2 കൊരിന്ത്യർ 5:14 ആം വാക്യത്തിന്റെ ആരംഭ ഭാഗത്ത് അപ്പൊസ്തലനായ പൌലൊസ് പറയുന്ന ഹൃസ്വവും എന്നാൽ പ്രശസ്തവുമായ ഒരു വാക്യം ഉണ്ട്. അത് ഇങ്ങനെയാണ്:
2 കൊരിന്ത്യർ
5:14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;
ഈ വാക്യത്തിൽ പൌലൊസ് “ഞങ്ങളെ നിർബന്ധിക്കുന്നു”
എന്നു പറയുന്നത്, സുവിശേഷ വേലയിൽ മുന്നോട്ട് പോകുവാൻ
നിർബന്ധിക്കുന്നു എന്ന അർത്ഥത്തിലാണ്. ഇങ്ങനെ പറയുവാൻ കാരണം, അദ്ദേഹം അനുഭവിച്ച
എതിർപ്പുകളും, പീഡനങ്ങളും, കഷ്ടതയും ആകാം. സുവിശേഷ വേലയിൽ പല പരാജയങ്ങളും
അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.
പൌലൊസിന്റെ ഒന്നാമത്തെ സുവിശേഷ യാത്രയിൽ, പൌലൊസും ബർന്നബാസും അടങ്ങുന്ന സുവിശേഷ സംഘം സിറിയയിലെ അന്ത്യൊക്ക്യയില്‍ നിന്നും യാത്ര തിരിച്ച് സെലൂക്യ എന്ന തീര പ്രദേശത്തേക്കും അവിടെ നിന്നും തെക്ക് പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുപ്രൊസ് ദ്വീപിലെ പ്രധാന പട്ടണവും തുറമുഖവുമായിരുന്ന സലമീസ് എന്ന സ്ഥലത്തേക്കും പോയി. കുപ്രൊസ്, ബര്‍ന്നബാസിന്‍റെ ജന്മദേശം ആയിരുന്നു. അവര്‍ ആ ദേശമെല്ലാം സുവിശേഷം അറിയിച്ചിട്ടും വലിയ ഫലം ഉണ്ടായില്ല.
പശ്ചിമ ഏഷ്യയിലെ
പിസിദ്യാ പ്രദേശത്തെ അന്ത്യൊക്ക്യ പട്ടണത്തിൽ പൌലൊസിന്റെ പ്രസംഗം കേട്ട അനേകം
യഹൂദന്മാരും ജാതികളില്‍ നിന്നുള്ളവരും സുവിശേഷത്തില്‍ വിശ്വസിച്ചു (Pisidia was a province of Asia Minor; Asia Minor is a peninsula in
West Asia). എന്നാൽ ഒരുകൂട്ടം യഹൂദന്മാർ
പട്ടണത്തിലെ പ്രധാനികളെ ഇളക്കി പൗലൊസിന്റെയും
ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽനിന്നു
പുറത്താക്കിക്കളഞ്ഞു.
അന്ത്യൊക്ക്യയിൽ
നിന്നും അവർ ഇക്കോന്യയിലേക്കു പോയി. അവിടെ അനേകം യഹൂദന്മാരും ജാതികളില്‍
നിന്നുള്ളവരും ശിഷ്യന്മാര്‍ ആയി തീര്‍ന്നു. എന്നാല്‍ പിസിദ്യായിലെ അന്ത്യൊക്ക്യയിൽ
നിന്നും ചില യഹൂദന്മാര്‍ അവിടെ വന്ന്, അപ്പോസ്തലന്‍മാര്‍ക്ക് എതിരെ അവിടെയും കലാപം ഉണ്ടാക്കി. അപ്പോസ്തലന്മാരെ
കല്ലെറിഞ്ഞു കൊല്ലുവാന്‍ അവര്‍ പദ്ധതി ഇട്ടു. അതിനാല്‍ പൌലൊസും ബര്‍ന്നബാസും അവിടെ
നിന്നും, ലുസ്ത്ര, ദെർബ്ബ എന്ന
ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി. ഈ പട്ടണങ്ങളിൽ
പൌലൊസ് സുവിശേഷം അറിയിച്ചപ്പോൾ ആണ് തിമൊഥെയൊസ് സുവിശേഷം കേട്ടതും
വിശ്വസിച്ചു രക്ഷപ്രാപിച്ചതും.
എന്നാൽ, അന്ത്യൊക്ക്യയിൽനിന്നും
ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു, ലുസ്ത്രയിലെ ജനത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു
ഇഴെച്ചുകളഞ്ഞു. എന്നാൽ പൌലൊസ് സൌഖ്യം പ്രാപിച്ചു സുവിശേഷ യാത്ര തുടർന്നു.
ദെർബ്ബെയില്‍
നിന്നും പൌലൊസും ബര്‍ന്നബാസും തിരികെ യാത്രചെയ്ത്, ലുസ്ത്ര, ഇക്കോന്യ, പിസിദ്യായിലെ അന്ത്യൊക്ക്യ
എന്നിവിടങ്ങളിലേക്ക് പോയി. അവിടെയെല്ലാം അവര്‍ സഭയില്‍ മൂപ്പന്മാരെ നിയമിച്ചു.
പൌലൊസിന്റെ രണ്ടാമത്തെ സുവിശേഷ യാത്രയിലാണ് അദ്ദേഹം ഗ്രീക്ക്
പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ വിജയങ്ങളും പരാജയങ്ങളും
ഉണ്ടായിട്ടുണ്ട്. ഫിലിപ്പിയില്‍
ലുദിയയും കുടുംബവും,
കാരാഗൃഹ പ്രമാണിയും കുടുംബവും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു. എങ്കിലും പൌലൊസിന് അവിടെ
അധിക നാളുകള്‍ തമാസിക്കുവാന്‍ കഴിഞ്ഞില്ല. അവിടെ ജനം കലാപം ഉണ്ടാക്കി, പൌലൊസിനെയും ശീലാസിനെയും അടിച്ച് കാരാഗൃഹത്തില്‍ അടച്ചു.
തെസ്സലൊനീക്കയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായി. എന്നാല്‍
അവിടെയുള്ള യഹൂദന്മാര്‍ ജനത്തെ കൂട്ടി പൌലൊസിനെതിരെ കലാപം ഉണ്ടാക്കി. ബെരോവെ
യിലെ യഹൂദന്മാര്‍ ആദ്യം സുവിശേഷം സ്വീകരിച്ചു. എന്നാല്‍ തെസ്സലൊനീക്കയിലെ
യഹൂദന്മാര്‍ അവിടെ എത്തി അവരെ കലക്കിക്കളഞ്ഞു.
പൌലൊസിന്റെ അടുത്ത സന്ദര്‍ശന സ്ഥലം അഥേന അല്ലെങ്കില്‍ ഏതെന്‍സ്
ആയിരുന്നു (Athens). ഇവിടെയും പൌലൊസിന്റെ പ്രസംഗം ചില ചലനങ്ങള്‍
ഉണ്ടാക്കി എങ്കിലും, അവര്‍ അദ്ദേഹത്തെ പരിഹസിച്ച്
തള്ളിക്കളഞ്ഞു. അവിടെ അദ്ദേഹം ചില നാളുകള്‍ ചിലവഴിച്ച് സുവിശേഷം അറിയിച്ചു
എങ്കിലും ഒരു സഭ ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. (അപ്പോസ്തല
പ്രവൃത്തികള്‍ 17).
ഏതെന്‍സിന് ശേഷം, പൌലൊസ് സന്ദർഷിച്ച
കൊരിന്തിൽ അദ്ദേഹത്തിന് സഭ സ്ഥാപിക്കുവാൻ കഴിഞ്ഞു. എന്നാൽ പിന്നീട് ഈ സഭയിൽ
നൂഴഞ്ഞുകയറിയ ചില വ്യാജ
ഉപദേശകര്‍ പൌലൊസിന്റെ അപ്പോസ്തോലികത്വത്തെ ചോദ്യം ചെയ്യുകയും അതിലൂടെ
അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ തള്ളിക്കളയുവാന്‍ സഭയെ പ്രേരിപ്പിക്കുകയും ചെയ്തു.
പൌലൊസ് ഇതിനെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തു.
പൌലൊസിന്റെ
മൂന്നാമത്തെ സുവിശേഷ യാത്രയും എതിർപ്പുകളും, പീഡനങ്ങളും നിറഞ്ഞതായിരുന്നു. എഫെസോസിൽ
ആയിരിക്കവേയാണ് അദ്ദേഹം കൊരിന്ത്യർക്ക് കത്തുകൾ എഴുതുന്നത്. ആ കത്തുകളിൽ ഒന്നിലാണ്
“ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു” എന്നു അദ്ദേഹം
എഴുതിയത്.
അതായത്, കഷ്ടങ്ങളും പരാജയങ്ങളും അനുഭവിച്ചുകൊണ്ടു
ദൈവരാജ്യത്തിന്റെ സുവിശേഷം, ശത്രുക്കളെപ്പോലെ പെരുമാറുന്ന രാജ്യങ്ങളിൽ
അറിയിക്കുവാൻ, ക്രിസ്തുവിന്റെ സ്നേഹം അദ്ദേഹത്തെ നിർബന്ധിച്ചു.
പൌലൊസിനെ നിർബന്ധിച്ച ക്രിസ്തുവിന്റെ സ്നേഹം എന്തായിരുന്നു?
ഇത് മനസ്സിലാക്കുവാൻ, ക്രിസ്തുവിന്റെ
സ്നേഹത്താൽ പിടിക്കപ്പെടുന്നതിന് മുമ്പ് പൌലൊസ് ആരായിരുന്നു എന്നു അറിയുന്നത് നല്ലതായിരിക്കും.
പൌലൊസ് സ്വയം
പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
അപ്പൊസ്തല പ്രവൃത്തികൾ 22:3 ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച
യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാൽക്കൽ ഇരുന്നു പിതാക്കന്മാരുടെ
ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു
ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.
അപ്പൊസ്തല പ്രവൃത്തികൾ 23:6 ... സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു;
...
അപ്പൊസ്തല പ്രവൃത്തികൾ 26:5 ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത
ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ (യെഹൂദന്മാർ) ആദിമുതൽ അറിയുന്നു; ....
ഫിലിപ്പിയർ 3:5, 6
5 എട്ടാം
നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ;
എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം
സംബന്ധിച്ചു പരീശൻ;
6 ശുഷ്കാന്തി
സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ.
ഇങ്ങനെ വിവരിക്കപ്പെടുന്ന പൌലൊസ്, എന്തിനാണ്
ഇത്രയും എതിർപ്പുകളും പീഡനങ്ങളും, തിരസ്കരണവും പരാജയവും ഏറ്റുകൊണ്ടു
ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനായി രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും
ജാതികളിൽ നിന്നും ജാതികളിലേക്കും ഓടി നടന്നത്. അതിനുള്ള ഉത്തരമാണ് പൌലൊസ് 2 കൊരിന്ത്യർ
5:14 ൽ പറയുന്നത്, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ
നിർബന്ധിക്കുന്നു”. ഒരു നിർബന്ധം അവന്റെ മേൽ ഉണ്ട്. അവന് അത് ഒഴിഞ്ഞു മാറുവാൻ
കഴിയില്ല.
പൌലൊസിനോടുള്ള ക്രിസ്തുവിന്റെ സ്നേഹം ആണ് അവനെ ഈ കഷ്ടതകൾ
എല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുവാൻ നിർബന്ധിക്കുന്നത്. അവൻ അനുഭവിച്ച
കഷ്ടതകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്:
2
കൊരിന്ത്യർ 6:4-10
4 ... ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,
5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി,
നിർമ്മലത, പരിജ്ഞാനം,
6 ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി
7 എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ
ധരിച്ചുകൊണ്ടു
8 മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും
അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,
9 ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം
അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ
ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും
കൊല്ലപ്പെടാത്തവർ;
10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും
പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും
എല്ലാം കൈവശമുള്ളവരായിത്തന്നേ.
2 കൊരിന്ത്യർ 12:10 അതുകൊണ്ടു
ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം
എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ
തന്നേ ഞാൻ ശക്തനാകുന്നു.
പൌലൊസിന്റെ
സാക്ഷ്യങ്ങളിൽ എല്ലാം അവൻ അനുഭവിച്ച കഷ്ടതകൾ ആണ് നിറഞ്ഞു നിൽക്കുന്നത്. അവന്
ലഭ്യമായ ഒരു ഭൌതീക നന്മയെക്കുറിച്ച് പോലും അദ്ദേഹം സാക്ഷിച്ചില്ല. ഭൌതീക നന്മകൾ
കാരണമല്ല അദ്ദേഹം യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനായി അദ്ധ്വാനിച്ചത്. 2
കൊരിന്ത്യർ 6:8 ആം വാക്യത്തിൽ അദ്ദേഹം അത് പരമാർശിക്കുന്നുണ്ട്.
2 കൊരിന്ത്യർ 6:8
മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും
സത്യവാന്മാർ,
സുവിശേഷത്തിന്റെ ശത്രുക്കൾ അദ്ദേഹത്തെ ചതിയന്മാർ എന്നു
വിളിച്ചു. ഭൌതീക നന്മകൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കള്ള ഉപദേശകൻ ആണ് എന്നു അവർ
പൌലൊസിനെ വിശേഷിപ്പിച്ചു. എങ്കിലും അദ്ദേഹം പ്രസംഗിച്ചത് സത്യമായിരുന്നു. അതിൽ അദ്ദേഹം
യാതൊരു ഭൌതീക നന്മയും ലക്ഷ്യം വച്ചിരുന്നില്ല. അദ്ദേഹം അനുഭവിച്ചത്, “ബലഹീനത, കയ്യേറ്റം,
ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം
എന്നിവ” അല്ലാതെ മറ്റൊന്നും ആയിരുന്നില്ല (2 കൊരിന്ത്യർ
12:10).
ഇത്രമാത്രം കഷ്ടത മാത്രം അനുഭവിച്ചുകൊണ്ടു സുവിശേഷം
അറിയിക്കുവാനായി ബദ്ധപ്പെടുവാൻ തക്കവണ്ണം, അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ, എന്ത്
സ്നേഹമാണ്, ക്രിസ്തുവിന്റേതായി അദ്ദേഹം കണ്ടത്? ഇത് മനസ്സിലാക്കുവാൻ പൌലൊസിന്റെ
മാനസന്തരവും, രക്ഷയെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകളും നമ്മൾ അറിയേണ്ടതുണ്ട്.
യേശുക്രിസ്തു അവന്റെ ശിഷ്യന്മാരെ വിളിച്ചു ചേർത്തത് വളരെ
ശാന്തമായ രീതിയിൽ ആയിരുന്നു. മത്തായി 4:18-22 വരെയുള്ള വാക്യങ്ങളിൽ പത്രൊസ്,
അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്നിവരെ “എന്റെ
പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”
എന്നു പറഞ്ഞു വിളിച്ചു കൂടെ ചേർത്തു. മത്തായി ചുങ്കം പിരിച്ചുകൊണ്ടിരിക്കെ “എന്നെ
അനുഗമിക്ക” എന്നു പറഞ്ഞു വിളിച്ചു ചേർത്തു (മത്തായി 9:9). ഇതെല്ലാം ശാന്തമായ പ്രവർത്തികൾ
ആയിരുന്നു.
എന്നാൽ പൌലൊസിനെ വിളിച്ചത് ഇങ്ങനെ ആയിരുന്നില്ല. ഇതിന്റെ
വിവരണം നമ്മൾ അപ്പൊസ്തല പ്രവൃത്തികൾ 9 ആം അദ്ധ്യായത്തിൽ വായിക്കുന്നു.
പൌലൊസ് ദമസ്കൊസ് എന്ന പട്ടണത്തിലെ ക്രിസ്തീയ വിശ്വാസികൾക്ക്
എതിരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു അവരെ പിടിച്ചുകെട്ടുവാനായി പോയ
മാർഗ്ഗമദ്ധ്യേ ആണ് യേശു അവനെ പടിക്കുന്നത്. യേശു പൌലൊസിനെ ശാന്തമായി വിളിച്ചു
ചേർക്കുക ആയിരുന്നില്ല, അവനെ പിടിക്കുക ആയിരുന്നു.
പൌലൊസ് ദമസ്കൊസ് പട്ടണത്തിന് സമീപിച്ചപ്പോൾ, കുതിരപ്പുറത്തു
സഞ്ചരിച്ചിരുന്ന പൌലൊസിന്റെ മേൽ വലിയ ഒരു വെളിച്ചം മിന്നി. അവൻ നിലത്തു വീണു.
അവന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അവൻ മൂന്നു ദിവസം കണ്ണു കാണാതെയും
തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. അതിന് ശേഷമാണ് അനന്യാസ് വന്നു അവന്
വേണ്ടി പ്രാർത്ഥിക്കുന്നതും അവനെ സ്നാനപ്പെടുത്തി സഭയോട് ചേർക്കുന്നതും. പത്രൊസിനെയും
മറ്റ് ശിഷ്യന്മാരെയും “മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന വാഗ്ദാനം നല്കി
വിളിച്ചു എങ്കിൽ, പൌലൊസിനെ വിളിച്ചത്, യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി കഷ്ടം
അനുഭവിക്കുവാൻ ആണ്.
സാധാരണ രീതിയിൽ ചിന്തിച്ചാൽ, പൌലൊസിന്റെ വിളിയിൽ സ്നേഹം
കാണുവാൻ കഴിയില്ല. എന്നാൽ പൌലൊസ് ഇതിൽ ദൈവത്തിന്റെ സീമയില്ലാത്ത സ്നേഹമാണ് കണ്ടത്.
ഇത് മനസ്സിലാക്കുവാൻ രക്ഷയെക്കുറിച്ചുള്ള പൌലൊസിന്റെ കാഴ്ചപ്പാടുകൾ ഗ്രഹിക്കേണം.
തന്റെ രക്ഷയെക്കുറിച്ച് പൌലൊസ് പറയുന്നതിങ്ങനെയാണ്:
ഗലാത്യർ 1: 15
എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
ദൈവത്തിന്റെ വലിയ കൃപയാൽ, അവന്റെ ജനനം മുതൽ അവനെ വേർതിരിച്ച
ദൈവത്തിന്റെ സ്നേഹം. അവൻ യഹൂദ മത പ്രകാരം ഏരിവുള്ളവനായി ദൈവ സഭയെ
പീഡിപ്പിച്ചുകൊണ്ട് ഇരുന്നപ്പോഴും, ദൈവം അവനെ സ്നേഹിച്ചു, അവനെ ദൈവരാജ്യത്തിന്
അവകാശിയായി വേർതിരിച്ചു. ഇത് അവന്റെ യാതൊരു നന്മയും കാരണമല്ല, സമ്പൂർണ്ണമായും ദൈവ
കൃപയാൽ ആണ്.
“ആ പാപികളിൽ ഞാൻ ഒന്നാമൻ.” എന്നാണ് പൌലൊസ് അവനെക്കുറിച്ചു
തന്നെ വിശേഷിപ്പിച്ചത് (1 തിമൊഥെയൊസ് 1:15). റോമർ 7:24 ൽ അദ്ദേഹം പറയുന്നത്,
“അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!” എന്നാണ്. ഇങ്ങനെയുള്ള
പൌലൊസിനെയാണ് ദൈവം കൃപയാൽ ജനനം മുതൽ ദൈവ രാജ്യത്തിനായി വേർതിരിച്ചത്.
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ
ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
എങ്ങനെയാണ് ദൈവ കൃപയാൽ അവൻ രക്ഷിക്കപ്പെട്ടത് എന്നതിന്
കൂടുതൽ വ്യക്തത വരുത്തുന്ന എഴുത്തുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഇങ്ങനെയെല്ലാമാണ്
പൌലൊസ് പറയുന്നത്:
എഫെസ്യർ
2:8, 9
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം
രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും
കാരണമല്ല.
റോമർ 3:24 അവന്റെ
കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ
നീതീകരിക്കപ്പെടുന്നതു.
എഫെസ്യർ
2:4, 5
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ
സ്നേഹംനിമിത്തം
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ
ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ
രക്ഷിക്കപ്പെട്ടിരിക്കുന്നു —
2
തിമൊഥെയൊസ് 1:9, 10
9 അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു
വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും
മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും
10 സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും
വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ
തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.
പൌലൊസ് ദൈവ സ്നേഹം അനുഭവിച്ചത്, എന്തെങ്കിലും ഭൌതീക നന്മകൾ
അദ്ദേഹത്തിന് ദൈവത്തിൽ നിന്നും ലഭിച്ചത് കൊണ്ടല്ല. ഒരു ഭൌതീക നന്മയെക്കുറിച്ച്
പോലും പൌലൊസ് ഒരിക്കലും പ്രശംസിച്ചിട്ടില്ല, സാക്ഷി പറഞ്ഞിട്ടില്ല. അവന്
എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് അവൻ അനുഭവിച്ച കഷ്ടതയെക്കുറിച്ച് മാത്രമേ ഉള്ളൂ.
പൌലൊസ് കഷ്ടതയെ ഒരു വരമായിട്ടാണ് കണ്ടത്.
ഫിലിപ്പിയർ 1:29
... ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ
നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.
അതായത്, പൌലൊസ് ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചത് അവന്റെ
രക്ഷയിൽ ആണ്, രക്ഷയിൽ മാത്രമാണ്. ഒരിക്കൽ അദ്ദേഹം നിത്യമായ നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുക
ആയിരുന്നു. തന്റെ ജീവിത യാത്ര നിത്യ ശിക്ഷാവിധിയിലേക്കാണ് പോകുന്നത് എന്നു പോലും
അദ്ദേഹം തിരിച്ചറിഞ്ഞില്ല. അവനെ നിത്യ ജീവിതത്തിലേക്ക് ചേർക്കുവാൻ തക്കവണ്ണം
യാതൊരു സൽപ്രവർത്തിയും അവൻ ചെയ്തില്ല. എങ്കിലും ദൈവം, കൃപയാൽ അവനെ രക്ഷയ്ക്കായി
തിരഞ്ഞെടുത്തു, അവനെ നിത്യമായ നാശത്തിൽ നിന്നും വിടുവിച്ചു. ഇതാണ് പൌലൊസ്
അനുഭവിച്ച ദൈവ സ്നേഹം. ഇത് രക്ഷയുടെ സ്നേഹമാണ്. ഇത് ദൈവ കൃപയുടെ സ്നേഹമാണ്. ഈ
സ്നേഹമാണ്, സകല കഷ്ടതകളും അനുഭവിച്ചുകൊണ്ടു ദൈവരാജ്യത്തിന്റെ സുവിശേഷം
അറിയിക്കുവാന് അദ്ദേഹത്തെ നിർബന്ധിച്ചത്.
No comments:
Post a Comment