസിന്റെ കൈസര്യയക്ക് സമീപമുള്ള ഹെർമ്മോൻ പർവ്വതമോ
ആകാം (Mount
Tabor, Mount Hermon). മറുരൂപ മല ഹെർമ്മോൻ
പർവ്വതം ആണെങ്കിൽ, മർക്കോസ് 8:34, ലൂക്കോസ് 9:23, മത്തായി 16:24 എന്നീ മൂന്ന് വാക്യങ്ങളുടെയും പശ്ചാത്തലം ഒരേ സ്ഥലം
ആയിരിക്കും.
ലൂക്കോസ് 9:18 ൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്: “18 അവൻ
തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു”. മർക്കൊസും,
മത്തായിയും യേശു അപ്പോൾ യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത
ഊരുകളിൽ ആയിരുന്നു എന്നു പറയുന്നു. (മത്തായി 16:13, മർക്കോസ് 8:27).
കൈസര്യ എന്ന പേരുള്ള ഒന്നിലധികം പ്രദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ
ഇവിടെ പറയുന്ന പ്രദേശം, ഹെരോദ രാജാവിന്റെ മകനായിരുന്ന
ഫിലിപ്പ്, ടെട്രാർക്ക് ആയി ഭരിച്ചിരുന്ന റോമൻ പ്രവിശ്യ ആയിരുന്നു (Caesarea
Philippi, Philip the tetrarch, son of Herod the great).
വഴിയിൽവെച്ചു ശിഷ്യന്മാരോടു: “ജനങ്ങൾ എന്നെ ആർ എന്നു
പറയുന്നു ”എന്നു ചോദിച്ചു. (മത്തായി 16:13 മർക്കോസ് 8:27, ലൂക്കോസ് 9:18) യോഹന്നാൻ
സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, വേറെ
ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. (മത്തായി
16:14, മർക്കോസ് 8:28, ലൂക്കോസ് 9:19)
“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ
ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും
ഉത്തരം പറഞ്ഞു. യേശു അവനോടു: “ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ
എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.” എന്നു
പറഞ്ഞു. (മത്തായി 16:16-17)
പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു
കല്പിച്ചു. (മത്തായി 16:20, മർക്കോസ് 8:30).
അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ,
മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ
പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു
പ്രസ്താവിച്ചു തുടങ്ങി. (മത്തായി 16:21, മർക്കോസ് 8:31, ലൂക്കോസ് 9:22).
പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു
അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ
തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ
വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു. (മത്തായി
16:22-23, മർക്കോസ് 8:32-33)
ലൂക്കോസ്
9:23-24
23 പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ
അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ്
എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
24 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ
അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ
രക്ഷിക്കും.
മർക്കോസ്
8:34-35
34 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും
അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ
തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ
അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ
ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
മത്തായി 16:24-25
24 പിന്നെ യേശു ശിഷ്യന്മാരോടു
പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു,
തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
25 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ
ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ
ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.
യേശുവിനെ
അനുഗമിക്കുന്നതിന്റെ വില
ഇവിടെ എല്ലാം യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ വില
എന്നതാണ് എന്നാണ് അവൻ പറയുന്നത്. അത് ലോകത്തെ ത്യജിക്കുക, സ്വന്ത ജീവനെ കളയുക, ഒരുവൻ
അവന്റെ ക്രൂശ് എടുത്തു കൊണ്ട് യേശുവിനെ അനുഗമിക്കുക എന്നതാണ്.
മർക്കോസ് 8:34, ലൂക്കോസ് 9:23, മത്തായി 16:24 എന്നീ
വാക്യങ്ങളിൽ യേശുക്രിസ്തു ക്രൂശ് എടുത്തുകൊണ്ട് അവനെ അനുഗമിക്കേണം എന്നു പറയുന്നതിനു
മുമ്പ്, ആ സഭാഷണം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെ ആണ്. ഈ ചോദ്യം നമുക്ക് മർക്കോസ്
8:27, ലൂക്കോസ് 9:18, മത്തായി 16:13 എന്നിവിടങ്ങളിൽ വായിക്കാം.
മത്തായി 16:13 യേശു
ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ
മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.
ഇതിന് ശിഷ്യന്മാർ, ജനങ്ങളിൽ ചിലർ യേശുവിനെ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ
ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തൻ എന്നും പറയുന്നു എന്നു
പറഞ്ഞു. ഇതിന് ശേഷം ഇതേ ചോദ്യം യേശു ശിഷ്യന്മാരോടു വ്യക്തിപരമായി ചോദിക്കുന്നു.
ഇത് യേശു ആരാണ് എന്നു വിശ്വസിച്ചു കൊണ്ടാണ് അവർ അവനെ അനുഗമിക്കുന്നത് എന്നു
വ്യക്തമാക്കും. ശിഷ്യന്മാർ എല്ലാവരും മറുപടി പറഞ്ഞുവോ, അതോ നിശബ്ദരായി ഇരുന്നുവോ
എന്നു നമുക്ക് അറിഞ്ഞുകൂടാ. പത്രൊസ് പറഞ്ഞ മറുപടി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി 16:16 നീ
ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
ഇതിന് യേശു പറഞ്ഞ മറുപടിയിൽ ഒരു ആത്മീയ മർമ്മം
അടങ്ങിയിട്ടുണ്ട്.
മത്തായി 16:17 യേശു
അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ
അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു
വെളിപ്പെടുത്തിയതു.
യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണ് എന്നു പത്രൊസ്
ഗ്രഹിച്ചത്, യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടല്ല, അവന്റെ പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടല്ല,
അവന്റെ മാതൃകാ ജീവിതം കണ്ടിട്ടുമല്ല. യേശു ദൈവത്തിന്റെ പുത്രനാണ് എന്ന വെളിപ്പാടു
പത്രൊസ് പ്രാപിച്ചതു പിതാവായ ദൈവത്തിൽ നിന്നുമാണ്. അത് സ്വർഗ്ഗസ്ഥനായ പിതാവായ ദൈവം
അവന് വെളിപ്പെടുത്തിയതു കൊണ്ടാണ്.
അതായത് ഒരുവൻ അന്നും, ഇന്നും യേശു ദൈവപുത്രനാണ് എന്നു ഗ്രഹിക്കുന്നത്,
ഭൌതീക തലത്തിലുള്ള ആരുടെയും പ്രവർത്തനങ്ങളുടെ ഫലമായല്ല, അവന്റെ പ്രവർത്തിയുടെ
ഫലമായും അല്ല. ദൈവം ഒരുവന് അത് വെളിപ്പെടുത്തികൊടുക്കുകയാണ്.
ഗലാത്യർ 1:15-17
15 എങ്കിലും എന്റെ ജനനം മുതൽ എന്നെ
വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
16 തന്റെ പുത്രനെക്കുറിച്ചുള്ള
സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ
എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ
17 എനിക്കു മുമ്പെ
അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു
പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
Galatians 1:15-16
(NKJV)
15 But when it
pleased God, who separated me from my mother's womb and called me
through His grace,
16 to
reveal His Son in me, that I might preach Him among the Gentiles, I did
not immediately confer with flesh and blood,
ഗലാത്യർ 1:16 ൽ “അവനെ എന്നിൽ വെളിപ്പെടുത്തുവാൻ
പ്രസാദിച്ചപ്പോൾ” എന്നു പൌലൊസ് പറയുന്നത്, യേശുക്രിസ്തുവിനെ പിതാവായ ദൈവം അവന്
വെളിപ്പെടുത്തി നല്കി എന്ന അർത്ഥത്തിൽ ആണ്. ഈ വെളിപ്പെടുത്തലും യേശുവിലുള്ള
വിശ്വാസവും ദൈവത്തിന്റെ പ്രവർത്തിയാണ്.
1 കൊരിന്ത്യർ 2:10
നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു
സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
1 കൊരിന്ത്യർ 2:7 ആം വാക്യത്തിൽ പൌലൊസ് പറയുന്നത്:
1 കൊരിന്ത്യർ 2:7
ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും
മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
തുടർന്നു അദ്ദേഹം പറയുന്നു: അവർ പ്രസ്താവിക്കുന്ന
ദൈവത്തിന്റെ ജ്ഞാനം ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു
എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. ഈ ജ്ഞാനം, “ദൈവം
തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി
കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ
തോന്നീട്ടുമില്ല.” (2:9). എന്നാൽ നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ
വെളിപ്പെടുത്തിയിരിക്കുന്നു; (2:10).
അതായത് പത്രൊസ് പറഞ്ഞ, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ
ക്രിസ്തു (മത്തായി 16:16) എന്ന ആത്മീയ മർമ്മം അവന് വെളിപ്പെട്ടു കിട്ടിയത്
ദൈവത്തിൽ നിന്നാണ്. ദൈവം കൃപ തോന്നി അവന് അത് ആത്മാവിൽ വെളിപ്പെടുത്തികൊടുത്തു. ലോകത്തിന്റെ
പ്രഭുക്കന്മാരിൽ അനേകർക്ക് ഈ മർമ്മം ഇന്നും വെളിപ്പെട്ടു കിട്ടിയിട്ടില്ല.
എന്നിട്ടും പത്രൊസ് അവന്റെ കാഴ്ചപ്പാടിൽ തെറ്റിപ്പോയി.
അതാണ് മത്തായി 16 ൽ തുടർന്നു നമ്മൾ വായിക്കുന്നത്.
യേശു, അവൻ ക്രിസ്തു ആകുന്നു എന്നു പരസ്യം ആക്കുവാൻ
സമായമായിട്ടില്ല എന്നു ശിഷ്യന്മാരെ പ്രബോധിപ്പിച്ചു. അതിന്റെ കാരണം 21 ആം വാക്യം
മുതൽ യേശു വിവരിച്ചു. അവൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ,
മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ
പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം.
യേശുവിന്റെ ഈ
പ്രവചനം പത്രൊസിന്റെയോ മറ്റ് ശിഷ്യന്മാരുടെയോ പ്രതീക്ഷയ്ക്ക് യോജിക്കുന്നത്
ആയിരുന്നില്ല. അവർ യേശുക്രിസ്തു യഹൂദന്മാർ കാത്തിരുന്ന മശീഹ ആണ് എന്നു
വിശ്വസിച്ചു. മശീഹ പിടിക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ
ചെയ്യുകയില്ല. അവൻ രാക്ഷ്ട്രീയവും ആത്മീയവും ആയ ഒരു നേതാവായിരിക്കും. അവൻ
യഹൂദന്മാരുടെ രാജാവാണ്. യഹൂദന്മാരുടെ സങ്കല്‍പ്പത്തില്‍, മശീഹ ഒരു യോദ്ധാവായിരിക്കും. അവന്‍
ദൈവത്തിന്റെ യുദ്ധങ്ങള്‍ക്ക് ഈ ഭൂമിയില്‍ നേതൃത്വം നല്കുകയും പോരാടുകയും ചെയ്യും.
അവന്‍ ദൈവജനത്തിന്റെ രക്ഷയ്ക്കായി യുദ്ധ ചെയ്യും. അവന്‍ എപ്പോഴും യുദ്ധത്തില്‍
ജയിക്കും.
അവൻ യെരൂശലേമിൽ
ചെല്ലുമ്പോൾ, റോമൻ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കും, സകല ശത്രുക്കളെയും
തോൽപ്പിച്ച് യിസ്രായേൽ ജനത്തിന് ദൈവീക വാഗ്ദത്തമായി അവകാശപ്പെട്ട സകല
പ്രദേശങ്ങളെയും പിടിച്ചെടുക്കും. അവന്‍ യെരൂശലേം ദൈവാലയത്തെ പുനര്‍നിമ്മിക്കും. ഇപ്പോള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിരിക്കുന്ന യിസ്രായേലിലെ 12
ഗോത്രങ്ങളെയും അവരുടെ വാഗ്ദത്ത ഭൂമിയായ യിസ്രായേല്‍ ദേശത്ത് മടക്കിവരുത്തും. ഇതൊരു
പുതിയ “പുറപ്പാട്” ആയിരിയ്ക്കും (Exodus). മശീഹ സമാധാനവും
സമൃദ്ധിയും നിറഞ്ഞ നിത്യമായ ഒരു രാജ്യം സ്ഥാപിക്കും. അവന്റെ രാജ്യത്വത്തിന് അവസാനം
ഉണ്ടാകുകയും ഇല്ല.
യഹൂദന്മാരെ റോമന്‍
സാമ്രാജ്യത്തില്‍ നിന്നും മോചിപ്പിക്കുന്ന മശീഹയെയാണ് അവര്‍ അക്കാലത്ത് പ്രതീക്ഷിച്ചത്.
ഈ പ്രതീക്ഷയോടെയാണ് പത്രൊസും, ശേഷം ശിഷ്യന്മാരും യേശുവിനെ അനുഗമിച്ചിരുന്നത്. ഇതിനായിട്ടാണ്
അവർ യെരൂശലേമിലേക്ക് പോയിക്കൊണ്ടിരുന്നത്.
അതിനാൽ, യേശു യെരൂശലേമിൽ ചെല്ലുമ്പോൾ, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ
എന്നിവരാൽ അവൻ പടിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യും
എന്നത് ശിഷ്യന്മാർക്ക് ഉൾക്കൊള്ളുവാൻ കഴിയാത്ത പ്രവചനം ആണ്.
ഇതാണ് പത്രോസിന്റെ പ്രതികരണത്തിൽ ഉള്ളത്.
മത്തായി 16:22
പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
യേശു മശീഹ ആണ് എന്നു പത്രൊസ് വിശ്വസിച്ചില്ല എന്നതല്ല ഇവിടെ പ്രശ്നം. യേശു
യഹൂദന്മാർ പ്രതീക്ഷിക്കുന്ന മശീഹ ആണ് എന്നു വിശ്വസിച്ചു എന്നതാണ് പ്രശനം.
യഹൂദന്മാരുടെ മശീഹ ഭൌതീക തലത്തിലുള്ള ഒരു യോദ്ധാവും രാജാവുമാണ്.
എന്നാൽ യേശുവിന്റെ ദൈവരാജ്യം ഐഹികം അല്ല. അത് സ്വർഗ്ഗീയം ആണ്. അതാണ് അവൻ
ശുശ്രൂഷയുടെ ആരംഭത്തിൽ വിളംബരം ചെയ്തത്. പീലാത്തൊസിന്റെ മുന്നിൽ പ്രഖ്യാപിച്ചതും സ്വർഗ്ഗീയമായ
രാജ്യമാണ്.
മർക്കോസ് 1:14-15 എന്നാൽ യോഹന്നാൻ
തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: “കാലം
തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ
വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
യോഹന്നാൻ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം
ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ
പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
ഈ രാജ്യം സ്ഥാപിക്കുവാനുള്ള ദൈവീക മാർഗ്ഗം, യേശു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ,
ശാസ്ത്രിമാർ എന്നിവരാൽ പടിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും,
കൊല്ലപ്പെടുകയും, മൂന്നാം നാല് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുക എന്നതാണ്.
ഇവിടെ യേശുവും പത്രോസിന്റെ മശീഹ സങ്കൽപ്പവും തമ്മിൽ ഒരു സംഘർഷത്തിൽ ആണ്. പത്രോസിന്റെ
മശീഹ സങ്കൽപ്പം ഭൌതീകതയും, യേശുവിന്റെ ദൈവരാജ്യം ആത്മീയവും ആണ്. ഭൌതീകതയും
ആത്മീയവും തമ്മിൽ ഇവിടെ സംഘർഷത്തിൽ ആകുന്നു.
യേശുക്രിസ്തുവിന്റെ ആത്മീയ ദൈവരാജ്യത്തിൽ നിന്നും അവനെ പിൻമാറ്റുവാൻ ആദ്യം
ശ്രമിച്ചത് സാത്താൻ ആണ്. അത് അവൻ മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടപ്പോൾ ആയിരുന്നു.
അവിടെ യേശു സാത്താനെ ശാസിച്ചു, പരീക്ഷയെ ജയിച്ചു.
പിശാച് യേശുവിനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി,
ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു. പിശാചിനെ നമസ്കരിച്ചാൽ
ഇതൊക്കെയും യേശുവിന് നല്കാം എന്നു അവൻ പറഞ്ഞു. എന്നാൽ യേശു പിശാചിനെ ശാസിച്ചു,
അവന്റെ പരീക്ഷയെ ജയിച്ചു. (മത്തായി 4:8-11)
ഇവിടെയും യേശു പത്രോസിന്റെ ഉള്ളിൽ ഉള്ള ഭൌതീക
മോഹങ്ങളിലേക്ക് നോക്കി. അവൻ അതിനെ ശാസിച്ചു.
മത്തായി 16:23
അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ
വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.
അതിന് ശേഷം യേശു എല്ലാവരോടും ആയി പറഞ്ഞു:
മത്തായി
16:24-25
24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ
എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ
ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
25 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ
അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ
കണ്ടെത്തും.
ഭൌതീകതയ്ക്കായുള്ള മോഹമല്ല, ഭൌതീകതയെ ത്യജിക്കുന്നതാണ്
യേശുവിനെ അനുഗമിക്കുവാനുള്ള യോഗ്യത. ഈ ലോകത്തിൽ ജീവനെ നേടുകയല്ല, ജീവനെ ത്യജിക്കുക
എന്നതാണ് ദൈവരാജ്യത്തിന്റെ മാർഗ്ഗം.
ഭൌതികതയെ ത്യജിക്കുക എന്നതിന് ലോകത്തിലെ മറ്റ് തത്വ ചിന്തകൾ
നല്കുന്ന അർത്ഥമല്ല യേശു നല്കുന്നത്. ലോകത്തിലെ സുഖ സൌകര്യങ്ങൾ ത്യജിച്ചുകൊണ്ടു,
ഏകാന്തവും, ഒറ്റപ്പെട്ടതുമായ ഒരു സ്ഥലത്ത്, സർവ്വ പരിത്യാഗിയായി ജീവിക്കുക
എന്നതല്ല യേശു പറയുന്ന വഴി. യേശുവിന്റെ വഴി, ഈ ലോകത്തിൽ നിന്നും ഏറ്റവും ഹീനമായ
നിന്ദയും, പരിഹാസവും, പീഡനവും, മരണവും ഏൽക്കുക എന്നതാണ്. അതാണ് യേശു ക്രൂശ്
ചുമക്കുക എന്നതുകൊണ്ട് അർത്ഥമാക്കിയത്.
ത്യജിക്കുക എന്നത് നിഷ്ക്രിയമായ സഹന ശീലമാണ് (passive). ലോകം നല്കുന്ന കഠിനമായ കഷ്ടത ഏൽക്കുക എന്നത് സജീവമായ (active) പങ്കാളിത്തമാണ്. ക്രൂശ് കഷ്ടതയിൽ ഉള്ള സജീവമായ പങ്കാളിത്തമാണ്.
ക്രൂശു എടുത്തു
എന്നെ അനുഗമിക്കട്ടെ
മത്തായി 16:24 ൽ യേശു പറയുന്ന “ഒരുത്തൻ എന്റെ
പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ
ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” എന്ന വാചകം പൂർണമായി ഗ്രഹിക്കുവാൻ നമുക്ക്
അൽപ്പം പ്രയാസമുണ്ട്. ക്രൂശ് കഷ്ടതയുടെയും, നിന്ദയുടെയും അടയാളമാണ് എന്നു നമ്മൾ
പറയാറുണ്ട്. എന്നാൽ നമ്മളെ സംബന്ധിച്ചിടത്തോളം, ക്രൂശ് എന്ന അടയാളത്തിന് ഒരു
പവിത്രയും, മഹത്വവും ഉണ്ട്. ക്രൂശിനെ നമ്മൾ ആരാധിക്കുന്നില്ല എങ്കിലും, അത്
യേശുക്രിസ്തു യാഗമായി തീർന്ന ഇടമാണ് എന്നത് മറന്നുകൊണ്ടു അതിനെ കാണുവാൻ നമുക്ക്
കഴിയില്ല.
എന്നാൽ നമ്മൾ മുകളിൽ പറഞ്ഞ എല്ലാ വാക്യങ്ങളും,
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് മുമ്പ് ആണ് അവൻ പറഞ്ഞത്. യേശു ഈ വാക്യങ്ങളിൽ
പറയുന്ന സന്ദർഭത്തിൽ ക്രൂശിന്, അവൻ യാഗമായി തീർന്ന ഇടം എന്ന അർത്ഥം അല്ല.
യേശു “ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ” എന്നു പറഞ്ഞ
സന്ദർഭത്തിൽ ക്രൂശിനെക്കുറിച്ചുള്ള ധാരണകൾ എന്തെല്ലാം ആയിരുന്നു? ഈ ധാരണകൾ ആണ് ഈ
വാചകത്തിന്റെ യഥാർത്ഥ അർത്ഥം.
ക്രൂശ്
എന്ന കൊലപാതക രീതി
ക്രൂശിൽ തറച്ചു കൊല്ലുക എന്നത് ഏറ്റവും ക്രൂരമായ ഒരു
കൊലപാതക രീതി ആയിരുന്നു. ക്രൂശ് ഒരു കൊലപാതക രീതിയായി ആദ്യം ഉപയോഗിച്ചത് അലക്സാണ്ടര്‍
ചക്രവർത്തിയുടെ കാലത്ത് ഗ്രീക്ക്കാർ ആയിരിക്കേണം. ഇതിന് ചരിത്ര തെളിവുകൾ ഉണ്ട്.
വേദപുസ്തകത്തിൽ യെശയ്യാവു 23, യെഹെസ്കേല്‍ 26
എന്നീ പുസ്തകങ്ങളിൽ സോർ എന്ന പട്ടണത്തേക്കുറിച്ച് പ്രവചനങ്ങൾ ഉണ്ട്. 2000 BC മുതല്‍ ഗ്രീക്ക് സാമ്രാജ്യത്തിന്റെ കാലം വരെ അതി
സമ്പന്നമായി നിലനിന്നിരുന്ന ഒരു ഫെനീഷ്യന്‍ സ്വതന്ത്ര പട്ടണം ആയിരുന്നു സോര്‍. അത്
ഇന്നത്തെ സിറിയയുടെ തീരപ്രദേശത്ത് നിലനിന്നിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ
(മദ്ധ്യധരണ്യാഴി) തീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു കൂട്ടം പട്ടണങ്ങളെയാണ് ഫെനീഷ്യ
എന്ന് വിളിക്കുന്നത്. ഫെനീഷ്യരും ഫെലിസ്ത്യരും പലസ്തീന്‍ പ്രദേശത്തെ തീര
പ്രദേശങ്ങളില്‍, അതായത്, ഇന്നത്തെ
ലെബനന്‍റെ തീരപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവര്‍ ആണ്. അവര്‍ മുമ്പ് ഒരു കൂട്ടര്‍
ആയിരുന്നിരിക്കേണം. അവര്‍ പേര്‍ഷ്യന്‍ പ്രദേശങ്ങളില്‍ നിന്നും ഏകദേശം 3000
BC യില്‍ മെഡിറ്ററേനിയന്‍ തീരത്ത് കുടിയേറി കോളനികള്‍ സ്ഥാപിച്ചു
താമസിച്ചിരുന്നവര്‍ ആയിരുന്നു. സോര്‍ പട്ടണത്തെ കുറിച്ച് BC
14 ആം നൂറ്റാണ്ടില്‍ ഉള്ള പുരാതന യവന രചനകളില്‍ പരമര്‍ശങ്ങള്‍ ഉണ്ട്.
BC 333 ല്‍ അലക്സാണ്ടര്‍ പേര്‍ഷ്യയെ കീഴടക്കിയപ്പോള്‍,
എല്ലാ ഫെനീഷ്യന്‍ പട്ടണങ്ങളും ഗ്രീക്ക് സാമ്രാജ്യത്തിന്റെ കീഴില്‍ ആയി. എന്നാല്‍
സോര്‍ കീഴടങ്ങുവാന്‍ വിസമ്മതിച്ചു. അലക്സാണ്ടര്‍ സോരിനെ ആക്രമിച്ചു കീഴടക്കി. ഈ
യുദ്ധത്തിൽ സോരിലെ 6000 പോരാളികളും അലക്സാണ്ടറിന്റെ 400 പടയാളികളും
മരിച്ചു. 30,000 സോര്‍ നിവാസികളെ അടിമകളായി വിറ്റു. ഏകദേശം 2000
സോര്‍ പടയാളികളെ ജീവനോടെ പിടിച്ചു. അവരെ സോരിന്റെ തീര പ്രദേശത്തേക്ക് കൊണ്ടുപോയി, വൃക്ഷങ്ങളില്‍ ആണികള്‍കൊണ്ട് തറച്ചു തൂക്കിയിട്ടു. അവിടെകിടന്ന് അവര്‍
മരിച്ചു. അലക്സാണ്ടര്‍ നടപ്പാക്കിയ ഈ കൊലപാതക രീതിയാണ് പിന്നീട് റോമന്‍ സാമ്രാജ്യം
ക്രൂശീകരണം എന്ന രീതിയില്‍ സ്വീകരിച്ച ശിക്ഷാ സമ്പ്രദായം.
ഈ ക്രൂശിനെക്കുറിച്ചാണ് യേശു പരാമർശിച്ചത്. ശത്രുക്കളുടെ
കൈയ്യിൽ എൽപ്പിക്കപ്പെടുകയും, അവർ കൊടും കുറ്റവാളികൾ എന്നവണ്ണം വൃക്ഷങ്ങളിൽ ആണികൾ
കൊണ്ട് തറച്ചു തൂക്കിയിടുകയും, അവിടെ കിടന്നു മരിക്കുകയും ചെയ്യുന്ന അനുഭവം ആണ്
ക്രൂശ്. യേശുക്രിസ്തുവിനും, ദൈവരാജ്യത്തിനും വേണ്ടി, ഈ ക്രൂശ് വഹിക്കുവാൻ
തയ്യാറുള്ളവർ ആണ് യേശുവിനെ അനുഗമിക്കുവാൻ യോഗ്യർ. ഇത് ലോകത്തെ ത്യജിക്കുക എന്നതിൽ
ഉപരിയായി, കഠിനമായ കഷ്ടതകളെ സ്വീകരിക്കുക എന്നതാണ്.
യേശുവിന്റെ
കാലത്ത് റോമൻ സാമ്രാജ്യം ക്രൂശീകരണത്തെ ഏറ്റവും കഠിനമായ ശിക്ഷയായി ഉപയോഗിച്ചിരുന്നു.
അത് വളരെയധികം വേദനയും,
നിന്ദയും പരിഹാസവും നിറഞ്ഞതും ക്രമേണയും സാവധാവും ഉള്ള മരണം ആയിരുന്നു. മരണം 6
മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ നീണ്ടു പോയേക്കാം. അതിന്റെ ഭായനകത കാരണം, അതിന് യോഗ്യമായ കുറ്റങ്ങള്‍ ആരും ചെയ്യുക ഇല്ലായിരുന്നു.
ജനങ്ങള്‍
ഒരുമിച്ച് കൂടുന്ന പൊതുവായ സ്ഥലങ്ങള്‍ക്ക് സമീപം ഉള്ള കുന്നുകള്‍ക്ക് മുകളില്‍
സകലരും കാണുവാന്‍ തക്കവണ്ണം ആയിരുന്നു ക്രൂശീകരണം നടപ്പാക്കിയിരുന്നത്. അത്
മറ്റുള്ളവര്‍ക്കുള്ള ശക്തമായ ഒരു താക്കീതായിരുന്നു.
ക്രൂശീകരണം വളരെ
നിന്ദ്യം ആയിരുന്നതിനാല്‍,
സാധാരണയായി റോമന്‍ പൌരന്‍മാരെ ക്രൂശീകരണത്തിന് വിധിക്കുക ഇല്ലായിരുന്നു. വളരെ
താഴ്ന്ന നിലവാരത്തിലുള്ള കുറ്റവാളികള്‍, കുറ്റം ചെയ്ത
പടയാളികള്‍, രാജ്യ ദ്രോഹികള്‍ എന്നിവരെ ആയിരുന്നു
ക്രൂശീകരിച്ചിരുന്നത്. യജമാനന്‍മാരെ വിട്ട് ഓടി പോയി കുറ്റകൃത്യം ചെയ്യുന്ന
അടിമകള്‍, യജമാനന്‍മാരുടെ കുതിരകളെ മോഷ്ടിക്കുന്ന അടിമകള്‍, എന്നിവര്‍ താഴ്ന്ന നിലവാരത്തില്‍ ഉള്ള കുറ്റകൃത്യം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു.
റോമന്‍ സാമ്രാജ്യത്തിന് എതിരെയുള്ള ലഹളയും പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും
രാജ്യദ്രോഹം ആയിരുന്നു. രാജ്യദ്രോഹികള്‍ക്കുള്ള ശിക്ഷ എപ്പോഴും ക്രൂശീകരണം
ആയിരുന്നു.
റോമന്‍
പടയാളികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന എല്ലാ ക്രൂരതകളും അവരോടു ചെയ്യും.
കാരണം, റോമന്‍ ഗവണ്‍മെന്‍റിന്
അവര്‍ രാജ്യദ്രോഹികള്‍ ആണ്. അവരെ ക്രൂശിക്കുന്നതിന് മുമ്പ് ചാട്ടാവറുകള്‍ കൊണ്ട്
അടിക്കും, ആഹാരവും വെള്ളവും നിഷേധിക്കപ്പെടും, ഉറങ്ങുവാനോ വിശ്രമിക്കുവാനോ അവസരം നല്കുക ഇല്ല. ശരീരത്തിലെ മുറിവുകളില്‍
നിന്നും രക്തം വാര്‍ന്ന് ഒലിച്ചുകൊണ്ടിരിക്കും. കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കും
എന്നതിനാല്‍ മുറിവുകളില്‍ ഇഴഞ്ഞു നടക്കുന്ന ഈച്ചകളെപ്പോലും അവര്‍ക്ക് ഓടിക്കാന്‍
ആവില്ല. വേഗം മരിച്ചാല്‍ മതി എന്ന് അവര്‍ ആഗ്രഹിക്കത്തക്ക വിധം അവര്‍
നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും.
ക്രൂശീകരണത്തിനായി
വിധിക്കപ്പെട്ടവരെ ഒരു മരത്തടിയോട് ചേര്‍ത്ത് കെട്ടുകയോ, ആണികൊണ്ട് അവരുടെ കൈകളും കാലുകളും അടിച്ച്
ഉറപ്പിക്കുകയോ ചെയ്യും. അവരുടെ കൈകള്‍ ഇരുവശത്തേക്കും വലിച്ച്
നീട്ടപ്പെട്ടിരിക്കും. അതിനു ശേഷം ഈ മരത്തടി, അല്ലെങ്കില്‍
ക്രൂശ്, ഒരു വലിയ കുഴിയില്‍ ഉറപ്പിക്കും. അങ്ങനെ
ക്രൂശിക്കപ്പെടുന്നവര്‍, ഇരുകൈകളും നീട്ടപ്പെട്ടവര്‍ ആയി, ആണികളാല്‍ തറക്കപ്പെട്ടവരായി, നിസ്സഹായര്‍ ആയി, നഗ്നര്‍ ആയി ക്രൂശില്‍ കിടക്കും. സൂര്യന്‍റെ കഠിനമായ ചൂടും, രാത്രിയിലെ മഞ്ഞും, മഴയും എല്ലാം അവര്‍
അനുഭവിക്കേണ്ടി വരും. അവരുടെ രക്തം കുടിക്കുവാനും മാസം കൊത്തി ഭക്ഷിക്കുവാനും
കണ്ണുകള്‍ കൊത്തിയെടുക്കുവാനും ആയിവരുന്ന കഴുകന്മാരെ അവര്‍ക്ക് ആട്ടി ഓടിക്കുവാന്‍
കഴിയില്ല.
ക്രൂശിക്കപ്പെടുന്നവര്‍ മരിച്ചു കഴിഞ്ഞതിന് ശേഷമേ റോമന്‍
പടയാളികള്‍ക്ക് അവിടം വിട്ട് പോകുവാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ മരണം
വേഗമാക്കുവാന്‍, അവര്‍ കുറ്റവാളികളുടെ കാല്‍ ഓടിക്കുകയും, മാറിടത്തില്‍ ശക്തമായി അടിക്കുകയും, ഹൃദയത്തിലേക്ക്
കുന്തം കൊണ്ട് കുത്തുകയും, അവരെ ശ്വാസം മുട്ടിക്കുവാന്‍
ക്രൂശിന്‍റെ ചുവട്ടില്‍ തീ കത്തിച്ച് പുകയ്ക്കുകയും ചെയ്യുമായിരുന്നു.
ക്രൂശിക്കപ്പെടുന്ന
വ്യക്തിയുടെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ
വെച്ചേക്കും. കഴുകന്‍മാര്‍ കൊത്തിപ്പറിക്കുന്ന ശരീരത്തിന്റെ ഭീകര കാഴ്ച, മറ്റുള്ളവര്‍ക്ക് ഒരു പാഠം ആയിരിക്കേണം.
അതിനുശേഷം ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍
എറിഞ്ഞുകളയും. ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം പോലും നല്‍കുകയില്ല.
അന്നത്തെ കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍
ലഭിക്കുവാന്‍ ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍
വിശ്വസിച്ചിരുന്നു. എന്നാല്‍ ക്രൂശിക്കപ്പെടുന്നവന്, ഈ
ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും നിഷേധിക്കപ്പെടുക
ആണ്. അവന്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്.
ഇത്തരം അനുഭവങ്ങൾ ആണ് “ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ”
എന്നു യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്. അങ്ങനെയാണ് കേട്ടുകൊണ്ടിരുന്ന ശിഷ്യന്മാരും
മറ്റുള്ളവരും മനസ്സിലാക്കിയത്. ഇതിൽ, മാന്യവും, മഹത്വവും, പവിത്രവും ആയ യാതൊന്നും
ഇല്ല. ഇതിൽ ലോകത്തിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും കഠിനമായ ക്രൂരതയും, വേദനയും, നിന്ദയും,
തിരസ്കരണവും മാത്രമേ ഉള്ളൂ.
ഈ ക്രൂശ് വഹിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നവർ മാത്രമാണ്
അവന്റെ ശിഷ്യന്മാർ. അതിന് തയ്യാറല്ലാത്തവർ ആരും അവന്റെ ശിഷ്യൻ ആകുവാൻ യോഗ്യൻ അല്ല.
അപ്പൊസ്തലന്മാർക്കും യേശുവിനെ അനുഗമിക്കുക എന്നത് ക്രൂശ്
വഹിക്കുക എന്നാണ് എന്ന ബോധ്യം ഉണ്ടായിരുന്നു. അവർ അതാണ് ആദ്യകാല വിശ്വാസികളെ
പ്രബോധിപ്പിച്ചതും.
അപ്പൊസ്തല
പ്രവൃത്തികൾ 14:22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി
ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു
ഉറപ്പിച്ചു പോന്നു.
1 തെസ്സലൊനീക്യർ 3:3 കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ
അറിയുന്നുവല്ലോ.
2 തീമൊഥെയൊസ് 3:12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം
ഉപദ്രവം ഉണ്ടാകും.
കോറം ഡെയോ
യേശുക്രിസ്തു, ലൂക്കോസ് 14:28–32 വരെയുള്ള വാക്യങ്ങളിൽ
പറഞ്ഞിരിക്കുന്ന ഉപമകൾ കൂടി വായിച്ചുകൊണ്ടു ഈ സന്ദേശം അവസാനിപ്പിക്കാം. ലൂക്കോസ് 14:27
ആം വാക്യത്തിൽ യേശു പറഞ്ഞു: “തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ
വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.” അതിന് ശേഷമാണ് ഈ രണ്ട് ഉപമകൾ യേശു
പറയുന്നത്.
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം
ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ
അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ
എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ
വകയില്ല എന്നു പരിഹസിക്കുമല്ലോ.
അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട
ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി
വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ
അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.
ഈ ഉപമകളുടെ അർത്ഥം ഇതാണ്, നമ്മൾ ഒരു കാര്യം ചെയ്യുവാൻ
ആരംഭിക്കുന്നതിന് മുമ്പേ അതിന് നമ്മൾക്ക് പ്രാപ്തി ഉണ്ടോ എന്നു ചിന്തിക്കേണം.
അല്ലെങ്കിൽ, വഴിയിൽ വച്ചു അത് ഉപേക്ഷിക്കേണ്ടി വരും. അതുപോലെ തന്നെ യേശുവിനെ
അനുഗമിക്കുവാൻ നമ്മൾ ഒരുക്കമാണോ എന്നു ചിന്തിച്ചു, തീരുമാനിച്ചു വേണം അവനെ
പിന്തുടരുവാൻ. അല്ലെങ്കിൽ വഴിമദ്ധ്യേ നമ്മളുടെ ആത്മീയ ജീവിതം ഉപേക്ഷിക്കേണ്ടി
വരും.
ദൈവരാജ്യം കൈവശമാക്കുക എന്നത് ലളിതമായ ഒരു പ്രക്രിയ അല്ല.
അതിന് ഒരു വലിയ വില നൽകേണ്ടതുണ്ട്. ആ വില നല്കുവാൻ നമ്മൾ തയ്യാറാണ് എങ്കിൽ മാത്രം
യേശുവിനെ അനുഗമിച്ചാൽ മതി. യേശുവിനെ പിന്തുടരുക എന്നാൽ, തനിക്കുള്ളതു ഒക്കെയും വിട്ടുപിരിഞ്ഞു, “തന്റെ ക്രൂശു എടുത്തു കൊണ്ടു
എന്റെ പിന്നാലെ” വരുക എന്നാണ്.
ലൂക്കോസ് 14:33
അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല
എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
No comments:
Post a Comment