ജേഷ്ഠാവകാശം

ആദ്യജാതന്റെ ജേഷ്ഠാവകാശം എന്നത്, മദ്ധ്യ പൂർവ്വ ദേശങ്ങളിൽ, പുരാതന കാലത്ത് നിലവിൽ ഇരുന്ന, ഒരു സാമൂഹിക പ്രമാണം ആണ്. ജേഷ്ഠാവകാശം ഒരു കുടുംബത്തിലെ ആദ്യജാതനായ ആൺ സന്തതിയ്ക്ക് ഉള്ള പ്രത്യേക അവകാശമാണ്. ഇതിലൂടെ, പിതാവിന്റെ മരണത്തിന് ശേഷമോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലോ, ആദ്യജാതനായ പുത്രന് പിതാവിന്റെ അവകാശങ്ങളും, ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ ഇരട്ടി പങ്കും ലഭിക്കും.

 

“ഇരട്ടി പങ്ക്” എന്നതിലെ “ഇരട്ടി” എന്ന വാക്കിന്റെ എബ്രായ ഭാഷയിലുള്ള പദം, “ഷെനായീം” (sh@nayim,  shen-ah'-yim) എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം “രണ്ടു പങ്ക്” അല്ലെങ്കില്‍ “രണ്ടു ഭാഗം” എന്നാണ്.

 

ആദ്യജാതന്റെ ജേഷ്ഠാവകാശം മോശെയുടെ ന്യായപ്രമാണം നിലവിൽ വരുന്നതിനു മുമ്പേ മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. ന്യായപ്രമാണത്തിൽ, ഈ സാമൂഹിക രീതിയെ, നീതിപൂർവ്വം നടപ്പിലാക്കേണം എന്നു നിഷ്കർഷിച്ചിരുന്നു. അതിലൂടെ ഇത് ന്യായപ്രമാണത്തിൽ ഒരു സാമൂഹിക പ്രമാണമായി ക്രമീകരിക്കപ്പെട്ടു.



ആദ്യജാതന്റെ ജേഷ്ഠാവകാശം എന്നതിന്റെ ഒരു വശം, പിതാവിന്റെ സ്വത്തിൽ അവന് ലഭിക്കുന്ന ഇരട്ടി പങ്ക് അല്ലെങ്കിൽ രണ്ട് പങ്ക് ആണ്. ഇതിനെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ഒരു പിതാവ് തന്റെ സ്വത്ത് മക്കള്‍ക്കായി വീതം വെയ്ക്കുമ്പോള്‍, ആദ്യജാതനായ മകന് രണ്ട് പങ്ക് കൊടുക്കേണം. അതായത്, ഒരു പിതാവിന് 4 ആണ്മക്കള്‍ ഉണ്ട് എങ്കില്‍ അദ്ദേഹത്തിന്റെ സ്വത്ത് 5 ആയി വിഭജിക്കേണം. ഓരോ പങ്ക് 3 മക്കള്‍ക്കും, ആദ്യജാതന് രണ്ടു പങ്കും കൊടുക്കേണം. ഇതാണ് സ്വത്തിൽ ആദ്യജാതന് ലഭിക്കുന്ന ജേഷ്ഠാവകാശം.

  

ആദ്യജാതനായ ഒരു പുത്രന് ഇരട്ടി പങ്ക് ലഭിച്ചാല്‍, മറ്റുള്ളവരെക്കാള്‍ അവന് ഭൌതീക സമ്പത്തു കൂടുതല്‍ ഉണ്ടാകും. എന്നാല്‍ ജേഷ്ഠാവകാശത്തിന് പഴയനിയമ ഗോത്ര സമൂഹത്തിൽ  കൂടുതല്‍ പ്രസക്തി ഉണ്ടായിരുന്നു. അത് പിതാവിന്റെയും, കുടുംബത്തിന്റെയും പിന്തുടര്‍ച്ചയും, അവകാശവും, ആയിരുന്നു. ഗോത്ര പിതാക്കന്മാർ കുടുംബത്തിലെ പുരോഹിതന്മാർ ആയി പ്രവർത്തിച്ചിരുന്ന, ന്യായപ്രമാണത്തിന് മുമ്പുള്ള കാലത്ത്, ആദ്യജാതന്മാർ ഗോത്രപിതാവും, പുരോഹിതനും, പ്രവാചകനും ആയിത്തീരും.

 

എന്നാൽ എക്കാലത്തും, എല്ലായിപ്പോഴും ആദ്യജാതന്റെ പ്രത്യേക അവകാശങ്ങൾ അങ്ങനെ തന്നെ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്, യാക്കോബ് അവകാശങ്ങളും അനുഗ്രഹങ്ങളും നല്കിയപ്പോൾ, ആദ്യജാതനായ രൂബേൻ നെ മറികടന്ന്, അത് യോസേഫിന് കൊടുത്തു. രൂബേൻ, യാക്കോബിന്റെ ആദ്യ ഭാര്യ ആയിരുന്ന ലേയയുടെ പുത്രൻ ആയിരുന്നു. രൂബേൻ ആയിരുന്നു യാക്കോബിന്റെ ആദ്യജാതൻ. ഈ സംഭവം നടക്കുന്നത് മോശെയുടെ ന്യായപ്രമാണത്തിന് മുമ്പ് ആണ് എങ്കിലും, ദൈവം നല്കിയ പ്രമാണത്തിൽ, അനിഷ്ടയായ ഭാര്യയിൽ ജനിച്ചതാണ് എങ്കിലും, അവൻ ആദ്യജാതൻ ആണെങ്കിൽ, അവന്റെ അവകാശത്തെ നിഷേധിക്കുന്നത് വിലക്കുന്നുണ്ട്.

 

ആവര്‍ത്തനപുസ്തകം 21:15-17

ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ അവൻ തന്റെ സ്വത്തു പുത്രന്മാർക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.

 

യോസേഫിന് ഇരട്ടി അനുഗ്രഹം നല്കിയപ്പോഴും, യാക്കോബ് ആദ്യജാതന്റെ ജേഷ്ടാവകാശം എന്ന പ്രമാണം പാലിച്ചില്ല. യോസേഫിന്റെ രണ്ട് മക്കളെ അനുഗ്രഹിച്ചപ്പോൾ, ഇളയവനായ എഫ്രയീമിന്റെ തലയിൽ വലം കൈയും, മൂത്തവനായ മനശ്ശെയുടെ തലയിൽ ഇടം കൈയും വച്ച് അനുഗ്രഹിച്ചു (ഉൽപ്പത്തി 48:14). ഇത് ആദ്യജാതൻ എന്ന അവകാശവും, ജേഷ്ഠാവകാശം ഇളയവനായ എഫ്രയീമിന് നല്കുന്ന പ്രവർത്തി ആയിരുന്നു. ഇവിടെ രണ്ട് തലത്തിൽ ജേഷ്ഠാവകാശ പ്രമാണം മറികടക്കപ്പെടുന്നു. യാക്കോബിന്റെ ആദ്യജാതനായ രൂബേൻ നെ മറികടന്ന് അത് യോസേഫിൽ എത്തി. അവിടെ അത് യോസേഫിന്റെ ആദ്യജാതനായ മനശ്ശെയെ മറികടന്ന് ഇളയവനായ എഫ്രയീമിലേക്ക് എത്തി.

 

മോശെയുടെ ന്യായപ്രമാണം ലഭിച്ചതിന് ശേഷവും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഉദാഹരണം നമുക്ക് ന്യായാധിപന്മാർ 11:1, 2 വാക്യങ്ങളിൽ വായിക്കാം. ഇവിടെ ഗിലെയാദ് ന്റെ മകനായ യിഫ്താഹ് വേശ്യാപുത്രൻ ആയിരുന്നു എന്ന കാരണം ചുമത്തി, അവന്റെ സഹോദരന്മാർ അവനെ കുടുംബത്തിൽ നിന്നും നീക്കിക്കളഞ്ഞു.  

 

ന്യായാധിപന്മാർ 11:1-2

ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു. ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.

 

ഒരു രാജാവിന്റെ ആദ്യജാതൻ, ജേഷ്ഠാവകാശ പ്രകാരം, പിതാവിന് ശേഷം അടുത്ത രാജാവാകും. ഒരു ഉദാഹരണം നമുക്ക് 2 ദിനവൃത്താന്തം 21:1-3 വരെയുള്ള വാക്യങ്ങളിൽ വായിക്കാം. ഇവിടെ പറയുന്ന പ്രകാരം യഹൂദ രാജാവായിരുന്ന യെഹോശാഫാത്ത് മരിച്ചപ്പോൾ, അവന്റെ ആദ്യജാതനായ യെഹോരാം രാജാവായി.   

 

2 ദിനവൃത്താന്തം 21:1-3

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി. അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസർയ്യാവു, യെഹീയേൽ, സെഖർയ്യാവു, അസർയ്യാവു, മീഖായേൽ, ശെഫത്യാവു എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവന്നു കൊടുത്തു.

 

എന്നാൽ ചില വ്യതിചലനങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. 2 ദിനവൃത്താന്തം 11:18-23 വരെയുള്ള വാക്യങ്ങളിൽ ഇതിന് ഉദാഹരണം ഉണ്ട്. യെഹൂദാ രാജാവായിരുന്ന രെഹബെയാം ന്റെ ആദ്യ ഭാര്യ മഹലാത്ത് ആയിരുന്നു. രണ്ടാമത്തെ ഭാര്യ അബീഹയീൽ ആയിരുന്നു. അബീഹയീലിന്റെ പുത്രന്മാരുടെ പേരുകൾ വേദപുസ്തകത്തിൽ പറയുന്നുണ്ട്. അതിന് ശേഷം രെഹബെയാം, മയഖ എന്ന യുവതിയെ വിവാഹം കഴിച്ചു. മയഖയ്ക്ക് നാല് പുത്രന്മാർ ജനിച്ചതായും പറയുന്നുണ്ട്. ആദ്യജാതന്റെ അവകാശം എന്ന പ്രമാണം അനുസരിച്ച്, മഹലാത്ത് ന്റേയോ, അവൾക്ക് പുത്രന്മാർ ഇല്ല എങ്കിൽ, രണ്ടാമത്തെ ഭാര്യ ആയ അബീഹയീൽ ന്റെയോ, പുത്രന്മാർക്കോ ആണ് രാജസ്ഥാനം ലഭിക്കേണ്ടത്. എന്നാൽ രെഹബെയാം, മയഖയെ അധികം സ്നേഹിച്ചു. അതിനാൽ അവൻ മയഖയുടെ മകനായ അബീയാവെ, അവന് ശേഷം രാജാവാക്കി നിയമിച്ചു.

 

പുതിയനിയമ വിശ്വാസികൾക്കും ആദ്യജാതന്റെ ജേഷ്ഠാവകാശം എന്ന ഒരു പിന്തുടർച്ച ലഭിക്കുന്നുണ്ട്. അത് യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന അവകാശമാണ്. ഇവിടെ യേശുക്രിസ്തു ആദ്യജാതനും, അവനിലൂടെ, അവനിൽ വിശ്വസിക്കുന്നവർ കൂട്ടവകാശികളും ആയിത്തീരുകയാണ്.

കൊലൊസ്സ്യർ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

 

റോമർ 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

 

വെളിപ്പാട് 1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 

 

ഗലാത്യർ 3:29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

 

റോമർ 8:17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.

 

എബ്രായർ 12:16, “ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ” എന്നു ക്രിസ്തീയ വിശ്വാസികൾക്ക് മുന്നറിയിപ്പ് നല്കുന്നു. (ഉൽപ്പത്തി 25:29-34). യേശുക്രിസ്തുവിലൂടെ നമ്മൾ കൂട്ടവകാശികൾ ആയി പ്രാപിച്ച ജേഷ്ഠാവകാശം അലക്ഷ്യമാക്കി കളയരുത് എന്നാണ് ഇവിടെ നമ്മളെ ഓർമ്മിപ്പിക്കുന്നത്. 


 

 

 

 

 

No comments:

Post a Comment