വേദപുസ്തകത്തിലെ പ്രശസ്തമായ ഒരു വാക്യം വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം.
ഉൽപ്പത്തി 5:24 ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം
അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
ഈ വാക്യത്തിലെ “നടന്നു” എന്നതിന്റെ
അർത്ഥവും, വ്യാപ്തിയും, പ്രയോഗികതയും, ആത്മീയ മർമ്മങ്ങളും ആണ് നമ്മൾ ഇവിടെ ചർച്ച
ചെയ്യുന്നത്.
“നടന്നു” എന്നു പറയുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ
പദം “ഹലാക് “എന്നാണ് (hālaḵ - haw-lak'). ഈ
വാക്കിന് പല അർത്ഥങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനമായവ ഇതെല്ലാം ആണ്: നടക്കുക, വരുക,
ഒരുമിച്ച് നടക്കുക, ദൂരേക്ക് നടന്നു പോകുക, തുടർച്ചയായി അങ്ങോട്ടും ഇങ്ങങ്ങോട്ടും
നടക്കുക, അലഞ്ഞുതിരിയുക, ജീവിക്കുക, ജീവിത രീതി. ഈ അർത്ഥങ്ങൾ എല്ലാം ദൈവത്തോട്
കൂടെയുള്ള നടത്തത്തിൽ അടങ്ങിയിട്ടുണ്ട്.
എങ്കിലും “ഹലാക്” എന്ന വാക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം ഇതാണ്: ഒരുവനുമായോ, ഒരു ആദർശവുമായോ, ആശയവുമായോ, നിരന്തരമായ ബന്ധത്തിലും, യോജിപ്പിലും, തുടർച്ചയായും, ക്രമമായും, പതിവായും, അവസാനമില്ലാതെയും ചേർന്ന് നടക്കുക.
എബ്രായ വായ്മൊഴി പ്രമാണങ്ങൾ ആയ മിഷന, എഴുതപ്പെട്ട
ന്യായപ്രമാണങ്ങൾ ആയ തോറ എന്നിവയുടെ സംയുക്തമാണ് “ഹലാഖ” എന്നു അറിയപ്പെടുന്നത്
(Mishnah, Torah, halâkâh). ഇത് യഹൂദന്മാർ നിത്യ ജീവിതത്തിൽ
പാലിക്കേണ്ടുന്ന ന്യായപ്രമാണങ്ങൾ ആണ്. “ഹലാഖ” എന്ന വാക്കിന്റെ അർത്ഥം, വഴി,
നടക്കുക, നടക്കേണ്ടുന്ന വഴി എന്നിങ്ങനെയാണ്. ഈ വാക്ക് “ഹലാക്” (hâlak) എന്ന പദത്തിൽ നിന്നും ഉളവായതാണ് എന്നു
കരുതപ്പെടുന്നു.
മീഖാ 6:8 മനുഷ്യാ, നല്ലതു
എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും
ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും (യലാഷ്
- yālaḵ - yaw-lak') അല്ലാതെ
എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
ഇവിടെ “നടപ്പാനും” എന്നതിന്
“യലാഷ്” എന്ന എബ്രായ പദമാണ്
ഉപയോഗിച്ചിരിക്കുന്നത് (yālaḵ - yaw-lak'). ഈ പദം “ഹലാക്” എന്ന
വാക്കിന്റെ പഴയ രൂപമാണ്.
പ്രഥമ പ്രസ്താവം
“ഹലാക്” എന്ന എബ്രായ വാക്ക് വേദപുസ്തകത്തിൽ നമ്മൾ ആദ്യം
കാണുന്നത് ഉൽപ്പത്തി 2:14 ൽ ആണ്.
ഉൽപ്പത്തി 2:14
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത്
അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു (ഹലാക്); നാലാം നദി
ഫ്രാത്ത് ആകുന്നു.
പ്രഥമ പ്രസ്താവം എന്ന വ്യാഖ്യാന പ്രമാണം (law of first
mention) അനുസരിച്ച് ഈ വാക്യത്തിൽ “ഹലാക്” എന്ന വാക്യം
ഉപയോഗിച്ചിരിക്കുന്നതിന്റെ ആശയം വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും അത് നമുക്ക് ഈ
പഠനത്തിൽ മറ്റൊരു അവസരത്തിൽ ചിന്തിക്കാം.
“ഹലാക്” എന്ന വാക്ക് വേദപുസ്തകത്തിൽ രണ്ടാമത് കാണുന്നത്
ഉൽപ്പത്തി 3:8 ൽ ആണ്.
ഉൽപ്പത്തി 3:8
വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന (ഹലാക്) ഒച്ച അവർ കേട്ടു; മനുഷ്യനും
ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ
ഒളിച്ചു.
ഇവിടെ മനുഷ്യനോടു കൂടെ
നടക്കുവാനായി ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരുകയാണ്. ഇതിന്റെ പശ്ചാത്തലം
അൽപ്പം നമ്മൾ മനസ്സിലാകേണ്ടതുണ്ട്.
ഉൽപ്പത്തി 1 മുതൽ 11 വരെയുള്ള
അദ്ധ്യായങ്ങൾ ആദ്യകാല മനുഷ്യരുടെ ചരിത്രത്തിന്റെ സംക്ഷിപ്തമായ ഒരു വിവരണമാണ്. അതൊരു
വിശദമായ ചരിത്രമല്ല. അതിൽ എല്ലാ സംഭവങ്ങളോ, കാലങ്ങളോ വിശദമായി
രേഖപ്പെടുത്തിയിട്ടില്ല. 12 ആം അദ്ധ്യായം മുതൽ വിവരിക്കുന്ന മനുഷ്യരുടെ
ചരിത്രത്തിന് ഒരു ആമുഖമായാണ് അതിന് മുമ്പുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ ഉൽപ്പത്തി 2 ആം
അദ്ധ്യായത്തിനും 3 ആം അദ്ധ്യായത്തിനും ഇടയിൽ ഒരു ഇടവേള ഉണ്ടായിരുന്നുവോ, അത് എത്ര
നാൾ ആയിരുന്നു എന്നോ നമുക്ക് കൃത്യമായി അറിവില്ല. എങ്കിലും അത് തൊട്ടടുത്ത
ദിവസങ്ങളിൽ സംഭവിച്ചതല്ല എന്നു ശരിയായി അനുമാനിക്കാം.
ഉൽപ്പത്തി 3: 8 ൽ നമ്മൾ
വായിക്കുന്നത്, “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ
കേട്ടു;” എന്നാണ്. ഇത് വെയിലാറിയപ്പോൾ ദൈവം ആദ്യമായി മനുഷ്യരെ കാണുവാൻ വന്നതാണോ,
അതോ അതൊരു പതിവ് സന്ദർശനം ആയിരുന്നുവോ എന്നു നമുക്ക് അറിയില്ല. 3 ആം അദ്ധ്യായം
ആരംഭിക്കുന്നത് ഇങ്ങനെയാണ്: “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ
കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു.” ഇത് രണ്ടാം അദ്ധ്യായത്തിൽ
വിവരിച്ച സൃഷ്ടിയുടെ ചരിത്രത്തിന്റെ തുടർച്ചയല്ല. സകല സൃഷ്ടിയുടെയും ചരിത്രം 1, 2 അദ്ധ്യായങ്ങളിൽ വിവരിച്ചു കഴിഞ്ഞു. 3 ആം
അദ്ധ്യായം മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ച നിർണ്ണായകമായ ഒരു സംഭവത്തിന്റെ
ചരിത്രമാണ്. ഇതൊരു പുതിയ സംഭവത്തിന്റെ വിവരണമാണ്.
അതിനാൽ വെളിലാറുമ്പോൾ ദൈവം
മനുഷ്യനെ കാണുവാൻ എല്ലാ ദിവസവും വരാറുണ്ടായിരുന്നു എന്നു അനുമാനിക്കുന്നത്
ശരിയാണ്. മനുഷ്യരോടു കൂടെ നടക്കുവാൻ ദൈവം ആഗ്രഹിക്കുന്നുണ്ട് എന്നു മറ്റ് ചില
വേദഭാഗങ്ങളിൽ നിന്നും നമുക്ക് ഗ്രഹിക്കുവാൻ കഴിയും. എപ്പോഴും ദൈവവും മനുഷ്യനും
തമ്മിലുള്ള ഒരു കൂട്ടായ്മ ദൈവം ആഗ്രഹിച്ചിരുന്നു.
ഉൽപ്പത്തി 1:3 ൽ ആണ്
സൃഷ്ടിയുടെ ആരംഭമായി ദൈവം വെളിച്ചത്തെ സൃഷ്ടിക്കുന്നത്. അതിന് മുമ്പ് ഭൂമിയിൽ
മുഴുവൻ ഇരുൾ ഉണ്ടായിരുന്നു എന്നതിനാൽ ദൈവം ഇരുളിനെ സൃഷ്ടിച്ചില്ല. എന്നാൽ ദൈവം
വെളിച്ചത്തെ സൃഷ്ടിക്കുകയും, അതിനെ ഇരുളിൽ നിന്ന് വേർത്തിരിക്കുകയും ചെയ്തു. ദൈവം വേർതിരിച്ചതുകൊണ്ട് വെളിച്ചം ഉള്ള ഇടത്ത്
ഒരിക്കലും ഇരുൾ ഉണ്ടാകുക ഇല്ല. “സന്ധ്യയായി ഉഷസ്സുമായി” എന്നു
പറഞ്ഞുകൊണ്ടാണ് അതിന് ശേഷമുള്ള ഓരോ സൃഷ്ടിയുടെയും ദിവസങ്ങൾ അവസാനിക്കുന്നത്.
അതിനാൽ 3 ആം അദ്ധ്യായത്തിലെ “വെയിലാറിയപ്പോൾ” എന്നത് സന്ധ്യ ആയപ്പോൾ ആണ് എന്നു
അനുമാനിക്കാം.
2 ആം അദ്ധ്യായത്തിലെ 1, 2, 3
വാക്യങ്ങൾ യാഥാർത്ഥത്തിൽ 1 ആം അദ്ധ്യായത്തിലെ അവസാന വാക്യങ്ങൾ ആണ്. ഇവിടെ നമ്മൾ
വായിക്കുന്നത് ഇങ്ങനെയാണ്:
ഉൽപ്പത്തി 2: 1-3
1
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള
ചരാചരങ്ങളൊക്കെയും തികഞ്ഞു.
2
താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം
തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.
3
താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല
പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു
ശുദ്ധീകരിച്ചു.
2 ആം വാക്യത്തിലെ
“നിവൃത്തനായി” എന്നത് വിശ്രമിച്ചു എന്നാണ്. ഇതിന്റെ എബ്രായ പദം “ഷവയാത്ത്”
എന്നാണ്. (šāḇaṯ - shaw-bath'). ഇംഗ്ലീഷിൽ ഇത് “ഷബാത്ത്” എന്നാണ്. ഈ എബ്രായ
വാക്കിന്, അവസാനിപ്പിക്കുക, വിശ്രമിക്കുക, മാറിനിൽക്കുക, ആഘോഷിക്കുക എന്നിങ്ങനെ
അർത്ഥമുണ്ട്. (cease, rest, away, celebrate). വേദപുസ്തകത്തിൽ മറ്റ് ചില സ്ഥലത്ത് സൃഷ്ടിയുടെ
ചരിത്രം പറയുമ്പോൾ, ഏഴാം ദിവസം ദൈവം “സ്വസ്ഥമായിരുന്നു” എന്നാണ് പറയുന്നത്.
പുറപ്പാട് 20:11
ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം
ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ
അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
പുറപ്പാട് 31:17 ൽ “സ്വസ്ഥമായിരുന്നു” എന്നത് കൂടാതെ ഒരു
വാക്ക് കൂടെ പറയുന്നുണ്ട്.
പുറപ്പാട് 31:17
അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു
ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം
അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
ഈ വാക്യത്തിലെ
സ്വസ്ഥമായിരുന്നു എന്നതിന്റെ എബ്രായ പദം “ഷവയാത്ത്”ആണ് (šāḇaṯ). “സ്വസ്ഥമായിരുന്നു വിശ്രമിച്ചു.”
എന്നു പറയുന്നതിലെ “വിശ്രമിച്ചു” എന്നതിന്റെ
എബ്രായ പദം “നഫാഷ്” എന്നാണ്. (nāp̄aš,
naw-fash'). ഈ വാക്കിന്റെ അർത്ഥം, ഉന്മേഷം
വീണ്ടെടുക്കുക, ക്ഷീണം തീർക്കുക, എന്നിങ്ങനെയാണ്. ഇതിൽ, “അവസാനിപ്പിച്ച് വിശ്രമിച്ചു
ക്ഷീണം തീർത്തു” എന്ന ആശയമാണ് ഉള്ളത്.
ഉൽപ്പത്തി 2:3 ആം വാക്യത്തിൽ പറയുന്നത് ഇതാണ് : “താൻ സൃഷ്‍ടിച്ചുണ്ടാക്കിയ
സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ
അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” അപ്പോൾ ആറ് ദിവസങ്ങൾ കൊണ്ട്, “ആകാശവും ഭൂമിയും
അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.” അതിനാൽ ഏഴാം ദിവസം ദൈവം പ്രവർത്തികൾ
യാതൊന്നും ചെയ്തില്ല. അവൻ ഉന്മേഷം വീണ്ടെടുക്കുവാൻ തക്കവണ്ണം വിശ്രമിച്ചു. കൂടാതെ,
ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു, ശുദ്ധീകരിച്ചു.
ദൈവം വിശ്രമിച്ചത് എവിടെയാണ്? ഏദൻ തോട്ടത്തിൽ തന്നെ
ഒരിടത്ത് ആണോ, അതോ സ്വർഗ്ഗത്തിലേക്ക് കയറിപ്പോയി അവിടെ വിശ്രമിക്കുക ആയിരുന്നുവോ?
ഇവിടെ അത് വ്യക്തമായി പറയുന്നില്ല.
ഉൽപ്പത്തി 3 ൽ ഈ ഭൂമിയിലേക്ക് തിന്മയും, പാപവും എങ്ങനെ
വന്നു എന്നാണ് എഴുത്തുകാരൻ വിശദീകരിക്കുന്നത്. അത് ദൈവം സൃഷ്ടിച്ചതല്ല,
സാത്താനിലൂടെ ഭൂമിയിൽ പ്രവേശിച്ചതാണ്. അത് സംഭവിച്ചതിന്റെ ചരിത്ര വിവരണം ആരംഭിക്കുന്നത് “പാമ്പ് കൗശലമേറിയതായിരുന്നു.”
എന്നു പറഞ്ഞുകൊണ്ടാണ്. അവന്റെ കൌശലത്തിൽ വീണുപോയ ആദാമും ഹവ്വയും ദൈവത്തോട്
അനുസരയില്ലാത്തവരായി പാപം ചെയ്തു. അന്ന് “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ
നടക്കുന്ന ഒച്ച അവർ കേട്ടു;” ഇതിൽ നിന്നും ദൈവം വിശ്രമിച്ചത് ഏദൻ
തോട്ടത്തിൽ ഒരിടത്ത് അല്ലായിരുന്നു എന്നു മനസ്സിലാക്കാം.
ദൈവം സൃഷ്ടിച്ച ഭൂമിയിൽ തിന്മ ഉണ്ടായിരുന്നില്ല. ദൈവം
വസിക്കുന്ന ഇടത്ത് തിന്മയ്ക്ക് പ്രവേശനവുമില്ല. ദൈവത്തിന്റെ വാസ സ്ഥലത്ത് ആരും
കൌശലത്തിൽ പ്രലോഭിപ്പിക്കപ്പെടുന്നില്ല, പാപത്തിൽ വീഴുന്നതുമില്ല. ഇതെല്ലാം
സംഭവിച്ച ഏദൻ തോട്ടത്തിൽ അപ്പോൾ ദൈവത്തിന്റെ വാസം ഉണ്ടായിരുന്നില്ല. അതിനാൽ,
മനുഷ്യരോടുകൂടെ നടക്കുവാനായി ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു
എന്നു ചിന്തിക്കുന്നതാണ് ശരി.
നമ്മൾ മുമ്പ് പറഞ്ഞതുപോലെ 2 ആം അദ്ധ്യായത്തിലെ സൃഷ്ടിയുടെ
ചരിത്രത്തിനും 3 ആം അദ്ധ്യായത്തിലെ മനുഷ്യന്റെ വീഴ്ചയുടെ ചരിത്രത്തിനും ഇടയിൽ ഒരു
ഇടവേള ഉണ്ടായിരിക്കേണം. അത് എത്ര നാളുകളുടേതാണ് എന്നു നമുക്ക് അറിയുക ഇല്ല. കയീൻ,
ഹാബെൽ എന്നീ പുത്രന്മാർ ജനിക്കുമ്പോൾ അവർക്ക് എത്ര വയസ്സായിരുന്നു എന്നോ, അവർ
യഹോവയ്ക്ക് യാഗം കഴിക്കുമ്പോൾ അവർക്ക് എത്ര വയസ്സ് ആയിരുന്നു എന്നോ നമുക്ക്
അറിഞ്ഞുകൂടാ. എന്നാൽ ഹാബെലിന്റെ മരണത്തിന് ശേഷം, ആദാമിനും ഹവ്വയ്ക്കും വീണ്ടും ഒരു
പുത്രൻ ജനിച്ചു. അവന്റെ പേര് ശേത്ത് എന്നായിരുന്നു. അപ്പോൾ ആദാമിനു 130 വയസ്സ്
ആയിരുന്നു. അതിന് ശേഷം ആദാം 800 വർഷങ്ങൾ ജീവിച്ചിരുന്നു. അപ്പോൾ ആദാമിന്റെ ആകെ
ആയുസ്സ് 930 വർഷങ്ങൾ ആണ്.
കയീനും, ഹാബെലും യാഗം കഴിച്ചപ്പോൾ അവർക്ക് 30 വയസ്സ്
ആയിരുന്നു എന്നു അനുമാനിച്ചാൽ, ആദാമിന്റെ 100 ആമത്തെ വയസ്സിൽ ആയിരിക്കേണം ഇവർ
ജനിച്ചത്. ചിലപ്പോൾ കയീന്റെ പ്രായം അതിലും കുറവായിരിക്കാം. ആദാമിനെയും ഹവ്വയേയും
ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയതിന് ശേഷം എത്ര വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക്
കയീൻ ജനിച്ചത് എന്നോ, അടുത്ത വർഷം തന്നെ ആദ്യത്തെ പുത്രൻ ജനിച്ചു എന്നോ നമുക്ക്
അറിഞ്ഞുകൂടാ. എങ്കിലും ആദാമും ഹവ്വയും ഏദൻ തോട്ടത്തിൽ നിന്നും
പുറത്താക്കപ്പെട്ടത്തിന് ശേഷമാണ് കയീൻ ജനിച്ചത്. അതിനാൽ, അവർ 100 വർഷങ്ങളോ, അതിൽ അൽപ്പം
കുറവോ, കൂടുതലോ ആയ നാളുകൾ ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നു കരുതാം.
ഇതെല്ലാം ഉൽപ്പത്തി 2 ആം അദ്ധ്യായത്തിലെ സൃഷ്ടിയുടെ
ചരിത്രവും, 3 ആം അദ്ധ്യായത്തിലെ മനുഷ്യന്റെ വീഴ്ചയുടെ ചരിത്രവും തമ്മിൽ
ഒരു ഇടവേള ഉണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട്.
ഈ ഇടവേള കാലത്ത്, എല്ലാ ദിവസവും ദൈവം, സ്വർഗ്ഗത്തിൽ ഇറങ്ങി,
മനുഷ്യരോട് കൂടെ നടക്കുവാനായി ഭൂമിയിൽ വന്നിരുന്നു. ഒരിക്കൽ പോലും മനുഷ്യർ ഭൂമിയിൽ
നിന്നും സ്വർഗ്ഗത്തിലേക്ക് കയറിപ്പോയി ദൈവത്തോട് കൂടെ നടന്നിട്ടില്ല. ദൈവം നടന്നത്
ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യരോട് കൂടെ ആയിരുന്നു. ദൈവം നടന്നത് ഭൂമിയിൽ
ആയിരുന്നു. ഈ നടത്തത്തിനായി ദൈവം തുടക്കം ഇട്ടു, അവൻ മുൻകൈ എടുത്തു, അവൻ ആരംഭം
ഇട്ടു. ദൈവം ഭൂമിയിലേക്ക്, മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വന്നു. മനുഷ്യർ
ദൈവത്തിന്റെ ക്ഷണം സ്വീകരിച്ചു അവനോടു കൂടെ നടന്നു.
അതായത് യാഥാർത്ഥത്തിൽ, മനുഷ്യർ ദൈവത്തോട് കൂടെ നടക്കുക
അല്ല, ദൈവം മനുഷ്യരോട് കൂടെ നടക്കുകയാണ്. മനുഷ്യരോട് കൂടെ നടക്കുന്ന ദൈവത്തോടൊപ്പം
മനുഷ്യർ നടക്കുന്നു എന്നു മാത്രമേ ഉള്ളൂ. ആരോടൊപ്പം നടക്കേണം എന്നത് ദൈവത്തിന്റെ
തിരഞ്ഞെടുപ്പും, അതിനോട് അനുകൂലമായി പ്രതികരിക്കുക എന്നത് മനുഷ്യരുടെ
തിരഞ്ഞെടുപ്പാണ്.
ഒരു മനുഷ്യനും, അവന്റെ
തിരഞ്ഞെടുപ്പിൻ പ്രകാരവും, ഇച്ഛ അനുസരിച്ചും, ദൈവത്തോട് കൂടെ നടക്കുവാൻ സാധ്യമല്ല.
അതായത് മനുഷ്യൻ ദൈവത്തോട് കൂടെ നടക്കുക എന്നാൽ, ദൈവം മനുഷ്യനോടു കൂടെ നടക്കുക
എന്നാണ് അർത്ഥം. ദൈവത്തോട് കൂടെ നടക്കുക എന്നതിന് മനുഷ്യർക്ക് തുടക്കം
കുറിക്കുവാനോ, ആരംഭിക്കുവാനോ, മുൻകൈ എടുക്കുവാനോ കഴിയുക ഇല്ല. ദൈവം അത് തീരുമാനിക്കേണം,
ദൈവം തുടക്കം ഇടേണം, അവൻ മുൻകൈ എടുക്കേണം. ദൈവത്തിന്റെ തുടക്കത്തോട് അനുകൂലമായി
പ്രതികരിക്കുവാൻ മനുഷ്യനെ ദൈവം പുനർജ്ജീവിപ്പിക്കേണം.
ഒരു മനുഷ്യനെ കൂടെ
നടത്തുവാനായി തിരഞ്ഞെടുക്കുന്നതും ദൈവമാണ്. ദൈവത്തിന്റെ ഈ തിരഞ്ഞെടുപ്പിൻ പ്രകാരം,
ദൈവത്തോട് കൂടെ നടക്കുവാൻ മനുഷ്യന് തീരുമാനിക്കാം, അവന് നിരസിക്കുവാനും കഴിയും.
ഹാനോക്ക്
വംശാവലി
ഹാനോക്കിന്റെ വംശാവലി ഇങ്ങനെയാണ്: ആദാമിനും ഹവ്വയ്ക്കും
ജനിച്ച ആദ്യത്തെ രണ്ട് പുത്രന്മാർ ആയിരുന്നു കയിനും ഹാബെലും. ഇതിൽ ഹാബെൽ
കൊല്ലപ്പെട്ടു. പിന്നീട് ഉള്ള കയീന്റെ വംശാവലി ഇങ്ങനെയാണ്: (ഉൽപ്പത്തി 4:17-24).
കയീൻ - ഹാനോക്ക് – ഈരാദ് - മെഹൂയയേൽ - മെഥൂശയേൽ - ലാമെക് -
ലാമെക്കിന് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. വേദപുസ്തകത്തിൽ
ഒന്നിലധികം ഭാര്യമാർ ഉള്ളതായി പരാമർശിക്കപ്പെടുന്ന ആദ്യത്തെ വ്യക്തി ലാമെക് ആണ്.
അദ്ദേഹത്തിന്റെ ഭാര്യമാരുടെ പേര് ആദാ എന്നും സില്ലാ എന്നും ആയിരുന്നു. അതിനാൽ
തുടന്നുള്ള വംശാവലി ഇവർ രണ്ട് പേരിലൂടെയാണ് തുടരുന്നത്.
ആദാ – യാബാൽ - യൂബാൽ
സില്ലാ - തൂബൽകയീൻ - നയമാ (തൂബൽകയീന്റെ സഹോദരി)
ഹാബെലിന്റെ മരണത്തിന് ശേഷം ആദാമിനും ഹവ്വയ്ക്കും വീണ്ടും
പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരുടെ വംശാവലി ഇങ്ങനെയാണ്: (ഉൽപ്പത്തി
4:25-5:32)
ആദാം – ശേത്ത് – എനോശ് – കേനാൻ - മഹലലേൽ (Mahalaleel) – യാരെദ് – ഹാനോക് – മെഥൂശലഹ് – ലാമേക് – നോഹ –
നോഹയുടെ പുത്രന്മാർ ആണ്, ശേം, ഹാം, യാഫെത്ത് എന്നിവർ.
ആദാമിന്റെ മകൻ ശേത്തിന്റെ വംശാവലിയിൽപ്പെട്ട ഹനോക് ആണ്
ദൈവത്തോട് കൂടെ നടന്നതും മരണം കൂടാതെ എടുക്കപ്പെട്ടതും.
ദൈവത്തോടുകൂടെ
നടന്നു
ഹനോക്കിന്റെ പേര് എബ്രായ ഭാഷയിൽ, “ഖ(ഹ്)നോക്(ഹ്)” എന്നാണ് (ḥănôḵ - khan-oke'). ഈ പേരിന്റെ അർത്ഥം, പരിശീലിപ്പിക്കുക, ആരംഭിക്കുക, സമർപ്പിക്കുക,
എന്നിങ്ങനായാണ്.
പഴയനിയമത്തിൽ ഹാനോക്കിന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു
വേദ ഭാഗമേ ഉള്ളൂ. അത് ഉൽപ്പത്തി 5:21-24 വരെയുള്ള വാക്യങ്ങൾ ആണ്. ഇത് കൂടാതെ, 1 ദിനവൃത്താന്തം
1:3 ൽ ആദാമിന്റെ വംശാവലിയിൽ ഹാനോക്കിന്റെ പേര് പറയുന്നുണ്ട്. എന്നാൽ അവിടെ അവന്റെ
ജീവിതത്തെക്കുറിച്ച് വിശദീകരണം ഇല്ല. ഈ രണ്ട് ഭാഗങ്ങളിൽ അല്ലാതെ മറ്റൊരിടത്തും
പഴയനിയമത്തിൽ ഹാനോക്കിനെക്കുറിച്ച് പരാമർശിക്കുന്നില്ല.
ഹാനോക്കിനെക്കുറിച്ച് ഉൽപ്പത്തി 5:21-24 വരെയുള്ള
വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു കാര്യങ്ങൾ ഇതെക്കെയാണ്:
ഉൽപ്പത്തി
5:21-24
21
ഹാനോക്കിന്
അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.
22
മെഥൂശലഹിനെ
ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും
പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
23
ഹാനോക്കിന്റെ
ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
24
ഹാനോക്
ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
ഈ വാക്യങ്ങളിൽ “നടന്നു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന
എബ്രായ പദം “ഹലാക്” എന്നാണ് (hālaḵ - haw-lak'). ഈ
വാക്കിന് പല അർത്ഥങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനമായവ ഇതെല്ലാം ആണ്: നടക്കുക, വരുക,
ഒരുമിച്ച് നടക്കുക, ദൂരേക്ക് നടന്നു പോകുക, തുടർച്ചയായി, അങ്ങോട്ടും ഇങ്ങങ്ങോട്ടും
നടക്കുക, അലഞ്ഞുതിരിയുക, ജീവിക്കുക, ജീവിത രീതി.
ഹലാക് എന്ന വാക്കിന് അക്ഷരാർത്ഥത്തിൽ ഉള്ള “നടക്കുക” എന്നത്
മാത്രമല്ല അർത്ഥമുള്ളത്. അത് ഓട്ടകപ്പുറത്തോ, കഴുതയുടെ പുറത്തോ, കുതിരപ്പുറത്തോ
ഉള്ള യാത്രയുമാകാം. ഇതിനെയും നടത്തം എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം
യാത്രയും ദൈവത്തോട് കൂടെ ആണെങ്കിൽ, അത് ദൈവത്തോട് കൂടെയുള്ള നടത്തമാണ്. അതിനാൽ
ദൈവത്തോട് കൂടെ സഞ്ചരിക്കുക എന്ന വിശാലമായ അർത്ഥമാണ് നടത്തം എന്ന വാക്കിൽഉള്ളത്.
അതായത് ദൈവം എവിടെയെല്ലാം പോയോ, അവിടെയെല്ലാം ഹാനോക്കും
പോയി. അല്ലെങ്കിൽ ഹാനോക് പോയ ഇടതെല്ലാം ദൈവം കൂടെ ഉണ്ടായിരുന്നു. ദൈവത്തിന് കൂടെ
സഞ്ചരിക്കുവാൻ കഴിയാത്ത ഇടത്തൊന്നും ഹാനോക് പോയില്ല.
അതിനാൽ ഹാനോക്ക് ദൈവത്തോട്കൂടെ നടന്നതിനെ നമുക്ക് ഇങ്ങനെ
മനസ്സിലാക്കാം. അതൊരു സമ്പൂർണ്ണമായ ദൈവത്തോട് കൂടെയുള്ള ജീവിതമായിരുന്നു. അവൻ
ദൈവത്തോടു കൂടെ നടന്നു, മുന്നോട്ടും പുറകോട്ടും, ദൈവം എവിടെയെല്ലാം നടന്നോ അവിടെയെല്ലാം
അവൻ ദൈവത്തോട് കൂടെ നടന്നു. ദൈവവുമായി കൈകോർത്ത്, ദൈവവുമായി എപ്പോഴും ആശയവിനിമയം
നടത്തികൊണ്ട് അവൻ നടന്നു. നടക്കുന്തോറും അവൻ ദൈവവുമായി കൂടുതൽ ചേർന്ന് ജീവിച്ചു.
ഇങ്ങനെ ഹാനോക്ക് 365 വർഷങ്ങൾ ദൈവത്തോട് കൂടെ നടന്നു എന്നാണ്
വേദപുസ്തകം പറയുന്നത്. ഈ നടത്തയുടെ അവസാനത്തിൽ, “ദൈവം അവനെ എടുത്തുകൊണ്ടതിനാൽ
കാണാതെയായി.”
പഴയനിയമത്തിൽ വീണ്ടും ഹാനോക്കിന്റെ ജീവിതത്തെക്കുറിച്ച്
പറയുന്നില്ല എങ്കിലും, പുതിയനിയമത്തിൽ, ലൂക്കോസ് 3:37, എബ്രായർ 11:5, യൂദാ 1:14
എന്നീ വാക്യങ്ങളിൽ ഹാനോക്കിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ലൂക്കോസിന്റെ
സുവിശേഷത്തിലെ പരാമർശം വംശാവലിയിൽ ആണ്. അവിടെ കൂടുതൽ വിശദീകരണം ഇല്ല.
ലൂക്കോസ് 3:37
ലാമേക്ൿ മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ൿ യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ,
മലെല്യേൽ കയിനാന്റെ മകൻ,
എന്നാൽ എബ്രായർ, യൂദാ എന്നീ പുസ്തകങ്ങളിൽ ഹാനോക്കിന്റെ
വിശ്വാസ ജീവിതത്തെക്കുറിച്ച് കൂടുതൽ പറയുന്നുണ്ട്.
എബ്രായർ 11:5
വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ
എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ
എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
യൂദാ
1:14, 15
14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
15
“ഇതാ
കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം
ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ
ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു”
എന്നു പ്രവചിച്ചു.
വെളിപ്പാട് പുസ്തകം 11:3 ൽ രണ്ട് സാക്ഷികളെക്കുറിച്ച്
യോഹന്നാൻ പ്രവചിക്കുന്നുണ്ട്. അവർ ഭൂമിയിൽ 1260 ദിവസം പ്രവചിക്കും എന്നും അവർ കർത്താവിന്റെ
സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലീവ് വൃക്ഷങ്ങളും രണ്ട് നിലവിളക്കും ആണ് എന്നും
യോഹന്നാൻ പറയുന്നു. ഈ രണ്ട് പേർ ഹാനോക്കും ഏലീയാവും ആണ് എന്നു ചില അന്ത്യകാല
പ്രവചന വ്യാഖ്യാതാക്കൾ പറയുന്നു.
ഹാനോക്കിന്റെ
കാലം
ഹാനോക് ജീവിച്ചിരുന്ന കാലഘട്ടം വിശുദ്ധന്മാരുടെ കാലം
ആയിരുന്നില്ല. മനുഷ്യർ പാപത്തിൽ വർദ്ധിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു. എന്നാൽ
ഈ സാഹചര്യത്തിലും ഹാനോക് ദൈവത്തോട് കൂടെ നടക്കുവാൻ തക്കവണ്ണം ദൈവത്തിൽ
വിശ്വസിച്ചു.
ഹാനോക് ജീവിച്ചിരുന്ന കാലത്തേക്കുറിച്ച് വ്യക്തമായ
വിശദീകരണം പഴയനിയമത്തിൽ ഇല്ല. എന്നാൽ ഹാനോക്കിന്റെ കൊച്ചുമകന്റെ മകൻ ആയ നോഹയുടെ
കാലം ആയപ്പോഴേക്കും മനുഷ്യരുടെ ഇടയിൽ പാപം പെരുകി.
ഉൽപ്പത്തി 6: 5
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും
എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
യൂദായുടെ ലേഖനത്തിൽ, അന്നത്തെ ക്രൈസ്തവ സഭയിൽ നൂഴഞ്ഞുകയറിയ
ചിലരെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെയാണ്:
യൂദാ 1: 4
നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ
കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു
വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ
എഴുതിയിരിക്കുന്നു.
ഇവർക്ക് സംഭവിക്കുവാനിരിക്കുന്ന ശിക്ഷാവിധി എന്താണ് എന്നു
യൂദാ വിശദീകരിക്കുന്നു.
യൂദാ
1:14,
15
14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ
അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ
തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും
ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു
പ്രവചിച്ചു.
ഹനോക്കിന്റെ പ്രവചനം അദ്ദേഹത്തിന്റെ കാലത്തേക്കുറിച്ചുള്ളത്
ആകേണം. സമാനമായ ഒരു കാലത്തിലൂടെ സഭ കടന്നുപോകുന്നു എന്നാണ് യൂദാ പറയുന്നത്. ഇത്,
ഹനോക്കിന്റെ കാലത്ത് തന്നെ മനുഷ്യരുടെ ഇടയിൽ പാപം വർദ്ധിച്ചുകൊണ്ടിരുന്നു
എന്നതിന്റെ സൂചനയാണ്. ഈ കാലത്തും ഹാനോക് ദൈവത്തോട് കൂടെ നടന്നു.
സാധാരണക്കാരനായി
നടന്ന ഹാനോക്
ഉൽപ്പത്തി 5:22 ൽ “മെഥൂശലഹിനെ
ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും
പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.” ചെയ്തു എന്നു ഒറ്റ വാക്യത്തിൽ പറയുന്നു. ഇതു
ഹാനോക്കിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു എന്നു പറയുവനല്ല. ഈ വാചകത്തിന്റെ
അർത്ഥം, അവൻ സാധാരണമായ ഒരു ജീവിതം നയിച്ചുകൊണ്ടാണ് ദൈവത്തോട് കൂടെ നടന്നത്
എന്നാണ്. അതായത് ഹാനോക്ക് ഈ ഭൂമിയിൽ സാധാരണക്കാരനായ ഒരു മനുഷ്യനെപ്പോലെ
ജീവിച്ചിരുന്ന വ്യക്തിയാണ്. അവൻ ഈ ഭൂമിയിൽ ആണ് ജീവിച്ചിരുന്നത്. അവൻ ഈ ഭൂമിയിൽ
ജീവിക്കുമ്പോൾ ആണ് ദൈവത്തോട് കൂടെ നടന്നത്.
ഇതിൽ നിന്നും നമ്മൾ രണ്ട് കാര്യങ്ങൾ മനസ്സിലാക്കേണം. ഒന്ന്,
ദൈവത്തോട് കൂടെ നടക്കുവാനായി, സർവ്വ പരിത്യാഗിയായ ഒരു സന്യാസ ജീവിതം
നയിക്കേണ്ടതില്ല. അതിന് ഈ ലോകത്തിൽ നിന്നും അകന്നുമാറി, ഏകാന്തമായതോ,
ഒറ്റപ്പെട്ടതോ, അപരിഷ്കൃതമായതോ ആയ ഒരു സ്ഥലത്ത് തമാസിക്കേണമെന്നില്ല. പർവ്വത
മുകളിലോ, ഗുഹകളിലോ താമസിക്കേണം എന്നില്ല.
രണ്ട്, ഹാനോക് ദൈവത്തോട് കൂടെ നടന്ന 300 വർഷങ്ങൾ അവൻ ഈ
ഭൂമിയിൽ തന്നെ ആയിരുന്നു. അവൻ സ്വർഗ്ഗത്തിലേക്ക് കയറിപ്പോയി, അവിടെ ദൈവത്തോടു കൂടെ
നടക്കുക ആയിരുന്നില്ല. ദൈവം ഭൂമിയിലേക്ക്, ഹാനോക്കിന്റെ അടുക്കലേക്ക് ഇറങ്ങി വന്നു
അവനോടു കൂടെ നടക്കുക ആയിരുന്നു.
ദൈവത്തോട് കൂടെ നടക്കുക എന്നത് ദൈവം കൽപ്പിച്ച കുറെ
പ്രമാണങ്ങൾ അനുസരിച്ച് ഭൂമിയിൽ ജീവിക്കുക എന്നതല്ല. ദൈവത്തോട് കൂടെ നടക്കുക ഒരു
സുദീർഘമായ ഒരുമിച്ചുള്ള സഞ്ചാരം ആണ്. അത് ആത്മമണ്ഡലത്തിൽ എത്തിയ ഹാനോക്കിന്നുണ്ടായ
അനുഭവം അല്ല. ഹാനോക്ക് ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തന്നെ ഏകദേശം 300 വർഷങ്ങൾ
ദൈവത്തോട് കൂടെ നടന്നു, അഥവാ ദൈവം ഹാനോക്കിനോട് കൂടെ നടന്നു.
അതായത്, ദൈവം ഒരു മനുഷ്യനോടു കൂടെ നടക്കാതെ, മനുഷ്യന്
ദൈവത്തോട് കൂടെ നടക്കുവാൻ സാധ്യമല്ല. ഈ നടത്തത്തിന്റെ ആരംഭവും, തുടക്കവും, മുൻകൈ
എടുക്കേണ്ടതും ദൈവമാണ്. മനുഷ്യന് ദൈവത്തോടെകൂടെ നടക്കുന്നതിന് മുൻകൈ എടുക്കുക
സാധ്യമല്ല. ഇതാണ് ഈ നടത്തയുടെ മനോഹാരിത.
വിശ്വാസത്താൽ
സാക്ഷ്യം പ്രാപിച്ചു
എബ്രായർ 11:5 ൽ ഹാനോക്കിന്റെ ഒരു സവിശേഷത എടുത്തു
പറയുന്നുണ്ട്. അത് ഇങ്ങനെയാണ്:
എബ്രായർ 11:5 ...
അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
ഹാനോക് എടുക്കപ്പെടുന്നതിന് മുമ്പ്, അവൻ ദൈവത്തിന് പ്രസാദകരമായി
ജീവിച്ചു എന്നു സാക്ഷ്യം പ്രാപിച്ചു. ദൈവത്തെ പ്രസാദിപ്പിക്കുവാൻ തക്കവണ്ണം ഹാനോക്
എന്താണ് ചെയ്തത് എന്നു ഇവിടെ വ്യക്തമല്ല. എന്നാൽ, എബ്രായർ 11 ആം അദ്ധ്യായം പൂർവന്മാരുടെ വിശ്വാസത്തേക്കുറിച്ചാണ് പറയുന്നത്. അതിനാൽ,
വിശ്വാസത്താൽ ഹാനോക് ദൈവത്തെ പ്രസാദിപ്പിച്ചു എന്നും അതേ
വിശ്വാസത്താൽ അവൻ സാക്ഷ്യം പ്രാപിച്ചു എന്നും നമുക്ക് അനുമാനിക്കാം. ഈ
വിശ്വാസമായിരിക്കാം ദൈവം അവനോടൊപ്പം നടക്കുവാനായി ഇറങ്ങി വരുവാൻ കാരണം.
ഈ വിശ്വാസത്തേക്കുറിച്ചാണ് 6 ആം വാക്യത്തിൽ
പറയുന്നത്.
എബ്രായർ 11:6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ
അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
വിശ്വാസവീരന്മാർ ആണ് ദൈവത്തോട് കൂടെ നടന്നത്. വിശ്വാസ
വീരന്മാരുടെ സഭയ്ക്ക് മാത്രമേ ദൈവത്തോട് കൂടെ നടക്കുവാൻ കഴിയൂ. വിശ്വാസ
വീരന്മാരോടുകൂടെ നടക്കുവാൻ മാത്രമേ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുകയുള്ളൂ.
യോജിച്ച്
ചേർന്ന് പോകുക
ഹലാക് എന്ന വാക്കിന് മറ്റൊരാളോടൊപ്പം യോജിച്ച് ചേർന്ന്
പോകുക,
എന്നു അർത്ഥമുണ്ട്.
ആമോസ് 3:3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? (Can two
walk together, unless they are agreed? - NKJV)
ഇതേ ആശയം നമുക്ക് ഇയ്യോബ് 34:8 ലും
സങ്കീർത്തനം 1:1 ലും കാണാം,
ഇയ്യോബ് 34:8 അവൻ ദുഷ്‌പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടെ
സഞ്ചരിക്കുന്നു.
സങ്കീർത്തനം 1:1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
ഇവിടെ ഒരുവൻ ദുർജ്ജനങ്ങളോട് കൂടെ, അവരുമായി ഒത്തിട്ട്
ചേർന്ന് നടക്കുന്നതിനെക്കുറിച്ച് പറയുന്നു.
അതായത് ദൈവത്തോട് കൂടെ നടക്കുക എന്നത് ദൈവത്തോട് ചേർന്ന്,
അവനുമായി സകലത്തിലും ഒത്തു ചേർന്നു നടക്കുക എന്നാണ്. ദൈവം മനുഷ്യനുമായി ഒത്തു
ചേർന്ന് നടക്കുകയില്ല. കാരണം മനുഷ്യന്റെ എല്ലാ വഴികളും ദൈവത്തിന് ഒത്തുചേരുവാൻ
യോജ്യമാകേണം എന്നില്ല. അതിനാൽ മനുഷ്യൻ ദൈവവുമായി ഒത്തു ചേർന്ന് നടക്കേണം. ദൈവത്തോട്
ഒത്തിട്ടല്ലാതെ അവനോടു ചേർന്ന് നടക്കുവാൻ സാധ്യമല്ല.
സങ്കീർത്തനം 81 ന്റെ 10 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ,
യിസ്രായേൽ ജനം ദൈവത്തിന്റെ വാക്ക് കേട്ടു അനുസരിച്ച്, അവന്റെ വഴികളിൽ നടയ്ക്കാഞ്ഞതിനെ
കുറിച്ച് പറയുന്നു. ഇതിൽ നിന്നും ദൈവത്തോട് കൂടെ നടക്കുന്നതിന്റെ ചില രീതികൾ
നമുക്ക് മനസ്സിലാക്കാം വേദഭാഗം ഇങ്ങനെയാണ്:
സങ്കീർത്തനം
81:11, 12
11 എന്നാൽ എന്റെ ജനം എന്റെ വാക്കു
കേട്ടനുസരിച്ചില്ല. യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
12 അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം
നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത് ഇതൊക്കെയാണ്:
1.
യിസ്രായേൽ ജനം ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല
2.
അവർ ഹൃദയകാഠിന്യമുള്ളവരായി
3.
അവർ സ്വന്ത ആലോചനപ്രകാരം നടന്നു.
അതായത് ദൈവത്തോട് കൂടെ നടക്കുന്നവർ, ദൈവത്തിന്റെ വാക്ക്
കേട്ടു, ഹൃദയം കഠിന്യമില്ലാത്തവരായി, ദൈവത്തിന്റെ ആലോചന പ്രകാരം നടക്കുന്നവർ ആണ്.
മിസ്രയീമിൽ നിന്നും പുറപ്പെട്ട യിസ്രായേൽ ജനം മരുഭൂമിയിലൂടെ
നടന്നപ്പോൾ ദൈവം അവർക്ക് വഴികാട്ടിയായി അവരോടൊപ്പം സഞ്ചരിച്ചു. ദൈവം
കാണിച്ചുകൊടുക്കുന്ന വഴിയിലൂടെ അവർ യാത്രചെയ്തു. മരുഭൂമിയിൽ ദൈവം
കാണിച്ചുകൊടുക്കുന്നതല്ലാതെ മറ്റ് വഴികൾ ഇല്ല. മുൻപ് പോയവരുടെ കാല്പാദങ്ങളോ,
അടയാളങ്ങളോ ഇല്ല. മരുഭൂമി വഴിയില്ലാത്ത നിർജ്ജന പ്രദേശമാണ്. യിസ്രായേൽ മുമ്പ് ഈ
വഴി പോയിട്ടുമില്ല. അതിനാൽ അവർ ദൈവം കാണിച്ചുകൊടുക്കുന്ന വഴിയിലൂടെ മാത്രം
നടക്കേണ്ടിയിരുന്നു.
പുറപ്പാട് 13: 21
അവർ പകലും രാവും യാത്രചെയ്‍വാൻ തക്കവണ്ണം അവർക്കു
വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു
രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
യിസ്രായേൽ ജനം യോർദ്ദാൻ നദി കടക്കുന്നതിന് മുമ്പെ യോശുവയും
പ്രമാണിമാരും അവരോട് കൽപ്പിച്ചത് ഇങ്ങനെയാണ്:
യോശുവ 3:3, 4 നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം. എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
ഒരുവൻ ദൈവത്തോട്കൂടെ നടക്കുവാൻ തീരുമാനിച്ചാൽ പിന്നീട് ദൈവം
നയിക്കും അവൻ കൂടെ സഞ്ചരിക്കും. ഒരു പക്ഷെ അത് അവൻ മുമ്പ് പോയിട്ടുള്ള വഴി ആകേണം
എന്നില്ല.
നോഹയുടെ
ഉടമ്പടി
ദൈവത്തോട് കൂടെ നടന്ന മറ്റൊരു മനുഷ്യൻ ആയിരുന്നു നോഹ.
ഉൽപ്പത്തി 6:9
നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ
നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു (ഹലാക്).
പ്രളയത്തിനു ശേഷം, ഭൂമിയിൽ വെള്ളം മുഴുവൻ വറ്റി, ഭൂമി
ഉണങ്ങി കഴിഞ്ഞപ്പോൾ, നോഹയും കുടുംബവും പെട്ടകത്തിൽ നിന്നും പുറത്തിറങ്ങി.
(ഉൽപ്പത്തി 8:18-22). നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ഹോമയാഗം അർപ്പിച്ചു.
അപ്പോൾ യഹോവ നോഹയുമായും അവനിലൂടെ സകല മനുഷ്യരുമായും നിത്യമായ ഒരു ഏകപക്ഷീയ ഉടമ്പടി
ചെയ്തു.
ഉൽപ്പത്തി 8:21, 22
21
യഹോവ
സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാൻ മനുഷ്യന്റെ
നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത്
ആകുന്നു;
ഞാൻ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
22
ഭൂമിയുള്ള
കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.
ഈ ഉടമ്പടി, ദൈവം അവന്റെ ഇഷ്ടത്താൽ, ചെയ്തതാണ്. ഉടമ്പടിയ്ക്ക്
മുമ്പ് അവൻ നോഹയോട് ആലോചന ചോദിച്ചില്ല. നോഹയുടെ ഇഷ്ടമൊ, ആവശ്യങ്ങളോ,
അന്വേഷിച്ചതുമില്ല.
മനുഷ്യരുമായി ആലോചിച്ചിട്ടല്ല ദൈവം അവരുടെ ജീവിതത്തിൽ
ഇടപെടലുകൾ നടത്തിയിട്ടുള്ളത്. മനുഷ്യന്റെ ഇംഗിതങ്ങളോ, സൌകര്യങ്ങളോ, സമയ ക്രമമോ,
ദൈവം അന്വേഷിക്കാറില്ല. മനുഷ്യർക്ക് താല്പര്യമുണ്ടോ, ആഗ്രഹിക്കുന്നുണ്ടോ,
ആവശ്യമുണ്ടോ, എന്നും ദൈവം അന്വേഷിക്കറില്ല. ദൈവത്തിന്റെ ഇടപെടലുകൾ, ഒരു പരസ്പര
ചർച്ചയ്ക്ക് ശേഷം, പരസ്പര ധാരണയിൽ ദൈവം എടുക്കുന്ന തീരുമാനങ്ങൾ അല്ല. ദൈവം അവന്റെ
സർവ്വാധികാരത്തിൽ, അവന് ഹിതമായിട്ടുള്ള ഇടപെടലുകൾ നടത്തുന്നു. ഇതിൽ ദൈവമാണ്
ആരംഭമിടുന്നതും, മുൻകൈയെടുക്കുന്നതും.
ഉടമ്പടിയ്ക്ക് ആരംഭം കുറിച്ചതും, അതിന് മുൻകൈ എടുത്തതും
ദൈവമാണ്. ഒരിക്കലും താഴ്ന്ന നിലയിലുള്ള ഒരു വ്യക്തിയ്ക്ക് ഉയർന്ന നിലയിലുള്ള
വ്യക്തിയോട് ഉടമ്പടി ആവശ്യപ്പെടുവാൻ സാധ്യമല്ല. ഒരു ആശ്രിത രാജ്യത്തിന്, വലിയ
രാജ്യത്തോട് ഉടമ്പടി ആവശ്യപ്പെടുവാൻ കഴിയില്ല. ഉയർന്നവനും, ശക്തനും,
അധികാരമുള്ളവനും മാത്രമേ ഉടമ്പടി ആരംഭിക്കുവാനും, അതിന് മുൻകൈ എടുക്കുവാനും കഴിയൂ.
അവനാണ് എപ്പോഴും ഉടമ്പടിയുടെ വ്യവസ്ഥകൾ തീരുമാനിക്കുന്നത്.
നോഹയുടെ ഉടമ്പടിയും, ദൈവം തീരുമാനിച്ചു, ദൈവം വ്യവസ്ഥകൾ
പ്രഖ്യാപിച്ചു, ദൈവം നടപ്പിലാക്കി. അത് സ്വീകരിക്കുക, അനുഭവിക്കുക, അനുസരിക്കുക
എന്നത് മാത്രമേ മനുഷ്യർ ചെയ്യേണ്ടതുള്ളൂ.
നോഹയുടെ ഉടമ്പടി ഒരു ഏകപക്ഷീയ ഉടമ്പടിയാണ്. അതായത് മനുഷ്യർ
ചെയ്യേണ്ടുന്നതായി ഒരു വ്യവസ്ഥയും അതിൽ പറഞ്ഞിട്ടില്ല. അതിനാൽ മനുഷ്യർ
ദൈവത്തോടൊപ്പം ജീവിച്ചാലും, മൽസരികളായി ജീവിച്ചാലും, ഈ ഉടമ്പടിയിലെ എല്ലാ
അനുഗ്രഹങ്ങളും ലഭിക്കും. ഇതിൽ ശാപമായി യാതൊന്നും പറഞ്ഞിട്ടില്ല എന്നതിനാൽ അത്
ഭവിക്കുകയും ഇല്ല. ഉടമ്പടിയ്ക്ക് സമയ പരിധി പറഞ്ഞിട്ടുണ്ട്. “ഭൂമിയുള്ള കാലത്തോളം”
ആണ് അതിന്റെ സമയ പരിധി. അതുവരെ ഈ ഉടമ്പടി, മനുഷ്യർക്ക് ഇഷ്ടപ്പെട്ടാലും,
ഇല്ലെങ്കിലും, തുടരും. ഈ ഉടമ്പടിയെയാണ് വേദശാസ്ത്രത്തിൽ “പൊതുവായ ദൈവ കൃപ” എന്നു
വിളിക്കുന്നത് (common grace).
മത്തായി 5:45
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ
ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും
നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
ദൈവം തുടക്കമിടാതെ, ദൈവം ആരംഭിക്കാതെ, ദൈവം മുൻകൈ എടുക്കാതെ
ഒരു മനുഷ്യനും ദൈവത്തോട് കൂടെ നടക്കുവാൻ സാധ്യമല്ല. യഥാർത്ഥത്തിൽ ഹനോക് ദൈവത്തോട്
കൂടെ നടക്കുവായിരുന്നില്ല, ദൈവം ഹാനോക്കിനോടു കൂടെ നടക്കുക ആയിരുന്നു.
ഹാനോക്കിനോട് കൂടെ നടക്കുവാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ദൈവത്തോട് കൂടെ
ഹനോക്കും നടന്നു. അവൻ ദൈവത്തിന്റെ
ഹിതത്തിന് അനുകൂലമായി പ്രതികരിച്ചു.
ദൈവം ഹാനോക്കിനോട് കൂടെ നടന്നു എന്നതും ഹനോക് ദൈവത്തോട്
കൂടെ നടന്നു എന്നതും പ്രായോഗികമായി ഒന്നുതന്നെയാണ് എങ്കിലും അതിലെ നടപടിക്രമങ്ങൾ
വ്യത്യസ്തമാണ്. ദൈവം അവന്റെ ഹിതപ്രകാരം മാത്രമേ നടക്കുകയുള്ളൂ എന്നതിനാൽ
പ്രായോഗികമായി ഹാനോക് ദൈവത്തോട് കൂടെ നടക്കുക ആയിരുന്നു. എന്നാൽ താഴ്ന്ന ഒരു
വ്യക്തിക്ക് ഉയർന്ന ഒരുവനുമായി ചേർന്ന് നടക്കേണം എങ്കിൽ, അത് ഉയർന്ന വ്യക്തി
ആഗ്രഹിക്കുകയും, തീരുമാനിക്കുകയും, മുൻ കൈ എടുക്കുകയും വേണം. ഈ നടത്തയുടെ എല്ലാ
പ്രമാണങ്ങളും ഉയർന്ന വ്യക്തി തീരുമാനിക്കും. താഴ്ന്ന വ്യക്തി അതിനോട് യോജിക്കുകയും
അത് അനുസരിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ അദ്ദേഹത്തോടൊപ്പം നടക്കുവാൻ കഴിയൂ.
ദൈവം ആണ് നടക്കുവാൻ തീരുമാനിച്ചത്. നടക്കേണ്ടുന്ന വഴി, ദൂരം,
ലക്ഷ്യം, വേഗത, രീതി, ഇതെല്ലാം
തീരുമാനിച്ചത് ദൈവമാണ്. എന്നാൽ ഇതൊന്നും ഹനോക്കിന്റെ ഇഹലോക നിത്യ ജീവിതത്തെ
ശല്യപ്പെടുത്തിയില്ല. അവിടെയും ദൈവം ഹാനോക്കിനോടൊപ്പം നടന്നു.
നിത്യതയിലേക്ക്
തുടരുന്ന നടത്തം
ദൈവത്തോട്കൂടെയുള്ള നടത്തം നിത്യതയിലേക്ക് തുടരുന്ന
സഞ്ചാരംആണ്. ഹനോക്കിന്റെ നടത്തം ഒരിക്കൽ മാത്രമുള്ളതോ, ഇടവിട്ട സമയങ്ങളിൽ ഉള്ളതോ,
ഒരു പ്രത്യേക സമയത്ത് മാത്രമുള്ളതോ അല്ല. അവൻ എപ്പോഴും, ഇടതടവില്ലാതെ, ദൈവത്തോട്
കൂടെ നടന്നു. “ഹലാക്” തുടർച്ചയായി, ഇടതടവില്ലാത്ത നടത്തമാണ്.
ഇത് മനസിലാക്കുവാൻ ചില വാക്യങ്ങൾ വായിക്കാം. ഈ വാക്യങ്ങളിൽ,
മരണത്തെക്കുറിച്ച് പരാമർശിക്കുവാൻ “ഹലാക്” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
ഉൽപ്പത്തി 15:2 അതിന് അബ്രാം: കർത്താവായ യഹോവേ, നീ എനിക്ക് എന്തു
തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ (hālaḵ); എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ
എല്യേസർ അത്രേ എന്നു പറഞ്ഞു.
ഉൽപ്പത്തി 25:32 അതിന് ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ (hālaḵ); ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്
എന്നു പറഞ്ഞു.
സങ്കീർത്തനം 39:13 ഞാൻ ഇവിടെനിന്നു പോയി (yālak) ഇല്ലാതെയാകുന്നതിന്നു
മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
സങ്കീർത്തനം 39:13 ൽ “ഇവിടെനിന്നു പോയി
ഇല്ലാതെയാകുന്നതിന്നു മുമ്പെ” എന്നത് മരണത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “യലാഷ്”
എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത് (yālaḵ - yaw-lak'). ഈ പദം “ഹലാക്” എന്ന വാക്കിന്റെ പഴയ രൂപമാണ്.
ഇതിൽ നിന്നും “ഹലാക്” എന്ന വാക്കിന്റെ “ദൂരേക്ക് നടന്നു
പോകുക” എന്ന അർത്ഥത്തിൽ “മരണത്തിലേക്ക് നടന്നു പോകുക” എന്ന ആശയം ഉണ്ട് എന്ന് മനസ്സിലാക്കാം.
ഇത് മരണത്തോടെ ദൈവത്തോടോത്തുള്ള നടത്തം അവസാനിക്കുന്നു എന്നല്ല മരണത്തിന് ശേഷവും ഒരുവൻ
ദൈവത്തോടു കൂടെ നടക്കുന്നു എന്ന ചിന്തയാണ്. അതായത് ജീവിച്ചിരുന്നപ്പോൾ ദൈവത്തോട് കൂടെ
നടന്നവൻ, മരണത്തിലേക്കും, അതിന് ശേഷവും ദൈവത്തോട് കൂടെ നടക്കുന്നു. അവന്റെ നടത്തം
ഈ ഭൂമിയിലെ ജീവിതത്തോടെ അവസാനിക്കുന്നില്ല. അത് മരണത്തിന് ശേഷവും തുടരുകയാണ്. ഇത്
അമിതമായ ഒരു വ്യാഖ്യാനം ആയിരിക്കാം, എന്നാൽ ഈ ആശയം നമുക്ക് “ഹലാക്” എന്ന പദത്തിൽ
വായിക്കാവുന്നതാണ്.
ഇതിനെ സാധൂകരിക്കുന്നതാണ് ഉൽപ്പത്തി പുസ്തകത്തിൽ “ഹലാക്”
എന്ന വാക്കിന്റെ ആദ്യത്തെ ഉപയോഗം. ഇവിടെയാണ് വേദപുസ്തകത്തിൽ ആദ്യമായി ഈ വാക്ക് കാണുന്നത്.
ഉൽപ്പത്തി 2:14
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത്
അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു (ഹലാക്); നാലാം നദി
ഫ്രാത്ത് ആകുന്നു.
നദിയിലെ വെള്ളം ഒഴുകി പോകുന്നതുപോലെയുള്ള സഞ്ചാരമാണ്
“ഹലാക്”. അത് ഒഴുകി, ഒഴുകി, നിത്യതയിലേക്ക് തുടരുന്നു.
“ഹലാക്” എന്നത് ഇടവിട്ട നടത്തമല്ല. അത് ആഴ്ചയിൽ ഒരു
ദിവസത്തെ നടത്തമല്ല. എല്ലാ ദിവസവും രാവിലേയും വൈകിട്ടും ഉള്ള സവാരിയും അല്ല.
“ഹലാക്” നിരന്തരമായ, തുടർച്ചയായ, ഇടമുറിയാതെയുള്ള സഞ്ചാരം ആണ്. അത് ജീവിതത്തിന്റെ
ഭാഗമല്ല, ജീവിതം ആണ്.
ദൈവത്തോട് കൂടെ നടക്കുന്നത് നിർബന്ധത്താൽ അല്ല. അത്
ജീവിതമായി മാറുകയാണ്. ദൈവം കൂടെ ഇല്ലാതെ ഒരു നടത്തവും ഇല്ല. ദൈവമോ, നമ്മളോ അൽപ്പ
സമായത്തേക്കോ, ചില പ്രത്യേക സാഹചര്യത്തിലോ, സ്ഥലത്തോ മാറി നിൽക്കുക എന്നൊന്ന്
“ഹലാക്” ൽ ഇല്ല. ദൈവം കൂടെയില്ലാത്ത ഒരു നിമിഷമോ, ജീവിതമോ ഇല്ല.
അതിനാൽ ആണ് ഈ നടത്തം അണിമുറിയാതെ, ഒരുവന്റെ മരണത്തിന്
ശേഷവും തുടരുന്നത്. ജീവിതത്തിലെ നടത്തത്തിനും മരണത്തിന് ശേഷമുള്ള നടത്തത്തിനും
ഇടയിൽ ഒരു വിടവ് ഇല്ല. നടത്തം ഒരിക്കൽ ആരംഭിച്ചാൽ അത് നിത്യമായി തുടരുകയാണ്.
എബ്രായർ 12:1
ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു
സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം
സ്ഥിരതയോടെ ഓടുക.
1 കൊരിന്ത്യർ
10:31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ
മഹത്വത്തിന്നായി ചെയ്‍വിൻ.
അവസാന വാക്ക്
ദൈവത്തോട് കൂടെ നടക്കുന്നതിന്റെ പ്രയാസമുള്ള കാര്യം,
മനുഷ്യർ നടക്കുവാൻ ആഗ്രഹിക്കുന്ന എല്ലായിടത്തും ദൈവത്തിന് കൂടെ വരുവാൻ കഴിയില്ല
എന്നതാണ്. അതിനാൽ ചിലത് മനുഷ്യർ ഉപേക്ഷിക്കേണ്ടിവരും. ചിലത് തിരഞ്ഞെടുക്കേണ്ടി
വരും. ദൈവത്തിന് ഒപ്പം വരുവാൻ കഴിയുന്ന ഇടങ്ങളിൽ മാത്രമേ, ദൈവത്തോട് കൂടെ
നടക്കുന്ന മനുഷ്യർക്കും സഞ്ചരിക്കുവാൻ കഴിയൂ.
ദൈവത്തോട് കൂടെ നടക്കുക എന്നത് ചില വ്യക്തികളക്കുള്ള സവിശേഷ
വിളി അല്ല, പുതുക്കം പ്രാപിച്ച എല്ലാവരും ദൈവത്തോടു കൂടെ നടക്കേണം എന്നാണ് ദൈവം
ആഗ്രഹിക്കുന്നത്. അതിനാൽ, പുതിയ നിയമ സഭ ദൈവത്തോട് കൂടെ നടക്കുന്ന ഒരു ജനസമൂഹമാണ്.
വീണ്ടും ജനനം പ്രാപിച്ച ഓരോ ക്രിസ്തീയ വിശ്വാസിയും ഇപ്പോൾ,
ഹാനോക്കിനെപ്പോലെ, ദൈവത്തോട് കൂടെ നടക്കുകയാണ്. ദൈവം അവരുടെ ഉള്ളിലേക്ക് ഇറങ്ങി
വന്നു അവരിൽ വാസിക്കുകയും അവരെ നടത്തുകയും ചെയ്യുന്നു. ഈ നടത്തത്തിന് അവസാനമില്ല.
അത് നിത്യതയിലും തുടരുന്ന സഞ്ചാരംആണ്.
ഹാനോക്കിന് എഴുതപ്പെട്ട തിരുവെഴുത്തുകൾ ഇല്ലായിരുന്നു.
സഭയും,
ആരാധനവും, വചന പഠനവും, പ്രസംഗവും,
ഗായക സംഘവും, ഇല്ലായിരുന്നു. അവനിൽ വസിച്ച
പരിശുദ്ധാത്മാവ് അല്ലാതെ മറ്റൊന്നും ദൈവത്തെക്കുറിച്ച് ബോധ്യം വരുത്തുവാൻ അവനെ
സഹായിച്ചില്ല. എന്നാൽ അവൻ ദൈവത്തെ അറിഞ്ഞു, ദൈവത്തിൽ
വിശ്വസിച്ചു, ദൈവത്തോട് കൂടെ നടന്നു. “അവൻ
എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.”
No comments:
Post a Comment